ശ്രീ. എസ്.വി.രാമനുണ്ണിമാഷിന്റെ, ഈ ബ്ലോഗിലെ ആദ്യ ലേഖനം (കൊത്താംകല്ലും ചൊട്ടയും പുള്ളും) ധാരാളം വായനക്കാര്‍ ഇഷ്ടമായെന്നറിയിച്ചിരുന്നു. അധ്യാപന രംഗത്തെ തിരക്കുകള്‍ക്കിടയിലും, ധാരാളം എഴുതാന്‍ സമയം കണ്ടെത്തുന്ന അദ്ദേഹം ഇത്തവണ വളരെ പ്രസക്തമായ ഒരു വിഷയവുമായാണ് രംഗത്തെത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈയാഴ്ചയിലെ ഞായറാഴ്ച സംവാദ വിഷയമായിത്തന്നെ ഇത് പ്രസിദ്ധീകരിക്കുകയാണ്. അധ്യാപനം വളരേയധികം ഒഴിവുസമയങ്ങള്‍ ലഭിക്കുന്ന എളുപ്പമുള്ള ഒരു ജോലിയാണെന്നാണ് പൊതുവില്‍ സമൂഹം വിശ്വസിച്ചുപോരുന്നത്. ഈ ലേഖനം വായിച്ചതിനുശേഷം തീരുമാനിക്കൂ.......അഭിപ്രായം കമന്റുചെയ്യാന്‍ മറക്കേണ്ട, അധ്യാപകരും അല്ലാത്തവരും.
ഒരിക്കല്‍ കുട്ടികളോട് വീട്ടുവിശേഷങ്ങള്‍ ചോദിക്കയായിരുന്നു. അഛനെന്താ പണി? അമ്മക്കെന്താ പണി? മിക്കവരും ഉഷാറായി ആവര്‍ത്തിച്ചു പറഞ്ഞ ഒരുത്തരം 'അമ്മക്ക് പണിയില്ല''അമ്മക്ക് പണിയില്ല'എന്നായിരുന്നു. പിന്നെ ഈ ഉത്തരത്തില്‍ ഊന്നി ചര്‍ച്ച മുന്നോട്ടുപോയി. അമ്മക്കെന്താ പണി? രാവിലെ മുതല്‍ രാത്രിവരെ? വീട്ടുപണി മാത്രമേ ഉള്ളൂ. അതും എന്നും ഒരേ പണി. കൂലി ഒന്നും ഇല്ല……ജോലിയുള്ള അമ്മമാര്‍ക്കോ? വീട്ടുപണിയും ഓഫീസ് പണിയും..ഇരട്ടി പ്പണി….സംഗതി കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ടു. ഇനി മുതല്‍,അമ്മക്കെന്താ പണിയെന്നു ചോദിച്ചാല്‍ എന്തുത്തരം പറയണമെന്നു മനസ്സിലായി. ചര്‍ച്ചയില്‍ ആദ്യം പങ്കെടുത്ത കുട്ടികളുടെ ഉത്തരം ഇന്ന് അധ്യാപകര്‍ക്കെന്താ പണിയെന്നു ചോദിക്കുന്നവരുടെ ഉള്ളില്‍ ഉണ്ടാവുമോ?
സാധാരണഗതിയില്‍,ഒരു മാസം (ഉദാ: ഇക്കഴിഞ്ഞ നവംബര്‍) 20 ദിവസം സ്കൂള്‍ ഉണ്ടായിരിക്കും. ഇതു ചിലപ്പോള്‍ 21-22 വരെ ആകും. ശരാശരി 9 ദിവസം അവധി. മറ്റു സര്‍ക്കാര്‍ ഓഫീസ് ജീവനക്കാര്‍ക്ക് ഇതു 6-7 ദിവസം മാത്രവും. ഈ 20 ദിവസങ്ങളില്‍ (നവംബര്‍) നടന്ന പ്രധാന പണി പാഠങ്ങള്‍ പഠിപ്പിക്കല്‍ തന്നെ. അതോടൊപ്പം 2 ദിവസം (വെള്ളി-ശനി)ക്ലസ്റ്റര്‍ മീറ്റിംഗുകള്‍ . അവിടെ റ്റീച്ചിങ്ങ് മാന്വല്‍, സവിശേഷപ്രവര്‍ത്തനങ്ങളിലെ അനുഭവങ്ങള്‍, അടുത്ത മാസത്തെ പ്ലാനിങ്ങ് എന്നിവയായിരിക്കുമെന്നു നേരത്തെ അറിയാം.ഒരു മണിക്കൂറെങ്കിലും നേരത്തെ തയ്യാറായി ചെന്നില്ലെങ്കില്‍ ക്ലസ്റ്ററില്‍ മാനം പോകും. ആരും ഒന്നും പറയില്ല; എല്ലാരും മനസ്സിലാക്കും എന്നു മാത്രം.എന്താ ടീച്ചറേ ഒന്നും ഇല്ലേ….എന്നു എല്ലാരും നിശബ്ദമായി ചോദിക്കും….
സ്കൂളില്‍ രാവിലെ എന്നും കുട്ടികളുടെ അറ്റന്‍ഡന്‍സ്, ലീവ് അന്വേഷണം, ലഹളതീര്‍ക്കല്‍….അങ്ങനെ കുറെ സംഗതികള്‍ ഉണ്ട്.അതിന്റെ കൂടെ ഫീസുപിരിവുകള്‍. നവംബറിലെ റ്റ്യൂഷന്‍ ഫീസ്, കലോത്സവം-കായികോത്സവം പിരിവുകള്‍, അതിന്റെ കണക്കുകള്‍-ലിസ്റ്റ്, മാസാമാസം കമ്പ്യൂട്ടര്‍ പിരിവ് (ഫീസ് പാടില്ല) കണക്ക്, ബസ്സ് ടിക്കറ്റ് പിരിവ്- തന്ന കുട്ടികള്‍ / തരാത്തകുട്ടികള്‍- നിര്‍ബന്ധങ്ങള്‍, അങ്ങനെ കുറെ പിരിവും കണക്കു തയ്യാറാക്കലും. ഇനി മറ്റൊരു സംഭവം ധനസഹായങ്ങളായിരുന്നു. മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ധനസഹായം, പിന്നോക്കക്കാര്‍ക്ക് ധനസഹായം….അങ്ങനെ. പണം കൊടുക്കലും മറ്റും ഓഫീസ് ചെയ്യും. പക്ഷെ ലിസ്റ്റ് തയ്യാറാക്കല്‍, കിട്ടാത്തവര്‍ക്ക് അപേക്ഷകൊടുപ്പിക്കല്‍, രക്ഷിതാക്കളെ എത്തിക്കല്‍....ഒക്കെ അധ്യാപകര്‍ ചെയ്യണം.
ഇതിനിടയ്ക്ക് എസ്.സി./ എസ്.ടി ലിസ്റ്റ് ഓഫീസ് ആവശ്യപ്പെടും. അതു ജൂണിലേ കൊടുത്തതാണ്. മുകളിലേക്ക് ഓഫീസില്‍ നിന്നും അയച്ചതും ഉറപ്പ്. പക്ഷെ, അത് അവിടെ കാണാനില്ല. വീണ്ടും വേണം. ഇന്നു വേണം. ഇപ്പോള്‍ വേണം.അതിന്റെ കൂടെ അന്നു തന്നെ ഒ.ബി.സി.ക്കാരായ പെണ്‍കുട്ടികളുടെ ലിസ്റ്റ് അടിയന്തിരം. ഇപ്പോള്‍ വേണം. അവരെക്കൊണ്ട് ബാങ്കില്‍ അക്കൌണ്ട് തുറപ്പിക്കണം. അപേക്ഷ പൂരിപ്പിക്കണം. രണ്ടു ഫോട്ടോ..രക്ഷിതാവിന്റെ ഒപ്പ്…(140 ലധികം അപേക്ഷ..അക്കൌണ്ട്…ഇവര്‍ക്ക് സ്കോളര്‍ഷിപ്പ് പാസായി വന്നു.ഹെഡ്മാസ്റ്റര്‍മാര്‍ ഡി.ഇ.ഒ ഓഫീസില്‍ നേരിട്ട് വന്നു പണം കൈപ്പറ്റണം…ഇന്നു തന്നെ….ഇപ്പോള്‍ തന്നെ.ഹെഡ്മാഷ് പോയി. 1000രൂപ കൈപ്പറ്റി.ഒരു കുട്ടിക്കേ പാസായിട്ടുള്ളൂ.അതേതാകുട്ടീന്ന് അറിയില്ല…ലിസ്റ്റ് മെയില്‍ ചെയ്യും..ഇ.മെയില്‍ നോക്കിയാല്‍ മതി. പിന്നെ മൂന്നു ദിവസം വേണ്ടിവന്നു ഹെഡ്മാഷിന്റെ രക്തസമ്മര്‍ദം ക്രമപ്പെടാന്‍! )
ഒക്ടോബറിലെ പരീക്ഷ. പരീക്ഷയില്‍ ഓരോ കുട്ടിക്കും കിട്ടിയ മാക്ക് /ഗ്രേഡ് ലിസ്റ്റ് ഇപ്പോള്‍ വേണം.ജനറല്‍ കുട്ടികള്‍/ഒ.ബി.സി/എസ്.സി.എസ്.ടി വിഭാഗം/ആണ്‍-പെണ്‍/എല്ലാ വിഭാഗത്തിലേയും ഗ്രേഡുകളുടെ ലിസ്റ്റ് പ്രത്യേകം പ്രത്യേകം വേണം. (എന്തിനാ? എവിടെയെന്നറിയാതെ ഒരു മുക്കില്‍ കൂട്ടിയിടാന്‍!).താഴ്ന്ന ഗ്രേഡുകാരുടെ കമ്പ്ളീറ്റ് ലിസ്റ്റ്.അവര്‍ക്ക് പ്രത്യേക കോച്ചിങ്ങ് സംവിധാനം ആലോചിക്കണം. അതിന്നു മീറ്റിങ്ങുകള്‍. ഡി.ഇ.ഓ/എ.ഇ.ഓ/ബി.ആര്‍.സി…തലങ്ങളിലൊക്കെ പരിപാടി. ‘പഠനവീടുകള്‍’ ഉടന്‍ തുടങ്ങണം.ഒരു സ്ക്കൂളിന്നാകെ 5000രൂപ (പിന്നെയേ കിട്ടൂ…കിട്ടും..(???)).പഠനവീടുകള്‍ തുടങ്ങാന്‍ പി.ടി.എ.കേന്ദ്രങ്ങളില്‍ സന്ദര്‍ശനം. ഉത്ഘാടനം വേണം.പഞ്ചായത്ത് മെംബറെ ക്ഷണിക്കണം…വാര്‍ത്ത കൊടുക്കണം. ഇതിനൊക്കെ രണ്ടു ദിവസത്തെ ട്രെയിനിങ്ങ് ബി.ആര്‍ .സി.യില്‍. ഒന്‍പതാം തീയതി മന്തുരോഗനിവാരണ തീവ്രയത്ന പരിപാടി. 14നു മന്തു ഗുളിക വിതരണം. അസംബ്ലിയില്‍ വിശദാംശങ്ങള്‍ പറയണം. ഗുളിക കുട്ടികള്‍ക്ക് നല്‍കി കഴിപ്പിക്കണം. മാതൃകയായി മാഷ് കഴിച്ചു കാണിക്കണം. വെള്ളം കുടിക്കണം.പേടിച്ചോടിയ കുട്ടികളെ ആട്ടിപ്പിടിക്കണം…കരച്ചില്‍ നിര്‍ത്താന്‍ ആശ്വസിപ്പിക്കണം…സംഗതി പറഞ്ഞു ബോധ്യപ്പെടുത്തണം.പ്രത്യേകം തയ്യാറാക്കിയ സി.ഡി.കാണിച്ചു കൊടുക്കണം. കണ്ടു ബോധം കെട്ട കുട്ടികളെ ആശ്വസിപ്പിക്കണം (ബോധം കെട്ടില്ലെങ്കിലേ അത്ഭുതമുള്ളൂ…സി.ഡി.കണ്ടില്ലേ?!).
റോഡ് സുരക്ഷാ പരിശീലനം…സെമിനാര്‍ വേണം.പ്രതിജ്ഞവേണം…(ഞാന്‍ ഇനി മേലീല്‍ റോഡ് മുറിച്ചു കടക്കില്ല!). പോസ്റ്റര്‍ പ്രചാരണം (ഹെല്‍മെറ്റില്ലാതെ വണ്ടി ഓടിച്ചാല്‍ തല ഓംലറ്റാകും!). പത്രക്കാരുടെ വക ‘വഴിക്കണ്ണ്’ പരിപാടികള്‍. അധ്യാപകര്‍ക്ക് മുഴുദിവസ പരിശീലനങ്ങള്‍.പത്രങ്ങളില്‍ വാര്‍ത്ത. എസ്.എസ്.എ യുമായി സഹകരിച്ച് സ്കൂള്‍ വികസനത്തിന്ന് വമ്പന്‍ സെമിനാറുകള്‍. പരിപാടികള്‍…വികസനരേഖകള്‍ (തെരഞ്ഞെടുത്ത സ്കൂളുകളില്‍). രണ്ടു ദിവസം സബ്ജില്ലാ കലോത്സവം. രണ്ടുദിവസം കായികമേള. രണ്ടു ദിവസം വിദ്യാരംഗം മേള. സ്കൌട്ട് റാലി വെള്ളി, ശനി ഞായര്‍ 3 ദിവസം. അടുത്ത സ്ക്കൂളില്‍ വെച്ച് റോഡ് സുരക്ഷാ ഉപന്യാസ മത്സരം. രണ്ട് എ.ഇ.ഓ കോണ്‍ഫറന്‍സ്…ഇതിനൊക്കെ ഊഴമിട്ട് 2-3 പേര്‍ പോയേ പറ്റൂ. ഇതിനിടയ്ക്ക് മാതൃഭൂമീയുടെ 'സീഡ്' പദ്ധതി വിജയിപ്പിക്കാന്‍ വേണ്ട ശ്രമങ്ങള്‍.
പെരുന്നാളിന്ന് അരി വിതരണം ഉടനെ നടത്തണം. അരി കൊണ്ടുവരണം. രക്ഷിതാക്കളെ അറിയിക്കണം. കണക്ക് സൂക്ഷിക്കണം..വാങ്ങാത്തവരുടെ ലിസ്റ്റ് വേണം. മാസത്തിലൊരിക്കല്‍ സബ്ജക്റ്റ് കൌണ്‍സില്‍ ചേരണം. ഒരു സ്റ്റാഫ് മീറ്റിങ്ങ് ഉണ്ടാവും. ലൈബ്രറി വിതരണം നടക്കണം. വിവിധ മത്സരങ്ങള്‍ക്ക് പ്രാക്ടീസ് കൊടുക്കണം. ശാസ്ത്രമേളക്ക് മേല്‍നോട്ടം വഹിക്കണം. 4-5 റ്റീച്ചര്‍മാരുള്ള സ്കൂളിലും 45-50 റ്റീച്ചര്‍മാരുള്ള സ്കൂളിലും ഇതൊക്കെ നടക്കണം. ഇതിനിടയ്ക്ക് രണ്ടാഘട്ട പുസ്തകങ്ങള്‍ വിതരണത്തിന്ന് വന്നു.'തെളിമ' വന്നു.പുസ്തകങ്ങള്‍ വിതരണം ചെയ്ത് ലിസ്റ്റ് തയ്യാറാക്കണം. ദൈനംദിനകൃത്യങ്ങള്‍ ഇതോടൊപ്പം നോക്കണം. ഹോംവക്ക്, നോട്ടുകള്‍, സി.ഇ.പ്രവര്‍ത്തനത്തിലെ ഘട്ടങ്ങള്‍, ക്ലാസ്ടെസ്റ്റ്, ഉത്തരക്കടലാസ് പരിശോധന (ഒരു മാര്‍ക്ക് കുറഞ്ഞാല്‍ ലഹള ഉറപ്പ്), മാര്‍ക്ക് ലിസ്റ്റുകള്‍, ഗ്രേഡ് ലിസ്റ്റുകള്‍…. ഇതിനു പുറമേ ലീവുകള്‍. യു.പി, എല്‍.പി.ടീച്ചര്‍മാര്‍ക്ക് ഒരാഴ്ച്ച 24-26 പീരിയേഡ് വര്‍ക്ക് ഉണ്ട്. അതിനു പുറമെ ലിഷര്‍ ടയിംറ്റേബിളില്‍ ദിവസം ഒരു പീരിയേഡും കിട്ടും. അതായത് 30 പീരിയേഡ് ഫുള്‍. കുട്ടികള്‍ ഓടിക്കളിച്ച് കയ്യും കാലും കേടാക്കിയാല്‍ ആശുപത്രിയിലേക്ക് ഓടണം. രക്ഷിതാക്കളുടെ പരാതികള്‍ സ്വീകരിച്ച് പരിഹാരം കാണണം..................
........... ചുരുക്കുകയാണ്. മേല്‍പ്പറഞ്ഞ ഒന്നും ഒഴിവാക്കാനാവില്ല. സ്കൂളിന്റെ സല്‍പ്പേര് നിലനിര്‍ത്തിയില്ലെങ്കില്‍ അടുത്തവര്‍ഷം പോസ്റ്റ് പോകും. പരിശോധനകളില്‍ നാണം കെടും. ആരെന്തു തോന്നിയവാസം ചെയ്താലും അധ്യാപിക മറുത്ത് പറയരുത്. "എന്തൊക്കെയായാലും അതു നന്നായില്ല; നിങ്ങളൊരു മാഷല്ലേ?/ ടീച്ചറല്ലേ?" ഹോ! എന്തൊരു ബഹുമാനം! അതേയതേ, റ്റീച്ചര്‍മാര്‍ക്കെന്താ പണി?
വാല്‍കഷണം:
ബ്രോക്കര്‍: "എന്താഹേ, സര്‍ക്കാര്‍ ജോലിയുള്ള പെണ്ണ് വേണമെന്ന് പറഞ്ഞിട്ട് ഇപ്പോളൊരു മനംമാറ്റം?"
പയ്യന്‍: "പെണ്ണ് ടീച്ചറാണെന്നു പറഞ്ഞില്ലല്ലോ! മറ്റു സര്‍ക്കാര്‍ ജോലിക്കാര്‍ ഞായറാഴ്ചയെങ്കിലും വീട്ടില്‍ കാണും, ഇപ്പോഴത്തെ ടീച്ചര്‍മാര്‍........."
Read More | തുടര്‍ന്നു വായിക്കുക