>> Wednesday, June 24, 2009

മൈക്കിള്‍ ജാക്സന് ആദരാഞ്ജലികള്‍...



ലോസ്‌ ആഞ്‌ജലീസ്‌: പോപ്‌ സംഗീത ഇതിഹാസം മൈക്കല്‍ ജാക്‌സണ്‍ (50) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന്‌ ഇന്ത്യന്‍ സമയം ഇന്നു വെളുപ്പിന്‌ 2.56ന്‌ ലോസ്‌ ആഞ്‌ജലീസ്‌ യു. സി. എല്‍. എ മെഡിക്കല്‍ സെന്ററിലായിരുന്നു അന്ത്യം.
പുലര്‍ച്ചെ അവശനിലയില്‍ ആസ്‌പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ജാക്‌സണ്‍ ഏറെ നേരം അബോധാവസ്‌ഥയിലായിരുന്നു.
ലോകമെമ്പാടുമുള്ള ഒരു തലമുറയുടെ സിരകളെ തന്റെ മാസ്‌മരിക സംഗീതം കൊണ്ടും ചടുലമായ നൃത്തച്ചുവടുകള്‍ കൊണ്ടും തീപിടിപ്പിച്ച മൈക്കല്‍ ജാക്‌സണ്‍ പോപ്‌ സംഗീത ചരിത്രത്തിലെ ഏറ്റവും വിലയേറിയ സോളോ ആര്‍ടിസ്‌റ്റായാണ്‌ കണക്കാക്കപ്പെടുന്നത്‌.

ത്രില്ലര്‍, ബാഡ്‌ തുടങ്ങിയ ജാക്‌സന്റെ ആല്‍ബങ്ങള്‍ എക്കാലത്തെയും മികച്ച ഹിറ്റുകളാണ്‌. ഗോ റ്റു ബി ഥേര്‍, ബെന്‍, മ്യൂസിക്‌ ആന്‍ഡ്‌ മീ, ഫോര്‍ എവര്‍, മൈക്കല്‍, ഓഫ്‌ ദി വാള്‍, ഡെയ്‌ഞ്ചറസ്‌, ഹിസ്‌റ്റസറി, ഇന്‍വിന്‍സിബിള്‍ എന്നിവയാണ്‌ മറ്റു പ്രധാന ആല്‍ബങ്ങള്‍. 1958 ആഗസ്‌ത്‌ 29ന്‌ അമേരിക്കയിലെ ഇന്ത്യാനയിലായിരുന്നു ജാക്‌സന്റെ ജനനം. സ്‌റ്റീല്‍ മില്‍ തൊഴിലാളിയായ ജോസഫ്‌ വാള്‍ട്ടര്‍ ജാക്‌സണ്‍, കാതറിന്‍ എസ്‌തര്‍ എന്നിവരുടെ ഒന്‍പത്‌ മക്കളില്‍ ഏഴാമനായിരുന്നു മൈക്കല്‍ ജാക്‌സണ്‍.

അഞ്ചാം വയസ്സില്‍ തന്നെ തന്റെ സംഗീത പ്രതിഭ പുറത്തെടുത്ത മൈക്കല്‍ ജാക്‌സണ്‍ പതിനൊന്നാം വയസ്സില്‍ കുടുംബ ട്രൂപ്പായ ജാക്‌സണ്‍ 5ലൂടെയാണ്‌ പോപ്‌ സംഗീത വേദിയില്‍ അരങ്ങേറ്റം കുറിച്ചത്‌. പോപ്‌ റോക്ക്‌ എന്നിവയിലെല്ലാം നിറഞ്ഞുനിന്ന ജാക്‌സണ്‍ ഗ്രാമി അവാര്‍ഡ്‌ അടക്കം ഒട്ടു മിക്ക സംഗീത പുരസ്‌കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്‌. വര്‍ണശബളമായ സംഗീതജീവിത്തോടൊപ്പം വിവാദങ്ങളുടെയും ഉറ്റ ചങ്ങാതിയായിരുന്നു ജാക്‌സണ്‍ ജീവിതത്തിലുടനീളം.

ഗുരുതരമായ രോഗം കാരണം കഴിഞ്ഞ പന്ത്രണ്ട്‌ വര്‍ഷത്തിനിടെ ഒരു സംഗീത പരിപാടി പോലും മുഴുമിപ്പിക്കാന്‍ ജാക്‌സന്‌ കഴിഞ്ഞിരുന്നില്ല. രോഗങ്ങള്‍ക്കും വിവാദങ്ങള്‍ക്കും അവധി നല്‍കി ജൂലായ്‌ 13ന്‌ ലണ്ടനില്‍ വച്ച്‌ വീണ്ടും വേദിയില്‍ തിരിച്ചെത്താനിരിക്കെയാണ്‌ മരണം ആ ജീവന്‍ കവര്‍ന്നത്‌.

മൈക്കല്‍ ജാക്‌സന്റെ വെബ്‌സൈറ്റിലേക്ക്‌

2 comments:

Anonymous June 26, 2009 at 2:58 PM  

Sirs,
What is the relevence of Jaxon in Mathematics?

Anonymous June 26, 2009 at 4:39 PM  

സംഗീതം താളനിബദ്ധമാണ്. താളം ഗണിതനിബദ്ധവും. ഇന്നത്തെ ഒരു പ്രധാന ന്യൂസ് ബ്ലോഗിലൂടെ അറിയിച്ചുവെന്ന് മാത്രമേയുള്ളു. കൂടാതെ ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകതയും താങ്കള്‍ ശ്രദ്ധിച്ചു കാണുമല്ലോ. എങ്കിലും താങ്കളുടെ സംശയം തികച്ചും ന്യായം തന്നെ... അഭിനന്ദനങ്ങള്‍.

ഹരി

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer