ബ്ലോഗ് ഹിറ്റുകള്‍ ഒരു ലക്ഷം..നന്ദി..

>> Monday, November 30, 2009



'മാത്​സ് ബ്ലോഗ്' എന്ന് അധ്യാപകരും 'അധ്യാപകരുടെ ബ്ലോഗ്' എന്ന് ബ്ലോഗര്‍മാരും വിളിക്കുന്ന ഈ ബ്ലോഗിലെ സന്ദര്‍ശനങ്ങളുടെ എണ്ണം ഒരു ലക്ഷം തികഞ്ഞു. മേല്‍പ്പറഞ്ഞ രണ്ട് പേരുകളില്‍ ഏതാണ് ഇഷ്ടം എന്നു ചോദിച്ചാല്‍ 'അധ്യാപകരുടെ ബ്ലോഗ്' എന്നറിയപ്പെടാന്‍ തന്നെയാണെന്ന് ആലോചിക്കാതെ തന്നെ മറുപടി പറയാം. രണ്ട് അധ്യാപകരൊരുമിച്ച് തുടങ്ങിയ യാത്രയില്‍ ഇടയ്ക്കൊപ്പം നില്‍ക്കാന്‍ പത്തോളം പേര്‍ തയ്യാറായി വന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഉദ്യോഗസ്ഥവിഭാഗമായ അധ്യാപകസമൂഹത്തിന്റെ ശബ്ദമായി മാറണമെന്ന ആഗ്രഹം അന്നേ ഉണ്ടായിരുന്നുവെങ്കിലും ഇന്നത്തെ രൂപത്തില്‍ ഇതിനൊരു വളര്‍ച്ചയുണ്ടാകുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഈ വേളയില്‍ തുറന്നു സമ്മതിക്കട്ടെ. ബ്ലോഗ് ഹിറ്റുകള്‍ കൂടുമ്പോള്‍ ഉത്തരവാദിത്വമേറുന്നതിന്റെ നെഞ്ചിടിപ്പ് ഞങ്ങളില്‍ വര്‍ദ്ധിച്ചു വന്നു. രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ അപ്ഡേഷന് തയ്യാറായിരുന്നു ഞങ്ങളെപ്പോഴും. ഗണിതശാസ്ത്രത്തിന് വേണ്ടിയുള്ള ബ്ലോഗ് എന്നു പറയുമ്പോഴും ഗണിതേതരവിഷയങ്ങളിലേതടക്കമുള്ള എല്ലാ അധ്യാപകരും അറിയേണ്ട വിവരങ്ങള്‍ ചൂടോടെ ഇവിടെ ഞങ്ങള്‍ പ്രസിദ്ധീകരിക്കാറുണ്ട്. ഏത് വിഷമസന്ധികളിലും താങ്ങായി ഒപ്പം നില്‍ക്കാന്‍ ഞങ്ങള്‍ ശ്രമിക്കാറുണ്ട്. ഓരോ പുതിയ വിവരങ്ങളറിയുമ്പോഴും അത് ഞങ്ങളെ ഫോണില്‍ വിളിച്ച് അറിയിക്കുന്ന അധ്യാപകര്‍ ഞങ്ങളെ സഹായിച്ചു കൊണ്ടിരിക്കുന്നു. ഇതിനു പിന്നില്‍ എടുത്തു പറയേണ്ട ചില വ്യക്തികളും മാധ്യമങ്ങളുമൊക്കെയുണ്ട്. ഈ സന്ദര്‍ഭം അതിനായി വിനിയോഗിക്കുന്നു.

ഇത്തരമൊരു ബ്ലോഗ് ആരംഭിക്കാന്‍ ഞങ്ങള്‍ക്ക് പ്രചോദനം നല്‍കിയ ഐ.ടി@സ്ക്കൂള്‍ എറണാകുളം ജില്ലാ കോഡിനേറ്റര്‍ ജോസഫ് ആന്റണി സാറിനോടും അന്നു മുതല്‍ ഇന്നോളം ഞങ്ങള്‍ക്കൊപ്പം നിന്ന മാസ്റ്റര്‍ ട്രെയിനര്‍ ജയദേവന്‍ സാറിനോടും ഞങ്ങള്‍ക്കുള്ള കടപ്പാട് പറഞ്ഞറിയിച്ചാല്‍ തീരുന്നതല്ല. മൈക്രോസോഫ്റ്റ് അംഗീകരിച്ചിട്ടുള്ള കേരളത്തിലെ അപൂര്‍വ്വം വ്യക്തികളിലൊരാളും മാതൃഭൂമി കൊച്ചി ഓഫീസിലെ സീനിയര്‍ എഡിറ്ററുമായ സുനില്‍പ്രഭാകര്‍ സാര്‍ മാതൃഭൂമി 'നഗര'ത്തിലൂടെ ഈ ബ്ലോഗിനെപ്പറ്റി ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചതിലൂടെയാണ് ആദ്യമായി മാധ്യമശ്രദ്ധ ഞങ്ങളിലേക്ക് പതിയുന്നത്. പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും സസൂക്ഷ്മം വിലയിരുത്തി ഞങ്ങള്‍ക്ക് വേണ്ട മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതില്‍ ഇന്നും അദ്ദേഹം ജാഗ്രതപുലര്‍ത്തിപ്പോരുന്നു. കൂടാതെ ഞങ്ങളുടെ ഈ സംരംഭത്തെപ്പറ്റി മലയാള മനോരമയുടെ 'പഠിപ്പുര', മാധ്യമം 'വെളിച്ചം', ഇന്‍ഫോകൈരളി തുടങ്ങിയ മാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തിയ ലേഖകരും ഈ വളര്‍ച്ചയില്‍ ഞങ്ങളെ ഏറെ സഹായിച്ചു. അക്കൂട്ടത്തില്‍ എടുത്തു പറയേണ്ടത് സ്മാര്‍ട്ട് ഫാമിലി എന്ന മാഗസിനില്‍ വന്ന ഇന്റര്‍വ്യൂവിനെക്കുറിച്ചാണ്. അതുവഴി മാത്രം വിദേശരാജ്യങ്ങളിലെ നിരവധി മലയാളികളെ ഞങ്ങള്‍ക്ക് വായനക്കാരായി കിട്ടി.

കേരളത്തിലെ സ്ക്കൂളുകളില്‍ കമ്പ്യൂട്ടര്‍ വിപ്ലവത്തിന്റെ ഭാഗമായി ശ്രദ്ധേയങ്ങളായ ചുവടുവെയ്പുകള്‍ നടത്തിയ ഐ.ടി@സ്ക്കൂള്‍ ഡയറക്ടര്‍ അന്‍വര്‍ സാദത്ത് സാര്‍ പല നിര്‍ണായകഘട്ടങ്ങളിലും ഞങ്ങള്‍ക്ക് വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. തൃശൂര്‍ കിലയില്‍ വെച്ച് നടന്ന മാസ്റ്റര്‍ ട്രെയിനര്‍മാരുടെ മീറ്റിങ്ങില്‍ അദ്ദേഹം നേരിട്ട് ഈ ബ്ലോഗ് പരിചയപ്പെടുത്തിയതും ഞങ്ങള്‍ക്ക് ഗുണകരമായി. കേരളത്തിലെ ഏഴ് ജില്ലകളിലെ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ അവരുടെ കീഴിലുള്ള സ്ക്കൂളുകളിലേക്ക് ബ്ലോഗ് ലിങ്ക് അയച്ചുകൊടുത്തതും സ്വന്തം സൈറ്റുകളില്‍ മാത്​സ് ബ്ലോഗിന് ഒരു ലിങ്ക് തന്നതും ഈ സമയം നന്ദിയോടെ സ്മരിക്കുന്നു. പല വിദ്യാഭ്യാസ ഓഫീസുകളുടെയും ഒഫീഷ്യല്‍ സൈറ്റില്‍ നമുക്ക് ലിങ്ക് നല്‍കിയിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ഞങ്ങള്‍ക്കേറെ പ്രോത്സാഹനം തന്ന പാലക്കാട് ജില്ലാപഞ്ചായത്തിന് കീഴിലുള്ള ഹരിശ്രീ പാലക്കാട് വെബ്സൈറ്റിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും പാലക്കാട് ഐ.ടി@സ്ക്കൂള്‍ ജില്ലാ കോഡിനേറ്റര്‍ ജയരാജന്‍ സാറിനും അകൈതവമായ നന്ദി രേഖപ്പെടുത്തട്ടെ. ഒപ്പം ലിനക്സ് സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്‍കുന്നതിന് എപ്പോഴും ഞങ്ങളെ സഹായിച്ചു കൊണ്ടിരിക്കുന്ന മലപ്പുറം ജില്ലയിലെ മാസ്റ്റര്‍ട്രെയിനര്‍മാരോടും നന്ദി പറയാന്‍ ഈ പോസ്റ്റ് വിനിയോഗിക്കുന്നു.

അധ്യാപകരുടെ ബ്ലോഗിനെ ബൂലോകത്തിന് പരിചയപ്പെടുത്തിയ ക്യാപ്റ്റന്‍ ഹാഡ്​ഡോക്, ജമാല്‍, ചിത്രകാരന്‍ എന്നീ ബ്ലോഗര്‍മാരും ഞങ്ങള്‍ക്ക് ഒരു വിലാസമുണ്ടാക്കിത്തരാന്‍ സഹായിച്ചു. ശക്തമായ കമന്റുകളുമായി സ്വന്തം അഭിപ്രായം വെട്ടിത്തുറന്ന് പറയാന്‍ മടിക്കാതെ കാല്‍വിനും തറവാടിയും ഹാഫ്​കള്ളനും സത്യാന്വേഷിയും വിജയന്‍ കടവത്തുമൊക്കെ ഞങ്ങള്‍ക്കുണ്ടാക്കിത്തന്നത് നിരവധി വായനക്കാരെയാണ്. ഇവരുടെ കമന്റുകള്‍ക്ക് ശക്തമായ മറുപടി നല്‍കണം എന്നാവശ്യപ്പെട്ട് പലരും ഞങ്ങളെ ഫോണില്‍ വിളിക്കുമായിരുന്നു. പക്ഷെ എല്ലാ മലയാളികള്‍ക്കുമായി നാം തുറന്നിട്ട ഈ ബ്ലോഗില്‍ സ്വന്തം അഭിപ്രായം വെട്ടിത്തുറന്ന് എഴുതുന്ന അവരെ എന്തിന് എതിര്‍ക്കണം? മാത്രമല്ല കാടടച്ച് വെടിവെക്കുകയല്ല അവര്‍ ചെയ്യുന്നത്. എതിര്‍ അഭിപ്രായമുള്ളവര്‍ക്ക് അതും രേഖപ്പെടുത്താന്‍ അവസരമുണ്ടല്ലോ. ഇങ്ങനെയെല്ലാമാണ് പൊതുസമൂഹത്തിന്റെ അഭിപ്രായപ്രകടനങ്ങള്‍ നമുക്കറിയാനാവുക. ഒരു തിരിച്ചറിവിനോ ശുദ്ധീകരണത്തിനോ അത് സഹായിക്കും എന്ന പൊതു അഭിപ്രായമാണ് ബ്ലോഗ് ടീമിനുള്ളത്. അമേരിക്കയില്‍ ജോലി ചെയ്യുന്ന ഉമേഷ് എന്ന ഒരു മിടുമിടുക്കനായ സോഫ്റ്റ്​വെയര്‍ എഞ്ചിനീയറായ ബ്ലോഗറെ നമ്മുടെ സഹയാത്രികനായി കിട്ടിയത് ഒരു ഭാഗ്യമായി ഞങ്ങള്‍ കരുതുന്നു. അദ്ദേഹം ഓരോ പ്രശ്നങ്ങളേയും അപഗ്രഥിച്ച് ഉത്തരത്തിലേക്കെത്തുന്ന രീതി തികച്ചും അസൂയാവഹം തന്നെ. റഫറന്‍സും ഗ്രാസ് റൂട്ടും അടക്കം സകലതും വിശദീകരിച്ച് അദ്ദേഹം ഉത്തരം നല്‍കുന്നത് ഒരുഗ്രന്‍ പ്രൊജക്ടിന്റെ രൂപത്തിലാണെന്നത് നിങ്ങളേവരും ശ്രദ്ധിച്ചിട്ടുണ്ടാകും. വിജ്ഞാനസമ്പന്നമായ സ്വന്തം ബ്ലോഗുകളുടെ ലിങ്കും അദ്ദേഹം കമന്റില്‍ നല്‍കിയത് ഏവരും കണ്ടിരിക്കുമല്ലോ.

ക്ലസ്റ്ററുകളില്‍ ബ്ലോഗ് പരിചയപ്പെടുത്തിയ ഡി.ആര്‍.ജി, ആര്‍.പി മാര്‍ക്കും മറ്റ് അധ്യാപകരും ഈ നേട്ടത്തിന് പിന്നില്‍ പ്രേരണാഘടകമായി വര്‍ത്തിച്ചിട്ടുണ്ട്. നമ്മുടെ ബ്ലോഗിന്റെ നിത്യ സന്ദര്‍ശകരായ എല്ലാ വായനക്കാര്‍ക്കും മനസ്സു തുറന്ന് നന്ദി പറയുന്നു. നിങ്ങളാണിതിന്റെ ശക്തി. ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അധ്യാപകക്കൂട്ടായ്മയ്ക്കു വേണ്ടിയാണ്. ഏതെങ്കിലും ഒരു കൊടിക്കു കീഴില്‍ അധ്യാപകരെ അണി നിരത്താന്‍ ഒരിക്കലും മുതിരില്ല ഞങ്ങള്‍. നമ്മുടെ പ്രശ്നങ്ങള്‍ തുറന്നു ചര്‍ച്ച ചെയ്യാനുള്ള സുന്ദരമായ ഒരു വേദി. കാസര്‍കോടുള്ള ഒരു അധ്യാപകന്റെ സംശയത്തിന് മറുപടി കൊച്ചിയില്‍ നിന്നോ കോഴിക്കോട് നിന്നോ തിരുവനന്തപുരത്തു നിന്നോ ഒരു പക്ഷേ വിദേശത്ത് നിന്നോ ആയിരിക്കും.ഇതാണ് നമ്മുടെ ലക്ഷ്യം. നിങ്ങളര്‍പ്പിക്കുന്ന വിശ്വാസത്തിന് ഗ്യാരണ്ടിയായി ഒരു ഉറപ്പും. നമ്മള്‍ അധ്യാപകരറിയേണ്ട സര്‍ക്കാര്‍ ഉത്തരവുകളടക്കമുള്ള ഏത് വിവരങ്ങളും ചൂടാറാതെ സമയാസമയങ്ങളില്‍ ഈ ബ്ലോഗിലൂടെ പ്രസിദ്ധീകരിക്കാന്‍ ഞങ്ങള്‍ ശ്രമിക്കും.

ഞങ്ങളെ സഹായിക്കാന്‍ ശ്രമിച്ച എല്ലാവരെയും ഞങ്ങള്‍ക്കറിയാം. ഒപ്പം, മനഃപൂര്‍വ്വം നിശബ്ദതപാലിച്ചവരെയും... ചില സത്യങ്ങള്‍ എത്ര മൂടിവെക്കാന്‍ ശ്രമിച്ചാലും പുറത്തുവരും എന്ന പഴമൊഴിയില്‍ ഞങ്ങള്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു. ഈ ഒരു ലക്ഷം സന്ദര്‍ശനങ്ങള്‍ തന്നെ അതിന് സാക്ഷി.


Read More | തുടര്‍ന്നു വായിക്കുക

നഗ്നസത്യങ്ങളുടെ പെരുമഴ

>> Sunday, November 29, 2009



കഴിഞ്ഞ ഞായറാഴ്ചയിലെ സംവാദത്തിന് പ്രസിദ്ധ ബ്ലോഗര്‍മാരില്‍ നിന്നടക്കമുണ്ടായ രൂക്ഷമായ പ്രതികരണങ്ങള്‍ , ആ വിഷയത്തില്‍ പുതുതലമുറയുടെ എതിര്‍വാദങ്ങള്‍ മനസ്സിലാക്കുന്നതിന് ഏറെ സഹായിച്ചതായി കുറെയേറെ വായനക്കാര്‍ അറിയിച്ചു. ആരോഗ്യകരമായ ഇത്തരം ചര്‍ച്ചകള്‍ ഒരുപാടുപേര്‍ ഉറ്റുനോക്കുന്നുവെന്നത് ഏറെ ചാരിതാര്‍ഥ്യജനകമാണ്. ഈ പംക്തിയില്‍ വരുന്ന ലേഖനങ്ങളുടെ ഉള്ളടക്കങ്ങളെല്ലാം ഈ ബ്ലോഗിന്റെ നിര്‍മ്മാതാക്കളുടെയോ, ബ്ലോഗ് ടീമിന്റേയോ അഭിപ്രായങ്ങളായി കാണേണ്ടതില്ല. സംവാദത്തിന്നായി വിഷയങ്ങള്‍ അണിനിരത്തുന്നുവെന്നു മാത്രം. പ്രസിദ്ധ ബ്ലോഗര്‍ 'ചിത്രകാരന്‍ 'പറഞ്ഞപോലെ, 'നഗ്നസത്യങ്ങളുടെ പെരുമഴ' കമന്റുകളിലൂടെ ആര്‍ത്തിരമ്പി പെയ്യട്ടെ. അധ്യാപകരെ സംബന്ധിച്ചിടത്തോളം, സ്വയം വിമര്‍ശനത്തിനു പ്രേരിപ്പിക്കേണ്ടതെന്നു കരുതുന്ന ഒരു വിഷയമാകട്ടെ ഈ ആഴ്ച. കണ്ണൂര്‍ ഡയറ്റിലെ ലക്ചററും പ്രസിദ്ധ വിദ്യാഭ്യാസ വിദഗ്ധനുമായ ശ്രീ. ടി.വി. കൃഷ്ണന്‍ സാറെഴുതിയ ചിന്തോദ്വീപകമായ ഒരു ലേഖനത്തില്‍ നിന്നുള്ള ഒരു ചിന്ത് വായിച്ചോളൂ......

ഒരിക്കല്‍ അയല്‍ക്കാരനായ ഒരു കുടുംബനാഥന്‍ ഈ ലേഖകനോട് ഒരു സ്വകാര്യ ദു:ഖം പങ്കിട്ടു. അദ്ദേഹത്തിന്റെ ര​ണ്ടു കുട്ടികളില്‍ മൂത്തയാള്‍ ഒമ്പതില്‍ പഠിക്കുന്ന അച്ചുവെന്ന അശ്വിന്‍. അധ്യാപകര്‍ക്ക് അവനെക്കുറിച്ച് പരാതികള്‍ മാത്രമേയുള്ളൂ. ക്ലാസ്സില്‍ ശ്രദ്ധ പോരാ, പരീക്ഷകളില്‍ മാര്‍ക്ക് വളരെ കുറവാണ് എന്നൊക്കെ. പരാതികള്‍ കേട്ടുമടുത്ത് അച്ചുവിന്റെ അമ്മ ഇപ്പോള്‍ സ്കൂളില്‍ പി.ടി.എ യോഗങ്ങള്‍ക്കൊന്നും ചെല്ലാറില്ല.ഒരു വൈകുന്നേരം വീടിന്റെ വരാന്തയില്‍ വെറുതെയിരിക്കുമ്പോള്‍ മുന്‍വശത്തെ റോഡില്‍ കുറേ കുട്ടികളെ കണ്ടു. എല്ലാവരുടേയും കയ്യില്‍ പല വലുപ്പത്തിലും ആകൃതിയിലുമുള്ള വാഹനങ്ങളുടെ 'മിനിയേച്ചറുകള്‍'. വലിച്ചെറിഞ്ഞ കാര്‍ഡ്ബോര്‍ഡ് പെട്ടികള്‍, പഴയ ചെരുപ്പിന്റെ സോള്‍, കുടക്കമ്പി തുടങ്ങിയവ ഉപയോഗിച്ച് നിര്‍മ്മിച്ചവയായിരുന്നു അവയെല്ലാം. ചരടില്‍ കെട്ടി ആഹ്ലാദപൂര്‍വ്വം റോഡിലൂടെ വലിച്ചുകൊണ്ടു പോവുകയാണ് അവര്‍ കാറും ബസ്സും ലോറിയും വിമാനവുമൊക്കെ.എല്ലാം തികവൊത്ത രൂപങ്ങള്‍. ഇവയുടെയൊക്കെ ശില്പി അവരുടെ"അച്ചുവേട്ടന്‍" ആണെന്നറിഞ്ഞപ്പോള്‍ തലയില്‍ സ്വയം കൈവെച്ചുപോയി. ഇത്രയും വൈഭവമുള്ള കുട്ടിയെക്കുറിച്ചാണോ അധ്യാപകര്‍ രക്ഷിതാക്കളോട് മോശമായി പറഞ്ഞത്!ആ രൂപങ്ങളില്‍ തെളിഞ്ഞുവന്നത് ഭാവിയിലെ ഒരു മികച്ച ഡിസൈനര്‍, എഞ്ചിനീയര്‍ അല്ലെങ്കില്‍ ഒരു കലാകാരന്റെ മുഖമായിരുന്നു. ഔപചാരിക വിദ്യാഭ്യാസത്തിന്റെ കാര്‍ക്കശ്യങ്ങളില്‍ അച്ചുവിന്റെ കഴിവുകള്‍ അധ്യാപകര്‍ ശ്രദ്ധിക്കാതെ പോയി. കുട്ടിയുടെ പിഴവുകള്‍ കണ്ടുപിടിക്കാന്‍ മാത്രമാണ് അവര്‍ ശ്രമിച്ചത്. പ്രിയപ്പെട്ട അധ്യാപകരേ, നിങ്ങളുടെ ക്ലാസ്സിലെ 'അച്ചു'മാരോട് നിങ്ങള്‍ എങ്ങിനെയാണ് പെരുമാറുന്നത്? കമന്റ് ചെയ്യുക. പ്രിയപ്പെട്ട മറ്റു വായനക്കാരേ, നിങ്ങളുടെ അധ്യാപകരില്‍ നിന്നും ഇതുപോലുള്ളതോ, വ്യത്യസ്തമായതോ ആയ അനുഭവങ്ങള്‍ ഓര്‍മ്മ വരുന്നില്ലേ? കമന്റിലൂടെ ഇവിടെ പകര്‍ത്തുക. ഞങ്ങള്‍ അധ്യാപകര്‍ക്ക്, ഇതുപോലുള്ള പ്രശ്നങ്ങള്‍ ഗുണപരമായി കൈകാര്യം ചെയ്യാന്‍ അത് വളരെ പ്രയോജനം ചെയ്യും.


Read More | തുടര്‍ന്നു വായിക്കുക

പൂര്‍ണ്ണവര്‍ഗ്ഗങ്ങള്‍

>> Friday, November 27, 2009


ഒരു കമന്റില്‍, എളുപ്പത്തില്‍ വര്‍ഗ്ഗം കാണാനുള്ള ശ്രീ. വി.കെ. ബാലയുടെ പോസ്റ്റ് ലിങ്കായി കണ്ടപ്പോഴാണ്, മുമ്പെന്നോ ശ്രീ. എന്‍.എം. വിജയന്‍ സാര്‍ ഇ-മെയിലായി അയച്ചുതന്ന ഈ പോസ്റ്റിനെക്കുറിച്ചോര്‍മ്മവന്നത്. വൈകിയതിന്നൊരു ക്ഷമാപണത്തോടെ ഇത് പ്രസിദ്ധീകരിക്കുകയാണ്. എണ്ണല്‍സംഖ്യകളില്‍ 625 വരെയുള്ള വര്‍ഗ്ഗങ്ങള്‍ ഓര്‍ക്കാന്‍ കഴിയുന്ന കുട്ടികള്‍ക്ക് (മുതിര്‍ന്നവര്‍ക്കും) 10000 വരെയുള്ള വര്‍ഗ്ഗങ്ങള്‍ മനസ്സില്‍ സൂക്ഷിക്കാന്‍ ഒരു മാര്‍ഗ്ഗമാണ് ഈ പോസ്റ്റിലൂടെ വെളിപ്പെടുന്നത്.



100 വരെയുള്ള സംഖ്യകള്‍ 4 ഗ്രൂപ്പുകളായി തിരിക്കുക. 1 മുതല്‍ 25 വരെ, 26 മുതല്‍ 50 വരെ, 51 മുതല്‍ 75 വരെ, 76 മുതല്‍ 100 വരെ. അവയുടെ വര്‍ഗ്ഗങ്ങള്‍ ശ്രദ്ധിക്കുക. ഓരോ വരിയിലും വര്‍ഗ്ഗങ്ങള്‍ അവസാനിക്കുന്ന രണ്ടക്കം തുല്യമാണെന്നു കാണാം. അതായത്, 10000 ല്‍ കുറവുള്ള 24 ല്‍ അവസാനിക്കുന്ന 4 പൂര്‍ണ്ണവര്‍ഗ്ഗങ്ങളേയുള്ളൂ.. 18,32,68,82 എന്നിവയുടെ വര്‍ഗ്ഗങ്ങളായ 324,1024,4624,6724. 44ല്‍ അവസാനിക്കുന്നതോ? 12,38,62,88 എന്നിവയുടെ വര്‍ഗ്ഗങ്ങളായ 144,1444,3844,7744. ഇതുപോലെ 4 വീതം വരുന്ന ഗ്രൂപ്പുകള്‍ ഓരോന്നും പരിശോധിച്ചാല്‍ ഒരു ബന്ധം കിട്ടും. X, 50-X, 50+X, 100-X ഇവയുടെ വര്‍ഗ്ഗങ്ങളിലെ അവസാനത്തെ രണ്ടക്കം ,Xന്റെ വര്‍ഗ്ഗത്തിലെ അവസാന രണ്ടക്കം തന്നെയാണെന്നു മനസ്സിലാകും.
ഇതില്‍ നിന്ന് എന്തു മനസ്സിലായി? 96 ല്‍ അവസാനിക്കുന്ന വര്‍ഗ്ഗങ്ങള്‍ ഏതൊക്കെയെന്നു ചോദിച്ചാല്‍ ഉടന്‍ ഉത്തരം കിട്ടും....14,36,64,86. ആവര്‍ത്തിച്ചുനോക്കൂ. 29 ല്‍ അവസാനിക്കുന്ന 4 പൂര്‍ണ്ണവര്‍ഗ്ഗങ്ങള്‍ (10000ല്‍ കുറവ്) 23,27,73,77 എന്നിവയുടെ വര്‍ഗ്ഗങ്ങളായ 529,729,5329,5929 മാത്രമേയുള്ളൂവെന്നു കിട്ടും.
വര്‍ഗ്ഗം കാണാന്‍ എളുപ്പവഴി
625 വരെ മനപ്പാഠമാക്കുക.
25 മുതല്‍ 75 വരെ വര്‍ഗ്ഗം
ഉദാ:
362=(36-25)+142=11+196=1296
482=(48-25)+22=23+04=2304
632=(63-25)+132=38+169=3969
742=(74-25)+242=49+576=5476
75 മുതല്‍ 100 വരെ വര്‍ഗ്ഗം
ഉദാ:
872=(87 -13)+13 2= 74+169=7569
942=(94 -6)+6 2= 88+36=8836
87 കിട്ടിയാല്‍ 13 കാണുന്നതും 94 കിട്ടിയാല്‍ 6 കാണുന്നതും വിശദീകരിക്കേണ്ടതില്ലല്ലോ?
ഇതു വലുതാക്കിയാല്‍ എന്തുകൊണ്ട് 10000000 വരെ മനസ്സില്‍ വച്ചുകൂടാ? ശ്രമിക്കുമല്ലോ?


Read More | തുടര്‍ന്നു വായിക്കുക

ലിനക്സും വിന്റോസും തമ്മില്‍ നെറ്റ്​വര്‍ക്ക് ചെയ്യാന്‍...

>> Wednesday, November 25, 2009


ഒരു നൂറ് പ്രാവശ്യം ആലോചിച്ചതിന് ശേഷമാണ് ഈ പോസ്റ്റ് എഴുതാന്‍ തീരുമാനിച്ചത്. കാരണം മറ്റൊന്നുമല്ല , ഫ്രീ സോഫ്റ്റ് വെയര്‍ പ്ലാറ്റ് ഫോമിലേക്ക് മാറിയതിന് ശേഷം കഴിയുന്നതും പ്രൊപ്പറൈറ്ററി സോഫ്റ്റ് വെയര്‍ ഉപയോഗിക്കില്ല എന്ന മനസാ തീരുമാനമെടുത്തതാണ്. അത് കൊണ്ട് തന്നെ വിന്‍ഡോസ് അപ്ലിക്കേഷനു ബദല്‍ കണ്ടെത്തി പ്രചരിപ്പിക്കുക എന്ന ചുമതല പലപ്പോഴും വലിയ വെല്ലുവിളിയായിട്ടുണ്ട്. അതിന്റെ പരിണിതഫലമാണ് ഹക്കീം മാസ്റ്ററുടെ ( മലപ്പുറം) നേതൃത്വത്തില്‍ രൂപപ്പെട്ട Edusoft CD കള്‍. എന്നാല്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം 'സ്കൂള്‍ കലോത്സവം ' അരങ്ങ് തകര്‍ത്ത് കൊണ്ടിരിക്കുന്ന ഈ സമയത്ത് പ്രിന്ററിന് ഡ്രൈവറിന് വേണ്ടിയുള്ള SITC മാരുടെ നെട്ടോട്ടം കണ്ടാണ് അവസാനം ഇത് എഴുതാമെന്ന് വിചാരിച്ചത്. ഫലത്തില്‍ വിന്‍ഡോസ് അപ്ലിക്കേഷന് support ആവുമോ എന്ന് കണ്ടാണ് ആദ്യം മടിച്ചത്. പിന്നെ അറിവിന് പ്ലാറ്റ് ഫോം ഇല്ലല്ലോ എന്ന് കരുതി എഴുതാമെന്ന് കരുതി.

സ്കൂള്‍ കലോത്സവം lampp സോഫ്റ്റ് വെയറിലാണല്ലോ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ നെറ്റ് വര്‍ക്കിംഗ് സമയത്ത് ലിനക്ലില്‍ പ്രവര്‍ത്തിക്കുന്ന ലേസര്‍ പ്രിന്ററുകള്‍ കണ്ടെത്തേണ്ട സ്ഥിതിയിലായി സംഘാടകര്‍ . ഐ.ടി.@സ്കൂള്‍ വിതരണം ചെയ്ത samsung പ്രിന്ററുകള്‍ മിക്ക ഹൈസ്കൂളുകളിലുമുണ്ടാവും. അത് ഒന്ന് മാത്രം. പിന്നെയുള്ളത് HP പ്രിന്ററുകള്‍..ഇവയൊക്കെ എല്ലാവരും ഇന്‍സ്റ്റാള്‍ ചെയ്ത് പ്രവര്‍ത്തിപ്പിക്കുന്നുമുണ്ട്. എന്നാല്‍ പല സ്കൂളുകളിലും പലതരത്തിലുള്ള ലേസര്‍ പ്രിന്ററുകളാണ് ഉപയോഗിക്കുന്നതെന്ന് 'ഈ പ്രിന്റര്‍ ലിനക്ലില്‍ എങ്ങനെ ഇന്‍സ്റ്റാള്‍ ചെയ്യും' എന്ന ചോദ്യമാണ് sitc മാര്‍ ഇപ്പോള്‍ അന്വേഷിക്കുന്നത്.

മിക്കവാറും പ്രിന്ററുകളുടെ ഡ്രൈവറുകള്‍ ലിനക്ലില്‍ ലഭ്യമാണ്. അവക്ക് 'നെറ്റി'ല്‍ തിരയണമെന്ന് മാത്രം.. debian പാക്കേജുകളായി ചിലപ്പോള്‍ കിട്ടിയില്ല എന്ന് വരാം. അവ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ support ആവശ്യമാണ്.. (Edusoft CDയുടെ ലെന്നി വേര്‍ഷനില്‍ പ്രിന്ററുകള്‍ ഓട്ടോ ഡിറ്റക്ട് ആകാനുള്ള പാക്കേജ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.) ശ്രമിച്ചാല്‍ അസാധ്യമായി ലിനക്ലില്‍ ഒന്നുമില്ല എന്നാണ് ഇതുവരെയുള്ള അറിവ്. അതിന് സമയമില്ലാത്തതാണ് പ്രശ്നം. lampp സോഫ്റ്റ് വെയര്‍ ഉപയോഗിക്കുമ്പോള്‍ ലേസര്‍ പ്രിന്റര്‍ വിന്‍ഡോസില്‍ ഉപയോഗിച്ച് തല്കാലം ഈ പ്രശ്നം നമുക്ക് പരിഹരിക്കാം. നെറ്റ് വര്‍ക്ക് ചെയ്യുമ്പോള്‍ ഒരു സെര്‍വര്‍ കമ്പ്യൂട്ടറും ഒന്നിലധികം നോഡും ഉപയോഗിക്കുമല്ലോ ? അതില്‍ സെര്‍വര്‍ ആയി ലിനക്സ് തന്നെ ഉപയോഗിക്കുക. Lampp ഇന്‍സ്റ്റാള്‍ ചെയ്യണ്ടത് ഈ കമ്പ്യൂട്ടറിലാണ്. ഇതിന്റെ IP അഡ്രസ്സ് മറ്റൊരു കമ്പ്യൂട്ടറിനും നല്കരുത്. നോഡായി വിന്‍ഡോസ് ഉപയോഗിക്കുക. ഇവിടെ ബ്രൌസര്‍ മോസില്ലയാണ് ഉപയോഗിക്കേണ്ടത്. താഴെ തന്നിരിക്കുന്ന ലിങ്കില്‍ നിന്ന് വിന്‍ഡോസില്‍ പ്രവര്‍ത്തിക്കുന്ന മോസില്ല ഡൌണ്‍ലോഡ് ചെയ്യാം..

Download Mozilla

സെര്‍വര്‍ ഓപ്പണ്‍ ചെയ്ത് lampp റണ്‍ ചെയ്യിക്കുക. അതിന് ശേഷം നോഡ് കമ്പ്യൂട്ടറിലെ മോസില്ല വെബ് ബ്രൌസര്‍ തുറന്ന് സെര്‍വറിന്റെ IPAddress/kalolsvam (Eg: 192.168.1.11/kalolsavam) ടൈപ്പ് ചെയ്ത് lampp സോഫ്റ്റ് വെയറിലേക്ക് നമുക്ക് access ചെയ്യാവുന്നതാണ്. പ്രിന്റിംഗ് വിന്‍ഡോസില്‍ തന്നെ ചെയ്യാം.വിന്‍ഡോസില്‍ നെറ്റ് വര്‍ക്കിംഗ് ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുമാണ്.

Type 2 മോഡം ഉണ്ടെങ്കില്‍ വയര്‍ലെസ് വഴിയും നെറ്റ് വര്‍ക്കിംഗ് നടത്താം. ഇതിന് മോഡത്തില്‍ വയര്‍ലെസ് enable ചെയ്തതിന് ശേഷം telephone cable വേര്‍പെടുത്തിയിടുക. സെര്‍വറിന് ഒരു IP നല്കിയതിന് ശേഷം സെര്‍വറില്‍ നിന്നും cable നേരിട്ട് മോഡത്തിലേക്ക് നല്തുക. അതിന് ശേഷം നോഡായി ഉപയോഗിക്കിക്കുന്ന ലാപ് ടോപ്പില്‍ വയര്‍ലെസ് enable ചെയ്ത് സെര്‍വറിന്റെ IP അഡ്രസ് ടൈപ്പ് ചെയ്ത് കണക്ട് ചെയ്യാവുന്നതാണ്.

മലപ്പുറം ഐ.ടി@സ്ക്കൂള്‍ പ്രൊജക്ടിലെ മാസ്റ്റര്‍ ട്രെയിനറാണ് ലേഖകന്‍


Read More | തുടര്‍ന്നു വായിക്കുക

ഏറ്റവും വലിയ അര്‍ദ്ധവൃത്തത്തിന്റെ വിസ്തീര്‍ണം

>> Tuesday, November 24, 2009


വളരെ നാളുകള്‍ക്ക് മുന്‍പ് ഖത്തറില്‍ നിന്നുള്ള അസീസ് മാഷ് കമന്‍റ് രൂപത്തില്‍ ചോദിച്ച ഒരു ചോദ്യമാണിത്. ചോദ്യത്തിന്‍റെ പ്രാധാന്യം കണക്കിലെടുത്ത് ഇതൊരു പോസ്റ്റായി പ്രസിദ്ധീകരിക്കുകയാണ്. നമ്മുടെ കമന്‍റ് ബോക്സില്‍ വിജയന്‍ മാഷും ജോണ്‍ മാഷും തോമാസ് മാഷും മുരളീധരന്‍ മാഷുമൊക്കെക്കൂടി ദിവസേന നടത്തുന്ന ഗണിതപ്രശ്നോത്തരിയില്‍ ഇത്തരത്തിലുള്ള മികച്ച ഒട്ടേറെ ചോദ്യങ്ങള്‍ വന്നു പോകാറുണ്ട്. അവ ബ്ലോഗിലൂടെ പ്രശ്നരൂപത്തില്‍ അവതരിപ്പിക്കപ്പെടുകയാണെങ്കില്‍ എങ്ങനെയായിരിക്കും? ഒരു പരീക്ഷണാടിസ്ഥാനത്തില്‍ അത്തരമൊരു ചെറിയ ചോദ്യം വായനക്കാര്‍ക്ക് മുന്നിലേക്ക് അവതരിപ്പിക്കട്ടെ. ആരെല്ലാമാണ് ഉത്തരം കണ്ടെത്തിക്കൊണ്ട് കമന്‍റ് ബോക്സിലേക്ക് പുതുതായി രംഗപ്രവേശം ചെയ്യുന്നതെന്ന് നോക്കാം. ഇനി ചോദ്യത്തിലേക്ക്.

യൂണിറ്റ് വശമുള്ള ഒരു സമചതുരത്തിനുള്ളില്‍ വരക്കാവുന്ന ഏറ്റവും വലിയ അര്‍ദ്ധവൃത്തത്തിന്‍റെ വിസ്തീര്‍ണം എത്രയായിരിക്കും ? ഉത്തരം രേഖപ്പെടുത്തുന്നവര്‍ ചെറിയൊരു വിശദീകരണവും രേഖപ്പെടുത്തുമല്ലോ. ഉത്തരങ്ങള്‍ ഇംഗ്ലീഷിലോ മലയാളത്തിലോ എഴുതാം.


Read More | തുടര്‍ന്നു വായിക്കുക

കടമകള്‍ മറക്കുന്ന മനുഷ്യന്‍

>> Sunday, November 22, 2009


നമ്മുടെ അതിഥികളായെത്തുന്ന എല്ലാ ബ്ലോഗര്‍മാര്‍ക്കും വേണ്ടി ഞായറാഴ്ചകളില്‍ പൊതുവിഷയങ്ങള്‍ കൂടി ചര്‍ച്ചാവിഷയങ്ങളാക്കണം എന്ന് പലരും മുന്‍പു മുതലേ അഭിപ്രായപ്പെട്ടിരുന്നു. അതു കൊണ്ട് തന്നെ എല്ലാവര്‍ക്കും വേണ്ടി, നമുക്കറിയാവുന്ന നമ്മുടെ നാടിന്റെ ശാപമായി മാറുന്ന ചില കാര്യങ്ങളെപ്പറ്റി ചില യാഥാര്‍ത്ഥ്യങ്ങള്‍. എവിടെ തുടങ്ങണം, എങ്ങനെ തുടങ്ങണം? ആധുനിക മനുഷ്യന്റെ ചിന്തകള്‍ പറവകളേപ്പോലെ നിലം തൊടാതെ പറക്കുകയാണ്‌ ഇന്നും.... എത്തിപ്പിടിക്കലുകളാണ്‌ അവയുടെ ലക്ഷ്യം... ഇല്ലായ്മകളെ മനുഷ്യന്‍ എപ്പോഴും വെറുത്തിട്ടേയുള്ളു.... അതുകൊണ്ട്‌ തന്നെ നിലം തൊട്ടുള്ള ഒരു യാത്ര അവന്‍ സ്വപ്നം കണ്ടിട്ടു കൂടി ഉണ്ടാവില്ല... കര കടന്ന്‌... കടല്‍ കടന്ന്‌..... ദൂരെയുള്ള ആ മാന്ത്രികക്കൊട്ടാരത്തിലെത്തി..... വാരിയെടുക്കാവുന്നത്ര നിധിയും കൊണ്ട്‌ നാട്ടിലെത്തുന്ന ഒരു ദിവസമാകും ദിവാസ്വപ്നങ്ങളില്‍ക്കൂടി അവന്‍ കണ്ടിട്ടുണ്ടാവുക... മറ്റുള്ളവര്‍ക്കുള്ളതിനേക്കാള്‍ എല്ലാം ഒരുപടി മുകളില്‍ വേണം എന്നാഗ്രഹിക്കുന്ന നമ്മുടെ ലോകത്തിന്‌ നഷ്ടമായിരിക്കുന്നത്‌ എന്താണ്‌? ക്ഷമ... വിനയം.... സ്നേഹം...

അമ്മമാര്‍ക്ക്‌ കുട്ടികളെ ശ്രദ്ധിക്കാന്‍ നേരമില്ല...ഭാര്യമാര്‍ക്ക്‌ ഭര്‍ത്താവിനെ പരിചരിക്കാന്‍ നേരമില്ല.... വിരുന്നിനെത്തുന്നവര്‍ക്ക്‌ മുന്നില്‍ ഇഷ്ട സീരിയല്‍ തുറന്ന്‌ വെച്ച്‌ പരസ്യ സമയത്ത്‌ മാത്രം സംസാരിക്കുന്ന വീട്ടുകാര്‍ക്ക്‌ മുന്നില്‍, അമേരിക്കന്‍ പാവയേപ്പോലെ ഇരുന്ന്‌ കൊടുക്കാന്‍ ആരാണിഷ്ടപ്പെടുക? ടി.വി. സീരിയല്‍ എന്ന യക്ഷിക്ക്‌ മുന്‍പില്‍ സ്വന്തം ജീവിതം ആണ്ടുകളായി ഹോമിച്ചു കൊണ്ടിരിക്കുന്ന സ്ത്രീപ്രേക്ഷകരുടെ (ചില പുരുഷ പ്രേക്ഷകരുടേയും) മനസ്സ്‌ വേദനിക്കുന്നത്‌ സ്വന്തം കുടുംബത്തേക്കുറിച്ചോര്‍ത്തിട്ടല്ല... മണിക്കൂറുകള്‍ക്ക്‌ വിലപറഞ്ഞ്‌ ഒരു സെറ്റില്‍ നിന്നും മറ്റൊരു സെറ്റിലേക്ക്‌ അഭിനയിക്കാന്‍ പാഞ്ഞു നടക്കുന്ന നായികമാരുടെ ഗ്ളിസറിന്‍ കണ്ണീരിന്റെ അനസ്യൂത പ്രവാഹം കണ്ടിട്ട്‌ മാത്രമാണ്‌......റിയാലിറ്റി ഷോകളിലെ അവതാരികമാരുടെ മംഗ്ലീഷ് ഗോഷ്ടികളും വേഷപ്പകര്‍ച്ചകളും കണ്ട് കുലുങ്ങിച്ചിരിക്കാനായില്ലെങ്കില്‍ ഒരു ശരാശരി മലയാളിയായില്ലെന്ന ചിന്തയാണ് നാട്ടിന്‍പുറത്തെ കാറ്റിനു പോലുമുള്ളത്. വിധികര്‍ത്താക്കളുടെ കണ്ണീരു കണ്ട് താടിക്ക് കൈകൊടുത്ത് ദീര്‍ഘനിശ്വാസം വിടാനായില്ലെങ്കില്‍ 'പാവയ്ക്കാ ജൂസ് കുടിച്ച' പ്രതീതിയാണ് കേരളത്തിലെ ടിവി പ്രേക്ഷകര്‍ക്കുള്ളത്. ഇതല്ലേ ഇന്‍ഡ്യയിലെ ഏറ്റവും പ്രബുദ്ധരായ ജനതയുടെ സായാഹ്നശീലം?

കൂട്ടുകളെല്ലാം വിട്ട്‌ മൊബൈല്‍ സുഹൃത്തിനോട്‌ സല്ലപിക്കുന്ന ആധുനിക തലമുറ ഇതിനെല്ലാം ഒരു പടി മുകളിലാണ്‌..... എല്ലാം മറന്ന്‌ കട്ടിലില്‍ മലര്‍ന്നു കിടന്ന്‌ സെല്‍ഫോണ്‍ കാതോടും ചുണ്ടോടും ചേര്‍ത്ത്‌, ചുറ്റുപാടുകളില്‍ നിന്നും അകന്ന്‌, കൂട്ടുകാരിയോട്‌ (കൂട്ടുകാരനോട്‌) തമാശ പറഞ്ഞ്‌.. തമാശ ആസ്വദിച്ച്‌ ....ചിരിച്ചുല്ലസിക്കുന്ന ഭാവി വാഗ്ദാനങ്ങള്‍ക്ക്‌ സമൂഹത്തോട്‌ എന്ത്‌ കടപ്പാടാണ്‌ ഉള്ളത്‌...( വീട്ടുകാരോടൊ...?) സര്‍വ്വതിനേയും മൊബൈല്‍ഫോണിലെ കൊച്ചു സ്ക്രീനിലേക്ക് ആവാഹിച്ച് ലോകം മുഴുവന്‍ പ്രദര്‍ശിപ്പിക്കാന്‍ വെമ്പല്‍ കൊള്ളുന്ന പുതുതലമുറ നമ്മുടെ സമൂഹത്തില്‍ വളര്‍ന്ന് വരുമ്പോള്‍ പാകിസ്ഥാന്‍കാരെക്കാള്‍ ഭയക്കേണ്ടത് ആരെയൊക്കെയാണ് എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. അച്ഛനമ്മമാരെ വീട്ടിലിട്ട്‌ (വൃദ്ധസദനമാണ്‌ ഉത്തരാധുനിക ഫാഷന്‍) നഗരത്തില്‍ കറങ്ങി ഹോട്ടല്‍ ഭക്ഷണവും കഴിച്ച്‌ ഭാര്യയും മക്കളുമായി വരുന്നതിന്റെ സുഖം നുകരുന്ന ആധുനിക മനുഷ്യന്‍.....ഇവിടെ വേദനിക്കുന്ന ചില ഹൃദയങ്ങളുണ്ടെന്നോര്‍ക്കുക. സന്തോഷം നല്ലത്. പക്ഷെ ഒരു കൂരയ്ക്ക കീഴില്‍ കഴിയുന്ന എല്ലാവര്‍ക്കും ആ സന്തോഷം പകര്‍ന്നു നല്‍കാന്‍ നമുക്ക് കഴിയണം.

കാലം മാറ്റത്തിന്റെ പാതയിലാണ്‌..... ഇപ്പൊളെന്റെ ഉള്ളില്‍ പണ്ടെങ്ങോ കേട്ട ഒരു വചനം ഓര്‍മ്മ വരുന്നുണ്ട്‌... "ഹേ, മനുഷ്യാ..! ജീവിതപാത നീണ്ട്‌ പരന്ന്‌ കിടക്കുകയാണെങ്കിലും അതൊരിക്കലും കൂട്ടിമുട്ടില്ലെന്ന്‌ നീ കരുതുന്നുണ്ടോ..? പിന്നിട്ട വഴികള്‍ നീ വീണ്ടും കാണും... പക്ഷെ അന്ന്‌ നീ ആയിരിക്കില്ല നായകന്‍... ഇന്നത്തെ ഊര്‍ജ്ജം അന്ന്‌ നിനക്കുണ്ടാവണമെന്നുമില്ല...." കാലം തിരിച്ചടികള്‍ നല്‍കാന്‍ മറക്കുന്നില്ല... പകരം വീട്ടാനും.


Read More | തുടര്‍ന്നു വായിക്കുക

Teaching Notes

>> Friday, November 20, 2009


എട്ടാം ക്ലാസിലെ സമവാക്യങ്ങള്‍ എന്ന അധ്യായത്തെ ആറ് മൊഡ്യൂളുകളാക്കി തിരിച്ചു കൊണ്ടുള്ള അധ്യാപകക്കുറിപ്പുകളാണ് ഇന്ന് ഗണിതശാസ്ത്ര അധ്യാപകര്‍ക്കായി ബ്ലോഗിലൂടെ അവതരിപ്പിക്കുന്നത്. ബ്ലോഗ് ടീം അംഗവും വരാപ്പുഴ എച്ച്.ഐ.ബി.എച്ച്.എസിലെ അധ്യാപകനുമായ പി.എ ജോണ്‍ സാറാണ് ഈ ടീച്ചിങ് നോട്ട് എഴുതിത്തയ്യാറാക്കിയിട്ടുള്ളത്. താഴെയുള്ള ലിങ്കില്‍ നിന്നും അവ ഡൌണ്‍ലോഡ് ചെയ്തെടുക്കാം. പ്രവര്‍ത്തനാധിഷ്ഠിതവും തികച്ചും ശിശുകേന്ദ്രീകൃതവുമായ ഒരു രീതിയോടെയാണ് അദ്ദേഹം ഒരോ പ്രശ്നമേഖലയെയും സമീപിച്ചിരിക്കുന്നത്. ഈ അധ്യായം കൈകാര്യം ചെയ്യുമ്പോള്‍ ഈ ടീച്ചിങ് നോട്ട്സ് നമുക്ക് ഏറെ ഉപകാരപ്രദമാകുമെന്നതില്‍ സംശയം വേണ്ട. ഇതുപോലെ നമ്മുടെ അധ്യാപകര്‍ക്ക് സഹായികളായി മാറാവുന്ന ഏത് അറിവുകളും ഈ ബ്ലോഗിലൂടെ പങ്കുവെക്കാം. വിഷയം പോലും പ്രശ്നമല്ല. കാരണം നമ്മുടെ ബ്ലോഗിന്റെ വായനക്കാര്‍ ഗണിതശാസ്ത്ര അധ്യാപകര്‍ മാത്രമല്ലല്ലോ.

ഇന്ന് കേരളത്തിലെമ്പാടും ഗണിതശാസ്ത്ര ക്ലസ്റ്ററുകള്‍ നടക്കുകയാണല്ലോ. എല്ലാ ക്ലസ്റ്ററുകളിലും നമ്മുടെ മാത്​സ് ബ്ലോഗിനെ പരിചയപ്പെടുത്താനും ബ്ലോഗിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കുന്നതിനും അതില്‍ കമന്റു ചെയ്യുന്നതിനും നമ്മുടെ അധ്യാപകരെ പ്രേരിപ്പിക്കണമെന്നും വായനക്കാരോട് അഭ്യര്‍ത്ഥിക്കുകയാണ്. നിങ്ങള്‍ക്കറിയേണ്ട ഏതു വിവരത്തെപ്പറ്റിയും കമന്റ് രൂപത്തില്‍ സംശയം ചോദിക്കുകയാണെങ്കില്‍ ഉടനടി മറുപടി ലഭിക്കാവുന്ന ഒരു സാഹചര്യം ഇന്ന് നിലവിലുണ്ട്. മറുപടി ലഭിക്കുക ഒരു പക്ഷേ അധ്യാപകരില്‍ നിന്നായിരിക്കണമെന്നില്ല. നമ്മുടെ തന്നെ വിദ്യാര്‍ത്ഥികളോ വിദേശമലയാളികളോ സഹായഹസ്തവുമായി വന്നേക്കാം. ഇങ്ങനെയെല്ലാമാണെങ്കിലും ബ്ലോഗ് ടീം അംഗങ്ങളുടെ ഉന്മേഷം കമന്റുകള്‍ തന്നെയാണെന്നതില്‍ സംശയമില്ല. ഇന്ന് ബ്ലോഗില്‍ കമന്റു ചെയ്യുന്നവരാകട്ടെ കേരളത്തിലെ അധ്യാപകര്‍ക്കിടയില്‍ പ്രശസ്തരുമാണ്. ഈ ജോലി ഞങ്ങള്‍ നിര്‍വഹിക്കുന്നത് ആരും ഉത്തരവാദിത്വം ഏല്‍പ്പിച്ചതു കൊണ്ടല്ല. ശരാശരി ആയിരത്തിനു മേല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന ബ്ലോഗിലെ കമന്റു ചെയ്യുന്നവരുടെ എണ്ണം വളരെകുറവാണെന്നതില്‍ ഞങ്ങള്‍ക്കേറെ ഖേദമുണ്ട്.ഇന്നലെ മാത്രം 1259 സന്ദര്‍ശകര്‍ നമ്മപടെ ബ്ലോഗിനുണ്ടായിരുന്നു. രാവിലെയും വൈകീട്ടുമടക്കം ക്ലാസ്​ടൈം ഒഴികെയുള്ള സമയങ്ങളില്‍ ബ്ലോഗിലെ വിഭവങ്ങള്‍ തയ്യാറാക്കുന്ന തിരക്കിലാണ് ഞങ്ങളെല്ലാവരും. പലപ്പോഴും 'കൂടുമ്പോള്‍ ഇമ്പമുണ്ടാകുന്നതാണ് കുടുംബം' എന്ന വാക്യത്തിന്റെ അര്‍ത്ഥം ഞങ്ങള്‍ മറന്നു പോകുന്നു. അധ്യാപകര്‍ അറിയേണ്ട ഓരോ വിവരങ്ങളും തികച്ചും ചൂടോടെ ബ്ലോഗിലൂടെ അറിയിക്കാന്‍ എന്നും ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷെ കേരളത്തിലെ അധ്യാപകരുടെ നിശബ്ദത ഞങ്ങളെ വേദനിപ്പിക്കുന്നു. ഇത്തരമൊരു നിശബ്ദതയാണ് മറുപടിയെങ്കില്‍ ഈ ബ്ലോഗുമായി മുന്നോട്ടു പോകുന്നതിന്റെ അര്‍ത്ഥമെന്താണ് എന്ന വസ്തുത ഒരു ചോദ്യചിഹ്നത്തിന്റെ അകമ്പടിയോടെ ഞങ്ങള്‍ക്ക് മുന്നില്‍ തൂങ്ങിയാടുകയാണ്.

Click here to Download the Teaching Note

ഈ ടീച്ചിങ് നോട്ടിനെപ്പറ്റിയും മുകളില്‍ സൂചിപ്പിച്ച പ്രശ്നത്തെപ്പറ്റിയും കമന്റുകള്‍ പ്രതീക്ഷിക്കുന്നു.


Read More | തുടര്‍ന്നു വായിക്കുക

ആരങ്ങളുടെ അംശബന്ധം

>> Wednesday, November 18, 2009


എട്ടാം ക്ലാസിലെ പാഠപുസ്തകം പുതിയ മാതൃകയിലുള്ളതായതിനാലാണ് നമ്മള്‍ എട്ടിന് മുന്‍ഗണന കൊടുത്തത്. പത്താം ക്ലാസിലെ ഒരു വര്‍ക്ക് ഷീറ്റ് ആവശ്യപ്പെട്ടു കൊണ്ട് നിരവധി മെയിലുകള്‍ ഞങ്ങള്‍ക്ക് ലഭിച്ചിരുന്നു. ഇതാ പത്താം ക്ലാസിലെ വൃത്തങ്ങളില്‍ നിന്ന് ഒരു തുടര്‍ പ്രവര്‍ത്തനം. ഇത് കുട്ടികള്‍ക്ക് നല്‍കാന്‍ കഴിയുന്ന ഒരു നല്ല അസൈന്‍മെന്റ് ആണെന്ന് കരുതുന്നു. മുകളില്‍ നല്‍കിയിരിക്കുന്ന ചിത്രം നോക്കുക. AB വൃത്തത്തിന്റെ വ്യാസവും (diameter)CD വ്യാസത്തിന് ലംബമായ ഞാണുമാണ് (chord). ഇവ P യില്‍ ഖണ്ഡിക്കുന്നു. CD=8യൂണിറ്റായാല്‍ ഷേയ്ഡ് ചെയ്തിരിക്കുന്ന ഭാഗത്തിന്റെ പരപ്പളവ് (area) എത്ര? ഒരു ചോദ്യം കൂടിത്തരാം. PB വ്യാസമായ വൃത്തം AP വ്യാസമായ വൃത്തം AB വ്യാസമായ വൃത്തം എന്നിങ്ങനെ മൂന്നു വൃത്തങ്ങളുണ്ടല്ലോ. ഇവയില്‍ AP വ്യാസമായ വൃത്തത്തിന്റെ പരപ്പളവ് ഷേയ്ഡ് ചെയ്തിരിക്കുന്ന ഭാഗത്തിന്റെ പരപ്പളവിന് തുല്യമായാല്‍ മൂന്ന് വൃത്തങ്ങളുടേയും ആരങ്ങള്‍ (radii)തമ്മിലുള്ള അംശബന്ധം (ratio)എത്രയായിരിക്കും.

ശരിയുത്തരം അടുത്ത ബുധനാഴ്ച പ്രസിദ്ധീകരിക്കുന്നു. അതിനു മുന്‍പേ ആരെല്ലാം ഏതെല്ലാം രീതിയില്‍ ഈ പ്രശ്നത്തെ സമീപിക്കുന്നുവെന്നു നോക്കാം.


Read More | തുടര്‍ന്നു വായിക്കുക

ഡാറ്റാബേസില്‍ നിന്നും സ്പ്രെഡ്ഷീറ്റിലേക്ക്..

>> Sunday, November 15, 2009


ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി. ഡാറ്റാ എന്റ്റി ഗ്നൂ/ലിനക്സിലായതുകൊണ്ട് നിരാശരായ കുറേപ്പേരുണ്ട്. മറ്റൊന്നുമല്ല, ആക്സസിലുള്ള ഡാറ്റാബേസില്‍ നിന്നും എക്സലിലേക്ക് മുഴുവന്‍ ഡാറ്റായും എടുത്ത് നാനാവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചുകൊണ്ടിരുന്നവര്‍ക്ക് ഈ ഡാറ്റാബേസൊന്ന് കാണാന്‍ പോലും കഴിയുന്നില്ലെന്നതാണ് നിരാശക്ക് കാരണം! ഇതിനൊരു പരിഹാരവുമായി ഇതാ, ഐടി@സ്കൂള്‍ മലപ്പുറം ടീം എത്തിയിരിക്കുന്നു. ഹക്കീം മാസ്റ്ററും ഹസൈനാര്‍ മങ്കടയുമാണ് പ്രശ്ന പരിഹാരമടങ്ങിയ, ഏറെ വിലപ്പെട്ട ഈ പോസ്റ്റുമായി രംഗത്തെത്തിയിരിക്കുന്നത്. മലപ്പുറം ഡി.ആര്‍.സിയില്‍ വെച്ചു നടന്ന ത്രിദിന ഐടി അധിഷ്ടിത കോര്‍ എസ്.ആര്‍.ജി വര്‍ക്ക്ഷോപ്പിനിടയില്‍ പരിചയപ്പെട്ട ഈ 'പുലി'കളില്‍ നിന്നും ഇനിയും എന്തൊക്കെ വരാനിരിക്കുന്നില്ല?വായിച്ചോളൂ...............


Read More | തുടര്‍ന്നു വായിക്കുക

വേലിയുടെ വിളവ്

>> Saturday, November 14, 2009


കഴിഞ്ഞ ദിവസത്തെ നമ്മുടെ ചോദ്യം ഓര്‍മ്മയുണ്ടല്ലോ. എ-ലിസ്റ്റ് ഡാറ്റാ അപ്​ലോഡുമായി ബന്ധപ്പെട്ട തിരക്കുകളും സംശയങ്ങളും നമ്മുടെ അധ്യാപകര്‍ക്കുണ്ടായിരുന്നതിനാലാണ് ജോണ്‍മാഷ് തയ്യാറാക്കിയ നിലവാരമുള്ള ഒരു ചോദ്യം ഇട്ട് ഉടനെ തന്നെ സര്‍​പ്രൈസ് പോസ്റ്റുകളുമായി രംഗത്തുവരേണ്ടി വന്നത്. ഈ ദിവസങ്ങളില്‍ ദിനംപ്രതി ആയിരത്തി അഞ്ഞൂറോളം സന്ദര്‍ശകരുണ്ടായിരുന്നത് ശ്രദ്ധിച്ചിരിക്കുമല്ലോ. ഏവരുടേയും സഹകരണത്തിന് നന്ദി. തുടര്‍ന്നും ഇത്തരത്തിലുള്ള പ്രതിസന്ധിഘട്ടങ്ങളില്‍ സഹായമായി ഞങ്ങളുണ്ടാകുമെന്ന് ഉറപ്പു തരുന്നു. അതുപോലെ അധ്യാപകര്‍ അറിയേണ്ട ഏതുവിവരങ്ങളും സമയോചിതമായി നിങ്ങള്‍ക്കു മുന്നിലെത്തിക്കാന്‍ ഞങ്ങള്‍ അഹോരാത്രം പ്രവര്‍ത്തിക്കുക തന്നെ ചെയ്യും. ഇനി ജോണ്‍ മാഷിന്റെ ചോദ്യത്തിലേക്ക്. ത്രികോണാകൃതിയിലുള്ള ഒരു തോട്ടത്തിന്‍റെ വശങ്ങള്‍ 30 മീറ്റര്‍, 40 മീറ്റര്‍ , 50 മീറ്റര്‍ വീതമാണ്. ഏറ്റവും വലിയ കോണ്‍ ഉള്‍ക്കൊള്ളുന്ന മൂലയില്‍ നിന്നും എതിവശത്തേക്ക് ഒരു വേലി കെട്ടിയിരിക്കുന്നു. വേലി കെട്ടിയപ്പോള്‍ തുല്യ ചുറ്റളവുള്ള രണ്ട് ഭാഗങ്ങളായി തോട്ടം വിഭജിക്കപ്പെട്ടു. ഈ വേലിക്ക് എത്ര നീളമുണ്ടെന്ന് കണക്കാക്കുക. ഈ ചോദ്യത്തിന്റെ ഉത്തരത്തിലേക്ക് നമുക്കൊന്ന് കണ്ണോടിക്കാം...

അതിന് മുന്‍പ് ഈ ചോദ്യത്തിന് വിവിധ രീതികളില്‍ ഉത്തരം കണ്ടെത്തിയ ഡെസര്‍ട്ട് ഫോക്സ് (യഥാര്‍ത്ഥ പേരറിയില്ല), തൃശൂരിലെ ഭാമ ടീച്ചര്‍, കോഴിക്കോട്ടെ വിജയന്‍ സാര്‍, കോഴിക്കോട്ടെ തോമാസ് സാര്‍ എന്നിവര്‍ക്ക് അഭിനന്ദനങ്ങള്‍ ! ! ! ! ! ! ! !

ഇത് ക്ലാസില്‍ നല്‍കുന്നതിനുള്ള വര്‍ക്ക് ഷീറ്റ് താഴെ ലിങ്കില്‍ നല്‍കിയിരിക്കുന്നു.

ഒന്‍പതാം ക്ലാസിലെ സദൃശ്യത്രികോണങ്ങളുടെ പ്രത്യേകത ഉപയോഗിച്ച് ഈ പ്രവര്‍ത്തനം പൂര്‍ത്തിയാക്കാവുന്നതാണ്. ഇത് നല്ലൊരു അസൈന്‍മെന്റായി രൂപപ്പെടുത്താം.

പഠനമേഖല
1) പൈതഗോറിയന്‍ ബന്ധം
2) ത്രികോണങ്ങളുടെ സാദൃശ്യം

ത്രികോണം ABC മട്ടത്രികോണമാണല്ലോ. Bയില്‍ നിന്നും AC യിലേക്ക് BD വരയ്ക്കാം.
AD =x ആയാല്‍ DC=50-x ആകുമല്ലോ. തന്നിരിക്കുന്ന വ്യവസ്ഥ അനുസരിച്ച്
30+x+BD=50-x+40+BD
x=30
AD=30, DC=20 ആകുമല്ലോ
BC യ്ക്ക് സമാന്തരമായി DE വരയ്ക്കുക
ത്രികോണം AED,ത്രികോണം ABC സദൃശത്രികോണങ്ങളാണ്.
AE/AB = ED/BC = AD/AC എന്ന് എഴുതാമല്ലോ

ED/BC=AD/AC
ED/40=30/50
ED=(30x40)/50=24
AE/30=30/50
AE=18
BE=30-18=12
BD= √(122+242
= 12√5
Click here to Download the Work sheet


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer