സാങ്കേതികവിദ്യയും ജ്ഞാനനിര്‍മിതിയും

>> Thursday, July 28, 2011


കോഴിക്കോട് ജില്ലാ ഐടി കോ-ഓര്‍ഡിനേറ്ററായി ഈ വര്‍ഷം സ്ഥാനമേറ്റ ബാബുസാര്‍ മികച്ച ഒരു സംഘാടകനും പ്രശസ്തനായ ഒരു എഴുത്തുകാരനുമാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പിലും മറ്റും വിദ്യാഭ്യാസത്തേയും സാങ്കേതികവിദ്യയേയും അനുവാചകര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ വിവരിക്കുന്ന ലേഖനങ്ങളിലൂടെ ഇതിനോടകം ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞിട്ടുണ്ട്. ഫേസ്ബുക്ക് ചാറ്റിങ്ങിനിടയില്‍ അതുപോലൊരു ലേഖനം ആവശ്യപ്പെട്ട് ഒരാഴ്ചക്കകം മറുപടിയെത്തി. ഇനി ലേഖനത്തിലേക്ക്. . . . .

സാങ്കേതികവിദ്യയെ കരിക്കുലം വിനിമയത്തില്‍ സര്‍ഗ്ഗാത്മകമായി ഉള്‍ച്ചേര്‍ക്കുക പൂര്‍വ്വമാതൃകകള്‍ അധികമില്ലാത്ത അതീവ ശ്രമകരമായ ഒരു ജോലിയാണ്. സാങ്കേതികവിദ്യയുടെ സാമൂഹികമൂല്യം ഇത്തരുണത്തില്‍ ചര്‍ച്ച ചെയ്യുന്നത് ഉചിതമായിരിക്കുമെന്ന് തോന്നുന്നു. സാങ്കേതികരംഗത്തെ ഏത് ഉപലബ്ധിയും അതിന്റ പിറവിയുടെ സവിശേഷമായ ഉദ്ദേശ്യം മറികടക്കുന്നത് മനുഷ്യര്‍ അതിനെ വ്യതിരിക്തമായ ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുമ്പോഴാണ്. വ്യത്യസ്തമായഒരു ഭൂമികയില്‍, മണ്ഡലത്തില്‍ അത് ഉപയോഗപ്പെടുത്താന്‍ മനുഷ്യര്‍ക്ക് കഴിയുന്നതാകട്ടെ സാങ്കേതികവിദ്യയുടെ സാമൂഹികത തിരിച്ചറിയുന്നതുകൊണ്ടാണ്. ക്ലാസ് ​മുറിക്കകത്തും പുറത്തും ജ്ഞാനനിര്‍മിതിയില്‍ സാങ്കേതികവിദ്യയെ ഒരു ഫെസിലിറ്റേറ്റര്‍ക്ക് ഫലപ്രദമായി ഉപയോഗപ്പെടുത്താനാകുന്നതും ഈ സവിശേഷതകൊണ്ടു തന്നെ.

എക്സ്-റേകണ്ടുപിടിച്ച റോണ്‍ജന്‍ വൈദ്യശാസ്ത്രശാഖയുമായി ബന്ധമുള്ള ഒരാളല്ലെന്നും വൈദ്യശാസ്ത്രസംബന്ധമായ ഒരു പരീക്ഷണത്തിനിടയിലല്ല നവീനമായ ഈ കിരണങ്ങള്‍ തിരിച്ചറിഞ്ഞതെന്നും നാം കുട്ടികളോട് പറയേണ്ടിവരുന്നത് അത് ആ മണ്ഡലത്തിലാണ് ഉപയോഗപ്പെടുത്തുന്നത് എന്നതിനാലാണ്. ശാസ്ത്രപരീക്ഷണങ്ങളുടെ ഭാഗമായി യാദൃച്ഛികമായാണ് അന്ന് ഈ അജ്ഞാതകിരണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതെന്നത് ചരിത്രം. രോഗനിര്‍ണ്ണയനത്തിന് സഹായകമായ രീതിയില്‍ ശരീരാന്തര്‍ഭാഗങ്ങളെ സൂക്ഷമായി നിരീക്ഷിക്കാന്‍ ഭിഷഗ്വരന്‍മാര്‍ ഇതുപയോഗപ്പെടുത്തുകയാണ് ഉണ്ടായത്. സാങ്കേതിക ഉപകരണങ്ങള്‍ മാത്രമല്ല, കമ്പ്യൂട്ടര്‍പ്രോഗ്രാമുകളും സോഫ്റ്റ്​വെയറുകളും പിറവിയെ അതിലംഘിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തപ്പെടുന്നത് നാം കാണുന്നു.

എക്സ്-റേകണ്ടുപിടിച്ച റോണ്‍ജന്‍ വൈദ്യശാസ്ത്രശാഖയുമായി ബന്ധമുള്ള ഒരാളല്ലെന്നും വൈദ്യശാസ്ത്രസംബന്ധമായ ഒരു പരീക്ഷണത്തിനിടയിലല്ല നവീനമായ ഈ കിരണങ്ങള്‍ തിരിച്ചറിഞ്ഞതെന്നും നാം കുട്ടികളോട് പറയേണ്ടിവരുന്നത് അത് ആ മണ്ഡലത്തിലാണ് ഉപയോഗപ്പെടുത്തുന്നത് എന്നതിനാലാണ്. ശാസ്ത്രപരീക്ഷണങ്ങളുടെ ഭാഗമായി യാദൃച്ഛികമായാണ് അന്ന് ഈ അജ്ഞാതകിരണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതെന്നത് ചരിത്രം. രോഗനിര്‍ണ്ണയനത്തിന് സഹായകമായ രീതിയില്‍ ശരീരാന്തര്‍ഭാഗങ്ങളെ സൂക്ഷമായി നിരീക്ഷിക്കാന്‍ ഭിഷഗ്വരന്‍മാര്‍ ഇതുപയോഗപ്പെടുത്തുകയാണ് ഉണ്ടായത്. സാങ്കേതിക ഉപകരണങ്ങള്‍ മാത്രമല്ല, കമ്പ്യൂട്ടര്‍പ്രോഗ്രാമുകളും സോഫ്റ്റ്​വെയറുകളും പിറവിയെ അതിലംഘിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തപ്പെടുന്നത് നാം കാണുന്നു.

ഫേസ്ബുക്കിന്റെ രചന നടത്തിയ മാര്‍ക്ക്സുക്കര്‍ബര്‍ഗും സ്ടിര്‍മോസ്കൊവിത്സും ക്രിസ് ഹ്യുസുംടിറ്റ്വറിന്റെ നിര്‍മാതാവായ ഇവാന്‍വില്യംസും ഒരിക്കലും കരുതിക്കാണില്ല, ഭാവിയില്‍ ഈജിപ്തിലും ടുണീഷ്യയിലും അറബ് രാജ്യങ്ങളിലും വീശിയടിച്ച ജനാധിപത്യപ്രക്ഷോഭങ്ങള്‍ക്ക് മുന്നോടിയായ ഓണ്‍ലൈന്‍സമ്മേളനങ്ങള്‍ക്കും ആശയവിനിമയങ്ങള്‍ക്കും തങ്ങളുടെ സൃഷ്ടികള്‍ വേദിയാകുമെന്ന്. ഒരുസമൂഹം, ഒരുജനത സാങ്കേതികവിദ്യയെ നൈസര്‍ഗികമായി ഉപയോഗപ്പെടുത്തുന്നതിന്റെ ദൃഷ്ടാന്തങ്ങളിലൊന്നായി ഇതിനെ തീര്‍ച്ചയായും കാണാവുന്നതാണ്. സോഷ്യല്‍ നെറ്റ്​വര്‍ക്കിങ് സൈറ്റുകളെ അതിന്റെ വിനിമയസാധ്യതകളെ തിരിച്ചറിഞ്ഞ് ആക്ടിവിസ്റ്റുകള്‍ സക്രിയമായി ഉപയോഗപ്പെടുത്തുകയായിരുന്നു.
ഔദ്യാഗിക വിദ്യാഭ്യാസരംഗത്ത് ഈ രീതിയിലുള്ള ഉപയോഗപ്പെടുത്തലുകള്‍ ഉപകരണങ്ങളുടെ മണ്ഡലത്തില്‍ മാത്രമായി പരിമിതപ്പെട്ടു പോകുന്നതായാണ് കണ്ടുവരുന്നത്. സാങ്കേതിക ഉപകരണങ്ങളുടെ സഹായം പുതിയ ജ്ഞാനനിര്‍മിതിയിലേക്ക് നയിക്കണമെന്നില്ല. എന്നാല്‍ സാങ്കേതികവിദ്യയുടെ ഉചിതമായ ഉപയോഗം അതിനുള്ള പരിസരം സൃഷ്ടിക്കും. പുതിയ ജഞാനോത്പാദനത്തിലേക്ക് ഇത്തരം പഠന പരിസരങ്ങളെ നയിക്കണമെങ്കില്‍ ഫെസിലിറ്റേറ്ററുടെ ഇടപെടലുകള്‍ ഉണ്ടാവണം.

സാങ്കേതികവിദ്യ ടീച്ചറെ പകരം വെക്കാനിടയാക്കും എന്ന ആശങ്കകള്‍ പങ്കുവെയ്കപ്പെടുന്ന ഒരു സാഹചര്യത്തില്‍ ഇത് ഊന്നിപ്പറയേണ്ടതുണ്ടെന്ന് തോന്നുന്നു. ഐ. ടി. അധിഷ്ഠിത പഠനത്തില്‍ ടീച്ചര്‍ നിഷ്ക്രിയമായ ഒരു ഒത്താശക്കാരനായിക്കൂടാ. ജ്ഞാനോത്പാദനത്തിലേക്ക് നയിക്കുന്ന ചിന്താപ്രക്രിയകളിലേക്ക് പഠിതാക്കളെ നയിക്കുന്ന ഫിലോസഫറാകണം. സാങ്കേതികവിദ്യ ഇത്തരം അവസ്ഥയിലേക്ക് നയിക്കാനുതകുന്നില്ലെങ്കില്‍ യാന്ത്രികമാകും. ഇത്തരം യാന്ത്രികതകളില്‍ നിന്ന് മുക്തമായ ക്ലാസുമുറികള്‍ അത്യപൂര്‍വം എന്ന് സ്വയംവിമര്‍ശനപരമായി പറയേണ്ടതുണ്ടെന്ന് തോന്നുന്നു.

സാങ്കേതികവിദ്യയെ പഠനപ്രവര്‍ത്തനങ്ങളില്‍ ഒരു ഉപകരണം എന്ന രീതിയില്‍ കൈകാര്യം ചെയ്യുന്ന സന്ദര്‍ഭത്തില്‍ ഉപകരണനിര്‍മിതി മനുഷ്യന്റെസത്വത്തെ ചരിത്രത്തില്‍ അടയാളപ്പെടുത്തുന്ന ഒന്നാണെന്ന കാര്യം മറന്നുകൂടാ. ഉപകരണം ഉണ്ടാക്കുന്ന ജീവി എന്ന മനുഷ്യന്റെ പദവിയെ/സവിശേഷതയെ മാര്‍ക്സ് അതീവപ്രാധാന്യത്തോടെ പരിഗണിച്ചിരുന്നു. ഉപകരണം/സാങ്കേതികവിദ്യ തീര്‍ച്ചയായും സാമൂഹികനിര്‍മിതി (Social Construct) ആണ്. ഒരു സാങ്കേതിക ഉപകരണത്തിന്റെ പ്രയോഗം നവീനമായ കണ്ടെത്തലിലേക്ക് നയിക്കുന്നതിന്റേയും അതുവഴി നിലവിലുള്ള പ്രപഞ്ചബോധത്തെ വികസിതമാക്കുന്നതിന്റെയും ചരിത്രം കൂടിയാണ് ശാസ്ത്രത്തിന്റേത്. ഇന്‍ഡക്ഷന്‍കോയിലിന്റെ കണ്ടുപിടിത്തവും പ്രയോഗവും ആറ്റത്തിന്റെ അവിഭാജ്യത എന്ന ധാരണയെ ചരിത്രത്തിന്റെ ഭാഗമാക്കിയത് ദൃഷ്ടാന്തം. വിവരവിനിമയസാങ്കതികവിദ്യയുടെ ഉപയോഗം പുതിയ ജ്ഞാനനിര്‍മിതിയെ ലക്ഷ്യം വെക്കുന്ന ഇടപെടലുകള്‍ ആയിത്തിരുമെന്ന് പ്രത്യാശിക്കാം.


Read More | തുടര്‍ന്നു വായിക്കുക

ആനിമേഷന്‍ പഠനം - അധ്യായം 2

>> Monday, July 25, 2011

അനിമേഷനുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ആമയും മുയലും എന്ന പോസ്റ്റ് ഏറെ പേര്‍ക്ക് ഇഷ്ടമായെന്ന് അറിയിക്കുകയുണ്ടായി. അനിമേഷന്‍ പഠനത്തിന്റെ തുടര്‍ച്ച വേണം എന്നാവശ്യപ്പെട്ടവര്‍ക്കായി രണ്ടാം പാഠം സുരേഷ് ബാബു സാര്‍ തയ്യാറാക്കി അയച്ചു തന്നിട്ടുണ്ട്. പാഠത്തില്‍ വിശദീകരിച്ചിരിക്കുന്ന വസ്തുതകള്‍ ചെയ്തു നോക്കി സംശയങ്ങള്‍ പങ്കുവെക്കുമല്ലോ. അഭയ് കൃഷ്ണ തയ്യാറാക്കിയ അനിമേഷന്‍ ചിത്രത്തിന്റെ ഒന്നാം ഭാഗം നമുക്ക് തയ്യാറാക്കിനോക്കാം. അനിമേഷന്‍ ചിത്രം തയ്യാറാക്കുന്നതിനുമുമ്പ് സ്റ്റോറി ബോര്‍ഡ് തയ്യാറാക്കാന്‍ മറക്കരുത്. ഒന്നാമത്തെ അധ്യായത്തില്‍ വളരെ ലളിതമായ ഒരു ചിത്രം നാം വരച്ചത് Ktoon സോഫ്റ്റ് വെയറിലെ ഫ്രയിമില്‍ത്തന്നെയായിരുന്നു. ഇനി നാം തയ്യാറാക്കുന്ന അനിമേഷനുവേണ്ട ചിത്രങ്ങളെല്ലാം Ktoon ല്‍ വരയ്ക്കുന്നതിനു പകരം GIMP ലാണ് വരയ്ക്കുന്നത്. ആമയുടേയും മയലിന്റേയും തലകള്‍, കാലുകള്‍, ഉടല്‍, വാല്‍ തുടങ്ങിയവയെല്ലാം പ്രത്യേകം വരയ്ക്കണം.

Applications → Graphics → GIMP Image Editorഎന്ന രീതീയില്‍ ജിമ്പ് തുറക്കാം.
File →New → Create a new എന്ന പേരോടുകൂടി വരുന്ന ഡയലോഗ് ബോക്സില്‍ Image Size എന്നതില്‍ Width, Height (520 ലും 380ലും വളരെ കുറവ് മതി) എന്നിവ ആവശ്യാനുസരണം മാറ്റിയതിനുശേഷം Advanced Options എന്നതില്‍ ക്ലിക്ക് ചെയ്ത് Fill with എന്നതില്‍ Transparency സെലക്ട് ചെയ്ത് O K ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
തുടര്‍ന്ന് മുയലിന്റെ തലഭാഗം മാത്രം വരയ്ക്കുക. ഇതിനെ png ഫോര്‍മാറ്റില്‍ സേവ് ചെയ്യുക. ഇങ്ങനെ കഥാപാത്രങ്ങളുടെ വ്യത്യസ്ത ഭാഗങ്ങള്‍ ഓരോന്നും വരച്ച് png ഫോര്‍മാറ്റില്‍ ഒരു ഫോള്‍ഡറില്‍ സേവ് ചെയ്തു വയ്ക്കുക. (Desktop ല്‍ Images എന്ന ഫോള്‍ഡറിലാണ് ഞാന്‍ ചിത്രങ്ങള്‍ സേവ് ചെയ്തുവച്ചിരിക്കുന്നത്. ) ധാരാളം സമയമെടുത്ത് വളരെ മനോഹരമായി ആമയുടേയും മുയലിന്റേയും ശരീര ഭാഗങ്ങള്‍ വരയ്ക്കാന്‍ സാധാക്കും. അനിമേഷന്‍ നിര്‍മ്മാണത്തിന്റെ വളരെ പ്രധാനപ്പെട്ട ജോലിയാണ് ജിമ്പിലൂടെ നാം ചെയ്യുന്നത്.

ജിമ്പില്‍ മനോഹരമായ ഒരു background (സ്റ്റോറി ബോര്‍ഡിന് യോജിച്ച) വരയ്ക്കുക. Ktoon ലെ ഫ്രയിമിന്റെ അതെ അളവു തന്നെയായിരിക്കണം (Dimension X :520 Y : 380 ) ജിമ്പിലും എടുക്കേണ്ടത്.
ഇനി നമുക്ക് KToon ജാലകം തുറക്കാം. മെനുബാറിലെ Insert → Bitmap എന്ന ക്രമത്തില്‍ ക്ലിക്ക് ചെയ്ക. അപ്പോള്‍ ലഭിക്കുന്ന Import an image എന്ന പേരോടുകൂടി വരുന്ന ഡയലോഗ് ബോക്സില്‍ നിന്നും നമ്മള്‍ ജിമ്പില്‍ തയ്യാറാക്കിവച്ചിരിക്കുന്ന ചിത്രം (background image) സെലക്ട് ചെയ്ത് open ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ KToon ജാലകത്തിലെ ഒന്നാമത്തെ ഫ്രയിമില്‍ background ചിത്രം വരും. (നമ്മള്‍ ജിമ്പില്‍ തയ്യാറാക്കിയ ചിത്രത്തിന്റെ size,

KToon ലെ വര്‍ക്ക് സ്പേസിനേക്കാള്‍ കൂടുതലാണെങ്കില്‍ Image is bigger than workspace. Do you want to resize it ? എന്ന Information വരും. അപ്പോള്‍ Yes ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ മതി. ) ഇടതു വശത്തുനിന്നും Object Selection
ടൂളെടുത്ത് വര്‍ക്ക് സ്പേസിലുള്ള background image ല്‍ ക്ലിക്ക് ചെയ്താല്‍ അത് സെല്ക്ടാവുയും ഏതെങ്കിലും ഒരു മൂലയില്‍ ക്ലിക്ക് ചെയ്ത് ഡ്രാഗ്ഗ് ചെയ്താല്‍ background image ന്റെ size മാറുകയും ചെയ്യും.

മുയലിന്റെ തല, ചെവി, വാല്‍, മുന്‍പിലെ രണ്ട് കാലുകള്‍, പുറകിലെ ഒരു കാല്‍ ഇവയെല്ലാം പ്രത്യകം വരച്ചിട്ടുണ്ടാകും. മുന്‍പ് പറഞ്ഞരീതിയില്‍ ( Insert → Bitmap) എല്ലാ ചിത്രങ്ങളേയും കൊണ്ടുവന്ന് ശ്രദ്ധാപൂര്‍വ്വം ക്രമീകരിക്കുക. ഇതുപോലെ ആമയുടെ ശരീരഭാഗങ്ങളും ക്രമീകരിക്കുക.

എത്ര സെക്കന്റ് കൊണ്ടാണോ ഒന്നാമത്തെ സീന്‍ പൂര്‍ത്തീകരിക്കേണ്ടത് അതിനനുസരിച്ച് ( 5 Sec = 5 x 12 =60 frames), അത്രയും ഫ്രെയിമുകളിലേക്ക് ഒന്നാമത്തെ ഫ്രെയിമിലുള്ളതിനെ കൊണ്ടുവരണം. (Right click on the 1st Frame → Copy frame → Select 2nd Frame → Right click → Paste in frame
Select 3rd Frame → Right click → Paste in frame
Select 4th Frame → Right click → Paste in frame
…...................
…...................

ഇപ്പോള്‍ എല്ലാ ഫ്രെയിമുകളിലും ഒന്നാമത്തെ ഫ്രെയിമിലുള്ള ചിത്രങ്ങള്‍ വന്നിട്ടുണ്ടാകും.ഇനി നാം ചെയ്യേണ്ടത് രണ്ടാമത്തെ ഫ്രെയിം മുതല്‍ അവസാനത്തെ ഫ്രെയിമില്‍ വരെയുള്ള ചിത്രങ്ങളെ അല്പാല്പം മുമ്പോട്ട് നീക്കി വെയ്ക്കണം. Object Selection ടൂളില്‍ ക്ലിക്ക് ചെയ്തതിനു ശേഷം ഏതെങ്കിലും വര്‍ക്ക്സ്പസിലുള്ള ഒരു object ല്‍ ക്ലിക്ക് ചയ്താല്‍ ആ object സെലക്ടാകും.ഈ അവസ്ഥയില്‍ (Click and drag)അതിന്റെ സ്ഥാനവും വലിപ്പവും മാറ്റാന്‍ സാധിക്കും. വൂണ്ടും ഒന്നുകൂടെ ക്ലിക്ക് ചെയ്ത് ഏതെങ്കിലും ഒരു മൂലയില്‍ ക്ലിക്ക് ചെയ്ത് ഡ്രാഗ് ചെയ്താല്‍ ആ object ന്റെ ദിശ മാറ്റാന്‍ സാധിക്കും. ഈ രിതി അവലംബിച്ചുകൊണ്ട് കഥാപാത്രങ്ങള്‍ക്ക് വ്യക്തമായ ചലനം നല്കാന്‍ സാധിക്കും. ഇങ്ങനെ എല്ലാ ഫ്രെയിമുകളിലേയും ചിത്രങ്ങളെ ആവശ്യമായ സ്ഥാനങ്ങളില്‍ ക്രമീകരിക്കുക. കൂടുതല്‍ സമയം ചെലവഴിച്ചുകൊണ്ട് ശ്രദ്ധാപൂര്‍വ്വം ക്രമീകരിക്കുകയാണെങ്കില്‍ മനോഹരമായ അനിമേഷന്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ സാധിക്കും.
നമ്മുടെ അഭയ് കൃഷ്ണ പുതുതായുണ്ടാക്കിയ ഒരു അനിമേഷന്‍ ചിത്രം കൂടി താഴേ കണ്ടോളൂ....



Read More | തുടര്‍ന്നു വായിക്കുക

രണ്ടാം കൃതി സമവാക്യങ്ങള്‍

>> Friday, July 22, 2011



തുടര്‍മൂല്യനിര്‍ണ്ണയത്തിന്റെ ഭാഗമായി പൂര്‍ത്തിയാക്കുന്ന ഒരു പ്രവര്‍ത്തനമാണ് പ്രാക്ടിക്കല്‍. രണ്ടാം ക്യതി സമവാക്യത്തിന്റെ പരിഹാരം കണ്ടെത്തുന്നതിനുള്ള ഒരു പ്രാക്ടിക്കലാണ് ഇന്നത്തെ പോസ്റ്റ് . $x^2-8x-20=0$എന്ന രണ്ടാംകൃതി സമവാക്യത്തിന്റെ പരിഹാരം കണ്ടെത്തുന്നത് ഇവിടെ വിവരിക്കുന്നു. ഒരു പ്രാക്ടിക്കല്‍ ചെയ്യുമ്പോള്‍ അതിനായി ഉപയോഗിക്കുന്ന സാമഗ്രികളെക്കുറിച്ച് സൂചിപ്പിക്കണം . ഇന്‍സ്റ്റുമെന്റ് ബോക്സ് , ചരടുകള്‍ , പിന്നുകള്‍ ,ഡ്രോയിങ്ങ് ഷീറ്റുകള്‍ ഗ്രാഫ് ഷീറ്റ് ,പശ മുതലായവ ഇതിനവശ്യമാണ്.

രണ്ടാംകൃതി സമവാക്യങ്ങളില്‍ നിന്നും തയ്യാറാക്കിയിട്ടുള്ള ചോദ്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട് .നമ്മുടെ ബ്ലോഗില്‍ തന്നെ പലപ്പോഴും കൊടുത്തിട്ടുള്ളവയാണ് ചോദ്യങ്ങളില്‍ പലതും . പുതിയ പാഠപുസ്തകത്തിന്റെ ഭാഷയിലാക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട് . latex ല്‍ ചെയ്തിരിക്കുന്നതിനാല്‍ ഗണിതസംജ്ജകള്‍ കറച്ചുകൂടി വ്യക്തമായിട്ടുണ്ടാകും ഇത് ടെക്ക് പഠനത്തിന്റെ ഭാഗം കൂടിയാണ് .

വലിയ ഗ്രാഫ് ഷീറ്റില്‍ സാമാന്യം വലുപ്പമുള്ള ഒരു സമചതുരം വരക്കുക,അതിന്റെ വശം x ആയി കണക്കാക്കുക. അതിന്റെ രണ്ട് സമീപവശങ്ങള്‍ ചേര്‍ത്ത് മറ്റൊരു സമചതുരം പൂര്‍ത്തിയാക്കുക.അതിന്റെ വശം x-4 ആയിരിക്കണം. അപ്പോള്‍ ഒരു ചോദ്യം ഉയരും . എവിടെ നിന്നാണ് ഈ x-4 വന്നതെന്ന്. $x^2-8x-20 = 0$ എന്നതിനെ $ (x-4)^2 = 36$എന്ന് എഴുതാം?
ആദ്യസമചതുരത്തിനുള്ളില്‍ വരച്ച $(x - 4)^2 $ പരപ്പളവുള്ള സമചതുരത്തിന്റെ രണ്ടു വശങ്ങള്‍ നീട്ടി ആദ്യ സമചതുരത്തിന്റെ മറ്റുരണ്ടു വശങ്ങളെ തൊട്ടാല്‍ ആദ്യ ചതുരം നാലായി ഭാഗിക്കപ്പെടും. അതിനുള്ളില്‍ അവയുടെ പരപ്പളവ് എഴുതാമല്ലോ. ജിയോജിബ്രയില്‍ വരച്ച ചിത്രം കാണുക.

ഇനി ചെയ്യേണ്ടത് മറ്റൊരു രസകരമായ കാര്യമാണ്. മുകളില്‍ കാണുന്ന ചിത്രത്തില്‍ $(x-4)^2 $ പരപ്പളവുള്ള ഒരു സമചതുരമുണ്ടല്ലോ? ഇതിന്റെ യഥാര്‍ഥ പരപ്പ് 36 ആണല്ലോ(വര്‍ഗ്ഗത്തികവ് നോക്കുക) മറ്റൊരു ചെറിയ സമചതുരമുണ്ടല്ലോ
ചിത്രത്തില്‍ . അതിന്റെ പരപ്പ് 16 ആണല്ലോ?ഇനി അതുരണ്ടും മാത്രം വരക്കാം . എന്നിട്ട് അതിന്റെ വശങ്ങള്‍ നീട്ടി മറ്റു രണ്ടു സമചതുരങ്ങള്‍ പൂര്‍ത്തിയാക്കാം

രണ്ടു ചിത്രങ്ങളിലും കാണുന്ന ചതുരങ്ങളും സമചതുരങ്ങളും സര്‍വ്വസമങ്ങളാണ് . ഒരേ പരപ്പളവാണ്. അതിനാല്‍ $4x-16=24$എന്ന് എഴുതുന്നതില്‍ യുക്തിഭംഗമില്ല. ഇതില്‍ നിന്നും x = 10 എന്നെഴുതാം .പിന്നെ ഒരു കാര്യം . നെഗറ്റീവ് സംഖ്യകളായ പരിഹാരം ഇവിടെ പ്രായോഗികമാകില്ലെന്നു തോന്നുന്നു.
രണ്ടാംകൃതി സമവാക്യങ്ങളിലെ ചില ചോദ്യങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
കൃഷ്ണന്‍ സാര്‍ തയ്യാറാക്കിയ പുതിയ ചോദ്യങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക


Read More | തുടര്‍ന്നു വായിക്കുക

ഒരു OS ല്‍ മറ്റൊരു OS ഇന്‍സ്റ്റാള്‍ ചെയ്യാമെന്നോ?

>> Wednesday, July 20, 2011


ഒരു കമ്പ്യൂട്ടറില്‍ത്തന്നെ രണ്ട് ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധാരണഗതിയില്‍ മിക്കവര്‍ക്കും ഭയമാണ്. പാര്‍ട്ടീഷന്‍ ചെയ്യലും ഇന്‍സ്റ്റലേഷനുമെല്ലാം പരിചയമില്ലാത്തവരെ സംബന്ധിച്ചിടത്തോളം തലവേദന തന്നെയാണ്. എന്നാല്‍ ഇത്തരം പ്രശ്നങ്ങളൊന്നുമില്ലാതെ ഒരു സോഫ്റ്റ്​വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന ലാഘവത്തോടെ നമുക്ക് അടുത്ത ഓപ്പറേറ്റിങ് സിസ്റ്റത്തെ ഇന്‍സ്റ്റാള്‍ ചെയ്താലോ? അതായത് ലിനക്സ് ഉപയോഗിക്കുന്ന സിസ്റ്റത്തില്‍ നമുക്ക് വിന്‍ഡോസ് ഇന്‍സ്റ്റാള്‍ ചെയ്യാനും വിന്‍ഡോസ് ഉപയോഗിക്കുന്ന സിസ്റ്റത്തില്‍ ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്യാനുമൊക്കെ സാധിക്കും. ഇതിനു സഹായിക്കുന്ന സോഫ്റ്റ്​വെയറാണ് വിര്‍ച്വല്‍ ബോക്സ്. സ്ക്രീന്‍ഷോട്ടുകള്‍ സഹിതം ഈ അറിവ് നമുക്ക് പങ്കുവെക്കുന്നത് പാലക്കാട് വാരോട് KPSMM VHSS ലെ പ്ലസ് ടു കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ മുഹമ്മദ് അഫ്സലാണ്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് അഫ്സല്‍ ഇതേക്കുറിച്ചുള്ള ലേഖനം മാത്​സ് ബ്ലോഗിലേക്ക് അയച്ചു തന്നത്. എന്നാല്‍ പരീക്ഷ കഴിയട്ടെയെന്ന ഒരു തീരുമാനം ബ്ലോഗ് ടീം എടുത്തതു കൊണ്ടാണ് ഏറെ ഉപകാരപ്രദമായ ലേഖനമായിട്ടു കൂടി മാത്​സ് ബ്ലോഗ് ഈ ലേഖനം പ്രസിദ്ധീകരിക്കുന്നതിന് നീട്ടി വെച്ചത്. താഴെ ലേഖനത്തോടൊപ്പം വിര്‍ച്വല്‍ ബോക്സ് ഉപയോഗിക്കുന്നതിന്റെ ചിത്രങ്ങളും നല്‍കിയിരിക്കുന്നു. നിങ്ങളുടെ സംശയങ്ങളും അഭിപ്രായങ്ങളും പങ്കുവെക്കുമല്ലോ.

Ubuntu Software Center ല്‍ നിന്നോ www.virtualbox.org നിന്നോ Virtual Box Download ചെയ്യാവുന്നതാണ്. ഇത് ഒരു OS നുള്ളില്‍ മറ്റൊരു OS ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോഗിക്കാന്‍ നമ്മെ സഹായിക്കുന്നു.

ചിത്രത്തില്‍ കാണിച്ചിരിക്കുന്നത് പോലെ Ubuntu വിനകത്ത് Windows ഇന്‍സ്റ്റാള്‍ ചെയ്യാം. അതിനായി ആദ്യം Virtual Box ഇന്‍സ്റ്റാള്‍ ചെയ്യണം. Ubuntu Software Center ല്‍ നിന്നോ http://www.virtualbox.org നിന്നോ Virtual Box Download ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്.

ഇനി ഇതില്‍ Windows ഇന്‍സ്റ്റാള്‍ ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം.
1. ആദ്യം Virtual Box ഓപ്പണ്‍ ചെയ്യുക.

2. മെയിന്‍ വിന്‍ഡോയില്‍ കാണുന്ന “New” എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
3. തുടര്‍ന്ന് വരുന്ന വിന്‍ഡോയില്‍ "Next” ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

4. അടുത്ത വിന്‍ഡോയില്‍
Name : Windows XP
Operating System : Microsoft Windows
Version : Windows XP
എന്ന് നല്‍കുക."Next” ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
5. Base Memory Size : 192 നല്‍കാം. "Next” ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
6. “Create new hard disk” എന്ന ഓപ്ഷന്‍ ബട്ടണ്‍ സെലക്ട് ചെയ്മ് "Next” ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
7. അടുത്ത വിന്‍ഡോയിലും "Next” ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
8. അടുത്ത വിന്‍ഡോയില്‍ "Dynamically Expanding Storage” എന്ന ഓപ്ഷന്‍ ബട്ടണ്‍ സെലക്ട് ചെയ്മ് "Next” ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
9. അടുത്ത വിന്‍ഡോയില്‍ “Location” , “Size” ഉം നല്‍കുക."Next” ബട്ടണ്‍ ക്ലിക്ക് ചെയ്യുക
10.അടുത്ത വിന്‍ഡോയില്‍ "Finish” ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
11. മെയിന്‍ വിന്‍ഡോയില്‍ നിന്ന് Windows XP സെലക്ട് ചെയ്യുക.
12. CD Drive ല്‍ Windows XP യുടെ CD ഇടുക. “Start” ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
13. ഇതിനകത്ത് Windows XP ഇന്‍സ്റ്റാള്‍ ചെയ്യുക.
14. ഇന്‍സ്റ്റാള്‍ ചെയ്തതിനു ശേഷം Windows XP ഉപയോഗിച്ച് തുടങ്ങാം. വിര്‍ച്വല്‍ ബോക്സ് വഴി വിന്‍ഡോസ് ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോഗിക്കുമ്പോഴുള്ള ചിത്രങ്ങള്‍.



നിങ്ങളുടെ സംശയങ്ങളും അഭിപ്രായങ്ങളും കമന്റായി താഴെ രേഖപ്പെടുത്തുമല്ലോ.


Read More | തുടര്‍ന്നു വായിക്കുക

പ്രവേശനോത്സവം (കവിത)

>> Sunday, July 17, 2011

വേനലവധി കഴിഞ്ഞ് വിദ്യാലയങ്ങളിലേക്ക് കുട്ടികള്‍ തിരിച്ചെത്തുന്ന ദിനമാണ് ജൂണ്‍ ഒന്ന്. രണ്ടു മാസം നിശബ്ദരായിരുന്ന മതിലുകള്‍ക്കു വരെ സന്തോഷമാണ് ഈ കുരുന്നുകളെ വീണ്ടും കാണുന്നത്. യഥാര്‍ത്ഥത്തില്‍ ഉത്സവമാണന്ന്. വിദ്യാഭ്യാസവകുപ്പ് അതിനെ പ്രവേശനോത്സവമായിത്തന്നെ കൊണ്ടാടണമെന്നാണ് സ്ക്കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സ്ക്കൂളും പരിസരവും അലങ്കരിക്കണമെന്നും ഉത്സവപ്രതീതി എങ്ങും അലയടിക്കണമെന്നുമാണ് നിര്‍ദ്ദേശം. ഗതകാലസ്മരണകളെ അനുസ്മരിപ്പിച്ചു കൊണ്ട് ഈ വര്‍ഷത്തെ പ്രവേശനോത്സവം മഴയുടെ അകമ്പടിയോടെയാണ് കടന്നു വന്നത്. പ്രവേശനോത്സവത്തില്‍ പങ്കെടുക്കുവാന്‍ മകളുടെ കൂടെ പോയപ്പോള്‍ വീണു കിട്ടിയ ഒരു കവിത ബൂലോക കവിതാലോകത്തിലൂടെ പ്രസിദ്ധനായ ഷാജി നായരമ്പലം മാത്‍സ് ബ്ലോഗിന് അയച്ചു തന്നിരിക്കുകയാണ്. റവന്യൂ ഡിപ്പാര്‍ട്ട്മെന്റിലെ ഉന്നത ഉദ്യോഗസ്ഥനായ അദ്ദേഹത്തിന്റെ ബ്ലോഗ് രചനകള്‍ പുസ്തക രൂപേണ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. വൃത്തനിബദ്ധമായ 35 കവിതകള്‍ അടങ്ങുന്ന വൈജയന്തിയാണ് ഷാജി നായരമ്പലത്തിന്റെ പ്രഥമകവിതാ സമാഹാരം. എന്‍‍. കെ ദേശമാണ് പുസ്തകത്തിന്റെ ആമുഖമെഴുതിയിരിക്കുന്നത്. അദ്ദേഹമെഴുതിയ ഈ കവിത വായിച്ച ശേഷം അഭിപ്രായങ്ങളെഴുതുമല്ലോ.


തുള്ളിക്കൊരുകുടമായി വരുന്നൂ
വെള്ളിടിവെട്ടി വിരുന്നുമഴ!
ഉള്ളില്‍പ്പലപല കുതുകം പേറി-
പ്പിള്ളേര്‍ കലപില കൂട്ടിടവേ
പള്ളിക്കൂടമുണര്‍ന്നൂ, പുലരൊളി
മങ്ങിയിരുണ്ടുവരുന്നു മഴ!

കൊമ്പുകള്‍ കുഴല്‍ വിളി കേള്‍ക്കുന്നോ,
തുടി,തമ്പോറുകള്‍, തുകില്‍ കൊട്ടുന്നോ,
വന്‍പെഴുമാഴികള്‍ തീര്‍ക്കുന്നോ
മഴ തുമ്പികണക്കു തിമിര്‍ക്കുന്നോ?

ഇന്നലെവരെ മൈതാനമുറങ്ങി,യ-
മര്‍ന്നു കിടന്ന കിനാവുകളില്‍
മന്നിനെ മധുരപ്പൊന്നമൃതൂട്ടും
കുഞ്ഞിക്കാലടി പദ പതനം,
കിന്നാരങ്ങള്‍ക്കിടയില്‍ച്ചിതറിയ
തമ്മിലടി,പ്പല സുല്ലിടലും,
കേട്ടുകിടന്നു രസി,ച്ചവര്‍ വീണ്ടും
കെട്ടിയൊരുങ്ങി വരും വരവില്‍
ഞെട്ടിയുണര്‍ന്നു; തിമിര്‍ക്കും പെരുമഴ
തട്ടിയുണര്‍ത്തി വരുന്നു മഴ!

സങ്കടമമ്മ മറയ്ക്കുന്നൂ,
നറു നൊമ്പരമോടെ ചിരിക്കുന്നു
കുഞ്ഞിനു ചുംബനമേകുന്നൂ
വിടചൊല്ലി മറഞ്ഞവള്‍ നില്‍ക്കുന്നു!
ഗദ്ഗദമുള്ളിലടങ്ങാതാ-
കു,ഞ്ഞമ്മയെ നോക്കിപ്പായുന്നൂ
പിമ്പേ പിഞ്ചുമുഖം തടവു,-
ന്നൊരു പുഞ്ചിരി സാന്ത്വനമാവുന്നു.


നിര്‍മ്മല ഭാവന മൊട്ടിടുവാ,നതി-
വര്‍ണ മനോഹര പൂവിടരാന്‍
ഉത്സവ മേളമൊരുക്കുന്നൂ, മഴ-
യല്‍ഭുത,മായറിവായി മഴ!

-ഷാജി നായരമ്പലം
അദ്ദേഹത്തിന്റെ ബ്ലോഗിലേക്കുള്ള ലിങ്ക്


Read More | തുടര്‍ന്നു വായിക്കുക

സ്ക്കൂളുകളില്‍ നിന്ന് കലാ-കായിക-ക്രാഫ്റ്റ് പഠനം അന്യമാകുന്നുവോ?

>> Thursday, July 14, 2011


വിഷയഭേദമന്യേ അധ്യാപകരെയെല്ലാം ബാധിക്കുന്ന ഒന്നാണ് സ്ക്കൂള്‍ ടൈംടേബിള്‍. ശാസ്ത്ര-സാമൂഹ്യ-ഭാഷാ വിഷയങ്ങള്‍ക്കൊപ്പം ടൈംടേബിളില്‍ ആര്‍ട്ടിനും വര്‍ക്ക് എക്സ്പീരിയന്‍സിനും ഫിസിക്കല്‍ എഡ്യൂക്കേഷനുമെല്ലാം പിരീഡ് നല്‍കിയിട്ടുണ്ട്. പക്ഷെ മിക്കവാറും സ്ക്കൂളുകളിലും ഇതൊന്നും കൈകാര്യം ചെയ്യാനുള്ള സ്പെഷലിസ്റ്റ് ടീച്ചര്‍മാരില്ല. പണ്ട് കെ.ഇ.ആറില്‍ പറയുന്ന പ്രകാരത്തിലുള്ള കുട്ടികളുടെ എണ്ണം ഇപ്പോള്‍ എല്ലാ സ്ക്കൂളുകളിലും ഉണ്ടാവണമെന്നില്ല. അതു കൊണ്ടുതന്നെ സ്ക്കൂളുകളില്‍ നിന്നും ആര്‍ട്ട് , ക്രാഫ്റ്റ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ പോസ്റ്റുകള്‍ നഷ്ടമായി. പക്ഷെ, ഒന്നു ചോദിക്കട്ടേ, പൊതുവിദ്യാഭ്യാസമേഖലയിലെ കുട്ടികള്‍ക്ക് ആര്‍ട്ടും ക്രാഫ്റ്റും പഠിക്കേണ്ടേ? സാധാരണക്കാരന്റെ മക്കള്‍ക്കും കായിക പഠനം വേണ്ടേ? ഒരു വ്യക്തിയുടെ കഴിവുകളും മികവുകളും രൂപപ്പെടേണ്ട ഘട്ടം സ്ക്കൂള്‍ വിദ്യാഭ്യാസകാലമാണ്. സാമ്പത്തിക സ്ഥിതിയുള്ളവന്‍ സ്വന്തം നിലയ്ക്ക് കഴിവും മികവുമൊന്നും നോക്കാതെ തന്റെ കുട്ടിയെ ആര്‍ട്ട്-ക്രാഫ്റ്റ്-കായിക വിദ്യാഭ്യാസത്തിനയക്കും. നമ്മുടെ വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികളുടെ ജന്മസിദ്ധമായ പല വാസനകളും പരിപോഷിപ്പിക്കപ്പെടാതെ മുളയടഞ്ഞു പോവുകയാണ്. പിന്നിട്ട കേരളവിദ്യാഭ്യാസ ചരിത്രത്തില്‍ എന്തായിരുന്നു പാഠ്യേതരവിഷയങ്ങള്‍ കൈകാര്യം ചെയ്യപ്പെട്ടത്? നമുക്ക് നോക്കാം.

ഒരമ്പത്-അറുപത് വര്‍ഷം മുന്‍പുവരെ കലാപഠനം വിദ്യാഭ്യാസത്തിന്റെ മുഖ്യഘടകമായിരുന്നു. ഇന്ത്യയില്‍ പൊതുവെ എല്ലായിടത്തും ഇതുതന്നെയായിരുന്നു അവസ്ഥ. എല്ലാ കലകളുടേയും കാര്യത്തില്‍ ഇതു നമുക്ക് മനസ്സിലാക്കം. കഥക്, ഭരതനാട്യം തുടങ്ങിയ നൃത്തരൂപങ്ങള്‍, കഥകളി തുടങ്ങിയ കലാരൂപങ്ങള്‍, സംഗീതം, വാദ്യം, ചിത്രം തുടങ്ങിയവ, അയ്യപ്പന്‍പാട്ട്, പുള്ളുവന്‍പാട്ട് തുടങ്ങിയവ…എല്ലാം തന്നെ വിദ്യാഭ്യാസത്തിലെ പ്രഥമവിഷയമായി പരിഗണിക്കപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ നാമിന്നറിയുന്ന പ്രസിദ്ധകലാകാരന്മാരെല്ലാം (ഏതു രംഗത്തേയും) ഈ പഠനവഴികളിലൂടെ കടന്നുപോന്നവരാണ്. അതില്‍ പൂര്‍ണ്ണതനേടാന്‍ ജീവിതം മുഴുവന്‍ പ്രയോജനപ്പെടുത്തിയവരാണ്. അനേകം തലമുറകള്‍ (ഇന്നും) ഈ കലാകാരന്മാരുടെ സര്‍ഗ്ഗത്മകത ആസ്വദിച്ചുകൊണ്ടിരിക്കയാണ്. ഇതൊക്കെയും നമ്മുടെ സാംസ്കാരികസമ്പത്തായി നാം അഭിമാനം കൊള്ളുകയാണ്.

കാലപ്രവാഹത്തില്‍ സ്വാഭാവികമായും, അതിനേക്കാളധികം കൃത്രിമമായും നമ്മുടെ ജീവിതസങ്കല്‍‌പ്പങ്ങളിലെ മുന്‍‌ഗണനകള്‍ മാറ്റിമറിക്കപ്പെടുകയും പുതിയ മൂല്യങ്ങള്‍ പ്രതിഷ്ടിക്കപ്പെടുകയും ചെയ്തു. സമര്‍പ്പിതകലാകാരനോ, ശാസ്ത്രജ്ഞ്നോ, എഴുത്തുകാരനോ ആവുന്നതിനേക്കാള്‍ ജനപ്രിയത കുറേകൂടി എളുപ്പത്തില്‍ ധനസമ്പാദനം ചെയ്യാന്‍ കഴിയുന്ന ഇടങ്ങളിലേക്ക് മുന്‍‌ഗണനകള്‍ പുതുക്കപ്പെട്ടു. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച സാമൂഹ്യവും സാംസ്കാരികവും ചരിത്രപരവുമായ ഘടകങ്ങളുടെ വിശകലനങ്ങള്‍ പ്രധാനമാണെന്നും സമ്മതിക്കേണ്ടതുണ്ട്.

മാറിമറിഞ്ഞ മുന്‍‌ഗണനകള്‍ ഏറ്റവും പരിക്കേല്‍‌പ്പിച്ചത്, സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ ഏറ്റവും അധികം പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന പൊതുവിദ്യാഭ്യാസരംഗത്തെയാണെന്ന് നമുക്ക് കാണാം. അതില്‍ത്തന്നെ ഏറ്റവും പരിക്കേറ്റത് കലാവിദ്യാഭ്യാസത്തിനും. പൊതുവിദ്യാഭ്യാസം എക്കാലത്തും ഊന്നല്‍ കൊടുത്തത് ഗണിതമടക്കമുള്ള ശാസ്ത്ര വിഷയങ്ങള്‍ക്കും ചരിത്രം ഭാഷ എന്നിവക്കുമായി. ഇതു ബ്രിട്ടീഷുകാരന്റെ കൊളോണിയല്‍ സംബ്രദായത്തിന്റെ പരിണതിയാണെന്ന് പൊതുവേ പറയാറുണ്ടെങ്കിലും സ്വാതന്ത്ര്യാനന്തരഭാരതത്തിന്ന് ക്രിയാത്മകമായ മാറ്റങ്ങള്‍ വരുത്താന്‍ കഴിയുമായിരുന്നു. ഓരോകാലത്തുമുണ്ടായ വിദ്യാഭ്യാസ കമ്മീഷനുകളൊക്കെ ഇതിലെ അശാസ്ത്രീയതകള്‍ ചൂണ്ടിക്കാണിച്ചുവെങ്കിലും അതൊന്നും തുടര്‍ന്ന് ക്രിയാത്മകമായ മാറ്റങ്ങള്‍ക്ക് കാരണമായില്ല. അതുകൊണ്ടുതന്നെ നമ്മുടെ പൊതുവിദ്യാഭ്യാസ സംവിധാനത്തില്‍ ക്രമേണയായി കലാപഠനം (ഒപ്പം ആരോഗ്യ – കായിക പഠനവും, പ്രവൃത്തി പരിചയവും ) അവഗണിക്കപ്പെട്ടുകൊണ്ടേയിരുന്നു.

1960കളില്‍ നമ്മുടെ സ്കൂളുകളില്‍ ചിത്രകലാധ്യാപകന്‍, തുന്നല്‍ ടീച്ചര്‍, നെയ്ത്ത്മാഷ് തുടങ്ങി പ്രവൃത്തിപരിചയാധ്യാപകര്‍ (ക്രാഫ്ട്മാഷ്), സംഗീതാധ്യാപകന്‍, (ഒന്നോ രണ്ടോ സ്കൂളുകളില്‍ മാത്രം കഥകളി, വാദ്യം, ചുട്ടി,അധ്യാപകര്‍ ഉണ്ടായിരുന്നു) എന്നിങ്ങനെ കല-പ്രവൃത്തിപരിചയ മേഖലകളില്‍ സജീവമായി ജോലിചെയ്തിരുന്ന വലിയൊരു വിഭാഗമുണ്ടായിരുന്നു. ഇക്കാലമെത്തുമ്പോഴേക്കും ഈ വംശം മുഴുവന്‍ കുറ്റിയറ്റുപോവുകയും ഇനിയും ബാക്കിയുള്ളവര്‍ക്കുതന്നെ സക്രിയമായി എന്തെങ്കിലും ചെയ്യാനാവുന്ന ഒരന്തരീക്ഷം സ്കൂളുകളില്‍ വികസിക്കുകയോ ചെയ്യുന്നില്ല എന്ന സാമൂഹ്യാവസ്ഥ നിലനില്‍ക്കുന്നു.എന്നാല്‍, നാം നമ്മുടെ വിദ്യാഭ്യാസപദ്ധതികളില്‍ ഇപ്പോഴും കലാവിദ്യാഭ്യാസത്തെക്കുറിച്ചും പ്രവൃത്തിപരിചയം, ആരോഗ്യവിദ്യാഭ്യാസം എന്നിവയെ കുറിച്ചും ഉന്നതമായ സങ്കല്‍‌പ്പങ്ങള്‍ നിലനിര്‍ത്തുകയും ചെയ്യുന്നു. ഈ ‘ഇരട്ടനാവ് ‘ സത്യത്തില്‍ അത്ഭുതവും അപഹാസ്യതയും സൃഷ്ടിക്കുന്നു.

ഏത് ആധുനിക സമൂഹഘടനയിലും വിദ്യാഭ്യാസരംഗത്ത് കലാപഠനത്തിന്റെ പ്രാധാന്യം നമുക്കറിയാത്തതല്ല. Kerala Curriculum Framework – 2007 Page 67,68,69 ഈ വിഷയം സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. ആധുനിക വിദ്യാഭ്യാസചിന്തയുടെ ഭാഗമായ Multiple Intelligence Theory യുടെ പശ്ചാത്തലത്തിലും , കുട്ടിയുടെ സര്‍ഗാത്മകത അറിവ് നിര്‍മ്മാണത്തില്‍ വഹിക്കുന്ന പങ്കിന്റെ പശ്ചാത്തലത്തിലും, നാടിന്റെ സാംസ്കാരിക ഭൂമിക ഉള്‍ക്കൊള്ളുകയും വികസിപ്പിക്കുകയും ചെയ്യാനുള്ള പൌരകടമമയുടെ പശ്ചാത്തലത്തിലും, കുട്ടിയുടെ മനോവിജ്ഞാനീയ ബോധങ്ങളുടെ പശ്ചാത്തലത്തിലും ഒക്കെ ഈ വിഷയം KCF 2007 പരിഗണിക്കുന്നുണ്ട്.കലോത്സവങ്ങള്‍, കായികോത്സവങ്ങള്‍, പ്രവൃത്തിപരിചയമേളകള്‍ തൊട്ടുള്ള സംഗതികളുടെ ന്യായാന്യായങ്ങളും ഫലപ്രാപ്തിയും അശാസ്ത്രീയതകളും സത്യസന്ധമായി വിശകലനം ചെയ്തിട്ടുണ്ട്. അതിനനുസൃതമായ കരിക്കുലവും പാഠ്യപദ്ധതിയും മൂല്യനിര്‍ണ്ണയരീതികളും നിശ്ചയിച്ചുവെച്ചിട്ടുണ്ട്. എന്നാല്‍ ഇനിയും ഇതൊക്കെ വീണ്ടും ചര്‍ച്ചചെയ്യപ്പെടുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യേണ്ട സമൂര്‍ത്ത സാഹചര്യങ്ങള്‍ നിലനില്‍ക്കുകയാണ്.

കല, പ്രവൃത്തി,കായിക- പഠനങ്ങള്‍ക്ക് കെ.ഇ.ആര്‍ പണ്ടേ നിശ്ചയിച്ചുവെച്ചിട്ടുള്ള സമയക്രമം ഉണ്ട്.

Periods Distribution

Sub&class
1

2

3

4

5

6

7

8

9

10
Art Education
4

4

3

3

2

2

2

2

2

1
Work Experience/ PVS
6

6

6

5

3

3

3

2

2

1
Health&Phisical
Education

4

4

4

6

2

2

2

2

1

1


ഏറെക്കാലം നിലനിന്ന ഈ സംവിധാനം ഈ അധ്യാപകരെ സ്പെഷലിസ്റ്റ് ടീച്ചര്‍മാര്‍ എന്ന വിഭാഗത്തിലാക്കി 1995 (GO (MS 525/95/G.Edn.dt.28-10-95)) മുതല്‍ നിരവധി പ്രാവശ്യം നിയമനം തൊട്ട് പീരിയേഡുകള്‍ വരെയുള്ള തലങ്ങളില്‍ പരിഷ്കരിക്കപ്പെട്ടു. പരിഷ്കാരങ്ങളൊക്കെ നല്ലതു തന്നെ; എന്നാല്‍ അതൊന്നും തന്നെ കലാപഠനത്തേയോ മറ്റു ‘സ്പെഷല്‍ വിഷയ’ങ്ങളേയോ സംബന്ധിച്ച വിദ്യാഭ്യാസപരിപേക്ഷ്യങ്ങളൊന്നും പരിഗണിച്ചുകൊണ്ടായിരുന്നില്ലെന്ന യാഥാര്‍ഥ്യം അവശേഷിക്കുന്നു. ഇതു തുടരുകയും ചെയ്യുമെന്നേ പ്രതീക്ഷിക്കാനാവൂ.

നമുക്കാലംബനമാകേണ്ടത് വിദ്യാഭ്യാസചിന്തകന്മാര്‍ സംകല്‍‌പ്പനം ചെയ്ത പരിപ്രേക്ഷ്യങ്ങള്‍ മാത്രമാകുന്നു. അതനുസരിച്ചുള്ള ക്രിയാത്മകമായ പരിപാടികള്‍ DPEP തൊട്ട് ഇന്നുവരെ ചെയ്തുപോരുന്നുമുണ്ട്. സ്പെഷലിസ്റ്റ് അധ്യാപകര്‍ക്കു മുഴുവന്‍ പലവട്ടമായി നല്‍കിയ പരിശീലങ്ങള്‍ മികച്ചവയായിരുന്നു. ചിത്രം സംഗീതം തുടങ്ങിയവയുടെ പഠനം അതത് മേഖലകളില്‍ കുട്ടിക്ക് മികവ് വര്‍ദ്ധിപ്പിക്കുന്നതിനും മറ്റു വിഷയങ്ങളുടെ പഠനത്തിന്ന് സര്‍വാത്മനാ സഹായമാകയും ചെയ്യാനുള്ള പരിപാടികള്‍ ഈ പരിശീലനങ്ങളില്‍ പറഞ്ഞുറപ്പിച്ചതാണ്. എന്നാല്‍ ചിത്രത്തിന്ന് ചുവര്‍ എന്ന പ്രാധമികഘടകം സ്കൂളുകളില്‍ നല്‍കാനായില്ല. പീരിയേഡുകളിലും നിയമനങ്ങളിലും വന്ന കൈകാര്യങ്ങള്‍ ഉള്ള ചുവര്‍ പോലും ദുര്‍ബലപ്പെടുത്തി. കലാപഠനം തൊട്ടുള്ള സ്പെഷല്‍ വിഷയങ്ങള്‍ അപ്രധാനങ്ങളായി. ക്രമേണ ഇതൊക്കെയും തീരെ ഇല്ലാതാവുന്ന ഒരു കാലം അതിവിദൂരമല്ലെന്ന ഭീതി ഇപ്പൊഴേ ആ അധ്യാപകര്‍ക്കെങ്കിലുമുണ്ടാവും.

ഒരു കുട്ടിയില്‍ അന്തര്‍ലീനമായിരിക്കുന്ന കഴിവുകളെ കണ്ടെത്താനും അവയെ പരിപോഷിപ്പിക്കാനും സ്ക്കൂളുകളില്‍ അന്ത്യശ്വാസം വലിച്ചു കൊണ്ടിരിക്കുന്ന കലാകായികപ്രവൃത്തിപരിചയ ക്ലാസുകള്‍ക്ക് പുനര്‍ജ്ജന്മം തീരൂ. അവ കൈകാര്യം ചെയ്യാന്‍ പ്രാവീണ്യമുള്ള അധ്യാപകരെ സ്ക്കൂളുകളില്‍ നിയമിക്കണം. ചെടിക്ക് വെള്ളവും വളവും ലഭിച്ചാലേ പുഷ്പിക്കപ്പെടാന്‍ സാധ്യതയുള്ളു. അല്ലാതെ പുഷ്പിക്കുന്നവ വിരളമാണെന്ന് നമ്മുടെയെല്ലാം അനുഭവസാക്ഷ്യം. വീട്ടിലൊരു മേശയുടെ കാലിളകിയാല്‍ ഒരാണിയടിക്കണമെങ്കില്‍, സ്വിച്ച് ബോര്‍ഡില്‍ നിന്നും ഒരു വയര്‍ വലിച്ച് അതിലൊരു ബള്‍ബ് തെളിയിപ്പിക്കണമെങ്കില്‍ പുറത്തു നിന്ന് ആളെ വിളിക്കേണ്ടി വരുന്ന കാലം നമ്മെ അത്ഭുതപ്പെടുത്താന്‍ ഇടയില്ല.


Read More | തുടര്‍ന്നു വായിക്കുക

കാലിലാലോലം ചിലമ്പുമായ് (മലയാളം യൂണിറ്റ് - I)

>> Friday, July 8, 2011


പത്താം ക്ലാസിലെ മലയാളം ; കേരളപാഠാവലി ഒന്നാം യൂണിറ്റ് മിക്കവാറും ഇപ്പോള്‍ ക്ലാസില്‍ എടുത്തു തീര്‍ന്നുകൊണ്ടിരിക്കയായിരിക്കും. അതുകൊണ്ടുതന്നെ ആ യൂണിറ്റിനെ കുറിച്ചുള്ള ഒരു അവലോകനം എന്ന നിലയില്‍ ഈ കുറിപ്പിനെ കണക്കാക്കിയാല്‍ മതി. യൂണിറ്റ് അവസാനിക്കുന്നതോടെ മാത്രം ഇത് എഴുതുന്നത് അധ്യാപകരുടെ സ്വതന്ത്രമായ ക്ലാസ് റൂം പ്രവര്‍ത്തനങ്ങളിളുള്ള ഒരു ഇടപെടലായിക്കൂടാ എന്ന ബോധ്യം കൊണ്ടുതന്നെയാണ്. ഒരു കവിതയും, ഒരുകഥയും ഒരു കേട്ടെഴുത്തും ഉള്‍പ്പെടുന്നതാണ് ഈ യൂണിറ്റ്. യൂണിറ്റിന്റെ ആമുഖമായി അയ്യപ്പപ്പണിക്കരുടെ ഒരു കവിതാശകലവും നല്ലൊരു ശീര്‍ഷകവും (കാലിലാലോലം ചിലമ്പുമായ്..) ഉണ്ട്. പുറമേ പാഠപുസ്തകങ്ങളുടെ സാമ്പ്രദായികരീതികളില്‍ ചില അവധാരണ ചോദ്യങ്ങളും അധികവായനക്കുള്ള ചെറിയൊരു കുറിപ്പും ഉണ്ട്. ഇതോടൊപ്പം അധ്യാപകര്‍ക്ക് അവരുടെ കൈപ്പുസ്തകത്തില്‍ വേണ്ട നിര്‍ദ്ദേശങ്ങളും പ്രവര്‍ത്തന സൂചനകളും കൂടി 20-22 പീരിയേഡുകള്‍ മിക്കവാറും ഈ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിവരും. യൂണിറ്റിന്റെ ഉള്ളടക്കത്തെക്കുറിച്ചും ചെയ്യാനാകുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചും താഴെ വിശദീകരിക്കുന്നു.

യൂണിറ്റ് ഉള്ളടക്കം
കഥ , കവിത , കേട്ടെഴുത്ത്, കഥപറയല്‍, കഥകളിപ്പദം, കലാനിരൂപണം, എഡിറ്റിങ്ങ്, ശീര്‍ഷകം എന്നീ വ്യവഹാരരൂപങ്ങള്‍ / സങ്കേതങ്ങള്‍
കേരളീയമായ കലാ-സാംസ്കരിക പാരമ്പര്യത്തെക്കുറിച്ചുള്ള അറിവുകള്‍
കലാനിരൂപണത്തെ (രീതി/ശൈലി)സംബന്ധിച്ച ചില സങ്കല്‍‌പ്പങ്ങള്‍
കലകളുടെ പരസ്പര കൊടുക്കല്‍ വാങ്ങലുകള്‍
കലകളില്‍ ഉള്‍ച്ചേര്‍ന്നു കിടക്കുന്ന സാമൂഹ്യാംശം (സൂചനകള്‍/ വിമര്‍ശനം / പരിണാമം/ )
കാലത്തിനനുസരിച്ച് മാറുന്ന കലയും സൌന്ദര്യ മാനദണ്ഡങ്ങളും : ചര്‍ച്ച
വാമൊഴി-വരമൊഴി കളുടെ തനത് സൌന്ദര്യം
നാട്ടുകലകള്‍-നാടങ്കലകള്‍ എന്നിവ സംബന്ധിച്ച പരാമര്‍ശങ്ങള്‍/ അറിവുകള്‍
അയ്യപ്പപ്പണിക്കര്‍, മുകുന്ദന്‍, കുഞ്ചന്‍‌നമ്പ്യാര്‍ തുടങ്ങിയ എഴുത്തുകാര്‍ / കൂടിയാട്ടം – കൂത്ത് തുടങ്ങി ആധുനിക ചിത്രകല വരെ വിവിധ രംഗത്തുള്ള കലാകാരന്മാര്‍ / എന്നിവരെ കുറിച്ചുള്ള പ്രാഥമികമായ അറിവുകള്‍
സാമൂഹ്യവിമര്‍ശനം വിദൂഷകവേഷം കെട്ടി അവതരിപ്പിക്കുന്ന ചാക്യാര്‍, കൂത്ത് എന്ന കലാരൂപത്തെ വാക്കുകളിലൂടെ അവതരിപ്പിക്കുന്ന കൃഷ്ണചന്ദ്രന്‍, ചിത്രകലയെ ആസ്വാദനപക്ഷത്ത് നിന്ന് അവതരിപ്പിക്കുന്ന കെ.എസ്. ശിവരാമന്‍ (വെറും കഥാപാത്രമായി കരുതേണ്ടതില്ല) , ചിത്രകലയെപ്പറ്റിപറയുന്നതിന്ന് ചിത്രം കൊടുത്ത് പത്രത്തിന്റെ സ്ഥലം കളയേണ്ടെന്ന് തീരുമാനിക്കുന്ന ഗിരിരാജ് (വെറും കഥാപാത്രമായി കരുതേണ്ടതില്ല) എന്നിങ്ങനെയുള്ള വൈചിത്രങ്ങള്‍ - അവതരണ സങ്കേതങ്ങളിലെ വ്യത്യസ്തകള്‍ - വികാസങ്ങള്‍

പ്രവര്‍ത്തനങ്ങള്‍
[ എമ്പാടും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് ‘പുരുഷാര്‍ഥക്കൂത്ത്’ കൂടിയാട്ടം. കഥകളി (ഒന്നാം ദിവസം) എന്നിവയുടെ ഡമോണ്‍സ്ട്രേഷനുകളാണ്. എന്നാല്‍ ഒരിടത്തും (വാര്‍ത്തയില്ല) വടക്കന്‍ പാട്ടവതരണം,നടീല്‍‌പ്പാട്ടവതരണം (ഇതും ബഹുഭൂരിപക്ഷംകുട്ടികളുംകണ്ടിട്ടില്ലല്ലോ) , ചിത്രകലാപ്രദര്‍ശനം, തുടങ്ങിയവ നടക്കുന്നുമില്ല. (ഇതില്‍ എനിക്ക് ഗിരിരാജിന്റെ അഭിപ്രായം തന്നെ)]
2-3 പേര്‍ വീതമുള്ള ഗ്രൂപ്പുകളില്‍ ഒന്നോ രണ്ടോ കലാരൂപങ്ങളെ (നാടനും എല്ലാം) കുറിച്ചുള്ള ബ്രോഷറുകള്‍ (ഒരു ഡിവിഷനില്‍ നിന്ന് 10 എണ്ണം, ഒരു ക്ലാസില്‍ നിന്ന് 30-40 എണ്ണം). ബ്രോഷറുകളുടെ സമാഹാരം- കൈമാറി വായന
കലാസ്വാദനക്കുറിപ്പുകള്‍
കല-കലാകാര ഡയറക്റ്ററി
കാവ്യാസ്വാദന കുറിപ്പുകള്‍ - ലഘുപന്യാസങ്ങള്‍ (വര്‍ണ്ണന, പദഭംഗി, വാക്യഭംഗി, ഉള്‍പ്പൊരുള്‍, സൂചനകള്‍, കാവ്യസൌന്ദര്യം, ശീര്‍ഷകം, സാഹിത്യ-കലാരൂപങ്ങളിലെ സാമൂഹ്യാംശം, കലകളുടെ കൊടുക്കല്‍ വാങ്ങലുകള്‍…)
കാലത്തിന്നനുസരിച്ച് മാറുന്ന ആവിഷ്കാരങ്ങള്‍ - പഠനക്കുറിപ്പുകള്‍
കഥക്കുള്ളിലെ കുടുംബങ്ങള്‍ (ഹംസവും…, മുരിങ്ങപ്പേരി…ആര്‍ട്ട് അറ്റാക്ക്)-പഠനം-കുറിപ്പുകള്‍
സാഹിത്യകാരന്മാര്‍, കലാകാരന്മാര്‍ എന്നിവരെ കുറിച്ചുള്ള ജിവചരിത്രക്കുറിപ്പുകള്‍
ഉള്ളടക്കപരമായ നിരീക്ഷണക്കുറിപ്പുകള്‍- താരത‌മ്യക്കുറിപ്പുകള്‍-വിലയിരുത്തലുകള്‍
കാവ്യസങ്കല്‍‌പ്പങ്ങള്‍-തനത് ശൈലികള്‍ വിശകലനക്കുറിപ്പുകള്‍
കേരളത്തിന്റെ കലാപാരമ്പര്യം- സെമിനാര്‍ (ബ്രോഷര്‍ പ്രവര്‍ത്തനം, കലാകാരഡയറക്റ്റരി എന്നിവ പ്രയോജനപ്പെടുത്തി)
കലാനുഭവങ്ങള്‍- IT പ്രയോജനപ്പെടുത്തിയുള്ളവ
അഭിമുഖം (കെ.എസ്.ശിവരാമന്‍, ഗിരിരാജ് എന്നിവരെപ്പോലെയുള്ളവരുമായി)
സാസ്കാരികരംഗത്തെ പുരോഗതികളും-പിന്നോട്ടടികളും (പ്രതിസന്ധികള്‍) – ഗവേഷണാത്മക പഠനം: പ്രോജക്ട്


Read More | തുടര്‍ന്നു വായിക്കുക

വീഡിയോയില്‍ സബ്ടൈറ്റിലുകളുണ്ടാക്കുന്നതെങ്ങനെ ?

>> Wednesday, July 6, 2011

സബ്ടൈറ്റിലുകളുണ്ടാക്കുന്നതിനുള്ള വിവിധ സോഫ്റ്റ്​വെയറുകള്‍ ഗ്നു/ലിനക്സിലുണ്ട്. .mpg,.avi,.mp4,.flv എന്നിങ്ങനെ വ്യത്യസ്തങ്ങളായ വീഡിയോ ഫോര്‍മാറ്റുകള്‍ക്ക് മലയാളം , ഇംഗ്ലീഷ്, തുടങ്ങിയ ഭാഷകളില്‍ സബ്ടൈറ്റിലുകള്‍ നിര്‍മ്മിക്കാന്‍ കഴിയും. മിക്കവാറും സ്കൂളുകളില്‍ ഇപ്പോള്‍ മൂവീക്യാമറകള്‍ ലഭ്യമാണ്. ഇത്തരത്തില്‍ മൂവീക്യാമറകള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന വീഡിയോകള്‍ക്കും സബ്ടൈറ്റിലുകള്‍ ഉണ്ടാക്കാന്‍ കഴിയുന്നതാണ്. യുട്യൂബിലും മറ്റും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കുപയോഗിക്കാന്‍ കഴിയുന്ന അനവധി വീഡിയോകളുണ്ട്. എന്നാല്‍ ഇവ പലപ്പോഴും കുട്ടികള്‍ക്ക് അപ്രാപ്യമായ വിദേശ ഭാഷകളിലുള്ളവയായിരിക്കും. ഇവ മലയാളം സബ്ടൈറ്റിലുകളോടെ ക്ലാസുമുറികളില്‍കാണിക്കാന്‍ കഴിഞ്ഞാലോ? ഈ സോഫ്റ്റ്​വെയറിനെക്കുറിച്ച് ചുവടെ ഉദാഹരണസഹിതം വ്യക്തമാക്കിയിരിക്കുന്നു.

ഇത് എളുപ്പത്തില്‍ സാദ്ധ്യമാക്കുന്നതിനുള്ള സോഫ്റ്റ്​വെയറാണ് ഗ്നോം-സബ്ടൈറ്റില്‍സ് (gnome-subtitles). ഉബുണ്ടുവിലും ഡെബിയനിലും ഈ പാക്കേജ് ലഭ്യമാണ്. സിനാപ്റ്റിക് പാക്കേജ് മാനേജര്‍ വഴി ഇത് ഇന്‍സ്റ്റാള്‍ ചെയ്യുക. അതിനായി System >> Administration >> Synaptic Package Manager എന്ന ക്രമത്തില്‍ പാക്കേജ് മാനേജര്‍ തുറന്ന് gnome-subtitles എന്ന് search-box ല്‍ ടൈപ്പു ചെയ്ത് പാക്കേജ് കണ്ടെത്തി ഇന്‍സ്റ്റാള്‍ ചെയ്യുക.ഉബുണ്ടുവില്‍ ഇന്റര്‍നെറ്റ് ബന്ധം ഇതിനാവശ്യമാണ്.
പാക്കേജ് ഇന്‍സ്റ്റാള്‍ ചെയ്തതിനു ശേഷം , Applications >> sound and video >> Gnome Subtitles എന്ന ക്രമത്തില്‍ തുറക്കുമ്പോള്‍ ലഭ്യമാകുന്ന വിന്‍ഡോയില്‍ video >> open എന്ന ക്രമത്തില്‍ വീഡിയോ ഫയല്‍ തുറക്കുക.

തുടര്‍ന്ന് file >> new എന്ന ക്രമത്തില്‍ പുതിയ സബ്ടൈറ്റില്‍ ഫയല്‍ ഉണ്ടാക്കുക. ഈ വിന്‍ഡോയില്‍ "+ "(പ്ലസ്) , "-" (മൈനസ്) എന്നീ ചിഹ്നങ്ങള്‍ കാണാം. പ്ലസ് ചിഹ്നം പുതിയ വരി സബ്ടൈറ്റില്‍ ഉണ്ടാക്കുന്നതിനാണ്. മൈനസ് ചിഹ്നം ഉണ്ടാക്കിയ വരി ഡെലീറ്റു ചെയ്യുന്നതിനാണ്. വിന്‍ഡോയില്‍ താഴെ കാണുന്ന ചതുരത്തിനകത്താണ് നാം ഉദ്ദേശിക്കുന്ന (വീഡിയോയുടെ ഭാഗമായി കാണേണ്ട സബ്ടൈറ്റില്‍ )ടെക്സ്റ്റ് ടൈപ്പ് ചെയ്യേണ്ടത്. ഈ ചതുരത്തിനിടതു വശത്തായി From എന്നത് സബ്ടൈറ്റില്‍ കാണിച്ചു തുടങ്ങേണ്ട സമയവും, To എന്നത് സബ്ടൈറ്റില്‍ അവസാനിക്കുന്ന സമയവുമാണ്. 00:00:33.065 - എന്നതുകൊണ്ട് മണിക്കൂര്‍, മിനറ്റ്, സെക്കന്റ്, മില്ലി സെക്കന്റ് - എന്നിങ്ങനെ സമയം രേഖപ്പെടുത്തുന്നതാണ്.
ഇവിടെ നമുക്ക് ആവശ്യമായ തിരുത്തലുകള്‍ വരുത്താവുന്നതാണ്. മുകളില്‍ ഇടത്തു വശത്തായി കൊടുത്തിരിക്കുന്ന Length ,Time എന്നിവ യഥാക്രമം വീഡിയോയുടെ ദൈര്‍ഘ്യം, നാം കാണുന്ന വീഡിയോയുടെ അപ്പോഴത്തെ സമയം എന്നിവയെ സൂചിപ്പിക്കുന്നു. "Time" നോക്കി താഴെ From, To എന്നിവിടങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തണം. സബ്ടൈറ്റിലിന്റെ അടുത്ത വരി ടൈപ്പു ചെയ്യുന്നതിനായി വീണ്ടും പ്ലസ് ചിഹ്നത്തിലമര്‍ത്തുക. file >> save എന്ന ക്രമത്തില്‍ file name നല്കി , ഫയല്‍ സേവു ചെയ്യുക. subtitle format എന്നിടത്ത് .srt തിരഞ്ഞെടുക്കുക.
ഇംഗ്ലീഷിലുള്ള സബ്ടൈറ്റില്‍ ഫയലുകളും മറ്റും http://www.opensubtitles.org/ തുടങ്ങിയ സൈറ്റുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത് ഉപയോഗിക്കുന്നതെങ്ങനെയെന്നു നോക്കാം. മുമ്പ് സൂചിപ്പിച്ച രീതിയില്‍ video >> open എന്ന രീതിയില്‍ വീഡിയോ ഫയല്‍ തുറക്കുക. file >> open എന്ന ക്രമത്തില്‍ ഡൗണ്‍ലോഡ് ചെയ്ത ഇംഗ്ലീഷിലുള്ള സബ്ടൈറ്റില്‍ ഫയല്‍ തുറക്കുക. file >> translation >> new എന്ന ക്രമത്തില്‍ പുതിയ വിവര്‍ത്തന ഫയല്‍ തുറക്കക. താഴെ ഇടത്തുവശത്തുള്ള ഇംഗ്ലീഷ് സബ്ടൈറ്റില്‍ വായിച്ച് , അതിന്റെ മലയാള വിവര്‍ത്തനം വലതുവശത്തുള്ള ബോക്സില്‍ ടൈപ്പു ചെയ്യുക. പുതിയ മലയാളം സബ്ടൈറ്റില്‍ ഫയല്‍ ഉചിതമായ പേരു നല്കി സേവ് ചെയ്യുക.

ഇനി മലയാളത്തില്‍ തയ്യാറാക്കിയ സബ്ടൈറ്റില്‍ ഫയല്‍ എങ്ങനെ വീഡിയോയോടൊപ്പം മീഡിയപ്ലെയര്‍ ഉപയോഗിച്ചു കാണാമെന്നു നോക്കാം. വീഡിയോ ഫയലിന്റെയും സബ്ടൈറ്റില്‍ ഫയലിന്റെയും പേര് ഒരുപോലെയായിരിക്കണം. ഉദാഹരണത്തിന് വീഡിയോ ഫയലിന്റെ പേര് video.flv എന്നാണെങ്കില്‍ സബ്ടൈറ്റില്‍ ഫയലിന്റെ പേര് video.srt എന്നായിരിക്കണം. രണ്ടു ഫയലുകളും ഒരു ഫോള്‍ഡറില്‍ സൂക്ഷിക്കുക. മലയാളം സബ്ടൈറ്റിലുകള്‍ ശരിയായി പിന്തുണയ്ക്കുന്നത് Totem Movie Player ആണ്. അതിനാല്‍ ഫോള്‍ഡറില്‍ right click ചെയ്ത് open with >> Movie Player ക്ലിക്ക് ചെയ്യുക. മലയാളം അക്ഷരങ്ങള്‍ ശരിയായി കാണിക്കുന്നതിന് ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. തുറന്നിരിക്കുന്ന മൂവിപ്ലെയര്‍ വിന്‍ഡോയില്‍ edit >> preferences എന്നിങ്ങനെ preferences ജാലകം തുറന്ന് Load subtitle Files when movie is loaded എന്നതിന് ടിക്​മാര്‍ക്ക് നല്കുക. കൂടാതെ ഫോണ്ട് Rachana യാക്കി മാറ്റുക. സബ്ടൈറ്റില്‍ ഫോണ്ടിന്റെ സൈസിലും ആവശ്യമെങ്കില്‍ മാറ്റം വരുത്തുക.

ഒരിക്കല്‍ മൂവിപ്ലെയര്‍ പ്രിഫറന്‍സസില്‍ വരുത്തിയ മാറ്റങ്ങള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കപ്പെടുന്നതുകൊണ്ട് പിന്നീട് വീഡിയോ കാണുമ്പോള്‍ മാറ്റങ്ങളൊന്നും വരുത്തേണ്ടതില്ല.വിദ്യാഭ്യാസ രംഗത്ത് സ്വതന്ത്രസോഫ്റ്റ്​വെയറുകള്‍ വിഭാവനം ചെയ്യുന്ന സ്വാതന്ത്ര്യം പ്രയോജനപ്പെടുത്തി പ്രാദേശികവത്കരണത്തിലൂടെ (മലയാളവത്കരണം) അറിവുകള്‍ വിനിമയം ചെയ്യാന്‍ ശ്രമിക്കുന്നത് കൂടുതല്‍ ഫലപ്രദമായിരിക്കുമെന്ന് കരുതുന്നു.

സനല്‍കുമാര്‍ എം ആര്‍
എച്ച്. എസ്. എ (മലയാളം)
വി. എച്ച്. എസ്. എസ്. ഇരുമ്പനം.
തൃപ്പൂണിത്തുറ
എറണാകുളം.


Read More | തുടര്‍ന്നു വായിക്കുക

പാഠപുസ്തകങ്ങളുടെ കണക്കുകള്‍ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഒരവസരം കൂടി

>> Monday, July 4, 2011

ഓരോ സ്കൂളും തങ്ങള്‍ക്ക് ലഭിച്ച പാഠപുസ്തകങ്ങളുടെ ഇനം തിരിച്ച ലിസ്റ് ഓണ്‍ലൈനായി നല്‍കുന്നതിനായി നിശ്ചയിച്ച സമയപരിധി അവസാനിച്ചിട്ടും ഒട്ടേറെ സ്കൂളുകള്‍ പ്രസ്തുത വിവരങ്ങള്‍ ഇനിയും നല്‍കാനുണ്ടെന്ന് മനസ്സിലാക്കുന്നു. നല്‍കിയ വിവരങ്ങള്‍ തന്ന അപൂര്‍ണ്ണവും അവ്യക്തവുമായിരുന്ന അനവധി ഉദാഹരണങ്ങളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുളള തെറ്റുകള്‍ വന്നതുകൊണ്ട് പുസ്തക വിതരണത്തിന്റെ കൃത്യത ലഭ്യമാക്കുന്നതില്ല. ആയതിനാല്‍ എല്ലാ സ്കൂളുകളും കൃത്യമായി ഓര്‍ഡര്‍ നല്‍കുന്നതിന് ഒരവസരം കൂടി താഴെപറയുന്ന ഷെഡ്യൂള്‍ പ്രകാരം നല്‍കുന്നു.

തീയതിറവന്യൂ ജില്ലകള്‍
7.7 20011കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്
8.7.2011മലപ്പുറം, പാലക്കാട്, കോട്ടയം, കൊല്ലം
9.7.2011 , 10.7.2011ഈ അവധി ദിവസങ്ങളില്‍ മേല്‍പ്പറഞ്ഞ ജില്ലയിലെ സ്കൂളുകള്‍ക്ക് നല്‍കിയ ഓര്‍ഡറുകള്‍ വീണ്ടും പരിശോധിക്കാക്കാനും മാറ്റങ്ങള്‍ എന്തെങ്കിലും വേണമെങ്കില്‍ വരുത്താനും കഴിയും.
11.7.2011തൃശ്ശൂര്‍, എറണാകുളം, ഇടുക്കി, വയനാട്
12.7.2011ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം

NB : ഓരോ റവന്യൂ ജില്ലയിലും പെട്ട സ്കൂളുകള്‍ക്ക് അതാത് ദിവസങ്ങളില്‍ മാത്രമേ ഓര്‍ഡര്‍ നല്‍കാന്‍ കഴിയൂ.
5.7.2011-ന് അകം കൃത്യമായി ഓര്‍ഡര്‍ നല്‍കിയവര്‍ വീണ്ടും ഓര്‍ഡര്‍ നല്‍കേണ്ടതില്ല. എന്നാല്‍ ഇതിനകം നല്‍കിയ ഓര്‍ഡറില്‍ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടങ്കില്‍ അത് ചെയ്യാവുന്നതുമാണ്.
ഇതേക്കുറിച്ചുള്ള 7-7-2011 ലെ ഏറ്റവും പുതിയ സര്‍ക്കുലര്‍ ഇവിടെയുണ്ട്

സ്ക്കൂള്‍ തുറന്നിട്ട് മാസം ഒന്നു കഴിഞ്ഞു. കുട്ടികള്‍ക്ക് ഇനിയും പാഠപുസ്തകങ്ങള്‍ ലഭിക്കാനുണ്ട്. ഇതേക്കുറിച്ചെല്ലാം ചര്‍ച്ച ചെയ്യാനായി വിദ്യാഭ്യാസമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പാഠപുസ്തക വിതരണം ഊര്‍ജ്ജിതമാക്കാനുള്ള നടപടികളെടുത്തിരിക്കുകയാണ്. അതിന്റെ ഭാഗമായി പുറത്തിറക്കിയ സര്‍ക്കുലറിലേക്ക് ഏവരുടേയും ശ്രദ്ധ ക്ഷണിക്കട്ടെ. " 2011-12 അദ്ധ്യയനവര്‍ഷത്തിലെ സംസ്ഥാന ഗവണ്‍മെന്റ് /എയഡഡ് സ്കളൂകളില്‍ ഇനിയും ലഭിക്കാനുള്ള പാഠപുസ്തകങ്ങള്‍ സംബന്ധിച്ച കണക്ക് അടിയന്തിരമായി ശേഖരിക്കേണ്ടിയിരിക്കുന്നു. ഇതിനായി ഓരോ സ്ക്കൂളുകളും ഇതിനകം ലഭിച്ചതും ഇനി ലഭിക്കാനുള്ളതുമായ പുസ്തകങ്ങളുടെ എണ്ണം ഓണ്‍ലൈനായി 05-7-2011 ചൊവ്വാഴ്ച 2 മണിയ്ക്കകം കൃത്യമായി നല്‍കണം. ചുവടെപ്പറയുന്ന മാര്‍ഗരേഖകള്‍ പാലിക്കേണ്ടതാണ്. ജൂണ്‍മാസത്തില്‍ shortage സംബന്ധിച്ച കണക്ക് ഓണ്‍ലൈനായി നല്‍കിയതും അല്ലാത്തതുമായ സ്ക്കൂളുകളും, ഇതു സംബന്ധിച്ച് ഇ-മെയില്‍ വഴി അറിയിപ്പ് നല്‍കിയവരും ഇപ്പോള്‍ ഈ ഫോര്‍മാറ്റില്‍ ഡേറ്റ നല്‍കണം. സൊസൈറ്റി ക്രമത്തിലല്ല, സ്ക്കൂള്‍ ക്രമത്തിലാണ് ഡേറ്റ അപ്​ലോഡ് ചെയ്യേണ്ടത്. രജിസ്ട്രേഷന്‍ ചെയ്യേണ്ട വിധം ചുവടെ നല്‍കിയിരിക്കുന്നു.

കേരള ബുക്സ് ആന്‍ഡ് പബ്ളിക്കേഷന്‍സ് സൊസൈറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.keralabooks.org ലെ text book receipt (കൈപ്പറ്റിയ പാഠപുസ്തകം) എന്ന ലിങ്കില്‍ പ്രവേശിക്കുക. (ഇവിടെ ക്ലിക്ക് ചെയ്തു ലോഗിന്‍ പേജിലേക്കെത്താം)

(വലുതായിക്കാണുന്നതിന് ചിത്രത്തില്‍ രണ്ടുവട്ടം ക്ലിക്ക് ചെയ്യുക)

ഫെബ്രുവരി മാസത്തില്‍ ഓണ്‍ലൈന്‍ ഇന്‍ഡന്റ് നല്‍കാന്‍ ഉപയോഗിച്ച സ്ക്കൂള്‍ കോഡും പാസ്​വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് സ്റ്റാന്‍ഡേര്‍ഡ് സെലക്ട് ചെയ്യുക. താഴെപ്പറയും പ്രകാരം ഒരു ഫോര്‍മാറ്റ് പ്രത്യക്ഷപ്പെടും.
നമ്പര്‍പുസ്തകംആദ്യം ഓര്‍ഡര്‍ ചെയ്ത എണ്ണംയഥാര്‍ത്ഥത്തില്‍ ആവശ്യമായ എണ്ണംഇതിനകം ലഭിച്ച പുസ്തകങ്ങളുടെ എണ്ണം
Sl NoTitle(No.of copies ordered)(No.of copies actually required)(No of copies received)
(A)(B)(C)(D)(E)










A മുതല്‍ C വരെയുള്ള ഡാറ്റ, സൈറ്റില്‍ ലഭ്യമായിരിക്കും. മറ്റ് രണ്ട് കോളങ്ങളാണ് ഓരോ സ്ക്കൂളും എന്റര്‍ ചെയ്യേണ്ടത്. (താഴെ സ്ക്രീന്‍ ഷോട്ട് നല്‍കിയിരിക്കുന്നു)

(വലുതായിക്കാണുന്നതിന് ചിത്രത്തില്‍ രണ്ടുവട്ടം ക്ലിക്ക് ചെയ്യുക)

ഇതിലേക്കായി താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം.

C എന്ന കോളത്തില്‍ ഓരോ ടൈറ്റിലിനും വേണ്ടി വരുമെന്ന് കരുതി മുന്‍കൂട്ടി നല്‍കിയ എണ്ണമാണ് ഉണ്ടായിരിക്കുന്നത്. ഇതില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടെങ്കില്‍ അക്കാര്യമാണ് D എന്ന കോളത്തില്‍ ചേര്‍ക്കേണ്ടത്. ഉദാഹരണത്തിന് 7-ം ക്ലാസിലെ സോഷ്യല്‍ സയന്‍സ് (മലയാളം) 800 എന്നാണ് ആദ്യം ഓര്‍ഡര്‍ നല്‍കിയത് എന്നിരിക്കട്ടെ. യഥാര്‍ത്ഥത്തില്‍ വേണ്ടത് ഇതിനേക്കാള്‍ കുറവോ കൂടുതലോ അല്ലെങ്കില്‍ അതു തന്നെയോ ആകാം. ഏതായാലും അത്തരത്തില്‍ വേണ്ട യഥാര്‍ത്ഥ എണ്ണമാണ് D യില്‍ രേഖപ്പെടുത്തേണ്ടത്. പ്രതീക്ഷിച്ചതിനേക്കാള്‍ കുട്ടികളുടെ എണ്ണത്തില്‍ 50 ന്റെ കുറവു വന്നിട്ടുണ്ടെങ്കില്‍ 750 എന്നും മാറ്റമില്ലെങ്കില്‍ 800 എന്നുമാണ് D കോളത്തില്‍ ചേര്‍ക്കേണ്ടത്.

ആദ്യം ഓര്‍ഡര്‍ നല്‍കാതിരുന്ന ഇനം പാഠപുസ്തകങ്ങളും ഇപ്പോള്‍ ഓര്‍ഡര്‍ നല്‍കാം. ഉദാഹരണത്തിന് 7-ം ക്ലാസിലെ സോഷ്യല്‍ സയന്‍സ് (ഇംഗ്ലീഷ്) ആദ്യ ഓര്‍ഡറില്‍ 0 ആയിരുന്നു. ഇപ്പോള്‍ 40 കോപ്പികള്‍ വേണമെന്നുണ്ടെങ്കില്‍ D എന്ന കോളത്തില്‍ 40 എന്നു ചേര്‍ക്കാം.

ആദ്യ ഓര്‍ഡറില്‍ ഏതെങ്കിലും ഏതെങ്കിലും ടൈറ്റിലുകള്‍ വിട്ടു പോയിരുന്നെങ്കിലും അവയ്ക്ക് നേരെ D എന്ന കോളത്തില്‍ ആവശ്യകത രേഖപ്പെടുത്താം.

ഇതിനകം ലഭിച്ച പുസ്തകങ്ങളുടെ എണ്ണമാണ് E എന്ന കോളത്തില്‍ ചേര്‍ക്കേണ്ടത്. വിതരണ ഏജന്‍സി വഴിയും പ്രസില്‍ നിന്നോ സ്റ്റോറില്‍ നിന്നോ നേരിട്ടും മറ്റ് സ്ക്കൂളുകളില്‍ നിന്ന് അഡ്ജസ്റ്റ്മെന്റ് വഴിയും ലഭിച്ച പുസ്തകങ്ങളുടെ ആകെ എണ്ണമാണ് ഇവിടെ ചേര്‍ക്കേണ്ടത്.

ആദ്യ ഓര്‍ഡറില്‍ അബദ്ധവശാല്‍ എണ്ണം കാണിച്ചതും എന്നാല്‍ യഥാര്‍ത്ഥത്തില്‍ ആവശ്യമില്ലാത്തതുമായ ഏതെങ്കിലും പുസ്തകങ്ങളുണ്ടെങ്കില്‍ അവയുടെ നേരെ D കോളത്തില്‍ 0 എന്നു ചേര്‍ക്കണം."
ഇതേക്കുറിച്ചുള്ള സര്‍ക്കുലര്‍ ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കാം.
Helpline Numbers and Email Address

For schools having any doubts or confusion regarding distribution of Text books, the following contact persons are available:

1. Team KBPS(Software Team of KBPS)

a. Anish V- 99954 13 786
b. Anas M K- 99954 12 786
c. Anoop U K- 99954 11 786
d. Tiju Joseph- 99954 16 786

2. Mr. CM. Basheer(Dy. Manager)- 9446477455
3. Mr. M.P.Ramakrishnan(Asst. Manager ) -9446472566
4. Mr. K. Ashokan(PM-KBPS)- 9846098510
5. Mr. Santhosh Joseph (ME,KBPS)- 9447391278
6. Mr. Joji Issac - 9446565034

7. DTDC Couriers (Trivandrum,Thrissur,Malappuram,Kozhikkode,Wayanad,Kasargod)
Mr.Sreejith (Asst.Manager)-9387429607
Mr.Harshan -9387429614

8. Phoenix Express Cargo (Kollam,Alappuzha, Pathanamthitta,Idukki,Kottayam, Eranakulam,Palakkad,Kannur)
Mr.Abdul Kadir (Chairman) – 9142337107

kbpskochi@gmail.com (Only for informing shortage of Textbooks, No other emails should be send to this id)
books.kbps@gmail.com (For all other queries)


Read More | തുടര്‍ന്നു വായിക്കുക

മുപ്പത്തിയഞ്ച് പുലികളും ഒരു ആടും..!

>> Friday, July 1, 2011


ഖത്തറില്‍ നിന്നും അസീസ് മാഷ് ഇപ്പോള്‍ നമ്മുടെ ബ്ലോഗിലേക്ക് തിരിഞ്ഞുനോക്കുന്നില്ല! അരീക്കുളത്തെ വിജയന്‍മാഷിനും ശക്തമായ പ്രതിഷേധമുണ്ട്. കാരണമെന്തെന്നല്ലേ...പഴയതുപോലെ നല്ല പസിലുകള്‍ ഇടക്കെവിടെയോ മുടങ്ങിപ്പോയിരുന്നു. എന്തുരസമായിരുന്നു..! അസീസ് മാഷും വിജയന്‍മാഷും ഹിതയും ഉമേഷും റസിമാനുമെല്ലാം കൂടി നമ്മുടെ ബ്ലോഗ് എത്രമാത്രമാണ് സമ്പുഷ്ടമാക്കിയിരുന്നത്? മന:പൂര്‍വ്വമായിരുന്നില്ല. പൊതുവിദ്യാഭ്യാസ രംഗത്തെ ഒട്ടേറെ പ്രശ്നങ്ങളില്‍ ഇടപെടേണ്ടിവന്നതിനാല്‍ കൂടുതല്‍ പ്രാധാന്യമുള്ള മേഖലകളില്‍ സ്വാഭാവികമായും കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ടി വന്നു! പ്രശ്നങ്ങള്‍ തീരുന്നത് നോക്കിയിരുന്നാല്‍, അലക്കൊഴിഞ്ഞിട്ട് കാശിക്ക് പോകാന്‍ നേരമില്ലെന്ന് പറഞ്ഞപോലെ ഒന്നും നടക്കില്ല തന്നെ. ഏതായാലും ഈ പോസ്റ്റിന്റെ കൂടെ കമന്റുകളിലൂടെ പസിലുകള്‍ പെയ്തിറങ്ങട്ടെ, അല്ലേ..?
കുട്ടികള്‍ക്കു വേണ്ടി ഇതാ ഒരു കൊച്ചു പസില്‍...

"ഒരു കാട്ടില്‍ വളരെ ബുദ്ധിമാന്മാരായ 35 പുലികളും ഒരു ആടും ഉണ്ട്.ഏതെങ്കിലും ഒരു പുലി ആടിനെ കൊന്നുതിന്നാല്‍ ആ പുലി ഉടനെ ആടായി മാറും. അങ്ങനെയാണെങ്കില്‍ ഏതെങ്കിലും പുലി ആടിനെ കൊന്നു തിന്നുമോ?


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer