പ്രവേശനോത്സവം (കവിത)
>> Sunday, July 17, 2011
വേനലവധി കഴിഞ്ഞ് വിദ്യാലയങ്ങളിലേക്ക് കുട്ടികള്‍ തിരിച്ചെത്തുന്ന ദിനമാണ് ജൂണ്‍ ഒന്ന്. രണ്ടു മാസം നിശബ്ദരായിരുന്ന മതിലുകള്‍ക്കു വരെ സന്തോഷമാണ് ഈ കുരുന്നുകളെ വീണ്ടും കാണുന്നത്. യഥാര്‍ത്ഥത്തില്‍ ഉത്സവമാണന്ന്. വിദ്യാഭ്യാസവകുപ്പ് അതിനെ പ്രവേശനോത്സവമായിത്തന്നെ കൊണ്ടാടണമെന്നാണ് സ്ക്കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സ്ക്കൂളും പരിസരവും അലങ്കരിക്കണമെന്നും ഉത്സവപ്രതീതി എങ്ങും അലയടിക്കണമെന്നുമാണ് നിര്‍ദ്ദേശം. ഗതകാലസ്മരണകളെ അനുസ്മരിപ്പിച്ചു കൊണ്ട് ഈ വര്‍ഷത്തെ പ്രവേശനോത്സവം മഴയുടെ അകമ്പടിയോടെയാണ് കടന്നു വന്നത്. പ്രവേശനോത്സവത്തില്‍ പങ്കെടുക്കുവാന്‍ മകളുടെ കൂടെ പോയപ്പോള്‍ വീണു കിട്ടിയ ഒരു കവിത ബൂലോക കവിതാലോകത്തിലൂടെ പ്രസിദ്ധനായ ഷാജി നായരമ്പലം മാത്‍സ് ബ്ലോഗിന് അയച്ചു തന്നിരിക്കുകയാണ്. റവന്യൂ ഡിപ്പാര്‍ട്ട്മെന്റിലെ ഉന്നത ഉദ്യോഗസ്ഥനായ അദ്ദേഹത്തിന്റെ ബ്ലോഗ് രചനകള്‍ പുസ്തക രൂപേണ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. വൃത്തനിബദ്ധമായ 35 കവിതകള്‍ അടങ്ങുന്ന വൈജയന്തിയാണ് ഷാജി നായരമ്പലത്തിന്റെ പ്രഥമകവിതാ സമാഹാരം. എന്‍. കെ ദേശമാണ് പുസ്തകത്തിന്റെ ആമുഖമെഴുതിയിരിക്കുന്നത്. അദ്ദേഹമെഴുതിയ ഈ കവിത വായിച്ച ശേഷം അഭിപ്രായങ്ങളെഴുതുമല്ലോ.
തുള്ളിക്കൊരുകുടമായി വരുന്നൂ
വെള്ളിടിവെട്ടി വിരുന്നുമഴ!
ഉള്ളില്‍പ്പലപല കുതുകം പേറി-
പ്പിള്ളേര്‍ കലപില കൂട്ടിടവേ
പള്ളിക്കൂടമുണര്‍ന്നൂ, പുലരൊളി
മങ്ങിയിരുണ്ടുവരുന്നു മഴ!
കൊമ്പുകള്‍ കുഴല്‍ വിളി കേള്‍ക്കുന്നോ,
തുടി,തമ്പോറുകള്‍, തുകില്‍ കൊട്ടുന്നോ,
വന്‍പെഴുമാഴികള്‍ തീര്‍ക്കുന്നോ
മഴ തുമ്പികണക്കു തിമിര്‍ക്കുന്നോ?
ഇന്നലെവരെ മൈതാനമുറങ്ങി,യ-
മര്‍ന്നു കിടന്ന കിനാവുകളില്‍
മന്നിനെ മധുരപ്പൊന്നമൃതൂട്ടും
കുഞ്ഞിക്കാലടി പദ പതനം,
കിന്നാരങ്ങള്‍ക്കിടയില്‍ച്ചിതറിയ
തമ്മിലടി,പ്പല സുല്ലിടലും,
കേട്ടുകിടന്നു രസി,ച്ചവര്‍ വീണ്ടും
കെട്ടിയൊരുങ്ങി വരും വരവില്‍
ഞെട്ടിയുണര്‍ന്നു; തിമിര്‍ക്കും പെരുമഴ
തട്ടിയുണര്‍ത്തി വരുന്നു മഴ!
സങ്കടമമ്മ മറയ്ക്കുന്നൂ,
നറു നൊമ്പരമോടെ ചിരിക്കുന്നു
കുഞ്ഞിനു ചുംബനമേകുന്നൂ
വിടചൊല്ലി മറഞ്ഞവള്‍ നില്‍ക്കുന്നു!
ഗദ്ഗദമുള്ളിലടങ്ങാതാ-
കു,ഞ്ഞമ്മയെ നോക്കിപ്പായുന്നൂ
പിമ്പേ പിഞ്ചുമുഖം തടവു,-
ന്നൊരു പുഞ്ചിരി സാന്ത്വനമാവുന്നു.
നിര്‍മ്മല ഭാവന മൊട്ടിടുവാ,നതി-
വര്‍ണ മനോഹര പൂവിടരാന്‍
ഉത്സവ മേളമൊരുക്കുന്നൂ, മഴ-
യല്‍ഭുത,മായറിവായി മഴ!
-ഷാജി നായരമ്പലം
അദ്ദേഹത്തിന്റെ ബ്ലോഗിലേക്കുള്ള ലിങ്ക്
25 comments:
Sir ,
Good ,
good ,
good----
"പ്രവേശനോത്സവത്തില്‍ പങ്കെടുക്കുവാന്‍ മകളുടെ കൂടെ പോയപ്പോള്‍ വീണു കിട്ടിയ ഒരു കവിത ബൂലോക കവിതാലോകത്തിലൂടെ പ്രസിദ്ധനായ ഷാജി നായരമ്പലം മാത്‍സ് ബ്ലോഗിന് അയച്ചു തന്നിരിക്കുകയാണ്.
"നന്നായി. പക്ഷെ ഒരു സംശയം....എല്ലം ഇതു പൊലെ കിട്ടിയതു ആണോ ?
റവന്യൂ ഡിപ്പാര്‍ട്ട്മെന്റിലെ ഉദ്യോഗസ്ഥനായ ഷാജി നായരമ്പലത്തിന്റെ കവിത ഹൃദ്യമായിരിക്കുന്നു .
അതേ ഡിപ്പാര്‍ട്ട്മെന്റിലെ ഹോംസ് സാറില്‍ നിന്നും ഇതുപോലൊരെണ്ണം പ്രതീക്ഷിക്കുന്നു .
"ഗതകാലസ്മരണകളെ അനുസ്മരിപ്പിച്ചു കൊണ്ട് " എന്ന് വായിക്കുമ്പോള്‍ എന്തോ അപാകത പോലെ .
കുഴപ്പമില്ലായിരിക്കും .
"കുഞ്ഞിക്കാലടി പദ പതനം " അതും പ്രശ്നമില്ലായിരിക്കും .
ഷാജി സാറിന് വൃത്തത്തിലധിഷ്ഠിതമായ കവിതകളെഴുതുന്നതിനാണ് കൂടുതല്‍ താല്പര്യം. അദ്ദേഹത്തിന്റെ വൈജയന്തി എന്ന കവിതാ സമാഹാരത്തിലെ കവിതകളില്‍ ബഹുഭൂരിപക്ഷവും ഇപ്രകാരത്തിലുള്ളവ തന്നെയാണ്. കവി മാത്രമല്ല, അദ്ദേഹമൊരു അക്ഷരശ്ലോകപ്രിയന്‍ കൂടിയാണ്. മക്കള്‍ക്കും ആ വാസന ലഭിച്ചിട്ടുണ്ട്. മണ്‍മറഞ്ഞുകൊണ്ടിരിക്കുന്ന ആ സാഹിത്യാധിഷ്ഠിതകലയെ പരിപോഷിപ്പിക്കുന്നതിനായി പരിശ്രമിച്ചു കൊണ്ടിരിക്കുന്ന അദ്ദേഹത്തിന് അഭിനന്ദനങ്ങള്‍. മാത്രമല്ല, അധ്യാപകേതരസമൂഹത്തില്‍ നിന്നും നമുക്കായി ലഭിച്ച ഈ കവിത ഒരു അംഗീകാരമായി കാണുന്നു. നന്ദി ഷാജി സാര്‍.
അതേ ഡിപ്പാര്‍ട്ട്മെന്റിലെ ഹോംസ് സാറില്‍ നിന്നും ഇതുപോലൊരെണ്ണം പ്രതീക്ഷിക്കുന്നു .
എങ്കിലൊന്ന് പിടിച്ചോ..
"അമ്മതന്‍ അമ്മിഞ്ഞപ്പാലിനായാഞ്ഞപ്പോള്‍
ചുണ്ടില്‍ പുരണ്ട ചെന്ന്യായമെന്‍ ശൈശവം..!
ഗുരുവിന്റെ ചൂരലാല്‍ ചുടുനിണം വീണൂ ചുവന്നൊരാ (ഇരുണ്ടൊരാ..)കൈവെള്ളയെന്റെ ബാല്യം..!
പ്രേമം നടിച്ചു ചതിച്ചൊരെന്‍ കാമുകി ചവിട്ടിയരച്ചതെന്‍ വ്യഥിത കൗമാരം..!
......................................"
യൗവ്വനം, വാര്‍ദ്ധക്യം എന്നിവ കൂടിച്ചേര്‍ത്ത് പിന്നീട് മുഴുമിപ്പിക്കാം.അല്ലെങ്കില്‍ ആരേലും മുഴുമിപ്പിക്ക്.
നന്നായിട്ടുണ്ട് ഹോംസ് സാര്‍ .
ഞെരിഞ്ഞിലില്‍ അത്തിപ്പഴം കായ്ക്കുന്നത് കണ്ടു അത്ഭുതം തോന്നുന്നു.
കവിത നന്നായിട്ടുണ്ട്. നാലു മണിക്ക് കുട്ടികളെല്ലാം സ്ക്കൂളില്‍ നിന്ന് പോയിക്കഴിയുമ്പോഴുള്ള ശാന്തതയ്ക്കും ഒരു വേദനയുണ്ട്.
കവിത super...!!
തുള്ളിക്കൊരുകുടമെന്നകണക്കേ
തള്ളി വരുന്നൂ കവിതമഴ
ഉള്ളിലൊളിക്കും ബാല്യം തന്നുടെ
കള്ളിയില്‍ വെക്കും ഓര്‍മ്മമഴ
ഇന്നലെയേകിയരോര്‍മ്മകളും
ഇന്നിനെ വാഴ്ത്തും കളിചിരിയും
നിങ്ങളിലാദ്യമുണര്‍ന്നതുപോലെ
ഞങ്ങളിലേക്കു പകര്‍ന്നല്ലോ!
നന്നായിട്ടുണ്ട്.!!
മഴയെ കുറിച്ച് ഒരു കവിത കൂടി .......... വളരെ നന്നായിരിക്കുന്നു അഭിനന്ദനങ്ങള്‍
വളരെ നന്നായിരിക്കുന്നു കൂടുതല്‍കവിതകള്‍ പ്രതീക്ഷിക്കുന്നു
നന്നായിരിക്കുന്നു.ഞങ്ങള്‍ക്ക് ഒരുപാട് ഇഷ്ടമായി.ഇനിയും കവിതകള്‍ പ്രതീക്ഷിക്കുന്നു.
എടപ്പലം സ്ക്കൂളിലെ ഒമ്പതാം ക്ലാസ്സിലെ കുട്ടികള്‍
പ്രിയ ഹരിമാഷേ,
പ്രവേശനോത്സവംഈ അദ്ധ്യാപക ബ്ലോഗില്‍ പ്രിസിദ്ധപ്പെടുത്തിയതിനു നന്ദി.
കൂടെ കേള്‍ക്കുവാന്‍ സുഖമുള്ള ഒരു പരിചയപ്പെടുത്തലും കൂടിയായപ്പോള്‍-
തൂവല്‍ പോലെ ഞാന്‍ പൊങ്ങിയോ, വെണ്‍ തല-
പ്പാവൊരെണ്ണം തരുന്നുവോ തൊങ്ങലായ് ?
എന്നൊരു ചിന്ത!!
ഒരു കവിയായി സ്വയം വെളിച്ചപ്പെടുന്നതിലുപരി സാധാരണക്കാരുടെ ചുണ്ടുകളില്‍നിന്നു്
അപ്രത്യക്ഷമായ കവിതയെ അറിയാനും, അറിയിക്കാനുമാണു് ശ്രമം.
എടപ്പലം സ്കൂളിലെ ഒമ്പതാം ക്ലാസു കൂട്ടുകാര്‍ക്ക് ഈ കവിത ഇഷ്ടമായെങ്കില്‍ ആ ശ്രമം വിജയിക്കുന്നു എന്നു തന്നെ ഞാന്‍ കരുതുന്നു. നന്ദി ആ കുട്ടികള്‍ക്കും അഭിപ്രായക്കുറിപ്പുകളെഴുതിയ മറ്റു സുഹൃത്തുക്കള്‍ക്കും....
“കുഞ്ഞിക്കാലടി പദ പതനം“ നമുക്ക് ‘മൃദു പതന‘മാക്കിയാലോ ഫ്രീ മാഷേ..?
പള്ളിക്കൂടപ്പടിവാതില്ക്കൽ
തള്ളിവിടുന്നോരച്ഛന്റേയോ
പള്ളയടിച്ചും കരയുമ്മകനുടെ
കള്ളക്കണ്ണീരൊഴുകും മഴയോ
(മഴക്കവിതയിഷ്ടപ്പെടുന്നവർ ഇതുhttp://kalavallabhan.blogspot.com/2010/07/blog-post.htmlകൂടിയൊന്നു വായിച്ചുകൊള്ളുക)
good
Good
മഴയെയും സ്കൂള്‍ തുറപ്പിനേയും സമന്വയിപ്പിക്കാന്‍ കവിക്കു കഴിഞ്ഞു. ഗ്രേഡ് നല്‍കുകയാണെങ്കില്‍ ഈ കവിതയ്ക്ക് ഞാന്‍ എ പ്ലസായിരിക്കും നല്‍കുക. പഴയകാലകവിതകള്‍ വായിക്കുന്ന പോലൊരു സുഖം തോന്നി, ഈ കവിത വായിച്ചപ്പോള്‍. കലാവല്ലഭന്‍ എന്ന ബ്ലോഗറുടെ കവിതകളും രചനാമികവില്‍ മുന്നിട്ടു നില്‍ക്കുന്നതാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. വൃത്തത്തിലധിഷ്ഠിതമായി കവിത സൃഷ്ടിക്കുകയെന്നതൊരു ജന്മസിദ്ധമായ കഴിവാണ്. കവിതയ്ക്ക് താളമില്ലെങ്കില്‍ കാവ്യരചന എത്രയെളുപ്പമാണ്. വൃത്തം സൃഷ്ടിക്കുന്ന പാരതന്ത്ര്യത്തോടുള്ള വെല്ലുവിളിയുമായാണ് ഉത്തരാധുനിക കവിതകള്‍ രംഗപ്രവേശം ചെയ്തത്. ഇതു മൂലം സാഹിത്യലോകത്തിന് ഒട്ടേറെ കവികളെ കിട്ടി. പക്ഷെ സിനിമാപ്പാട്ടു ശൈലിയിലേക്ക് മലയാളകവിത വഴിമാറിയോടുമ്പോള്‍ പലപ്പോഴും വിഷമം തോന്നിയിട്ടുണ്ട്. ഒരു ആശ്വാസപെരുമഴ പെയ്യിച്ചു; കവി ഇവിടെ.
വിജയൻ സാറിന്റെ വിലയിരുത്തലിനു നന്ദി അറിയിക്കുന്നു.
കലാവല്ലഭൻ (വിജയകുമാർ മിത്രാക്കമഠം)
നല്ല കവിത.
കുട്ടികൾ കഥയും കവിതയും ഒക്കെ വായിച്ചു വളരട്ടെ.
ആശംസകൾ!
ഷാജി സാറിനെ പരിചയപ്പെട്ടതിൽബൊഗിനെ അഭിനന്ദികുന്നു.സമയൊജിതമയി ചെയ്തിരുന്നെങ്കിൽ.....
ഹൈമ ചെറുതാഴം
കവിത വളരെ നന്നായിരിക്കുന്നു
നന്ദിപ്രിയരെ അഭിപ്രായക്കുറിപ്പുകള്‍ക്ക്...
കടവത്ത് വിജയന്‍ മാഷ് സമകാലീന മലയാള കവിതകളെക്കുറിച്ച് നല്ലൊരവലോകനം നടത്തി. നന്ദി.
പദ്യമെന്തെന്ന് തിരിച്ചറിയാതെയാണു നമ്മുടെ കുട്ടികള്‍ വളര്‍ന്നു വരുന്നത്. സമ്പന്നമായ മലയാള പദ്യ പൈതൃകത്തെ
അവര്‍ അറിയേണ്ടതുണ്ട്.എന്റെ മലയാളം അധ്യാപകര്‍ ചുണ്ടില്‍പ്പതിപ്പിച്ചു തന്ന ഈണമാണു ഞാന്‍ വരികളാക്കുന്നത്....
ഇന്നത്തെ കുട്ടികള്‍ക്കും ആ അനുഭവമുണ്ടാക്കുവാന്‍ അധ്യാപകര്‍ക്കേ കഴിയൂ...ജയന്‍ മാഷ് പറഞ്ഞപോലെ അവര്‍
അവര്‍ കവിതയും കഥയും കണ്ടും കെട്ടും തന്നെ വളരട്ടെ.
ഈണവും താളവും ഉള്ള കവിതകള്‍ ഇഷ്ട
പ്പെടുന്നവര്‍ക്ക് എന്റെ വക ബ്ലോഗ് http://shajitknblm.blogspot.com/
അമ്മ സന്ദര്‍ശിക്കാം .
നല്ല കവിത
Post a Comment