മലയാളത്തിലെ ആദ്യ ബ്ലോഗ് സുവിനീര്‍ പുറത്തിറങ്ങി

>> Tuesday, June 28, 2011

കാത്തിരുന്ന് ഒടുവില്‍ കഴിഞ്ഞ ദിവസം മലയാളത്തിലെ ആദ്യത്തെ ബ്ലോഗ് സുവിനീറായ ഈയെഴുത്ത് കൈകളിലെത്തി. എ ഫോര്‍ വലിപ്പത്തിലുള്ള ഇരുന്നൂറ്റി നാല്‍പതു പേജുകള്‍. അതും ഡി.സി.ബുക്സും മറ്റും പുറത്തിറക്കുന്ന പുസ്തകങ്ങളുടെ മേന്മയോട് കിടപിടിക്കുന്ന നിലവാരത്തിലുള്ള പേജുകളോട് കൂടിയത്. അന്‍പത് കളര്‍ പേജുകളുണ്ട്. ഇന്ന് മലയാളം ബ്ലോഗിങ്ങില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന കഥ, കവിത, ലേഖനം, വിവിധ നാടുകളെപ്പറ്റിയുള്ള വിവരണങ്ങള്‍, ബ്ലോഗ് ടിപ്സ് എന്നു തുടങ്ങി ഏതാണ്ടെല്ലാ മേഖലകളിലും പെടുന്ന മുന്നൂറോളം സൃഷ്ടികളാണ് സുവിനീറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബ്ലോഗ് വായനക്കാര്‍ക്ക് തങ്ങള്‍ക്ക് താല്പര്യമുള്ള വിഷയങ്ങള്‍ പ്രസിദ്ധീകരിക്കപ്പെടുന്ന ബ്ലോഗുകള്‍ കണ്ടെത്താനുള്ള ഒരു ഡയറക്ടറിയായും ഉപയോഗിക്കാനാകുന്ന തരത്തിലുള്ള ഒരോര്‍മ്മ പുസ്തകമാണ് ഈയെഴുത്ത്.

എന്താണ് ബ്ലോഗുകള്‍
ഒരു കലാസൃഷ്ടി പ്രസിദ്ധീകരിക്കാനുള്ള ഏറ്റവും വേഗതയേറിയ ഇന്റര്‍നെറ്റ് അധിഷ്ഠിത സങ്കേതമാണ് ബ്ലോഗുകള്‍. കേരളത്തിലെ പതിനാലു ജില്ലകളില്‍ നിന്നുമായി ആയിരക്കണക്കിന് പേര്‍ ഇന്ന് മലയാളത്തില്‍ ബ്ലോഗെഴുതുന്നുണ്ട്. എഴുത്തിന് ഏതു വിഷയവും തിരഞ്ഞെടുക്കാമെന്നതാണ് ബ്ലോഗിന്റെ ലാളിത്യം. പല നാടുകളേയും ചുറ്റിപ്പറ്റി എഴുതപ്പെട്ടിട്ടുള്ള കഥകള്‍ അന്നാട്ടുകാരേക്കാള്‍ ബ്ലോഗ് വായനക്കാരായ ജനലക്ഷങ്ങള്‍ക്ക് പരിചിതമാണെന്നതാണ് ഏറ്റവും രസകരമായ വസ്തുത. അത്രയേറെ ഇന്ന് ബ്ലോഗുകള്‍ പ്രചാരം ആര്‍ജ്ജിച്ചു കഴിഞ്ഞു. കൈകാര്യം ചെയ്യാന്‍ വളരെയെളുപ്പമാണെന്നതു കൊണ്ടുതന്നെ പ്രശസ്തരും അപ്രശസ്തരുമായ നിരവധി പേര്‍‌ പ്രായഭേദമന്യേ ഇന്ന് ബ്ലോഗുകള്‍ തുടങ്ങാന്‍ മുന്നോട്ടു വരുന്നുണ്ട്. സ്വന്തമായി ഒരു ബ്ലോഗുണ്ടെങ്കില്‍ മോശമില്ലാതെ ഇന്റര്‍നെറ്റ് കൈകാര്യം ചെയ്യാനറിയാമെന്നതിന്റെയും അല്പം കലാവാസനയുണ്ടെന്നതിന്റേയും ഒരു തെളിവായി സമൂഹം അതു കണക്കാക്കാന്‍ തുടങ്ങി. കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍, വിവിധ നാടുകളെപ്പറ്റിയുള്ള വിവരണങ്ങള്‍, ഫോട്ടോകള്‍, പെയിന്റിങ്ങുകള്‍ തുടങ്ങി വിവിധതരം കലാസാഹിത്യസൃഷ്ടികളുടെ വിളനിലമായി ബൂലോകം ഇന്ന് മാറിക്കഴിഞ്ഞു.

ബ്ലോഗ് മാഗസിന്റെ തുടക്കം
ബ്ലോഗുകളെഴുതുന്നവരുടെ ഒരു സംഗമം സംഘടിപ്പിക്കുന്നതിനെക്കുറിച്ചുള്ള ആലോചനകള്‍ക്കിടയിലാണ് ബ്ലോഗ് സൃഷ്ടികള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഒരു മാഗസിന്‍ എന്ന ആശയം ചിത്രകാരന്‍ എന്ന ബ്ലോഗര്‍ മുന്നോട്ടു വെക്കുന്നത്. ആവേശത്തോടെ അതേറ്റെടുത്ത രഞ്ജിത്ത് ചെമ്മാട് ലോകത്തിന്റെ വിവിധകോണുകളില്‍ ചിതറിക്കിടക്കുന്ന ബ്ലോഗര്‍മാരില്‍ നിന്നും ഇരുപത്തഞ്ചു പേരെ ഏകോപിപ്പിച്ചു കൊണ്ട് ഒരു എഡിറ്റോറിയല്‍ ബോര്‍ഡുണ്ടാക്കി. പുനലൂരിലുള്ള അധ്യാപകനായ എന്‍.ബി.സുരേഷായിരുന്നു മുഖ്യപത്രാധിപര്‍. ആഗ്രഹം ലളിതമാണെങ്കിലും ഇന്റര്‍നെറ്റിന്റെ വിശാലവലയില്‍ പരന്നു കിടക്കുന്ന ആയിരക്കണക്കിന് ബ്ലോഗുകളില്‍ നിന്നും മികച്ച കുറേ സൃഷ്ടികള്‍ സമാഹരിച്ച് ഒരു മാഗസിനുണ്ടാക്കുകയെന്നത് ഒരു ഭഗീരഥയത്നമായിരുന്നു. പിന്നീടങ്ങോട് ഒരു സിനിമാക്കഥ പോലെയായിരുന്നു ഈ സുവിനീറിന്റെ സൃഷ്ടിപരമായ ഓരോ ഘട്ടവും പിന്നിട്ടത്. എന്താണ് ബ്ലോഗെന്നും ബ്ലോഗുകളില്‍ എന്താണ് സംഭവിക്കുന്നതെന്നും അറിയാനാഗ്രഹിക്കുന്നവര്‍ക്ക് ഒരു തെളിവായി കാട്ടിക്കൊടുക്കാനാകുന്ന ഒരു ചരിത്രസൃഷ്ടിയായിരുന്നു ഇവരുടെ കഠിനാധ്വാനത്തിന്റെ മികവില്‍ സൃഷ്ടിക്കപ്പെട്ടത്. ഉദ്വേഗങ്ങള്‍ നിറഞ്ഞ ഒട്ടേറെ പ്രതിബന്ധങ്ങളെ തരണം ചെയ്ത് പ്രസിദ്ധീകരിക്കപ്പെട്ട ഈയെഴുത്ത് എന്ന ഈ സുവിനീര്‍ ഇപ്പോള്‍ ബ്ലോഗേഴ്സിനിടയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ്.

എഡിറ്റോറിയല്‍ ബോര്‍ഡ്
തമ്മില്‍ കാണുന്നതിനോ പരസ്പരം സംസാരിക്കുന്നതിനോ എഡിറ്റോറിയല്‍ ബോര്‍ഡിലെ ബഹുഭൂരിപക്ഷത്തിനും ഇതേ വരെ സാധിച്ചിട്ടില്ല. ചര്‍ച്ചകളെല്ലാം ഗ്രൂപ്പ് മെയിലിലൂടെ മാത്രം. ആര്‍ക്കും നിര്‍ബന്ധിതമായ ഉത്തവാദിത്വങ്ങളുണ്ടായിരുന്നില്ല. പക്ഷേ എല്ലാവരും കര്‍മ്മ നിരതരായിരുന്നു. ഗ്രൂപ്പ് തിരിഞ്ഞ് വിവിധ ബ്ലോഗുകള്‍ സന്ദര്‍ശിച്ച് അവിടെ നിന്നെല്ലാം മികച്ചവ ശേഖരിച്ച് ഒരു ബ്ലോഗിലേക്കെത്തിച്ചു. എല്ലാവരും കൂടി ചര്‍ച്ചകള്‍ നടത്തി. ഫോണ്ട് കണ്‍വെര്‍ഷനും പ്രൂഫ് റീഡിങ്ങും ചിത്രം വരയും ലേഔട്ടുമെല്ലാം വിവിധ കോണുകളില്‍ നിന്ന് ഏകോപിപ്പിക്കപ്പെട്ടു. ലേഔട്ട് തയ്യാറാക്കുന്ന രഞ്ജിത്ത് ചെമ്മാടിനും ബിജുകോട്ടിലയും അടക്കമുള്ളവര്‍ക്ക് ഇടക്കിടെ നേരിട്ട ഫോണ്ട് പ്രശ്നങ്ങള്‍ ചില്ലറയൊന്നു തടസ്സങ്ങള്‍ സൃഷ്ടിച്ചത്. ഫലമോ, ലേ ഔട്ട് ടീമിന് സ്വന്തം നിലയില്‍ വീണ്ടുമൊരു പ്രൂഫ് റീഡിങ് നടത്തേണ്ടി വന്നു.

പ്രിന്റിങ്ങ്
നേരിട്ട ഓരോ പ്രതിബന്ധങ്ങളിലും ആത്മധൈര്യം കൈവിടാതെ അവര്‍ മുന്നോട്ടു നീങ്ങി.ചര്‍ച്ചകളെല്ലാം ഗൂഗിളിന്റെ സൗജന്യസേവനമായ ഗ്രൂപ്പ് മെയിലിങ്ങ് വഴിയായിരുന്നു. ഒരു പേര് തിരഞ്ഞെടുക്കുന്നതിനു വേണ്ടി മാത്രം ഒരാഴ്ച നീണ്ടു നിന്ന വോട്ടിങ് നടന്നു. കവര്‍ പേജ് തിരഞ്ഞെടുക്കുന്നതടക്കമുള്ള ചര്‍ച്ചകള്‍ക്കു പോലും വോട്ടിങ് നടത്തി തികച്ചും ജനകീയമായിത്തന്നെയാണ് സുവിനീറിന്റെ ഓരോ ഘട്ടവും പിന്നിട്ടത്. പ്രശ്നങ്ങളൊഴിഞ്ഞില്ല. പ്രിന്റിങ്ങിനു വേണ്ട തുകയ്ക്കുള്ള കണക്കൂട്ടലുകള്‍ നടത്തിയപ്പോള്‍ മൂലധനം ആത്മവിശ്വാസം മാത്രം. പ്രിന്റിങ് ഒഴികെയുള്ള സുവിനീറിന്റെ എല്ലാ ഘട്ടവും നിസ്വാര്‍ത്ഥരായ ബ്ലോഗേഴ്സിന്റെ സഹകരണത്തോടെ പൂര്‍ത്തിയാവുകയാണ്. പക്ഷെ പ്രതീക്ഷിച്ച രീതിയില്‍ പണം സമാഹരിക്കാനായില്ല. പരസ്യങ്ങള്‍ സംഘടിപ്പിക്കാനും മറ്റും ഒന്നിച്ചു കൂടാന്‍ സംഘാടകര്‍ നേരിട്ടു കാണുന്നു പോലുമില്ലല്ലോ? ഒന്നരലക്ഷത്തോളം രൂപ പ്രിന്റിങ്ങിനു മാത്രം വേണം. അവിടെയും ബ്ലോഗേഴ്സിലെ സുമനസ്സുകളുടെ സഹായമുണ്ടായി. പലരും തങ്ങളെക്കൊണ്ടാകുന്ന വിധം ഇരുപതിനായിരവും പതിനായിരവുമൊക്കെയായി പണം അയച്ചു കൊടുത്തു. പ്രിന്റിങ്ങിന്റെ ചുമതല ഏറ്റെടുത്തു കൊണ്ട് ബ്ലോഗേഴ്സായ ജസ്റ്റിന്‍ ജേക്കബിന്റേയും നസീര്‍ കൂടാളിയുടേയും നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സൈകതം ബുക്സ് മുന്നോട്ടു വന്നു. വിദേശങ്ങളിലിരുന്ന് ചെയ്ത ഗ്രാഫിക്സ്, ലേ ഔട്ടുകള്‍ നിറഞ്ഞ പേജുകള്‍ പ്രസിലേക്ക് അയച്ചു കൊടുക്കുന്നതിന് അരദിവസമാണ് വേണ്ടി വന്നത്. ഇടക്കിടെയുള്ള വൈദ്യുതി തടസ്സവും മറ്റും സൃഷ്ടിച്ച തടസ്സങ്ങള്‍ വേറെയും. ഏപ്രില്‍ പതിനേഴിന് തിരൂരില്‍ നടക്കുന്ന ബ്ലോഗ് മീറ്റില്‍ പ്രസാധനം ചെയ്യേണ്ട മാഗസിന്റെ ആദ്യ പ്രതി പ്രിന്റ് ചെയ്ത് കയ്യില്‍ വാങ്ങുന്നന്നതു വരെ ടെന്‍ഷന് കയ്യും കണക്കുമുണ്ടായിരുന്നില്ലെന്ന് എഡിറ്റോറിയല്‍ ബോര്‍ഡിന്റെ ജീവനാഡികളിലൊരാളായ മനോരാജ് പറയുന്നു.

സുവിനീര്‍ നിങ്ങളിലേക്കും
ഒന്നരമാസം കൊണ്ടാണ് ഈയെഴുത്ത് എന്ന മാഗസിന്‍ ഒരുക്കിയത്. ഒന്നരലക്ഷത്തോളം രൂപ ചിലവില്‍ ആകെ ആയിരം കോപ്പി പ്രിന്റ് ചെയ്തു. സാമ്പത്തിക ലാഭം ലക്ഷ്യമിടാത്തതു കൊണ്ടു തന്നെ നൂറു രൂപയ്ക്ക് സുവിനീര്‍ വിതരണം ചെയ്യാനാണ് എഡിറ്റോറിയല്‍ ബോര്‍ഡ് തീരുമാനിച്ചിട്ടുള്ളത്. ഏപ്രില്‍ പതിനേഴിന് തിരൂര്‍ നടന്ന ബ്ലോഗ് മീറ്റില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കുള്ള കോപ്പികള്‍ വിതരണം ചെയ്തു വരുന്നു. കൂട്ടത്തില്‍ ബ്ലോഗുകളെപ്പറ്റി കൂടുതല്‍ അറിയാനാഗ്രഹിക്കുന്നവര്‍ക്കും പുസ്തകസ്നേഹികള്‍ക്കും ഇത് വിതരണം ചെയ്യാനും എഡിറ്റോറിയല്‍ ബോര്‍ഡ് തീരുമാനമെടുത്തിട്ടുണ്ട്. സുവിനീറിന്റെ വിലയായ നൂറു രൂപയും V.P.P, Courier ചാര്‍ജ് ആയ അമ്പത് രൂപയും നല്‍കിയാല്‍ പുസ്തകം ലഭ്യമാകും. V.P.P ആയി ആവശ്യമുള്ളവര്‍ പോസ്റ്റല്‍ അഡ്രസ്സ് link4magazine@gmail.com എന്ന അഡ്രസ്സിലേയ്ക്ക് മെയില്‍ ചെയ്യുകയോ, 9447814972 (മനോരാജ്) എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്താല്‍ മതി.

ബ്ലോഗുകളെപ്പറ്റി സാധാരണക്കാര്‍ അടക്കമുള്ളവര്‍ മനസ്സിലാക്കട്ടെയെന്നും അതുവഴി കഴിവുള്ള കൂടുതല്‍ പേര്‍ ഈ മേഖലയിലേക്ക് കടന്നു വരട്ടെയെന്നുമാണ് എഡിറ്റര്‍മാരുടെ ഒരേ സ്വരത്തിലുള്ള അഭിപ്രായം. മാത്രമല്ല, നേരിട്ടു കാണാത്ത എഡിറ്റര്‍മാര്‍ ഒരുമിച്ചു കൂടി, ലോകത്ത് പല കോണുകളിലിരുന്ന് തയ്യാറാക്കിയ, ചരിത്രത്തിന്റെ ഭാഗമായി മാറിയ ഈ സുവിനീര്‍ നമ്മുടെ പുസ്തകശേഖരത്തെ അലങ്കരിക്കുമെന്ന് തീര്‍ച്ച.

മാഗസിന്റെ എഡിറ്റോറിയല്‍, ഇന്‍ഡക്സ് പേജുകള്‍

Blog Magazine


Read More | തുടര്‍ന്നു വായിക്കുക

ആമയും മുയലും - ഒരു അനിമേഷന്‍!

>> Sunday, June 26, 2011

എറണാകുളത്തെ കടമക്കുടി ഗവ.ഹയര്‍ സെക്കന്ററി സ്കൂളിലെ ഗണിതശാസ്ത്ര അധ്യാപകനും സര്‍വ്വോപരി ഞങ്ങളുടെ പ്രിയ സുഹൃത്തുമായ മുരളീധരന്‍ സാറിന്റെ മകനാണ് അഭയ് കൃഷ്ണ. നോര്‍ത്ത് പറവൂരിലെ കരിമ്പാടം ഡിഡി ഹൈസ്കൂളിലാണ് ഒമ്പതാം ക്ലാസ്സുകാരനായ അഭയ് പഠിക്കുന്നത്. ഐടി@സ്കൂളിന്റെ ANTS എന്ന അനിമേഷന്‍ പ്രോഗ്രാമിലൂടെ നാലുദിവസം കൊണ്ട് നേടിയ വൈഭവം ഉപയോഗിച്ച് അഭയ് തയ്യാറാക്കിയ ഒരു അനിമേഷന്‍ ചിത്രം ഒന്നു കണ്ടുനോക്കൂ....

കൊള്ളാം അല്ലേ..?"ഈ പരിശീലനം കുട്ടികള്‍ക്ക് മാത്രമേയുള്ളോ? ഞങ്ങള്‍ക്കും ഇത് പഠിക്കാന്‍ എന്തു ചെയ്യണം? മാത്​സ് ബ്ലോഗിന് സഹായിച്ചു കൂടേ?" കഴിഞ്ഞദിവസം നടന്ന എസ്.ഐ.ടി.സി. വര്‍ക്ക്ഷോപ്പില്‍ കുറേപ്പേരില്‍ നിന്നും ഉയര്‍ന്നുവന്ന ചോദ്യമാണ്! നമ്മെ ജിയോജെബ്ര പഠിപ്പിച്ചുകൊണ്ടിരിക്കുന്ന എറണാകുളത്തെ മാസ്റ്റര്‍ ട്രൈനര്‍ സുരേഷ്ബാബുസാറോട് സൂചിപ്പിച്ചതേയുള്ളൂ. മണിക്കൂറുകള്‍ക്കകം സാറിന്റെ മെയില്‍ എത്തി.
ഇതാ..

IT@School കസ്റ്റമൈസ് ചെയ്ത ഏറ്റവും പുതിയ Ubuntu 10.04 വേര്‍ഷനാണ് ഉപയോഗിക്കുന്നതെ ങ്കില്‍ KTooN സോഫ്റ്റ് വെയര്‍ അതില്‍ ലഭ്യമാണ്.Applications --> Graphics --> KTooN:2D Animation Toolkit എന്ന രീതിയില്‍ നമുക്ക് ഇത് തുറക്കാം. തുറന്നുവരുന്ന ജാലകം ശ്രദ്ധിക്കൂ.



Step 1. Close Tip of the day window

Step 2. File --> New --> New project.
Create a new project എന്ന പേരോടുകൂടിയ ഒരു ചെറിയ ജാലകം തുറന്നു വരും. ഇതില്‍ ആവശ്യമായ വിവരങ്ങള്‍ (Project name, Author, Dimension, Options) നല്കി OK ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ( FPS - frames per second. കാര്‍ട്ടൂണ്‍ സിനിമകള്‍ സാധാരണയായി 12 fps ഉം സാധാരണ സിനിമകള്‍ 24 fps ഉം ആണ് എടുക്കാറുള്ളത്. ) ഇപ്പോള്‍ വന്നിരിക്കുന്ന ജാലകം ശ്രദ്ധിക്കൂ.



ചെറിയ ഒരു ആനിമേഷന്‍ തയ്യാറാക്കിനോക്കാം. 3 സെക്കന്റ് കൊണ്ട് ഒരു പക്ഷി പറന്നുപോകുന്ന ഭാഗമാണ് വേണ്ടതെങ്കില്‍ pencil ടൂളെടുത്ത് Workspace ല്‍ ഒരു പക്ഷിയുടെ ചിത്രം വരയ്ക്കുക. Color Palette ല്‍ നിന്നും ആവശ്യമായ നിറം സെലക്ട് ചെയ്ത് Internal fill ടൂളുപയോഗിച്ച് ചിത്രത്തിന് നിറം നല്കാം.

വരച്ചിരിക്കുന്ന ചിത്രം താഴെ കാണുന്ന രീതിയിലാകാം.

ഇപ്പോള്‍ നാം വരച്ചിരിക്കുന്നത് Frame 1 ലാണ്. ( Right sidebar ന്റെ Exposure sheet ലെ Scene 1 ന്റെ Layer 1 ലെ Frame 1 സെലക്ട് ആയി നില്‍ക്കുന്നത് കാണുന്നതിലൂടെ ഇത് മനസ്സിലാക്കാം.)

3 സെക്കന്റ് കൊണ്ട് ഒരു പക്ഷി പറന്നുപോകുന്ന ഭാഗമാണ് നമുക്ക് വേണ്ടത്. ഒരു സെക്കന്റില്‍ 12 ഫ്രെയിമുകളുടെ ചലനം എന്നാണ് നമ്മള്‍ എടുത്തിരിക്കുന്നത്. അതിനാല്‍ 3 സെക്കന്റില്‍ 36 ഫ്രെയിമുകളാണ്. ചലിക്കേണ്ടത്. അതുകൊണ്ട് ഒന്നാമത്തെ ഫ്രെയിമിലെ ചിത്രത്തിനെ 36 ഫ്രെയിമുകളിലേക്ക് കൊണ്ടുവരണം.
Right click on the 1st Frame → Copy frame → Select 2nd Frame → Right click → Paste in frame
Select 3rd Frame → Right click → Paste in frame
Select 4th Frame → Right click → Paste in frame
…...................
…...................
Select 32nd Frame → Right click → Paste in frame

ഇപ്പോള്‍ 36 ഫ്രെയിമുകളിലും ഒന്നാമത്തെ ഫ്രെയിമിലെ ചിത്രം വന്നിട്ടുണ്ടാകും.

ഇപ്പോള്‍ നാം കാണുന്നത് മുപ്പത്തിയാറാമത്തെ ഫ്രെയിമാണ്. ( മുപ്പത്തിയാറാമത്തെ ഫ്രെയിമാണ് സെല്ക്ടായി നില്‍ക്കുന്നത്. ) ഇനി നാം ചെയ്യേണ്ടത് രണ്ടാമത്തെ ഫ്രെയിം മുതല്‍ മുപ്പത്തിയാറാമത്തെ ഫ്രെയിമില്‍ വരെയുള്ള പക്ഷിയെ അല്പാല്പം മുമ്പോട്ട് നീക്കി വെയ്ക്കണം. ഇവിടെ നാം ശ്രദ്ധിക്കേണ്ട ഒരു കാര്യം ഒന്നാമത്തെ സെക്കന്റ് കഴിയുമ്പോള്‍ പക്ഷിയുടെ സ്ഥാനം എവിടെയായിരിക്കും, രണ്ടാമത്തെ സെക്കന്റ് കഴിയുമ്പോള്‍ പക്ഷിയുടെ സ്ഥാനം എവിടെയായിരിക്കും, മൂന്നാമത്തെ സെക്കന്റ് കഴിയുമ്പോള്‍ പക്ഷിയുടെ സ്ഥാനം എവിടെയായിരിക്കും എന്നതിനെക്കുറിച്ച ഒരു ധാരണയുണ്ടായിരിക്കണം.
ഒന്നാമത്തെ സെക്കന്റ് കഴിയുമ്പോള്‍ നാം Frame 12 ലും, രണ്ടാമത്തെ സെക്കന്റ് കഴിയുമ്പോള്‍ Frame 24 ലും, മൂന്നാമത്തെ സെക്കന്റ് കഴിയുമ്പോള്‍ Frame36 ലും എത്തിയിരിക്കും. അതാനാല്‍ ഈ മൂന്നു ഫ്രെയിമകളെ Key Frames എന്നു പറയാം.

ഇങ്ങനെ എല്ലാ ഫ്രെയിമുകളിലേയും ചിത്രങ്ങളെ ആവശ്യമായ സ്ഥാനങ്ങളില്‍ ക്രമീകരിച്ചതിനുശേഷം Modules മെനുവിലെ Animation ല്‍ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്ന വിന്‍ഡോയിലെ play ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ അനിമേഷന്റെ ഒരു preview കാണാം. വീണ്ടും Modules മെനുവിലെ Drawing (Illustration) ല്‍ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്ന വിന്‍ഡോയില്‍ എത്തിയാല്‍ ചെയ്തിരിക്കുന്ന ഭാഗങ്ങളില്‍ മാറ്റങ്ങള്‍ വരുത്താനും കൂടുതല്‍ ഫ്രെയിമുകള്‍ ഉള്‍പ്പെടുത്താനും മറ്റും സാധിക്കും.

തയ്യാറാക്കിയ അനിമേഷനെ Export ചെയ്യല്‍
File → Export Project → Video Formats → AVI Video or OGV Video or..... → Next → Scene 1 → Using the arrow mark transfer Scene 1 to the right side → Next → Save.

Home ഫോള്‍ഡറില്‍ അനിമേഷന്‍ video file വന്നിട്ടുണ്ടാകും.(ചെയ്തുകൊണ്ടിരിക്കുന്ന ഫയല്‍ ഇടയ്ക്കിടെ സേവ് ചെയ്യാന്‍ മറക്കരുത്. )


ഈ പിഡിഎഫ് ഫയല്‍ പ്രിന്റെടുത്ത് പഠിച്ചുതുടങ്ങിക്കോ..അപ്പോഴേക്കും അടുത്ത പാഠവുമായി സുരേഷ് സാര്‍ എത്തും, നിശ്ചയം.


Read More | തുടര്‍ന്നു വായിക്കുക

പാഠം രണ്ട് വൃത്തങ്ങള്‍

>> Tuesday, June 21, 2011

 പത്താംക്ലാസിലെ വൃത്തങ്ങളെക്കുറിച്ച് ജോണ്‍സാര്‍ തയ്യാറാക്കിയ ഈ പോസ്റ്റ് കാത്തിരിക്കുന്നവര്‍ അനവധിയാണെന്നറിയാം. ബ്ലോഗ് അഡ്​മിന്റെ ഡാഷ്ബോഡില്‍ കാണാവുന്ന സ്റ്റാറ്റിസ്റ്റിക്സ് പ്രകാരം ചുരുങ്ങിയത് നാലായിരം പേരെങ്കിലും ഇത്തരം പോസ്റ്റുകളിലൂടെ കടന്നുപോകുന്നവരായുണ്ട്. ഏതുതരം സംശയനിവൃത്തിയ്ക്കായും കൃഷ്ണന്‍സാറടക്കമുള്ളവരുടെ നിറസാന്നിധ്യവുമുണ്ട്. ഇതൊക്കെ പ്രയോജനപ്പെടുത്തി, കമന്റുചെയ്യുന്നവരുടെ എണ്ണം മാത്രമാണ് പ്രതീക്ഷക്കൊത്തുയരാത്തത്. കൂട്ടത്തില്‍ പറയട്ടെ, നമ്മുടെ ഈ കൊച്ചു ബ്ലോഗിനെ ദിനേന തന്റെ വിലപ്പെട്ട സമയത്തിന്റെ നല്ലൊരു പങ്ക് ചെലവഴിച്ച് നെഞ്ചോട് ചേര്‍ത്തുപിടിക്കുന്ന കൃഷ്ണന്‍ സാറിന്റെ നിസ്വാര്‍ത്ഥമായ ആത്മാര്‍ത്ഥതയാണ് മറ്റേതൊരു പ്രശംസാവാചകങ്ങളേക്കാളും ഞങ്ങളെ അഭിമാനം കൊള്ളിക്കുന്നത്. കൂടെ, അദ്ദേഹത്തിന്റെ ശിഷ്യത്ത്വത്തില്‍ 'ലേടെക്' പഠിച്ച് അതിന്റെ ഗുണം പ്രസരിപ്പിക്കുന്ന ജോണ്‍ സാറും. ഈ പോസ്റ്റിലെ ചോദ്യങ്ങളുടെ കൂടെയുള്ള ചിത്രങ്ങളും 'ലേടെക്' ഉപയോഗിച്ച് മെനഞ്ഞടുക്കാന്‍ പഠിച്ചത്, രണ്ടുദിവസം കുത്തിയിരുന്നാണെന്ന് എത്ര ചാരിതാര്‍ത്ഥ്യത്തോടെയാണ് അദ്ദേഹം പറഞ്ഞത്! ഇനി പോസ്റ്റിലേക്ക്.....


പത്താംക്ലാസിലെ വൃത്തങ്ങളെക്കുറിച്ചാണ് പോസ്റ്റ് . ജ്യാമിതീയ ആശയങ്ങളുടെ വളര്‍ച്ചയും പരിണാമവും വിളിച്ചോതുന്ന അവതരണം പാഠത്തിന്റെ സവിശേഷതയാണ്. അര്‍ദ്ധവൃത്തത്തിലെ കോണ്‍ മട്ടകോണാണെന്ന് എട്ടാംക്ലാസ് പാഠപുസ്തകത്തില്‍ പറഞ്ഞിട്ടുണ്ടല്ലോ. മട്ടത്രികോണത്തിന്റെ കര്‍ണ്ണവും എതിര്‍വശത്തുള്ള മട്ടകോണും മാറാതെ നിന്നുകൊണ്ട് ,മട്ടമുള്‍ക്കൊള്ളുന്ന ശീര്‍ഷത്തെ ചലിപ്പിച്ചാല്‍ അതിന്റെ സഞ്ചാരപാത അര്‍ദ്ധവൃത്തവും തുടര്‍ന്ന് വൃത്തവുമാകുമെന്ന് കാട്ടിത്തരുന്നു.അര്‍ദ്ധവൃത്തത്തേക്കാള്‍ വലിയ വൃത്തഭാഗങ്ങളും, ചെറിയ വൃത്തഭാഗങ്ങളും കോണ്‍ശീര്‍ഷത്തിന്റെ വ്യവസ്ഥകള്‍ അനുസരിച്ചുള്ള ചലനത്തിലൂടെ ദ്യശ്യമാക്കുന്ന പ്രവര്‍ത്തനങ്ങളുണ്ട് പാഠപുസ്തകത്തില്‍ .
ഒരു വൃത്തഖണ്ഡത്തിന് /ചാപത്തിന് മൂന്നുതരം കോണുകള്‍ രൂപീകരിക്കാന്‍ കഴിയും . ഒന്ന് - ചാപം അതില്‍തന്നെയുണ്ടാക്കുന്ന കോണ്‍. രണ്ട് - ചാപം കേന്ദ്രത്തിലുണ്ടാക്കുന്ന കോണ്‍ ,മൂന്ന് - ചാപം അതിന്റെ മറുചാപത്തില്‍ ഉണ്ടാക്കുന്ന കോണ്‍.ഈ മൂന്നു കോണുകളും തമ്മിലുള്ള ബന്ധം കുട്ടി ധാരാളം ചിത്രങ്ങള്‍ വരച്ച് (ജിയോജിബ്ര സോഫ്റ്റ് വെയറിന്റെ സാധ്യത പ്രത്യേകം പറയേണ്ടതില്ലല്ലോ). ചക്രീയ ചതുര്‍ഭുജത്തിന്റെ എതിര്‍കോണുകളുടെ തുക $180^\circ$ആണെന്ന് കുട്ടി തിരിച്ചറിയുന്നു.നിശ്ചിതമായ പേരുള്ള ചതുര്‍ഭുജങ്ങളില്‍ ചതുരം ,സമചതുരം , സമപാര്‍ശ്വലംബകം എന്നിവയാണ് ചക്രീയമാകുന്നത് .ചക്രീയ സാമാന്തരീകം ചതുരമാണെന്നതിന് ഉത്തരമെഴുതുമ്പോള്‍ ഉപയോഗിക്കേണ്ട യുക്തിയും ,ചതുരമല്ലാത്ത സാമാന്തരീകം ചക്രീയമല്ല എന്ന ചിന്തയുടെ ലിഖിതരൂപം എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് കുട്ടി അറിയട്ടെ.സമപാര്‍ശ്വലംബകം ചക്രീയമാണെന്ന പാഠപുസ്തപ്രവര്‍ത്തനം ക്ലാസില്‍ പൂര്‍ത്തിയാക്കുന്നതോടൊപ്പം അതിന്റെ എതിര്‍(converse)പ്രസ്താവനയെക്കുറിച്ചുകൂടി ചിന്തിക്കട്ടെ.
രണ്ട് ഞാണുകള്‍ വൃത്തത്തിനുള്ളിലും വൃത്തത്തിനു പുറത്തും ഖണ്ഡിക്കുന്ന സാഹചര്യത്തിന്റെ ചലനാത്മകതയാണ് ചതുരത്തിന് തുല്യപരപ്പളവുള്ള സമചതുരം വരക്കുന്ന രീതിയുടെ പിന്നിലുള്ളതെന്ന് കുട്ടി തിരിച്ചറിയുന്നു.ആശയങ്ങളുടെ ശരിയായ ഉള്‍ക്കൊള്ളലും അതിന്റെ പരിണിതഫലമായി രൂപം കൊള്ളുന്ന പ്രവര്‍ത്തനരീതിയുമാണ് ഗണിതപഠനത്തിന്റെ പ്രായോഗികവശം.ഈ രണ്ടുഘട്ടങ്ങളിലും യുക്തിചിന്ത ഒഴിവാക്കാനാവില്ല.അര്‍ഥമറിഞ്ഞ് കണക്കുപഠിക്കാന്‍ ഒരു തലമുറയെ പ്രാപ്തരാക്കുന്ന കൃഷ്ണന്‍ സാറിന്റെ നേത്യത്വത്തിലുള്ള പുതിയസംരംഭങ്ങളെ, അതിന്റെ സത്യസന്ധമായ ലക്ഷ്യത്തെ ഉള്‍ക്കൊള്ളാന്‍ നമുക്ക് ശ്രമിക്കാം
ഈ പോസ്റ്റിനു താഴെ ചില ഡൗണ്‍ലോഡുകള്‍ കൊടുത്തിട്ടുണ്ട്.
കൃഷ്ണന്‍ സാര്‍ തയ്യാറാക്കി അയച്ച ചിത്രത്തെളിവിനായി ഇവിടെ ക്ലിക്ക് ചെയ്യുക. 

CLICK here to get the questions prepared by John P A

കൃഷ്ണന്‍ സാര്‍ തയ്യാറാക്കിയ പുതിയ ചോദ്യങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക


Read More | തുടര്‍ന്നു വായിക്കുക

വിന്‍ഡോസിലും ലിനക്സിലും ഫോള്‍ഡറുകളും ഫയലുകളും പാസ്​വേഡ് ഉപയോഗിച്ച് പ്രൊട്ടക്ട് ചെയ്യാം

>> Sunday, June 19, 2011




സ്കൂളുകളില്‍ ഇപ്പോള്‍ ലാപ്​ടോപ്പുകളുടെ കാലമാണ്. അധ്യാപകര്‍ പലരും സ്വന്തമായി ഇവ വാങ്ങിക്കഴിഞ്ഞു. പഠനവിഭവങ്ങള്‍ നിറച്ച ലാപ്​ടോപ്പുകള്‍ ക്ലാസ് മുറികളെ ഭരിക്കാന്‍ തുടങ്ങിക്കൊണ്ടിരിക്കുന്നു. പൊതുവായി ഉപയോഗിക്കുന്നതും വ്യക്തിപരമായി ഉപയോഗിക്കുന്നതുമായ നിരവധി ലാപ്​ടോപ്പുകള്‍ സ്കൂളുകളിലുണ്ട്. അധ്യാപകരും മനുഷ്യരാണ്. എല്ലാവര്‍ക്കും വ്യക്തിപരമായ കാര്യങ്ങളുണ്ട്. വ്യക്തിപരമായ വിവരങ്ങള്‍ സൂക്ഷിച്ചു വയ്കാന്‍ ഈ ലാപ്​ടോപ്പുകള്‍ ചിലപ്പോള്‍ ഉപയോഗിക്കേണ്ടി വരും. അതില്‍ മറ്റുള്ളവര്‍ കൈകടത്തുന്നത് പലര്‍ക്കും ഇഷ്ടമല്ല താനും. ഈ പ്രശ്നം പരിഹരിക്കേണ്ടത് എങ്ങനെയെന്ന് പലര്‍ക്കും അറിയാം. അറിയില്ലാത്തവര്‍ക്കായി ഒരു സോഫ്ടുവെയര്‍ പരിചയപ്പെടുത്താന്‍ ആഗ്രഹിക്കുന്നു -
“Truecrypt”. തികച്ചും സ്വതന്ത്രമായ ഒരു മള്‍ട്ടി പ്ലാറ്റ്ഫോം സോഫ്ട് വെയര്‍. ക്രിപ്റ്റോഗ്രാഫിക്ക് പ്രിന്‍സിപ്പിള്‍ ഉപയോഗിച്ച് നിര്‍മിച്ചിരിക്കുന്ന ഈ സോഫ്ട് വെയര്‍ വിവിധ തരത്തിലുള്ള എന്‍ക്രിപ്ഷന്‍ അല്‍ഗോരിതങ്ങള്‍ സപ്പോര്‍ട്ട് ചെയ്യുകയും ഇഷ്ടമുള്ളത് തെരെഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യം തരുകയും ചെയ്യുന്നു.

ഇതിന്റെ ഏറ്റവും വലിയ സവിശേഷത ഒണ്‍-ദി-ഫ്ലൈ ആയിട്ടാണ് ഇത് പ്രവര്‍ത്തിക്കുന്നത് എന്നതാണ്. അതായത് എന്‍ക്രിപ്റ്റ് ചെയ്തിരിക്കുന്ന ഡാറ്റയെ പൂര്‍മായി ഡീക്രിപ്റ്റ് ചെയ്യാതെ ആവശ്യമുള്ള ഡാറ്റ അപ്പാപ്പോള്‍ റാമിലേക്ക് ഡീക്രിപ്റ്റ് ചെയ്ത് റണ്‍ ചെയ്യുന്നു. ഇത് പ്രവര്‍ത്തനവേഗം കൂട്ടുന്നു കൂടാതെ നീണ്ട കാത്തിരുപ്പുകള്‍ ഒഴിവാക്കുന്നു. സോഫ്റ്റ്​വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന വിധം താഴെ നല്‍കിയിരിക്കുന്നു.

പലരീതിയില്‍ ഈ സോഫ്ട് വെയര്‍ ഉപയൊഗിക്കാം. ഏറ്റവും ലളിതമായ ഉപയോഗരീതിയാണ് ഇവിടെ വിവരിക്കാന്‍ പോകുന്നത്. ആദ്യം സോഫ്ട് വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്യുക. അതിനുശേഷം സോഫ്ട് വെയര്‍ ഉപയോഗിച്ച് ഒരു എന്‍ക്രിപ്റ്റെഡ് ഫയല്‍ കണ്ടെയ്നര്‍ ഉണ്ടാക്കുക.( ഇഷ്ടമുള്ള സൈസില്‍). ഈ ഫയല്‍ കണ്ടൈനറിന് ഒരു പാസ് വേഡ് സെറ്റ് ചെയ്തിട്ടുണ്ടാകു. ( അല്ലെങ്കില്‍ കീ ഫയല്‍ ഉപയോഗിക്കാം). ഈ ഫയല്‍ കണ്ടെയ്നര്‍ നമ്മുടെ ഇഷ്ടാനുസരണം ഒരു വിര്‍ച്ച്വല്‍ ഡ്രൈവായി മൗണ്ട് ചെയ്യാം. ഈ ഡൈവിലേക്ക് സ്വകാര്യ ഫയലുകള്‍ കോപ്പി ചെയ്ത് ഡിസ് മൗണ്ട് ചെയ്താല്‍ ആ ഫയലുകള്‍ മറ്റാര്‍ക്കും തുറക്കാനാവില്ല. ഒരോതവണ മൗണ്ട് ചെയ്യുമ്പോഴും പാസ് വേഡ് കൊടുക്കേണ്ടി വരും. അങ്ങനെ ഡാറ്റയെ സെക്യുവര്‍ ആയി സംരക്ഷിക്കാം.

ഉപകാരപ്പെടുമെന്ന് ഉറപ്പുണ്ടെങ്കില്‍ അത് ഇന്‍സ്റ്റോള്‍ ചെയ്യുന്ന രീതിയും ഉപയോഗിക്കുന്നരീതിയും എങ്ങനെയെന്ന് നോക്കാം.


ഇന്‍സ്റ്റോള്‍ ചെയ്യുന്ന വിധം.

1. www.truecrypt.org എന്ന സൈറ്റില്‍ ചെല്ലുക.
2. ഡൗണ്‍ലോഡ്സില്‍ നിന്ന് നിങ്ങളുടെ ഒപ്പറേറ്റിംഗ് സിസ്റ്റത്തിന് അനുയോജ്യമായ ഇന്‍സ്റ്റാള്‍ പാക്കേജ് തെരെഞ്ഞെടുത്ത് ഡൗണ്‍ലോഡ്ചെയ്യുക. (IT@School ഉബുണ്ടുവിന് standard - 32 bit (x86) തെരെഞ്ഞെടുക്കുക)
3. ഡൗണ്‍ലോഡ് ചെയ്ത പാക്കേജ് എക്സ്ട്രാക്റ്റ് ചെയ്യുക
4. ലഭിക്കുന്ന ഫയലില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക. (Aministrative പ്രിവിലേജുള്ള യുസറായി വേണം ഇത് ചെയ്യാന്‍.)
5. ‌ തെളിഞ്ഞു വരുന്ന ഡയലോഗ് ബോക്സുകളില്‍ Install Truecrypt, I accept,ok എന്നിങ്ങനെ യൊക്കെ നല്‍കി ഈസിയായിട്ട് അങ്ങ് ഇന്‍സ്റ്റോള്‍ ചെയ്യുക. അത്രതന്നെ. (Aministrative പാസ് വേര്‍ഡ് ആവശ്യപ്പെടുമ്പോള്‍ നല്‍കണം)

ഉപയോഗിക്കുന്ന വിധം

A. ആദ്യം ഒരു പുതിയ എന്‍ക്രിപ്റ്റഡ് ഫയല്‍ കണ്ടൈനര്‍ ഉണ്ടാക്കാം

1. Applications->Accessories->Truecrypt എടുക്കുക
2. സോഫ്ട്വെയര്‍ ജി.യു.ഐ യിലെ Create Volume ബട്ടന്‍ അമര്‍ത്തുക.
3. ലഭിക്കുന്ന ട്രൂക്രിപ്പ്റ്റ് വോളിയം ക്രിയേഷന്‍ വിസാഡില്‍ Create encrypted file container സെലക്ട് ചെയ്ത് Next ബട്ടന്‍ അമര്‍ത്തുക.
4. അടുത്ത വിന്‍ഡോയില്‍ Standard True crypt volume സെലക്ട് ചെയ്ത് Next ബട്ടന്‍ അമര്‍ത്തുക.
5. അടുത്ത വിന്‍ഡൊയില്‍ sellect file ബട്ടന്‍ അമര്‍ത്തുക. file container നിര്‍മിക്കാനുള്ള നുള്ള ലോക്കെഷനും പേരും നല്‍കുക. (ഫയല്‍ നാമത്തിന് .tc “eg : vol1.tc" എന്ന എക്സ്റ്റെന്‍ഷന്‍ നല്‍കിയാല്‍ ഓട്ടോമാറ്റിക്കായി Truecrypt സോഫ്ട്വെയറുമായി ബന്ധിപ്പിച്ചുകൊള്ളും. അതായത് ഈസിയായി ഡബിള്‍ ക്ലിക്ക് ചെയ്ത് ഫയല്‍ കണ്ടൈനര്‍ മൗണ്ട് ചെയ്യാം.)
6. Save ബട്ടന്‍ അമര്‍ത്തുക.
7. Nextബട്ടന്‍ അമര്‍ത്തുക.
8. Nextബട്ടന്‍ അമര്‍ത്തുക. (എന്‍ക്രിപ്ഷന്‍ അല്‍ഗോരിതങ്ങള്‍ തെരെഞ്ഞടുക്കണമെങ്കില്‍ അതുമാവാം)
9. ഫയല്‍ സൈസ് എത്രവേണമെന്ന് കൊടുത്ത് Nextബട്ടന്‍ അമര്‍ത്തുക.
10. Password കൊടുത്ത് Nextബട്ടന്‍ അമര്‍ത്തുക.
11. File system type സ്പെസിഫൈ ചെയ്തുകൊടുത്ത് Nextബട്ടന്‍ അമര്‍ത്തുക.
12. Fromat ബട്ടന്‍ അമര്‍ത്തുക. പ്രോസസ് തീരുന്നതു വരെ കാത്തരിക്കുക.
13. എന്‍ക്രിപ്റ്റഡ് ഫയല്‍ കണ്ടൈനര്‍ തയ്യാറായി.
14. ട്രൂക്രിപപ്പ് വോളിയം ക്രിയേഷന്‍ വിസാഡ് ക്ലോസ് ചെയ്യുക.

B. എന്‍ക്രിപ്റ്റഡ് ഫയല്‍ കണ്ടൈനര്‍ ഉപയോഗിക്കുന്നതെങ്ങനെയെന്ന് നോക്കാം.

1. Truecryptജി.യു.ഐ യിലെ sellect file ബട്ടന്‍ അമര്‍ത്തി നേരത്തേ ഉണ്ടാക്കിയ ഫയല്‍ കണ്ടൈനര്‍ ബൗസ് ചെയ്ത് സെലക്ട് ചെയ്യുക.
2. ഒരു ഡ്രൈവ് സ്ലോട്ട് സെലക്ട് ചെയ്യുക.
3. Mount ബട്ടന്‍ അമര്‍ത്തുക.
4. ഫയല്‍ കണ്ടൈനറിന് കോടുത്ത് പാസ് വേര്‍ഡ് കൃത്യമായി നല്‍കുക.(administrator password ചോദിച്ചാല്‍ അതും കൊടുക്കുക)
5. ഡ്രൈവ് മൗണ്ട് ചെയ്യപ്പെടും.
6. പ്രൈവറ്റ് ഫയലുകള്‍ ഈ ഡൈവില്‍ സൂക്ഷിക്കുക. അവശ്യം കഴിഞ്ഞാല്‍ ഡിസ് മൗണ്ട് ചെയ്യുക.
7. ഇനി നിങ്ങളുടെ വ്യക്തിപരമായ ഡാറ്റാ നിങ്ങള്‍ക്ക് മാത്രം.

മറ്റ് പല ഓപഷനുകളും ഈ സോഫ്​റ്റ്​​​വെയറിലുണ്ട് കൂടുതല്‍ കാര്യങ്ങള്‍ കമന്റിലൂടെ ചര്‍ച്ച ചെയ്യാം......


Read More | തുടര്‍ന്നു വായിക്കുക

പത്താം ക്ലാസ് ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങള്‍

>> Wednesday, June 15, 2011


സ്ക്കൂള്‍ തുറന്നിട്ട് പതിനഞ്ചു ദിവസം തികയുകയാണ് ഇന്ന്. ഇതേ വരെ പല ക്ലാസുകളിലേയും പുസ്തകങ്ങള്‍ പലയിടത്തും കുട്ടികള്‍ക്ക് ലഭിച്ചിട്ടേയില്ല. പത്താം ക്ലാസ് മാത്രമല്ല ഒന്‍പതിലേയും എട്ടിലേയുമെല്ലാം അവസ്ഥ ഇതു തന്നെ. എന്തു കൊണ്ട് പാഠപുസ്തക വിതരണം ഈ വിധത്തിലാകുന്നു? രണ്ടു മാസത്തെ അവധിയുടെ ആലസ്യം വിതരണത്തേയും ബാധിക്കുന്നുണ്ടെന്നാണോ മനസ്സിലാക്കേണ്ടത്? പത്രങ്ങളില്‍ ഇതേക്കുറിച്ച് വാര്‍ത്തകള്‍ വന്നിട്ടും, അധികാരകേന്ദ്രങ്ങള്‍ എന്തുകൊണ്ട് ഇത്തരം കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുന്നില്ല? തുടര്‍ന്നുള്ള വര്‍ഷങ്ങളിലെങ്കിലും ഈ ഗതി മാറിക്കിട്ടണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. ഈ വര്‍ഷത്തെ പത്താം ക്ലാസ് ടെക്സ്റ്റ് പുസ്തകങ്ങള്‍ മാറിയെന്നറിഞ്ഞപ്പോള്‍ ആരംഭിച്ച ആവലാതികള്‍ക്ക് പലവിധ കാരണങ്ങള്‍ കൊണ്ട് ഇപ്പോഴും അവസാനമായില്ല. സമയോചിതമായി എസ്.സി.ഇ.ആര്‍.ടി വഴി ലഭിച്ച പാഠപുസ്തകങ്ങളുടെ മലയാളം പതിപ്പുകളുടെ പി.ഡി.എഫുകള്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വളരെയധികം പ്രയോജനപ്പെട്ടു. അപ്പോഴും അധ്യാപകര്‍ ഇംഗ്ലീഷ് പതിപ്പുകള്‍ക്കായി ആവശ്യപ്പെടുന്നുണ്ടായിരുന്നു. ഇവിടെയും നമ്മുടെ രക്ഷയ്ക്ക് എസ്.സി.ഇ.ആര്‍.ടി എത്തിക്കഴിഞ്ഞു. അതിനുള്ള കടപ്പാട് ആത്മാര്‍ത്ഥമായി രേഖപ്പെടുത്തട്ടെ. താഴെയുള്ള 'തുടര്‍ന്നു വായിക്കുക' എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് പത്താം ക്ലാസിലെ ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

Science-I (English Medium)

Amugham , Chapter-01, 02 , 03, 04, 05, 06, 07, 08

Science-II (English Medium)
Amugham, Chapter-09, 10, 11, 12, 13, 14, 15, 16

Science-III (English Medium)
Amugham , Chapter-01, 02, 03, 04, 05, 06, 07, 08 
 
Social Science-I (English Medium)
Amugham, Chapter-01, 02, 03, 04, 05, 06, 07, 08, 09, 10, 11, 12
 
Social Science-II (English Medium)
Amugham Chapter-01 , 02, 03, 04, 05, 06, 07, 08, 09, 10, 11, 12 
 
Mathematics Part-I (English Medium)
Amugham, Chapter-01, 02 , 03, 04, 05, 06
 
Mathematics Part-II (English Medium)
Amugham, Chapter-07, 08, 09, 10, 11, Glossary

Information Technology (English Medium)
ICT Text Std X


Read More | തുടര്‍ന്നു വായിക്കുക

തുടര്‍മുല്യനിര്‍ണ്ണയ പ്രവര്‍ത്തനങ്ങള്‍

>> Monday, June 13, 2011


ഗണിതബ്ലോഗില്‍ 'ഗണിത പോസ്റ്റുകളുടെ കുറവില്‍ 'ആശങ്കപ്പെട്ട് വിളിക്കുന്നവരുടെ എണ്ണം ഈയിടെയായി വര്‍ദ്ധിച്ചുവരുന്നുണ്ട്. ജോണ്‍സാറിനും കൃഷ്ണന്‍ സാറിനുമൊക്കെ വലിയ തെരക്കുകള്‍ക്കിടയിലും ചെയ്യാവുന്ന കാര്യങ്ങള്‍ക്ക് പരിമിതി കാണുമല്ലോ..! അത് പരിഹരിക്കാന്‍ മറ്റുള്ളവരും മുന്നോട്ടുവരേണ്ടതുണ്ട്.
സമാന്തരശ്രേണിയില്‍ നിന്നും രൂപപ്പെടുത്താവുന്ന ചില തുടര്‍മൂല്യനിര്‍ണ്ണയ ഉപാധികളെക്കുറിച്ചാണ് ഇന്നത്തെ പോസ്റ്റ്.സമാന്തരശ്രേണിയുടെ ഒരു നിശ്ചിത പദം കാണുന്നതിനുള്ള പൊതുരീതി പരിശീലിച്ചശേഷം ഇതൊന്നു പരിശോധിച്ചുനോക്കൂ.

ഒരു സംഖ്യയുടെ ഘനം(Cube)കണക്കാക്കുന്നതിന് സമാന്തരശ്രേണി ഉപയോഗിക്കുന്ന ഒരു രീതിയുണ്ട് . n പദങ്ങളുള്ള ഒരു സമാന്തരശ്രേണി പരിഗണിക്കുക. അതിന്റെ ആദ്യത്തെ പദം n ആയും പൊതുവ്യത്യാസം 2n ആയും വരത്തക്കവിധമാണ് ശ്രേണി എഴുതേണ്ടത്.

\begin{align}
\begin{equation}
n,3n,5n,7n ,9n , 11n,13n...
\end{equation}
\end{align}
എന്നിങ്ങനെ ശ്രേണി എഴുതിയാല്‍ അവസാനത്തെ പദം ഈ ശ്രേണിയുടെ അവസാനപദം $2 n^2 - n $ ആണല്ലോ .ഈ ശ്രേണിയുടെ പദങ്ങളുടെ തുക $n^3$ ആയിരിക്കും.
ഈ രീതിയ്ക്ക് ചരിത്രപരമായ ഒരു പ്രാധാന്യമുണ്ട്.ഇന്‍ഡ്യന്‍ ഗണിതഞ്ജനായ മഹാവീരനാണത്രേ ഈ രീതി ആവിഷ്ക്കരിച്ചത്.കളക്ഷന്‍ ബുക്കിലേയ്ക്ക് നിര്‍ദ്ദേശിക്കാവുന്ന ഒരു വിവരമായി ഇതുകാണാവുന്നതാണ്.സമാന്തരശ്രേണി എന്ന ആശയം വിജയകരമായി ഉപയോഗിക്കാവുന്ന ഒരു സാഹചര്യം കൂടിയാണിത്.

ഒരു പ്രോജക്ട് രൂപം കൊള്ളുന്നു

ഇനി ഒരു പ്രോജക്ട് വിഷയമാകാം. വിവിധ സാഹചര്യങ്ങളില്‍ നിന്നും രൂപം കൊള്ളുന്ന ശ്രേണികള്‍ , അവയില്‍ നിന്നും രൂപപ്പെടാവുന്ന സംഖ്യാശ്രേണികള്‍,വിവിധങ്ങളായ സംഖ്യാശ്രേണികളില്‍ നിന്നും തിരിച്ചറിയപ്പെടുന്ന സമാന്തരശ്രേണികള്‍, സമാന്തരശ്രേണികളുടെ തനതായ പ്രത്യേകതകള്‍, അവയുടെ ബീജഗണിതഭാഷ്യം എന്നിവയാണല്ലോ പഠനവസ്തുതകള്‍.
‌\begin{align}
\begin{equation}
1 ,2 ,3 ,4 ,5 ,6 ,7 ,8 ,9 ,10 ,11 ,12 ,13 ,14 ,....
\end{equation}
\end{align}
എണ്ണല്‍സംഖ്യാശ്രേണിയുടെ ഇടത്തെ അറ്റംമുതല്‍ രണ്ടുവീതം കൂട്ടി ഒരു പുതിയ ശ്രേണി എഴുതാം.
‌\begin{align}
\begin{equation}
3 ,7 ,11 ,15 ,19, 23 ,27 ,31 ,35 ......
\end{equation}
\end{align}
ഇനി ഇതുപോലെ മൂന്നു എണ്ണല്‍സംഖ്യകള്‍ വീതം കൂട്ടി ശ്രേണി എഴുതുക.ഇങ്ങനെ നാലെണ്ണം , അഞ്ചെണ്ണം , ആറെണ്ണം എന്ന ക്രമത്തില്‍ കൂട്ടി ശ്രേണികള്‍ എഴുതാം. ഇവയെല്ലാം സമാന്തരശ്രേണികളായിരിക്കുമല്ലോ.
  1. ഇങ്ങനെ എഴുതുന്ന സമാന്തരശ്രേണികളുടെ പൊതുവ്യത്യാസത്തിന് എന്തുപ്രത്യേകതയാണുള്ളത്?
  2. n ​എണ്ണല്‍ സംഖ്യകള്‍ വീതം കൂട്ടി ശ്രേണിയുമ്ടാക്കിയാല്‍ അതിന്റെ പൊതുവ്യത്യാസം എത്രയായിരിക്കും?
  3. എണ്ണല്‍ സംഖ്യകളുടെ സ്ഥാനത്ത് ഒരു സമാന്തരശ്രേണി ഉപയോഗിച്ച് ഈ പ്രവര്‍ത്തനം തുടര്‍ന്നാല്‍ എന്താണ് നിരീക്ഷിക്കാന്‍ കഴിയുന്നത്?
  4. ഒരു സമാന്തരശ്രേണിയുടെ ആദ്യത്തെ n പദങ്ങളുടെ തുകയും പീന്നീടുള്ള n പദങ്ങഴുടെ തുകയും തമ്മിലുള്ള വ്യത്യാസം എത്രയാണ്?(ഒരുക്കം 2007)

കളക്ഷന്‍ ബുക്കിലേയ്ക്ക്
പൂജ്യം മുതല്‍ 20 വരെയുള്ള അഖണ്ഡസംഖ്യകള്‍ 3 എണ്ണം വീതമുള്ള 7 ഗ്രൂപ്പുകളാക്കുക.ഒരു ഗ്രൂപ്പിലുള്ള മൂന്നു സംഖ്യകളുടെ തുകയാണ് ഗ്രൂപ്പുതുക.ഗ്രൂപ്പുതുകകള്‍ തുടര്‍ച്ചയായ ഏഴ് എണ്ണല്‍സംഖ്യകളായിരിക്കണം. എപ്രകാരം ഗ്രൂപ്പുകളാക്കാം.‌‌
1 മുതല്‍ $n$ വരെയുള്ള എണ്ണല്‍ സംഖ്യകളുടെ തുക$ ‌\frac{n(n+1)}{2}$ ആയിരിക്കും.ഈ ആശയം ഉചിതമായി ഉപയോഗിക്കാവുന്നതാണ്.ഗ്രൂപ്പുതുക $x$ ല്‍ നിന്നും തുടങ്ങുന്നു എന്നു കരുതുക. ഇനിയുള്ള ആറ് തുകകള്‍ ഏതൊക്കെയെന്ന് എഴുതാമല്ലോ. ഗ്രൂപ്പുതുകകളുടെ തുകയാണല്ലോ 210..........


Read More | തുടര്‍ന്നു വായിക്കുക

ഐതിഹ്യമാല ഡിജിറ്റല്‍ രൂപത്തില്‍..!

>> Friday, June 10, 2011


നമ്മുടെ പുരാതന കേരളത്തിന്റെ ഐതിഹ്യങ്ങള്‍ പ്രതിപാദിക്കുന്ന ഐതിഹ്യമാലയെക്കുറിച്ച് മുമ്പൊരിക്കല്‍ രാമനുണ്ണിമാഷ് എഴുതിയ ഒരു പോസ്റ്റ് വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാകുമല്ലോ..? കൂട്ടായ്മയിലൂടെ ലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന വിക്കി സംരംഭത്തിലൂടെ ഇതിനൊരു ഡിജിറ്റല്‍ ഭാഷ്യം രചിച്ചിരിക്കുകയാണ് നിസ്വാര്‍ത്ഥരായ ഒരു കൂട്ടം സുമനസ്സുകള്‍..! മണ്‍മറഞ്ഞുപോകുന്ന നമ്മുടെ പുരാതന കലാരൂപങ്ങളുടെ വീണ്ടെടുപ്പിന് ശക്തിപകരാന്‍ ഇത്തരം സംരംഭങ്ങള്‍ എത്രമാത്രമാണ് സഹായകമാകുന്നതെന്ന് പറയേണ്ടതില്ലല്ലോ..!

ഒരു കൂട്ടം മലയാള ഭാഷാപ്രേമികളുടെ പ്രവര്‍ത്തനഫലമായി ഐതിഹ്യമാല പ്രോജക്റ്റിന്റെ യൂണീക്കോഡ് ഡിജിറ്റൈസേഷന്‍ പൂര്‍ത്തിയായിരിക്കുകയാണ്. ഇനി വിക്കിഗ്രന്ഥശാലയില്‍ ഓണ്‍ലൈനായിതന്നെ ഐതിഹ്യമാലയിലെ കഥകള്‍ വായിക്കാം. ഡിജിറ്റല്‍ മലയാളത്തിന് ഇത് ഒരു മുതല്‍ക്കൂട്ട് തന്നെയായിരിക്കും. മലയാളം ഇ ബുക്സ് എന്ന വെബ് സൈറ്റാണ് ഈ വലിയ ഗ്രന്ഥത്തിന്റെ ഡിജിറ്റൈസേഷന്‍ ആരംഭിച്ചത്. അവരുമായി സഹകരിച്ച് 120 പേജോളം മലയാളം വിക്കി പ്രവര്‍ത്തകര്‍ മലയാളം യൂണീക്കോഡീലാക്കിയെങ്കിലും ഗ്രന്ഥശാലയില്‍ എത്തിക്കുന്നതിന് പിന്നീട് സാങ്കേതിക തടസ്സമുണ്ടായി. തുടര്‍ന്ന് പ്രസ്തുത സൈറ്റുകാര്‍ പ്രസിദ്ധീകരിച്ച് പിഡിഎഫിലെ ആസ്ക്കിയുള്ള പാഠം യൂണീക്കോഡിലേക്ക് മാറ്റം വരുത്തിയാണ് കൃതി ചേര്‍ത്തത്. വിക്കി ഗ്രന്ഥശാലയുടെ ഓഫ് ലൈന്‍ സിഡിയില്‍ ഈ ഗ്രന്ഥം ഉള്‍പ്പെടുത്താന്‍ പിന്നെയും പ്രൂഫ് റീഡീങ്ങ് എന്നൊരു കടമ്പ കടക്കേണ്ടി വന്നു. ഒരാഴ്ചകൊണ്ട് ഐതിഹ്യമാലയിലെ 800 പേജുകളിലായുള്ള 126 അദ്ധ്യായങ്ങളിലെ അക്ഷരത്തെറ്റുകളൂം വിക്കിരീതിയിലുള്ള ഫോര്‍മാറ്റിങ്ങും പരിശോധിക്കുക എന്നത് വലിയ അദ്ധ്വാനം ആവശ്വമുള്ള ലക്ഷ്യമായിരുന്നു. ആ ലക്ഷ്യം സന്നദ്ധപ്രവര്‍ത്തകരുടെ പ്രവര്‍ത്തനഫലമായി ഇന്ന് പൂര്‍ത്തിയായി. വിക്കിഗ്രന്ഥശാല പുറത്തിറക്കുന്ന തിരെഞ്ഞെടുത്ത കൃതികളുടെ സി ഡി സമാഹാരത്തില്‍ ഐതിഹ്യമാലയും വായിക്കാം. ഇപ്പോഴും വിപണിയില്‍ കൂടുതല്‍ വില്പന നടന്നുകൊണ്ടിരിക്കുന്ന ഈ പുസ്തകം ഗ്രന്ഥശാലയിലെത്തുന്നതോടെ അത് മലയാളിക്ക് സൗജന്യമായി ലഭ്യമാകുകയാണ്. മലയാളം ഇ ബുക്സ് സൈറ്റിന്റെ അഡ്മിന്‍ ശങ്കരനും, ഈ പദ്ധതി പൂര്‍ത്തിയാക്കാനുള്ള പിന്തുണ നല്കുകയും ടൈപ്പ് ചെയ്യാനും പ്രൂഫ് റീഡ് ചെയ്യാനും സന്മനസുള്ള ആളുകളെ കണ്ടെത്താനും സഹായിച്ച ഷിജു അലെക്സിനും സന്തോഷ് തോട്ടിങ്ങലിനും ഈ അവസരത്തില്‍ നന്ദി രേഖപ്പെടുത്തുന്നു. വളരെയധികം ആളുകള്‍ ഈ പദ്ധതിയുമായി സഹകരിക്കാന്‍ മുന്നോട്ടുവന്നു. ടൈപ്പ് ചെയ്തും പ്രൂഫ് നോക്കിയും ഈ പദ്ധതിയില്‍ സഹകരിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നു. ഇത് ഒരു കൂട്ടായ പ്രവര്‍ത്തനത്തിന്റെ വിജയമാണ്. വളരെ അദ്ധ്വാനം ആവശ്യമുള്ള ഇതുപോളൂള്ള ഡിജിറ്റൈസേഷന്‍ പദ്ധതികള്‍ക്ക് കൂടുതല്‍ ആളുകള്‍ മുന്നോട്ടു വരേണ്ടതുണ്ട്. പകര്‍പ്പാവകാശം കഴിഞ്ഞിട്ടുള്ള നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങള്‍ ഡിജിറ്റൈസ് ചെയ്ത് വയ്ക്കേണ്ടത് ഭാഷയുടെ നിലനില്പ്പിന് ആവശ്യമാണ്. ഇ-വായനയും എഴുത്തും ആയിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍. അതുകൊണ്ട് നിങ്ങളുടെ ഒഴിവുസമയങ്ങളില്‍ കുറച്ച് വിക്കിഗ്രന്ഥശാല പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവയ്ക്കും എന്ന് പ്രതീക്ഷിക്കുന്നു. ഈ പദ്ധതിയുടെ മറ്റു വിവരങ്ങള്‍ കൂടി ഇതിന് താഴെ ചേര്‍ക്കുന്നു. ആരുടേയെങ്കിലും പേര് വിട്ടുപോയിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക. ഐതിഹ്യമാലയില്‍ ഇനിയും അക്ഷരതെറ്റുകളും മറ്റും കാണുകയാണെങ്കില്‍ അത് തിരുത്താന്‍ കൂടി അഭ്യര്‍ഥിക്കുന്നു. ഈ പതിപ്പിനെ സംബന്ധിച്ച വിവരങ്ങൾ
ആദ്യപതിപ്പ്
ഐതിഹ്യമാല, കൊട്ടാരത്തിൽ ശങ്കുണ്ണി
ഉറവിടം
പങ്കാളി(കൾ)
ആത്മ, ജെറിൻ ഫിലിപ്പ്, കുഞ്ഞൻസ്, കല്യാണി, മനോജ്. കെ, മലയാളം ഇ ബുക്ക് ടീം ജയ്ദീപ് ജോൺ റോഡ്രിഗ്സ്, കണ്ണൻ ഷൺമുഖം, സനൽ ശശിധരൻ, അൻവർ വടക്കൻ, വെള്ളെഴുത്ത്, അനീഷ് എൻ.എൽ., അഫ്താബ് ഷെയ്ഖ്, നിരക്ഷരൻ, ശ്യാം കുമാർ, വിനേഷ് പുഷ്പർജ്ജുനൻ, ജിഷ്ണു മോഹൻ, നിഷാന്ത്, അഖിലൻ എസ്. ഉണ്ണിത്താൻ, സജി നെടിയഞ്ചത്ത്, കുര്യൻ, എ.പി. ബാലകൃഷ്ണൻ,സൂര്യഗായത്രി
98%
കുറിപ്പുകൾ
120 പേജുകൾ വിക്കി പ്രവർത്തകർ ഡിജിറ്റൈസ് ചെയ്തു. ബാക്കിയുള്ളവ ആസ്ക്കിയിലുള്ള പുസ്തകത്തിൽ നിന്ന് പയ്യൻസ് എന്ന സോഫ്റ്റ്വെയർ ഉപയോഗിച്ച് മനോജ്. കെ യൂണിക്കോഡിലേക്ക് മാപ്പ് ചെയ്തെടുത്തു.
സംശോധകർ

പദ്ധതി ഏകോപനം : മനോജ്.കെ< കൂടുതല്‍ വിവരങ്ങള്‍

വിക്കിഗ്രന്ഥശാല


Read More | തുടര്‍ന്നു വായിക്കുക

മലയാളവും ഐടിയും പ്രണയത്തില്‍..!

>> Tuesday, June 7, 2011


കണ്ണുനീരില്‍ പൊതിഞ്ഞ ചിരി എന്ന പോസ്റ്റിലൂടെ തന്റെ ഘനഗംഭീരമായ ശബ്ദത്തില്‍ ചാര്‍ലി ചാപ്ളിന്റെ ജീവിതത്തെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയുമായത്തിയ അഹമ്മദ് ഷെരീഫ് ഗുരുക്കളെ ഓര്‍ക്കുന്നില്ലേ..? ഒട്ടേറെ വായനക്കാരുടെ, പ്രത്യേകിച്ച് മലയാള അധ്യാപകരുടെ മുക്തകണ്ഠ പ്രശംസ പിടിച്ചു പറ്റിയ ആ പോസ്റ്റ് കഴിഞ്ഞ നവംബറിലാണ് നാം പ്രസിദ്ധീകരിച്ചത്. കാസര്‍കോട് മോഡല്‍ ഗവണ്‍മെന്റ് ഹൈസ്ക്കൂള്‍ ഫോര്‍ ഗേള്‍സിലെ അധ്യാപകനായ അഹമ്മദ് ഷെരീഫ് കുരിക്കള്‍ തികച്ചും ക്ലാസ് റൂം പ്രവര്‍ത്തനങ്ങള്‍ക്കായി തയ്യാറാക്കിയ വീഡിയോയായിരുന്നൂ "ചിരിയുടെ രാജകുമാരന്‍ ". പത്താം ക്ലാസിലെ മലയാളം ഒന്നാം യൂണിറ്റ് വിനിമയം ചെയ്യാന്‍ സഹായിക്കുന്ന മറ്റൊരു കിടിലന്‍ ദൃശ്യ ശ്രാവ്യാനുഭവവുമായാണ് ഇത്തവണ ഷെരീഫ് സാര്‍ നമ്മിലേക്കെത്തുന്നത്. ഇതൊന്നു കാണുകയും അവശ്യം കുട്ടികളെ കാണിക്കുകയും ചെയ്യുന്നത് മലയാളാധ്യാപനത്തെ വളരെയധികം സഹായിക്കുമെന്നുറപ്പ്. ഈ വീഡിയോ കാണുന്ന വിദ്യാര്‍ത്ഥിക്ക് പാഠഭാഗം ഹൃദിസ്ഥമാകാന്‍ മറ്റൊന്നും ചെയ്യേണ്ടെന്നു സാരം. അഭിപ്രായങ്ങള്‍ കമന്റുകളായൊഴുകിവരുന്നതിനായി കാത്തിരിക്കുന്നു. ഒപ്പം സ്കൂളില്‍ ലഭ്യമായ ഹാന്റിക്യാമും നമുക്ക് സ്വന്തമായുള്ള ഓപണ്‍ഷോട്ടും ഒഡാസിറ്റിയുമൊക്കെ ഉപയോഗപ്പെടുത്തി, ഇതുപോലെ ഉപകാരപ്രദമാ വീഡിയോകളുണ്ടാക്കി പങ്കുവെക്കെന്നേ..! ഐടി പിരീഡുകളും മലയാളം പിരീഡുകളും തമ്മില്‍ വിവാദങ്ങളുണ്ടാക്കാന്‍ ആര്‍ക്കും കഴിയാത്തവണ്ണം ചേര്‍ന്നിരിക്കട്ടെ, അല്ലേ..? വീഡിയോ കണ്ടോളൂ....



വീഡിയോയെയും വിഷയത്തെയും കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ കുറിച്ചിടണേ.


Read More | തുടര്‍ന്നു വായിക്കുക

ആദ്യ മൂന്ന് അധ്യായങ്ങളുടെ സമഗ്രാസൂത്രണം

>> Saturday, June 4, 2011

പുതുപുത്തന്‍ പ്രതീക്ഷകളുമായി നവോന്മേഷത്തോടെ പുതിയൊരു വര്‍ഷം കൂടി കടന്നു വന്നു. നിറങ്ങളില്‍ ചാലിച്ച പത്താം ക്ലാസിലെ ഗണിതപാഠപുസ്തകം നമ്മുടെ കൈകളിലേക്കെത്തി. ഇനി അധ്യയനത്തിന്റെ നാളുകള്‍. ഈ വര്‍ഷവും അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമൊപ്പം മാത്​സ് ബ്ലോഗുണ്ടാകും. കൃഷ്ണന്‍ സാര്‍ തയ്യാറാക്കിയ സമാന്തരശ്രേണിയിലെ അധിക ചോദ്യങ്ങള്‍ അവധിക്കാലത്ത് പ്രസിദ്ധീകരിച്ചത് കണ്ടിരിക്കുമല്ലോ. നിങ്ങളുടെ സംശയങ്ങള്‍, കണ്ടെത്തലുകള്‍.. എല്ലാം ബ്ലോഗിലൂടെ നമുക്ക് പങ്കുവെക്കാം. ക്ലാസ് മുറികളില്‍ നിങ്ങള്‍ പ്രയോഗിക്കുന്ന പഠനതന്ത്രങ്ങള്‍, എളുപ്പവഴികള്‍ എല്ലാം നമുക്ക് കൈമാറ്റം ചെയ്യാം. അങ്ങനെ നമ്മുടെ വൈജ്ഞാനികലോകം കൂടുതല്‍ വിപുലമാകട്ടെ. കാലം ഇത്രയേറെ പുരോഗമിച്ചിട്ടും കമ്പ്യൂട്ടറിനോടും ഇന്റര്‍നെറ്റിനോടുമെല്ലാം ഒട്ടും തന്നെ താല്പര്യമില്ലാത്ത അനവധി നിരവധി അധ്യാപകര്‍ നമുക്കൊപ്പം തന്നെയുണ്ട്. അവരെല്ലാം നമ്മുടെ ചര്‍ച്ചയിലേക്ക് വന്നെങ്കില്‍..!!!! ഈ വര്‍ഷത്തെ പത്താം ക്ലാസ് പാഠപുസ്തകത്തിലെ ആദ്യ മൂന്നു പാഠങ്ങളുടെ സമഗ്രാസൂത്രണം ജോണ്‍ സാര്‍ തയ്യാറാക്കിയത് ഈ പോസ്റ്റിനൊടുവില്‍ നല്‍കിയിരിക്കുന്നു. സമഗ്രാസൂത്രണത്തെ ലാ-ടെക് എന്ന ടൈപ് സെറ്റിങ് സോഫ്റ്റ്​വെയര്‍ ഉപയോഗിച്ച് ഡൗണ്‍ലോഡ് ചെയ്യാനാകും വിധം പി.ഡി.എഫ് രൂപത്തിലേക്ക് മാറ്റിയത് ആദരണീയനായ നമ്മുടെ കൃഷ്ണന്‍ സാറാണ്. താഴെയുള്ള ലിങ്കില്‍ നിന്നും അവ ഡൗണ്‍ലോഡ് ചെയ്തെടുക്കാം. ഐടി@സ്ക്കൂള്‍ തയ്യാറാക്കിയ ആദ്യ രണ്ട് അധ്യായങ്ങളുടെ ജിയോജിബ്ര പാക്കേജും താഴെയുള്ള ലിങ്കില്‍ നല്‍കിയിട്ടുണ്ട്. ചര്‍ച്ചയ്ക്ക് തുടക്കമിടുമല്ലോ.

Chapter-1 Arithmetic sequence
Chapter-2 Circles
Chapter-3 Second Degree Equations
Geogebra Package for Chapter - 1 & 2 (33.5 MB)


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer