ഐതിഹ്യമാല ഡിജിറ്റല്‍ രൂപത്തില്‍..!

>> Friday, June 10, 2011


നമ്മുടെ പുരാതന കേരളത്തിന്റെ ഐതിഹ്യങ്ങള്‍ പ്രതിപാദിക്കുന്ന ഐതിഹ്യമാലയെക്കുറിച്ച് മുമ്പൊരിക്കല്‍ രാമനുണ്ണിമാഷ് എഴുതിയ ഒരു പോസ്റ്റ് വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാകുമല്ലോ..? കൂട്ടായ്മയിലൂടെ ലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന വിക്കി സംരംഭത്തിലൂടെ ഇതിനൊരു ഡിജിറ്റല്‍ ഭാഷ്യം രചിച്ചിരിക്കുകയാണ് നിസ്വാര്‍ത്ഥരായ ഒരു കൂട്ടം സുമനസ്സുകള്‍..! മണ്‍മറഞ്ഞുപോകുന്ന നമ്മുടെ പുരാതന കലാരൂപങ്ങളുടെ വീണ്ടെടുപ്പിന് ശക്തിപകരാന്‍ ഇത്തരം സംരംഭങ്ങള്‍ എത്രമാത്രമാണ് സഹായകമാകുന്നതെന്ന് പറയേണ്ടതില്ലല്ലോ..!

ഒരു കൂട്ടം മലയാള ഭാഷാപ്രേമികളുടെ പ്രവര്‍ത്തനഫലമായി ഐതിഹ്യമാല പ്രോജക്റ്റിന്റെ യൂണീക്കോഡ് ഡിജിറ്റൈസേഷന്‍ പൂര്‍ത്തിയായിരിക്കുകയാണ്. ഇനി വിക്കിഗ്രന്ഥശാലയില്‍ ഓണ്‍ലൈനായിതന്നെ ഐതിഹ്യമാലയിലെ കഥകള്‍ വായിക്കാം. ഡിജിറ്റല്‍ മലയാളത്തിന് ഇത് ഒരു മുതല്‍ക്കൂട്ട് തന്നെയായിരിക്കും. മലയാളം ഇ ബുക്സ് എന്ന വെബ് സൈറ്റാണ് ഈ വലിയ ഗ്രന്ഥത്തിന്റെ ഡിജിറ്റൈസേഷന്‍ ആരംഭിച്ചത്. അവരുമായി സഹകരിച്ച് 120 പേജോളം മലയാളം വിക്കി പ്രവര്‍ത്തകര്‍ മലയാളം യൂണീക്കോഡീലാക്കിയെങ്കിലും ഗ്രന്ഥശാലയില്‍ എത്തിക്കുന്നതിന് പിന്നീട് സാങ്കേതിക തടസ്സമുണ്ടായി. തുടര്‍ന്ന് പ്രസ്തുത സൈറ്റുകാര്‍ പ്രസിദ്ധീകരിച്ച് പിഡിഎഫിലെ ആസ്ക്കിയുള്ള പാഠം യൂണീക്കോഡിലേക്ക് മാറ്റം വരുത്തിയാണ് കൃതി ചേര്‍ത്തത്. വിക്കി ഗ്രന്ഥശാലയുടെ ഓഫ് ലൈന്‍ സിഡിയില്‍ ഈ ഗ്രന്ഥം ഉള്‍പ്പെടുത്താന്‍ പിന്നെയും പ്രൂഫ് റീഡീങ്ങ് എന്നൊരു കടമ്പ കടക്കേണ്ടി വന്നു. ഒരാഴ്ചകൊണ്ട് ഐതിഹ്യമാലയിലെ 800 പേജുകളിലായുള്ള 126 അദ്ധ്യായങ്ങളിലെ അക്ഷരത്തെറ്റുകളൂം വിക്കിരീതിയിലുള്ള ഫോര്‍മാറ്റിങ്ങും പരിശോധിക്കുക എന്നത് വലിയ അദ്ധ്വാനം ആവശ്വമുള്ള ലക്ഷ്യമായിരുന്നു. ആ ലക്ഷ്യം സന്നദ്ധപ്രവര്‍ത്തകരുടെ പ്രവര്‍ത്തനഫലമായി ഇന്ന് പൂര്‍ത്തിയായി. വിക്കിഗ്രന്ഥശാല പുറത്തിറക്കുന്ന തിരെഞ്ഞെടുത്ത കൃതികളുടെ സി ഡി സമാഹാരത്തില്‍ ഐതിഹ്യമാലയും വായിക്കാം. ഇപ്പോഴും വിപണിയില്‍ കൂടുതല്‍ വില്പന നടന്നുകൊണ്ടിരിക്കുന്ന ഈ പുസ്തകം ഗ്രന്ഥശാലയിലെത്തുന്നതോടെ അത് മലയാളിക്ക് സൗജന്യമായി ലഭ്യമാകുകയാണ്. മലയാളം ഇ ബുക്സ് സൈറ്റിന്റെ അഡ്മിന്‍ ശങ്കരനും, ഈ പദ്ധതി പൂര്‍ത്തിയാക്കാനുള്ള പിന്തുണ നല്കുകയും ടൈപ്പ് ചെയ്യാനും പ്രൂഫ് റീഡ് ചെയ്യാനും സന്മനസുള്ള ആളുകളെ കണ്ടെത്താനും സഹായിച്ച ഷിജു അലെക്സിനും സന്തോഷ് തോട്ടിങ്ങലിനും ഈ അവസരത്തില്‍ നന്ദി രേഖപ്പെടുത്തുന്നു. വളരെയധികം ആളുകള്‍ ഈ പദ്ധതിയുമായി സഹകരിക്കാന്‍ മുന്നോട്ടുവന്നു. ടൈപ്പ് ചെയ്തും പ്രൂഫ് നോക്കിയും ഈ പദ്ധതിയില്‍ സഹകരിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നു. ഇത് ഒരു കൂട്ടായ പ്രവര്‍ത്തനത്തിന്റെ വിജയമാണ്. വളരെ അദ്ധ്വാനം ആവശ്യമുള്ള ഇതുപോളൂള്ള ഡിജിറ്റൈസേഷന്‍ പദ്ധതികള്‍ക്ക് കൂടുതല്‍ ആളുകള്‍ മുന്നോട്ടു വരേണ്ടതുണ്ട്. പകര്‍പ്പാവകാശം കഴിഞ്ഞിട്ടുള്ള നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങള്‍ ഡിജിറ്റൈസ് ചെയ്ത് വയ്ക്കേണ്ടത് ഭാഷയുടെ നിലനില്പ്പിന് ആവശ്യമാണ്. ഇ-വായനയും എഴുത്തും ആയിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍. അതുകൊണ്ട് നിങ്ങളുടെ ഒഴിവുസമയങ്ങളില്‍ കുറച്ച് വിക്കിഗ്രന്ഥശാല പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവയ്ക്കും എന്ന് പ്രതീക്ഷിക്കുന്നു. ഈ പദ്ധതിയുടെ മറ്റു വിവരങ്ങള്‍ കൂടി ഇതിന് താഴെ ചേര്‍ക്കുന്നു. ആരുടേയെങ്കിലും പേര് വിട്ടുപോയിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക. ഐതിഹ്യമാലയില്‍ ഇനിയും അക്ഷരതെറ്റുകളും മറ്റും കാണുകയാണെങ്കില്‍ അത് തിരുത്താന്‍ കൂടി അഭ്യര്‍ഥിക്കുന്നു. ഈ പതിപ്പിനെ സംബന്ധിച്ച വിവരങ്ങൾ
ആദ്യപതിപ്പ്
ഐതിഹ്യമാല, കൊട്ടാരത്തിൽ ശങ്കുണ്ണി
ഉറവിടം
പങ്കാളി(കൾ)
ആത്മ, ജെറിൻ ഫിലിപ്പ്, കുഞ്ഞൻസ്, കല്യാണി, മനോജ്. കെ, മലയാളം ഇ ബുക്ക് ടീം ജയ്ദീപ് ജോൺ റോഡ്രിഗ്സ്, കണ്ണൻ ഷൺമുഖം, സനൽ ശശിധരൻ, അൻവർ വടക്കൻ, വെള്ളെഴുത്ത്, അനീഷ് എൻ.എൽ., അഫ്താബ് ഷെയ്ഖ്, നിരക്ഷരൻ, ശ്യാം കുമാർ, വിനേഷ് പുഷ്പർജ്ജുനൻ, ജിഷ്ണു മോഹൻ, നിഷാന്ത്, അഖിലൻ എസ്. ഉണ്ണിത്താൻ, സജി നെടിയഞ്ചത്ത്, കുര്യൻ, എ.പി. ബാലകൃഷ്ണൻ,സൂര്യഗായത്രി
98%
കുറിപ്പുകൾ
120 പേജുകൾ വിക്കി പ്രവർത്തകർ ഡിജിറ്റൈസ് ചെയ്തു. ബാക്കിയുള്ളവ ആസ്ക്കിയിലുള്ള പുസ്തകത്തിൽ നിന്ന് പയ്യൻസ് എന്ന സോഫ്റ്റ്വെയർ ഉപയോഗിച്ച് മനോജ്. കെ യൂണിക്കോഡിലേക്ക് മാപ്പ് ചെയ്തെടുത്തു.
സംശോധകർ

പദ്ധതി ഏകോപനം : മനോജ്.കെ< കൂടുതല്‍ വിവരങ്ങള്‍

വിക്കിഗ്രന്ഥശാല

14 comments:

S.V.Ramanunni June 11, 2011 at 7:33 AM  

നമ്മുടെ ഭാഷ വളരുകതന്നെയാണ്. പക്ഷെ, ഇക്കാര്യത്തിൽ നമ്മുടെ സംഭാവനയെന്തെന്ന്കൂടി ഓരോ ഭാഷാസ്നേഹിയും ആലോചിക്കണം എന്നു മാത്രം.

Babu Jacob June 11, 2011 at 8:01 AM  

നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങള്‍ ഡിജിറ്റൈസ് ചെയ്ത് വയ്ക്കേണ്ടത് ഭാഷയുടെ നിലനില്പ്പിന് ആവശ്യമാണ് എന്നിരിക്കിലും ഓണ്‍ ലൈന്‍ വായന ഒരിക്കലും ആസ്വാദ്യതയുടെ ഉയര്‍ന്ന മാനങ്ങളില്‍ എത്തുന്നില്ല . വെറുതെ വായിച്ചു പോകാവുന്ന ദിനപത്രങ്ങള്‍ പോലും സൌജന്യമായി e - edition രൂപത്തില്‍ എന്നും എത്തുന്നുണ്ടെങ്കിലും അച്ചടിച്ച ദിനപത്രത്തിന്റെ ആസ്വാദ്യത തരാന്‍ അതിനൊന്നും ആകുന്നില്ല . പഴമനസ്സിന്റെ തോന്നലോ അല്ലെങ്കില്‍ ശീലത്തിന്റെ പ്രശ്നമോ ആയിരിക്കാം .

N.Sreekumar June 11, 2011 at 2:46 PM  

പ്രകൃതിയെ സ്നേഹിക്കുക
അക്ഷരത്തെ സ്നേഹിക്കുക
മാതൃഭാഷയെ സ്നേഹിക്കുക
വേണ്ടതു തന്നെ
പക്ഷേ പുസ്തകം, കടലാസ്, ഇവയുണ്ടാക്കാനായി ഉപയോഗിക്കപ്പെടുന്ന സസ്യങ്ങളും സംരക്ഷിക്കപ്പെടേണ്ടവയല്ലേ?
പുസ്തകങ്ങള്‍ ഡിജിറ്റലൈസ് ചെയ്താല്‍ സാധിക്കാവുന്ന ഓണ്‍ലൈന്‍ വായന ആസ്വാദ്യതയുടെ ഉയര്‍ന്ന മാനങ്ങള്‍ നല്‍കുവാന്‍ പര്യാപ്തമല്ല എന്നും അഭിപ്രായപ്പെടുന്നവരുണ്ട്.
പക്ഷേ ഇ-ബുക്ക് റീഡര്‍ സാര്‍വത്രികമാകുന്നതോടുകൂടി നമുക്കിഷ്ടപ്പെട്ട വലിപ്പത്തിലും (A4 size) ഫോണ്ടുവലിപ്പത്തിലും (Zoom function ഉപയോഗപ്പെടുത്തി) ഡിജിറ്റല്‍ പുസ്തകങ്ങള്‍ ഉപയോഗിക്കാനാകും.മാത്രമല്ല ഡിജിറ്റല്‍ പുസ്തകങ്ങള്‍ വായിച്ചുതരുവാന്‍ സാധിക്കുന്ന ഇ-ബുക്ക് റീഡറുകള്‍ അറിവിന്റെലോകത്ത് വന്‍ വിപ്ലവം തന്നെ സൃഷ്ടിക്കും.അത് അന്ധര്‍ക്കും അക്ഷരമറിയാത്തവര്‍ക്കും വൃദ്ധര്‍ക്കും മുന്‍പില്‍ അറിവിന്റ ലോകം തുറന്നിടും.റേഡിയോ ശ്രവിച്ച് വീട്ടു ജോലി ചെയ്യാവുന്നതുപോലെ നമുക്കിഷ്ടപ്പെട്ട കഥയോ ലേഖനമോ വായിച്ചുകേട്ട് ജോലിചെയ്യുവാന്‍ സാധിക്കും.
വായിച്ചു നല്ലതെന്നു തോന്നുന്ന പുസ്തകങ്ങള്‍ മറ്റുള്ളവര്‍ക്ക് അയച്ചുകൊടുക്കുവാന്‍ കഴിയും.വായിച്ചുകഴിഞ്ഞ പഴയ പുസ്തകങ്ങള്‍ ഉണ്ടാക്കുന്ന അലര്‍ജി രോഗങ്ങളും ഒഴിവാക്കാം.ഇങ്ങനെ വളരെയധികം പ്രയോജനങ്ങള്‍ ഉണ്ട്.
മൊബൈല്‍ ഫോണ്‍ സര്‍വ്വ സാധാരണമായതുപോലെ ഇ-ബുക്ക് റീഡറും സാധാരണമാകട്ടെ.ഇന്റര്‍ നെറ്റ് സംവിധാനത്തിലൂടെ അന്നന്നത്തെ പത്രങ്ങള്‍ രാവിലെ കൃത്യസമയത്ത് ഡൗള്‍ ലോഡ് ചെയ്തെടുക്കുവാനും പുതിയവാര്‍ത്തകള്‍ക്കുവേണ്ടി അപ്ഡേറ്റ് ചെയ്യുവാനും സാധിക്കുന്നെന്ന് വിചാരിക്കുക.
മൊബൈല്‍ ഫോണ്‍ തിരുവനന്തപുരത്ത് ആദ്യമിറങ്ങിയപ്പോള്‍ ഒരു ലക്ഷം രൂപ ഡിപ്പോസിറ്റും മാസം പതിനായിരം രൂപ വാടകയുമായിരുന്നു.വിളിക്കുന്ന ആളും കേള്‍ക്കുന്ന ആളും പണം നല്‍കണം.ഇന്നുള്ളതിന്റെ ഇരട്ടി വലിപ്പമുള്ള മൊബൈല്‍ ഫോണോ ബ്ലാക്ക് ആന്‍ഡ് വൈറ്റ് സ്ക്രീനും നീണ്ട ആന്റിനയും ഉള്ള ഒരു സാധനം.

N.Sreekumar June 11, 2011 at 5:04 PM  

മാതൃഭാഷയെ സ്നേഹിക്കുന്ന സാഹിത്യകാരന്മാരും എഴുത്തുകാരും തങ്ങളുടെ കൃതികള്‍ ഡിജിറ്റല്‍ രൂപത്തില്‍ സൗജന്യമായി ലഭ്യമാക്കുവാന്‍ തയ്യാറാകട്ടെ.സ്വതന്ത്ര സോഫ്റ്റുവെയര്‍ പോലെ തിരുത്തപ്പെടാവുന്ന കഥകളും കവിതകളും സമൂഹകൂട്ടായ്മയില്‍ ഉണ്ടാകട്ടെ.

Hari | (Maths) June 11, 2011 at 9:46 PM  

ഇത്തരത്തില്‍ ഡിജിറ്റലൈസ് ചെയ്യപ്പെടുന്ന സൃഷ്ടികള്‍ നമുക്ക് നല്‍കുന്ന സേവനത്തിന്റെ മഹനീയത എത്ര പ്രകീര്‍ത്തിച്ചാലും മതിയാകില്ല. ഏതെങ്കിലുമൊരു കവിതാശകലമോ മറ്റോ സെര്‍ച്ചു ചെയ്തെടുക്കാനുള്ള സൗകര്യം ഇതു വഴി ലഭിക്കുമല്ലോ. ഒരു പുസ്തകത്തില്‍ നിന്ന് അത് കണ്ടു പിടിക്കുന്നതിനുള്ള സമയത്തേക്കാള്‍ എത്രയേറെ സമയലാഭമുണ്ടാകും അതിന്. രാജ്യ-കാലാന്തര-സമയ-ലഭ്യതാ തടസ്സങ്ങളൊന്നും അതിനുണ്ടാവുകയുമില്ല. പിന്നെ, ബാബു സാര്‍ പറഞ്ഞതു പോലെ വായനയുടെ സുഖം അച്ചടി മഷി പുരണ്ട അക്ഷരങ്ങളിലൂടെ കണ്ണോടിക്കുമ്പോള്‍ തന്നെയാണ്. വര്‍ത്തമാനപത്രം തന്നെയാണ് അതിന് മികച്ച ഉദാഹരണവും.

mini//മിനി June 11, 2011 at 10:37 PM  

2011 ജൂൺ 11-നു് കണ്ണൂരിൽ വെച്ച് നടന്ന മലയാളം വിക്കി സംഗമത്തിൽ പങ്കെടുത്തപ്പോൾ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിഞ്ഞു, ഐതിഹ്യമാലക്കും വിക്കിപ്രവർത്തകർക്കും അഭിനന്ദനങ്ങൾ.

സ്പന്ദനം June 11, 2011 at 10:46 PM  
This comment has been removed by the author.
സ്പന്ദനം June 11, 2011 at 10:54 PM  

ഇന്ന് കണ്ണൂരില്‍‍ നടന്ന കേരളത്തിലെ വിക്കിമീഡിയ സംരംഭങ്ങളില്‍
പ്രവര്‍ത്തിക്കുന്നവരുടെ സംഗമത്തില്‍ ഐതിഹ്യമാലയും കുമാരനാശാന്റെ സമ്പൂര്‍ണ്ണകൃതികളും ചങ്ങമ്പുഴയുടെ കൃതികളും ഭഗവത്ഗിതയും ബൈബിളും ഖുറാനും ഉള്‍പ്പെടെ ഇരുപതോളം മലയാളം കൃതികള്‍ ഒരു സി ഡി ആയി പുറത്തിറക്കിയിരിക്കുന്നു.ഒരു പക്ഷെ ലയാളത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ആര്‍ക്കൈവായ ഈ സി.ഡി തയ്യാറാക്കാന്‍ മുന്‍കൈ എടുത്തത് മറ്റ് വിക്കി പ്രവര്‍ത്തകരോടൊപ്പം സന്തോഷ് തോട്ടിങ്ങലും ഷിജുഅലക്സും
ഒക്കെയാണ്.മലയാളത്തിന് അവര്‍ നല്‍കുന്ന സംഭാവനകള്‍ക്ക് നന്ദി പറയുന്നതോടൊപ്പം ആ സി.ഡിയുടെ ഇമേജ് ഇവിടെ നിന്നും ആര്‍ക്കും ഡൗണ്‍ലോഡ് ചെയ്തെടുക്കുകയും ചെയ്യാം.മലയാളവും ഐടിയും തമ്മിലുള്ള പ്രശ്നം എന്ന നിലയില്‍ ഉയര്‍ന്നുവന്ന വിവാദത്തില്‍ പലരും പറഞ്ഞത് ഐടി മലയാളത്തെ ഇല്ലാതാക്കുന്നു എന്നാണല്ലോ?പക്ഷെ നൂതന സാങ്കേതിക വിദ്യ മലയാളത്തിന്റെ ഭംഗിയും ശക്തിയും പ്രഭാവവും വീണ്ടും തിരിച്ചുകൊണ്ടുവരുമെന്ന് തീര്‍ച്ച.മലയാളത്തിലെ വിക്കി സംരംഭങ്ങളെ ശക്തിപ്പെടുത്താന്‍ ഭാഷാസ്നേഹികള്‍ക്ക് കഴിയും.അതു വഴി മാതൃഭാഷയായ മലയാളത്തെയും!

Unnikrishnan,Valanchery June 12, 2011 at 12:12 AM  
This comment has been removed by the author.
Unnikrishnan,Valanchery June 12, 2011 at 12:15 AM  

തീർച്ചയായും മഹത്തായ കാര്യമാണ്. ഇത് എങ്ങനെ സാധിച്ചു!!!!!.വലിയ ഒരു കൂട്ടായമയുടെ ഫലം തന്നെ.വിക്കി സംഗമത്തിന് പോകാത്തത് ഒരു നഷ്ടമായോ??

bean June 12, 2011 at 7:42 AM  

ഒരു പുസ്തകം എങ്ങെനെയാണ് ഡിജിറ്റല്‍ രൂപത്തില്‍ ആക്കുന്നത് എന്നറിയാന്‍ പലര്‍ക്കും താല്പ്പര്യമുണ്ടാകും . അതിനെക്കുറിച്ച് അറിയാവുന്നവര്‍ ആ അറിവ് ഷെയര്‍ ചെയ്യുമല്ലോ .

Kannan Shanmugam June 12, 2011 at 4:25 PM  
This comment has been removed by the author.
Kannan Shanmugam June 12, 2011 at 4:30 PM  

TEXT
മലയാളം വിക്കിഗ്രന്ഥശാലയിലെ തിരഞ്ഞെടുത്ത കൃതികൾ സിഡി ഓൺലൈനായി ബ്രൗസ് ചെയ്യാന്‍........... സി.ഡി

manoj.k.mohan June 13, 2011 at 1:26 PM  

ഐതിഹ്യമാലയുടെ ഡിജിറ്റൈസേഷന്‍ പദ്ധതിടെ വിവരങ്ങള്‍ മാത്സ് ബ്ലോഗ് പ്രസിദ്ധീകരിച്ചതില്‍ വളരെ സന്തോഷം തോന്നുന്നു. :)

ഡിജിറ്റൈസ് ചെയ്യുക എന്നത് വളരെ ശ്രമകരമായ കാര്യമാണ്. സാങ്കേതികമായി ഒന്നുമില്ലെങ്കിലും വളരെയധികം പേരുടെ സമയവും അധ്വാനവും ഇതിനായി ആവശ്യമുണ്ട്.

മാത്സ് ബ്ലോഗ് വായിക്കുന്ന ടീച്ചേഴ്സിന് ഇതുപോലുള്ള സംരഭങ്ങളില്‍ സഹായിക്കാനാകും എന്ന് തോന്നുന്നു. പാഠ്യപദ്ധതിയുടെ ഭാഗമായി മലയാളം ടൈപ്പ് ചെയ്യാന്‍ അറിയുന്ന വിദ്യാര്‍ഥികളുടെ ഒരു റിസോഴ്സ് അവര്‍ക്കുണ്ട്. ഇത് പഠിക്കുന്നതോടൊപ്പം നമ്മുടെ മലയാളത്തിലെ ഏതെങ്കിലും ഒരു പകര്‍പ്പാവകാശം കഴിഞ്ഞ കൃതി ടൈപ്പ് ചെയ്ത് വിക്കിഗ്രന്ഥശാലയില്‍ ചേര്‍ക്കാന്‍ കഴിഞ്ഞാല്‍ അത് ഒരു മാതൃകാപരമായ പ്രവര്‍ത്തനമാകും, അതോടൊപ്പം ഡിജിറ്റല്‍ മലയാളത്തിന് ഒരു മുതല്‍ക്കൂട്ടും. :)

കണ്ണന്‍ മാഷെ; ഇതൊന്ന് ആരെയെങ്കിലും പറഞ്ഞ് മനസ്സിലാക്കി മുന്നോട്ട് കൊണ്ടുവരാന്‍ കഴിയുമോ ?

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer