Malayalam Education
>> Monday, May 30, 2011
ഈ അധ്യയന വര്‍ഷത്തേക്ക്, അല്ലെങ്കില്‍ സമീപകാലത്തു തന്നെ നാം അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു പ്രശ്നത്തേക്കുറിച്ച് ആശങ്കകള്‍ നിറഞ്ഞ ഒരു മെയില്‍ മാത്‍സ് ബ്ലോഗിനു ലഭിച്ചു. നാമെല്ലാവരും പങ്കാളികളാകുന്ന ഒരു വിഷയമായതു കൊണ്ടു തന്നെ ഒരു ചര്‍ച്ചയ്ക്കായി എഡിറ്റിങ്ങുകളില്ലാതെ തന്നെ ആ മെയില്‍ ഞങ്ങള്‍ പ്രസിദ്ധീകരിക്കുകയാണ്. സസൂക്ഷ്മം മെയില്‍ വായിച്ചു നോക്കി നിങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കുമല്ലോ. മെയിലിലെ വരികളിലേക്ക്....
"കേരളത്തിലെ കുട്ടികള്‍ മാതൃഭാഷയില്‍ പിന്നാക്കം പോകുന്നു എന്നത് പുതിയ പരാതിയല്ല. പക്ഷേ, മലയാളം വിഷയ വിദഗ്ദരും സൈദ്ധാന്തികരും അതിനു കണ്ടെത്തിയ കാരണങ്ങള്‍ നാമേവരും പത്രമാധ്യമങ്ങളിലൂടെ വായിച്ചറിഞ്ഞതാണല്ലോ.
കേരളത്തില്‍ സെക്കന്ററി തലത്തില്‍ ഐസിടി ഇംപ്ലിമെന്റേഷന്‍ നടന്നു കഴിഞ്ഞിരിക്കുന്നു എന്ന് എസ്. സി. ഇ. ആര്‍. ടി. സര്‍ക്കാരിന് സമര്‍പിച്ച നിര്‍ദ്ദേശങ്ങളില്‍ സംശയലേശമന്യേ വ്യക്തമാക്കിയിരിക്കുന്നു. അതിനാല്‍ ഐടിക്ക് നിലവിലുള്ള പിരീഡുകള്‍ ആവശ്യമില്ല എന്നും അവര്‍ വിധിച്ചിരിക്കുന്നു. പക്ഷേ ഒരു സംശയം, ഇവിടെ പരാമര്‍ശിക്കപ്പെട്ട മലയാള ഭാഷാ പഠനത്തിലോ അധ്യയനത്തിലോ ഐടിയുടെ എന്തെല്ലാം സങ്കേതങ്ങള്‍ ഉപയോഗിക്കുന്നുണ്ട് ? പാഠപുസ്തകത്തില്‍ ഇക്കാര്യങ്ങളെക്കുറിച്ച് എവിടെയെല്ലാം പരാമര്‍ശിച്ചിട്ടുണ്ട് ?
ഇനി മലയാളത്തിന്റെ കാര്യം നമുക്ക് മാറ്റി വെക്കാം. ഗണിത ശാസ്ത്രത്തിന്റെ കാര്യമെടുക്കാം. ഒമ്പതാം ക്ലാസിലെ അധ്യാപക സഹായിയില്‍ ജിയോജിബ്ര എന്ന ഗണിത പഠന സോഫ്റ്റ്‌വെയറുപയോഗിച്ച് ഉണ്ടാക്കാവുന്ന നിര്‍മ്മിതികളെക്കുറിച്ച് പരാമര്‍ശങ്ങളുണ്ട്. പക്ഷേ, ഗണിത പാഠ പുസ്തകം നോക്കൂ, കുട്ടികള്‍ക്ക് ഐസിടി പിരീഡില്‍ ചെയ്ത് പരിശോധിക്കാവുന്ന അനവധി സാഹചര്യങ്ങളുണ്ടായിട്ടുപോലും, അവര്‍ തന്നെ പഠിക്കുന്ന ഐസിടി പാഠപുസ്തകത്തില്‍ ഇതേ സോഫ്റ്റ്‌വെയര്‍ പാഠ്യവിഷയമായി ഉണ്ടായിരുന്നിട്ടുപോലും, ഇത് നിങ്ങള്‍ നിങ്ങളുടെ ഐസിടി പിരീഡില്‍ ജിയോജിബ്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ചെയ്തു നോക്കു എന്ന ഒരു വരി ഉള്‍പ്പെടുത്താന്‍ ഈ പാഠപുസ്തകം തയ്യാറാക്കിയ വിദഗ്ദര്‍ക്ക് തോന്നിയില്ല ! അവരോടുള്ള ബഹുമാനം ഒട്ടും കുറയാതെ തന്നെ ചോദിക്കട്ടെ, സെക്കന്ററിതലത്തില്‍ നടക്കുന്നത് ഐടി ശാക്തീകൃതമായി മറ്റു വിഷയങ്ങളുടെ പഠനമാണോ അതോ മറ്റു വിഷയങ്ങളാല്‍ ശാക്തീകരിക്കപ്പെട്ട ഐസിടി പഠനമാണോ ? ആര് , ആരെയാണ് തെറ്റിദ്ധരിപ്പിക്കുന്നത് ?
സെക്കന്ററി തലത്തില്‍ ഐസിടി ഇംപ്ലിമെന്റേഷന്‍ നടന്നു കഴിഞ്ഞുവോ ? ഇക്കാര്യത്തിനുവേണ്ടി കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കഠിനാദ്ധ്വാനം ചെയ്തു കൊണ്ടിരിക്കുന്ന ഐടി@സ്കൂള്‍ പ്രൊജക്റ്റ് പോലും ഇത് അവകാശപ്പെടുന്നതായി കേട്ടിട്ടില്ല. പക്ഷേ, എസ് സി ഇ ആര്‍ ടി അത് അവകാശപ്പെട്ടിരിക്കുന്നു. ആദ്യമായി അക്കാര്യം പ്രഖ്യാപിക്കുന്നതിനുള്ള അവകാശം മറ്റാര്‍ക്കും വിട്ടു കൊടുക്കാതിരിക്കുന്നതിനായിരിക്കാം. പക്ഷേ, എന്താണ് വാസ്തവം ? അധ്യാപകര്‍ക്ക് ആവശ്യത്തിനുള്ള പരിശീലനങ്ങള്‍ ലഭിച്ചു വരുന്നേയുള്ളൂ, സ്കൂളുകളിലേക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ സ്ഥാപിച്ചു വരുന്നേയുള്ളു. ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി സ്കൂളുകളിലേക്ക് എത്തിയിട്ട് ഒരു വര്‍ഷം കഴിഞ്ഞതേയുള്ളൂ. അധ്യാപകര്‍ തന്നെ ഇതിന്റെ സാധ്യതകളെക്കുറിച്ച് തിരിച്ചറിഞ്ഞ് വരുന്നതേയുള്ളു. എന്നിട്ടും ഇത് നടപ്പിലാക്കി കഴിഞ്ഞു, ഇനി ഐടി പഠനം വേണ്ട എന്ന് ഘോഷിക്കാനുള്ള വ്യഗ്രത തിരിച്ചറിയപ്പെടേണ്ടതാണ്. ഒരു സംശയം കൂടി: ആഴ്ചയില്‍ നാലു പിരീഡുകളുപയോഗിച്ച് പഠിപ്പിച്ചു തീര്‍ക്കേണ്ട പാഠപുസ്തകമാണ് ഐസിടിക്കു വേണ്ടി എസ് സി ഇ ആര്‍ ടി തന്നെ പുറത്തിറക്കിയിരിക്കുന്നത്. ഈ പിരീഡുകള്‍ മൂന്നായി കുറയ്ക്കുമ്പോള്‍ ബാക്കിയാകുന്ന നാലിലൊന്ന് പാഠങ്ങള്‍ എന്തു ചെയ്യണം എന്നു കൂടി പറഞ്ഞു തരണം.
ഓറിയന്റല്‍ സ്കൂളുകളുടെ കാര്യമോ? ആകെ മൂന്നു പിരീഡുകള്‍ ഐസിടി പഠനത്തിനു വേണ്ടി നീക്കി വെച്ചിരിക്കുന്നു. ഇവിടെ അതിഗംഭീരമായി ഐസിടി ഇംപ്ലിമെന്റേഷന്‍ നടപ്പിലാക്കിയതുകൊണ്ട് ഈ മൂന്നു പിരീഡുകളും മലയാളത്തിനായി നീക്കി വെക്കാനും നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു !
മാതൃഭാഷയെ മറന്ന് യൂറോപ്പിലും അമേരിക്കയിലുമുള്ള അലക്കുകമ്പനികള്‍ക്കും കുളിപ്പുരകള്‍ക്കും ആവശ്യമായ സോഫ്റ്റ്‌വെയര്‍ നിര്‍മ്മിക്കുന്നതില്‍ മലയാളി വ്യാപൃതനായിരിക്കുന്നു എന്ന് ഒരു മലയാള ഭാഷാസ്നേഹി പരിതപിക്കുന്നു. (മാതൃഭൂമി ആഴ്ചപ്പതിപ്പ്) പക്ഷേ സാര്‍, ഒരാള്‍ അയാളുടെ വയറ്റു പിഴപ്പിനുവേണ്ടി സോഫ്റ്റ്‌വെയര്‍ നിര്‍മ്മിക്കുന്നത് അപരാധമാകുന്നത് എങ്ങനെ ? ഈ സോഫ്റ്റ്‌വെയര്‍ നിര്‍മ്മിക്കുന്നു എന്നതുകൊണ്ട് അയാള്‍ മാതൃഭാഷയെ മറക്കണമെന്നുണ്ടോ ? ജബല്‍ അലിയിലെ അട്ടിമറി മേല്‍നോട്ട തൊഴിലാളിയാണ് കൊടകര പുരാണം എന്ന ശ്രദ്ധേയമായ ബ്ലോഗ് എഴുതുന്ന സജീവ് എടത്താടന്‍ എന്നത് അദ്ദേഹത്തിന്റെ അയോഗ്യതയാകുന്നത് എങ്ങനെ ? മലയാളഭാഷാ പരിശ്രമികള്‍ക്ക് വായുഭക്ഷണം മതിയാകുമോ ?
മലയാളഭാഷയ്ക്ക് നിലവിലുള്ളതിനേക്കാള്‍ പ്രാധാന്യമേറേണ്ടതുണ്ടെന്ന വിദ്യാഭ്യാസ വിചക്ഷണരുടെ നിരീക്ഷണങ്ങളോട് നൂറുശതമാനം ഞാനും യോജിക്കുന്നു. പക്ഷെ ഈ പ്രശ്നങ്ങളെ എങ്ങിനെ നമുക്ക് നേരിടണമെന്നതാണ് ചിന്തിക്കേണ്ടത്? എന്തുകൊണ്ടാണ് സ്കൂളുകളില്‍ മലയാള പഠനം പിന്നാക്കമായി പോകുന്നത് ? മലയാളത്തിന് ഒരു പിരീഡ് കൂടി കിട്ടിയാല്‍ ഈ പ്രശ്നം തീരുമോ?
എത്ര സര്‍ക്കാര്‍ സ്കൂളുകളില്‍ എടുത്തു പറയത്തക്ക വിധമുള്ള മലയാള ഗ്രന്ഥശേഖരമുണ്ട് ? സ്വകാര്യ ഉടമസ്ഥതയിലുള്ള സ്കൂളുകളുടെ കാര്യം അതിനേക്കാള്‍ കഷ്ടമാണ്. സ്റ്റാഫ് റൂമിനു പുറകിലെ കാലാകാലം അടഞ്ഞു കിടക്കുന്ന കുറച്ച് അലമാരകളില്‍ നിത്യവിശ്രമം വിധിച്ചിട്ടുള്ള പുസ്തകങ്ങളെക്കുറിച്ച് നമുക്ക് വേവലാതി ഇല്ലാത്തതെന്ത് ? സ്കൂളുകളില്‍ ഗ്രന്ഥശാലയ്ക്കായി ഒരു മുറി, പുസ്തകങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനും ലൈബ്രേറിയനടക്കമുള്ള സംവിധാനങ്ങള്‍, ലൈബ്രറി സംഘാടനത്തിന് മീര പോലുള്ള എല്‍. എം. എസ്. സോഫ്റ്റ്‌വെയര്‍ സംവിധാനങ്ങള്‍, കുട്ടികളുടെ സാഹിത്യ പരിശ്രമങ്ങള്‍ക്ക് ഗ്രന്ഥശാല കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളും പരിപാടികളും, കുട്ടികള്‍ പുസ്തകം വായിക്കുന്ന എന്ന് ഉറപ്പു വരുത്തുന്നതിനുള്ള പുസ്തക വിലയിരുത്തല്‍ പരിപാടികള്‍ ഇങ്ങനെ എന്തെല്ലാം ചെയ്യാനുണ്ട് ?
കുട്ടികളിലെ സാഹിത്യ അഭിരുചികള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന് എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ സ്കൂളുകളില്‍ നടക്കുന്നുണ്ട് ? കേരളത്തിലെ എല്ലാ സ്കൂളുകള്‍ക്കും അച്ചടി മാദ്ധ്യമങ്ങളെ ആശ്രയിക്കാനാവില്ലല്ലോ. കുട്ടികളുടെ സാഹിത്യ പരിശ്രമങ്ങള്‍ വായിക്കപ്പെടുകയും വിലയിരുത്തപ്പെടുകയും പ്രോല്‍സാഹിപ്പിക്കപ്പെടുകയും ചെയ്യുന്നതിനുള്ള ചെലവില്ലാത്ത മികച്ച മാദ്ധ്യമമാണ് ബ്ലോഗ്. ഒമ്പതാം ക്ലാസിലെ ഐസിടി പാഠപുസ്തകത്തില്‍ ഇതിന്റെ സാങ്കേതിക വശങ്ങളെകുറിച്ച് പരാമര്‍ശിക്കുന്നുമുണ്ട്. പക്ഷേ എത്ര മലയാള അധ്യാപകര്‍ക്ക് അത് ചെയ്യാനാകും ? കുട്ടികളുടെ സാഹിത്യ പരിശ്രമങ്ങളെ പ്രോല്‍സാഹിപ്പിക്കേണ്ടത് മലയാളാദ്ധ്യാപകര്‍ മാത്രമൊന്നുമല്ല. അതു സമ്മതിച്ചു. അതു തന്നെയാണ് നടക്കുന്നതും. പക്ഷേ, എത്ര നാള്‍ ഇങ്ങനെ പിന്‍തിരിഞ്ഞു നില്‍ക്കാനാകും ?
അപ്പോള്‍ പ്രശ്നം അതൊന്നുമല്ല. അത് പിരീഡിന്റെ എണ്ണവുമായി ബന്ധപ്പെട്ടതാണെന്നു ഞാന്‍ മനസ്സിലാക്കുന്നു. ഒരു പിരീഡു കൂട്ടിയാല്‍ കുറെയേറെ അരയധ്യാപകര്‍ മുഴു അധ്യാപകരാവും, കുറെ പോസ്റ്റുകള്‍ കൂടി നിര്‍മ്മിക്കപ്പെടും, കുറെപ്പേര്‍ക്കു കൂടി ജോലി തരപ്പെടും, മാനേജര്‍മാര്‍ക്ക് സന്തോഷമാകും, കുറെ പ്രോട്ടക്റ്റഡ് അധ്യാപകരെക്കൊണ്ട് ജോലി ചെയ്യിക്കാം, പോസ്റ്റ് നഷ്ടപ്പെട്ട് പുറത്തിരിക്കുന്ന കുറെ അധ്യാപകര്‍ രക്ഷപ്പെടും. പാവം ഐടിക്കാണെങ്കില്‍ പ്രത്യേകം അധ്യാപകരുമില്ല. പ്രത്യേകിച്ച് ആരും സമരം ചെയ്യാന്‍ വരുകയുമില്ല. ദീപസ്തംഭം മഹാശ്ചര്യം !"
ഈ വിഷയവുമായി ബന്ധപ്പെട്ട് കലാകൗമുദിയില്‍ വന്ന ലേഖനം. അതില്‍ നമ്മുടെ ബ്ലോഗും ബ്ലോഗിലെ കമന്റുകളും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തില്‍ നിങ്ങളുടെ അഭിപ്രായമെന്താണ്? അറിയാനാഗ്രഹമുണ്ട്.
Read More | തുടര്‍ന്നു വായിക്കുക