കോഴിപ്പെണ്ണിന്റെ ഡയറിക്കുറിപ്പ്

>> Sunday, November 7, 2010

വെറുമൊരു കോഴിപ്പെണ്ണായ എനിക്കെന്തു കഥ എന്നായിരിക്കും നിങ്ങളിപ്പോള്‍ ആലോചിക്കുന്നത്. പക്ഷെ എനിക്കു പറയാനുള്ളത് പറഞ്ഞല്ലേ കഴിയൂ. ആന്ധ്രപ്രദേശിലെ ഒരുള്‍നാടന്‍ ഗ്രാമത്തിലെ വലിയൊരു ഷെഡ്ഡിലാണെന്റെ ജന്മം. തോടു പൊട്ടിച്ചു പുറത്തേക്കു വരുമ്പോള്‍ ഞാന്‍ തനിച്ചായിരിക്കുമോ എന്നൊരു ആകാംക്ഷ എനിക്കുണ്ടായിരുന്നു. എന്നാല്‍ എന്റെ കൂട്ടുകാരുടെ വലിയ നിര കണ്ട് ഞാനത്ഭുതപ്പെട്ടു പോയി. പക്ഷെ ആ തിരക്കിലും ഞാനെന്റെ അമ്മയെ തിരഞ്ഞു. കൊത്തിപ്പെറുക്കിത്തരാനും ചിറകിന്നുള്ളിലൊളിപ്പിച്ച് മാതൃത്വത്തിന്റെ ചൂട് തരാനും ഒരാളില്ലാതായിപ്പോയി എന്നുള്ളത് എന്റെ ദുര്യോഗത്തിന്റെ തുടക്കം മാത്രം.

വലിയ നിയോണ്‍ ബള്‍ബിട്ട് പ്രകാശം വിതറി നില്‍ക്കുന്ന കൂട്ടിലേക്ക് രണ്ടു മനുഷ്യജീവികള്‍ കയറിവരുന്നത് കണ്ടുകൊണ്ടാണ് എന്റെ ആദ്യ പ്രഭാതം പൊട്ടി വിരിഞ്ഞത്. കപ്പടാ മീശയും തുറുകണ്ണുകളുമുള്ള ഒരു വലിയ മനുഷ്യന്‍. പഴയൊരു മുറിട്രൌസര്‍ മാത്രം ധരിച്ചൊരു മനുഷ്യക്കോലം കൂടെ. അയാള്‍ അവനെന്തൊക്കെയോ നിര്‍ദ്ദേശം കൊടുക്കുന്നുണ്ട്. ഞങ്ങളുടെ കീയോ, കീയോ ശബ്ദത്തിന്നുപരിയായി അദ്ദേഹത്തിന്റെ ഘനഗംഭീരശബ്ദം മുഴങ്ങിക്കൊണ്ടിരിക്കുന്നു.

അമ്മയെക്കാണാത്ത ദു:ഖമൊക്കെ കുറച്ചു സമയം കൊണ്ട് വിട്ടൊഴിഞ്ഞു. ഷെഡ്ഡിലൂടെ ചെറുതായൊന്നു ചുറ്റിക്കറങ്ങിയപ്പോള്‍ അവിടവിടെയായി വെള്ളവും ഭക്ഷണവും. ചിക്കിപ്പെറുക്കേണ്ട, അന്വേഷിച്ച് തളരേണ്ട. ഞാനൊരു ഭാഗ്യവതി തന്നെ! തൊട്ടടുത്ത ഷെഡ്ഡുകളിലായി ധാരാളും സുഹൃത്തുക്കള്‍. പല ഷെഡ്ഡിലും പല പ്രായക്കാര്‍. ഈ ലോകത്തെ ഏറ്റവും ഭാഗ്യവാന്മാരായ ജീവികള്‍ ഞങ്ങള്‍ കോഴികള്‍ തന്നെ.

രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോള്‍ കുറെ ചെക്കന്മാര്‍ വന്നു ഞങ്ങളെ ഓരോരുത്തരെയായി എടുത്തു പരിശോധിച്ചു. ആണുങ്ങളായവരെയെല്ലാം പലതരം ചായം തേച്ചു പിടിപ്പിച്ചു. എന്തൊരു ഭംഗിയാണവരെ അപ്പോള്‍ കാണാന്‍. എന്റെ ദേഹത്തു കൂടി ചായം പൂശിക്കിട്ടിയിരുന്നെങ്കില്‍. പക്ഷെ നിരാശയായിരുന്നു ഫലം. ഞാനനെന്റെ ചായക്കൂട്ടുകാരുടെ ദേഹത്തൊക്കെ മുട്ടിയുരുമ്മി നോക്കി. ഒരു മാറ്റവുമില്ല. പക്ഷ അതു ഭാഗ്യമായി എന്ന് വൈകുന്നേരമെനിക്ക് ബോധ്യമായി. സൈക്കിളില്‍ വന്ന കുറെ കരുമാടിക്കുട്ടന്മാര്‍ ചായം തേച്ചവരെയെല്ലാം പരന്ന കൊട്ടയിലാക്കി അടച്ച് സൈക്കിളില്‍ വച്ചുകെട്ടി എങ്ങോട്ടോ കൊണ്ടുപോയി.

ദിവസങ്ങള്‍ കഴിയുന്തോറും ഒരു കാര്യം വേദനയോടെ ഞാന്‍ മനസ്സിലാക്കി. എന്റെ ഇടതു കാലിന് ചെറിയൊരു മുടന്ത്. മാത്രമല്ല എന്റെ കൂട്ടുകാരികളുടെ ശരീരം നിത്യേന തടിച്ചു വരുന്നു. ഞന്‍ മാത്രം ശോഷിച്ച്, കഷ്ടിച്ച് എണീറ്റ് നടക്കാന്‍ മാത്രമുള്ള ആരോഗ്യവുമായി ഇങ്ങനെ. അവരെല്ലാം ഉജാല മുക്കിയ തൂവെള്ളച്ചിറകുകളുമായി നടന്നപ്പോള്‍ എന്റ ചിറകോ, നരച്ച മഞ്ഞ നിറത്തില്‍.

ഒരു ദിവസം തടിയനും കൂട്ടാളിയും ഷെഡ്ഡിലെത്തി. അയാള്‍ എന്നെ നോക്കി മുഖം ചുളിച്ചു സഹായിയോട് എന്തോ പറഞ്ഞു. അവന്‍ ഉടനെത്തന്നെ എന്നെയെടുത്ത് കൂടിനു വെളിയില്‍ക്കൊണ്ടുപോയി ദൂരേക്ക് വലിച്ചെറിഞ്ഞു. ബോധം തെളിഞ്ഞപ്പോള്‍ കത്തുന്ന വെയിലില്‍ കുറെ ചപ്പുചവറുകള്‍ക്കിടയില്‍ കിടക്കുകയായിരുന്നു ഞാന്‍. ചുറ്റിലും നിസ്സഹായതയോടെ നോക്കി. വിശപ്പും ദാഹവും കൊണ്ട് എന്റെ ശരീരം ഒന്നു കൂടി ക്ഷീണിതമായി. വേച്ച് വേച്ച് കൂട് ലക്ഷ്യമാക്കി നടന്നു. ചുറ്റിലും കമ്പിവല കെട്ടിയിരിക്കുന്നു. ഒരിടത്തൊരു ചെറിയ വിടവ്. ആരും കാണാതെ ഒരുവിധം അകത്തു കയറിപ്പറ്റി. ആഹാരവും വെള്ളവും ലഭിച്ചപ്പോള്‍ ക്ഷീണം കുറഞ്ഞു. എന്തിനാണ് ആ കശ്മലന്‍ എന്നെയെടുത്ത് ദൂരെയെറിഞ്ഞതെന്ന് എനിക്കപ്പോഴും മനസ്സിലായില്ല. പിന്നീട് അവര്‍ കൂട്ടിനകത്തു വരുമ്പോള്‍ ഞാനേതെങ്കിലും ചേച്ചിയുടെ ചിറകിന്നുള്ളിലൊളിക്കും. ഒരുതരം അജ്ഞാതവാസം!

കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഞങ്ങളെ മറ്റൊരു ഷെഡ്ഡിലേക്കു മാറ്റി. എല്ലാവരും യൌവനയുക്തകളായി അഴകോടെ നടക്കുമ്പോള്‍ ഞാന്‍ മാത്രം.... ഏതെങ്കിലുമൊരു കോണില്‍ മറ്റുള്ളവരുടെ മുമ്പില്‍പെടാതെ നിരാശയോടെ കഴിഞ്ഞു കൂടി. എന്താണ് ഈശ്വരന്‍ എനിക്കു മാത്രം അഴകും ആരോഗ്യവും തരാതിരുന്നത്? ഇതിനിടെ പല ഷെഡ്ഡുകളില്‍ നിന്നും ചേച്ചിമാര്‍ ലോറികളില്‍ കയറി യാത്രപോയത് ഞാന്‍ അസൂയയോടെ നോക്കി നിന്നിട്ടുണ്ട്. പുറം ലോകം കാണാനുള്ള ഭാഗ്യമല്ലേ അവര്‍ക്കു കിട്ടിയിരിക്കുന്നത്. ഭഗവാനേ പുതുലോകം കാണാനുള്ള ഭാഗ്യം എനിക്കുമുണ്ടാവണേ.

എന്റെ പ്രാര്‍ത്ഥനയ്ക്ക് ഇത്രവേഗം ഫലമുണ്ടാവുമെന്ന് കരുതിയതല്ല. വലിയൊരു ലോറിയുമായി ഒരു തമിഴന്‍ ഞങ്ങളുടെ ഷെഡ്ഡിന്നരികില്‍ വന്നു. എന്റെ മുതലാളിയേക്കാള്‍ തടിയും കറുപ്പുമുണ്ട് അയാള്‍ക്ക്. ലോറിയില്‍ നിന്ന് ഇറക്കിയ കമ്പിക്കൂടുകളിലേക്ക് ഞങ്ങളോരോരുത്തരെയായി ചിറകുകളില്‍ പിടിച്ച് തൂക്കിയിട്ടു. ലോകം കാണാനുള്ള ആഗ്രഹത്താല്‍ ഞാന്‍ തിക്കിത്തിരക്കി അവരുടെ മുമ്പിലേക്കു ചെന്നു. എന്നെ കയ്യിലെടുത്തപ്പോള്‍ 'ചിന്നക്കോളി' എന്നു പറഞ്ഞ് അവന്‍ കളിയാക്കി. കൂട്ടിലേക്ക് ഒരേറും. എനിക്കവനെ കൊല്ലാനുള്ള മനസ്സുണ്ടായിരുന്നു. പക്ഷെ എന്റെ കൂട് ഭാഗ്യത്തിന് ലോറിയുടെ വശങ്ങളിലൊന്നിലായിരുന്നു. അതു കാരണം എനിക്ക് വഴിയിലെ കാഴ്ചകള്‍ കാണാന്‍ പറ്റി. അതു മാത്രമല്ല എന്റ സഹോദരിമാര്‍ക്കൊന്നും ഉയരം തീരെ കമ്മിയായ കൂടുകളില്‍ നേരേ നില്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്റെ ശരീരത്തിന്റെ വലിപ്പക്കുറവില്‍ എനിക്കു വിഷമം തോന്നാതിരുന്നത് അപ്പോള്‍ മാത്രമാണ്. കൂടുകളുടെ മുകളില്‍ കൂടുകള്‍ നിരന്നു. അവസാനം ഉച്ചയോടെ ഞങ്ങള്‍ യാത്രയാരംഭിച്ചു. ഞാനെന്റെ ഉടയോനെ അവസാനമായൊന്നു കൂടി നോക്കി. എനിക്കയാളെ ഇഷ്ടമല്ലായിരുന്നുവെങ്കിലും അയാള്‍തന്ന ഭക്ഷണമല്ലേ താനിത്രയും ദിവസം കഴിച്ചിരുന്നത്. അയാളുടെ ഷെഡ്ഡിലല്ലേ ആരേയും പേടിക്കാതെ കഴിഞ്ഞു കൂടിയത്. അടുക്കിവെച്ച നോട്ടുകള്‍ കീശയിലേക്കിട്ട് അയാള്‍ ലോറി ഡ്രൈവറെ കൈവീശിക്കാണിച്ചു. ഞാന്‍ തിരിച്ചു ചിറകു വീശിയെങ്കിലും അയാളതു കണ്ടില്ല.

പൊടിനിറഞ്ഞ ചെമ്മണ്‍പാതയിലൂടെ കത്തുന്ന വെയിലില്‍ യാത്ര സുഖകരമായിരുന്നില്ല. ടാര്‍റോഡിലെത്തിയപ്പോള്‍ വണ്ടിയുടെ കുലുക്കമല്‍പ്പം കുറഞ്ഞുവെന്നു മാത്രം. വിശാലമായ തരിശുനിലങ്ങളിലൂടെ വിരസമായ യാത്ര. ചിലപ്പോള്‍ ചെറിയ അങ്ങാടികള്‍ കണ്ടെങ്കിലായി. കുറെക്കഴിഞ്ഞപ്പോള്‍ വിശപ്പും ദാഹവും കൊണ്ട് എല്ലാവരും പൊറുതിമുട്ടി. ഡ്രൈവറും സഹായിയും ഇടയ്ക്ക് എവിടെയോ വണ്ടി നിര്‍ത്തി ഭക്ഷണം കഴിക്കാന്‍ പോയി. തിരിച്ചു വരുമ്പോള്‍ ഞങ്ങള്‍ക്കെന്തെങ്കിലും തരുമായിരിക്കും. പക്ഷെ അതൊരു പാഴ് ക്കിനാവ് മാത്രമായിരുന്നു. രാത്രിയായപ്പോള്‍ ഇരുള്‍ പരന്നു. അതു കണ്ട് ശീലിച്ചിട്ടില്ലാത്ത ഞങ്ങള്‍ക്കു പേടിയായി. എനിക്കാണെങ്കില്‍ പുറംകാഴ്ചകള്‍ കാണാന്‍ കഴിയാത്തതിലുള്ള വിഷമമായിരുന്നു. പുറകില്‍ വരുന്ന വണ്ടികളുടെ ഹെഡ്ലൈറ്റ് കണ്ണിലടിച്ചപ്പോള്‍ വെളിച്ചം വേണ്ട, ഇരുട്ട് തന്നെയാണ് നല്ലതെന്നു തോന്നി. കൂട്ടം കൂടി ഒരേ നില്‍പ്പ് നില്‍ക്കുകയല്ലേ, ഞങ്ങളുടെ വെള്ളക്കുപ്പായമൊക്കെ ആകെ വൃത്തികേടായി. രാത്രി കനത്തതോടുകൂടി ഞ‍ങ്ങള്‍ മയക്കത്തിലേക്കു വഴുതി വീണു.

ഉറക്കമുണര്‍ന്നപ്പോഴേക്കും നേരം പരപരാ വെളുത്തു. കൌതുകത്തോടെ പുറത്തേക്കു നോക്കിയപ്പോള്‍ കാലാവസ്ഥയിലും ഭൂപ്രകൃതിയിലും സാരമായ മാറ്റം കാണുന്നു. എങ്ങും പച്ചപ്പ്. വലിയ കരിമ്പനകളും മനോഹരമായ നെല്‍വയലുകളും. പനകള്‍ പിന്നീട് തെങ്ങുകള്‍ക്ക് വഴിമാറി. ഇത്രയും വൃത്തിയോടെ നടക്കുന്ന മനുഷ്യരുമുണ്ട് ഈ ലോകത്തില്‍ എന്ന് അല്പസമയം കൊണ്ട് ബോധ്യമായി. പക്ഷെ എല്ലാവരും തിരക്കിലാണ്.പരസ്പരം സംസാരിക്കുകപോലും ചെയ്യാതെ പോകുന്നവരാണധികവും. ഒരു നാട്ടുമ്പുറത്തെത്തിയപ്പോള്‍ ഡ്രൈവര്‍ ഒരു ചെറിയ ചായക്കടയുടെ മുമ്പില്‍ വണ്ടി നിര്‍ത്തി. അവരിരുവരും ഉള്ളിലേക്കു കയറിപ്പോയി. ഞങ്ങള്‍ക്കിത്തവണയും ആഹാരവും ജലവും സ്വപ്നത്തിലൊതുക്കേണ്ടി വന്നു. നേരേ നില്‍ക്കാന്‍ പോലും കഴിയാതിരുന്ന അവസ്ഥയില്‍ ചിലര്‍ ബോധമറ്റു വീണു. നടുക്കുള്ള ചില കൂടുകളില്‍ നിന്നും അവസാനശ്വാസത്തിന്റെ ചില ഞരക്കങ്ങള്‍ കേട്ടുവോ എന്തോ?

അസ്വസ്ഥത ഒഴിവാക്കാനായി വെറുതെ പുറത്തക്കു നോക്കി. ജീവിതത്തില്‍ അന്നേവരെ കണ്ടിട്ടില്ലാത്തൊരു കാഴ്ചയാണപ്പോള്‍ കണ്ടത്.തൊട്ടടുത്തുള്ള വീട്ടിലെ ആലപ്പുറത്തു കയറി നിന്ന് ഞങ്ങളുടെ വര്‍ഗത്തിലുള്ള ഒരു പുരുഷന്‍ ഉറക്കെ 'കൊക്കരക്കോ...'എന്നു കൂവുന്നു. ഇത്രയും ഭംഗിയുള്ള ഒരാളെ ഈ ജീവിതത്തില്‍ കണ്ടിട്ടില്ല. ചുവന്ന പൂവും താടയും. കറുപ്പും ചുവപ്പും കലര്‍ന്ന എണ്ണമയമുള്ള പൂമേനി. അങ്കവാലില്‍ മാരിവില്ലിലെ സകല നിറങ്ങളും. അപ്രതീക്ഷിതമായി ആശ്രമകവാടത്തില്‍ സര്‍വാഭരണവിഭൂഷിതനായ ദുഷ്യന്ത മഹാരാജാവിനെക്കണ്ട ശകുന്തളയേപ്പോലെ ഞാനും മുഖം കുനിച്ചു. കഴുത്ത് അഴികളിലൂടെ പുറത്തേക്കിട്ട് അവന്റെ ശ്രദ്ധയാകര്‍ഷിക്കാന്‍ ഞാനൊരു ശ്രമം നടത്തി നോക്കി. എന്നെ കണ്ട അവന്റെ അരുണിമയാര്‍ന്ന കണ്ണ് വികസിച്ചുവോ? കൂടും ഷെഡ്ഡുമില്ലാത്ത അവന്റെ സാമ്രാജ്യത്തില്‍ മഹാറാണിയായിക്കഴിയാന്‍ എന്റെ മനം കൊതിച്ചു. തിരിച്ച് എന്തെങ്കിലും ശബ്ദമുണ്ടാക്കാന്‍ ക്ഷീണം മൂലം കഴിഞ്ഞില്ല. അവന്‍ കഴുത്തുയര്‍ത്തിപ്പിടിച്ച് ഒന്നു കൂടി കൂവി. കൊക്കരക്കോ... പക്ഷെ, സ്റ്റാര്‍ട്ട് ചെയ്ത് മുന്നോട്ടെടുത്ത വണ്ടിയുടെ ശബ്ദത്തില്‍ അതലിഞ്ഞലിഞ്ഞില്ലാതായി.

നാട്ടിന്‍പുറങ്ങളും ചെറിയ അങ്ങാടികളും വലിയ പട്ടണങ്ങളും വന്‍നഗരങ്ങളും കടന്ന് ലോറി കുതിച്ചു പായുകയാണ്. നേരത്തേ കണ്ട കാമദേവനെ ധ്യാനിച്ച് പകല്‍ക്കിനാവുകള്‍ കണ്ടതിനാല്‍ പല കാഴ്ചകളും കണ്ടിട്ടും കാണാതെ പോയി. പൂര്‍ത്തിയാകാത്ത ഒരു സ്റ്റേഡിയത്തിന്റെ ഗാലറിയിലിരുന്ന് കുറേപ്പേര്‍ പന്തുകളി കാണുന്നു. ഇവരെന്തു മണ്ടന്മാരാണ്. കിട്ടുന്ന സമയത്ത് എന്നെപ്പോലെ ഇങ്ങനെ നാടു കാണാനിറങ്ങിക്കൂടേ? എന്തെല്ലാമുണ്ട് നമ്മള്‍ കാണാത്തതായിട്ട്. അവിടെ നിന്ന് തിരിഞ്ഞ് വീതി കുറഞ്ഞൊരു റോഡിലൂടെയായി പിന്നെ യാത്ര. അടച്ചിട്ട റെയില്‍വെ ഗേറ്റിനു മുമ്പില്‍ വാഹനം നിന്നു. ആളുകള്‍ ഞങ്ങളുടെ അരികിലൂടെ പോവുമ്പോള്‍ എന്തിനാണ് മൂക്കും പൊത്തി നടക്കുന്നതാവോ? ഗേറ്റിന്നിരുപുറവും കാത്തു നില്‍ക്കുന്നവരെ പുച്ഛിച്ചുകൊണ്ട് തീവണ്ടി ഓടിപ്പോയി. എന്തൊരു ഗമ. ഞാനും തീവണ്ടിയിലായിരുന്നു വരേണ്ടിയിരുന്നത്. ആട്ടെ അടുത്ത യാത്ര തീവണ്ടിയിലാക്കാം.

യാത്ര തുടരുകയാണ്. റോഡിലെ വളവുകള്‍ കൂടിക്കൂടി വന്നു. ഡ്രൈവര്‍ എന്തെല്ലാമോ പിറുപിറുക്കുന്നു. ഇവന്മാര്‍ക്ക് റോഡ് നേരെയുണ്ടാക്കിയാലെന്താ? പുഴയുടെ പാലം കടക്കുമ്പോള്‍ തണുപ്പുള്ള കാറ്റ് സന്തോഷത്തോടെ തലോടി. പിന്നെയും വളഞ്ഞു പുളഞ്ഞ് ഒരു കുന്നിന്റെ അടിവാരത്തുള്ള വലിയൊരാല്‍ മരത്തിന്റെ ചോട്ടില്‍ വണ്ടി നിന്നു. ഓടിയെത്തിയ മൂന്ന് ചെറുപ്പക്കാര്‍ ഞങ്ങളുടെ കമ്പിക്കൂടുകള്‍ ഒന്നൊന്നായി താഴെയിറക്കി. വീണ്ടും വിസ്താരമേറിയ കൂട്ടിലേക്ക്. രണ്ടു ദിവസമായി ഭക്ഷണം കിട്ടാത്തതിന്റെ ആര്‍ത്തി എല്ലാവരും പ്രകടമാക്കി. ഭക്ഷണപ്പാത്രത്തില്‍ കയറിയിരിക്കാന്‍ പോലും ചിലര്‍ മുതിര്‍ന്നു. തടിച്ചികളുടെ തിക്കിലും തിരക്കിലും ഞാന്‍ വീണുപോകാതിരുന്നത് ഭാഗ്യം കൊണ്ടു മാത്രമാണ്. ഇത്രയും ദൂരം സഞ്ചരിച്ചെത്തിയത് പഴയതുപോലെ കമ്പിവലഷെഡ്ഡില്‍ ജീവിതം ഹോമിക്കാനായിരുന്നോ? ആലപ്പുറത്തു കയറി ലോകം കീഴടക്കിയ എന്റെ വേള്‍ക്കാത്ത മണവാളനെ സ്വപ്നം കണ്ട് ആ രാത്രി സുഖമായുറങ്ങി.

രണ്ടുമൂന്ന് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ നാലു കാലില്‍ കെട്ടിയുയര്‍ത്തിയ ഒരു ചെറിയ കൂട്ടിലേക്കു എനിക്കു സ്ഥാനക്കയറ്റം കിട്ടി. കൂടെ പത്തിരുപതു ചേച്ചിമാരും. അവിടെയിരുന്നാല്‍ എല്ലാം കാണാം. പക്ഷെ ഞെട്ടിപ്പിക്കുന്ന കാഴ്ചയാണ് അവിടെ നിന്ന് കണ്ടത്. കൂടിന്റെ എതിര്‍വശത്ത് ചെറിയൊരു മുറി. ഞങ്ങളില്‍ നിന്ന് രണ്ടു പേരെ ഒരുത്തന്‍ പിടിച്ചുകൊണ്ടുപോയി ത്രാസില്‍ വെച്ച് തൂക്കി. അതിനുശേഷം കത്തികൊണ്ട് കഴുത്തറത്ത് ഒരു വീപ്പയിലേക്ക്.... പുറത്തെടുത്ത് തൊലിയുരിഞ്ഞ് വലിയൊരു മരക്കുറ്റിയില്‍ വെച്ച് തുണ്ടം തുണ്ടമായി .......അയ്യോ, ഞാനതെങ്ങനെ പറയും. പലരും അപ്രത്യക്ഷരായി. പതിയ സഖാക്കള്‍ കൂട്ടില്‍ വന്നുകൊണ്ടിരുന്നു. ഓരോരുത്തര്‍ വരുമ്പോഴും പേടിച്ചരണ്ട് പുറകിലേക്ക് മാറി ഒളിക്കല്‍ ശീലമായിത്തീര്‍ന്നു.

ഒരു ദിവസം ഗള്‍ഫില്‍ നിന്ന് വന്നൊരു ചെറുപ്പക്കാരന്‍ ബൈക്കില്‍ അവിടെയെത്തി. അയാള്‍ക്ക് നാലെണ്ണം വേണമത്രേ. കൂട്ടിലപ്പോള്‍ ഞാനടക്കം നാലു പേരേയുള്ളു. പേടിച്ച് പുറകോട്ട് മാറിയ എന്നെ കൊടിലുകൊണ്ട് ആ ദ്രോഹി കൊളുത്തിപ്പിടിച്ചു. പുറത്തെത്തിയ എന്നെ ആ ഗള്‍ഫന്‍ സൂക്ഷിച്ചൊന്നു നോക്കി. പിന്നെ കയ്യിലെടുത്തു. വിലകൂടിയ മദ്യത്തിന്റെയും അത്തറിന്റെയും സമ്മിശ്രഗന്ധം മൂക്കിലേക്കിരച്ചു കയറി. അവന്റെ കഴുത്തിലെ സ്വര്‍ണച്ചങ്ങല കൊലക്കയറായാണ് എനിക്കു തോന്നിയത്. പക്ഷെ എന്നെ കൂട്ടിലേക്ക് തിരിച്ചെറിഞ്ഞ് അവന്‍ മൊഴിഞ്ഞു.
"ഈ മാതിരി കൊച്ചിലിക്കോടനൊന്നും എനിക്കു വേണ്ട. വൈകുന്നേരം 'പരിപാടി'യുണ്ട്. അതിനിത്തിരി കാമ്പുള്ളതൊക്കെത്തന്നെ വേണം."

പിന്നീട് പല ദിവസങ്ങളിലും എന്നെ പലര്‍ക്കും കൊടുക്കാന്‍ അവന്‍ ശ്രമിച്ചെങ്കിലും ആര്‍ക്കും എന്നെ വേണ്ടായിരുന്നു. ഒരു ദിവസം ഒരു കല്യാണപ്പാര്‍ട്ടിക്കു വേണ്ടി കുറെയധികം പേരുടെ കൂട്ടത്തില്‍ എന്നേയും ഉള്‍പ്പെടുത്തി. എന്നാല്‍ കട്ടു ചെയ്താല്‍ പീസിനു വലിപ്പമുണ്ടാവില്ല എന്നു പറഞ്ഞു അയാളും എന്റെ ആയുസ്സ് നീട്ടിത്തന്നു. എന്നെ ഏറ്റവും വ്യസനപ്പെടുത്തിയ ഈ ശരീരമാണല്ലോ ഇപ്പോഴെന്റെ ജീവന്‍ രക്ഷപ്പെടുത്തുന്നത്.

ഇന്ന് ഞായറാഴ്ച. കാലത്തു തന്നെ ഏന്തി വലിഞ്ഞ് കിതച്ചാണയാള്‍ അവിടേക്കു കയറി വന്നത്. കറുത്ത് ശോഷിച്ച ശരീരം. വാരിയെല്ലുകളെല്ലാം തെളിഞ്ഞു കാണാം. മുഷിഞ്ഞ കൈലിയാണ് വേഷം. അതിലും മുഷിഞ്ഞ തോര്‍ത്ത് തലയില്‍ കെട്ടിയിട്ടുണ്ട്. കൂട്ടിലൊക്കെ നോക്കി അയാള്‍ പതുക്കെ പറഞ്ഞു
"മോനെ, ഒരു ചെറിയ കോഴി വേണം."
കടക്കാരന്‍ ചെറുത് നോക്കി ഒന്നു രണ്ടു കോഴികളുടെ വില പറഞ്ഞു
"അതിലും ചെറിയത് മതി"
"എന്നാ, ങ്ങളൊരു മുട്ട വാങ്ങിക്കോളിന്‍ " അവന്റെ പരിഹാസം.
"അത്.. അത്..എന്റെ കയ്യില്‍ ആകെ നാല്‍പ്പത്തെട്ട് ഉറുപ്പ്യേള്ളൂ"
"48 ഉറുപ്പ്യേക്കു കോഴ്യോ.. നല്ല കഥ"
"മോനേ, എന്റെ മോളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നിട്ടുണ്ട്. അവളിന്നലെ പറയാ, അച്ഛാ, എനിക്ക് കോഴിറച്ചി കൂട്ടാനൊരു പൂതീന്ന്. എന്താപ്പം ചെയ്യ്വാ?"
പെട്ടെന്നാണ് അവന് എന്റെ കാര്യം ഓര്‍മ്മ വന്നത്. എന്റെ കാലില്‍ കൊടില് വീണു. ചിറകുകള്‍ കൂട്ടിപ്പിരിച്ചു ത്രാസില്‍ വെച്ചു.
"ഇതാ അമ്പത്താറുറുപ്പികക്കുണ്ട്. ഇതു വാങ്ങിക്കോളീന്‍"
"എട്ടുറുപ്പ്യ ഞാന്‍ പിന്നെത്തന്നാല്‍ മത്യോ?"
"ബാക്കി തര്വൊന്നും വേണ്ട. ഇങ്ങളു കൊണ്ടു പോയ്ക്കോ."

അവന്‍ എന്നെ ചിറകില്‍ തൂക്കി അകത്തേക്കു നടന്നു. തല പുറകിലേക്ക് വളച്ച് പിടിച്ച് കത്തിയെടുത്ത് എന്റെ ചങ്കിലൂടെ പതുക്കെ അരിഞ്ഞു താഴ്ത്തി. രക്തം എന്റെ കുഴുത്തിലൂടെ ഒലിച്ചിറങ്ങുന്നു. കണ്ണ് തുറന്നിച്ച് കിട്ടുന്നില്ല.കോഴിയിറച്ചി തിന്നാന്‍ പൂതി തോന്നിയ സഹോദരീ, എന്റെയീ പാഴ്ജന്മം നിനക്കു വോണ്ടി തരുന്നതില്‍ എനിക്കു സന്തോഷമേയുള്ളൂ. അങ്കവാലുയര്‍ത്തി ആലപ്പുറത്തു കയറി ഉറക്കെ 'കൊക്കരക്കോ' പാടിയ എന്റെ മണവാളാ, അടുത്ത ജന്മത്തിലെങ്കിലും നിന്റെ സഖിയായി പറമ്പിലും പാടത്തും ഓടിക്കളിക്കാന്‍ എനിക്കു കഴിയണേ. വിറയ്ക്കുന്ന കൈകളാല്‍ തുട്ടുകള്‍ എണ്ണത്തിട്ടപ്പെടുത്തുന്ന അമ്മാവാ ... ഞാനിതാ നിങ്ങളോടൊപ്പം വ..രു...ന്നു....

29 comments:

വി.കെ. നിസാര്‍ November 7, 2010 at 6:37 AM  

നല്ല കഥ.
കോഴിപ്പെണ്ണിന്റെ നിസ്സഹായതയും ദൈന്യതയും ഒട്ടൊരു സങ്കടത്തോടെ മാത്രമേ വായിച്ചുതീര്‍ക്കാന്‍ കഴിഞ്ഞുള്ളൂ..
ജനാര്‍ദ്ദനന്‍ സാറിനു നന്ദി.

JOHN P A November 7, 2010 at 6:57 AM  

കൊത്തിച്ചിക്കിച്ചികഞ്ഞി‍ട്ടകൊറ്റിലില്‍
തുള്ളിച്ചാടിനടക്കുന്നകുഞ്ഞിനു-
തള്ളക്കൊഴിപറഞ്ഞുകൊടുത്തു
കൊക്കോകൊക്കരക്കൊ

Dr.Sukanya November 7, 2010 at 7:03 AM  

വി.ഡി. രാജപ്പന്റെ കഥാപ്രസംഗം പോലെ ഉണ്ട് .
കൊള്ളം ഹാസ്യരസം ചേര്‍ത്തുള്ള വിവരണം നന്നായിരിക്കുന്നു.

ഗീതാസുധി November 7, 2010 at 7:12 AM  

കുറച്ചുദിവസത്തെ ഇടവേളയ്ക്കുശേഷം ബ്ലോഗ് തുറന്നപ്പോള്‍ ഹയ്യ..ഫിസിക്സും പിന്നെ ജനാര്‍ദ്ദനന്‍ സാറിന്റെ കിടിലന്‍ കഥയും!
കോഴിപ്പെണ്ണിന്റെ മാത്രമല്ല, എല്ലാ പെണ്ണുങ്ങളുടേയും ദൈന്യതകള്‍ 'ആണ്‍കോഴികള്‍'ഒരുവേളയെങ്കിലും ഓര്‍ത്താല്‍ നന്ന്.
ജനാര്‍ദ്ദനന്‍ സാറിനും എന്റെ മാത്​സ് ബ്ലോഗിനും നന്ദി.

vijayan November 7, 2010 at 7:20 AM  

"കോഴിയിറച്ചി തിന്നാന്‍ പൂതി തോന്നിയ സഹോദരീ, എന്റെയീ പാഴ്ജന്മം നിനക്കു തരുന്നതില്‍ എനിക്കു സന്തോഷമേയുള്ളൂ"
കഥയും സമാപനവും ഗംഭീരമായി . വളരെ നേരത്തെ പ്രസിട്ദീകരിക്കെണ്ടിയിരുന്ന ഒരു പാട് കഥകള്‍ ഇനിയും വെളിച്ചം കാണാന്‍ ഉണ്ടെന്നു ഞാന്‍ മനസിലാക്കുന്നു .അത് മുഴുവന്‍ വായിച്ചു സാഫല്യം അടയാന്‍ ആഗ്രഹമുണ്ട് .ഞങ്ങളുടെ
ആഗ്രഹം സഫലീകരിച്ചു തരുവാനും ഇതുപോലുള്ള ഡയറി കുറിപ്പുകള്‍ ഇനിയും പ്രസിട്ദീകരിക്കാനും അപേക്ഷിക്കുന്നു.

ഹോംസ് November 7, 2010 at 7:21 AM  

ജനാര്‍ദ്ദനന്‍ മാഷിന്റെ ഈ കഥ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ അധികാരികള്‍ ശ്രദ്ധിക്കണം.
കോഴികളുടെ ഈ ദുരവസ്ഥകളില്‍ നിന്ന് കുട്ടികള്‍ പഠിക്കേണ്ട ഒരുപാട് പാഠങ്ങളുണ്ടെന്നാണ് എനിയ്ക്കുതോന്നുന്നത്.
"കോഴിപ്പെണ്ണിന്റെ മാത്രമല്ല, എല്ലാ പെണ്ണുങ്ങളുടേയും ദൈന്യതകള്‍ 'ആണ്‍കോഴികള്‍'ഒരുവേളയെങ്കിലും ഓര്‍ത്താല്‍ നന്ന്."
എന്താ ഗീതടീച്ചറേ, ഈ പെണ്ണുങ്ങള്‍ക്കുമാത്രമേയുള്ളോ ദൈന്യതകള്‍?

ShahnaNizar November 7, 2010 at 7:34 AM  

A Good story.

ഹോംസ് November 7, 2010 at 7:42 AM  

കൂട്ടത്തില്‍ പറയട്ടേ..
ഈ കഥ വായിച്ചുകഴിഞ്ഞപ്പോഴാണ് ഒരു കോഴിയെ വാങ്ങാന്‍ അടുക്കളയില്‍ നിന്നും ഓര്‍ഡര്‍ കിട്ടിയത് (ഞായറാഴ്ചകളില്‍ മാസത്തിലൊരിക്കല്‍ പതിവുള്ളതാണ്).
ഞാനതു വേണ്ടെന്നുവെച്ചു! പകരം ഒന്നരക്കിലോ പോത്തിനെ വാങ്ങി!!
പുരുഷകേസരികളായ'പോത്തു'കള്‍ക്ക് ഈ ദൈന്യതകളൊന്നുമില്ലല്ലോ, അല്ലേ ഗീതടീച്ചറേ.?

Hari | (Maths) November 7, 2010 at 7:50 AM  

കോഴിപ്പെണ്ണിന്റെ വിചാരവികാരങ്ങളെ ആത്മാര്‍ത്ഥമായി ചിത്രീകരിക്കാന്‍ ജനാര്‍ദ്ദനന്‍ മാഷിനു കഴിഞ്ഞു. മാതൃസ്നേഹത്തിന് വേണ്ടി വെമ്പുന്ന മനസ്സു മുതല്‍ മാതാവാകാന്‍ വേണ്ടി കാത്തിരിക്കുന്ന ഒരാള്‍ക്ക് വേണ്ടി ജീവിതം ബലികഴിക്കപ്പെടുന്നതു വരെയുള്ള രംഗങ്ങള്‍ അസ്സലായി.

Sreenilayam November 7, 2010 at 8:22 AM  

പഠനത്തിനും പഠിപ്പിക്കലിനുമിടെ ഒരു റിലാക്സേഷന് ഇതുപോലെയുള്ള കഥകളും കവിതകളുമൊക്കെ കൊടുക്കുന്നത് നല്ലതാണ്. കുട്ടികള്‍ക്ക് ഒരു പ്രചോദനമാവും.

sajan paul November 7, 2010 at 9:33 AM  

"കോഴിജീവിതം" നന്നായി.
ജനാര്ദനന്‍സാറിന് അനുമോദനങ്ങള്‍

Anil cheleri kumaran November 7, 2010 at 9:39 AM  

വളരെ നന്നായി എഴുതി. പാവം.!

848u j4C08 November 7, 2010 at 10:00 AM  

.

@ഹോംസ് സാര്‍ ,
സ്വന്തം വര്‍ഗ്ഗത്തിലുള്ളവരെ ഭക്ഷിക്കുവാന്‍ ഒരുങ്ങുന്നോ ?
മാ നിഷാദ !


.

കാഡ് ഉപയോക്താവ് November 7, 2010 at 10:03 AM  

അസ്സലായിട്ടുണ്ട് സാർ. വർണ്ണനകൾ അതിമനോഹരം. അഭിനന്ദങ്ങൾ.

അസീസ്‌ November 7, 2010 at 10:06 AM  

കൊള്ളാം, നല്ല കഥ. . തുടക്കം മുതല്‍ ഒടുക്കം വരെ ഒഴുക്കോടെ അവതരിപ്പിച്ചിരിക്കുന്നു.
ജനാര്‍ദ്ദനന്‍ സാറിനു നന്ദി.
പോസ്റ്റും കമന്റുകളും വായിച്ചപ്പോള്‍ മാത്സ്ബ്ലോഗിന്റെ പഴയ കാലം ഓര്‍മ്മ വന്നു

Revi M A November 7, 2010 at 11:30 AM  

നാടുകാണാന്‍ കൊതിച്ച് ജീവിതം ഹോമിച്ച കോഴിയുടെ കഥ നന്നായിരിക്കുന്നു.ജനാര്‍ദ്ദനന്‍ സാറിനു നന്ദി.ഇതുപോലുള്ള ഡയറി കുറിപ്പുകള്‍ ഇനിയും (മറ്റൊരു ജീവിയുടെ) ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു.

jamal|ജമാൽ November 7, 2010 at 2:07 PM  

ജനാർദ്ദനൻ മാഷേ കഥ ഇഷ്ടായിട്ട.പിന്നെ ഹോംസ് മാഷ് പറഞ്ഞകഥയിലെ ഗുണപാഠം ഇനി കോഴിക്ക് പകരം പോത്ത് വാങ്ങണം എന്നാണെന്ന് തോന്നുന്നില്ല,എല്ല്ലാകോഴികളും വളരെ തടിച്ചികളും സുന്ദരികളും ആയതിനാൽ പെട്ടെന്ന് മരിക്കേണ്ടി വന്നു.തീരെ മെലിഞ്ഞ മുടന്തുള്ള ശരീരത്തെ വെറുത്തിരുന്നെങ്കിലും ആ ശരീരം കാരണമാണ് തന്റെ ആയുസ്സ് നീട്ടിക്കിട്ടിയത് എന്ന കോഴി അവസാനം തിരിച്ചറിയുന്നു. അതായത് നമ്മുടെ പോരായ്മകളെ കുറ്റം പറഞ്ഞ് അതിൽ ഒതുങ്ങികൂടാതെ എല്ലാം പോസിറ്റിവ് ആയികാണണം എന്ന് പറയാനാണ് മാഷ് ഉദ്ദേശിച്ചത് എന്നെനിക്ക് തോന്നുന്നു പിന്നെ. ഗീതടീച്ചറേ വേദന,വിഷമം,സങ്കടം,സന്തോഷം തുടങ്ങിയ കലാപരിപാടികൾക്ക് ആണ്/പെണ്ണ് എന്ന വ്യത്യാസം ഒക്കെയുണ്ടോ?എനിക്കിതുവരെ അങ്ങനെ തോന്നിയിട്ടില്ല

ഒടോ :മാത്സ്ബ്ലോഗ് അടിപൊളിയാകുന്നുണ്ട്. ആശംസകൾ . പോസ്റ്റുകളെല്ലാം വായിക്കാറുണ്ട് പലപ്പോഴും കമന്റാറില്ല എങ്കിലും എന്നും കൂടെയുണ്ട് .തുടരുക.
പിന്നെ ഈ കമന്റ് ബോക്സ് ഒരു വൺ വേ പൊലെയല്ലെ അതിനു പകരം http://Disqus.com പോലോത്ത വല്ലസംവിധാനങ്ങളും ചൈതു കൂടെ (ഉദാ : http://berlytharangal.com ന്റെ കമന്റ് ബോക്സ്) അതാകുമ്പോൾ ശരിക്കും കമന്റ് ബോക്സ് കുറച്ച് കൂടി ആക്റ്റിവ് ആകുമെന്ന് തോന്നുന്നു

ജനാര്‍ദ്ദനന്‍.സി.എം November 7, 2010 at 7:11 PM  

എന്റെ ഡയറിക്കുറിപ്പ് വായിച്ചു നോക്കി അഭിപ്രായങ്ങള്‍ എഴുതിയ സര്‍വ്വശ്രീ
വി.കെ. നിസാര്‍
JOHN P A
ഹരിത
ഗീതാസുധി
vijayan
ഹോംസ്
ShahnaNizar
Hari | (Maths)
Manmohan
thomas
കുമാരന്‍ | kumaran
Babu Jacob
കാഡ് ഉപയോക്താവ്
അസീസ്‌
revima
jamal|ജമാല്‍
എല്ലാവര്‍ക്കും പ്രത്യേക നന്ദി പറയുന്നു. കമന്റുകള്‍ എഴുതിയില്ലെങ്കിലും വായിച്ച എല്ലാവര്‍ക്കം പെരുത്ത് പെരുത്ത് നന്ദി

സഹൃദയന്‍ November 7, 2010 at 8:10 PM  

.


ഒരു കഥയ്‌ക്കുള്ളില്‍ എന്തെല്ലാം കാര്യങ്ങളാ...

* ആന്ധ്രയില്‍ നിന്നും വരണം നമുക്കുള്ള ഭക്ഷണം
* "ചിറകിന്നുള്ളിലൊളിപ്പിച്ച് മാതൃത്വത്തിന്റെ ചൂട് തരാനും ഒരാളില്ലാതായിപ്പോയി " മൃഗങ്ങളുടെ സ്വാഭാവികമായ വളര്‍ച്ചാരീതികളില്‍ നിന്നും മാറ്റപ്പെടുന്നതിനെ കുറിച്ചുള്ള പരാമര്‍ശം
* ഈ ജീവിയുടെ നിഷ്‌കളങ്കതയും മനുഷ്യനിലെ ക്രൂരതയും
* തങ്ങള്‍ക്ക് തന്നെ പാരയാകുന്ന കാര്യങ്ങളെയും പോസിറ്റീവായാണ് അത് മരണത്തിനു തൊട്ടു മുന്‍പ് വരെ കാണുന്നത്. തങ്ങളെ കുറിച്ച് വേണ്ടത്ര അറിയാതിരിക്കുകയാണിവ
* ആണുങ്ങളെ ചായം തേപ്പിക്കുന്നത്.... എനിക്ക് മനസ്സിലായില്ല...ജനാര്‍ദ്ദനന്‍ സാര്‍ വിശദീകരിക്കുമായിരിക്കും
* കൃത്രിമമായി കോഴികള്‍ക്ക് വലുപ്പം വയ്‌പ്പിക്കുന്നതിനെ കുറിച്ചുള്ള പരാമര്‍ശം
* തങ്ങള്‍ക്ക് വേണ്ടതല്ലെന്ന് തോന്നുന്നവയെ മറ്റൊരു പരിഗണനയുമില്ലാതെ എടുത്തു ദൂരെ കളയുന്ന മനുഷ്യന്റെ മാറിയ സ്വഭാവം

സര്‍വ്വോപരി വികാരവിചാരങ്ങളും ആഗ്രഹങ്ങളും ഈ ജീവകള്‍ക്കും ഉണ്ടാകാം എന്ന ഓര്‍മ്മപ്പെടുത്തലാണിത്. പാഠപുസ്‌തകത്തില്‍ ഇതിനെ ഉള്‍പ്പെടുത്തണമെന്ന ഹോംസ് സാറിന്റെ അഭിപ്രായത്തോട് ഞാന്‍ യോജിക്കുന്നു..

thoolika November 7, 2010 at 11:42 PM  

.

വടക്കന്‍ ജില്ലകളിലെ വൈദ്യുതി നിയന്ത്രണം കാരണം ഇപ്പോഴാണ് മനസ്സമാധാനത്തോടെ ബ്ലോഗ്‌ നോക്കുവാന്‍ പറ്റിയത് .
ജനാര്‍ദ്ദനന്‍ മാഷിന്റെ കോഴിപ്പെ ണിന്റെ ഡയറി ക്കുറിപ്പ്‌ എന്ന കദന കഥ വായിച്ചു .
കൊള്ളാം എന്ന് തോന്നിച്ചു .
പിന്നീട് കമന്റുകളും വായിച്ചു .
അവയ്കൊന്നും ആത്മാര്‍ത്ഥത ഇല്ല എന്നൊരു തോന്നല്‍ .
കോഴിയെ കൊന്നു തിന്നുകയും , അതിനു ശേഷം അതിനു വിലാപ കാവ്യം രചിക്കുകയും ചെയ്യുന്നു എന്നൊരു തോന്നല്‍ .

എന്താണ് ഈ കഥയില്‍ നിന്നും കിട്ടുന്ന സാരോപദേശം ?
"കെട്ടിച്ചു വിട്ട പെണ്ണ് വീട്ടില്‍ വന്നിട്ട് പല പൂതികളും പറയും .
അതൊന്നും സാധിച്ചു കൊടുക്കരുത് .
കൊടുത്താല്‍ ഒരു കോഴിക്കും തന്റെ ഡയറി കുറിപ്പ് പൂര്‍ത്തീകരിക്കാന്‍ പറ്റില്ല ."


.

ജനാര്‍ദ്ദനന്‍.സി.എം November 8, 2010 at 12:38 AM  

പ്രിയപ്പെട്ടവരെ,
കേവലമൊരു കോഴിയുടെ ഭാഗ്യ നിര്‍ഭാഗ്യങ്ങളായി ഇക്കഥയെടുത്താല്‍ എനിക്കൊന്നും പറയാനില്ല.വായനക്കാരനില്‍ അങ്ങനെയൊരു മൂഡാണ് ഉണ്ടാക്കിയെടുക്കാന്‍ എനിക്കു കഴിഞ്ഞിട്ടുള്ളുവെങ്കില്‍ എന്നിലെ കഥാകാരന്‍ പരാജയപ്പെട്ടുപോയിരിക്കുന്നു എന്നു നിസ്സംശയം പറയാം.മറിച്ച് പലതും നഷ്ടപ്പെട്ട് വിപണനസമൂഹത്തിന്റെ കമ്പിവല കെട്ടിയ മനസ്സാക്ഷിക്കുമുമ്പില്‍ പരാജയപ്പെട്ടവളും വികാരങ്ങളും ആശയാഭിലാഷങ്ങളും കൊത്തിമൂടപ്പെട്ടവളുമായ ഒരു സഹോദരിയുടെ ജീവിതകഥയിലേക്ക് വിരല്‍ ചൂണ്ടുവാനായിരുന്നു എന്റെ എളിയ ശ്രമം.

ആശിച്ചതെന്തും പണക്കൊഴുപ്പിന്റെ മദത്തില്‍ നേടാന്‍ കഴിയുന്ന ബഹുഭൂരിപക്ഷത്തിന്റെ ശ്രമത്തിനിടയില്‍ തങ്ങളുടെ കൊച്ചു കൊച്ചു മോഹങ്ങള്‍ പോലും പൂവണിയിക്കാനുള്ള ത്രാണിയില്ലാതെ നിരാശരായി കഴിയുന്ന അശരണരുടെ ജീവിതത്തിലേക്ക് ഒന്നെത്തി നോക്കാനുള്ള പ്രേരണ നല്‍കലുമായിരുന്നു എന്റെ ഉദ്ദേശ്യം. എന്നാല്‍ പാഠഭേദമോ മറുചിന്തയോ ഉന്നയിക്കാനുള്ള പൂര്‍ണ്ണ അവകാശം അനുവാചകനാണെന്ന് സമ്മതിച്ചു തരുന്നു.ഒരിക്കല്‍ക്കൂടി എല്ലാവര്‍ക്കും നന്ദി.

mini//മിനി November 8, 2010 at 6:26 AM  

Dear ജനാർദ്ദനൻ മാസ്റ്റർ,
‘ആയുസെത്താതെ മരിക്കും’ എന്നൊരു ശാപം പൂവൻ‌കോഴികൾക്ക് കിട്ടിയതായ കഥ എന്റെ കുട്ടിക്കാലത്ത് വായിച്ചിരുന്നു. അന്ന് ‘കൊക്കരെക്കോ’ എന്ന് കൂവി, ഏതാനും മാസത്തിനുള്ളിൽ വീട്ടിൽ വളർത്തുന്ന പൂവൻ കോഴിയുടെ കഴുത്തിൽ കത്തി വീഴും. കാരണം കൂട്ടിലടച്ച് കോഴിവളർത്തൽ അത്ര വ്യാപകമായിരുന്നില്ല. പിടക്കോഴികളാണെങ്കിൽ വയസ്സാവുന്നതുവരെ വീട്ടുകാർക്ൿ വേണ്ടി മുട്ടയിട്ട് കൊണ്ടിരിക്കും. ഇന്ന് കഥ മാറി. കോഴിപ്പെണ്ണിന്റെ ഡയറിക്കുറിപ്പ് അസ്സലായി.

പിന്നെ വീട്ടുവളപ്പിൽ കുടുംബസമേതം ചുറ്റിത്തിരിയുന്ന കോഴികളെ ഇവിടെ വന്നാൽ കാണാം.

sajan paul November 8, 2010 at 8:50 AM  
This comment has been removed by the author.
848u j4C08 November 8, 2010 at 10:44 AM  

.

@ജനാര്‍ദ്ധനന്‍ സാര്‍ ,

താങ്കളിലെ കഥാകാരന്‍ പരാജയപ്പെട്ടു എന്നൊന്നും കരുതേണ്ട കാര്യമില്ല .
ഈ കഥ പോസ്റ്റ്‌ ചെയ്തത് നിരൂപക കേസരികളുടെ മുന്‍പിലേയ്ക്ക് ആയിരുന്നില്ല .
കണക്കും സയന്‍സും ഒക്കെ കയ്കാര്യം ചെയ്യുന്ന അധ്യാപകരുടെ മുന്‍പിലേയ്ക്ക് ആയിരുന്നു .
കഥയുടെ നൂലിഴ കീറി ആസ്വാദന കുറിപ്പ് എഴുതുവാന്‍ അവരില്‍ വളരെ പേര്‍ക്കൊന്നും കഴിയില്ലല്ലോ ?
കോഴി എന്ന് പറഞ്ഞാല്‍ കോഴി എന്ന് മാത്രം കരുതുകയും അതല്ലാതെ മറ്റൊരു അര്‍ത്ഥവും സങ്കല്പ്പിക്കാതിരിക്കുകയും ചെയ്യുന്ന ഒരു ഗ്രൂപ്പിന്റെ ആസ്വാദനമായി ഈ കമന്റുകളെ പരിഗണിച്ചാല്‍ മതിയാകും .

ആ നിറഭാവനയില്‍ വിരിയട്ടെ ഇനിയും ഒരുപാട് കഥകളും കവിതകളും .


.

ആനന്ദ് കുമാര്‍ സി കെ November 8, 2010 at 12:23 PM  

North Zone Maths 8 ഉത്തരസൂചികയില്‍ ചോദ്യം 3 ന്റെ ഉത്തരം 21 x a = 14 x 18.therefore a=12 എന്ന് തിരുത്തി വായിക്കുക.

sajan paul November 8, 2010 at 5:16 PM  

ഒരു കോഴിക്കൂടിനപ്പുറം ലോകം കാണാത്ത കോഴികളുടെ അവസ്ഥയും മനുഷ്യാവസ്ഥയും തമ്മില്‍ സാമ്യമുണ്ട്.
ഒരു കച്ചവടത്തിന്റെ ആഹ്ളാദത്തില്‍ കാഴ്ചകള്‍ കണ്ട് കണ്ടതിനെയെല്ലാം സ്തുതിച്ച് നടക്കുകയല്ലെ നാമും. അറവുശാലകള്‍ മുന്‍കൂട്ടികാണാന്‍ കഴിഞ്ഞിരുന്നെന്കില്‍...

Sahani R. November 8, 2010 at 7:46 PM  

ഒരു സൈക്കിളിന്റെ പിറകില്‍ സവാരിക്കാരന്റെ പുറത്ത് ചാഞ്ഞുറങ്ങുന്ന ഒരാട്ടിന്‍കുട്ടിയുടെ 'ബലി' ചിത്രം പത്രത്താളില്‍ വന്നതോര്‍ത്തുപോയി. ദൈന്യമായ കാഴ്‌ചകള്‍ ചിലപ്പോഴൊക്കെ നമ്മെ പിന്തുടര്‍ന്നേക്കാം; കടുത്ത തീരുമാനങ്ങളിലേക്ക് നയിച്ചേക്കാം ; മറവിയെന്ന മഹാ ഔഷധത്തിന്റെയും കാലമെന്ന മാന്ത്രികന്റെയും കല്പനകളില്‍ നാം വീണ്ടും മുന്നോട്ട്.....

Unknown November 15, 2010 at 2:24 PM  

kozhi enna vakkinappuram katha nilkkunnu

grace June 6, 2011 at 5:58 PM  

innathe samoohathe oru kozhikunjiloode avatharippichathu valare nannayittund..ellavarkkum parichayamulla kozhi...manushyante swartha thatparyangalude irayanavar...paavangal..

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer