കേരളക്കടലില്‍ വാട്ടര്‍സ്പോട്ട്പ്രതിഭാസം

>> Thursday, July 15, 2010

ആലപ്പുഴ മുതല്‍ തിരുവനന്തപുരം വരെയുള്ള തെക്കന്‍ കേരളത്തിലെ കടലില്‍ അത്ഭുതപ്രതിഭാസം നടക്കുന്നതായി വാര്‍ത്ത. കടലില്‍ ഇരുട്ടു പരക്കുന്നതോടൊപ്പം വലിയ തിരമാലകളും രൂപം കൊള്ളുന്നതായാണത്രേ വിവരം. ഇതേത്തുടര്‍ന്ന്‍ ഫിഷറീസ് വകുപ്പിന്റെ അഭ്യര്‍ത്ഥനയനുസരിച്ച് കൊച്ചിയില്‍ നിന്നും കോസ്റ്റ്ഗാര്‍ഡിന്റെ കപ്പല്‍ പുറപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഇതിന് അല്പം മുമ്പ് വിശദീകരണം നല്‍കുകയുണ്ടായി.

നീര്‍ചുഴി (വാട്ടര്‍ സ്പോട്ട്) എന്ന പ്രതിഭാസമാണിതെന്നാണ് അവരുടെ സ്ഥിരീകരണം. കടലില്‍ വളരെ താഴ്ന്ന് മഴമേഘങ്ങള്‍ രൂപപ്പെടുന്നതാണ് ഇതിന്റെ ആരംഭം. മേഘങ്ങളുടെ ശക്തിയില്‍ ആകര്‍ഷിക്കപ്പെട്ട് തിരമാലകള്‍ വളരെ ഉയരത്തിലേക്ക് അലയടിക്കും. കാര്‍മേഘങ്ങള്‍ താഴ്ന്ന് രൂപപ്പെട്ടതിനാല്‍ ഇരുട്ട് വ്യാപിക്കുകയും ചെയ്യും. ഈ പ്രതിഭാസം കരയിലാണ് നടക്കുന്നതെങ്കില്‍ ശക്തമായ ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്ന് പറയപ്പെടുന്നു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഈ സമയത്തെ മേഘക്കാഴ്ച നല്‍കുന്ന ഉപഗ്രഹചിത്രം‍ ഇവിടെയുണ്ട്.

കടലില്‍ ഇരുട്ട് വ്യാപിക്കുന്നതിനാല്‍ ദിശ അറിയാന്‍ കഴിയുന്നില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ അറിയിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ ലൈറ്റ് ഹൗസുകളില്‍ ലൈറ്റ് തെളിച്ചു. എന്തു സാഹചര്യവും നേരിടാന്‍ ലൈഫ് ഗാര്‍ഡുകളെ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ടെന്ന് ഫിഷറീസ് അധികൃതര്‍ പറഞ്ഞു. അതിനിടെ കേരള തീരത്ത് അടുത്ത 48 മണിക്കൂറിനിടെ 65 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി

കൊല്ലത്ത് ഇതേത്തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ ഒരാള്‍ മരിക്കുകയും 17 പേര്‍ക്ക് പരിക്കു പറ്റുകയും ചെയ്തു. 4 ബോട്ടുകള്‍ ഉള്‍ക്കടലില്‍പ്പെട്ടിരിക്കുകയാണെന്നും വാര്‍ത്ത. കടലില്‍ പോയവര്‍ തിരികെയെത്താന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒപ്പം തീരപ്രദേശത്ത് താമസിക്കുന്നവര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശമുണ്ട്.
http://www.mathsblog.in/

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer