ഉച്ചക്കഞ്ഞിയില്‍ മണ്ണുവീഴ്ത്താതെ..!

>> Sunday, July 4, 2010

ചോര്‍ന്നൊലിക്കുന്ന കഞ്ഞിപ്പുരയ്ക്കു മുന്നില്‍ ഉച്ചക്കഞ്ഞിക്കുള്ള ബെല്ലടിക്കുമ്പോള്‍ പലതരത്തിലുള്ള കഞ്ഞിപ്പാത്രങ്ങളുമായി ക്യൂ നില്ക്കുന്ന പിഞ്ചുകുഞ്ഞുങ്ങള്‍. തിളച്ച കഞ്ഞിയും പുഴുങ്ങിയ ചെറുപയറുകട്ടയും മുഖം നോക്കാതെ പാത്രത്തിലേക്കു പാരുകയാണ് പാചകക്കാരി സുലേഖയും സഹായി മീനാക്ഷിയും. കൈ പൊള്ളാതിരിക്കാനുള്ള തത്രപ്പാടില്‍ തങ്ങളെക്കൊണ്ടാകുന്നരീതിയില്‍ സര്‍ക്കസുകളിച്ച് ഒരുവിധം പാത്രവുമായി, മണ്ണും ചെളിയുമായി കുഴഞ്ഞിരിക്കുന്ന ക്ലാസ് വരാന്തയിലേക്ക് എത്തിപ്പെട്ട് കയ്യില്‍ കരുതിയ അച്ചാര്‍ പാക്കറ്റ് പല്ലുകൊണ്ട് കടിച്ചു വലിച്ചീമ്പി റേഷനരിയുടെ മനം പിരട്ടുന്ന ഗന്ധമാസ്വദിച്ച് ഒരുവിധം കഞ്ഞികുടിച്ചെന്നു വരുത്തിത്തീര്‍ക്കുന്ന പിഞ്ചോമനകള്‍......

പന്ത്രണ്ടേമുക്കാലാകുമ്പോള്‍ മഴയത്ത് കഞ്ഞിപ്പുര ലക്ഷ്യമാക്കി ഓടുന്നവര്‍..കഞ്ഞി തീരുന്നതിനു മുമ്പ് എത്തുക എന്നതാണ് അവരുടെ ലക്ഷ്യം...എത്രയോ നല്ല പദങ്ങള്‍ കിടക്കുമ്പോഴും 'കഞ്ഞിക്കുള്ള പിള്ളേര്‍' എന്നതാണ് അവരുടെ പേര്...

ചില കുട്ടികളുടെ അന്നത്തെ ആഹാരം അതു മാത്രമായിരിക്കും എന്നത് ഒരു ഞെട്ടിക്കുന്ന സത്യം...
കഞ്ഞി കുടിയും കഴിഞ്ഞ് കഞ്ഞിപ്പുരയുടെ പിന്നാമ്പുറത്തു വന്നു നില്‍ക്കുന്നവര്‍ മറ്റൊരു കാഴ്‌ച ... കഞ്ഞി ബാക്കിയുണ്ടെങ്കില്‍ അതു വീട്ടുകാര്‍ക്ക് കൊണ്ടു പോയി അവരുടെയും പശിയടക്കാം എന്നതാണ് ഈ പിന്നാമ്പുറത്തു വരുന്നവരുടെ ലക്ഷ്യം. കൂട്ടത്തിലെ മുതിര്‍ന്ന പിള്ളേരുടെ ഉത്തരവാദിത്വമാണ് കഞ്ഞി വിളമ്പല്‍..പെരു മഴയത്ത് കഞ്ഞിപ്പുരയില്‍ നിന്നും അവര്‍ ബക്കറ്റു നിറയെ കഞ്ഞിയുമായി അതു വിതരണം ചെയ്യേണ്ട സ്ഥലത്തേക്ക് ഓടണം..

കേരളത്തിലെ ഭൂരിഭാഗം പൊതുവിദ്യാലയങ്ങളിലേയും ഒരു നേര്‍ക്കാഴ്ചയായിരുന്നൂ ഇതെന്നു പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയില്ല!

ഇതിനൊരു മാറ്റം വേണ്ടേ...?


ഇത്തരുണത്തിലാണ്, ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഈയടുത്ത് പുറപ്പെടുവിച്ച ഒരു അസാധാരണ അഭ്യര്‍ഥന പ്രസക്തമാകുന്നത്. അന്നദാനം എന്ന പുണ്യകര്‍മ്മത്തിന്റെ മഹത്വത്തേയും അത് വളരേയധികം സൂക്ഷ്മതയോടെ നിര്‍വ്വഹിക്കേണ്ടതിന്റെ പ്രാധാന്യത്തേയും കുറിച്ചുള്ള പ്രസ്തുത കത്തില്‍, സ്വന്തം കുടുംബാംഗങ്ങള്‍ക്കു ഭക്ഷണം നല്‍കുന്ന അതേ ശ്രദ്ധ, കേരളത്തിലെ ലക്ഷക്കണക്കിനു കുഞ്ഞുങ്ങള്‍ക്ക് ഉച്ചക്കഞ്ഞി നല്‍കുന്നതിലും കാണിക്കുവാന്‍ അദ്ദേഹം അഭ്യര്‍ഥിക്കുന്നുണ്ട്.

കഴിഞ്ഞവര്‍ഷമാണെന്നുതോന്നുന്നു, എറണാകുളത്തു വെച്ചു നടന്ന ഒരു ചടങ്ങില്‍, ഉച്ചക്കഞ്ഞിവിഷയത്തിലുള്ള തന്റെ സ്വപ്നങ്ങള്‍ ഇദ്ദേഹം പങ്കുവെച്ച വേദിയില്‍ ഈ കുറിപ്പുകാരനും ഒരു ശ്രോതാവായുണ്ടായിരുന്നു. ഓരോ ഉപജില്ലയിലും ഓരോ 'സെന്ററലൈസ്ഡ് അടുക്കള', ആ ഉപജില്ലയിലെ സ്കൂളുകളിലെ മുഴുവന്‍ പാചകക്കാരും ഒത്തുകൂടി, ലളിതമെങ്കിലും പോഷകസമൃദ്ധമായ ഉച്ചയൂണ് തയ്യാറാക്കി പൊതിച്ചോറായി സ്കൂളുകളില്‍ എത്തിക്കുക.....അങ്ങിനെ ഈ വിഷയത്തില്‍ അദ്ദേഹത്തിന്റെ ആശയങ്ങള്‍ കേള്‍വിക്കാരില്‍ ആവേശം വിതച്ചു. അടുത്ത അധ്യ​യനവര്‍ഷമാകുമ്പോഴേക്ക് പ്രായോഗികതലത്തിലേക്കെത്താനുള്ള രീതിയില്‍ കാര്യങ്ങള്‍ പുരോഗമിക്കുന്നുണ്ടെന്നാണ് മനസ്സിലാകുന്നത്. ഏതായാലും, കഴിഞ്ഞയാഴ്ച ബഹു. മുഖ്യമന്ത്രി എറണാകുളം ജില്ലയിലെ പറവൂരില്‍ 'അമ്മതന്‍ ഭക്ഷണം' എന്ന പരിപാടി ഔപചാരികമായി ഉത്ഘാടനം ചെയ്യുകയുമുണ്ടായി.

നൂതനമായ ആശയങ്ങള്‍ അവതരിപ്പിക്കാനും, അത് പ്രാവര്‍ത്തികമാക്കാനുള്ള നടപടികള്‍ കാലവിളംബമന്യേ കൈക്കൊള്ളാനും ഉശിരു കാണിക്കുന്ന ഇത്തരം യുവരക്തങ്ങള്‍ പകര്‍ന്നുതരുന്ന ആവേശം കേരളത്തിലെ അധ്യാപരും മറ്റു രക്ഷാകര്‍തൃ പൊതുസമൂഹവും നെഞ്ചേറ്റുകയാണെങ്കില്‍ നമ്മുടെ നാട് ഈ കാര്യത്തില്‍ കൂടി മാതൃകയാകുമെന്നാണ് എനിയ്ക്കുതോന്നുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നെഴുതുക.

പിന്‍കുറി :
എം.എല്‍.എ ഫണ്ടില്‍ നിന്നും, തന്റെ മണ്ഡലത്തിലെ സ്കൂളുകളില്‍ ഉച്ചക്കഞ്ഞിക്കുള്ള പാത്രങ്ങള്‍ വിതരണം ചെയ്യുന്ന ചടങ്ങിനിടയില്‍ രണ്ടുവര്‍ഷം മുന്‍പ് തൃശൂര്‍ ജില്ലയിലെ നാട്ടിക എം.എല്‍.എ. ശ്രീ. ടി.എന്‍. പ്രതാപന്‍, അധ്യാപകരും നിര്‍ബന്ധമായി കുട്ടികള്‍ക്കു കൊടുക്കുന്ന ഭക്ഷണം സ്കൂളില്‍ നിന്നും കഴിക്കണമെന്നും അതിനുവേണ്ട അധികച്ചെലവു കൂടി വഹിക്കാന്‍ തയ്യാറാണെന്നും അറിയിക്കുകയുണ്ടായി. അങ്ങനെയെങ്കിലും ഭക്ഷണത്തിന്റെ ഗുണനിലവാരമുയരട്ടേയെന്നായിരുന്നിരിക്കണം മൂപ്പരുടെ ചിന്ത!

55 comments:

ഹോംസ് July 4, 2010 at 5:57 AM  

ഈ പോസ്റ്റ്, എന്നെ എന്റെ സ്കൂള്‍ദിനങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോയി.
എഴുപതുകളില്‍ എല്‍.പി ക്ലാസ്സുകളില്‍ നിന്നു ലഭിച്ച ഉപ്പുമാവ്! അമേരിക്കയില്‍ നിന്നോ മറ്റോ സൗജന്യമായി കിട്ടുന്ന ഭക്ഷ്യ​എണ്ണയിലതു പാകം ചെയ്യുമ്പോഴുണ്ടാകുന്ന മണവും അതിന്റെ രുചിയും ജീവിതത്തില്‍ പിന്നീടൊരിക്കലും വായില്‍ വന്നിട്ടില്ല. ഞളുങ്ങിയ അലൂമിനിയപ്പാത്രത്തില്‍ കുത്തിനിറച്ച് അതിലൊരുപങ്ക് വീട്ടിലെത്തിക്കും. ഞാന്‍ വരുന്നതും കാത്ത് അമ്മൂമ്മ പടിക്കലുണ്ടാകും. (പാവത്തിന് ആകെ കഴിക്കാന്‍ കിട്ടിയിരുന്നത് അതായിരുന്നു). സ്കൂളില്ലാത്ത 'ശനിയും ഞായറും' ഞങ്ങളുടെ എത്ര പ്രാക്ക് കേട്ടിട്ടുണ്ടാകണം. യുപി ക്ലാസ്സുകളില്‍ അന്ന് അഞ്ചുവരെ മാത്രമേ ഉപ്പുമാവ് കിട്ടുമായിരുന്നുള്ളൂ. അബോക്കര്‍മാഷിന്റെ കണ്ണുവെട്ടിച്ച്, വെപ്പുകാരി കാര്‍ത്തുത്തള്ളയെ ഉരുളി കഴുകാന്‍ സഹായിക്കുന്ന വകയില്‍ ആറിലും ഏഴിലും പതിവുതീറ്റ തുടര്‍ന്നുപോന്നു. (പിടിക്കപ്പെട്ടാല്‍ ആ കാലമാടന്‍ വള്ളിച്ചൂരല്‍ കൊണ്ട് ചന്തിയില്‍ ചിത്രം വരയ്ക്കും. കട്ടിയുള്ള കാക്കിത്തുണിയില്‍ തയ്​ച്ച ട്രൗസറിനടിയിലും ആ പാടുകള്‍ മായാതെ കിടക്കും.).....
വേണ്ട, ഇന്നത്തെ തലമുറയ്ക്ക്, ഇതൊക്കെ ഹോംസിന്റെ നു​​​ണകളായേ തോന്നൂ....
എന്തായാലും പരിഷ്കാരങ്ങള്‍ നല്ലതുതന്നെ. പ്രായോഗികമാകുമോയെന്ന് കണ്ടറിയണം!

ഗീതാസുധി July 4, 2010 at 6:03 AM  

നമ്മുടെ കുട്ടികള്‍ക്ക് മാന്യമായിരുന്ന് ഭക്ഷണം കഴിക്കാനുള്ള സാഹചര്യം എന്തേ സ്കൂളുകളിലില്ലാത്തതെന്ന് പലവട്ടം ആലോചിച്ച വിഷയമാണ്. എങ്ങനാ, കഴിക്കുന്ന പിള്ളേരുമുഴുവന്‍ പോസ്റ്റില്‍ പറഞ്ഞപോലെ തീരെ ഗതിയില്ലാത്ത വീടുകളില്‍ നിന്നാണല്ലോ! അവര്‍ക്കെവിടെ പരാതിപ്പെടാന്‍! ആരു കേള്‍ക്കാന്‍!
പിന്നെ, ആരോ പറഞ്ഞപോലെ, അധ്യാപകരെ പുളിച്ച ചീത്ത പറയുമെങ്കിലും ഹോംസിനോട് എവിടെയോ ഒരിഷ്ടം തോന്നിപ്പോകുന്നു.

Vijayan Kadavath July 4, 2010 at 6:52 AM  

എത്ര പോഷകസമൃദ്ധമാണെന്നു പറഞ്ഞാലും എന്നും ഒരേ ഭക്ഷണം ആരിലും വിരസതയുണ്ടാക്കും. അതിന് പ്രായമോ സാമ്പത്തികമോ ഒന്നും ഒരു പ്രശ്നമല്ല. എന്നും കഞ്ഞിയും പയറും എന്ന അവസ്ഥയാണ് ആദ്യം മാറേണ്ടത്. ഇത് ഏത് കുട്ടികളാണ് ഇന്ന് താല്പര്യത്തോടെ കഴിക്കുന്നത്? ഒരു അഭിപ്രായ സര്‍വ്വേ കുട്ടികള്‍ക്കിടയില്‍ എന്തുകൊണ്ടു നടത്തിക്കൂടാ? ആഴ്ചയില്‍ 5 ദിവസവും വ്യത്യസ്തയാര്‍ന്ന കറികള്‍ വിളമ്പട്ടെ. അതെങ്ങനെ? സ്ക്കൂളുകളില്‍ വിതരണം ചെയ്യുന്ന ഉച്ചഭക്ഷണത്തിന്‍റെ ഗുണമേന്മ പരീക്ഷിക്കാന്‍ ആരെങ്കിലും ഇതുവരെ തയ്യാറെടുത്തിട്ടുണ്ടോ? കറിയെന്നതിന് വെറും ഉപ്പു മാത്രമിട്ട് വേവിച്ച ചെറുപയറാണെന്നാണല്ലോ പല സ്ക്കൂളുകാരും കരുതിയിരിക്കുന്നത്.

ബഹു.ഡി.പി.ഐ ഈ ഉച്ചഭക്ഷണപരിപാടിയെ ഫലപ്രദമായി മുന്നോട്ട് കൊണ്ടുപോകുന്നതിന് വേണ്ടി നല്‍കിയ അപേക്ഷാസ്വരത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ സ്വാഗതാര്‍ഹമാണ്. ഇതെല്ലാം കൈകാര്യം ചെയ്യുന്നവരുടെ കണ്ണുതുറപ്പിക്കാനുതകുന്നതുമാണ്.

KTMHS MANNARKKAD July 4, 2010 at 6:59 AM  

ഓരോകുട്ടിക്കും വേണ്ട അരിയും പയറും റേഷൻ കാർഡിൽ പതിച്ച് വീട്ട്ല് കൊടുത്താൽ എത്ര പണവും അധ്വാനവും ലാഭമുണ്ട്! ഒഴിവുദിവസങ്ങളിലും കുട്ടിക്ക് അമ്മയുടെ ഭക്ഷണം കിട്ടും.അതെന്താ ആരും അലോചിക്കാത്തത്?

ജനാര്‍ദ്ദനന്‍.സി.എം July 4, 2010 at 7:10 AM  

ഉച്ചഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട ഇന്നത്തെ പോസ്റ്റ് ചിന്തോദ്ദീപകം തന്നെ. എന്നാല്‍ അത് നിലവിലുള്ളത് ലേഖനത്തില്‍ പറഞ്ഞതു പോലെയാണ് ഭൂരിപക്ഷം സ്ഥലങ്ങളിലും എന്നെനിക്കഭിപ്രായമില്ല. ഹൈസ്ക്കൂളുകള്‍ ഈ രംഗത്തേക്കു കടന്നു വന്നിട്ട് അധികം വര്‍ഷങ്ങളായിട്ടില്ല. എന്റെ സ്ക്കൂളില്‍, പഞ്ചായത്തില്‍, സബ്ബ്ജില്ലയില്‍ ഇതെങ്ങെനെ നടക്കുന്നു എന്നു വിശദമായി അറിയുവാനുള്ള അവസരവും ഭാഗ്യവും എനിക്കുണ്ടായിട്ടുണ്ട്.
ഉച്ചഭക്ഷണം എന്നാല്‍ കഞ്ഞിവിതരണം എന്നര്‍ത്ഥമില്ല. ചോറും കറിയും കൊടുക്കുന്ന നിരവധി വിദ്യാലയങ്ങളുണ്ട്. അതു തന്നെ സ്ഥിരമായി പയറുകറി തന്നെ നല്‍കാതെ പച്ചക്കറിയും നല്‍കുന്നവരുണ്ട്.
പക്ഷെ ഇതിനു സ്ക്കൂളിന്റെയും പ.ടി.എ യുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണം അത്യാവശ്യമാണ്.
ഞങ്ങളുടെ പഞ്ചായത്തില്‍ ആദ്യം ചെയ്തത് ആസൂത്രണത്തിന്റെ ഭാഗമായി ഒരു സമഗ്ര ഉച്ചഭക്ഷണ പോജക്ട് ഉണ്ടാക്കലാണ്. ഒരേ വലുപ്പത്തിലുള്ള ഗുണനിലവാരമുള്ള സ്റ്റീല്‍ പ്ലേറ്റുകള്‍ സ്ക്കൂളിന്റെ ഗുണഭോക്തൃ വിഹിതത്തോടെ എല്ലാ സ്ക്കൂളുകള്‍ക്കും ലഭ്യമാക്കി. ഇന്ധനക്ഷമതയുള്ളതും പുകശല്യമില്ലാത്തതുമായ അടുപ്പുകള്‍ സ്ഥാപിച്ചു. പാചകത്തിന്നും വിതരണത്തിന്നമുള്ള പാത്രങ്ങള്‍ സംഘടിപ്പിച്ചു.
സ്ക്കൂള്‍ ഉച്ചഭക്ഷണക്കമ്മറ്റിയും രക്ഷാകര്‍ത്തൃസമിതിയും കാര്യക്ഷമമാക്കുകയും ഇടക്കിടെ മറ്റു കറികള്‍ക്കുള്ള സാധനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു. സ്ക്കൂള്‍ അധ്യാപകരെ അഞ്ചു ഗ്രൂപ്പുകളാക്കി തിങ്കള്‍ മുതല്‍ അഞ്ചു ദിവസത്തേക്കുള്ള മേല്‍നോട്ട ചാര്‍ജ് നല്‍കുന്നു. ഈ ഗ്രൂപ്പിലുള്ള ഒരധ്യാപകനെങ്കിലും നിര്‍ബ്ബന്ധമായും ഈ ഭക്ഷണം കഴിക്കുന്നു. പഞായത്ത് ആസൂത്രണ കമ്മറ്റിയിലും പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയിലും സജീവാംഗമായി പ്രവര്‍ത്തിച്ചതിനാല്‍ ഇത്തരം സംരംഭങ്ങളില്‍ നേതൃത്വം കൊടുക്കാനും ഭാഗ്യമുണ്ടായി.
ക്കൂളില്‍ കൂടുതലായി ചെയ്തത്
1.വര്‍ഷത്തില്‍ ഒരു ദിവസം എന്റെ വകയായി കറികള്‍ നല്കി
2.വര്‍ഷത്തില്‍ രണ്ടു ദിവസങ്ങളില്‍ എന്റെ ക്ലാസിലുള്ള കുട്ടികളില്‍ നിന്നും സാധനങ്ങളും പണവും സംഭാവനയായി സ്വീകരിച്ച് കറികള്‍ നല്കി
3.ഇതു കണ്ടും സന്തോഷിച്ചും മറ്റു ക്ലാസിലെ കുട്ടികള്‍ ഇതുപോലെ ചെയ്തു.
4.മറ്റു ചില അധ്യാപകര്‍ക്ക് ഇതു പ്രചോദനമാവുകയും ഇതില്‍ പങ്കാളികളാവുകയും ചെയ്തു.
5.രക്ഷിതാക്കള്‍ ഈ വിവരം കുട്ടികളില്‍ നിന്നു മനസ്സിലാക്കുകയും ചിലര്‍ സഹകരിക്കുകയും ചെയ്തു.
6.ശരിയായ ആരോഗ്യ ശീലങ്ങളെപ്പറ്റിയും സ്ക്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ അതിനുള്ള സാംഗത്യത്തെപ്പറ്റിയും സ്ക്കൂള്‍ അസംബ്ലിയില്‍ ലഘുപ്രഭാഷണങ്ങള്‍ നടത്തി
7.പാചകക്കാരുമായി സൌഹൃദം സാഥാപിക്കുകയും സമഭാവനയോടെ പെരുമാറുകയും പൂര്‍ണ്ണമായ ആത്മാര്‍ത്ഥത ഉറപ്പു വരുത്തുകയും ചെയ്തു
പാത്രങ്ങള്‍ മാസത്തില്‍ രണ്ടു തവണയെങ്കിലും അമ്മമാരുടെ സഹായത്തോടെ സ്പെഷല്‍ ക്ലീനിംഗിനു തീരുമാനിച്ചെങ്കിലും അതു അധിക നാള്‍ തുടരാന്‍ കഴിഞ്ഞില്ല. എന്നാല്‍ മുതിര്‍ന്ന ക്ലാസിലെ കുട്ടികള്‍ അതേറ്റെടുത്തു.
ഇതിത്രയും വിശദമായിപ്പറഞ്ഞത് ഞങ്ങളുടെ ഉച്ചഭക്ഷണ വിതരണത്തെ മഹത്വവല്ക്കരിക്കാനോ കുറ്റമറ്റതാണെന്ന് സ്ഥാപിക്കാനോ അല്ല. ഇതിലും ഭംഗിയായി നടത്തുന്ന വിദ്യാലയങ്ങളുമുണ്ട്. നിസാര്‍ സാറിന്റെ ലേഖനത്തില്‍ പറഞ്ഞതു പോലെ മുട്ടാശാന്തിയായി നടത്തുന്നവരുമുണ്ട്. പക്ഷെ ഇച്ഛാശക്തിയും ദീര്‍ഘദര്‍ശനവും സുമനസ്സുമുണ്ടെങ്കില്‍ എന്താണ് നമുക്ക് ചെയ്യാന്‍ കഴിയാത്തതായിട്ടുള്ളത്.

Revi M A July 4, 2010 at 7:34 AM  

എന്‍റെ സ്കൂകുളില്‍ അധ്യാപകരാണ് കഞ്ഞി വിളമ്പുന്നത്. ആഴ്ചയില്‍ ഒരിക്കല്‍ സാമ്പാര്‍ കൊടുക്കാറുണ്ട്. ഇക്കൊല്ലം മുതല്‍ ജന്മദിനമിഠായി വിതരണത്തിന് പകരം ഒരു ദിവസം കറി സ്പോണ്‍സര്‍ ചെയ്യാന്‍ pta യില്‍ അവതരിപ്പിച്ചിട്ടുണ്ട്.

Anonymous July 4, 2010 at 10:04 AM  

"തിളച്ച കഞ്ഞിയും പുഴുങ്ങിയ ചെറുപയറുകട്ടയും മുഖം നോക്കാതെ പാത്രത്തിലേക്കു പാരുകയാണ് പാചകക്കാരി ...."

ഒരു വ്യത്യാസം മാത്രം. വിളമ്പുന്നത് ഞങ്ങള്‍ അധ്യാപകരൊക്കെത്തന്നെ. പക്ഷെ, കഞ്ഞി വിളമ്പലില്‍ മുഖം നോക്കാനാകാറില്ലെന്നത് ഒരു ദു:ഖസത്യം.

മിക്കവാറും കുട്ടികള്‍ ഇപ്പോള്‍ കറി വീട്ടില്‍ നിന്ന് കൊണ്ടുവരും. അവര്‍ക്ക് കഞ്ഞി മാത്രം മതി. അതും അധികം വേണ്ട ടീച്ചറേ എന്ന മുഖവുരയോടെ

848u j4C08 July 4, 2010 at 12:31 PM  

പോസ്റ്റില്‍ പറയുന്ന അത്ര ശോചനീയാവസ്ഥയിലാണ് നമ്മുടെ സ്കൂളുകളിലെ ഉച്ചക്കഞ്ഞി വിതരണം എന്നൊന്നും എനിക്ക് അഭിപ്രായമില്ല. ജനാര്‍ദ്ധനന്‍ മാഷിന്റെ നേതൃത്വത്തില്‍ നടന്നതുപോലെ അത്ര ഇല്ലെങ്കിലും , പല സ്കൂളുകളിലും വളരെ നല്ല രീതിയില്‍ തന്നെയാണ് ഈ മഹത്തായ പരിപാടി മുന്‍പോട്ടു പോകുന്നത്. പരിചയമുള്ള സ്കൂളുകളിലെല്ലാം അധ്യാപകര്‍ (അധ്യാപികമാര്‍ ) തന്നെയാണ് കഞ്ഞി വിളംബികൊടുക്കുന്നത്‌. പിന്നെ പട്ടുസാരിയിലും , Dunhill ഷര്‍ട്ടിലും കഞ്ഞിവെള്ളം വീഴുമ്പോള്‍ അലര്‍ജിയുണ്ടാകുന്ന അപൂര്‍വ്വം ചിലര്‍ മാറിനില്‍ക്കുമെന്ന് മാത്രം. P .T .A ശക്തമായ സ്കൂളുകളില്‍ ആഴ്ചയില്‍ ഒരിക്കല്‍ ചോറും സാമ്പാറും കൊടുക്കുന്ന എത്രയോ സ്കൂളുകളുണ്ട്.
പയറിന്റെ അളവ് 60gm ആക്കിയിട്ടു വീണ്ടും 30gm -ല്‍ തന്നെ നിലനിര്‍ത്തിയെങ്കിലും കുട്ടികള്‍ക്ക് സുഭിക്ഷമായി കൊടുക്കാന്‍ വേണ്ടത്ര അരിയും , പയറും സ്കൂളുകളില്‍ എത്തുന്നുണ്ട്. വിശേഷാവസരങ്ങളില്‍ കിട്ടുന്ന 5kg അരിക്ക് വേണ്ടി മാത്രം പേര് കൊടുത്തിട്ടു ഉച്ചക്കഞ്ഞിയില്‍ പങ്കെടുക്കാത്ത ഒരുപാടു കുട്ടികള്‍ ഉള്ളതുകൊണ്ട് മിക്ക സ്കൂളുകളിലും , കണക്കില്‍ കൃത്യമാണെങ്കിലും , അരിയും പയറും ബാക്കി വരുമെന്ന് ഇതിന്റെ ചാര്‍ജ് വഹിച്ചിട്ടുള്ള അധ്യാപകര്‍ക്കറിയാം . വിശപ്പ്‌ ആദ്യം മാറട്ടെ , രുചിയ്ക്ക് പിന്നീടെ സ്ഥാനമുള്ളൂ . ആകെയുള്ള പ്രശ്നം വിതരണത്തിലെ അപാകതകളാണ്. പുറത്തു നിന്ന് "പാവം കുട്ടികള്‍ " എന്ന് നെടുവീര്‍പ്പിടുന്ന അധ്യാപകരുടെ സജീവ പങ്കാളിത്തം കൂടി ഉണ്ടെങ്കില്‍ സുഗമമായി പരിഹരിക്കാവുന്ന പ്രശ്നങ്ങളെ ഉള്ളു.
ഉച്ചക്കഞ്ഞി കഴിക്കുന്ന കുട്ടികളെ "കഞ്ഞി പിള്ളേര്‍ " എന്നും, ചാര്‍ജ് വഹിക്കുന്ന അധ്യാപകനെ "കഞ്ഞി മാഷ്‌ " എന്നും , പരിശോധനയ്ക്ക് വരുന്ന ഓഫീസറെ "കഞ്ഞി ഓഫീസര്‍" എന്നും വിളിക്കുന്നത്‌ അധ്യാപകര്‍ മാത്രമാണ്.
ഹോംസ് - ന്റെ കഥയില്‍ പറയുന്ന 1960 കളിലെ ദാരിദ്ര്യത്തിന്റെ തീവ്രത ഇന്ന് എത്രയോ കുറഞ്ഞിട്ടുണ്ട് ? .ഇല്ലെന്നല്ല പറയുന്നത് . രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷയും , ജനങ്ങളുടെ ജീവിത നിലവാരവും ഒക്കെ എത്രയോ മെച്ചപ്പെട്ടു ?.
@KTMHS മണ്ണാര്‍ക്കാട്
"ഓരോകുട്ടിക്കും വേണ്ട അരിയും പയറും റേഷന്‍ കാര്‍ഡില്‍ പതിച്ച് കൊടുത്താല്‍ എത്ര പണവും അധ്വാനവും ലാഭമുണ്ട്!"
വര്‍ഗ്ഗ , വര്‍ണ്ണ , ജാതി , മത വ്യത്യാസമില്ലാതെ കുട്ടികള്‍ എല്ലാവരും സ്കൂളില്‍ ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതല്ലേ കൂടുതല്‍ നല്ലത്?

Hari | (Maths) July 4, 2010 at 12:33 PM  

ഒരു പഞ്ചായത്തിലെ സ്ക്കൂളുകള്‍ക്കെല്ലാം കൂടി ഒറ്റ അടുക്കള. ഒരു നല്ല ആശയമാണ്. പക്ഷെ അവിടെയും പണി എളുപ്പമാക്കാന്‍ ശ്രമം നടത്തിയാലോ? വെളിച്ചെണ്ണ കുറച്ചാല്‍..?
ഉള്ളി കുറച്ചാല്‍....?

പണ്ടാരച്ചെമ്പിലെച്ചോറായി ഉച്ചഭക്ഷണപരിപാടി മാറ്റപ്പെടാതിരിക്കാനുള്ള ശക്തമായ മോണിറ്ററിങ് വേണം. ഈ പരിപാടിയുടെ വിജയത്തിനായി സകല ചേരുവകളും ചേരേണ്ടതു പോലെ ചേര്‍ക്കണം. അവിടെയും വാതമില്ലാത്ത കുറുന്തോട്ടികളായിരിക്കണം ഉപയോഗിക്കേണ്ടത്. വിളവ് തിന്നാത്ത വേലികളായിരിക്കണം ഈ അടുക്കളയ്ക്ക് വേണ്ടത്. താക്കോല്‍ വിശ്വസനീയമായ കരങ്ങളാകണം കൈകാര്യം ചെയ്യേണ്ടത്.

പദ്ധതികള്‍ വിഭാവനം ചെയ്യുന്നവര്‍ക്ക് അതിന് വഴിയൊരുക്കാനേ സാധിക്കുകയുള്ളു. വിജയിപ്പിക്കേണ്ട ബാധ്യത നമ്മള്‍ അധ്യാപകരിലാണ്.

848u j4C08 July 4, 2010 at 12:34 PM  

.

ശാന്ത കാവുമ്പായി July 4, 2010 at 1:12 PM  

പ്രൈമറിയില്‍ പഠിപ്പിക്കുന്ന കാലത്തെ അനുഭവം എല്ലാ കുട്ടികള്‍ക്കും കഞ്ഞി കുടിക്കാന്‍ ഇഷ്ടമായിരുന്നു എന്നതാണ്.ഉള്ളത് എല്ലാവര്‍ക്കും പങ്കിട്ടു കൊടുത്ത കാലവും ഉണ്ടായിരുന്നു.അധ്യാപകര്‍ തന്നെ വിളമ്പും.പാചകത്തിന് നേതൃത്വവും അവര്‍ തന്നെ.
ഹൈസ്കൂളിലെത്തിയപ്പോള്‍ ആകെ മാറി.കുട്ടികളും അധ്യാപകരും തമ്മിലുള്ള അകലം കൂടി.വിശന്നു ബോധം കെട്ടാലും ആരെയും അറിയിക്കാത്ത പാവം കുട്ടികള്‍ .
അപ്പോഴൊക്കെ ഹൈസ്ക്കൂളില്‍ കഞ്ഞി വേണമെന്ന് തീവ്രമായി ആഗ്രഹിച്ചിട്ടുണ്ട്.മറ്റു കുട്ടികളുടെ സഹായത്തോടെ ഒരു വര്ഷം മുഴുവന്‍ ഒരു കുട്ടിക്ക്‌ പൊതിച്ചോറ് കൊടുക്കാനുള്ള അവസരവും ഉണ്ടായിട്ടുണ്ട്.
ഇപ്പോള്‍ എല്ലാവര്‍ക്കും ഉച്ചക്കഞ്ഞി കൊടുക്കുന്നു.പക്ഷേ ഒരുപാടു അപാകതകള്‍ .വെയിലത്തും മഴയത്തും ക്യൂ നിന്ന് വാങ്ങണം.എന്നും ഒരേ പയര്‍ തന്നെ.ഇതെല്ലാം മുതിര്‍ന്ന കുട്ടികളെ ഉച്ചക്കഞ്ഞിയില്‍ നിന്നകറ്റുന്നു.പലരും അതുപേക്ഷിച്ച് ഹോട്ടല്‍ ഭക്ഷണത്തെ ആശ്രയിക്കുന്നു.പലപ്പോഴും എന്‍റെ ക്ലാസിലെ കുട്ടികളെ ഉച്ചക്കഞ്ഞി കുടിപ്പിക്കാന്‍ രക്ഷിതാക്കളുടെ സഹായം തേടാറുണ്ട്.ഒമ്പതാം ക്ലാസിലെ പാഠഭാഗവുമായി ബന്ധപ്പെടുത്തി നടത്തിയ സര്‍വേയില്‍ ഒരു ക്ലാസില്‍ അകെ രണ്ടു കുട്ടികളാണ് കഞ്ഞി കുടിക്കുന്നത്.10പേര്‍ ഹോട്ടല്‍ ഭക്ഷണം.അതും അവര്‍ പണിയെടുത്തുണ്ടാക്കുന്ന കാശുകൊണ്ട്.ഈ സാഹചര്യത്തില്‍
പുതിയ മാറ്റങ്ങള്‍ നടപ്പാക്കാന്‍ കഴിയുമെങ്കില്‍ വളരെ നന്നായിരിക്കും.

Jomon July 4, 2010 at 2:02 PM  

ഉച്ചക്കഞ്ഞി എന്ന പേരു ഉച്ചഭക്ഷണം എന്നാക്കണം..
നമ്മുടെ നിത്യ സംഭാഷണങ്ങളില്‍ ആ മാറ്റം വരണം...

പിന്നെ ഈ പാചക വിതരണ ചുമതല കാറ്ററിംഗ് യൂണീറ്റുകളെയോ കുടുംബശ്രീ പോലുള്ള സംഘടനകളെയോ ഏല്‍പിച്ചാലെന്താ..?
ഉച്ചയാകാറാകുമ്പോള്‍ ഭക്ഷണവാഹനം ഓരോ സ്‌കൂളിന്റെയും വാതില്‍ക്കല്‍ എത്തുന്നു... എട്ട് എ യില്‍ വേണ്ടത് പതിനഞ്ച് ഭക്ഷണപ്പൊതികള്‍, അത്രയും എണ്ണം പൊതിച്ചോറ് നിറഞ്ഞ സഞ്ചി/കൂട്/കവര്‍ ആ ക്ലാസിനു വാതില്‍ക്കല്‍ വയ്‌ക്കുന്നു/ക്ലാസിലെ അദ്ധ്യാപികയെ ഏല്‍പിക്കുന്നു (രാവിലെ എണ്ണം അറിയിക്കും...) തുടര്‍ന്ന് ആ പിരീഡ് ആ ക്ലാസില്‍ ഉള്ള അദ്ധ്യാപിക/അദ്ധ്യാപകന്‍ ആ പൊതിച്ചോറ് കുട്ടികള്‍ക്ക് നല്‍കുന്നു...

ക്യൂ നില്‍ക്കണ്ട, ഓടണ്ട, വലിയ ബക്കറ്റും ചുമന്ന് കുട്ടികള്‍ വിഷമിക്കേണ്ട...
അദ്ധ്യാപികയുടെ കൈയ്യില്‍ നിന്നും നേരിട്ടു വാങ്ങുന്നതിനാല്‍ അമ്മ നല്‍കുന്ന ഭക്ഷണവുമായി....

ഇതേ ടീമിനെ തന്നെ അദ്ധ്യാപകരുടെ ഭക്ഷണവും എത്തിക്കാന്‍ ഏര്‍പ്പാടു ചെയ്യണം(അദ്ധ്യാപകരില്‍ നിന്നും പിരിവിടണോ എന്നതു തര്‍ക്ക വിഷയം..?).. എന്തായാലും ഇതു വഴി ഗുണ നിലവാരം ഉറപ്പാക്കാം...

ഇനി ചെലവു പ്രശ്‌നം ഐ.ഡി കാര്‍ഡ് മേക്കേഴ്‌സ്, ബെല്‍റ്റ് മേക്കേഴ്‌സ്, യൂണിഫോം സപ്ലൈയേഴ്‌സ്, സാരി കച്ചവടക്കാര്‍, ബുക്കു വില്‍പ്പനക്കാര്‍ എന്നിവരില്‍ നിന്നും മറ്റു സ്പോണ്‍സര്‍മാരില്‍ നിന്നും കണ്ടെത്തണം...
സ്‌കൂളില്‍ നടക്കുന്ന പരിപാടികളില്‍ അതിന്റെ ബാനറിനു കീഴെ സ്‌പോണ്‍സര്മാരുടെ പേരു കൊടുക്കുക, പകരം ഉച്ചഭക്ഷണത്തിന്റെ അധിക ച്ചെലവ് അവരില്‍ നിന്നും ഈടാക്കാന്‍ ശ്രമിക്കുക...

സഹൃദയന്‍ July 4, 2010 at 2:16 PM  

കഞ്ഞി പാഴാക്കാതെ ഇത് നടത്തണം ...... ദേ ഇത് കണ്ടോ...

സഹൃദയന്‍ July 4, 2010 at 2:19 PM  

കുറഞ്ഞ്ഞാലും കൂടിയാലും പ്രശ്നം

സഹൃദയന്‍ July 4, 2010 at 2:27 PM  

ഒരു ഉച്ചക്കഞ്ഞി ഓര്‍മ്മ എന്റെയല്ല കേട്ടോ ... ഒരു ബ്ലോഗിലെയാ..

CK Biju Paravur July 4, 2010 at 6:53 PM  

വടക്കേക്കര നിയോജകമണ്ഡലത്തില്‍ നടപ്പാക്കിയിരിക്കുന്ന ഉച്ചഭക്ഷണപരിപാടി- അമ്മതന്‍ ഭക്ഷണം വ്യത്യസ്തത പുലര്‍ത്തുന്നതാണ്....
ഇവിടെ പ്ലസ് ടു ക്ലാസ് വരെയുള്ള എല്ലാവര്‍ക്കും ഭക്ഷണം നല്‍കുന്നു. ഭക്ഷണം തയ്യാറാക്കുന്നതിനും നല്‍കുന്നതിനും അമ്മമാരുടെ ചെറുഗ്രൂപ്പുകള്‍ സ്കൂളില്‍ വരുന്നു.
അധ്യാപകരുള്‍പ്പെടെ എല്ലാവരും ഭക്ഷണം കഴിക്കുന്നു.

centralised kitchen ആശയം നല്ലതാണ്.....
പക്ഷെ പൊതിച്ചോറ് പൊതികള്‍ ഉണ്ടാക്കുന്ന മാലിന്യപ്രശ്നവും....വാഹനങ്ങളില്‍ എത്തിക്കുമ്പോഴുള്ള അധികച്ചെലവും
പ്രശ്നമാകുമോ....?

ഹോംസ് July 4, 2010 at 8:08 PM  

"ഉച്ചക്കഞ്ഞി കഴിക്കുന്ന കുട്ടികളെ "കഞ്ഞി പിള്ളേര്‍ " എന്നും, ചാര്‍ജ് വഹിക്കുന്ന അധ്യാപകനെ "കഞ്ഞി മാഷ്‌ " എന്നും , പരിശോധനയ്ക്ക് വരുന്ന ഓഫീസറെ "കഞ്ഞി ഓഫീസര്‍" എന്നും വിളിക്കുന്നത്‌ അധ്യാപകര്‍ മാത്രമാണ്."
ഇതൊക്കെ ഞാന്‍ പറഞ്ഞാല്‍ പുളിച്ച ചീത്തയായി, അല്ലേ ഗീതടീച്ചറേ..?

ഹോംസ് July 4, 2010 at 8:44 PM  

ഒരു ഓഫ് ടോപിക്.
പോസ്റ്റുമായി ബന്ധമില്ലെങ്കിലും പ്രസക്തമെന്നു തോന്നിയതുകൊണ്ട് മാത്രം.
പ്രവാചകനിന്ദയെന്ന പേരില്‍ വിവാദനായകനായ തൊടുപുഴ ന്യൂമാന്‍ കോളേജധ്യാപകന്റെ കൈ വെട്ടിമാറ്റിയിരിക്കുന്നു.
തീര്‍ത്തും ലജ്ജാകരമായ സംഭവം.സമുദായ സ്നേഹികളെന്നു നടിക്കുന്ന ഒരു ന്യൂനപക്ഷത്തിന്റെ കൊടും ക്രൂരത!
തന്നെ സ്ഥിരമായി ദേഹോപദ്രവം ചെയ്തിരുന്ന കുട്ടി, അസുഖം ബാധിച്ച് കിടന്നപ്പോള്‍ ശുശ്രൂഷിച്ച പ്രവാചകന്‍ മുഹമ്മദിന്റെ കോരിത്തരിപ്പിക്കുന്ന കഥ കേട്ടിട്ടുണ്ട്. എന്റെ മുസ്ലിം സുഹൃത്തുക്കള്‍ തന്നെ ഈ കാടത്തത്തിനെതിരെ ശബ്ദിക്കണം.
എന്തേ, അധ്യാപകരുടെ ശബ്ദമായ ഈ ബ്ലോഗില്‍ ഇതേപ്പറ്റി പ്രതികരണങ്ങളില്ലാതെ പോകുന്നത്?

ജനാര്‍ദ്ദനന്‍.സി.എം July 4, 2010 at 9:14 PM  

ഉച്ചഭക്ഷണത്തിന്റെ ഒരുക്കം
തുടക്കം ഇവിടെ

സഹൃദയന്‍ July 4, 2010 at 10:34 PM  

മാത്സുമായി ബന്ധപ്പെട്ട ടോപ്പ് സൈറ്റാണിതെന്നാണ് കണക്കുകള് പറയുന്നത്...
നിങ്ങളു കണക്കുകാര് ഇതൊന്നു നോക്കി അഭിപ്രായം പറയാമോ..

ജനാര്‍ദ്ദനന്‍.സി.എം July 4, 2010 at 10:47 PM  

@ ചിക്കു
ഹോം പേജില്‍ കാലാവസ്ഥ എന്നതിന്റെ തൊട്ടു മുകളിലുള്ള ലിങ്ക് നോക്കൂ. അതവിടെ വന്നിട്ട് കുറച്ചായി

848u j4C08 July 4, 2010 at 11:22 PM  

ഹോംസ്-ന്റെ ഓഫ് ടോപികിനു മറുപടി എഴുതിയാല്‍ ബ്ലോഗ്‌ ടീം അതെടുത്ത് തെമ്മാടിക്കുഴിയില്‍ എറിഞ്ഞാലോ?

എങ്കിലും സാരമില്ല.

തീര്‍ച്ചയായും പ്രതികരിക്കേണ്ട വിഷയം തന്നെ.

അബദ്ധത്തില്‍ സംഭവിച്ചു പോകുന്ന ഒരു കൈപ്പിഴയ്ക്കോ , അല്ലെങ്കില്‍ നാക്ക് പിഴവിനോ സ്വയം മരണ ശിക്ഷ വിധിക്കുന്ന ഒരു വിഭാഗം.

ഏതു തെമ്മാടിത്തരം ചെയ്താലും മതത്തെ കൂട്ടുപിടിച്ചാല്‍ മതി.

സമൂഹം അവര്‍ക്ക് മാപ്പ് കൊടുക്കും.

ഇവനെയൊന്നും തള്ളിപ്പറയാന്‍ ഒരു രാഷ്ട്രീയക്കാരനും ഉണ്ടാവില്ല.
നാല് വോട്ടു കിട്ടുന്നത് നഷ്ടപ്പെട്ടാലോ?

മതത്തെ കുറിച്ചോ , ദൈവത്തെ കുറിച്ചോ അല്‍പ ജ്ഞാനം എങ്കിലും ഉള്ള ഒരുവനും മതത്തിന്റെ പേരില്‍ ഇതുപോലുള്ള കാടത്തം ചെയ്യാന്‍ കഴിയില്ല.

സഹിഷ്ണുത ഉള്ളവനേ ക്ഷമിക്കാന്‍ കഴിയൂ.

സഹിഷ്ണുത ഉണ്ടാവണമെങ്കില്‍ ആത്മബലം ഉണ്ടാകണം .

അതുണ്ടാകുന്നത് ശരിയായ ഈശ്വര വിശ്വാസത്തിലൂടെയും .


.

SUNIL V PAUL July 5, 2010 at 7:12 AM  
This comment has been removed by the author.
SUNIL V PAUL July 5, 2010 at 7:21 AM  
This comment has been removed by the author.
SUNIL V PAUL July 5, 2010 at 7:26 AM  

Dear homes,
It is not a story of Seventies.If we make a personal contact with our "mischiefs",we can see they are suffering more than a middle aged man or woman.
Sometime we may cry by hearing their problems,and 30% of them have no solution,so please don't punish our students.
If a teacher enjoys life with money or side business may feel the punishment as a safety valve in the class.

Vijayan Kadavath July 5, 2010 at 7:51 AM  
This comment has been removed by the author.
ഹോംസ് July 5, 2010 at 8:57 AM  

"മൂവാറ്റുപുഴയില്‍ വെട്ടേറ്റ കോളജ് അധ്യാപകന്‍ മഠയനും വിഡ്ഢിയുമാണെന്നും വിദ്യാഭ്യാസമന്ത്രി എം.എ.ബേബി. അധ്യാപകര്‍ക്കിടയിലും മഠയന്മാരുണ്ടെന്നു മനസ്സിലായതു മന്ത്രിയായതില്‍പ്പിന്നെയാണ്. ഒരു വിഡ്ഢിച്ചോദ്യം ചോദ്യക്കടലാസില്‍ ഉള്‍പ്പെടുത്തി, ഇത്തരത്തിലൊരധ്യാപകനാണ് ഇയാളുമെന്നു തെളിയിച്ചു"
ഇന്നത്തെ മനോരമവാര്‍ത്ത!
എന്റെ മനോരമേ.., പുരകത്തുമ്പോള്‍ വാഴവെട്ടണോ?

Vijayan Kadavath July 5, 2010 at 9:03 AM  

ഏതുകാര്യത്തിനും നേരിട്ട് ശിക്ഷ വിധിക്കാനാണെങ്കില്‍ നീതിന്യായവ്യവസ്ഥ ഒരു കൂട്ടര്‍ക്ക് മാത്രമാണോ? പോലീസിനെയും പട്ടാളത്തേയും കോടതിയെയുമൊക്കെ നോക്കൂകുത്തികളാക്കി നിര്‍ത്തേണ്ട നമുക്കിതേ വരെ വന്നിട്ടില്ലല്ലോ. മതത്തിനും ദൈവത്തിനുമൊക്കെ ഒരു കൂട്ടം തെമ്മാടികളുടെ സംരക്ഷണം വേണമെന്ന അവസ്ഥയിലേക്ക് നമ്മുടെ മതസമൂഹങ്ങള്‍ സങ്കുചിതമായിപ്പോയോ? ഇവരെമാത്രമല്ല, ഇക്കൂട്ടരെയെല്ലാം സംരക്ഷിക്കുന്നവരെക്കൂടി ഒറ്റപ്പെടുത്താന്‍ സമൂഹവും സമുദായവുമെല്ലാം ഒറ്റക്കെട്ടായി നേരിടണം.

മഠയത്തരത്തിനും വിഡ്ഢിത്തരത്തിനുമൊക്കെ ഏതുതരം ശിക്ഷകളും ആര്‍ക്കും നടപ്പാക്കാമെന്ന ധ്വനി അസ്ഥാനത്തുള്ള ഈ പ്രസ്താവനയിലുണ്ടോ ഹോംസേ?

ജനാര്‍ദ്ദനന്‍.സി.എം July 5, 2010 at 1:38 PM  

@ സര്‍വ്വശ്രീ ഹോംസ് & കടവത്ത്
മഠയന്‍ എന്നല്ല
മടയന്‍ എന്നതാണ് ശരി
അതിനു പോലും ദോഷന്‍, പാചകക്കാരന്‍ എന്നീ അര്‍ത്ഥങ്ങളെ ശബ്ദതാരാവലിയില്‍ കാണുന്നുള്ളു. മഠയന്‍ എന്ന വാക്ക് അതില്‍ കാണുന്നുവില്ല

848u j4C08 July 5, 2010 at 1:59 PM  

.
Just for information
" ഒരു രാജ്യം മുഴുവന്‍ ആരാധിക്കുന്ന ഹീറോ ആയി മാറണോ? നിങ്ങളുടെ ഒരു ഫോട്ടോ കയ്യിലുണ്ടെങ്കില്‍ മാത്രം മതി. ഇതിനായി നിങ്ങള്‍ ചെലവിടേണ്ടത് വെറും 3 മിനിറ്റ് മാത്രം. (90 സെക്കന്‍റ് വീതം രണ്ട് വട്ടം) "

എനിക്ക് ചെലവിടേണ്ടി വന്നത് 30 mb -യും 25 മിനിട്ടും
എങ്കിലും സംഭവം കൊള്ളാം .

.

ജനാര്‍ദ്ദനന്‍.സി.എം July 5, 2010 at 3:45 PM  

ഒരു രാജ്യം മുഴുവന്‍ ആരാധിക്കുന്ന ഹീറോ ആയി മാറണോ? നിങ്ങളുടെ ഒരു ഫോട്ടോ കയ്യിലുണ്ടെങ്കില്‍ മാത്രം മതി. ഇതിനായി നിങ്ങള്‍ ചെലവിടേണ്ടത് വെറും 3 മിനിറ്റ് മാത്രം. (90 സെക്കന്‍റ് വീതം രണ്ട് വട്ടം) "
എനിക്കും സമയം അല്പം കൂടുതല്‍ വന്നു. പക്ഷെ ഞാനതിന്റെ ലിങ്ക് ജനവാതിലില്‍ വലതു മുകളിലായി ചേര്‍ത്തിട്ടുണ്ട്-ഞാനാരാ മോന്‍

Kalavallabhan July 5, 2010 at 3:51 PM  

“കഞ്ഞി” എന്നൊരു വാക്കിനെ ഇത്രമാത്രം തരം തഴ്തപ്പെടേണ്ടതുണ്ടോ ?
ഉറപ്പില്ലാത്ത അരിയും വെള്ളവും ഉപ്പും കൂടിക്കലർന്ന ഒരു ആഹാരം.
ഇതിന്റെ മറ്റൊരവസ്ഥയാണല്ലോ “ചോർ”
ഈ വാക്കും ഒരു തരം താണതല്ലേ, അല്ലായെന്നുണ്ടെങ്കിൽ ഒരു ഹിന്ദിക്കാരനോടു പറഞ്ഞു നോക്കൂ.
പാവപ്പെട്ടവനു “ചോറിനേക്കാൾ” പ്രിയം കഞ്ഞി ആയിരിക്കും. കാരണം “നല്ലത്” ഊറ്റിക്കളയാതെ കഴിക്കാം.
നല്ലത് പോയാൽ “ചോർ” ആകും.

ഡ്രോയിങ്ങ് മാഷ് July 5, 2010 at 5:59 PM  

കലാവല്ലഭന്‍ സാര്‍‍,

ഇന്ന് മലയാളഭാഷയിലെ പല പദങ്ങള്‍ക്കും കാര്യമായ അര്‍ത്ഥവ്യതിയാനം സംഭവിച്ചിട്ടുണ്ട്. പീഢനം, ബന്ധം തുടങ്ങിയ വാക്കുകള്‍ക്ക് ഇന്ന് നമ്മുടെ സമൂഹം കൊടുക്കുന്നത് ഏതര്‍ത്ഥമാണ്? ഇത്തരത്തില്‍ നികൃഷ്ടവല്‍ക്കരിക്കപ്പെട്ടുപോയ ഹതഭാഗ്യമായ വാക്കുകളുടെ ഗണത്തില്‍പ്പെടുത്താവുന്ന വാക്കാണ് കഞ്ഞി. ബാബു സാര്‍ പറഞ്ഞത് വാസ്തവമാണ്. "കഞ്ഞീ, വിളമ്പാന്‍ പോയില്ലേ..."
ഇല്ല കഞ്ഞീ, വിളമ്പാന്‍ പോയില്ല" എന്നെല്ലാം ഒറ്റശ്വാസത്തില്‍ നീട്ടിപ്പറയുന്ന ട്രെന്‍റ് ഇന്ന് നിലവിലുണ്ട്. അതു തമാശ. എന്നാല്‍ കഞ്ഞിപ്പിള്ളേരുടെ എണ്ണമെത്ര എന്നാരെങ്കിലും കുട്ടികള്‍ക്ക് മുന്നില്‍ വെച്ച് ചോദിക്കുന്നുണ്ടെങ്കിലോ. ഉച്ചഭക്ഷണം എന്നു തന്നെ പറയുന്നതാണ് പുതിയ കാലത്ത് ഭംഗിയെന്നു തോന്നുന്നു.

ഓഫ് : ആധുനിക മലയാളഭാഷയുടെ പിതാവാരാണെന്നു ചോദിച്ചപ്പോള്‍ കേരളത്തിലെ പുതിയ ഹാസ്യതാരം ടിന്‍റുമോന്‍ പറഞ്ഞത് ഓര്‍മ്മ വരുന്നു. പിതാവിനെ അറിയില്ല. വേണമെങ്കില്‍ മാതാവിനെപ്പറഞ്ഞു തരാം
"രഞ്ജിനി ഹരിദാസ്"!!!!!!

ജനാര്‍ദ്ദനന്‍.സി.എം July 5, 2010 at 8:25 PM  

ഓഫ് ടോപ്പിക് ആണ്
എന്റെ 80 GB external ഡ്രൈവില്‍ നിറയെ പാട്ടുകളുണ്ട് എന്നു കരുതുക. എനിക്ക് പാട്ടിന്റെയോ സിനിമയുടെയോ പേരു കൊടുത്ത് പെട്ടെന്ന് പാട്ട് സെലക്ട് ചെയ്യാന്‍ പറ്റിയ ഒരു സോഫ്ട്വെയര്‍(windows / ubuntu based)ആര്‍ക്കെങ്കിലും പറഞ്ഞു / കാണിച്ചു തന്നു സഹായിക്കാന്‍ പറ്റുമോ

ഫിലിപ്പ് July 5, 2010 at 8:50 PM  

ജനാര്‍ദ്ദനന്‍ സാര്‍,

ഈ ആവശ്യത്തിന് ഉബുണ്ടുവില്‍ ലഭ്യമായ ഏറ്റവും നല്ല സോഫ്റ്റ് വെയറുകളിലൊന്നാണ് അമറോക്ക്. ഉബുണ്ടുവില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ Synaptic ഉപയോഗിക്കാം (System -> Administration -> Synaptic), അല്ലെങ്കില്‍ Ubuntu Software Center (Applications -> Ubuntu Software Center). ഇതില്‍ രണ്ടിലും തെരയാനുള്ള കള്ളിയില്‍ amarok എന്നു കൊടുത്ത് മുന്നേറുക. ഇതു രണ്ടുമല്ലെങ്കില്‍ ടെര്‍മിനലില്‍ sudo apt-get install amarok എന്നുപറഞ്ഞ് ആവാഹിക്കുക.

ഇന്‍സ്റ്റാള്‍ ചെയ്തശേഷം ഉപയോഗിക്കാനായി അമറോക്ക് തുറന്ന് (Applications -> Sound and Video -> Amarok) അതില്‍ External Hard Disk തുറക്കുക. ഡിസ്കിലുള്ള ഫയലുകളുടെ ലിസ്റ്റുണ്ടാക്കാന്‍ അമറോക്ക് കുറച്ചുനേരം എടുത്തേക്കാം, അതുകഴിഞ്ഞ് സാറിനുവേണ്ടരീതിയില്‍ പാട്ടുകള്‍ തെരയാന്‍ പറ്റും.

-- ഫിലിപ്പ്

Jomon July 5, 2010 at 10:05 PM  

.

സെന്ട്രലൈസ്ഡ അടുക്കളയ്ക്ക് ഉള്ള തടസമെന്താ..?
പത്ത് പാച്ചകക്കാര്‍ക്ക് കൊടുക്കുന്ന കൂലി കുറച്ചു പേര്‍ക്ക് കൊടുക്കാം.. വാഹന ചെലവ്‌ അതില്‍ നിന്നും എടുക്കാം...
പിന്നെ മാലിന്യം.. അതിനു ട്രീറ്റ്മെന്റ് പ്ലാന്‍ ഓരോ പഞ്ചായത്തിലും... ആ പ്ലാന്‍ വഴി മാലിന്യം ശേഖരിച്ച് ഗ്യാസ് ഉണ്ടാക്കി പാചകത്തിന് ഉപയോഗിച്ചാല്‍ അത് വഴിയും കുറെ കാശു ലാഭം ..
സ്കൂള്‍ ബസ്‌ ഓടിക്കാന്‍ തയാറായ ഒഫീസിലെ സ്റ്റാഫിനെ കൊണ്ടു ആ ജോലി നിര്‍വഹിപ്പിച്ചാല്‍ വാഹന ചെലവിനത്തില്‍ കുറെ കാശു ലാഭിക്കാം....
ആ പഞ്ചായത്തിലെ കുറെ സ്കൂളുകളിലെ ഒരു സ്റ്റാഫിന്റെ കുറവല്ലേ വരുള്ളൂ..?
ജനാര്‍ദ്ദനന്‍ മാഷ്‌ സൂചിപ്പിച്ച പോലെയൊക്കെ നടത്തു വാനെന്കില്‍ വളരെ നല്ലത്...


.

സഹൃദയന്‍ July 5, 2010 at 10:24 PM  

ഹായ്‌ ഇവിടേം ടിന്റു മോന്‍..

ഇനി ടിന്റുമോന്റെ സ്കൂള്‍ ഫലിതം..

മലയാളം ടീച്ചര്‍...

" അന്കനത്തൈമാവില്‍ നിന്നാദ്യത്തെ പഴം വീഴ്കെ അമ്മതന്‍ നേത്രത്തില്‍ നിന്നുതിര്‍ന്നു ചുടു കണ്ണീര്‍ "

ചോദ്യം : അമ്മയുടെ കണ്ണില്‍ നിന്നും ചുടു കണ്ണീര്‍ വരാന്‍ കാരണമെന്ത്‌ ?

ടിന്റുമോന്‍ : അവരുടെ തലേലായിരിക്കും മാങ്ങാ വീണത്

ടിന്റുമോനാരാ മോന്‍

ജനാര്‍ദ്ദനന്‍.സി.എം July 5, 2010 at 10:27 PM  

@ Philip sir
Thank you very much.

Krishnan July 6, 2010 at 6:27 AM  

About Janardhanan Master's query about playing a selected song: In Ubuntu, open a terminal and type

rhythmbox songname

This is assuming rhythmbox is your audio player. Again if you are not in the directory containing the songs, you must give the full path to the song. To save typing, you can also use the "Tab" key for auto-completion.

ജനാര്‍ദ്ദനന്‍.സി.എം July 6, 2010 at 11:04 AM  

@ philip sir
amarok install ചെയ്തു. .wav ഫയല്‍ പാടുന്നുമുണ്ട്. എന്നാല്‍ .mp3 ഫയലുകള്‍ പാടുന്നില്ല. എന്തു ചെയ്യണം. ഇടക്കിടെ ബുദ്ധിമുട്ടിക്കുന്നതിനു ക്ഷമിക്കണം. പരിചയക്കുറവു കൊണ്ടാണ്

ജനാര്‍ദ്ദനന്‍.സി.എം July 6, 2010 at 11:10 AM  

@ philip sir
Amarok install ചെയ്തു. .wav ഫയലുകള്‍ പാടിക്കേട്ടു. എന്നാല്‍ .mp3 ഫയലുകള്‍ പാടുന്നില്ല. എന്താണ് പ്രതിവിധി. ഇടക്കിടക്ക് ബുധ്ധിമുട്ടിക്കുന്നതില്‍ ക്ഷമിക്കണം.

ജനാര്‍ദ്ദനന്‍.സി.എം July 6, 2010 at 2:44 PM  

@ philip sir
Amarok install ചെയ്തു. .wav ഫയതുകള്‍ പാടുകയും ചെയ്തു. പക്ഷെ .mp3 ഫയലുകള്‍ പാടുന്നില്ല. എന്താണ് പ്രതിവിധി.ബുദ്ധിമുട്ടിക്കുന്നതില്‍ ക്ഷമിക്കണം

Vinnie July 6, 2010 at 4:09 PM  

Plz watch malayalam shortfilm "FEB 29" and "CIGARETTE"
http://zerodegreefilms.blogspot.com/

വി.കെ. നിസാര്‍ July 6, 2010 at 7:13 PM  

Testing...Testing

ഫിലിപ്പ് July 6, 2010 at 8:50 PM  

ജനാര്‍ദ്ദനന്‍ സാര്‍,

ബുദ്ധിമുട്ടൊന്നുമില്ല. ഈ പ്രശ്നത്തിനുള്ള പരിഹാരം ഇവിടെയും ഇവിടെയും. ശരിയായാലും ഇല്ലെങ്കിലും അറിയിക്കുക. വേര്‍ഷന്‍ 9.04 അല്ലെങ്കിലും ഇതുതന്നെ ചെയ്താല്‍ മതിയാകേണ്ടതാണ്.

-- ഫിലിപ്പ്

ജനാര്‍ദ്ദനന്‍.സി.എം July 6, 2010 at 10:47 PM  

@ Philip sir
എന്റെ വേര്‍ഷന്‍ 9.10 ആണ്.എന്നാലും സാരു പറഞ്ഞ പ്രകാരം ചെയ്തപ്പോള്‍ ശരിയായി.നന്ദി. ഒരു പഴയ വാധ്യാരാണേ.

Anonymous July 10, 2010 at 6:53 AM  

ജനറല്‍ പോസ്‌റ്റുകള്‍ വീണ്ടും പ്രസിദ്ധീകരിച്ചു തുടങ്ങാന്‍ തീരുമാനമെടുത്തതിനു ശേഷമുള്ള രണ്ടാമത്തെ പോസ്‌റ്റായിരുന്നു ഉച്ചക്കഞ്ഞി @ സെന്‍ട്രലൈസ്ഡ് കിച്ചണ്‍.. മുന്‍ പോസ്‌റ്റിനേക്കാള്‍ മികച്ച പ്രതികരണമാണ് ഇതിനു കിട്ടിയതെന്നത് സന്തോഷകരമായ വസ്‌തുതയാണ്. ഒട്ടേറെ ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ക്കും ആ പോസ്‌റ്റ് വേദിയൊരുക്കി എന്നതും എടുത്തു പറയേണ്ടതാണ്.

@ഹോംസ്
ഹോംസിന്റെ അനുഭവങ്ങള്‍ മനസില്‍ ഏറെ ആഴത്തില്‍ പതിഞ്ഞിരിക്കുന്നവയാണെന്നു മനസിലാക്കുന്നു. കഴിഞ്ഞ പോസ്‌റ്റില്‍ സൂചിപ്പിച്ചിരുന്നതു പോലെ ഹോംസിന്റെ അനുഭവങ്ങള്‍ മുഴുവനായി ഒരു പോസ്‌റ്റില്‍ നല്‍കാതെ ഇങ്ങിനെ കമന്റുകളായി നല്‍കുന്നതാണു കൂടുതല്‍ നല്ലതെന്നു തോന്നുന്നു. സഹകരണത്തിനു നന്ദി

@ഗീതാസുധി
ശരിയാണു ടീച്ചറെ, കുട്ടികളെല്ലാം നമുക്ക് ഒരു പോലെയാണ്. സ്‌കൂളിലെ കുട്ടികള്‍ ഭക്ഷണം കഴിക്കുന്നതും അവരുടെ സൌകര്യങ്ങളും കാണുമ്പോള്‍ നമ്മുടെ കുട്ടികള്‍ക്ക് ഉള്ളതു പോലെയുള്ള സൌകര്യങ്ങള്‍ ആ കുട്ടികള്‍ക്കും ഉണ്ടായിരുന്നെങ്കില്‍ എന്നു പലപ്പോഴും ആലോചിച്ചു പോകും. പല കുട്ടികളുടെയും വീടുകള്‍ സന്ദര്‍ശിക്കുമ്പോളേ അവരു വരുന്ന യഥാര്‍ത്ഥ സാഹചര്യം നമുക്ക് പിടികിട്ടൂ. എന്തായാലും അഭിപ്രായം അറിയിച്ചതിനു നന്ദി
@വിജയന്‍ കടവത്ത്
കുട്ടികളുടെ ഇടയില്‍ ഉച്ചഭക്ഷണത്തെ കുറിച്ചൊരു അഭിപ്രായ സര്‍വേ നല്ല ആശയമാണ്. ആരെങ്കിലുമൊക്ക അതിനു തയാറായി കുട്ടികളുടെ ആവശ്യങ്ങള്‍ കൂടി പരിഗണിച്ച് മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിച്ചാല്‍ നല്ലത്.
സ്‌കൂളിലെ ഉച്ചഭക്ഷണത്തിന്റെ നിലവാരം മോശമാണെന്ന പരാതി അടുത്തകാലത്തൊന്നും വന്നിട്ടില്ലല്ലോ.. ഇനി അഥവാ മോശമായാല്‍ നാണക്കേടു സ്‌കൂളിനു തന്നെയായതിനാല്‍ സ്‌കൂള്‍ അധികൃതര്‍ അത്തരം കാര്യങ്ങളില്‍ സൂക്ഷമത പുലര്‍ത്തനാണു സാധ്യത.
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും നന്ദി
തുടരുന്നു..

Anonymous July 10, 2010 at 6:55 AM  

@വിജയന്‍ കടവത്ത്
കുട്ടികളുടെ ഇടയില്‍ ഉച്ചഭക്ഷണത്തെ കുറിച്ചൊരു അഭിപ്രായ സര്‍വേ നല്ല ആശയമാണ്. ആരെങ്കിലുമൊക്ക അതിനു തയാറായി കുട്ടികളുടെ ആവശ്യങ്ങള്‍ കൂടി പരിഗണിച്ച് മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിച്ചാല്‍ നല്ലത്.
സ്‌കൂളിലെ ഉച്ചഭക്ഷണത്തിന്റെ നിലവാരം മോശമാണെന്ന പരാതി അടുത്തകാലത്തൊന്നും വന്നിട്ടില്ലല്ലോ.. ഇനി അഥവാ മോശമായാല്‍ നാണക്കേടു സ്‌കൂളിനു തന്നെയായതിനാല്‍ സ്‌കൂള്‍ അധികൃതര്‍ അത്തരം കാര്യങ്ങളില്‍ സൂക്ഷമത പുലര്‍ത്തനാണു സാധ്യത.
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും നന്ദി
@KTMHS MANNARKKAD
കുട്ടികളുടെ ഭക്ഷണത്തിന്റെ പങ്ക് റേഷന്‍കട വഴി നേരിട്ടു നല്‍കുക എന്ന ആശയം നല്ലതാണ്. പക്ഷെ എത്ര മാത്രം പ്രാവര്‍ത്തികമാണ് എന്നതു ചിന്തിക്കേണ്ടിയിരിക്കുന്നു..
ഇപ്പോ നമ്മുടെ ലംപ്‌സം ഗ്രാന്റ് വിതരണം കഴിഞ്ഞ് പുറത്തെ കാഴ്‌ച ശ്രദ്ധിച്ചിട്ടുണ്ടോ? ആ കാശും വാങ്ങി അച്‌ഛന്‍ കള്ളു ഷാപ്പിലേക്ക് പോകും. 'അച്‌ഛാ ബുക്ക് മേടിക്കാന്‍ പൈസ ' എന്നു പറഞ്ഞു കരയുന്ന് കുഞ്ഞിനോടു വീട്ടില്‍ പോടാ എന്നു പറയുകയും ചെയ്യും. ഈ അവസ്ഥയില്‍ ഈ ആശയം നടപ്പിലാക്കിയാലുളള ഫലം ഊഹിക്കാമല്ലോ.. എന്തായാലും നിര്ദ്ദേശം അറിയിച്ചതിനു നന്ദി

Anonymous July 10, 2010 at 6:56 AM  

@ബാബു ജേക്കബ്
സാര്‍ മുന്നോട്ടു വച്ച നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാണ്. ഓരോ സ്‌കൂളൂകളിലും ഉച്ചഭക്ഷണ പദ്ധതി ഓരോ രീതിയിലാണു പോകുന്നത്. നല്ല രീതിയില്‍ പോകുന്ന സ്‌കൂളുകളും അതു പോലെ വഴിപാടായി മാത്രം അതു നടപ്പാക്കുന്ന സ്‌കൂളുകളും ഉണ്ട്. സാറു കമന്റില്‍ സൂചിപ്പിച്ച പോലെ നമ്മള്‍ അദ്ധ്യാപകരുടെ മനോഭാവം പോലെയിരിക്കും അത്. ഷര്‍ട്ടിലും സാരിയിലും കഞ്ഞി വീഴുമെന്നു പേടിച്ച് മാറി നില്‍ക്കുന്ന അദ്ധ്യാപകരുടെ അതേ മനോഭാവം.
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും നന്ദി

Anonymous July 10, 2010 at 6:57 AM  

@Hari l (Maths)
മോണിറ്ററിംഗ് നടത്തേണ്ടത് നമ്മള്‍ അദ്ധ്യാപകരാണ്. നമ്മുടെ മോണീറ്ററിംഗ് ശക്‍തമാണെങ്കില്‍ അഴിമതിയൊക്കെ നമുക്കു നിര്‍ത്താവുന്നതേയുള്ളു. അഭിപ്രായമറിയിച്ചതിനു നന്ദി
@ശാന്ത കാവുമ്പായി
ഹൈസ്‌കൂള്‍ കുട്ടികള്‍ക്ക് കഞ്ഞി കുടിക്കാന്‍ താല്‍പര്യമില്ല എന്ന നിരീക്ഷണം ഒരു സത്യമാണ്. എന്താണവരെ പിന്തിരിപ്പിക്കുന്ന ഘടകം എന്നതു കൂടുതല്‍ ചര്ച്ച ചെയ്യേണ്ടിയിരിക്കുന്നു. അഭിപ്രായത്തിനും നിര്ദ്ദേശങ്ങള്‍ക്കും നന്ദി
@joms
ആശയം നല്ലതാണ്. അദ്ധ്യാപകരും പി.ടി.എ യുമെല്ലാം ഒത്തു ശ്രമിച്ചാല്‍ നടപ്പാക്കാവുന്നതേയുള്ളു.
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും നന്ദി
@ചിക്കു
ലിങ്കുകള്‍ക്ക് നന്ദി. തുടര്‍ന്നും സഹരിക്കുമല്ലോ
@ckbiju
വടക്കേക്കര നിയോജകമണ്ഡലത്തിലെ വ്യത്യസ്‌തമായ 'അമ്മ തന്‍ ഭക്ഷണം' ഉച്ചഭക്ഷണ പദ്ധതിയെ കുറിച്ചുള്ള വിവരങ്ങള്‍ അറിയിച്ചതിനു നന്ദി. തീര്‍ച്ചയായും ഇതു നല്ലൊരാശയമാണ്. കൂടുതല്‍ പേര്ക്കിതു പ്രചോദനമേകട്ടെ എന്നാഗ്രഹിക്കുന്നു. അഭിപ്രായങ്ങളറിയിച്ചതിനു നന്ദി.

Anonymous July 10, 2010 at 11:06 AM  

@ജനാര്‍ദ്ദനന്‍ സി.എം
അങ്ങു വെളിപ്പെടുത്തിയ വിവരങ്ങള്‍ ഉച്ചക്കഞ്ഞി വിതരണത്തെ കുറിച്ചുള്ള പരമ്പരാഗത സങ്കല്‍പങ്ങളെ മാറ്റി മറിക്കുന്ന ഒന്നായിരുന്നു. ഞങ്ങളെ ശരിക്കും അത്ഭുതപ്പെത്തിയ ഒന്നു കൂടിയായിരുന്നു അത്. ഇങ്ങിനെയും കാര്യങ്ങള്‍ നടത്താം എന്നൊരു ബോധം ഏവരിലും ഉണ്ടാക്കാന്‍ സാറിന്റെ വിശദീകരണം കൊണ്ടു സാധിച്ചു. മികച്ച രീതിയില്‍ ഉച്ചഭക്ഷണ പരിപാടി സംഘടിപ്പിച്ചതിലുളള അഭിനന്ദനം അറിയിക്കട്ടെ ആ പുതിയ ആശയം ഏവരുമായും പങ്കു വച്ചതിനു നന്ദി
@revima
ജന്മ ദിനമിഠായിക്കു പകരം കറി സ്‌പോണ്‍സര്‍ ചെയ്യുക എന്നതു ഒരു നല്ല ആശയമാണ്. കൂടുതല്‍ സ്‌കൂളുകള്ക്കും കുട്ടികള്‍ക്കും ഈ ആശയം നടപ്പാക്കാന്‍ ഈ പോസ്‌റ്റ് പ്രേരണയേകട്ടെന്നു ആഗ്രഹിക്കുന്നു. അഭിപ്രായമറിയിച്ചതിനു നന്ദി
@Swapna John
ഇപ്പോള്‍ എല്ലാം യാന്ത്രികമായിക്കൊണ്ടിരിക്കുന്നു എന്നതൊരു ശരിയാണ്. ഒരു പക്ഷെ കഞ്ഞി അത്ര ചുമന്നു കൊണ്ടു വരാനുള്ള മടി മൂലമാണൊ കുട്ടികള്‍ കഞ്ഞിക്കു പേരു കൊടുക്കുന്നത്? പയറില്‍ കല്ലു കിടക്കുന്നതു കൊണ്ടാണൊ അതു വേണ്ടെന്നു പറയുന്നത്. ? എന്തായാലും എല്ലായിടത്തും കണ്ടു വരുന്ന ഒരു ട്രെന്ഡാണു ടീച്ചര്‍ സൂപിപ്പിച്ചത്.
അഭിപ്രായങ്ങള്‍ അറിയിച്ചതിനു നന്ദി

Anonymous July 10, 2010 at 11:08 AM  

@SUNIL V PAUL
ഏറെ പ്രസ‌ക്‍തമായ ഒരു കാര്യമാണു സാര്‍ സൂചിപ്പിച്ചത്. കുട്ടികളെ ശിക്ഷിക്കുന്നതിനു മുന്‍പ് അവരുടെ സാഹചര്യം കൂടി നാം പരിഗണിക്കണം. പലപ്പോഴും വളരെ മോശം മോശം സാഹചര്യത്തില്‍ നിന്നു വരുന്ന കുട്ടിയില്‍ നിന്നും എല്ലാ സൌകര്യങ്ങളും ലഭിക്കുന്ന ഒരു കുട്ടിയില്‍ നിന്നും ഒരേ പ്രകടനം നാം പ്രതീക്ഷിക്കേണ്ടതില്ല. പലപ്പോഴും കുട്ടികളുടെ പശ്ചാത്തലം മനസിലാക്കാന്‍ നല്ലൊരു പങ്ക് അദ്ധ്യാപകരും ശ്രമിക്കുന്നില്ല എന്നതു മറ്റൊരു വസ്‌തുത.
അഭിപ്രയത്തിനു നന്ദി.
@kalavallabhan
പല വാക്കുകള്‍ക്കും കാലക്രമേണ അര്‍ത്ഥ വ്യത്യാസം വരുന്നുണ്ട് സാര്‍. ഒരു വാക്കിന്റെ അര്‍ത്ഥം അതു ഉപയോഗിക്കുന്ന സാഹചര്യത്തിനനുസരിച്ച് മാറ്റപെടാം.കുറേ നാള്‍ ഉപയോഗിച്ചു കഴിയുമ്പോള്‍ ആ പദത്തിന്റെ അര്‍ത്ഥം തന്നെ അതായി മാറാം. ഉദാഹരണത്തിനു പീഡനം എന്ന വാക്കിന്റെ ഇപ്പോഴത്തെ അര്ഥം നോക്കൂ. അതു പോലെ വെള്ളം എന്നതിനും സാഹചര്യത്തിനനുസരിച്ച് അര്‍ത്ഥം മാറൂന്നുണ്ടല്ലോ..
അഭിപ്രായങ്ങള്‍ക്ക് നന്ദി
@ഡ്രോയിംഗ് മാഷ്
അഭിപ്രായങ്ങള്‍ക്ക് നന്ദി. തുടര്‍ന്നും സഹകരണം പ്രതീക്ഷിക്കാമല്ലോ

അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിച്ച ഏവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി അറിക്കുന്നു. ഒരു പുതിയ വിഷയവുമായി നാളെ കണ്ടു മുട്ടാം...

Tom July 29, 2010 at 10:32 PM  

Don't think it as a backdoor entry! A worksheet has been developed which I think may help those who are in charge of school Noon Meal Programme in maintaining the stock register. Just have to enter the total No. of students participated in noon meal in each class each day. All the details for NMP form and K2 form get calculated automatically. And is ready to be printed. Can download it from
http://www.tomsdesk.webs.com

Tom July 29, 2010 at 10:52 PM  

Can download Noon Meal Stock maintenance worksheet from here
tomsdesk.webs.com

Tom July 29, 2010 at 10:57 PM  
This comment has been removed by the author.
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer