SSLC-2010 Maths, Physics ഉത്തരങ്ങള്‍

>> Tuesday, March 30, 2010

പരീക്ഷ കഴിയുന്ന മുറയ്ക്ക് ഉത്തരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ മാത്​സ് ബ്ലോഗ് നിതാന്തജാഗ്രത പുലര്‍ത്തിയിട്ടുണ്ടെങ്കിലും ജോംസ് സാറിന്റെയും കാല്‍വിന്‍ സാറിന്റെയും നിര്‍​ദ്ദേശം മാനിച്ചു കൊണ്ടാണ് പരീക്ഷയുടെ തൊട്ടടുത്ത ദിവസം തന്നെ ഉത്തരങ്ങള്‍ പ്രസിദ്ധീകരിക്കാതിരുന്നത്. പരീക്ഷകള്‍ പരിപൂര്‍ണമായി അവസാനിച്ചതോടെ അധ്യാപകരുടെ അഭ്യര്‍ത്ഥന മാനിച്ച് അവ ഈ പോസ്റ്റിനോടൊപ്പം പ്രസിദ്ധീകരിക്കുന്നു. ബ്ലോഗ് ടീമംഗമായ രാമനുണ്ണി മാസ്റ്റര്‍ മാധ്യമം ദിനപ്പത്രത്തിനുവേണ്ടി തയ്യാറാക്കിയ ഗണിത ശാസ്ത്ര പരീക്ഷയെക്കുറിച്ചുള്ള അവലോകനമാണ് ചോദ്യപേപ്പര്‍ ചര്‍ച്ചയ്ക്ക് മുന്നോടിയായി നല്‍കുന്നത്. ഇതോടൊപ്പം നമ്മുടെ ബ്ലോഗിലെ നിത്യസന്ദര്‍ശകയായ ഗായത്രി കണ്ണന്‍ ഗണിതശാസ്ത്രം, ഭൗതികശാസ്ത്രം എന്നീ പരീക്ഷകളുടെ ഉത്തരങ്ങള്‍ തയ്യാറാക്കി നല്‍കിയിട്ടുണ്ട്. നല്ല നിലവാരത്തോടെ തന്നെയാണ് കുട്ടിയാണെങ്കിലും ഗായത്രി ഉത്തരങ്ങള്‍ തയ്യാറാക്കിയിരിക്കുന്നതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. താഴെയുള്ള ലിങ്കില്‍ നിന്നും ഈ ഉത്തരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാം. ഒപ്പം ഈ ചോദ്യപേപ്പറുകളെപ്പറ്റി നിങ്ങളുടെ വിലയിരുത്തലുകള്‍ കമന്റായി നല്‍കുമല്ലോ.

ഈ പരീക്ഷകള്‍ ബഹുഭൂരിപക്ഷം കുട്ടികള്‍ക്കും കണക്ക് പരീക്ഷ പേടിയാണ്. ഞായറാഴ്ചയും തിങ്കളാഴ്ചയും ഒരായിരം വട്ടം നോട്ടും റ്റെക്സ്റ്റും പേജ്പേജായി മറിച്ചുനോക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയായപ്പോഴേക്കും ഹാളില്‍ നിരന്നിരുന്ന കുട്ടികള്‍ ഒരു തരം സ്തംഭനാവസ്ഥയിലായിരുന്നു. എന്നാല്‍ 1.30 നു ആദ്യബെല്ലടിച്ചതോടെ മട്ടുമാറി. ഉഷാറായി. പേപ്പര്‍ കയ്യില്‍ കിട്ടുന്നതുവരെ വളരെ അയഞ്ഞു. കയ്യില്‍ കിട്ടിയപേപ്പര്‍ ഒന്നു വായിച്ചുനോക്കിയതോടെ ആത്മവിശ്വാസം വര്‍ദ്ധിച്ചതുപോലെ.

ഇതു പരീക്ഷയുടെ ഒരു മനശ്ശാസ്ത്രമാവാം. യാഥാര്‍ഥ്യം അംഗീകരിക്കാനുള്ള തയ്യാറെടുപ്പ്. ഇനി എഴുത്താണ്. എഴുതിക്കഴിയുന്നതുവരെ മറ്റൊന്നും മനസ്സിലില്ല. സമയബോധ്യത്തോടെയുള്ള പ്രവര്‍ത്തനം. ഹാള്‍ വിട്ടിറങ്ങിയ കുട്ടികള്‍ എല്ലാവര്‍ക്കും ഒരേ സ്വരം. ജയിക്കും. ജയിക്കും. ചിലതൊക്കെ പ്രയാസം തന്നെ. എന്നാലും ജയിക്കും. എല്ലാവരും ജയിക്കുകയും മികച്ചവര്‍ മാത്രം മികവോടെ ജയിക്കുകയും ചെയ്യുക എന്നത് ഒരു പരീക്ഷയുടെ മൂല്യസൂചനയാണ്. ഭിന്ന നിലവാരക്കാരെ മുഴുവന്‍ പരിഗണിക്കുന്ന പരീക്ഷ. കണക്ക്പരീക്ഷ-മറ്റു പല പരീക്ഷകളും പോലെ മികവുറ്റതായി.
സ്കോറുകള്‍ ചെറുതും വലുതും ഇടകലര്‍ന്ന് ഉണ്ടായിരുന്നു. എല്ലാ ചോദ്യങ്ങളിലും എന്റ്​റി ലെവല്‍ ഘടകം. റ്റെക്സ്റ്റ് മുഴുവന്‍ പരിഗണിക്കപ്പെടുന്ന അവസ്ഥ. സമയക്ലുപ്തത ഒന്നും നോക്കാനായില്ല. മുഴുവനും എഴുതിത്തീര്‍ക്കാനായി മിക്കവര്‍ക്കും. അപൂര്‍വം ചിലര്‍ക്ക് സമയം തികഞ്ഞതുമില്ല. ഭിന്നനിലവാരക്കാരുടെ എഴുത്തുമികവും കാണണമല്ലോ.ഓരോ ചോദ്യവും എടുത്തുപരിശോധിക്കേണ്ടതില്ല. തെറ്റുകളൊന്നും ആരും ചൂണ്ടിക്കാട്ടിയില്ല. ചോദ്യവും ഉത്തരമെഴുതാനുള്ള സമയവും അതിന്നു നിശ്ചയിച്ച സ്കോറും പലരും ചര്‍ച്ചചെയ്തിരുന്നു. ഒരുദാഹരണം:

രണ്ടാം ചോദ്യം: ഒന്നാം ചോദ്യത്തിന്ന് ഉത്തരമെഴുതാനെടുത്തതിന്റെ മൂന്നിരട്ടി സമയം ഇതിന്ന് വേണ്ടിവന്നു. (a-b)2 വെച്ച് വിപുലീകരിച്ച്, Xന്റെ വില കണ്ടെത്തുക എന്നത് ഒരു വൃത്തം വരച്ച് ഒരു ബിന്ദുവില്‍കൂടി സ്പര്‍ശരേഖ വരയ്ക്കുന്നതുപോലെ എളുപ്പമല്ലല്ലോ? എന്നാല്‍ രണ്ടിനും ഒരേ സ്കോര്‍!

അഞ്ചാം ചോദ്യം: സാധാരണ കുട്ടികള്‍ക്ക് പ്രവേശനം ഇല്ലാതെ വരുന്ന ഒന്നാണ്. അത്രയധികം ഗണിതബോധം ആവശ്യമുള്ളതാണിത്.

മികച്ച ചോദ്യങ്ങളില്‍ ഒന്നാണ് 12 ആം ചോദ്യം. രസകരവും എന്നാല്‍ നല്ല അറിവ് ആവശ്യമുള്ളതും. കണക്കില്‍ ആപ്ലിക്കേഷന്‍ ലെവല്‍ എന്നൊക്കെ പറയുന്നത്. നന്നായി.

13 ആം ചോദ്യം: മികച്ച നിലവാരമുള്ള ഒരു കുട്ടിക്കേ അതിലെ ചിത്രണം മനസ്സില്‍ കാണാനാകൂ. ചിത്രം കിട്ടിക്കഴിഞ്ഞാല്‍ എളുപ്പമായി. 4 സ്കോറും ഉണ്ട്. പക്ഷെ, എത്രപേര്‍ക്ക് കിട്ടിക്കാണും ചിത്രം. എ+ ല്‍ എ+കാര്‍ക്ക് നീക്കിവെച്ച ഒന്ന്!
16 ആം ചോദ്യവും (എ) വായിച്ചു മനസ്സിലാക്കാന്‍ ഈ സമയം പോര. വായിച്ചവസാനം എത്തുമ്പോള്‍ ആദ്യഭാഗം മറക്കും. മറന്നു.പിന്നെയും വായിച്ചു നോക്കി. എന്നിട്ട് (ബി) എഴുതി. അതെളുപ്പമായിരുന്നല്ലൊ. പിന്നെന്തിനാ ഇത്രയൊക്കെ വായിപ്പിച്ചത്?

എല്ലാ ചോയ്സിനും ഈ പ്രശ്നം ഉണ്ട്. പോളിനോമിയല്‍ അധ്യായത്തില്‍ നിന്ന് രണ്ടു ചോദ്യം ഒരിക്കലും ചോയ്സ് ആവുകയില്ല. AP വെച്ചും രണ്ടു ചോദ്യം ഉണ്ടായാല്‍ അതു ചോയ്സിന്റെ ഫലം ചെയ്യില്ല. ഇതൊക്കെ നാം എങ്ങനെ മറികടക്കും?

നിരവധി ചോദ്യങ്ങള്‍ നേരിട്ട് റ്റെക്സ്റ്റ്മായി ബന്ധപ്പെട്ടതും , പലതവണ പരീക്ഷകളില്‍ കണ്ടതും (മാതൃക) വളരെ എളുപ്പവും ആയിരുന്നു. അതുകൊണ്ടുതന്നെ ജയം ഉറപ്പ്. ഘനരൂപങ്ങളില്‍ വശവുമായി മാത്രം ബന്ധപ്പെട്ട - വിസ്തീര്‍ണം, വ്യാപ്തം എന്നിവയൊക്കെ ഒഴിവാക്കിയ 4 ചോദ്യങ്ങള്‍ തുടര്‍ച്ചയായി ചോദിക്കുന്നതെന്തിന്? അതെ തികച്ചും കുട്ടിക്കനുകൂലം തന്നെ പരീക്ഷ. കണക്കിലെ ജയം മറ്റുപരീക്ഷകള്‍ക്ക് വലിയ ഗുണം ചെയ്യും….നന്നായെഴുതാന്‍. ഏകദേശം 15 മാര്‍ക്കിനുള്ള 1, 3, 5, 13, 20, 21, 22 എന്നീ ചോദ്യങ്ങള്‍ പൂര്‍ണമായോ ഭാഗികമായോ ഉയര്‍ന്ന തലത്തിലുള്ള ചിന്ത വേണ്ട ചോദ്യങ്ങളായിരുന്നു. ചുരുക്കത്തില്‍ A+കാരെ നിശ്ചയിക്കുന്നത് ഈ ചോദ്യങ്ങളായിരിക്കുമെന്നാണ് വിലയിരുത്തല്‍. ഇനി ഉത്തരങ്ങള്‍ ഡൌണ്‍ലോഡ് ചെയ്തെടുക്കാം.

Click here for SSLC-2010 Mathematics answers

Click here for SSLC-2010 Physics answers

1 comments:

Anonymous April 18, 2010 at 6:10 AM  

SSLC-2010 ഗണിത പരീക്ഷയുടെ ഉത്തരങ്ങള്‍ പ്രസിദ്ധീകരിച്ച പോസ്റ്റിന് ലഭിച്ചകമന്റുകള്‍ ഇവിടെ കാണാം

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer