TECHNITIA 2013

>> Wednesday, October 30, 2013

കോട്ടയം ജില്ലയിലെ ചേര്‍പ്പുംങ്കല്‍ ഹോളിക്രോസ് ഹയര്‍ സെക്കന്ററി സ്കുളില്‍ 10 വര്‍ഷത്തോളമായി പ്രവര്‍ത്തിച്ചു വരുന്ന ACE ക്ലബിന്റെ ( Association of Computer Enthusiasts ) ആഭിമുഖ്യത്തിന്‍ നടത്തുന്ന ഓള്‍ കേരള ഇന്റര്‍ സ്കുള്‍ ക്വിസ് മത്സരത്തില്‍ പങ്കെടുക്കാന്‍ +2 വിദ്യാര്‍ത്ഥികള്‍ക്ക് അവസരം. 5001/- രൂപയാണ് ഒന്നാം സമ്മാനം. 3001/- , 2001/- രണ്ടും മൂന്നും സമ്മാനങ്ങള്‍. ഫൈനല്‍ റൗണ്ടില്‍ എത്തുന്ന എല്ലാവര്‍ക്കും 501/- രൂപ. സ്കൂളിലെ കംപ്യുട്ടര്‍ സയന്‍സ് ബാച്ച് കുട്ടികളുടെ നേതൃത്വത്തിലാണ് പുര്‍ണമായും ഇതിന്റെ നടത്തിപ്പ് എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം. രസകരമായ റൗണ്ടുകള്‍ കുട്ടികള്‍ തന്നെ മള്‍ട്ടി മീഡിയ സൗകര്യങ്ങളുടെ സഹായത്തോടെ ഒരുക്കിയിരിക്കുന്നു. കുട്ടികളുടെ ഈ സംരഭം പ്രോത്സാഹിപ്പിക്കേണ്ടിയിരിക്കുന്നു. മേളകളിലെ ക്വിസ് മത്സരങ്ങള്‍ക്ക് ഒരുങ്ങിക്കൊണ്ടിരിക്കുന്ന കൂട്ടുകാര്‍ക്ക് ഇത് ഏറെ പ്രയോജനകരവുമായിരിക്കും. കുടുതല്‍ വിവരങ്ങള്‍ക്ക് ബ്രോഷര്‍ വായിക്കുക.


Read More | തുടര്‍ന്നു വായിക്കുക

എങ്ങിനെയെല്ലാമാകണം ഒരു നല്ല ചോദ്യപേപ്പര്‍?

>> Wednesday, October 23, 2013

ഒട്ടേറെ സംരംഭങ്ങള്‍ക്കു തുടക്കം കുറിച്ചിട്ടുള്ള മാത്‌സ് ബ്ലോഗ് ഇതേവരെ ചെയ്തതില്‍ വെച്ച് ഏറ്റവും വലിയൊരു സംരംഭത്തിനാണ് ഇത്തവണ തുടക്കം കുറിക്കുന്നത്. ഓരോ വിഷയവും കൈകാര്യം ചെയ്യുന്ന അധ്യാപകരുടെ സഹകരണവും അഭിപ്രായവും പ്രതീക്ഷിച്ചു കൊണ്ടാണ് ഈ പോസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. എങ്ങിനെയായിരിക്കണം പത്താം ക്ലാസുകാര്‍ക്കു വേണ്ടിയുള്ള ഓരോ വിഷയത്തിന്റേയും ചോദ്യപേപ്പര്‍? അധ്യാപകര്‍ ഈ ചോദ്യപേപ്പറുകളില്‍ സംതൃപ്തരാണോ? ഇതുവരെയുള്ള ചോദ്യപേപ്പറുകളുടെ ഗുണങ്ങളും പോരായ്മകളുമെന്താണ്? എന്താണ് നിങ്ങള്‍ ഒരു ചോദ്യപേപ്പറില്‍ നിന്നും പ്രതീക്ഷിക്കുന്നത്? നിങ്ങളില്‍ നിന്നും ലഭിക്കുന്ന ഇതേക്കുറിച്ചുള്ള ഫീഡ്ബാക്കുകള്‍ നമ്മുടെ ചോദ്യകര്‍ത്താക്കളിലേക്ക് എത്തിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ശരാശരി മുപ്പതിനായിരത്തിനു മേല്‍ ഹിറ്റുകള്‍ ലഭിക്കുന്ന മാത്​സ് ബ്ലോഗിന് ഇത് വിജയിപ്പിക്കാനാകും. പക്ഷെ നിങ്ങള്‍ സഹായിച്ചാല്‍ മാത്രം. ഓരോ സംരംഭവും വിജയിക്കുമ്പോഴാണ് പുതിയ പുതിയ സംരംഭങ്ങള്‍ ഏറ്റെടുക്കാന്‍ നമുക്ക് സാധിക്കുന്നത്. നിര്‍വികാരത വെടിഞ്ഞ് ഈ വിഷയത്തില്‍ നിങ്ങള്‍ പ്രതികരിക്കണം. സമൂലമായൊരു മാറ്റം ഈ മേഖലയില്‍ ഉറപ്പായും നമുക്ക് പ്രതീക്ഷിക്കാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനുള്ള പേജിന് ഇവിടെ ക്ലിക്ക് ചെയ്യൂ.

ഓരോ വിഷയവും പഠിപ്പിക്കുന്ന അധ്യാപകരുടെ മനസ്സ് ഇനി മുതല്‍ ചോദ്യപേപ്പറുകള്‍ നിര്‍മ്മിക്കുന്നവര്‍ അറിഞ്ഞിരിക്കണം. ഈ ലക്ഷ്യം വിജയിപ്പിക്കാന്‍ നിങ്ങളുടെ അഭിപ്രായം മാത്‌സ് ബ്ലോഗിന് അയച്ചു തന്നേ പറ്റൂ. ഇത് മറ്റുള്ളവര്‍ ചെയ്തോളും എന്ന ചിന്തയാണ് നിങ്ങളുടെ ഉള്ളിലുണ്ടാക്കുന്നതെങ്കിലോ, ഈ ഉദ്യമം ലക്ഷ്യം കാണാതെ പിഴച്ചു പോകും. നമ്മുടെ കുട്ടികള്‍ക്ക് വേണ്ടി മുകളില്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ടൈപ്പ് ചെയ്തോ, ഈ ഫോര്‍മാറ്റ് പ്രിന്റെടുത്ത് എഴുതി സ്കാന്‍ ചെയ്ത് അയച്ചു തന്നോ എഡിറ്റര്‍, ബ്ലോഗ് വിശേഷം, എടവനക്കാട് - 682502, എറണാകുളം എന്ന വിലാസത്തിലേക്ക് അയച്ചു തരികയോ ചെയ്യുമല്ലോ? ബ്ലോഗ് ടീം അംഗവും വിദ്യാഭ്യാസ വിചക്ഷനുമായ രാമനുണ്ണി സാറിന്റെ നേതൃത്വത്തിലാണ് അഭിപ്രായങ്ങള്‍ ക്രോഡീകരിക്കുന്നത്. ഇത്തരമൊരു സംരംഭത്തിന്റെ ഉദ്ദേശത്തെക്കുറിച്ച് ചുവടെ വിശദീകരിച്ചിരിക്കുന്നു.

നല്ലൊരു ചോദ്യപേപ്പര്‍ ഒരു കുട്ടിയുടെ അവകാശമാണ്. എങ്ങിനെ വേണം നമ്മുടെ കുട്ടികള്‍ക്ക് വേണ്ടി തയ്യാറാക്കുന്ന ചോദ്യപേപ്പറുകള്‍ എന്നതിനെക്കുറിച്ച്, പ്രത്യേകിച്ച് പത്താം ക്ലാസിലെ ചോദ്യപേപ്പറുകളെക്കുറിച്ച് നമുക്കെല്ലാവര്‍ക്കും വ്യക്തമായൊരു കാഴ്ചപ്പാടുണ്ടായിരിക്കും. എളുപ്പമുള്ള ചോദ്യങ്ങളില്‍ തുടങ്ങുന്ന ആ ചോദ്യപേപ്പര്‍ പരീക്ഷയെഴുതുകയാണ് എന്ന ചിന്ത വിട്ട് ആസ്വാദ്യകരമായി ഉത്തരങ്ങളെഴുതാന്‍ കഴിയുന്ന തരത്തിലേക്ക് വികസിക്കണം. ശരാശരിക്കും മുകളില്‍ നില്‍ക്കുന്നവരെ ലക്ഷ്യമിട്ടുള്ള ചോദ്യങ്ങള്‍ അതില്‍ തന്ത്രപരമായി വിന്യസിക്കണം. എന്നാല്‍ ചോദ്യപേപ്പര്‍ തയ്യാറാക്കുമ്പോള്‍ ചോദ്യകര്‍ത്താവ് ഇതെല്ലാം അതു മറന്നു പോകാറാണ് പതിവ്. കുട്ടി എന്തു പഠിച്ചു എന്ന പരിശോധിക്കുന്നതിനു പകരം കുട്ടിക്ക് എന്തറിയില്ല എന്നു പരിശോധിക്കാനാണ് പലപ്പോഴും ചോദ്യകര്‍ത്താവിന്റെ വ്യഗ്രത. തന്റെ കഴിവുകളും സാമര്‍ത്ഥ്യവുമെല്ലാം ഓരോ ചോദ്യത്തിലും കുത്തി നിറക്കാന്‍ ചോദ്യകര്‍ത്താവ് വെമ്പുമ്പോള്‍ ഏറ്റവും മിടുക്കനായ വിദ്യാര്‍ത്ഥിയായ വിദ്യാര്‍ത്ഥിയായിരിക്കും അദ്ദേഹം മുന്നില്‍ കാണുക. അവന് എളുപ്പം ഉത്തരം കിട്ടാത്ത തരത്തിലുള്ള ചോദ്യങ്ങള്‍ പരമാവധി വളച്ചൊരുക്കിയെടുക്കണം എന്ന ചിന്താഗതിയായിരിക്കും പലപ്പോഴും അദ്ദേഹത്തിന്റെ മനസ്സില്‍. എന്നാല്‍ ശരാശരിക്കാരനായ ഒരു പരീക്ഷാര്‍ത്ഥിയുടെ മനസ്സ് ഇത്തരം ചോദ്യപേപ്പറുകള്‍ കാണുമ്പോഴേക്കും തകര്‍ന്നു പോകുന്നതു കൊണ്ടു തന്നെ ആ വിഷയത്തോട് മടുപ്പും വിരസതയുമെല്ലാം അവന്റെയുള്ളില്‍ സൃഷ്ടിക്കുന്നു. വലിയ പരീക്ഷകളെ അഭിമുഖീകരിക്കുമ്പോഴും ഈ ഭയം അവന്റെയുള്ളില്‍ നിലനില്‍ക്കുന്നു. അതുകൊണ്ടു തന്നെ നല്ല ചോദ്യപേപ്പറുകള്‍ കുട്ടികള്‍ക്ക് സമ്മാനിക്കുന്നതിനു പര്യാപ്തമായ ശേഷി ചോദ്യകര്‍ത്താക്കള്‍ അനുവര്‍ത്തിക്കേണ്ടതുണ്ട്. ചോദ്യപേപ്പറുകള്‍ തയ്യാറാക്കുന്നവരില്‍ ബഹുഭൂരിപക്ഷം പേരും മാത്‌സ് ബ്ലോഗ് സന്ദര്‍ശിക്കാറുണ്ടായിരിക്കും. പ്രത്യേകിച്ച് തങ്ങളുടെ ചോദ്യങ്ങളേക്കുറിച്ചുള്ള ഫീഡ് ബാക്കുകളറിയാന്‍ അവര്‍ അതുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ നിരന്തരം സന്ദര്‍ശിക്കാറുണ്ട്. ഓരോ വിഷയവും പഠിപ്പിക്കുന്ന അധ്യാപകരുടെ മനസ്സ് കുട്ടികള്‍ക്ക് വേണ്ടി ചോദ്യപേപ്പറുകള്‍ തയ്യാറാക്കുന്നവരിലേക്കെത്തിക്കുന്നതിനാണ് ഈ പോസ്റ്റ്.

ചുവടെ കമന്റ് ചെയ്യുന്നതിനേക്കാളുപരി നിങ്ങളുടെ വിശദമായ അഭിപ്രായങ്ങള്‍ നേരിട്ട് ശേഖരിക്കാനാണ് ഞങ്ങളുടെ ഉദ്യമം. അതു കൊണ്ടു തന്നെ പോസ്റ്റിന് കമന്റുകളല്ല, മറിച്ച് നിങ്ങളുടെ വിഷയത്തെക്കുറിച്ച് നിങ്ങളുടെയും മറ്റുവിഷയങ്ങള്‍ പഠിപ്പിക്കുന്ന നിങ്ങളുടെ സഹപ്രവര്‍ത്തകരുടെയും അഭിപ്രായം ഞങ്ങളിലേക്കെത്തിക്കാനാണ് നിങ്ങള്‍ ശ്രമിക്കേണ്ടത്. മാത്​സ് ബ്ലോഗിന്റെ ഈ പരിശ്രമം വിജയിപ്പിക്കാനുള്ള ഉദ്യമത്തില്‍ പങ്കുചേരൂ.


Read More | തുടര്‍ന്നു വായിക്കുക

കളര്‍ ഫോട്ടോകളെ ഒരുമിച്ച് ബ്ലാക്ക് ആന്റ് വൈറ്റാക്കുന്നതെങ്ങിനെ


ഒരു ചിത്രത്തിന്റെ നിറം എങ്ങിനെ ബ്ലാക്ക് ആന്റ് വൈറ്റാക്കി മാറ്റാം, എന്ന ആവലാതിയില്‍ നിന്നുമാണ് ഈ പോസ്റ്റിന്റെ ഉദ്ഭവം. ഒരു ഫോള്‍ഡറിലുള്ള കുറേയധികം ഫോട്ടോകള്‍ എങ്ങിനെ ബ്ലാക്ക് ആന്റ് വൈറ്റാക്കി മാറ്റാം എന്നറിയാന്‍ നമ്മുടെ ഹസൈനാര്‍ സാറിനെ വിളിച്ചപ്പോള്‍ അദ്ദേഹം അതിനൊരു മാര്‍ഗം പറഞ്ഞു തന്നു. സ്വതന്ത്രസോഫ്റ്റ്‌വെയറിന്റെ ലാളിത്യം നമ്മളിലേക്കെത്തിക്കാന്‍ മുന്നില്‍ നിന്നവരിലൊരാളായ അദ്ദേഹത്തെ അധ്യാപകര്‍ക്ക് പ്രത്യേകിച്ചൊരു പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഇത്തവണയും ഒറ്റക്കമാന്റ് വിപ്ലവത്തിലൂടെ നമുക്ക് സഹായത്തിനെത്തിയിരിക്കുകയാണ് ഹസൈനാര്‍ സാര്‍. ഒരു ഫോള്‍ഡറിലെ ഫോട്ടോകളെ ഒറ്റയടിക്ക് ബ്ലാക്ക് ആന്റ് വൈറ്റാക്കാം. ബ്ലാക്ക് ആന്റ് വൈറ്റ് ആക്കുന്നതൊഴികെയുള്ള മറ്റുകാര്യങ്ങള്‍ മാനുവലായി ചെയ്യുന്നതാണ് ഉചിതം. എന്തുതന്നെയായാലും ഫോട്ടോയുടെ ക്ലാരിറ്റി ഉറപ്പുവരുത്തേണ്ടത് പ്രിന്റെടുത്ത് നോക്കി നമ്മള്‍ തന്നെയാണ്. വായിച്ചു നോക്കി അഭിപ്രായം പറയുമല്ലോ.
കളര്‍ ചിത്രങ്ങളെ ബ്ലാക്ക് ആന്റ് വൈറ്റ് ആക്കി മാറ്റാം.
1. ചിത്രങ്ങളുള്ള ഒറിജിനല്‍ ഫോള്‍ഡറിന്റെ കോപ്പി എടുത്ത് അതില്‍ Right Click ചെയ്ത് open in Terminal വഴി ടെര്‍മിനല്‍ തുറക്കുക.
mogrify -type Grayscale *.*
എന്ന കമാന്റ് കോപ്പി പേസ്റ്റ് ചെയ്ത് എന്റര്‍ ചെയ്യുക. ഇനി ചിത്രങ്ങള്‍ ബ്ലാക്ക് ആന്റ് വൈറ്റ് ആകുന്നത് ഫോള്‍ഡര്‍ തുറന്ന് നേരിട്ടു കണ്ട് ആസ്വദിക്കാം.
ഇത് നാം ഉദ്ദേശിച്ച രീതിയിലുള്ള അളവാണോയെന്നറിയാന്‍ പ്രിന്റെടുത്തു തന്നെ നോക്കണം. മുകളില്‍ നല്‍കിയിരിക്കുന്ന അളവുകള്‍ ഒരു ഉദാഹരണം മാത്രമാണ്.

NB: imagemagick എന്ന സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെയാണ് ഈ കണ്‍വെര്‍ഷന്‍ നടന്നത്. ഇത് നമ്മുടെ സിസ്റ്റത്തിലുണ്ടോ എന്നറിയാന്‍ System-Administration-Synaptic Package Manager ലെ Quick Search ല്‍ imagemagick എന്നു നല്‍കി സെര്‍ച്ചു ചെയ്തു നോക്കുക. റിസല്‍ട്ടില്‍ ഈ പേരിനൊപ്പം പച്ച ചതുരം കാണുന്നുണ്ടെങ്കില്‍ ഈ സോഫ്റ്റ്‌വെയര്‍ നമ്മുടെ സിസ്റ്റത്തിലുണ്ട്. വെളുത്ത ചതുരമാണെങ്കില്‍ അതില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് mark for installation നല്‍കി apply ചെയ്താല്‍ installation നടക്കും. തുടര്‍ന്ന് മുകളിലെ വിദ്യ പരീക്ഷിച്ചു നോക്കാം.

Imagemagick നെ കുറിച്ച് കൂടുതലറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

NB: ഒരുകാര്യം പ്രത്യേകമോര്‍ക്കുക. കുട്ടികളുടെ വളരെ പ്രധാനപ്പെട്ട ഡോക്യുമെന്റുകളിലേക്കായി നാം അപ്​ലോഡ് ചെയ്യേണ്ട ഫോട്ടോകള്‍ ഏറ്റവും ക്ലാരിറ്റിയുള്ളതായിരിക്കാന്‍ ശ്രദ്ധിക്കുക. കായികമേളയുടെ പോര്‍ട്ടലിലേക്ക് വേണ്ടി ഒരു ഫോള്‍ഡറിനുള്ളിലെ മുഴുവന്‍ ഇമേജുകളും ഒരുമിച്ച് format മാറ്റുകയോ resize ചെയ്യുകയോ ചെയ്യുന്നതിനായി converseen എന്ന സോഫ്റ്റ്​വെയര്‍ ഉപയോഗിച്ചതും ഉപകാരപ്പെടുത്താവുന്നതാണ്.


Read More | തുടര്‍ന്നു വായിക്കുക

Employability Enhancement Programme

>> Monday, October 21, 2013

ഒ.ബി.സി വിഭാഗംത്തിലുള്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും വിവിധ മത്സര പരീക്ഷാ പരിശീലനത്തിന് ധനസഹായം നല്‍കുന്നതിനായി പിന്നാക്ക സമുദായ വികസന വകുപ്പ് നടപ്പു വര്‍ഷം മുതല്‍ ആവിഷ്കരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്മെന്‍റ് പ്രോഗ്രാം.
മെഡിക്കല്‍/എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരിശീലനം, ഐ.എ.എസ് കോച്ചിങ്, പി.എസ്.സി/യു.പി.എസ്.സി/എസ്.എസ്.സി/റെയില്‍വേ തുടങ്ങിയവ നടത്തുന്ന വിവിധ മത്സര പരീക്ഷകള്‍ ,ബാങ്കിങ് മേഖലയിലെ വിവിധ പരീക്ഷകള്‍​ എന്നിവയ്ക്കുള്ള പരിശീലനത്തിനാണ് ധനസഹായം അനുവദിക്കുന്നത്. കുറഞ്ഞത് 5 വര്‍ഷത്തെയെങ്കിലും സേവനപാരമ്പര്യമുള്ള, പ്രശസ്തമായ പരിശീലന കേന്ദ്രങ്ങളില്‍ പരിശീലനത്തിന് ചേര്‍ന്നവര്‍ക്കും, ചേരാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും അപേക്ഷിക്കാം. വാര്‍ഷിക വരുമാനം 4.5 ലക്ഷം രൂപയില്‍ അധികരിക്കാത്ത, സംസ്ഥാനത്തെ ഒ.ബി.സി ലിസ്റ്റില്‍ ഉള്‍പ്പെട്ട സമുദായാംഗങ്ങള്‍ക്ക് അപേക്ഷിക്കാം.
പ്രായ പരിധി
മെഡിക്കല്‍/എഞ്ചിനീയറിങ് എന്‍ട്രന്‍സ് കോച്ചിങ് - 17 നും 20 നും മധ്യേ
മറ്റു സ്കീമുകള്‍ക്ക് - അതാത് തസ്തികകള്‍ക്ക് ഒ.ബി.സി വിഭാഗത്തിന് നിശ്ചയിച്ചിരിക്കുന്ന പ്രായപരിധി
അപേക്ഷകള്‍ ഈ വെബ്സൈറ്റ് മുഖേന ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാവുന്നതാണ്. അടിസ്ഥാന യോഗ്യതാ പരീക്ഷയില്‍ കരസ്ഥമാക്കിയ മാര്‍ക്കിന്‍റെ ശതമാനം, വാര്‍ഷിക വരുമാനം എന്നിവ അടിസ്ഥാനമാക്കി ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതും, പ്രൊവിഷണല്‍ ലിസ്റ്റ് ടി വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതുമാണ്. കരട് ലിസിറ്റില്‍ ഉള്‍പ്പെട്ടവര്‍ മാത്രം അപേക്ഷയുടെ പ്രിന്‍റ് ഔട്ട് അനുബന്ധരേഖകള്‍ എന്നിവ നിര്‍ദ്ദേശിക്കപ്പെടുന്ന തീയതിക്കകം പിന്നാക്ക സമുദായ വികസന വകുപ്പ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണം.
ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കുന്നതിന് ചുവടെ പറയുന്ന വിവരങ്ങള്‍ ആവശ്യമാണ്.
1. വരുമാന സര്‍ട്ടിഫിക്കറ്റിന്‍റെ നമ്പരും തീയതിയും - (ഒരു വര്‍ഷത്തിനകം ലഭ്യമായത്)
2. വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റിലെ വിവരങ്ങള്‍
3. അപേക്ഷകന്‍റെ പേരില്‍ ഉള്ള ബാങ്ക് അക്കൌണ്ട് സംബന്ധിച്ച വിവരങ്ങള്‍
4. ഇമെയില്‍ വിലാസം
5. കോഴ്സ് സംബന്ധമായ വിവരങ്ങള്‍ - ഫീസ്, കാലയളവ് മുതലായവ
6. റേഷന്‍ കാര്‍ഡ് നമ്പര്‍
7. പരിശീലനം നടത്തുന്ന സ്ഥാപനത്തെ സംബന്ധിച്ച വിവരങ്ങള്‍

ഓണ്‍ലൈന്‍ അപേക്ഷയ്ക്ക് എന്തെങ്കിലും സാങ്കേതിക തടസ്സങ്ങള്‍ നേരിടുന്ന പക്ഷം വിവരം eepforobc@gmail.com എന്ന വിലാസത്തില്‍ മാത്രം അറിയിക്കേണ്ടതാണ്. വിശദ വിവരങ്ങള്‍ ഈ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Advertisement EEP

Notification dated 30.09.2013

Instructions for Data Entry


Read More | തുടര്‍ന്നു വായിക്കുക

Std X - Social Science -
Chapters 1,2,3 4,5, 8, 9, 10

പത്താം തരത്തില്‍ രണ്ട് പാഠപുസ്തകങ്ങളില്‍ 24 അധ്യായങ്ങളിലായി തയ്യാറാക്കിയിരിക്കുന്ന പാഠഭാഗങ്ങളില്‍ ചരിത്രം, ഭൂമിശാസ്ത്രം, രാഷ്ട്രതന്ത്രം, സാമ്പത്തികശാസ്ത്രം, ബാങ്കിങ് എന്നീ മേഖലകളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ദേശീയ, അന്തര്‍ദേശീയ സംഭവങ്ങള്‍, മനുഷ്യാവകാശങ്ങള്‍, വിവിധ ലോകസംഘടനകള്‍, ഭൂമിശാസ്ത്ര പ്രതിഭാസങ്ങള്‍, ഭൂമിയെ മനുഷ്യന്റെ അതിജീവനത്തിനായി ഉപയോഗിക്കുന്ന രീതികള്‍, ആധുനിക ബാങ്കിങ്ങ് സമ്പ്രദായം, വികസന കാഴ്ചപ്പാടുകള്‍, ഭരണഘടനാ അവകാശങ്ങള്‍, മൂല്യങ്ങള്‍, തുടങ്ങിയ ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഈ ആശയങ്ങളെല്ലാം തന്നെ കുട്ടികള്‍ക്ക് വായിച്ചു മനസ്സിലാക്കാന്‍ കഴിയുന്ന രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. ഈ പാഠഭാഗങ്ങളെല്ലാം വിശകലനം ചെയ്യുന്ന കുട്ടിക്ക് സമൂഹത്തെ പറ്റി സമഗ്രമായൊരു കാഴ്ചപ്പാട് ഉണ്ടാക്കാന്‍ സാധിക്കും എന്ന കാര്യത്തില്‍ സംശയമില്ല. എന്നിരുന്നാലും വര്‍ഷാവസാനം നടന്നുവരുന്ന പൊതു പരീക്ഷ പലപ്പോഴും കുട്ടികള്‍ക്ക് കഠിനമായ വെല്ലുവിളി ഉയര്‍ത്തുന്നതായാണ് കണ്ടു വരുന്നത്. പോയ രണ്ടു വര്‍ഷങ്ങളിലെ പൊതു പരീക്ഷകളിലെ മൂല്യനിര്‍ണ്ണയ പ്രവര്‍ത്തനങ്ങള്‍ കുട്ടികളില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ടന്ന് പറയാതിരിക്കാന്‍ വയ്യ. 24 അധ്യായങ്ങളിലായി വ്യാപിച്ചു കിടക്കുന്ന 756 ഓളം ആശയങ്ങള്‍ സാധാരണ കുട്ടികള്‍ക്ക് നിശ്ചിത സമയത്തിനുള്ളില്‍ അടുക്കും ചിട്ടയോടും കൂടി തയ്യാറാക്കി ഒരുക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്നു. ഓരോ പാഠഭാഗത്തുമുള്ള ആശയങ്ങള്‍ ആയാസരഹിതമായി മനസ്സിലാക്കുന്നതിനും പഠിക്കുന്നതിനും കുറിപ്പുകള്‍ സഹായിക്കുമല്ലോ? സാമൂഹ്യശാസ്ത്രം രണ്ടാം ഭാഗത്തെ യൂണിറ്റ് ഒന്നു മുതല്‍ അഞ്ച് വരെയും എട്ട് ഒന്‍പത്, പത്ത് യൂണിറ്റുകളുടേയും ചെറുകുറിപ്പുകളാണ് ഇതോടൊപ്പം നല്‍കുന്നത്. മലപ്പുറം ജില്ലയിലെ വാഴക്കാട് ഗവ: ഹയര്‍ സെക്കന്ററി സ്കൂളില്‍ സാമൂഹ്യശാസ്ത്രം അദ്ധ്യപകനായ കൃഷ്ണന്‍ കുറിയയും മലപ്പുറം തിരൂരങ്ങാടി ഗവ.ഹയര്‍ സെക്കന്ററി സ്ക്കൂളിലെ അധ്യാപകനായ അബ്ദുന്നാസര്‍ ചെമ്പയിലും തയ്യാറാക്കിയ ചെറുകുറിപ്പുകള്‍ അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും ഒരുപോലെ സഹായിക്കും. തീര്‍ച്ച. ഇവ ചുവടെയുള്ള ലിങ്കില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുക്കാം.

കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികള്‍ക്ക് സാമൂഹ്യശാസ്ത്ര പഠനം ബുദ്ധിമുട്ടുള്ള ഒരു വിഷയമായി മാറിക്കൊണ്ടിരിക്കുന്നു. പൊതു സമൂഹത്തിന്റെ കാഴ്ചപ്പാടിനനുസൃതമായി വളര്‍ന്നു കൊണ്ടിരിക്കുന്ന തലമുറക്ക് സാമൂഹ്യശാസ്ത്ര വിഷയത്തോട് അത്ര പ്രതിപത്തിയല്ല കണ്ടു വരുന്നത്. സമൂഹത്തിന്റെ ഹൃദയം ഏന്നത് സാമൂഹ്യശാസ്ത്രം തന്നെയാണ്. സാമൂഹ്യമാറ്റങ്ങള്‍ തിരിച്ചറിഞ്ഞ് (ശരിയായ രീതിയില്‍) അതിനനുസരിച്ച് നമ്മുടെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചാല്‍ മാത്രമേ അതിജീവനം സാധ്യമാകൂ. അത് സാധ്യമാകുന്നത് സാമൂഹ്യശാസ്ത്രപഠനത്തിലൂടെയാണു താനും. അതിനനുസൃതമായാണ് സാമൂഹ്യശാസ്ത്ര പാഠപുസ്തകങ്ങള്‍ കുട്ടികള്‍ക്കായി തയ്യാറാക്കിയിരിക്കുന്നത്.
Chapter 1 Chapter 2 Chapter 3 Chapter 9 Chapter 10
Prepared by Krishnan Kuriya, Govt.H.S.S, Vazhakkad, Malappuram

Click here to download short notes from SS Unit 1 to 5 and 8,9
Prepared by Abdunnasir Chempayil, Govt H.S.S, Thiroorangadi


Read More | തുടര്‍ന്നു വായിക്കുക

STD X Unit 5 Solids
Model Questions and a seminar

>> Saturday, October 19, 2013

പത്താം ക്ലാസിലെ അഞ്ചാം യൂണിറ്റാണ് ഘനരൂപങ്ങള്‍. ഒരു ക്ലാസിലിരിക്കുന്ന വിവിധ നിലവാരത്തിലുള്ള കുട്ടികള്‍ക്ക് ഒരേ സമയം പരിശീലിക്കാവുന്ന ചോദ്യങ്ങള്‍ മാത്‍സ് ബ്ലോഗിലൂടെ പ്രസിദ്ധീകരിക്കണം എന്ന അധ്യാപകരുടെ നിരന്തരമായ ആവശ്യത്തെത്തുടര്‍ന്ന് അത്തരമൊരു മാതൃകാചോദ്യങ്ങളടങ്ങിയ ഒരു മെറ്റീരിയല്‍ ഇതോടൊപ്പം നല്‍കിയിരിക്കുന്നു. എളുപ്പം ഉത്തരം കണ്ടെത്താവുന്ന ചോദ്യങ്ങള്‍, ശരാശരി നിലവാരമുള്ള ചോദ്യങ്ങള്‍, ഉയര്‍ന്ന നിലവാരമുള്ള ചോദ്യങ്ങള്‍ എന്നിങ്ങനെ തരം തിരിച്ച് കുറേ മാതൃകാചോദ്യങ്ങളാണ് ജോണ്‍ സാര്‍ തയ്യാറാക്കി ഈ പോസ്റ്റിലൂടെ നല്‍കുന്നത്. പോസ്റ്റിനൊടുവിലുള്ള ലിങ്കില്‍ നിന്നും ഈ ചോദ്യങ്ങള്‍ ഡൌണ്‍ലോഡ് ചെയ്തെടുക്കാം. ഇനി ഇതോടൊപ്പം തന്നെ ഒരു സെമിനാറിനുള്ള വിഷയം കൂടി നല്‍കാം. സമചതുരസ്തൂപികയുടെ പാര്‍ശ്വമുഖങ്ങള്‍ സമപാര്‍ശ്വമട്ടത്രികോണങ്ങളാകുമോ? സൂചനകള്‍ ചുവടെ നല്‍കിയിരിക്കുന്നു.

പത്താംക്ലാസിലെ പാഠപുസ്തകം പരിശീലിക്കുന്ന കുട്ടി ഇതിനകം ഉത്തരം കണ്ടെത്തിയിരിക്കും. ചിലപ്പോഴൊക്കെ ഇത് മൂല്യനിര്‍ണ്ണയത്തിന്റെ ഭാഗമാകാറുമുണ്ട്. Proof by contradiction എന്ന് ഉയര്‍ന്ന ക്ലാസുകളില്‍ വിവക്ഷിക്കുന്ന ചിന്ത ഇതിനായി ഉപയോഗിച്ചവര്‍ ചുരുക്കമായിരിക്കും. പലപ്പോഴും ഈ തിരിച്ചറിവ് പരീക്ഷണത്തിലൂടെ ആയിരിക്കും നേടിയിരിക്കുക. തുടര്‍മൂല്യനിര്‍​ണ്ണയ സോഴ്സ് ബുക്കില്‍ പരാമര്‍ശിക്കുന്ന ഒരു സെമിനാര്‍ വിഷയത്തില്‍ നിന്നുകൊണ്ട് ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താം. സമചതുരസ്തൂപികയില്‍ നിന്നും നിരീക്ഷിക്കാവുന്ന ചില പൈതഗോറിയന്‍ ബന്ധങ്ങളാണ് സെമിനാര്‍ വിഷയം. താഴെ കൊടുത്തിരിക്കുന്ന മട്ടത്രികോണങ്ങളെല്ലാം സമചതുരസ്ക്കൂപികയില്‍ കണ്ടെത്താം.
  1. പാദവക്കിന്റെ പകുതി$\frac{a}{2}$ , ചരിവുയരം$l$ , പാര്‍ശ്വവക്ക് $e$ എന്നിവ ചേര്‍ന്ന് രൂപപ്പെടുന്ന മട്ടത്രികോണം
  2. ഉന്നതി$h$, പാദവക്കിന്റെ പകുതി $‌\frac{a}{2}$,ചരിവുയരം $l$ എന്നിവ ചേര്‍ന്ന് രൂപീകരിക്കുന്ന മട്ടത്രികോണം .
  3. ഉന്നതി$h$,പാദവികര്‍ണ്ണത്തിന്റെ പകുതി$\frac{d}{2}$ പാര്‍ശ്വവക്ക് $e$എന്നിവ ചേര്‍ന്ന് രൂപീകരിക്കുന്ന മട്ടത്രികോണം
  4. രണ്ട് പാദവക്കുകളും പാദവികര്‍ണ്ണവും രൂപീകരിക്കുന്ന മട്ടത്രികോണം
ഇനി നമുക്ക് തെളിവിന്റെ യുക്തിയിലേയ്ക്ക് കടക്കാം. പാര്‍ശ്വമുഖം സമപാര്‍ശ്വമട്ടത്രികോണം ആണെന്ന് കരുതുക. അപ്പോള്‍ $a=\sqrt 2 \times e$ എന്ന് എഴുതേണ്ടിവരും . അപ്പോള്‍ $d=\sqrt{ 2} \times \sqrt {2} \times e$ ആകുമല്ലോ.അതായത് $d=2e$ എന്നാകും . d യുടെ പകുതി , e , h എന്നിവ ചെര്‍ന്നുള്ള മട്ടത്രികോണത്തില്‍ h കാണാന്‍ശ്രമിച്ചാല്‍ h=0 എന്നാണ് കിട്ടുന്നത് . അത് സാധ്യമല്ലല്ലോ. അതായത് നമ്മുടെ നിഗമനം ശരിയല്ല. പാര്‍ശ്വമുഖം ഒരിക്കലും സമപാര്‍ശ്വമട്ടത്രികോണം ആകില്ല. എന്താ ഈ പോയിന്റുകള്‍ വിപുലീകരിച്ച് സെമിനാര്‍ സംഘടിപ്പിക്കാന്‍ നിങ്ങളൊരുക്കമല്ലേ? സംശയങ്ങളുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ധൈര്യമായി കമന്റു ചെയ്യാം. ഉത്തരങ്ങള്‍ തൊട്ടു പുറകേ പ്രതീക്ഷിക്കാം. ഘനരൂപങ്ങള്‍ എന്ന യൂണിറ്റില്‍ നിന്നുള്ള വിവിധ നിലവാരത്തിലുള്ള ചോദ്യങ്ങള്‍ ചുവടെയുള്ള ലിങ്കില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുക്കാം.

Click here to download the model questions from Solids
Prepared by John P.A, (Maths Blog Admin) H.I.B.H.S, Varappuzha


Read More | തുടര്‍ന്നു വായിക്കുക

I.T Exam Software Installation

>> Friday, October 18, 2013

ഐ.ടി പരീക്ഷ ഈ മാസം പതിനേഴാം തീയതി ആരംഭിച്ചിരിക്കുകയാണല്ലൊ.. ഐ.ടി പരീക്ഷയുടെ ഇന്‍സ്റ്റലേഷനുമായി ബന്ധപ്പെട്ട് പല സംശയങ്ങളും ബ്ലോഗിന്‍റെ മെയില്‍ ഐ.ഡി യിലേക്കു വരുന്നുണ്ട്. മുന്‍ പരീക്ഷാ സിഡികളിലെ ഇന്‍സ്റ്റലേഷന്‍ രീതികള്‍ തന്നെയാണ് ഈ വര്‍ഷവും പിന്തുടരുന്നത് എന്നതുകൊണ്ട് ഒരു പ്രത്യേക പോസ്റ്റിന്റെ ആവശ്യമില്ലെന്നാണ് കരുതിയിരുന്നത്. ചില സിസ്റ്റങ്ങളില്‍, യൂസര്‍നാമവും പാസ്‌വേഡും കയറുന്നില്ലെന്നുള്ള പരാതിയാണ് വ്യാപകമായി കണ്ടുവരുന്നത്. പരീക്ഷാ ഇന്‍സ്റ്റലേഷനുശേഷം, സിസ്റ്റം നിര്‍ബന്ധമായും റീബൂട്ട് ചെയ്യണമെന്നോര്‍ക്കുക. എന്നിട്ടും ശരിയായില്ലെങ്കില്‍ ഹോം ഫോള്‍ഡര്‍ തുറന്ന് Controle കീയും h ഉം അടിച്ച് .gconf(ഡോട്ട് ജികോണ്‍ഫ്) എന്ന ഫോള്‍ഡര്‍ ഡിലീറ്റ് ചെയ്ത് സിസ്റ്റം റീബൂട്ട് ചെയ്ത് ശ്രമിക്കാവുന്നതാണ്. Lampp നകത്തെ ആക്ടീവ് ഫോള്‍ഡര്‍ itexamന്റേതുതന്നെയാണോയെന്ന് ഉറപ്പുവരുത്തണം.(OPT യിലെ lampp ഫോള്‍ഡറിനകത്ത് വേര്‍ഷന്‍ എന്നൊരു ഫയല്‍ ഉണ്ട്. അത് തുറന്ന് ഇപ്പോഴത്തെ പരീക്ഷയുടേതാണോ എന്ന് ചെക്കു ചെയ്യാം.) ഇതൊന്നും ശരിയായില്ലെങ്കില്‍, ഉബുണ്ടു 10.04 പുതുതായി ഇന്‍സ്റ്റാള്‍ ചെയ്തു ശ്രമിച്ചാല്‍ ഉറപ്പായും ശരിയാകും.

വിവിധ ഓപ്പറെറ്റിംഗ് സിസ്റ്റങ്ങള്‍ ഉപയോഗിക്കുമ്പോളുള്ള പ്രശ്നങ്ങളാണ് പ്രധാനമായും കണ്ട മറ്റു സംശയങ്ങളുടെ അടിസ്ഥാനം. പരീക്ഷാ സിഡിയോടൊപ്പം ലഭിച്ച യൂസര്‍ മാനുവല്‍ ശരിയായി വായിച്ചാല്‍ തന്നെ പരിഹരിക്കാവുന്ന പ്രശ്നങ്ങള്‍ തന്നെയാണു സംശയങ്ങളില്‍ ഭൂരിഭാഗവും.

താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ നിന്നും യൂസര്‍ മാനുവല്‍ ഡൌണ്‍ലോഡു ചെയ്യാം. ഒപ്പം പരീക്ഷാ സിഡി ഇന്‍സ്റ്റലേഷനുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ചര്‍ച്ച ചെയ്യുകയുമാവാം.

Click Here to download IT Exam User Guide


Read More | തുടര്‍ന്നു വായിക്കുക

Ubuntu based Kalolsavam Software for School Level

>> Tuesday, October 15, 2013

ഒട്ടേറെ പേര്‍ കാലങ്ങളായി ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്ന കാര്യമാണ് സ്ക്കൂള്‍ തലത്തില്‍ കലോത്സവം നടത്താനൊരു സോഫ്റ്റ്​വെയര്‍ വേണമെന്നത്! ഇപ്പോഴിതാ അതിനൊരു അവസരം വന്നിരിക്കുന്നു. സാങ്കേതികതല്പരരും പരീക്ഷണങ്ങള്‍ നടത്താന്‍ തയ്യാറുള്ളവരുമായ അധ്യാപകരില്‍ നിന്നും ഒരു ഫീഡ്ബാക്ക് പ്രതീക്ഷിച്ചു കൊണ്ടാണ് ഈ പോസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. സ്ക്കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ട് ഗാമ്പസില്‍ തയ്യാറാക്കിയ ഒരു സോഫ്റ്റ്​വെയറിന്റെ ട്രയല്‍ വേര്‍ഷന്‍ പ്രസിദ്ധീകരിക്കാനൊരുങ്ങുകയാണ് സോഫ്റ്റ്​വെയര്‍ ഡിസൈനറും നല്ലൊരു വയലിനിസ്റ്റും കൂടിയായ കുണ്ടൂര്‍കുന്ന് ടി.എസ്.എന്‍.എം.എച്ച്.എസിലെ അധ്യാപകന്‍ പ്രമോദ് മൂര്‍ത്തി സാര്‍. ട്രയല്‍ വേര്‍ഷനാകുമ്പോഴുള്ള പ്രത്യേകതകള്‍ നമുക്കറിയാമല്ലോ; പരീക്ഷണാടിസ്ഥാനത്തില്‍ ഒരു സോഫ്റ്റ്​വെയര്‍ പുറത്തിറക്കുമ്പോള്‍, അതിലെ പിഴവുകളും കുറവുകളും എല്ലാം പരിഹരിക്കുകയും കൂട്ടിച്ചേര്‍ക്കലുകളുണ്ടെങ്കില്‍ അതു വരുത്താനുമെല്ലാം രൂപകല്പന ചെയ്യുന്നയാള്‍ കാത്തിരിക്കുന്നുണ്ടാകും. സ്ക്കൂള്‍ കലോത്സവം നടത്താന്‍ സോഫ്റ്റ്​വെയര്‍ ഉണ്ടോ എന്നു ചോദിച്ച അധ്യാപകര്‍ക്ക് വേണ്ടി ഇത് സമര്‍പ്പിക്കുന്നു. ഈ വര്‍ഷം ഒരു ട്രയല്‍ റണ്‍ നടത്തുന്നതിലൂടെ അത്തരമൊരു സുവര്‍ണാവസരമാണ് നമ്മെത്തേടി എത്തുന്നത്. സോഫ്റ്റ്​വെയറും അതിന്റെ ഇന്‍സ്റ്റലേഷനും ചുവടെ നല്‍കിയിരിക്കുന്നു.

Guidelines
  • ഐടി പരീക്ഷ ഇന്‍സ്റ്റാള്‍ ചെയ്യാത്തതും ഉബുണ്ടു ഓപ്പറേറ്റിങ് സിസ്റ്റം ഉള്ളതുമായ ഒരു കമ്പ്യൂട്ടറില്‍ കലോത്സവം സോഫ്റ്റ്​വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാം.
  • ഇവിടെ നിന്നും കലോത്സവം സോഫ്റ്റ്​വെയര്‍ ഡെസ്കോപ്പിലേക്ക് കോപ്പി ചെയ്തിട്ട ശേഷം Gdebi Package Manager ഉപയോഗിച്ച് ഇന്‍സ്റ്റാള്‍ ചെയ്യുക. ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനു മുന്നോടിയായി നമ്മുടെ Admin പാസ്സ് വേര്‍ഡ് സിസ്റ്റം ആവശ്യപ്പെട്ടേക്കാം. അത് കൃത്യമായി നല്‍കുക.
  • ഇന്‍സ്റ്റലേഷനു ശേഷം Application→Education→Kalolsavam1.0 എന്ന ക്രമത്തില്‍ സോഫ്റ്റ്​വെയര്‍ തുറക്കാം.

Database Connectivity
  • ഒരു ഡാറ്റാബേസ് സൃഷ്ടിക്കുന്നതിനും സോഫ്റ്റ്​വെയറുമായി ബന്ധിപ്പിച്ചു നിര്‍ത്തുന്നതിനും വേണ്ടിയാണ് MySql ഉപയോഗിക്കുന്നത്
  • ഇന്റര്‍നെറ്റ് വഴി MySql ഇന്‍സ്റ്റാള്‍ ചെയ്യുകയോ ചുവടെ നിന്നും Mysql ന്റെ പാക്കേജുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയോ ആകാം.
  • Click here for download Mysql part - I | Part -II
  • Part-I, Part-II ലിങ്കുകളിലുള്ള rar ഫയല്‍ right click ചെയ്ത് എക്സ്ട്രാക്ട് ചെയ്യുക. രണ്ട് ഫോള്‍ഡറിലേയും ഫയലുകള്‍ ഒരു ഫോള്‍ഡറിലേക്ക് ഇടുക. ഇപ്പോള്‍ ഈ ഫോള്‍ഡറില്‍ ആകെ 12 deb പാക്കേജുകള്‍ കാണും. ആ ഫോള്‍ഡറില്‍ right click ചെയ്ത് Open in terminal എടുത്ത ശേഷം sudo dpkg -i *.* എന്ന കമാന്റ് ടെപ്പ് ചെയ്യുക. (ഇവിടെ നിന്ന് കമാന്റ് കോപ്പി പേസ്റ്റ് ചെയ്താലും മതി)
  • ഇന്‍സ്റ്റലേഷനിടെ വരുന്ന വിന്‍ഡോയില്‍ Mysql പാസ് വേര്‍ഡ് root എന്നു തന്നെ നല്‍കുക. retype ചെയ്യുമ്പോഴും root എന്നു തന്നെ പാസ്​വേഡ് നല്‍കുക. ഇല്ലെങ്കില്‍ ചിലപ്പോള്‍ ഡാറ്റാബേസ് കണക്ട് ചെയ്യാന്‍ സാധിച്ചെന്നു വരില്ല.
  • ഇനി Applications-Education-kalolsavam 1.0 എന്ന ക്രമത്തില്‍ ഇനി സോഫ്റ്റ്​വെയര്‍ തുറക്കാം

Certificates and Reports :
സര്‍ട്ടിഫിക്കറ്റുകളും റിപ്പോര്‍ട്ടുകളുമെല്ലാം നമ്മുടെ സിസ്റ്റത്തിലെ ഡെസ്കോടോപ്പിലുള്ള "കലോത്സവം" എന്ന ഫോള്‍ഡറിലാകും വരുന്നത്. ഈ സോഫ്റ്റ്​വെയറിന്റെ ഇന്‍സ്റ്റലേഷന്‍ വിശദമാക്കുന്ന ഹെല്‍പ്പ് ഫയല്‍ ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം. സ്ക്കൂള്‍ തല കലോത്സവ നടത്തിപ്പിനു വേണ്ടിയുള്ള ഒരു സോഫ്റ്റ്​വെയറിന്റെ ട്രയല്‍ വേര്‍ഷനാണ് ഈ പോസ്റ്റിലൂടെ പ്രസിദ്ധീകരിക്കുന്നത് എന്നത് ഓര്‍ക്കുമല്ലോ. അതുകൊണ്ട് തന്നെ ഈ സോഫ്റ്റ്​വെയര്‍ ഉപയോഗിച്ച ശേഷം ലഭിക്കുന്ന നിങ്ങളുടെ ഫീഡ്ബാക്കുകള്‍ക്ക് പ്രാധാന്യമേറെയാണ്. അത് കമന്റായി പോസ്റ്റ് ചെയ്യുമല്ലോ.


Read More | തുടര്‍ന്നു വായിക്കുക

തൃശൂരിലേക്ക്....വരുന്നോ?

>> Saturday, October 12, 2013

മലയാളഭാഷയുടെ ഡിജിറ്റല്‍ വളര്‍ച്ചയില്‍ മുഖ്യ പങ്കുവഹിച്ച "സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്"ഒരു വ്യാഴവട്ടം പിന്നിടുന്നൂവെന്നത് ആ ഭാഷയെ സ്നേഹിക്കുന്ന ഏവര്‍ക്കും ആഹ്ലാദം പകരുക തന്നെ ചെയ്യും. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പന്ത്രണ്ടാം വാര്‍ഷിക ആഘോഷങ്ങള്‍ക്കു് ഒക്റ്റോബര്‍ 14, 15 തീയതികളില്‍ തൃശ്ശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ വച്ചു തുടക്കമാകുകയാണു്.വിശദമായ പ്രോഗ്രാം നോട്ടീസ് ഇവിടെ ഉണ്ട്.
സ്വാര്‍ത്ഥത തീരെ വെടിഞ്ഞ്, അറിവിന്റെ സ്വതന്ത്രമായ കൈമാറ്റത്തിന് അക്ഷീണം യത്നിക്കുകയും യത്നിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഒരുപറ്റം മനുഷ്യസ്നേഹികളുടെ പ്രയത്നമാണ് ഇന്ന് നാമേവര്‍ക്കും അഭിമാനകരമായരീതിയില്‍ ഈ പ്രസ്ഥാനത്തെ വളര്‍ത്തിയത്. അതിന്റെ സത്ഫലങ്ങളില്‍ വേരൂന്നിയാണ് നമ്മുടെ 'മാത്‌സ് ബ്ലോഗ്'ലക്ഷക്കണക്കിന് ജനഹൃദയങ്ങളിലേക്ക് പ്രവേശിച്ചതെന്നതിനാല്‍ ഇതില്‍ പങ്കെടുക്കേണ്ടതും പ്രചരിപ്പിക്കേണ്ടതും നന്ദിപൂര്‍വ്വമായ കടമയായി ബ്ലോഗ്ടീം കരുതുന്നു.

കോഴിക്കോട് എന്‍ഐടി വിദ്യാര്‍ത്ഥിയായിരുന്ന ബൈജു എം 2001-ല്‍ ആരംഭിച്ച മലയാളം ലിനക്സ് എന്ന ഓണ്‍ലൈന്‍ സമൂഹമാണു് ഏതാണ്ടു് പത്തുമാസങ്ങള്‍ക്ക് ശേഷം 'സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ്' എന്ന പേരു സ്വീകരിച്ചതു്. തുടര്‍ന്നുള്ള 12 വര്‍ഷം കൊണ്ട് മലയാളം കമ്പ്യൂട്ടിങ്ങിനെ കൈപിടിച്ചു നടത്തുവാനും മറ്റേതു ഇന്ത്യന്‍ ഭാഷയ്ക്കും മാതൃകയാക്കാനും സാധിക്കുന്ന വിധത്തില്‍ വളര്‍ത്തുന്നതില്‍ വലിയൊരു പങ്ക് വഹിക്കാന്‍ സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിനായി. സ്വതന്ത്ര സോഫ്റ്റ്‌‌വെയറുകളുടെ പ്രാദേശികവല്‍കരണം, ഫോണ്ടുകളുടെ നിര്‍മാണവും പുതുക്കലും കമ്പ്യൂട്ടര്‍ /മൊബൈല്‍ സമ്പര്‍ക്കമുഖങ്ങളിലെ കൃത്യമായ മലയാള ചിത്രീകരണം ഉറപ്പുവരുത്തല്‍, മലയാളം ടൈപ്പു ചെയ്യുന്നതിനായുള്ള നിരവധി രീതികളുടെ നിര്‍മ്മാണവും പുതുക്കലും , എന്നുതുടങ്ങി ഭാഷാകമ്പ്യൂട്ടിങ്ങിന്റെ ഏതാണ്ടെല്ലാ മേഖലകളിലും വ്യക്തമായ ഇടപെടലുകള്‍ ഈ കാലയളവുകൊണ്ടു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് നടത്തി. ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിരവധി സര്‍ക്കാര്‍ / സര്‍ക്കാരിതര കമ്പ്യൂട്ടിങ് പ്രവര്‍ത്തനങ്ങളുടെ ഭാഗമാവാനും , ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡിനു രണ്ടു തവണ മെന്ററിങ് ഓര്‍ഗനൈസേഷനായി തിരഞ്ഞെടുക്കപ്പെടാനും സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിനു സാധിച്ചു. ഐടി അറ്റ് സ്കൂളിലെ മലയാളലഭ്യത, കേരളസര്‍ക്കാരിന്റെ 2008 ല്‍ തുടങ്ങിയ മലയാളം കമ്പ്യൂട്ടിങ്ങ് കാമ്പൈന്‍ , തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കാനുള്ള സ്വതന്ത്രമായ സാങ്കേതിക അടിത്തറ നിര്‍മ്മിക്കാനായതും ഈ കൂട്ടായ്മയുടെ ഒരു നേട്ടമാണു്. ഇന്നു് ഇന്ത്യയിലെ ഏറ്റവും വലിയ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ അധിഷ്ഠിത ഡെവലപ്പര്‍ കൂട്ടായ്മയാണു് സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ്.

ഈ ദ്വിദിന സമ്മേളനം മലയാളത്തെ കമ്പ്യൂട്ടിങ്ങിനു പ്രാപ്തമാക്കിയ ഒട്ടനവധി വ്യക്തികളുടെയും കൂട്ടങ്ങളുടെയും ഇടപെടലുകളെ ഓര്‍മ്മിക്കാനും പരിചയപ്പെടാനും അവരുമായി സംവദിക്കാനും പുതുവഴികളെപ്പറ്റി കൂട്ടായി അന്വേഷിക്കാനുമുള്ള ഒരു സന്ദര്‍ഭമൊരുക്കല്‍ കൂടിയാണു്.കേരളത്തിന്റെ മാതൃഭാഷോന്മുഖമായ ഐടി വികസനത്തിന്റെ ഒരു സുപ്രധാന ചരിത്രമുഹൂര്‍ത്തമായ ഈ കൂടിച്ചേരലില്‍ താങ്കളുടെയും സുഹൃത്തുക്കളുടെയും സജീവസാന്നിധ്യവും സഹകരണവും ഉണ്ടായിരിക്കുമല്ലോ?

ഇവന്റ് വെബ്സൈറ്റ്

രജിസ്റ്റര്‍ ചെയ്യാന്‍

ഇതോടനുബന്ധിച്ച് നടക്കുന്ന വിക്കിസംഗമം


Read More | തുടര്‍ന്നു വായിക്കുക

SETIGam Exam Physics and Chemistry

>> Thursday, October 10, 2013

വിവരവിനിമയ സാങ്കേതികവിദ്യയുടെ സാക്ഷാത്കാരമാണ് ഇതെന്നാണ് ‌നമ്മുടെ പൊതുവിദ്യാഭ്യാസഡയറക്ടറായ ബിജു പ്രഭാകര്‍ സാര്‍ മാത്​സ് ബ്ലോഗിനെക്കുറിച്ച് ഈയിടെ അഭിപ്രായപ്പെട്ടത്. അക്ഷരാര്‍ത്ഥത്തില്‍ മാത്​സ് ബ്ലോഗ് കൂട്ടായ്മയുടെ ഭാഗമായ അധ്യാപകസമൂഹത്തിന് ഒന്നടങ്കം അഭിമാനിക്കാനുള്ള വാക്കുകളാണ് അദ്ദേഹത്തില്‍ നിന്നും നമുക്ക് ലഭിച്ചത്. ഔദ്യോഗികത്തിരക്കുകള്‍ക്കു ശേഷം വീട്ടിലെത്തുന്ന അധ്യാപകര്‍ ഈ സമൂഹത്തിനു വേണ്ടി ചെയ്യുന്ന നിസ്വാര്‍ത്ഥ സേവനമാണ് മാത്​സ് ബ്ലോഗിലൂടെ പ്രസിദ്ധീകരിക്കപ്പെടുന്ന ഓരോ പോസ്റ്റുകളും. മാത്​സ് ബ്ലോഗിന്റെ പിന്നണിയിലുള്ളവര്‍ അവസരോചിതമായി ഈ പോസ്റ്റുകളെ അധ്യാപകസമൂഹത്തിലേക്കെത്തിക്കുന്നുവെന്നേയുള്ളു. അതുകൊണ്ടു തന്നെ മാത്​സ് ബ്ലോഗ് കൂട്ടായ്മയ്ക്കു കിട്ടുന്ന ഓരോ അഭിനന്ദനവും അധ്യാപകസമൂഹത്തിനു കൂടി അവകാശപ്പെട്ടതാണ്. അക്കൂട്ടത്തില്‍ എടുത്തു പറയേണ്ട ഒന്നാണ് നിസ്വാര്‍ത്ഥമതിയായ ഒരു അധ്യാപകന്റെ പരിശ്രമമായ സെറ്റിഗാം സോഫ്റ്റ്​വെയര്‍. കുട്ടിക്ക് സ്വന്തമായി പരീക്ഷയെഴുതി നോക്കാനും അതുവഴി സ്വയം വിലയിരുത്താനുമൊക്കെയുള്ള അവസരം നല്‍കുന്ന ഈയാണ്ടിലെ വിപ്ലവമാണത്. തല്‍പ്പരരായ വിദ്യാര്‍ത്ഥികളെക്കൊണ്ട് സെറ്റിഗാം പരീക്ഷകളെഴുതിക്കാന്‍ നമ്മുടെ അധ്യാപകര്‍ നിര്‍ദ്ദേശിക്കാറുണ്ട്. കുട്ടിക്ക് ഈ സോഫ്റ്റ്​വെയറിലേക്കുള്ള ഒരു ചൂണ്ടിക്കാട്ടല്‍ മാത്രം മതിയാകും. ആവേശത്തോടെ ഈ പുതിയ രീതിയില്‍ പരീക്ഷകളെഴുതാന്‍ അവന്‍ സ്വയം സന്നദ്ധനായിക്കോളും. ഇത്തവണ പ്രമോദ് മൂര്‍ത്തിസാര്‍ നമുക്ക് അയച്ചു തന്നിരിക്കുന്നത് ഇബ്രാഹിം സാര്‍ തയ്യാറാക്കിയ ഫിസിക്സ് നാല്, അഞ്ച് യൂണിറ്റുകളുടേയും കെമിസ്ട്രി നാലാം യൂണിറ്റിന്റേയും നോട്ടുകളെ അടിസ്ഥാനമാക്കിയുള്ള സെറ്റിഗാം പരീക്ഷകളാണ്. ചുവടെയുള്ള ലിങ്കില്‍ നിന്നും അവ നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

Download Physics Unit 4 Part 1 | Part 2

Download Physics Unit 5 Part 1 | Part 2

Download Chemistry Unit 5 Part 1 | Part 2


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer