യാത്രയയപ്പിന്റെ ആഘോഷങ്ങളിൽ ആലോചിക്കാവുന്ന 'സ്വീകരണങ്ങൾ'

>> Wednesday, March 11, 2015


വേനൽ
വേനൽ കടുക്കുന്നതോടെ
പഴയ അദ്ധ്യാപകർ എല്ലാം വിരമിക്കുന്നു.
പഴയൊരു ജൂണിൽ പെരുമഴയിൽ
മുളപൊട്ടി വിരിഞ്ഞ് ഓരില ഈരിലയായി
ചെറുശാഖകൾ വിടർത്തി
പൂവിട്ട് മെല്ലെ പൂത്തുലഞ്ഞ്
കായും കനിയുമായി
തണലും തളിർപ്പും നൽകി
കിളിക്കൂടും ഊഞ്ഞാലും ഒരുക്കി .....
വിളഞ്ഞ വിത്തുകൾ നാടാകെ
പാറ്റിവിതറി പുതുമുളകൾ പ്രാ‌‌ർഥിച്ച് ....

വേനൽ കടുക്കുന്നതോടെ
പഴയ അദ്ധ്യാപകർ എല്ലാം വിരമിക്കുന്നു.


വർഷാവസാനം റിട്ടയർമെന്റുകളുടെ ആഘോഷങ്ങളാണ്`. യാത്രയയക്കപ്പെടുന്നവരുടെ പെരുമകൾ , അവർ പിരിഞ്ഞുപോകുമ്പോൾ ഉണ്ടാക്കപ്പെടുന്ന നികത്താനാവാത്ത വിടവുകൾ , അവർ ചെയ്ത നന്മകൾ ഒക്കെ പലരും പലപാട് ആവർത്തിക്കുന്ന - അനുസ്മരിക്കുന്ന ആഘോഷങ്ങൾ. നല്ലതു തന്നെ . പൂജ്യപൂജ ശ്രേയസ്കരമാണല്ലോ. മാത്രമല്ല, യാത്രയയപ്പുസമ്മേളനങ്ങളിൽ സമൂഹത്തിലെ വിവിധമേഖലകളിൽ നിന്നുള്ളവർ ഇവരുടെ മേന്മകൾ അനുസ്മരിക്കുമ്പോൾ ഇവരിൽ നിന്നു സമൂഹത്തിന്ന് ലഭിച്ച സേവനങ്ങളുടെ കണക്കെടുപ്പായി അതു മാറുന്നു. ചെറിയ / വലിയ പോരായ്മകൾ ചൂണ്ടിക്കാണിക്കപ്പെടുകയും ചെയ്യുന്നില്ല. പിരിഞ്ഞുപോകുന്നവരെ വേദനിപ്പിക്കാതിരിക്കുക എന്നത് സാംസ്കാരികമായ ഒരു മൂല്യബോധത്തിൽ നിലകൊള്ളുന്നു.

എന്നാൽ, പുതിയതായി ചേരുന്നവരുടെ കാര്യത്തിൽ ഇതുപോലുള്ള ചടങ്ങുകൾ പൊതുവെ നമ്മുടെ സമൂഹത്തിൽ ഇല്ല. പുതിയതായി ചേർന്നവരെ അവർ ചേർന്നു എന്നുപോലും സമൂഹം തിരിച്ചറിയുന്നത് വളരെ വൈകിയാണ്`. [ ആദ്യശമ്പളം കിട്ടിയാൽ സഹപ്രവർത്തകർക്കിടയിൽ മധുരം വിളമ്പുന്നുണ്ട് എന്നൊക്കെ ശരി ! ] നാട്ടിലെ സ്കൂളിൽ പുതിയ ടീച്ചർ, കൃഷിഭവനിൽ പുതിയ ഓഫീസർ, ഹെൽത്ത് സെന്ററിൽ പുതിയ ഡോക്ടർ, ഗ്രാമപഞ്ചായത്തിൽ പുതിയ സെക്രട്ടറി, പുതിയ വിദ്യാഭ്യാസ ഓഫീസർ, സ്റ്റേഷനിൽ പുതിയ പോലീസുകാർ .... ഇങ്ങനെ വിവിധ ഇടങ്ങളിൽ പുതിയതായി ചേരുന്നവരെ വളരെക്കഴിഞ്ഞേ ജനം അറിയുന്നുള്ളൂ. വന്നു ചേരുന്ന പുതിയവരുടെ കാര്യവും അങ്ങനെത്തന്നെ. നാടിനേയും നാട്ടാരേയും വളരെ ക്കഴിഞ്ഞേ അറിയുന്നുള്ളൂ. യാത്രയയപ്പുവേളയിലെ ചടങ്ങുകൾ ഈ സംഗതിയുമായി കൂട്ടി ആലോചിക്കാൻ തോന്നുകയാണ്`.

യാത്രയയപ്പ് പൊതുവെ സ്ഥാപനം കേന്ദ്രീകരിച്ചാണ്`സംഘടിക്കപ്പെടുന്നത്. എന്നാൽ സ്വീകരണ പരിപാടി ഗ്രാമപഞ്ചായത്ത് തലത്തിൽ ആവണം. പഞ്ചായത്തിൽ ആവർഷം പുതുതായി ചേരുന്നവർക്ക് - ജൂൺ -ജൂലായ്... [ സൗകര്യം പോലെ ] ഒരു സ്വീകരണ സമ്മേളനം ഉണ്ടാവണം. പുതിയതായി സർവീസിൽ ചേരുന്നവരെ മുഴുവൻ പങ്കെടുപ്പിക്കണം. സമൂഹത്തിലെ വിവിധ തുറകളിലെ പ്രധാനപ്പെട്ടവരൊക്കെ അവരെ സ്വീകരിക്കാൻ ഉണ്ടാവണം. നാടിനെ കുറിച്ച്, സമൂഹത്തിന്റെ അവസ്ഥയെ കുറിച്ച്, വിവിധ സ്ഥാപനങ്ങളെ കുറിച്ച് നിലവിലുള്ള അവസ്ഥകൾ, സാധ്യതകൾ, നാടിന്റെ വികസനപരമായ ആവശ്യങ്ങൾ, അഭിലാഷങ്ങൾ എന്നിവയെ കുറിച്ച് വ്യക്തമായ ഒരു ചിത്രം രൂപപ്പെടുത്താൻ പുതിയവർക്ക് ഇവിടെ വെച്ച് ആവണം. എന്തെല്ലാം സഹായസഹകരണങ്ങൾ ലഭ്യമാകുമെന്ന ധാരണ അവർക്ക് ഉണ്ടാവണം. പരസ്പരം നല്ല സേവനം സാധ്യമാക്കാനുള്ള വാതിലുകൾ തിരിച്ചറിയുകയും തുറക്കപ്പെടുകയും വേണം. നല്ല തയ്യാറെടുപ്പോടെ സംഘാടനം ചെയ്താൽ ' സ്വീകരണങ്ങൾ ' കുറേകൂടി നാടിന്ന് ഗുണം ചെയ്യുന്നതാക്കി മാറ്റാൻ ഇതുകൊണ്ട് കഴിയില്ലേ ? അതത് ഗ്രാമപഞ്ചായത്ത് ചുമതലക്കാരുമായി ഇന്നു തന്നെ നമുക്ക് ഇതിനുവേണ്ട ഏർപ്പാടുകൾ ആലോചിക്കാമല്ലോ.

ആദ്യ 'സ്വീകരണത്തിൽ 3-4 വർഷം വരെ സർവീസിൽ കയറിയവരെ പങ്കെടുപ്പിക്കാം. തുടക്കമല്ലേ. പിന്നീട് അതത് വർഷം കയറിയവർ മതി. ഒരു ഗ്രാമപഞ്ചായത്തിൽ ആദ്യ യോഗത്തിൽ 40-45 പേർകാണും. തുടർന്ന് 10-15 ഉം. ഒരു മുഴുവൻ ദിവസ പരിപാടിയായി ആലോചിക്കണം .
നന്നായി പ്ളാൻ ചെയ്യണം. നാടിന്റെ വികസന സ്വപ്നം വ്യക്തമായി [ വിദ്യാഭ്യാസം, ആരോഗ്യം, നിർമ്മാണപ്രവർത്തനങ്ങൾ, ക്രമസമാധാനം... ] അവതരിപ്പിക്കണം. ഇതൊക്കെയും അതത് ഗ്രാമപഞ്ചായത്തുകളുടെ വികസനപദ്ധതികളുമായി ഒത്തുപോകുന്നതാവണം.
പുതിയ ആളുകൾക്ക് അവരവരുടെ സേവന മേഖലയുമായി വേണ്ട ബന്ധം , കാഴ്ചപ്പാട് , കടമകകൾ , നാടിന്റെ നാളെയെക്കുറിച്ചുള്ള സ്വപ്നം... വ്യക്തമായി ബോധ്യപ്പെടുത്തുന്ന രീതിയിൽ വേണം. പഞ്ചായത്തുകളുടെ നേതൃത്വത്തിൽ ഒരു ദിവസം ഇതിനായി നീക്കിവെക്കുന്നത് ഒരിക്കലും നഷ്ടമാവില്ല . വളരെ പുതുമയുള്ള 'സ്വീകരണം ' ഒരുക്കുന്നതോടെ സംസ്ഥാനത്തു തന്നെ മാതൃകയാക്കാം.

8 comments:

Unknown March 11, 2015 at 2:06 PM  
This comment has been removed by the author.
nazeer March 11, 2015 at 2:15 PM  

ഗുഡ് പോസ്റ്റ്‌..

Jose Philip March 11, 2015 at 9:36 PM  

വളരെ നല്ല നിര്‍ദ്ദേശം.പുതിയവരില്‍ നിന്ന് സമൂഹം പ്രതീക്ഷി ക്കുന്നതെന്താണ് ? എന്തെല്ലാമാണ് സമൂഹത്തിന്റെ ആവശ്യങ്ങള്‍? ഇവയെല്ലാം പൊതുവേദിയില്‍ അവതരിപ്പിക്കു മ്പോള്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബ്ബന്ധിതരാകും.കൃത്യനിര്‍വ്വഹണത്തില്‍ അവര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ സമൂഹവുമായി പങ്കുവെയ്ക്കാനുള്ള കരുത്ത് അവര്‍ക്ക് ലഭിക്കുകയും ചെയ്യും. വെറുമൊരു ചടങ്ങിനപ്പുറത്തേയ്ക്ക് ഈ പങ്കുവെയ്ക്കല്‍ വളര്‍ന്നാല്‍ ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന പല പ്രശ്നങ്ങളും വലിയൊരളവുവരെ പരിഹരിക്കാനും കഴിയും.

മനോജ് പൊറ്റശ്ശേരി March 12, 2015 at 11:21 AM  

നല്ല നിര്‍ദ്ദേശം...തീര്‍ച്ചയായും പരീക്ഷിച്ചു നോക്കേണ്ടതു തന്നെ!പഞ്ചായത്തുകളില്‍ കൊല്ലം തോറും നടത്തിക്കൊണ്ടിരിക്കുന്ന അധ്യാപകസംഗമം പോലെയാവാതെ നോക്കണം...കൃത്യമായ പ്ലാനിംഗും മോണിറ്ററിംഗും ആവശ്യമാണിത്തരം പരിപാടികള്‍ക്കെന്നു തോന്നുന്നു!

വില്‍സണ്‍ ചേനപ്പാടി March 12, 2015 at 11:43 AM  

നവീനമായ ചിന്ത.പൊതുസമൂഹത്തിന്റെ ചിന്തകളും സ്വപ്നങ്ങളും കുറെയൊക്കെ സാക്ഷാത്കരിക്കാനും പ്രവര്‍ത്തന ശൈലികള്‍ ക്രമീകരിക്കാനും കഴിയും.ആപ്പീസുകള്‍ കുറെക്കൂടി സൗഹൃദപരമാകും

mons March 12, 2015 at 7:51 PM  

very good

kunhi mon March 12, 2015 at 9:43 PM  

good idea

Fr Joseph TK CMI April 13, 2015 at 8:04 PM  

റിട്ടയര്‍ ചെയ്ത് പടിയിറങ്ങുന്ന അധ്യാപകനൊപ്പം വിദ്യാലയത്തിലെ മണിയൊച്ച മാത്രം കൂടെച്ചെന്നു...... അവലംബം-പൊരുള്‍

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer