
സ്ഫടികം സിനിമയ്ക്ക് പ്രസക്തിയേറുന്ന കാലഘട്ടത്തിലൂടെ വീണ്ടും നാം കടന്നു പോവുകയാണ്. ചാക്കോമാഷുമാര്‍ ഉണ്ടാകുമ്പോഴാണ് ആടുതോമകള്‍ സൃഷ്ടിക്കപ്പെടുന്നത്. ഇത് വെറുമൊരു സിനിമാഡയലോഗ് മാത്രമായി തള്ളിക്കളയേണ്ട ഒന്നല്ല. ഈ ചലച്ചിത്രത്തില്‍ ആടുതോമ ചാക്കോ മാഷിനെ കാണുന്നത് ഒരു ചെകുത്താനായിട്ടാണ്. അതിനു കാരണവുമുണ്ട്. ചാക്കോ മാഷിന്റെ കണ്ണില്‍ എന്നും എഞ്ചിനീയര്‍ മാത്രമേയുള്ളു. വൈവിധ്യമാര്‍ന്ന കഴിവുകളുള്ള തോമാസ് ചാക്കോയെ ചാക്കോ മാഷ് ഒരിക്കലും കണ്ടതേയില്ല.
ചാക്കോ മാഷേ... ഇപ്പോള്‍ നിങ്ങളെയും ഒരു ചെകുത്താനെപ്പോലെയാണ് കുട്ടികള്‍ കാണുന്നതെന്നു പറഞ്ഞാല്‍ ഞെട്ടരുത്. അവര്‍ ഇപ്പോള്‍ കരയുന്നത് നിങ്ങള്‍ കാണുന്നുണ്ടാകില്ല. ഇനി നിങ്ങള്‍ക്ക് നന്നായി ഉറങ്ങാന്‍ കഴിയും. കാരണം, അവരിലെ എഞ്ചിനീയറെ കണ്ടെത്താന്‍ നിങ്ങള്‍ അവരോട് ചോദിച്ചതെന്താണോ അതൊക്കെയും ആ പാവം കുട്ടികളുടെ കണ്ണീരു വീഴ്ത്താനേ സാധിച്ചിട്ടുള്ളു. അവര്‍ക്കിടയില്‍ ഒട്ടേറെ പാവപ്പെട്ടവരുണ്ട് ചാക്കോ മാഷേ. ഒരുപക്ഷേ, ഇതോടെ ഈ പരിപാടി തന്നെ ഉപേക്ഷിച്ചു പോകും അവര്‍.
നിങ്ങളുടെ ഉദ്ദേശമെന്താണ്? നിങ്ങള്‍ മഹാനാണെന്ന് ആരെയാണ് കാണിക്കാന്‍ ശ്രമിക്കുന്നത്? ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ദ്രോഹമാണ് നിങ്ങള്‍ ചെയ്യുന്നത്. വെളിച്ചത്തു വന്ന് ഈ സമൂഹത്തിന് മുമ്പാകെ ഇതെല്ലാം ന്യായീകരിക്കാനുള്ള ധൈര്യമുണ്ടോ നിങ്ങള്‍ക്ക്? നിങ്ങളോടും നിങ്ങളുടെ സ്വഭാവമുള്ളവരോടും ഈ പണി നിങ്ങള്‍ക്ക് പറ്റിയതല്ലെന്ന് പലവുരു ഞങ്ങള്‍ പറഞ്ഞതല്ലേ? എല്ലാവരേയും തുല്യമായി കാണാന്‍ സാധിക്കാത്തിടത്തോളം നിങ്ങള്‍ക്ക് ചാക്കോ മാഷിന്റെ മുറിക്കയ്യന്‍ ഷര്‍ട്ടുമിട്ട് നടക്കേണ്ടി വരും.
ഇവരുടെയൊക്കെ കഴിവുകളെന്താണെന്ന് അറിയാന്‍ നിങ്ങള്‍ ശ്രമിച്ചോ? അവര്‍ക്കെന്തറിയാം എന്നറിയാന്‍ നിങ്ങള്‍ ശ്രമിച്ചോ? മുമ്പേ കടന്നു പോയവരെല്ലാം അവരെ ആശ്വസിപ്പിക്കാന്‍ ചോദിച്ചിരുന്നവയൊക്കെ നിങ്ങള്‍ എന്തു കൊണ്ട് ചോദിച്ചില്ല? ചോദിച്ച കാര്യങ്ങളാകട്ടെ, ആര്‍ക്കും മനസ്സിലാകാത്ത ഭാഷയിലുമായിപ്പോയി! ആരെ തോല്‍പ്പിക്കാനാണ് ചാക്കോ മാഷേ, ഇതെല്ലാം?
സ്വന്തം പുത്രനു പകരം മുറ്റത്ത് നട്ട തെങ്ങിന്‍ തൈ പറിച്ചെറിഞ്ഞത് നിങ്ങളുടെ അനുജനായിരുന്നു. അതേ സ്ഥാനത്ത് ഇപ്പോള്‍ നിങ്ങള്‍ക്കെതിര് ആ ഒരു അനുജന്‍ മാത്രമല്ല എന്ന് നിങ്ങള്‍ തിരിച്ചറിയണം. നിങ്ങളുടെ വിഷയത്തെ മധുരമാക്കാന്‍ ശ്രമിച്ച ഞങ്ങളെല്ലാവരെയും നിങ്ങള്‍ ചതിച്ചില്ലേ? ഇനി ആരോടൊക്കെ ഞങ്ങള്‍ മറുപടി പറയണമെന്ന് നിങ്ങള്‍ക്കറിയോ?
നിങ്ങളുടെ വിഷയത്തില്‍ നിന്നും അകന്നു പോകാനേ ഇതെല്ലാം ഉപകരിക്കൂയെന്ന്് നിങ്ങള്‍ തിരിച്ചറിയണം. ഈ ഭസ്മാസുരപ്രവൃത്തി മൂലം നിങ്ങള്‍ ദുഃഖിക്കേണ്ടി വരും. നിങ്ങള്‍ മാത്രമല്ല, ചാക്കോ മാഷിനെ മനസ്സില്‍ പ്രതിഷ്ഠിച്ചു നടക്കുന്ന ഓരോരുത്തരും ദുഃഖിക്കേണ്ടി വരും. നോക്കിക്കോളൂ. ചെകുത്താന്‍ എന്നെഴുതിയ ഒരു ബോര്‍ഡ് നിങ്ങളുടെ മനസ്സിലുണ്ടാകുമല്ലോ. എല്ലാവരേയും കുഴക്കിയ സന്തോഷത്തില്‍ നിങ്ങള്‍ ഉറങ്ങുമ്പോള്‍ ഇടക്ക് സ്വപ്‌നം കണ്ട് ഞെട്ടിയുണരാന്‍ ആ ബോര്‍ഡ് നിങ്ങളുടെ തൊട്ടടുത്തു തന്നെയുണ്ടാകും. ആരും ഓട്ടക്കാലണകളല്ല, ചാക്കോ മാഷേ... അതു നിങ്ങള്‍ വൈകാതെ അറിയും. ചാക്കോ മാഷുമാര്‍ മാറിയേ മതിയാകൂ.
(കേവലം വിഷയം കൈകാര്യം ചെയ്യുന്നവര്‍ മാറേണ്ടത് പുതിയ കാലഘട്ടത്തിന്റെ ആവശ്യമാണ്. നല്ല പൗരന്മാരെ വാര്‍ത്തെടുക്കാന്‍ അതാവശ്യവുമാണ് താനും. അതിന്റെ അടിസ്ഥാനത്തില്‍ നടത്തുന്ന ഒരു ചലച്ചിത്ര പുനര്‍വായന. വിഷയബന്ധിയില്ലാതെ കമന്റുകള്‍ ചെയ്ത് വിഷയത്തെ വഴി തിരിച്ചു വിടാതിരിക്കാന്‍ വായനക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണം)
Read More | തുടര്‍ന്നു വായിക്കുക