Happy Teachers' Day

>> Monday, September 5, 2016

സെപ്തംബര്‍ അഞ്ച്. അദ്ധ്യാപകദിനം. പരസ്പരം ആശംസകളയച്ചും കിട്ടിയ ആശംസകളുടെ എണ്ണം നോക്കിയുമല്ല അദ്ധ്യാപക സമൂഹം ഊറ്റം കൊള്ളേണ്ടത്. ഒരു അദ്ധ്യാപകന്റെ ജീവിതം സാർത്ഥകമാകുന്നത് സമൂഹത്തിന് ഗുണകരമാകുന്ന പൗരന്മാരെ സൃഷ്ടിക്കാന്‍ കഴിയുമ്പോള്‍ മാത്രമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് സുഹൃത്തും വഴികാട്ടിയും സ്‌നേഹവും ആകാന്‍ നമുക്ക് സാധിക്കണം. പഠനകാലത്തിനു ശേഷവും അവരുടെ മനസ്സില്‍ വഴി തെളിക്കാന്‍ നമ്മളുണ്ടാകണം. നാം പഠിപ്പിച്ചു പടി കടത്തി വിടുന്ന കുട്ടികള്‍ ഏതൊക്കെ മേഖലകളിലേക്ക് തിരിഞ്ഞു പോകുന്നുണ്ടെന്ന് ഒരു അന്വേഷണം നടത്തിയിട്ടുണ്ടോ? ശാരീരികമായി വെല്ലുവിളി നേടുന്ന ഒരു വിഭാഗം വിദ്യാര്‍ത്ഥികളെപ്പറ്റി അത്തരമൊരു അന്വേഷണം നടത്തിയിരിക്കുകയാണ് കണ്ണൂര്‍ അഴീക്കോട് ഹയര്‍ സെക്കന്ററി സ്‌കൂളിലെ എ സിന്ധു ടീച്ചര്‍. മാത് സ് ബ്ലോഗിലൂടെ അദ്ധ്യാപക സമൂഹം നടത്തിയിട്ടുള്ള പഠനപ്രവര്‍ത്തനങ്ങളില്‍ എന്നും ഒപ്പം നിന്നിട്ടുള്ളയാളാണ് സിന്ധു ടീച്ചർ. 'പത്താം തരത്തിനു ശേഷം എന്ത്?' എന്ന കാഴ്ച വൈകല്യം നേരിടുന്ന കുട്ടികളുടെ ചോദ്യത്തിനു മുന്നില്‍ പകച്ചു നില്‌ക്കേണ്ടി വരുന്ന അധ്യാപകര്‍ക്ക് വേണ്ടിയുള്ള ഒരു കുറിപ്പാണ് ഈ പോസ്റ്റിലുള്ളത്. ഈ വര്‍ഷത്തെ അദ്ധ്യാപക ദിനത്തില്‍ ചര്‍ച്ച ചെയ്യാന്‍ അനുയോജ്യമായ ഒന്ന്. നിങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കുമല്ലോ.

കേരളത്തിലെ വിദ്യാലയങ്ങളില്‍ സംയോജിത വിദ്യാഭ്യാസം നടപ്പിലാക്കിയിട്ട് വര്‍ഷങ്ങളായല്ലോ? വിവിധങ്ങളായ പരിമിതികള്‍ അനുഭവിക്കുന്ന വിരവധി കുട്ടികളെ സംബന്ധിച്ചിടത്തോളം തീര്‍ച്ചയായും നല്ലൊരു ചുവടുവെപ്പുതന്നെയായിരുന്നു അത്. ഇത്തരം കുട്ടികളെ സംബന്ധിച്ചിടത്തോളം സാധാരണ വിദ്യാലയങ്ങളോ സ്പെഷ്യല്‍ സ്കൂളുകളോ ഗുണകരം എന്ന ചര്‍ച്ച ഇപ്പോഴും പല സ്ഥലങ്ങളിലും നടക്കുന്നുമുണ്ട്. ഏതായാലും നമ്മുടെ വിദ്യാലയങ്ങളില്‍ നിന്നും വര്‍ഷം തോറും ഈ വിഭാഗത്തില്‍പ്പെട്ട നൂറുകണക്കിന് കുട്ടികള്‍പുറത്തിറങ്ങുന്നുണ്ട്. (SSLC കടമ്പ കടക്കുന്നതിനു മാത്രം IED വിഭാഗത്തില്‍ പെടുത്തുന്ന വിദ്യാര്‍ത്ഥികളുടെ കാര്യമല്ല പറഞ്ഞു വരുന്നത്. )

വിവിധതരം വെല്ലുവിളികള്‍ നേരിടുന്ന ഈ കുട്ടികളില്‍ പെടുന്ന പലരും പഠന പ്രവര്‍ത്തനങ്ങളിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മുല്‍പന്തിയില്‍ നില്‍ക്കാറുണ്ട്. അവരുടെ പരിമിതികള്‍ അംഗികരിച്ചുകൊണ്ടുതന്നെ അവര്‍ ഭാവിയെപ്പറ്റി മറ്റുകുട്ടികളെ പോലെ തന്നെ സ്വപ്നങ്ങള്‍ കാണുന്നു. ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ത്ഥികളില്‍ പഠനത്തില്‍ വളരെയധികം ബുദ്ധിമുട്ടു നേരിടുന്നവരാണ് കാഴ്ച ശക്തിയിലും കേള്‍വിശക്തിയിലും വെല്ലുവിളികള്‍ നേരിടുന്നവര്‍. കേള്‍വിശക്തിയുമായി ബന്ധപ്പെട്ട പ്രശ്നമനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ക്ക് താല്പര്യമുള്ള വിഷയങ്ങള്‍ തെരഞ്ഞെടുത്ത് ഉന്നത പഠനത്തിന് പോകുന്നതിന് പ്രയാസമില്ല. പ്രത്യേകിച്ച് വിവരസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട മേഖലകളില്‍ എന്നാണ് ഞാന്‍ മനസിലാക്കുന്നത്.

ഞാനിവിടെ ചര്‍ച്ചയ്ക്ക് വിഷയമാക്കാനുദ്ദേശിക്കുന്നത് കാഴ്ച വൈകല്യം നേരിടുന്ന കുട്ടികളുടെ / മുതിര്‍ന്നവരുടെ പ്രശ്‍നങ്ങള്‍, പ്രത്യേകിച്ച് സ്വയം പര്യാപ്തത നേടുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനാവശ്യമായ ജോലി നേടല്‍. ഇന്ന്, ബുദ്ധിപരമായ പരിമിതികളില്ലാത്ത ഒരു സാധാരണ വിദ്യാര്‍ത്ഥിയെ സംബന്ധിച്ചിടത്തോളം, അവന് താല്പര്യമുള്ള ഏത് വിഷയത്തിലും പഠിക്കുന്നതിനും തുടര്‍ന്ന് ജോലി നേടുന്നതിനും നിരവധി അവസരങ്ങളുണ്ട്. എന്നാല്‍ കാഴ്ച പരിമിതി ഉള്ളവരെ സംബന്ധിച്ചിടത്തോളം ഇത്തരം അവസരങ്ങള്‍ ( അല്ലെങ്കില്‍ അവയെക്കുറിച്ചുള്ള അറിവ് )വളരെ പരിമിതമാണ്.

പത്താം തരം ജയിച്ച് പുറത്തുവരുന്ന ഇത്തരത്തിലുള്ള ഒരു കുട്ടിക്ക് പൊതുവിദ്യാലയങ്ങളില്‍ ശാസ്ത്രവിഷയങ്ങളെടുത്ത് ഹയര്‍ സെക്കന്ററി പഠനം പൂര്‍ത്തിയാക്കാനുള്ള സംവിധാനം നിലവില്‍ കേരളത്തിലില്ല. തീര്‍ച്ചയായും ശാസ്ത്രവിഷയങ്ങളുടെ പരീക്ഷണ നിരീക്ഷണ സ്വഭാവം തന്നെയാണ് തടസം. ഇവിടം മുതല്‍ കുട്ടികളുടെ പല പഠന താല്പര്യങ്ങള്‍ക്കും വിലങ്ങുകള്‍ വീണു തുടങ്ങുകയാണ്. തുടര്‍ന്ന് അവര്‍ തനിക്ക് താല്പര്യമുള്ളതോ അല്ലാത്തതോ ആയ മറ്റു വിഷയ കോമ്പിനേഷനുകളിലൂടെ പഠനം തുടരുന്നു. ഇവിടേയും പാഠപുസ്തകങ്ങളുടെ ഒാഡിയോ ഫയലുകള്‍ ലഭ്യമായിട്ടുള്ള വിഷയങ്ങള്‍ / കോമ്പിനേഷനുകള്‍ വേണം തെരഞ്ഞെടുക്കാന്‍. അത്തരം വിഷയങ്ങള്‍ / കോമ്പിനേഷനുകള്‍ ലഭ്യമായിട്ടുള്ള സ്കൂളുകളും കണ്ടുപിടിക്കേണ്ടതുണ്ട്. പലപ്പോഴും ഇത്തരം വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ ഇതിനെല്ലാമപ്പുറം യാത്രാസൗകര്യമുള്ള / വലിയ ബുദ്ധിമുട്ടില്ലാതെ എത്തിപ്പെടാന്‍ പറ്റുന്ന സ്കൂളുകള്‍ പഠനത്തിനായി തെരഞ്ഞെടുക്കുകയാണ് പതിവ്.

ഇത്തരം സന്നിഗ്ധ ഘട്ടങ്ങളില്‍ കുട്ടികളും രക്ഷിതാക്കളും ഉപദേശ നിര്‍ദേശങ്ങള്‍ക്കായി സമീപിക്കുന്നത് കുട്ടിയുടെ അതു വരെയുള്ള അധ്യാപകരെയാണ്. നിലവിലുള്ള അവസ്ഥയില്‍ ലഭ്യമായ പരിമിതമായ കോഴ്സുകളെ പറ്റിയുള്ള വിവരങ്ങള്‍ നല്‍കാനെ നമ്മള്‍ക്കും പറ്റനുള്ളൂ. ഉന്നതങ്ങളില്‍ അന്വേഷിച്ചാലും അതിനപ്പുറമുള്ള സാധ്യതകളെ പറ്റിയുള്ള വിവരങ്ങള്‍ ലഭ്യമല്ലെന്നു തന്നെ പറയാം. വളരെ മികച്ച രീതിയില്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഇവരെ സംബന്ധിച്ചിടത്തോളം ഉന്നതവിദ്യാഭ്യാസത്തെപ്പറ്റി ഇതോടോപ്പം തന്നെ ആലോചന തുടങ്ങുന്നു. സ്വയം പര്യാപ്തമായ ജീവിതത്തിന് സഹായിക്കുന്നതും , തങ്ങളുടെ താല്പര്യങ്ങള്‍ക്കിണങ്ങുന്നതുമായ പഠന, ജോലി സാധ്യതകളാണവര്‍ അന്വേഷിക്കുന്നത്. ആദ്യകാലങ്ങളില്‍ ബുക്ക് ബൈന്റിംഗ് , കുട നിര്‍മ്മാണം , മെഴുകുതിരി നിര്‍മ്മാണം , ലോട്ടറി വില്പന പോലുള്ള ജോലികളില്‍ ഒതുങ്ങേണ്ടി വന്നതില്‍ നിന്നും മാറ്റം വന്നിട്ടില്ലെന്ന് പറയാന്‍ പറ്റില്ല. കാരണം ഇന്ന് ഇത്തരത്തിലുള്ളവര്‍ വളരെയധികം ആശ്രയിക്കുന്ന ഒരു മേഖലയായി അധ്യാപകവൃത്തി മാറിയിരിക്കുന്നു.. സ്കൂളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇന്ന് ഇത്തരം നിരവധി അധ്യാപകരെ കാണാം.

ഇന്ന് കാഴ്ച വൈകല്യം നേരിടുന്ന വ്യക്തികള്‍ പലരും കമ്പ്യൂട്ടറിലായാലും മറ്റ് ഐ ടി മേഖലകളിലായാലും വളരെയേറെ താല്പര്യമുള്ളവരും വൈദഗ്ധ്യമുള്ളവരും കൂടുതല്‍ വിദഗ്ധരാവാന്‍ സാധിക്കുന്നവരുമാണ്. എന്നാല്‍ ഒരു ജോലി എന്ന നിലയില്‍ സാങ്കേതികവിദ്യയേയോ മറ്റു മേഖലകളേയോ സമീപിക്കാന്‍ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം അത്തരം ജോലിസാധ്യതകളെപ്പറ്റിയുള്ള അറിവുകള്‍ വളരെ പരിമിതമാണ്. ഇന്നും K F B (Kerala Blind Federation) പോലുള്ള സംഘടനകള്‍ നല്‍കുന്ന പരിശീലനം എന്നത് കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതിലും ഡി ടി പി യിലും ഒതുങ്ങി നില്‍ക്കുന്നു. തങ്ങള്‍ നേരിടുന്ന വെല്ലുവിളികളെ അംഗീകരിച്ചുകൊണ്ടു തന്നെ തങ്ങളുടെ താല്പര്യത്തിനിണങ്ങുന്ന പഠനം / ജോലി എന്ന സാധ്യത ഇപ്പോഴും അകലെ തന്നെയാണ്. ഇത്തരം വ്യക്തികള്‍ക്ക് അവരുടെതായ facebook , whatsapp കൂട്ടായ്മകളുണ്ട്. അതിലൂടെ പങ്കുവയ്ക്കപ്പെടുന്ന വിവരങ്ങളുമുണ്ട്. പല വിദേശരാജ്യങ്ങളിലും ഇത്തരക്കാര്‍ക്ക് ലഭ്യമായിട്ടുള്ള സൗകര്യങ്ങളെക്കാള്‍ 10-15വര്‍ഷംവരെപിറകിലാണ്നമ്മളിപ്പോള്‍.മറ്റെല്ലാ സാങ്കേതികവിദ്യകളുമുപയോഗിക്കുന്ന കാര്യത്തില്‍ കേരളീയര്‍ ഇപ്പോള്‍ അത്തരം രാജ്യങ്ങളോടൊപ്പം ഉണ്ട് എന്നത് മറന്നുകൂടാ.

Medical transcription പോലുള്ള മേഖലകളില്‍ ജോലി അവസരങ്ങളുണ്ടെന്ന് മനസ്സിലാക്കുന്നു. പക്ഷേ ഇവയ്ക്കാവശ്യമായ പരിശീലനങ്ങള്‍ക്ക് എവിടെ സമീപിക്കണം എന്നറിയില്ല. ഇവര്‍ നേരിടുന്ന ശാരീരിക പ്രശ്നങ്ങള്‍ക്കായി ഭീമമായ തുക ചെലവഴിച്ചുകഴി‍ഞ്ഞ/ചെലവഴിച്ചുകൊണ്ടിരിക്കുന്ന രക്ഷിതാക്കള്‍ക്കും മുന്നോട്ടുള്ള വഴി അവ്യക്തമാണ്.

ഇവരെ സഹായിക്കാന്‍ സാധിക്കുന്ന വ്യക്തികള്‍, സ്ഥാപനങ്ങള്‍, കോഴ്സുകള്‍, തൊഴില്‍ മേഖലകള്‍ എന്നിവയെപ്പറ്റിയുള്ള വിശദമായ ചര്‍ച്ച നടക്കണമെന്ന് ആഗ്രഹിക്കുന്നു. മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ക്കായി സമീപിക്കുന്ന കുട്ടികള്‍ക്ക് / രക്ഷിതാക്കള്‍ക്കു മുന്നില്‍ ഒരു ചെറു മെഴുകുതിരിയെങ്കിലും കൊളുത്തി വെക്കാന്‍ നമ്മള്‍ അധ്യാപകര്‍ക്കു കഴിഞ്ഞങ്കില്‍...........

5 comments:

nazeer September 5, 2016 at 5:43 AM  

Students of all abilities and backgrounds want classrooms that are inclusive and convey respect. For those students with disabilities, the classroom setting may present certain challenges that need accommodation and consideration.
Disabilities can be temporary (such as a broken arm), relapsing and remitting, or long-term. Types of disabilities may include:
Hearing loss
Low vision or blindness
Learning disabilities, such as Attention-Deficit Hyperactivity Disorder, dyslexia, or dyscalculia
Mobility disabilities
Chronic health disorders, such as epilepsy, Crohn’s disease, arthritis, cancer, diabetes, migraine headaches, or multiple sclerosis
Psychological or psychiatric disabilities, such as mood, anxiety and depressive disorders, or Post-Traumatic Stress Disorder (PTSD)
Asperger’s disorder and other Autism spectrum disorders
Traumatic Brain Injury
Students may have disabilities that are more or less apparent. For instance, you may not know that a student has epilepsy or a chronic pain disorder unless she chooses to disclose or an incident arises. These “hidden” disorders can be hard for students to disclose because many people assume they are healthy because “they look fine.” In some cases, the student may make a seemingly strange request or action that is disability-related. For example, if you ask the students to rearrange the desks, a student may not help because he has a torn ligament or a relapsing and remitting condition like Multiple Sclerosis. Or, a student may ask to record lectures because she has dyslexia and it takes longer to transcribe the lectures.

A student’s disclosure of a disability is always voluntary. However, students with disabilities may feel nervous to disclose sensitive medical information to an instructor. Often, students must combat negative stereotypes about their disabilities held by others and even themselves. For instance, a recent study on disability stereotypes found that undergraduates with and without learning disabilities rated individuals with learning disabilities as being less able to learn or of lower ability than students without those disabilities. In fact, students with learning disabilities are no less able than any other student; they simply receive, process, store, and/or respond to information differently (National Center for Learning Disabilities).

Govt LP School Plappally September 5, 2016 at 10:24 AM  

last year 1800 learning disabled children passed with the help of educational concession. govt dosent take care further.lack of facility they pushed back always.so plese remember those poor creatures,they need special help.so plese help them in this great day thank you

Hari | (Maths) September 5, 2016 at 10:07 PM  

ചര്‍ച്ച ചെയ്യപ്പെടേണ്ട ഗൗരവകരമായ വിഷയം. നിരാലംബരും നിരാശ്രയരുമായ ഒരു വിഭാഗം ഇന്നും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടു കിടക്കുന്നു. സത്യത്തില്‍ നല്ലൊരു ചര്‍ച്ചയാണ് ഈ വിഷയത്തില്‍ പ്രതീക്ഷിച്ചത്. പക്ഷെ........

Sahani R. September 5, 2016 at 11:46 PM  

തിരുവനന്തപുരം ജഗതി ബധിരവിദ്യാലയത്തിലെ അദ്ധ്യാപകസുഹൃത്തുക്കളോട് മുന്‍പൊരിക്കല്‍ അവിടെ പഠിച്ച കുട്ടികള്‍ സമൂഹത്തില്‍ എവിടെയൊക്കെ എത്തിച്ചേര്‍ന്നു എന്ന ചോദ്യത്തിന് പ്രത്യാശനിര്‍ഭരമായ ഒരു മറുപടി കിട്ടിയില്ല. പാര്‍ശ്വവത്കരിച്ചുപോയ ഏറ്റവും കരുതല്‍ വേണ്ടവരാണ് ബധിര-മൂക വിദ്യാര്‍ത്ഥികള്‍. അവരുടെ അറിവുതേടല്‍ സൈന്‍ ലാംഗ്വേജിലൂടെ മാത്രം ! ഉയര്‍ന്ന തൊഴില്‍ മേഖലയില്‍ വളരെ ചുരുക്കം പേരാണ് ഈ വിഭാഗത്തില്‍ നിന്നും എത്തിച്ചേര്‍ന്നിട്ടുള്ളത്. ഇവരുമായുള്ള ആശയവിനിമയം സാധാരണക്കാര്‍ക്ക് വെറും ആംഗ്യം കാട്ടല്‍ മാത്രമാണ്. ഈയിടെ NISHല്‍ Sign Languageല്‍ ഹ്രസ്വകോഴ്സ് ആരംഭിക്കുന്നതായി അറിഞ്ഞു. അദ്ധ്യാപകരും താത്പര്യമുള്ള ഏവര്‍ക്കും ഈ കോഴ്സുില്‍ പങ്കെടുക്കുന്നത് നന്നായിരിക്കും. സാമാന്യജനത്തിന് മികച്ച രീതിയില്‍ ഈ വിഭാഗവുമായുള്ള പരസ്പരബന്ധം വളര്‍ത്തുന്നതിന് ഇതിലൂടെ നേടുന്ന പരിശീലനം സഹായിക്കുമെന്ന് പ്രത്യാശിക്കുന്നു.
ഐടി@സ്കൂളിന്റെ ജില്ലാ ഓഫീസ് ഈ വിദ്യാലയത്തിലാണ് സ്ഥിതിചെയ്യുന്നത്. ശബ്ദത്തെക്കുറിച്ച് ഒരു ബോധ്യവുമില്ലാത്ത പിഞ്ചുകുട്ടികള്‍ എനിക്കെപ്പോഴും വേദനയാണ്. അവരുടെ ചിരിയും കളിയും വിഷമങ്ങളുമെല്ലാം അവരുടെ അദ്ധ്യാപകരിലൂടെ പലപ്പോഴും എനിക്ക് അറിയുവാന്‍ സാധിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ സിന്ധു ടീച്ചര്‍ പങ്കുവച്ചത് മികച്ച ആലോചനയാണ്. വ്യക്തമായ കാഴ്ചപ്പാടോടെ, മികച്ച ദിശാബോധം പ്രധാനം ചെയ്യാന്‍ ഈ ഉദ്യമത്തിന് കഴിയട്ടെ....

Vijayan Poreri September 23, 2016 at 8:34 PM  

അദ്ധ്യാപകൻ ചരിത്ര നിർമ്മാതാവ് ആണ്

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer