Processing math: 100%

ഒരുകോടി സ്വപ്നങ്ങളായി..മനസ്സിന്റെ മണിമഞ്ചലില്‍.

>> Tuesday, July 31, 2012


ഒരു കോടി പേജ് ഹിറ്റുകള്‍. കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രിയുടെ ആശംസ പോലെ തന്നെ വളരെ പെട്ടന്ന് മാത്​സ് ബ്ലോഗ് ആ നേട്ടത്തിലേക്കെത്തി. മലയാളം ബ്ലോഗ് ചരിത്രത്തിലെ നാഴികക്കല്ലെന്ന് വിശേഷിപ്പിക്കാവുന്ന ഈ അത്യപൂര്‍വ സന്ദര്‍ഭത്തില്‍ മാത്​സ് ബ്ലോഗ് കുടുംബം ഏറെ സന്തോഷിക്കുന്നു. മലയാളത്തിലെ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരുള്ള  ബ്ലോഗുകളിലൊന്നാണ് നമ്മുടേത്. ദിനംപ്രതി ശരാശരി 30,000 സന്ദര്‍ശനങ്ങള്‍. ഈ നേട്ടത്തില്‍ മലയാളം ബ്ലോഗേഴ്സ് അടക്കം നമ്മുടെ സന്ദര്‍ശകര്‍ ഒന്നടങ്കം ഈ സന്തോഷിക്കുകയാണെന്നു ഞങ്ങള്‍ക്കറിയാം. ഇന്ന് ജൂലായ് 31. മാത്​സ് ബ്ലോഗിന് തുടക്കമിട്ടത് 2009 ജനുവരി 31. കൃത്യം മൂന്നര വര്‍ഷങ്ങള്‍. വിവര വിനിമയ സാങ്കേതിക വിദ്യ ഏറെ പുരോഗമിച്ചിട്ടും നമ്മുടെ അധ്യാപകര്‍ വിദ്യാഭ്യാസ മേഖലയിലെ വിവരങ്ങളറിയാതെ ഉഴറുന്നത് കണ്ടാണ് മാത്‌സ് ബ്ലോഗ് ആരംഭിക്കുന്നത്. കേരളത്തിലെ അധ്യാപകരുടെ വിദ്യാഭ്യാസ സംബന്ധിയായ ചര്‍ച്ചകളാണ് ഇതിലൂടെ പ്രതീക്ഷിച്ചത്. ആ സംരംഭം കേരളത്തിലെ അധ്യാപകരും കുട്ടികളും രക്ഷാകര്‍ത്താക്കളും കൈ നീട്ടി സ്വീകരിച്ചുവെന്ന് കാണുമ്പോള്‍ ഏറെ അഭിമാനവും അതിലുപരി സന്തോഷവും തോന്നുന്നു. അറിവിന്റെ കുത്തകവല്‍ക്കരണത്തിനെതിരെയുള്ള യാത്ര പാഠപുസ്തകങ്ങളില്‍ മാത്രമൊതുങ്ങുന്ന കാലഘട്ടത്തിലാണ് മാത്‌സ് ബ്ലോഗ് രംഗത്തെത്തുന്നത്. ഏതറിവുകളും ചില വ്യക്തികളിലൂടെ മാത്രം എന്ന ചിന്താഗതിക്കെതിരായിരുന്നു മാത്‌സ് ബ്ലോഗിന്റെ യാത്ര. അതിനു പിന്നില്‍ ആയിരങ്ങളും പതിനായിരങ്ങളും പ്രോത്സാഹനവുമായി ഒത്തു ചേര്‍ന്നതോടെ ആവേശം അലതല്ലി. ഈ അവസരത്തില്‍ ഒരുപാടു പേരെ ഓര്‍ക്കാനുണ്ട്. പക്ഷേ വിസ്താരഭയം നിമിത്തം അതിനു മുതിരുന്നില്ല. മാത്‌സ് ബ്ലോഗിനോട് സഹകരിച്ച എല്ലാവര്‍ക്കും ഒരു കോടി പ്രണാമം. തുടര്‍ന്നും സഹകരണം പ്രതീക്ഷിക്കുന്നു.


Read More | തുടര്‍ന്നു വായിക്കുക

കാലിലാലോലം ചിലമ്പുമായ് - ഒരു കുറിപ്പ്

>> Wednesday, July 25, 2012


പത്താം ക്ളാസിലെ മലയാളപഠാവലിയിലെ 'കാലിലാലോലം ചിലമ്പുമായ്' എന്ന യൂണിറ്റിലെ ഒരു പ്രവര്‍ത്തനം - കഥകളിക്ക് കേരളീയ പ്രകൃതിയുമായുള്ള ബന്ധം കണ്ടെത്തി ലഘുപന്യാസം തയാറാക്കുക എന്നതുമായി ബന്ധപ്പെട്ട ഒരു കുറിപ്പ് ബ്ലോഗ് ടീമംഗമായ രാമനുണ്ണി മാഷ് തയ്യാറാക്കിയിരിക്കുന്നത് വായിക്കുമല്ലോ. മലയാളവുമായി ബന്ധപ്പെട്ട് ഈ അധ്യയന വര്‍ഷം ഒരു പോസ്റ്റും പ്രസിദ്ധീകരിച്ചിട്ടില്ലെന്ന പരാതിക്ക് പരിഹാരമാകുമിതെന്ന കാര്യത്തില്‍ ഒട്ടും സംശയമില്ല. വായിച്ച് അഭിപ്രായമെഴുതുമല്ലോ. ഒപ്പം മലയാളം കുട്ടികളോട് ഈ പോസ്റ്റ് വായിക്കുന്നതിനായി നിര്‍ദ്ദേശിക്കുമല്ലോ. ഏതൊരു കലയ്ക്കും അതുരൂപപ്പെട്ട നാടിന്റെ പ്രകൃതിയും സംസ്കാരവുമായി വളരെയധികം ബന്ധമുണ്ട് എന്നു മനസ്സിലാക്കാന്‍ ഒരു പ്രയാസവുമില്ല. കേരളത്തിന്റെ അഭിമാനവും തികച്ചും സ്വന്തവും ലോകപ്രശസ്തവും ആയ കഥകളി അതിന്റെ രൂപ ഭാവങ്ങളില്‍ ഒരു പാട് ഘടകങ്ങളില്‍ തികച്ചും കേരളീയമാണ്`. എന്നാല്‍ ചിലയിടങ്ങളില്‍ അകേരളീയമായ അംശങ്ങളുണ്ടെന്നും തോന്നാവുന്നതാണ്`.


Read More | തുടര്‍ന്നു വായിക്കുക

ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റിനെപ്പറ്റി അറിയാന്‍‌

>> Sunday, July 22, 2012


കേരളത്തിലെ വിദ്യാലയങ്ങളില്‍ അധ്യാപകരാകാനുള്ള പൊതുയോഗ്യതാ നിര്‍ണയ പരീക്ഷയായ കേരളാ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റിന് (KTET) അപേക്ഷ ക്ഷണിച്ചു. അടി സ്ഥാനയോഗ്യതയോടൊപ്പം എലിജിബിലിറ്റി പരീക്ഷയും ജയിച്ചാല്‍ മാത്രമേ ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളില്‍ ഇനി അധ്യാപകരാകാന്‍ കഴിയൂ. ഹയര്‍ സെക്കന്‍ഡറി അധ്യാപകരാകാന്‍ സെറ്റ് (SET)നിര്‍ബന്ധമാ ക്കിയതു പോലെ തന്നെയാണ് ഇതും. കേരളത്തില്‍ എസ്‌സി ആര്‍ടിയും പരീക്ഷാഭ വനും സംയുക് തമായാണ് ഈ പരീക്ഷ നടത്തുന്നത്. ഓഗസ്റ്റ് 25-നാണു പരീക്ഷ. ഓണ്‍ലൈന്‍ ആയി റജിസ്റ്റര്‍ ചെയ്യണം. പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍ ക്ലാസുകളിലേക്കു പ്രത്യേകം പരീക്ഷകളാണ്. പരീക്ഷാഫീസ് 500 രൂപ വീതം. വിശദവിവരങ്ങളും സിലബസും ചുവടെ നല്‍കിയിട്ടുണ്ട്.


Read More | തുടര്‍ന്നു വായിക്കുക

മാത്​സ് ബ്ലോഗ് - ചര്‍ച്ചാ വേദി

>> Friday, July 20, 2012


[ഇത് മാത്​സ് ബ്ലോഗിലെ ചര്‍ച്ചാ വേദിയാണ്. പോസ്റ്റുകളില്‍ ഗൗരവകരമായ ചര്‍ച്ചയ്ക്കിടെ ഓഫ് ടോപ്പിക്കുകള്‍ വന്ന് ചര്‍ച്ച വഴി തെറ്റാതിരിക്കാനാണ് ഈ ചര്‍ച്ചാ വേദി ആരംഭിക്കുന്നത്. ഓഫ്‌ടോപിക് അഥവാ ഓ.ടി ആയി നല്‍കാന്‍ ഉദ്ദേശിക്കുന്ന ചര്‍ച്ചകള്‍ എല്ലാം തന്നെ ഇവിടെ നടത്താം. ബ്ലോഗിനെ സ്നേഹിക്കുന്നവരുടെ നിര്‍ദ്ദേശം കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം. എല്ലാ സുഹൃത്തുക്കളും സഹകരിക്കുമല്ലോ. ഇടതു വശത്ത് കാണുന്ന 'വായനക്കാരുടെ അഭിപ്രായങ്ങള്‍' എന്ന ഗാഡ്ജറ്റിന് മുകളിലായി 'മാത്​സ് ബ്ലോഗ് - പൊതു ചര്‍ച്ച' എന്ന ലിങ്കുവഴി ഈ പേജിലേക്ക് എളുപ്പത്തില്‍ പ്രവേശിക്കാം.]


ഐ.ടി x യൂണിറ്റ് മൂന്ന് എന്റെ വിഭവഭൂപടം

>> Monday, July 16, 2012


ഈ വര്‍ഷത്തെ പത്താം ക്ലാസിലെ ഐ.ടി പാഠപുസ്തകത്തിലെ അടിസ്ഥാനമാക്കിയുള്ള പഠന സഹായികളാണ് ഇന്നത്തെ പോസ്റ്റില്‍. മാത്സ് ബ്ലോഗ് ടീം അംഗവും വരാപ്പഴ ഹോളി ഇന്‍ഫന്റ്സ് ബോയ്സ് ഹൈസ്കൂളിലെ മാത്തമാറ്റിക്സ് അധ്യാപകനുമായ ജോണ്‍ സാര്‍ തയാറാക്കിയ ഐ.ടി വര്‍ക്ക് ഷീറ്റ്, QGIS നെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള ടൂട്ടോറിയല്‍, പിന്നെ ചില കൊച്ചുകൊച്ചുവര്‍ക്കുകള്‍ , വര്‍ക്ക് ഷീറ്റിന്റെ ഇംഗ്ലിഷ് പരിഭാഷ എന്നിവയാണ് ഇന്നത്തെ പോസ്റ്റ് . പത്താം ക്ലാസിലെ ഈ വര്‍ഷത്തെ ഐ.ടി പാഠപുസ്തകത്തെ അടിസ്ഥാനമാക്കി മാത്സ് ബ്ലോഗ് പ്രസിദ്ധീകരിക്കുന്ന മൂന്നാമത്തെ പോസ്റ്റാണിത്. ജോണ്‍ സാര്‍ ഒന്നാം പാഠത്തെ അടിസ്ഥാനമാക്കി തയാറാക്കിയ പോസ്റ്റായിരുന്നു ഇതില്‍ ആദ്യത്തേത്. അത് നിധിന്‍ ജോസ് സാര്‍ തയാറാക്കി തന്ന വീഡിയോ ടൂട്ടോറിയല്‍, റഷീദ് ഓടക്കല്‍ സാര്‍ തയാറാക്കിയ നോട്സ്, ജോമോന്‍ സാര്‍ തയാറാക്കിയ വര്‍ക്ക് ഷീറ്റിന്‍റെ ഇംഗ്ലീഷ് പരിഭാഷ എന്നിവയിലൂടെ വികസിക്കുകയായിരുന്നു.മഹാത്മ തയാറാക്കിയ വീഡിയോ ടൂട്ടോറിയല്‍, രാജീവ് സാര്‍ എട്ടാം ക്ലാസിലെ പാഠഭാഗത്തെ അടിസ്ഥാനമാക്കി ഒരുക്കിയ പഠനസഹായി എന്നിവയ്ക്ക് അത് പ്രചോദനമായതും ഏറെ ചാരിതാര്‍ത്ഥ്യത്തോടെയാണ് മാത്സ് ബ്ലോഗ് ടീം നോക്കി കാണുന്നത്. അതില്‍ പലരുടെയും സഹായം ഈ പോസ്റ്റ് ഒരുക്കുന്നതില്‍ ഒരു പങ്കു വഹിച്ചിട്ടുണ്ട് എന്നതും ശ്രദ്ധിച്ചു കാണുമല്ലോ. ഈ പോസ്റ്റും ഇത്തരത്തില്‍ ഏറെ പേര്‍ക്ക് പുതിയ പഠനസഹായികളൊരുക്കാന്‍ പ്രചോദനം നല്‍കട്ടെയെന്നും അതു പങ്കിടാനുള്ള വേദിയായി മാത്സ് ബ്ലോഗിനു മാറാന്‍ സാധിക്കട്ടെ എന്നും അതു നമ്മുടെ കുട്ടികള്‍ക്ക് കൂടുതല്‍ മികച്ച വിജയത്തിനുള്ള ഒരുക്കത്തില്‍ ഒരു കൈത്താങ്ങാവാന്‍ കഴിയട്ടെ എന്നും ആഗ്രഹിച്ചു കൊണ്ട് നമുക്ക് ഇന്നത്തെ പോസ്റ്റിലേക്കു കടക്കാം...


Read More | തുടര്‍ന്നു വായിക്കുക

കായക്കൊടിയുടെ ആഹ്ലാദം.. നമ്മുടേതും !

>> Wednesday, July 11, 2012

              കായക്കൊടി ഹൈസ്കൂളിലെ ഐടി കോ-ഓര്‍ഡിനേറ്റര്‍ കെ ടി കുഞ്ഞമ്മദ് മാസ്റ്റര്‍ 2010ലെ ഐ.സി.ടി ദേശീയ അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെട്ടു. ഡല്‍ഹിയില്‍ വെച്ചുനടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കപ്പെടും. കോഴിക്കോട് ജില്ലയിലെ മലയോരഗ്രാമമായ കായക്കൊടിയിലെ ജനങ്ങളും സ്കൂള്‍ കുട്ടികളും അത്യന്തം ആഹ്ലാദത്തിലാണ്. ആ നിഷ്കളങ്ക ആഹ്ലാദത്തില്‍ മാത്​സ് ബ്ലോഗും പങ്കാളികളാവുകയാണ് - സസന്തോഷം.


Read More | തുടര്‍ന്നു വായിക്കുക

വേറിട്ടചിന്തകള്‍ 3 : സമാന്തരശ്രേണി

>> Monday, July 9, 2012

പത്താംക്ലാസിലെ ഗണിതം ആദ്യ പാഠമായ സമാന്തരശ്രേണികളില്‍ നിന്നും ഭാമടീച്ചര്‍ ഗണിതക്ലബ്ബിലെ കുട്ടികള്‍ക്ക് താഴേ കാണുന്ന ഒരു പ്രവര്‍ത്തനം നല്‍കി,
എണ്ണല്‍സംഖ്യകള്‍ ക്രമത്തില്‍ എഴുതിയാല്‍ അവ പൊതുവ്യത്യാസം 1 ആയ ഒരു സമാന്തരശ്രേണിയിലാണല്ലോ..? എന്നാല്‍, എ​ണ്ണല്‍സംഖ്യകളുടെ വര്‍ഗ്ഗങ്ങള്‍ ക്രമത്തിലെഴുതിയ ശേഷം അവയുടെ അടുത്തടുത്ത പദങ്ങളുടെ വ്യത്യാസങ്ങള്‍ അടുത്തവരിയിലെഴുതി അവ സമാന്തരശ്രേണിയിലാണോ എന്ന് പരിശോധിക്കുക.
പിന്നീട് എ​ണ്ണല്‍സംഖ്യകളുടെ ഘനങ്ങള്‍ ക്രമത്തിലെഴുതിയ ശേഷം അവയുടെ അടുത്തടുത്ത പദങ്ങളുടെ വ്യത്യാസങ്ങള്‍ അടുത്തവരിയിലെഴുതി അവ സമാന്തരശ്രേണിയിലാണോ എന്ന് പരിശോധിക്കുക.
സമാന്തരശ്രേണി കിട്ടുന്നതുവരെ ഈ പ്രവര്‍ത്തനം തുടരുക.

പ്രവര്‍ത്തനം ചെയ്യാന്‍ കുട്ടികള്‍ അനന്യയുടെ വീട്ടില്‍ ഒത്തുകൂടി. ഹരിത പറഞ്ഞു."നമുക്ക്, ഈപ്രവര്‍ത്തനം നാലാംകൃതി, അഞ്ചാംകൃതി, ആറാംകൃതി എന്നിവകൂടി കണ്ട് വികസിപ്പിച്ചാലോ?" ശരി എന്നായി ഗ്രൂപ്പിലെ മറ്റ് മിടുക്കികള്‍. അവര്‍ ചെയ്ത പ്രവര്‍ത്തനം താഴേ കാണിക്കുംപോലെയാണ്.


Read More | തുടര്‍ന്നു വായിക്കുക

വേറിട്ടചിന്തകള്‍ :1 സമാന്തരശ്രേണി

>> Saturday, July 7, 2012

ഇത്തവണ പത്താം ക്ലാസിലെ ഐടി ടെസ്റ്റിനൊഴികെ മറ്റ് പുസ്തകങ്ങള്‍ക്കൊന്നും മാറ്റമില്ല. അധ്യാപകര്‍ക്ക് പിന്തുണ നല്‍കുകയെന്ന ഉദ്ദേശ്യത്തോടെ ഐടിയുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ മാത്​സ് ബ്ലോഗ് പ്രസിദ്ധീകരിച്ചുവെന്നതു വാസ്തവം. ഇതില്‍ ഒട്ടേറെ പേര്‍ പരിഭവം പറയുകയുണ്ടായി. ഗൗരവമായ ഗണിതചര്‍ച്ച പ്രതീക്ഷിക്കുന്നിടത്ത് മറ്റു വിഷയങ്ങളിലുള്ള ചര്‍ച്ചകള്‍ വന്നാലോ? ഗണിതസ്നേഹികള്‍ക്ക് അത് സഹിക്കാവുന്നതിനപ്പുറമാണ്. അതുകൊണ്ടു തന്നെ ജൂണ്‍ മാസം വിടപറയും മുമ്പേ ഒരു ഗണിതപോസ്റ്റ് പ്രസിദ്ധീകരിക്കട്ടെ. ചില വേറിട്ട കാഴ്ചകളിലേയ്ക്ക് ശ്രദ്ധക്ഷണിക്കുകയാണ്. ഗണിതപാഠപുസ്തകത്തിന്റെ വരികള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുന്ന ചിന്തകളെ തൊട്ടുണര്‍ത്തുന്നത് നമുക്കൊക്കെ സുപരിചിതനായ കണ്ണന്‍സാര്‍ തന്നെയാണ്. അദ്ദേഹം തയ്യാറാക്കിയ സമാന്തരശ്രേണിയെക്കുറിച്ചുള്ള ഈ കാഴ്ചകള്‍ അയച്ചുതന്നത് ഹിതയാണ്. രണ്ടുപേര്‍ക്കും പ്രത്യേകം നന്ദിപറഞ്ഞുകൊണ്ട് നമുക്ക് Beyond The Text എന്ന പുതിയ പരമ്പരയ്ക്ക് തുടക്കമിടാം. ഒരു കോടിയോടടുക്കുന്ന ബ്ലോഗ് ഹിറ്റുകള്‍ പുതിയ ഉത്തരവാദിത്വങ്ങളും പുതിയ ആവേശവും പകര്‍ന്നുതരുന്നു. ഗണിതപാഠങ്ങളെ മുന്‍നിറുത്തിയുള്ള നൂതനചിന്തകളില്‍ മാത്‌സ്ബ്ലോഗിന്റെ മാന്യസന്ദര്‍ശകരും ഗണിതസ്നേഹികളും വിലയേറിയ അഭിപ്രായങ്ങള്‍ എഴുതി പോസ്റ്റ് സമ്പന്നമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. 3 ന്റെ ആദ്യത്തെ ഒന്‍പത് ഗുണിതങ്ങള്‍ മൂന്നു വരികളിലും മൂന്നു നിരകളിലുമായെഴുതുക. ചുവടെ അത് ചിത്രീകരിച്ചിരിക്കുന്നത് നോക്കൂ.


Read More | തുടര്‍ന്നു വായിക്കുക

ഐ.ടി പാഠം രണ്ട് - ക്ലാസ് നോട്ട്സും വര്‍ക്ക്ഷീറ്റും (Updated)

>> Thursday, July 5, 2012

പത്താംക്ലാസ്സിലെ 'മിഴിവാര്‍ന്ന ചിത്രലോകം' എന്ന ആദ്യപാഠം ജോണ്‍സാറിന്റെ മിഴിവാര്‍ന്ന അവതരണത്തോടെ തുടങ്ങി, നിധിന്‍ജോസ് സാറിന്റെ ആകര്‍ഷകമായ വീഡിയോയിലൂടെയും സുഹൃത്ത് റഷീദ് ഓടയ്ക്കലിന്റെ നോട്ടുകളിലൂടെയും വികസിച്ച് കേരളത്തിലെ അധ്യാപകസമൂഹം ആവേശത്തോടെ ഏറ്റുവാങ്ങിയത് നാം കണ്ടു. വര്‍ക്ക്ഷീറ്റ് മുഴുവന്‍ ഇംഗ്ലീഷിലാക്കിത്തന്ന സുഹൃത്ത് ജോമോന്‍സാറിനും ഈ പോസ്റ്റിന്റെ വിജയത്തില്‍ ചെറുതല്ലാത്ത പങ്കുണ്ട്. ഒരു പോസ്റ്റ് അത് പബ്ലിഷ് ചെയ്യുമ്പോള്‍ ഒരിയ്ക്കലും പൂര്‍ണ്ണമാകുന്നില്ല. കമന്റുകളും കൂട്ടിച്ചേര്‍ക്കലുകളും തുടര്‍ന്നുള്ള ദിവസങ്ങളില്‍ നടക്കുമ്പോഴേ ഈ കൂട്ടായ്മയുടെ ഗുണഫലം നമുക്ക് അനുഭവപ്പെടുകയുള്ളൂ. ജോണ്‍സാര്‍ തയ്യാറാക്കിയ വര്‍ക്ക് ഷീറ്റ് ചുവടെ കൊടുത്തിട്ടുണ്ട്. GVHSS Kondotty യിലെ റഷീദ് ഓടക്കല്‍ സാര്‍ അയച്ചു തന്ന ക്ലാസ് നോട്സ് പോസ്റ്റില്‍ അപ്ഡേറ്റ് ചെയ്തിരിക്കുന്നു. ഇത് തിയറി ക്ലാസില്‍ നമുക്ക് ഏറെ ഉപകാരപ്രദമാകുമെന്നതില്‍ സംശയമില്ല. നോക്കുമല്ലോ.


Read More | തുടര്‍ന്നു വായിക്കുക

വേറിട്ട ചിന്തകള്‍: 2 വൃത്തങ്ങള്‍

>> Wednesday, July 4, 2012



A=\sqrt{abcd}എന്ന സൂത്രവാക്യം കണ്ടിട്ടുണ്ടോ? A എന്നത് പരപ്പളവും a,b,c,d ചതുര്‍ഭുജത്തിന്റെ വശങ്ങളുമാണ്.
ഒരു പ്രത്യേകതരം ചതുര്‍ഭുജങ്ങളെ അവതരിപ്പിക്കുകയും അതിന്റെ പരപ്പളവ് കണക്കാക്കുന്നതിനുള്ള ഒരു പുതിയ സൂത്രവാക്യത്തിന്റെ പ്രസക്തി അന്വേഷണവിധേയമാകാകുകയുമാണ് ഇന്നത്തെ പോസ്റ്റ്
പാഠപുസ്തകത്തിന്റെ കാഴ്ചപ്പാട് പൂര്‍ണ്ണതയിലെത്തുന്നത് അതിനപ്പുറത്തുള്ള കാഴ്ചകള്‍ കണ്ടെത്താന്‍ കുട്ടി പ്രാപ്തനാകുമ്പോഴാണ് . ഇവിടെ അദ്ധ്യാപകന്റെ റോള്‍ അതിനുള്ള പാശ്ചാത്തലം രൂപീകരിക്കുക എന്നതാണ്. ഇത്തരം ഒരു ചിന്തയിലേയക്ക് നയിക്കുന്ന ഒരു ചെറിയ സന്ദര്‍ഭം അവതരിപ്പിക്കുക മാത്രമാണ് ഈ പോസ്റ്റില്‍ ചെയ്യുന്നത്.
അന്തര്‍വൃത്തങ്ങള്‍ വരക്കാവുന്ന ചതുര്‍ഭുജങ്ങളെക്കുറിച്ച് നമുക്കറിയാം. എല്ലാത്രികോണങ്ങള്‍ക്കും അന്തര്‍വൃത്തം വരക്കാന്‍ പറ്റുമെങ്കിലും എല്ലാ ചതുര്‍ഭുജങ്ങള്‍ക്കും അത് സാധ്യമാകുകയില്ല.പത്താം ക്ലാസിലെ പാഠപുസ്തകത്തില്‍ നിന്നും ചോദ്യങ്ങള്‍ ഉണ്ടാക്കുമ്പോള്‍ സാധാരണ എഴുതാറുള്ള ഒരു ചോദ്യമുണ്ട് . അന്തര്‍വൃത്തം വരക്കാന്‍ പറ്റുന്ന ചതുര്‍ഭുജങ്ങളുടെ ഒരു ജോഡി എതിര്‍വശങ്ങളുടെ തുക മറ്റേജോഡി എതിര്‍വശങ്ങളുടെ തുകയ്ക്ക് തുല്യമായിരിക്കും . ഇത് തെളിയിക്കുന്നതിനായി തൊടുവരകളുടെ അടിസ്ഥാനപ്രത്യേകത ഉപയോഗിക്കുന്നു. ഇതിന്റെ തുടര്‍പ്രവര്‍ത്തനമായി അന്തര്‍വൃത്തം വരക്കാന്‍ പറ്റുന്ന സാമാന്തരീകങ്ങള്‍ സമഭുജസാമാന്തരീകങ്ങള്‍ തന്നെയെന്ന് കണ്ടെത്താന്‍ സാധിക്കും . ഇതൊക്കെ പറഞ്ഞത് നമ്മുടെ വിഷയത്തിനുള്ള ആമുഖമായാണ്.


Read More | തുടര്‍ന്നു വായിക്കുക

പ്രീമെട്രിക് സ്കോളര്‍ഷിപ്പ് 2012-2013

>> Monday, July 2, 2012

2012-2013 അധ്യയന വര്‍ഷത്തേക്ക് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഈ വര്‍ഷത്തെ അപേക്ഷാ ഫോമിന് മാറ്റമുള്ളതു കൊണ്ടു തന്നെ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷയില്‍ ഓര്‍ഡര്‍ നമ്പര്‍ തിരുത്തി വരുന്ന അപേക്ഷ യാതൊരു കാരണവശാലും സ്വീകരിക്കേണ്ടതില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ജൂലൈ ഒന്നു മുതല്‍ ജൂലൈ 31 വരെ അപേക്ഷിക്കാം. വരുമാനം, മതം എന്നിവയ്ക്കുള്ള സത്യവാങ് മൂലം സമര്‍പ്പിക്കുന്നതിനായി ഇപ്രാവശ്യം മുദ്രപത്രം ആവശ്യമില്ലെന്നത് അപേക്ഷകര്‍ക്ക് ആശ്വാസമാകും. സത്യവാങ് മൂലം വെള്ളപ്പേപ്പറില്‍ എഴുതി നല്‍കിയാല്‍ മതി. മുന്‍വര്‍ഷങ്ങളേതില്‍ നിന്നു വ്യത്യസ്തമായി അപേക്ഷയുടെ മൂന്നാം പേജില്‍ രശീതി നല്‍കാനുള്ള ഓപ്ഷന്‍ കാണാന്‍ കഴിഞ്ഞു. ഇത്തവണ മുതല്‍ ഓണ്‍ലൈനില്‍ ഡാറ്റാ എന്‍ട്രി നടത്തുന്നതു കൊണ്ടു തന്നെ അപേക്ഷകര്‍ അടുത്ത വര്‍ഷം അപേക്ഷിക്കുമ്പോള്‍ വീണ്ടും അവരുടെ ഡാറ്റ എന്റര്‍ ചെയ്യേണ്ടി വരില്ല. ഈ വര്‍ഷത്തെ അപേക്ഷകള്‍ സ്വീകരിക്കുന്ന മുറയ്ക്ക് സ്ക്കൂളില്‍ നിന്നു തന്നെ ഡാറ്റാ എന്‍ട്രി പൂര്‍ത്തിയാക്കണം. അതിനുള്ള നിര്‍ദ്ദേശങ്ങളും സൈറ്റില്‍ പ്രവേശിക്കുന്നതിനുള്ള പാസ്‌വേഡുമെല്ലാം ഒട്ടും വൈകാതെ തന്നെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസില്‍ നിന്നും ലഭിക്കുമെന്നാണറിയുന്നത്. ഈ വര്‍ഷത്തെ പ്രീമെട്രിക് സ്കോളര്‍ഷിപ്പ് പദ്ധതി പ്രകാരം ഓരോ സ്ക്കൂളിനും അനുവദിക്കുന്ന തുക അതാത് ഹെഡ്മാസ്റ്റര്‍മാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ നിന്നും നേരിട്ട് ഇ-ട്രാന്‍സ്ഫര്‍ ചെയ്യാനാണ് പദ്ധതി. അതുകൊണ്ടു തന്നെ അപേക്ഷാ ഫോമിന്റെ പാര്‍ട്ട് 2 ലെ ഒമ്പതാം കോളം പൂരിപ്പിക്കുന്നതിന് നാഷണലൈസ്ഡ് ബാങ്കില്‍ സേവിംങ്സ് അക്കൗണ്ട് ഇല്ലാത്ത സ്ക്കൂളുകളിലെ ഹെഡ്മാസ്റ്റര്‍മാര്‍ സമീപത്തുള്ള നാഷണലൈസ്ഡ് ബാങ്കില്‍ ഉടന്‍ തന്നെ അക്കൗണ്ട് തുടങ്ങിയ ശേഷം വേണം അപേക്ഷകളില്‍ രേഖപ്പെടുത്താന്‍. നിലവില്‍ അക്കൗണ്ടുള്ള സ്ക്കൂളുകള്‍ ആ വിവരം രേഖപ്പെടുത്തിയാല്‍ മതി. ഡാറ്റാ എന്‍ട്രിക്ക് മുന്നോടിയായി ട്രെയിനിങ്ങും ഉണ്ടായേക്കാം. അപേക്ഷകര്‍ക്കുള്ള വ്യക്തമായ നിര്‍ദ്ദേശങ്ങളടങ്ങിയ ഡി.പി.ഐ സര്‍ക്കുലറും അപേക്ഷാ ഫോമും ചുവടെ ഡൗണ്‍ലോഡ് ചെയ്യാനായി നല്‍കിയിരിക്കുന്നു.


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer