അത്തളപിത്തള തവളാച്ചിപ്പാട്ടുകള്‍ - സമാഹരണപരിപാടി

>> Thursday, April 19, 2012

കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. താരാട്ടു പാട്ടുകള്‍ കേട്ടുറങ്ങാത്ത കുട്ടികളാരാണുണ്ടാവുക? വളര്‍ച്ചയുടെ വിവിധഘട്ടങ്ങളില്‍ പാട്ടുകളുടെ അകമ്പടിയോടെയുള്ള കുട്ടിക്കളികളും അവരെ ജീവിതം തന്നെയാണ് പഠിപ്പിക്കുന്നത്. രസകരങ്ങളും ചിന്തനീയങ്ങളുമായ ഒട്ടേറെ കുട്ടിപ്പാട്ടുകള്‍ നമുക്ക് ചുറ്റുമുണ്ട്. രണ്ടേകാല്‍ വയസു പ്രായമായ എന്റെ മകള്‍ക്കു വേണ്ടി നെറ്റില്‍ പഴയ കുട്ടിപ്പാട്ടുകള്‍ തിരയുമ്പോഴാണ് ആകസ്മികമായി വനിതാലോകം എന്ന ബ്ലോഗില്‍ ഇവ സമാഹരിച്ചിരിക്കുന്നത് കാണാനായത്. ബ്ലോഗിന്റെ അഡ്മിനിലൊരാളായ ഡാലിച്ചേച്ചിയുടെ അനുവാദം വാങ്ങി അവ പുനഃപ്രസിദ്ധീകരിക്കുന്നു. അതോടൊപ്പം തന്നെ കേട്ടതും കേള്‍ക്കാത്തതുമായ ഈ കുട്ടിപ്പാട്ടുകളുടെ വിജയകരമായ സമാഹരണത്തിനു വനിതാലോകം അഭിനന്ദനമര്‍ഹിക്കുന്നു. അതിനെ ഒന്നു കൂടി സമ്പുഷ്ടമാക്കലാണ് മാത്‍സ് ബ്ലോഗിന്റെ ലക്ഷ്യം. കേരളത്തിന്റെ എല്ലാ കോണുകളില്‍ നിന്നും വായനക്കാര്‍ ഉള്ള നമുക്ക്, വേണമെന്നു വിചാരിച്ചാല്‍, കുറേക്കൂടി കളിപ്പാട്ടുകള്‍ ചികഞ്ഞെടുക്കാവുന്നതേയുള്ളു. വനിതാലോകത്തില്‍ സമാഹരിച്ച അന്‍പത്തിരണ്ടു കുട്ടിപ്പാട്ടുകള്‍ ചുവടെ നല്‍കിയിരിക്കുന്നു. അതു സമാഹരിക്കാന്‍ സഹായിച്ച ആളുടെ പേര് ബ്രാക്കറ്റില്‍ ചേര്‍ത്തിട്ടുണ്ട്. ഈ പാട്ടുകള്‍ ഉള്ള പ്രദേശം കൂടെ അറിഞ്ഞിരുന്നെങ്കില്‍ നന്നായിരുന്നു. വീണ്ടും പറയട്ടെ, ഈ പാട്ടുകളിലൂടെ കണ്ണോടിക്കുമ്പോള്‍ വിസ്മൃതിയിലാണ്ടു കിടക്കുന്ന മറ്റു ചില പാട്ടുകള്‍ ഓര്‍മ്മ വരും. അവ കമന്റ് ബോക്സില്‍ എഴുതിച്ചേര്‍ക്കാം. പിന്നീടവ പോസ്റ്റില്‍ ഉള്‍പ്പെടുത്തും. സഹകരണം പ്രതീക്ഷിക്കുന്നു. നമ്മുടെ പൈതൃക സമ്പത്തിനെ മണ്‍മറയാതെ കാത്തുസൂക്ഷിക്കാനുള്ള ഈ യജ്ഞത്തില്‍ പങ്കാളികളാകുമല്ലോ. പിന്നീടൊരിക്കല്‍ റഫറന്‍സിനായി ജനം സമീപിക്കുക ബ്ലോഗുകളെയായിരിക്കും. അക്കാലം വിദൂരമല്ല.

1.
അത്തള പിത്തള തവളാച്ചി
ചുക്കുമേലിരിക്കണ ചൂലാപ്പ്
മറിയം വന്ന് വിളക്കൂതി
ഗുണ്ടാ മണി സാറാ പീറാ ഗോട്ട്.
ഗോട്ട് അടിച്ച് കൈ മലര്‍ത്തി വച്ച് കളി തുടരുന്നു
(ഡാലി)

2.
അക്കുത്തിക്കുത്താന വരമ്പേ കയ്യേ കുത്ത് കരിങ്കുത്ത്
ചീപ്പ് വെള്ളം താറാമ്മെള്ളം താറാമ്മക്കള കയ്യേലൊരു ബ്ലാങ്ക്
അക്കര നിക്കണ ചക്കരപ്രാവിന്റെ കയ്യോ കാലോ ഒന്നോ രണ്ടോ
വെട്ടിക്കുത്തി മടക്കിട്ട്.
(പൊന്നപ്പന്‍)

3.
ഞ-നൊ-രു-മ-നു-ഷ്യ-നെ ക-ണ്ടു
അ-യാ-ളു-ടെ നി-റം എ-ന്ത്?
(പച്ച) പ-ച്ച. (ച്ച തൊട്ട വിരല്‍ ഔട്ട്)
(ഡാലി)

4.
ഒന്ന്, രണ്ട്, മൂന്ന്, നാല്
അഞ്ച്, ആര്, ഏഴ്, എട്ട്
എട്ടും മുട്ടും താമരമൊട്ടും
വടക്കോട്ടുള്ള അച്ഛനുമമ്മയും
പൊ-ക്കോ-ട്ടെ.
(ഡാലി)

5.
നാരങ്ങാ പാല്
ചൂട്ടയ്ക്ക് രണ്ട്
ഇലകള്‍ പച്ച
പൂക്കള്‍ മഞ്ഞ
ഓടി വരുന്ന
<>(വരുന്ന ആളുടെ പേര്)<> പിടിച്ചേ
(ഡിങ്കന്‍, വല്യമ്മായി)

6.
കട്ടുറുമ്പിന്റെ കാത് കുത്തിന്
കാട്ടിലെന്തൊരു മേളാങ്കം
(ഡിങ്കന്‍)

7.
അത്തിള്‍ ഇത്തിള്‍ ബെന്തിപ്പൂ
സ്വര്‍ഗ രാജാ പിച്ചിപ്പൂ
ബ്ലാം ബ്ലീം ബ്ലൂം
(സാരംഗി)

8.
ഉറുമ്പേ, ഉറുമ്പേ
ഉറുമ്പിന്റച്ഛന്‍ എങട്ട് പോയി?
ചാത്ത്ണ്ണാന്‍ പോയി
നെയ്യില് വീണ് ചത്തും പോയി
കൈപ്പടത്തിന്റെ പുറകിലെ തൊലിയില്‍ നുള്ളി പിടിച്ച്,ഒന്നിനുമുകളില്‍ ഒന്നായി എല്ലാവരും പിടിച്ച് ഒര്രു ഉയര്‍ന്ന ഗോപുരം പോലെ പിടിച്ച്, ആട്ടീ, ചത്തും പോയി എന്നു പറയുമ്പോള്‍ വിടണം.
(-സു-സുനില്‍)

9.
പിന്‍ പിന്‍ ദെസറപ്പിന്‍
കൊച്ചിലോ ദെ അല്‍മാസിന്‍
ഹൌ ഹൌ തി കരബാവൊ
ബാ -തൊ- തിന്‍
(തമനു)

10.
ഉറുമ്പുറുമ്പിന്റെ കാതു കുത്ത്
അവിടന്നും കിട്ടീ നാഴിയരി
ഇവിടന്നും കിട്ടീ നാഴിയരി
അരി വേവിയ്ക്കാന്‍ വിറകിനു പോയി
വിറകേലൊരു തുള്ളി ചോരയിരുന്നു
ചോര കഴുകാന്‍ ആറ്റില്‍ പോയി
ആറ്റില്‍ ചെന്നപ്പോ വാളയെ കണ്ടു
വാളയെ പിടിയ്ക്കാന്‍ വള്ളിയ്ക്കു പോയി
വള്ളിയേ തട്ടീ തടു പുടു തടു പുടു തടു പുടൂ.
(അപ്പൂസ്)

11.
മുറ്റത്തൊരു വാഴ നട്ടു.. വേലി കെട്ടി.. വെള്ളമൊഴിച്ചു.. കാവല്‍ നിര്‍ത്തി.. വാഴ കുലച്ചു.. കുല കള്ളന്‍ കൊണ്ടു പോയി.. കള്ളന്‍ പോയ വഴി അറിയോ.. ഇതിലേ ഇതിലേ.. കിക്കിളി കിക്കിളി..
(സിജു)

12.
അരിപ്പോ തിരിപ്പോ തോരണിമംഗലം
പരിപ്പൂ പന്ത്രണ്ടാനേം കുതിരേം
കുളിച്ച് ജപിച്ച് വരുമ്പം
എന്തമ്പൂ?
മുരിക്കുമ്പൂ!
മുരിക്കി ചെരിക്കി കെടന്നോളെ
അണ്ണായെണ്ണ കുടിച്ചോളെ
അക്കരനിക്കണ മാടോപ്രാവിന്റെ
കയ്യോ കാ‍ലോ രണ്ടാലൊന്ന്
കൊത്തിച്ചെത്തി
മടം കാട്ട്.
ഇത് പാടുമ്പോളെക്കും കൈ മലറ്ത്തിയിരിക്കണം.
(പ്രമോദ്)

13.
അരിപ്പ തരിപ്പ
താലിമംഗലം
പരിപ്പുകുത്തി
പഞ്ചാരെട്ട്
ഞാനുമെന്റെ
ചിങ്കിരിപാപ്പന്റെ
പേരെന്ത്???
(അവസാനം വന്ന ആള്‍ ഒരു പേരു പറയുന്നു - ‘പ്രമോദ്‘ പിന്നെ ഓരോരുത്തരേയും തൊട്ടുകൊണ്ട്)
പ്ര
മോ
ദ്

ന്നാ
കു
ന്നു.
അവസാനം വന്ന ആള്‍ പുറത്ത്.
(-സുല്‍)


14.
അപ്പോം ചുട്ട്..അടേം ചുട്ട്
എലേം വാ‍ട്ടി .. പൊതിം കെട്ടി
അമ്മൂമ അതേയ്..പോയ്..
ഏത്യേയ് പോയ്?
ഇതേയ്യ്..പോയ്.. ഇക്കിളി..കിളികിളി...
(ഡിങ്കന്‍)

15.
ഒന്നാം കോരിക പൊന്നും തന്നാല്‍
പെണ്ണിനെ തരുമോ പാണ്ഡവരേ

ഒന്നാം കോരിക പൊന്നും തന്നാല്‍
ഏതും പോരാ സമ്മാനം

രണ്ടാം കോരിക പൊന്നും തന്നാല്‍
പെണ്ണിനെ തരുമോ പാണ്ഡവരേ

രണ്ടാം കോരിക പൊന്നും തന്നാല്‍
ഏതും പോരാ സമ്മാനം.
അങ്ങനെ പത്തു വരെ പാടും.
എന്നിട്ടും സമ്മാനം പോരാ എന്ന് പറഞ്ഞാല്‍ പിന്നെ പെണ്ണിനെയും കൊണ്ട് ഒരു ഓട്ടമാണ്
(പ്രമോദ്)

16.
ചാമ്പേ റോസക്കാ
കൊല കൊലാ മുന്തിരിങ്ങാ
നരീ നരീ ചുറ്റിവാ
(ഇഞ്ഛി, പ്രമോദ്)

17.
ഡും ഡും ഡും
ആരാത്?
ഞാനാണ്

എന്തിനു വന്നു?
പന്തിനു വന്നു.

എന്ത് പന്ത്?
മഞ്ഞപ്പന്ത്

എന്ത് മഞ്ഞ?
മുക്കുറ്റി മഞ്ഞ

എന്ത് മൂക്കുറ്റി?
പീലി മൂക്കുറ്റി

എന്ത് പീലി?
കണ്‍പീലി

എന്ത് കണ്ണ്?
ആനക്കണ്ണ്

എന്ത് ആന?
കാട്ടാന

എന്ത് കാട്?
പട്ടിക്കാട്.

എന്ത് പട്ടി?
പേപ്പട്ടി.

എന്ത് പേ?
പെപ്പരപേ!!
(പീലികുട്ടി, വിശാലമനസ്കന്‍)

18.
അപ്പോം ചുട്ട് അടേം ചുട്ട്
അപ്പന്റെ വീട്ടില്‍ ഓണത്തിനു പോമ്പം
*ആ‍ട കല്ല്
*ഈട മുള്ള്
ഈട നായിത്തീട്ടം
ഈട കോയിത്തീട്ടം
ഈട ഇക്കിളി കിളി കിളി
ഇതും പറഞ്ഞ് മുത്തശ്ശിമാറ് കുട്ടികളുടെ കക്ഷങ്ങളില്‍ ഇക്കിളികൂട്ടും.
* ആട=അവിടെ,ഈട=ഇവിടെ:കണ്ണൂറ് ഭാഷ.
(പ്രമോദ്)

19.
ആകാശം ഭൂമി
ആലുമ്മെ കായ
ആന വിരണ്ടാ
അടുപ്പില് പൂട്ടാം
(ഡിങ്കന്‍)

20.
കള്ളും കുടിച്ച് കാട്ടില്‍ പോകാ?
ഉം.
കള്ളനെ കണ്ടാല്‍ പേടിക്ക്വ?
ഇല്ല.
ഫൂ’ എന്നും പറഞ്ഞ് കണ്ണിലേക്ക് നോക്കി ഒറ്റ ഊതല്‍.
കണ്ണു പൂട്ടിയാല്‍ പേടിച്ചു എന്നര്‍ത്ഥം
(പ്രമോദ്)

21.
അണ്ടങ്ങ..മുണ്ടക്ക
ഡാമ ഡൂമ ഡസ്ക്കനിക്ക
കോക്കനിക്ക ഡെയ്..
അല്ലീ.മല്ലീ സെയ്.
പട്ടണങ്ക് പോ
(ഡിങ്കന്‍, ഡാലി)

22.
ജിമിക്കി ജിമിക്കി ജാനകി
വെള്ളം കോരാന്‍ പോയപ്പോള്‍
അടുത്ത വീട്ടിലെ സായിപ്പ്
കണ്ണിറുക്കു കാണിച്ച്
എന്നാ മോളേ കല്യാണം
അടൂത്ത മാസം പത്തിന്
ഏതാമോളേ ചെക്കന്‍
എക്സ്പ്രസ് ദിനകരന്‍
(ഡിങ്കന്‍, വിശാലമനശ്കന്‍, ഡാലി)

23.
ആട്ടി കള
കാട്ടീ കള
നീട്ടി കള
പയ്യനെ
ഹൈലസമ്പിടി ഹൈലസ
(ഡിങ്കന്‍)

24.
എന്തും പന്ത്?
ഏറും പന്ത്.
എന്തിനു കൊള്ളാം.
എറിയാന്‍ കൊള്ളാം.
ആരെ എറിയാന്‍...........
എല്ലാവരേം എറിയാന്‍ ......എന്നാ പിടിച്ചോ.....
(കൂറുമാന്‍)

25.
ഉപ്പിനു പോകണവഴിയേതു ..
കായം കുളത്തിനു തെക്കെതു
(ഇതു മുഴുവന്‍ ഇല്ല എന്ന് തോന്നുന്നു)
(പ്രിയംവദ)

26.
ആരാത്?
മാലാഖാ..
എന്തിനു വന്നു?
എഴുത്തിനു വന്നു...
എന്തെഴുത്ത്?
തലേലെഴുത്ത്...
എന്തു തല?
മൊട്ടത്തല...
എന്തു മൊട്ട?
കോഴിമൊട്ട...
എന്തുകോഴി?
കാട്ടു കോഴി...
എന്തു കാട്?
കുറ്റിക്കാട്?
എന്തു കുറ്റി?
കരണക്കുറ്റീ.. "ഠേ"
(പുള്ളി)

27.
എന്നെ വിളിച്ചോ?
വിളിച്ചു
ആര്‌?
തെങ്ങിണ്റ്റെ ആര്‌
എന്തു തെങ്ങ്‌?
കൊന്നത്തെങ്ങ്‌
എന്തു കൊന്ന?
കണിക്കൊന്ന
എന്തു കണി?
വിഷുക്കണി
എന്തു വിഷു?
മേട വിഷു
എന്തു മേട?
മണി മേട
എന്തു മണി?
(വനജ)

28.
പൂപറിക്കാന്‍ പോരുമോ
ആരെ നിങ്ങല്‍ക്കാവശ്യം
(ഒരു പേര്) ഞങ്ങള്‍ക്കാവശ്യം
കൊണ്ട് പോണത് കാണട്ടമ്പിടി രാവിലേ
(പേര് പറഞ്ഞ ആളെ മറ്റേ ഗ്രൂപ്പ്‌ക്കാര്‍ വലിച്ച് കൊണ്ട് പോകുന്നു)
(ഡാലി)

29.
തങ്കപ്പന്‍ തലകുത്തി
ചന്തയ്ക്ക് പോയപ്പോള്‍
തങ്കമ്മ പെറ്റത്
തവളക്കുട്ടി

ആന വിരണ്ടത്
ആലില്‍ തളച്ചപ്പോള്‍
കൊമാങ്ങ പൂത്തത്
കൊട്ടത്തേങ്ങ
(ഡിങ്കന്‍)

30
അക്കുത്തിക്കുത്താന
പെരുങ്കുത്തക്കരെ നിക്കണ ചക്കിപ്പെണ്ണിന്റെ കയ്യോ കാലോ
രണ്ടാലൊന്ന്, തട്ടീ മുട്ടീ മലത്തിങ്ക്ലാ
മലത്തിങ്ക്ലാ കൈപ്പത്തി മലര്‍ത്തണം. അടുത്ത റൌണ്ടില്‍ “മലത്തിങ്ക്ല” എന്നത് മലര്‍ത്തിയ കൈപ്പത്തിയില്‍ വന്നാല്‍, ആ കൈ ഔട്ട്
(-സു-സുനില്‍)

31.
തപ്പോ തപ്പോ തപ്പാണി
തപ്പുകുടുക്കയിലെന്തുണ്ട്‌
നാഴിയുരി ചോറുണ്ട്‌
അമ്മാമന്‍ വന്നേ വിളമ്പാവൂ
അമ്മാമി തന്നേ ഉണ്ണാവൂ
..
“ദില് ഉപ്പുണ്ടോ? ദില് ഉപ്പുണ്ടോ?" (ഇതില്‍ ഉപ്പുണ്ടോ?)
എന്ന് ചോദിച്ച് ഓരോ വിരലുകളും മടക്കി വെക്കുന്നു. അവസാനം അഞ്ചു വിരലുകളും മടക്കി കഴിഞാല്‍.

“"അച്ഛന്റമ്മാത്തേക്ക് ഏത്യാ വഴീ, ഏത്യാ വഴീ “
എന്ന്‌ ചോദിച്ച് മടക്കിയ വിരലുകള്‍ക്‌ മുകളിലൂടെ വിരലോടിച്ച് കുട്ടിയുടെ കക്ഷം വരെ എത്തിച്ച് കുട്ടിയെ കിക്കിളിയാക്കും
(-സു-സുനില്‍)

32.
വാ പൈങ്കിളി
പോ പൈങ്കിളി
പൊന്നും പൈങ്കിളി
പാറിപ്പോയ്.
കൈവിരലുകള്‍ നിവര്‍ത്തിയും മടക്കിയൂം കുട്ടികളെ കളിപ്പിക്കുന്ന ഏര്‍പ്പാടാണ്.
(-സു-സുനില്‍)

33.
ഐ സീ എ ചേരപ്പാമ്പ്..
ഓടിച്ചെന്ന് തെങ്ങുമ്മെക്കേറി..
ഹെഡ്ഡും കുത്തി നെലത്തിയ്ക്ക് വീണു..
ഹെഡ്ഡിലിത്തിരി മണ്ണായി..
ഹെഡ്ഡ് കഴുകാന്‍ ചെന്നപ്പൊ..
നോ വാട്ടര്‍!!!
(അനിയന്‍കുട്ടി)

34.
പപ്പടക്കാരനെ പട്ടി കടിച്ചു
പപ്പടകോലോണ്ടൊന്നു കൊടുത്തു
ബൗ ബൗ ബൗ

കൈ കൂപ്പുന്ന പോലെ പിടിച്ച് വിരലുകള്‍ അകത്തി,മുഖത്ത് താടി,ഇടത് കവിള്‍,നെറ്റി,വലത് കവിള്‍,താടി(മൂന്ന് തവണ ഒരോ ബൗ എന്നതിനൊപ്പം)എന്നിവിടങ്ങളില്‍ അടിക്കുന്നു പാട്ടിനൊപ്പം.
(വല്യമ്മായി)

35.
കൊച്ചുകുഞ്ഞുങ്ങളുടെ കൈ കൊട്ടിച്ച്

കൈകൊട്ടുണ്ണി കൈകൊട്ട്
അപ്പം തിന്നാന്‍ കൈകൊട്ട്
ചക്കര തിന്നാന്‍ കൈകൊട്ട്
കൈകൊട്ടുണ്ണി കൈകൊട്ട്
(വല്യമ്മായി)

36.
അക്കുത്തിക്കുത്താന വരമ്പേ കയ്യേ കുത്ത് കരിങ്കുത്ത്
പന്ത്രണ്ടാന്‍ കുളിച്ചു വരുമ്പോള്‍
പരിപ്പുകുത്തി പാച്ചോറു വച്ചു
ഞാനുമുണ്ടു, സഖിയുമുണ്ടു, സഖീടച്ചന്റെ പേരെന്ത്? മുരിങ്ങത്തണ്ട്
മുരിങ്ങതണ്ടും തിന്നവളെ, മുന്നാഴിയെണ്ണ കുടിച്ചവളേ
അക്കര നിക്കണ മാടപ്രാവിന്റെ കയ്യോ കാലോ വെട്ടിക്കുത്തി മടക്കണം ഒന്ന്.
(ശാലിനി)

37.
ദോശമ്മേ ദോശ
കലക്കി ചുട്ട ദോശ
അച്ഛന് അഞ്ച്
അമ്മയ്ക്ക് നാല്
ചേട്ടനു മൂന്ന്
ചേച്ചിക്കു രണ്ട്
എനിക്കൊന്നേ (എണ്ണാന്‍ പഠിപ്പിക്കുകയായിരിക്കും ലക്ഷ്യം)
(ശാലിനി)

38.
അച്ഛന്‍ വന്നു
കസേരയിലിരുന്നു
റേഡിയോ എടുത്തു
മടിയില്‍ വച്ചു,
കീ കൊടുത്തേ (ഓരോ വരിയും കൈവിരല്‍ തുമ്പില്‍ നിന്ന് തുടങ്ങി അളന്ന്, ചെവി വരെയെത്തി കീകൊടുത്തേ എന്നു പറയുമ്പോള്‍ ചെവിപിടിച്ചു തിരിക്കും)
(ശാലിനി)

39.
"ഒന്നാമന്‍ ഓമനക്കുട്ടോ"
എന്തോ?
"പേരെന്താ?"
പേരക്ക.
"നാളെന്താ?"
നാരങ്ങ.
"എത്ര ചാട്ടത്തിനു വരും?"

(പറയുന്ന അത്രയും ചാട്ടത്തിനു വന്നില്ലെങ്കില്‍ അടി)
"രണ്ടാമന്‍ രാജാവേ?"
.....
(പുരുഷന്‍ പിള്ള)

40.
“രാരി തത്തമ്മേ
എന്നെ കൊഴി കൊത്തല്ലേ
കോഴി കൊത്ത്യാലൊ
എന്റെ മാല പൊട്ടൂല്ലോ
മാല പൊട്ട്യാലോ
എന്നെ അച്ഛന്‍ തല്ലൂലോ
അച്ഛന്‍ തല്യാലോ
എന്നെ അമ്മ കൊല്ലൂല്ലോ
അമ്മ കൊന്നാലോ
എന്നെ വലിച്ചെറിയൂലോ
വലിച്ചെറിഞ്ഞാലോ
എന്നെ ചിതലരിക്കൂലോ
ചിതലരിച്ചാ‍ലോ
എന്നെ കോഴി കൊത്തൂലോ“
(ഡിങ്കന്‍)

41.
“അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു
കാക്കകൊത്തി കടലിലിട്ടു,
മുങ്ങാപ്പിള്ളേരു മുങ്ങിയെടുത്തു
തട്ടാപ്പിള്ളേരു തട്ടിപ്പറിച്ചു
വാണിപ്പിള്ളേരു വായിലിട്ടു“
(സ്വപ്ന.ബി.ജോര്‍ജ്ജ്)

42.
നാരങ്ങാപ്പാല് ചൂണ്ടയ്‌ക്ക് രണ്ട്
ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ
ഓടിവരുന്നേ ചാടിവരുന്നേ
ഓമനക്കുട്ടന്റെ പേരെന്ത്..?
(കുട്ടികള്‍ വട്ടം നിന്ന് കൈകോര്‍ത്ത് പിടിച്ച് മുകളിലേക്കും താഴേക്കും ആട്ടിക്കൊണ്ട് പാടുന്ന ഒരു പാട്ടാണിത്)
(ഈയുള്ളവന്‍)

43.
ടം പടം പപ്പടം
പടം പടം പപ്പടം
അപ്പുറം ഇപ്പുറം ഒരു പോലെ പപ്പടം
കണ്ണുള്ള പപ്പടം കവിളുള്ള പപ്പടം
അയ്യയ്യാ വീണുപോയി പൊടി പൊടി പപ്പടം ..!
(ഈയുള്ളവന്‍)

44.
ഒരു പച്ചത്തവള ചാടിച്ചാടിപ്പോകുമ്പോള്‍
ഒന്നും കൂടി വന്നെന്നാല്‍ അപ്പോഴെണ്ണം രണ്ട്..
രണ്ട് പച്ചത്തവള ചാടിച്ചാടിപ്പോകുമ്പോള്‍
ഒന്നും കൂടി വന്നെന്നാല്‍ അപ്പോഴെണ്ണം മൂന്ന്

ഇതിങ്ങനെ പത്തുവരെ പാടും. എണ്ണം പഠിപ്പിക്കുക തന്നെയായിരിക്കും ലക്ഷ്യം
(ഈയുള്ളവന്‍)

45.
മേലോട്ട്‌ നോക്കെടി ചക്കീ
ഏറോപ്ളേന്‍ പോണതു കണ്ടോ
അയ്യ! ഇതാരുടെ വേല
ഇത്‌ സായിപ്പമ്മാരുടെ വേല.
(എ.കെ സൈബര്‍)

46.
``വരവര ചോക്ക
ചെമ്പരത്തിച്ചോക്ക
ജനപുസ്‌.. ജനപുസ്‌...
തൊട്ടാവാടി മുല്ലപ്പൂ...!''
(മുഖ്താര്‍ ഉദരംപൊയില്‍)

47.
``അളിയങ്കാക്ക വെളിയങ്കോട്‌
പോയി വരുമ്പോള്‍
ആപ്പ്‌ സോപ്പ്‌ സുറുമ കണ്ണാടി
കണ്ടാ കൊണ്ടരണേ...''
(മുഖ്താര്‍ ഉദരംപൊയില്‍)

48.

``അന്നക്കൂട്ട്യല്ലെ
പൊന്നും കട്ട...
ഓളെക്കൊണ്ടല്ലേമ്മാ...
ത്വൈര്യക്കേട്‌...''

(മുഖ്താര്‍ ഉദരംപൊയില്‍)

49.
``സുലൈമങ്കാക്കാ... സുലൈമങ്കാക്കാ...
കൊട്ടീലെന്താണ്‌...?
പവുത്ത മാങ്ങ... പവുത്ത മാങ്ങ...
പൈസക്ക്‌ രണ്ടാണ്‌...!
മാങ്ങിക്കൊ മോളേ... മാങ്ങിക്കൊ മോളേ...
തൊള്ളക്ക്‌ ചാതാണ്‌...!
മാണ്ടക്കാക്കാ... മാണ്ടക്കാക്കാ...
പള്ളക്ക്‌ കേടാണ്‌...!''
(മുഖ്താര്‍ ഉദരംപൊയില്‍)

50.
`അരിപ്പോം തിരുപ്പോം
ചോട്ട്‌ലെ മങ്ക
അട്‌പ്പീക്കെടക്ക്‌ണ
നീന്തറ വായ
ചുട്ട്‌ കരിച്ചോ
കായാമ്മോളെ കമ്മോളെ
ആണ്ടിത്തോണ്ടി
കുഞ്ഞിക്കയ്യാലൊന്ന്‌
മലത്തി വെ ച്ചാ ട്ടെ...!'
(മുഖ്താര്‍ ഉദരംപൊയില്‍)

51.
``ചക്കപ്പയം
പവു... പവു... പവുത്തു...
ആയ്‌ച്ചക്കുട്ടി അറുത്തു
നബീസാക്കും കൊടുത്തു
അതിലുണ്ടൊരു വല്ലിപ്പ
വടീം കുത്തിപ്പുറപ്പെടുന്നേ...''
(മുഖ്താര്‍ ഉദരംപൊയില്‍)

52.
``അപ്പിളിപ്പിളി സൈനബാ...
ഇച്ചും തര്വോ പത്തിരി...!
അപ്പം ചുട്‌ ചുട്‌ പാത്തുമ്മാ...
ഇപ്പം വരും പുത്യാപ്പള...
വന്ന പുത്യാപ്പള മടങ്ങിപ്പോയി...
ചുട്ട അപ്പം കരിഞ്ഞും പോയി...''
(മുഖ്താര്‍ ഉദരംപൊയില്‍)
ഇത്രയും പാട്ടുകളിലൂടെ കണ്ണോടിച്ചപ്പോള്‍ പഴയ ചില പാട്ടുകളും ചില അനുഭവങ്ങളുമെല്ലാം ഓര്‍മ്മ വന്നില്ലേ...... അവ നമുക്ക് പങ്കുവെക്കാം. കമന്റുകള്‍ പ്രതീക്ഷിക്കുന്നു.

46 comments:

Hari | (Maths) April 19, 2012 at 6:39 AM  

ഈ പാട്ടുകളിലൂടെ കടന്ന് പോയപ്പോള്‍ എന്റെ മനസ്സിലേക്ക് വന്നത് പണ്ട് കൂട്ടുകാരൊന്നിച്ച് പാടിയിരുന്ന മറ്റൊരു പാട്ടാണ്. എല്ലാവരുടേയും കൈകള്‍ ഒന്നിനു മീതേ ഒന്നായി പിച്ചിക്കൊണ്ട് കളിക്കുന്ന ആ കളിയെക്കുറിച്ചോര്‍ത്തപ്പോള്‍ നെഞ്ചിലൊരു കൊച്ചു വേദനയുണ്ടാക്കി. കുട്ടിക്കാലം ഒരു സൗഭാഗ്യമായിരുന്നു. കളികള്‍ മാത്രമുള്ള ഒരു കാലം. അന്നെല്ലാം നേരം വെളുത്തിരുന്നതേ കുട്ടികള്‍ക്കു വേണ്ടിയായിരുന്നു....!!!

കട്ടുറുമ്പിന് കാതു കുത്ത്
ഞങ്ങളം പുല്ലിന് വേലി കെട്ടി
അവിടന്നും കിട്ടീ ഉരിയരി
ഇവിടന്നും കിട്ടീ ഉരിയരി
അരി വേവിയ്ക്കാന്‍ വിറകിനു പോയപ്പോ
വിറകേലേപ്പിടി ചോര
ചോര കഴുകാന്‍ ആറ്റില്‍ പോയപ്പോ
ആറ്റിലപ്പിടി വാള
വാളയെ പിടിയ്ക്കാന്‍ വള്ളിയ്ക്കു പോയപ്പോ
വള്ളിയേ തട്ടീ തടു പുടു തടു പുടു തടു പുടൂ.

mini//മിനി April 19, 2012 at 6:53 AM  

‘അക്കുത്തിക്കുത്താനക്കുത്ത് പെരിങ്കുത്ത്,
അമ്മായിഅമ്മേന്റെ നെഞ്ചത്ത് ഒരുകുത്ത്’

അന്നൊക്കെ എന്നും അഞ്ചാറ് കുട്ടികൾ വീട്ടിലുണ്ടാവും. ടീവിയും കമ്പ്യൂട്ടറും കരന്റും വീട്ടിൽ കടന്നുവരാത്ത രാത്രികളിൽ നേരം പോക്കാൻ കുട്ടികൾ കൈ കമഴ്ത്തിവെച്ച് ഇതുപോലെ ചൊല്ലിയിട്ട് തൊടും. അവസാനം തൊടുന്ന കൈ ഔട്ട്. ഇനിയും ഓർമ്മിക്കട്ടെ,,,

Hari | (Maths) April 19, 2012 at 8:31 AM  

ഇടയ്ക്ക് ഒരെണ്ണം കൂടി ഓര്‍മ്മ വന്നൂ. ഇതു തികച്ചും പ്രാദേശികമാണെന്നു തോന്നുന്നു. കാരണം, ഞാറക്കല്‍ എന്നത് വൈപ്പിന്‍ കരയിലെ ഒരു പ്രദേശമാണ്. ഈ പാട്ടില്‍ ഞാറക്കല്‍ വരുന്നുണ്ട്. (ഒരുപക്ഷേ മറ്റു സ്ഥലങ്ങളില്‍ തദ്ദേശീയമായ പേരുകളായിരിക്കും)

ഇതൊരു നാലുവരി പാട്ടാണ്. കുട്ടിയെക്കൊണ്ട് റസ്പോണ്ട് ചെയ്യല്‍ മാത്രമാണ് ഉദ്ദേശ്യം. പാട്ടിങ്ങിനെ, കുട്ടിയെ തോളിലിരുത്തി ചോദിക്കും. (ബ്രാക്കറ്റില്‍ ഉള്ളത് കുട്ടിയുടേയും ചോദ്യം ചോദിക്കുന്നയാളിന്റേയും ചേഷ്ടകളാണ്)

കളിക്കാം (കുട്ടി തല കുലുക്കി സമ്മതിക്കണം)
കുളിക്കാം (കുട്ടി തല കുലുക്കി സമ്മതിക്കണം)
ഞാറക്കല്‍ പോകാം (കുട്ടി തല കുലുക്കി സമ്മതിക്കണം)
ആനേന കണ്ടാല്‍ പേടിക്കോ? (കുട്ടിയുടെ കണ്ണിലേക്കൂതും...)

കുട്ടി കണ്ണടക്കും.. അപ്പോള്‍ പേടിച്ചേ... പേടിച്ചേ.. എന്നു പറഞ്ഞ് ചിരിക്കും. ഏതു കുട്ടിയും ചിരിച്ചു പോകും.

ഹോംസ് April 19, 2012 at 9:41 AM  

അച്ചന്‍ ആലസ്സന്‍ മാപ്ലേടെ പറമ്പിലെ പണിയെടുക്കുമ്പോള്‍ വെക്കേഷന് കഞ്ഞിയുമായി ചെന്നിരുന്ന ബാല്യകാലമോര്‍മ്മ വരുന്നു. മാപ്ലേടെ പേരക്കുട്ടികളുടെ ഉപ്പിനുപോണവഴിയേതെന്ന കളി നോക്കിനില്ക്കാന്‍ മാത്രമേ അവകാശമുണ്ടായിരുന്നുള്ളൂ, ഈ അവലക്ഷണം പിടിച്ചവന്. ഉപ്പ് കുഴിച്ചിട്ട 'പൊലി' സൈനബക്കുട്ടിക്ക് കാട്ടിക്കൊടുത്തെന്നും പറഞ്ഞ് ബശീര്‍മുതലാളീടെ മോന്‍ ജാഫര്‍ അച്ചനോട് പറഞ്ഞ് പുളിവടികൊണ്ട് അടിവാങ്ങിത്തന്നതോടെ തീര്‍ന്നൂ കളികാണല്‍.

ശ്രീ April 19, 2012 at 9:49 AM  

മുന്‍പ് ബ്ലോഗില്‍ ആരോ ഇതേ ശ്രമം നടത്തിയിരുന്നത് ഓര്‍ക്കുന്നു...

നന്നായി, മാഷേ.

ഇഗ്ഗോയ് /iggooy April 19, 2012 at 10:02 AM  

മഴ പെയ്യുമ്പോള്‍ വയലുകളീല്‍
മാക്കാന്‍ പാടി രസിക്കുന്നു
പാടും മാക്കാന്‍ പറയുന്നു
മഴയത്ത് പാടാനെന്ത് രസം.

ബീന്‍ April 19, 2012 at 10:14 AM  

ഗതകാല സ്മരണകളും സംഘ ബോധവും ഉണര്‍ത്തുന്ന കുട്ടിപ്പാട്ടുകള്‍ .
അവ സമാഹരിക്കാനുള്ള മാത്സ് ബ്ലോഗിന്റെ ശ്രമങ്ങള്‍ അഭിനന്ദനീയം .
ഇതിലെ വളരെ കുറച്ചെണ്ണം മാത്രമേ ഞാന്‍ കേട്ടിട്ടുള്ളൂ . കൂടുതല്‍ ഒന്നും അറിയില്ല . അത് കൊണ്ട് സമാഹരണത്തില്‍ സഹകരിക്കാന്‍ കഴിയുന്നില്ല .
അവധിക്കാലവും , കളിക്കൂട്ടുകാരുമില്ലാത്ത ഇന്നത്തെ ബാല്യങ്ങള്‍ക്ക്‌ ഈ പാട്ടുകള്‍ അപരിചിതമായിരിക്കും .

കുറ്റാന്വേഷി April 19, 2012 at 10:20 AM  

ഹോംസിന്റെ കുറിപ്പ് മനസ്സില്‍ തറച്ചു. സമാനമായ സാമൂഹിക സാഹചര്യങ്ങള്‍ , പുതിയ കാലത്തിലും രൂപ-ഭാവ വ്യത്യാസങ്ങളോടെ ഉണ്ട്. പരിഷ്കൃത(?) സമൂഹം അത് മറച്ചു വെച്ച് പറ്റിക്കാനുള്ള കൌശലം കൂടി നേടിയിരിക്കുന്നുവെന്നു മാത്രം. പഴയകാലത്തെ കാര്യവും കഥയും ഇല്ലാത്ത ഇത്തരം പാട്ടുകള്‍ സമാഹരിക്കുന്നതില്‍ എന്താണ് പ്രസക്തി? ഇങ്ങനെ കാര്യമില്ലാത്ത ഗ്രഹാതുരകള്‍ നോട്ടിനുണഞ്ഞു നേരം കൊല്ലുന്നതിനേക്കാള്‍ , ഏതു സാധാരണക്കാരനും കൈയ്യാത്താവുന്ന രീതിയില്‍ ഗണിതം പോലുള്ള വിഷയത്തെ നിലത്തിറക്കികൊണ്ടുവരികയും ഏതു അഭിജാത വേദിയിലും നടക്കുന്നതിനേക്കാള്‍ മികച്ച ഇടപെടലുകള്‍ നടത്തുകയും ചെയ്ത ബ്ലോഗിന്റെ പഴയ രീതിക്ക് തന്നെയാണ് പ്രസക്തി .

kARNOr(കാര്‍ന്നോര്) April 19, 2012 at 11:15 AM  

1. വണ്‍ ഡേ ഏക് മരയ്ക്കാത്തി
സം ഫിഷും കൊണ്ടോടുമ്പോള്‍
ഏക് റോക്കേല്‍ തട്ടിത്തട്ടി
സിറ്റിങ് ഓണേ കുറ്റിക്കാട്. :)

2. പൂ പറിയ്ക്കാന്‍ പോരുന്നോ
പോരുന്നോ അതിരാവിലേ
ആരേ നിങ്ങള്‍ക്കാവശ്യം
ആവശ്യമതിരാവിലെ
‘ശാലൂ’ നെ ഞങ്ങള്‍ക്കാവശ്യം
ആവശ്യമതിരാവിലേ
ആരവളേ കൊണ്ടുപോം
കൊണ്ടുപോം അതിരാവിലേ
ഞാനവളേ കൊണ്ടുപോം
കൊണ്ടുപോം അതിരാവിലേ ..:)

3. കരിയിലപ്പക്കിയെ തരുമോടീ
ചൊണയൊണ്ടെങ്കില്‍ കൊണ്ടുപോടീ ....
കട്ടെടുക്കും
മുട്ടൊടിയ്ക്കും .. :)


മതിയോ ??

fasal April 19, 2012 at 12:06 PM  

കുട്ടിക്കാലത്തെ ഓര്‍മ്മിപ്പിക്കാന്‍ ഈ പോസ്റ്റ് സഹായിച്ചു. എനിക്കോര്‍മ്മ വന്ന പാട്ടിന്റെ ആദ്യ രണ്ടു വരി ഇവിടെ എഴുതട്ടെ.

മഴേ മഴേ പോ മഴേ
നാളൊരിക്കല്‍ വാ മഴേ
​​​---- കുട്ടന്/കുട്ടിക്ക് കളിക്കണ്ടേ
പിന്നൊരിക്കല്‍ വാ മഴേ

മലയാളി മറന്നു തുടങ്ങിയ ഈ പാട്ടുകളെ സമാഹരിക്കാനുള്ള യജ്ഞത്തിന് എല്ലാ ആശംസകളും

Anonymous April 19, 2012 at 12:16 PM  

കാക്കേ കാക്കേ കൂടെവിടെ
കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ?
കുഞ്ഞിനു തീറ്റ കൊടുക്കാഞ്ഞാല്‍
കുഞ്ഞു കിടന്നു കരയൂല്ലേ..?
(കുഞ്ഞിനെക്കൊണ്ട് ഭക്ഷണം കഴിപ്പിക്കാന്‍ അമ്മ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഈ പാട്ട് പാടും)

വിന്‍സന്റ് ഡി. കെ. April 19, 2012 at 12:57 PM  

ഈ പോസ്റ്റിന്റെ PDF തരുമോ.

Echmukutty April 19, 2012 at 1:46 PM  

കൊഞ്ചം തമിഴ് പാട്ടുകൾ ഞാൻ ചെറുപ്പത്തീൽ പഠിച്ചത്....

കായേന വാചാ
കറിയെന്ന വെച്ചായ്
ഓമത്തുംകായ്
പൊട്ത്തൂവൽ വെച്ചേൻ.

‘ചുണ്ടയ്ക്ക വെത്തൽ വിത്ത പണം
കൊടുത്തു വിടമ്മാ പെരിയായീ
നല്ല കാലം വറതമ്മാ…നല്ല കാലം വറതമ്മാ
കുടുകുടുപാണ്ടി പേച്ചമ്മാ…ചിത്താശൻ വാക്കമ്മാ“


“വന്താണ്ടീ വന്താണ്ടീ വെള്ളക്കാരൻ വന്താണ്ടീ……..
വന്താണ്ടീ വന്താണ്ടീ പൈത്യക്കാരൻ വന്താണ്ടീ........

നാനും നോൻപ് നോറ്റു
നായും നോൻപ് നോറ്റു
ഗോവിന്ദ വാധ്യാർക്ക്
പോട് നാലണയ്.

ചേത്തി ചേത്തി ചപ്പാത്തി
ചൈനാക്കാരൻ പൊണ്ടാട്ടി
പോത്തി പോത്തി പാപ്പാത്തി
പോലീസ്കാരൻ പൊണ്ടാട്ടി

അർഥമൊന്നുമില്ലായിരിയ്ക്കാം പലതിനും. എങ്കിലും ഈ പാട്ടുകൾ പാടിക്കളിയ്ക്കുമായിരുന്നു.

JOHN P A April 19, 2012 at 3:27 PM  

സ്വപ്ന ടീച്ചര്‍ പറയാതിരുന്നത്
കാക്ക:
കുഞ്ഞേ കുഞ്ഞേ നീ തുരുമോ ?
നിന്നുടെ കയ്യാല്‍ നെയ്യുപ്പം
ഇല്ല തരില്ല നെയ്യപ്പം
അയ്യോ കാക്ക പറ്റിച്ചേ

ബീന്‍ April 19, 2012 at 6:14 PM  

@വിന്‍സന്റ് ഡി. കെ.
വളരെ എളുപ്പം .
പോസ്റ്റിലെ ആവശ്യമുള്ള ഭാഗം സെലക്ട്‌ ചെയ്യുക . copy ചെയ്യുക . writer തുറന്ന് paste ചെയ്യുക .
File --> export as pdf ക്ലിക്ക് ചെയ്യുക .

Mammootty Kattayad April 19, 2012 at 6:16 PM  

പക്കിയും കത്തിയും.
------------------
അള്ളാ തന്ന പക്കി
കൊല്ലൻ തന്ന കത്തി
അള്ളാ പക്കി സെയ്‌യ്‌യ്...
:
പക്കി = ചെറിയ ആൺകുട്ടികളുടെ ജനനേന്ത്രിയം.
മുസ്‌ലിംകൾക്കിടയിൽ മുമ്പൊക്കെ കുട്ടികളുടെ ചേലാകർമ്മം ഒരു കല്ല്യാണം പോലെ ആഘോഷത്തോടെ കൊണ്ടാടിയിരുന്നു. ആഘോഷങ്ങൾക്കിടയിലും ചേലാ കർമ്മത്തിനു വിധേയമാകുന്ന കുട്ടികൾ വലിയ ഭീതിയോടെയാണ്‌ ഇതിനെ കാണുക. മറ്റു കുട്ടികൾ അവരെ പലതും പറഞ്ഞു പേടിപ്പിക്കും. എന്റെ ചെറുപ്പത്തിലൊക്കെ കുട്ടികൾ ഇത്തരം സന്ദർഭങ്ങളിൽ ഈ പാട്ട് ധാരാളം പാടിയിരുന്നു.
*
പെരുന്നാൾ പാട്ട്
---------------
പെരുന്നാളല്ലെ,
കുട്ട്യേളല്ലെ,
നെയ്ച്ചോറല്ലെ,
പയ്ച്ചിറ്റല്ലേ,
ബെയ്ച്ചോട്ടേ..
*

ഓലയും പാളയും
---------------
ഓലെ കണ്ടീൽ
ഓല വീണാൽ
ഓല്‌ പറയും
ഓലതാ

ഞാള കണ്ടീൽ
പാള വീണാൽ
ഞാള്‌ പറയും
ഞാളതാ.
--------
ഓലെ = അവരുടെത്
ഓല്‌ = അവർ
ഞാളെ = ഞങ്ങളുടെത്
ഞാള്‌ = ഞങ്ങൾ.
ഞാളതാ = ഞങ്ങളുടേതാണ്‌.

*
അല്പ്പം അശ്ലീലം; എന്നാൽ ഭാവനാ സമ്പന്നം.
-----------------
എന്തിനാ കശുമാവേ
പെണ്ണുങ്ങൾ പോകും വഴി
അണ്ടിയും പുറത്തിട്ട്
കാറ്റു കൊണ്ടാടുന്നത്?
(കേക വൃത്തം പോലെ പാടുക)
(by Kattayad)

Hari | (Maths) April 19, 2012 at 6:29 PM  

മിനി ടീച്ചറുടെ കയ്യില്‍ ഇനിയും സ്റ്റോക്ക് കാണേണ്ടതാണല്ലോ. തുടര്‍കമന്റുകള്‍ പ്രതീക്ഷിക്കുന്നു.

ഹോംസിന്റെ പ്രതിഷേധം പലപ്പോഴും പഴയകാല ജീവിതാനുഭവങ്ങളോട് ബന്ധപ്പെട്ട് നില്‍ക്കുന്നതാണെന്ന് തോന്നിയിരുന്നു. പലരും ഇക്കാര്യം ബ്ലോഗിലൂടെ സൂചിപ്പിച്ചിട്ടുമുണ്ട്. എന്തായാലും ഒട്ടേറെ പ്രതിബന്ധങ്ങളെ തരണം ചെയ്താണ് ഇവിടം വരെ എത്തിയതെന്നു തെളിയിക്കുന്നതായി ഈ കമന്റും.

ശ്രീ, ഒരുപക്ഷേ വനിതാലോകം തന്നെയാകാം ഈ ശ്രമം നടത്തിയത്.

ഇഗ്ഗോയ്, മാക്കാന്‍ എന്നു വെച്ചാല്‍ തവളയെന്നല്ലേ അര്‍ത്ഥം. ഈ കുട്ടിപ്പാട്ട് അപ്പോളൊരു മഴപ്പാട്ട് തന്നെ.

ബീന്‍ സാര്‍, അന്നാട്ടില്‍ ഒന്നു തിരഞ്ഞാല്‍ ചിലപ്പോള്‍ പാട്ടുകള്‍ കിട്ടില്ലേ? ഒരു പാട്ടെങ്കിലും കോണ്‍ട്രിബ്യൂട്ട് ചെയ്യാമല്ലോ.

കുറ്റാന്വേഷി, മാത്‌സ് ബ്ലോഗ് സന്ദര്‍ഭോചിതമായിട്ടാണ് പലപ്പോഴും പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കുക. ബ്ലോഗിന്റെ സന്ദര്‍ശകരായ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഇതു അവധിക്കാലമല്ലേ, ഒരു രസം. ഗൗരവകരമായ ചര്‍ച്ചകളില്‍ നിന്നു മാറി നമുക്കൊന്ന് റിലാക്സ് ചെയ്യാമെന്നേ. (പക്ഷെ കമന്റില്‍ പറഞ്ഞത് വാസ്തവമാണെട്ടോ)

കാര്‍ന്നോരുടെ മൂന്നു പാട്ടുകളും നമ്മുടെ പോസ്റ്റിന്റെ മാറ്റു കൂട്ടും എന്നതില്‍ സംശയമില്ല. ഇങ്ങനെയുള്ള സംഭാവനകള്‍ ഓരോരുത്തരില്‍ നിന്നും ലഭിക്കുകയാണെങ്കിലോ? സമ്പുഷ്ടമായൊരു ശേഖരമാകും നമുക്ക് മലയാളികള്‍ക്ക് നല്‍കാനാകുക. നന്ദി.

ഫസല്‍ സാര്‍, റെയിന്‍ റെയിന്‍ ഗോ എവേയുടെ അസ്സല്‍ തര്‍ജ്ജുമ തന്നെയാണ് ആ പാട്ടല്ലേ.. ലിറ്റില്‍ ജോണിക്കു പകരം അനുക്കുട്ടിയെന്നോ ഉണ്ണിക്കുട്ടനെന്നോ ചേര്‍ത്ത് പാടുമ്പോള്‍ തനി തദ്ദേശീയം തന്നെയാകുമത്.

സ്വപ്ന ടീച്ചര്‍ കമന്റിലെഴുതിയ പാട്ട് എനിക്കും അമ്മ പാടിത്തന്നിട്ടുണ്ട്. പക്ഷേ ജോണ്‍ സാറെഴുതിയ വരികള്‍ കൂടി അതിനോടൊപ്പമുണ്ടായിരുന്നു.

എച്ചുംകുട്ടിയുടെ തമിഴ്-മലയാളം കുട്ടിപ്പാട്ടുകള്‍ ഗംഭീരമായി. മിക്കവാറും പാലക്കാടിനോടടുത്ത പ്രദേശങ്ങളിലായിരിക്കും ആ പാട്ടുകള്‍ പ്രചരിക്കപ്പെട്ടിരുന്നതെന്നു തോന്നുന്നു.

വിന്‍സന്റ് സാര്‍, കുറേക്കൂടി പാട്ടുകള്‍ കമന്റിലൂടെ വന്നതിനു ശേഷം അത് പോസ്റ്റില്‍ അപ്‌ഡേറ്റ് ചെയ്യുകയും ചെയ്തശേഷം നമുക്ക് പി.ഡി.എഫ് കോപ്പി പ്രസിദ്ധീകരിക്കാം. ജോണ്‍സാറിനെക്കൊണ്ട് ടെക്കില്‍ തന്നെ ചെയ്യിക്കാം.

മമ്മൂട്ടി സാറിന്റെ പാട്ടുകളും നന്നായി. അവയൊന്നും ഇതുവരെ കേട്ടിട്ടില്ല. കട്ടയാട് എന്ന സ്ഥലം വയനാട് ജില്ലയിലല്ലേ?

പ്രതികരണങ്ങള്‍ സന്തോഷാവഹം. എങ്കിലും ഈ സമാഹരണപരിപാടി കൂടുതല്‍ വിജയകരമാക്കാന്‍ എല്ലാവരും കിണഞ്ഞു പരിശ്രമിക്കുമല്ലോ.

JOHN P A April 19, 2012 at 7:23 PM  

ഹരിസാറെ
അയ്യോ കാക്കേ പറ്റിച്ചേ എന്നുപറയുന്നതും കുഞ്ഞിന്റെ വായിലേയ്ക്ക് ചോറിന്റെ ചെറിയ ഉരുള വെച്ചുകൊടുക്കുന്നതും ഒപ്പമായിരിക്കും

Jomon April 19, 2012 at 8:38 PM  

ലോലാ ലോലാ ലോലാ
ലോലാ ലോലാ ലോലാ
ലോലാ ലോലാ ലോലാ
ലോലാ ലോലാ ലോലാ


മാനാഞ്ചിറ നിന്ന് സൈക്കിളെടുത്തിട്ട്
വട്ടത്തില് ചവിട്ട്യപ്പം നീളത്തില് പോയോളേ

മുച്ചുണ്ണിപ്പള്ളീന്റെ മുറ്റത്ത് നിന്നിട്ട്
മേലോട്ട് നോക്ക്യപ്പം ആകാശം കണ്ടോളേ

അറയ്ക്കലെ പത്തായം വെട്ടിപ്പൊളിച്ചപ്പം
കാരയ്ക്കാ പോലുള്ളാ കൂറെ കണ്ടോളേ

അരി മഞ്ഞള് ജീരകം മഞ്ഞളുകൊത്തമല്ലി
അമ്മീമേലീട്ടിട്ട് നീട്ടിയരച്ചോളേ

കരിന്തേളിന്റെ കൂട്ടത്തില് പെരുമ്പാമ്പിനെ കണ്ടപ്പോള്
തേളല്ല അതു പാമ്പെന്ന് ഉറക്കെക്കൂവിയോളെ

ഒരുകൊട്ട പപ്പടം ഒക്കെ പൊരിച്ചിട്ട്
ഒറ്റച്ചവിട്ടിന് ഒക്കെ പൊട്ടിച്ചോളെ

ഒരു കൊട്ട ഗോമാങ്ങ ഒക്കെപ്പൊട്ടിച്ചിട്ട്
അണ്ട്യൊട്ടും കളയാതെ മുഴോനും വിഴുങ്ങ്യോളെ

ലോലാ ലോലാ ലോലാ
റണ് ലോലാ ലോലാ

അള്ളാ പടച്ചോനേ പള്ള പയിച്ചപ്പോ
അഞ്ചാറ് കോമാങ്ങ അണ്ട്യോടെ മുണുങ്യോനേ...

മുട്ടോളം വെള്ളത്തിൽ
എട്ടണ പോയപ്പോ
മുട്ടൊന്നും നനയാതെ
മുങ്ങിയെടുത്തോനേ

ലോലാ ലോലാ ലോലാ
ലോലാ ലോലാ ലോലാ
ലോലാ ലോലാ ലോലാ
ലോലാ ലോലാ ലോലാ

Jomon April 19, 2012 at 8:40 PM  

എവിടെ നിന്നോ കിട്ടിയതാണ് ..

കുട്ടികളുടെ പാട്ടിന്‍റെ ഗണത്തില്‍ പെടുമോ എന്നു സംശയമുണ്ട്..

mukthaRionism April 19, 2012 at 9:17 PM  

ഞാന്‍ സമാഹരിച്ച പാട്ടുകള്‍ ഏറനാട്ടില്‍ പ്രചാരത്തിലുണ്ടായിരുന്നതാണ്. എന്റെ കുട്ടിക്കാലത്ത് ഇതൊക്കെ ഞാന്‍ പാടി നടന്നിട്ടുണ്ട്. ഞങളെ അറബി പഠിപ്പിച്ചിരുന്ന മുഹമ്മദ് മാഷാണ് ഇത്തരം പാട്ടുകള്‍ ഞങ്ങള്‍ക്ക് പാടിത്തന്നത്. ഇത്തരം പാട്ടുകള്‍ ഞാന്‍ എന്റെ ഹായ് കൂയ് പൂയ് എന്ന കഥയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
>> http://muktharuda.blogspot.in/2010/01/blog-post_15.html

mukkuthodegups April 19, 2012 at 9:33 PM  

കൊളളാം മാത്സ് ബ്ളോഗ്

വിപിന്‍ മഹാത്മ April 19, 2012 at 9:59 PM  

"അക്കുത്തിക്കുത്താന വരമ്പില്‍ കല്ലേക്കൊത്ത് കരിങ്കോത്ത് ജീപ്പ് വെള്ളം താറാമക്കടെ കയ്യിലൊരുബാങ്ക്"

ഓര്‍മയിലെ ഒരു വരി. ഹരിസാര്‍ നന്ദി. ആ നല്ല കാലങ്ങളെ "ഓര്‍ക്കാനായി" ഓര്‍മിപ്പിച്ചതിന്

ഫിലിപ്പ് April 20, 2012 at 12:58 AM  

"അത്തള പിത്തള തവളാച്ചി" യും "അക്കുത്തിക്കുത്താന" യും പാടുന്നത് ഒരു കളിയുടെ ഭാഗമായിട്ടാണല്ലോ. കുട്ടികൾ കൈകൾ കമഴ്ത്തിവച്ച് വട്ടം കൂടിയിരിക്കുകയും പാട്ടിന്റെ ഓരോ ശബ്ദത്തിനും (syllable) ക്രമത്തിൽ ഓരോ കൈയിൽ തട്ടുകയും മറ്റും ചെയ്യുന്നതാണ് കളി. ഈ കളി (ചെറിയ വകഭേദങ്ങളോടെ) ലോകത്തെമ്പാടുമുള്ള കുട്ടികൾ കളിക്കാറുണ്ട്. ഈ കളിക്ക് ഉപയോഗിക്കുന്ന പാട്ടുകൾക്കുള്ള ഒരു പ്രത്യേകത, അവയിലെ ശബ്ദങ്ങളുടെ (syllables -- പാട്ടിലെ എണ്ണാനുപയോഗിക്കുന്ന ഏകകങ്ങൾ ) എണ്ണം അഭാജ്യം (prime) ആയിരിക്കും എന്നതാണ്! അത്തള പിത്തളക്കും അക്കുത്തിക്കുത്തിനും ("ബ്ലാങ്ക്" വരെ) ഇത് 17 ആണ്. "അക്കര നിക്കണ"ക്ക് 11ഉം. നിങ്ങൾക്കറിയാവുന്ന മറ്റ് "എണ്ണൽ" പാട്ടുകളുടെ കാര്യം പരിശോധിച്ചുനോക്കൂ. ലോകത്തെമ്പാടുമുള്ള ഇത്തരത്തിലുള്ള പാട്ടുകളുടെ കാര്യവും ഇങ്ങനെതന്നെ!

ഇത് എന്താണ് ഇങ്ങനെയാകുന്നത് എന്നതിന്റെ വിശദീകരണം -- ഇത്തരത്തിലുള്ള ഒട്ടേറെ പാട്ടുകളും, ചില പാട്ടുകളെപ്പറ്റിയും അല്ലാതെയുമുള്ള രസകരമായ കഥകളും, കുറെയേറെ വിജ്ഞാനശകലങ്ങളുമൊക്കെച്ചേർത്ത്, നമ്മുടെ മലയാളഭാഷയിൽ, തന്റെ സരസമായ ശൈലിയിൽ -- ഉമേഷ് ഗുരുകുലത്തിൽ എഴുതിയിട്ടുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ, വിഭവസമൃദ്ധമായ ഒരു സദ്യ പോലെ ആസ്വദിക്കാവുന്ന ഒരു പോസ്റ്റാണത്; വിട്ടുകളയരുത്!


-- ഫിലിപ്പ്

Sidheek Thozhiyoor April 20, 2012 at 1:12 AM  

കുറെ ഓര്‍മ്മകള്‍ ..നല്ലൊരു സംരംഭം.

വി.കെ. നിസാര്‍ April 20, 2012 at 5:25 AM  

"ഈ കളിക്ക് ഉപയോഗിക്കുന്ന പാട്ടുകള്‍ക്കുള്ള ഒരു പ്രത്യേകത, അവയിലെ ശബ്ദങ്ങളുടെ (syllables -- പാട്ടിലെ എണ്ണാനുപയോഗിക്കുന്ന ഏകകങ്ങൾ ) എണ്ണം അഭാജ്യം (prime) ആയിരിക്കും എന്നതാണ്!"
നന്ദി ഫിലിപ്പ് സാര്‍, വളരെ രസകരമായ ഈ അറിവ് പകര്‍ന്ന് തന്നതിന്. കുറ്റാന്വേഷിയുടെ പരാതിക്കും ഇപ്പോള്‍ ഒരു പരിഹാരമായി!

Sreenilayam April 20, 2012 at 8:11 AM  

വേനലവധി കാലത്തെ ഏറ്റവും പ്രധാന കളിയായ പമ്പരം കൊത്ത് കീ കൊടുത്ത് തിരിയുന്ന പമ്പരങ്ങളുടെ വരവോടെ ഏതാണ്ടില്ലാതെയായി. വേനല്‍ എന്ന തമിഴ് സിനിമയിലെ ഒരു സീന്‍ ഈ പമ്പരം കൊത്ത് കളിയെ വളരെ നന്നായി ചിത്രീകരിച്ചത് ഒരു നൊസ്റ്റള്‍ജിക് ഫീലിംങ് തന്നു. പളുങ്കു കളിയും, കല്ലു സോഡ പോലും ഇല്ലാതായതോടെ പളുങ്കും ഓര്‍മ്മകളില്‍ മാത്രമായി. പകരം ബ്രിട്ടാനിയ തരുന്ന സചിന്‍‌ന്റേയും ദ്രാവിഡീന്റേയും മുഖ ചിത്രമുള്ള പളുങ്കുകള്‍ കുട്ടികളുടേ ശേഖരങ്ങളെ സമ്പന്നമാക്കി. ചെമ്പരത്തി താളി വെളിച്ചെണ്ണയായും, ചെമ്പരത്തി മൊട്ട് പച്ചമുളകായും, ഇഷ്ടിക മുളക പൊടിയായും, വൃത്തിയായി കീറീയ കടലാസ് രൂപയാക്കിയതുമൊക്കെ ഇനിയുമൊരു തലമുറയ്ക്ക് മനസ്സിലാകില്ലായിരിക്കും. പ്ലാവില ഈര്‍ക്കില്‍ കൊണ്ട് കുത്തിയുണ്ട്ക്കിയ കലവും, മച്ചിങ്ങയുരച്ചുണ്ടാക്കിയ കറിയും, വെട്ട് തുണിയുപയോഗിച്ചുണ്ടാക്കിയ പാവയും മുന്‍ തലമുറയുടെ മനസ്സിലെ മ്യൂസിയങ്ങളില്‍ വല്ലപ്പോഴും മാത്രം വെളിച്ചമേറ്റ് കിടന്നേക്കാം. എന്നിരുന്നാലും കാശ് കൊടുത്ത് വാങ്ങിയ കുട്ടി വീട്ടുപകരണങ്ങളും, പ്ലാസ്റ്റിക് പാവകളും, ബാര്‍ബിയെന്ന അവരുടേ പ്രിയപ്പെട്ടവളും കൂടേ രംഗം മറ്റൊരു രീതിയില്‍ പുനരാവിഷ്കരിക്കുക തന്നെ ചെയ്യുന്നു. തൊമ്മികുഞ്ഞിന്റെ ഡിവിഡീ-ഹിപ്പോ കൊണ്ടാട്ടം നോക്കൂ. തീപ്പെട്ടി പടങ്ങള്‍ പെറുക്കിയെടുത്ത് കൂട്ടിവച്ച് കളിച്ച ബാല്യത്തിനു പകരം ഫ്രീ കിട്ടുന്ന ട്രം കാര്‍ഡുകള്‍ ശേഖരിക്കുന്ന ബാല്യം. എല്ലാം ഒരു ശൈലി മാറ്റം മാത്രം. കാരണമന്വേഷിച്ചാല്‍ ചെന്നെത്തുക ഇന്നിന്റേയും ഇന്നലയുടേയും ജീവിത രീതികളില്‍ തന്നെയാവും.മുതിര്‍ന്നവര്‍ ചെയ്യുന്നത് അനുകരിക്കുക എന്നത് കുഞ്ഞു മനസ്സിന്റെ പ്രവണതയാണ്. കൂടുതല്‍ സമയം കപ്യൂട്ടറിലും ടി.വിയ്ക്ക് മുന്നിലും ഇരിക്കുന്ന മുതിര്‍ന്നവരെ കാണുന്ന കുട്ടി ടി.വിയിലും കപ്യൂട്ടര്‍ കളികളിലും ഉള്‍പ്പെട്ട് പോകുന്നതില്‍ അസ്വഭാവികത കാണാനാവില്ല.

(വനിതാലോകത്തില്‍ എത്തിയപ്പോള്‍ കണ്ട ഡാലി തന്നെ എഴുതിയ കുുട്ടിക്കളികള്‍ എന്ന മറ്റൊരു പോസ്റ്റില്‍ നിന്ന്)

Sreekala April 20, 2012 at 10:15 AM  

കുട്ടിപ്പാട്ടുകളുടെ ഗണത്തില്‍ വരുമോന്നറിയില്ല. എനിക്കറിയാവുന്ന രണ്ടു പാട്ടുകള്‍ ഇതാ.

പ്രാവേ പ്രാവേ പോകരുതേ
വാ വാ കൂട്ടിനകത്താക്കാം
പാലും പഴവും പോരെങ്കില്‍
ചോറും കറിയും ഞാന്‍ നല്‍കാം
കൊള്ളാം കുഞ്ഞേ നിന്നിഷ്ടം
തള്ളാന്‍ പാടില്ലെന്നാലും
ഞാനങ്ങോട്ടേക്കില്ലിപ്പോള്‍
മാനം നോക്കി സഞ്ചാരം


ഒന്നാനാം കൊച്ചു തുമ്പി
എന്റെ കൂടെ പോരുമോ നീ ?
നിന്റെ കൂടെ പോന്നാലോ,
എന്തെല്ലാം തരുമെനിക്ക്?
കളിപ്പാനോ കളം തരുവേന്‍
കുളിപ്പാനോ കുളം തരുവേന്‍
ഇട്ടിരിപ്പാന്‍ പൊന്‍ തടുക്ക്‌
ഇട്ടുണ്ണാന്‍ പൊന്‍തളിക
കൈ കഴുകാന്‍ വെള്ളിക്കിണ്ടി
കൈ തോര്‍ത്താന്‍ പുള്ളി പട്ട്
ഒന്നാനാം കൊച്ചു തുമ്പി
എന്റെ കൂടെ പോരുമോ നീ

അമലു പപ്പ April 20, 2012 at 3:06 PM  

എന്റുമ്മാ ബസ്സില്‍ കേറി
ബസ്സ് നിറയെ പാമ്പ്
പാമ്പിനെ കൊല്ലാന്‍ വടിയെടുത്തു
വടി നിറയെ ചോര
ചോര കഴുകാന്‍ കുളത്തില്‍ പോയി
കുളം നിറയെ മീന്
മീന്‍നെ പിടിക്കാന്‍ വലയെടുത്തു
വല നിറയെ ഓട്ട
ഓട്ട തുന്നാന്‍ സൂചിയെടുത്തു
സൂചി രണ്ട് കഷ്ണം

അമലു പപ്പ April 20, 2012 at 3:12 PM  

അരിപ്പോ തിരിപ്പോ തോരണിമങ്ങലം
പരിപ്പും പന്ത്രണ്ടാനേം കുതിരേം കുളിച്ച് ജപിച്ച് വരുമ്പോളെന്തമ്പു?
മുരിക്കമ്പു
മുരിക്കല ചെറക്കല കടന്നോളെ
അഞ്ഞായെണ്ണ കുടിച്ചോളെ
അക്കരയുള്ളൊരു മാടോപ്രാവിന്റെ
കയ്യോ കാലോ ചെത്തിക്കൊത്തി മൊടങ്കാട്

അമലു പപ്പ April 20, 2012 at 3:27 PM  

ആലത്തൂരെ പാലത്തിന്മേന്നറുപതു ചെറുമികള-
റുപതു ചെറുപയറെണ്ണിയെടുത്തു
കിളച്ചു മറിച്ചു നിരത്തി വിതച്ചു
പറിച്ചു ചവിട്ടി ഉണക്കി വറുത്തു പൊടിച്ചാ
ലക്കറിയൊത്ത പൊടിക്കറിയുണ്ടോ



വടകര വളവിലൊരറുപതു തെങ്ങുണ്ട-
റുപതു തെങ്ങിനുമറുപതു പൊത്തുണ്ട-
റുപതു പൊത്തിലുമറുപതു നത്തുണ്ടെ-
ന്നാല്‍ നത്തിനു കണ്ണെത്ര?

Rajeev April 20, 2012 at 4:00 PM  

അക്കുത്തിക്കുത്താനവരമ്പത് കല്ലേക്കുത്ത് കരിങ്കുത്ത്
ചീപ്പുവെള്ളം താറാംവെള്ളം താറാമക്കടെ കയ്യേലൊരു ബ്ലാങ്ക്
പരിപ്പുകുത്തി പാച്ചോറാക്കി ഞാനുമുണ്ടു സീതേമുണ്ടു സീതച്ഛന്റെ പേരെന്ത്
(ആ വിരലിന്റെ ഉടമസ്ഥൻ ഒരു പേരു പറയണം.)
..........................
മുന്നാഴിയെണ്ണ കുടിച്ചവനേ
താറു താറു വാഴയ്ക്ക
തട്ടും മുട്ടും പപ്പടം
കയ്യെടുത്ത് മലത്ത്.
(ആ കുട്ടി കൈ മലർത്തണം)

Rajeev April 20, 2012 at 4:02 PM  

ആറ്റിപ്പോവ്വാം തോട്ടിൽ പോവ്വാം ആനേക്കണ്ടാൽ പേടിയുണ്ടോ?
(ഇതു പറഞ്ഞ് കണ്ണിൽ ഊതുമ്പോൾ കണ്ണടഞ്ഞില്ലെങ്കിൽ പേടിയില്ല എന്നർത്ഥം)

Jomon April 20, 2012 at 10:49 PM  

ഇതേ വിഷയം

Jomon April 20, 2012 at 10:52 PM  

അധ്യാപകനാകാന്‍ കഴിയാതിരുന്നതിനെ കുറിച്ച് എം.മുകുന്ദന്‍

Jomon April 20, 2012 at 10:58 PM  

“കാക്കേ, കാക്കേ, കൂടെവിടെ?
കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ?
കുഞ്ഞിനു തീറ്റ കൊടുക്കാഞ്ഞാൽ
കുഞ്ഞു കിടന്നു കരഞ്ഞീടും”

“കുഞ്ഞേ, കുഞ്ഞേ, നീതരുമോ
നിന്നുടെകയ്യിലെ നെയ്യപ്പം?”

“ഇല്ല, തരില്ലീ നെയ്യപ്പം...
അയ്യോ! കാക്കേ, പറ്റിച്ചോ!”

Jomon April 20, 2012 at 11:00 PM  

കുറെ പാട്ടുകള്‍ കൂടി

Jomon April 20, 2012 at 11:02 PM  

എങ്ങിനെ കളിക്കണം..?

abhilashbabu p April 22, 2012 at 9:06 AM  

ഹോംസ്, താങ്കള്‍ എങ്ങിനെ ആയാലും താങ്കളെ താങ്കളാക്കുന്നത് താങ്കളു‌ടെ നരീക്ഷണങ്ങളും അഭിപ്രായ പ്രകടനങ്ങളും ആണ്. പേഷ്സനാലിറ്റി ഡവലപ്പ്മെന്ററുകളുടെ ഇക്കാലത്ത് താങ്കളെ പ്പോലുള്ള ഇന്റിവിജ്വാലിറ്റികളുടെ സാന്നിധ്യം വളരെ പ്രസക്തമാണ്. താങ്കളെ വിമര്‍ശിക്കുന്നവര്‍ക്കു(ഞാനടക്കം)പോലും മറ്റൊരു വീക്ഷണകോണിലൂടെ കാര്യങ്ങളെ കാണാന്‍ താങ്കളുടെ അഭിപ്രായങ്ങള്‍ ഉപകരിക്കും. ബ്ലോഗുകള്‍ക്ക് തീപിടിപ്പിക്കുന്ന ആഭിപ്രായ പ്രകടനങ്ങള്‍ തുടരുക.

Edavanakadan April 22, 2012 at 10:51 PM  

@abhilashbabu
ഈ ഹോംസ് എന്നുപറഞ്ഞാല്‍ എന്തോന്നു കോപ്പാ....
ഫോട്ടോഗ്രാഫര്‍ എന്നു പറഞ്ഞാല്‍ ഒരു ഒന്നര സംഭവമാ...
ആ ക്യാ....മറയും പിടിച്ചൊള്ളൊരു നിപ്പുകണ്ടാമതി കീസ കീറും...
ഹോംസ് ഞമ്മന്റെ ആളാന്നുമനസ്സിലായപ്പൊതന്നെ ബേജാറുമാറി..
ഈ ഹോംസ് റവന്യൂല് എന്തോന്നു കോപ്പാ ചെയ്തോണ്ടിരിക്കുന്നേ..

മൂകസാക്ഷി April 23, 2012 at 10:53 AM  

ബലേ ഭേഷ് എടവനക്കാടന്‍!!!!

Anonymous April 24, 2012 at 12:12 AM  

കീരീ കീരീ കിണ്ണം താ
കിണ്ണത്തിലിട്ടു കിലുക്കി താ
കല്ലായ് പാലം നീക്കി താ
എന്റെ മകളെ കെട്ടുമ്പം
പത്തോ നൂറോ കീരി വരും
കീരിക്കെടുപ്പോളം പൊന്നും വരും
പൊന്നിട്ട പത്തായം പൂട്ടി വരും
പൂട്ടിയ താക്കോലൊളിച്ചു വരും
കീരീ കീരീ കിണ്ണം താ

സുജനിക April 24, 2012 at 11:53 AM  

നന്നായിരിക്കുന്നു. ഇനിയും പാട്ടുകള്‍ ഉണ്ട്. സമാഹരിക്കണം. നാടന്കഥകളുടെ ഒരു സമാഹരം ഇവിടെ ഉണ്ട്. നോക്കു : http://ramanunnis.blogspot.in/

anu April 24, 2012 at 6:37 PM  

ഒരുപാട്ടു കൂടി
മഴേണ്ട് പെയ്യ് ന്ന് കാറ്റ്ണ്ടടിക്ക്ന്ന്
കേളപ്പന്‍േറാളണ്ട് മത്തിക്ക് പായിന്ന്

somanmi April 25, 2012 at 1:02 PM  

റാകിപ്പറക്കുന്ന ചെമ്പരുന്തേ
നീയുണ്ടോ മാമാങ്കവേല കണ്ടു
വേലയും കണ്ടു വിളക്കും കണ്ടു
കടലില്‍ തിര കണ്ടു കപ്പല്‍ കണ്ടു

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒന്നാം തരം മലയാളം പാഠപുസ്തകത്തിലുണ്ടായിരുന്ന മനോഹരമായ ചില വരികളാണിത്.
ഈ കവിതയെക്കുറിച്ച് അക്കാലത്തുണ്ടായ വിവാദങ്ങളും,അതിലെ ഒരു കക്ഷിയായ പരേതനായ ടി എം ജേക്കബിനേയും ഇത്തരുണത്തില്‍ ഓര്‍ത്ത് പോകുന്നു. മാത്സ് ബ്ളോഗിന് നന്ദി

anoop.m April 29, 2012 at 9:47 AM  

ഞാനെണ്ണ നീയെണ്ണ മണ്ണെണ്ണ അതിലൊരു കുപ്പി വെളിച്ചെണ്ണ റെഡി വണ്‍ ടു ത്രീ

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer