സ്പാര്‍ക്കില്‍ ശമ്പളബില്ലിനോടൊപ്പം ഡി.എ അരിയര്‍ പ്രൊസസ് ചെയ്യുന്ന വിധം

>> Friday, April 27, 2012

മാത്‌സ് ബ്ലോഗില്‍ പ്രസിദ്ധീകരിച്ച സ്പാര്‍ക്ക് പോസ്റ്റ് ഒട്ടേറെ പേര്‍ക്ക് ഉപകാരപ്പെട്ടു എന്നു കേള്‍ക്കുമ്പോള്‍ വളരെയേറെ സന്തോഷമുണ്ട്. ബ്ലോഗില്‍ പ്രസിദ്ധീകരിച്ച ആ പോസ്റ്റ് കൊണ്ട് മാത്രം മറ്റാരുടേയും സഹായമില്ലാതെ സാലറി ബില്‍ പ്രൊസസ് ചെയ്ത ഒട്ടേറെ സ്ക്കൂളുകളുണ്ട്. ലോ കോളേജിന്റെ ഡി.എം.യുയും കോളേജ് വിദ്യാഭ്യാസ വകുപ്പിലെ മാസ്റ്റര്‍ട്രെയിനറുമായ കോഴിക്കോട് ലോ കോളേജിലെ മുഹമ്മദ് സാറിനെപ്പോലെ, വി.എച്ച്,എസ്.ഇയുടെ ഡി.എം.യു കൂടിയായ ഷാജി സാറിനെപ്പോലെ, ഐടിഅറ്റ് സ്ക്കൂളിലെ അനില്‍ സാറിനെപ്പോലെയുള്ളവരുടെ ഇടപെടലുകള്‍ ആ പോസ്റ്റിനെ കൂടുതല്‍ ജനകീയമാക്കി. പൊതുവായി വരാവുന്ന ഏതാണ്ടെല്ലാ ചോദ്യങ്ങള്‍ക്കുമുള്ള (FAQ) മറുപടി ഇവര്‍ മൂവരും കമന്റുകളിലൂടെ നല്‍കിയിട്ടുമുണ്ട്. നാനൂറിനു മേല്‍ കമന്റുകളാണ് ആ പോസ്റ്റിലുള്ളതെന്ന ഞങ്ങള്‍ക്ക് ഏറെ സന്തോഷമുണ്ടാക്കുന്നു. ഈയിടെയായി ഒട്ടേറെ പേര്‍ ആവശ്യപ്പെട്ട ഒരു കാര്യമാണ് സ്പാര്‍ക്കില്‍ സാലറി ബില്ലിനോടൊപ്പം അരിയര്‍ പ്രൊസസ് ചെയ്തെടുക്കുന്നതെങ്ങനെ എന്നത്. ഷാജി സാറാണ് ഇതേക്കുറിച്ച് വിശദീകരിക്കുന്നത്. സ്പാര്‍ക്കുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങള്‍ ഇവിടെ കമന്റായി ചര്‍ച്ച ചെയ്യുമല്ലോ.

Salary Matters - Processing - Arrears- D.A Arrears എന്നതാണ് (ചിത്രം 1) അരിയേഴ്‌സ് പ്രോസസ് ചെയ്യുന്നതിനുള്ള ആദ്യ സ്‌റ്റെപ്പ്. ഇപ്പോള്‍ ചിത്രം 2 ലെ വിന്‍ഡോ ലഭിക്കും.

ഇതില്‍ Processing Period (ഏത് മാസം മുതല്‍ ഏതു മാസം വരെയുള്ള അരിയേഴ്‌സാണ് പ്രോസസ് ചെയ്യേണ്ടത് എന്നത്) ശരിയായി ചേര്‍ക്കുക. DDO Code, Bill Type എന്നിവയും സെലക്ട് ചെയ്യണം.

ബില്ലിലെ മുഴുവന്‍ പേര്‍ക്കും അരിയേഴ് പ്രോസസ് ചെയ്യുവാനുദ്ദേശിക്കുന്നുവെങ്കില്‍ All Employees എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്ത്, Submit ബട്ടണ്‍ ക്ലിക്ക് ചെയ്യാം. അരിയേഴ്‌സ് പ്രോസസ് ചെയ്യേണ്ടത് മുഴുവന്‍ പേര്‍ക്കുമല്ലെങ്കില്‍ Select Employees എന്ന ബട്ടണ്‍ ആണ് ക്ലിക്ക് ചെയ്യേണ്ടത്.

Select Employees ക്ലിക്ക് ചെയ്യുമ്പോള്‍ എംപ്ലോയീസിന്റെ പേരുള്ള ലിസ്റ്റ് ഓരോ പേരിനൊപ്പവും ചെക്ക് ബോക്‌സ് സഹിതം പ്രത്യക്ഷപ്പെടും. അരിയേഴ്‌സ് പ്രോസസ് ചെയ്യേണ്ടവരുടെ പേരിന് നേരെയുള്ള ചെക്ക് ബോക്‌സില്‍ ക്ലിക്ക് ചെയ്ത് Submit ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

Submit ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ Job Status വ്യക്തമാക്കുന്ന കളങ്ങള്‍ പ്രത്യക്ഷപ്പെടും (ചിത്രം 4).

ആവശ്യമെങ്കില്‍ Refresh ബട്ടണ്‍ ക്ലിക്ക് ചെയ്യാം. Processing Status എന്ന കളത്തില്‍ Job Completed Successfully എന്ന് എഴുതി വരുമ്പോള്‍ പ്രോസസ് പൂര്‍ണമായി എന്ന് മനസ്സിലാക്കാം.

അരിയേഴ്‌സ് ശരിയാണോ എന്നറിയുന്നതിനും സ്‌റ്റേറ്റ്‌മെന്റ് എടുക്കന്നതിനും
Salary Matters - Bills & Schedules - Arrear- DA Arrear bill എന്നതാണ് (ചിത്രം 5) ഇതിനുള്ള മാര്‍ഗ്ഗം. ഇപ്പോള്‍ ചിത്രം 6 ലെ വിന്‍ഡോ ലഭിക്കും.

ഇതില്‍ D.D.O Code, Processed Month എന്നിവ ചേര്‍ക്കുക. (Processed Month എന്നതില്‍ അരിയേഴ്‌സ് കണക്കു കൂട്ടേണ്ടതായ മാസമല്ല, പ്രോസസ് ചെയ്ത മാസമാണ് ചേര്‍ക്കേണ്ടത് എന്നത് ശ്രദ്ധിക്കുക. Bill Typeല്‍ Inner Bill എന്നതാണ് ക്ലിക്ക് ചെയ്യേണ്ടത്. വെള്ള കളങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന Bill Detailsന്റെ വലത് അറ്റത്തുള്ള Select ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ അരിയേഴ്‌സ് സ്‌റ്റേറ്റ്‌മെന്റ് ലഭിക്കും. ഈ സ്‌റ്റേറ്റ്‌മെന്റിന്റെ പ്രിന്റ് ഔട്ട് ബില്ലിനോടൊപ്പം സമര്‍പ്പിക്കേണ്ടതുണ്ട്.


പ്രോസസ് ചെയ്ത അരിയേഴ്‌സ് ശമ്പളബില്ലിലൂടെ പി.എഫ് ല്‍ ലയിപ്പിക്കുന്നതിന്

അരിയര്‍ സ്‌റ്റേറ്റ്‌മെന്റ് പരിശോധിച്ച് ശരിയാണെന്ന് ഉറപ്പുവരുത്തിക്കഴിഞ്ഞാല്‍, പ്രോസസ് ചെയ്ത അരിയേഴ്‌സ് ശമ്പള ബില്ലിലൂടെ പി.എഫില്‍ ലയിപ്പിക്കേണ്ടതുണ്ട്. അതിനായി Salary Matters - Arrears- Merge Arrears with Salary എന്ന മാര്‍ഗ്ഗം സ്വീകരിക്കുക. (ചിത്രം 7)

ഇപ്പോള്‍ ചിത്രം 8 ലെ വിന്‍ഡോ ദൃശ്യമാകും. ഇതില്‍ DDO Code സെലക്ട് ചെയ്യണം. Arrear Processed Year എന്നതില്‍ അരിയേഴ്‌സ് പ്രോസസ് ചെയ്ത മാസവും Arrear to be merged with Salary for the Yearഎന്നതില്‍ അരിയേഴ്‌സ് ഏത് മാസത്തെ ശമ്പളത്തിലാണ് ലയിപ്പിക്കേണ്ടത് എന്നതും ചേര്‍ക്കുക. Arrear Processed Year എന്ന വരി ചേര്‍ക്കുമ്പോള്‍ വെള്ള കളങ്ങളില്‍ Bill Details തെളിയും.

ഇതിന്റെ വലത് അറ്റത്തുള്ള ചെക്ക് ബോക്‌സില്‍ (ചുവന്ന നിറത്തില്‍ ചിത്രത്തില്‍ ഉള്ളത്) ടിക് ചെയ്ത് Proceed ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ മെര്‍ജിംഗ് പൂര്‍ത്തിയായി. ഇത് സംബന്ധിച്ച മെസ്സേജ് ഈ വിന്‍ഡോയില്‍ താഴെ ഇടത് ഭാഗത്ത് പ്രത്യക്ഷപ്പെടും. Arrear to be merged with Salary for the Year എന്ന വരിയില്‍ ചേര്‍ത്ത മാസത്തെ ബില്‍ പ്രോസസ് ചെയ്യുമ്പോള്‍ Allowance ലും Deductionsലും ഈ അരിയേഴ്‌സ് തുക ഓരോ ഉദ്യോഗസ്ഥനുമുണ്ടാകും.

ഈ പോസ്റ്റിന്റെ പി.ഡി.എഫ് കോപ്പി ഇവിടെയുണ്ട്


Read More | തുടര്‍ന്നു വായിക്കുക

വിദ്യാഭ്യാസ അവകാശ നിയമം - ഘടനാപരമായ മാറ്റം

>> Saturday, April 21, 2012

വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സ്ക്കൂളുകളില്‍ ഘടനാപരമായ മാറ്റം നടപ്പാക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത മാധ്യമങ്ങളിലൂടെ അറിഞ്ഞു കാണുമല്ലോ. ഘടനാപരമായ മാറ്റത്തിന്റെ രൂപരേഖ തയ്യാറാക്കുന്നതിന് ഗുണപരമായ നിര്‍ദ്ദേശങ്ങള്‍ സംഘടനകളില്‍ നിന്നും വ്യക്തികളില്‍ നിന്നുമെല്ലാം സര്‍ക്കാര്‍ ക്ഷണിച്ചിട്ടുണ്ട്. അതിന്റെ കരട് രൂപം ചുവടെ നല്‍കിയിരിക്കുന്നു. അവ വ്യക്തമായി വായിച്ച് നോക്കി ഗുണപരമായ അഭിപ്രായങ്ങള്‍ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

വിദ്യാഭ്യാസ അവകാശ നിയമം - ഘടനാപരമായ മാറ്റം ഇങ്ങനെ

1-4-2010-ല്‍ നിലവില്‍ വന്ന സൌജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസ അവകാശ നിയമം 2009 രാജ്യത്ത 6 വയസിനും 14 വയസിനുമിടയില്‍ പ്രായമുളള കുട്ടികള്‍ക്ക് വിദ്യാഭ്യാസം നേടുന്നതിനുളള അവകാശം ഉറപ്പു വരുത്തുന്നു. രക്ഷാകര്‍ത്താവിനോടൊപ്പം ഈ ഉത്തരവാദിത്വം ഗവണ്‍മെന്റിനും തദ്ദേശഭരണസ്ഥാപനങ്ങള്‍ക്കും ഉളളതാണ്. ഈ ആക്ടിലെ ഷെഡ്യൂളില്‍ അനുശാസിക്കുന്ന വിധം വിദ്യാര്‍ത്ഥി അധ്യാപക അനുപാതം, വാര്‍ഷിക അധ്യയന ദിനങ്ങള്‍, അധ്യാപന സമയം, പഠന മുറികളുടെ എണ്ണം, പഠനോപകരണങ്ങളുടെ ലഭ്യത, ഗ്രന്ഥശാല, ടോയിലറ്റ്, കുടിവെളളം, കളിസ്ഥലം, ഉച്ചഭക്ഷണത്തിനുളള പാചകപ്പുര, 6 മുതല്‍ 8 വരെയുളള ക്ളാസ്സുകള്‍ക്ക് വിഷയം തിരിച്ചുളള അധ്യാപകര്‍, കല, പ്രവൃത്തി,കായിക പരിശീലനം എന്നിവയ്ക്കു വേണ്ട അധ്യാപകര്‍ ഇവയും ഉറപ്പാക്കേതുണ്ട്. ഇത് ആക്ട് നിലവില്‍ വന്ന് 3 വര്‍ഷത്തിനകം നിര്‍ബന്ധമായും പാലിക്കപ്പടണം.ഇതേ തുടര്‍ന്ന് സംസ്ഥാനത്ത് വിദ്യാര്‍ത്ഥി അധ്യാപക അനുപാതം എല്‍.പി വിഭാഗത്തില്‍ 30:1 ആയും യു.പിയിലും ഹൈസ്കൂളിലും 35:1 ആയും ആകേണ്ടതുണ്ട്. അതോടൊപ്പം 150 കുട്ടികള്‍ വീതമുളള എല്‍.പി. സ്കൂളിലും 100 കുട്ടികളുളള ഒരു യു.പി.സ്കൂളിലും സ്വതന്ത്രചുമതലയുളള ഒരു ഹെഡ്മാസ്ററുടെ തസ്തികയും അനുവദനീയമാണ്.

ഈ ആക്ടിനെ തുടര്‍ന്ന് സംസ്ഥാനത്തു വന്ന വിദ്യാഭ്യാസ അവകാശ ചട്ടമനുസരിച്ച് (1 മുതല്‍ 5 വരെ) എല്‍.പി.സ്കൂള്‍ ഒരു കിലോമീറ്ററിനും അപ്പര്‍ പ്രൈമറി സ്കൂള്‍ (6 മുതല്‍ 8 വരെ) 3 കിലോ മീറ്ററിനുളളിലും സ്ഥിതി ചെയ്യുന്ന “അയല്‍പക്ക വിദ്യാലയങ്ങള്‍” പ്രവര്‍ത്തിക്കേണ്ടതാണ്. ഈ ഏകീകരണം നടപ്പിലാക്കുമ്പോള്‍ ഭൌതികവും ഘടനാപരവും മാനവശേഷി വ്യതിയാനവും പാഠ്യക്രമത്തിലും പാഠ്യപദ്ധതിയിലും മാറ്റവും അനിവാര്യമാണ്. ലഭ്യമായ കണക്കുകള്‍ പ്രകാരം 2852 യു.പി. സ്കൂളുകളില്‍ നിന്ന് 5-ം ക്ളാസ് മാറ്റി എല്‍.പി.സ്കൂളില്‍ ചേര്‍ക്കേണ്ടതായി വരും. അതോടൊപ്പം 2780 ഹൈസ്കൂളുകളില്‍ നിന്നും 8-ം ക്ളാസ് മാറേണ്ടതുണ്ട്. 5801 എല്‍.പി.സ്കൂളുകളില്‍ 5-ം ക്ളാസും 2851 യു.പി.സ്കൂളുകളോടൊപ്പം 8-ാം ക്ളാസും ചേര്‍ക്കേണ്ടതായി വരും.

ഇപ്രകാരം മാറ്റി സ്ഥാപിക്കുന്നതോടൊപ്പം പുതുക്കിയ വിദ്യാര്‍ത്ഥി അധ്യാപക അനുപാതം അനുസരിച്ചാകണം ക്ളാസ് മുറികള്‍ ഒരുക്കേണ്ടത്. അങ്ങനെ വരുമ്പോള്‍ 5-ം തരം ചേര്‍ക്കുന്നതിനും എല്‍.പി.സ്കൂളുകളില്‍ 11305 ക്ളസ് മുറികള്‍ പണിതുണ്ടാക്കണം. 8-ാം തരം കൂട്ടിച്ചര്‍ക്കുന്ന യു.പി. സ്കൂളുകളില്‍ 6681 ക്ളാസ് മുറികള്‍ കൂടി വേണ്ടി വരുന്നു. ആകെ 17986 മുറികള്‍. ഇതിനു പുറമേയാണ് വിദ്യാര്‍ത്ഥി അധ്യാപക അനുപാതം കുറയ്ക്കുന്നതു വഴി എല്ലാ ക്ളാസുകള്‍ക്കുമായി അധികമായി വേണ്ടി വരുന്ന കെട്ടിട നിര്‍മാണം. ഘടനപരമായ മാറ്റം നടപ്പാക്കുന്നതിനു വേണ്ടി വരുന്ന 18000 ക്ളാസ് കെട്ടിട നിര്‍മ്മാണം വിദ്യാര്‍ത്ഥി സമൂഹത്തിന് ഇന്ന് നഷ്ടപ്പട്ടു കൊണ്ടിരിക്കുന്ന പൊതു സൌകര്യങ്ങളും കളിസ്ഥലവും, തുറസായ സഹവാസവും ഇല്ലാതാക്കും. വര്‍ഷം മുഴുവനും നീണ്ട നില്‍ക്കുന്ന കെട്ടിടനിര്‍മ്മാണമാകും ഫലം. കെട്ടിട നിര്‍മ്മാണമെന്ന ദുരിതം മാറാത്ത വിദ്യാലയ അന്തരീക്ഷം കുട്ടികളില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കും.

കീഴ്വഴക്കങ്ങള്‍ മാറ്റിവച്ച് പുതു തലമുറയുടെ ഭാവിയാണ് പ്രധാനമെന്ന ലക്ഷ്യത്തോടെ ഒരുമിച്ചു നിന്നാല്‍ ഈ സാഹചര്യം മറികടക്കാനാകും. പൊതു വിദ്യാഭ്യാസം നിലനിര്‍ത്തണ്ടതിന് കൂട്ടായ പരിശ്രമമാണ് വേണ്ടത്. ഈ കൂട്ടായ്മയില്‍ പൊതു ഖജനാവില്‍ നിന്ന് പണം ചെലവഴിച്ച് നടത്തിക്കൊണ്ടുപോകുന്ന എയ്ഡഡ്-സര്‍ക്കാര്‍ സ്കൂളുകള്‍ ഒന്നായി കാണാന്‍ കഴിയണം. ഒരു പ്രദേശത്ത ജനങ്ങളുടെ പൊതു സ്വത്തോയി ഈ വിദ്യാലയങ്ങള്‍ ഉയരണം.

മദര്‍ സ്കൂള്‍

സംസ്ഥാനത്ത് അഞ്ചാം തരം പഠിപ്പിക്കുന്ന എല്ലാ വിദ്യാലയങ്ങളേയും അവ സ്ഥിതി ചെയ്യുന്ന അയല്‍പക്ക എല്‍.പി.സ്കൂളിന്റേയും “മദര്‍ സ്കൂള്‍ ആക്കി” മാറ്റുകയെന്നതാണ് ലക്ഷ്യമിടുന്നത്. “മദര്‍ സ്കൂളില്‍” നിന്നും ഒരു കിലോ മീറ്റര്‍ ചുറ്റളവിലുളള എല്ലാ എല്‍.പി.സ്കൂളുകളും ഈ സ്കൂളിന്റെ ഫീഡര്‍ സ്കൂളൂകളായിരിക്കും. ഒരു കിലോ മീറ്റര്‍ പരിധിയില്‍ മദര്‍ സ്കൂളുകള്‍ ഇല്ലാത്ത സ്ഥലങ്ങളിലേറ്റവും അടുത്തുളള സ്കൂളായിരിക്കും മദര്‍ സ്കൂള്‍.

മദര്‍ സ്കൂളിനൊപ്പം ആ ഗണത്തിലുള്‍പ്പടുന്ന എല്ലാ സ്കൂളുകളേയും ഒരു കേന്ദ്രമായി പരിഗണിച്ച് വികസന പദ്ധതികള്‍ നടപ്പാക്കും. ഒരു ഗണത്തില്‍ (ക്ളസ്റര്‍) പരിഗണിക്കപ്പടുന്ന മദര്‍ സ്കൂള്‍ ആ പ്രദേശത്ത കുട്ടികളുമായി അകന്നു നില്‍ക്കുന്ന സാഹചര്യമാണ് നിലവിലുളളതെങ്കില്‍ അത്തരം മദര്‍ സ്കൂളുകള്‍ക്ക് പ്രത്യേക പരിഗണന നല്‍കി വികസിപ്പിച്ച് എടുക്കുന്നതിന് പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി നേരിട്ട് നേതൃത്വം നല്‍കും. ബന്ധപ്പട്ട വിദ്യാഭ്യാസ ഓഫീസര്‍ക്ക് വ്യക്തിപരമായ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടുന്ന വിധം പ്രത്യേക ചുമതല നല്‍കും.

ഇതിനായി ഡി.പി.ഐ.യില്‍ ഒരു പ്രത്യേക സെല്‍ പ്രവര്‍ത്തനം ആരംഭിക്കും. എം.എല്‍.എ/എസ്.എസ്.എ/തദ്ദേശ സ്വയംഭരണപദ്ധതി വിഹിതം ഉപയോഗിച്ച് ഈ ക്ളസ്റര്‍ സ്കൂളുകളില്‍ ആവശ്യമായ എല്ലാ സൌകര്യങ്ങളും നിശ്ചിതകാലയളവില്‍ നടപ്പാക്കും.

ഫീഡര്‍ സ്കൂളുകള്‍

പ്രധാനമായും ഒന്നു മുതല്‍ നാലുവരെയുളള സ്കൂളുകളാണ് ഫീഡര്‍ സ്കൂളുകള്‍. കുട്ടി ഇപ്പാള്‍ പഠിക്കുന്ന സ്കൂളിലെ “റോള്‍’’ പ്രകാരം അവര്‍ക്ക് അഞ്ചാം ക്ളാസ്സിലും പഠനം തുടരാവുന്നതാണ്. മദര്‍ സ്കൂളിലെ സൌകര്യങ്ങള്‍ ഉപയോഗിക്കുന്നതിനുതകുംവിധമായിരിക്കും ഒരു ഫീഡര്‍ സ്കൂള്‍.ഒന്നിലധികം മദര്‍ സ്കൂളുകളില്‍ ദൂര പരിധിയിലാകുമെങ്കിലും പ്രധാനമായും സര്‍ക്കാര്‍ നിശ്ചയിക്കുന്ന മദര്‍ സ്കൂളിന്റെ ഫീഡര്‍ സ്കൂളായി മാത്രമായിരിക്കും വികസന പദ്ധതിയില്‍ അംഗമായി നിശ്ചയിക്കുന്നത്. അഞ്ചു തരം മദര്‍-ഫീഡര്‍ സ്കൂളുകളാണ് ഉണ്ടാകുക.

1) ഗവ: മദര്‍ സ്കൂള്‍ + ഗവ: ഫീഡര്‍ സ്കൂളുകള്‍
2) ഗവ: മദര്‍ സ്കൂള്‍ + ഗവ: എയ്ഡഡ് ഫീഡര്‍ സ്കൂളുകള്‍
3) എയ്ഡഡ് മദര്‍ സ്കൂള്‍ + ഗവ:ഫീഡര്‍ സ്കൂളുകള്‍
4) എയ്ഡഡ് മദര്‍ സ്കൂള്‍ + ഗവ:/എയ്ഡഡ് ഫീഡര്‍ സ്കൂളുകള്‍
5) എയ്ഡഡ് മദര്‍ സ്കൂള്‍ + എയ്ഡഡ് ഫീഡര്‍
സ്കൂള്‍കുട്ടികള്‍ക്ക് ആവശ്യമെങ്കില്‍ വാഹന സൌകര്യം സൌജന്യമായി നല്‍കേണ്ടുന്ന ഉത്തരവാദിത്വം മദര്‍ സ്കൂളൂകള്‍ക്കായിരിക്കും.

ആശ്വാസ് “ASWAS”

വിദ്യാഭ്യാസ അവകാശ നിയമം വിഭാവനം ചെയ്യുന്ന കലാ-കായിക പ്രവൃത്തി പരിചയമായ കുട്ടികള്‍ എന്നത് നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ കേന്ദ്രങ്ങളാണ് “ ASWAS ” – (Arts, Sports, Work Experience inSchool) നിശ്ചിത മദര്‍ സ്കൂളുകളിലെ ഒരു ഫീഡര്‍ സ്കൂളിനെ കലാകായിക പ്രവൃത്തി പരിചയ വിദ്യാഭ്യാസത്തിനുതകും വിധം പരിവര്‍ത്തനം ചെയ്ത് മുഖ്യധാര പഠനപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ചേര്‍ക്കുന്നതാണ്.ഇതിനായി കലാകായിക പ്രവൃത്തി പരിചയത്തിന് പരിശീലനം ലഭിച്ച അധ്യാപകരുടെ സേവനം ഉപയോഗപ്പടുത്തും.

ആശ്വാസ് സകൂളുകളില്‍ പ്രവര്‍ത്തിയെടുക്കുന്നതിന് തയ്യാറാകുന്ന സ്പെഷ്യലിസ്റ് അധ്യാപകര്‍ക്ക് പ്രസ്തുത സ്കൂളിലെഹെഡ്മാസ്റര്‍ക്കു പുറമെ ആര്‍ട്ട്/പ്രവൃത്തി/കായിക പരിശീലന വിഭാഗത്തിന്റെ പ്രത്യേക മേല്‍നോട്ട ചുമതലയും നല്‍കുന്നതാണ്.വിദ്യാഭ്യാസ അവകാശനിയമം നടപ്പിലാക്കുന്നതുവഴി സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ മേഖലയിലെ സമഗ്രപരിഷ്കരണം എന്ന നിലക്ക് ആശ്വാസ് സ്കൂളുകള്‍ വരുന്ന അധ്യയനവര്‍ഷം തെര‌ഞ്ഞെടുക്കപ്പെടുന്ന നിയമസഭാ മണ്ഡലങ്ങളില്‍ നടപ്പാക്കുന്നതാണ്.

അധ്യാപക വിന്യാസം

സംസ്ഥാനത്ത് ആകെയുള്ള കുട്ടികളുടെ എണ്ണവും നിലവിലുള്ള ആകെ അധ്യാപകരുടെ എണ്ണവുമായി പരിശോധിക്കുമ്പോള്‍ 22 കുട്ടികള്‍ക്ക് ഒരു അധ്യാപകര്‍ എന്ന അനുപാതമാണുള്ളത്. അതോടൊപ്പം വിദ്യാഭ്യാസ അവകാശനിയമം അനുപാതത്തില്‍ കുട്ടികളെ തിരിച്ചിരുത്തി കഴിയുമ്പോഴും 6209 ക്ളാസ് മുറികള്‍ അധികമായി വരും. പക്ഷെ ഈ കണക്ക് യഥാര്‍ത്ഥ ഡിവിഷന്‍ അടിസ്ഥാനത്തിലുള്ള ആവശ്യവുമായി പൊരുത്തപ്പടുന്നില്ല.അധ്യാപകരുടെ വിദ്യാഭ്യാസ യോഗ്യത പുനര്‍നിശ്ചയിക്കപ്പടുന്ന സാഹചര്യത്തില്‍ യു.പി. വിഭാഗത്തില്‍ ബിരുദവും ടി.ടി.സിയും യോഗ്യതയും ഇല്ലാത്ത അധ്യാപകര്‍ പ്രവര്‍ത്തിക്കുന്നതിന് തടസ്സമാകും. എന്നാല്‍ ആ അധ്യാപകര്‍ക്ക് അഞ്ചാം ക്ളാസില്‍ പഠിപ്പിക്കുന്നതിന് മതിയായ യോഗ്യതയും ഉണ്ട്. മദര്‍ സ്കൂളുകളിലെ അഞ്ചാം ക്ളാസ്സില്‍ പഠിപ്പിക്കുന്നതിന് ഇവരുടെ സേവനം ഉപയോഗപ്പടുത്തണം. ഇപ്രകാരം എട്ടാം ക്ളാസിലെ അധ്യാപനത്തിന് ഇപ്പാള്‍ ഹൈസ്കൂളുകളിലെ അധ്യാപകരെയും വിന്യസിക്കാന്‍ കഴിയും.

അധ്യാപക പാക്കേജ് നടപ്പാക്കിയതു മുതല്‍ എയ്ഡഡ് സര്‍ക്കാര്‍ സ്കൂളുകളിലെ 2010-11 തസ്തികകളുടെ എണ്ണം ആ സ്കൂളിലെ സ്ഥിരം തസ്തികയാണ്. ആകയാല്‍ കുട്ടികളുടെ കുറവുകാരണം 2010-11 ല്‍ സര്‍വീസിലുള്ളഅധ്യാപകന് തസ്തിക നഷ്ടപ്പടുന്നില്ല. എന്നാല്‍ ഘടനാപരമായ മാറ്റം അധ്യാപകരുടെ തരം താഴ്ത്തലിനും സ്ഥലം മാറ്റത്തിനും ഇടയാക്കും. ഉദ്ദേശം 21000 അധ്യാപകര്‍ക്ക് സ്ഥാനചലനം ഉണ്ടാകാനുളള തിനു പുറമെ അഞ്ചാം ക്ളാസിലും എട്ടാം ക്ളാസിലും ചില എയ്ഡഡ് സ്കൂളുകളിലെങ്കിലും പുതിയ നിയമനങ്ങള്‍ക്ക് അവസരം നല്‍കേണ്ട സ്ഥിതിയുമുണ്ടാകും.

ഇതിനു പരിഹാരമായി മദര്‍ സ്കൂളും ഫീഡര്‍ സ്കൂളും ചേരുന്ന ഒരു ഗണത്തില്‍ ഒരു ടീച്ചര്‍ ക്ളസ്റര്‍ പ്രവര്‍ത്തിക്കുകയും ആ അധ്യാപകര്‍ക്ക്നിലവിലുള്ള തസ്തികയില്‍ തന്നെ വേതനവും അവകാശവും ആനുകൂല്യവും ഉറപ്പാക്കുകയും ചെയ്തുകൊണ്ട് ഈ അധ്യാപകരുടെ സേവനം പ്രസ്തുത ഗണത്തില്‍പ്പടുന്ന ഏതു സ്കൂളിലും ഉപയോഗിക്കുന്നതായിരിക്കും.

വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും സമ്പുഷ്ടമാക്കുന്ന അധ്യാപകരുടെ കൂട്ടായ അഭിപ്രായങ്ങള്‍ ഈ പദ്ധതിക്ക് കാതലായ സംഭാവന ചെയ്യുവാന്‍ കഴിയും.

1000 കോടി രൂപ അധിക ചെലവു നടത്തി പുതിയ ക്ളാസ് മുറികള്‍നിര്‍മ്മിക്കുകയും അതേ സമയം നിലവിലുളള 6290 ക്ളാസ് മുറികള്‍ വെറുതെ ഒഴിച്ചിടുന്ന അവസ്ഥയും ഒഴിവാക്കാനും 21000 അധ്യാപകര്‍ക്ക് സ്ഥാനചലനം ഉണ്ടാക്കുന്ന അവസ്ഥയും തുടര്‍ന്നുളള വ്യാപകമായ സ്ഥലമാറ്റങ്ങളും ഒഴിവാക്കുന്നതിനുളള ഇത്തരമൊരു ഘടനാപരമായ പുന:സംവിധാനത്തക്കുറിച്ചുളള ഈ കുറിപ്പ് താങ്കളുടെ സംഘടനയുടെ തലങ്ങളില്‍ ചര്‍ച്ച ചെയ്ത് വ്യക്തമായ മറുപടിക്കുറിപ്പ് തയ്യാറാക്കി നല്‍കണമെന്നഭ്യര്‍ത്ഥിക്കുന്നു.

RTE - Structural Changes (Draft) PDF File

ഇത്തരത്തിലുള്ള ഒരു ചര്‍ച്ച നമുക്കു നയിക്കുകയാണെങ്കില്‍, ഗുണപരമായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെയ്ക്കുകയാണെങ്കില്‍ മാത്​സ് ബ്ലോഗിന്റെ പേരില്‍ നമുക്കും അവ നിര്‍ദ്ദേശിക്കാവുന്നതേയുള്ളു.


Read More | തുടര്‍ന്നു വായിക്കുക

അത്തളപിത്തള തവളാച്ചിപ്പാട്ടുകള്‍ - സമാഹരണപരിപാടി

>> Thursday, April 19, 2012

കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. താരാട്ടു പാട്ടുകള്‍ കേട്ടുറങ്ങാത്ത കുട്ടികളാരാണുണ്ടാവുക? വളര്‍ച്ചയുടെ വിവിധഘട്ടങ്ങളില്‍ പാട്ടുകളുടെ അകമ്പടിയോടെയുള്ള കുട്ടിക്കളികളും അവരെ ജീവിതം തന്നെയാണ് പഠിപ്പിക്കുന്നത്. രസകരങ്ങളും ചിന്തനീയങ്ങളുമായ ഒട്ടേറെ കുട്ടിപ്പാട്ടുകള്‍ നമുക്ക് ചുറ്റുമുണ്ട്. രണ്ടേകാല്‍ വയസു പ്രായമായ എന്റെ മകള്‍ക്കു വേണ്ടി നെറ്റില്‍ പഴയ കുട്ടിപ്പാട്ടുകള്‍ തിരയുമ്പോഴാണ് ആകസ്മികമായി വനിതാലോകം എന്ന ബ്ലോഗില്‍ ഇവ സമാഹരിച്ചിരിക്കുന്നത് കാണാനായത്. ബ്ലോഗിന്റെ അഡ്മിനിലൊരാളായ ഡാലിച്ചേച്ചിയുടെ അനുവാദം വാങ്ങി അവ പുനഃപ്രസിദ്ധീകരിക്കുന്നു. അതോടൊപ്പം തന്നെ കേട്ടതും കേള്‍ക്കാത്തതുമായ ഈ കുട്ടിപ്പാട്ടുകളുടെ വിജയകരമായ സമാഹരണത്തിനു വനിതാലോകം അഭിനന്ദനമര്‍ഹിക്കുന്നു. അതിനെ ഒന്നു കൂടി സമ്പുഷ്ടമാക്കലാണ് മാത്‍സ് ബ്ലോഗിന്റെ ലക്ഷ്യം. കേരളത്തിന്റെ എല്ലാ കോണുകളില്‍ നിന്നും വായനക്കാര്‍ ഉള്ള നമുക്ക്, വേണമെന്നു വിചാരിച്ചാല്‍, കുറേക്കൂടി കളിപ്പാട്ടുകള്‍ ചികഞ്ഞെടുക്കാവുന്നതേയുള്ളു. വനിതാലോകത്തില്‍ സമാഹരിച്ച അന്‍പത്തിരണ്ടു കുട്ടിപ്പാട്ടുകള്‍ ചുവടെ നല്‍കിയിരിക്കുന്നു. അതു സമാഹരിക്കാന്‍ സഹായിച്ച ആളുടെ പേര് ബ്രാക്കറ്റില്‍ ചേര്‍ത്തിട്ടുണ്ട്. ഈ പാട്ടുകള്‍ ഉള്ള പ്രദേശം കൂടെ അറിഞ്ഞിരുന്നെങ്കില്‍ നന്നായിരുന്നു. വീണ്ടും പറയട്ടെ, ഈ പാട്ടുകളിലൂടെ കണ്ണോടിക്കുമ്പോള്‍ വിസ്മൃതിയിലാണ്ടു കിടക്കുന്ന മറ്റു ചില പാട്ടുകള്‍ ഓര്‍മ്മ വരും. അവ കമന്റ് ബോക്സില്‍ എഴുതിച്ചേര്‍ക്കാം. പിന്നീടവ പോസ്റ്റില്‍ ഉള്‍പ്പെടുത്തും. സഹകരണം പ്രതീക്ഷിക്കുന്നു. നമ്മുടെ പൈതൃക സമ്പത്തിനെ മണ്‍മറയാതെ കാത്തുസൂക്ഷിക്കാനുള്ള ഈ യജ്ഞത്തില്‍ പങ്കാളികളാകുമല്ലോ. പിന്നീടൊരിക്കല്‍ റഫറന്‍സിനായി ജനം സമീപിക്കുക ബ്ലോഗുകളെയായിരിക്കും. അക്കാലം വിദൂരമല്ല.

1.
അത്തള പിത്തള തവളാച്ചി
ചുക്കുമേലിരിക്കണ ചൂലാപ്പ്
മറിയം വന്ന് വിളക്കൂതി
ഗുണ്ടാ മണി സാറാ പീറാ ഗോട്ട്.
ഗോട്ട് അടിച്ച് കൈ മലര്‍ത്തി വച്ച് കളി തുടരുന്നു
(ഡാലി)

2.
അക്കുത്തിക്കുത്താന വരമ്പേ കയ്യേ കുത്ത് കരിങ്കുത്ത്
ചീപ്പ് വെള്ളം താറാമ്മെള്ളം താറാമ്മക്കള കയ്യേലൊരു ബ്ലാങ്ക്
അക്കര നിക്കണ ചക്കരപ്രാവിന്റെ കയ്യോ കാലോ ഒന്നോ രണ്ടോ
വെട്ടിക്കുത്തി മടക്കിട്ട്.
(പൊന്നപ്പന്‍)

3.
ഞ-നൊ-രു-മ-നു-ഷ്യ-നെ ക-ണ്ടു
അ-യാ-ളു-ടെ നി-റം എ-ന്ത്?
(പച്ച) പ-ച്ച. (ച്ച തൊട്ട വിരല്‍ ഔട്ട്)
(ഡാലി)

4.
ഒന്ന്, രണ്ട്, മൂന്ന്, നാല്
അഞ്ച്, ആര്, ഏഴ്, എട്ട്
എട്ടും മുട്ടും താമരമൊട്ടും
വടക്കോട്ടുള്ള അച്ഛനുമമ്മയും
പൊ-ക്കോ-ട്ടെ.
(ഡാലി)

5.
നാരങ്ങാ പാല്
ചൂട്ടയ്ക്ക് രണ്ട്
ഇലകള്‍ പച്ച
പൂക്കള്‍ മഞ്ഞ
ഓടി വരുന്ന
<>(വരുന്ന ആളുടെ പേര്)<> പിടിച്ചേ
(ഡിങ്കന്‍, വല്യമ്മായി)

6.
കട്ടുറുമ്പിന്റെ കാത് കുത്തിന്
കാട്ടിലെന്തൊരു മേളാങ്കം
(ഡിങ്കന്‍)

7.
അത്തിള്‍ ഇത്തിള്‍ ബെന്തിപ്പൂ
സ്വര്‍ഗ രാജാ പിച്ചിപ്പൂ
ബ്ലാം ബ്ലീം ബ്ലൂം
(സാരംഗി)

8.
ഉറുമ്പേ, ഉറുമ്പേ
ഉറുമ്പിന്റച്ഛന്‍ എങട്ട് പോയി?
ചാത്ത്ണ്ണാന്‍ പോയി
നെയ്യില് വീണ് ചത്തും പോയി
കൈപ്പടത്തിന്റെ പുറകിലെ തൊലിയില്‍ നുള്ളി പിടിച്ച്,ഒന്നിനുമുകളില്‍ ഒന്നായി എല്ലാവരും പിടിച്ച് ഒര്രു ഉയര്‍ന്ന ഗോപുരം പോലെ പിടിച്ച്, ആട്ടീ, ചത്തും പോയി എന്നു പറയുമ്പോള്‍ വിടണം.
(-സു-സുനില്‍)

9.
പിന്‍ പിന്‍ ദെസറപ്പിന്‍
കൊച്ചിലോ ദെ അല്‍മാസിന്‍
ഹൌ ഹൌ തി കരബാവൊ
ബാ -തൊ- തിന്‍
(തമനു)

10.
ഉറുമ്പുറുമ്പിന്റെ കാതു കുത്ത്
അവിടന്നും കിട്ടീ നാഴിയരി
ഇവിടന്നും കിട്ടീ നാഴിയരി
അരി വേവിയ്ക്കാന്‍ വിറകിനു പോയി
വിറകേലൊരു തുള്ളി ചോരയിരുന്നു
ചോര കഴുകാന്‍ ആറ്റില്‍ പോയി
ആറ്റില്‍ ചെന്നപ്പോ വാളയെ കണ്ടു
വാളയെ പിടിയ്ക്കാന്‍ വള്ളിയ്ക്കു പോയി
വള്ളിയേ തട്ടീ തടു പുടു തടു പുടു തടു പുടൂ.
(അപ്പൂസ്)

11.
മുറ്റത്തൊരു വാഴ നട്ടു.. വേലി കെട്ടി.. വെള്ളമൊഴിച്ചു.. കാവല്‍ നിര്‍ത്തി.. വാഴ കുലച്ചു.. കുല കള്ളന്‍ കൊണ്ടു പോയി.. കള്ളന്‍ പോയ വഴി അറിയോ.. ഇതിലേ ഇതിലേ.. കിക്കിളി കിക്കിളി..
(സിജു)

12.
അരിപ്പോ തിരിപ്പോ തോരണിമംഗലം
പരിപ്പൂ പന്ത്രണ്ടാനേം കുതിരേം
കുളിച്ച് ജപിച്ച് വരുമ്പം
എന്തമ്പൂ?
മുരിക്കുമ്പൂ!
മുരിക്കി ചെരിക്കി കെടന്നോളെ
അണ്ണായെണ്ണ കുടിച്ചോളെ
അക്കരനിക്കണ മാടോപ്രാവിന്റെ
കയ്യോ കാ‍ലോ രണ്ടാലൊന്ന്
കൊത്തിച്ചെത്തി
മടം കാട്ട്.
ഇത് പാടുമ്പോളെക്കും കൈ മലറ്ത്തിയിരിക്കണം.
(പ്രമോദ്)

13.
അരിപ്പ തരിപ്പ
താലിമംഗലം
പരിപ്പുകുത്തി
പഞ്ചാരെട്ട്
ഞാനുമെന്റെ
ചിങ്കിരിപാപ്പന്റെ
പേരെന്ത്???
(അവസാനം വന്ന ആള്‍ ഒരു പേരു പറയുന്നു - ‘പ്രമോദ്‘ പിന്നെ ഓരോരുത്തരേയും തൊട്ടുകൊണ്ട്)
പ്ര
മോ
ദ്

ന്നാ
കു
ന്നു.
അവസാനം വന്ന ആള്‍ പുറത്ത്.
(-സുല്‍)


14.
അപ്പോം ചുട്ട്..അടേം ചുട്ട്
എലേം വാ‍ട്ടി .. പൊതിം കെട്ടി
അമ്മൂമ അതേയ്..പോയ്..
ഏത്യേയ് പോയ്?
ഇതേയ്യ്..പോയ്.. ഇക്കിളി..കിളികിളി...
(ഡിങ്കന്‍)

15.
ഒന്നാം കോരിക പൊന്നും തന്നാല്‍
പെണ്ണിനെ തരുമോ പാണ്ഡവരേ

ഒന്നാം കോരിക പൊന്നും തന്നാല്‍
ഏതും പോരാ സമ്മാനം

രണ്ടാം കോരിക പൊന്നും തന്നാല്‍
പെണ്ണിനെ തരുമോ പാണ്ഡവരേ

രണ്ടാം കോരിക പൊന്നും തന്നാല്‍
ഏതും പോരാ സമ്മാനം.
അങ്ങനെ പത്തു വരെ പാടും.
എന്നിട്ടും സമ്മാനം പോരാ എന്ന് പറഞ്ഞാല്‍ പിന്നെ പെണ്ണിനെയും കൊണ്ട് ഒരു ഓട്ടമാണ്
(പ്രമോദ്)

16.
ചാമ്പേ റോസക്കാ
കൊല കൊലാ മുന്തിരിങ്ങാ
നരീ നരീ ചുറ്റിവാ
(ഇഞ്ഛി, പ്രമോദ്)

17.
ഡും ഡും ഡും
ആരാത്?
ഞാനാണ്

എന്തിനു വന്നു?
പന്തിനു വന്നു.

എന്ത് പന്ത്?
മഞ്ഞപ്പന്ത്

എന്ത് മഞ്ഞ?
മുക്കുറ്റി മഞ്ഞ

എന്ത് മൂക്കുറ്റി?
പീലി മൂക്കുറ്റി

എന്ത് പീലി?
കണ്‍പീലി

എന്ത് കണ്ണ്?
ആനക്കണ്ണ്

എന്ത് ആന?
കാട്ടാന

എന്ത് കാട്?
പട്ടിക്കാട്.

എന്ത് പട്ടി?
പേപ്പട്ടി.

എന്ത് പേ?
പെപ്പരപേ!!
(പീലികുട്ടി, വിശാലമനസ്കന്‍)

18.
അപ്പോം ചുട്ട് അടേം ചുട്ട്
അപ്പന്റെ വീട്ടില്‍ ഓണത്തിനു പോമ്പം
*ആ‍ട കല്ല്
*ഈട മുള്ള്
ഈട നായിത്തീട്ടം
ഈട കോയിത്തീട്ടം
ഈട ഇക്കിളി കിളി കിളി
ഇതും പറഞ്ഞ് മുത്തശ്ശിമാറ് കുട്ടികളുടെ കക്ഷങ്ങളില്‍ ഇക്കിളികൂട്ടും.
* ആട=അവിടെ,ഈട=ഇവിടെ:കണ്ണൂറ് ഭാഷ.
(പ്രമോദ്)

19.
ആകാശം ഭൂമി
ആലുമ്മെ കായ
ആന വിരണ്ടാ
അടുപ്പില് പൂട്ടാം
(ഡിങ്കന്‍)

20.
കള്ളും കുടിച്ച് കാട്ടില്‍ പോകാ?
ഉം.
കള്ളനെ കണ്ടാല്‍ പേടിക്ക്വ?
ഇല്ല.
ഫൂ’ എന്നും പറഞ്ഞ് കണ്ണിലേക്ക് നോക്കി ഒറ്റ ഊതല്‍.
കണ്ണു പൂട്ടിയാല്‍ പേടിച്ചു എന്നര്‍ത്ഥം
(പ്രമോദ്)

21.
അണ്ടങ്ങ..മുണ്ടക്ക
ഡാമ ഡൂമ ഡസ്ക്കനിക്ക
കോക്കനിക്ക ഡെയ്..
അല്ലീ.മല്ലീ സെയ്.
പട്ടണങ്ക് പോ
(ഡിങ്കന്‍, ഡാലി)

22.
ജിമിക്കി ജിമിക്കി ജാനകി
വെള്ളം കോരാന്‍ പോയപ്പോള്‍
അടുത്ത വീട്ടിലെ സായിപ്പ്
കണ്ണിറുക്കു കാണിച്ച്
എന്നാ മോളേ കല്യാണം
അടൂത്ത മാസം പത്തിന്
ഏതാമോളേ ചെക്കന്‍
എക്സ്പ്രസ് ദിനകരന്‍
(ഡിങ്കന്‍, വിശാലമനശ്കന്‍, ഡാലി)

23.
ആട്ടി കള
കാട്ടീ കള
നീട്ടി കള
പയ്യനെ
ഹൈലസമ്പിടി ഹൈലസ
(ഡിങ്കന്‍)

24.
എന്തും പന്ത്?
ഏറും പന്ത്.
എന്തിനു കൊള്ളാം.
എറിയാന്‍ കൊള്ളാം.
ആരെ എറിയാന്‍...........
എല്ലാവരേം എറിയാന്‍ ......എന്നാ പിടിച്ചോ.....
(കൂറുമാന്‍)

25.
ഉപ്പിനു പോകണവഴിയേതു ..
കായം കുളത്തിനു തെക്കെതു
(ഇതു മുഴുവന്‍ ഇല്ല എന്ന് തോന്നുന്നു)
(പ്രിയംവദ)

26.
ആരാത്?
മാലാഖാ..
എന്തിനു വന്നു?
എഴുത്തിനു വന്നു...
എന്തെഴുത്ത്?
തലേലെഴുത്ത്...
എന്തു തല?
മൊട്ടത്തല...
എന്തു മൊട്ട?
കോഴിമൊട്ട...
എന്തുകോഴി?
കാട്ടു കോഴി...
എന്തു കാട്?
കുറ്റിക്കാട്?
എന്തു കുറ്റി?
കരണക്കുറ്റീ.. "ഠേ"
(പുള്ളി)

27.
എന്നെ വിളിച്ചോ?
വിളിച്ചു
ആര്‌?
തെങ്ങിണ്റ്റെ ആര്‌
എന്തു തെങ്ങ്‌?
കൊന്നത്തെങ്ങ്‌
എന്തു കൊന്ന?
കണിക്കൊന്ന
എന്തു കണി?
വിഷുക്കണി
എന്തു വിഷു?
മേട വിഷു
എന്തു മേട?
മണി മേട
എന്തു മണി?
(വനജ)

28.
പൂപറിക്കാന്‍ പോരുമോ
ആരെ നിങ്ങല്‍ക്കാവശ്യം
(ഒരു പേര്) ഞങ്ങള്‍ക്കാവശ്യം
കൊണ്ട് പോണത് കാണട്ടമ്പിടി രാവിലേ
(പേര് പറഞ്ഞ ആളെ മറ്റേ ഗ്രൂപ്പ്‌ക്കാര്‍ വലിച്ച് കൊണ്ട് പോകുന്നു)
(ഡാലി)

29.
തങ്കപ്പന്‍ തലകുത്തി
ചന്തയ്ക്ക് പോയപ്പോള്‍
തങ്കമ്മ പെറ്റത്
തവളക്കുട്ടി

ആന വിരണ്ടത്
ആലില്‍ തളച്ചപ്പോള്‍
കൊമാങ്ങ പൂത്തത്
കൊട്ടത്തേങ്ങ
(ഡിങ്കന്‍)

30
അക്കുത്തിക്കുത്താന
പെരുങ്കുത്തക്കരെ നിക്കണ ചക്കിപ്പെണ്ണിന്റെ കയ്യോ കാലോ
രണ്ടാലൊന്ന്, തട്ടീ മുട്ടീ മലത്തിങ്ക്ലാ
മലത്തിങ്ക്ലാ കൈപ്പത്തി മലര്‍ത്തണം. അടുത്ത റൌണ്ടില്‍ “മലത്തിങ്ക്ല” എന്നത് മലര്‍ത്തിയ കൈപ്പത്തിയില്‍ വന്നാല്‍, ആ കൈ ഔട്ട്
(-സു-സുനില്‍)

31.
തപ്പോ തപ്പോ തപ്പാണി
തപ്പുകുടുക്കയിലെന്തുണ്ട്‌
നാഴിയുരി ചോറുണ്ട്‌
അമ്മാമന്‍ വന്നേ വിളമ്പാവൂ
അമ്മാമി തന്നേ ഉണ്ണാവൂ
..
“ദില് ഉപ്പുണ്ടോ? ദില് ഉപ്പുണ്ടോ?" (ഇതില്‍ ഉപ്പുണ്ടോ?)
എന്ന് ചോദിച്ച് ഓരോ വിരലുകളും മടക്കി വെക്കുന്നു. അവസാനം അഞ്ചു വിരലുകളും മടക്കി കഴിഞാല്‍.

“"അച്ഛന്റമ്മാത്തേക്ക് ഏത്യാ വഴീ, ഏത്യാ വഴീ “
എന്ന്‌ ചോദിച്ച് മടക്കിയ വിരലുകള്‍ക്‌ മുകളിലൂടെ വിരലോടിച്ച് കുട്ടിയുടെ കക്ഷം വരെ എത്തിച്ച് കുട്ടിയെ കിക്കിളിയാക്കും
(-സു-സുനില്‍)

32.
വാ പൈങ്കിളി
പോ പൈങ്കിളി
പൊന്നും പൈങ്കിളി
പാറിപ്പോയ്.
കൈവിരലുകള്‍ നിവര്‍ത്തിയും മടക്കിയൂം കുട്ടികളെ കളിപ്പിക്കുന്ന ഏര്‍പ്പാടാണ്.
(-സു-സുനില്‍)

33.
ഐ സീ എ ചേരപ്പാമ്പ്..
ഓടിച്ചെന്ന് തെങ്ങുമ്മെക്കേറി..
ഹെഡ്ഡും കുത്തി നെലത്തിയ്ക്ക് വീണു..
ഹെഡ്ഡിലിത്തിരി മണ്ണായി..
ഹെഡ്ഡ് കഴുകാന്‍ ചെന്നപ്പൊ..
നോ വാട്ടര്‍!!!
(അനിയന്‍കുട്ടി)

34.
പപ്പടക്കാരനെ പട്ടി കടിച്ചു
പപ്പടകോലോണ്ടൊന്നു കൊടുത്തു
ബൗ ബൗ ബൗ

കൈ കൂപ്പുന്ന പോലെ പിടിച്ച് വിരലുകള്‍ അകത്തി,മുഖത്ത് താടി,ഇടത് കവിള്‍,നെറ്റി,വലത് കവിള്‍,താടി(മൂന്ന് തവണ ഒരോ ബൗ എന്നതിനൊപ്പം)എന്നിവിടങ്ങളില്‍ അടിക്കുന്നു പാട്ടിനൊപ്പം.
(വല്യമ്മായി)

35.
കൊച്ചുകുഞ്ഞുങ്ങളുടെ കൈ കൊട്ടിച്ച്

കൈകൊട്ടുണ്ണി കൈകൊട്ട്
അപ്പം തിന്നാന്‍ കൈകൊട്ട്
ചക്കര തിന്നാന്‍ കൈകൊട്ട്
കൈകൊട്ടുണ്ണി കൈകൊട്ട്
(വല്യമ്മായി)

36.
അക്കുത്തിക്കുത്താന വരമ്പേ കയ്യേ കുത്ത് കരിങ്കുത്ത്
പന്ത്രണ്ടാന്‍ കുളിച്ചു വരുമ്പോള്‍
പരിപ്പുകുത്തി പാച്ചോറു വച്ചു
ഞാനുമുണ്ടു, സഖിയുമുണ്ടു, സഖീടച്ചന്റെ പേരെന്ത്? മുരിങ്ങത്തണ്ട്
മുരിങ്ങതണ്ടും തിന്നവളെ, മുന്നാഴിയെണ്ണ കുടിച്ചവളേ
അക്കര നിക്കണ മാടപ്രാവിന്റെ കയ്യോ കാലോ വെട്ടിക്കുത്തി മടക്കണം ഒന്ന്.
(ശാലിനി)

37.
ദോശമ്മേ ദോശ
കലക്കി ചുട്ട ദോശ
അച്ഛന് അഞ്ച്
അമ്മയ്ക്ക് നാല്
ചേട്ടനു മൂന്ന്
ചേച്ചിക്കു രണ്ട്
എനിക്കൊന്നേ (എണ്ണാന്‍ പഠിപ്പിക്കുകയായിരിക്കും ലക്ഷ്യം)
(ശാലിനി)

38.
അച്ഛന്‍ വന്നു
കസേരയിലിരുന്നു
റേഡിയോ എടുത്തു
മടിയില്‍ വച്ചു,
കീ കൊടുത്തേ (ഓരോ വരിയും കൈവിരല്‍ തുമ്പില്‍ നിന്ന് തുടങ്ങി അളന്ന്, ചെവി വരെയെത്തി കീകൊടുത്തേ എന്നു പറയുമ്പോള്‍ ചെവിപിടിച്ചു തിരിക്കും)
(ശാലിനി)

39.
"ഒന്നാമന്‍ ഓമനക്കുട്ടോ"
എന്തോ?
"പേരെന്താ?"
പേരക്ക.
"നാളെന്താ?"
നാരങ്ങ.
"എത്ര ചാട്ടത്തിനു വരും?"

(പറയുന്ന അത്രയും ചാട്ടത്തിനു വന്നില്ലെങ്കില്‍ അടി)
"രണ്ടാമന്‍ രാജാവേ?"
.....
(പുരുഷന്‍ പിള്ള)

40.
“രാരി തത്തമ്മേ
എന്നെ കൊഴി കൊത്തല്ലേ
കോഴി കൊത്ത്യാലൊ
എന്റെ മാല പൊട്ടൂല്ലോ
മാല പൊട്ട്യാലോ
എന്നെ അച്ഛന്‍ തല്ലൂലോ
അച്ഛന്‍ തല്യാലോ
എന്നെ അമ്മ കൊല്ലൂല്ലോ
അമ്മ കൊന്നാലോ
എന്നെ വലിച്ചെറിയൂലോ
വലിച്ചെറിഞ്ഞാലോ
എന്നെ ചിതലരിക്കൂലോ
ചിതലരിച്ചാ‍ലോ
എന്നെ കോഴി കൊത്തൂലോ“
(ഡിങ്കന്‍)

41.
“അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു
കാക്കകൊത്തി കടലിലിട്ടു,
മുങ്ങാപ്പിള്ളേരു മുങ്ങിയെടുത്തു
തട്ടാപ്പിള്ളേരു തട്ടിപ്പറിച്ചു
വാണിപ്പിള്ളേരു വായിലിട്ടു“
(സ്വപ്ന.ബി.ജോര്‍ജ്ജ്)

42.
നാരങ്ങാപ്പാല് ചൂണ്ടയ്‌ക്ക് രണ്ട്
ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ
ഓടിവരുന്നേ ചാടിവരുന്നേ
ഓമനക്കുട്ടന്റെ പേരെന്ത്..?
(കുട്ടികള്‍ വട്ടം നിന്ന് കൈകോര്‍ത്ത് പിടിച്ച് മുകളിലേക്കും താഴേക്കും ആട്ടിക്കൊണ്ട് പാടുന്ന ഒരു പാട്ടാണിത്)
(ഈയുള്ളവന്‍)

43.
ടം പടം പപ്പടം
പടം പടം പപ്പടം
അപ്പുറം ഇപ്പുറം ഒരു പോലെ പപ്പടം
കണ്ണുള്ള പപ്പടം കവിളുള്ള പപ്പടം
അയ്യയ്യാ വീണുപോയി പൊടി പൊടി പപ്പടം ..!
(ഈയുള്ളവന്‍)

44.
ഒരു പച്ചത്തവള ചാടിച്ചാടിപ്പോകുമ്പോള്‍
ഒന്നും കൂടി വന്നെന്നാല്‍ അപ്പോഴെണ്ണം രണ്ട്..
രണ്ട് പച്ചത്തവള ചാടിച്ചാടിപ്പോകുമ്പോള്‍
ഒന്നും കൂടി വന്നെന്നാല്‍ അപ്പോഴെണ്ണം മൂന്ന്

ഇതിങ്ങനെ പത്തുവരെ പാടും. എണ്ണം പഠിപ്പിക്കുക തന്നെയായിരിക്കും ലക്ഷ്യം
(ഈയുള്ളവന്‍)

45.
മേലോട്ട്‌ നോക്കെടി ചക്കീ
ഏറോപ്ളേന്‍ പോണതു കണ്ടോ
അയ്യ! ഇതാരുടെ വേല
ഇത്‌ സായിപ്പമ്മാരുടെ വേല.
(എ.കെ സൈബര്‍)

46.
``വരവര ചോക്ക
ചെമ്പരത്തിച്ചോക്ക
ജനപുസ്‌.. ജനപുസ്‌...
തൊട്ടാവാടി മുല്ലപ്പൂ...!''
(മുഖ്താര്‍ ഉദരംപൊയില്‍)

47.
``അളിയങ്കാക്ക വെളിയങ്കോട്‌
പോയി വരുമ്പോള്‍
ആപ്പ്‌ സോപ്പ്‌ സുറുമ കണ്ണാടി
കണ്ടാ കൊണ്ടരണേ...''
(മുഖ്താര്‍ ഉദരംപൊയില്‍)

48.

``അന്നക്കൂട്ട്യല്ലെ
പൊന്നും കട്ട...
ഓളെക്കൊണ്ടല്ലേമ്മാ...
ത്വൈര്യക്കേട്‌...''

(മുഖ്താര്‍ ഉദരംപൊയില്‍)

49.
``സുലൈമങ്കാക്കാ... സുലൈമങ്കാക്കാ...
കൊട്ടീലെന്താണ്‌...?
പവുത്ത മാങ്ങ... പവുത്ത മാങ്ങ...
പൈസക്ക്‌ രണ്ടാണ്‌...!
മാങ്ങിക്കൊ മോളേ... മാങ്ങിക്കൊ മോളേ...
തൊള്ളക്ക്‌ ചാതാണ്‌...!
മാണ്ടക്കാക്കാ... മാണ്ടക്കാക്കാ...
പള്ളക്ക്‌ കേടാണ്‌...!''
(മുഖ്താര്‍ ഉദരംപൊയില്‍)

50.
`അരിപ്പോം തിരുപ്പോം
ചോട്ട്‌ലെ മങ്ക
അട്‌പ്പീക്കെടക്ക്‌ണ
നീന്തറ വായ
ചുട്ട്‌ കരിച്ചോ
കായാമ്മോളെ കമ്മോളെ
ആണ്ടിത്തോണ്ടി
കുഞ്ഞിക്കയ്യാലൊന്ന്‌
മലത്തി വെ ച്ചാ ട്ടെ...!'
(മുഖ്താര്‍ ഉദരംപൊയില്‍)

51.
``ചക്കപ്പയം
പവു... പവു... പവുത്തു...
ആയ്‌ച്ചക്കുട്ടി അറുത്തു
നബീസാക്കും കൊടുത്തു
അതിലുണ്ടൊരു വല്ലിപ്പ
വടീം കുത്തിപ്പുറപ്പെടുന്നേ...''
(മുഖ്താര്‍ ഉദരംപൊയില്‍)

52.
``അപ്പിളിപ്പിളി സൈനബാ...
ഇച്ചും തര്വോ പത്തിരി...!
അപ്പം ചുട്‌ ചുട്‌ പാത്തുമ്മാ...
ഇപ്പം വരും പുത്യാപ്പള...
വന്ന പുത്യാപ്പള മടങ്ങിപ്പോയി...
ചുട്ട അപ്പം കരിഞ്ഞും പോയി...''
(മുഖ്താര്‍ ഉദരംപൊയില്‍)
ഇത്രയും പാട്ടുകളിലൂടെ കണ്ണോടിച്ചപ്പോള്‍ പഴയ ചില പാട്ടുകളും ചില അനുഭവങ്ങളുമെല്ലാം ഓര്‍മ്മ വന്നില്ലേ...... അവ നമുക്ക് പങ്കുവെക്കാം. കമന്റുകള്‍ പ്രതീക്ഷിക്കുന്നു.


Read More | തുടര്‍ന്നു വായിക്കുക

എട്ടാം ക്ലാസ്'

>> Friday, April 13, 2012


ഈ വരുന്ന അധ്യയനവര്‍ഷം നമ്മുടെ പൊതുവിദ്യാലയങ്ങളില്‍ ഘടനാപരമായ പ്രധാനപ്പെട്ട മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് പ്രഖ്യാപിക്കപ്പെട്ടുകഴിഞ്ഞു. അഞ്ചാംക്ലാസ് എല്‍പിയുടേയും എട്ടാം ക്ലാസ് യുപിയുടെയും ഭാഗമായി മാറുന്നത് പരോക്ഷമായാണത്രെ.(എന്ന് വെച്ചാല്‍ മാറുമോ എന്ന് ചോദിച്ചാല്‍ മാറും, ഇല്ലേയെന്ന് ചോദിച്ചാല്‍ മാറില്ല!) എന്നാല്‍ ഇതുസംബന്ധിച്ച് ഇപ്പോഴും കൃത്യമായ ധാരണകള്‍ കൈവരാത്തത്, ധാരാളം ആശങ്കകള്‍ക്ക് കാരണമായിട്ടുണ്ട്. അത്തരമൊരാശങ്കയാണ് ശ്രീ ടി പി കലാധരന്‍മാഷ് ആക്ഷേപഹാസ്യരൂപേണ ഇവിടെ പങ്കുവെയ്ക്കുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായങ്ങളോട് യോജിക്കുന്നവര്‍ക്കും എതിര്‍ക്കുന്നവര്‍ക്കും തങ്ങളുടെ വാദമുഖങ്ങള്‍ അവതരിപ്പിക്കാന്‍ ഒരു വേദിയെന്ന നിലയിലാണ് മാത്​സ് ബ്ലോഗ്, അദ്ദേഹത്തിന്റെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരുന്ന ഈ ലേഖനം സമ്മതത്തോടെ പുന:പ്രസിദ്ധീകരിക്കുന്നത്. ഈ ഒഴിവുകാലത്ത് ആരോഗ്യകരമായ ഒരു 'ഞായറാഴ്ച സംവാദ'ത്തിലൂടെ മാത്​സ് ബ്ലോഗിന്റെ "വൈബ്രന്റായ"പഴയകാലത്തേക്ക് എത്തിപ്പെടുകയുമാകാം, അല്ലേ..?
--------------------------------------------------------------------------------"കത്ത് നിറുത്തുകയാണ്. വീണ്ടുമൊരിക്കല്‍ എഴുതാന്‍ കഴിഞ്ഞില്ലെന്നു വരാം .എങ്കിലും മറക്കരുത്.
എന്ന് വ്യസനസമേതം
സ്വന്തം എട്ടാം ക്ലാസ്
ഒപ്പ് "
കത്തിന്റെ അവസാന ഭാഗം എഴുതിക്കഴിഞ്ഞപ്പോള്‍ അല്പം ആശ്വാസം . ഓര്‍മകളുടെ പുരാവസ്തുശേഖരം കണ്ടു തീര്‍ന്ന പ്രതീതി. സ്കൂള്‍ മുറ്റത്തെ പൂവാക വേനല്പ്പൂക്കളില്‍ ചോന്നു നിന്നു. അവധിക്കു പോയ കുട്ടികള്‍ ക്ലാസ് കയറ്റം കിട്ടി മടങ്ങി വരുമ്പോള്‍ ഇവിടെ ഞാന്‍ ഉണ്ടാകുമോ ? എട്ടാം ക്ലാസ് നിശ്വസിച്ചു.
പണ്ട് പെണ്‍കുട്ടികള്‍ക്ക് ഉത്സാഹമായിരുന്നു എട്ടാം ക്ലാസ് .
ഏഴാം ക്ലാസിലെ അരപ്പാവാടയില്‍ നിന്നും പാദംമുട്ടിപ്പാവാട ആദ്യം അണിഞെത്തുന്ന എട്ടാം ക്ലാസ് .
ആണ്‍ കുട്ടികള്‍ നിക്കറില്‍ നിന്നും ഒറ്റ മുണ്ടിലേക്ക് പ്രായം മാറ്റുന്ന എട്ടാം ക്ലാസ്.
ഏഴില്‍ നിന്നും എട്ടില്‍ എത്തുക .ഹൈസ്കൂളില്‍ ആവുക എന്നൊക്കെ പറഞ്ഞാല്‍ ആള്‍ പ്രമോഷന്‍ ഇല്ലാത്ത അന്നത്തെ കാലത്ത് വലിയ സംഭവം തന്നെ. പഠനത്തിന്റെ രസതന്ത്രം മാറും. പലവട്ടം തോറ്റു കിടന്നവരും ഒരു വട്ടം പോലും തോല്‍ക്കാതെ വന്നവരും എല്ലാം ചേരുമ്പോള്‍ ...
ഇന്ന് ഇതാ ഇവിടം ഒരു ആസന്ന മരണവീട് പോലെ. ബഞ്ചുകളും ഡസ്കുകളും മ്ലാനമായി മിഴി താഴ്ത്തി അങ്ങനെ. കുട്ടികള്‍ കോറിയിട്ട പേരുകള്‍ ,കൌമാര ചിഹ്നങ്ങള്‍ നിശബ്ദതയുടെ ആഴം കൂട്ടി...എട്ടാം ക്ലാസ് എഴുതി പൂര്‍ത്തിയാക്കിയ കത്തില്‍ വീണ്ടും കണ്ണോടിച്ചു..
പ്രിയ ചെങ്ങാതീ/ സ്നേഹിതരേ
എന്നെ പറിച്ചു മാറ്റാനുള്ള തീരുമാനം പത്രങ്ങളില്‍ വായിച്ചു കാണും.
ഞാന്‍ എവിടെ ആയാലും കുട്ടികള്‍ ഏഴില്‍ നിന്നും ജയിച്ചു വരുന്നവര്‍ തന്നെ .എനിക്ക് അതില്‍ വിഷമം ഇല്ല
പക്ഷെ നിങ്ങളെ ഓര്‍ക്കുമ്പോള്‍ ..
ഇനി മുതല്‍ ഹൈസ്കൂളില്‍ പഠിപ്പിക്കാന്‍ നിങ്ങള്ക്ക് ബിരുദാനന്തര ബിരുദം വേണം. ഇപ്പോള്‍ തന്നെ പത്തിരുപതിനായിരം അധ്യാപകര്‍ ഈ യോഗ്യത ഉള്ളവര്‍ ആണ്. അവര്‍ ഒമ്പത് മുതല്‍ പഠിപ്പിക്കും.
യോഗ്യത ഇല്ലാത്തവരെ എന്ത് ചെയ്യും?. ശമ്പളം സംരക്ഷിച്ചു പെന്‍ഷന്‍ ആകും വരെ ഹൈസ്കൂളില്‍ നിര്‍ത്തുമോ ? ഏയ്‌ .അതുണ്ടാവില്ല. കാരണം അവര്‍ ഒമ്പതില്‍ പഠിപ്പിക്കാന്‍ യോഗ്യത ഉള്ളവര്‍ അല്ലല്ലോ. അപ്പോള്‍ പിന്നെ ശമ്പളം സംരക്ഷിച് അയോഗ്യരെ യു പി യിലേക്ക് ഇറക്കി വിടും. ഇന്നലെ വരെ ഹൈസ്കൂള്‍ മാഷായിരുന്ന പ്രഭാകരന്‍ സര്‍ ,മെഴ്സിടീച്ചര്‍ എല്ലാം നാളെ മുതല്‍ യുപി സ്കൂളിലേക്ക് .എന്നോടൊപ്പം അവര്‍ക്ക് പോരേണ്ടി വരുമോ? അങ്ങനെ വന്നാല്‍ അവര്‍ അതിനു സമ്മതിക്കുമോ? അവരുടെ തസ്തികയുടെ പേര് തരം താഴ്ത്തി മാറ്റിക്കൊടുക്കുന്നത് എളുപ്പം സാധ്യമാണോ ? ആലോചിച്ചിട്ട് ഒരു എത്തും പിടീം കിട്ടുന്നില്ല .
യു പി സ്കൂളില്‍ ബിരുദവും ബി എഡും വേണമത്രേ !
ഒരു സിംഗിള്‍ മാനേജ് മെന്റ് സ്കൂളിലെ ഏഴാം ക്ലാസ് ഇന്നലെ വിളിച്ചു പറഞ്ഞു അവിടെ ബിരുദം ഉള്ള ആരും ഇല്ലെന്നു. എല്ലാം ടി ടി സി .!
ഇങ്ങനെ ഉള്ള സ്കൂളില്‍ പഴയ അവസ്ഥ തുടരുമോ ?
എട്ടാം ക്ലാസില്‍ നിന്നും കുടിയിറക്കി വിടുന്ന /അല്ലെങ്കില്‍ ബിരുദവും ബി എഡും ഉള്ളവര്‍ക്ക് പുതിയ സ്കെയില്‍ നല്‍കണ്ടേ? . യുപി സ്കൂളില്‍ രണ്ടു തരം അധ്യാപകര്‍. തുല്യ ജോലി. വേതനം രണ്ട്. അങ്ങനെ സംഭവിച്ചാല്‍ ഇത് അധ്യാപകര്‍ വക വെച്ച് കൊടുക്കുമോ എന്നും അറിയില്ല.അല്ല യു പി സ്കൂളില്‍ ബിരുദം ബി എഡും ഇല്ലാത്തവരെ എന്ത് ചെയ്യും ? ആക്രി തൂക്കി വില്‍ക്കും പോലെ വില്കാന്‍ പറ്റില്ലല്ലോ .അവരെ എല്‍ പിയിലേക്ക് തുരത്തി ഓടിക്കുമോ ?
എല്‍ പി സ്കൂളില്‍ മാനേജര്‍മാര്‍ ആഘോഷം നടത്തും ഒരു ക്ലാസ് കൂടി വരികയല്ലേ .ഒരു മുറി പണിതാലും വേണ്ടില്ല അഞ്ചാം ക്ലാസ് പുതിയ സാധ്യത തുറന്നിടും.
പക്ഷെ എല്‍ പി അധ്യാപകര്‍ ഹിന്ദീം പഠിപ്പിക്കേണ്ടി വരില്ലേ. അല്ലെങ്കില്‍ എന്ത് ഹിന്ദി !
യു പി സ്കൂള്‍ ഇപ്പോള്‍ പഴയ കഥയുടെ പാരഡി പാടുകയാണ് .
"അഞ്ചു പോയി എട്ടു കിട്ടി ഡും ഡും "
എനിക്ക് സന്തോഷം ഒരു വന്‍മതില്‍ തകരുന്നതില്‍ ആണ്. പ്ലസ് ടു വന്നപ്പോള്‍ ചില സ്കൂളുകളില്‍ അവര്‍ക്കായി പ്രത്യേക സ്റാഫ് റൂം .പത്രാസ് സൌകര്യങ്ങള്‍. പുത്തന്‍ വര്‍ഗ വിഭജനം. ഒന്നിചിരുന്നാല്‍ ലോകാവസാനം എന്ന് പ്രച്ചരിപ്പിച്ചവര്‍ ഇനി ഒമ്പതിലും എട്ടിലും കൂടി പഠിപ്പിക്കേണ്ടി വരില്ലേ. അല്ലെങ്കില്‍ ഒമ്പതില്‍ പഠിപ്പിക്ക്ന്നവര്‍ പ്ലസ് ടുവിനും പഠിപ്പിക്കില്ലേ .സ്റാഫ് റൂം മതില്‍ ഇടിഞ്ഞു വീഴും.
പ്രിന്‍സിപ്പല്‍ ഹെഡ് മാഷ്‌ പോര് മുറുകുമോ അവസാനിക്കുമോ?
എച് എം പ്രമോഷന്‍ കൊതിച്ചിരുന്ന ഹൈ സ്കൂളുകാര്‍ക്കു അത് കിട്ടാക്കനിയാകുമോ?
മീറ്റര്‍ സ്കെയില്‍ വെച്ച് മണിക്കൂറും പിരീടും ഒക്കെ അളന്നു മാസ്റര്‍ സ്കെയിലില്‍ തസ്തികയും ശമ്പളവും നല്‍കുന്ന അവസ്ഥയില്‍ മാറ്റം വരുമോ? പ്രത്യേകിച്ചും സ്പെഷ്യലിസ്റ്റ് അധ്യാപകര്‍. പാര്‍ട്ട് ടൈമിലും ഫുള്‍ ടൈമിലും ഓടുന്നവര്‍ .
എട്ടു വരെ താഴേക്കു പോകുമ്പോള്‍ നമ്മുടെ ഡി ഇ ഓ സാര്‍ യു പിയിലേക്ക് പോകുമോ? എ ഇ ഓ സാര്‍ എല്‍ പിയിലെക്കും.? ചിന്തിച്ചു ചിന്തിച്ചു വരുമ്പോള്‍...
ആശങ്കള്‍ പങ്കുവെക്കാന്‍ കാരണം ഉണ്ട് .കുറെ നാള്‍ മുമ്പ് വര്‍ക്കി മാഷ്‌ വീമ്പു പറഞ്ഞു 'എന്നെ ക്ലാസ് ചാര്‍ജില്‍ നിന്നും ഒഴിവാക്കി'
.പ്പര് യു പി സ്കൂളിലെ എച് എം ആണ് .പ്രകടനവും നടത്തി. ബാനറിന്റെ മുമ്പില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ മാഷ്‌ മിണ്ടാ വൃതത്തിലാ.. അതുപോലെ ആള്‍ക്കാര്‍ക്ക് വിഷമം വരുമോ എന്നാ പേടി.
അടുത്ത മാസം ടി സി വാങ്ങാന്‍ കുട്ടികള്‍ വരും
അഞ്ചിലേക്കും എട്ടിലേക്കും അവര്‍ ഏതെങ്കിലും സ്കൂളില്‍ ചേര്‍ന്ന് യൂണിഫോമും തയ്പ്പിച്ചു കഴിഞ്ഞു പറയുമോ ഇതല്ല ഇവിടല്ല നിന്റെയൊക്കെ പ്രവേശനോത്സവം എന്ന് .പുതിയ സ്കൂളിലെ പുതിയ യൂണിഫോം വേണ്ടി വരുമോ ?
ഇതുവരേം ഹാജര്‍ ബുക്കില്‍ നിന്നും കുട്ടികളുടെ പേര് വെട്ടി ശീലിച്ച മാഷന്മാര്‍ ഇനി മാഷന്മാരുടെ പേര് ഇടയ്ക്ക് വെച്ച് ഹാജര്‍ ബുക്കില്‍ നിന്നും ആരെങ്കിലും വെട്ടുമോ ? എല്‍ പി സ്കൂളിലേക്ക്/യു പി സ്കൂളിലേക്ക് ടി സി കൊടുക്കുമോ ?
പി ടി എ തെരഞ്ഞെടുപ്പിന് മുമ്പല്ലെങ്കില്‍ ചിലരുടെ സ്ഥാനവും പോകും.
എല്‍ പി സ്കൂളുകളില്‍ പുതിയ ക്ലാസ് റൂം പണിയണം .ഹൈസ്കൂളും പ്ലസ് ടുവും വിളക്കി ചേര്‍ക്കാന്‍ ചിലയിടത്തെങ്കിലും പുതിയ പ്ലസ് ടു അനുവദിക്കണം.( അപ്പോള്‍ ചിലത് അണ്‍ എക്നോമിക് ആകും.) പുതിയ കെട്ടിടം പണിയണം.
വിദ്യാഭ്യാസ ജില്ലകളെ പുനക്രമീകരിക്കണം.നിയമോം ചട്ടം മാറ്റി എഴുതണം
ആകെ ഒരു പൊളിച്ചെഴുത്ത് .
അപ്പോള്‍ സമരോം സ്റാഫ് റൂം ചര്‍ച്ചേം സെമിനാറും തകൃതി നടക്കും കേരളമല്ലേ ?.
അങ്ങനെ കുട്ടികളുടെ പഠിത്തം ദുര്‍ബലമാകുമോ?
നിരന്തര മൂല്യ നിര്‍ണയം ഇല്ലാതെ ആള്‍ പ്രമോഷന്‍ അവകാശ നിയമത്തില്‍ പറയുന്നില്ലല്ലോ എന്ന് ആരോ അടക്കം പറഞ്ഞത് ഞാന്‍ കേട്ടു. ഗുണമേന്മ ഉള്ള വിദ്യാഭ്യാസ അവകാശത്തിനു വേണ്ടിയാണല്ലോ ഇതെല്ലാം .
പാവം ഒന്നാം ക്ലാസ് .അതിന്റെ വിഷമം കാണുമ്പോള്‍ സങ്കടം.
അഞ്ചര പ്രായക്കാര്‍ മാത്രമേ വരാവൂ.
അതിനു താഴെ ഉള്ളവര്‍ എല്ലാം സ്വകാര്യ അണ്‍ എയിഡടു സ്കൂളുകളില്‍ പോയേക്കാം .
ഒന്നാം ക്ലാസില്‍ ആളില്ലാ ബഞ്ചുകള്‍ കൂടുമോ .
ടീച്ചര്‍ കഥയും പാട്ടും മറന്നു പോകുമോ?
കഞ്ഞീം പയറും കൊണ്ടു വന്ന ചാക്കുമായി അവധിക്കാലത്ത്‌ പിള്ളേരെ പിടിക്കാന്‍ വീട് വീടാന്തരം കേറി ഇറങ്ങുന്ന അധ്യാപകര്‍ .പുത്തനുടുപ്പും യാത്രാ സൌജന്യോം ബുക്കും കുടേം ഒക്കെ വാഗ്ദാനം ചെയ്തു അഡ്വാന്‍സ് കൊടുത്തു ഡിവിഷന്‍ നിലനിറുത്താനുള്ള പെടാപ്പാട് ഇത്തവണ പൊളിഞ്ഞു. ഏതു ക്ലാസില്‍ എന്ന് പറഞ്ഞാ ചെല്ലുക.അഞ്ചും എട്ടും ക്ലാസൊക്കെ ത്രിശങ്കു സ്വര്‍ഗത്തില്‍ അല്ലെ. കാലിചാക്ക് തൂക്കി വില്കാം .
ഓള്‍ പ്രമോഷന്‍ ആയിട്ടും പ്രമോഷന്‍ ലിസ്റ്റ് തയ്യാറാക്കണമെന്ന് എച് എം .ആള്‍ പ്രമോഷനല്ലേ പിന്നെന്തിനാ വാര്ഷികപ്പരീക്ഷേടെ പേപര്‍ നോക്കുന്നതെന്ന് സ്റാഫ് സെക്രടറി .'കണ്ഫ്യൂഷന്‍ തീര്‍ക്കണമേ' എന്ന് എസ ആര്‍ ജിയില്‍ അജണ്ട. അത് കേട്ട് കുട്ടികള്‍ ചിരിക്കുന്നു.ഈ ടീച്ചര്‍മാരുടെ ഫലിതങ്ങള്‍ .അവധിക്കാല വിനോദങ്ങള്‍ .ചിലരെ തോല്‍പ്പിച്ചു ഡിവിഷന്‍ ഒപ്പിക്കാനും ഇനി പറ്റില്ലെന്ന് ..
അധ്യാപക പരിശീലനം ഈ അവസരത്തില്‍ പ്രചോദനം ഏകാന്‍ എത്തും എന്ന് പറയുന്നു.
അധ്യാപകര്‍ക്കുള്ള യോഗ്യതാ പരീക്ഷയും ഇടവപ്പാതിയോടൊപ്പം വരുമായിരിക്കും.
നല്ല ഒരു കുട വാങ്ങാന്‍ മറക്കരുത്. സിലബസ് എകീകരിക്കുംമ്പോഴും ചൂടാം .പരിശീലനത്തിന് പോകുമ്പോഴും ചൂടാം .ഒരു കുടക്കീഴില്‍ നാമെല്ലാം എത്തുമായിരിക്കും. പത്മാവതി ടീച്ചര്‍ മറക്കുട വാങ്ങിക്കഴിഞ്ഞു ഈ കത്തിന് മറുപടി ? ഏതു വിലാസത്തില്‍ അയയ്ക്കും ? കുടിയിറക്കപ്പെടുന്നവര്‍ പരസ്പരം ചോദിക്കുന്ന ആ ചോദ്യം അല്ലെ?
കത്ത് നിറുത്തുകയാണ്. വീണ്ടുമൊരിക്കല്‍ എഴുതാന്‍ കഴിഞ്ഞില്ലെന്നു വരാം .എങ്കിലും മറക്കരുത്.
എന്ന് വ്യസനസമേതം
സ്വന്തം എട്ടാം ക്ലാസ്
ഒപ്പ്


Read More | തുടര്‍ന്നു വായിക്കുക

ജാതി സെന്‍സസ് തുടങ്ങൂ..ഈസിയായി!

>> Thursday, April 12, 2012

സംസ്ഥാനത്തെ ജാതി സെന്‍സസ് ഏപ്രില്‍ മാസം 10ന് ആരംഭിക്കുകയാണ്. 1931നു ശേഷം ആദ്യമായാണ് ജാതി തിരിച്ചുള്ള സെന്‍സസ് എടുക്കുന്നത്. ഇതുവരെ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ കണക്കെടുപ്പു മാത്രമേ നടത്തിയിരുന്നുള്ളൂ. 16,000 ഓളം വരുന്ന എന്യൂമറേറ്റര്‍മാര്‍ സംസ്ഥാനത്തെ എല്ലാ വീടുകളിലുമെത്തി വിവരങ്ങള്‍ ശേഖരിക്കാനാണ് പരിപാടി. സെന്‍സസിലൂടെ ശേഖരിക്കുന്ന വ്യക്തിപരമായ വിവരങ്ങളൊന്നും പ്രസിദ്ധീകരിക്കില്ല. പൊതുവിവരങ്ങള്‍ മാത്രമായിരിക്കും പുറത്തുവരിക. ഈ സെന്‍സസിലൂടെ എടുക്കപ്പെടുന്ന വിവരങ്ങളുടെ രഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കുമെന്നും സെന്‍സസ് ഡയറക്ടറേറ്റ് ഉറപ്പു നല്‍കിയിട്ടുണ്ട്. ജാതി ഒഴികെയുള്ള വിവരങ്ങള്‍ രണ്ടാമതൊരിക്കല്‍ കൂടി പരിശോധനയ്ക്കു വിധേയമാക്കിയ ശേഷമാകും അന്തിമമായി പ്രസിദ്ധീകരിക്കുക. എന്യൂമറേറ്റര്‍ ശേഖരിക്കുന്ന വിവരങ്ങള്‍ ഡേറ്റ എന്ററി ഓപ്പറേറ്റര്‍ (DEO)അപ്പോള്‍ തന്നെ കൈവശമുള്ള ചെറു കമ്പ്യൂട്ടറിലേക്കു പകര്‍ത്തും. ശേഖരിക്കുന്ന വിവരങ്ങള്‍ അതാത് ദിവസം തന്നെ ഡാറ്റാ സെന്‍ററിലേക്ക് അപ്ലോഡ് ചെയ്യും. ഔദ്യോഗികമായി കടലാസ് വര്‍ക്കായി ചെയ്യേണ്ടത് സംക്ഷിപ്ത വീടുപട്ടിക തിരുത്തലും കൂട്ടിച്ചേര്‍ക്കലുമാണ് .പ്രത്യേക ഫോമുകള്‍ ഒന്നും കടലാസില്‍ പൂരിപ്പിക്കേണ്ടതില്ല. കോഡുകളും മറ്റും രേഖപ്പെടുത്തിവെയ്ക്കുന്നത് നമ്മുടെ ജോലി എളുപ്പമാക്കും . ചുവടെയുള്ള ലിങ്കില്‍ നിന്നും അവ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

ജില്ലയെ 4,000 എന്യൂമറേഷന്‍ ബ്ലോക്കുകളായി തരംതിരിച്ചാണ് സെന്‍സസ് നടത്തുന്നത്. ശരാശരി 125നും 150നും ഇടയിലുളള വീടുകള്‍ ഉള്‍പ്പെടുന്നതാണ് ഒരു എന്യൂമറേഷന്‍ ബ്ലോക്ക്. 10 ദിവസമാണ് ഒരു എന്യൂമറേഷന്‍ ബ്ലോക്കിനായി നീക്കിവച്ചിട്ടുളളത്. ഒരു എന്യൂമറേറ്റര്‍ക്ക് പരമാവധി നാലു എന്യൂമറേഷന്‍ ബ്ലോക്കുകള്‍ കണക്കെടുപ്പിനായി നല്‍കും. ഒരു എന്യൂമറേഷന്‍ ബ്ലോക്കിന് 3,000 രൂപ എന്ന നിരക്കില്‍ ഓണറേറിയവും 1,500 രൂപ നിരക്കില്‍ പരമാവധി യാത്രബത്തയും നല്‍കുമത്രേ. ഓരോ ജില്ലയിലേയും ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍, മുനിസിപ്പല്‍ സെക്രട്ടറിമാര്‍ എന്നിവരെയാണ് സെന്‍സസ് ചാര്‍ജ് ഓഫീസര്‍മാരായി നിശ്ചയിച്ചിട്ടുളളത്. ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍മാര്‍ക്കുളള പരിശീലനം തിരുവനന്തപുരത്തും സെന്‍സസ് മാസ്റ്റര്‍ ട്രെയിനേഴ്‌സിനുളള പരിശീലനം കോട്ടയത്തും നടത്തി.

ജാതി സെന്‍സസ് മെയ് 30വരെ തുടരും. പേപ്പര്‍ ഉപയോഗിക്കുന്നില്ല എന്നതാണ് സെന്‍സസിന്‍റെ പ്രത്യേകത. എന്യൂമറേറ്ററോടൊപ്പം ഒരു ഡേറ്റ എന്ററി ഓപ്പറേറ്ററും വീടുകളിലെത്തും. പാലക്കാട് ഐ.ടി.ഐ. ആണ് ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെ നിയമിക്കുന്നത്. ഇവര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയായി. ടാബ്ലറ്റ് പി.സി. ഉപയോഗിച്ചാണ് കണക്കെടുപ്പ് വിവരങ്ങള്‍ കമ്പ്യൂട്ടറിലേക്ക് പകര്‍ത്തുന്നത്. ഇതിനായി എല്ലാ ബ്ലോക്കുകളും മുനിസിപ്പാലിറ്റികളും ചാര്‍ജ് സെന്ററുകളായി പ്രവര്‍ത്തിക്കും. ഓരോ ദിവസവും നടത്തിയ കണക്കെടുപ്പ് അന്നേദിവസം അഞ്ചു മണിക്ക് ചാര്‍ജ് സെന്ററില്‍ എത്തിക്കണം.ഗ്രാമങ്ങളില്‍ ബ്ലോക്ക് ഡെവലപ്മെന്‍റ് ഓഫിസര്‍മാര്‍ക്കും നഗരങ്ങളില്‍ മുനിസിപ്പല്‍ സെക്രട്ടറിമാര്‍ക്കുമായിരിക്കും സെന്‍സസിന്‍റെ ചുമതല. സെന്‍സസ് വിവരങ്ങളില്‍ യാതൊരു തരത്തിലുമുള്ള തിരിമറിയും നടത്താന്‍ കഴിയില്ല.

സെന്‍സസ് നിയമം പ്രകാരം സെന്‍സസ് ഡ്യൂട്ടിക്ക് വിസമ്മതിക്കുകയോ ഡ്യൂട്ടി ചെയ്യാതിരിക്കാന്‍ പ്രേരിപ്പിക്കുകയോ ചെയ്യുന്നത് പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് കാരണമാകുന്നതാണ്. സാമൂഹിക-സാമ്പത്തിക-ജാതി സെന്‍സസിന്റെ മേധാവി ജില്ലാ കളക്ടര്‍ ആണ്. പി.എ.യു. പ്രോജക്ട് ഡയറക്ടര്‍ ജില്ലാ സെന്‍സസ് ഓഫീസറായും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മീഷണര്‍ (ജനറല്‍) എന്നിവര്‍ അഡീഷണല്‍ ജില്ലാ സെന്‍സസ് ഓഫീസര്‍മാരായും പ്രവര്‍ത്തിക്കും. കൂടാതെ 33 മാസ്റ്റര്‍ ട്രെയിനികള്‍ കൂടി ഈ പരിപാടിയില്‍ പങ്കാളികളാകും. സെന്‍സസ് ജോലികള്‍ക്ക് താല്‍പ്പര്യമുളള ഉദ്യോഗസ്ഥര്‍ക്ക് മുന്‍ഗണന നല്‍കുന്നതും ഇങ്ങനെയുളളവര്‍ മതിയാകാതെ വരുന്നപക്ഷം മറ്റ് ജീവനക്കാരെ കൂടി സെന്‍സസ് ജോലിക്ക് നിയോഗിക്കുന്നതുമാണ്. ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍/ മുനിസിപ്പല്‍ സെക്രട്ടറിമാരാണ് സെന്‍സസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നത്.

സാമൂഹീക സാമ്പത്തീക ജാതി സെന്‍സസ് - നോട്‌സ്

സാമൂഹിക സാമ്പത്തീക ജാതി സെന്‍സസ് - ചോദ്യങ്ങള്‍

സാമൂഹിക സാമ്പത്തീക ജാതി സെന്‍സസ് - കോഡ് നമ്പറുകള്‍


Read More | തുടര്‍ന്നു വായിക്കുക

'യൂ ട്യൂബ്' പോലെ 'ജിയോജെബ്ര ട്യൂബ്'

>> Monday, April 2, 2012

കോഴിക്കോട് സ്വദേശിയും എറണാകുളത്തെ മാസ്റ്റര്‍ട്രെയിനറുമായ സുരേഷ്ബാബുസാര്‍, ഞാന്‍ കണ്ടതില്‍വെച്ച് ഏറ്റവും സൗമ്യനും മിതഭാഷികളിലൊരാളുമാണ്. മൂന്നുകൊല്ലങ്ങള്‍ക്കുമുമ്പ് മലപ്പുറത്തുവെച്ചുനടന്ന ദ്വിദിന ഐസിടി ഗണിത വര്‍ക്ക്ഷോപ്പില്‍വെച്ചാണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്. ജിയോജെബ്രയുടെ അത്ഭുതലോകം പാലക്കാട്ടെ മുരളീകൃഷ്ണന്‍സാര്‍ ഞങ്ങള്‍ക്കൊന്നിച്ചാണ് അനാവരണം ചെയ്തുതന്നത്. പിന്നീട് ഈ മനുഷ്യന്റെ ഊണിലും ഉറക്കത്തിലും ജിയോജെബ്രതന്നെയായിരുന്നു. അഞ്ചുപാഠങ്ങള്‍ ഇതുവരെ നമ്മുടെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചു. കൃത്യമായി ഓരോപാഠവും തയ്യാറാക്കി മെയില്‍ ചെയ്യും. തിരക്കിനിടയില്‍ മിക്കതും ഞാന്‍ കാണാതെ പോകും. തമ്മില്‍ കാണുമ്പോഴൊന്നും അതേക്കുറിച്ച് ഒരക്ഷരം മിണ്ടില്ല. ഒരിടവേളയ്ക്കുശേഷം വീണ്ടുമത് മെയില്‍ ചെയ്യും, യാതൊരു പരാതിയും കൂടാതെ!
ആറാം പാഠത്തിലേക്ക്....ജിയോജിബ്രയില്‍ തയ്യാറാക്കിയ നിര്‍മ്മിതികള്‍ ജിയോജെബ്രട്യൂബ് എന്ന സൈറ്റില്‍ സൗജന്യമായി അപ്‌ലോഡ് ചെയ്യാം.അപ്‌ലോഡ് ചെയ്യാന്‍ ജിയോജിബ്രയില്‍ തയ്യാറാക്കിയ നിര്‍മ്മിതി (.ggb file) മാത്രം മതി. എക്സ്പോര്‍ട്ടു ചെയ്ത .html file ആവശ്യമില്ല.തയ്യാറാക്കിയ ഒരു നിര്‍മ്മിതി(.ggb file) അപ്‌ലോഡ് ചെയ്യുന്നതെങ്ങനെയെന്നു നോക്കാം.
ഇവിടെ ക്ലിക്ക് ചെയ്ത് ജിയോജിബ്രട്യൂബ് സൈറ്റിലേക്ക് പ്രവേശിക്കുക. തുറന്നുവരുന്ന ജാലകം നിരീക്ഷിക്കുക.

ജാലകത്തിലെ Register ബട്ടണില്‍ ക്ലിക്ക് ചെയ്യുക.തുറന്നുവരുന്ന GeoGebra User Forum – Registration വായിച്ചതിനു ശേഷം താഴെയുള്ള I agree to these terms എന്ന ബട്ടണില്‍ ക്ലിക്കചെയ്യുക.അടുത്തതായി വരുന്ന Registration ഫോമില്‍ ആവശ്യമായ എല്ലാ വിവരങ്ങളും (e-mail വിലാസം ഉള്‍പ്പടെ) നല്കി Submit ബട്ടണില്‍ ക്ലിക്കുചെയ്യുക.(User Name / e-mail address ഉം Password ഉം ഓര്‍ത്തിരിക്കണം.)
താഴെ കാണുന്ന ഇന്‍ഫര്‍മേഷനോടുകൂടിയ ജാലകം പ്രത്യക്ഷമാകും.
“Your account has been created, However this board requires account activation, an activation key has been sent to the e-mail address you provided. Please check your e-mail for further information.”

തുടര്‍ന്ന് നമ്മുടെ e-mail തുറന്ന് Welcome to “ Geogebra User Forum” എന്ന പേജ് തുറക്കുക.

ഇതിലെ Please visit the following link in order to activate your account എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതിലൂടെ www.geogebratube.org എന്ന സൈറ്റിലേക്കുള്ള രജിസ്ട്രേഷന്‍ നടപടികളെല്ലാം പൂര്‍ത്തിയായി.
നമ്മള്‍ തയ്യാറാക്കുന്ന ജിയോജിബ്ര നിര്‍മ്മിതികള്‍ അപ്‌ലോഡ് ചെയ്യുന്നതിനും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ വ്യക്തികള്‍ അപ്‌ലോഡ് ചെയ്തവ കാണുന്നതിനും ഡൗണ്‍ലോഡ് ചെയ്തെടുക്കുന്നതിനും ജിയോജെബ്രട്യൂബ് എന്ന സൈറ്റില്‍ User Name ഉം Password ഉം നല്കി Login ചെയ്യാം.
നമ്മള്‍ തയ്യാറാക്കിയ ഒരു ജിയോജിബ്ര നിര്‍മ്മിതി ഈ സൈറ്റിലേക്ക് എങ്ങനെ അപ്‌ലോഡ് ചെയ്യാം എന്നു നോക്കാം.
ജിയോജെബ്രട്യൂബ് എന്ന സൈറ്റില്‍ പ്രവേശിച്ചതിനുശേഷം Login എന്നതില്‍ ക്ലിക്കുചെയ്യുക.അടുത്ത ജാലകത്തില്‍ User name ഉം Password ഉം നല്കി Submit ബട്ടണില്‍ ക്ലിക്കുചെയ്യുക

ഈ ജാലകത്തിലെ Upload materials എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ വരുന്ന ജാലകത്തിലെ upload file എന്നതിലുള്ള Browse ബട്ടണില്‍ ക്ലിക്കുചെയ്ത് സിസ്റ്റത്തിലുള്ള നമ്മുടെ ജിയോജിബ്ര ഫയല്‍ കാണിച്ചുകൊടുക്കാം. തുടര്‍ന്ന് Upload ബട്ടണില്‍ ക്ലിക്കുചെയ്യുക.
അടുത്തതായി വരുന്ന ജാലകത്തിലെ Information for Students എന്നതില്‍ ജിയോജിബ്ര നിര്‍മ്മിതിയുമായി ബന്ധപ്പെട്ട വിശദീകരണങ്ങള്‍ നല്കാം.ജിയോജിബ്ര ഫയലിലുണ്ടായിരുന്ന Toolbar, Inputbar, Menubar ഇവയെല്ലാം അപ്‌ലോഡ് ചെയ്യപ്പെടുന്ന ഫയലിലും കാണണമെങ്കില്‍ Show Toolbar, Show Inputbar, Show Menubar തുടങ്ങിയവയുടെ ചെക്ക്ബോക്സുകളില്‍ ടിക്ക് മാര്‍ക്ക് നല്കണം. നമ്മള്‍ അപ്‌ലോഡ് ചെയ്യുന്ന ഫയലുകള്‍ ഉപയോഗപ്പെടുത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അതുമായി ബന്ധപ്പെട്ട മറ്റു പരിശീലനപ്രശ്‌നങ്ങള്‍ നല്കാനുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്. അതിനുശേഷം Continue ബട്ടണില്‍ ക്ലിക്കുചെയ്യുക.
തുടര്‍ന്നുവരുന്ന Information for other Teachers എന്നതില്‍ Title, Description, Language, Target group, Tags (ഏതെങ്കിലും ഒരു ടാഗ്) ഇവ നല്കി Save ബട്ടണില്‍ ക്ലിക്കുചെയ്യുന്നതോടെ അപ്‌ലോഡിംഗ് പ്രക്രിയ പൂര്‍ത്തിയാവുകയും താഴെ കാണുന്ന രീതിയിലുള്ള ജാലകം തുറന്നുവരികയും ചെയ്യും . “Your material was successfully created. Thank you for sharing it with the Geogebra community!” എന്ന ഒരു സന്ദേശവും കാണാം.

നമ്മള്‍ അപ്‌ലോഡ് ചെയ്തിരിക്കുന്ന ഫയല്‍ Download ചെയ്യാനും Embedd ചെയ്യാനുമുള്ള സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാണ്. നമ്മുടേതായ വെബ്സൈറ്റില്‍ നിന്നോ ബ്ലോഗില്‍ നിന്നോ അപ്‌ലോഡ് ചെയ്തിരിക്കുന്ന ഫയല്‍ ഉള്‍ക്കൊള്ളുന്ന പേജിലേക്ക് hyperlink നല്കാനുദ്ദേശിക്കുന്നുണ്ടെങ്കില്‍ ഇപ്പോള്‍ ലഭ്യമായ url.(eg: http://www.geogebratube.org/material/show/id/6053)സൂക്ഷിക്കേണ്ടതാണ്.
ICT അധിഷ്ടിത രീതിയില്‍ ഗണിതശാസ്ത്രം പഠിപ്പിക്കുന്ന എല്ലാ അധ്യാപകരും സന്ദര്‍ശിക്കേണ്ടഒരു സൈറ്റാണിത്..Geogebratube
ഈ പാഠത്തിന്റെ പിഡിഎഫ് രൂപം ഇവിടെനിന്ന് ഡൗണ്‍ലോഡ് ചെയ്തെടുക്കാം.


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer