ബുള്ളഷ്, നീ ഞങ്ങളോട് പൊറുക്കുക !!

>> Saturday, October 1, 2011


കഴിഞ്ഞ ചൊവ്വാഴ്ച അത്ര പ്രാധാന്യത്തോടെയല്ലെങ്കിലും മലയാള പത്രങ്ങളില്‍ വന്ന ഒരു വാര്‍ത്തയിതായിരുന്നു. ആലപ്പുഴ ജില്ലയിലെ പട്ടണക്കാടിന് സമീപം ഉഴുവ തറമൂട് റെയില്‍വേ ക്രോസിനടുത്ത ശ്രീകൃഷ്ണവിലാസം ഭജനമഠത്തിന്റെ നടപ്പന്തലിലെ മണിക്കയറില്‍ അര്‍ധരാത്രി ഒരു മുപ്പതുകാരന്‍ പശ്ചിമ ബംഗാളിലെ ജയ്പാല്‍ഗുഡി ജില്ലയില്‍ നിന്നുള്ള ബുള്ളഷ് റാവു ജീവത്യാഗം ചെയ്തു. ഇദ്ദേഹം ഈ സമയത്ത് എങ്ങനെ ഇവിടെയെത്തി എന്നല്ലേ? വിശദീകരിക്കാം.

ചെങ്ങന്നൂരില്‍ നിര്‍മാണത്തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന ബംഗാളി സംഘത്തില്‍ പെട്ടയാളാണ് ബുള്ളഷ്. നാട്ടില്‍നിന്നെത്തിയ രണ്ട് തൊഴിലാളി സുഹൃത്തുക്കളോടൊപ്പം തീവണ്ടിയില്‍ യാത്ര ചെയ്യുകയായിരുന്നു അദ്ദേഹം. ഉഴുവയില്‍ വെച്ച് ആള്‍ തീവണ്ടിയില്‍നിന്ന് പുറത്തേക്ക് തെറിച്ചുവീണ് തലക്ക് മുറിവുപറ്റി. അര്‍ധരാത്രി, തനിച്ച്, രക്തമൊലിക്കുന്ന ശരീരവുമായി ആ യുവാവ് അടുത്തുള്ള വീട്ടില്‍ സഹായത്തിന് കയറി. അവര്‍ സഹായിച്ചില്ലെന്ന് മാത്രമല്ല, ബുള്ളഷിനെ പറഞ്ഞുവിട്ടു. ഭാഷയറിയാതെ, വഴി തിരിയാതെ ആ ചെറുപ്പക്കാരന്‍ വീണ്ടും നിരവധി വീടുകളില്‍ കയറി ദയ യാചിച്ചു നോക്കി. ആരും അര ഗ്ലാസ് പച്ചവെള്ളം പോലും അവന് നേരെ നീട്ടിയില്ല.

അര്‍ധരാത്രി രക്തമൊലിപ്പിച്ചു നടക്കുന്ന ബുള്ളഷിന് നേരെ ഒരു പട്ടി കുരച്ച് വന്നപ്പോള്‍ അയാള്‍ അടുത്തുള്ള ഭജനമഠത്തില്‍ കയറി. അവിടെ തൂങ്ങിക്കിടക്കുന്ന മണിക്കയര്‍ അപ്പോഴാണയാള്‍ കാണുന്നത്. ഈ മനുഷ്യര്‍ക്കും പട്ടികള്‍ക്കുമിടയില്‍ ജീവിച്ചിരിക്കുന്നതില്‍ അര്‍ഥമില്ലെന്ന് കണ്ട് ആ ചെറുപ്പക്കാരന്‍ ഭക്തിയുടെ കയറില്‍ തന്റെ ജീവന്‍ അവസാനിപ്പിച്ചു. രംഗം നടക്കുമ്പോള്‍ മഠത്തിന് ചുറ്റും കണ്ടുനില്‍ക്കാന്‍ ആളുകളുണ്ടായിരുന്നു. ആരും 'അരുത്, ഞങ്ങളുണ്ടിവിടെ' എന്നു പറഞ്ഞതേയില്ല.

കായംകുളത്തുനിന്ന് ഞായറാഴ്ച ഒരു റിപ്പോര്‍ട്ടുണ്ടായിരുന്നു. ടിന്‍ഷീറ്റ് ഷെഡില്‍ താമസിക്കുന്ന ബംഗാളി തൊഴിലാളികള്‍ക്കുനേരെ പ്രദേശത്തെ ചില മാന്യന്മാര്‍ മൊബൈല്‍ ഫോണ്‍ മോഷണത്തിന്റെ പേരുപറഞ്ഞ്, നിര്‍മാണ സാമഗ്രികള്‍ ഉപയോഗിച്ച് മൃഗീയമായ ആക്രമണം അഴിച്ചുവിട്ടു. 15നും 30 വയസ്സിനുമിടയിലുള്ള 36 തൊഴിലാളികള്‍ ഇതെഴുതുമ്പോഴും ദേഹം മുഴുക്കെ മുറിവേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. മൊബൈല്‍ ഫോണല്ല, കരാറുകാര്‍ക്കിടയിലെ കുടിപ്പകയാണ് പാവപ്പെട്ട തൊഴിലാളികള്‍ ആക്രമിക്കപ്പെട്ടതിന്റെ യഥാര്‍ഥ കാരണം. സ്ഥലത്തെ പ്രധാന മാന്യന്മാരാണ് ആക്രമണത്തിന് പിന്നിലെന്നത് കൊണ്ടുതന്നെ പൊലീസ് കാര്യമായ നടപടികള്‍ ഒന്നും ഇതുവരെയും എടുത്തിട്ടില്ല.

'അന്യസംസ്ഥാന തൊഴിലാളികള്‍' എന്നത് നമ്മുടെ ഭാഷയില്‍ അടുത്തിടെ വന്നുചേര്‍ന്ന ഒരു പ്രയോഗമാണ്. നമ്മുടെ ചെറുപ്പക്കാര്‍ നല്ലൊരു ശതമാനം വിദേശത്തുപോവുകയും ഇവിടെയുള്ളവര്‍ ശാരീരികാധ്വാനമുള്ള തൊഴില്‍ ചെയ്യുന്നത് മടിക്കുകയും ചെയ്തപ്പോഴാണ് അന്യസംസ്ഥാന തൊഴിലാളികള്‍ നമ്മുടെ തൊഴില്‍ കമ്പോളത്തിലെ വലിയ സാന്നിധ്യമായത്. നമ്മുടെ നിര്‍മാണമേഖല ഇന്ന് മുന്നോട്ടുപോകുന്നത് പ്രധാനമായും ഇവരുടെ അധ്വാനശേഷിയുടെ ബലത്തിലാണ്. സാമാന്യം തരക്കേടില്ലാത്ത കൂലികിട്ടുന്നതുകൊണ്ട് അവരും സന്തോഷത്തോടെ തൊഴില്‍ ചെയ്യുന്നു. അങ്ങനെ, ഒഡിഷയിലെയും ബംഗാളിലെയും ബിഹാറിലെയും വിദൂര ഗ്രാമങ്ങളിലെ പട്ടിണിപ്പാവങ്ങള്‍ക്ക് കേരളം എന്നത് അവര്‍ കണ്ടെത്തിയ 'ഗള്‍ഫ്' ആയി മാറി. ഒരു കാര്യമുറപ്പ്, നാളെ അവരെല്ലാം തിരിച്ച് വണ്ടി കയറിയാല്‍ കേരളത്തിന്റെ ഉല്‍പാദന, നിര്‍മാണമേഖല സ്തംഭിക്കും.പക്ഷേ, ആ മനുഷ്യരെ മനുഷ്യരായി കാണാനുള്ള മാന്യത പുരോഗമന കേരളം കാണിക്കുന്നുണ്ടോ? അര്‍ധ മനുഷ്യരോ താഴ്ന്ന മനുഷ്യരോ ആയല്ലേ നാം പലപ്പോഴും അവരെ പരിഗണിക്കുന്നത്?

ആസ്‌ട്രേലിയയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കുനേരെയുള്ള വംശീയ വിവേചനത്തിനെതിരെ സായാഹ്ന ധര്‍ണ നടത്തുമ്പോഴും നമ്മുടെ ഉമ്മറത്തെ ബംഗാളിയോട് മാന്യമായി പെരുമാറാന്‍ മലയാളിക്ക് കഴിഞ്ഞില്ല. ഗര്‍വിന്റെയും അഹങ്കാരത്തിന്റെയും വ്യാകരണവും ശരീരഭാഷയുമാണ് നാം അവരോട് കാണിച്ചത്. ഗള്‍ഫിലും മറ്റും ഇതേപോലെ 'അന്യരാജ്യ' തൊഴിലാളികളായി ജീവിക്കുന്ന മലയാളി ചെറുപ്പക്കാര്‍ അയക്കുന്ന കറന്‍സിയുടെ ബലത്തിലാണ് നമ്മളീ അഹന്തകളൊക്കെയും കാണിക്കുന്നതെന്ന് നാം മറന്നുപോയി.അന്യസംസ്ഥാന തൊഴിലാളികളോടുള്ള അയിത്ത മനോഭാവം മാത്രമല്ല, മറ്റൊരാളുടെയും പ്രശ്‌നത്തില്‍ ഇടപെടാനുള്ള മലയാളിയുടെ സന്നദ്ധതയില്ലായ്മ കൂടിയാണ് ബുള്ളഷിന്റെ മരണം വെളിവാക്കുന്നത്.

വാഹനാപകടത്തില്‍ പെട്ട് നടുറോഡില്‍ രക്തമൊലിപ്പിച്ച് പിടയുന്നവനെ കൈപിടിച്ചുയര്‍ത്തുന്നതിനുപകരം, ആ രംഗം മൊബൈല്‍ കാമറയില്‍ ഒപ്പിയെടുക്കാന്‍ വെമ്പുന്ന മനസ്സ് മലയാളിയില്‍ വികൃതമായി വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഞാന്‍, എന്റെ കാര്യം എന്ന കുടുസ്സു ചിന്തയില്‍ എന്തേ നമ്മള്‍ മലയാളികള്‍ ഇന്ത്യയിലെ ഏറ്റവും വിദ്യാസമ്പന്നരായ പുരോഗമന സമൂഹം പെട്ടുപോയി? ഒരിറക്ക് വെള്ളംപോലും കിട്ടാതെ വേദനകൊണ്ട് പുളഞ്ഞ്, മനോവേദനകൊണ്ട് തകര്‍ന്ന് ജീവിതമവസാനിപ്പിച്ച ബുള്ളഷിന്റെ ആത്മാവ് നമ്മളെക്കുറിച്ച് ഇപ്പോള്‍ എന്തു വിചാരിക്കുന്നുണ്ടാവും? കുടിലിലെ പട്ടിണിമാറ്റാന്‍ ആ ചെറുപ്പക്കാരനെ കണെ്ണത്താ വിദൂരതയിലേക്ക് പറഞ്ഞുവിട്ട ബുള്ളഷിന്റെ അമ്മ നാളെ ഇങ്ങോട്ടുവന്ന് എന്റെ മകനോട് നിങ്ങളെന്തേ ഇങ്ങനെ ചെയ്തുവെന്ന് ചോദിച്ചാല്‍, സത്യം, നമ്മളെന്താണ് മറുപടി പറയുക?

വിദൂരദേശങ്ങളില്‍ തീര്‍ത്തും അന്യമായ സാഹചര്യങ്ങളില്‍ നമുക്ക് കഞ്ഞിയെത്തിക്കാന്‍ വേണ്ടി ചോരനീരാക്കി പണിയെടുക്കുന്ന നമ്മുടെ മക്കളോട്/അനുജന്മാരോട് അന്നാട്ടുകാര്‍ ഈ വിധം പെരുമാറിയാല്‍ അവര്‍ക്കുനേരെ വിരല്‍ചൂണ്ടാന്‍ നമുക്കെങ്ങനെ കഴിയും?ബുള്ളഷിന്റെ മരണം ഒരു ചൂണ്ടാണി മാത്രമാണ്. നാം, മലയാളികള്‍ എവിടെ എത്തിനില്‍ക്കുന്നുവെന്നതിന്റെ ഓര്‍മപ്പെടുത്തല്‍. ഈ അപരാധത്തിന് നാം കൂട്ടമായി മാപ്പുചോദിക്കുക. മുഖ്യമന്ത്രിതന്നെ മുഴുവന്‍ മലയാളികള്‍ക്കും വേണ്ടി ആ ചെറുപ്പക്കാരന്റെ കുടുംബത്തോട് ഖേദപ്രകടനം നടത്തുക. എങ്കില്‍ അതൊരു അനുഭവമായിരിക്കും. ജനങ്ങള്‍ക്കിടയില്‍ പുതിയൊരു അവബോധം സൃഷ്ടിക്കാന്‍ അതുപകരിക്കും. പൊങ്ങച്ചബോധം കുടഞ്ഞു തെറിപ്പിക്കാന്‍, സ്വന്തത്തെയും കടന്ന് അപരനിലേക്ക് നീളാനുള്ള ചിന്ത അവനില്‍ കരുപ്പിടിപ്പിക്കാന്‍ അതുപകരിച്ചേക്കും.ബുള്ളഷ്, നീ ഞങ്ങളോട് പൊറുക്കുക.
(വാര്‍ത്തയ്ക്ക് മാധ്യമത്തോട് കടപ്പാട്)

30 comments:

Hari | (Maths) October 1, 2011 at 7:27 AM  

ജീവന്‍ തിരിച്ചു കൊടുക്കാന്‍ ഇന്നത്തേ നിലക്ക് നമുക്ക് കഴിയില്ലെങ്കിലും ഒരു ജീവന്‍ രക്ഷപ്പെടുത്താന്‍ ഇന്നുമെന്നും നമ്മേക്കൊണ്ടാവില്ലേ? എന്തിനുമേതിനും സാക്ഷികളാകുന്ന നാം എപ്പോഴും നയനാസ്വാദനതലത്തിലേക്ക് അധഃപതിച്ചു പോകുന്നു. അപകടമായാലും ആക്രമണമായാലും മൊബൈലില്‍ പകര്‍ത്താനും യൂട്യൂബിലേക്ക് അപ്‍ലോഡ് ചെയ്യാനുമാണ് ഭൂരിപക്ഷ ത്വര.

നിയമത്തെപ്പഴിച്ച് നമ്മുടെ സമൂഹം ഈ പ്രശ്നത്തില്‍ നിന്നും രക്ഷപെടാന്‍ ശ്രമിച്ചേക്കാം. പക്ഷെ, കുടിലിലെ പട്ടിണിമാറ്റാന്‍ ആ ചെറുപ്പക്കാരനെ കണെ്ണത്താ വിദൂരതയിലേക്ക് പറഞ്ഞുവിട്ട ബുള്ളഷിന്റെ അമ്മ നാളെ ഇങ്ങോട്ടുവന്ന് എന്റെ മകനോട് നിങ്ങളെന്തേ ഇങ്ങനെ ചെയ്തുവെന്ന് ചോദിച്ചാല്‍, സത്യം, നമ്മളെന്താണ് മറുപടി പറയുക? അവനായി വഴിക്കണ്ണുമായിരിക്കുന്ന കുടുംബത്തോട് എന്താണ് നമുക്ക് പറയാനുള്ളത്?

vijayan October 1, 2011 at 8:39 AM  

കേരളത്തിന്ന് പുറത്ത് ജോലി ചെയ്യുന്ന കേരളീയരുടെ അവസ്ഥ ഇതായാല്‍ നമ്മുടെ നാടിന്റെ സ്ഥിതി എന്താവും? അവരെല്ലാം ഒരു ദിവസം രക്തവും ഒലിപ്പിച്ച് നാട്ടില്‍ വരുന്ന അവസ്ഥ ? അല്ലെങ്കില്‍ റണ്‍വേയിലൂടെ ഉരുളുുന്ന , ഒട്ടകത്തിന്റെ കാലില്‍ സ്ളോ മോഷനില്‍ ചലിക്കുന്ന, കടലില്‍ മുങ്ങിത്താഴുന്ന അവസ്ഥ എന്താണ്? ഒരു നിമിഷം ആലോചിച്ച പോയി.....................

santhosh1600 October 1, 2011 at 9:54 AM  

NO BODY IS EMPATHETIC, EVERY ONE IS THINKING,LIVING .........ONLY FOR THEMSELVES, BE EMPATHETIC IN UR MIND,ACTIONS

മഹാത്മ October 1, 2011 at 12:37 PM  

കാലിക പ്രസക്തിയുള്ള വിഷയം.
കുറച്ചു കാര്യങ്ങള്‍ കൂട്ടിചെര്‍തോട്ടെ.

എന്തുകൊണ്ടായിരിക്കാം ആ പാവം ചെറുപ്പക്കാരന്‍ ചെന്ന് യാചിച്ച ഒരു വീട്ടുകാരും അവനോടു ദയ കാണിക്കാതിരുന്നത്‌. ആ വീടുകളില്‍ ഒന്നും മനസാക്ഷി ഉള്ള ഒരാള്‍ പോലും ഇല്ലായിരുന്നു എന്ന് ചിന്തിക്കാമോ.
പറ്റില്ല.
കൂടെ ഉള്ളവന്‍ ആണെങ്കില്‍ പോലും അപകടം പറ്റിയാല്‍ ഉടന്‍ മൊബൈലില്‍ പകര്‍ത്തുകയും അത് യുടുബില്‍ ഇടുകയും ചെയ്യുന്ന സമൂഹത്തിന്റെ വക്താക്കള്‍ മാത്രമായിരുന്നോ ആ വീട്ടുകാരെല്ലാം.
ഒരിക്കലും അല്ല.

ആ ചെറുപ്പക്കാരനോട്‌ ദയ കാണിക്കാതിരുന്നവരോട് ഉള്ള അനുകൂലന കുറിപ്പായി കാണരുത് ഇത്.
മറിച്ച് ആ വീട്ടുകാര്‍ സഹായിക്കാതിരുന്നതിനു കാരണം തേടുന്നു എന്നുമാത്രം.
പ്രാദേശികമായി നോക്കിയാല്‍ കാണുന്ന ഏറ്റവും കൂടുതല്‍ മോക്ഷണങ്ങളിലും മറ്റും ഇന്ന് ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് അന്യസംസ്ഥാന തൊഴിലാളികള്‍ ആണെന്ന യാഥാര്‍ത്ഥ്യം നാം മറക്കരുത്. ഒരുപക്ഷേ ഈ ചിന്തയായിരിക്കാം ആ വീട്ടുകാര്‍ ആ ചെറുപ്പക്കാരനെ സഹായിക്കണ്ട എന്ന് ചിന്തിച്ചതിനു കാരണം. നമ്മുടെ സഹോദരങ്ങള്‍ ( വിദേശങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ) ജോലിചെയ്യുന്ന രാജ്യങ്ങളില്‍ നിയമങ്ങള്‍ ശക്തമാണ് . ആയതിനാല്‍ അവിടെ കുറ്റ കൃത്യങ്ങളും കുറവാണ്. അതുപോലെ ഇവിടെയും നിയമങ്ങള്‍ ശക്തമാവുകയും കുറ്റ കൃത്യങ്ങള്‍ കുറയുകയും ചെയ്താല്‍ ബുള്ളഷ് റാവുമാരെ സഹായിക്കാന്‍ ഒരായിരം ആള്‍ക്കാര്‍ ഇവിടെയും ഉണ്ടാകും

പഞ്ചാരകുട്ടന്‍ -malarvadiclub October 1, 2011 at 12:45 PM  

കലികാലം മല്ലൂസേ ഇത്രയും വേണമായിരുന്നു
സ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്ടന്‍

jayanEvoor October 1, 2011 at 1:38 PM  

Ithu vaayichittu enikkum athu thanneye parayaanullu...


"ബുള്ളഷ്, നീ ഞങ്ങളോട് പൊറുക്കുക !!"

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ October 1, 2011 at 2:03 PM  

പൊറുക്കാനാവാത്ത തെറ്റാണ് ചെയ്തത്. അവസാനം ഒരു കുമ്പസാരം കൊണ്ട് കഴുകിക്കളയാവുന്നതല്ല ആ രക്തക്കറ.. നാടു വികസനത്തില്‍ നാട്ടുകാരും .. പക്ഷെ മനസ്.. അത് കൂടുതല്‍ കൂടുതല്‍ ഇടുങ്ങികൊണ്ടിരിക്കുന്നു. :(

snhssthrikkanarvattom October 1, 2011 at 3:52 PM  

ithu thanneyanu soumyayude karyathilum sambavichathu oru yatrakkaran polum sradhikkathirunnathu kondanu arengilum train chain valichu nirthiyirunnengil somya enna a pavam kutty rakshapedumayirunnu

muhammedali.v.k October 1, 2011 at 5:38 PM  

ബുള്ളഷ് നമ്മോടു എന്നെന്നേക്കുമായി യാത്ര പറഞ്ഞു .ഇനി ഒരാള്‍ക്കും നമ്മുടെ നാട്ടില്‍ നിന്നും ഇങ്ങനെ സംഭവിക്കാതിരിക്കട്ടെ .അല്പം മനുഷ്യത്വം മറുനാട്ടുകരോടും നമുക്ക് കാണിച്ചുകൂടെ ?

. October 1, 2011 at 7:00 PM  

ബുള്ളഷ്, നീ ഞങ്ങളോട് ഒരിക്കലും പൊറുക്കരുത്!!!

ഹാരീഷ് . എം October 1, 2011 at 8:13 PM  

മാപ്പ് അര്‍ഹിക്കാത്ത തെറ്റ് .ബുള്ളിഷ് ഞങ്ങളോട് ക്ഷമിയ്ക്കുക

nipundileep October 1, 2011 at 9:45 PM  

മാപ്പ് അര്‍ഹിക്കാത്ത തെറ്റ്.............................ബുള്ളഷ്, നീ ഞങ്ങളോട് ഒരിക്കലും പൊറുക്കരുത്!!!!!!!!!!!!!!!!!!!!!!!!!!!

rajbabo October 2, 2011 at 12:31 AM  

That was not a narration of the story of the latest malayalam movie.That is the face of the keralam and the new behavioural pattern of the keralites.Let us be ashamed of ourselves.If something happens to a malayali somewhere outside kerala the politicians,the so called social workers the channels papers everything comes and gives there on views against the harassment or henious act. But now every one is sleeping. I cant say forgive us BUllash.But some where sitting in the heaven smile on us saying you idiots I defeated you.

KERALA SANSKRIT TEACHERS FEDERATION, ERNAKULAM October 2, 2011 at 12:33 AM  

മലയാളിയുടെ മനസിന്റെ വലിപ്പം എത്ര കടുപ്പം !

Santhosh Keechery October 2, 2011 at 12:47 AM  

Enikkundoru Lokam....
Ninakkundoru Lokam

Namukkilloru Lokam......

bean October 2, 2011 at 7:59 AM  

ചെങ്ങന്നൂരുകാരെയും , കായംകുളം കാരെയും കുറ്റം പറഞ്ഞ് നമ്മള്‍ കൈകഴുകേണ്ട.ഇതില്‍ കമന്റ് എഴുതിയ എത്ര ആളുകള്‍ സമാനമായ ഒരു സന്ദര്‍ഭത്തില്‍ പോസിറ്റീവ് ആയി പ്രതികരിക്കും ? മനസ്സാക്ഷിയോട്‌ ചോദിച്ചു പറഞ്ഞാല്‍ മതി . മിക്കവാറും ആളുകളും കാണില്ല എന്ന് ഉറപ്പ് . സഹതപിക്കാന്‍ പ്രത്യേകിച്ച് ചിലവൊന്നും ഇല്ലല്ലോ ?

sreejith October 2, 2011 at 11:50 AM  

നമ്മുടെ കുട്ടികള്‍ അന്യസംസ്ഥാനങ്ങളില്‍ പഠിക്കുന്നവരായിട്ടുണ്ട്ട.വളരെനല്ല പരിഗണനയാണ് അവിടെകിട്ടുന്നത്..എന്നിട്ടും നമ്മള്‍......

Swapna John October 2, 2011 at 1:19 PM  

വേദന തോന്നുന്ന സംഭവം. അങ്ങിനെ സംഭവിക്കരുതായിരുന്നു. ബുള്ളഷിന്റെ പ്രതിഷേധം ആള്‍ക്കൂട്ടത്തില്‍ ഒറ്റയ്ക്കായതിന്റേതാണ്. അയാളുടെ മാനസികാവസ്ഥയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഭയം തോന്നുന്നു. നമുക്ക് താങ്ങാനാകുമോ ഇത്തരമൊരു അനുഭവം? ബുള്ളഷിനു പകരം നമ്മളായിരുന്നെങ്കില്‍..?

unnimaster physics October 2, 2011 at 1:53 PM  

manamilaatha malayaaliyude manushyathwamillaatha.. mukhathinte moorthimatbhaavam... GREAT POST

kapada prabhuddatayum... kapada sadaachaara bhodham mathramulla....... entha.. vilikkuka... kashtam....

N.Sreekumar October 2, 2011 at 5:12 PM  

മൃതപ്രായനായവനെ രക്ഷിക്കാന്‍ മനസില്ല.
മൃതപ്രായനാക്കിയവനെ സംരക്ഷിക്കാന്‍ മനസുണ്ടാകും.
അതില്‍ രാഷ്ട്രീയം കലരണമെന്നുമാത്രം.

പഥികന്‍ October 3, 2011 at 11:59 AM  

എന്റെ വീടിനു ചുറ്റുവട്ടങ്ങളില്‍ ഒരുപാട് അന്യ സംസ്ഥാന നിര്‍മ്മാണത്തൊഴിലാളികളുണ്ട്.അവരെ കൊണ്ടുവരുന്നവര്‍ താമസസ്ഥലവും മറ്റും ഒരുക്കി നല്‍കുന്നുണ്ടാകാമെങ്കിലും, സമീപത്തെ ആളൊഴിഞ്ഞ കെട്ടിടങ്ങളിലും മറ്റും ഒരുപാടുപേര്‍ താമസിക്കുന്നു. ഒരു പക്ഷേ കൂട്ടം തെറ്റിയതോ, ഇവിടേക്കു കൊണ്ടുവന്നവരോട് തെറ്റിപ്പിരിഞ്ഞതോ ആയേക്കാം. എന്തായാലും അത്തരം ആള്‍ക്കാരെ ഭീതിയോടെയാണ് നാട്ടുകാര്‍ (എന്റെ വീട്ടുകാരും) കാണുന്നതു.ദിനവും കേള്‍ക്കുന്ന വാര്‍ത്തകളില്‍ അവരെ അകറ്റി നിര്‍ത്തുന്നതിനുള്ള ന്യായീകരണങ്ങളുമുണ്ട്.മദ്യപിച്ചു തമ്മില്‍ വഴ്ക്കുണ്ടാക്കുന്നതും, മറ്റുചില അസന്മാര്‍ഗ്ഗിക പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നതും കണ്ടുകൊണ്ടിരിക്കുന്നു.

കഴിഞ്ഞ ദിവസം എന്റെ വീട്ടിലേക്കു വെള്ളമെടുക്കാന്‍ വന്ന ചിലരെ മാതാപിതാക്കള്‍ അതിനു സമ്മതിക്കാതെ, സമീപത്തെ പൊതുടാപ്പിന്റെയടുത്തേക്കു തിരിച്ചയച്ചു. ഇത്തിരി വെള്ളമെടുത്തോണ്ട് അവര്‍ പോയിക്കോട്ടെ എന്ന എന്റെ വാക്കിനു പിതാവു പറഞ്ഞ മറുപടി, ‘നിങ്ങള്‍ ജോലിസ്ഥലത്തേക്കു പോയിക്കഴിഞ്ഞാല്‍ ഇവിടെ പ്രായമായ ഞങ്ങള്‍ മാത്രമേയുള്ളൂ, ഇവരുടെയൊക്കെ ഉള്ളിലിരുപ്പ് ആര്‍ക്കറിയാം’ എന്നായിരുന്നു.എന്താണതിനു മറുപടി നല്‍കുക?

ഒരിക്കല്‍ അവശ നിലയില്‍ റോഡില്‍ കിടന്ന ഒരു മനുഷ്യനു, ഞാനും പിതാവും കൂടി വെള്ളം കൊടുക്കുകയും പോലീസ് സ്റ്റേഷനിലേക്കു വിളിച്ചു പറയുകയും ചെയ്തു. വെള്ളം കുടിച്ചു കുറച്ചു കഴിഞ്ഞു അദ്ദേഹം മരിക്കുകയും വീണ്ടും ഞാന്‍ പോലീസ് സ്റ്റേഷനിലേക്കു വിളിക്കുകയും ചെയ്തു. ‘മരിച്ചു എന്നു ഉറപ്പല്ലേ?’ എന്നായിരുന്നു മറു ചോദ്യം. ജീവിച്ചിരിക്കുന്നവരെ ആശുപത്രിയിലെത്തിക്കലും മറ്റും പോലീസു കാര്‍ക്കു തന്നെ ബുദ്ധിമുട്ടാണെന്നു അന്നു മനസ്സിലായി. മരിച്ചു കഴിഞ്ഞാല്‍ അജ്ഞാത ശവത്തിന്റെ ചിലവിനു, പഞ്ചായത്തില്‍ ഫണ്ടുണ്ടെന്നും അന്നു മനസ്സിലായി. വാഹനാപകടങ്ങളിലും മറ്റും പെട്ടു കിടക്കുന്നവരെ ഏതു ഭാഷക്കാരനെന്നു നോക്കാതെ സഹായിക്കാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ വീട്ടിലേക്കു അത്തരമാള്‍ക്കാര്‍ സഹായം ചോദിച്ചു കയറി വന്നാല്‍ ഭയമാണ്. പ്രത്യേകിച്ചും അന്യസംസ്ഥാനക്കാരനൊരുവന്‍ ചോരയൊലിപ്പിച്ചു വന്നാല്‍ എന്തു ചെയ്യും? വന്നവന്‍ രാത്രി നമ്മുടെ വീട്ടില്‍ കിടന്നു മരിച്ചാല്‍ എന്താകും അവസ്ഥ?

പെട്ടെന്നു അത്തരമൊരു സാഹചര്യം വന്നാല്‍ ഞാന്‍ എന്തു ചെയ്യുമെന്നു എനിക്കറിയില്ല. പോലീസിലോ ജനപ്രതിനിധികളെയോ അറിയിക്കാനെങ്കിലും നമുക്കു കഴിയേണ്ടതുണ്ട്.

PRAVEEN PRADYOTH. R.S October 3, 2011 at 12:14 PM  

Wher is Humanity? Shalln't be shame?

Meera October 3, 2011 at 2:21 PM  

manushyathwam nashttappedunna malayaalikal naadinu shaapam

വിദ്യാരംഗം കലാസാഹിത്യവേദി,G.H.S.S. ആനമങ്ങാട് October 3, 2011 at 10:57 PM  

abinandanangal
ee vishayam charchakkittathinu

വിദ്യാരംഗം കലാസാഹിത്യവേദി,G.H.S.S. ആനമങ്ങാട് October 3, 2011 at 10:58 PM  

abinandanangal
ee vishayam charchakkittathinu

samuel October 4, 2011 at 12:21 AM  

malayalikal ithra nirdayarayallo. nammude manasakshi unarendiyirikkunnu.
Samuel,CMSHSS, Thrissur.

BOBANS October 4, 2011 at 9:58 AM  

കഥ വായിച്ചിട്ട് വളരെ വിഷമം തോന്നി.

അന്ന്യ സംസ്ഥാനക്കാര്‍ പല പല സ്വഭാവക്കാരുണ്ടായിരിക്കാം. തെറ്റ് കുറ്റങ്ങള്‍ ഉണ്ടാകാം, പക്ഷെ അവരും മനുഷ്യര്‍ അല്ലെ?. ഏതു സമൂഹത്തിലും നല്ലവരും ചീത്തവരും കാണാം. പക്ഷെ ജീവന് വേണ്ടി മല്ലടിക്കുന്നവനോട് ഒരിക്കലും കണ്ണടക്കല്ലേ. കാരണം നാളെ നമുക്കും ഈ ഗതി വന്നു കൂടെന്നില്ലല്ലോ. നമ്മുടെ മതങ്ങളും, സാംസ്കാരിക വേദികളും, സമൂഹങ്ങളും എല്ലാം മനുഷ്യനെ സ്നേഹിക്കനാണ് പടിപ്പിക്കുന്നതെങ്കില്‍, നമ്മുടെ ജീവിതത്തിലും അത് പ്രാവര്‍ത്തികമാക്കണം. അല്ലെങ്കില്‍ അതിനര്‍ഥം ഒന്നുമില്ല.

ആ ചെറുപ്പക്കാരനോട്‌ നമ്മുടെ സമൂഹം തെറ്റ് ചെയ്തു. മറ്റുള്ളവരെ സ്നേഹിച്ചു, നാം നമ്മുടെ കുഞ്ഞുങ്ങള്‍ക് മാതൃക ആകണം. ഒരിക്കലും നമ്മുടെ കുഞ്ഞുങ്ങള്‍ ഇങ്ങിനെയാവരുതെ.

ഇതാണ് എന്റെ അഭിപ്രായം.

Jamuna October 8, 2011 at 3:45 PM  

Everybody will agree with you...Actually this piece of writing should be printed in our text book... of course it'll be a spark for our students.

bappu October 8, 2011 at 4:28 PM  

മനുഷ്യ മനസ്സുകളില്‍ നിന്നും മനുഷ്യത്വം നഷ്ടപ്പെട്ട്കൊണ്ടിരിക്കന്നു....എവിടെയും
ഇനി ഇത് ആവര്‍ത്തിക്കാതിരിക്കട്ടെ

KAZHCHA October 13, 2011 at 10:22 PM  

cruel mind .....just remember Perumbavoor! so and so .........

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer