പുരാതന മനുഷ്യന്‍റെ ബുദ്ധിയും ആധുനിക ബുദ്ധിയും

>> Tuesday, April 6, 2010


സയന്‍സ് ഇത്രയേറെ വികസിക്കുന്നതിന് നൂറ്റാണ്ടുകള്‍ക്ക് മുമ്പേ മനുഷ്യന്‍ പ്രകൃതിയുടെ ഓരോ താളവും തിരിച്ചറിഞ്ഞിരുന്നു. ഗ്രഹണവും സൂര്യായനവും മാത്രമല്ല ആകാശത്ത് കൊള്ളിമീനുകള്‍ പ്രത്യക്ഷപ്പെടുന്ന ദിവസം വരെ കൃത്യമായി പ്രവചിക്കാന്‍ പഴയ തലമുറയ്ക്ക് സാധിക്കുമായിരുന്നു. പക്ഷെ അതില്‍ പലതും അന്ധവിശ്വാസങ്ങള്‍ക്കടിമപ്പെട്ടിരുന്നുവെന്നത് ഒരു വാസ്തവം. എന്തായിരുന്നു പുരാതനസമൂഹത്തെ ഈ നേട്ടങ്ങളിലേക്ക് നയിക്കാന്‍ ഹേതുവായതെന്ന് ചോദിച്ചാല്‍ ഉത്തരം സ്പഷ്ടമാണ്. സൂക്ഷ്മ നിരീക്ഷണവും യുക്തിചിന്തയും തന്നെ. തങ്ങളുടെ കണ്ടെത്തലുകളില്‍ ഗഹനമായ കണക്കുകൂട്ടലുകള്‍ നടത്തുകയും അതില്‍ നിന്ന് ഒരു നിഗമനത്തിലെത്തിച്ചേരാനും ഇവര്‍ക്കു സാധിച്ചു. ആധുനിക തലമുറ പലതും നിഷേധിക്കുന്നതു പോലെ ചെറുതെങ്കിലും മറ്റൊരു വിഭാഗം ഇതിനെ ദുരുദ്ദേശത്തോടെ വ്യാഖ്യാനിക്കാനും ശ്രമിക്കുന്നുണ്ട്. പന്ത്രണ്ടും ഏഴും തമ്മില്‍ ഗുണിക്കാന്‍ ആവശ്യപ്പെട്ടാല്‍ കാല്‍ക്കുലേറ്റര്‍ എടുക്കുന്ന ഈ കാലഘട്ടത്തില്‍, അമ്മാവന്‍റെ വീട്ടിലെ ഫോണ്‍നമ്പര്‍ നോക്കാന്‍ മൊബൈല്‍ ഫോണ്‍ വേണ്ടി വരുന്ന ഈ കാലഘട്ടത്തില്‍ ഈ ചര്‍ച്ചയ്ക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് ഏവരും സമ്മതിക്കാതിരിക്കാന്‍ ഇടയില്ല. അതുകൊണ്ടുതന്നെ, വളര്‍ന്നു വരുന്ന തലമുറ ഇതെക്കുറിച്ച് ബോധവാന്മാരായിരിക്കണം എന്ന ആഗ്രഹത്തോടെ ലിറ്റില്‍ സയന്റിസ്റ്റിനെ അവലംബിച്ചുകൊണ്ടാണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്. എ.ഡി അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ചരിത്രപ്രസിദ്ധനായ ജ്യോതിശാസ്ത്രജ്ഞനും ഗണിതജ്ഞനുമായ ആര്യഭടന്റെ അത്ഭുതാവഹമായ കണ്ടെത്തലുകളും ആധുനിക ജ്യോതിശാസ്ത്രത്തിന്റെ കണ്ടെത്തലുകളും തമ്മില്‍ നമുക്കൊന്ന് താരതമ്യം ചെയ്യാം.


ഭൂമി ഭ്രമണം ചെയ്യാനെടുക്കുന്ന സമയം ആര്യഭടന്‍ ഗണിച്ചതും ആധുനിക ജ്യോതിശാസ്ത്രം കണ്ടെത്തിയതും തമ്മിലുള്ള വ്യത്യാസം എത്ര സെക്കന്റിന്റേതാണെന്ന് അറിയുമോ? വെറും .009 സെക്കന്റിന്റെ വ്യത്യാസം. ഇത് നമ്മെ അത്ഭുതപ്പെടുത്തുന്നില്ലേ? കാരണം, ആര്യഭട്ടന്‍ ജീവിച്ച കാലഘട്ടവും ഇതെല്ലാം കണ്ടെത്തിയ കാലഘട്ടവും തമ്മിലുള്ള അന്തരം അഞ്ചു നൂറ്റാണ്ടിന്റേതാണ്. ഒരു വര്‍ഷത്തിന്റെ നീളമോ, ആര്യഭടന്‍ കണ്ടെത്തിയതും ജ്യോതിശാസ്ത്രം കണ്ടെത്തിയതും തമ്മിലുള്ള വ്യത്യാസം വെറും 3 മിനിറ്റ് 20 സെക്കന്റിന്റേത്. ഭൂമിയുടെ ചുറ്റളവിലുള്ള വ്യത്യാസമോ വെറും 106.9585 കിലോമീറ്റാറിന്റേതു മാത്രം. അതായത് വെറും 0.02 ശതമാനത്തിന്റെ വ്യത്യാസം. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഭാരതത്തില്‍ ജീവിച്ചിരുന്ന ഭാസ്ക്കരന്‍ രണ്ടാമന്‍ വര്‍ഷത്തിന്റെ നീളം കണ്ടെത്തിയത് 365.2588 ദിവസമെന്നും ആധുനിക ജ്യോതിശാസ്ത്രം കണ്ടെത്തിയത് 365.2563 ദിവസങ്ങളെന്നും. വ്യത്യാസം എത്രയാണ്? വെറും 0.0025 ന്റേത് അല്ലേ. അതായത് പന്ത്രണ്ടാം നൂറ്റാണ്ടില്‍ വെച്ചു തന്നെ ഒരു വര്‍ഷത്തിന്റെ ദൈര്‍ഘ്യം മുന്നൂറ്ററുപത്താഞ്ചേകാല്‍ ദിവസമെന്ന് മനുഷ്യന് അറിയാമായിരുന്നുവെന്ന് സാരം. അതും ഒരു ഇലക്ട്രോണിക്ക് ഉപകരണങ്ങളുമില്ലാതെ. ഇവിടെയാണ് മനുഷ്യന്റെ ബുദ്ധിശക്തിയുടെ വലിപ്പം നാമറിയുന്നത്.

ആര്യഭടന്റെ മറ്റ് കണ്ടെത്തലുകളെന്തെല്ലാമായിരുന്നുവെന്ന് നോക്കാം.

  • ഭൂമി ഭ്രമണം ചെയ്യുന്നുണ്ട്


  • ഭൂമിയുടെ ഈ ഭ്രമണം കൊണ്ടു തന്നെയാണ് നക്ഷത്രങ്ങള്‍ ചലിക്കുന്നതായി തോന്നുന്നത്.


  • മുന്നോട്ട് ചലിക്കുന്ന വാഹനത്തില്‍ ഇരിക്കുമ്പോള്‍ വസ്തുക്കള്‍ പുറകോട്ടു പോകുന്നതായി തോന്നുന്നത് പോലെയാണ്


  • ഭൂമിയില്‍ ഇരിക്കുന്ന നമ്മള്‍ ചലിക്കുന്നതറിയാതെ സ്ഥിരമായി നില്‍ക്കുന്ന നക്ഷത്രങ്ങള്‍ ചലിക്കുന്നതായി തോന്നുന്നത്.


  • ചന്ദ്രനും ഗ്രഹങ്ങളും തിളങ്ങുന്നത് സൂര്യപ്രകാശത്താലാണ്


  • രാഹു, കേതു ഇവ സാങ്കല്പിക ഗ്രഹങ്ങളാണ്


  • ചന്ദ്രന്‍ ഭൂമിയുടെ നിഴലില്‍ കടക്കുന്നത് കൊണ്ടാണ് ചന്ദ്രഗ്രഹണം ഉണ്ടാകുന്നത്. അല്ലാതെ രാഹുവും കേതുവും ചന്ദ്രനെ വിഴുങ്ങുന്ന കൊണ്ടല്ല


  • ചന്ദ്രന്റെ നിഴല്‍ ഭൂമിയില്‍ വീഴുമ്പോഴാണ് സൂര്യഗ്രഹണമുണ്ടാകുന്നത്


  • ആര്യഭടന്റെ യഥാര്‍ത്ഥ ചിത്രങ്ങള്‍ ലഭ്യമല്ല. ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ആസ്ട്രോണമി ആന്റ് ആസ്ട്രോ ഫിസിക്സിന് (IUCAA) മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന ഭാവനാജന്യമായ ഒരു ശില്പമാണ് പോസ്റ്റിനോടൊപ്പമുള്ള ചിത്രത്തിലുള്ളത്.

    പ്രൊജക്ടിന്റെ ഭാഗമായി കൂടുതല്‍ ചിന്തിക്കാന്‍ എന്ന വിഭാഗത്തില്‍ നിന്നും ഒരു ചോദ്യം ചോദിക്കട്ടേ,

    ഭൂമധ്യരേഖയിലൂടെയുള്ള റയില്‍പാത വഴി ഒരാള്‍ മണിക്കൂറില്‍ 1667 കിലോമീറ്റര്‍ വേഗതയില്‍ പടിഞ്ഞാറോട്ട് നിര്‍ത്താതെ സഞ്ചരിക്കുന്നു എന്നിരിക്കട്ടെ. അയാള്‍ക്ക് സൂര്യന്‍ അസ്തമിക്കുന്നത് എപ്പോഴായിരിക്കും? എന്തു കൊണ്ട് ?

    ♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer