നമ്മുടെ കുട്ടികള്‍ എന്താണ് ഇന്റര്‍നെറ്റില്‍ തിരയുന്നത്?
>> Friday, June 27, 2014
സൈബര്‍ ബോധവത്കരണം : പ്രസക്തി
ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി അനുനിമിഷം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഒട്ടേറെ പുതിയ സേവന-വേതന തൊഴില്‍ മേഖലകളില്‍ അത് സ്വാധീനം ചെലുത്തിക്കഴിഞ്ഞിരിക്കുന്നു. മനുഷ്യന് ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം പോലെ അടിസ്ഥാന ആവശ്യമായി മാറിക്കൊണ്ടിരിക്കുകയാണ് ഇന്റര്‍നെറ്റ്. വിവരവിനിമയ സാങ്കേതിക വിദ്യയുടെ സഹായമില്ലാതെ ജീവിത സൗകര്യങ്ങളോ സര്‍ക്കാര്‍ സേവനങ്ങളോ ഉപയോഗപ്പെടുത്താന്‍ സാധ്യമല്ലാത്ത അവസ്ഥ. ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഐടിയുടെ സ്വാധീനം കാണാം. ആശയവിനിമയം, ഭരണ നിര്‍വഹണം, വിനോദം, വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയ മേഖലകളിലെല്ലാം ഒഴിവാക്കാനാവാത്ത സാങ്കേതികവിദ്യയായി പ്രയോജനപ്പെടുത്തുന്ന ഐടി ഇന്ന് ഒരു ജീവിത നൈപുണി(Life Skill)യായി മാറിയിരിക്കുന്നു. സെക്കണ്ടറിവിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതോടെ വിദ്യാര്‍ഥി ആര്‍ജ്ജിക്കേണ്ട ശേഷികളുടെ കൂട്ടത്തില്‍ ഐടിയുടെ സ്ഥാനം പ്രഥമഗണനീയമായി മാറേണ്ട അവസ്ഥ സംജാതമായിരിക്കുന്നു.
കമ്പ്യൂട്ടറിനു മുന്നില്‍ ജീവിതത്തിന്റെ ഭൂരിഭാഗവും ചെലവഴിക്കുന്ന ആളുകളുടെ എണ്ണം കൂടി വരികയാണ്. ഇടത്തരക്കാര്‍ വരെ മക്കള്‍ക്ക് കമ്പ്യൂട്ടര്‍/ സ്മാര്‍ട്ട് ഫോണ്‍ വാങ്ങി നല്‍കുന്നു. ഫോണും ഇന്റര്‍നെറ്റും കൗമാരക്കാരുടെ/വിദ്യാര്‍ഥികളുടെ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. 'ഓഫ്‌ലൈന്‍' സുഹൃത്തുക്കളേക്കാള്‍ ഓണ്‍ലൈന്‍ സൌഹൃദങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന കാലം. ലോകമാകെ വ്യാപിച്ചു കിടക്കുന്ന മഹാശൃംഖലയില്‍ വ്യാപരിക്കുന്ന നമ്മുടെ വിദ്യാര്‍ഥികള്‍ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് എല്ലാ രക്ഷിതാക്കളും മനസ്സിലാക്കുന്നുണ്ടോ? ഈ 'ഇ-വല'യില്‍ ഒളിഞ്ഞു കിടക്കുന്ന ചതിക്കുഴികളെക്കുറിച്ച് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ബോധവത്കരിക്കേണ്ടതല്ലേ ? താഴെ നല്‍കിയിരിക്കുന്ന ചില പ്രസ്താവനകള്‍ കാണൂ.
- ഇന്റര്‍നെറ്റ് കുട്ടികളില്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. 2013 ലെ കണക്കനുസരിച്ച് ലോകമെമ്പാടുമുള്ള 1.5 ശതമാനത്തിനും 18 ശതമാനത്തിനും ഇടയിലുള്ള കുട്ടികളില്‍ ഇന്റര്‍നെറ്റിന്റെ അമിതോപയോഗം രേഖപ്പെടുത്തിയിരിക്കുന്നു. ഇതില്‍ ഭൂരിഭാഗവും 13 നും 19 നും ഇടയിലുള്ള കൌമാരക്കാരാണ്.
- 2014 ജൂണ്‍ ആകുമ്പോഴേക്ക് ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടി ലോകരാഷ്‌ട്രങ്ങളില്‍ രണ്ടാം സ്‌ഥാനത്തെത്തുമെന്നാണു കണക്കുകള്‍. ചൈനയാണ് ഒന്നാം സ്ഥാനത്ത്.
- ഐടിമിഷന്‍ നടത്തിയ ഒരു പഠന റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നത് കേരളീയരാണ്.
- കേരളത്തില്‍ മൂന്ന് കോടിയോളം ഇന്റര്‍നെറ്റ് വരിക്കാരുണ്ടെന്നാണ് ഏകദേശ കണക്ക്. കഫെകളുടെ എണ്ണം 15,000 ത്തിനും 20,000 ത്തിനും ഇടയിലാണ്.
- മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ കേരളത്തില്‍ നാല് കോടിയോളമായി കഴിഞ്ഞു. കേരളത്തിലെ റേഷന്‍ കാര്‍ഡിനേക്കാള്‍ വരും ഇത്.
- ഇന്റര്‍നെറ്റ് സൗകര്യമുള്ള ഫോണ്‍ വ്യാപകമായി. ഫോണ്‍-മൊബൈല്‍ ഫോണ്‍-നെറ്റ് ഉപയോഗം കേരളത്തില്‍ കൂടുതലാണ്.
- വിദ്യാര്‍ഥികള്‍ അവരുടെ പ്രോജക്ട്/ അസൈന്റ്മെന്റിന്റെ പൂര്‍ത്തീകരിക്കാനായി ഇന്റര്‍നെറ്റ് കഫേകളില്‍ സ്ഥിരമായി സന്ദര്‍ശിക്കുന്നു/ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നു.
- പഠനാവശ്യങ്ങള്‍ക്കും റഫറന്‍സിനുമായി കുട്ടികള്‍ കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഉപയോഗപ്പെടുത്തുന്നു. എന്നാല്‍ മാറിയ കുടുംബവ്യവസ്ഥയില്‍ ഒറ്റപ്പെടലില്‍നിന്നും വീര്‍പ്പുമുട്ടലില്‍ നിന്നും ആശ്വാസം തേടുന്ന കുരുന്നുകള്‍ ക്രമേണ വെര്‍ച്വല്‍ സൗഹൃദങ്ങളുടെയും ഇന്റര്‍നെറ്റിലെ ചതിച്ചുഴികളിലും അകപ്പെടുന്നു.
- കേരളത്തിൽ ഓൺലൈൻ അഡിക്ഷൻ ഒരു മാനസികാരോഗ്യ പ്രശ്നമായി പരിഗണിക്കപ്പെടുകയാണ്. സാമൂഹിക പെരുമാറ്റത്തിന് വേണ്ട നിയന്ത്രണങ്ങൾ, വിലക്കുകൾ എന്നിവയൊന്നും പാലിക്കപ്പെടാതെ എന്തും ചെയ്യുന്ന അവസ്ഥയിലേക്ക് വ്യക്തി നയിക്കപ്പെടുന്ന 'ഓൺലൈൻ ഡിസ് ഇൻഹിബിഷൻ' എന്ന മാനസികാവസ്ഥ ഒരു വൈകല്യമായി അനേകം പേരെ ഇവിടെ ബാധിച്ചു കൊണ്ടിരിക്കുന്നു.
- ഇന്ത്യയിലെ മെട്രോപൊളിറ്റന്‍ സിറ്റികളില്‍, അസോച്ചം (Associated Chambers of Commerce and Industry of India) നടത്തിയ ഒരു സര്‍വെയില്‍ കണ്ടെത്തിയത് സര്‍വെയിലെ 8 നും 11 നും വയസ്സില്‍ പ്രായമുള്ള 52 ശതമാനം കുട്ടികളും ദിവസവും 5 മണിക്കൂറിലധികം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നു എന്നാണ്. അവലംബം:
- പ്രശസ്ത ആന്റി വൈറസ് കമ്പനിയായ 'മെക് അഫീ' ഇന്ത്യയിലെ മെട്രോ നഗരങ്ങളില്‍ നടത്തിയ ഏറ്റവും പുതിയ സര്‍വേയുടെ റിപ്പോര്‍ട്ട് പ്രകാരം, കുട്ടികള്‍ പതിമൂന്ന് വയസ്സാകുമ്പോഴേക്കും ഫേസ്ബുക്കില്‍ അക്കൗണ്ട് തുടങ്ങുന്നു, ദിവസവും ഫേസ്ബുക്ക് ഉപയോഗിക്കുന്ന കുട്ടികള്‍ 53 ശതമാനവും ട്വിറ്റര്‍ ഉപയോഗിക്കുന്നവര്‍ 54 ശതമാനവും വരും. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന കൗമാരക്കാരില്‍ 47 ശതമാനം പേര്‍ പരീക്ഷകള്‍ക്കും മറ്റുമായി ഓണ്‍ലൈന്‍ വഴി വിവരം ശേഖരിക്കുന്നവരാണ്. എന്നാല്‍ ഇന്റര്‍നെറ്റ് ദുരുപയോഗം ചെയ്യുന്ന കൗമാരക്കാരായ കുട്ടികളുടെ എണ്ണം അനുദിനം കൂടിവരികയാണെന്ന് സര്‍വെ വ്യക്തമാക്കുന്നു.
- ഇന്റര്‍നെറ്റില്‍ അബദ്ധത്തില്‍ അശ്ലീലം കാണുന്നവരാണ് 53 ശതമാനം കുട്ടികളുമെന്ന് 'മെക് അഫീ' സര്‍വെ വ്യക്തമാക്കുന്നു.
- അശ്ലീലം കാണാന്‍ മാത്രം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന കൗമാരക്കാര്‍ 35 ശതമാനം വരും. വീട്ടിലെ കമ്പ്യൂട്ടറില്‍ അശ്ലീലം കാണുന്നവര്‍ 32 ശതമാനമാണെങ്കില്‍, 45 ശതമാനം കൗമാരക്കാര്‍ ഇന്റര്‍നെറ്റ് അശ്ലീലം ആ സ്വദിക്കുന്നത് സ്മാര്‍ട്ട് ഫോണുകളിലാണ്.
- ചെറുപ്രായത്തില്‍തന്നെ സാങ്കേതികവിദ്യകളില്‍ ആകൃഷ്‌ടരാകുന്നവരില്‍ വേണ്ടത്ര അറിവില്ലാതെ സൈബര്‍ കുറ്റകൃത്യങ്ങളിലേക്കെത്തിച്ചേരുന്നവര്‍ ധാരാളമുണ്ട്.
- കുട്ടികളുടെ ഇന്റര്‍നെറ്റ് ദുരുപയോഗത്തെക്കുറിച്ച് 75 ശതമാനം രക്ഷിതാക്കള്‍ക്കും അറിവില്ലെന്നാണ് മുകളിലെ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്. 79 ശതമാനം രക്ഷിതാക്കളും കുട്ടികളെ വിശ്വസിക്കുന്നവരുമാണ്. കമ്പ്യൂട്ടറില്‍ കുട്ടികള്‍ എന്ത് ചെയ്യുന്നു എന്ന് മനസ്സിലാക്കാനുള്ള സാങ്കേതിക വിവരം 61 ശതമാനം രക്ഷിതാക്കള്‍ക്കുമില്ല. 53 ശതമാനം രക്ഷിതാക്കള്‍ക്കും കുട്ടികളെ നിരീക്ഷിക്കാന്‍ നേരമില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അവലംബം:
- ബ്രൗസിംഗ് ഹിസ്റ്ററി മായ്ച്ച് കളഞ്ഞും പ്രൈവസി സെറ്റിംഗുകള്‍ ഇഷ്ടപ്രകാരം സെറ്റ് ചെയ്തും വ്യാജ അക്കൗണ്ടും ഐ.ഡിയും ഉപയോഗിച്ചുമാണ് കൗമാരക്കാര്‍ ഇന്റര്‍നെറ്റ് ദുരുപയോഗം ചെയ്യുന്നത് രക്ഷിതാക്കള്‍ കമ്പ്യൂട്ടര്‍ സാക്ഷരത നേടേണ്ടതും കുട്ടികളെ നിരീക്ഷിക്കാന്‍ സമയം കണ്ടെത്തേണ്ടതും അത്യാവശ്യമാണ്.
- അശ്ലീലവീഡിയോ കോപ്പി ചെയ്തു(യുഎസ്ബി ഡ്രൈവ്, മെമ്മറി കാര്‍ഡ് എന്നിവയില്‍) വിദ്യാര്‍ഥികള്‍ക്ക് വില്‍ക്കുന്ന പ്രവണത കേരളത്തിലെ ചില സൈബര്‍ കഫേകള്‍ കേന്ദ്രീകരിച്ച് നടക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
- അശ്ലീല സൈറ്റുകളോടുള്ള അമിതമായ താല്‍പര്യം കുട്ടികളുടെ മാനസികവും വൈകാരികവുമായ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നു. ഈ ദുശ്ശീലത്തിന് അടിമകളാകുന്ന കുട്ടികള്‍ പഠന കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കാതിരിക്കുകയും സ്‌കൂളില്‍ പോകാന്‍ മടികാണിക്കുകയും ചെയ്യും. അശ്ലീല ചുവയുള്ള സംസാരം, കമന്റടി, ദ്വയാര്‍ഥപ്രയോഗത്തിലുള്ള സംഭാഷണം തുടങ്ങിയ ദുസ്വഭാവങ്ങള്‍ ഇത്തരം കുട്ടികളില്‍ കണ്ടുവരുന്നു.
- ദിവസത്തില്‍ ആറുമണിക്കൂറിലധികം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന കുട്ടികളില്‍ വിഷാദരോഗം, അമിത ഉത്കണ്ഠ, സംശയരോഗം, അമിത ദേഷ്യം ആക്രമണ സ്വഭാവം, സൈക്കോസിസ് എന്നിവയ്ക്കുള്ള സാധ്യതകൂടുതലാണെന്ന് ഡോക്ടര്‍മാര്‍. ഇത്തരക്കാര്‍ അമിതമായ പരാജയഭീതിയും ആത്മവിശ്വാസക്കുറവും നിമിത്തം സാമൂഹികബന്ധങ്ങളില്‍ നിന്ന് ഒളിച്ചോടുകയും മാനസികാശ്വാസവും പിന്തുണയും ലഭിക്കാന്‍ സോഷ്യല്‍ നെറ്റ്‍വര്‍ക്കിങ് സൈറ്റുകളില്‍ കൂടുതല്‍ വ്യാപരിക്കുകയും ചെയ്യുന്നു.അവലംബം:
- ഇന്റര്‍നെറ്റിലെ അഡല്‍ട്ട് സൈറ്റുകളിലെ പ്രധാനപ്പെട്ട 25 സൈറ്റുകളില്‍ സന്ദര്‍ശിക്കുന്നവരില്‍ ഭൂരിഭാഗവും കൗമാരക്കാരാണത്രെ. ഇത് കുട്ടികളെ ഇന്റര്‍നെറ്റ് അടിമകളാക്കുന്നു എന്നത് മാത്രമല്ല, കുട്ടികളില്‍ ലൈംഗിക വൈകൃതങ്ങള്‍ക്കും ലൈംഗികതയുമായി ബന്ധപ്പെട്ട അപകടകരമായ ധാരണകള്‍ക്കും കാരണമാകുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.
- ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന 10 കുട്ടികളില്‍ ഏഴുപേരും അശ്ലീലത്തിനും വയലന്‍സിനും ഇരയാകുന്നുണ്ടെന്നാണ് സുരക്ഷ സോഫ്റ്റ്‌വെയര്‍ നിര്‍മാതാക്കളായ സിമാന്റക് നടത്തിയ പഠനത്തില്‍ കണ്ടത്. ഇവരുടെ മാതാപിതാക്കളില്‍ പകുതി പേര്‍പോലും കുട്ടികള്‍ ഇങ്ങനെ ചൂഷണം ചെയ്യപ്പെടുന്നതായിപ്പോലും അറിയുന്നില്ലെന്നും പ്രസ്തുത പഠനത്തില്‍ വ്യക്തമാക്കുന്നു.
- ഇടുക്കി ജില്ലയില്‍ ഒന്നാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച നാലാം ക്ലാസുകാരന്റെ കേസ് നോക്കുക - അച്ഛന്‍ സ്ഥിരമായി അശ്ലീലസിനിമ കാണുന്നത് കുട്ടികാണാറുണ്ടത്രെ. സ്വന്തം സഹോദരിയുടെയും നഗ്നത വെബ്ക്യാമിലൂടെ പകര്‍ത്തിയ മറ്റൊരു വിദ്യാര്‍ഥിയുടെ കേസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്....
- 2012 ല്‍ ഐ.ടി. നിയമപ്രകാരം ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത സൈബര്‍ കുറ്റകൃത്യങ്ങളില്‍ 18 വയസില്‍ താഴെയുള്ളവര്‍ കൂടുതലായി പ്രതികളായതു കേരളത്തില്‍നിന്നാണ്. ഈ സൈബര്‍ കുറ്റവാളികള്‍ ഏറെയും 30 വയസില്‍ താഴെയുള്ളവര്‍.
- മറ്റുസംസ്‌ഥാനങ്ങളില്‍നിന്നു വ്യത്യസ്‌തമായി കേരളത്തിലെ സൈബര്‍ കുറ്റങ്ങളില്‍ ഏറെയും അശ്ലീലചിത്രങ്ങള്‍ ഇന്റര്‍നെറ്റ് വഴിയോ മൊബൈല്‍ഫോണ്‍ വഴിയോ പ്രചരിപ്പിക്കുന്നവയുമായി ബന്ധപ്പെട്ടുള്ളവയാണ്.
- ഇന്റര്‍നെറ്റ്, മൊബൈല്‍ഫോണ്‍ ദുരുപയോഗവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ പോലീസിന് ലഭിച്ചത് നാല്പതിനായിരത്തോളം പരാതികളാണ്. തിരുവനന്തപുരത്തെ സൈബര്‍ സെല്ലില്‍ മാത്രം പ്രതിദിനം മുപ്പതിലധികം പരാതികള്‍ ലഭിക്കുന്നു. ഇവയിലധികവും മൊബൈല്‍ സംബന്ധമായ പരാതികളാണ്. ബാക്കി ഫേസ്ബുക്ക്, വാട്ട്സ് അപ്പ്, ഓണ്‍ലൈന്‍ തട്ടിപ്പ്, ഇ-മെയില്‍ നുഴഞ്ഞുകയറ്റം, വ്യാജ അക്കൗണ്ടുകള്‍ തുടങ്ങിയവയും.
- നാഷണല്‍ ക്രൈം റെക്കോഡ് ബ്യൂറോയുടെ റിപ്പോര്‍ട്ട് പ്രകാരം ഇന്റര്‍നെറ്റ് വഴി അശ്ലീലം പ്രസിദ്ധപ്പെടുത്തുന്നതില്‍ രാജ്യത്ത് ഒന്നാംസ്ഥാനത്ത് നില്‍ക്കുന്നത് കേരളമാണ്. ഇന്റര്‍നെറ്റ് വഴി പ്രചരിക്കുന്ന അശ്ലീല പ്രസിദ്ധീകരണങ്ങളില്‍ 27 ശതമാനവും നമ്മുടെ സംസ്ഥാനത്ത് നിന്നാണ്. ഇരകളാകുന്നവരും കൂടുതല്‍ അശ്ലീല വെബ്‌സൈറ്റുകള്‍ കാണുന്നവരും കുട്ടികളാണ്.
- സൈബര്‍ തട്ടിപ്പുുകളെക്കുറിച്ചും / കുറ്റകൃത്യങ്ങളെക്കുറിച്ചും നിയമങ്ങളെക്കുറിച്ചുമുള്ള വിദ്യാര്‍ഥികളുടെ അറിവില്ലായ്മ അവരെ പല അബദ്ധങ്ങളിലും അകപ്പെടുത്തുന്നു. പുതിയ സിനിമകള്‍ ഇന്റര്‍നെറ്റില്‍ അപ്‍ലോഡ് ചെയ്യാന്‍ വിദ്യാര്‍ഥികളെ കരുവാക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വാര്‍ത്ത കാണാം.
- കമ്പ്യൂട്ടര്‍, സ്മാര്‍ട്ട് ഫോണ്‍ എന്നിവ ആദ്യമായി ഉപയോഗിക്കുന്ന കുട്ടി അതിലെ ഗെയിമുകള്‍ പ്രവര്‍ത്തിപ്പിച്ചു നോക്കാനാണ് സ്വാഭാവികമായി ആദ്യം ശ്രമിക്കുക. എന്നാല്‍ പഠനാവശ്യത്തിനും മറ്റ് അത്യാവശ്യ കാര്യങ്ങള്‍ക്കും കമ്പ്യൂട്ടര്‍ ഉപയോഗിക്കേണ്ടി വരുന്ന അവന്‍ പിന്നീട് സദാ ഗെയിം കളിച്ച് സമയം പോക്കാറില്ല. ഇതുപോലെ തന്നെയാണ് ഇന്റര്‍നെറ്റും. ഇന്റര്‍നെറ്റ് ഉപയോഗത്തെക്കുറിച്ച് ശരിയായ അവബോധമില്ലാത്തവര്‍ ക്രമേണ അതിന്റ ദുരുപയോഗത്തിലാണ് എത്തിച്ചേരുക. പത്താം ക്ലാസുകാരന്റെയും പ്ലസ്‌ടു ക്കാരന്റെയും റൂമില്‍ ഇന്റര്‍നെറ്റ് കണക്ഷനുള്ള കമ്പ്യൂട്ടറും സ്മാര്‍ട്ട് ഫോണും ലഭ്യമാക്കുന്ന രക്ഷിതാക്കള്‍ മക്കള്‍ എന്താണ് കമ്പ്യൂട്ടറില്‍/ ഫോണില്‍ ഒറ്റക്കിരുന്ന് ചെയ്യുന്നത് എന്നു കൂടി അന്വേഷിക്കേണ്ട ചുമതലയുണ്ട്.
- "മുമ്പ് ഒരു അശ്ലീലസിനിമ കാണണമെങ്കില്‍ തിയറ്ററില്‍ പോകണം. 'എ'പടം പ്രദര്‍ശിപ്പിക്കുമ്പോള്‍ പോലും 'പ്രായപൂര്‍ത്തിയെത്തിയവര്‍ക്ക് മാത്രം' എന്ന സെന്‍സര്‍ബോര്‍ഡിന്റെ മുന്നറിയിപ്പോടെയേ പാടുള്ളൂ. ചാനലുകളില്‍ അശ്ലീലപരസ്യങ്ങളും ചീളുകളും പ്രത്യക്ഷപ്പെടുമ്പോള്‍ തന്നെ നമ്മുടെ ധാര്‍മികബോധം ഉണരാറുണ്ട്. നിയമപരമായും ഈ മേഖല നിയന്ത്രണവിധേയമാണ്. പക്ഷേ, ഇതൊന്നും ബാധകമല്ലാത്ത ഒരു മേഖലയായി ഇന്റര്‍നെറ്റ് ഇടം വളര്‍ന്നിരിക്കുന്നു.......”(ടോമിന്‍ ജെ. തച്ചങ്കരി, സംസ്ഥാന പൊലീസ് സൈബര്‍ സെല്‍, മുന്‍ മേധാവി).
- ഇന്റര്‍നെറ്റ് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം അതിലെ ചതിക്കുഴികളും വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ബോധവത്കരിക്കേണ്ടത് അത്യാവശ്യമായി മാറിയിരിക്കുന്നു. ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ കുട്ടികള്‍ക്ക് നല്ല വഴികാട്ടികളാവാന്‍ അച്ഛനമ്മമാര്‍ക്കും അധ്യാപകര്‍ക്കും കഴിയണം. ഇന്റര്‍നെറ്റ് ഉപയോഗത്തെക്കുറിച്ചും ദുരുപയോഗത്തെക്കുറിച്ചും സൈബര്‍സെല്ലിന്റെ സഹായത്തോടെയോ ഈ മേഖലയില്‍ വിദഗ്ധരായവരുടെ സഹായത്തോടെയോ സ്കൂളുകളില്‍ രക്ഷിതാക്കള്‍ക്കായി ഉടന്‍ ഒരു സൈബര്‍ബോധവത്കരണ ക്ലാസ് നടത്തുന്നത് നല്ലതല്ലേ ?
കൂടുതല്‍ വായനക്ക്..
Read More | തുടര്‍ന്നു വായിക്കുക