ഐ എ എസ് - മിത്തുകളും യാഥാര്‍ത്ഥ്യങ്ങളും..!

>> Sunday, September 15, 2013

ഇത് ഡോക്ടര്‍ ആല്‍ബി ജോണ്‍ വര്‍ഗ്ഗീസ്. നാലാം റാങ്കോടെ ഈ വര്‍ഷം ഇന്ത്യന്‍ യുവത്വത്തിന്റെ പരമോന്നത പ്രൊഫഷണല്‍ സ്വപ്നമായ ഐ എ എസ്സിലേക്ക് നടന്നുകയറിയ മലയാളി. അദ്ദേഹത്തെ പരിചയപ്പെടുത്തുകയല്ല ഈ പോസ്റ്റിന്റെ ലക്ഷ്യം, ഇന്ത്യന്‍ സിവില്‍ സര്‍വ്വീസിനെക്കുറിച്ചുള്ള നമ്മില്‍ പലരുടേയും ഒരുപാട് മിഥ്യാധാരണകളെ തന്റെ ബ്ലോഗിലൂടെ പൊളിച്ചടുക്കിയത് മാത് സ് ബ്ലോഗ് വായനക്കാരുമായി പങ്കുവെക്കുകയാണ്. വളര്‍ന്നുവരുന്ന തലമുറയില്‍ ചിലര്‍ക്കെങ്കിലും ഇത് ഉപകാരപ്പെടുമെന്ന് തോന്നിയതുകൊണ്ട്, അദ്ദേഹത്തിനോട് ഇത് പുന:പ്രസിദ്ധീകരിക്കുവാനുള്ള അനുവാദം ചോദിച്ചു. ഒരു മണിക്കൂറിനുള്ളില്‍ സസന്തോഷം അനുവാദം കിട്ടി.


പരീക്ഷയെക്കാള്‍ പേര് കേട്ട ചില മിത്തുകളെക്കുറിച്ച്; മിഥ്യാധാരണകളെക്കുറിച്ച്

സിവില്‍ സര്‍വീസ് പരീക്ഷയെപറ്റി പറയുമ്പോള്‍ കുറച്ചു മിത്തുകളെ (കെട്ടുകഥകളെ)പ്പറ്റി പറയാതെ വയ്യ. കാര്യം പറഞ്ഞു വരുമ്പോള്‍ ,നമുക്ക് ഒരു സൂപ്പര്‍ ഹീറോ ഇമേജ് ഒക്കെ തരുന്നവ ആണ് ഇവയില്‍ പലതും.അത് കൊണ്ട് ഇവയെ പൊളിച്ചടുക്കുന്നത് സത്യം പറഞ്ഞാല്‍ നഷ്ടമാണ് :P.എങ്കിലും ഇവയൊക്കെ കേട്ട് പേടിച്ചു പരീക്ഷ എഴുതണോ വേണ്ടയോ എന്ന് ആലോചിച്ചു നടന്ന ഒരു കാലം എനിക്കുമുണ്ടായിരുന്നു.അത് കൊണ്ട് തന്നെ ഇവയില്‍ കുറച്ചെങ്കിലും പോളിച്ചെഴുതാതെ വയ്യ.

1)മിത്ത്-
"സിവില്‍ സര്‍വീസ് പരീക്ഷ ഇന്ത്യയിലെ ഏറ്റവും വലിയ പരീക്ഷയാണ്."

വാസ്തവം-
സിവില്‍ സര്‍വീസ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ എഴുതുന്ന പരീക്ഷയാണ്‌ എന്ന് തോന്നുന്നു(അത് തന്നെ സംശയം ആണ്;നമ്മുടെ LDC പരീക്ഷയൊക്കെ എത്ര പേര് എഴുതുന്നുണ്ടാവും?) പരീക്ഷ ഉയര്‍ന്ന രീതിയില്‍ ജയിച്ചാല്‍ കിട്ടുന്ന തൊഴില്‍/പ്രവര്‍ത്തന അവസരങ്ങളുടെ കാര്യത്തിലും ഇതൊരു വലിയ പരീക്ഷ തന്നെ.ഒരു വര്‍ഷത്തിനുള്ളില്‍ അസിസ്റ്റന്റ്‌ കളക്ടറും അസിസ്റ്റന്റ്‌ പോലീസ് സൂപ്രണ്ടും ആകാന്‍ അവസരം തരുന്ന പരീക്ഷ ചെറിയ കാര്യമല്ലല്ലോ? പക്ഷെ പരീക്ഷയുടെ കാഠിന്യം നോക്കിയാല്‍ ഇതിനെക്കാള്‍ പ്രയാസമുള്ള ധാരാളം പരീക്ഷകള്‍ ഉണ്ടെന്നേ ഞാന്‍ പറയൂ.അത് കൊണ്ട് തന്നെ ഈ പരീക്ഷ ജയിക്കുന്നതു കൊണ്ട് നിങ്ങള്‍ ഇന്ത്യയിലെ ഏറ്റവും ബുദ്ധിമാന്‍ ആകില്ല.ഈ പരീക്ഷ ജയിക്കാന്‍ ഇന്ത്യയിലെ തന്നെ വലിയ ബുദ്ധിമാനുമാകേണ്ട :P

2)മിത്ത്-
"അസാമാന്യ ബുദ്ധിശക്തി ഉള്ളവര്‍ക്ക് മാത്രമേ ഈ പരീക്ഷ വിജയിക്കാനാവൂ ;മാത്രമല്ല ഇവര്‍ സൂര്യന് കീഴെയുള്ള ഏതു കാര്യത്തെക്കുറിച്ചും അറിവുള്ളവരായിരിക്കും."

വാസ്തവം-
ശരാശരി ബുദ്ധിശക്തിയും നല്ല ജിജ്ഞാസയും ഉള്ള ഒരു ഇന്ത്യന്‍ യുവാവ്‌ മാറി വരുന്ന ജീവിതസാഹചര്യങ്ങളെ/സംഭവവികാസങ്ങളെ എങ്ങനെ കാണുന്നു എന്നാണ് UPSC പരിശോധിക്കുന്നത്. ഇത് UPSC നോടിഫിക്കെഷനില്‍ നിന്ന്
" The nature and standard of questions in the General Studies papers (Paper II to Paper V) will be such that a well-educated person will be able to answer them without any specialized study."
ഒരു ചലിക്കുന്ന വിജ്ഞാനകോശം ആകേണ്ട കാര്യം ഉണ്ടെന്നു തീരെ തോന്നുന്നില്ല. തീര്‍ത്തും ഡ്രൈ ആയ ഫാക്റ്റ് based ചോദ്യങ്ങള്‍ ഇപ്പോള്‍ കാണാറുമില്ല. മിക്കവാറും ചോദ്യങ്ങള്‍ നമ്മുടെ അഭിപ്രായങ്ങളെ അടിസ്ഥാനപ്പെടുത്തിയാവും.അത് നമുക്ക് ധാരാളം ഉണ്ടല്ലോ;ഏത്? അഭിപ്രായത്തിന്റെ കാര്യം തന്നെ :p
അത് പോലെ തന്നെ ചില പ്രത്യേക അഭിപ്രായങ്ങള്‍ക്ക് മാത്രമേ മാര്‍ക്ക് കിട്ടൂ എന്നുള്ള പ്രചാരണവും തെറ്റാണു എന്ന് തോന്നുന്നു.നമ്മുടെ അഭിപ്രായങ്ങള്‍ balanced ആയിരിക്കണം എന്നേയുള്ളൂ.പ്രശ്നത്തിന്റെ രണ്ടു വശവും പഠിച്ചു തന്നെയാവണം ഉത്തരം എഴുതേണ്ടത് എന്ന് വിവക്ഷ. മാത്രമല്ല ഗവര്‍മെന്റിന്റെ ഭാഗമാക്കാന്‍ നടത്തുന്ന ഒരു പരീക്ഷയില്‍ അങ്ങേയറ്റം റാഡിക്കല്‍ ആയ അഭിപ്രായങ്ങള്‍ നല്ലതല്ല എന്നും പറയാം.പരീക്ഷ ഇങ്ങനെ ആയതു കൊണ്ട് തന്നെ കാര്യങ്ങളെ മനസ്സിലാക്കി അപഗ്രഥിച്ചു പഠിക്കാനും അത് എഴുതി ഫലിപ്പിക്കാനും ഉള്ള കഴിവ് ഈ പരീക്ഷയില്‍ ആവശ്യമാണ്‌. അതിനപ്പുറം അസാമാന്യമായ ധിഷണ ഈ പരീക്ഷ വിജയിക്കാന്‍ ആവശ്യമില്ല.
ആ കാര്യത്തിലൊക്കെ UPSC യെ അഭിനന്ദിച്ചേ പറ്റൂ.
ഇന്ത്യാ ഗവെര്‍മെന്റിന്റെ പോളിസികള്‍ താഴെ തട്ടില്‍ നടപ്പാക്കാന്‍ വേണ്ട നല്ല ചുറുചുറുക്കുള്ള യുവാക്കളെ ആണ് അവര്‍ നോക്കുന്നത്.അതിനു വേണ്ടിയാണു പരീക്ഷ ഡിസൈന്‍ ചെയ്തിരിക്കുന്നതും.

3)മിത്ത്-
"അതിമനോഹരമായി ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ ആയിരിക്കണം.ചുരുങ്ങിയത് കിംഗ്‌ ലെ ജോസഫ്‌ അലെക്സിനെ പോലെയെങ്കിലും :P "
വാസ്തവം-

നല്ല ഭാഷ തീര്‍ച്ചയായും മികച്ച ഒരു മൂലധനമാണ് .ഈ പരീക്ഷയിലും അങ്ങനെ തന്നെ.പക്ഷെ നല്ല ഭാഷ എന്നത് കൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത് അലങ്കാരങ്ങള്‍ തുന്നി പിടിപ്പിച്ച ഭാഷാരീതിയല്ല; മറിച്ച് വ്യക്തമായി ആശയവിനിമയം നടത്താന്‍ ഉതകുന്ന ഭാഷയാണ്. നല്ല ഭാഷയുടെ ഏറ്റവും വലിയ പ്രത്യേകത ലാളിത്യം,കൃത്യത എന്നിവയല്ലേ?. നമ്മുടെ ഉത്തരങ്ങളില്‍ ഇത് രണ്ടും വേണം എന്ന് എനിക്ക് തോന്നുന്നു. വലിയ വാക്കുകള്‍ ഉപയോഗിച്ച് ആളുകള്‍ക്ക് ഒറ്റ വായനയില്‍ മനസ്സിലാക്കാന്‍ പറ്റാത്ത പോലെ വളച്ചുകെട്ടി എഴുതുന്നത് ഏതായാലും നല്ലതല്ല.ചെറിയ വാക്കുകളില്‍ ആശയം വ്യക്തമാവുന്ന പോലെ എഴുതിയാല്‍ മതിയാവും.

4)മിത്ത്-
"വലിയ സ്കൂളുകളില്‍ പഠിച്ചവര്‍ക്കും നഗരങ്ങളില്‍ നിന്നുള്ളവര്‍ക്കും മാത്രമേ സിവില്‍ സര്‍വീസ് പരീക്ഷ വിജയിക്കാന്‍ കഴിയൂ.."
വാസ്തവം-

തികച്ചും വസ്തുതാവിരുദ്ധമാണിത്. ഈ വര്‍ഷത്തെ വിജയികള്‍ മാത്രമല്ല മുന്‍ വര്‍ഷങ്ങളിലെ ജേതാക്കളും മിക്കവാറും ചെറിയ സ്കൂളില്‍ പഠിച്ചു വന്നവരാണ്.മാത്രമല്ല ഈ വര്‍ഷത്തെ ഇന്റര്‍വ്യൂ മാര്‍ക്കുകള്‍ നോക്കുമ്പോള്‍ ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ കിട്ടിയത് എന്റെ ഒരു സുഹൃത്തിനാണ്. അവന്‍ എറണാകുളം ജില്ലയിലെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്നാണ്. ഇന്റര്‍വ്യൂ വില്‍ പോലും റൂറല്‍ ബാക്ക്ഗ്രൌണ്ട് ഗുണം ചെയ്യുന്നുവെന്നു സാമാന്യവല്‍ക്കരിക്കാന്‍ കഴിയുന്ന രീതിയിലാണ് ഈ വര്‍ഷത്തെ മാര്‍ക്കുകള്‍.

5)മിത്ത്-
"സിവില്‍ സര്‍വീസ് പരീക്ഷക്ക് പടിക്കുന്നുണ്ടെങ്കില്‍ അത് ഡല്‍ഹിയില്‍ പോയി തന്നെ വേണം.അവിടുത്തെ കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ല്‍ ചേര്‍ന്നാല്‍ മാത്രമേ വിജയം സാധ്യമാവൂ"

വാസ്തവം-
ഐച്ചിക വിഷയത്തിനു വേണ്ടി ഡല്‍ഹിയില്‍ പോകുന്നതിനെ കുറിച്ച് ആധികാരികമായി അഭിപ്രായം പറയാന്‍ എനിക്ക് കഴിയില്ല.ചില വിഷയങ്ങള്‍ക്ക് ഏറ്റവും നല്ല ക്ലാസുകള്‍ ഇന്നും ഡല്‍ഹിയില്‍ തന്നെയാണ്. പക്ഷെ അത് ചുരുക്കം വിഷയങ്ങള്‍ മാത്രം .ഒരു മാതിരി വിഷയങ്ങള്‍ക്കൊക്കെ തിരുവനന്തപുരത്ത് തന്നെ ക്ലാസുകള്‍ ലഭ്യമാണ്. ഇനി ജനറല്‍ സ്റ്റടീസ്(general studies ) നു വേണ്ടി ആരെങ്കിലും ഡല്‍ഹിയിലേക്ക് പോകുന്നുണ്ടെങ്കില്‍ അത് തീര്‍ത്തും അനാവശ്യം ആണെന്ന് ഞാന്‍ പറയും. പരീക്ഷയുടെ രീതികള്‍ ഒരുപാട് മാറിയിരിക്കുന്നു.സ്വയം വായിക്കുന്നതിലൂടെയും കൂട്ടുകാരുമായി ചര്‍ച്ച ചെയ്യുന്നതിലൂടെയും എഴുതാവുന്ന ചോദ്യങ്ങള്‍ ആണ് ഇപ്പോള്‍ പൊതുവേ വരാറ്. യുക്തിഭദ്രമായി വിശകലനം ചെയ്യുന്നതിന് UPSC ഏറെ പ്രാധാന്യം കൊടുക്കുന്നുവെന്ന് സാരം. ഈ കഴിവാകട്ടെ ക്ലാസ്സില്‍ നിന്ന് നേടിയെടുക്കെണ്ടതല്ല; വായിച്ചും ചര്‍ച്ച ചെയ്തും ഒക്കെ നേടേണ്ടതാണ്.ഇതിനൊന്നും ഡല്‍ഹിയില്‍ പോകേണ്ട കാര്യമില്ലല്ലോ.അത് കൊണ്ട് തന്നെ വലിയ പണം മുടക്കി ഡല്‍ഹിയില്‍ പോയി താമസിച്ചു പഠിക്കേണ്ടതില്ല എന്ന് തോന്നുന്നു. അതെ സമയം നാട്ടില്‍ എവിടെയെങ്കിലും ഇന്‍സ്റ്റിറ്റ്യൂട്ട് ല്‍ ചേര്‍ന്ന് പഠിക്കേണ്ടതുണ്ടോ എന്ന് ചോദിച്ചാല്‍ വേണം എന്ന് ഞാന്‍ പറയും; കഴിയുമെങ്കില്‍ എന്ന് കൂടി കൂട്ടിചെര്‍ക്കുമെന്നു മാത്രം.കാരണങ്ങള്‍ പലതാണ്-ഒന്നാമതായി ഒരു നല്ല പിയര്‍ ഗ്രൂപ്പ്‌(peer group ) ഈ പരീക്ഷക്ക് വളരെ നല്ലതാണ്.ഒരുമിച്ച് പഠിക്കുമ്പോള്‍ കൂടുതല്‍ നേരം വായിക്കാനും കൂടുതല്‍ കാര്യങ്ങള്‍ വായിക്കാനും കഴിയും.അങ്ങനെ ഒരു combined സ്റ്റഡി അന്തരീക്ഷം നല്കാന്‍ അകാടെമി കള്‍ക്ക് കഴിയും.മാത്രമല്ല ഈ പരീക്ഷയെക്കുറിച്ച് കൂടുതല്‍ അറിയാനും അധ്യാപകരുടെയും മറ്റും guidance ലഭിക്കാനും ഇത് സഹായകം ആവും. നല്ല ലൈബ്രറികള്‍ മറൊരു കാരണം ആണ്.

6)മിത്ത്-
"ദീര്‍ഘകാലത്തെ പ്രയത്നം ഈ പരീക്ഷക്ക് അത്യാവശ്യമാണ്.ഹൈ സ്കൂള്‍ ക്ലാസ് മുതല്‍ ഈ സ്വപ്നം മനസ്സില്‍ കണ്ടു പഠിക്കേണ്ടതാണ്.പറ്റിയാല്‍ LKG മുതല്‍ തുടങ്ങുന്നതും നന്ന് :p"

വാസ്തവം-
ഹൈ സ്കൂള്‍ മുതല്‍ പഠിച്ചാല്‍ ഒരു പക്ഷെ നല്ലതായേക്കാം എന്നല്ലാതെ എന്റെ അറിവില്‍ ഈ പരീക്ഷ വിജയിച്ച ആരും ഹൈസ്കൂള്‍ കാലം മുതലോ കോളേജ് കാലം മുതലോ ഇതിനു വേണ്ടി തയ്യാറെടുത്തവരല്ല. എല്ലാവരും തന്നെ ഡിഗ്രി കഴിഞ്ഞാണ് തയ്യാറെടുപ്പ് ആരംഭിച്ചത്.പക്ഷെ ചെറുപ്പം മുതലേയുള്ള വായനശീലം, ക്വിസ് പ്രസംഗം തുടങ്ങിയ പരിപാടികളില്‍ പങ്കെടുക്കല്‍ തുടങ്ങിയവയൊക്കെ സഹായം ചെയ്തിട്ടുണ്ട്. അപ്പോള്‍ ഈ പരിപാടികളില്‍ പങ്കെടുക്കുക;സക്രിയമായി സ്കൂള്‍;കോളേജ് ജീവിതത്തില്‍ ഇടപെടുക;നല്ല വായനാശീലവും പ്രതികരണശേഷിയും വളര്‍ത്തിയെടുക്കുക എന്നതിന് അപ്പുറം സുദീര്‍ഘമായ ഒരു സിവില്‍ സര്‍വീസ് പഠന പദ്ധതി ആവശ്യമാണോ എന്നറിയില്ല. എന്റെ അഭിപ്രായത്തില്‍ ഒരു വര്ഷം നന്നായി തയ്യാറെടുത്താല്‍ മതിയെന്ന് തോന്നുന്നു.

7)മിത്ത്-
"സിവില്‍ സര്‍വീസ് നേടുന്നവര്‍ എല്ലാം ദീര്‍ഘനേരം ഇരുന്നു പഠിക്കുന്നവരാണ് – മിനിമം ഒരു പതിനാലു മണിക്കൂര്‍ എങ്കിലും കുത്തിയിരുന്ന് പഠിക്കാന്‍ കഴിയാത്തവര്‍ ഈ പരിപാടിക്ക് തുനിയരുത്.""

വാസ്തവം-
വെറുതെ ഓരോരുത്തര്‍ അടിച്ചു വിടുന്നതാണ് എന്നേ പറയ്നുള്ളൂ; എന്റെ ജീവിതത്തില്‍ ഞാന്‍ 8 മണിക്കൂറില്‍ കൂടുതല്‍ പഠിച്ചിട്ടുള്ളത് രണ്ടു സാഹചര്യത്തില്‍ മാത്രം ആണ്.എന്റെ ഫൈനല്‍ ഇയര്‍ മെഡിക്കല്‍ പരീക്ഷയുടെ അന്നും പിന്നെ സിവില്‍ സര്‍വീസ് ലെ മെഡിസിന്‍ പേപ്പര്‍ ന്റെ തലേന്നും.പഠിച്ചു എന്നതിനേക്കാള്‍ പഠിക്കേണ്ടി വന്നു എന്നതാണ് സത്യം :P ഇനി എന്റെ അസാമാന്യബുദ്ധി വൈഭവം കൊണ്ടാണ് ഇങ്ങനെ കുറച്ചു സമയം പഠിച്ചത് എന്ന് വിചാരിക്കേണ്ട.മനുഷ്യന്റെ തലച്ചോറിനു ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ പറ്റുന്ന ഒരു ടൈം പീരീഡ്‌ ഉണ്ട്. എത്രയാണ് എന്ന് കൃത്യമായി എനിക്കറിയില്ല;എന്തായാലും ആറേഴു മണിക്കൂറില്‍ കൂടുതല്‍ പോകില്ല. ഓരോ വ്യക്തിക്കും ഈ കണക്ക് വ്യത്യാസപെട്ടുവെന്നും വരം.ഏതായാലും ക്രിയാത്മകമായി മനസ്സ് പ്രവരത്തിക്കാതെയാകുംപോള്‍ നിര്തുന്നതാവും ഉചിതം എന്നു സ്വാനുഭവം. മാത്രമല്ല എത്ര സമയം പഠിച്ചു എന്ന് എഴുതി വച്ചാല്‍ മാര്‍ക്ക് കിട്ടില്ലലോ;അത് കൊണ്ട് തന്നെ എത്ര പഠിക്കുന്നു എന്നതല്ല എങ്ങനെ പഠിക്കുന്നു എന്നതാണ് പ്രധാനം.

8)മിത്ത്-
"സിവില്‍ സര്‍വീസ് പരീക്ഷക്ക് തയ്യാറെടുക്കുന്ന വര്‍ഷങ്ങള്‍ ഏകാന്തമായ സന്ന്യാസജീവിതം നയിക്കണം. സിനിമ കാണുകയോ കൂട്ടുകാരുമായി യാത്ര പോകുകയോ പാടില്ല.ഫേസ്ബുക്ക്‌ അക്കൗണ്ട്‌ ഡി ആക്ടിവേറ്റ് ചെയ്യുകയും വേണം"

വാസ്തവം-
മറ്റൊന്നിലും മുഴുകാതെ പൂര്‍ണ്ണമായും പഠനം പഠനം എന്ന് മനസ്സില്‍ വിചാരിച്ചു പഠിക്കാന്‍ പറ്റുന്നവരും ഉണ്ടാകാം.പക്ഷെ വളരെ സ്ട്രെസ്സ് ഉണ്ടാക്കുന്നതാണിത്.ഏറ്റവും മിനിമം ഒരു വര്‍ഷമെങ്കിലും നീണ്ടു നില്‍ക്കുന്ന ഈ പരീക്ഷയില്‍ സ്ഥിരത അഥവാ consistency ക്ക് വളരെ പ്രാധാന്യമുണ്ട്.സത്യത്തില്‍ ഈ പരീക്ഷയില്‍ ഫോക്കസ് നഷ്ടപ്പെടാതെ ഒരു വര്ഷം തുടര്‍ച്ചയായി പഠിക്കുന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. മറ്റു പരീക്ഷകളില്‍ നാം മറ്റുള്ളവരോട് ആണ് മത്സരിക്കുന്നതെങ്കില്‍ ഇവിടെ നമ്മോട് തന്നെയാണ് മത്സരം. അത് കൊണ്ട് തന്നെ ദീര്‍ഘകാലത്തേക്ക് ഉള്ള ഈ പ്ലാനില്‍ വിനോദങ്ങള്‍ക്കും കാര്യമായ സ്ഥാനമുണ്ട്.റിലാക്സ് ചെയ്തു പഠിക്കുമ്പോഴാണ് കൂടുതല്‍ കാര്യക്ഷമമാകുന്നത് എന്നാണ് എന്റെ അനുഭവം.

പിന്‍കുറി : മിത്തുകള്‍ എന്നതിനേക്കാള്‍ മിഥ്യധാരണകള്‍ എന്നാണ് ഇവയെ വിളിക്കേണ്ടത്. സിവില്‍ സര്‍വീസ് പോലെയുള്ള വലിയ പരീക്ഷകള്‍ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍പില്‍ വലിയ ചോദ്യ ചിഹ്നങ്ങളായി;വഴിമുടക്കികളായി നിന്ന ഇത്തരം കുറച്ചു ധാരണകളെ പിഴുത് മാറ്റാനായിരുന്നു ഈ ഉദ്യമം. ഒരു വര്‍ഷം മുന്‍പ് ഇങ്ങനെ കുറച്ചു ഐതിഹ്യങ്ങള്‍ക്ക് മുന്‍പില്‍ പകച്ചു നിന്ന് പോയ ഒരു യുവാവിന്റെ മുഖം ഓര്‍മ്മയില്‍ ഉള്ളത് കൊണ്ടാണ് ഇത്രയും മിനക്കെടുന്നത്.ആര്‍ക്കെങ്കിലുമൊക്കെ പ്രയോജനം ചെയ്യുമെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു.
(ചില നിര്‍ദ്ദേശങ്ങള്‍ക്ക് കടപ്പാട് – ശ്രീരാം വെങ്കിട്ടരാമന്‍)
P.S – അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കുക.

23 comments:

ഹോംസ് September 15, 2013 at 8:43 AM  

"വലിയ സ്കൂളുകളില്‍ പഠിച്ചവര്‍ക്കും നഗരങ്ങളില്‍ നിന്നുള്ളവര്‍ക്കും മാത്രമേ സിവില്‍ സര്‍വീസ് പരീക്ഷ വിജയിക്കാന്‍ കഴിയൂ.."
നമ്മുടെ എല്ലാ അധ്യാപകരും കുട്ടികളും ഡോ.ആല്‍ബിയുടെ, മേല്‍ മിത്തിനുള്ള മറുപടി വായിക്കണം.
വളരേ പ്രയോജനപ്രദമായ വിവരങ്ങളാണ് ഈ പോസ്റ്റിലുള്ളത്. ആഴ്ചയിലൊരിക്കലെങ്കിലും ഇത്തരം പോസ്റ്റുകള്‍ വേണം.പരീക്ഷപേപ്പര്‍ നോക്കാനുള്ള ഉത്തരസൂചികാപ്രളയത്തിനിടയിലെങ്കിലും....

ഫൊട്ടോഗ്രഫര്‍ September 15, 2013 at 8:54 AM  

How can an aspirant, who is not studying in English medium, succeed in Civil service?
How can an aspirant, who is not studying in CBSE/ICSE schools, succeed in Civil service?
Sorry to say,the contents he posted didn't convince me.
Anyway, Congrats to Dr. Alby.

kunhi mon September 15, 2013 at 3:53 PM  

no one is dare to share these matter with others ----congrats

BIO-VISION September 15, 2013 at 5:41 PM  

മാത്സ് ബ്ലോഗിന് ഓണാശംസകൾ !!!
From
BIO-VISION VIDEO BLOG

Kayikalokam September 15, 2013 at 5:49 PM  

thangalude sumanassinu nandi......

JOHN P A September 15, 2013 at 6:10 PM  

സത്യസന്ധമായ വിലയിരുത്തല്‍ . ഇത് നമ്മുടെ കുട്ടികള്‍ക്ക് ഒരു പ്രചോദനമാകട്ടെ .

Muhammad A P September 15, 2013 at 6:46 PM  

തീർച്ചയായും വിരളമായി മാത്രം ലഭിക്കുന്ന വിലപ്പെട്ട അനുഭവക്കുറിപ്പുകൾ. എല്ലാറ്റിനുമുപരി, ഈ അറിവുകൾ മറ്റുള്ളവർക്കായി പ്രസിദ്ധീകരിച്ചതിലാണ് അദ്ദേഹത്തോട് കൂടുതൽ ബഹുമാനം.

സി.എസ്.ഹര്‍ഷകുമാര്‍ September 15, 2013 at 9:16 PM  

അഭിപ്രായം സത്യങ്ങള്‍ അനുഭവങ്ങള്‍
ജാഡകള്‍ ഇല്ലാതെ അവതരിപ്പിച്ചു.

സി.എസ്.ഹര്‍ഷകുമാര്‍ September 15, 2013 at 9:18 PM  

അഭിപ്രായം സത്യങ്ങള്‍ അനുഭവങ്ങള്‍
ജാഡകള്‍ ഇല്ലാതെ അവതരിപ്പിച്ചു.

Alby John September 16, 2013 at 3:40 PM  

ഫോട്ടോഗ്രഫര്‍ ഉടെ കമന്റ്‌ വായിച്ചു. ഞാന്‍ സി ബി എസ ഇ സ്കൂളില്‍ അല്ല പഠിച്ചത്. പക്ഷെ അഞ്ചാം ക്ലാസ് മുതല്‍ ഇംഗ്ലീഷ് മീഡിയത്തില്‍ ആണ് പഠിച്ചത്. ഇപ്പോഴും സംസാരിക്കുന്ന ഇംഗ്ലീഷ് അത്ര മികച്ചത് ഒന്നുമല്ല. മോശമില്ലാതെ എഴുതുമെങ്കിലും.
ഹരിതയും പഠിച്ചത് ഒരു സാധാരണ സ്കൂളില്‍ തന്നെ
പിന്നെ റാങ്ക് കിട്ടിയ ശേഷം പല സ്കൂളുകളിലും പോയി സംസാരിച്ചതില്‍ നിന്ന് പല പേര് കേട്ട പബ്ലിക്‌ സ്കൂളുകളെക്കാളും നിലവാരം സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് ഉണ്ട് എന്ന് തന്നെ വിശ്വസിക്കുന്നു.
പിന്നെ വിയോജിക്കാനുള്ള താങ്കളുടെ സ്വാതന്ത്ര്യത്തോട്‌ യോജിക്കുന്നു.
അഭിനന്ദങ്ങള്‍ക്ക് നന്ദി.
ഓണാശംസകള്‍

ഗീതാസുധി September 16, 2013 at 4:56 PM  

"റാങ്ക് കിട്ടിയ ശേഷം പല സ്കൂളുകളിലും പോയി സംസാരിച്ചതില്‍ നിന്ന് പല പേര് കേട്ട പബ്ലിക്‌ സ്കൂളുകളെക്കാളും നിലവാരം സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് ഉണ്ട് എന്ന് തന്നെ വിശ്വസിക്കുന്നു."
ഫൊട്ടോഗ്രഫര്‍ ഈ വരി പലയാവര്‍ത്തി വായിക്കുന്നതും വേണമെങ്കില്‍ 1000തവണ ഇമ്പോസിഷനെഴുതുന്നതും നന്നായിരിക്കും.
ഡോ ആല്‍ബിയുടെ ആത്മാര്‍ത്ഥമായ 'പൊളിച്ചടുക്കല്‍' ഏറെ സന്തോഷം പകരുന്നു. ഈ ബ്ലോഗിനെ സ്ഥിരമായി ഉപയോഗപ്പെടുത്തുന്ന സാധാരണക്കാരായ അധ്യാപകരേയും കുഞ്ഞുങ്ങളേയും, സഹായിക്കാന്‍ താങ്കളെ ഇനിയും ഇതുവഴി വരുമെന്ന് പ്രതീക്ഷിക്കുന്നു. ജീവിതത്തില്‍ എന്താകാനാണാഗ്രഹമെന്ന ചോദ്യത്തിന് സിവില്‍സര്‍വ്വീസെന്ന മറുപടി പറഞ്ഞ എന്നെ പരിഹസിച്ചുചിരിച്ച പഴയ രമണിടീച്ചറാകാതെയെങ്കിലുമിരിക്കാമല്ലോ..!

shyamlal t pushpan September 16, 2013 at 5:14 PM  

അധ്യാപകരും വിദ്യാര്ധികളും ഒക്കെ വരുന്ന ഒരു ബ്ലോഗ്‌ ആണല്ലോ ഇത് , ഇവിടെ യുള്ള എത്ര government അധ്യാപകരുടെ കുട്ടികള് government School പഠനം നടത്തുന്നു എന്ന് അറിയാന് താല്പര്യം ഉണ്ട്

Hari | (Maths) September 16, 2013 at 6:11 PM  

മലയാളികളുടെ അഭിമാനമായി മാറിയ ഡോ.ആല്‍ബി ജോണ്‍ വര്‍ഗീസിന്റെ ഈ ലേഖനം നിര്‍ബന്ധമായും എല്ലാ അധ്യാപകരും കുട്ടികളെക്കൊണ്ട് വായിപ്പിക്കേണ്ടതാണ്. കാരണം, എന്താണ് ഐ.എ.എസ് എന്നും അതിനു വേണ്ടി എങ്ങിനെയാണ് തയ്യാറെടുക്കേണ്ടതെന്നും ഈ കൊച്ചു ലേഖനത്തിലൂടെ അദ്ദേഹം വിശദമാക്കുന്നു. തീര്‍ച്ചയായും വിദ്യാര്‍ത്ഥികള്‍ക്കിത് പ്രചോദനമാകുമെന്നതില്‍ സംശയമില്ല. പ്രത്യേകിച്ച് അദ്ദേഹം നമ്മുടെ ബ്ലോഗിലൂടെ നേരിട്ട് സംവദിക്കുമ്പോള്‍. സത്യത്തില്‍ മസൂറിയിലെ അദ്ദേഹത്തിന്റെ ട്രെയിനിങ് വിശേഷങ്ങളും അറിയാന്‍ ഒരുപാട് ആഗ്രഹമുണ്ട്..

സുദൂര്‍ വളവന്നൂര്‍ September 16, 2013 at 7:35 PM  

വായനയാണ് താരം.അതാണ് നമ്മുടെ കുട്ടികള്‍ക്കില്ലാതെ പോകുന്നത്.വിദ്യാലയത്തിലെ ലൈബ്രറി താഴിട്ട് പൂട്ടുന്ന സംസ്‌കാരമാണ് വിദ്യാലയങ്ങളില്‍ കാണുന്നത്..വിദ്യര്‍ത്ഥികള്‍ക്ക് എല്ലാം അപ്രാപ്യമാക്കുന്ന ന്യായീകരണങ്ങളുമായി ഘോരഘോരം വാചകകസര്‍ത്ത് നടത്തുന്നതില്‍ ഓരോരുത്തരും മികവ് കാണിക്കുന്നു..ലൈബ്രറി ചാര്‍ജുള്ള ടീച്ചര്‍ ആദ്യമായി ചെയ്തത് ഒരു പുതിയ ലോക്ക് വാങ്ങി ലൈബ്രറി അടച്ചു.അതിന്റെ കീ ബാഗില്‍ വെച്ച് നടക്കും..ചില സമയങ്ങളില്‍ സ്റ്റാഫ് റൂമിലിരുന്ന് നിലവിളിക്കും,,അയ്യോ..ഹെന്റെ പെന്‍ഷന്‍..പെന്‍ഷന്‍..അപ്പോള്‍ പ്യൂണ്‍ ആശ്വസിപ്പിക്കും..ഇല്ല ടീച്ചര്‍ പുസ്തകങ്ങള്‍ നഷ്ടപ്പെട്ടിട്ടില്ല...ചാവി ബേഗില്‍ തന്നെയുണ്ടല്ലോ..
ഈ ലേഖനം പ്രിന്റെടുത്ത് നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയാല്‍ അവര്‍ക്ക് ഏറൈ പ്രയോജനമാകും എന്നകാര്യത്തില്‍ സംശയമില്ല.നവജാഗരണത്തിന്റെ സന്ദേശം പകര്‍ന്നു തന്ന ലേഖകനും ബ്‌ളോഗിനും അഭിനന്ദനങ്ങള്‍

Arunanand T A September 17, 2013 at 10:39 AM  

@Photographer

താങ്കള്‍ക്കു അങ്ങനെ ഒരു സംശയം തോന്നിയത് എന്ത് കൊണ്ടാണെന്ന് അറിയില്ല. ഐ. എ. എസ് നേടാന്‍ എന്തിനാണ് ഇംഗ്ലീഷ് മീഡിയവും, സി. ബി. എസ്. സിയുമൊക്കെ? ഇതും നമ്മുടെ കേരള സില്ലബസ്സും, മലയാളം മീഡിയവും തമ്മില്‍ എന്ത് കാര്യത്തിലാണ് താങ്കള്‍ (സിവില്‍ സര്‍വീസ് പരീക്ഷയുടെ കാര്യത്തില്‍ ) വ്യത്യാസം കാണുന്നത് എന്ന് പറയാമോ?

അരുണാനന്ദ് ടി. എ

സഹൃദയന്‍ September 17, 2013 at 12:21 PM  

ജീവിതത്തില്‍ വിജയിച്ചവരുടെ അനുഭവങ്ങള്‍ വളര്‍ന്നു വരുന്ന തലമുറയ്ക്ക് ഏറെ പ്രയോജനപ്പെടും എന്നതില്‍ സംശയമില്ല. ഇത്തരത്തില്‍ മറ്റുള്ളവരുമായി അനുഭവങങള്‍ പങ്കു വയ്ക്കാന്‍ ശ്രീ.ആല്‍ബി ജോണ്‍ കാണിച്ച സന്മനസ്സിന് ആദ്യമേ നന്ദി..

നമ്മുടെ കുട്ടികളുടെ കാര്യത്തില്‍ എനിക്കു തോന്നുന്ന പ്രശ്നം ശരിയായ ഗൈഡന്‍സ് കിട്ടാത്തതും ആത്മവിശ്വാസക്കുറവുമാണ്...
എന്താണ് പഠിക്കേണ്ടത് എന്നതും അവര്‍ക്കു യോജിച്ച പ്രോഫഷന്‍ എന്താണ് എന്നതും ഒരു ആപ്റ്റ്റ്റ്യൂഡ് ടെസ്റ്റ് വഴി മനസ്സിലാക്കി അവര്‍ക്കു വേണ്ട ഗൈഡന്‍സ് കൊടുക്കുന്ന സന്പ്രദായം ഇപ്പോഴില്ല..

അതു പോലെ നെഗറ്റീവ് കമന്റുകള്‍ പറഞ്ഞ് അവരെ താഴ്ത്ത്ക്കെട്ടുന്ന രീതി വളരെ കൂടുതലാണു താനും. അവരില്‍ ആത്മവിശ്വാസം വളര്‍ത്താനും അവരുടെ കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും വേണ്ട നീക്കങ്ങളാണ് ഇന്നത്തെ കാലത്ത് ആവശ്യമെന്നു തോന്നുന്നു....

സോമലത ഷേണായി September 18, 2013 at 11:12 AM  

മിത്തുകളും യാഥാര്‍ത്ഥ്യങ്ങളും വായിച്ചു. പഠനകാലത്ത് ഇത്തരം കടമ്പകള്‍ കടന്നിട്ടില്ലാത്ത കരിയര്‍ ഗൈഡന്‍സുകാരായിരിക്കും ഇത്തരം സൂത്രങ്ങള്‍ കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കാറ്. അതുകൊണ്ടുതന്നെ അതിന്റെ വിജയസാധ്യതയും സംശയാസ്പദമാണ്. എന്നാല്‍ ഈ കടമ്പ അനായാസം കടന്ന ഒരാളില്‍ നിന്നാകുമ്പോള്‍ അതുഫലപ്രാപ്തിയിലെത്തുമെന്നുറപ്പാണ്. ഈ ടിപ്സ് സിവില്‍ സര്‍വീസ് മോഹവുമായി നടക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉപകാരപ്പെടും.

Safeena September 18, 2013 at 4:29 PM  

പ്രിയ ആല്‍ബി , ആദ്യമായി താങ്കളുടെ അതിവിശാല മനസ്സിന് നന്ദി പറയട്ടെ.ഐ.എ.എസിനെക്കുറിച്ച് താങ്കള്‍ പറഞ്ഞ മിത്തുകള്‍ മുഴുവനും ചുമന്നു നടക്കുന്ന ഒരു രക്ഷിതാവും അധ്യാപികയുമാണ് ഞാന്‍.ഇപ്പോള്‍ +1-നു പഠിക്കുന്ന എന്റെ മകനെ സിവില്‍ സര്‍വ്വീസിലേക്കു തിരിച്ചുവിടാനാണ് ആഗ്രഹമെങ്കിലും മേല്‍പറഞ്ഞ മിത്തുകള്‍ ഒരു പേടിസ്വപ്നമായി എപ്പോഴും മനസ്സിലുണ്ടായിരുന്നു.തികച്ചും ആത്മാര്‍ത്ഥമായി താങ്കള്‍ പറഞ്ഞ കാര്യങ്ങള്‍ ഞങ്ങള്‍ക്കും മോനും സാധാരണ സ്ക്കൂളുകളില്‍ പഠിക്കുന്ന മിടുക്കരായ കുട്ടികള്‍ക്കും ധൈര്യം പകരും.താങ്കള്‍ അഭിപ്രായപ്പെട്ടതു പോലെ, ഇപ്പോള്‍ അവന്‍ മെഡിക്കല്‍ എന്‍ട്രന്‍സിനു കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണു നല്ലതെന്നു കരുതുന്നു. ദൈവാനുഗ്രഹമുണ്ടെങ്കില്‍ അതുകഴിഞ്ഞാവാം ഐ.എ.എസ് പരിശ്രമം.പിന്നെ ഇപ്പോള്‍ മലപ്പുറം ജില്ലയില്‍ (മറ്റു ജില്ലകളിലുണ്ടോ എന്നറിയില്ല)എട്ടാം ക്ളാസ്സിലെ കുട്ടികളില്‍ നിന്നും താല്ലപര്യമുള്ളവരെ ഐ.എ.എസ് പ്രിലിമിനറി കോച്ചിംഗിനായി തിരഞ്ഞെടുക്കുന്നുണ്ട്.ഗവ.സ്ക്കൂളുകളിലെ ആ ഉദ്യമത്തില്‍ വളരെ താല്‍പര്യം തോന്നിയതു കൊണ്ട് ഞാന്‍ (ഒന്നുമറിയില്ലെങ്കില്‍ക്കൂടി)കുട്ടികളെ പ്രോല്‍സാഹിപ്പിക്കാനായി ,പരിശ്രമിക്കാന്‍ തയ്യാറുള്ള ആര്‍ക്കും അനായാസം നേടിയെടുക്കാവുന്ന ഒന്നാണ് ഐ.എ.എസ് എന്ന് ക്ളാസ്സില്‍ പറയാറുണ്ട്.പബ്ളിക് സ്ക്കൂളുകളെ പുച്ഛത്തോടെ മാത്രം വിലയിരുത്തുന്ന ഫോട്ടോഗ്രാഫറെപ്പോലുള്ള വരേണ്യവര്‍ഗ്ഗ പ്രതിനിധികളെ നമുക്ക് അവഗണിക്കാം.താങ്കള്‍ക്ക് കൂടുതല്‍ ദൈവാനുഗ്രഹമുണ്ടാകാന്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.ഏതായാലും , മാത്സ് ബ്ളോഗ് ഇതിനും ഒരു വേദിയായതില്‍ വളരെ സന്തോഷം.

Unknown September 19, 2013 at 9:08 AM  

nice

ഗവ.യൂ.പി.എസ്.ചെമ്മനത്തുകര ബ്ലോഗ് September 19, 2013 at 6:04 PM  

Jaychand B, GLPS Vaikom Town. ശ്യാംലാൽ റ്റി പി യുടെ താല്പര്യം എനിക്കുമുണ്ട്. അധ്യാപകരുടെ ആത്മവിശ്വാസമില്ലായ്മ്മ"പൊളിച്ചടുക്കാൻ" ഡോക്ടര്‍ ആല്‍ബി ജോണ്‍  വര്‍ഗ്ഗീസിന് കഴിയട്ടെ.ഈ വിവരങ്ങള്‍ കൂടുതൽ സർക്കുലേഷനുള്ള ദിനപ്പത്രങ്ങളിൽ കൂടി പ്രസിദ്ധീകരിച്ചിരുന്നെങ്കിൽ നന്നായിരുന്നു

ബഷീർ September 20, 2013 at 12:55 AM  

കുറേയൊക്കെ ശരി. വിശദമായ ലേഖനത്തിനു നന്ദി

പാവപ്പെട്ടവൻ September 24, 2013 at 8:11 AM  

ഈ വിവരസമർപ്പണത്തിനു അഭിനന്ദനങ്ങൾ

Unknown July 23, 2018 at 8:17 PM  

താങ്ക്സ് ചേട്ടായി. സിവിൽ സർവീസ് നേടണം എന്നാഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. നിങ്ങളുടെ ഈ കുറിപ്പ് അതിനു മുതൽക്കൂട്ടാകും എന്ന് ഞാൻ കരുതുന്നു. എഴുത്ത് കൊള്ളാം കേട്ടോ

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer