ക്ലാസ് ലീഡര്‍ ഇലക്ഷന്‍ കമ്പ്യൂട്ടറിലൂടെ നടത്താന്‍ റെഡിയാണോ?
>> Monday, June 18, 2012
ഇക്കഴിഞ്ഞ ജൂലൈ 16 ശനിയാഴ്ച എന്റെ ചുമതലയിലുള്ള ക്ലാസിന്റെ ലീഡറുടെ ഇലക്ഷന്‍ നടത്തി. പതിവില്‍ നിന്നു വ്യത്യസ്തമായി വോട്ടിങ്ങിന് കമ്പ്യൂട്ടര്‍ ഉപയോഗിച്ചപ്പോള്‍ കുട്ടികള്‍ക്കും അതൊരു പുതുമയാര്‍ന്ന അനുഭവമായി. സ്ക്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന് സ്വീകരിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ചായിരുന്നു ലീഡറെ തിരഞ്ഞെടുക്കുന്നതിനു വേണ്ടി ഇലക്ഷന്‍ നടത്തിയത്. മൂന്നു പേരാണ് നാമനിര്‍ദ്ദേശപട്ടിക നല്‍കിയത്. വോട്ടര്‍ പട്ടിക പ്രസിദ്ധീകരണവും പത്രിക പരിശോധിക്കലുമെല്ലാം നടത്തിയിട്ടും രംഗത്ത് മൂന്നു പേര്‍ അവശേഷിച്ചു. കമ്പ്യൂട്ടര്‍ ലാബ് പോളിങ്ങ് ബൂത്തായി. യഥാര്‍ത്ഥ ഇലക്ഷനെ അനുസ്മരിപ്പിക്കും വിധം പ്രിസൈഡിങ്ങ് ഓഫീസറും പോളിങ്ങ് ഓഫീസര്‍മാരുമുണ്ടായിരുന്നു. ഒരു മൂലയില്‍ രഹസ്യമായി കമ്പ്യൂട്ടര്‍ മോണിറ്ററും മൗസും ഒരുക്കി വെച്ചു. മൗസ് ക്ലിക്കിലൂടെ വോട്ടര്‍ക്ക് തങ്ങള്‍ക്കിഷ്ടപ്പെട്ട സ്ഥാനാര്‍ത്ഥിക്ക് വോട്ട് രേഖപ്പെടുത്താം. മറ്റൊരു ഭാഗത്ത് പ്രിസൈഡിങ്ങ് ഓഫീസര്‍ക്കു മുന്നില്‍ കമ്പ്യൂട്ടര്‍ കീബോര്‍ഡ് കണ്‍ട്രോളിങ്ങ് യൂണിറ്റായി സജ്ഝീകരിച്ചിട്ടുണ്ടായിരുന്നു. ഒരാള്‍ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ പ്രിസൈഡിങ്ങ് ഓഫീസര്‍ കീബോര്‍ഡില്‍ എന്റര്‍ കീ പ്രസ് ചെയ്താല്‍ മാത്രമേ അടുത്തയാള്‍ക്ക് വോട്ട് രേഖപ്പെടുത്താനാകൂ. എല്ലാവരും വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞ ശേഷം ഹെഡ്മിസ്ട്രസ്സിന്റെ സാന്നിധ്യത്തില്‍ എല്ലാ കുട്ടികളേയും കമ്പ്യൂട്ടറിനടുത്തേക്ക് വിളിച്ചു വരുത്തി. പ്രിസൈഡിങ്ങ് ഓഫീസര്‍ രഹസ്യകോഡ് എന്റര്‍ ചെയ്തപ്പോള്‍ അടുത്ത സെക്കന്റില്‍ കമ്പ്യൂട്ടര്‍ സ്ക്രീനില്‍ ലഭിച്ച വോട്ടിന്റെ അവരോഹണക്രമത്തില്‍ വിജയികളുടെ പേര് തെളിഞ്ഞു. അതും ശതമാനം സഹിതം. കുട്ടികളുടെ കരഘോഷത്താല്‍ കമ്പ്യൂട്ടര്‍ ലാബ് ശബ്ദമുഖരിതമായി. ഇത്തരമൊരു ഇലക്ഷന് സഹായിച്ച പ്രോഗ്രാം ഒരുക്കിയത് മലപ്പുറം ജില്ലയിലെ പൂമംഗലം Z.M.H.Sലെ ഇ.നന്ദകുമാര്‍ എന്ന ഒരു പത്താം ക്ലാസുകാരനായിരുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയറില്‍ പ്രവര്‍ത്തിക്കുന്ന സമ്മതി എന്ന ഈ ഇലക്ഷന്‍ സോഫ്റ്റ്‌വെയര്‍ പൈത്തണ്‍ ഭാഷയിലാണ് പ്രോഗ്രാം ചെയ്തിരിക്കുന്നത്. എന്താ, നിങ്ങളുടെ വിദ്യാലയത്തിലും ഇത്തരമൊരു ഇലക്ഷന്‍ നടത്തണമെന്നാഗ്രഹമുണ്ടോ? തീര്‍ച്ചയായും വ്യത്യസ്തമായൊരു പരിപാടിയായിരിക്കും അത്. കുട്ടികള്‍ ഒരിക്കലും മറക്കുകയുമില്ല ഈ ഇലക്ട്രോണിക് വോട്ടിങ്ങ്. താഴെ കാണുന്ന വിലാസത്തില്‍ നിന്നും വെറും 200 കെ.ബി. മാത്രമുള്ള സമ്മതി സൗജന്യമായി ഡൗണ്‍ലോഡു ചെയ്യാം:
സമ്മതി ഇലക്ഷന്‍ സോഫ്റ്റ്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഈ ഡെബ് ഫയല്‍ റൈറ്റ് ക്ലിക്ക് ചെയ്ത് open with GDebi Package installer വഴി ഇന്‍സ്റ്റാള്‍ ചെയ്യാം.
ഇന്‍സ്റ്റലേഷനു ശേഷം Applications -> Other -> Sammaty Election Engine എന്ന ക്രമത്തില്‍ ഇലക്ഷന്‍ സോഫ്റ്റ്‌വെയര്‍ തുറക്കാം. താഴെ കാണുന്ന പോലൊരു വിന്‍ഡോ ആയിരിക്കും തുറന്നു വരിക.
അതില്‍ ആദ്യത്തെ മെനുവായ Election Setup ല്‍ ക്ലിക്ക് ചെയ്യുമ്പോള്‍ Terminal ല്‍ Enter a title for the election : എന്നു വരുന്നു. Election for Class Leader എന്നോ മറ്റോ ടൈറ്റില്‍ നല്‍കാം. തുടര്‍ന്ന് ഇംഗ്ലീഷ് ചെറിയ ലിപിയില്‍ ഒരു പാസ്‌വേഡ് നല്‍കാന്‍ ആവശ്യപ്പെടുന്നു. തുടര്‍ന്ന് ഉറപ്പു വരുത്തുന്നതിനായി വീണ്ടും എന്റര്‍ ചെയ്യേണ്ടി വരും. ഇതേ സമയം Home ഡയറക്ടറിയില്‍ sammaty_election എന്ന പേരില്‍ ഒരു ഫോള്‍ഡര്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ടാകും.
തുടര്‍ന്ന് ഓരോ കാന്‍ഡിഡേറ്റിന്റെയും പേര് ചുവടെ കാണുന്ന വലിപ്പത്തില്‍ Gimpല്‍ നിര്‍മ്മിച്ച ശേഷം Home ഡയക്ടറിയിലെ sammaty_election എന്ന ഫോള്‍ഡറിനകത്തുള്ള Candidates എന്ന ഫോള്‍ഡറില്‍ 1.png, 2.png, 3.png എന്നു പേരു നല്‍കി നിക്ഷേപിക്കുക.
ഓരോ കാന്‍ഡിഡേറ്റിനും വേണ്ടി നിര്‍മ്മിക്കുന്ന ഫയല്‍ .png ഫോര്‍മാറ്റിലായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണേ. തുടര്‍ന്ന് ഇലക്ഷന്‍ സോഫ്റ്റ്‌വെയറിന്റെ മെനുവിലെ List of Candidates ല്‍ ക്ലിക്ക് ചെയ്യുമ്പോള്‍ സ്ഥാനാര്‍ത്ഥികളുടെ പേര് ബ്രൗസറില്‍ തുറന്നു വരുന്നതു കാണാം.
ഇനി ഇലക്ഷന്‍ മെനുവിലെ Start Election ക്ലിക്ക് ചെയ്യുക. വോട്ടിങ്ങിന് കമ്പ്യൂട്ടര്‍ തയ്യാറായി. ഇനി ഓരോരുത്തര്‍ക്കും വോട്ട് രേഖപ്പെടുത്താം. മോണിറ്ററില്‍ കാണുന്ന തങ്ങളുടെ സ്ഥാനാര്‍ത്ഥിയുടെ പേരിന് നേരെ മൗസ് ഉപയോഗിച്ച് ക്ലിക്ക് ചെയ്തു കൊണ്ട് വോട്ടര്‍ക്ക് വോട്ട് രേഖപ്പെടുത്താം. ഒരാള്‍ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ മോണിറ്ററില്‍ തെളിഞ്ഞു കാണുന്ന പേജ് ഹൈഡാകും. വീണ്ടും വോട്ടു ചെയ്യാനാകില്ല. പിന്നെ അടുത്തയാള്‍ക്ക് വോട്ട് രേഖപ്പെടുത്താനായി പ്രിസൈഡിങ്ങ് ഓഫീസര്‍ കീബോര്‍ഡില്‍ എന്റര്‍ കീ പ്രസ് ചെയ്യണം.
എല്ലാവരും വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ ഇനി ഫലം പ്രഖ്യാപിക്കാം. അതിനായി ടാബ് കീ പ്രസ് ചെയ്ത ശേഷം പാസ്‌വേഡ് ടൈപ്പ് ചെയ്യണം. അതോടെ ലഭിച്ച വോട്ടിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചയാളുടെ പേര് സ്ക്രീനില്‍ പ്രത്യക്ഷപ്പെടും. അതിനു നേരെ ശതമാനവുമുണ്ടാകും. തൊട്ടു താഴെ അതില്‍ കുറവ് വോട്ടു ലഭിച്ചവരുടെ പേരും വോട്ടും ശതമാനവും ക്രമത്തില്‍ കാണാം.
ഇത്തരമൊരു പ്രോഗ്രാം തയ്യാറാക്കിയ നന്ദകുമാറിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. പൈത്തണ്‍ പ്രോഗ്രാമിങ്ങ് നമ്മുടെ ബ്ലോഗിലൂടെ പഠിപ്പിക്കാനും നന്ദകുമാര്‍ തയ്യാറായിട്ടുണ്ട്. വഴിയേ നമുക്കതിലേക്കു കടക്കാം. വിശദമായ ഒരു പി.ഡി.ഫ്. ഹെല്‍പ്പ് സമ്മതിയ്ക്കുണ്ട്. ഹെല്‍പ്പ് ബട്ടണ്‍
വഴി ഇതു തുറക്കാം. സോഫ്റ്റ്വെയറിന്റെ ഐക്കണ്‍ നിര്‍മ്മിച്ചത് ഇങ്ക്സ്കേപ്പിലാണ്. ഇ-ഇലക്ഷനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കമന്റായി രേഖപ്പെടുത്തുമല്ലോ.
Read More | തുടര്‍ന്നു വായിക്കുക