പുതുവത്സരാശംസകള്‍ നേരാം

>> Friday, December 31, 2010


ഇരുപത്തൊന്നാം നൂറ്റാണ്ടിലെ രണ്ടാം ദശകത്തിലേക്ക് സപ്താശ്വങ്ങളെപ്പൂട്ടിയ രഥത്തിലൂടെ പകലോന്റെ വിരുന്നെഴുന്നുള്ളിപ്പിന് പുതിയ പ്രഭാതം സാക്ഷിയാകുന്നു. നേട്ടങ്ങളും കോട്ടങ്ങളും തുലാസിലിട്ട് നോക്കുമ്പോള്‍ ചലനം നിലക്കാതെ ഇടം വലം ചാടുന്ന തുലാസിലെ നാരായ സൂചി. ഒരു വര്‍ഷത്തിന്റെ ധൃതഗമനത്തിനിടയില്‍ നന്മയും തിന്മയും ആനന്ദിപ്പിക്കുന്നതും വ്യസനിപ്പിക്കുന്നതുമായ ഒട്ടേറെ ദിനങ്ങള്‍ സംഭവബഹുലമായിത്തന്നെ കടന്നു പോയി. എല്ലാം പെട്ടന്നായിരുന്നു. കലണ്ടര്‍ താളുകള്‍ അതി വേഗം മറിഞ്ഞതു പോലെ. നഷ്ടസ്വര്‍ഗങ്ങളെപ്പറ്റി ഖേദിച്ചിരിക്കാനുള്ള സമയമല്ലല്ലോ ഇത്. ഓരോ പുതുവര്‍ഷവും പുതിയ പുതിയ പ്രതീക്ഷകള്‍ അങ്കുരിപ്പിച്ചു കൊണ്ടാണ് കടന്നു വരുന്നത്. പോയാണ്ടില്‍ നേടാനാകാത്തവ ഇവിടെ നമുക്കു നേടാന്‍ കഴിയണം. അതിനു വേണ്ടി പുതുവര്‍ഷത്തിന്റെ പുതുമോടിയില്‍ പ്രതീക്ഷകള്‍ക്കും ആഗ്രഹങ്ങള്‍ക്കും ബലമേകി നമുക്ക് 'പുതുവര്‍ഷപ്രതിജ്ഞകള്‍' എടുക്കാം.

പ്രതിസന്ധികളെ പുഷ്പസമാനമായി നേരിടുന്നതിനും നേട്ടങ്ങള്‍ കരഗതമാക്കുന്നതിനും ഈ പുതുവര്‍ഷം നിങ്ങളെ സഹായിക്കട്ടെ. ‌കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമടക്കം ഒപ്പം നില്‍ക്കുന്നവര്‍ക്കെപ്പോഴും വെളിച്ചമേകാന്‍ നിങ്ങളുടെ സാന്നിധ്യം കൊണ്ട് സാധിക്കട്ടെ. അതുവഴി ഐശ്വര്യസമ്പല്‍സമൃദ്ധ്യാനന്ദകമായ ഒരു ജീവിതം കൈവരട്ടെയെന്നും ഞങ്ങള്‍ ആശംസിക്കുന്നു. ഒരിക്കല്‍ക്കൂടി ഏവര്‍ക്കും മാത്​സ് ബ്ലോഗിന്റെ പുതുവത്സരാശംസകള്‍.


Read More | തുടര്‍ന്നു വായിക്കുക

ചരിവുഭിത്തികളും കോണിയും

>> Tuesday, December 28, 2010


ബ്ലോഗില്‍ വ്യത്യസ്തങ്ങളായ ചോദ്യങ്ങള്‍ അവതരിപ്പിച്ചതിനുള്ള ബഹുമതി പാലക്കാട് ടീമായ ഹിത, ഗായത്രി, അമ്മുമാര്‍ക്കുള്ളതാണ്. പാഠപുസ്തകസംബന്ധിയായതും അല്ലാത്തതുമായതുമായ ഒട്ടേറെ ചോദ്യങ്ങളാണ് അവര്‍ ബ്ലോഗില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഗണിതതാല്പര്യമുള്ളവരും ഒളിമ്പ്യാഡ് പോലെയുള്ള വൈജ്ഞാനികസംഘട്ടനമേഖലകളിലുമെല്ലാം പങ്കെടുക്കുന്നവര്‍ക്കുമൊക്കെ ശോഭിക്കാനുള്ള ഒരു അവസരം ഈ ചോദ്യങ്ങളെയെല്ലാം വിടാതെ പിന്തുടര്‍ന്നാല്‍ ലഭിക്കും എന്നതില്‍ സംശയമേ വേണ്ട. അക്കൂട്ടത്തില്‍ ബ്ലോഗിന്റെ ആരംഭകാലം മുതലേ ഞങ്ങളെ അത്ഭുതപ്പെടുത്തിയിട്ടുള്ള മറ്റൊരു പാലക്കാട്ടുകാരനാണ് മുരളീധരന്‍ സാര്‍. ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനുള്ള മുരളി സാറിന്റെ വൈഭവവും അപാരമാണ്. വ്യത്യസ്തങ്ങളായ ചോദ്യങ്ങള്‍ കയ്യിലുണ്ടെങ്കില്‍ അയച്ചു തരണം എന്ന് എപ്പോഴും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കാറുണ്ട്. അതനുസരിച്ച് മുരളി സാര്‍ അയച്ചു തന്നിരിക്കുന്ന ചോദ്യം നോക്കൂ. ചരിവുഭിത്തിയില്‍ ചാരിവെച്ച ഒരു കോണിയുടെ (ladder) ഉയരം കണ്ടുപിടിക്കലാണ് ലക്ഷ്യം. ചോദ്യത്തിലേക്ക് കടക്കാം.

ചരിഞ്ഞതാണെങ്കിലും പരസ്പരം സമാന്തരങ്ങളായ രണ്ട് ഭിത്തികള്‍. ഇതില്‍ വ്യത്യസ്ത നീളത്തിലുള്ള രണ്ട് ഏണികള്‍ (PR, QS) ചാരിവെച്ചിരിക്കുന്നു. ഈ ഏണികളുടെ സംഗമ ബിന്ദുവായ M ല്‍ നിന്ന് 'R'ലേക്കുള്ള ഉയരം ( MR അല്ല ) 4 മീറ്റര്‍. R ല്‍ നിന്ന് S ലേക്കുള്ള ഉയരം (അകലമല്ല) 5 മീറ്റര്‍. എങ്കില്‍ M എന്ന ബിന്ദു തറയില്‍ നിന്നു എന്ത് ഉയരത്തിലായിരിക്കും?

ഇതു പോലുള്ള ചോദ്യങ്ങള്‍ mathsekm@gmail.com എന്ന വിലാസത്തിലേക്ക് അയച്ചു തരുമല്ലോ. ഒപ്പം നല്ലൊരു പസില്‍ ചര്‍ച്ച ഇവിടെ തുടങ്ങുമല്ലോ.


Read More | തുടര്‍ന്നു വായിക്കുക

കമന്റില്‍ ഇപ്പോള്‍ ചിത്രവും ഉള്‍പ്പെടുത്താം

>> Saturday, December 25, 2010


ബ്ലോഗിന്റെ കമന്റ് ബോക്സില്‍ <u> , <i> , <a> തുടങ്ങിയ ടാഗുകള്‍ ഉപയോഗിക്കുന്നതിനു മാത്രമേ ബ്ലോഗര്‍ (www.blogger.com) അനുവദിക്കാറുള്ളു. എന്നാലിതാ, വേണമെന്നു വെച്ചാല്‍ കുറച്ചു കൂടി സൌകര്യങ്ങള്‍ ബ്ലോഗില്‍ വായനക്കാര്‍ക്ക് അനുവദിച്ചു കൊടുക്കാം. കമന്റ് ബോക്സില്‍ ചിത്രം പോസ്റ്റ് ചെയ്യാന്‍ കഴിഞ്ഞാലോ? നമ്മുടെ ചര്‍ച്ച കുറേക്കൂടി പൊടിപൊടിക്കില്ലേ? പ്രത്യേകിച്ച് പസില്‍ ചര്‍ച്ചകളും ഗണിത സംശയങ്ങളും. അതുപോലെ കമന്റില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന അക്ഷരങ്ങളുടെ നിറത്തിലും ഇഷ്ടാനുസരണം നമുക്ക് വ്യത്യാസം വരുത്താനായെങ്കിലോ? ടി.വിയിലും മറ്റും ഫ്ലാഷ് ന്യൂസുകള്‍ ചലിക്കുന്നതുപോലെ അക്ഷരങ്ങളെ ചലിപ്പിക്കാനായാലോ? ഈ വിദ്യ മാത്​സ് ബ്ലോഗിലൊന്ന് പരീക്ഷിച്ചു നോക്കി. ടെംപ്ലേറ്റില്‍ ഒരു ചെറിയ കോഡ് ഉള്‍പ്പെടുത്തുക മാത്രമേ ചെയ്തിട്ടുള്ളു, കേട്ടോ. വിശ്വാസമായില്ലേ? ശരി, നേരിട്ട് ഇവിടെത്തന്നെ പരീക്ഷിച്ചോളൂ. മേല്‍പ്പറഞ്ഞ രീതിയില്‍ അക്ഷരങ്ങളും ചിത്രങ്ങളും പ്രത്യക്ഷപ്പെടാനുള്ള ടാഗുകളെപ്പറ്റിയും ടെംപ്ലേറ്റില്‍ കോഡുകള്‍ ഉള്‍പ്പെടുത്തിയതിനെപ്പറ്റിയുമെല്ലാം താഴെയുള്ള ഖണ്ഡികകളില്‍ വിശദീകരിച്ചിരിക്കുന്നു.

  • ആദ്യം www.blogger.com വഴി നമ്മുടെ ബ്ലോഗിന്റെ ഡാഷ് ബോഡിലെത്തുക
  • Design-Edit HTML എന്ന ക്രമത്തില്‍ ടെംപ്ലേറ്റ് തുറക്കുക.
  • Before editing your template, you may want to save a copy of it. Download Full Template എന്ന അറിയിപ്പു കണ്ടില്ലേ? എന്ത് എഡിറ്റിങ് വരുത്തുന്നതിനു മുമ്പും നമ്മുടെ ബ്ലോഗിന്റെ ടെംപ്ലേറ്റ് നാം കോപ്പി ചെയ്തു വെക്കണം. അതിനായി Download Full Template എന്ന ലിങ്കില്‍ ക്ലിക് ചെയ്താല്‍ മതി. പിന്നീട് പഴയ ടെംപ്ലേറ്റ് തന്നെ മതി എന്നു തോന്നിയാല്‍ ഈ ഡൌണ്‍ലോഡ് ചെയ്ത് വെച്ച ഫയല്‍ അപ്‍ലോഡ് ചെയ്താല്‍ മതിയാകും.
  • ഇനി ടെംപ്ലേറ്റിനു മുകളിലായി Expand Widget Templates എന്നതിനു നേരെ ഒരു ടിക് മാര്‍ക് കാണും. അതില്‍ ക്ലിക്ക് ചെയ്യുക.
  • തുടര്‍ന്ന് </body> എന്ന ടാഗ് സെര്‍ച്ച് ചെയ്ത് കണ്ടു പിടിക്കുക.
    അതിന് തൊട്ടുമുകളിലായി താഴെ കാണുന്ന സ്ക്രിപ്റ്റ് ഇവിടെ നിന്നും കോപ്പിയെടുത്ത് പേസ്റ്റ് ചെയ്യുക.(പിന്നീട് ടെംപ്ലേറ്റ് പഴയപടി മതിയെന്നു തോന്നിയാല്‍ ടെംപ്ലേറ്റ് തുറന്ന് </body> ന് മുകളില്‍ നിന്നും ഈ കോഡ് ഡിലീറ്റ് ചെയ്താല്‍ മതിയാകും)

ഇനി ടെംപ്ലേറ്റ് സേവ് ചെയ്ത് പുറത്തു വന്നോളൂ. ഇനി നമ്മുടെ ബ്ലോഗില്‍ ഈ സംവിധാനം വന്ന വിവരം മറ്റുള്ളവരെ അറിയിക്കേണ്ടേ? അതിനായി കമന്റ് ബോക്സിനു മുകളില്‍ ഇത് നമുക്ക് വരുത്താം. അതിനായി Design-settings-comments എന്ന ക്രമത്തില്‍ തുറക്കുക. ആ പേജിലെ Comment Form Message ല്‍ താഴെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ചുരുക്കി എഴുതിയാല്‍ മതി.
  • കമന്റില്‍ ചിത്രം ഉള്‍പ്പെടുത്താന്‍ [im]Image URL[/im] എന്നതാണ് ടാഗ്. അതായത് [im],[/im]എന്നീ ടാഗുകള്‍ക്കിടയില്‍ നല്‍കേണ്ട ചിത്രത്തിന്റെ യു.ആര്‍.എല്‍ നല്‍കണം.
  • കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാനുള്ള ടാഗ് [co="red"]Type Text here[/co] എന്നതാണ്. ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും. ഇത് അനുവര്‍ത്തിച്ചാല്‍ ഒരു വാക്കിലെ ഓരോ അക്ഷരത്തിനും നിറം നല്‍കാവുന്നതേയുള്ളു.
  • കമന്റിലെ അക്ഷരങ്ങളെ ചലിപ്പിക്കാനുള്ള ടാഗാണ് [ma]Type Text here[/ma]. ഇവിടെ [ma],[/ma] എന്നീ ടാഗുകള്‍ക്കുള്ളില്‍ എഴുതുന്ന അക്ഷരങ്ങള്‍ ചലിക്കുന്നത് കാണാന്‍ കഴിയും
പ്രിയ സുഹൃത്തുക്കള്‍ ഇവിടെത്തന്നെ പരീക്ഷിച്ചു നോക്കിക്കോളൂ. ഏവരുടേയും അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.


Read More | തുടര്‍ന്നു വായിക്കുക

ക്രിസ്തുമസ് ആശംസകള്‍ - ഒപ്പമൊരു പസിലും


ക്രിസ്തുമസ് ദിനാഘോഷങ്ങളില്‍ ഉണ്ണിയേശുവിനോടൊപ്പം തന്നെ പ്രാധാന്യമാണ് സാന്താക്ലോസിന്. തണുത്തു വിറങ്ങലിച്ച ക്രിസ്തുമസ് രാവില്‍ ചുവന്ന വസ്ത്രവും കൂമ്പന്‍ തൊപ്പിയും ധരിച്ചെത്തുന്ന നരച്ച താടിക്കാരനായ ക്രിസ്തുമസ് അപ്പൂപ്പന്‍ ഒരു പ്രതീക്ഷയുടെ പ്രതീകമാണ്. ബലൂണുകളും ചുമലില്‍ സമ്മാനപ്പൊതികളുമായി ആരും കാണാതെ സമ്മാനങ്ങള്‍ നല്‍കാന്‍ സാന്താക്ലോസ് വരുമെന്ന സങ്കല്‍പ്പം കുട്ടികളിലുണ്ടാക്കുന്ന സന്തോഷം ചില്ലറയല്ല. നാലാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ ജീവിച്ചിരുന്ന സെന്റ്.നിക്കോളാസാണ് ക്രിസ്തുമസ് ഫാദറെന്നാണ് വിശ്വാസം. ആ പേര് ലോപിച്ചാണ് സാന്റാക്ലോസായി മാറിയതത്രേ. അതു കൊണ്ടു തന്നെ യൂറോപ്യന്‍ രാജ്യങ്ങളില്‍ സാന്തായുടെ വരവ് ഡിസംബര്‍ ആദ്യ വാരങ്ങളിലേ തുടങ്ങുന്നു. ഡിസംബര്‍ ആറിനാണ് അദ്ദേഹത്തിന്റെ ജന്മദിനം. ഡച്ചുകാരാണ് ഈ വിശ്വാസത്തെ ആധാരമാക്കി സാന്താക്ലോസിനും ക്രിസ്തുമസിനും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടാക്കിയതത്രേ. റെയിന്‍ഡിയറുകള്‍ നയിക്കുന്ന പ്രത്യേക വാഹനത്തില്‍ രാത്രികളിലെത്തുന്ന ക്രിസ്തുമസ് പാപ്പ കുട്ടികള്‍ക്കുള്ള സമ്മാനങ്ങള്‍ ആരും കാണാതെ വീടുകളില്‍ നിക്ഷേപിച്ചു പോകുന്നുവെന്നാണ് പണ്ടുമുതലേയുള്ള സങ്കല്‍പ്പം. അതുകൊണ്ടു തന്നെ രക്ഷിതാക്കള്‍ നല്‍കുന്ന സമ്മാനമായാലും ക്രിസ്തുമസ് പാപ്പ നല്‍കുന്ന സമ്മാനമാണതെന്ന് വിശ്വസിക്കാനാണ് കുട്ടികള്‍ക്കിഷ്ടം. ജൈവവൈവിധ്യത്തിന്റെ പുരാതനകാലം മുതലേയുള്ള പ്രതീകമായി പുല്‍ക്കൂടും, ക്രിസ്തുമസ് ട്രീയും, ക്രിസ്തുമസ് നക്ഷത്രവും. അതെ, ക്രിസ്തുമസിന്റെ ആഘോഷം വിശ്വമാനവഹൃദയങ്ങളുള്ളവരുടേതു കൂടിയാണ്. മാത്‌സ് ബ്ലോഗിനും ഇത് ആഘോഷവേള തന്നെയാണ്. ഇത്തവണത്തെ നമ്മുടെ ക്രിസ്തുമസ് ആഘോഷം കുറേക്കൂടി വ്യത്യസ്തതയാര്‍ന്നതാക്കാനാണ് നമ്മുടെ പരിപാടി. പരിപൂര്‍ണമായും ഗണിതവല്‍ക്കരണത്തോടെ തന്നെ. പതിനൊന്ന് ലക്ഷം ഹിറ്റുകളുടെ നിറവില്‍ മാത്​സ് ബ്ലോഗിലെ വിജയന്‍ ലാര്‍വ സാര്‍ രൂപപ്പെടുത്തിയ ഒരു ക്രിസ്തുമസ് പസിലാണ് ആഘോഷങ്ങള്‍ക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചോദ്യം വായിക്കൂ. ഉത്തരം കണ്ടെത്താന്‍ ശ്രമിക്കൂ.

ഏവര്‍ക്കും മാത്‌സ് ബ്ലോഗിന്റെ ക്രിസ്തുമസ് ആശംസകള്‍


നാടെങ്ങും ക്രിസ്തുമസ് ആഘോഷം പൊടിപൊടിക്കുമ്പോള്‍ അനൂപിന്റെ മനസ്സിലൊരാഗ്രഹം. വ്യത്യസ്തതയോടെ എന്തെങ്കിലും ചെയ്യണം. അതിനെന്താണൊരു മാര്‍ഗം? തലപുകഞ്ഞാലോചിച്ച് അവനൊരു മാര്‍ഗം കണ്ടെത്തി. ആരും കാണാത്ത തരത്തിലുള്ള ഒരു നക്ഷത്രം വരച്ച് നിറം നല്‍കി കൂട്ടുകാര്‍ക്ക് മുമ്പാകെ പ്രദര്‍ശിപ്പിക്കണം. ഒരു സമപഞ്ചഭുജത്തിന്റെ വശങ്ങളില്‍ വ്യത്യസ്ത വലിപ്പങ്ങളിലുള്ള മട്ടത്രികോണങ്ങള്‍
വരച്ച് അവനത് തയ്യാറാക്കുക തന്നെ ചെയ്തു. അവന്‍ വരച്ച നക്ഷത്രം താഴെ കൊടുത്തിരിക്കുന്നു.

സാധാരണകാണുന്ന നക്ഷത്രം പോലെയല്ലല്ലോ ഇത്. ഇതു കണ്ട കൂട്ടുകാര്‍ അവനെ കളിയാക്കി. അനൂപിന് വിഷമമായി. "വശങ്ങളെല്ലാം പൂര്‍ണസംഖ്യകളാക്കിക്കൊണ്ട് ഇതുപോലൊരു നക്ഷത്രം ഉണ്ടാക്കാന്‍ ഞാനെത്ര കഷ്ടപ്പെട്ടുവെന്നറിയുമോ? ഇങ്ങനെയൊന്ന് ഉണ്ടാക്കാന്‍ നിങ്ങള്‍ക്കാര്‍ക്കെങ്ങിലും കഴിയുമോ?" ഉടനെ ഒരു നോട്ട് ബുക്ക് പേപ്പറില്‍ ഇതുണ്ടാക്കിത്തരാമല്ലോയെന്നായി കൂട്ടുകാരിലൊരാള്‍. വെറുതെ നിര്‍ബന്ധം പിടിക്കേണ്ട, അതിനു സാധിക്കില്ലെന്ന് അനൂപും. മാത്രമല്ല, ഈ നക്ഷത്രം ഉണ്ടാക്കാനെടുത്ത കടലാസിന്റെ പരപ്പളവ് കണ്ടു പിടിക്കുന്നവര്‍ക്ക് ഒരു സമ്മാനം കൂടി തരുന്നുണ്ടെന്ന് അവന്‍ വെല്ലുവിളിക്കുകയും ചെയ്ത. കൂട്ടുകാര്‍ വെല്ലുവിളി ഏറ്റെടുത്തു.

നമ്മുടെ ചോദ്യം ഇതാണ്.
  • ആര് പറഞ്ഞതാണ് ശരി? അനൂപ് പറഞ്ഞ പോലൊരു നക്ഷത്രം ഉണ്ടാക്കാന്‍ നോട്ട് ബുക്കിലെ ഒരു ഷീറ്റ് കടലാസ് മതിയാകുമോ?
  • അനൂപ് നക്ഷത്രമുണ്ടാക്കാനെടുത്ത പേപ്പറിന്റെ പരപ്പളവ് കണ്ടത്താമോ?


Read More | തുടര്‍ന്നു വായിക്കുക

രാമാനുജന്‍ സംഖ്യകള്‍ - ഒരു രേഖാചിത്രം

>> Thursday, December 23, 2010


ഡിസംബര്‍ 22. ഇന്‍ഡ്യന്‍ ഗണിതശാസ്ത്രത്തിലെ രാജകുമാരന്റെ ജന്മദിനം.ദിനാഘോഷപ്പട്ടികയില്‍ ഇടം കിട്ടാതെ പോയ ഈ ദിവസമാണ് ശ്രീനിവാസരാമാനുജന്‍ അയ്യങ്കാര്‍ ജനിച്ചത്.ഗണിതമേളകളിലൂടെ, അധികവായനയ്ക്കുള്ള കണക്കുപുസ്തകങ്ങളിലൂടെ കുട്ടികളുടെ കളക്ഷന്‍ പുസ്തകങ്ങളിലൂടെ രാമാനുജന്‍ എന്ന ഗണിതജ്ഞന്‍ ജീവിക്കുന്നു. നമ്മുടെ പുതിയ ഒന്‍പതാംക്ലാസ് പാഠപുസ്തകത്തില്‍ വൃത്തത്തിന്റെ ചുറ്റളവും പരപ്പളവും ചര്‍ച്ചചെയ്യവെ നല്‍കിയിട്ടുള്ള രാമാനുജനെക്കുറിച്ചുള്ള സൈഡ് ബോക്സ് കണ്ടിരിക്കുമല്ലോ?

1729 എന്ന സംഖ്യയുടെ വ്യക്തിത്വം അനാവരണം ചെയ്തുകൊണ്ട് കുട്ടികള്‍ ലഘുപ്രോജക്ടുകള്‍ തയ്യാറാക്കാറുണ്ട്.ഈ സംഖ്യയുടെ എല്ലാഘടകങ്ങളും ഒറ്റസംഖ്യകളാണത്രേ!അവ കൊണ്ട് രൂപീകരിച്ച ഒരു സംഖ്യാപാറ്റേണ്‍ കണ്ടിട്ടുണ്ടോ?
1729 ന്റെ പ്രത്യേകതയുള്ള അനേകം സംഖ്യകളുണ്ട്. അവയെ പൊതുവെ Rസംഖ്യകള്‍ എന്നു വിളിക്കുന്നു.പഠന സൗകര്യത്തിനായി ഗവേഷകര്‍ 1729 നെ ആദ്യത്തെ മൂന്നാംവര്‍ഗ്ഗ രാമാനുജന്‍ സംഖ്യയായി കണക്കാക്കുന്നു.

രണ്ട് വ്യത്യസ്ത നിസര്‍ഗ്ഗ സംഖ്യകളുടെ വര്‍ഗ്ഗങ്ങളുടെ തുകയായി രണ്ടുവ്യത്യസ്ത തരത്തില്‍ എഴുതാന്‍ കഴിയുന്ന സംഖ്യകളാണ് രണ്ടാംവര്‍ഗ്ഗ രാമാനുജന്‍ സംഖ്യകള്‍ .ഇത്തരം സംഖ്യകളെക്കുറിച്ചുള്ള പഠനം ആരംഭിക്കുന്നത് Cayley പട്ടിക ഉപയോഗിച്ചുകൊണ്ടാണ്.പട്ടികയുടെ ഒരു ചെറുരൂപമാണ് താഴെ കാണുന്നത്


ഈ പട്ടികയില്‍ നിന്നും ആദ്യത്തെ രണ്ടാംവര്‍ഗ്ഗ രാമാനുജന്‍ സംഖ്യ വളരെ എളുപ്പത്തില്‍ കണ്ടെത്താം.
ഇവ കണ്ടെത്തുന്നതിനുള്ള ബീജഗണിതസമീപനം ചിന്തനീയമാണ്.

(2-n)2 + (5n+3)2=(5n+2)2+(n+3)2=13(2n2+2n+1)

ഈ സര്‍വ്വസമവാക്യത്തില്‍ n ന് നിസര്‍ഗ്ഗസംഖ്യാവിലകള്‍ നല്‍കി അനേകം രണ്ടാംവര്‍ഗ്ഗരാമാനുജന്‍ സംഖ്യകള്‍ എഴുതാം.
ഇത്തരം ഒരു പഠനത്തിനുതന്നെ പ്രസക്തിയുണ്ടായത് ആദ്യത്തെ മൂന്നാംവര്‍ഗ്ഗ രാമാനുജന്‍സംഖ്യയുടെ സാന്നിധ്യമാണല്ലോ.
ഇവ കണ്ടെത്തുന്നതിനുള്ള രീതിയും ഒരു പട്ടികയയും കൊടുത്തിരിക്കുന്നു.
n3+(12n)3 +(9n)3 +(10n)3=1729n3


ഇതു പോലെ ഉയര്‍ന്ന വര്‍ഗ്ഗത്തിലുള്ള സംഖ്യകളെ കണ്ടെത്തുക ശ്രമകരമാണ്. അവിടെയാണ് കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളുടെ പ്രസക്തി.രാമാനുജന്‍ സംഖ്യകളെക്കുറിച്ച് പലതരം പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ള അധ്യാപകരും കുട്ടികളും നമ്മുടെ ഇടയിലുണ്ട് . അവരുടെ അഭിപ്രായങ്ങളും കൂട്ടിച്ചേര്‍ക്കലുകളും വിലപ്പെട്ടതാണ്.
റിവിഷന്‍ പേപ്പര്‍ 5 ന് ഇവിടെ ക്ലിക്ക് ചെയ്യുക


Read More | തുടര്‍ന്നു വായിക്കുക

കെ.കരുണാകരന്‍ വിടവാങ്ങി


മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്‍ (92) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആസ്​പത്രിയില്‍ വൈകീട്ട് 5.30 ഓടെയായിരുന്നു അന്ത്യം. കടുത്ത പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഈ മാസം 10നാണ് അദ്ദേഹത്തെ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചത്. ഇടയ്ക്ക് ആരോഗ്യനില വഷളാകുകയും ചെയ്‌തെങ്കിലും പതിവുപോലെ കരുണാകരന്‍ ആരോഗ്യനില വീണ്ടെടുത്തു. എന്നാല്‍ ബുധനാഴ്ചയോടെ സ്ഥിതി വീണ്ടും ഗുരുതരമായി. വ്യാഴാഴ്ച രാവിലെ അദ്ദേഹത്തെ സി.ടി സ്‌കാനിന് വിധേയനാക്കി. ബ്രെയിന്‍ സ്‌റ്റെമ്മിന് തകരാറുള്ളതായും തലച്ചോറില്‍ രക്തം കട്ടം പിടിച്ചതായും സ്‌കാനിങ്ങില്‍ കണ്ടെത്തിയിരുന്നു. മക്കളായ കെ.മുരളീധരനോടും പത്മജ വേണുഗോപാലിനോടും യഥാര്‍ഥ സ്ഥിതി ഡോക്ടര്‍മാര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. വൈകിട്ട് അഞ്ചരയോടെ ഡോക്ടര്‍മാര്‍ മരണവിവരം സ്ഥിരീകരിച്ചു. സംസ്‌കാരം ശനിയാഴ്ച്ച രാവിലെ തൃശൂരില്‍

(വാര്‍ത്തയ്ക്ക് കടപ്പാട് : മാതൃഭൂമി)
മുന്‍ മുഖ്യമന്ത്രി കെ.കരുണാകരനോടുള്ള ആദരസൂചകമായി ഡിസംബര്‍ 24 ന് സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പ്രൊഫഷണല്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സംസ്ഥാനപൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും, സഹകരണ ബാങ്കുകള്‍ക്കും സ്റാറ്റ്യൂട്ടറി സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ 24 ന് രാവിലെ ഒമ്പത് മണിക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആസ്ഥാനത്തും 10 മണിക്ക് സെക്രട്ടേറിയറ്റ് ഡര്‍ബാര്‍ ഹാളിലും അദ്ദേഹത്തിന്റെ ഭൌതിക ശരീരം പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് തൃശൂര്‍ ടൌണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തൃശൂരില്‍ പൂര്‍ണ സംസ്ഥാന ബഹുമതികളോടെയായിരിക്കും സംസ്കാരം. ദുഖാചരണത്തോടനുബന്ധിച്ച് ഏഴ് ദിവസം സംസ്ഥാനത്ത് ഔദ്യോഗിക പരിപാടികള്‍ ഉണ്ടാവില്ല. സംസ്ഥാന ദുഖാചരണത്തിന്റെ ഭാഗമായി മൂന്ന് ദിവസം (25 വരെ) ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും


Read More | തുടര്‍ന്നു വായിക്കുക

തിരയുന്നത്..(കവിത)

>> Sunday, December 19, 2010


കാസര്‍കോട് ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ ഗേള്‍സ് സ്കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന അഹല്യ കെ.വി. എന്ന കൊച്ചു മിടുക്കിയുടെ കവിതയാണ് ഇന്ന് പ്രസിദ്ധീകരിക്കുന്നത്. ചാര്‍ലി ചാപ്ളിന്റെ കണ്ണീരില്‍ കുതിര്‍ന്ന പുഞ്ചിരിയെപ്പറ്റി നല്ലൊരു ഡോക്യുമെന്ററി നമ്മുടെ ബ്ലോഗിനു സമ്മാനിച്ച അഹമ്മദ് ഷെരീഫ് കുരിക്കള്‍ എന്ന അധ്യാപകനാണ് ഈ കവിത നമുക്ക് അയച്ചുതന്നിരിക്കുന്നത്. ഭാവിവാഗ്ദാനങ്ങളായ ഇത്തരം കുരുന്നുകളെ പ്രോത്സാഹിപ്പിക്കുന്ന അധ്യാപകരെ എത്ര അഭിനന്ദിച്ചാലാണ് മതിയാവുക? ഇതു വായിക്കുന്ന ഓരോരുത്തരുടേയും കമന്റുകള്‍ അഹല്യമാര്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം മാത്രം മതി, ഈ ബ്ലോഗിന്റെ ജന്മം സഫലമാകാന്‍. അല്ലേ..?
വായിക്കുക...

കരിഞ്ഞ കുന്നിന്റെ പിളര്‍ന്ന പള്ളയില്‍

കണ്ണുനീരിന്റെയുപ്പു പടരവെ

എരിഞ്ഞു തീരുന്ന മരത്തിനുദരത്തില്‍

കുരുന്നു ജീവനുറഞ്ഞു പോകവെ

കഴിഞ്ഞ കാലത്തിലെവിടെയോ വച്ച്

മറന്നു വച്ചുപോയ് ഞാനെന്റെ പുഞ്ചിരി

ഓണരാവിന്റെ ഓളമടിയിലോ

ആതിരാ നിലാ പന്തലിന്‍ കീഴിലോ

തളിര്‍ത്ത മാവിന്റെ തളിരിന്‍ ചുണ്ടിലോ

വിരിഞ്ഞ പ്ലാവിന്റെ കുരുന്നു കണ്ണിലോ

കളിചിരികളില്‍ കിളിമൊഴികളില്‍

കൊളുത്തി വച്ചു മറന്നു പോയ് ഞാനത്.

കുന്നു കറുത്ത് പുഴയ്ക്കു ദാഹിക്കവെ

ഇരുട്ടിന്‍ നിലാവില്‍ നിശബ്ദതയുടെ

സംഗീതമുണരവെ

ഓര്‍മ്മയുടെ ജീര്‍ണിച്ച ഏടുകളില്‍

വാഴപ്പോളകള്‍ തേന്‍ ചുരത്തിയപ്പോള്‍

മണ്ണിന്റെ മണമുയര്‍ന്നപ്പോള്‍

മഴത്തുള്ളിയുടെ കുളിരറിഞ്ഞപ്പോള്‍

മരിച്ചു പോകാത്ത ബാല്യസ്മരണയില്‍

ഇടയ്ക്കൊന്നു തിരഞ്ഞപ്പോള്‍

തിരിച്ചു കിട്ടിയെന്‍ പുഞ്ചിരി.



Read More | തുടര്‍ന്നു വായിക്കുക

100 മീറ്ററില്‍ ഒന്നാമനായത് പിതാവിന്റെ വേര്‍പാടറിയാതെ


സംസ്ഥാന സ്ക്കൂള്‍ കായിക മേള 100 മീറ്റര്‍ ചാമ്പ്യന്‍ സുജിത്ത് കുട്ടന്റെ പിതാവും ഏഷ്യന്‍ഗെയിംസ് ജേതാവുമായിരുന്ന മുരളി കുട്ടന്‍ ഹൃദയാഘാതം മൂലം അന്തരിച്ചു. ദീര്‍ഘകാലം 400 മീറ്റര്‍ ദേശീയ ചാമ്പ്യനായിരുന്നു മുരളി കുട്ടന്‍. ഒളിമ്പിക്സിലടക്കം ഇന്‍ഡ്യയെ പ്രതിനിധീകരിച്ചിരുന്ന മേഴ്സിക്കുട്ടനാണ് ഭാര്യ. അല്പം മുമ്പ് അതായത് ഡിസംബര്‍ 19 ഞായറാഴ്ച 3 ​മണിക്ക് സമാപിച്ച 100 മീറ്റര്‍ മത്സരത്തിന്റെ ഫലം പുറത്തുവരുന്നത് വരെ സുജിത്ത് കുട്ടനെ ഇക്കാര്യം അറിയിച്ചിരുന്നതേയില്ല. വാശിയോടെയുള്ള ഈ മത്സരത്തിന്റെ ഫലമറിയാന്‍ ഉറ്റുനോക്കിയിരുന്ന കായികകേരളത്തിനിത് സന്തോഷത്തിലേറെ ദുഃഖം കലര്‍ന്ന നിമിഷങ്ങളായി. മാതൃഭൂമി വാര്‍ത്തയിലേക്ക്.

തിരുവനന്തപുരം: ഒരു സ്വര്‍ണനേട്ടം അത്യന്തം വേദനയുടേത് കൂടിയായി മാറുന്ന കാഴ്ചയ്ക്കാണ് ഇന്ന് സംസ്ഥാന സ്‌കൂള്‍ കായികമേള വേദി സാക്ഷ്യം വഹിച്ചത്. സീനീയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ ഒളിമ്പ്യന്‍ മേഴ്‌സിക്കുട്ടന്റെയും മുരളിക്കുട്ടന്റെയും മകന്‍ സുജിത്കുട്ടന്‍ റെക്കോഡോടെ സ്വര്‍ണമണിഞ്ഞ നിമിഷം സന്തോഷത്തിന്റേതാണോ സങ്കടത്തിന്റേതോ എന്ന് നിര്‍വചിക്കാനാകാതെ സ്റ്റേഡിയത്തിലെ കാണികളും മാധ്യമപ്രവര്‍ത്തകരും വിഷമിച്ചു. തന്റെ അഭിമാനനേട്ടം അസുഖം മൂലം ആസ്​പത്രിയിലുള്ള അച്ഛനെ അറിയിക്കാനായി കാറില്‍ പുറപ്പെടുമ്പോഴും സുജിത്കുട്ടന്‍ അറിഞ്ഞിരുന്നില്ല അച്ഛന്‍ ഈ ലോകത്തോട് വിടപറഞ്ഞിട്ട് മണിക്കൂറുകള്‍ കഴിഞ്ഞുവെന്ന്.

ശനിയാഴ്ച രാത്രിയോടെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് സുജിത്തിന്റെ അച്ഛന്‍ മുരളിക്കുട്ടനെ തിരുവനന്തപുരത്തെ സ്വകാര്യ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച രാവിലെ മരണം സംഭവിച്ചു. 100 മീറ്റര്‍ ഫൈനല്‍ ഞായറാഴ്ച നടക്കാനിരിക്കെ മകനെ അച്ഛന്റെ മരണവിവരം അറിയിക്കേണ്ടെന്ന് ബന്ധുക്കളും ഉറ്റവരും തീരുമാനിച്ചു. ആസ്​പത്രിയില്‍ വെച്ച് മുരളിക്കുട്ടന്‍ അവസാനമായി പറഞ്ഞതും എന്തുവന്നാലും മകന്‍ ഓടാന്‍ ഇറങ്ങണമെന്നായിരുന്നു.

അസുഖമായതിനാലാണ് അച്ഛന്‍ സ്റ്റേഡിയത്തിലെത്താത്തതെന്നാണ് സുജിത്തിനെ ഏവരും ധരിപ്പിച്ചിരുന്നത്. പിതാവിന്റെ മരണവാര്‍ത്ത അറിയാതെ 100 മീറ്റര്‍ ഓട്ടത്തില്‍ റെക്കോഡോടെ സുജിത്ത് മീറ്റീലെ വേഗമേറിയ താരവുമായി. മത്സരശേഷം എത്രയും വേഗം അച്ഛനെ തന്റെ റെക്കോഡ് നേട്ടം അറിയിക്കാന്‍ കാറില്‍ സുജിത് ആസ്​പത്രിയിലേക്ക്. സ്റ്റേഡിയത്തില്‍ നിന്ന് പുറപ്പെടുമ്പോഴും ആ കൗമാരമനസ്സ് വേ
സുജിത് കുട്ടന്‍ വേദനാജനകമായ വാര്‍ത്ത അറിഞ്ഞിരുന്നില്ല. അതുവരെ മണിക്കൂറുകളോളം മുരളിക്കുട്ടന്റെ മരണവാര്‍ത്ത പുറത്തുവിടാതിരുന്ന മാധ്യമപ്രവര്‍ത്തകരും വേദനയോടെ ആ വിവരം ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്തു. മൃതദേഹം വൈകിട്ട് നാലരയ്ക്ക് മത്സരങ്ങള്‍ നടക്കുന്ന യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിനു വെച്ചു. അനിവാര്യ നിമിഷമെത്തി. മരണവാര്‍ത്ത അറിഞ്ഞ സുജിത്ത് തളര്‍ന്നുവീണു.

1981ല്‍ ടോക്യോയില്‍ നടന്ന ഏഷ്യന്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മീറ്റില്‍ 4 400 മീറ്ററില്‍ വെങ്കല മെഡല്‍, 1978ലെ ഏഷ്യന്‍ ഗെയിംസില്‍ 400 മീറ്ററില്‍ വെങ്കലം, 4ത400 മീറ്ററില്‍ വെള്ളി, 1978ലെ ഇന്തോ റഷ്യന്‍ അത്‌ലറ്റിക് മീറ്റില്‍ 400 മീറ്ററില്‍ സ്വര്‍ണം എന്നിവയാണ് മുരളിക്കുട്ടന്റെ പ്രധാന അന്താരാഷ്ട്ര നേട്ടങ്ങള്‍. മുരളിക്കുട്ടന്റെയും ഒളിമ്പ്യന്‍ മേഴ്‌സിക്കുട്ടന്റെയും മകനായ സുജിത്ത് ഈ വര്‍ഷം ദേശീയ മീറ്റിലും സ്വര്‍ണമണിഞ്ഞിരുന്നു. രാജ്യത്ത് ആദ്യമായി ലോങ്ജംപില്‍ ആറ് മീറ്റര്‍ ചാടുന്ന തരമാണ് മേഴ്‌സിക്കുട്ടന്‍. പിന്നീട് മേഴ്‌സിക്കുട്ടന്റെ പരിശീലകനായി മാറിയ മുരളിക്കുട്ടന്റെ നിര്‍ദേശപ്രകാരമാണ് അവര്‍ ലോങ്ജംപില്‍ നിന്ന് 400 മീറ്റര്‍ ഓട്ടത്തിലേക്ക് മാറുന്നത്.
മറ്റു മത്സരഫലങ്ങള്‍ : സുജിത്ത് കുട്ടന്‍ (സീനിയര്‍ വിഭാഗം ആണ്‍കുട്ടികള്‍) ലിഖിന്‍ എസ്, പുനലൂര്‍ സെന്റ് ഗൊറേത്തി എച്ച്.എസ് (ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികള്‍), എ.ജി രഖില്‍,പാലക്കാട് കല്ലടി ഹൈസ്ക്കൂള്‍ (സബ്​ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികുള്‍), കെ മഞ്ജു, കണ്ണൂര്‍ ജി.വി.എച്ച്.എസ്.എസ് (സീനിയര്‍ പെണ്‍കുട്ടികള്‍), ടി.എസ്,ആര്യ (12.57 സെക്കന്റ്) ഇടുക്കി വണ്ണപ്പുറം എസ്.എന്‍.എം ഹൈസ്ക്കൂള്‍ (ജൂനിയര്‍ പെണ്‍കുട്ടികള്‍), മജീദ നൗര്‍ (12.48 സെക്കന്റ്) പാലക്കാട് പറളി ഹൈസ്കൂള്‍ (സബ്​ജൂനിയര്‍ പെണ്‍കുട്ടികള്‍) എന്നിവര്‍ വേഗമേറിയ താരങ്ങളായി.

Kerala School Sports 2010-2011 :

100 Meter Race - Sujith Kuttan (Senior boys), Likhin S, Punaloor Gorethi HS (Junior Boys) A.G Raghil, Kalladi HS, Palakkad (Sub Junior Boys),
100 Meter Race - K Manju, Kannur GVHSS (Senior Girls), T.S Arya (12.57 Second) SNM HS, Vannappuram, Idukki (Junior Girls), Majeeda Naur (12.48 Second) Palakkad Parali HS (Sub Junior Girls)


Read More | തുടര്‍ന്നു വായിക്കുക

ഡിലീറ്റായ ഫയലുകള്‍ വീണ്ടെടുക്കാം

>> Saturday, December 18, 2010


ഐടി@സ്കൂള്‍ ഉബുണ്ടു കസ്റ്റമൈസ്ഡ് വേര്‍ഷന്‍ വ്യാപകമായതോടെ, മികച്ച ഒരു ഓപ്പറേറ്റിങ്സിസ്റ്റം ലഭിച്ച ചാരിതാര്‍ത്ഥ്യത്തിലാണ് നാടു നഗരവും. വിദ്യാലയങ്ങളില്‍ നിന്നും ഈ ഡിവിഡി പതുക്കെപ്പതുക്കെ സ്വാതന്ത്ര്യസ്നേഹികളുടെ കൈകളിലേക്ക് എത്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതിന്റെ പിറവിക്കുപിന്നിലെ ഏറ്റവും ഓര്‍ക്കപ്പെടേണ്ട പേരാണ് മലപ്പുറത്തെ ഹക്കീം മാഷിന്റേത്. അദ്ദേഹത്തിന്റെ കൂട്ടുകാരന്‍ ഹസൈനാര്‍ മങ്കടയാകട്ടെ, തിരക്കിട്ട ഗവേഷണങ്ങളിലും! ആ ഗവേഷണങ്ങളില്‍ നിന്നും ഇടക്കിടെ വീണുകിട്ടുന്ന രത്നങ്ങള്‍ എത്രയാണ് അദ്ദേഹം നമ്മുടെ ബ്ലോഗിലൂടെ പങ്കുവെച്ചുകഴിഞ്ഞത്? ഇത്തരത്തിലുള്ള മറ്റൊരു അമൂല്യമായ അറിവുമായാണ് ഇദ്ദേഹം ഇത്തവണയെത്തുന്നത്. അതെന്താണെന്നല്ലേ..? വായിച്ചോളൂ..

Read More | തുടര്‍ന്നു വായിക്കുക


Read More | തുടര്‍ന്നു വായിക്കുക

ഇ-രീതി ക്ലിക്ക്ഡ്!


 
(ഇതുവരെ 79 സബ്​മിഷനുകള്‍ ലഭിച്ചതായി ടീച്ചര്‍ അറിയിച്ചിരിക്കുന്നു. പ്രതികരിച്ച ഏവര്‍ക്കും നന്ദി.ഗവേഷണാനന്തരം കണ്ടെത്തലുകള്‍ പങ്കുവെയ്ക്കാമെന്നും ടീച്ചര്‍ അറിയിച്ചിരിക്കുന്നു. കുറച്ചുകൂടി സബ്​മിഷനുകള്‍ പ്രതീക്ഷിക്കുന്നു.)
മാത്സ് ബ്ലോഗിന്റെ മെയില്‍ ബോക്സില്‍ ഈയടുത്ത ദിവസം വന്ന ഒരു മെയിലാണ് വള്ളിപുള്ളി വിടാതെ താഴേ കൊടുത്തിരിക്കുന്നത്. ഷഹന ടീച്ചര്‍ക്കുള്ള വ്യക്തിപരമായ ഒരു സഹായം എന്നതിലുപരി, ഇതു പോലുള്ള സന്ദര്‍ഭങ്ങളില്‍ (നമുക്കേവര്‍ക്കും) വിവരശേഖരണത്തിനും മറ്റും ഗൂഗിള്‍ ഡോക്യുമെന്റ്​സും ബ്ലോഗും ഉപകാരപ്പെടുന്നതെങ്ങിനെയെന്ന് അറിയിക്കാന്‍ കൂടി ഈ പോസ്റ്റ് സഹായകമാകുമെന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു. അധ്യാപകരുടെയിടയില്‍ നിന്ന് വിവരശേഖരണം നടത്തുവാന്‍ കാസര്‍ഗോഡ് മുതല്‍ കന്യാകുമാരി വരേയുള്ള ആയിരക്കണക്കിന് അധ്യാപകര്‍ സ്ഥിരമായി കയറിയിറങ്ങുന്ന ഈ ബ്ലോഗിനെ വിശ്വസിച്ചേല്‍പ്പിച്ച ടീച്ചര്‍ക്ക് നന്ദി പറയുന്നു.

ഞാന്‍ മാത്​സ് ബ്ലോഗിന്റെ ഒരു സ്ഥിരം സന്ദര്‍ശകയാണ്. എന്റെ പേര് ഷഹന എ സലാം. ജനിച്ചത് എറണാകുളം ജില്ലയിലെ പറവൂരില്‍. ഇപ്പോള്‍ അധ്യാപകനായ ഭര്‍ത്താവിനോടും മൂന്നു മക്കളോടുമൊപ്പം തൃശൂര്‍ ജില്ലയിലെ അഴീക്കോട് താമസിക്കുന്നു. മൂത്തകുന്നം എസ്.എന്‍.എം. ട്രൈനിംഗ് കോളേജിലെ എം.എഡ്. അവസാന സെമസ്റ്റര്‍ വിദ്യാര്‍ഥിനിയാണ്. കോഴ്സിന്റെ ഭാഗമായി ഞാന്‍ ഏറ്റെടുത്തിരിക്കുന്ന ഡസര്‍ട്ടേഷന്‍ വിഷയം 'കേരളത്തിലെ ഹൈസ്കൂളുകളില്‍ സിനിമാ സംബന്ധിയായ പാഠഭാഗങ്ങളുടെ വിനിമയത്തില്‍ അധ്യാപകര്‍ നേരിടുന്ന പ്രശ്നങ്ങള്‍' എന്നതാണ്. ഇതിലേക്കുവേണ്ടിയുള്ള ഒരു ചോദ്യാവലി തയ്യാറാക്കി വിവര ശേഖരണത്തിനായി തൃശൂര്‍, എറണാകുളം ജില്ലകളിലെ ഹൈസ്കൂളുകളിലെ മലയാളം, ഇംഗ്ലീഷ് അധ്യാപകരെ സമീപിച്ചുകൊണ്ടിരിക്കുകയാണ്. കൂടുതല്‍ സാമ്പിളുകള്‍ കിട്ടുകയാണെങ്കില്‍ ഗവേഷണം മെച്ചപ്പെടുത്താന്‍ കഴിയുമല്ലോ?
ഈ അവസരത്തിലാണ് മാത്​സ് ബ്ലോഗിനെ ഓര്‍മ്മ വന്നത്. ധാരാളം മലയാളം, ഇംഗ്ലീഷ് അധ്യാപകര്‍ സന്ദര്‍ശിക്കുന്ന ഈ ബ്ലോഗില്‍ ഈ ചോദ്യാവലി പ്രസിദ്ധീകരിക്കുമെങ്കില്‍ നന്നായിരുന്നു. മാത്രമല്ലാ, ഇത്തരം ആവശ്യങ്ങള്‍ക്ക് ഈ മാതൃക അനുവര്‍ത്തിക്കാന്‍ ബാക്കിയുള്ളവര്‍ക്കും പ്രചോദനമാകുമല്ലോ?ഹൈസ്കൂള്‍ ക്ലാസുകളില്‍ മലയാളം, ഇംഗ്ലീഷ് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന അധ്യാപകരുടെ പ്രതികരണങ്ങളാണ് വേണ്ടത്. സഹായിക്കുമല്ലോ..?ഒരു കാര്യം, നാല്‍പത്തിയഞ്ച് ചോദ്യങ്ങളുണ്ടെങ്കിലും വെറും അഞ്ചു മിനിറ്റില്‍ താഴേ മതി ക്ലിക്ക് ചെയ്ത് സബ്​മിറ്റു ചെയ്യാന്‍! മറ്റൊരു പ്രധാന കാര്യം, നിങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ ഗവേഷണാവശ്യത്തിനു മാത്രമേ ഉപയോഗിക്കുകയുള്ളൂവെന്ന എന്റെ ഉറപ്പ് നിങ്ങള്‍ക്ക് നൂറു ശതമാനവും വിശ്വസിക്കാമെന്നുള്ളതാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഫോം സബ്​മിറ്റ് ചെയ്താല്‍ മാത്രം മതി.


Read More | തുടര്‍ന്നു വായിക്കുക

റിവിഷന്‍ പേപ്പര്‍ നാലാം ഭാഗം

>> Tuesday, December 14, 2010


ചിന്തയുടെ യുക്തിഭദ്രമായ വളര്‍ച്ചയും വികാസവും ഗണിതപഠനത്തിന്റെ മുഖമുദ്രയാണ്.അതുകൊണ്ടുതന്നെയാണ് മനുഷ്യബുദ്ധിയുടെ വികാസപരിണാമചരിത്രം ഗണിതചരിത്രമാകുന്നത്.മഹാഗണിതഞ്ജനായ ഡേവിഡ് ഗില്‍ബര്‍ട്ടിന്റെ വാക്കുകള്‍ വായിച്ചതോര്‍ക്കുന്നു. " in essence ,problems are the life blood of mathematics" ഗണിതകാരനായ പോള്‍ ഹാമോസ് കൂട്ടിച്ചേര്‍ക്കുന്നത് ഇപ്രകാരമാണ്" the complementary activity -theory building -provides the soul of mathematics"
ആശയങ്ങളുടെ താളാത്മകമായ വളര്‍ച്ച ഒന്‍പതാംക്ലാസിലെ ജ്യാമിതീയ അനുപാതവും ത്രികോണ സാദൃശ്യവും വിനിമയം ചെയ്യുമ്പോള്‍ നമുക്ക് തിരിച്ചറിയാന്‍ കഴിയുന്നുണ്ട്.ബുദ്ധിപരമായ സത്യസന്ധത യുക്തിക്കുനിരക്കുന്ന വിധമുള്ള ബോധ്യപ്പെടല്‍ തന്നെയാണ്.

AABB ഒരു നാലക്കസംഖ്യയാണ്. അതൊരു പൂര്‍ണ്ണവര്‍ഗ്ഗം കൂടിയാണ്. സാറിന് ഈ സംഖ്യ പറയാമോയെന്നു ചോദിച്ചത് ആറാംക്ലാസില്‍ പഠിക്കുന്ന ഒരു മിടുക്കിയാണ്.മേളയിലെ വിധികര്‍ത്താക്കള്‍ക്ക് ഊരും പേരും ചോദിക്കാന്‍ അവകാശമില്ലാത്തതിനാല്‍ അവള്‍ക്കുഞാന്‍ ആതിര എന്നുപേരിടുന്നു.ചടുലമായഭാഷയില്‍ യുക്തിഭദ്രമായി പ്രസ്താവനകള്‍ നിരത്തി 7744 എന്ന് ആതിര സമര്‍ഥിച്ചു.
ആതിരയുടെ ചിന്തകളിലേയ്ക്ക് ഒരു എത്തിനോട്ടമാണ് താഴെ വര്‍ക്ക്ഷീറ്റായി അവതരിപ്പിക്കുന്നത്.
വര്‍ക്ക്ഷീറ്റ്
1) AABB എന്ന നാലക്കസംഖ്യയെ സ്ഥാനവില അനുസരിച്ച് പിരിച്ചെഴുതുക
2) ലഘൂരിച്ച് AABB = 11( 100A + B) എന്ന് എഴുതുക
3) AABB ഒരു പൂര്‍ണ്ണ വര്‍ഗ്ഗമായതിനാല്‍ 100A + B യില്‍ ഘടകമായി 11 ഉം പിന്നെ മറ്റൊരു വര്‍ഗ്ഗസംഖ്യയും ഉണ്ടാകും.
4) 100A + B എന്നത് 11 ന്റെ ഗുണിതമാണ്. ശരിയാണോ?
5) 99A എന്നത് 11 ന്റെ ഗുണിതമായതിനാല്‍ 100A + B - 99A എന്നത് 11ന്റെ ഗുണിതമാകുമോ?
6) A+B എന്നത് 11 ന്റെ ഗുണിതമാകുമോ?
7) Aയും Bയും അക്കങ്ങളായതിനാല്‍ അവ 0 , 1 , 2 , 3 , 4 , 5, 6, 7, 8, 9 എന്നിവയാകുമല്ലോ?
ഇത്രയും പറഞ്ഞശേഷം ആതിര ഒരു പട്ടിക അവതരിപ്പിച്ചു.അതിന്റെ ഏകദേശരൂപം ഇതായിരുന്നു.

100A + B യുടെ ഘടകമായി 11നെ കൂടാതെ ഒരു വര്‍ഗ്ഗസംഖ്യയുള്ളത് 704 ല്‍ മാത്രമാണ്. അതില്‍ നിന്നും A = 7 , B = 4
അങ്ങനെ ആതിര AABB എന്ന നാലക്കസംഖ്യയെ 7744 എന്ന് എഴുതി.
യുക്തിപരമായി ചിന്തിച്ച് ഉത്തരത്തില്‍ എത്തിച്ചേരുന്ന പസിലുകള്‍ പങ്കുവെയ്ക്കുമല്ലോ.
നാലാമത്തെ റിവിഷന്‍ പേപ്പറിനായി ഇവിടെ ക്ലിക്ക് ചെയ്യുക


Read More | തുടര്‍ന്നു വായിക്കുക

പഠനപ്രദര്‍ശനം - സ്വന്തം തട്ടകത്തില്‍

>> Saturday, December 11, 2010

ശാസ്ത്രമേളകളുടെ കാലമാണല്ലോ. പ്രവൃത്തിപരിചയം, ഗണിതം ഐ.ടി തുടങ്ങിയ മേളകളും ഇതോടൊന്നിച്ച് നടക്കും. മിടുക്കന്‍മാരും മിടുക്കികളുമായവര്‍ ഇതിലൊക്കെ പങ്കെടുക്കും. നല്ല സമ്മാനങ്ങളും നേടും. അധ്യാപകരുടേയും രക്ഷിതാക്കളുടേയും സഹായ സഹകരണങ്ങള്‍ ഇതിനൊക്കെ വേണ്ടുന്ന പിന്‍ബലം നല്‍കും. ഈ വര്‍ഷത്തെ മത്സരങ്ങള്‍ സമാപിക്കുന്നതിലൂടെ അടുത്ത വര്‍ഷത്തേക്കു വേണ്ട തയ്യാറെടുപ്പുകളില്‍ മുഴുകും. തീര്‍ച്ചയായും ഇതൊക്കെയും നല്ലതുതന്നെ. എന്നാല്‍ ഇതിന്റെ മറുവശം കൂടി നാം കാണണം. ഈ തരത്തിലുള്ള പരിപാടികളും അതുമായി ബന്ധപ്പെട്ട അനുഭവങ്ങളും വൈജ്ഞാനിക വികാസവും കയ്യില്‍ കിട്ടുന്നത് വളരെ ചെറിയൊരു വിഭാഗം കുട്ടികള്‍ക്ക് മാത്രമാണ്. എല്ലാ സൌകര്യങ്ങളും ഉള്ള മികച്ച വിദ്യാലയങ്ങളില്‍ പോലും ഇതാണവസ്ഥ. കലാമത്സരങ്ങള്‍, ക്വിസ്സ് പോലുള്ള വൈജ്ഞാനിക പരിപാടികള്‍, ശാസ്ത്രമേളകള്‍ തുടങ്ങിയവയിലൊക്കെ ഇതാണവസ്ഥ. അപ്പോള്‍ ഇതൊക്കെയുള്ളതുകൊണ്ട് എല്ലാ കുട്ടികള്‍ക്കും ലഭിക്കേണ്ട അറിവനുഭവങ്ങള്‍ ലഭിക്കാനെന്തുചെയ്യാം എന്ന ആലോചന ചര്‍ച്ച ചെയ്യപ്പെടണം. പാലക്കാട് മണ്ണാര്‍ക്കാട് കെ.ടി.എം.എച്ച്.എസിലെ പ്രഥമാധ്യാപകനും എഴുത്തുകാരനുമായ എസ്.വി രാമനുണ്ണി മാഷ് ഇതേക്കുറിച്ചുള്ള വിപ്ലവകരമായ ചില ആശയങ്ങള്‍ പങ്കുവെക്കുന്നു. വായിച്ച് അഭിപ്രായം പങ്കുവെക്കുമല്ലോ.

ഈ ചര്‍ച്ചയുടെ ഭാഗമായാണ് ശാസ്ത്രപ്രദര്‍ശനം പോലുള്ള സംഗതികള്‍ വിപുലമായ തോതില്‍ സ്കൂളുകളില്‍ സംഘടിപ്പിക്കണമെന്ന നിര്‍ദ്ദേശങ്ങള്‍ ഉണ്ടായത്. ‘വിപുലമായ ‘ എന്നൊക്കെ സങ്കല്‍പിച്ചുവെങ്കിലും വളരെ ചെറിയതോതില്‍ മാത്രമാണിതൊക്കെ പലപ്പോഴും നടക്കുന്നത്. അതുകൊണ്ടുതന്നെ മുഴുവന്‍ കുട്ടികളേയും ഉദ്ദേശിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നാം തന്നെ ഇനിയും ആലോചിക്കണം. ഒരു സാധ്യത ഇങ്ങനെയാണ്:

കഴിഞ്ഞ ദിവസങ്ങളില്‍ സാധാരണ പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചെയ്ത പ്രവര്‍ത്തനങ്ങളുടെ ഒരു മുഴു ദിവസ പ്രദര്‍ശനം സ്കൂളില്‍ സംഘടിപ്പിക്കുക. ഇതിന്നായി 6 സ്റ്റാളുകള്‍ ഒരുക്കണം. ശാസ്ത്രം, ചരിത്രം, ഭാഷ, ഗണിതം, പ്രവൃത്തിപരിചയം, ഐ.ടി എന്നിങ്ങനെ ആറു സ്റ്റാളുകള്‍. ഇതില്‍ സ്കൂളിലെ മുഴുവന്‍ കുട്ടികളും പങ്കാളികളായും കാണികളായും പങ്കെടുക്കണം. മുഴുവന്‍ അധ്യാപകരുടേയും സഹായസഹകരണങ്ങള്‍ ഉണ്ടാവണം.പങ്കാളിത്തം ഉറപ്പാക്കാന്‍ താഴെപ്പറയുന്ന പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കാം.

  • ഒരു ക്ലാസിലുള്ള മുഴുവന്‍ കുട്ടികളേയും ആറ് സ്റ്റാര്‍ ഗ്രൂപ്പുകളിലായി നിശ്ചയിക്കുക.ഗ്രൂപ്പുകള്‍ ഇങ്ങനെ.
  • 1] ശാസ്ത്രം, 2]ചരിത്രം, 3] ഭാഷ (എല്ലാ ഭാഷയും ഉള്‍പ്പെടും), 4] ഗണിതം, 5]പ്രവൃത്തിപരിചയം (ചിത്രമടക്കം), 6] ഐ.ടി.
  • സ്റ്റാര്‍ ഗ്രൂപ്പുകളില്‍ കുട്ടികളെ ഉള്‍പ്പെടുത്തുന്നത് കഴിയുന്നത്ര അവരുടെ താല്‍പര്യം അനുസരിച്ചാവാം.എല്ലാ ക്ലാസുകളിലുമായി ഈ ഗ്രൂപ്പുകള്‍ സജീവമാകണം.
  • പഠന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട സാമഗ്രികളും കുട്ടികള്‍ സവിശേഷമായി നിര്‍മ്മിക്കുന്ന പഠനോപകരണങ്ങളും സമയ ബന്ധിതമായി ശേഖരിക്കുകയും ഒരുക്കിയെടുക്കുകയും വേണം. ഇതിന്നായി ക്ലാസിലെ അധ്യാപകരുടെ സഹായവും മേല്‍നോട്ടവും വേണം.
  • ഒരു ക്ലാസില്‍ ആറു സ്റ്റാര്‍ ഗ്രൂപ്പുകള്‍ എന്ന തോതില്‍ സമയബന്ധിതമായി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണം. 5 മുതല്‍ 10 വരെ 20 ഡിവിഷനുകള്‍ ഉണ്ടെങ്കില്‍ ആകെ 120 ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കും. ഒരു വിഷയത്തില്‍ 20 സ്റ്റാര്‍രൂപ്പുകളും. ഒരു ഗ്രൂപ്പില്‍ 7-8 കുട്ടികള്‍ ഉണ്ടാവും.എല്ലാ കുട്ടിയും സജീവമാകും.വിഷയാടിസ്ഥാനത്തില്‍ അധ്യാപകര്‍ ഇടപെട്ട് സഹായിക്കും.
  • വേണ്ടത്ര പ്രചാരണപ്രവര്‍ത്തനങ്ങള്‍ ഓരോ ഗ്രൂപ്പും നടത്തണം. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം പ്രദര്‍ശനപരിപാടി സംഘടിപ്പിക്കണം. അധ്യാപകരുടെ നേതൃത്വത്തിലുള്ള സംഘാടകസമിതി മേല്‍നോട്ടം വഹിക്കണം.
  • ഒരോവിഷയത്തിലും സംഘടിപ്പിച്ചിട്ടുള്ള പ്രദര്‍ശനവസ്തുക്കള്‍ നിശ്ചയിച്ച മുറികളില്‍ നന്നായി പ്രദര്‍ശിപ്പിക്കുകയും വേണ്ടത്ര വിവരണങ്ങള്‍ നല്‍കുകയും വേണം. അതിനുവേണ്ട നിര്‍ദ്ദേശങ്ങളും കൈത്താങ്ങും അധ്യാപകര്‍ നല്‍കും.
  • രാവിലെ 9 മുതല്‍ 11 വരെ സ്റ്റാള്‍ ഒരുക്കല്‍, 11 മുതല്‍ 12 വരെ മൂല്യനിര്‍ണ്ണയം-സമ്മാനങ്ങള്‍ നിശ്ചയിക്കല്‍ എന്നിവ നടക്കനം. 12 മുതല്‍ 4 മണിവരെ എല്ലാകുട്ടികളും പരസ്പരം സ്റ്റാളുകള്‍ സന്ദര്‍ശിക്കലും വിലയിരുത്തലും നടക്കണം.
  • 4 മണിക്ക് സമാപന സമ്മേളനവും പൊതു വിലയിരുത്തലും സമ്മാനങ്ങളും ഉണ്ടാവണം
  • സ്റ്റാളുകളിലെ അലങ്കരണം, ഒരുക്കല്‍, ഇനങ്ങള്‍ നിശ്ചയിക്കല്‍ എന്നിവ കുട്ടികള്‍ മത്സരബുദ്ധിയോടെ ചെയ്തു തീര്‍ക്കണം.
ഇത്രയും സംഗതികള്‍ വേണ്ടത്ര ആലോചനയിലൂടെയും ആവേശത്തോടെയും ചെയ്യുന്നതോടെ:
  1. മുഴുവന്‍ കുട്ടികളുടേയും അധ്യാപകരുടേയും പങ്കാളിത്തം ഉണ്ടാവുന്നു.
  2. കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട മേഖലകളില്‍ അവരുടെ തനിമ പ്രദര്‍ശിപ്പിക്കാന്‍ ഇടം കിട്ടുന്നു.
  3. പരസ്പരം എല്ലാവരും കാണികളാവുന്നതിലൂടെ സ്വയം വിലയിരുത്താന്‍ അവസരം ഉണ്ടാവുന്നു. മെച്ചപ്പെടുത്താന്‍ കഴിയുന്നു.
  4. മികച്ച അധ്വാനവും പങ്കാളിത്തവും ഉണ്ടാവുന്നതിലൂടെ പൊതു ചെലവുകള്‍ വളരെ കുറയുന്നു.
  5. സ്കൂളിലെ പഠനപ്രവര്‍ത്തനങ്ങളുടെ മികവും നിലവാരവും രക്ഷിതാക്കള്‍ക്കടക്കം പൂര്‍ണ്ണമായി ബോധ്യപ്പെടുന്നു. എല്ലാം ഡോക്യുമെന്റ് ചെയ്യുന്നതിലൂടെ വരും കാലങ്ങളില്‍ നന്നായി പ്രയോജനപ്പെടുത്താന്‍ കഴിയുന്നു.
  6. ഒരൊറ്റ ദിവസം കൊണ്ട് - കഴിഞ്ഞ ദിവസങ്ങളില്‍ മുഴുവന്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ നമുക്ക് സ്വയം വിലയിരുത്താന്‍ കഴിയുന്നു.
  7. പോരായ്മകള്‍ പരിഹരിച്ചേ മതിയാകൂ എന്ന അവസ്ഥ സ്വയമേവ ഉണ്ടാവുന്നു.
കെ.ടി.എം ഹൈസ്കൂളില്‍ ഉടനെ സംഘടിപ്പിക്കുന്ന ‘പഠനപ്രദര്‍ശന’ത്തിന്റെ പ്ലാനിങ്ങും നടത്തിപ്പും ഈ ചര്‍ച്ചാക്കുറിപ്പെഴുതാന്‍ സഹായിച്ചു എന്നു കൂടി പറയട്ടെ.


Read More | തുടര്‍ന്നു വായിക്കുക

മാത്യു സാറിന് ആസ്ട്രേലിയയിലും നേട്ടം

>> Thursday, December 2, 2010


ആസ്ട്രേലിയായിലേക്ക് ചിലന്തിഗവേഷണത്തിനുപോയ എം.ജെ. മാത്യുസാറിനെ ഓര്‍മ്മയില്ലേ? എറണാകുളത്തെ ഐ.ടി@ സ്കൂള്‍ മാസ്റ്റര്‍ ട്രൈനറായിരുന്ന ആ പ്രതിഭയെ നാം ഈ പോസ്റ്റിലൂടെ പരിചയപ്പെട്ടിരുന്നു. പോകുന്നതിനു മുമ്പ്, തന്റെ അനുഭവങ്ങള്‍ ബ്ലോഗിലൂടെ പങ്കുവെയ്ക്കാമെന്ന് അദ്ദേഹം ഏറ്റിരുന്നതാണ്. പലവട്ടം ചാറ്റിലും മറ്റും കണ്ടിരുന്നുവെങ്കിലും, തിരയ്ക്കിട്ട ഗവേഷണങ്ങള്‍ക്കിടയില്‍ പോസ്റ്റും ചോദിച്ച് ശല്യപ്പെടുത്തേണ്ടെന്ന് കരുതിയിരുന്നതാണ്. എന്നാല്‍ രണ്ടാഴ്ച മുമ്പ്, വൈകിയതിനുള്ള ക്ഷമാപണത്തോടെ,അനുഭവങ്ങള്‍ മെയിലായി പറന്നുവന്നു. നിങ്ങളുടെ ഓരോ കമന്റും, നമ്മുടെ നാടിന്റെ അഭിമാനമുയര്‍ത്താനുള്ള അദ്ദേഹത്തിന്റെ കഠിനശ്രമങ്ങള്‍ക്ക് കരുത്തേകും.

മാത്​സ് ബ്ളോഗിന്റെ എല്ലാ വായനക്കാര്‍ക്കും ഓസ്ട്രേലിയയില്‍ നിന്നും അഭിവാദ്യങ്ങള്‍. യാത്ര തിരിക്കുന്നതിനു മുന്‍പ് മാത്​സ് ബ്ളോഗുമായി ഇന്‍റ്ററാക്റ്റ് ചെയ്യാമെന്ന് ടീമംഗങ്ങള്‍ക്ക് വാക്കു കൊടുത്തിരുന്നെങ്കിലും ഇപ്പോഴാണതിനു സാധിച്ചത്, സദയം ക്ഷമിക്കുമല്ലോ?

ഇവിടെ ഞാന്‍ പെര്‍ത്ത് എന്ന സിറ്റിയിലാണ് താമസിക്കുന്നത്. ഓസ്ട്രേലിയയിലെ ആറ് സംസ്ഥാനങ്ങളിലൊന്നായ വെസ്റ്റേണ്‍ ഓസ്ട്രേലിയയുടെ തലസ്ഥാനമാണ് പെര്‍ത്ത്. ക്രിക്കറ്റ് ആരാധകര്‍ക്ക് ഒരുപക്ഷേ പരിചിതമായ, ബാറ്റ്സ്മാന്‍മാരുടെ പേടിസ്വപ്നമായ, തലയ്ക്കുമുകളില്‍ പന്ത് കുത്തി ഉയരുന്ന, ലോകത്തിലെ ഏറ്റവും വേഗവും ബൗണ്‍സുമുള്ള "വാക്കാ" (WACA – Western Australian Cricket Association) ഗ്രൗണ്ട് ഇവിടെ സ്ഥിതി ചെയ്യുന്നു. ഇവിടെയുള്ള വെസ്റ്റേണ്‍ ഓസ്ട്രേലിയന്‍ മ്യൂസിയം (http://museum.wa.gov.au/), യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേണ്‍ ഓസ്ട്രേലിയ (http://www.uwa.edu.au/) എന്നിവിടങ്ങളിലായാണ് ഞാന്‍ ഗവേഷണം ചെയ്യുന്നത്.

തികച്ചും പ്രോത്സാഹജനകമായ കണ്ടുപിടുത്തങ്ങളാണ് ഗവേഷണത്തിലൂടെ ഉരുത്തിരിഞ്ഞിരിക്കുന്നത്. ഓസ്ട്രേലിയ-പസഫിക്ക് മേഘലയില്‍ നിന്നും 7 പുതിയ ഇനം (species) ചിലന്തികളെയും അവയുള്‍പ്പെടുന്ന ഒരു പുതിയ ജീനസ്സി (genus) നേയും ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ കണ്ടുപിടിക്കാന്‍ സാധിച്ചു. അന്താരാഷ്ട്ര ജൈവവൈവിധ്യ വര്‍ഷത്തില്‍ തന്നെ ഈ കണ്ടുപിടുത്തം നടത്താന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷമുണ്ട്. പുതിയ ജീനസ്സിന് പ്ളെബ്സ് (Plebs) എന്നും സ്പീഷീസ്സുകള്‍ക്ക് പ്ളെബ്സ് ഡീവിയസ് (Plebs devius), പ്ളെബ്സ് ആര്‍ലീനിയേ (Plebs arleneyae), പ്ളെബ്സ് ആര്‍ലെറ്റിയേ (Plebs arletteyae), പ്ളെബ്സ് നിയോഹെബ്രൈഡിക്കസ് (Pleb neohebridecus), പ്ളെബ്സ് പട്രീ‍ഷ്യസ് (Plebs patricius), പ്ളെബ്സ് റോസ്മേരിയെ (Plebs rosemaryae), പ്ളെബ്സ് സെബാസ്റ്റിനി (Plebs sebastiani) എന്നുമാണ് നാമകരണം ചെയ്തിരാക്കുന്നത്. ഈ കണ്ടുപിടുത്തം പ്രസിദ്ധീകരണത്തിനായി അന്താരാഷ്ട്ര ശാസ്ത്ര ജേര്‍ണ്ണലായ Invertebrate Systematics -ന് അയയ്കാനായി തയ്യാറാക്കിക്കൊണ്ടിരിക്കുകയാണിപ്പോള്‍.

ഗവേഷണത്തിന്റെ അടുത്ത ഘട്ടം ഈ ചിലന്തികളുടെ പരിണാമ വളര്‍ച്ച (Phylogeny), ജൈവ-ഭൂമിശാസ്ത്രം (Biogeography) എന്നിവയുടെ പഠനമാണ്. സമയപരിധിക്കുള്ളില്‍ ഇവയും പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

ഇവിടുത്തെ ജോലി സംസ്കാര (work culture) ത്തെക്കുറിച്ച് സൂചിപ്പിച്ച് ഈ കുറിപ്പ് ഉപസംഹരിക്കാമെന്ന് കരുതുന്നു. മ്യൂസിയത്തിലേയും യൂണിവേഴ്സിറ്റിയിലേയും സ്റ്റാഫ് വളരെ കഠിനമായി അധ്വാനിക്കുന്നവരാണെന്നാണ് ഞാന്‍ മനസ്സിലാക്കിയത്. നമ്മുടെ ജോലിസ്ഥങ്ങളില്‍ വളരെ സാധാരണമായ ഗ്രുപ്പിസമോ അലസതയോ പരദൂഷണമോ ഇവിടെ കണ്ടില്ല. ഓരോരുത്തരും തങ്ങളുടെ ജോലിയോട് 100 ശതമാനം ആത്മാര്‍ത്ഥത പുലര്‍ത്താന്‍ ശ്രമിക്കുന്നതായിക്കണ്ടു. സഹപ്രവര്‍ത്തകരോട് വളരെ സ്നേഹത്തോടും ബഹുമാനത്തോടുമാണ് ഇവര്‍ പെരുമാറുന്നത്. തികച്ചും സ്നേഹപൂര്‍ണ്ണവും ആദരപൂര്‍ണ്ണവുമായ ഒരു അനുഭവമാണ് ഏനിക്കും ഇവിടെ ലഭിച്ചുകൊണ്ടിരിക്കുന്നത്.

Mathew M.J., Ph.D.
Research Scientist - Arachnology
Department of Terrestrial Zoology
Western Australian Museum
Locked Bag 49, Welshpool DC, Perth, WA 6986
AUSTRALIA

email: matthew.mundackatharappel@museum.wa.gov.au
mathewmj@asianetindia.com
mathewmj@gmail.com

tel: +61 8 9212 3790
mob: +61 4 2174 2248
fax: +61 8 9212 3882

http://www.museum.wa.gov.au/


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer