ഗണിതശാസ്ത്രവും ഐ.ടി അധിഷ്ടിത പഠനവും...

>> Tuesday, May 26, 2009

Please read the following article by Pradeep Mattara, a Master Trainer, it@school project and comment.......



ഐ.ടി . അധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ സാധ്യതകളെക്കുറിച്ച് നാം പറയാന്‍ തുടങ്ങിയിട്ട് ഇത് എത്രാമത്തെ വര്‍ഷമാണ്? ഒന്‍പതു വര്‍ഷമെങ്കിലും ആയിക്കാണും. ഈ വര്‍ഷം എട്ടാം ക്ലാസില്‍ പഠിപ്പിക്കുന്നതിനായി തയ്യാറാക്കിയിരിക്കുന്ന പാഠങ്ങള്‍ കാണുമ്പോള്‍ ഈ വര്‍ഷങ്ങളുടെ ഫലപ്രാപ്തി മനസ്സിലാകും. ചുരുങ്ങിയത് കണക്കിന്റെ പാഠപുസ്തകത്തിലെങ്കിലും ഐ.ടി. എന്ന ഒരു വാക്കു തന്നെയില്ല. പാഠപുസ്തകത്തിലെ ആദ്യത്തെ 26 പുറങ്ങള്‍, Dr. Geo, Kig തുടങ്ങിയ കൊട്ടിഘോഷിക്കപ്പെട്ട സോഫ്റ്റ് വേറുകള്‍ ഉപയോഗിക്കാം എന്ന് നാം ആവര്‍ത്തിച്ച് ആണയിട്ട ജ്യാമിതീയ പാഠങ്ങള്‍ പരന്നുകിടക്കുമ്പോഴും ഗണിത ശാസ്ത്ര കരിക്കുലം കമ്മിറ്റി ആ വാക്കുകള്‍ കേട്ടിട്ടേയില്ല. പാഠപുസ്തകത്തിലില്ലാത്തതൊന്നും ഒരു ശരാശരി അധ്യാപകന്‍/അധ്യാപിക ഒരിക്കലും പഠിപ്പിക്കാറില്ല എന്ന സത്യം കൂടി വായിക്കുമ്പോള്‍ പാഠപുസ്തകത്തില്‍ പോയിട്ട് അധ്യാപക സഹായിയില്‍ പോലും ഇടം കാണാത്ത ഒരു നിര്‍ദ്ദേശത്തിന്റെ ഗതി എന്തായിരിക്കും? അന്യധാ, ഭാഷയിലോ, അവതരണരീതിയിലോ, ഉള്ളടക്കത്തിന്റെ സമഗ്രതയിലോ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന ഒരു പാഠപുസ്തകം ഇക്കാര്യത്തില്‍ മാത്രം നിശ്ശബ്ദമായിപ്പോയതെന്ത്?

പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ ചര്‍ച്ചക്കുപയോഗിക്കേണ്ട സൂചകങ്ങളില്‍ ഒന്ന് 'ഐ. ടിയുടെ സാധ്യതകള്‍' എന്നാണ്. ഇതിനര്‍ത്ഥം സാധ്യതകള്‍ ഇനിയും ബോധ്യപ്പെടാന്‍ ഇരിക്കുന്നതേയുള്ളു എന്നാണ്. അതല്ലെങ്കില്‍ അതവരെ ബോധ്യപ്പെടുത്താന്‍ നാം ദയനീയമായി പരാജയപ്പെട്ടു എന്ന്.


ഗണിത ബോധനത്തിന് ഉപയോഗിക്കേണ്ടവ എന്നു നാം പറയുന്ന Dr. Geo, Kig തുടങ്ങിയ സോഫ്റ്റ് വേറുകളുടെ പരിശീലന സഹായി കഴിഞ്ഞ ഒരു വര്‍ഷമായി തയ്യാറായി കൊണ്ടിരിക്കുന്നു. കരിക്കുലം തയ്യാറാക്കുന്നതിലെ നിര്‍ണ്ണായക ഘട്ടത്തില്‍ സ്വാധീനം ചെലുത്താനാകാതെ പോയ ഇവയും നമ്മുടെ സ്ഥിരം പരിശീലന പരിപാടികളുടെ പ്രശ്ന പരിസരങ്ങളില്‍ ഒടുങ്ങാനാണ് സാധ്യതയത്രയും.



'ഐ. ടിയുടെ സാധ്യതകള്‍' ചര്‍ച്ച ചെയ്യുമ്പോള്‍ അധ്യാപകര്‍ ഉയര്‍ത്തുന്ന തടസ്സ വാദങ്ങള്‍ നന്നേ കുറവായി കണ്ടു.

1. സമയക്കുറവ്
2. ഭൌതിക സാഹചര്യക്കുറവ്
3. സോഫ്റ്റ് വേറുകളുടെ പ്രയോഗ സാധ്യത കുറവ്
4. ഇനിയൊന്ന് , നാം പറയാതെ വായിക്കാവുന്ന മനസ്ഥിതി ഇല്ലായ്മ.



സമയക്കുറവ് ഉണ്ടാകുന്നത് എങ്ങനെയാണ്? പാഠപുസ്തകത്തില്‍ പറയാത്ത കാര്യങ്ങള്‍ ചെയ്യാന്‍ സമയമില്ല എന്നര്‍ത്ഥം. കമ്പ്യൂട്ടര്‍ ലാബില്‍ എപ്പോഴും തിരക്കാണ്, പിന്നെ എങ്ങനെ കുട്ടികളെ ഐ. ടി പാഠപുസ്തത്തിലില്ലാത്ത കണക്കിന്റെ കാര്യങ്ങള്‍ പഠിപ്പിക്കും? അതിനാണ് ലാപ്റ്റോപ്പുകള്‍ തന്നിരിക്കുന്നത് , കണക്കിന്റെ പിരീഡില്‍ പ്രൊജക്റ്റര്‍ ഉപയോഗിച്ച് എന്ന് നമുക്ക് ഈ വര്‍ഷം പറയാമായിരുന്നു.


ഗണിതം അടിസ്ഥാനപരമായി പരീക്ഷണോന്മുഖ (Experimental) ശാസ്ത്രമല്ല. മറിച്ച് യുക്തിസഹമായ കാര്യ-കാരണ ബന്ധങ്ങളാണ് (Logical Reasoning) സിദ്ധാന്തങ്ങളുടെ/ആശയങ്ങളുടെ തെളിവുകളായി ചിട്ടപ്പെടുന്നത്. അങ്ങനെയാണെങ്കില്‍ Dr. Geo, Kig തുടങ്ങിയ സോഫ്റ്റ് വേറുകള്‍ ഗണിത ബോധനത്തിന് എത്രമാത്രം ഫലപ്രദമാണ്? അവ ഒന്നാന്തരം വേരിഫിക്കേഷന്‍ റ്റുളുകളാണ്, (അല്ലെങ്കില്‍ അതു മാത്രമാണ്) എന്നതാണ് ആദ്യ നിരീക്ഷണം. ഗണിത പ്രശ്നങ്ങളുടെ നിര്‍ദ്ദാരണത്തിന് അവ ഉപയോഗിച്ചാല്‍ Mathematical rigor, Inductive reasoning, Logical Thinking, Constructive Arguments and reasons തുടങ്ങി ഗണിത ബോധന ശാസ്ത്രത്തിലെ അതി പ്രധാനമായ പല സംഗതികളും നഷ്ടമാവും.



ശരി, പക്ഷെ, ഇവ നഷ്ടപ്പെടുത്തണമെന്ന് ആരു പറയുന്നു? മേല്‍പറഞ്ഞ മഹനീയ കര്‍മ്മങ്ങളിലൂടെ (തീര്‍ച്ചയായും, ഞാനങ്ങനെ വിശ്വസിക്കുന്നു) നേടിയ(?-അവതരിപ്പിക്കപ്പെട്ട?) ആശയങ്ങള്‍ എത്ര കുഞ്ഞുങ്ങള്‍ക്ക് ദഹിച്ചിട്ടുണ്ട്? ഈ ആശയങ്ങള്‍ (പഴയ സിദ്ധാന്തങ്ങള്‍) ഒരു തവണ കുട്ടികളുടെ മുന്നില്‍ പ്രവര്‍ത്തിപ്പിച്ചു കാണിച്ചു നോക്കിന്‍, ഒരു ശരാശരിക്കാരന്‍ അല്ലെങ്കില്‍ കയ്യാലപ്പുറത്തെ തേങ്ങയായവന്‍ ആ ആശയങ്ങള്‍ ഒരിക്കലൂം മറക്കില്ല എന്ന് പറഞ്ഞ് ഫലിപ്പിക്കാന്‍ നമുക്ക് കഴിയാതെ പോകുന്നതെന്ത്?



ഈ സോഫ്റ്റ് വേറുകളുടെ സാങ്കേതികമായ പരിമിതികളാണ് മറ്റൊരു പ്രശ്നം. ഉദാഹരണമായി, കോണളവുകള്‍ പൂര്‍ണസംഖ്യകളല്ലെങ്കില്‍ Dr. Geo ഉപയോഗിച്ച് രേഖപ്പെടുത്തുക സാധ്യമല്ല. അതുകൊണ്ടുതന്നെ ഒരു കോണിന്റെ സമഭാജി എന്ന ആശയവും സമര്‍ത്ഥമായി അവതരിപ്പിക്കുക സാധ്യമല്ല. ഈ പ്രശ്നം Kig ഉപയോഗിച്ച് മറികടക്കുകയും ചെയ്യാം.


ഈ രണ്ടു സോഫ്റ്റ് വേറുകളുടെയും ഇന്റെര്‍നെറ്റില്‍ ലഭ്യമായ എല്ലാ ട്യൂട്ടോറിയലുകളിലും പരമ പ്രധാനമായി അവതരിപ്പിച്ചിരിക്കുന്നത് മാക്രോകളുടെ സാധ്യതകളാണ്. ഈ മാക്രോകള്‍ പൈത്തണ്‍ പ്രോഗ്രാമിങ് ഭാഷയില്‍ നിര്‍മ്മിക്കത്തക്കവിധമാണ് സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നത്. /usr/share/drgeo/examples/figures എന്നയിടത്ത് കൊടുത്തിരിക്കുന്ന ഉദാഹരണങ്ങള്‍ ശ്രദ്ധിക്കുക. ഇവ നന്നായി ഉപയോഗിക്കാന്‍ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പൈത്തണിന്റെ പ്രാഥമിക പാഠങ്ങളെങ്കിലും അറിഞ്ഞിരിക്കുകയും വേണം. കുട്ടികള്‍ക്കായുള്ള ഒരു ചെറിയ ട്യൂട്ടോറിയലിനപ്പുറം എനിക്ക് പൈത്തണ്‍ അറിഞ്ഞുകൂടാ, ഒന്‍പതാം ക്ലാസിലെ പാഠങ്ങള്‍ക്കപ്പുറം ബേസിക്കും. അതുകൊണ്ട് ഒരു സാങ്കേതിക വിലയിരുത്തലിന് ഞാന്‍ അശക്തനാണ്. ഹൈസ്കൂള്‍ ക്ലാസുകളില്‍ അധ്യാപനോപാധിയായി വിതരണം ചെയ്തിരിക്കുന്ന ഫീനിക്സ് ഉപകരണത്തിനും പൈത്തണ്‍ പിന്തുണ ആവശ്യമാണ്. ഇക്കരണങ്ങള്‍ കൊണ്ടെല്ലാം പൈത്തണ്‍ ഭാഷ ബ്ലാസിക്കിനു പകരം ഉള്‍പ്പെടുത്തേണ്ട സമയം എന്നോ കഴിഞ്ഞു പോയിരിക്കുന്നു എന്നു തീരുമാനിക്കാമോ?



നാം ഐ. ടി. പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ബ്ലാസിക്ക് ഭാഷയെപ്പറ്റി അതിന്റെ ഗ്നു/ലിനക്സ് കംപൈലര്‍ തയ്യാറാക്കിയിരിക്കുന്ന ജൂലിയന്‍ ആല്‍ബോ നല്കുന്ന മുന്നറിയിപ്പ് വായിക്കുന്നതും ഈ അവസരത്തില്‍ കൌതുകകരമായിരിക്കും. /usr/doc/blassic/README എന്നയിടത്ത് നമുക്കതു കാണാം.



ഡാര്‍ട്ട്മോത്തിന്റെ എക്സ്പിരിമെന്റെല്‍ റ്റൈം ഷെയറിങ് സിസ്റ്റത്തിനു വേണ്ടി 1960 കളുടെ ആദ്യ പാദത്തില്‍ വികസിപ്പിച്ചെടുത്ത ഈ പ്രോഗ്രാമിങ് ഭാഷ, കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഭാവി ഹാക്കര്‍മാരുടെ ബുദ്ധിക്കു നേരെയുള്ള ഏറ്റവും വലിയ അപകടമായിരിക്കുകയാണ്. എഡ്ഗാര്‍ ഡിക്സ്ത്ര തന്റെ കംപ്യൂട്ടിങിലുള്ള തെരെഞ്ഞെടുത്ത ലേഖനങ്ങള്‍-ഒരു വ്യക്തി വീക്ഷണം എന്ന സമാഹാരത്തില്‍ നിരീക്ഷിച്ചതു കാണുക. ബേസിക്കില്‍ മുന്നനുഭവമുള്ള കുട്ടികളെ പിന്നീട് നല്ല പ്രോഗ്രാമിങ് ശൈലി പഠിപ്പിക്കുക പ്രായോഗികമായി അസാധ്യമാണ്.വീണ്ടെടുക്കലിന് സാധ്യതയില്ലാത്ത രീതിയില്‍ അത് ഭാവി ബുദ്ധി കേന്ദ്രങ്ങളെ മാനസികമായി താറുമാറാക്കി കളയുന്നു. പഠനാവശ്യങ്ങള്‍ക്കുള്ള ഒരു കളിപ്പാട്ടമെന്ന നിലയില്‍ മനപൂര്‍വം രൂപകല്പന ചെയ്ത ഒരു ഭാഷ വളരെയധികം ഗൌരവത്തോടെ എടുക്കുമ്പോള്‍ അശനിപാതം പോലെ സംഭവിക്കുന്ന നഷ്ടത്തിന്റെ മറ്റൊരു (പാസ്കല്‍ പോലെ) ഉദാഹരണമാണിത്. ഒരു തുടക്കക്കാരന് ചെറിയ ബേസിക് പ്രോഗ്രാമുകള്‍ (10-20 വരികളുള്ളവ) എളുപ്പത്തില്‍ എഴുതാനാകും. അതിനേക്കാള്‍ വലിയതൊന്ന് എഴുതുന്നത്



1. വളരെയധികം ബുദ്ധിമുട്ടുള്ളതാണ്, വേദനാ ജനകമാണ്.
2. കൂടുതല്‍ ശക്തിയുള്ള മറ്റു പ്രോഗ്രാമിങ് ഭാഷകള്‍ ഉപയോഗിക്കുന്നത് ദുഷ്കരമാക്കുന്ന രീതിയിലുള്ള ചീത്ത ശീലങ്ങള്‍ ഉണ്ടാക്കപ്പെടുന്നു.

1980 കളില്‍ താഴ്ന്ന മൈക്രോ പിസികളില്‍ ബേസിക്ക് ഇത്രയും സാധാരണമാക്കിയ ചരിത്രപരമായ അപകടം ഉണ്ടായിരുന്നില്ല എങ്കില്‍ ഇത് ഇത്രയും മോശമാവില്ലായിരുന്നു. അതിനിടയില്‍ തന്നെ പതിനായിരക്കണക്കിന് ഭാവി മാന്ത്രികരെ ഇത് ഒരുപക്ഷേ നശിപ്പിച്ചിരിക്കും.


ഞാനീ വീക്ഷണത്തിനോട് വിയോജിക്കുന്നു, എങ്കിലും...........

ഐ. ടി. സാധ്യതകളെക്കുറിച്ച് അന്വേഷിക്കുന്നതിനുള്ള വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നുണ്ട് (സംഘടിപ്പിച്ചിട്ടുണ്ട്), അതില്‍ പ്രൊജക്റ്റിലെ വിദഗ്ദ്ധര്‍ ഓരോ അദ്ധ്യായത്തിലെയും ഐ.ടി. പ്രവര്‍ത്തനങ്ങള്‍ ലിസ്റ്റ് ചെയ്യുകയും മൊഡ്യൂള്‍ തയ്യാറാക്കുകയും ചെയ്യുമായിരിക്കും. പക്ഷേ, ഒന്നുണ്ട്, കുട്ടികളുടെ പഠനോപാധിയായ പാഠപുസ്തകം, പ്രായോഗികമായി അധ്യാപകന്റെ അധ്യാപനോപാധിയും കൂടിയാണ്. അതില്‍ ഓരോ സിദ്ധാന്തത്തിന്റേയും നിര്‍ബന്ധിത അധിക പ്രവര്‍ത്തനമായി Dr. Geo യിലേയോ, Kig ലേയോ ഒരു പ്രവര്‍ത്തനം നല്കിയാല്‍ ഇക്കാര്യം നടപ്പിലാക്കാനാകും. അല്ലെങ്കില്‍ ഒരിക്കലും സാധിക്കുകയുമില്ല.



സ്കൂളില്‍ പരീക്ഷയ്ക്കു ചോദ്യക്കടലാസുകള്‍ തയ്യാറാക്കുമ്പോള്‍ ചിത്രങ്ങള്‍ വേണ്ടിവരില്ലേ, ഇതെങ്ങെനെയാണ് ഉള്‍പ്പെടുത്തുന്നത് എന്ന് ഈയുള്ളവന്‍ ഒരു അധ്യാപക സുഹൃത്തിനോട് ചോദിച്ചു. MS പെയിന്റില്‍ വരച്ച ചിത്രങ്ങളാണ് ചേര്‍ക്കുന്നത് എന്ന് മറുപടി. ഞാനദ്ദേഹത്തിന് ഒരു ചിത്രം വരച്ച് .png ഇമേജായി എക്സ്പോര്‍ട്ട് ചെയ്ത് Open Office.org Writer ല്‍ ഉള്‍പ്പടുത്തുന്നത് കാണിച്ചു കൊടുത്തു. ഇത് അറിയേണ്ടേ, നിങ്ങള്‍ ഇതിനു മുന്‍പ് ഇക്കാര്യം പറഞ്ഞു തന്നിരുന്നുവോ എന്നു പ്രതികരണം. ഈ പ്രതികരണത്തിലെല്ലാം ഉണ്ട്. ഇനി ഞാനെന്തെഴുതാന്‍?



ഇക്കാര്യത്തില്‍ താങ്കളുടെ അഭിപ്രായം അറിയാന്‍ താല്പര്യമുണ്ട്. www.pkmattara.users.web4all.in എന്ന ബ്ലോഗില്‍ ഈ ലേഖനം ചേര്‍ത്തിട്ടുണ്ട്. കാണുമല്ലോ?.

--pradeep kumar mattara

0 comments:

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer