PF Credit Card : പലിശ കണക്കാക്കുന്ന രീതിയും ആപ്പും

>> Thursday, August 10, 2023

    സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പി.എഫ്. സംബന്ധിച്ച ചില കാര്യങ്ങളെക്കുറിച്ചാണ് ഈ കുറിപ്പ്. വ്യക്തിപരമായ ചില പരീക്ഷണങ്ങളും നിഗമനങ്ങളുമാണ് ഈ കുറിപ്പിന് ആധാരം. വർഷംതോറും മുടങ്ങാതെ ലഭിക്കുന്ന പി.എഫ്. ക്രെഡിറ്റ് കാർഡ് കയ്യിൽ കിട്ടുമ്പോൾ അതിൽ രേഖപ്പെടുത്തിയിരിക്കുന്ന പലിശ എങ്ങനെയാണ് കണക്കാക്കുന്നത്, ഏതു പലിശാ സമ്പ്രദായമാണ് അതിനടിസ്ഥാനം എന്നിങ്ങനെയുള്ള സംശയങ്ങൾ കുറച്ചുനാളായി ഉണ്ടായിരുന്നു. പി.എഫ്. സംബന്ധിച്ച പോർട്ടലുകളിലൊന്നിലും ഇവയെക്കുറിച്ച് പരാമർശങ്ങൾ ഇല്ല എന്നതും പ്രയാസകരമായി തോന്നി.
    ഒരു സ്‍പ്രെഡ് ഷീറ്റ് പ്രോഗ്രാമിന്റെ സഹായത്തോടെ ഈ പ്രശ്നത്തിന് പരിഹാരം കാണാൻ സാധിക്കുമോ എന്ന് ശ്രമിച്ചു നോക്കാൻ തീരുമാനിച്ചു. ലാസ്റ്റ് ക്രെഡിറ്റ് കാർഡ് എടുത്ത് വെച്ച്, അതിലെ ഡാറ്റ (പലിശ ഒഴികെയുള്ള ഡാറ്റ) കമ്പ്യൂട്ടറിൽ ഇൻപുട്ട് ചെയ്തു. കൂട്ടുപലിശ കാണുന്നതിന്റെയും സാധാരണ പലിശ കാണുന്നതിന്റെയും വിവിധ രീതികൾ അതിൽ അനുയോജ്യമായ ഫോർമുലകൾ നൽകി പരീക്ഷിച്ചു.

ശരിക്കും Trial and Error Method തന്നെ. ഒരു ഘട്ടത്തിൽ പ്രതീക്ഷിച്ച ലക്ഷ്യം കണ്ടു. ക്രെഡിറ്റ് കാർഡിലെ പലിശയും കമ്പ്യൂട്ടർ സ്ക്രീനിൽ തെളിയുന്ന പലിശയും ഒന്നുതന്നെ.
തുടർന്ന്, മുൻകാല ക്രെഡിറ്റ് കാർഡുകളിലെ ഡാറ്റ input ചെയ്ത്, ഉണ്ടാക്കിയ സ്‍പ്രെഡ് ഷീറ്റ് പ്രോഗ്രാമിന്റെ വിശ്വാസ്യത ഉറപ്പാക്കി. ആ ഘട്ടത്തിലെ എന്റെ നിഗമനങ്ങൾ താഴെ നൽകുന്നു.

(1). ബാങ്കുകളും മറ്റും പലിശ കാണക്കാക്കുന്ന രീതിയിൽ നിന്നും വ്യത്യസ്തമായ ഒരു രീതിയിലാണ് പി.എഫ്. ൽ പലിശ കണക്കാക്കുന്നത്.

(2). ഓരോ സാമ്പത്തിക വർഷത്തിന്റെയും അവസാന ദിനത്തിലാണ് പലിശ കണക്കാക്കുന്ന പ്രക്രിയ നടക്കുന്നത്. അതായത് വർഷത്തിൽ ഒരു തവണ, മാർച്ച് 31 ന്. ഓരോ മാസവും പലിശ കണക്കാക്കി മുതലിനോട് കൂട്ടിച്ചേർക്കുന്നില്ല.

(3). മാർച്ച് 31 ന് അവസാനിക്കുന്ന സാമ്പത്തിക വർഷത്തിലെ, ഓരോ മാസത്തിലേയും Month End Account Balance നാണ് ആ മാസത്തിനു ബാധകമാകുന്ന പലിശ നിരക്കിൽ, ആ മാസത്തെ പലിശ കണക്കാക്കുന്നത്. ഇത് രണ്ട് ദശാംശസ്ഥാനത്തിന് ശരിയായി റൗണ്ട് ചെയ്യുന്നു. (മാസാവസാന ദിവസം അക്കൗണ്ടിലുള്ള ആകെ തുക ആണ് Month End Account Balance എന്നതുകൊണ്ട് വിവക്ഷിക്കുന്നത്.)

Month End Account Balance = Previous Month End Account Balance + Subscription + Refunds + Arrears + Any other remittance - Withdrawals

(4). ഇങ്ങനെ ആ സാമ്പത്തിക വർഷത്തിലെ 12 മാസങ്ങളിലെ ഓരോ മാസത്തിനും പലിശ പ്രത്യേകം പ്രത്യേകം കണക്കാക്കി (ആകെ 12 എണ്ണം), അവയുടെ തുക കണക്കാക്കി, ഏറ്റവും അടുത്ത പൂർണ്ണസംഖ്യയിലേക്ക് റൗണ്ട് ചെയ്യുന്നതാണ് ആ ക്രെഡിറ്റ് കാർഡിൽ ദൃശ്യമാകുന്ന പലിശ. ഇങ്ങനെ കണക്കാക്കുന്ന ഈ ആകെ പലിശ, മാർച്ച് 31 ന് മുതലിനോട് കൂട്ടിച്ചേർക്കുന്നു, അങ്ങനെ ആ വർഷത്തെ ക്ലോസിങ്ങ് ബാലൻസ് ദൃശ്യമാകുന്നു.

    ഒരു ഉദാഹരണത്തിലൂടെ കൂടുതൽ വ്യക്തത നല്കാൻ കഴിയുമെന്ന് തോന്നുന്നു. ഈ ഉദാഹരണത്തിലെ സാമ്പത്തിക വർഷത്തിൽ ബാധകമാകുന്ന പലിശ നിരക്ക്
First Quarter , April, May & June ( Q1 എന്നു വിളിക്കാം) = 7.1%
Second Quarter , July, August & Sep. ( Q2 എന്നു വിളിക്കാം) = 7.7%
Third Quarter , October, Nov.& Dec. ( Q3 എന്നു വിളിക്കാം) = 7.3%
Fourth Quarter , Jan., Feb. & March ( Q4 എന്നു വിളിക്കാം) = 7.4%
എന്ന് സങ്കൽപ്പിക്കുന്നു.
HTML സങ്കേതങ്ങളുടെ പരിമിതി മറികടക്കാൻ ഈ ഉദാഹരണം PDF രൂപത്തിൽ ഇവിടെ നല്കുന്നു.

    അല്പം സങ്കീർണ്ണമായ ഗണിത ക്രിയകളിലൂടെ കടന്നു പോകേണ്ടി വരുന്നതിനാൽ ഇത്തരം ക്രിയകളെ ഒരു മൊബൈൽ ആപ്പിന്റെ, ഒരു കാൽക്കുലേഷൻ ആപ്പിന്റെ രൂപത്തിലേക്ക് മാറ്റാൻ കഴിയുമോ എന്നതായി അടുത്ത ചിന്ത.
തുടർന്ന് നടത്തിയ പരിശ്രമത്തിന്റെ ഫലം ആണ് ഒരു Android apk file ന്റെ രൂപത്തിൽ താഴെ നൽകുന്നത്.
App File to install : Click Here

    ഇൻസ്റ്റാൾ ചെയ്യുന്ന സമയത്ത് പ്ലേ സ്റ്റോറിൽ നിന്നുള്ള ആപ്പ് അല്ലാത്തതിനാൽ ചില permissions നൽകേണ്ടിവരും.
മൊബൈൽ ഫോണിന്റെ ഡിസ്‍പ്ലെ ഡാർക്ക് മോഡിൽ ആയിരിക്കരുത്.
ബാധകമല്ലാത്ത ഫീൽഡുകളിൽ പൂജ്യം നൽകേണ്ടതാണ്. ഡാറ്റാ എൻട്രി സുഗമമാക്കാൻ എല്ലാ ഫീൽഡുകളിലും default ആയി പൂജ്യം നൽകിയിട്ടുണ്ട്.
കൂടാതെ ഏപ്രിൽ മാസത്തെ ടോട്ടൽ റെമിറ്റൻസ് മറ്റെല്ലാ മാസങ്ങളിലേക്കും അതേപോലെ കോപ്പി ചെയ്യാൻ നല്കിയിരിക്കുന്ന പ്രത്യേക ബട്ടൺ ആവശ്യമെങ്കിൽ ഉപയോഗിക്കാവുന്നതാണ്. അങ്ങനെ കോപ്പി ചെയ്താലും മാറ്റങ്ങൾ ആവശ്യമെങ്കിൽ, അവ തുടർന്ന് വരുത്താവുന്നതാണ്.

ഉപസംഹാരം :
    ഈ ആപ്പ് പ്രയോജനപ്പെടുത്തുന്നതിലേക്ക് ആവശ്യമായ ഡാറ്റ എന്നത് നമ്മുടെ ഓപ്പണിങ് ബാലൻസും ഓരോ മാസത്തേയും ടോട്ടൽ റിമിറ്റൻസും വിത്ത്ഡ്രോവൽസും ആണല്ലോ. അത് നമുക്കറിയാമല്ലോ. കൂടാതെ ഓരോ ക്വാർട്ടറിലും ബാധകമായ പലിശ നിരക്ക് സർക്കാർ വെബ്സൈറ്റിൽ നിന്നും പത്രങ്ങളിൽ നിന്നും ഒക്കെ ലഭിക്കുകയും ചെയ്യും. അങ്ങനെ ഓരോ സാമ്പത്തിക വർഷാവസാനവും ലഭിക്കാൻ പോകുന്ന ക്രെഡിറ്റ് കാർഡ് മുൻകൂട്ടി തയ്യാറാക്കാൻ അതായത് ക്ലോസിങ് ബാലൻസ് പ്രവചിക്കാൻ ഈ ആപ്പ് സഹായിക്കുമല്ലോ. അതിനനുസരിച്ച് സാമ്പത്തിക പദ്ധതികൾ പ്ലാൻ ചെയ്യാമല്ലോ. പിന്നീട് ക്രെഡിറ്റ് കാർഡ് ലഭിക്കുമ്പോൾ പ്രവചനം ഫലിച്ചു എന്നുള്ള ഗൂഢ ആനന്ദ ലഹരിയും അനുഭവിക്കാമല്ലോ. ഈ സ്വകാര്യ അഹങ്കാരം ഇവിടെ പങ്കുവെക്കുന്നു. പ്രയോജനപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

1 comments:

addictivesunayna December 25, 2023 at 6:51 PM  

Nice post! 💳 Adding a new perspective: How about exploring cashback benefits for students using PF credit cards? 🌟 #FinancialWellness
For social media marketing delhi Visit:- https://www.artattackk.com

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer