നിങ്ങൾ എങ്ങനെയാണ് ചില്ലുകൾ ടൈപ്പ് ചെയ്യുന്നത് ?
>> Saturday, October 14, 2023
മുകളിൽ ടൈപ്പ് ചെയ്തതിൽ എന്തെങ്കിലും അപാകത തോന്നുന്നുണ്ടോ? ഒറ്റ നോട്ടത്തിൽ പ്രശ്നമൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ അവയിലെ 'ർ, ൻ' എന്നീ അക്ഷരരൂപങ്ങൾ നോക്കൂ.
ഇതിലെ 'രവിയോർത്തു', 'കുന്നിൻചെരിവിലെ' എന്നിവയിലെ ചില്ലുകൾ ടൈപ്പ് ചെയ്തിരിക്കുന്നത് മലയാളത്തിലെ ർ,ൻ എന്നിവ ഉപയോഗിച്ചല്ല. പകരം മലയാള അക്കങ്ങളായ 4, 9 എന്നിവയാണ് ഉപയോഗിച്ചിരിക്കുന്നത്(അവ ചില്ലുകളല്ല!!). രണ്ടാമത്തേ ഖണ്ഡികയിൽ പക്ഷേ, ഫോണ്ടിന്റെ രൂപമാറ്റത്താൽ പെട്ടെന്ന് നമുക്കത് തിരിച്ചറിയാൻ പ്രയാസമാണ് താനും.
ഇൻസ്ക്രിപ്റ്റ് കീബോർഡ് ഉപയോഗിച്ച് മലയാളം ടൈപ്പ് ചെയ്യുമ്പോൾ ചില്ലുകളുടെ സ്ഥാനം ശരിയായി മനസ്സിലാക്കുന്നതിൽ പിഴവ് സംഭവിക്കുമ്പോഴാണ് ഇങ്ങനെ സമാനമായി കാണുന്ന അക്ഷരരൂപങ്ങൾ അവയ്ക്ക് പകരം ഉപയോഗിക്കുന്നത്. ഈ രീതിയിൽ 'ഡാറ്റാ മാലിന്യങ്ങൾ' ഡിജിറ്റൽ മലയാളത്തിൽ സുലഭമായി കാണാം. സമ്പൂർണ്ണയിലൂടെ എസ്.എസ്.എൽ.സി ബുക്കിലെത്തുമ്പോൾ പലപ്പോഴും ഇത് നമ്മുടെ ശ്രദ്ധയിൽപ്പെടാറുണ്ട്.
ചില റേഷൻകാർഡിലും, ആധാർ ഡാറ്റയിലും ഇവ ആരോരുമറിയാതെ പ്രിന്റ് രൂപത്തിൽ കിടപ്പുണ്ട്. വിവിധ ആവശ്യങ്ങൾക്കായി ശേഖരിക്കുന്ന, ഇവ കൂടിക്കലർന്ന ഡിജിറ്റൽ ഡാറ്റാശേഖരം വിവിധ ഭാഷാകമ്പ്യൂട്ടിങ്ങ് പ്രൊസസിങ് പ്രവർത്തനങ്ങൾക്ക് ഇപ്പോൾ വലിയ വെല്ലുവിളിയായി മാറിയിരിക്കുന്നു. വലിയൊരു മനുഷ്യവിഭവശേഷിതന്നെ ഇതിന്റെ ശുദ്ധീകരണത്തിനായി വേണ്ടി വരുന്നു.
അപ്പോൾ, ഇനി ഇൻസ്ക്രിപ്റ്റ് കീബോർഡ് ഉപയോഗിച്ച് മലയാളം ടൈപ്പ് ചെയ്യുമ്പോൾ, ചില്ലുകൾ എവിടെയെന്ന് കൃത്യമായി കണ്ടെത്തി അവ ടൈപ്പ് ചെയ്യുമല്ലോ. ചില്ലുകൾക്കെല്ലാം പ്രത്യേക കീകൾ തന്നെ ഇൻസ്ക്രിപ്റ്റിൽ ഉണ്ട്.
മറ്റൊരു പ്രതിവിധി പറയാം.
സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ (smc) സാങ്കേതിക സഹായത്തോടെ, ഒരുകൂട്ടം ഭാഷാകമ്പ്യൂട്ടിങ് പ്രവർത്തകർ 'പൂൎണ്ണ എക്സ്റ്റന്‍ഡഡ് മലയാളം ഇൻസ്ക്രിപ്റ്റ്' എന്ന പേരിൽ തയ്യാറാക്കിയ ഇൻസ്ക്രിപ്റ്റ് കീബോർഡ് ഇപ്പോൾ ലഭ്യമാണ്. ഇത് ഉപയോഗിക്കുകയാണെങ്കിൽ ചില്ലക്ഷരങ്ങൾ ടൈപ്പ് ചെയ്യുമ്പോൾ വരുന്ന ഈ അബദ്ധം സംഭവിക്കില്ല. പൂൎണ്ണ കീബോർഡിൽ മലയാള അക്കങ്ങൾ Shift+Right Alt അമർത്തി ടൈപ്പ് ചെയ്താൽ മാത്രമേ ലഭിക്കൂ. അതായത്, ഇതുപയോഗിച്ച് നേരിട്ട് (അബദ്ധത്തിൽ) മലയാളം അക്കങ്ങൾ ടൈപ്പ് ചെയ്യാൻ സാധ്യമല്ല എന്ന്.
മുകളിൽ പൂൎണ്ണ(പൂർണ്ണ) എന്നെഴുതിയത് നോക്കൂ. മുൻപ് ഉപയോഗിച്ചിരുന്ന കുത്തുരേഫം/ഗോപീരേഫം ഉപയോഗിച്ചാണ് ഇത് ടൈപ്പ് ചെയ്തിരിക്കുന്നത്. പൂൎണ്ണ കീബോർഡിൽ Right Alt+j യിൽ കുത്തുരേഫം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുപോലെ മലയാള ഭാഷയിൽ പണ്ട് ഉപയോഗിച്ചിരുന്ന ധാരാളം അക്ഷര രൂപങ്ങൾ ( ഌ, ഽ, ഺ .. ) ഈ കീബോർഡിൽ ചേർത്തിട്ടുണ്ട്.
സംസ്കൃതം മലയാള ലിപിയിലെഴുതുമ്പോൾ ഉപയോഗിക്കേണ്ട ചില ചിഹ്നങ്ങൾവരെ ഉള്‍പ്പെടുന്ന നിലവിലുള്ള യൂണിക്കോഡ് മലയാളം ടേബിളിലുള്ള മുഴുവന്‍ ക്യാരക്ടറുകളും ചേർത്ത് ഏതുതരം ഡോക്യുമെന്റും ഇൻസ്ക്രിപ്റ്റ് ലേയൗട്ട് ഉപയോഗിച്ച് അനായാസമായി ടൈപ്പ് ചെയ്യാനുതകുന്ന തരത്തിലാണ് 'പൂൎണ്ണ എക്സ്റ്റന്‍ഡഡ് മലയാളം ഇൻസ്ക്രിപ്റ്റ്' തയ്യാറാക്കിയിരിക്കുന്നത്. സ്വതന്ത്രസോഫ്റ്റ്‍വെയർ ലൈസൻസിൽ പുറത്തിറക്കിയ ഈ കീബോർഡിന്റെ റെമിങ്ടൺ ലേയൗട്ടിനായുള്ള പതിപ്പും ലഭ്യമാണ്.
പൂൎണ്ണയിലെ മാറ്റം.
പൂൎണ്ണയിൽ 'ർ' എന്ന ചില്ലക്ഷരം ' | ' (Shift+\) - ലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നിലവിൽ കൈറ്റ് ഗ്നു/ലിനക്സിൽ ഉപയോഗിക്കുന്ന Malayalam (enhanced InScript) കീബോർഡിൽ ഷിഫ്റ്റ് അമർത്താതെയാണല്ലോ( \ കീ) ' ർ ' ടൈപ്പ് ചെയ്യുന്നത്.
Malayalam (enhanced InScript) കീബോർഡിൽ ZWJ കീയാണ് ZWNJ ക്കായി ഉപയോഗിക്കുന്നത്. അതായത് പ്രസ്തുത ലേയൗട്ടിൽ ZWNJ എന്ന കീ ലഭ്യമല്ല. എന്നാൽ പൂർണ്ണയിൽ ZWNJ നായി പ്രത്യേക കീ തന്നെ അസൈൻ ചെയ്തിരിക്കുന്നു. (ചിത്രം കാണുക.)
നാലു് ലെയറുകളായാണു് കീബോർഡുകള്‍ തയ്യാറാക്കിയിട്ടുള്ളതു്:-
ലെയർ
ഒന്നു് -
Direct key
ലെയർ
രണ്ടു് -
shift + key
ലെയർ
മൂന്നു് -
AltGr+key
(AltGr = Right side Alt)
ലെയർ
നാലു് -
AltGr+shift+key
ലിനക്സിലേക്കുള്ള
പൂൎണ്ണ കീബോർഡ് ഡൗൺലോഡ്
ചെയ്യാൻ
https://gitlab.com/smc/poorna/poorna-linux
ഇൻസ്റ്റാൾ
ചെയ്യുന്ന വിധം
ഡൗൺലോഡ് ചെയ്ത poorna-linux-main.zip എക്സ്ട്രാക്റ്റ് ചെയ്യുക
തുടർന്ന് കാണുന്ന poorna-linux-main എന്ന ഫോൾഡർ തുറന്ന് അതിൽ Right click ചെയ്ത് ടെമിനൽ തുറക്കുക.
ശേഷം ടെമിനലിൽ താഴെ നൽകിയ കമാന്റ് ടൈപ്പ് ചെയ്ത് എന്റർ ചെയ്യുക.
sudo ./install.sh
തുടർന്ന്,
സിസ്റ്റം റീസ്റ്റാർട്ട്
ചെയ്ത് കീബോർഡ് സെറ്റിങ്സിൽ, പുതിയ ഇൻപുട്ട് സോഴ്സ് ആയി
Malayalam(Poorna,
Extended Keyboard) കൂട്ടിച്ചേർത്ത് ടൈപ്പിങ് തുടങ്ങാം.
വിൻഡോസ്, മാക്, ആൻഡ്രോയ്ഡ് എന്നിവയ്ക്കുള്ള കീബോർഡ് പതിപ്പും ലഭ്യമാണ്.
ഇതിന്റെ പ്രത്യേക ഉപയോഗം ?
ഒരു ഉപയോഗം ആദ്യം പറഞ്ഞു.
പഴയ മലയാളം ഡോക്യുമെന്റുകൾ യൂണികോഡ് രൂപത്തിൽ തയ്യാറാക്കുമ്പോൾ ഉപയോഗിക്കാം.
പഴയ മലയാളം ചിഹ്നങ്ങൾ ചേർത്ത് തലക്കെട്ടുകൾ ഡിസൈൻ ചെയ്യാം. പോസ്റ്ററുകൾ ഡിസൈൻ ചെയ്യാം - ഡിജിറ്റൽ മലയാളത്തിൽ പഴയ മലയാളം തിരിച്ചു വരട്ടെ...
Arch Linux ൽ ഡിഫാൾട്ട് മലയാളം കീബോർഡ് ആയി പൂർണ്ണ നിലവിൽവന്നു. അടുത്ത വെർഷൻ മുതൽ എല്ലാ OS ലും ഡിഫാൾട്ട് മലയാളം കീബോർഡ് ആയി പൂർണ്ണ സ്ഥാനം പിടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ജെയ്സെൻ നെടുമ്പാല, മഹേഷ് മംഗലാട്ട്, മുജീബ് റഹ്‌മാൻ ചെര്‍പ്പുളശ്ശേരി എന്നിവരാണ് പൂർണ്ണ കീബോർഡിന്റെ പിന്നിൽ പ്രവർത്തിച്ച പ്രധാനികൾ.
കൂടുതൽ വിവരങ്ങൾക്ക് :
https://blog.smc.org.in/poorna-malayalam-keyboard-release/
--ഹസൈനാർ മങ്കട
Read More | തുടര്‍ന്നു വായിക്കുക