ICT - Std X- Unit 1
Updated with Theory Model Questions
from Shaji Haritham

>> Monday, June 24, 2013

പത്താം ക്ലാസ് ഐ.ടി പാഠപുസ്തകം കഴിഞ്ഞ വര്‍ഷം പരിഷ്കരിച്ചിരുന്നു. പരിഷ്കരിച്ച പാഠപുസ്തകത്തില്‍ നിന്നും പുതിയ മാതൃകയിലുള്ള ചോദ്യങ്ങളായിരിക്കും ഉണ്ടാവുക എന്നതും തിയറി പരീക്ഷയുടെ മാര്‍ക്ക് കംപ്യൂട്ടര്‍ തന്നെയായിരിക്കും നല്‍കുക എന്നതും ഐ.ടി അധ്യാപകരെ അന്ന് തെല്ലൊന്ന് പരിഭ്രമിപ്പിച്ചിരുന്നു. ആ ആശങ്കയ്ക്ക് വിരാമമിട്ടത് ജോണ്‍ സാറിന്റെ ഐ.ടി വര്‍ക്ക് ഷീറ്റുകള്‍, റഷീദ് ഓടക്കല്‍ സാറിന്റെ ഐ.ടി നോട്സ്, നിധന്‍ ജോസ് സാറിന്റെ വീഡിയോ ടൂട്ടോറിയല്‍, തുടങ്ങിയവയാണ്. ആ ശ്രേണിയിലേക്ക് കടക്കുന്ന രണ്ടു പഠന സഹായികളാണ് ഈ പോസ്റ്റില്‍ അവതരിപ്പിക്കുന്നത്.

1. പത്താം ക്ലാസ് ഐ.ടി പാഠപുസ്തകത്തിലെ തിയറി വിഭാഗം നോട്സ് തയാറാക്കിയിരിക്കുന്നത് ചേര്‍ത്തല സെന്റ് മേരീസ് ജി.എച്ച്.എസ്.എസിലെ മാത്യൂ സാറാണ്. വളരെ എളുപ്പത്തില്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്നതും ചുരുങ്ങിയ പേജുകളില്‍ ഏറെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതുമാണ് മാത്യൂ സാര്‍ തയാറാക്കിയ പഠന സഹായി. കുട്ടികള്‍ക്ക് വളരെയധികം സഹായകമാകുന്ന വിധത്തില്‍ നോട്സും പാഠപുസ്തകത്തിലെ ഓരോ പ്രവര്‍ത്തനവും ചെയ്യേണ്ട സ്റ്റെപ്പുകളും അദ്ദേഹം വിശദീകരിച്ചിരിക്കുന്നു. കൂടാതെ ഇങ്ക്സ്കേപ്പില്‍ ഉപയോഗിക്കാവുന്ന ടിപ്സും അദ്ദേഹത്തിന്റെ നോട്സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇവിടെ നിന്നും മാത്യൂ സാര്‍ തയാറാക്കിയ തിയറി നോട്സ് ഡൗണ്‍ലോ‍ഡ് ചെയ്തെടുക്കാം


2. പത്താം ക്ലാസ് ഐ.ടി പാഠപുസ്തകത്തിലെ പ്രാക്ടിക്കല്‍ വിഭാഗം നോട്സ് തയാറാക്കിയിരിക്കുന്നത് നിലന്പൂര്‍ സി.കെ.എച്ച്.എസ് മണിമണിയിലെ ഹൗലത്ത് ടീച്ചറാണ്. ഐ.ടി യുടെ ആദ്യ അധ്യായത്തില്‍ നിന്നും വരാവുന്ന ചോദ്യങ്ങളുടെ മാതൃകയും അവ ചെയ്യേണ്ട രീതിയുമാണ് ടീച്ചര്‍ തയാറാക്കിയ നോട്സില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പ്രാക്ടിക്കല്‍ ചോദ്യങ്ങളുടെ മാതൃകയെ കുറിച്ച് നമ്മുടെ കുട്ടികള്‍ക്ക് മനസ്സിലാക്കാന്‍ ഈ നോട്സ് ഏറെ സഹായിക്കുമെന്നതില്‍ സംശയമില്ല.

ഈ ലിങ്കില്‍ നിന്നും ഹൗലത്ത് ടീച്ചര്‍ തയാറാക്കിയ പ്രാക്ടിക്കല്‍ നോട്സ് ഡൗണ്‍ലോഡ് ചെയ്തെടുക്കാം


3.കഴിഞ്ഞ വര്‍ഷം ജോണ്‍ സാര്‍ തയാറാക്കി പ്രസിദ്ധീകരിച്ച പത്താം ക്ലാസ് ആദ്യ പാഠത്തിന്റെ വര്‍ക്ക് ഷീറ്റുകള്‍ -

English - മലയാളം

4.റഷീദ് ഓടക്കല്‍ സാര്‍ തയാറാക്കി കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച പത്താം ക്ലാസ് ആദ്യ പാഠത്തിന്റെ നോട്സ്

5.കഴിഞ്ഞ വർഷം ഐ.ടി പരീക്ഷയ്ക്ക് ചോദിക്കാവുന്ന തിയറി ചോദ്യങ്ങളെ കുറിച്ചുള്ള ആശങ്ക അകറ്റുന്നതില്‍ ഏറ്റവും കൂടതല്‍ പങ്കു വഹിച്ചത് പട്ടാമ്പി ഹരിതത്തിലെ ഷാജി സാറാണ്. അന്ന് ഷാജി സാർ തയാറാക്കിയ നോട്ടുകളാണ് പല അധ്യാപകരും മാതൃകയായി കുട്ടികള്‍ക്ക് നല്‍കിയത് എന്നു പറയുമ്പോള്‍ ആ നോട്ടുകളുടെ മൂല്യം ഈഹിക്കാമല്ലോ....ഐ.ടി തിയറി പരീക്ഷയ്ക്കു തയാറെടുക്കുന്ന കുട്ടികള്‍ക്ക് നല്‍കാവുന്ന ഏറ്റവും മികച്ച പഠനസഹായികളിലൊന്നാണ് ഷാജി സാറിന്റെ ഐ.ടി തിയറി മാതൃകാ ചോദ്യങ്ങള്‍ ..

ഇവിടെ കൊടുത്തിട്ടുള്ള ലിങ്കില്‍ നിന്നും ഐ.ടി തിയറി ചോദ്യങ്ങള്‍ ഡൌണ്‍ലോഡ് ചെയ്തെടുക്കാം

കുട്ടികള്‍ പ്രയോജനപ്പെടുത്തുമ്പോഴാണ് ഈ പഠനസഹായികള്‍ ലക്ഷ്യത്തിലെത്തുന്നത്. ഇവ കുട്ടികളിലേക്കെത്തിക്കാന്‍ ഏറ്റവും യോജ്യരായ അധ്യാപകരാണ് ബ്ലോഗിലെ സന്ദര്‍ശകരായ നിങ്ങള്‍ ഓരോരുത്തരും.. ക്ലാസ് മുറികളിലെ അധ്യയനത്തിന് ഏറെ പ്രയോജനപ്രദമായ ഈ പഠനസഹായികള്‍ പ്രയോജനപ്പെടുത്തുന്നതിനോടൊപ്പം അവ തയാറാക്കിയവരെ കമന്റുകളിലൂടെ പ്രോത്സാഹിപ്പിക്കാനും ശ്രമിക്കുമല്ലോ..


Read More | തുടര്‍ന്നു വായിക്കുക

UID based Staff Fixation 2013-2014

>> Sunday, June 16, 2013

ഓരോ വിദ്യാലയങ്ങളിലുമുള്ള കുട്ടികളുടെ യു.ഐ.ഡി അടിസ്ഥാനമാക്കിയാണ് ഈ അധ്യയന വര്‍ഷം സ്റ്റാഫ് ഫിക്സേഷന്‍ നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് ജൂണ്‍ 12 , ജൂണ്‍ 13 തീയതികളില്‍ പുറത്തിറങ്ങിയ വിദ്യാഭ്യാസവകുപ്പില്‍ നിന്നുള്ള സര്‍ക്കുലറുകള്‍ ഏവരും കണ്ടിരിക്കുമല്ലോ. ഉപജില്ലാ/ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ സ്റ്റാഫ് ഫിക്സേഷന്‍ നടത്തുന്ന സ്ക്കൂളുകളുടെ വിശദാംശങ്ങള്‍ മാത്രം UID BASED STAFF FIXATION 2013-2014 ല്‍ ഉള്‍പ്പെടുത്തിയാല്‍ മതിയെന്നാണ് നിര്‍ദ്ദേശം. ഓരോ സ്ക്കൂളില്‍ നിന്നും അതത് ഹെഡ്മാസ്റ്ററുടെ ഉത്തരവാദിത്വത്തില്‍ സ്ക്കൂള്‍ കുട്ടികളുടെ വിശദാംശങ്ങള്‍ വിദ്യാഭ്യാസവകുപ്പിന്റെ UID Data Entry സൈറ്റില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. അവസാന തീയതി ജൂണ്‍ 30. ഇതേക്കുറിച്ചുള്ള കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു.


കാര്യങ്ങള്‍ ചുരുക്കത്തില്‍

  1. 2013-14 വര്‍ഷം 6th working day-യില്‍ സ്കൂളില്‍ ഇല്ലാത്ത കുട്ടികളെ Edit/Delete മെനുവില്‍ ക്ലിക്ക് ചെയ്ത് Delete ചെയ്യേണ്ടതാണ്.
  2. കുട്ടിയുടെ ഡിവിഷന്‍ മാറ്റം വരുത്തല്‍ : Edit/Delete മെനുവില്‍ ക്ലിക്ക് ചെയ്ത് ഡിവിഷന്‍ മാറ്റേണ്ട കുട്ടിയുടെ ശരിയായ ഡിവിഷന്‍ ഉള്‍പ്പെടുത്തി update ചെയ്യുക.
  3. പുതുതായി ഉള്‍പ്പെടുത്തേണ്ട ഡിവിഷന്‍ കാണുന്നില്ലെങ്കില്‍ - അതായത് ഈ വര്‍ഷം പ്രസ്തുത ക്ലാസില്‍ ഡിവിഷന്‍ കൂടുതലാണെങ്കില്‍- Basic Details -ല്‍ ആ ക്ലാസിലെ ഡിവിഷന്റെ കൃത്യമായ എണ്ണം നല്‍കുക - Strength details-ല്‍ പ്രസ്തുത ഡിവിഷനിലേയ്ക്കുള്ള ആകെ കുട്ടികളുടെ എണ്ണം നല്‍കുക. തുടര്‍ന്ന് നിലവിലുണ്ടായിരുന്ന ഡിവിഷനിലെ കുട്ടികളുടെ ഡിവിഷന്‍ മാറ്റി പുതിയ ഡിവിഷനിലേയ്ക്ക് ചേര്‍ക്കേണ്ടതെങ്കില്‍ Edit/Delete മെനുവിലൂടെ ശരിയായ ഡിവിഷന്‍ തന്നെ തിരഞ്ഞെടുക്കുക. അല്ലെങ്കില്‍ പുതുതായി ഡാറ്റാ എന്‍ട്രി നടത്തണം.
  4. ഒരു ക്ലാസില്‍ ഈ വര്‍ഷം ഡിവിഷന്‍ കുറഞ്ഞാല്‍ –> Strength details menu-വില്‍ പോയി Student strength '0' (പൂജ്യം) ആക്കുക. പിന്നീട് Basic details menu-വില്‍ പോയി division ന്റെ എണ്ണം കൃത്യമായി നല്‍കി save ചെയ്യുക.
സ്ക്കൂളിനെ സംബന്ധിക്കുന്ന അടിസ്ഥാന വിവരങ്ങള്‍ ഉള്‍പ്പെടുത്തല്‍
സ്ക്കൂള്‍ ലോഗിന്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന ഹോംപേജില്‍ സ്ക്കൂളിനെ സംബന്ധിക്കുന്ന അടിസ്ഥാന വിവരങ്ങള്‍ ലഭ്യമാകും. ഇതില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി സേവ് ചെയ്യേണ്ടതാണ്.

കുട്ടികളുടെ വിശദാംശങ്ങളില്‍ അതതു സ്ക്കൂളുകളിലെ ഏറ്റവും ഉയര്‍ന്ന ക്ലാസിലെ കുട്ടികളുടെ വിശദാംശങ്ങള്‍ ഡെലീറ്റ് ചെയ്തിട്ടുണ്ട്. പകരം കഴിഞ്ഞ വര്‍ഷം തൊട്ട് മുമ്പ് പഠിച്ചിരുന്ന ക്ലാസിലെ കുട്ടികളെ പ്രമോഷന്‍ നല്‍കി അടുത്ത ക്ലാസിലേക്ക് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ ഉള്‍പ്പെടുത്തിയിട്ടുള്ള വിശദാംശത്തില്‍ മാറ്റങ്ങളുണ്ടാകാം. ഓരോ ക്ലാസിലേയും ഓരോ കുട്ടിയുടേയും മുഴുവന്‍ വിശദാംശവും പരിശോധിച്ച് തിരുത്തലുകള്‍ ആവശ്യമെങ്കില്‍ വരുത്തി സേവ് ചെയ്യേണ്ടതാണ്.

ഇതിനായി ആദ്യം ഓരോ സ്ക്കൂളിലേക്കും പുതുതായി പ്രവേശനം ലഭിച്ച എല്ലാ കുട്ടികളുടേയും വിശദാംശങ്ങള്‍ കൂട്ടിച്ചേര്‍ക്കേണ്ടതാണ്. തുടര്‍ന്ന് ഇപ്പോള്‍ മറ്റു ഡിവിഷനുകളില്‍ ഉള്ളതും എന്നാല്‍ നമ്മുടെ ഡിവിഷനില്‍ ഉള്ളതുമായ കുട്ടിയെ നമ്മുടെ ക്ലാസുകളിലേക്ക് കൊണ്ടുവരികയാണ്.

സ്റ്റാഫ് ഫിക്സേഷന്‍ യു.ഐ.ഡി അധിഷ്ഠിതമായി നടത്തുന്നതിനാല്‍ ഓരോ സ്ക്കൂളില്‍ നിന്നും ഓണ്‍ലൈനില്‍ ഉള്‍പ്പെടുത്തുന്ന കുട്ടികളുടെ എണ്ണത്തിന്റെ പൂര്‍ണ്ണ ഉത്തരവാദി അതത് സ്ക്കൂള്‍ ഹെഡ്മാസ്റ്റര്‍ ആയിരിക്കും. അതിനാല്‍ സ്ക്കൂളില്‍ നിന്നും ഒഴിവാക്കിയിട്ടുള്ള കുട്ടികളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അത് ഒഴിവാക്കുന്നതിന് ഹെഡ്മാസ്റ്റര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ക്ലാസ്, ഡിവിഷന്‍, യു.ഐ.ഡി, ഇ.ഐ.ഡി തുടങ്ങിയവയില്‍ മാറ്റങ്ങളുണ്ടെങ്കില്‍ അവ ഉള്‍പ്പെടുത്തുന്നതിന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

കുട്ടികളുടെ ഇ.ഐ.ഡി ചേര്‍ക്കല്‍
കഴിഞ്ഞ വര്‍ഷത്തെ യു.ഐ.ഡി ലഭ്യമായ വിദ്യാര്‍ത്ഥികളുടെ യു.ഐ.ഡി ഇപ്പോഴും നിലനിര്‍ത്തിയിട്ടുണ്ട്. ഇ.ഐ.ഡി ഉള്‍പ്പെടുത്തിയത് ശരിയായ ഇ.ഐ.ഡി അല്ലാത്തതിനാല്‍ യു.ഐ.ഡി അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്ന് ഇ.ഐ.ഡിക്ക് തത്തുല്യമായ യു.ഐ.ഡി ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ നിലവില്‍ ഉള്‍പ്പെടുത്തിയിരുന്ന ഇ.ഐ.ഡി പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ട്. യു.ഐ.ഡി ലഭിക്കാതെ ഇ.ഐ.ഡി മാത്രമുള്ള കുട്ടികളുടെ ശരിയായ 28 അക്ക ഇ.ഐ.ഡി ഉള്‍പ്പെടുത്തേണ്ടതാണ്. (28 അക്കം - 14 അക്ക എന്‍ട്രോള്‍മെന്റ് നമ്പറിനോടൊപ്പം dd-mm-yyyy-hh-mm-ss എന്ന രീതിയില്‍ അക്കങ്ങള്‍ മാത്രം തുടര്‍ച്ചയായി ടൈപ്പ് ചെയ്ത് ചേര്‍ക്കുക.)

വിശദാംശങ്ങള്‍ പരിശോധിക്കല്‍
ഡാറ്റാ എന്‍ട്രി പൂര്‍ത്തിയാക്കിയാല്‍ ഓരോ ക്ലാസിലേയും എല്ലാ കുട്ടികളുടേയും ശരിയായ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് പരിശോധിക്കേണ്ടാതാണ്. ഇതിനായി
  1. ഒരു ഡിവിഷന്‍ Verify ചെയ്യുന്നതിന് മുന്‍പ് ആ ക്ലാസിലെ കുട്ടികളുടെ എണ്ണവും Strength Details മെനുവില്‍ നല്‍കിയിരിക്കുന്ന കുട്ടികളുടെ എണ്ണവും കൃത്യമാണോയെന്ന് ഉറപ്പു വരുത്തണം. രണ്ടും കൃത്യമല്ലെങ്കില്‍ ചുവടെ കൊടുത്തിരിക്കുന്നതു പ്രകാരം Verification നടത്തിയാലും Verify ചെയ്തതായി കാണിക്കുകയില്ല.
  2. Verification മെനുവില്‍ Class സെലക്ട് ചെയ്ത് View ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ആ ക്ലാസിലെ എല്ലാ ഡിവിഷനുകളുടേയും സംബന്ധിക്കുന്ന വിവരങ്ങള്‍ ലഭ്യമാകും.
  3. ഓരോ ഡിവിഷന്റേയും നേരെയുമുള്ള Verify ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ആ ക്ലാസിലെ കുട്ടികളുടെ വിശദാംശങ്ങള്‍ ലഭിക്കും. ചുവടെ പറഞ്ഞിരിക്കുന്ന പ്രകാരം Verification Process ചെയ്തു കഴിഞ്ഞാല്‍ ഇവിടെ Verify എന്നതിനു പകരം Printerന്റെ ചെറിയൊരു ചിത്രമാകും കാണുക.
  4. ഓരോ കുട്ടിയുടേയും പേരിനു നേരെ നല്‍കിയിരിക്കുന്ന വിശദാംശങ്ങള്‍ ശരിയാണെന്നുറപ്പു വരുത്തുക.
  5. കുട്ടിയുടെ പേരിനു നേരെ കാണുന്ന Check box- ല്‍ ടിക് ചെയ്യേണ്ടതാണ്.
  6. ഒരു ഡിവിഷനിലെ എല്ലാ കുട്ടികളുടേയും വിവരങ്ങള്‍ പരിശോധിച്ച് ടിക് മാര്‍ക്ക് രേഖപ്പെടുത്തിയ ശേഷം Submit ചെയ്യുക.
  7. ടിക് ചെയ്ത കുട്ടികളുടെ വിശദാംശങ്ങള്‍ പരിശോധിച്ച് Declaration വായിച്ച് ഇടതു വശത്തുള്ള Check box ല്‍ ടിക് ചെയ്ത് Confirm ചെയ്യുക.
  8. Confirm ചെയ്തു കഴിഞ്ഞാല്‍ യാതൊരു വിധ തിരുത്തലുകളും സ്ക്കൂള്‍ തലത്തില്‍ വരുത്താന്‍ സാധ്യമല്ല.
  9. Confirm ചെയ്തു കഴിഞ്ഞ കുട്ടികളുടെ വിവരങ്ങള്‍ പ്രിന്റെടുക്കാവുന്നതാണ്.

(വിശദാംശങ്ങള്‍ പരിശോധിക്കുന്നതിന്റേയും റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റേയും ചിത്രങ്ങള്‍ സഹിതമുള്ള ഉദാഹരണം Staff fixation 2012-2013 പോസ്റ്റില്‍ നല്‍കിയിരിക്കുന്നത് നോക്കുക)

റിപ്പോര്‍ട്ട്
എല്ലാ ഡിവിഷനിലേയും കുട്ടികളുടെ വിവരങ്ങള്‍ ഹെഡ്മാസ്റ്റര്‍ Verify ചെയ്ത് Confirm ചെയ്ത് കഴിഞ്ഞാല്‍ ആ സ്ക്കൂളിലെ എല്ലാ കുട്ടികളേയും സംബന്ധിക്കുന്ന Summary Sheet എടുക്കുന്നതിനുള്ള സൗകര്യം Reports മെനുവില്‍ ലഭ്യമാകും. ഈ Summary Sheet ല്‍ ക്ലിക്ക് ചെയ്ത് വിശദാംശങ്ങള്‍ പരിശോധിച്ച് ഹെഡ്മാസ്റ്റര്‍ Confirm ചെയ്യേണ്ടതാണ്. Confirm ചെയ്തു കഴിഞ്ഞാല്‍ School Division Wise റിപ്പോര്‍ട്ട് ലഭിക്കും. സ്ക്കൂളിന്റെ Summary Sheet ഉം Division Wise പ്രിന്റൗട്ടും ഹെഡ്മാസ്റ്റര്‍ ഒപ്പിട്ട് സ്ക്കൂള്‍ സീല്‍ വച്ച് ജൂണ്‍ 30 നകം അതത് എ.ഇ.ഒ/ഡി.ഇ.ഒക്ക് സമര്‍പ്പിക്കേണ്ടതാണ്.

സ്ക്കൂള്‍ തല വിശദാംശങ്ങള്‍ ഓണ്‍ലൈനില്‍ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച സംശയങ്ങള്‍ക്ക് ഐടി@സ്ക്കൂള്‍ പ്രോജക്ടിന്റെ അതത് ജില്ലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണെന്നും ഈ പോസ്റ്റിനാധാരമായെടുത്ത നിര്‍ദ്ദേശങ്ങളില്‍ പറയുന്നു.

ചില സംശയങ്ങളും അവയ്ക്കുള്ള മറുപടിയും
  1. പുതുതായി സ്ക്കൂളില്‍ ചേര്‍ന്ന കുട്ടികളുടെ വിവരങ്ങള്‍ എങ്ങിനെ സൈറ്റില്‍ ഉള്‍പ്പെടുത്താം?
  2. യു.ഐ.ഡി സൈറ്റില്‍ ലോഗിന്‍ ചെയ്തു കഴിയുമ്പോള്‍ Home page നു മുകളില്‍ കാണുന്ന Menus ആയ Basic Details, Strength Details എന്നിവയിലെ വിവരങ്ങള്‍ കൃത്യമാക്കിയ ശേഷം Data Entry എന്ന മെനുവില്‍ നിന്നും ക്ലാസും ഡിവിഷനും തിരഞ്ഞെടുക്കുക. ആ ഡിവിഷനില്‍ Strength Details പ്രകാരം പുതുതായി കുട്ടികളെ ഉള്‍പ്പെടുത്താനുണ്ടെങ്കില്‍ അതിനുള്ള ഫീല്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടാകും. വിവരങ്ങള്‍ ചേര്‍ത്ത ശേഷം Save ചെയ്യുക. ചുവടെയുള്ള ചിത്രം കാണുക. (ചിത്രം വലുതായി കാണാന്‍ ചിത്രത്തില്‍ Click ചെയ്യുക)
  3. കുട്ടിയെ ഒരു ഡിവിഷനില്‍ നിന്നും മറ്റൊരു ഡിവിഷനിലേക്ക് മാറ്റുന്നതെങ്ങനെ?
  4. Edit/Delete മെനുവില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന പേജില്‍ കുട്ടിയുടെ പേര് കണ്ടെത്തി അതിനു നേരെയുള്ള Edit ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഈ വിവരങ്ങള്‍ക്കു മുകളിലായി കുട്ടിയുടെ പേരും വിവരങ്ങളും പ്രത്യക്ഷപ്പെട്ടിട്ടുണ്ടാകും. ഇതില്‍ Division A എന്നതിനു പകരം B ആക്കി മാറ്റി Update ചെയ്യുക. കുട്ടി B ഡിവിഷനിലായിട്ടുണ്ടാകും. ചുവടെയുള്ള ചിത്രം കാണുക. (ചിത്രം വലുതായി കാണാന്‍ ചിത്രത്തില്‍ Click ചെയ്യുക)
  5. മേല്‍പ്പറഞ്ഞ പോലെ ചെയ്യുമ്പോള്‍ Students Count Exceed!!!!, Cannot Updated എന്ന് മെനുവിനു തൊട്ടു താഴെ മെസ്സേജ് വരുന്നു.
  6. ഈ വര്‍ഷം 9A യിലെ കുട്ടികളുടെ എണ്ണം 40 ഉം 9B യിലെ കുട്ടികളുടെ എണ്ണം 42 ആണ് ഉള്ളതെന്നു കരുതുക. യു.ഐ.ഡി പോര്‍ട്ടലിലെ Students Strength Details 9A യിലും 9Bയിലും മേല്‍പ്പറഞ്ഞ പോലെ തന്നെ 40 ഉം 42 ഉം ആണെന്നിരിക്കട്ടെ. 9A യിലെ ഒരു കുട്ടിയെ 9B യിലേക്ക് കൊണ്ടു പോകണം. 9Bയിലെ Strength 42 ആയതിനാല്‍ കൂടുതല്‍ കുട്ടികളെ ഉള്‍പ്പെടുത്താന്‍ സാധിക്കില്ലെന്നുമുള്ള മെസ്സേജാണ് ആ കാണിക്കുന്നത്. ഇവിടെ 9B യില്‍ നിന്ന് ഏതെങ്കിലും കുട്ടിയെ മറ്റേതെങ്കിലും ഡിവിഷനിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാനുണ്ടെങ്കില്‍ അതു ചെയ്യുകയോ അല്ലെങ്കില്‍ Student Strength Details ല്‍ താല്‍ക്കാലികമായി ആ ഡിവിഷനിലെ Strength കൂട്ടി നല്‍കുകയോ ചെയ്യാത്തിടത്തോളം പുതിയൊരു കുട്ടിയെ 9Bയിലേക്ക് ഉള്‍പ്പെടുത്താനാകില്ല.
  7. പലയിടത്തായി ചിതറിക്കിടക്കുന്ന കുട്ടികളെ ഡിവിഷന്‍ ചേയ്ഞ്ചു ചെയ്യുന്നതിനായി Edit/Delete ലിസ്റ്റില്‍ നിന്നും കണ്ടെത്തുന്നത് ബുദ്ധിമുട്ടല്ലേ?
  8. അത് എളുപ്പമാണ്. Edit/Delete മെനുവില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന കുട്ടികളുടെ ലിസ്റ്റിനു മുകളിലായി ക്ലാസ്, ഡിവിഷന്‍, പേര്, അഡ്മിഷന്‍ നമ്പര്‍ ഇവയനുസരിച്ച് കുട്ടികളെ കണ്ടെത്താന്‍ സഹായിക്കുന്ന സെര്‍ച്ച് ബോക്സ് ഉണ്ട്. ഇതുവഴി കുട്ടികളെ തരംതിരിച്ച് ലിസ്റ്റ് ചെയ്യിക്കാം. ഇവിടെ കുട്ടിയുടെ അഡ്മിഷന്‍ നമ്പറോ പേരോ നല്‍കിയാല്‍ ആ കുട്ടിയെ കൃത്യമായി കണ്ടെത്താനാകും. തുടര്‍ന്ന് എഡിറ്റ് കീ ഉപയോഗിച്ച് ഡിവിഷന്‍ ചേയ്ഞ്ചു ചെയ്യിക്കാമല്ലോ? ചുവടെയുള്ള ചിത്രം കാണുക. (ചിത്രം വലുതായി കാണാന്‍ ചിത്രത്തില്‍ Click ചെയ്യുക)
ഇത്തരത്തിലുള്ള നിങ്ങളുടെ സംശയങ്ങള്‍, പരിഹരിച്ച മാര്‍ഗങ്ങള്‍ എന്നിവ ഈ പോസ്റ്റില്‍ പങ്കുവെക്കുമെല്ലോ. അത് കേരളത്തിലങ്ങോളമിങ്ങോളമുള്ള അധ്യാപകര്‍ക്ക് സഹായകമാകുമെന്നു തീര്‍ച്ച.


Read More | തുടര്‍ന്നു വായിക്കുക

Online Aadhar card

>> Saturday, June 15, 2013

സ്ക്കൂളുകളിലെ സ്റ്റാഫ് ഫിക്സേഷന്‍ പ്രക്രിയ സുഗമമാക്കുന്നതിനു വേണ്ടി 2013 ജൂണ്‍ മാസമാകുമ്പോഴേക്കും എല്ലാ വിദ്യാര്‍ത്ഥികളും ആധാര്‍ രജിസ്ട്രേഷന്‍ നടത്തിയിരിക്കണമെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന വിദ്യാഭ്യാസവകുപ്പ് മുന്നോട്ടു നീങ്ങിയത്. ഇതുപ്രകാരം കേരളത്തിലെ എല്ലാ സ്ക്കൂളുകളും മുന്‍കൈയ്യെടുത്ത് തങ്ങളുടെ വിദ്യാലയത്തിലെ കുട്ടികളുടെ ആധാര്‍ രജിസ്ട്രേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കുന്നതിനായി പരിശ്രമിക്കുകയുണ്ടായി. ആധാര്‍ രജിസ്ട്രേഷന്‍ നടന്ന് രണ്ടു മാസത്തിനകം തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് അവരവരുടെ വീട്ടുവിലാസത്തില്‍ ആധാര്‍ കാര്‍ഡ് ലഭിച്ചു തുടങ്ങിയിട്ടുണ്ടാകും. തങ്ങളുടെ കൂട്ടുകാര്‍ക്കെല്ലാം ആധാര്‍ കാര്‍ഡ് കിട്ടുകയും തനിക്ക് ആധാര്‍ കാര്‍ഡ് കിട്ടാതെ വരുകയും ചെയ്യുമ്പോള്‍ ചില കുട്ടികള്‍ക്കെങ്കിലും ഖേദമുണ്ടാവുക സ്വാഭാവികം. ഒരുപക്ഷേ ഇക്കാര്യമന്വേഷിച്ച് അവരുടെ രക്ഷിതാക്കള്‍ സ്ക്കൂളിലെത്തുകയും ക്ലാസ് ടീച്ചറോട് കാര്‍ഡ് ലഭിക്കാത്തതിന്റെ കാര്യം തിരക്കുകയും ചെയ്യും. സത്യത്തില്‍ നമ്മള്‍, അധ്യാപകര്‍ ഈ സംവിധാനത്തിന്റെ രജിസ്ട്രേഷന്‍ പ്രക്രിയയില്‍ മാത്രമേ ഭാഗികമായേ ഭാഗഭാക്കാകുന്നുള്ളുവെങ്കിലും രക്ഷിതാക്കളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ ഒഴിയാന്‍ നമ്മുടെ മനസ്സ് അനുവദിക്കില്ല. ആധാര്‍ കാര്‍ഡ് തയ്യാറായോ? കുട്ടിക്ക് ആധാര്‍ നമ്പര്‍ ആയോ? ഈ ചോദ്യങ്ങള്‍ക്കെല്ലാം നമുക്കു മറുപടി പറയാന്‍ പോസ്റ്റ് നമ്മെ സഹായിക്കുമെന്നുറപ്പ്. ലേഖനം തയ്യാറാക്കിത്തന്നത് പൂഞ്ഞാര്‍ ബ്ലോഗ് എന്ന ബ്ലോഗ് കൈകാര്യം ചെയ്യുന്ന പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്ററി സ്ക്കൂളിലെ അധ്യാപകനായ ടോണി പൂഞ്ഞാറാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന പ്രകാരം ആധാര്‍ കാര്‍ഡ് ഓണ്‍ലൈനായി കാണണമെങ്കില്‍ നമ്മുടെ കയ്യില്‍ വേണ്ടത് ആധാര്‍ രജിസ്ട്രേഷന്‍ നടത്തിയതിന്റെ ഭാഗമായി ലഭിച്ച പ്രിന്റൗട്ട് മാത്രമാണ്. അതുപയോഗിച്ച് ആധാര്‍ പോര്‍ട്ടലില്‍ ആധാര്‍ കാര്‍ഡ് കാണുകയും ആവശ്യമെങ്കില്‍ അതിന്റെ ഒരു പകര്‍പ്പെടുക്കുകയും ചെയ്യാം. ഇതെങ്ങനെയെന്ന് ചുവടെ വിശദീകരിച്ചിരിക്കുന്നു.

ആധാര്‍ രജിസ്ട്രേഷന്‍ നടത്തുമ്പോള്‍ നമുക്ക് Acknowledgement Copy/Resident Copy അഥവാ സ്ഥലവാസിക്കുള്ള പകര്‍പ്പ് എന്ന പേരില്‍ ഒരു പ്രിന്റൗട്ട് നല്‍കുമല്ലോ. അതുണ്ടെങ്കില്‍ നമുക്ക് കുട്ടിയുടെ ആധാര്‍ കാര്‍ഡ് തയ്യാറായോ എന്ന് പരിശോധിക്കാം.

സ്റ്റൈപ്പ് 1

ആദ്യം ഇ-ആധാര്‍ പോര്‍ട്ടിലേക്ക് പ്രവേശിക്കുക.

(വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക)
പോര്‍ട്ടലിലേക്ക് 14 അക്കമുള്ള എന്‍റോള്‍മെന്റ് നമ്പര്‍ (Enrolment No) 14 അക്കമുള്ള തീയതിയും സെക്കന്റ് അടക്കമുള്ള സമയവും (dd/mm/yyyy hh:mm:ss) എന്ന ഫോര്‍മാറ്റില്‍ നല്‍കുക. ഇത് നമുക്ക് ലഭിച്ച പ്രിന്റൗട്ടില്‍ ഏറ്റവും മുകളിലായിത്തന്നെ നല്‍കിയിട്ടുണ്ടാകും. ഇവിടെ /, : തുടങ്ങിയ ചിഹ്നങ്ങളൊന്നും നല്‍കേണ്ടതില്ലെന്ന് പ്രത്യേകം ഓര്‍മ്മിക്കുക.

തൊട്ടു താഴെയുള്ള ഫീല്‍ഡില്‍ എന്റര്‍ ചെയ്യേണ്ടത് അതിനു താഴെയുള്ള imageല്‍ കാണുന്ന അക്കങ്ങളും അക്ഷരങ്ങളുമാണ്. ഇവയ്ക്കിടയില്‍ സ്പേസ് ഇടേണ്ടതില്ല.

തുടര്‍ന്ന് submit ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

സ്റ്റൈപ്പ് 2

ആദ്യ സ്റ്റെപ്പ് തെറ്റുകളില്ലാതെ പൂര്‍ത്തിയാക്കിയാല്‍ ചുവടെ കാണുന്ന പേജ് പ്രത്യക്ഷപ്പെടും.

(വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക)
ഇവിടെ നമ്മുടെ മൊബൈല്‍ നമ്പര്‍ നല്‍കി Submit ബട്ടണ്‍ അമര്‍ത്തുക.

സ്റ്റൈപ്പ് 3

ഈ സമയം Aadhaar പോര്‍ട്ടലില്‍ നിന്നും നമ്മള്‍ നല്‍കിയ മൊബൈല്‍ നമ്പറിലേക്ക് ഒരു രഹസ്യകോഡ് ലഭിക്കും.
മൊബൈലില്‍ SMS രൂപത്തില്‍ ലഭിക്കുന്ന കോഡ് നല്‍കി (OTP No.) വീണ്ടും സബ്മിറ്റ് ചെയ്യുക.

(വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക)

സ്റ്റൈപ്പ് 4

ആധാര്‍ നമ്പര്‍ ഡൗണ്‍ലോഡ് ചെയ്യുവാനുള്ള ബട്ടണ്‍ അടങ്ങിയ പുതിയ പേജ് പ്രത്യക്ഷപ്പെടും.

(വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക)
ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ പാസ് വേര്‍ഡ് ഉപയോഗിച്ചുമാത്രം തുറക്കാവുന്ന PDF രൂപത്തില്‍ ആധാര്‍ കാര്‍ഡ് ലഭിക്കും. പാസ് വേര്‍ഡ് എന്തായിരിക്കുമെന്നത് മുകളില്‍ വന്നിരിക്കുന്ന പേജിന്റെ താഴെയായി ചുവന്ന മഷിയില്‍ രേഖപ്പെടുത്തിയിരിക്കും. മിക്ക അവസരത്തിലും നാം നല്‍കിയ പിന്‍കോഡ് ആയിരിക്കും പാസ് വേര്‍ഡ്. ഇനി ഡൗണ്‍ലോഡ് ചെയ്തോളൂ...നിങ്ങളുടെ ആധാര്‍ കാര്‍ഡ്...


Read More | തുടര്‍ന്നു വായിക്കുക

SETIGam Exam series 1

>> Thursday, June 13, 2013

പത്താം തരത്തിലെ വിദ്യാര്‍ത്ഥികളുടെ ഗണിതശാസ്ത്രപാഠപുസ്തകവുമായി ബന്ധപ്പെട്ട പുരോഗതി എത്രയെന്ന് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കുമെല്ലാം കമ്പ്യൂട്ടറിന്റെ സഹായത്തോടെ വിലയിരുത്താന്‍ സഹായിക്കുകയാണെങ്കിലോ? ഐടി പരീക്ഷയുടെ മാതൃകയില്‍ ചോദ്യങ്ങള്‍ നല്‍കി കുട്ടികളെക്കൊണ്ട് പ്രവര്‍ത്തനങ്ങള്‍ ചെയ്യിക്കുകയും തെറ്റുപറ്റുന്നുണ്ടെങ്കില്‍ കമ്പ്യൂട്ടര്‍ തന്നെ തിരുത്തിക്കൊടുക്കുകയുമാണെങ്കിലോ? സംഗതി എളുപ്പമായി. വിദ്യാഭ്യാസ മേഖലയില്‍ ഇത്തരമൊരു നൂതനപരീക്ഷണവുമായി എത്തിയിരിക്കുകയാണ് പാലക്കാട് കുണ്ടൂര്‍ക്കുന്ന് ടി.എസ്.എന്‍.എം.ഹൈസ്‌ക്കൂളിലെ ഗണിതശാസ്ത്രാധ്യാപകനായ എം എന്‍. പ്രമോദ്. SETIGam (സെറ്റിഗാം) എന്ന് പേരിട്ടിരിക്കുന്ന ഈ സോഫ്‌റ്റ്‌വെയര്‍ ഉബുണ്ടുവിലാണ് പ്രവര്‍ത്തിക്കുക. Self Evaluation Tool In Gambas എന്നതിന്റെ ചുരുക്ക രൂപമാണ് SETIGam എന്നത്. പത്താംതരത്തിലെ കുട്ടികള്‍ക്ക് അവര്‍ പഠിച്ച ഓരോ അധ്യായത്തിലേയും ആശയങ്ങളും വസ്തുതകളും എത്രത്തോളം മനസ്സിലായെന്നും അതിലെ ചോദ്യങ്ങള്‍ ഒരു യൂണിറ്റ് ടെസ്റ്റിലേതു പോലെ സമയബന്ധിതമായി എത്രത്തോളം ശരിയായി ചെയ്യാമെന്ന് സ്വയം കണ്ടെത്തുന്നതിന് ഈ സോഫ്‌റ്റ്‌വെയര്‍ വഴിയൊരുക്കുന്നു. ഉത്തരങ്ങള്‍ ശരിയല്ലെങ്കില്‍ എവിടെയാണ് തെറ്റുപറ്റിയതെന്ന് കണ്ടെത്തി പരിഹരിക്കുന്നതിനും ഈ സോഫ്‌റ്റ്‌വെയര്‍ സഹായിക്കുന്നു. സ്വയം മൂല്യനിര്‍ണയത്തിന് ഉപയോഗപ്പെടുത്താവുന്ന ഈ പരീക്ഷാ സോഫ്‌റ്റ്‌വെയര്‍ മാത്‌സ് ബ്ലോഗ് ടീമിലെ ജോണ്‍ സാര്‍ തയ്യാറാക്കിയ സമാന്തരശ്രേണികള്‍ മൊഡ്യൂള്‍ ഒന്നില്‍ കൊടുത്തിരിക്കുന്ന യൂണിറ്റ് ടെസ്റ്റ് ചോദ്യപേപ്പറിനെ അടിസ്ഥാനമാക്കിയാണ് തയ്യാറാക്കിയിരിക്കുന്നത്. സോഫ്‌റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ട വിധം ചുവടെ നല്‍കിയിരിക്കുന്നു.

ഈ സോഫ്‌റ്റ്‌വെയര്‍ തയ്യാറാക്കാന്‍ സഹായിച്ച പ്രോഗ്രാമിങ് ഭാഷയായ GAMBAS ന്റെ ചുരുക്കരൂപമാണ് SETIGam എന്ന പേരിലെ Gam പ്രതിനിധീകരിക്കുന്നത്. സ്‌ക്കൂള്‍ ലിനക്‌സിന്റെ ഒട്ടുമിക്ക പാക്കേജുകളിലും Programming എന്ന മെനുവില്‍ Gambas ഉള്‍പ്പെടുത്തിയിട്ടുണ്ട്. Microsoft Visual Basic ന് സമാനമായി Open source ല്‍ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ലളിതമായൊരു Programming language ആണ് Gambas. Gambas രൂപകല്പന ചെയ്ത Binoit Minsiniയുടെ കടുത്ത ആരാധകനായ പ്രമോദ് സാര്‍, താന്‍ പഠിച്ചെടുത്ത അറിവുകള്‍ വിദ്യാര്‍ത്ഥി സമൂഹത്തിന് ഉപകാരപ്പെടണമെന്ന ദൃഢനിശ്ചയത്തോടെയാണ് ഈ പ്രോഗ്രാം രൂപപ്പെടുത്തിയിരിക്കുന്നത്.

ആകെ 20 മാര്‍ക്കിനുള്ള 7 ചോദ്യങ്ങളാണ് ഈ സോഫ്‌റ്റ്‌വെയറിലുള്ളത്. ഇത്തരമൊരു പരീക്ഷയെഴുതുന്നതിനുള്ള പരമാവധി സമയം 20 മിനിറ്റാണെങ്കിലും കുട്ടിയുടെ നിലവാരത്തിനനുസരിച്ച് പരീക്ഷാ സമയം 10 മിനിറ്റ്, 15 മിനിറ്റ്, 20 മിനിറ്റ്, 30 മിനിറ്റ്, 45 മിനിറ്റ് എന്നിവയിലേതു വേണമെങ്കിലും സ്വയം ക്രമീകരിക്കാവുന്നതാണ്. 7 ചോദ്യങ്ങളും വായിച്ചു നോക്കി ഇഷ്ടമുള്ള ക്രമത്തില്‍ പരീക്ഷ ചെയ്യാവുന്നതാണ്. പരീക്ഷ പൂര്‍ത്തിയായതിനു ശേഷം ഓരോ ചോദ്യത്തിനും ലഭിച്ച മാര്‍ക്കുകളും കുട്ടി നല്‍കിയ ഉത്തരങ്ങളും ഉത്തരസൂചികയും നോക്കി സ്വയം വിലയിരുത്തല്‍ നടത്താവുന്നതുമാണ്. വേണമെങ്കില്‍ വീണ്ടും പരീക്ഷ ആവര്‍ത്തിക്കാവുന്നതുമാണ്. സമയസൂചികയും (Timer) പരീക്ഷാ ജാലകത്തില്‍ ദൃശ്യമാക്കിയിട്ടുണ്ട്. നിശ്ചിത സമയത്തിനുള്ളില്‍ പരീക്ഷ അവസാനിപ്പിക്കാനായില്ലെങ്കില്‍ ജാലകം അടക്കപ്പെടുകയും അതുവരെ ചെയ്ത ചോദ്യങ്ങളുടെ മൂല്യനിര്‍ണ്ണയം നടത്തപ്പെടുകയും ചെയ്യും. ഇത് സ്വയം മൂല്യനിര്‍ണ്ണയത്തിനുള്ള സാധ്യതകളില്‍ ഒന്നുമാത്രമാണ്. വിവരസാങ്കേതികവിദ്യ ഇത്രയേറെ വികസിച്ച ഇക്കാലത്ത് തെറ്റുകുറ്റങ്ങള്‍ കണ്ടെത്തി തിരുത്തി നമ്മുടെ കുട്ടികള്‍ക്ക് നല്‍കേണ്ടത് മാത്‌സ് ബ്ലോഗിനേപ്പോലെയുള്ള ആത്മാര്‍ത്ഥതയുള്ള അധ്യാപകരുടെ ഒരു കൂട്ടായ്മയുടെ കടമയാണെന്ന് വിശ്വസിക്കുന്നു.

Installation (സന്നിവേശം)
  1. ഇവിടെ നിന്നും SETIGam സോഫ്‌റ്റ്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കുക.
  2. ഡൗണ്‍ലോഡ് ചെയ്തപ്പോള്‍ ലഭിച്ച ICTChapter1.tar.gz എന്ന സിപ് ഫയല്‍ എക്‌സ്ട്രാക്ട് ചെയ്യുക.
  3. 9496352140-mathsexamap_0.0.7-1_all.deb എന്ന file dbl clk ചെയ്ത് Gdebi package installer വഴി administrator password നല്‍കി ഇന്‍സ്റ്റാള്‍ ചെയ്യുക.
  4. ഇന്‍സ്റ്റലേഷനു ശേഷം Application-Education -SETIGammathsexamAP എന്ന ക്രമത്തില്‍ ഈ സോഫ്‌റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.


Read More | തുടര്‍ന്നു വായിക്കുക

Club Activites in Schools

>> Monday, June 10, 2013

സ്കൂളില്‍ ക്ലബ്ല് പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്ന സമയാണ് ഇപ്പോള്‍. ഒട്ടേറെ ക്ലബ്ബുകള്‍ നമ്മുടെ സ്കൂളുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മികച്ച രീതിയില്‍ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടു പോകുവാന്‍ ഒട്ടു മിക്ക സ്കൂളുകളും പരിശ്രമിച്ചു കൊണ്ടിരിക്കുകയുമാണ്. സ്കൂളുകളിലെ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പരിമിതി ഫണ്ട് ലഭ്യതയിലാണ്. മികച്ച രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ കൊണ്ടു പോകുവാന്‍ ആവശ്യമായ ഫണ്ട് പലപ്പോഴും ലഭ്യമാകാറില്ല.അതു കൊണ്ടു തന്നെ പ്രവര്‍നങ്ങള്‍ നടത്തി എന്നു റിപ്പോട്ടെഴുതി തീര്‍ക്കുകയോ അല്ലായെങ്കില്‍ നടത്തി എന്നു വരുത്തി തീര്‍ക്കുകയോ ചെയ്യും. എന്നാല്‍ ഫണ്ട് ലഭ്യതാ സാധ്യതയുള്ളതും സ്കൂളില്‍ പ്രവര്‍ത്തിക്കുന്നതിനാവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നതുമായ ക്ലബ്ബുകളെ കുറിച്ചറിഞ്ഞാല്‍ ഏറെ കാര്യക്ഷമമായി നമുക്ക് വിവിധ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്താകുമെന്നതില്‍ സംശയമില്ല. ഇത്തരത്തിലുള്ള വിവിധ ക്ലബ്ബുകളെ പരിചയപ്പെടുത്തുകയാണ് മലപ്പുറം രാമന്‍കുത്ത് പി.എം.എസ്.എ യു.പി സ്ക്കൂളിലെ അധ്യാപകനായ വി.കെ വിനോദ്. ഈ ലേഖനത്തില്‍ വിശദീകരിച്ചിരിക്കുന്ന എല്ലാ ക്ലബ്ബുകളുടേയും സംഘാടകരുമായി നേരിട്ടും ഫോണിലുമെല്ലാം ബന്ധപ്പെട്ടാണ് അദ്ദേഹം ഈ വിവരങ്ങള്‍ ശേഖരിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഫലപ്രദമായ രീതിയില്‍ മുന്നോട്ടു പോകുന്നതിന് ഈ ലേഖനം സ്ക്കൂളുകളെ സഹായിക്കുമെന്ന് തീര്‍ച്ച. ചുവടെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ക്ലബ്ബുകളെക്കുറിച്ച് വായിച്ചറിയാം. അദ്ദേഹത്തിന് പ്രോത്സാഹനം നല്‍കുന്നതിനും സംശയദുരീകരണത്തിനും കമന്റ് ബോക്സ് ഫലപ്രദമായി വിനിയോഗിക്കുമല്ലോ.

ഇന്ന് നിരവധി ക്ലബ്ബുകള്‍ നമ്മുടെ സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഈ പോസ്റ്റില്‍ ഫണ്ട് ലഭ്യതാ സാധ്യതയുളളതും പ്രവര്‍ത്തന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നതുമായ ക്ലബ്ബുകളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രൈമറി തലം മുതല്‍ ഹയര്‍സെക്കന്ററി തലംവരെയുളള സ്‌കൂളുകളില്‍ ഇവയെല്ലാം തന്നെ ആരംഭിയ്ക്കാവുന്നതാണ്. ക്ലബ്ബുകളുടെ രൂപീകരണവുമായി ബന്ധപ്പെട്ട പരമാവധി വിവരങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്.

  1. ഊര്‍ജ്ജസംരക്ഷണ വേദി
  2. ലഹരി വിരുദ്ധ ക്ലബ്ബ്
  3. ഹെറിറ്റേജ് ക്ലബ്ബ്
  4. ഫോറസ്ട്രി ക്ലബ്ബ്
  5. കാര്‍ഷിക ക്ലബ്ബ്
  6. ഹരിത സേന
  7. ജലശ്രീ ക്ലബ്ബ്
  8. ലവ് ഗ്രീന്‍ ക്ലബ്ബ്
  9. പര്യാവരണ്‍ മിത്ര
  10. ആനിമല്‍ വെല്‍ഫെയര്‍ ക്ലബ്ബ്

1.ഊര്‍ജ്ജ സംരക്ഷണ വേദി

ഊര്‍ജ്ജസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുക എന്നതാണ് വേദിയുടെ ലക്ഷ്യം. വേദി രൂപീകരിച്ച് രജിസ്‌ട്രേഷനായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. വേദിയുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ തുക ഫണ്ട് ലഭ്യതയ്ക്ക് അനുസരിച്ച് എനര്‍ജി മാനേജ്‌മെന്റ് സെന്ററില്‍ നിന്നും അനുവദിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക. അംഗത്വത്തിനായി സ്ഥാപനമേലധികാരി മുഖാന്തിരം താഴെകാണുന്ന വിലാസത്തില്‍ അപേക്ഷിക്കേണ്ടതാണ്.

ഡയറക്ടര്‍,
എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍,
ശ്രീക്യഷ്ണനഗര്‍,
ശ്രീകാര്യം പോസ്റ്റ്,
തിരുവനന്തപുരം - 17

2.ലഹരി വിരുദ്ധ ക്ലബ്ബ്

മദ്യ-ലഹരി വിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി സ്‌കൂളുകളില്‍ ലഹരി വിരുദ്ധ ക്ലബുകള്‍ എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ രൂപീകരിക്കാവുന്നതാണ്. ക്ലബിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ തുക ഫണ്ടിന്റെ ലഭ്യതയും പ്രവര്‍ത്തന മികവും അനുസരിച്ച് ലഭിക്കുന്നതാണ്.
സംസ്ഥാന ജില്ലാതലങ്ങളില്‍ ഏറ്റവും മുന്തിയ പ്രവര്‍ത്തനം കാഴ്ച്ച വെയ്ക്കുന്ന ക്ലബിനും അംഗങ്ങള്‍ക്കും എവര്‍റോളിങ് ട്രോഫിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലഹരി വിരുദ്ധ ക്ലബ്ബ് ആരംഭിക്കുന്നതിനായി തൊട്ടടുത്ത എക്‌സൈസ് റെയിഞ്ച് ഓഫീസുമായി ബന്ധപ്പെടുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

3.ഹെറിറ്റേജ് ക്ലബ്ബ്

സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പിന്റെ നേതൃത്വത്തില്‍ സ്‌കൂളുകളില്‍ ഹെറിറ്റേജ് ക്ലബ്ബുകള്‍ ആരംഭിക്കാവുന്നതാണ്. വിദ്യാര്‍ത്ഥികളില്‍ നമ്മുടെ പൈതൃകസംരക്ഷണത്തില്‍ അവബോധം സൃഷ്ടിക്കുക അത് വഴി രാഷ്ട്രത്തോടും നമ്മുടെ സംസ്‌കാരത്തോടുമുളള ആഭിമുഖ്യം വളര്‍ത്തുക എന്നതാണ് ക്ലബ്ബിന്റെ ലക്ഷ്യം. ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ച്ച വെയ്ക്കുന്ന സ്‌കൂളുകള്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ എന്‍ഡോവ്‌മെന്റുകള്‍ എന്നിവയും നല്‍കിവരുന്നു.

രജിസ്‌ട്രേഷന്‍ ലഭിക്കുന്നതിനായി ക്ലബ്ബ് രൂപികരിച്ചതിന് ശേഷം ആ വിവരങ്ങള്‍ സഹിതം സ്ഥാപനമേലധികാരി മുഖാന്തിരം താഴെ കാണുന്ന വിലാസത്തില്‍ അപേക്ഷ അയക്കേണ്ടതുണ്ട്.

ദി ഡയറക്ടര്‍,
കേരള സ്റ്റേറ്റ് ആര്‍ക്കൈവ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്,
നളന്ദ, കവടിയാര്‍ പി ഒ,
തിരുവനന്തപുരം - 3

വിശദവിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

4.ഫോറസ്ട്രി ക്ലബ്ബ്

വനം പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ കുട്ടികളെ പങ്കാളികളാക്കുന്നതിന് സ്‌കൂളുകളില്‍ ഫോറസ്ട്രി ക്ലബ്ബുകള്‍ രൂപികരിക്കാവുന്നതാണ്. രജിസ്‌ട്രേഷന് ശേഷം കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി അതത് ജില്ലയിലെ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷനുമായി ബന്ധപ്പെടേണ്ടതുണ്ട്.
പ്രിന്‍സിപ്പല്‍ / ഹെഡ്മാസ്റ്റര്‍ രക്ഷാധികാരിയായും ഒന്നോ രണ്ടോ അദ്ധ്യാപകര്‍ സ്റ്റാഫ് ഗൈഡുകളായും 30-40 കുട്ടികള്‍ അംഗങ്ങളായും ഉളള ക്ലബ്ബ് രൂപികരിച്ചതിന് ശേഷം രജിസ്‌ട്രേഷനായി ഇവിടെയുളള അപേക്ഷാഫോറം പൂരിപ്പിച്ച് താഴെ കാണുന്ന വിലാസത്തിലേക്ക് അയക്കേണ്ടതാണ്.

രജിസ്‌ട്രേഷന്‍ ഫോറം ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ഡയറക്ടര്‍,
ഫോറസ്ട്രി ഇന്‍ഫര്‍മേഷന്‍ ബ്യൂറോ,
വഴുതക്കാട്,
തിരുവനന്തപുരം - 14
വനം വകുപ്പ് സൗജന്യമായി സംഘടിപ്പിക്കുന്ന പ്രക്യതി പഠന ക്യാമ്പുകളെ കുറിച്ചുള്ള വിശദ വിവരങ്ങളും - അപേക്ഷ ഫോമും

5.കാര്‍ഷിക ക്ലബ്ബ്

കുട്ടികളില്‍ കാര്‍ഷികാവബോധം വളര്‍ത്തുന്നതിനായി സ്‌കൂളുകളില്‍ കൃഷി ക്ലബ്ബുകള്‍ ആരംഭിക്കാവുന്നതാണ്. ഒരു ക്ലബില്‍ 20 മുതല്‍ 25 വരെ അംഗങ്ങള്‍ ആകാം. നാഷണല്‍ സര്‍വ്വീസ് സ്‌കീം, ഇക്കോ ക്ലബ്ബ്, ഫോറസ്ട്രി ക്ലബ്ബ് എന്നിവയുമായി സഹകരിച്ചും പ്രവര്‍ത്തനങ്ങള്‍ ചെയ്യാവുന്നതാണ്. പത്ത് സെന്റ് സ്ഥലമെങ്കിലും കൃഷിക്കായി (വെജിറ്റബിള്‍ കള്‍ട്ടിവേഷന്‍ പ്രോഗ്രാം) മാറ്റിവെയ്‌ക്കേണ്ടതുണ്ട്.
പ്രവര്‍ത്തനമികവ് കണക്കിലെടുത്താണ് , ഫണ്ട് ലഭ്യതയ്ക്കനുസരിച്ച് വിത്ത്, വളം, ഉപകരണങ്ങള്‍, ട്രെയിനിങ് എന്നിവയ്ക്കായി തുക അനുവദിക്കുന്നത്. കൂടാതെ കാര്‍ഷികപ്രവര്‍ത്തനങ്ങളുടെ മികവിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനതലത്തില്‍ ഏറ്റവും നല്ല വിദ്യാലയം, ഏറ്റവും നല്ല സ്ഥാപന മേധാവി, ഏറ്റവും നല്ല ടീച്ചര്‍, എറ്റവും നല്ല വിദ്യാര്‍ത്ഥി എന്നിവരേയും തിരെഞ്ഞടുക്കാറുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്കായി തൊട്ടടുത്ത കൃഷിഭവനുമായി ബന്ധപ്പെടുക.

6.ദേശീയ ഹരിത സേന

പാരിസ്ഥിതിക വിദ്യാഭ്യാസം കുട്ടികള്‍ക്ക് പകര്‍ന്ന് നല്‍കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിക്കൊണ്ട് 'കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍' നടപ്പിലാക്കുന്ന 'ദേശീയ ഹരിതസേന' - ഇക്കോ ക്ലബ്ബ് സ്‌കൂളുകളില്‍ ആരംഭിക്കാവുന്നതാണ്. ക്ലബ്ബിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ ഫണ്ട് ലഭിക്കുന്നതാണ്. മാത്രമല്ല സംസ്ഥാന തലത്തിലെ ഏറ്റവും മികച്ച ക്ലബ്ബിനും അതത് ജില്ലകളിലെ ഏറ്റവും മികച്ച ക്ലബ്ബിനും അവാര്‍ഡുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇക്കോ ക്ലബ്ബിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കായി അതത് ജില്ലയുടെ കോര്‍ഡിനേറ്ററുമായി ബന്ധപ്പെടേണ്ടതാണ്. അതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

7.ജലശ്രീ ക്ലബ്ബ്

ജലവകുപ്പിന്റെ കീഴിലുളള സി.സി.ഡി.യു.വി.ന്റെ നേതൃത്വത്തില്‍ സ്‌കൂളുകളില്‍ ജലശ്രീ ക്ലബ്ബുകള്‍ ആരംഭിക്കാവുന്നതാണ്. വിദ്യാലയങ്ങളെ 'ജല സൗഹൃദ മുറ്റങ്ങള്‍' ആക്കി മാറ്റുക എന്നതാണ് ക്ലബ്ബിന്റെ ലക്ഷ്യം. മഴവെളള സംഭരണികള്‍ സ്ഥാപിക്കല്‍, മഴക്കുഴി നിര്‍മ്മാണം, കിണറുകള്‍ റീച്ചാര്‍ജ് ചെയ്യല്‍, ഫീല്‍ഡ് ട്രിപ്പുകള്‍, ഗ്രാമീണ കൂട്ടായ്മകള്‍, എക്‌സിബിഷനുകള്‍ തുടങ്ങി ഒട്ടേറെ പ്രവര്‍ത്തനങ്ങളാണ് ക്ലബ്ബിനുളളത്. കൂടാതെ കുടിവെളളം പരിശോധിക്കാനുളള സൗജന്യ കിറ്റുകളും ലഭ്യമാക്കും. അദ്ധ്യാപകര്‍ക്കുളള പരിശീലനവും നല്‍കും. ഫണ്ടിന്റെ ലഭ്യതയ്ക്ക് അനുസരിച്ച് സാമ്പത്തിക സഹായങ്ങളും ലഭിക്കും. മികച്ച പ്രവര്‍ത്തനം കാഴ്ച്ച വെക്കുന്ന സ്‌കൂളുകള്‍ക്ക് പുരസ്‌കാരങ്ങളും ക്യാഷ് അവാര്‍ഡുകളും ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
രജിസ്‌ട്രേഷനായി ഇവിടെയുളള അപേക്ഷാഫോറം പൂരിപ്പിച്ച് താഴെ കാണുന്ന വിലാസത്തിലേക്ക് അയക്കേണ്ടതാണ്.

ദി ഡയറക്ടര്‍, സി സി ഡി യു,
ഫസ്റ്റ് ഫ്‌ളോര്‍, പി ടി സി ടവര്‍,
എസ് എസ് കോവില്‍ റോഡ്,
തമ്പാനൂര്‍, തിരുവനന്തപുരം - 1
ഇമെയില്‍: ccdu@gmail.com

8.ലവ് ഗ്രീന്‍ ക്ലബ്ബ്

ജപ്പാന്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എന്‍. ജി. ഒ. ആയ ഓയിസ്‌ക ഇന്റര്‍നാഷണലിന്റെ ദക്ഷിണഭാരതത്തിലെ ഓഫീസ് ലവ് ഗ്രീന്‍ ക്ലബ്ബുകള്‍ എന്ന പേരില്‍ സ്‌കൂളുകളില്‍ പരിസ്ഥിതി ക്ലബ്ബുകള്‍ ആരംഭിക്കുന്നതിനുളള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി വരുന്നു. ക്ലബ്ബുകള്‍ രൂപികരിക്കുന്നതിനായി അടുത്തുളള ഒയിസ്‌ക ചാപ്‌റ്റേഴ്‌സുമായി ബന്ധപ്പെടേണ്ടതാണ്. ഒയിസ്‌ക ചാപ്‌റ്റേഴ്‌സ് ഏതെല്ലാമാണെന്നറിയുവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

അപേക്ഷാഫോറം ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

9. പര്യാവരണ്‍ മിത്ര

സ്‌കൂള്‍ കുട്ടികളെ പരിസ്ഥിതിയുടെ മിത്രം ആക്കി മാറ്റുക എന്നതാണ് പര്യാവരണ്‍ മിത്രയുടെ ലക്ഷ്യം. അംഗത്വം നേടുന്ന സ്‌കൂളുകള്‍ക്ക് പര്യാവരണ്‍ മിത്രയുടെ പ്രാദേശിക റിസോഴ്‌സ് ഏജന്‍സികളുമായി കൂടുതല്‍ സഹായങ്ങള്‍ക്ക് ബന്ധപ്പെടാവുന്നതാണ്.
ഓണ്‍ലൈന്‍ രജിസ്‌ട്രേഷനായി ഇവിടെ ക്ലിക്ക് ചെയ്യുക.
അപേക്ഷഫോറം പി ഡി എഫ് രൂപത്തില്‍ ലഭിക്കുന്നതിന് ഈ ലിങ്ക് സന്ദര്‍ശിക്കു.

അപേക്ഷ അയക്കേണ്ട വിലാസം

പ്രോഗ്രാം കോര്‍ഡിനേറ്റര്‍,
സെന്‍ട്രല്‍ ഫോര്‍ എന്‍വിയോണ്‍മെന്റ് എഡ്യൂക്കേഷന്‍,
'പുഷ്പ', അംബിക റോഡ്,
പളളിക്കുന്ന്,കണ്ണൂര്‍ 670004

10. ആനിമല്‍ വെല്‍ഫെയര്‍ ക്ലബ്ബ്

മൃഗസംരക്ഷണ വകുപ്പിന്റെ സഹായത്താല്‍ സ്‌കൂളുകളില്‍ ആനിമല്‍ വെല്‍ഫെയര്‍ ക്ലബ്ബുകള്‍ ആരംഭിക്കാവുന്നതാണ്. പി. ടി.എ യുമായി സഹകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്. ഈ സ്‌കീമിനെകുറിച്ച് കൂടുതല്‍ അറിയുവാന്‍ സ്‌കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തെ മൃഗാശുപത്രിയുമായി ബന്ധപ്പെടുക.

ഇത്രയും വിവരങ്ങള്‍ ശേഖരിച്ച് ക്രോഡീകരിച്ച് അധ്യാപകര്‍ക്കു സമര്‍പ്പിക്കുന്ന വിനോദ് സാര്‍ തികച്ചും അഭിനന്ദനമര്‍പ്പിക്കുന്നു. അഭിപ്രായങ്ങളും സംശയങ്ങളും കമന്റായി രേഖപ്പെടുത്തുമല്ലോ.


Read More | തുടര്‍ന്നു വായിക്കുക

ജൂണ്‍ മൂന്ന് - കുട്ടികളുടെ പ്രവേശനോത്സവം

>> Sunday, June 2, 2013

(വിദ്യാഭ്യാസവിചക്ഷണനും എഴുത്തുകാരനുമായ നമ്മുടെ സ്വന്തം രാമനുണ്ണിമാഷ് അധ്യാപകര്‍ക്കായി തയ്യാറാക്കിയ പുതുവര്‍ഷസന്ദേശം)
ഋതുക്കളില്‍ മികച്ച അനുഭവങ്ങള്‍ വര്‍ഷത്തിലും വസന്തത്തിലുമാണ്`. മാനസികവും ശാരീരികവുമായ അനുഭവങ്ങള്‍ക്ക് പുറമേ പ്രകൃതിയിലും പരിസ്ഥിതിയിലും സ്ഥലകാലങ്ങളിലും അനുഭവ സമ്പന്നത ഈ ഋതുക്കളില്‍ കൂടും. മിതമായ ശീതതാപങ്ങളും പൂത്തും തളിര്‍ത്തുമുള്ള ഹരിതാഭമായ പ്രകൃതിയും സമൃദ്ധമായ ജലസാന്നിദ്ധ്യവും ഇതിനൊക്കെ കാരണമാവാം. വേനലുമായി താരതമ്യം ചെയ്യുമ്പോഴാണിത് അനുഭവവേദ്യമാകുക. സ്വന്തവും പങ്കുവെക്കപ്പെട്ടതുമായ അനുഭവങ്ങള്‍ക്ക് അത്രമാത്രം പ്രാധാന്യം നല്കുന്ന പഠനപ്രക്രിയകള്‍ ആരംഭിക്കാന്‍ അതുകൊണ്ടുതന്നെ ഏറ്റവും ഉചിതമായ കാലം ജൂണ്‍ ആദ്യം തന്നെ. വേനല്‍പൂട്ടിന്നു ശേഷം പഠനത്തിനുള്ള പുതു വര്‍ഷത്തുറക്കല്‍ കുട്ടിക്ക് മാത്രമല്ല സമൂഹത്തിന്ന് മുഴുവന്‍ സക്രിയമാകുന്നത് ഈയൊരു ഔചിത്യം കൊണ്ടുകൂടിയാണ്`. പുത്തനുടുപ്പും പുതിയ സ്ലേറ്റുമായുള്ള ആദ്യ സ്കൂള്‍ യാത്ര വിഷയമാക്കുന്ന എഴുത്തുകാര്‍ ലോകമെമ്പാടും സുലഭമായതിലും ആശ്ചര്യമില്ല.

രാവിലെ കുളിച്ച് പുതിയ ഉടുപ്പും പുസ്തകവും ഒരുക്കി സ്കൂളിലേക്ക് യാത്രയാക്കപെടുന്ന കുട്ടി വൈകീട്ട് വീട്ടിലെത്തുന്നത്, ചെളിയും വെള്ളവും നനഞ്ഞ് പുസ്തകത്തിന്റെ പൊതിച്ചിലുകള്‍ കീറിപ്പറിഞ്ഞ് കുടയുടെ വില്ലുകള്‍ അറ്റ് - എങ്കിലും വളരെ ഉത്സാഹവാനായി / വതിയായിട്ടാ-ണ്`. അതിനു വീട്ടിലെത്തിയാല്‍ അമ്മയില്‍ നിന്ന് കേള്‍ക്കുന്ന സ്നേഹപൂര്‍ണ്ണമായ ഭര്‍സനങ്ങള്‍ എന്നും പതിവുമാണ്`. ശകാരവും ലഹളയും സ്നേഹപൂര്‍ണ്ണമാകുന്നത് , 'കുട്ടി ' എന്ന വാത്സല്യത്തേക്കാള്‍ ഭൗതികമായ ഈ ചെളിയും വെള്ളവും... തന്റെ കുട്ടിക്ക് ലഭിച്ച അസംഖ്യം അനുഭവങ്ങളുടെ മുദ്രകളാണെന്നും അതൊക്കെയും തന്റെ കുട്ടിക്ക് അറിവും വളര്‍ച്ചയും നല്കിയിരിക്കുന്നു എന്നും ഉള്ള അംഗീകാരപത്രങ്ങളാവുന്നതുകൊണ്ടാണ്`. ഓരോ ദിവസവും കുട്ടി തനിക്ക് ലഭിക്കുന്ന നൂറുനൂറ് അനുഭവങ്ങളിലൂടെ വളരുകയാണ്`.

അനുഭവങ്ങള്‍കൊണ്ട് അനുഗൃഹീതമായ ജൂണ്‍ സ്കൂള്‍ തുറപ്പ് ഇതുകൊണ്ടൊക്കെ ഏറ്റവും സന്തോഷത്തോടെ ഏറ്റെടുക്കുന്നത് [ ണ്ടത് ] അദ്ധ്യാപകരാണ്`. പ്രവേശനോത്സവങ്ങളിലൂടെ , പുതിയ പാഠങ്ങളിലൂടെ .... നിരന്തരമായ ക്ലാസ്റൂം പ്രവര്‍ത്തനങ്ങളിലൂടെ ലക്ഷക്കണക്കിന്ന് കുട്ടികളെ വളര്‍ത്തിയെടുക്കാന്‍ അവസരം ലഭിക്കുകയാണവര്‍ക്ക്. അദ്ധ്യാപകര്‍ക്കല്ലാതെ ഈയൊരു ഭാഗ്യം ലോകത്തില്‍ മറ്റൊരു സര്‍വീസ് സമൂഹത്തിനും ഒരിക്കലും ലഭിക്കുന്നില്ല. ഏറ്റവും മികച്ച പൗരന്മാരെ ഉരുവപ്പെടുത്തുകയാണവര്‍. ഒരു നല്ല രാജ്യം സൃഷ്ടിക്കാനവസരം ലഭിക്കുന്നതുകൊണ്ടാണവര്‍ ഗുരുക്കന്മാരായി നില്‍ക്കുന്നത്. ഗുരു ആത്യന്തികമായി ശിഷ്യനെയല്ല ഒരു സമൂഹത്തെ, രാഷ്ട്രത്തെയാണ്` നിര്‍മ്മിക്കുന്നത്. ഭാവിയെയാണ്` കെട്ടിപ്പടുക്കുന്നുന്നത്. കാലത്തേയും സമൂഹത്തേയും നിര്‍മ്മിക്കുകയാണ്`.

നല്ലൊരുകാലത്തെ പണിതുയര്‍ത്താനാവുന്നതുകൊണ്ടാണ്` ഗുരു മഹാനും കാലാതിവര്‍ത്തിയുമാകുന്നത് . സാന്ദീപനിയും വസിഷ്ഠനും ദ്രോണനും ശുക്രനും സോക്രട്ടീസും പ്ലാറ്റോയും ടാഗോറും മഹാഗുരുക്കന്മാരായത് അങ്ങനെയാണ്`. അമ്മയെക്കുറിച്ച് 'നല്ല മക്കളെപ്പെറ്റ വയറേ തണുക്കുള്ളൂ ' എന്നു പറയും പോലെ [ഗുരുവിനെ സംബന്ധിച്ച് ] നല്ല ശിഷ്യരെ.... എന്നും മനസ്സിലാക്കണം. സമൂഹം ഇതിനുള്ള എല്ലാ അവസരവും ഒരുക്കിവെക്കുന്നുണ്ട്. സമൂഹം വിദ്യാഭ്യാസരംഗത്ത് നിക്ഷേപിക്കുന്ന ഒരു പാട് ധനത്തെക്കുറിച്ചല്ല; ഒരു പാട് പ്രതീക്ഷകളെക്കുറിച്ചാണ് നാം അദ്ധ്യാപകര്‍ വേവലാതിപ്പെടേണ്ടത്.

തുടക്കം ഈ പുതുമഴത്തുള്ളികളിലൂടെയാവണം. നല്ലൊരു സമൂഹത്തിലേക്കൊഴുകുന്ന മഹാനദിയായി ഇതിനെ സമാഹരിച്ച് വളര്‍ത്തിയെടുക്കണം. നദീതടങ്ങളെന്നും സംസ്കാരത്തിന്റെ കളിത്തൊട്ടിലുകളുമായിരിക്കുമല്ലോ.


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer