Showing posts with label സംവാദം. Show all posts
Showing posts with label സംവാദം. Show all posts

മാറുന്ന പഠനമാതൃകകള്‍..!

>> Sunday, July 16, 2017

'സ്മാര്‍ട്ട് സ്കൂളുകളു'ടെ ആവിര്‍ഭാവവും അതനുസരിച്ചുള്ള അധ്യാപക പരിശീലനങ്ങളും പുതിയ അധ്യയനവര്‍ഷത്തിലെ രജത രേഖകളാണ്.എന്നാല്‍, ക്ലാസ് മുറിയുടെ അകവും പുറവും ഒരേ പോലെ ഉപയോഗിക്കാന്‍ കഴിയണമെന്നും അത്തരത്തില്‍ അധ്യയനവും പഠനവും പരിവര്‍ത്തിക്കപ്പെടണമെന്നുമാണ് നമ്മുടെ രാമനുണ്ണിമാഷ് പറഞ്ഞുവരുന്നത്.എത്രയൊക്കെ തുടര്‍ പരിശീലനങ്ങള്‍ കിട്ടിയിട്ടും ഇപ്പോളും പഴയ ലക്‌ചറിംഗ് രീതി തന്നെ പിന്തുടരുന്നവര്‍ ഉണ്ട്. കാറ്റും വെളിച്ചവും ഇനിയും ഈ മേഖലയില്‍ കുറെ കടക്കാനുണ്ട് . കുട്ടിയേയും അധ്യാപകനെയും ക്ലാസ്സില്‍ തന്നെ പിടിച്ചു കെട്ടി ഇട്ടാലെ വിദ്യാഭ്യാസം നടക്കൂ എന്നാ ചിന്ത ഉള്ളവര്‍ വിരളം പേരെങ്കിലും ഉണ്ട് .
അസൗകര്യങ്ങളുടെ കാര്യത്തിൽ നമ്മുടെ പൊതുവിദ്യാലയങ്ങൾ സമ്പന്നമാണ്! അസൗകര്യങ്ങൾ നിരന്തരം പരിഹരിക്കപ്പെടുന്നു. പലതലങ്ങളിൽനിന്നുള്ള ഇടപെടലുകൾ അനുനിമിഷം നടക്കുന്നു. തത്ഫലമായി ചില അസൗകര്യങ്ങൾ പരിഹരിക്കപ്പെടുന്നു. അതോടെ പുതിയ ചില പ്രശ്നങ്ങൾ ഉടലെടുക്കുന്നു. മനുഷ്യാദ്ധ്വാനവും പണവും ഒട്ടനവധി ചെലവാക്കപ്പെടുന്നു. ഇത് തുടർച്ചയായി സംഭവിച്ചുകൊണ്ടിരിക്കുന്നു.
എത്രയൊക്കെ ശ്രമിച്ചാലും അസൗകര്യരഹിതമായ ഒരു സ്കൂൾ ഭാവനയിൽ പോലും സാധ്യമല്ല. സ്കൂൾ എന്നല്ല ഒരു സ്ഥാപനവും സംവിധാനവും സാധ്യമല്ല. ഉള്ള സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തലാണ് പ്രശ്നപരിഹാരത്തിനുള്ള ആദ്യ ചുവട്. ചെറിയ ചെറിയ ഒരുക്കിയെടുക്കലുകളിലൂടെ അവസ്ഥമാറ്റിയെടുക്കാൻ തുടങ്ങണം എന്നൊരു സങ്കൽപ്പമാണ് LEMS [ Learning Experience Management System ] കൊണ്ട് SSWEET [ Society Seeking the Ways of Effective Educational trends ] ആലോചിച്ചത്. അതുതന്നെ ശാസ്ത്രീയമായ ചിന്തകൾ അടിസ്ഥാനമാക്കിയാവണം. കേവലമായ / യാന്ത്രികമായ പ്രവർത്തനങ്ങളാണ് പൊതുവെ നമുക്ക് ശീലം. വ്യക്തിയായാലും സ്ഥാപനമായാലും അങ്ങനെയാണ്. നല്ല തുടർച്ചകളേ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കൂ.
LEMS 1. Developing Learning Space
പഠനയിടം സംബന്ധിച്ച വികസനമാണിത്. സ്കൂളിൽ ഇപ്പൊഴും ക്ലാസ് മുറിയാണ് പഠന ഇടം. അവിടെയുള്ള സ്ഥിരം സാംബ്രദായിക സൗകര്യങ്ങളും. കുട്ടിക്കനുകൂലമായി ബഞ്ച് ഡസ്ക് ബോർഡ് എന്നിവപോലും സജ്ജീകരിക്കാൻ നാമൊരുക്കമല്ല. ക്ലാസിനുപുറത്തുള്ള കളിസ്ഥലം, മരച്ചുവട്, ഒഴിഞ്ഞയിടങ്ങൾ ഒന്നും പഠനയിടമായി നാം കണ്ടിട്ടില്ല. ഒരു പാഠം നാടകമാക്കി അവതരിപ്പിക്കുന്ന പഠനപ്രവർത്തനം ക്ലാസിന്ന് പുറത്ത് മറ്റുകുട്ടികളുടെ കൂടി സാന്നിദ്ധ്യത്തിൽ ഇന്നേവരെ നാം ചെയ്തു നോക്കീട്ടില്ല. അതിന്നനുസൃതമായി ഒരു ദിവസത്തെ പീര്യേഡ് ക്രമീകരിക്കൽ ആലോചിക്കാറില്ല. ഒരു ക്ലാസിലെ കുട്ടികൾ ചെയ്യുന്ന കവിയരങ്ങ്, ശാസ്ത്രപരീക്ഷണം , ഗണിതക്വിസ്സ് ..... മറ്റൊരു ക്ലാസിലെ / സ്റ്റാൻഡേർഡിലെ കുട്ടികൾക്കും ആവശ്യമാണെന്ന് ഇന്നേവരെ നമുക്ക് തോന്നിയിട്ടില്ല. സമഗ്രതയിൽ പഠനപ്രവർത്തനങ്ങൾ കൈകാര്യം ചെയ്യാവുന്ന എസ് ആർ ജി കൾ പി ടി എ കൾ ഒന്നും നാമാലോചിക്കാറില്ല. ഉച്ചഭക്ഷണവും സ്കൂൾബസ്സും ഈ സമഗ്രത പാലിക്കുന്നുണ്ടെങ്കിൽ അതിനേക്കാളധികം ആവശ്യമുള്ള പഠനപ്രവർത്തനം ഇനിയും ആ വഴിക്ക് വന്നിട്ടില്ല. ലാബും ലൈബ്രറിയും കമ്പ്യൂട്ടറും നെറ്റും ക്ലാസുകളിലല്ല , മറിച്ച് അടച്ചുപൂട്ടിയ മുറികളിൽ തുറവി കാത്തിരിക്കയാണല്ലോ !
LEMS 2 . Managing Learning Space
നിലവിലുള്ള പഠന ഇടങ്ങളൊന്നും സാംബ്രദായികതയിൽ നിന്ന് വികസിക്കപ്പെടുന്നില്ല. ബോർഡ് നന്നായി ഉപയോഗിക്കുന്നുവെങ്കിൽ ചുമരിന്ന് ആ സാധ്യത കാണുന്നില്ല. ലാബിലെ കമ്പ്യൂട്ടർ കുട്ടിക്കും ടീച്ചർക്കും കയ്യെത്തുന്ന ദൂരത്തിലല്ല. കുട്ടി / ടീച്ചർ കമ്പ്യൂട്ടറിനടുത്തേക്ക് പോകയല്ല , കമ്പ്യൂട്ടർ ഇവരുടെ കയ്യകലത്തിൽ എത്തുകയാണ് വേണ്ടത്. സ്കൂളിലെ മിക്കതും കുട്ടിയുടെ അടുത്തെക്കല്ല , കുട്ടി അതിന്റെ അടുത്തേക്ക് ഓടുകയാണ് ഇന്ന്. കുട്ടി ബസ്സിനടുത്തേക്ക് ഓടുകയാണ്. സ്കൂളിന്ന് പുറത്ത് ബസ്സ് നമ്മുടെ അടുത്തേക്ക് വരികയാണ്. ഇന്റെർനെറ്റ് ഇങ്ങോട്ട് വരുമ്പോൾ സ്കൂളിൽ കുട്ടി നെറ്റിനടുത്തേക്കാണ് ഓട്ടം. കുട്ടിയുടെ / ടീച്ചറുടെ അടുത്തേക്ക് പഠന ഇടങ്ങൾ വരുന്ന രീതിയിൽ സജ്ജീകരിക്കാനാണ് LEMS ശ്രമിക്കുന്നത്. പുസ്തകം, കളിപ്പാട്ടം, പഠനോപകരണം, ബോർഡ്, പാഠം, പരീക്ഷ എല്ലാം കുട്ടിയുടെ അടുത്തേക്ക് മാറ്റിസ്ഥാപിക്കപ്പെട്ടാൽ ഉണ്ടാവുന്ന സ്കൂൾ വികസനം ആലോചിച്ച് നോക്കൂ.
പഠനയിടത്തെ മെരുക്കിയെടുക്കൽ മനോഭാവങ്ങളുടെ വികസനത്തിലൂടെ നിഷ്പ്രയാസമായി ചെയ്തെടുക്കാമെന്ന് LEMS കയിലിയാട് സ്കൂളിലും വലമ്പിലിമംഗലം സ്കൂളിലും ഒക്കെ നിർവഹിച്ചുകൊണ്ടിരിക്കുകയാണ്. ആവശ്യാനുസരണം പുതുക്കിയെടുക്കുകയാണ്. ചില മാതൃകകൾ അവിടത്തെ അദ്ധ്യാപകരും കുട്ടികളും രക്ഷിതാക്കളുമായി ആലോചിച്ച് ഉണ്ടാക്കപ്പെടുന്നുണ്ട്. കയിലിയാട് എ എൽ പി സ്കൂളിലെ ഒന്നാം ക്ലാസും അവിടത്തെ നന്ദിനിടീച്ചറും വേറിട്ട ഒരു മാതൃക സൃഷ്ടിക്കുകയാണ്. പാലക്കാട് ജില്ലയിലെയും തൃശ്ശൂർ ജില്ലയിലേയും പലസ്കൂളുകളും പുതിയ മോഡലുകൾ ഉണ്ടാക്കിയെടുക്കുകയാണ്.


Read More | തുടര്‍ന്നു വായിക്കുക

കലോത്സവം എങ്ങനെ ആകണം?

>> Thursday, January 26, 2017

സംസ്ഥാന സ്കൂള്‍ കലോത്സവത്തിനു കൊടിയിറങ്ങി! എല്ലാ തവണത്തെയും പോലെ മാനുവല്‍ പരിഷ്കരണവും അപ്പീലുകളുടെ നിയന്ത്രണവും ഗ്രേസ് മാര്‍ക്കുകള്‍ എടുത്തു തോട്ടിലെറിയേണ്ടതിന്റെ ആവശ്യവും പത്ര ദൃശ്യ മാധ്യമങ്ങളിലും അധ്യാപക ഗ്രൂപ്പുകളിലുമൊക്കെ ഒച്ചവെച്ച് തളര്‍ന്നുറങ്ങി! ഇനി, അടുത്ത തൃശൂര്‍ കലോത്സവം കഴിയുമ്പോള്‍ പൂര്‍വ്വാധികം ശക്തിയായി ഈ വാദമുഖങ്ങളൊക്കെ ഒച്ചവെച്ചുണരും...പതിവുപോലെ തളര്‍ന്നുറങ്ങും!!
ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കം ഏറ്റവും വലിയ പഠനപ്രവര്‍ത്തനമായി വളരണമെന്നാണ് രാമനുണ്ണിമാഷ് ഇവിടെ പറഞ്ഞുവയ്ക്കുന്നത്. അനുകൂലമായോ എതിരായോ കമന്റുബോക്സിലൂടെ നിങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാം..
ഒരു മാറ്റം ആഗ്രഹിക്കുന്നുവെന്ന് അധികാരികള്‍പോലും പറ‍ഞ്ഞുതുടങ്ങുമ്പോള്‍, അതെങ്ങനെ ആയിരിക്കണമെന്ന ഇദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് ഒരുപാട് പ്രസക്തിയുണ്ടെന്ന് ഞങ്ങള്‍ കരുതുന്നു..
വായിക്കൂ...പ്രതികരിക്കൂ!!
Click here to Read the Article


Read More | തുടര്‍ന്നു വായിക്കുക

പ്രൊഫഷണൽ കോഴ്‌സും ഉപജീവനവും.

>> Sunday, October 4, 2015

നമ്മുടെ ടി.ടി.സി കുട്ടികൾ എവിടെപ്പോകുന്നു ? പരീക്ഷ കഴിഞ്ഞ് ജയിച്ച് പ്രതിവർഷം 5000 ത്തോളം കുട്ടികൾ പുറത്തു വരുന്നുണ്ട്. അവരൊക്കെ പിന്നെ എവിടെപ്പോകുന്നു എന്നാലോചിച്ചിട്ടുണ്ടോ? സർക്കാർ - എയ്ഡഡ് സ്കൂളുകളിൽ ടീച്ചര്‍മാരായി പ്രവേശനം ലഭിക്കുന്നത് 10-12 ശതമാനം കുട്ടികൾക്ക് മാത്രമാണല്ലോ. അതും അക്കൊല്ലം ആവണമെന്നില്ല. നാലും അഞ്ചും വർഷം കാത്തിരുന്നിട്ട്. 10-15 ശതമാനം കുട്ടികൾ അൺ എയ്ഡഡ് സ്കൂളുകളിൽ ചെന്നു കൂടുന്നു. ബാക്കിവരുന്നവരൊക്കെ എന്തു ചെയ്യുന്നു എന്നാരാലോചിക്കാൻ എന്നാവരുതല്ലോ സ്ഥിതി ?

നാമെല്ലാവരും, പ്രത്യേകിച്ച് ഇത്തരം കോഴ്സുകളുടെ കരിക്കുലം രൂപീകരണരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, മനസ്സിരുത്തി വായിക്കേണ്ടതാണ് രാമനുണ്ണിമാഷിന്റെ നിര്‍ദ്ദേശങ്ങള്‍.. 

ടീച്ചർ എഡ്യൂക്കേഷൻ എല്ലാ തലത്തിലും മികച്ച നിലവാരത്തിൽ നമ്മുടെ സംസ്ഥാനത്ത് നടപ്പാക്കുന്നുണ്ട്. ഡയറ്റ് പോലുള്ള സ്ഥാപനങ്ങളുടെ ശക്തമായ മേൽനോട്ടമുള്ള പാലക്കാട് പോലുള്ള ജില്ലകളിൽ ഇക്കാര്യം വളരെ വലിയൊരളവിൽ ശരിയാണ്`. ഏറ്റക്കുറച്ചിലുകൾ ഉണ്ടാവാമെങ്കിലും സംസ്ഥാനത്തൊട്ടാകെ നിലവാരമുള്ള ടീച്ചർ എഡ്യൂക്കേഷൻ സംവിധാനങ്ങളുണ്ട്. ടി.ടി.സി നിലവിലെ സാഹചര്യത്തിനനുസൃതമായി വളരെയേറെ പുതുക്കിയെടുത്ത് ഡിപ്ളോമാ കോർസാക്കിയിട്ട് ഒരു ബാച്ച് പുറത്തു വന്നു കഴിഞ്ഞു. ക്ളാസ് റൂം പ്രവർത്തനങ്ങൾ, മെന്ററുടെ മേൽനോട്ടത്തിലുള്ള പരിശീലനങ്ങൾ, മികച്ച പ്രാക്ടിക്കൽ പരീക്ഷകൾ , ഉത്തരവാദിത്വപൂർവം ഇടപെടുന്ന അദ്ധ്യാപകർ, പ്രക്രിയാ ബന്ധിതമായ പ്രവർത്തനങ്ങളിലൂടെ പരിശീലനം നേടുന്ന കുട്ടികൾ, സമൂഹ്യ സമ്പർക്ക പരിപാടികൾ, സെമസ്റ്റർ സ്വഭാവം എന്നിങ്ങനെ നവീകരിച്ച ഡി എഡ്ഡ് മികവുറ്റ ഒരു കോർസായി മാറിയിട്ടുണ്ട്. എന്നിട്ടും കോർസ് കഴിഞ്ഞ നമ്മുടെ കുട്ടികൾ പിന്നെ എവിടെ പോകുന്നു എന്നാലോചിക്കുമ്പോൾ ആവേശകരമായി ഒന്നും തന്നെയില്ല. 

ഒരു പ്രൊഫഷണൽ കോർസാണ്` എന്നും ടി. ടി.സി . താരതമ്യേന സാധാരണക്കാരന്റെ - അതും പെൺമക്കളുടെ കാര്യത്തിൽ അധികം കരുതലോടെ - തെരരഞ്ഞെടുപ്പായാണ്` ഈ കോർസ് പണ്ടുമുതലേ . ടി. ടി. സി ക്ക് വിട്ടാൽ അവൾക്ക് / അവന്ന് ചോറായി എന്നായിരുന്നു കാരണവന്മാരുടെ ചിന്ത. അന്നത് മിക്കവാറും ശരിയുമായിരുന്നു. പഠിപ്പുകഴിഞ്ഞാൽ പണി ഉറപ്പായിരുന്നു . ജീവിതം വലിയ അല്ലലില്ലാതെ മുന്നോട്ടുകൊണ്ടുപോകാമായിരുന്നു. പിന്നീട് സ്ഥിതിഗതികൾ മാറുകയും ജോലിക്ക് ഉറപ്പില്ലാതാവുകയും ചെയ്തു വെന്നത് സമകാലിക അവസ്ഥ . അത് ചർച്ച ചെയ്യേണ്ട എന്നല്ല ; അതിനേക്കാളധികം ' ഒരു പ്രൊഫഷണൽ കോർസ് ' എന്ന നിലയിലുള്ള പോരായ്മകളാണ്` ആദ്യം ചർച്ച ചെയ്യേണ്ടത് എന്ന തോന്നലാണ്` ഇവിടെ പങ്കുവെക്കുന്നത് . 

പ്രൊഫഷണൽ കോർസ് കഴിഞ്ഞയാൾ പ്രൊഫഷണലാകണം സാധാരണ നിലയ്ക്ക് . അദ്ധ്യാപക പരിശീലനം [ ടി. ടി. സി , ബിഎഡ്ഡും ... ] ഒഴിച്ചുള്ള എല്ലാ കോർസുകളിലും അതങ്ങനെയാണുതാനും. സ്വന്തം താൽപര്യവും ഒരൽപ്പം സംരഭകത്വവും ഉണ്ടായാൽ സ്വയം പ്രൊഫഷണിൽ പ്രവർത്തിക്കാം. അങ്ങനെയാണല്ലോ 70-90 കളിൽ [ തട്ടിക്കൂട്ടിയ ] നിരവധി ടൂട്ടോറിയൽ സ്ഥാപനങ്ങൾ ഉണ്ടായത്. മികച്ചവ അതിൽ അതിജീവിക്കയും ചെയ്തു. എന്നാൽ ഇന്ന് അതിനുള്ള ഇടം ഇല്ല എന്നുതന്നെ പറയാം. ആ വഴിക്കുള്ള പരിഹാര ചിന്ത എവിടെയും എത്തിക്കില്ല. അതും മഹാഭൂരിപക്ഷവും പെൺകുട്ടികൾ മാത്രമുള്ള ഒരു ഒരു പ്രൊഫഷണൽ കോർസിന്റെ കാര്യത്തിൽ . അതുകൊണ്ട് മറ്റുവഴികൾ ആലോചിക്കേണ്ടി വരും. 

നാലു സെമസ്റ്റർ സമയം കൊണ്ട് ഇപ്പോൾ കുട്ടിയെ പ്രൊഫഷണലാക്കുക എന്ന കാര്യം നടക്കുന്നുണ്ട് എന്നു കരുതാം. അതാണല്ലോ പരീക്ഷയും വിജയവും തരുന്ന സൂചന. എന്നാൽ അത് സ്കൂളിൽ ജോലി കിട്ടിയാൽ നന്നായി പ്രവർത്തിക്കാനുള്ള പരിശീലനമേ ആകുന്നുള്ളൂ. സ്കൂളിൽ പണി കിട്ടിയില്ലെങ്കിൽ ഈ കഴിവ് നിരുപയോഗമാണ്`. ഉപാധികളോടെയുള്ള [ അതും ഒറ്റ ഉപാധി : സ്കൂളിൽ പണികിട്ടിയാൽ എന്നു മാത്രം ] പ്രൊഫഷണലിസം നിഷ്ഫലമാണ്`. സാമ്പ്രദായികമായ സ്കൂളിന്നു പുറത്തും കുട്ടിക്ക് തന്റെ തൊഴിലെടുത്ത് ജീവിക്കാൻ കഴിയണം. അതിനുള്ള സാധ്യതകൾ തുറന്നിടുന്ന അതോടൊപ്പം സംരംഭകത്വത്തിന്റെ ബാലപാഠങ്ങൾ നൽകുന്ന ഒന്നായി ടി. ടി. സി കോർസുകൾ വികസിപ്പിക്കേണ്ടതുണ്ട്. അപ്പോൾ : ഒന്ന് - തൊഴിൽ സാധ്യതകൾ രണ്ട് - സംരഭകത്വ പരിശീലനം ഇതു രണ്ടും സിലബസ്സിൽ നിർബന്ധമായും ഉണ്ടാവേണ്ടതുണ്ട്. അതിനനുസരിചുള്ള പഠന പരിശീലന പരിപാടികളും ഉൾപ്പെടുന്ന സ്കൂളിങ്ങ് ടി. ടി. സി സ്ഥാപനങ്ങളിൽ വരുന്നതോടെ ഈ കോർസിന്റെ നിലവിലുള്ള പരിതാപകരമായ മുഖം മാറും. ചില നിർദ്ദേശങ്ങൾ ഇങ്ങനെയാണ്`. 

ഒന്ന് - തൊഴില്‍ സാധ്യതകള്‍
കമ്പ്യൂട്ടർ / നെറ്റ് അടിസ്ഥാനമായുള്ള വിദ്യാഭ്യാസ പരിപാടികൾ . അത് കുട്ടികൾ, അദ്ധ്യാപകർ, രക്ഷിതാക്കൾ എന്നിവരെ ഉദ്ദേശിച്ചുള്ളത് . വെച്വൽ സ്കൂളുകൾ അവനവന്ന് താൽപര്യമുള്ള വിഷയങ്ങളിൽ മേൽപ്പറഞ്ഞ സഹായങ്ങൾ [ ടീച്ചിങ്ങ് ] നൽകാൻ വേണ്ട അധിക കെൽപ്പ് ഓരോരുത്തർക്കും ഉണ്ടാക്കാനുള്ള ഊന്നലുകൾ [ നിലവിൽ ഒരു ക്ളാസിൽ 25-30 കുട്ടികളേ ഉള്ളൂ ]

സൈറ്റ്, ബ്ളോഗ്, സോഷ്യൽ നെറ്റ്‌‌വർക്കുകൾ എന്നിവ തൊഴിൽപരമായി [ അദ്ധ്യാപനം ] ഉപയോഗിക്കാൻ പരിശീലിപ്പിക്കൽ / അതിൽ നിന്ന് ചെറിയെതെങ്കിലും ഒരു വരുമാനം നേടാൻ പ്രാപ്തരാക്കൽ

സ്വന്തം നിലയ്ക്കും ചെറിയ ഗ്രൂപ്പുകളായും കോർസിലെ കുട്ടികൾ മുഴുവൻ ചേരുന്ന വലിയ ഗ്രൂപ്പുകൾ എന്ന നിലയിലും പ്രവർത്തനങ്ങൾ പ്ളാൻ ചെയ്യാനും നടപ്പാക്കാനും വേണ്ട പരിശീലനങ്ങൾ ഓൺ ലയിൻ ക്ളാസുകൾ, പരീക്ഷകൾ , മത്സരങ്ങൾ – സമ്മാനങ്ങൾ എന്നിവ ക്രിയേറ്റ് ചെയ്യാനും പ്രവർത്തിപ്പിക്കാനും വേണ്ട പരിശീലനങ്ങൾ സ്ഥാപനം എന്ന നിലയിൽ അതിന്ന് തന്റെ കുട്ടികളെ തുടർന്ന് സഹായിക്കാനും മെച്ചപ്പെടുത്താനും ഡയറ്റ് അടക്കമുള്ള മറ്റു സംവിധാനങ്ങളെ ആശ്രയിക്കാനും തയ്യാറാവാൻ വേണ്ട ക്രമീകരണങ്ങളും ഉത്തരവാദിത്തവും [ പ്രതിഫലത്തോടുകൂടി ] ഏൽപ്പിക്കൽ

സംസ്ഥാനത്തെ മുഴുവൻ അദ്ധ്യാപകരേയും ഇക്കാര്യങ്ങളിൽ ഇടപെടുവിക്കാനുള്ള സർക്കാർ മുൻകയ്യുകൾ
കായികപരിശീലനം, പ്രവൃത്തിപരിചയം , പഠിപ്പിക്കാനും പഠിക്കാനുമുള്ള ഉപകരണങ്ങൾ പരിചയപ്പെടുത്തൽ – നിർമ്മിക്കൽ – നവീകരിക്കൽ - ഓൺ ലയിൻ സ്റ്റോറുകൾ ഉണ്ടാക്കൽ, തുടങ്ങിയ സംഗതികളിൽ പ്രായോഗിക പരിശീലനം

സ്വന്തം വീട്ടിനടുത്തുള്ള കുട്ടികൾ, മുതിർന്നവർ എന്നിവർക്ക് നെറ്റ് സാക്ഷരത, മൊബൈൽ സാക്ഷരത തുടങ്ങിയവക്ക് സഹായം നൽകാനുള്ള പ്രായോഗിക പരിശീലനങ്ങൾ ഓൺലയിൻ സേവനങ്ങൾ നൽകാൻ പ്രാപ്തരാക്കൽ
രണ്ട് - സംരംഭകത്വ പരിശീലനങ്ങള്‍
പ്രാഥമിക പാഠങ്ങൾ [ ആവശ്യം, സാധ്യത, ഏതു മേഖല തുടങ്ങിയവ തിരിച്ചറിയാനും സാമ്പത്തികമടക്കമുള്ള സഹായങ്ങൾ കിട്ടാറാക്കാനുമുള്ള പരിശീലനങ്ങൾ ]

ടി.ടി.സി സ്ഥാപനങ്ങൾ വെറും പ്രൊഫഷണലുകളെ ഉണ്ടാക്കുന്നതിനപ്പുറം അവരെ സൃഷ്ട്യുന്മുഖമായ - ജീവിതായോധനത്തിനുതകുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുവിക്കാൻ മാർഗനിർദ്ദേശവും സഹായങ്ങളും സ്ഥിരമായി നൽകുന്ന അവസ്ഥയിലേക്ക് മാറ്റൽ

ഇതാണ്` നിലവിൽ സമൂഹവും ഈ കുട്ടികളും ആവശ്യപ്പെടുന്നത്. പഠിപ്പിച്ചുവിടൽ മാത്രമായിരിക്കരുത് ; പഠിപ്പിക്കുന്നത് ജീവിതം കൂടിയായിരിക്കണമല്ലോ.


Read More | തുടര്‍ന്നു വായിക്കുക

നമ്മുടെ കുട്ടികള്‍ എന്താണ് ഇന്റര്‍നെറ്റില്‍ തിരയുന്നത്?

>> Friday, June 27, 2014

പുതിയ അധ്യ​യന വര്‍ഷം ആരംഭിച്ചു കഴിഞ്ഞല്ലോ ? എല്ലാ വര്‍ഷത്തെപ്പോലെ തന്നെയും സ്കൂളുകളില്‍ പരിസ്ഥിതി സംരക്ഷണ ദിനം സമുചിതമായി ആഘോഷിച്ചു. സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരം ഈ വര്‍ഷം ലഹരിവിരുദ്ധ ബോധവത്കരണപരിപാടി സ്കൂളില്‍ പ്രത്യേക പ്രാധാന്യത്തോടെ നടക്കുന്നുമുണ്ട്. ഇതോടൊപ്പം തന്നെ എല്ലാ ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി സ്കൂളുകളിലും രക്ഷിതാക്കളെ പങ്കെടുപ്പിച്ച് നടത്താവുന്ന പരിപാടിയാണ് 'സൈബര്‍ ബോധവത്കരണവും സൈബര്‍ നിയമങ്ങളെക്കുറിച്ചുള്ള അവബോധവും'. ഇതേക്കുറിച്ച് ഐടി@സ്ക്കൂള്‍ മാസ്റ്റര്‍ട്രെയിനറായ ഹസൈനാര്‍ മങ്കട സാര്‍ തയ്യാറാക്കിയ ലേഖനമാണിത്. മാറിയ കാലഘട്ടത്തില്‍ എന്ത് കൊണ്ട് ഈ ബോധവത്കരണത്തിന് പ്രാധാന്യമേറുന്നു എന്ന് വ്യക്തമാക്കുന്ന പല സൂചനകളും ലേഖനത്തിന്റെ ഭാഗമായി അദ്ദേഹം നല്‍കുന്നുണ്ട്. ലേഖനം വായിച്ചു നോക്കിയ ശേഷം അഭിപ്രായങ്ങള്‍ എഴുതുമല്ലോ. നല്ലൊരു ചര്‍ച്ച ഈ പോസ്റ്റില്‍ പ്രതീക്ഷിക്കുന്നു.(ഇവിടെ പരാമര്‍ശിക്കുന്ന സ്ഥിതി വിവരക്കണക്കുകള്‍ വിവിധ പ്രസിദ്ധീകരണങ്ങളില്‍ നിന്ന് ശേഖരിച്ചവയാണ്)

സൈബര്‍ ബോധവത്കരണം : പ്രസക്തി
ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി അനുനിമിഷം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഒട്ടേറെ പുതിയ സേവന-വേതന തൊഴില്‍ മേഖലകളില്‍ അത് സ്വാധീനം ചെലുത്തിക്കഴിഞ്ഞിരിക്കുന്നു. മനുഷ്യന് ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം പോലെ അടിസ്ഥാന ആവശ്യമായി മാറിക്കൊണ്ടിരിക്കുകയാണ് ഇന്റര്‍നെറ്റ്. വിവരവിനിമയ സാങ്കേതിക വിദ്യയുടെ സഹായമില്ലാതെ ജീവിത സൗകര്യങ്ങളോ സര്‍ക്കാര്‍ സേവനങ്ങളോ ഉപയോഗപ്പെടുത്താന്‍ സാധ്യമല്ലാത്ത അവസ്ഥ. ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഐടിയുടെ സ്വാധീനം കാണാം. ആശയവിനിമയം, ഭരണ നിര്‍വഹണം, വിനോദം, വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയ മേഖലകളിലെല്ലാം ഒഴിവാക്കാനാവാത്ത സാങ്കേതികവിദ്യയായി പ്രയോജനപ്പെടുത്തുന്ന ഐടി ഇന്ന് ഒരു ജീവിത നൈപുണി(Life Skill)യായി മാറിയിരിക്കുന്നു. സെക്കണ്ടറിവിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതോടെ വിദ്യാര്‍ഥി ആര്‍ജ്ജിക്കേണ്ട ശേഷികളുടെ കൂട്ടത്തില്‍ ഐടിയുടെ സ്ഥാനം പ്രഥമഗണനീയമായി മാറേണ്ട അവസ്ഥ സംജാതമായിരിക്കുന്നു.

കമ്പ്യൂട്ടറിനു മുന്നില്‍ ജീവിതത്തിന്റെ ഭൂരിഭാഗവും ചെലവഴിക്കുന്ന ആളുകളുടെ എണ്ണം കൂടി വരികയാണ്. ഇടത്തരക്കാര്‍ വരെ മക്കള്‍ക്ക് കമ്പ്യൂട്ടര്‍/ സ്മാര്‍ട്ട് ഫോണ്‍ വാങ്ങി നല്‍കുന്നു. ഫോണും ഇന്റര്‍നെറ്റും കൗമാരക്കാരുടെ/വിദ്യാര്‍ഥികളുടെ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. 'ഓഫ്‌ലൈന്‍' സുഹൃത്തുക്കളേക്കാള്‍ ഓണ്‍ലൈന്‍ സൌഹൃദങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന കാലം. ലോകമാകെ വ്യാപിച്ചു കിടക്കുന്ന മഹാശൃംഖലയില്‍ വ്യാപരിക്കുന്ന നമ്മുടെ വിദ്യാര്‍ഥികള്‍ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് എല്ലാ രക്ഷിതാക്കളും മനസ്സിലാക്കുന്നുണ്ടോ? ഈ 'ഇ-വല'യില്‍ ഒളിഞ്ഞു കിടക്കുന്ന ചതിക്കുഴികളെക്കുറിച്ച് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ബോധവത്കരിക്കേണ്ടതല്ലേ ? താഴെ നല്‍കിയിരിക്കുന്ന ചില പ്രസ്താവനകള്‍ കാണൂ.

  • ഇന്റര്‍നെറ്റ് കുട്ടികളില്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. 2013 ലെ കണക്കനുസരിച്ച് ലോകമെമ്പാടുമുള്ള 1.5 ശതമാനത്തിനും 18 ശതമാനത്തിനും ഇടയിലുള്ള കുട്ടികളില്‍ ഇന്റര്‍നെറ്റിന്റെ അമിതോപയോഗം രേഖപ്പെടുത്തിയിരിക്കുന്നു. ഇതില്‍ ഭൂരിഭാഗവും 13 നും 19 നും ഇടയിലുള്ള കൌമാരക്കാരാണ്.
  • 2014 ജൂണ്‍ ആകുമ്പോഴേക്ക്‌ ഇന്റര്‍നെറ്റ്‌ ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടി ലോകരാഷ്‌ട്രങ്ങളില്‍ രണ്ടാം സ്‌ഥാനത്തെത്തുമെന്നാണു കണക്കുകള്‍. ചൈനയാണ് ഒന്നാം സ്ഥാനത്ത്.
  • ഐടിമിഷന്‍ നടത്തിയ ഒരു പഠന റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നത് കേരളീയരാണ്.
  • കേരളത്തില്‍ മൂന്ന് കോടിയോളം ഇന്റര്‍നെറ്റ് വരിക്കാരുണ്ടെന്നാണ് ഏകദേശ കണക്ക്. കഫെകളുടെ എണ്ണം 15,000 ത്തിനും 20,000 ത്തിനും ഇടയിലാണ്.
  • മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ കേരളത്തില്‍ നാല് കോടിയോളമായി കഴിഞ്ഞു. കേരളത്തിലെ റേഷന്‍ കാര്‍ഡിനേക്കാള്‍ വരും ഇത്.
  • ഇന്റര്‍നെറ്റ്‌ സൗകര്യമുള്ള ഫോണ്‍ വ്യാപകമായി. ഫോണ്‍-മൊബൈല്‍ ഫോണ്‍-നെറ്റ്‌ ഉപയോഗം കേരളത്തില്‍ കൂടുതലാണ്.
  • വിദ്യാര്‍ഥികള്‍ അവരുടെ പ്രോജക്ട്/ അസൈന്റ്മെന്റിന്റെ പൂര്‍ത്തീകരിക്കാനായി ഇന്റര്‍നെറ്റ് കഫേകളില്‍ സ്ഥിരമായി സന്ദര്‍ശിക്കുന്നു/ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നു.
  • പഠനാവശ്യങ്ങള്‍ക്കും റഫറന്‍സിനുമായി കുട്ടികള്‍ കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഉപയോഗപ്പെടുത്തുന്നു. എന്നാല്‍ മാറിയ കുടുംബവ്യവസ്ഥയില്‍ ഒറ്റപ്പെടലില്‍നിന്നും വീര്‍പ്പുമുട്ടലില്‍ നിന്നും ആശ്വാസം തേടുന്ന കുരുന്നുകള്‍ ക്രമേണ വെര്‍ച്വല്‍ സൗഹൃദങ്ങളുടെയും ഇന്റര്‍നെറ്റിലെ ചതിച്ചുഴികളിലും അകപ്പെടുന്നു.
  • കേരളത്തിൽ ഓൺലൈൻ  അഡിക്ഷൻ ഒരു മാനസികാരോഗ്യ പ്രശ്നമായി പരിഗണിക്കപ്പെടുകയാണ്. സാമൂഹിക പെരുമാറ്റത്തിന് വേണ്ട നിയന്ത്രണങ്ങൾ,  വിലക്കുകൾ എന്നിവയൊന്നും പാലിക്കപ്പെടാതെ എന്തും ചെയ്യുന്ന  അവസ്ഥയിലേക്ക് വ്യക്തി നയിക്കപ്പെടുന്ന 'ഓൺലൈൻ ഡിസ് ഇൻഹിബിഷൻ' എന്ന മാനസികാവസ്ഥ ഒരു വൈകല്യമായി അനേകം പേരെ ഇവിടെ ബാധിച്ചു കൊണ്ടിരിക്കുന്നു.
  • ഇന്ത്യയിലെ മെട്രോപൊളിറ്റന്‍ സിറ്റികളില്‍, അസോച്ചം (Associated Chambers of Commerce and Industry of India) നടത്തിയ ഒരു സര്‍വെയില്‍ കണ്ടെത്തിയത് സര്‍വെയിലെ 8 നും 11 നും വയസ്സില്‍ പ്രായമുള്ള 52 ശതമാനം കുട്ടികളും ദിവസവും 5 മണിക്കൂറിലധികം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നു എന്നാണ്. അവലംബം:
  • പ്രശസ്ത ആന്റി വൈറസ് കമ്പനിയായ 'മെക് അഫീ' ഇന്ത്യയിലെ മെട്രോ നഗരങ്ങളില്‍ നടത്തിയ ഏറ്റവും പുതിയ സര്‍വേയുടെ റിപ്പോര്‍ട്ട് പ്രകാരം, കുട്ടികള്‍ പതിമൂന്ന് വയസ്സാകുമ്പോഴേക്കും ഫേസ്ബുക്കില്‍ അക്കൗണ്ട് തുടങ്ങുന്നു, ദിവസവും ഫേസ്ബുക്ക് ഉപയോഗിക്കുന്ന കുട്ടികള്‍ 53 ശതമാനവും ട്വിറ്റര്‍ ഉപയോഗിക്കുന്നവര്‍ 54 ശതമാനവും വരും. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന കൗമാരക്കാരില്‍ 47 ശതമാനം പേര്‍ പരീക്ഷകള്‍ക്കും മറ്റുമായി ഓണ്‍ലൈന്‍ വഴി വിവരം ശേഖരിക്കുന്നവരാണ്. എന്നാല്‍ ഇന്റര്‍നെറ്റ് ദുരുപയോഗം ചെയ്യുന്ന കൗമാരക്കാരായ കുട്ടികളുടെ എണ്ണം അനുദിനം കൂടിവരികയാണെന്ന് സര്‍വെ വ്യക്തമാക്കുന്നു.
  • ഇന്റര്‍നെറ്റില്‍ അബദ്ധത്തില്‍ അശ്ലീലം കാണുന്നവരാണ് 53 ശതമാനം കുട്ടികളുമെന്ന് 'മെക് അഫീ' സര്‍വെ വ്യക്തമാക്കുന്നു.
  • അശ്ലീലം കാണാന്‍ മാത്രം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന കൗമാരക്കാര്‍ 35 ശതമാനം വരും. വീട്ടിലെ കമ്പ്യൂട്ടറില്‍ അശ്ലീലം കാണുന്നവര്‍ 32 ശതമാനമാണെങ്കില്‍, 45 ശതമാനം കൗമാരക്കാര്‍ ഇന്റര്‍നെറ്റ് അശ്ലീലം ആ സ്വദിക്കുന്നത് സ്മാര്‍ട്ട് ഫോണുകളിലാണ്.
  • ചെറുപ്രായത്തില്‍തന്നെ സാങ്കേതികവിദ്യകളില്‍ ആകൃഷ്‌ടരാകുന്നവരില്‍ വേണ്ടത്ര അറിവില്ലാതെ സൈബര്‍ കുറ്റകൃത്യങ്ങളിലേക്കെത്തിച്ചേരുന്നവര്‍ ധാരാളമുണ്ട്.
  • കുട്ടികളുടെ ഇന്റര്‍നെറ്റ് ദുരുപയോഗത്തെക്കുറിച്ച് 75 ശതമാനം രക്ഷിതാക്കള്‍ക്കും അറിവില്ലെന്നാണ് മുകളിലെ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്. 79 ശതമാനം രക്ഷിതാക്കളും കുട്ടികളെ വിശ്വസിക്കുന്നവരുമാണ്. കമ്പ്യൂട്ടറില്‍ കുട്ടികള്‍ എന്ത് ചെയ്യുന്നു എന്ന് മനസ്സിലാക്കാനുള്ള സാങ്കേതിക വിവരം 61 ശതമാനം രക്ഷിതാക്കള്‍ക്കുമില്ല. 53 ശതമാനം രക്ഷിതാക്കള്‍ക്കും കുട്ടികളെ നിരീക്ഷിക്കാന്‍ നേരമില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അവലംബം:
  • ബ്രൗസിംഗ് ഹിസ്റ്ററി മായ്ച്ച് കളഞ്ഞും പ്രൈവസി സെറ്റിംഗുകള്‍ ഇഷ്ടപ്രകാരം സെറ്റ് ചെയ്തും വ്യാജ അക്കൗണ്ടും ഐ.ഡിയും ഉപയോഗിച്ചുമാണ് കൗമാരക്കാര്‍ ഇന്റര്‍നെറ്റ് ദുരുപയോഗം ചെയ്യുന്നത് രക്ഷിതാക്കള്‍ കമ്പ്യൂട്ടര്‍ സാക്ഷരത നേടേണ്ടതും കുട്ടികളെ നിരീക്ഷിക്കാന്‍ സമയം കണ്ടെത്തേണ്ടതും അത്യാവശ്യമാണ്.
  • അശ്ലീലവീഡിയോ കോപ്പി ചെയ്തു(യുഎസ്ബി ഡ്രൈവ്, മെമ്മറി കാര്‍ഡ് എന്നിവയില്‍) വിദ്യാര്‍ഥികള്‍ക്ക് വില്‍ക്കുന്ന പ്രവണത കേരളത്തിലെ ചില സൈബര്‍ കഫേകള്‍ കേന്ദ്രീകരിച്ച് നടക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
  • അശ്ലീല സൈറ്റുകളോടുള്ള അമിതമായ താല്‍പര്യം കുട്ടികളുടെ മാനസികവും വൈകാരികവുമായ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നു. ഈ ദുശ്ശീലത്തിന് അടിമകളാകുന്ന കുട്ടികള്‍ പഠന കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കാതിരിക്കുകയും സ്‌കൂളില്‍ പോകാന്‍ മടികാണിക്കുകയും ചെയ്യും. അശ്ലീല ചുവയുള്ള സംസാരം, കമന്റടി, ദ്വയാര്‍ഥപ്രയോഗത്തിലുള്ള സംഭാഷണം തുടങ്ങിയ ദുസ്വഭാവങ്ങള്‍ ഇത്തരം കുട്ടികളില്‍ കണ്ടുവരുന്നു.
  • ദിവസത്തില്‍ ആറുമണിക്കൂറിലധികം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന കുട്ടികളില്‍ വിഷാദരോഗം, അമിത ഉത്കണ്ഠ, സംശയരോഗം, അമിത ദേഷ്യം ആക്രമണ സ്വഭാവം, സൈക്കോസിസ് എന്നിവയ്ക്കുള്ള സാധ്യതകൂടുതലാണെന്ന് ഡോക്ടര്‍മാര്‍. ഇത്തരക്കാര്‍ അമിതമായ പരാജയഭീതിയും ആത്മവിശ്വാസക്കുറവും നിമിത്തം സാമൂഹികബന്ധങ്ങളില്‍ നിന്ന് ഒളിച്ചോടുകയും മാനസികാശ്വാസവും പിന്തുണയും ലഭിക്കാന്‍ സോഷ്യല്‍ നെറ്റ്‍വര്‍ക്കിങ് സൈറ്റുകളില്‍ കൂടുതല്‍ വ്യാപരിക്കുകയും ചെയ്യുന്നു.അവലംബം:
  • ഇന്റര്‍നെറ്റിലെ അഡല്‍ട്ട് സൈറ്റുകളിലെ പ്രധാനപ്പെട്ട 25 സൈറ്റുകളില്‍ സന്ദര്‍ശിക്കുന്നവരില്‍ ഭൂരിഭാഗവും കൗമാരക്കാരാണത്രെ. ഇത് കുട്ടികളെ ഇന്റര്‍നെറ്റ് അടിമകളാക്കുന്നു എന്നത് മാത്രമല്ല, കുട്ടികളില്‍ ലൈംഗിക വൈകൃതങ്ങള്‍ക്കും ലൈംഗികതയുമായി ബന്ധപ്പെട്ട അപകടകരമായ ധാരണകള്‍ക്കും കാരണമാകുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.
  • ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന 10 കുട്ടികളില്‍ ഏഴുപേരും അശ്ലീലത്തിനും വയലന്‍സിനും ഇരയാകുന്നുണ്ടെന്നാണ് സുരക്ഷ സോഫ്റ്റ്‌വെയര്‍ നിര്‍മാതാക്കളായ സിമാന്റക് നടത്തിയ പഠനത്തില്‍ കണ്ടത്. ഇവരുടെ മാതാപിതാക്കളില്‍ പകുതി പേര്‍പോലും കുട്ടികള്‍ ഇങ്ങനെ ചൂഷണം ചെയ്യപ്പെടുന്നതായിപ്പോലും അറിയുന്നില്ലെന്നും പ്രസ്തുത പഠനത്തില്‍ വ്യക്തമാക്കുന്നു.
  • ഇടുക്കി ജില്ലയില്‍ ഒന്നാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച നാലാം ക്ലാസുകാരന്റെ കേസ് നോക്കുക - അച്ഛന്‍ സ്ഥിരമായി അശ്ലീലസിനിമ കാണുന്നത് കുട്ടികാണാറുണ്ടത്രെ. സ്വന്തം സഹോദരിയുടെയും നഗ്നത വെബ്ക്യാമിലൂടെ പകര്‍ത്തിയ മറ്റൊരു വിദ്യാര്‍ഥിയുടെ കേസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്....
  • 2012 ല്‍ ഐ.ടി. നിയമപ്രകാരം ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത സൈബര്‍ കുറ്റകൃത്യങ്ങളില്‍ 18 വയസില്‍ താഴെയുള്ളവര്‍ കൂടുതലായി പ്രതികളായതു കേരളത്തില്‍നിന്നാണ്‌. ‌ ഈ സൈബര്‍ കുറ്റവാളികള്‍ ഏറെയും 30 വയസില്‍ താഴെയുള്ളവര്‍.
  • മറ്റുസംസ്‌ഥാനങ്ങളില്‍നിന്നു വ്യത്യസ്‌തമായി കേരളത്തിലെ സൈബര്‍ കുറ്റങ്ങളില്‍ ഏറെയും അശ്ലീലചിത്രങ്ങള്‍ ഇന്റര്‍നെറ്റ്‌ വഴിയോ മൊബൈല്‍ഫോണ്‍ വഴിയോ പ്രചരിപ്പിക്കുന്നവയുമായി ബന്ധപ്പെട്ടുള്ളവയാണ്.
  • ഇന്റര്‍നെറ്റ്, മൊബൈല്‍ഫോണ്‍ ദുരുപയോഗവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ പോലീസിന് ലഭിച്ചത് നാല്പതിനായിരത്തോളം പരാതികളാണ്. തിരുവനന്തപുരത്തെ സൈബര്‍ സെല്ലില്‍ മാത്രം പ്രതിദിനം മുപ്പതിലധികം പരാതികള്‍ ലഭിക്കുന്നു. ഇവയിലധികവും മൊബൈല്‍ സംബന്ധമായ പരാതികളാണ്. ബാക്കി ഫേസ്ബുക്ക്, വാട്ട്സ് അപ്പ്, ഓണ്‍ലൈന്‍ തട്ടിപ്പ്, ഇ-മെയില്‍ നുഴഞ്ഞുകയറ്റം, വ്യാജ അക്കൗണ്ടുകള്‍ തുടങ്ങിയവയും.
  • നാഷണല്‍ ക്രൈം റെക്കോഡ് ബ്യൂറോയുടെ റിപ്പോര്‍ട്ട് പ്രകാരം ഇന്റര്‍നെറ്റ് വഴി അശ്ലീലം പ്രസിദ്ധപ്പെടുത്തുന്നതില്‍ രാജ്യത്ത് ഒന്നാംസ്ഥാനത്ത് നില്‍ക്കുന്നത് കേരളമാണ്. ഇന്റര്‍നെറ്റ് വഴി പ്രചരിക്കുന്ന അശ്ലീല പ്രസിദ്ധീകരണങ്ങളില്‍ 27 ശതമാനവും നമ്മുടെ സംസ്ഥാനത്ത് നിന്നാണ്. ഇരകളാകുന്നവരും കൂടുതല്‍ അശ്ലീല വെബ്‌സൈറ്റുകള്‍ കാണുന്നവരും കുട്ടികളാണ്.
  • സൈബര്‍‌ തട്ടിപ്പുുകളെക്കുറിച്ചും / കുറ്റകൃത്യങ്ങളെക്കുറിച്ചും നിയമങ്ങളെക്കുറിച്ചുമുള്ള വിദ്യാര്‍ഥികളുടെ അറിവില്ലായ്മ അവരെ പല അബദ്ധങ്ങളിലും അകപ്പെടുത്തുന്നു. പുതിയ സിനിമകള്‍ ഇന്റര്‍നെറ്റില്‍ അപ്‍ലോഡ് ചെയ്യാന്‍ വിദ്യാര്‍ഥികളെ കരുവാക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.  വാര്‍ത്ത കാണാം.


    കമ്പ്യൂട്ടര്‍, സ്മാര്‍ട്ട് ഫോണ്‍ എന്നിവ ആദ്യമായി ഉപയോഗിക്കുന്ന കുട്ടി അതിലെ ഗെയിമുകള്‍ പ്രവര്‍ത്തിപ്പിച്ചു നോക്കാനാണ് സ്വാഭാവികമായി ആദ്യം ശ്രമിക്കുക. എന്നാല്‍ പഠനാവശ്യത്തിനും മറ്റ് അത്യാവശ്യ കാര്യങ്ങള്‍ക്കും കമ്പ്യൂട്ടര്‍ ഉപയോഗിക്കേണ്ടി വരുന്ന അവന്‍ പിന്നീട് സദാ ഗെയിം കളിച്ച് സമയം പോക്കാറില്ല. ഇതുപോലെ തന്നെയാണ് ഇന്റര്‍നെറ്റും. ഇന്റര്‍നെറ്റ് ഉപയോഗത്തെക്കുറിച്ച് ശരിയായ അവബോധമില്ലാത്തവര്‍ ക്രമേണ അതിന്റ ദുരുപയോഗത്തിലാണ് എത്തിച്ചേരുക. പത്താം ക്ലാസുകാരന്റെയും പ്ലസ്‌‍ടു ക്കാരന്റെയും റൂമില്‍ ഇന്റര്‍നെറ്റ് കണക്ഷനുള്ള കമ്പ്യൂട്ടറും സ്മാര്‍ട്ട് ഫോണും ലഭ്യമാക്കുന്ന രക്ഷിതാക്കള്‍ മക്കള്‍ എന്താണ് കമ്പ്യൂട്ടറില്‍/ ഫോണില്‍ ഒറ്റക്കിരുന്ന് ചെയ്യുന്നത് എന്നു കൂടി അന്വേഷിക്കേണ്ട ചുമതലയുണ്ട്.
    "മുമ്പ് ഒരു അശ്ലീലസിനിമ കാണണമെങ്കില്‍ തിയറ്ററില്‍ പോകണം. 'എ'പടം പ്രദര്‍ശിപ്പിക്കുമ്പോള്‍ പോലും 'പ്രായപൂര്‍ത്തിയെത്തിയവര്‍ക്ക് മാത്രം' എന്ന സെന്‍സര്‍ബോര്‍ഡിന്റെ മുന്നറിയിപ്പോടെയേ പാടുള്ളൂ. ചാനലുകളില്‍ അശ്ലീലപരസ്യങ്ങളും ചീളുകളും പ്രത്യക്ഷപ്പെടുമ്പോള്‍ തന്നെ നമ്മുടെ ധാര്‍മികബോധം ഉണരാറുണ്ട്. നിയമപരമായും ഈ മേഖല നിയന്ത്രണവിധേയമാണ്. പക്ഷേ, ഇതൊന്നും ബാധകമല്ലാത്ത ഒരു മേഖലയായി ഇന്റര്‍നെറ്റ് ഇടം വളര്‍ന്നിരിക്കുന്നു.......”(ടോമിന്‍ ജെ. തച്ചങ്കരി, സംസ്ഥാന പൊലീസ് സൈബര്‍ സെല്‍, മുന്‍ മേധാവി).
    ഇന്റര്‍നെറ്റ് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം അതിലെ ചതിക്കുഴികളും വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ബോധവത്കരിക്കേണ്ടത് അത്യാവശ്യമായി മാറിയിരിക്കുന്നു. ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ കുട്ടികള്‍ക്ക് നല്ല വഴികാട്ടികളാവാന്‍ അച്ഛനമ്മമാര്‍ക്കും അധ്യാപകര്‍ക്കും കഴിയണം. ഇന്റര്‍നെറ്റ് ഉപയോഗത്തെക്കുറിച്ചും ദുരുപയോഗത്തെക്കുറിച്ചും സൈബര്‍സെല്ലിന്റെ സഹായത്തോടെയോ ഈ മേഖലയില്‍ വിദഗ്ധരായവരുടെ സഹായത്തോടെയോ സ്കൂളുകളില്‍ രക്ഷിതാക്കള്‍ക്കായി ഉടന്‍ ഒരു സൈബര്‍ബോധവത്കരണ ക്ലാസ് നടത്തുന്നത് നല്ലതല്ലേ ?

കൂടുതല്‍ വായനക്ക്..


Read More | തുടര്‍ന്നു വായിക്കുക

Merits of State Syllabus

>> Sunday, June 1, 2014

കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗത്തെ മേന്മകള്‍ തിരിച്ചറിയാതെ, മുണ്ടുമുറുക്കിയുടുത്തും തങ്ങളുടെ അരുമകളെ മറ്റുസ്ട്രീമുകളിലേക്ക് അയക്കാനുള്ള രക്ഷിതാക്കളുടെ ത്വര, മറ്റെന്നത്തേക്കാളും വര്‍ദ്ധിച്ചിരിക്കുന്ന ഈ സമയത്ത്, ഇത്തരമൊരു ലേഖനത്തിന് വളരേയധികം പ്രസക്തിയുണ്ടെന്ന് മാത്‌സ് ബ്ലോഗ് ടീം മനസ്സിലാക്കുന്നു. ഇന്‍ബോക്സില്‍ ശ്രദ്ധിക്കപ്പെടാതെ കിടന്നിരുന്ന ഈ മികച്ച ലേഖനം,പുതിയ അധ്യയനവര്‍ഷം ആരംഭിക്കുന്നതിനു തൊട്ടുമുമ്പെങ്കിലും, അധ്യാപകരുടേയും രക്ഷിതാക്കളുടേയും ശ്രദ്ധയില്‍ കൊണ്ടുവരേണ്ടത്, ഒരു കടമയായും കരുതുകയാണ്. ചര്‍ച്ചകള്‍ സജീവമാകട്ടെ.

അടുത്തനാളില്‍ മലയോരമേഖലയിലെ ഒരു വീട്ടില്‍നിന്നുണ്ടായ ഒരനുഭവം.. അച്ഛനും അമ്മയും കൂലിപ്പണിയെടുത്ത് കുടുംബം പുലര്‍ത്തുന്നു. മൂന്നു സെന്റ് സ്ഥലത്തുള്ള വീടിന്റെ ഭിത്തികള്‍ക്ക് പകരം പ്ലാസ്റ്റിക് ചാക്ക്.. പക്ഷേ മക്കള്‍ രണ്ടുപേര്‍ പഠിക്കുന്നത് സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍..! അന്വേഷിച്ചപ്പോള്‍ മറുപടി ഇങ്ങനെ.."ഞങ്ങള്‍ക്കു പഠിക്കാന്‍ സാധിച്ചില്ല.. അതുകൊണ്ട് മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുവാന്‍ ഞങ്ങള്‍ എന്തു ത്യാഗവും സഹിക്കും." അടുത്ത പ്രദേശത്തുതന്നെ നിലവാരമുള്ള സര്‍ക്കാര്‍ സ്കൂളും എയ്ഡഡ് സ്കൂളുമുള്ളപ്പോഴാണ് രക്ഷിതാക്കള്‍ ഇങ്ങനെ ചിന്തിച്ചതെന്നത് അത്ഭുതപ്പെടുത്തി. അതെ, സംസ്ഥാന സിലബസ് നിലവാരമില്ലാത്തതാണെന്ന തെറ്റായ ധാരണ പൊതുജനങ്ങള്‍ക്കിടയില്‍ പടര്‍ന്നിരിക്കുന്നു.

സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സിലബസുകള്‍ക്ക് അതിന്റേതായ മേന്മകളുണ്ട്, പോരായ്മകളുമുണ്ട്. അതുപോലെതന്നെയാണ് സംസ്ഥാന സിലബസും. എന്നാല്‍ അതിന്റെ പോരായ്മകളില്‍ ഊന്നിയുള്ള ചര്‍ച്ചകള്‍ മാത്രമാണ് പൊതു സമൂഹത്തില്‍ നടക്കുന്നത് എന്നതിനാല്‍ യാഥാര്‍ത്ഥ്യങ്ങള്‍ പലരും തിരിച്ചറിയുന്നില്ല. സംസ്ഥാന സിലബസില്‍ മാറ്റങ്ങള്‍ക്ക് തുടക്കമിട്ട ഡി.പി.ഇ.പി., മാറ്റങ്ങളെ പെട്ടെന്നുസ്വീകരിക്കുവാന്‍ മടികാട്ടാറുള്ള മലയാളി സമൂഹത്തിന് ഉള്‍ക്കൊള്ളാനായില്ല. ഒരാശയം കാണാതെ പഠിപ്പിക്കുന്ന പഴയ രീതിയ്ക്ക് പകരം പ്രവര്‍ത്തനങ്ങളിലൂടെ കുട്ടി മനസിലാക്കി പഠിക്കുക എന്ന ശരിയായ മനശാസ്ത്ര സമീപനമാണിത് എന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുവാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞുമില്ല. പ്രവര്‍ത്തനങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കിയുള്ള പഠന രീതിയില്‍ പോരായ്മകള്‍ ഉണ്ടായിരുന്നുതാനും. ഇവ പരിഹരിച്ചുകൊണ്ട്, യു.പി. തലം വരെ എസ്.എസ്.എ. -യും ഉയര്‍ന്ന ക്ലാസുകളില്‍ ആര്‍.എം.എസ്.എ. പദ്ധതിയുമാണ് ഇപ്പോള്‍ നടപ്പിലായിരിക്കുന്നത്.

പാഠപുസ്തകങ്ങള്‍ക്ക് നിലവാരമില്ല എന്നതാണ് ഇപ്പോഴുള്ള പ്രധാന വിമര്‍ശനം. മുന്‍പു പറഞ്ഞതുപോലെ, കാണാതെ പഠിപ്പിക്കുന്ന രീതിക്കു പകരം, ചെയ്തുപഠിച്ച് ആ ആശയം കുട്ടികളുടെ മനസിലേയ്ക്ക് ആഴത്തില്‍ പതിപ്പിക്കുക എന്ന മനശാസ്ത്ര സമീപനത്തിലൂന്നിയാണ് പുസ്തകങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. ഒരു ആശയം പൂര്‍ണ്ണമാകണമെങ്കില്‍ കുട്ടിയുടെ പാഠപുസ്തകവും അധ്യാപകന്റെ ഹാന്‍ഡ് ബുക്കും ഒരുമിക്കണം. പ്രധാന ആശയത്തിലേയ്ക്കെത്തുവാനുള്ള സൂചനകള്‍, സംഭവങ്ങളായോ പരീക്ഷണ സൂചകങ്ങളായോ പാഠപുസ്തകത്തില്‍ നല്‍കിയിരിക്കും. ഇതിലൂടെ കുട്ടി ചിന്തിച്ച്, പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട് ഉത്തരത്തിലേയ്ക്കെത്തുമ്പോള്‍, അധ്യാപകന്‍ ഹാന്‍ഡ് ബുക്കിന്റെ സഹായത്തോടെ നിര്‍ദ്ദേശങ്ങളും വിശദീകരണങ്ങളും നല്‍കുന്നു. അങ്ങനെ കാണാതെ പഠനം എന്ന പഴയ രീതിയ്ക്ക് പകരം മനസിലാക്കിയുള്ള ശരിയായ പഠനം നടക്കുന്നു.
പക്ഷേ ഇവിടെ സംഭവിച്ച പരാജയം, നേരിട്ട് പൂര്‍ണ്ണമായ ആശയങ്ങള്‍ നല്‍കാത്ത പാഠപുസ്തകങ്ങള്‍ രക്ഷിതാക്കളില്‍ ആശങ്ക ജനിപ്പിച്ചു എന്നതാണ്. 'ഇന്നൊന്നും പഠിക്കാനില്ല' എന്നു പറയുന്ന കുട്ടിയെ വിദ്യാഭ്യാസമുള്ള രക്ഷിതാക്കള്‍ക്കുപോലും പാഠപുസ്തകം മാത്രമുപയോഗിച്ച് വീട്ടിലിരുത്തി പഠിപ്പിക്കുവാന്‍ സാധിക്കാത്ത അവസ്ഥ വന്നിരുന്നു. ഈ വര്‍ഷംമുതല്‍ മാറി വരുന്ന പുതിയ പുസ്തകങ്ങള്‍ ഈ പ്രശ്നത്തിന് പരിഹാരമാകും. കൂടുതല്‍ ഉള്ളടക്കവും വിശദീകരണങ്ങളും നിര്‍വ്വചനങ്ങളും ഐ.റ്റി. സാധ്യതകളും തരുന്ന പുതിയ പാഠപുസ്തകങ്ങള്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നവയാണ്.
പുതിയ ഗ്രേഡിംഗ് രീതികളും അതിനനുസരിച്ചുള്ള ചോദ്യങ്ങളുമാണ് തെറ്റിധരിക്കപ്പെട്ട മറ്റ് രണ്ട് കാര്യങ്ങള്‍. സംസ്ഥാന സിലബസില്‍ ഗ്രേഡിംഗ് വന്നപ്പോള്‍ അതിനെ കണ്ണടച്ച് എതിര്‍ത്തവര്‍ക്ക് സി.ബി.എസ്.ഇ. -യും ഗ്രേഡിംഗ് രീതി തുടങ്ങിയപ്പോളാണ് അതില്‍ വിശ്വാസം വന്നതെന്നുതോന്നുന്നു. ഗ്രേഡിംഗില്‍ കുട്ടികളെ സമഗ്രമായി വിലയിരുത്തുകയാണ് ചെയ്യുന്നത്. ഒന്നോ രണ്ടോ മാര്‍ക്ക് കുറഞ്ഞതിന്റെ പേരിലുള്ള കുറ്റപ്പെടുത്തലുകള്‍ക്ക് പകരം നിശ്ചിത പോയിന്റുകള്‍ കിട്ടുന്ന കുട്ടികള്‍ക്ക് ഒരേ ഗ്രേഡ് നല്‍കുന്ന രീതി അവരുടെ മാനസിക സമ്മര്‍ദ്ദങ്ങള്‍ കുറയ്ക്കുവാന്‍ ഉപകരിക്കുന്നുവെന്ന് തെളിയിക്കപ്പെട്ടുകഴിഞ്ഞു. കുട്ടിയുടെ പഠന നിലവാരത്തോടൊപ്പം അവന്റെ സാമൂഹിക-വൈകാരിക മേഖലകളും മറ്റുകഴിവുകളും വിലയിരുത്തി അവയെ പ്രോത്സാഹിപ്പിക്കുന്നതാണ് സംസ്ഥാന സിലബസിലുള്ള ഗ്രേഡിംഗ് രീതി.

പാഠപുസ്തകങ്ങളും ഇതിനനുസരിച്ചാണ് ക്രമപ്പെടുത്തിയിരിക്കുന്നത്. പണ്ട്, ഭാഷാ വിഷയങ്ങള്‍ പഠിക്കുവാന്‍ നോവലുകളും കഥകളും കാണാതെ പഠിച്ച് ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുന്ന രീതിയാണ് ഉണ്ടായിരുന്നത്. ഇംഗ്ലീഷ് പഠിച്ചിട്ടും ഒരു വാക്കുപോലും ഇംഗ്ലീഷില്‍ സംസാരിക്കുവാന്‍ സാധിക്കാത്ത നിരവധിയാളുകളെ ഈ പഠന രീതി സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഇന്ന് പുസ്തകങ്ങളിലെ നോവലുകളും കഥകളുമൊക്കെ, ഭാഷാ പ്രയോഗങ്ങളും ഗ്രാമറും മനസിലാക്കുവാനുള്ള ഉപാധികള്‍ മാത്രമാണ്. കുട്ടികള്‍ അവ കാണാതെ പഠിച്ചിട്ടുണ്ടോ എന്നല്ല മറിച്ച് പുതിയൊരു സന്ദര്‍ഭത്തില്‍ പ്രയോഗിക്കുവാന്‍ പഠിച്ചിട്ടുണ്ടോ എന്നാണ് പരീക്ഷയില്‍ പരിശോധിക്കുന്നത്.

ശാസ്ത്രവിഷയങ്ങളിലും ഇതേ മാറ്റം വന്നിരിക്കുന്നു. ജീവിതത്തിലെ പരിചിത സന്ദര്‍ഭങ്ങളുമായി ബന്ധിപ്പിച്ച പ്രവര്‍ത്തനങ്ങളിലൂടെയാണ് കുട്ടികള്‍ ഇന്ന് ശാസ്ത്രവിഷയങ്ങള്‍ പഠിക്കുന്നത്. കോളേജുകളിലെ സയന്‍സ് ലാബില്‍ ജന്തുകോശവും സസ്യകോശവും പഠിച്ചിരുന്ന കാലം മാറി. ഇന്ന് അഞ്ചാം ക്ലാസിലെ കുട്ടികള്‍ മൈക്രോസ്കോപ്പുപയോഗിച്ച് ഇത് ചെയ്തുപഠിക്കുന്നു. ചോദ്യ രീതികളിലും അതിനനുസരിച്ച് മാറ്റം വന്നുകഴിഞ്ഞു. കടല്‍ ജലം ശുദ്ധീകരിക്കുന്ന രീതി ശാസ്ത്രലാബില്‍ പരീക്ഷണം നടത്തി കുട്ടി പഠിക്കുന്നു. എന്നാല്‍ പരീക്ഷയ്ക്ക് , 'ഗള്‍ഫ് നാടുകളില്‍ ശുദ്ധജലമെങ്ങനെ ഉണ്ടാക്കും..', എന്ന രീതിയിലായിരിക്കും ചോദ്യം വരുക. താന്‍ പഠിച്ച ഏതു പാഠഭാഗവുമായി ബന്ധപ്പെട്ടാണ് ഈ ചോദ്യമെന്നു ചിന്തിച്ചു മനസിലാക്കുന്ന കുട്ടി, തുടര്‍ന്ന് ആ ഭാഗം നിര്‍വ്വചനങ്ങളും ചിത്രങ്ങളും സഹിതം വിശദീകരിക്കണം. കുട്ടികളുടെ എല്ലാ ശേഷികളെയും വിലയിരുത്തുന്ന ഇത്തരം ചോദ്യ രീതികളെയാണ്, പാഠപുസ്തകത്തില്‍ പഠിക്കുന്നതല്ല പരീക്ഷയ്ക്കു വരുന്നതെന്നുപറഞ്ഞ് പരിഹസിക്കുന്നത്.
ചുരുക്കത്തില്‍ ചിലര്‍ ധരിച്ചിരിക്കുന്നതുപോലെ മണ്ടന്‍മാര്‍ക്കുള്ളതല്ല സംസ്ഥാന സിലബസ്. ഇവിടെ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കണമെങ്കില്‍ ശരാശരിയിലും ഉയര്‍ന്ന ബൗദ്ധിക നിലവാരം ആവശ്യമാണ്. എട്ടാം ക്ലാസ് വരെ എല്ലാവര്‍ക്കും ക്ലാസ് കയറ്റം നല്‍കുന്നതും എസ്.എസ്.എല്‍.സി. പരീക്ഷയില്‍ പരമാവധി കുട്ടികളെ ജയിപ്പിക്കുന്നതും ചില തെറ്റിധാരണകള്‍ വരുത്തിയിട്ടുണ്ട്. ചില വിഷയങ്ങളില്‍ പുറകിലാണെന്ന കാരണത്താല്‍ മണ്ടന്‍മാരെന്ന് മുദ്രകുത്തപ്പെട്ടവര്‍ ലോകപ്രശസ്ത ശാസ്ത്രജ്ഞരായതിന്റെ ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. അതുകൊണ്ടുതന്നെ, പിന്നീടാണെങ്കിലും പരിശ്രമങ്ങളിലൂടെ ഉയര്‍ന്നുപോകുവാനുള്ള അടിസ്ഥാന യോഗ്യത കുട്ടികളുടെ എല്ലാ കഴിവുകളും പരിഗണിച്ച് നാം നല്‍കേണ്ടിയിരിക്കുന്നു. എസ്.എസ്.എല്‍.സി.-യ്ക്ക് ജയിക്കാന്‍ എളുപ്പമാണെങ്കിലും ഉയര്‍ന്ന ഗ്രേഡുകള്‍ കരസ്ഥമാക്കണമെങ്കില്‍ കഠിന പരിശ്രമം ആവശ്യമാണ് എന്നകാര്യവും ശ്രദ്ധിക്കേണ്ടതാണ്.

പ്രവേശനപരീക്ഷകളില്‍ മുന്നിലെത്തണമെങ്കില്‍ മറ്റ് സിലബസുകള്‍ പഠിച്ചേതീരൂ എന്നതാണ് തെറ്റായ മറ്റൊരു ധാരണ. ബൗദ്ധികമായും ഭൗതികമായും ഉയര്‍ന്ന നിലയിലുള്ള കുട്ടികള്‍ ഇപ്പോള്‍ കൂടുതലായും അത്തരം സിലബസുകളില്‍ പഠിക്കുന്നതിനാല്‍ പരീക്ഷകളില്‍ അവര്‍ മുന്നിലെത്തുന്നത് സ്വാഭാവികം മാത്രം. ഇത്തവണ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ആദ്യ ആയിരം റാങ്കുകള്‍ പരിശോധിച്ചാല്‍ അതില്‍ സ്റ്റേറ്റ് സിലബസുകാര്‍ മറ്റുള്ളവരേക്കാള്‍ മുന്നിലെത്തി എന്നകാര്യവും ശ്രദ്ധേയമാണ്.
സ്റ്റേറ്റ് സിലബസില്‍, സാമൂഹികമായും സാമ്പത്തികമായും വിവിധ തലങ്ങളില്‍ നില്‍ക്കുന്ന കുട്ടികള്‍ ഒരുമിച്ചു പഠിക്കുമ്പോള്‍ സ്കൂളിനുപുറത്തുള്ള സമൂഹത്തിന്റെ ഒരു പരിഛേദം കുട്ടിയ്ക്ക് അനുഭവവേദ്യമാകുന്നു. ഈ നേരനുഭവങ്ങളാണ് സാമൂഹികപ്രതിബദ്ധതയുള്ള ഒരു തലമുറയെ സൃഷ്ടിക്കുന്നത്.

ഗവണ്‍മെന്റ്, കുട്ടികളുടെ വിദ്യാഭ്യാസത്തിനായി നല്‍കുന്ന സൗജന്യങ്ങളെക്കുറിച്ചും പലര്‍ക്കും ശരിയായ ധാരണയില്ല. എട്ടാം ക്ലാസ് വരെ പാഠപുസ്തകങ്ങള്‍ പൂര്‍ണ്ണമായും സൗജന്യമാണ്. ഗവണ്‍മെന്റ് / എയ്ഡഡ് സ്കൂളുകളില്‍ അഡ്മിഷന്‍ ഫീസുകള്‍ ഒന്നുമില്ല. യൂണീഫോം ഒഴികെ സ്കൂളില്‍ ഒരു വര്‍ഷം വേണ്ടിവരുന്ന ചെലവുകള്‍ എല്ലാം കൂട്ടിനോക്കിയാലും അഞ്ഞൂറു രൂപയില്‍ കൂടാറില്ല. വിവിധ വിഭാഗങ്ങള്‍ക്കായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന സ്കോളര്‍ഷിപ്പുകളും നിരവധി. ഐ.റ്റി. @ സ്കൂള്‍ നേതൃത്വം നല്‍കുന്ന കംപ്യൂട്ടര്‍ പരിശീലനവും ഏറെ ശ്രദ്ധേയമായിക്കഴിഞ്ഞു. പതിനായിരക്കണക്കിന് രൂപ ഫീസ് നല്‍കി പഠിക്കേണ്ട ഐ.റ്റി. പാഠങ്ങളാണ് പത്താം ക്ലാസ് വരെയുള്ള ഐ.റ്റി. പുസ്തകങ്ങളിലൂടെ കുട്ടികള്‍ പഠിച്ചുകഴിയുന്നത്.
നിവൃത്തിയില്ലാത്ത കുട്ടികള്‍ക്കു മാത്രമല്ല മറിച്ച് സ്കൂളിലെത്തുന്ന എല്ലാ കുട്ടികള്‍ക്കും പോഷകസമൃദ്ധമായ ഉച്ചക്ഷണം നല്‍കുക എന്ന ഉദ്ദേശ്യത്തോടെ സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി, കുട്ടികളുടെ സമഗ്ര വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുവാന്‍ കലോത്സവങ്ങള്‍, ശാസ്ത്രോത്സവങ്ങള്‍, വിവിധ ക്ലബ് പ്രവര്‍ത്തനങ്ങള്‍, പരിശീലന പരിപാടികള്‍, മത്സരങ്ങള്‍ തുടങ്ങിയവകൂടാതെ സ്കൂളുകള്‍ സ്വന്തം നിലയില്‍ കുട്ടികള്‍ക്കായി നടത്തുന്ന വ്യത്യസ്തവും നൂതനവുമായ നിരവധി പാഠ്യ-പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളുമുണ്ട്. സൗജന്യമായി ലഭിക്കുന്നതിന് എന്തൊക്കെയോ കുറവുകളുണ്ടാകാം എന്ന മലയാളികളുടെ പൊതുധാരണയും അവരെ സംസ്ഥാന സിലബസില്‍നിന്ന് അകറ്റിയോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.

ഒരിക്കല്‍കൂടി പറയട്ടെ.. ഏതു സിലബസിനും അതിന്റേതായ മേന്മകളുമുണ്ട്, പോരായ്മകളുമുണ്ട്. എന്നാല്‍ സംസ്ഥാന സിലബസിന്റെ പോരായ്മകള്‍ വാര്‍ത്തകളാകുകയും മേന്മകള്‍ ശ്രദ്ധിക്കപ്പെടാതെ പോകുകയും ചെയ്യുന്നു എന്നതിലാണ് സങ്കടം.


Read More | തുടര്‍ന്നു വായിക്കുക

സൗജന്യ യൂണിഫോം പിന്നെ എങ്ങിനെയാകണം?

>> Thursday, December 26, 2013


ഈ വര്‍ഷം,സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളിലെ എട്ടാംക്ലാസ് വരേയുള്ള എല്ലാ പെണ്‍കുട്ടികള്‍ക്കും, എസ്‌സി/എസ്‌ടി വിഭാഗത്തിലെ മുഴുവന്‍ ആണ്‍കുട്ടികള്‍ക്കും ബിപിഎല്‍ വിഭാഗത്തില്‍പെട്ട ആണ്‍കുട്ടികള്‍ക്കും സൗജന്യമായി യൂണിഫോം നല്‍കുന്നതിനുള്ള ഉത്തരവുകളും അനുബന്ധ നിര്‍ദ്ദേശങ്ങളുമൊക്കെ മുകളില്‍ ശ്രദ്ധിച്ചിരിക്കുമല്ലോ..? ഒരുപാട് പ്രായോഗിക ബുദ്ധിമുട്ടുകള്‍ മേല്‍പദ്ധതി നടപ്പാക്കുന്നതിലുണ്ടെന്നാണ് വിവിധയിടങ്ങളില്‍നിന്നും ലഭിയ്ക്കുന്ന റിപ്പോര്‍ട്ടുകള്‍. ഒരുപക്ഷേ അത്തരം പ്രശ്നങ്ങള്‍ അധികാരത്തിലിരിക്കുന്നവരുടെ ശ്രദ്ധയില്‍പ്പെടുത്താനും പരിഹാരങ്ങളുണ്ടാക്കുവാനും ഈ പോസ്റ്റിനും അതിന്റെ കമന്റുകള്‍ക്കും കഴിഞ്ഞേക്കും.പിന്നെന്തിനു മടിച്ചുനില്‍ക്കണം? ഇതുസംബന്ധിച്ച പത്രവാര്‍ത്തകളിലൊന്ന് ഒരല്പം പ്രയാസപ്പെട്ടായാലും താഴേ വായിക്കാം.


Read More | തുടര്‍ന്നു വായിക്കുക

എങ്ങിനെയെല്ലാമാകണം ഒരു നല്ല ചോദ്യപേപ്പര്‍?

>> Wednesday, October 23, 2013

ഒട്ടേറെ സംരംഭങ്ങള്‍ക്കു തുടക്കം കുറിച്ചിട്ടുള്ള മാത്‌സ് ബ്ലോഗ് ഇതേവരെ ചെയ്തതില്‍ വെച്ച് ഏറ്റവും വലിയൊരു സംരംഭത്തിനാണ് ഇത്തവണ തുടക്കം കുറിക്കുന്നത്. ഓരോ വിഷയവും കൈകാര്യം ചെയ്യുന്ന അധ്യാപകരുടെ സഹകരണവും അഭിപ്രായവും പ്രതീക്ഷിച്ചു കൊണ്ടാണ് ഈ പോസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. എങ്ങിനെയായിരിക്കണം പത്താം ക്ലാസുകാര്‍ക്കു വേണ്ടിയുള്ള ഓരോ വിഷയത്തിന്റേയും ചോദ്യപേപ്പര്‍? അധ്യാപകര്‍ ഈ ചോദ്യപേപ്പറുകളില്‍ സംതൃപ്തരാണോ? ഇതുവരെയുള്ള ചോദ്യപേപ്പറുകളുടെ ഗുണങ്ങളും പോരായ്മകളുമെന്താണ്? എന്താണ് നിങ്ങള്‍ ഒരു ചോദ്യപേപ്പറില്‍ നിന്നും പ്രതീക്ഷിക്കുന്നത്? നിങ്ങളില്‍ നിന്നും ലഭിക്കുന്ന ഇതേക്കുറിച്ചുള്ള ഫീഡ്ബാക്കുകള്‍ നമ്മുടെ ചോദ്യകര്‍ത്താക്കളിലേക്ക് എത്തിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ശരാശരി മുപ്പതിനായിരത്തിനു മേല്‍ ഹിറ്റുകള്‍ ലഭിക്കുന്ന മാത്​സ് ബ്ലോഗിന് ഇത് വിജയിപ്പിക്കാനാകും. പക്ഷെ നിങ്ങള്‍ സഹായിച്ചാല്‍ മാത്രം. ഓരോ സംരംഭവും വിജയിക്കുമ്പോഴാണ് പുതിയ പുതിയ സംരംഭങ്ങള്‍ ഏറ്റെടുക്കാന്‍ നമുക്ക് സാധിക്കുന്നത്. നിര്‍വികാരത വെടിഞ്ഞ് ഈ വിഷയത്തില്‍ നിങ്ങള്‍ പ്രതികരിക്കണം. സമൂലമായൊരു മാറ്റം ഈ മേഖലയില്‍ ഉറപ്പായും നമുക്ക് പ്രതീക്ഷിക്കാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനുള്ള പേജിന് ഇവിടെ ക്ലിക്ക് ചെയ്യൂ.

ഓരോ വിഷയവും പഠിപ്പിക്കുന്ന അധ്യാപകരുടെ മനസ്സ് ഇനി മുതല്‍ ചോദ്യപേപ്പറുകള്‍ നിര്‍മ്മിക്കുന്നവര്‍ അറിഞ്ഞിരിക്കണം. ഈ ലക്ഷ്യം വിജയിപ്പിക്കാന്‍ നിങ്ങളുടെ അഭിപ്രായം മാത്‌സ് ബ്ലോഗിന് അയച്ചു തന്നേ പറ്റൂ. ഇത് മറ്റുള്ളവര്‍ ചെയ്തോളും എന്ന ചിന്തയാണ് നിങ്ങളുടെ ഉള്ളിലുണ്ടാക്കുന്നതെങ്കിലോ, ഈ ഉദ്യമം ലക്ഷ്യം കാണാതെ പിഴച്ചു പോകും. നമ്മുടെ കുട്ടികള്‍ക്ക് വേണ്ടി മുകളില്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ടൈപ്പ് ചെയ്തോ, ഈ ഫോര്‍മാറ്റ് പ്രിന്റെടുത്ത് എഴുതി സ്കാന്‍ ചെയ്ത് അയച്ചു തന്നോ എഡിറ്റര്‍, ബ്ലോഗ് വിശേഷം, എടവനക്കാട് - 682502, എറണാകുളം എന്ന വിലാസത്തിലേക്ക് അയച്ചു തരികയോ ചെയ്യുമല്ലോ? ബ്ലോഗ് ടീം അംഗവും വിദ്യാഭ്യാസ വിചക്ഷനുമായ രാമനുണ്ണി സാറിന്റെ നേതൃത്വത്തിലാണ് അഭിപ്രായങ്ങള്‍ ക്രോഡീകരിക്കുന്നത്. ഇത്തരമൊരു സംരംഭത്തിന്റെ ഉദ്ദേശത്തെക്കുറിച്ച് ചുവടെ വിശദീകരിച്ചിരിക്കുന്നു.

നല്ലൊരു ചോദ്യപേപ്പര്‍ ഒരു കുട്ടിയുടെ അവകാശമാണ്. എങ്ങിനെ വേണം നമ്മുടെ കുട്ടികള്‍ക്ക് വേണ്ടി തയ്യാറാക്കുന്ന ചോദ്യപേപ്പറുകള്‍ എന്നതിനെക്കുറിച്ച്, പ്രത്യേകിച്ച് പത്താം ക്ലാസിലെ ചോദ്യപേപ്പറുകളെക്കുറിച്ച് നമുക്കെല്ലാവര്‍ക്കും വ്യക്തമായൊരു കാഴ്ചപ്പാടുണ്ടായിരിക്കും. എളുപ്പമുള്ള ചോദ്യങ്ങളില്‍ തുടങ്ങുന്ന ആ ചോദ്യപേപ്പര്‍ പരീക്ഷയെഴുതുകയാണ് എന്ന ചിന്ത വിട്ട് ആസ്വാദ്യകരമായി ഉത്തരങ്ങളെഴുതാന്‍ കഴിയുന്ന തരത്തിലേക്ക് വികസിക്കണം. ശരാശരിക്കും മുകളില്‍ നില്‍ക്കുന്നവരെ ലക്ഷ്യമിട്ടുള്ള ചോദ്യങ്ങള്‍ അതില്‍ തന്ത്രപരമായി വിന്യസിക്കണം. എന്നാല്‍ ചോദ്യപേപ്പര്‍ തയ്യാറാക്കുമ്പോള്‍ ചോദ്യകര്‍ത്താവ് ഇതെല്ലാം അതു മറന്നു പോകാറാണ് പതിവ്. കുട്ടി എന്തു പഠിച്ചു എന്ന പരിശോധിക്കുന്നതിനു പകരം കുട്ടിക്ക് എന്തറിയില്ല എന്നു പരിശോധിക്കാനാണ് പലപ്പോഴും ചോദ്യകര്‍ത്താവിന്റെ വ്യഗ്രത. തന്റെ കഴിവുകളും സാമര്‍ത്ഥ്യവുമെല്ലാം ഓരോ ചോദ്യത്തിലും കുത്തി നിറക്കാന്‍ ചോദ്യകര്‍ത്താവ് വെമ്പുമ്പോള്‍ ഏറ്റവും മിടുക്കനായ വിദ്യാര്‍ത്ഥിയായ വിദ്യാര്‍ത്ഥിയായിരിക്കും അദ്ദേഹം മുന്നില്‍ കാണുക. അവന് എളുപ്പം ഉത്തരം കിട്ടാത്ത തരത്തിലുള്ള ചോദ്യങ്ങള്‍ പരമാവധി വളച്ചൊരുക്കിയെടുക്കണം എന്ന ചിന്താഗതിയായിരിക്കും പലപ്പോഴും അദ്ദേഹത്തിന്റെ മനസ്സില്‍. എന്നാല്‍ ശരാശരിക്കാരനായ ഒരു പരീക്ഷാര്‍ത്ഥിയുടെ മനസ്സ് ഇത്തരം ചോദ്യപേപ്പറുകള്‍ കാണുമ്പോഴേക്കും തകര്‍ന്നു പോകുന്നതു കൊണ്ടു തന്നെ ആ വിഷയത്തോട് മടുപ്പും വിരസതയുമെല്ലാം അവന്റെയുള്ളില്‍ സൃഷ്ടിക്കുന്നു. വലിയ പരീക്ഷകളെ അഭിമുഖീകരിക്കുമ്പോഴും ഈ ഭയം അവന്റെയുള്ളില്‍ നിലനില്‍ക്കുന്നു. അതുകൊണ്ടു തന്നെ നല്ല ചോദ്യപേപ്പറുകള്‍ കുട്ടികള്‍ക്ക് സമ്മാനിക്കുന്നതിനു പര്യാപ്തമായ ശേഷി ചോദ്യകര്‍ത്താക്കള്‍ അനുവര്‍ത്തിക്കേണ്ടതുണ്ട്. ചോദ്യപേപ്പറുകള്‍ തയ്യാറാക്കുന്നവരില്‍ ബഹുഭൂരിപക്ഷം പേരും മാത്‌സ് ബ്ലോഗ് സന്ദര്‍ശിക്കാറുണ്ടായിരിക്കും. പ്രത്യേകിച്ച് തങ്ങളുടെ ചോദ്യങ്ങളേക്കുറിച്ചുള്ള ഫീഡ് ബാക്കുകളറിയാന്‍ അവര്‍ അതുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ നിരന്തരം സന്ദര്‍ശിക്കാറുണ്ട്. ഓരോ വിഷയവും പഠിപ്പിക്കുന്ന അധ്യാപകരുടെ മനസ്സ് കുട്ടികള്‍ക്ക് വേണ്ടി ചോദ്യപേപ്പറുകള്‍ തയ്യാറാക്കുന്നവരിലേക്കെത്തിക്കുന്നതിനാണ് ഈ പോസ്റ്റ്.

ചുവടെ കമന്റ് ചെയ്യുന്നതിനേക്കാളുപരി നിങ്ങളുടെ വിശദമായ അഭിപ്രായങ്ങള്‍ നേരിട്ട് ശേഖരിക്കാനാണ് ഞങ്ങളുടെ ഉദ്യമം. അതു കൊണ്ടു തന്നെ പോസ്റ്റിന് കമന്റുകളല്ല, മറിച്ച് നിങ്ങളുടെ വിഷയത്തെക്കുറിച്ച് നിങ്ങളുടെയും മറ്റുവിഷയങ്ങള്‍ പഠിപ്പിക്കുന്ന നിങ്ങളുടെ സഹപ്രവര്‍ത്തകരുടെയും അഭിപ്രായം ഞങ്ങളിലേക്കെത്തിക്കാനാണ് നിങ്ങള്‍ ശ്രമിക്കേണ്ടത്. മാത്​സ് ബ്ലോഗിന്റെ ഈ പരിശ്രമം വിജയിപ്പിക്കാനുള്ള ഉദ്യമത്തില്‍ പങ്കുചേരൂ.


Read More | തുടര്‍ന്നു വായിക്കുക

Teachers day wishes

>> Monday, September 2, 2013

രാവിലെ 10 മണിക്ക് ഓടിയെത്തുകയും 4 മണിക്ക് പുറത്തുപ്പോരുകയും ചെയ്യുന്ന സാധാരണ 10 to 4 അദ്ധ്യാപകരെകുറിച്ചുള്ള ദിനാചരണമല്ല . 24 മണിക്കൂറും അദ്ധ്യാപകരായിരിക്കുന്ന കുറച്ചുപേര്‍ ഏതു പ്രദേശത്തും ഇന്നും ഉണ്ടല്ലോ. അവരെക്കുറിച്ചുള്ള ദിനാചരണമാണ്` നമുക്ക് ആഘോഷിക്കേണ്ടത്. പഠിച്ചുപോന്നവരും പഠിക്കുന്നവരും ഇനി പഠിക്കാനിരിക്കുന്നവരും സ്നേഹപൂര്‍വം "സാറ് " എന്ന് വിളിക്കുന്ന -അപൂര്‍വമെങ്കിലും സമൂഹത്തില്‍ നിലനില്‍ക്കുന്ന - അദ്ധ്യാപകര്‍. അദ്ധ്യാപന പാരമ്പര്യത്തിന്റേയും ആധുനികതയുടേയും നക്ഷത്രശോഭകള്‍ നമുക്കിടയിലേക്ക് സജീവതയോടെ പകര്‍ന്നുതരുന്നവര്‍.


ഇവര്‍

ക്ളാസ്‌‌റൂം പ്രവര്‍ത്തനങ്ങളിലും ക്ളാസ്മുറിക്ക് പുറത്തുള്ള വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലും സമയവും സമ്പത്തും നോക്കാതെ പ്രവര്‍ത്തിക്കുന്നവര്‍ ....

നമ്മുടെ പൊതുവിദ്യാലയങ്ങളില്‍ വിയര്‍പ്പൊഴുക്കുന്നവര്‍

അത്

റിസല്‍ട്ട് വര്‍ദ്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍

കലാകായിക പ്രവര്‍ത്തനങ്ങള്‍

സ്കൂള്‍ ഭൗതിക സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍

നിലനില്‍പ്പിനായുള്ള കഠിനശ്രമങ്ങള്‍

കുട്ടികളുടെ സര്‍ഗാത്മകത പരിപോഷിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍

വിദ്യാഭ്യാസം കുട്ടിയുടെ അവകാശം എന്ന തത്വം സാക്ഷാല്‍ക്കരിക്കാന്‍ പാടുപെടുന്നവര്‍

കുട്ടിയുടേയും അദ്ധ്യാപകന്റേയും അവകാശങ്ങള്‍ക്കു വേണ്ടി പോരാടുന്നവര്‍

എല്ലാവര്‍ക്കും മാതൃകയാക്കാവുന്ന ജീവിതം നയിക്കുന്നവര്‍

സമൂഹത്തിന്റെ സുഖ ദു:ഖങ്ങളില്‍ അലിഞ്ഞുചേരുന്നവര്‍

പുതിയ ലോകവും പുതുപുലരിയും യാഥാര്‍ഥ്യമാക്കന്‍ ആഗ്രഹിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ ...............


അദ്ധ്യാപകദിനങ്ങള്‍ ആചരിക്കപ്പെടുന്നത്

ഇവരെ ആസ്പദമാക്കിയാണ്` തീര്‍ച്ച.

മഴയേല്‍ക്കാത്ത കവചങ്ങളിവര്‍ക്കില്ല

കാലമഴയേറ്റു കാക്കിയായ കുപ്പായങ്ങളുമല്ല

ഓരോ മഴയിലും പുതുക്കത്തോടെ പുനര്‍ജനിക്കുന്ന ഉടയാടകളുള്ളവര്‍

ഊരുന്ന ഉറകള്‍ പുതുക്കുകയാണെന്ന അറിവുള്ളവര്‍

നിസ്തന്ദ്രമായി

തന്റെ മുന്നിലിരിക്കുന്ന കുട്ടികളില്‍ മാത്രമല്ല

മുന്നിലില്ലെങ്കിലും തന്നെപ്രതീക്ഷിച്ച് ദൂരെയെവിടെയോ

അവനുണ്ടെന്ന ഉറപ്പോടെ

തന്റെ ക്ളാസുകളില്‍ ഉണ്ടാവുന്ന

അറിവിന്റെ / സര്‍ഗാത്മകതയുടെ ഊര്‍ജ്ജം

അവനും

ഇനിയും വരാനിരിക്കുന്നവര്‍ക്കും

മുഴുവനാണെന്ന് വിശ്വസിച്ചുകൊണ്ട്

അദ്ധ്യാപകനായിരിക്കുന്നവരെ

അനുമോദിക്കാനായി

ആദരിക്കാനായി

നമുക്ക് ഈ ദിനാചരണം

പ്രയോജനപ്പെടുത്താം.

അസ്സല്‍ മാഷമ്മാരെ

പ്രണമിക്കാം

കൈതവങ്ങളില്ലാതെ

നിരുപാധികമായി.

അവാര്‍ഡുജേതാക്കള്‍ക്കടക്കം എല്ലാ അധ്യാപകര്‍ക്കും അധ്യാപകദിനാശംസകള്‍.


Read More | തുടര്‍ന്നു വായിക്കുക

വിദ്യാഭ്യാസമന്ത്രി അറിയാന്‍....!

>> Saturday, January 12, 2013

"ഗ്രേസ് മാര്‍ക്കിനുവേണ്ടി മാത്രമുള്ള കോപ്രായങ്ങളായി നമ്മുടെ കലോല്‍സവങ്ങളും ശാസ്ത്രമേളകളും കായികമേളകളുമെല്ലാം മാറുന്ന ഇത്തരുണത്തില്‍ നമുക്ക് ഒരു പുനര്‍വിചിന്തനം ആവശ്യമില്ലേ..?"
ഞായറാഴ്ചകളിലെ ചൂടേറിയ സംവാദങ്ങളായിരുന്നു ഒരുകാലത്ത് മാത്സ് ബ്ലോഗിനെ പ്രശസ്തിയുടെ ഉത്തുംഗങ്ങളിലെത്തിച്ചിരുന്നത്.അനുകൂലവും പ്രതികൂലവുമായ ആരോഗ്യകരമായ കമന്റുകളും തുടര്‍ കമന്റുകളുമൊക്കെ ആവേശത്തോടെ ആസ്വദിച്ചിരുന്നവരുടെ ഒരു നീണ്ടനിരതന്നെയുണ്ടായിരുന്നൂ ഇവിടെ.ആ സുഖകരമായ കാലം നമുക്കിനി വീണ്ടെടുക്കാം.
ഇത്തവണ, ബ്ലോഗിലെ വിവിധ പോസ്റ്റുകളിലൂടെ സുപരിചിതനായ വയനാട്ടിലെ കബനിഗിരി സ്കൂളിലെ ശ്രീ മധുമാസ്റ്റര്‍ ബഹു.വിദ്യാഭ്യാസ മന്ത്രിക്കെഴുതിയ സുപ്രധാനമായ ഒരു കത്താണ് പ്രസിദ്ധീകരിക്കുന്നത്. കത്ത് മുഴുവന്‍ വായിച്ചതിനു ശേഷം പ്രതികരിക്കൂ...


ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിക്ക്,
നമ്മുടെ പൊതു വിദ്യാലയങ്ങളിലെ വിവിധ മേളകളില്‍ നടക്കുന്ന ചില അസ്വാഭാവികമായ പ്രവണതകളെ അങ്ങയുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനാണ് ഈ കത്തയക്കുന്നത്.

വയനാട് ജില്ലയിലെ തികച്ചും പിന്നോക്ക പ്രദേശമായ ഒരു സ്ഥലത്തെ ഹൈസ്കൂളില്‍ പഠിപ്പിക്കുന്ന ഒരദ്ധ്യാപകനാണ് ഈ കത്തയക്കുന്നത്.ശാസ്ത്രരംഗത്തും ഐടി രംഗത്തും വളരെ മികവു പുലര്‍ത്തുന്ന ഒരു വിദ്യാലയമാണിത്. അതുകൊണ്ടുതന്നെ രണ്ടുവര്‍ഷം മുമ്പ് ദൂരദര്‍ശനും സംസ്ഥാന വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തിയ ഹരിതവിദ്യാലയം റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുകയും 94% മാര്‍ക്കു് നേടുകയും ചെയ്തിരുന്നു.

1993-ലാണ് ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ് എന്ന ഇനം വിദ്യാലയങ്ങളില്‍ ആരംഭിക്കുന്നത്.1994-മുതല്‍ ബാലശാസ്ത്ര കോണ്‍ഗ്രസില്‍ ഇവിടുത്തെ കുട്ടികള്‍ പങ്കെടുക്കുകയും സംസ്ഥാനതലത്തിലും തുടര്‍ന്ന ദേശീയ തലത്തിലും പ്രോജക്ട് അവതരിപ്പിക്കാന്‍ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.തുടര്‍ന്ന് 2007 വരെ തുടര്‍ച്ചയായി സംസ്ഥാനതലത്തിലും ദേശീയ തലത്തിലും പ്രോജക്ട് അവതരിപ്പിക്കാന്‍ കുട്ടികള്‍ക്ക് സാധിച്ചു.തുടര്‍ച്ചയായ 14 വര്‍ഷക്കാലം ദേശീയതലത്തില്‍ ബാലശാസ്ത്രകോണ്‍ഗ്രസ്സില്‍ പങ്കെടുത്ത മറ്റൊരു വിദ്യാലയവും കേരളത്തിലുണ്ടാകില്ല എന്നാണെന്റെ വിശ്വാസം.ഓരോ വര്‍ഷവും ദേശീയ തലത്തില്‍ പ്രോജക്ട് അവതരിപ്പിച്ചവരുടെയും പങ്കെടുത്ത സ്ഥലങ്ങളുടെയും വിശദവിവരങ്ങള്‍ ഈ വിദ്യാലയത്തിന്റെ വെബ്സൈറ്റിലുണ്ട് .

2005 വരെ ബാലശാസ്ത്രകോണ്‍ഗ്രസ്സിന് ഗ്രേസ് മാര്‍ക്ക് ഉണ്ടായിരുന്നില്ല. എന്നാല്‍ 2006-ല്‍ ഗ്രേസ്‌മാര്‍ക്ക് വന്നതോടുകൂടി ബാലശാസ്ത്രകോണ്‍ഗ്രസ്സിന്റെ ലക്ഷ്യം തന്നെ തകിടം മറിക്കപ്പെട്ടു. 2006ലും 07ലും നടന്ന കോണ്‍ഗ്രസില്‍ ഇവിടുത്തെ കുട്ടികള്‍ പങ്കെടുക്കുകയും ദേശീയതലത്തിലേക്ക് പോകുകയും സ്വാഭാവികമായും ഗ്രേസ്‌ മാര്‍ക്ക് (75 മാര്‍ക്ക് ) ലഭിക്കുകയും ചെയ്തു. തുടര്‍ന്നിങ്ങോട്ട് കണ്ടത് ചില സയന്റിസ്റ്റുകളുടെ നേതൃത്വത്തില്‍ തീവ്രപരിശീലനം നേടുന്ന കുട്ടികളുടെ പ്രോജക്ടവതരണമാണ്. ആ ഇനവും മറ്റ് പല ഇനങ്ങളെപ്പോലെ അദ്ധ്യാപകരില്‍ നിന്നും മാറി രക്ഷകര്‍ത്താക്കളുടെയും ട്രെയിനിംഗ് പ്രൊഫഷണലുകളുടേയും കൈകളിലമര്‍ന്നു. അതുനുമുമ്പുള്ള 11 വര്‍ഷക്കാലവും ഞങ്ങളുടെ കുട്ടികള്‍ സംസ്ഥാനതലത്തിലും ദേശീയതലത്തിലും പോയത് ഗ്രേസ് മാര്‍ക്കിനുവേണ്ടിയായിരുന്നില്ല. നല്ല പഠനങ്ങളും പ്രോജക്ടുകളും അവിടെ അവതരണത്തിനെത്തിയിരുന്നു.
നമ്മുടെ എല്ലാ മേളകളിലും നല്‍കുന്ന ഗ്രേസ്‌ മാര്‍ക്ക് സമ്പ്രദായം നിര്‍ത്തേണ്ട കാലമെത്തിയില്ലേ? എന്റെ ഉപജില്ലയില്‍ ഈ വര്‍ഷം നടന്ന കലാമേളയില്‍ കയ്യാങ്കളി വരെ എത്തിയത് ഈ മാര്‍ക്കിനുവേണ്ടിയുള്ള തത്രപ്പാടിന്റെ ബാക്കി പത്രമാണ്. കേരളത്തില്‍ ജന്മം കൊണ്ട ശാസ്ത്രജ്ഞന്മാര്‍ - സംഗമഗ്രാമ മാധവന്‍,ജി.മാധവന്‍നായര്‍, അച്യുത്ശങ്കര്‍ തുടങ്ങി നിരവധി പേര്‍ ഗ്രേസ്‌ മാര്‍ക്കിനുവേണ്ടിയല്ല ശാസ്ത്രവും ഗണിതവും അഭ്യസിച്ചത്. കലാമണ്ഡലം കൃഷ്ണന്‍കുട്ടി, ഹൈദര്‍ അലി, സരസ്വതി ഇവര്‍ ഗ്രേസ്‌ മാര്‍ക്കിനുവേണ്ടിയല്ല കഥകളിയും മോഹിനിയാട്ടവും അഭ്യസിച്ചത്. മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ ചെണ്ട അഭ്യസിച്ചതും പി.ടി.ഉഷയും, ഷൈനിയും, വല്‍സമ്മയും കായികഅഭ്യസനം നടത്തിയതും ഗ്രേസ്‌ മാര്‍ക്കിനുവേണ്ടിയായിരുന്നില്ല.

യഥാര്‍ത്ഥത്തില്‍ ഗ്രേസ്‌ മാര്‍ക്കിനു പിന്നാലെ പോകുമ്പോള്‍ കലയും സാഹിത്യവും ശാസ്ത്രവും ഗണിതവും മരിക്കുകയാണ്. ഇവ എത്തേണ്ട കൈകളില്‍ എത്തുന്നില്ല. മറിച്ച് എത്തുന്നത് മാര്‍ക്കിനുവേണ്ടി നടക്കുന്ന ഒരു കൂട്ടം ഭോഷന്മാരുടെ കൈകളിലാണ്.അവര്‍ ആവശ്യം കഴിയുമ്പോള്‍ ഇതെല്ലാം ഉപേക്ഷിക്കുകയും ചെയ്യുന്നു. നൈസര്‍ഗികമായി പലതരം ജന്‍മവാസനകള്‍ സിദ്ധിച്ച ഗ്രാമങ്ങളില്‍ ജീവിക്കുന്ന ലക്ഷക്കണക്കിനു കുരുന്നുകള്‍ മേളകളിലെ ഉയര്‍ന്ന തലങ്ങളില്‍നിന്ന് അകലുന്നു. ഗ്രേസ്‌ മാര്‍ക്കില്ലെങ്കിലും ഭരതനാട്യവും മോഹിനിയാട്ടവും സിദ്ധിച്ച കുട്ടികള്‍ കലാമേളകളിലും നല്ല ഒരു ഓട്ടക്കാരന്‍ കായികമേളയിലും, ബുദ്ധിശാലി ക്വിസ് മല്‍സരത്തിലും, ശാസ്ത്ര ബോധമുള്ളവര്‍ ശാസ്ത്രമേളയിലുമെത്തും.

ഗ്രേസ്‌ മാര്‍ക്ക് CE യുടെ ഭാഗമായി നമ്മള്‍ വിദ്യാലയങ്ങളില്‍ നിന്നുതന്നെ കൊടുത്തിട്ടുണ്ടല്ലോ. ഗ്രേസ്‌ മാര്‍ക്കെന്ന ഈ ദുര്‍ഭൂതത്തെ മല്‍സരങ്ങളില്‍നിന്നും നമുക്ക് ഒഴിവാക്കാനായാല്‍ നമ്മുടെ മേളകളെ കുറേക്കൂടി ഭംഗിയായി, വര്‍ദ്ധിച്ചു വരുന്ന അപ്പീല്‍ പ്രളയങ്ങളില്ലാതെ, നടത്തുവാനാകുമെന്നാണെന്റെ വിശ്വാസം.ഒപ്പം ആ ഇനത്തോട് ചെയ്യുന്ന നിതിയും.

വിനയപൂര്‍വ്വം,
മധുമാസ്റ്റര്‍
നിര്‍മ്മല ഹൈസ്കൂള്‍,
കബനിഗിരി.
വയനാട്.


കോപ്പികള്‍ അയക്കുന്നത് :
ബഹു : കേരളാ മുഖ്യമന്ത്രി.
ബഹു : പൊതുവിദ്യാഭ്യാസ ഡയറക്ടര്‍
ബഹു : പരീക്ഷാ സെക്രട്ടറി
എക്സിക്യുട്ടീവ് ഡയറക്ടര്‍ : ഐ.ടി.അറ്റ് സ്കൂള്‍
ബഹു : എം.പി. ശ്രീ.എം.ഐ.ഷാനവാസ്.വയനാട് നിയോജക മണ്ഡലം
ബഹു : എം.എല്‍.എ.സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം
വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍.വയനാട്
ജില്ലാവിദ്യാഭ്യാസ ഓഫീസര്‍.വയനാട്



Read More | തുടര്‍ന്നു വായിക്കുക

State Math Quiz 2012

>> Saturday, December 8, 2012

കോഴിക്കോട് രണ്ടാഴ്ച മുമ്പ് നടന്ന സംസ്ഥാന ഗണിതശാസ്ത്രമേളയിലെ ഗണിത ക്വിസ്സ് മത്സരത്തിലെ ചോദ്യങ്ങളും ഉത്തരങ്ങളുമെല്ലാം പകര്‍ത്തിയെടുത്ത് ഭംഗിയായി ടൈപ്പ് ചെയ്ത് പിഡിഎഫ് ആക്കി അയച്ചുതന്നത് നമ്മുടെ സുഹൃത്ത് വിന്‍സെന്റ് സാറാണ്.കോഴിക്കോട് ജില്ലയിലെ മഞ്ഞുവയല്‍ വിമലാ യുപി സ്കൂള്‍ അധ്യാപകനായ അദ്ദേഹത്തിന്റെ ഈ സദുദ്യമത്തിന് നന്ദി. പ്രസിദ്ധ ഗണിത ഗ്രന്ഥകാരനായ ശ്രീ എംആര്‍സി നായരായിരുന്നു ക്വിസ് മാസ്റ്റര്‍.
ചോദ്യങ്ങള്‍

ഉത്തരങ്ങള്‍


Read More | തുടര്‍ന്നു വായിക്കുക

മാലിന്യസംസ്കരണം ഒരു കീറാമുട്ടിയല്ല

>> Sunday, September 30, 2012

'നിരക്ഷരന്‍'(മനോജ് രവീന്ദ്രന്‍)എന്ന പ്രശസ്ത ബ്ലോഗറെ മാത്‌സ് ബ്ലോഗിന്റെ വായനക്കാര്‍ക്ക് പരിചയപ്പെടുത്തുകയെന്ന സാഹസത്തിനു മുതിരുന്നില്ല. നാം ഇന്ന് നേരിടുന്ന ഏറ്റവും രൂക്ഷമായ മാലിന്യപ്രശ്നത്തെ സ്കൂളുകളെ ഉപയോഗിച്ച് എങ്ങനെ ഇല്ലാതാക്കാമെന്നുള്ള തലപുകയ്ക്കുന്നതിനിടയിലാണ് ഇദ്ദേഹത്തെ കൂട്ടുകിട്ടിയത്.(മാത്‌സ് ബ്ലോഗിന്റെ ആശയവും അതിന് അധികാരികളില്‍ നിന്നും ലഭിച്ച നല്ല പ്രതികരണവും കമന്റിലൂടെ പങ്കുവെയ്ക്കാം. എന്തായാലും, ഒക്ടോബര്‍ ആദ്യവാരം നമുക്ക് അത്ഭുതം തന്നെ പ്രതീക്ഷിക്കാമെന്നു തോന്നുന്നു.). ഗൗരവമായി, പലവട്ടം വായിക്കേണ്ട, ഗംഭീരമായ ആ ലേഖനത്തിലേക്ക്....

....................................................................................
കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം മാലിന്യസംസ്ക്കരണം തന്നെയാണെന്ന് മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടി തന്നെ സമ്മതിച്ചിട്ടുള്ളതാണ്. കേരളത്തില്‍ മാത്രമല്ല രാജ്യത്തൊട്ടാകെ ഇതൊരു വലിയ പ്രശ്നം തന്നെയാണ്.

പ്ലാസ്റ്റിക്കിന്റെ, കൃത്യമായി പറഞ്ഞാല്‍ പ്ലാസ്റ്റിക്ക് ഷോപ്പിങ്ങ് ബാഗുകളുടെ കടന്നുവരവോടെയാണ് മാലിന്യങ്ങള്‍ ചീഞ്ഞളിയാതെ, കെട്ടിക്കിടന്ന് ദുര്‍ഗ്ഗന്ധവും മാരാമാരികളും പടര്‍ത്തുന്ന ഒരവസ്ഥയിലേക്ക് കാര്യങ്ങള്‍ ചെന്നെത്തിയത്. പ്ലാസ്റ്റിക്ക് ബാഗുകള്‍ വരുന്നതിന് മുന്‍പും മാലിന്യങ്ങള്‍ നമുക്കുണ്ടായിരുന്നു. അതൊക്കെയും ഇന്ന് ചെയ്യുന്നത് പോലെ, സ്വന്തം പുരയിടത്തിലോ അയല്‍വാസിയുടെ മതില്‍ക്കെട്ടിനകത്തേക്കോ കനാലിലേക്കോ കായലിലേക്കോ കടലിലേക്കോ കലുങ്കിന്റെ അടിയിലേക്കോ തന്നെയായിരുന്നു നാം വലിച്ചെറിഞ്ഞിരുന്നത്. പ്ലാസ്റ്റിക്ക് ബാഗില്‍ കെട്ടിപ്പൊതിഞ്ഞ് എറിഞ്ഞാല്‍ പോകുന്ന അത്രയും ദൂരേയ്ക്ക് എറിയാന്‍ പറ്റിയിരുന്നില്ല എന്നൊരു വ്യത്യാസം മാത്രമേ അക്കാലത്തുണ്ടായിരുന്നുള്ളൂ. വലിച്ചെറിഞ്ഞ് കളയുക എന്നതല്ലാതെ സംസ്ക്കരിക്കുക എന്നൊരു ഒരു മാലിന്യവിചാരം നമുക്കുണ്ടായിരുന്നില്ല. പക്ഷെ, പ്ലാസ്റ്റിക്കില്‍ കെട്ടിപ്പൊതിയാതെ എറിഞ്ഞ് കളഞ്ഞിരുന്നതുകൊണ്ട് പഴയകാലത്ത് ജൈവമാലിന്യങ്ങള്‍ ഒക്കെയും യഥാസമയം അഴുകിപ്പോയിരുന്നു. ഇന്നത് സംഭവിക്കുന്നില്ല. ചിക്കന്‍ ഗുനിയ, എലിപ്പനി, തക്കാളിപ്പനി തുടങ്ങിയ രോഗങ്ങള്‍ പടര്‍ത്താന്‍ പോന്ന രോഗാണുക്കള്‍ക്ക് വിളനിലമായി മാലിന്യങ്ങള്‍ പ്ലാസ്റ്റിക്ക് ബാഗുകള്‍ക്കുള്ളില്‍ത്തന്നെ കുരുങ്ങിക്കിടക്കുന്നു. നഗരങ്ങളില്‍ നിന്നുള്ള ഇത്തരം മാലിന്യങ്ങള്‍ കൊണ്ടുതള്ളിയതിന്റെ പേരില്‍ വിളപ്പില്‍ശാലകള്‍ പോലെ പല ഗ്രാമങ്ങള്‍ മലീമസമായി, ജീവിതയോഗ്യമല്ലാതായി. പ്രകൃതി നമുക്ക് കനിഞ്ഞുനല്‍കിയിട്ടുള്ള തോടുകളിലേയും പുഴകളിലേയുമൊക്കെ ജലം ഉപയോഗശൂന്യമായി മാറി. എത്ര ശോചനീയമായ അവസ്ഥയാണെന്ന് നോക്കൂ.

വര്‍ദ്ധിച്ചുവന്ന ജനസംഖ്യയും ഫ്ലാറ്റുകളില്‍ നിന്നുള്ള മാലിന്യത്തിന്റെ പ്രവാഹവുമൊക്കെ വിസ്മരിക്കുന്നില്ല. പക്ഷെ, പ്ലാസ്റ്റിക്ക് തന്നെയാണ് മാലിന്യപ്രശ്നങ്ങള്‍ക്ക് ത്വരകമായി വര്‍ത്തിച്ചതെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകാന്‍ വഴിയില്ല. മാലിന്യപ്രശ്നങ്ങളുടെ കാരണങ്ങളൊക്കെ പകല്‍പോലെ വ്യക്തമാണ്. പ്രശ്നപരിഹാരവും അറിയാഞ്ഞിട്ടല്ല. അതൊന്ന് നടപ്പിലാക്കുക എന്നത് മാത്രമാണ് ഇനി ചെയ്യാനുള്ളത്. അതാകട്ടെ ഒരു ഹെര്‍ക്കുലീയന്‍ ടാസ്‌ക്കൊന്നും അല്ല. സാങ്കേതികവിദ്യയുടെ സഹായത്തോടെ ലോകത്തിന്റെ പല ഭാഗങ്ങളിലായി മറ്റ് മനുഷ്യര്‍ ചെയ്യുന്നത് എന്താണെന്ന് മനസ്സിലാക്കാന്‍, ഇവിടിരുന്നുകൊണ്ടുതന്നെ അനായാസം മനസ്സിലാക്കാൻന്‍ നമുക്കാവും. അല്‍പ്പം നിശ്ചയദാര്‍ഢ്യമുണ്ടെങ്കില്‍ അതുപോലെ തന്നെ മാലിന്യസംസ്ക്കരണം നടപ്പിലാക്കാനുമാകും.

ജൈവമാലിന്യങ്ങളും, റീസൈക്കിള്‍ ചെയ്യാന്‍ പറ്റുന്ന വസ്തുക്കളായ പ്ലാസ്റ്റിക്കും പേപ്പറുമൊക്കെ വെവ്വേറെ നിക്ഷേപിക്കുകയും അതെല്ലാം സമയാസമയം ശേഖരിച്ച് സംസ്ക്കരിക്കുകയുമാണ് അവര്‍ ചെയ്യുന്നത്. വിദേശരാജ്യങ്ങളില്‍ ഇതിനൊക്കെ പുറമെ ഗാര്‍ഡന്‍ വേസ്റ്റ് എന്ന തരത്തിലും മാലിന്യം തരം തിരിച്ച് ഇടാറുണ്ട്. പല രാജ്യങ്ങളും ഇലക്ട്രോണിക് മാലിന്യങ്ങള്‍ക്കായി പ്രത്യേകം കുപ്പത്തൊട്ടിയും സ്ഥാപിച്ചുകഴിഞ്ഞിരിക്കുന്നു. പല പാശ്ചാത്യരാജ്യങ്ങളിലും നമ്മള്‍ ഏഷ്യാക്കാര്‍ കൂടുതലായി താമസിക്കുന്ന ചില പ്രദേശങ്ങളെങ്കിലും കണ്ടാല്‍, അത് ഏഷ്യാക്കാര്‍ ജീവിക്കുന്നയിടമാണെന്ന് തിരിച്ചറിയാന്‍ വളരെ എളുപ്പമാണ്. കാരണം നമ്മള്‍ മാലിന്യങ്ങള്‍ റോഡിലും മറ്റും വലിച്ചെറിഞ്ഞുള്ള ശീലം എവിടെച്ചന്നാലും ആവര്‍ത്തിക്കുന്നു എന്നതുതന്നെ. അതേ സമയം ലോകത്തില്‍ തന്നെ ഏറ്റവും വൃത്തിയിലും വെടിപ്പിലും നിരത്തുകളും പരിസരവും സംരക്ഷിക്കുന്ന സിംഗപ്പൂര്‍ എന്ന രാജ്യം ഏഷ്യയില്‍ ആണെന്ന കാര്യവും വിസ്മരിക്കരുത്. സിംഗപ്പൂരില്‍ അലക്ഷ്യമായി ഒരു കടലാസോ ശീതള പാനീയത്തിന്റെ ഒഴിഞ്ഞ കുപ്പിയോ നിരത്തിലിട്ടാല്‍ അധികൃതര്‍ പിടികൂടി പിഴ അടിക്കും എന്നുള്ളതുകൊണ്ട് അവിടെ ജനങ്ങള്‍ ഒരു ബസ്സ് ടിക്കറ്റ് പോലും റോഡില്‍ ഇടുന്നില്ല. എല്ലാ നൂറ് മീറ്ററിലും ഒരു കച്ചറപ്പെട്ടി കണ്ടെത്താന്‍ ഒരു ബുദ്ധിമുട്ടും ആ രാജ്യത്തില്ല. എന്തിനും ഏതിനും ഫൈന്‍ അടിക്കുന്നതുകൊണ്ട് ‘Singapore is a fine city‘ എന്ന് തമാശ രൂപത്തില്‍ പറയാറുണ്ടെങ്കിലും അക്ഷരാര്‍ത്ഥത്തില്‍ സിങ്കപ്പൂര്‍ ഒരു ‘ഫൈന്‍’ സിറ്റി ആയതിന്റെ കാരണം അവിടം മാലിന്യവിമുക്തമാണെന്നത് തന്നെയാണ്.

നമ്മുടെ രാജ്യത്ത് ഒരാള്‍ക്ക് മാലിന്യം വേസ്റ്റ് പെട്ടിയില്‍ത്തന്നെ നിക്ഷേപിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും അതിനുള്ള സംവിധാനം ഇവിടെ കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്. ആവശ്യത്തിന് കച്ചറപ്പെട്ടികള്‍ സ്ഥാപിക്കുകയും, അതിലെല്ലാം പേപ്പര്‍, പ്ലാസ്റ്റിക്ക്, ജൈവമാലിന്യം എന്നിങ്ങനെ തരം തിരിച്ച് ശേഖരിച്ച് സംസ്ക്കരിക്കാനുമുള്ള സംവിധാനം വ്യാപകമായ തോതില്‍ത്തന്നെ ഉണ്ടാക്കുകയും വേണം. ജനങ്ങള്‍ അതില്‍ തരം തിരിച്ച് തന്നെ മാലിന്യം നിക്ഷേപിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തണം. എല്ലാ പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും അവരവരുടേതായ മാലിന്യ സംസ്ക്കരണ സംവിധാനങ്ങള്‍ ഉണ്ടാകണം. ഒരു ദിവസം ശേഖരിക്കുന്ന മാലിന്യം അടുത്ത ദിവസത്തേക്ക് കെട്ടിക്കിടക്കുന്നില്ല എന്ന് സര്‍ക്കാര്‍ തന്നെ ഉറപ്പ് വരുത്തണം.

വികസനമെന്ന ഒരേയൊരു മുദ്രാവാക്യം തന്നെയാണ് മാറിമാറിവരുന്ന സര്‍ക്കാരുകള്‍ എപ്പോഴും വലിയ വായില്‍ വിളിച്ച് കൂവിയിട്ടുള്ളത്. കോടികല്‍ മുടക്കിയുള്ള നിക്ഷേപങ്ങളും വ്യവസായങ്ങളും ടൂറിസം പദ്ധതികളും മാത്രമാണോ വികസനം ? മാലിന്യവിമുക്തമായ തെരുവുകളും നടുവൊടിയാതെ സുരക്ഷമായി സഞ്ചരിക്കാന്‍ പറ്റുന്ന റോഡുകളുമാണ് വികസനത്തിന്റെ മുഖമുദ്രയെന്നത് അധികാരികള്‍ മനസ്സിലാക്കാത്തത് എന്തുകൊണ്ടാണ് ? വൃത്തികെട്ട ഒരന്തരീക്ഷത്തില്‍ വ്യവസായം നടത്താനും ടൂറിസ്റ്റായുമൊക്കെ തിക്കിത്തിരക്കി സംരംഭകരും ജനങ്ങളും വരുമെന്ന് കരുതുന്നത് മൌഢ്യമല്ലേ ?

വിദേശയാത്ര നടത്തുന്ന മന്ത്രിമാരും ഉദ്യോഗസ്ഥന്മാരുമൊക്കെ കാണുന്നില്ലേ അന്നാടുകളിലെ മാലിന്യസംസ്ക്കരണരീതികള്‍ ? കണ്ടിട്ടില്ലെങ്കില്‍ സര്‍ക്കാര്‍ ചിലവില്‍ ഒരു വിദേശയാത്രകൂടെ നടത്തൂ. എന്നിട്ട് അതേ രീതികള്‍ ഇവിടെയും നടപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കൂ. പല കോര്‍പ്പറേഷനുകളിലും ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ മാലിന്യപ്പെട്ടികളും, മാലിന്യം ശേഖരിക്കാനായി വാങ്ങിയ വാഹനങ്ങളും ഉപയോഗിക്കാതെ കിടന്ന് തുരുമ്പ് പിടിക്കുന്നതായി ടീവിയില്‍ ഈയിടെ കണ്ടിരുന്നു. ഇത്തരം നിഷ്‌ക്രിയമായ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികളും ഉണ്ടാകണം.

വിളപ്പില്‍ ശാലകളുടേയും കൂടംകുളത്തിന്റേയുമൊക്കെ പേരില്‍ ജനങ്ങള്‍ നിരത്തിലും സമുദ്രത്തിലും വരെ ഇറങ്ങിനിന്ന്, അവര്‍ തന്നെ തിരഞ്ഞെടുത്ത സര്‍ക്കാരുകളോട് സമരം ചെയ്യേണ്ട ഗതികേടാണിന്നുള്ളത്. നേരത്തേ പറഞ്ഞ സിംഗപ്പൂര്‍ എന്ന രാജ്യവുമായി ഒരു താരത‌മ്യം നടത്താം. 40 ഏക്കറോളം വരുന്ന ഭൂമിയിലാണ് 250 ടണ്‍ മാലിന്യം സംസ്ക്കരിക്കാന്‍ അധികാരികള്‍ പെടാപ്പാട് പെടുന്നത്. അതേ സമയം വെറും 4 ഏക്കറിലാണ് സിംഗപ്പൂരില്‍ 800 ടണ്‍ മാലിന്യം സംസ്ക്കരിക്കുന്നത്. മാലിന്യത്തില്‍ നിന്ന് അവര്‍ വന്‍തോതില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുകയും ചെയ്യുന്നു. ഇതേ സാങ്കേതിക വിദ്യ എന്തുകൊണ്ട് നമുക്കും നടപ്പിലാക്കിക്കൂടാ ? മെട്രോ റെയിലും സ്‌കൈ സിറ്റിയും ഇലക്ട്രോണിക് കോറിഡോറുകളുമൊക്കെ സ്ഥാപിക്കുന്നതിന് മുന്‍പേ പണിതുയര്‍ത്തേണ്ടത്, അവിടന്നൊക്കെ വരാന്‍ പോകുന്ന ജൈവമാലിന്യങ്ങള്‍ അതാത് ദിവസങ്ങളില്‍ സംസ്ക്കരിക്കാനുള്ള സംവിധാനങ്ങളല്ലേ ? കൂടങ്കുളങ്ങള്‍ക്കും വിളപ്പില്‍ശാലകള്‍ക്കും ഒറ്റയടിക്ക് പരിഹാരമുണ്ടാക്കാന്‍ പറ്റുമെന്നുള്ളപ്പോള്‍, സാങ്കേതിക പരിജ്ഞാനവും അനുഭവസമ്പത്തും ഒന്നുമില്ലാത്ത ശിലായുഗ മനുഷ്യരെപ്പോലെ നാം മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത് അപലപനീയമാണ്.

ഫോര്‍ട്ട് കൊച്ചിയെപ്പറ്റിയുള്ള ഒരു ചരിത്രപുസ്തകത്തില്‍ കുറച്ച് നാള്‍ മുന്‍പ് വായിച്ച ഒരു കാര്യം ഓര്‍മ്മവരുന്നു. 1950കളില്‍ കൊച്ചിയിലുണ്ടായിരുന്ന പിയേര്‍സ് ലെസ്ലി എന്ന കമ്പനിയിലെ വിദേശിയായ ഒരു ഉദ്യോഗസ്ഥന്‍ 2007ല്‍ വീണ്ടും കേരളത്തില്‍ വരുന്നു. പഴയ കാലത്തെ ഫോര്‍ട്ട് കൊച്ചിയുടെ തെരുവുകല്‍ ഇതിനേക്കാള്‍ വൃത്തിയുള്ളതായിരുന്നെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നുണ്ട്. അദ്ദേഹത്തിന്റെ ഒരു ഭൃത്യന്‍ ഒരു ഒഴിഞ്ഞ മരുന്ന് കുപ്പി അലക്ഷ്യമായി ജനലിലൂടെ വെളിയിലേക്കെറിഞ്ഞുകളഞ്ഞതിന്ന് അന്ന് 52 രൂപ പിഴയൊടുക്കേണ്ടി വന്നിട്ടുണ്ടത്രേ ! സ്വതന്ത്ര ഇന്ത്യയുടെ കാര്യമാണ് സംസാരിക്കുന്നതെന്ന് ഓര്‍ക്കണം. 1950 ല്‍ 52 രൂപയുടെ മൂല്യമെന്താണെന്നും മറക്കരുത്. അങ്ങനെയൊരു വ്യവസ്ഥിതി ഉണ്ടായിരുന്നു നമുക്ക്. അവിടന്ന് ഇപ്പോള്‍ എവിടെയെത്തി നില്‍ക്കുന്നു ? വിദേശികളോട് പടപൊരുതി പിടിച്ചുവാങ്ങിയത്, സകല കൊള്ളരുതായ്മകളും ചെയ്യാനുള്ള സ്വാതന്ത്ര്യം കൂടെ ആയിരുന്നോ ?

ഫ്ലാറ്റില്‍ ജീവിക്കുന്നവരെ മാറ്റി നിര്‍ത്തി നോക്കിയാല്‍ രണ്ട് സെന്റ് ഭൂമിയെങ്കിലും സ്വന്തമായില്ലാത്തവര്‍ എത്രപേരുണ്ട് കേരളത്തില്‍ ? ഒരു ചതുരശ്ര അടി സ്ഥലമുണ്ടെങ്കില്‍ സ്വന്തം വീട്ടിലെ മാലിന്യം വീട്ടുപറമ്പില്‍ത്തന്നെ ജൈവവളമാക്കി മാറ്റാന്‍ സാധിക്കും. അതിനുതകുന്ന വിവിധതരം പദ്ധതികളും സാങ്കേതിക വിദ്യകളും ലഭ്യവുമാണ്. എറണാകുളത്ത് ഫ്ലാറ്റില്‍ ജീവിക്കുന്ന ഞാന്‍, ക്രെഡായി ക്ലീന്‍ സിറ്റി മൂവ്‌മെന്റ് പദ്ധതി പ്രകാരം, മാലിന്യത്തില്‍ നിന്ന് ജൈവവളം ഫ്ലാറ്റില്‍ത്തന്നെ ഉണ്ടാക്കുന്നുണ്ട്. ഫ്ലാറ്റുകളില്‍ നിന്ന് പോലും ജൈവമാലിന്യം തെരുവുകളിലേക്ക് എത്താതെ തടയാം എന്നതിന്റെ തെളിവാണത്. ചില വലിയ ഫ്ലാറ്റ് സമുച്ചയങ്ങളില്‍ ശമ്പളത്തിന് ജോലിക്കാരെ നിയമിച്ച് എല്ലാ ഫ്ലാറ്റുകളിലേയും ജൈവമാലിന്യം ശേഖരിച്ച് ഒരുമിച്ച് വളമാക്കുന്ന പദ്ധതികളും നടക്കുന്നുണ്ട്. ഇത് എല്ലാ ഫ്ലാറ്റുകളിലും നിര്‍ബന്ധമായും നടത്താന്‍ നിബന്ധന വെക്കേണ്ടത് സര്‍ക്കാരാണ്.
ജൈവമാലിന്യം ഉറവിടത്തില്‍ത്തന്നെ സംസ്ക്കരിക്കുക എന്നതാണ് ഏറ്റവും ഫലപ്രദമായ മാലിന്യസംസ്ക്കരണ രീതി. അല്ലാതെ സ്വന്തം വീട്ടിലെ മാലിന്യം അന്യന്റെ പറമ്പില്‍ എറിയാമെന്നും അന്യര്‍ക്ക് ശല്യമാകുന്ന രീതിയില്‍ സംസ്ക്കരിക്കാമെന്ന് വ്യക്തികളും ഭരണകൂടവും ചിന്തിക്കാന്‍ പോലും പാടില്ല. ജൈവമാലിന്യം ഉറവിടത്തില്‍ത്തന്നെ സംസ്ക്കരിക്കാനായാല്‍ അതില്‍ നിന്ന് കിട്ടുന്ന വളം ഉപയോഗിച്ച് അടുക്കളകൃഷി നടത്താം എന്നൊരു മെച്ചം കൂടെയുണ്ട്. മരുന്നടിക്കാത്ത കായ്‌കനികളും പച്ചക്കറികളും അന്യമായിക്കൊണ്ടിരിക്കുകയും മരുന്നടിച്ചതെങ്കിലും കിട്ടാനായി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുകയും ചെയ്യുന്ന ഇക്കാലത്ത് ജൈവവളം ഉപയോഗിച്ചുണ്ടാക്കിയ നല്ല പച്ചക്കറികള്‍ കൃഷി ചെയ്യാന്‍ സ്വന്തം വീട്ടിലെ മാലിന്യം തന്നെ പ്രയോജനപ്പെടുത്താനുമാകും. ക്രഡായി പോലുള്ള മാലിന്യസംസ്ക്കരണപദ്ധതികള്‍ക്ക് ആയിരം രൂപയിലധികം ചിലവ് വരുന്നുണ്ടെങ്കിലും അതിന്റെ നല്ലൊരു ഭാഗം ഇപ്പോള്‍ സര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കുന്നുണ്ടെന്നാണ് അറിവ്. മറ്റ് ചിലവ് കുറഞ്ഞ മാലിന്യസംസ്ക്കരണ പദ്ധതികളും സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലായി നടക്കുന്നുണ്ട്. ആറിഞ്ച് വ്യാസവും മൂന്നടി ഉയരവുമുള്ള രണ്ട് പ്ലാസ്റ്റിക്ക് പൈപ്പുകളും ശര്‍ക്കരയും ഉണ്ടെങ്കില്‍ ജൈവ മാലിന്യം സംസ്ക്കരിച്ച് വളമാക്കുന്ന രീതിയും ഫലപ്രദമായി പരീക്ഷിച്ച് തെളിയിച്ചിട്ടുള്ളതാണ്. എല്ലാ വീടുകളിലും ഇത് നടപ്പിലാക്കാന്‍ വലിയ ചിലവൊന്നും വരുന്നതേയില്ല. അതിനുള്ള മനസ്സ് കാണിക്കണമെന്ന് മാത്രം.
മാലിന്യം നല്‍കിയാൽ പണം കൊടുക്കുന്ന ഒരു പദ്ധതി കുടുംബശ്രീ പോലുള്ള സംരഭങ്ങളുമായി സഹകരിച്ച് കേരളത്തില്‍ പരീക്ഷിക്കുമെന്ന് ശ്രീ. സാം പിട്രോഡ അഭിപ്രായപ്പെട്ടതായി ഓര്‍ക്കുന്നു. പിന്നീടൊന്നും അതേപ്പറ്റി കേട്ടതുമില്ല. അദ്ദേഹത്തെപ്പോലുള്ളവരുടെ മനസ്സിലുള്ള പദ്ധതികളെപ്പറ്റി കൂടുതല്‍ ചര്‍ച്ചകള്‍ ചെയ്യേണ്ടതും നടപ്പിലാക്കാന്‍ പറ്റുന്നതാണെങ്കില്‍ പ്രാവര്‍ത്തികമാക്കേണ്ടതും സര്‍ക്കാരിന്റെ ചുമതലയാണ്. പണം കിട്ടിയാല്‍ കൈയ്‌ക്കില്ലല്ലോ ? അതുകൊണ്ട് പൊതുജനം കൂട്ടത്തോടെ സഹകരിക്കുമെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല.

ജൈവമാലിന്യവും പ്ലാസ്റ്റിക്കും വേര്‍തിരിച്ച് ശേഖരിക്കാനും നിക്ഷേപിക്കാനും എന്തെങ്കിലും സാങ്കേതിക ബുദ്ധിമുട്ടുണ്ടെങ്കില്‍, കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റിക്ക് വേണ്ടി ശ്രീ.കെ.ബി.ജോയ് നടത്തുന്ന ദുര്‍ഗന്ധമില്ലാത്ത മാലിന്യപ്ലാന്റ് പോലെയുള്ളത് ചിന്തിക്കാവുന്നതാണ്. അവിടെ യന്ത്രസഹായത്താലാണ് ദുര്‍ഗ്ഗന്ധമൊന്നും ഇല്ലാതെ തന്നെ മാലിന്യം വേര്‍തിരിക്കുന്നതും സംസ്ക്കരിക്കുന്നതും. അതും കോര്‍പ്പറേഷന്റെ മുഴുവന്‍ മാലിന്യവും അല്‍പ്പം പോലും കെട്ടിക്കിടക്കാതെ മറിക്കൂറുകള്‍ക്കകം. ഇത്തരം പ്ലാന്റുകള്‍ കേരളത്തില്‍ എവിടെയും സൌജന്യമായി സ്ഥാപിക്കാനും അതിന്റെ അറ്റകുറ്റപ്പണികള്‍ സൌജന്യമായി നടത്താനും ശ്രീ.ജോയി തയ്യാറാണ്. അതില്‍ നിന്നുണ്ടാകുന്ന വളവും പ്ലാസ്റ്റിക്കുമൊക്കെ അദ്ദേഹത്തിന്റെ സ്ഥാപനത്തിന് (എക്കോ ഹെല്‍ത്ത് സെന്റര്‍) നല്‍കണം എന്നത് മാത്രമേ നിബന്ധനയുള്ളൂ.

ജോയിയെപ്പോലുള്ളവരുടേയും ഈ വിഷയത്തെപ്പറ്റി നന്നായി പഠിച്ച് മനസ്സിലാക്കിയിട്ടുള്ള സുധീഷ് മേനോനെപ്പോലുള്ളവരുടേയും നിര്‍ദ്ദേശങ്ങളും സേവനവുമൊക്കെ മാലിന്യസംസ്ക്കരണ രംഗത്ത് പ്രയോജനപ്പെടുത്താനും സര്‍ക്കാര്‍ തലത്തില്‍ നടപടികളുണ്ടാകണം. കോടികള്‍ ലാഭമുണ്ടാക്കാന്‍ പോന്ന ഒരു ജൈവവള വ്യവസായമാണ് മാലിന്യസംസ്ക്കരണമെന്ന് കണക്കുകള്‍ നിരത്തിക്കൊണ്ട് ശ്രീ.സുധീഷ് മേനോന്‍ പറയുന്നു. യൂറോപ്യന്‍ മാതൃകയിലും നിലവാരത്തിലുമുള്ള 10 ടണ്‍ ശേഷിയുള്ള ബയോഗ്യാസ് പ്ലാന്റുകള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം സ്ഥാപിക്കുക വഴി കേരളത്തിന്റെ 6000 ടണ്‍ വരുന്ന മാലിന്യം പ്രകൃതിക്കോ പരിസ്ഥിതിക്കോ കോട്ടം തട്ടാത്ത തരത്തില്‍ അന്നന്ന് തന്നെ സംസ്ക്കരിച്ചെടുക്കാനും, ഓരോ പ്ലാന്റില്‍ നിന്നും 250 പേര്‍ക്കെങ്കിലും പാചകവാതകം നല്‍കാനും സാധിക്കുമെന്നതാണ് സുധീഷ് മേനോന്റെ നിര്‍ദ്ദേശം. ക്രെഡായി പദ്ധതികളിലും പി.വി.സി. പൈപ്പുകള്‍ ഉപയോഗിച്ചുള്ള മാലിന്യ സംസ്ക്കരണത്തിലും എന്തൊക്കെ അപാകതകളും പോരായ്മകളും ഉണ്ടെങ്കിലും അതെല്ലാം പരിഹരിക്കാന്‍ പോന്നതാണ് യൂറോപ്യന്‍ സ്റ്റാന്‍ഡേര്‍ഡിലുള്ള ബയോഗ്യാസ് പ്ലാന്റുകള്‍.

ബോധവല്‍ക്കരണം തന്നെയാണ് ഇനിയങ്ങോട്ട് വേണ്ടത്. അതിനായി എല്ലാ മാര്‍ഗ്ഗങ്ങളും സ്വീകരിക്കുക തന്നെ വേണം. പഴയ തലമുറയിലുള്ളവര്‍ മാറ്റാനാവാത്ത ചില ശീലങ്ങളുമായി മുന്നോട്ട് തന്നെ പോയെന്ന് വന്നേക്കാം. പക്ഷെ, പുതുതലമുറയെ എങ്കിലും ശാസ്ത്രീയമായി മാലിന്യ സംസ്ക്കരിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിക്കൊടുത്ത് വളര്‍ത്തിയെടുക്കേണ്ടത് അനിവാര്യമാണ്. സ്കൂളുകളില്‍ നിന്ന് തന്നെ തുടങ്ങണം മാലിന്യസംസ്ക്കരണത്തിന്റെ ബാലപാഠങ്ങള്‍. പ്രൈമറി സ്ക്കൂള്‍ തലത്തില്‍ നമ്മുടെ കുട്ടികള്‍ പഠിക്കുന്ന വിഷയങ്ങള്‍ ശരിക്കും ഏതൊരാളെയും അമ്പരപ്പിക്കുന്നത് തന്നെയാണ്. പക്ഷെ അവരുടെ നിലനില്‍പ്പിന്റെ തന്നെ വിഷയമായ മാലിന്യസംസ്ക്കരണ പാഠങ്ങള്‍ക്ക് സിലബസ്സില്‍ എത്രത്തോളം പ്രാധാന്യമുണ്ട് ? തുലോം തുച്ഛമാണെന്ന് വേണം മനസ്സിലാക്കാന്‍. കുട്ടികളെ ബോധവല്‍ക്കരിക്കുക തന്നെയാണ് ഏറ്റവും നല്ല മാര്‍ഗ്ഗം. അവര്‍ വീട്ടിലുള്ള മുതിര്‍ന്നവരിലേക്കും ഇത്തരം നല്ല ശീലങ്ങള്‍ പകര്‍ന്ന് നല്‍കിക്കോളും. എന്റെ സ്ക്കൂള്‍ കാലത്ത് ഒരാഴ്ച്ച മുഴുവനും നീണ്ടുനില്‍ക്കുന്ന ‘സേവനവാരം’ ഉണ്ടായിരുന്നു. ഇന്നത് ഒന്നോ രണ്ടോ ദിവസങ്ങളായി ചുരുങ്ങിയിരിക്കുകയാണ്. കൊല്ലത്തില്‍ 10 സേവനവാരം നടത്തിയാലും തീരാത്തത്ര മാലിന്യം പ്ലാസ്റ്റിക്കായും അല്ലാതെയും ഇന്ന് ഓരോ സ്കൂളിന്റെ പരിസരത്തുനിന്നും കണ്ടെടുക്കാനാവും. പക്ഷെ, ‘സേവനവാരം‘ ഒരു ദിവസം മാത്രമായി ഒതുങ്ങിയിരിക്കുന്നു. സ്ക്കൂളും പരിസരവുമൊക്കെ ശുചിത്വത്തോടെ സൂക്ഷിക്കുന്നതോടൊപ്പം പുതിയൊരു മാലിന്യസംസ്ക്കാരം തന്നെ സമൂഹത്തില്‍ വളര്‍ത്തിയെടുക്കേണ്ടത് സ്ക്കൂളുകളില്‍ നിന്നാണ്. അതിനി വൈകാനും പാടില്ല.


നേരെ ചൊവ്വേ പറഞ്ഞാല്‍ കാര്യങ്ങള്‍ മനസ്സിലാക്കാത്തവര്‍ അറിഞ്ഞിരിക്കാനായി ചില നിയമവശങ്ങള്‍ കൂടെ പറഞ്ഞു കൊടുക്കുക. പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് മാലിന്യം നിക്ഷേപിക്കുന്നത് 2011 നവംബര്‍ മാസം മുതല്‍ നിയമപരമായി നിരോധിക്കപ്പെട്ട കാര്യമാണ്. ഇങ്ങനെ ചെയ്യുന്നവര്‍ക്കെതിരെ കേസെടുക്കണമെന്ന് ഡി.ജി.പി.യോട് ജസ്റ്റിസ് സി.എന്‍.രാമചന്ദ്രനും ജസ്റ്റിസ് പി.എസ്.ഗോപിനാഥനുമടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്. മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനും സംസ്ക്കരണത്തിനുമായി ലെവി ഈടാക്കണമെങ്കില്‍ അതും ആകാമെന്ന് കോടതി നിര്‍ദ്ദേശിക്കുന്നുണ്ട്. പൊതുശല്യം തടയുന്ന വകുപ്പ് (ഐ.പി.സി. 268) പ്രകാരവും, രോഗം പടര്‍ന്ന് പിടിക്കാന്‍ സാദ്ധ്യതയുള്ള അശ്രദ്ധമായ നടപടിയുടെ (ഐ.പി.സി 269) പേരിലും, പൊതുവാസസ്ഥലത്തിന് ഹാനികരമാകുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെതിരായും (ഐ.പി.സി.278) ആയിരിക്കും പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരായുള്ള നടപടികള്‍. വകുപ്പ് 269 പ്രകാരം ആറ് മാസം വരെ തടവും, വകുപ്പ് 278 പ്രകാരം 500 രൂപ വരെ പിഴയും കിട്ടിയെന്ന് വരും. പൊലീസ് വിചാരിച്ചാല്‍ ഹെല്‍മെറ്റ് വെക്കാത്തവനേയും സീറ്റ് ബെല്‍റ്റ് ഇടാത്തവനേയും ഓടിച്ചിട്ട് പിടിക്കുന്നതുപോലെ മാലിന്യം നിരത്തില്‍ കൊണ്ടുത്തള്ളുന്നവനെ കണ്ടുപിടിച്ച് കേസ് ചാര്‍ജ്ജ് ചെയ്യാന്‍ ഒരു ബുദ്ധിമുട്ടുമില്ലെന്ന് സാരം.

തടവും പിഴയും ലെവിയും എല്ലാം ഒഴിവാക്കാം. അടുക്കളകൃഷിക്ക് ആവശ്യമായ വളം ഉല്‍പ്പാദിപ്പിക്കാം, അല്ലെങ്കില്‍ പാചകത്തിനാവശ്യമായ ബയോഗ്യാസ് ഉണ്ടാക്കാം. ശുചിത്വമുള്ള അന്തരീക്ഷത്തില്‍ ജീവിക്കാം. അനാവശ്യ രോഗങ്ങളില്‍ നിന്ന് മുക്തി നേടാം. മാലിന്യ സംസ്ക്കരണം ഓരോ വ്യക്തിയുടേയും കുടുംബത്തിന്റേയും സ്ഥാപനങ്ങളുടേയും ഉത്തരവാദിത്വമാണെന്ന വിചാരം എല്ലാവര്‍ക്കും ഉണ്ടാകണമെന്ന് മാത്രം. അല്ലെങ്കില്‍ അങ്ങോട്ടുമിണ്ടോട്ടും മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞ് അക്ഷരാര്‍ത്ഥത്തില്‍ കുപ്പത്തൊട്ടിയായിക്കൊണ്ടിരിക്കുന്ന ഇന്നാട്ടില്‍ വൃത്തികെട്ട ഒരു സമൂഹമായി, സമ്പൂര്‍ണ്ണ സാക്ഷരര്‍ എന്ന ലേബലും നെറ്റിയിലൊട്ടിച്ച് വാഴാം.
വിളപ്പില്‍ ശാല മാലിന്യസംസ്ക്കരണ സമരവുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിധി വന്ന സമയത്ത് ശ്രീ.സിവിക് ചന്ദ്രന്‍ പറഞ്ഞ വരികള്‍ കടമെടുത്ത് കുറിച്ചുകൊണ്ട് അവസാനിപ്പിക്കുന്നു.
“നിന്റെ അഴുകിയ ഭക്ഷണം, നിന്റെ മക്കളുടെ വിസര്‍ജ്ജ്യം പേറുന്ന പൊതിക്കെട്ടുകള്‍, നിന്റെ ഉച്ഛിഷ്ടങ്ങള്‍, നിന്റെ കഫം നിറച്ച കോളാമ്പികള്‍, നിന്റെ പഴുപ്പ് തുടച്ച പഞ്ഞിക്കെട്ടുകള്‍, നിന്റെ ഭാര്യയുടെ ആര്‍ത്തവരക്തം പുരണ്ട തുണിക്കഷണങ്ങള്‍, ........ഇതെല്ലാം വലിച്ചെറിയേണ്ടത് എന്റെ സന്തതികളുടെ മുകളിലല്ല. നിന്റെ വിസര്‍ജ്ജ്യം നീ മറവുചെയ്യണം. അതിനു കഴിയുന്നില്ലെങ്കില്‍ തീ തന്നെ തിന്നുതീര്‍ക്കണം, പന്നിയെപ്പോലെ.”
ശരിയല്ലേ അദ്ദേഹം പറഞ്ഞത് ? മറ്റൊരാളുടെ വിസര്‍ജ്ജ്യം നമ്മളുടെ മേലോ നമ്മുടെ പുരയിടത്തിലോ വീണാല്‍ നമ്മള്‍ സഹിക്കുമോ ? അതേ പരിഗണന മറ്റുള്ളവര്‍ക്ക് തിരിച്ച് നല്‍കാന്‍ നമ്മളും ബാദ്ധ്യസ്ഥരാണ്.
ചേര്‍ത്ത് വായിക്കാന്‍ ഇതേ വിഷയത്തില്‍ മുന്‍പ് എഴുതിയ രണ്ട് ലേഖനങ്ങളുടെ ലിങ്കുകള്‍ കൂടെ സമര്‍പ്പിക്കുന്നു.
മാലിന്യ വിമുക്ത കേരളം
വിളപ്പില്‍ശാലകള്‍ ഒഴിവാക്കാന്‍


Read More | തുടര്‍ന്നു വായിക്കുക

പൂജ്യവും ജസ്റ്റീസ് കാട്ജുവും ...

>> Sunday, September 9, 2012

“ The level of intellect of many teachers is low, because many of them have not been appointed on merit but on extraneous considerations. To give an example, when I was a judge of Allahabad High Court I had a case relating to a service matter of a mathematics lecturer in a university in Uttar Pradesh. Since the teacher was present in court I asked him how much one divided by zero is equal to. He replied, “Infinity.” I told him that his answer was incorrect, and it was evident that he was not even fit to be a teacher in an intermediate college. I wondered how had he become a university lecturer (In mathematics it is impermissible to divide by zero. Hence anything divided by zero is known as an indeterminate number, not infinity).“Professor, teach thyself - Markandey Katju

ചളവറ സ്കൂളിലെ ഹെഡ്‌മാസ്റ്റര്‍ ഗോവിന്ദരാജന്‍മാഷ് നമ്മുടെ രാമനുണ്ണിമാഷിന് അയച്ചുകൊടുത്ത ഒരു കുറിപ്പാണ് ഇന്നത്തെ പോസ്റ്റ്. കുറിപ്പിനാധാരം പ്രസ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ അഭിവന്ദ്യനായ മാര്‍ക്കണ്ടേയ കാട്ജു 2012 സെപ്റ്റംബര്‍ 3ന്റെ ഹിന്ദു ദിനപ്പത്രത്തിലെഴുതിയ ലേഖനത്തിന്റെ ഒരു ഖണ്ഡികയാണ്. ലേഖനത്തിന്റെ ഉള്ളടക്കം വളരെ പ്രസക്തവും തീര്‍ച്ചയായും രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുമാണ് [അങ്ങനെ അദ്ദേഹം ആഗ്രഹിക്കുകയും ചെയ്യുന്നുണ്ട്] എന്നതില്‍ തര്‍ക്കമില്ല. പക്ഷെ, ഈ പോസ്റ്റില്‍, മേല്‍ ഖണ്ഡികയില്‍ മാത്രം ഊന്നല്‍ നല്‍കുന്നു എന്നു മാത്രം. അതും ഈ ഗണിതശാസ്ത്ര വര്‍ഷത്തില്‍ !
ഗണിതശാസ്ത്ര പ്രൊഫസര്‍ 'ഇന്‍ഫിനിറ്റി’ എന്ന് ഉത്തരം പറഞ്ഞപ്പോള്‍ നമുക്ക് ചോദിക്കാവുന്ന ഉപചോദ്യം 'ഇന്‍ഫിനിറ്റി' യെ പൂജ്യം കൊണ്ട് ഗുണിക്കുമ്പൊള്‍ 'ഒന്ന്’ കിട്ടുമോ എന്നതാണല്ലോ. അതിന്റെ തുടര്‍ച്ചയായി പറയാന്‍ തോന്നുക If x,y are positive integers and if x/0=y/0=infinity then x=y=0 is absurd എന്നു മാണല്ലോ? അപ്പോള്‍ എന്താണ് യഥാര്‍ത്ഥ പ്രശ്നം?
ഗണിതശാസ്ത്ര പ്രൊഫസറുടെ 'ഇന്‍ഫിനിറ്റി’ എന്ന ഉത്തരം വളരെ പഴഞ്ചനായ ഒരു അറിവ് മാത്രമാണ്. ഗണിതാധ്യാപകനല്ലാത്ത ഒരാളിന്റെ കാര്യത്തില്‍ ഈ 'അറിവ്’ പ്രത്യേകിച്ച് കുഴപ്പങ്ങളുണ്ടാക്കില്ല. ടോളമി രാജാവ് മന്ത്രിയോട് ഒരിക്കല്‍ ഈ പ്രശ്നം പരിശോധിക്കാനേല്‍പിച്ചുവല്ലോ. ഒന്നില്‍ എത്ര പൂജ്യങ്ങളുണ്ടെന്ന് തീര്‍ച്ചപ്പെടുത്താന്‍ ഒരു ബക്കറ്റ് വെള്ളം [ പരിചാരകരെക്കൊണ്ട്] എടുത്ത് മുറുക്കിയടച്ച ഒരു കപ്പുകൊണ്ട് ബക്കറ്റിലെ വെള്ളം എത്രപ്രാവശ്യം കോരിയെടുക്കാനാവുമെന്ന് എണ്ണിനോക്കിയത്. 'ഇന്‍ഫിനിറ്റി’ തവണ എന്നു തീര്‍ച്ചയാക്കിയ വിവരം ടോളമിയെ സന്തോഷിപ്പിച്ചത്. നമ്മുടെ നാട്ടില്‍ അടിപൊളിഞ്ഞ ബക്കറ്റുകൊണ്ട് കിണര്‍ കോരി വറ്റിക്കാന്‍ ഏതോ മണ്ടന്‍ [ പഴയ ടോളമി രാജാവായിരുന്നു] ശ്രമിച്ചതു പോലെ. ഈ തീരുമാനം കണക്ക് മാഷിന്ന് ഉത്തരമായിക്കൂടെന്നല്ലേ ലേഖകന്‍ ആഗ്രഹിച്ചത്? അതും പൂജ്യത്തിന്റെ വില കണ്ടുപിടിച്ച ഒരു രാജ്യത്തെ പ്രൊഫസര്‍ !
ഇത് കണക്ക് മാഷിന്റെ കാര്യത്തില്‍ മാത്രമല്ല; ഏതു വിഷയത്തിലും പണിയെടുക്കുന്ന മാഷമ്മാരുടെ കാര്യം പൊതുവേ കുറേകൂടി ആലോചിക്കേണ്ടിവരും. പുതിയ പാഠപദ്ധതിയും സമീപനവും കുട്ടികളില്‍ [എല്ലാ വിഷയങ്ങളിലും ] വലിയ കുതിച്ചുചാട്ടം ഉണ്ടാക്കിയിട്ടുണ്ട്. അത് അറിവിന്റെ കാര്യത്തിലും അറിവുല്‍പാദനത്തിന്റെ കാര്യത്തിലും ഉണ്ടായിട്ടുണ്ട്. പുതിയ കാലഘട്ടവും അതിന്ന് കാരണമായിട്ടുണ്ട്. എന്നാല്‍ നമ്മളില്‍ [ മാഷ്] പലരും ഈ വലിയ ‘ലീപ്പ്’ എത്രകണ്ട് ഉള്‍ക്കൊണ്ടു എന്ന് ആലോചിക്കാതെ , വിലയിരുത്താതെ മുന്നോട്ടുപോകാനാവില്ല.
വാല്‍ക്കഷണം:1. കുട്ടിക്ക് അറിവുണ്ടാക്കാന്‍ അദ്ധ്യാപകര്‍ ക്ലാസ് മുറിയില്‍ പ്രയോഗിക്കുന്ന ഒരു ടെക്നിക്കും [ അറിവ് നിര്‍മ്മാണ പ്രക്രിയകള്‍ ] സ്വയം അറിവുണ്ടാക്കാന്‍ മാഷ് ഇന്നേവരെ ഉപയോഗപ്പെടുത്തിയില്ലല്ലോ? കുട്ടിയുടെ ജ്ഞാനനിര്‍മ്മിതിയും മാഷിന്റെ ജ്ഞാന നിര്‍മ്മിതിയും രീതികളില്‍ വ്യത്യാസപ്പെടുന്നോ?
2. ഓ...ഈ പുതിയ സം‌വിധാനങ്ങളും രീതികളും ഒന്നും എനിക്കറീലാ ട്ടോ... എന്ന് മാഷ് പറയുന്നത് വിനയം കൊണ്ടല്ല എന്നും ; മറിച്ച്......[ അല്ലെങ്കില്‍" ന്റെ മാഷെ ങ്ങക്ക് അതറീല്യേ ... " ന്ന് കുട്ടി / രക്ഷിതാവ് ചോദിക്കുമ്പോ എന്തിനാ കയര്‍ക്കുന്നത്?]


Read More | തുടര്‍ന്നു വായിക്കുക

എട്ടാം ക്ലാസ്'

>> Friday, April 13, 2012


ഈ വരുന്ന അധ്യയനവര്‍ഷം നമ്മുടെ പൊതുവിദ്യാലയങ്ങളില്‍ ഘടനാപരമായ പ്രധാനപ്പെട്ട മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് പ്രഖ്യാപിക്കപ്പെട്ടുകഴിഞ്ഞു. അഞ്ചാംക്ലാസ് എല്‍പിയുടേയും എട്ടാം ക്ലാസ് യുപിയുടെയും ഭാഗമായി മാറുന്നത് പരോക്ഷമായാണത്രെ.(എന്ന് വെച്ചാല്‍ മാറുമോ എന്ന് ചോദിച്ചാല്‍ മാറും, ഇല്ലേയെന്ന് ചോദിച്ചാല്‍ മാറില്ല!) എന്നാല്‍ ഇതുസംബന്ധിച്ച് ഇപ്പോഴും കൃത്യമായ ധാരണകള്‍ കൈവരാത്തത്, ധാരാളം ആശങ്കകള്‍ക്ക് കാരണമായിട്ടുണ്ട്. അത്തരമൊരാശങ്കയാണ് ശ്രീ ടി പി കലാധരന്‍മാഷ് ആക്ഷേപഹാസ്യരൂപേണ ഇവിടെ പങ്കുവെയ്ക്കുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായങ്ങളോട് യോജിക്കുന്നവര്‍ക്കും എതിര്‍ക്കുന്നവര്‍ക്കും തങ്ങളുടെ വാദമുഖങ്ങള്‍ അവതരിപ്പിക്കാന്‍ ഒരു വേദിയെന്ന നിലയിലാണ് മാത്​സ് ബ്ലോഗ്, അദ്ദേഹത്തിന്റെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരുന്ന ഈ ലേഖനം സമ്മതത്തോടെ പുന:പ്രസിദ്ധീകരിക്കുന്നത്. ഈ ഒഴിവുകാലത്ത് ആരോഗ്യകരമായ ഒരു 'ഞായറാഴ്ച സംവാദ'ത്തിലൂടെ മാത്​സ് ബ്ലോഗിന്റെ "വൈബ്രന്റായ"പഴയകാലത്തേക്ക് എത്തിപ്പെടുകയുമാകാം, അല്ലേ..?
--------------------------------------------------------------------------------"കത്ത് നിറുത്തുകയാണ്. വീണ്ടുമൊരിക്കല്‍ എഴുതാന്‍ കഴിഞ്ഞില്ലെന്നു വരാം .എങ്കിലും മറക്കരുത്.
എന്ന് വ്യസനസമേതം
സ്വന്തം എട്ടാം ക്ലാസ്
ഒപ്പ് "
കത്തിന്റെ അവസാന ഭാഗം എഴുതിക്കഴിഞ്ഞപ്പോള്‍ അല്പം ആശ്വാസം . ഓര്‍മകളുടെ പുരാവസ്തുശേഖരം കണ്ടു തീര്‍ന്ന പ്രതീതി. സ്കൂള്‍ മുറ്റത്തെ പൂവാക വേനല്പ്പൂക്കളില്‍ ചോന്നു നിന്നു. അവധിക്കു പോയ കുട്ടികള്‍ ക്ലാസ് കയറ്റം കിട്ടി മടങ്ങി വരുമ്പോള്‍ ഇവിടെ ഞാന്‍ ഉണ്ടാകുമോ ? എട്ടാം ക്ലാസ് നിശ്വസിച്ചു.
പണ്ട് പെണ്‍കുട്ടികള്‍ക്ക് ഉത്സാഹമായിരുന്നു എട്ടാം ക്ലാസ് .
ഏഴാം ക്ലാസിലെ അരപ്പാവാടയില്‍ നിന്നും പാദംമുട്ടിപ്പാവാട ആദ്യം അണിഞെത്തുന്ന എട്ടാം ക്ലാസ് .
ആണ്‍ കുട്ടികള്‍ നിക്കറില്‍ നിന്നും ഒറ്റ മുണ്ടിലേക്ക് പ്രായം മാറ്റുന്ന എട്ടാം ക്ലാസ്.
ഏഴില്‍ നിന്നും എട്ടില്‍ എത്തുക .ഹൈസ്കൂളില്‍ ആവുക എന്നൊക്കെ പറഞ്ഞാല്‍ ആള്‍ പ്രമോഷന്‍ ഇല്ലാത്ത അന്നത്തെ കാലത്ത് വലിയ സംഭവം തന്നെ. പഠനത്തിന്റെ രസതന്ത്രം മാറും. പലവട്ടം തോറ്റു കിടന്നവരും ഒരു വട്ടം പോലും തോല്‍ക്കാതെ വന്നവരും എല്ലാം ചേരുമ്പോള്‍ ...
ഇന്ന് ഇതാ ഇവിടം ഒരു ആസന്ന മരണവീട് പോലെ. ബഞ്ചുകളും ഡസ്കുകളും മ്ലാനമായി മിഴി താഴ്ത്തി അങ്ങനെ. കുട്ടികള്‍ കോറിയിട്ട പേരുകള്‍ ,കൌമാര ചിഹ്നങ്ങള്‍ നിശബ്ദതയുടെ ആഴം കൂട്ടി...എട്ടാം ക്ലാസ് എഴുതി പൂര്‍ത്തിയാക്കിയ കത്തില്‍ വീണ്ടും കണ്ണോടിച്ചു..
പ്രിയ ചെങ്ങാതീ/ സ്നേഹിതരേ
എന്നെ പറിച്ചു മാറ്റാനുള്ള തീരുമാനം പത്രങ്ങളില്‍ വായിച്ചു കാണും.
ഞാന്‍ എവിടെ ആയാലും കുട്ടികള്‍ ഏഴില്‍ നിന്നും ജയിച്ചു വരുന്നവര്‍ തന്നെ .എനിക്ക് അതില്‍ വിഷമം ഇല്ല
പക്ഷെ നിങ്ങളെ ഓര്‍ക്കുമ്പോള്‍ ..
ഇനി മുതല്‍ ഹൈസ്കൂളില്‍ പഠിപ്പിക്കാന്‍ നിങ്ങള്ക്ക് ബിരുദാനന്തര ബിരുദം വേണം. ഇപ്പോള്‍ തന്നെ പത്തിരുപതിനായിരം അധ്യാപകര്‍ ഈ യോഗ്യത ഉള്ളവര്‍ ആണ്. അവര്‍ ഒമ്പത് മുതല്‍ പഠിപ്പിക്കും.
യോഗ്യത ഇല്ലാത്തവരെ എന്ത് ചെയ്യും?. ശമ്പളം സംരക്ഷിച്ചു പെന്‍ഷന്‍ ആകും വരെ ഹൈസ്കൂളില്‍ നിര്‍ത്തുമോ ? ഏയ്‌ .അതുണ്ടാവില്ല. കാരണം അവര്‍ ഒമ്പതില്‍ പഠിപ്പിക്കാന്‍ യോഗ്യത ഉള്ളവര്‍ അല്ലല്ലോ. അപ്പോള്‍ പിന്നെ ശമ്പളം സംരക്ഷിച് അയോഗ്യരെ യു പി യിലേക്ക് ഇറക്കി വിടും. ഇന്നലെ വരെ ഹൈസ്കൂള്‍ മാഷായിരുന്ന പ്രഭാകരന്‍ സര്‍ ,മെഴ്സിടീച്ചര്‍ എല്ലാം നാളെ മുതല്‍ യുപി സ്കൂളിലേക്ക് .എന്നോടൊപ്പം അവര്‍ക്ക് പോരേണ്ടി വരുമോ? അങ്ങനെ വന്നാല്‍ അവര്‍ അതിനു സമ്മതിക്കുമോ? അവരുടെ തസ്തികയുടെ പേര് തരം താഴ്ത്തി മാറ്റിക്കൊടുക്കുന്നത് എളുപ്പം സാധ്യമാണോ ? ആലോചിച്ചിട്ട് ഒരു എത്തും പിടീം കിട്ടുന്നില്ല .
യു പി സ്കൂളില്‍ ബിരുദവും ബി എഡും വേണമത്രേ !
ഒരു സിംഗിള്‍ മാനേജ് മെന്റ് സ്കൂളിലെ ഏഴാം ക്ലാസ് ഇന്നലെ വിളിച്ചു പറഞ്ഞു അവിടെ ബിരുദം ഉള്ള ആരും ഇല്ലെന്നു. എല്ലാം ടി ടി സി .!
ഇങ്ങനെ ഉള്ള സ്കൂളില്‍ പഴയ അവസ്ഥ തുടരുമോ ?
എട്ടാം ക്ലാസില്‍ നിന്നും കുടിയിറക്കി വിടുന്ന /അല്ലെങ്കില്‍ ബിരുദവും ബി എഡും ഉള്ളവര്‍ക്ക് പുതിയ സ്കെയില്‍ നല്‍കണ്ടേ? . യുപി സ്കൂളില്‍ രണ്ടു തരം അധ്യാപകര്‍. തുല്യ ജോലി. വേതനം രണ്ട്. അങ്ങനെ സംഭവിച്ചാല്‍ ഇത് അധ്യാപകര്‍ വക വെച്ച് കൊടുക്കുമോ എന്നും അറിയില്ല.അല്ല യു പി സ്കൂളില്‍ ബിരുദം ബി എഡും ഇല്ലാത്തവരെ എന്ത് ചെയ്യും ? ആക്രി തൂക്കി വില്‍ക്കും പോലെ വില്കാന്‍ പറ്റില്ലല്ലോ .അവരെ എല്‍ പിയിലേക്ക് തുരത്തി ഓടിക്കുമോ ?
എല്‍ പി സ്കൂളില്‍ മാനേജര്‍മാര്‍ ആഘോഷം നടത്തും ഒരു ക്ലാസ് കൂടി വരികയല്ലേ .ഒരു മുറി പണിതാലും വേണ്ടില്ല അഞ്ചാം ക്ലാസ് പുതിയ സാധ്യത തുറന്നിടും.
പക്ഷെ എല്‍ പി അധ്യാപകര്‍ ഹിന്ദീം പഠിപ്പിക്കേണ്ടി വരില്ലേ. അല്ലെങ്കില്‍ എന്ത് ഹിന്ദി !
യു പി സ്കൂള്‍ ഇപ്പോള്‍ പഴയ കഥയുടെ പാരഡി പാടുകയാണ് .
"അഞ്ചു പോയി എട്ടു കിട്ടി ഡും ഡും "
എനിക്ക് സന്തോഷം ഒരു വന്‍മതില്‍ തകരുന്നതില്‍ ആണ്. പ്ലസ് ടു വന്നപ്പോള്‍ ചില സ്കൂളുകളില്‍ അവര്‍ക്കായി പ്രത്യേക സ്റാഫ് റൂം .പത്രാസ് സൌകര്യങ്ങള്‍. പുത്തന്‍ വര്‍ഗ വിഭജനം. ഒന്നിചിരുന്നാല്‍ ലോകാവസാനം എന്ന് പ്രച്ചരിപ്പിച്ചവര്‍ ഇനി ഒമ്പതിലും എട്ടിലും കൂടി പഠിപ്പിക്കേണ്ടി വരില്ലേ. അല്ലെങ്കില്‍ ഒമ്പതില്‍ പഠിപ്പിക്ക്ന്നവര്‍ പ്ലസ് ടുവിനും പഠിപ്പിക്കില്ലേ .സ്റാഫ് റൂം മതില്‍ ഇടിഞ്ഞു വീഴും.
പ്രിന്‍സിപ്പല്‍ ഹെഡ് മാഷ്‌ പോര് മുറുകുമോ അവസാനിക്കുമോ?
എച് എം പ്രമോഷന്‍ കൊതിച്ചിരുന്ന ഹൈ സ്കൂളുകാര്‍ക്കു അത് കിട്ടാക്കനിയാകുമോ?
മീറ്റര്‍ സ്കെയില്‍ വെച്ച് മണിക്കൂറും പിരീടും ഒക്കെ അളന്നു മാസ്റര്‍ സ്കെയിലില്‍ തസ്തികയും ശമ്പളവും നല്‍കുന്ന അവസ്ഥയില്‍ മാറ്റം വരുമോ? പ്രത്യേകിച്ചും സ്പെഷ്യലിസ്റ്റ് അധ്യാപകര്‍. പാര്‍ട്ട് ടൈമിലും ഫുള്‍ ടൈമിലും ഓടുന്നവര്‍ .
എട്ടു വരെ താഴേക്കു പോകുമ്പോള്‍ നമ്മുടെ ഡി ഇ ഓ സാര്‍ യു പിയിലേക്ക് പോകുമോ? എ ഇ ഓ സാര്‍ എല്‍ പിയിലെക്കും.? ചിന്തിച്ചു ചിന്തിച്ചു വരുമ്പോള്‍...
ആശങ്കള്‍ പങ്കുവെക്കാന്‍ കാരണം ഉണ്ട് .കുറെ നാള്‍ മുമ്പ് വര്‍ക്കി മാഷ്‌ വീമ്പു പറഞ്ഞു 'എന്നെ ക്ലാസ് ചാര്‍ജില്‍ നിന്നും ഒഴിവാക്കി'
.പ്പര് യു പി സ്കൂളിലെ എച് എം ആണ് .പ്രകടനവും നടത്തി. ബാനറിന്റെ മുമ്പില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ മാഷ്‌ മിണ്ടാ വൃതത്തിലാ.. അതുപോലെ ആള്‍ക്കാര്‍ക്ക് വിഷമം വരുമോ എന്നാ പേടി.
അടുത്ത മാസം ടി സി വാങ്ങാന്‍ കുട്ടികള്‍ വരും
അഞ്ചിലേക്കും എട്ടിലേക്കും അവര്‍ ഏതെങ്കിലും സ്കൂളില്‍ ചേര്‍ന്ന് യൂണിഫോമും തയ്പ്പിച്ചു കഴിഞ്ഞു പറയുമോ ഇതല്ല ഇവിടല്ല നിന്റെയൊക്കെ പ്രവേശനോത്സവം എന്ന് .പുതിയ സ്കൂളിലെ പുതിയ യൂണിഫോം വേണ്ടി വരുമോ ?
ഇതുവരേം ഹാജര്‍ ബുക്കില്‍ നിന്നും കുട്ടികളുടെ പേര് വെട്ടി ശീലിച്ച മാഷന്മാര്‍ ഇനി മാഷന്മാരുടെ പേര് ഇടയ്ക്ക് വെച്ച് ഹാജര്‍ ബുക്കില്‍ നിന്നും ആരെങ്കിലും വെട്ടുമോ ? എല്‍ പി സ്കൂളിലേക്ക്/യു പി സ്കൂളിലേക്ക് ടി സി കൊടുക്കുമോ ?
പി ടി എ തെരഞ്ഞെടുപ്പിന് മുമ്പല്ലെങ്കില്‍ ചിലരുടെ സ്ഥാനവും പോകും.
എല്‍ പി സ്കൂളുകളില്‍ പുതിയ ക്ലാസ് റൂം പണിയണം .ഹൈസ്കൂളും പ്ലസ് ടുവും വിളക്കി ചേര്‍ക്കാന്‍ ചിലയിടത്തെങ്കിലും പുതിയ പ്ലസ് ടു അനുവദിക്കണം.( അപ്പോള്‍ ചിലത് അണ്‍ എക്നോമിക് ആകും.) പുതിയ കെട്ടിടം പണിയണം.
വിദ്യാഭ്യാസ ജില്ലകളെ പുനക്രമീകരിക്കണം.നിയമോം ചട്ടം മാറ്റി എഴുതണം
ആകെ ഒരു പൊളിച്ചെഴുത്ത് .
അപ്പോള്‍ സമരോം സ്റാഫ് റൂം ചര്‍ച്ചേം സെമിനാറും തകൃതി നടക്കും കേരളമല്ലേ ?.
അങ്ങനെ കുട്ടികളുടെ പഠിത്തം ദുര്‍ബലമാകുമോ?
നിരന്തര മൂല്യ നിര്‍ണയം ഇല്ലാതെ ആള്‍ പ്രമോഷന്‍ അവകാശ നിയമത്തില്‍ പറയുന്നില്ലല്ലോ എന്ന് ആരോ അടക്കം പറഞ്ഞത് ഞാന്‍ കേട്ടു. ഗുണമേന്മ ഉള്ള വിദ്യാഭ്യാസ അവകാശത്തിനു വേണ്ടിയാണല്ലോ ഇതെല്ലാം .
പാവം ഒന്നാം ക്ലാസ് .അതിന്റെ വിഷമം കാണുമ്പോള്‍ സങ്കടം.
അഞ്ചര പ്രായക്കാര്‍ മാത്രമേ വരാവൂ.
അതിനു താഴെ ഉള്ളവര്‍ എല്ലാം സ്വകാര്യ അണ്‍ എയിഡടു സ്കൂളുകളില്‍ പോയേക്കാം .
ഒന്നാം ക്ലാസില്‍ ആളില്ലാ ബഞ്ചുകള്‍ കൂടുമോ .
ടീച്ചര്‍ കഥയും പാട്ടും മറന്നു പോകുമോ?
കഞ്ഞീം പയറും കൊണ്ടു വന്ന ചാക്കുമായി അവധിക്കാലത്ത്‌ പിള്ളേരെ പിടിക്കാന്‍ വീട് വീടാന്തരം കേറി ഇറങ്ങുന്ന അധ്യാപകര്‍ .പുത്തനുടുപ്പും യാത്രാ സൌജന്യോം ബുക്കും കുടേം ഒക്കെ വാഗ്ദാനം ചെയ്തു അഡ്വാന്‍സ് കൊടുത്തു ഡിവിഷന്‍ നിലനിറുത്താനുള്ള പെടാപ്പാട് ഇത്തവണ പൊളിഞ്ഞു. ഏതു ക്ലാസില്‍ എന്ന് പറഞ്ഞാ ചെല്ലുക.അഞ്ചും എട്ടും ക്ലാസൊക്കെ ത്രിശങ്കു സ്വര്‍ഗത്തില്‍ അല്ലെ. കാലിചാക്ക് തൂക്കി വില്കാം .
ഓള്‍ പ്രമോഷന്‍ ആയിട്ടും പ്രമോഷന്‍ ലിസ്റ്റ് തയ്യാറാക്കണമെന്ന് എച് എം .ആള്‍ പ്രമോഷനല്ലേ പിന്നെന്തിനാ വാര്ഷികപ്പരീക്ഷേടെ പേപര്‍ നോക്കുന്നതെന്ന് സ്റാഫ് സെക്രടറി .'കണ്ഫ്യൂഷന്‍ തീര്‍ക്കണമേ' എന്ന് എസ ആര്‍ ജിയില്‍ അജണ്ട. അത് കേട്ട് കുട്ടികള്‍ ചിരിക്കുന്നു.ഈ ടീച്ചര്‍മാരുടെ ഫലിതങ്ങള്‍ .അവധിക്കാല വിനോദങ്ങള്‍ .ചിലരെ തോല്‍പ്പിച്ചു ഡിവിഷന്‍ ഒപ്പിക്കാനും ഇനി പറ്റില്ലെന്ന് ..
അധ്യാപക പരിശീലനം ഈ അവസരത്തില്‍ പ്രചോദനം ഏകാന്‍ എത്തും എന്ന് പറയുന്നു.
അധ്യാപകര്‍ക്കുള്ള യോഗ്യതാ പരീക്ഷയും ഇടവപ്പാതിയോടൊപ്പം വരുമായിരിക്കും.
നല്ല ഒരു കുട വാങ്ങാന്‍ മറക്കരുത്. സിലബസ് എകീകരിക്കുംമ്പോഴും ചൂടാം .പരിശീലനത്തിന് പോകുമ്പോഴും ചൂടാം .ഒരു കുടക്കീഴില്‍ നാമെല്ലാം എത്തുമായിരിക്കും. പത്മാവതി ടീച്ചര്‍ മറക്കുട വാങ്ങിക്കഴിഞ്ഞു ഈ കത്തിന് മറുപടി ? ഏതു വിലാസത്തില്‍ അയയ്ക്കും ? കുടിയിറക്കപ്പെടുന്നവര്‍ പരസ്പരം ചോദിക്കുന്ന ആ ചോദ്യം അല്ലെ?
കത്ത് നിറുത്തുകയാണ്. വീണ്ടുമൊരിക്കല്‍ എഴുതാന്‍ കഴിഞ്ഞില്ലെന്നു വരാം .എങ്കിലും മറക്കരുത്.
എന്ന് വ്യസനസമേതം
സ്വന്തം എട്ടാം ക്ലാസ്
ഒപ്പ്


Read More | തുടര്‍ന്നു വായിക്കുക

സ്ക്കൂളുകളില്‍ നിന്ന് കലാ-കായിക-ക്രാഫ്റ്റ് പഠനം അന്യമാകുന്നുവോ?

>> Thursday, July 14, 2011


വിഷയഭേദമന്യേ അധ്യാപകരെയെല്ലാം ബാധിക്കുന്ന ഒന്നാണ് സ്ക്കൂള്‍ ടൈംടേബിള്‍. ശാസ്ത്ര-സാമൂഹ്യ-ഭാഷാ വിഷയങ്ങള്‍ക്കൊപ്പം ടൈംടേബിളില്‍ ആര്‍ട്ടിനും വര്‍ക്ക് എക്സ്പീരിയന്‍സിനും ഫിസിക്കല്‍ എഡ്യൂക്കേഷനുമെല്ലാം പിരീഡ് നല്‍കിയിട്ടുണ്ട്. പക്ഷെ മിക്കവാറും സ്ക്കൂളുകളിലും ഇതൊന്നും കൈകാര്യം ചെയ്യാനുള്ള സ്പെഷലിസ്റ്റ് ടീച്ചര്‍മാരില്ല. പണ്ട് കെ.ഇ.ആറില്‍ പറയുന്ന പ്രകാരത്തിലുള്ള കുട്ടികളുടെ എണ്ണം ഇപ്പോള്‍ എല്ലാ സ്ക്കൂളുകളിലും ഉണ്ടാവണമെന്നില്ല. അതു കൊണ്ടുതന്നെ സ്ക്കൂളുകളില്‍ നിന്നും ആര്‍ട്ട് , ക്രാഫ്റ്റ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ പോസ്റ്റുകള്‍ നഷ്ടമായി. പക്ഷെ, ഒന്നു ചോദിക്കട്ടേ, പൊതുവിദ്യാഭ്യാസമേഖലയിലെ കുട്ടികള്‍ക്ക് ആര്‍ട്ടും ക്രാഫ്റ്റും പഠിക്കേണ്ടേ? സാധാരണക്കാരന്റെ മക്കള്‍ക്കും കായിക പഠനം വേണ്ടേ? ഒരു വ്യക്തിയുടെ കഴിവുകളും മികവുകളും രൂപപ്പെടേണ്ട ഘട്ടം സ്ക്കൂള്‍ വിദ്യാഭ്യാസകാലമാണ്. സാമ്പത്തിക സ്ഥിതിയുള്ളവന്‍ സ്വന്തം നിലയ്ക്ക് കഴിവും മികവുമൊന്നും നോക്കാതെ തന്റെ കുട്ടിയെ ആര്‍ട്ട്-ക്രാഫ്റ്റ്-കായിക വിദ്യാഭ്യാസത്തിനയക്കും. നമ്മുടെ വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികളുടെ ജന്മസിദ്ധമായ പല വാസനകളും പരിപോഷിപ്പിക്കപ്പെടാതെ മുളയടഞ്ഞു പോവുകയാണ്. പിന്നിട്ട കേരളവിദ്യാഭ്യാസ ചരിത്രത്തില്‍ എന്തായിരുന്നു പാഠ്യേതരവിഷയങ്ങള്‍ കൈകാര്യം ചെയ്യപ്പെട്ടത്? നമുക്ക് നോക്കാം.

ഒരമ്പത്-അറുപത് വര്‍ഷം മുന്‍പുവരെ കലാപഠനം വിദ്യാഭ്യാസത്തിന്റെ മുഖ്യഘടകമായിരുന്നു. ഇന്ത്യയില്‍ പൊതുവെ എല്ലായിടത്തും ഇതുതന്നെയായിരുന്നു അവസ്ഥ. എല്ലാ കലകളുടേയും കാര്യത്തില്‍ ഇതു നമുക്ക് മനസ്സിലാക്കം. കഥക്, ഭരതനാട്യം തുടങ്ങിയ നൃത്തരൂപങ്ങള്‍, കഥകളി തുടങ്ങിയ കലാരൂപങ്ങള്‍, സംഗീതം, വാദ്യം, ചിത്രം തുടങ്ങിയവ, അയ്യപ്പന്‍പാട്ട്, പുള്ളുവന്‍പാട്ട് തുടങ്ങിയവ…എല്ലാം തന്നെ വിദ്യാഭ്യാസത്തിലെ പ്രഥമവിഷയമായി പരിഗണിക്കപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ നാമിന്നറിയുന്ന പ്രസിദ്ധകലാകാരന്മാരെല്ലാം (ഏതു രംഗത്തേയും) ഈ പഠനവഴികളിലൂടെ കടന്നുപോന്നവരാണ്. അതില്‍ പൂര്‍ണ്ണതനേടാന്‍ ജീവിതം മുഴുവന്‍ പ്രയോജനപ്പെടുത്തിയവരാണ്. അനേകം തലമുറകള്‍ (ഇന്നും) ഈ കലാകാരന്മാരുടെ സര്‍ഗ്ഗത്മകത ആസ്വദിച്ചുകൊണ്ടിരിക്കയാണ്. ഇതൊക്കെയും നമ്മുടെ സാംസ്കാരികസമ്പത്തായി നാം അഭിമാനം കൊള്ളുകയാണ്.

കാലപ്രവാഹത്തില്‍ സ്വാഭാവികമായും, അതിനേക്കാളധികം കൃത്രിമമായും നമ്മുടെ ജീവിതസങ്കല്‍‌പ്പങ്ങളിലെ മുന്‍‌ഗണനകള്‍ മാറ്റിമറിക്കപ്പെടുകയും പുതിയ മൂല്യങ്ങള്‍ പ്രതിഷ്ടിക്കപ്പെടുകയും ചെയ്തു. സമര്‍പ്പിതകലാകാരനോ, ശാസ്ത്രജ്ഞ്നോ, എഴുത്തുകാരനോ ആവുന്നതിനേക്കാള്‍ ജനപ്രിയത കുറേകൂടി എളുപ്പത്തില്‍ ധനസമ്പാദനം ചെയ്യാന്‍ കഴിയുന്ന ഇടങ്ങളിലേക്ക് മുന്‍‌ഗണനകള്‍ പുതുക്കപ്പെട്ടു. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച സാമൂഹ്യവും സാംസ്കാരികവും ചരിത്രപരവുമായ ഘടകങ്ങളുടെ വിശകലനങ്ങള്‍ പ്രധാനമാണെന്നും സമ്മതിക്കേണ്ടതുണ്ട്.

മാറിമറിഞ്ഞ മുന്‍‌ഗണനകള്‍ ഏറ്റവും പരിക്കേല്‍‌പ്പിച്ചത്, സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ ഏറ്റവും അധികം പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന പൊതുവിദ്യാഭ്യാസരംഗത്തെയാണെന്ന് നമുക്ക് കാണാം. അതില്‍ത്തന്നെ ഏറ്റവും പരിക്കേറ്റത് കലാവിദ്യാഭ്യാസത്തിനും. പൊതുവിദ്യാഭ്യാസം എക്കാലത്തും ഊന്നല്‍ കൊടുത്തത് ഗണിതമടക്കമുള്ള ശാസ്ത്ര വിഷയങ്ങള്‍ക്കും ചരിത്രം ഭാഷ എന്നിവക്കുമായി. ഇതു ബ്രിട്ടീഷുകാരന്റെ കൊളോണിയല്‍ സംബ്രദായത്തിന്റെ പരിണതിയാണെന്ന് പൊതുവേ പറയാറുണ്ടെങ്കിലും സ്വാതന്ത്ര്യാനന്തരഭാരതത്തിന്ന് ക്രിയാത്മകമായ മാറ്റങ്ങള്‍ വരുത്താന്‍ കഴിയുമായിരുന്നു. ഓരോകാലത്തുമുണ്ടായ വിദ്യാഭ്യാസ കമ്മീഷനുകളൊക്കെ ഇതിലെ അശാസ്ത്രീയതകള്‍ ചൂണ്ടിക്കാണിച്ചുവെങ്കിലും അതൊന്നും തുടര്‍ന്ന് ക്രിയാത്മകമായ മാറ്റങ്ങള്‍ക്ക് കാരണമായില്ല. അതുകൊണ്ടുതന്നെ നമ്മുടെ പൊതുവിദ്യാഭ്യാസ സംവിധാനത്തില്‍ ക്രമേണയായി കലാപഠനം (ഒപ്പം ആരോഗ്യ – കായിക പഠനവും, പ്രവൃത്തി പരിചയവും ) അവഗണിക്കപ്പെട്ടുകൊണ്ടേയിരുന്നു.

1960കളില്‍ നമ്മുടെ സ്കൂളുകളില്‍ ചിത്രകലാധ്യാപകന്‍, തുന്നല്‍ ടീച്ചര്‍, നെയ്ത്ത്മാഷ് തുടങ്ങി പ്രവൃത്തിപരിചയാധ്യാപകര്‍ (ക്രാഫ്ട്മാഷ്), സംഗീതാധ്യാപകന്‍, (ഒന്നോ രണ്ടോ സ്കൂളുകളില്‍ മാത്രം കഥകളി, വാദ്യം, ചുട്ടി,അധ്യാപകര്‍ ഉണ്ടായിരുന്നു) എന്നിങ്ങനെ കല-പ്രവൃത്തിപരിചയ മേഖലകളില്‍ സജീവമായി ജോലിചെയ്തിരുന്ന വലിയൊരു വിഭാഗമുണ്ടായിരുന്നു. ഇക്കാലമെത്തുമ്പോഴേക്കും ഈ വംശം മുഴുവന്‍ കുറ്റിയറ്റുപോവുകയും ഇനിയും ബാക്കിയുള്ളവര്‍ക്കുതന്നെ സക്രിയമായി എന്തെങ്കിലും ചെയ്യാനാവുന്ന ഒരന്തരീക്ഷം സ്കൂളുകളില്‍ വികസിക്കുകയോ ചെയ്യുന്നില്ല എന്ന സാമൂഹ്യാവസ്ഥ നിലനില്‍ക്കുന്നു.എന്നാല്‍, നാം നമ്മുടെ വിദ്യാഭ്യാസപദ്ധതികളില്‍ ഇപ്പോഴും കലാവിദ്യാഭ്യാസത്തെക്കുറിച്ചും പ്രവൃത്തിപരിചയം, ആരോഗ്യവിദ്യാഭ്യാസം എന്നിവയെ കുറിച്ചും ഉന്നതമായ സങ്കല്‍‌പ്പങ്ങള്‍ നിലനിര്‍ത്തുകയും ചെയ്യുന്നു. ഈ ‘ഇരട്ടനാവ് ‘ സത്യത്തില്‍ അത്ഭുതവും അപഹാസ്യതയും സൃഷ്ടിക്കുന്നു.

ഏത് ആധുനിക സമൂഹഘടനയിലും വിദ്യാഭ്യാസരംഗത്ത് കലാപഠനത്തിന്റെ പ്രാധാന്യം നമുക്കറിയാത്തതല്ല. Kerala Curriculum Framework – 2007 Page 67,68,69 ഈ വിഷയം സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. ആധുനിക വിദ്യാഭ്യാസചിന്തയുടെ ഭാഗമായ Multiple Intelligence Theory യുടെ പശ്ചാത്തലത്തിലും , കുട്ടിയുടെ സര്‍ഗാത്മകത അറിവ് നിര്‍മ്മാണത്തില്‍ വഹിക്കുന്ന പങ്കിന്റെ പശ്ചാത്തലത്തിലും, നാടിന്റെ സാംസ്കാരിക ഭൂമിക ഉള്‍ക്കൊള്ളുകയും വികസിപ്പിക്കുകയും ചെയ്യാനുള്ള പൌരകടമമയുടെ പശ്ചാത്തലത്തിലും, കുട്ടിയുടെ മനോവിജ്ഞാനീയ ബോധങ്ങളുടെ പശ്ചാത്തലത്തിലും ഒക്കെ ഈ വിഷയം KCF 2007 പരിഗണിക്കുന്നുണ്ട്.കലോത്സവങ്ങള്‍, കായികോത്സവങ്ങള്‍, പ്രവൃത്തിപരിചയമേളകള്‍ തൊട്ടുള്ള സംഗതികളുടെ ന്യായാന്യായങ്ങളും ഫലപ്രാപ്തിയും അശാസ്ത്രീയതകളും സത്യസന്ധമായി വിശകലനം ചെയ്തിട്ടുണ്ട്. അതിനനുസൃതമായ കരിക്കുലവും പാഠ്യപദ്ധതിയും മൂല്യനിര്‍ണ്ണയരീതികളും നിശ്ചയിച്ചുവെച്ചിട്ടുണ്ട്. എന്നാല്‍ ഇനിയും ഇതൊക്കെ വീണ്ടും ചര്‍ച്ചചെയ്യപ്പെടുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യേണ്ട സമൂര്‍ത്ത സാഹചര്യങ്ങള്‍ നിലനില്‍ക്കുകയാണ്.

കല, പ്രവൃത്തി,കായിക- പഠനങ്ങള്‍ക്ക് കെ.ഇ.ആര്‍ പണ്ടേ നിശ്ചയിച്ചുവെച്ചിട്ടുള്ള സമയക്രമം ഉണ്ട്.

Periods Distribution

Sub&class
1

2

3

4

5

6

7

8

9

10
Art Education
4

4

3

3

2

2

2

2

2

1
Work Experience/ PVS
6

6

6

5

3

3

3

2

2

1
Health&Phisical
Education

4

4

4

6

2

2

2

2

1

1


ഏറെക്കാലം നിലനിന്ന ഈ സംവിധാനം ഈ അധ്യാപകരെ സ്പെഷലിസ്റ്റ് ടീച്ചര്‍മാര്‍ എന്ന വിഭാഗത്തിലാക്കി 1995 (GO (MS 525/95/G.Edn.dt.28-10-95)) മുതല്‍ നിരവധി പ്രാവശ്യം നിയമനം തൊട്ട് പീരിയേഡുകള്‍ വരെയുള്ള തലങ്ങളില്‍ പരിഷ്കരിക്കപ്പെട്ടു. പരിഷ്കാരങ്ങളൊക്കെ നല്ലതു തന്നെ; എന്നാല്‍ അതൊന്നും തന്നെ കലാപഠനത്തേയോ മറ്റു ‘സ്പെഷല്‍ വിഷയ’ങ്ങളേയോ സംബന്ധിച്ച വിദ്യാഭ്യാസപരിപേക്ഷ്യങ്ങളൊന്നും പരിഗണിച്ചുകൊണ്ടായിരുന്നില്ലെന്ന യാഥാര്‍ഥ്യം അവശേഷിക്കുന്നു. ഇതു തുടരുകയും ചെയ്യുമെന്നേ പ്രതീക്ഷിക്കാനാവൂ.

നമുക്കാലംബനമാകേണ്ടത് വിദ്യാഭ്യാസചിന്തകന്മാര്‍ സംകല്‍‌പ്പനം ചെയ്ത പരിപ്രേക്ഷ്യങ്ങള്‍ മാത്രമാകുന്നു. അതനുസരിച്ചുള്ള ക്രിയാത്മകമായ പരിപാടികള്‍ DPEP തൊട്ട് ഇന്നുവരെ ചെയ്തുപോരുന്നുമുണ്ട്. സ്പെഷലിസ്റ്റ് അധ്യാപകര്‍ക്കു മുഴുവന്‍ പലവട്ടമായി നല്‍കിയ പരിശീലങ്ങള്‍ മികച്ചവയായിരുന്നു. ചിത്രം സംഗീതം തുടങ്ങിയവയുടെ പഠനം അതത് മേഖലകളില്‍ കുട്ടിക്ക് മികവ് വര്‍ദ്ധിപ്പിക്കുന്നതിനും മറ്റു വിഷയങ്ങളുടെ പഠനത്തിന്ന് സര്‍വാത്മനാ സഹായമാകയും ചെയ്യാനുള്ള പരിപാടികള്‍ ഈ പരിശീലനങ്ങളില്‍ പറഞ്ഞുറപ്പിച്ചതാണ്. എന്നാല്‍ ചിത്രത്തിന്ന് ചുവര്‍ എന്ന പ്രാധമികഘടകം സ്കൂളുകളില്‍ നല്‍കാനായില്ല. പീരിയേഡുകളിലും നിയമനങ്ങളിലും വന്ന കൈകാര്യങ്ങള്‍ ഉള്ള ചുവര്‍ പോലും ദുര്‍ബലപ്പെടുത്തി. കലാപഠനം തൊട്ടുള്ള സ്പെഷല്‍ വിഷയങ്ങള്‍ അപ്രധാനങ്ങളായി. ക്രമേണ ഇതൊക്കെയും തീരെ ഇല്ലാതാവുന്ന ഒരു കാലം അതിവിദൂരമല്ലെന്ന ഭീതി ഇപ്പൊഴേ ആ അധ്യാപകര്‍ക്കെങ്കിലുമുണ്ടാവും.

ഒരു കുട്ടിയില്‍ അന്തര്‍ലീനമായിരിക്കുന്ന കഴിവുകളെ കണ്ടെത്താനും അവയെ പരിപോഷിപ്പിക്കാനും സ്ക്കൂളുകളില്‍ അന്ത്യശ്വാസം വലിച്ചു കൊണ്ടിരിക്കുന്ന കലാകായികപ്രവൃത്തിപരിചയ ക്ലാസുകള്‍ക്ക് പുനര്‍ജ്ജന്മം തീരൂ. അവ കൈകാര്യം ചെയ്യാന്‍ പ്രാവീണ്യമുള്ള അധ്യാപകരെ സ്ക്കൂളുകളില്‍ നിയമിക്കണം. ചെടിക്ക് വെള്ളവും വളവും ലഭിച്ചാലേ പുഷ്പിക്കപ്പെടാന്‍ സാധ്യതയുള്ളു. അല്ലാതെ പുഷ്പിക്കുന്നവ വിരളമാണെന്ന് നമ്മുടെയെല്ലാം അനുഭവസാക്ഷ്യം. വീട്ടിലൊരു മേശയുടെ കാലിളകിയാല്‍ ഒരാണിയടിക്കണമെങ്കില്‍, സ്വിച്ച് ബോര്‍ഡില്‍ നിന്നും ഒരു വയര്‍ വലിച്ച് അതിലൊരു ബള്‍ബ് തെളിയിപ്പിക്കണമെങ്കില്‍ പുറത്തു നിന്ന് ആളെ വിളിക്കേണ്ടി വരുന്ന കാലം നമ്മെ അത്ഭുതപ്പെടുത്താന്‍ ഇടയില്ല.


Read More | തുടര്‍ന്നു വായിക്കുക

കേരളപ്പിറവി: ചരിത്രവും പുരാണവും

>> Monday, November 1, 2010


ഇന്ന് നവമ്പര്‍ ഒന്ന്. കേരളപ്പിറവി ദിനം. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും കേരളപ്പിറവി ദിനം അവധി ദിവസങ്ങളിലായിരുന്നതിന്റെ പരാതി തീര്‍ക്കലാകും ഇന്ന്. പെണ്‍കൊടികള്‍ മുണ്ടും നേര്യതും സെറ്റു സാരിയുമെല്ലാം അണിഞ്ഞ് മലയാളിമങ്കമാരാകുമ്പോള്‍ കോടിമുണ്ടണിഞ്ഞ് കേരളപ്പിറവി ആഘോഷിക്കാന്‍ പുരുഷകേസരികളും തയ്യാറെടുക്കും. മാനുഷരെല്ലാവരും ഒന്നു പോലെ വാണ മഹാബലിയുടെ ഭരണകാലത്തെക്കുറിച്ചുള്ള കഥയും പരശുരാമന്‍ മഴുവെറിഞ്ഞ് കേരളമുണ്ടാക്കിയെന്ന കഥയും കേരളപ്പിറവി ദിനാഘോഷങ്ങളില്‍ മുറതെറ്റാതെ മുഴങ്ങും. ഓഫീസുകളിലും വാഹനങ്ങളിലും പാതയോരങ്ങളിലുമെന്നു വേണ്ട, കേരളത്തിന്റെ മുക്കിലും മൂലയിലുമെല്ലാം ഇന്ന് മലയാളിത്തിളക്കം പ്രതിഫലിക്കും. മലയാളി എന്ന വികാരം ഈ ഒരു ദിനത്തിലെങ്കിലും നമുക്കിടയില്‍ ഉയര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍ അതോര്‍ത്തെങ്കിലും നമുക്ക് സന്തോഷിക്കാം. തമിഴനും കര്‍ണാടകക്കാരനും തെലുങ്കനുമെല്ലാം ഈ വികാരം കേവലം ഒരു ദിവസത്തേക്കുള്ളതല്ലെന്നുള്ളത് ഗൌരവകരമായ ചിന്തയ്ക്ക് വിധേയമാക്കേണ്ടതാണ്. Tamil Nadu State Transport Corporation അവിടെ അറിയപ്പെടുന്നത് തമിഴ് നാട് അരശു പോക്കുവരത്തൂക്കഴകം (தமிழ்நாடு அரசு போக்குவரத்துக்கழகம்)എന്നാണ്. കേരളത്തിലോ ? ഇതരസംസ്ഥാനങ്ങളിലേതു പോലെ അത്രയ്ക്കൊന്നും ഭാഷയോടോ, പഴമയോടോയൊന്നും മലയാളിക്കു താല്പര്യമില്ല. മാത്രമല്ല, ജീന്‍സിലേക്കും ആധുനിക ഫാഷന്‍ വസ്ത്രങ്ങളിലേക്കുമെല്ലാമുള്ള കുടിയേറ്റം മലയാളിയെന്ന സങ്കല്‍പ്പത്തിന് ചെറുതായെങ്കിലും മങ്ങലേല്‍പ്പിച്ചില്ലേയെന്ന ചോദ്യം ഇപ്പോഴും ചോദിക്കുന്നവരുണ്ട്. സൌകര്യം, കാലഘട്ടത്തിന്റെ ആവശ്യം എന്നൊക്കെയുള്ള മറുപടികള്‍ നമുക്കതിന് നല്‍കാനുണ്ടാകും. പക്ഷേ ചുരുങ്ങിയ പക്ഷം, കേരളം എന്ന ഈ ഭാഷാസമൂഹത്തിന്റെ വികാസപരിണാമങ്ങളെപ്പറ്റി മലയാളി അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്

മലയാളഭാഷാദിനവും കേരളപ്പിറവി ദിനവും; രണ്ടും ഒന്നായതില്‍ ഒരുപാടര്‍ഥങ്ങള്‍ ഉണ്ടാവും. ദേശവും ഭാഷയും തമ്മിലുള്ള ബന്ധം സൂചിപ്പിക്കാന്‍ ഇതിലുമേറെ പറ്റിയ ദിവസം വേറെയേത്? ഭാഷ നിലനില്‍ക്കുന്നത് ദേശവുമായി ബന്ധപ്പെട്ടും, ദേശം ജനതയുമാ‍യുമാണല്ലോ. അതുകൊണ്ടുതന്നെ ഭാഷയുടെ നിലനില്‍പ്പും വളര്‍ച്ചയും ജനതയുടെ ജീവിതം തന്നെ. ഭാഷ –കേവലം ഒരു ഉപകരണമല്ല; സാംസ്കാരിക സൂചനയാണ്. മലയാളി ജീവിക്കുന്നതും ചിന്തിക്കുന്നതും സ്വപ്നം കാണുന്നതും സ്വന്തമായ സാംസ്കാരികപരിസരങ്ങളില്‍ നിന്നു മാത്രമാണ്. ഈ സാംസ്കാരിക പരിസരം മലയാളഭാഷയാണ്. പല തലമുറകളായി ജനിച്ചുവളര്‍ന്നതും പഠിച്ചതും ഒക്കെ മറ്റുഭാഷയാവാം. അപ്പോഴും തലമുറകളുടെ അങ്ങേത്തലക്കല്‍ നിലകൊള്ളുന്ന മലയാളത്തിന്റെ- കേരളത്തിന്റെ സാംസ്കാരിക ബോധങ്ങള്‍ അയാളില്‍ നിലകൊള്ളും. ഒരിക്കലും ഇതൊന്നും പൂര്‍ണ്ണമായി തിരോഭവിക്കുന്നില്ല. ഇതൊക്കെയാണ് ശാസ്ത്രീയ നിരീക്ഷണങ്ങളെങ്കിലും ഭാഷയുടെ നിലനില്‍‌പ്പും വളര്‍ച്ചയും സമകലിക സമൂഹത്തെ വല്ലാതെ ആശ്രയിക്കുന്നുണ്ട്.

ബോധപൂര്‍വമായ ചില സംഗതികള്‍ ഇതുമായി ബന്ധപ്പെട്ട് സമൂഹം ചെയ്യേണ്ടതുണ്ട്. ഭാഷയുടെ വളര്‍ച്ച ഇതിലൂടെ മാത്രമേ വലിയതോതില്‍ സംഭവിക്കുകയുള്ളൂ. സ്കൂളുകളില്‍ മലയാളഭാഷ നിര്‍ബ്നധമാക്കല്‍ സുപ്രധാനമാണ്. സര്‍ക്കാര്‍ രേഖകള്‍ ഇത്രയൊക്കെ ശ്രമിച്ചിട്ടും ഇപ്പോഴും പൂര്‍ണ്ണമായും മലയാളത്തിലായിട്ടില്ല. ഭാഷാഭിമാനം- ഭാഷാ സ്നേഹം നാം സ്വയം നിര്‍മ്മിക്കണം. എന്റെ ദൈനം ദിന ഭാഷാ പ്രവര്‍ത്തനങ്ങളില്‍ ചെറിയൊരു ഭാഗമെങ്കിലും മലയാളത്തിലായിരിക്കാന്‍ ഞാനല്ലാതെ വേറാരുണ്ട്? ഇന്റെര്‍നെറ്റുപോലുള്ള സംവിധാനങ്ങളില്‍ പോലും - ബ്ലോഗ്, റ്റ്വിറ്റര്‍, മെയില്‍….മലയാളത്തിന്ന് വളരെ പ്രാധാന്യവും സാധ്യതകളും ഉണ്ടായിക്കൊണ്ടിരിക്കുകയാണല്ലോ.ഇതു പ്രയോജനപ്പെടുത്താന്‍ നാം സ്വയം തീരുമാനിക്കണം. ഭാഷ- സംസ്കാരത്തോട് കണ്ണിചേര്‍ന്നതാണ്. അതുകൊണ്ടുതന്നെ മലയാളിത്തം (നേരിയതും മുണ്ടും ഉപയോഗിക്കലല്ല) തിരിച്ചറിയുകയും ജീവിതത്തോട് ബോധപൂര്‍വം ചേര്‍ക്കുകയും വേണം.നാം നമ്മുടെ സംസ്കാരത്തിലൂടെ ജീവിക്കുമ്പോഴാണല്ലോ സ്വാഭാ‍വികത നിലനില്‍ക്കുകയും ജീവിതം സുകരമാകയും ചെയ്യൂ. സ്വാഭാവികതയുടെ സുഖം അതില്‍ത്തന്നെ അടങ്ങുന്നുണ്ട്.

ക്രിസ്തുവിന് മുന്‍പ് എട്ടാം നൂറ്റാണ്ടില്‍ സൃഷ്ടിക്കപ്പെട്ടുവെന്നു കരുതപ്പെടുന്ന രാമായണത്തിലെ കിഷ്ക്കിന്ധാകാണ്ഡം നാല്‍പ്പത്തൊന്നാം സര്‍ഗത്തില്‍ കേരളത്തെക്കുറിച്ച് പരാമര്‍ശിക്കപ്പെടുന്നുണ്ട്. തെക്കേ ദിക്കിലേക്ക് പോകുന്ന വാനരന്മമാരോട് സുഗ്രീവന്‍ അവിടത്തെ രാജ്യങ്ങളേക്കുറിച്ച് പറയുമ്പോള്‍ "നദീം ഗോദാവരീം ചൈവ സര്‍വമേവാനുപശ്യത തഥൈവാന്ധ്രാന്‍ ച പൗണ്ഡ്രാന്‍ ച ചോളാന്‍ പാണ്ഡ്യാ‍ന്‍ ച കേരളാന്‍" എന്നാണ് പറയുന്നത്. ആ നിലക്ക് ആ കാലഘട്ടത്തിലേ കേരളത്തിന് സ്വന്തമായൊരു സംസ്ക്കാരമുണ്ടായിരുന്നുവെന്ന് നിസ്തര്‍ക്കമായി അംഗീകരിക്കേണ്ട വസ്തുതയാണ്.

മഹാഭാരതത്തിലും ദ്രമിഡം, കേരളം, കര്‍ണാടകം മുതലായ നാമങ്ങള്‍ പരാമര്‍ശിക്കപ്പെടുമ്പോള്‍ വ്യാസന്‍ ഇതിഹാസമെഴുതിയ കാലഘട്ടത്തിലും കേരളരാജ്യമുണ്ടായിരുന്നതായി നമുക്ക് ഊഹിക്കാവുന്നതല്ലേ? ആദിപര്‍വം, സഭാപര്‍വം , വനപര്‍വം , ദ്രോണപര്‍വം തുടങ്ങിയ മഹാഭാരതത്തിലെ വിവിധ അധ്യായങ്ങളിലും കേരളത്തെപ്പറ്റി പരാമര്‍ശമുണ്ട്. രുക്മിണീസ്വയംവരത്തില്‍ പങ്കെടുക്കാനായി തെക്കേ ദിക്കില്‍ നിന്നും ചോളനും, പാണ്ഡ്യനും, കേരളനും വിദര്‍ഭ രാജധാനിയില്‍ സന്നിഹിതരായിരുന്നതായി ഭാഗവതം ദശമസ്കന്ധത്തില്‍ പ്രസ്താവിക്കുന്നു. കൂടാതെ പതിനെട്ടു പുരാണങ്ങളില്‍പ്പെട്ട ബ്രഹ്മാണ്ഡപുരാണം, അഗ്നിപുരാണം എന്നിവയിലും കേരളത്തെപ്പറ്റി പരാമര്‍ശമുണ്ട്.

കേരളത്തെപ്പറ്റിയുള്ള ഏറ്റവും പഴക്കമേറിയ രേഖ ക്രിസ്തുവിനു മുന്‍പ്‌ 272-നും 232-നും ഇടയില്‍ അശോകചക്രവര്‍ത്തി സ്ഥാപിച്ച രണ്ടാം ശിലാശാസനമാണ്. അതില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു : "ദേവന്മാര്‍ക്ക് പ്രിയനാകിയ രാജാ പ്രിയദര്‍ശിയുടെ രാജ്യത്തും അയല്‍ രാജ്യങ്ങളായ ചോള, പാണ്ഡ്യ, സത്യപുത്ര, കേരളപുത്ര രാജ്യങ്ങളിലും, താമ്രപര്‍ണിയിലും യവനരാജാവായ ആന്റിയോക്കോസ് ഭരിക്കുന്ന സ്ഥലത്തും അതിന്റെ അയല്‍ രാജ്യങ്ങളിലും ദേവാനാംപ്രിയ രാജാപ്രിയദര്‍ശി രണ്ട് തരം ചികിത്സക്കുള്ള ഏര്‍പ്പാടുകള്‍ ചെയ്തിരിക്കുന്നു...". കേരളരാജാവിന്റെ പേര് അശോകശാസനത്തില്‍ പറയുന്നില്ലെങ്കിലും ഇവിടെ കേരളപുത്ര എന്ന് പരാമര്‍ശിക്കപ്പെടുന്നത് കേരളമാണെന്ന് പറയാനാകും. പതിമൂന്നാം ശിലാശാസനത്തിലും ഇതേരീതിയിലുള്ള പരാമര്‍ശം കാണാം. താമ്രപര്‍ണി എന്ന് പരാമര്‍ശിക്കപ്പെടുന്ന പ്രദേശം ഇന്നത്തെ ശ്രീലങ്കയാണ്.

കേരളവും മദ്ധ്യധരണ്യാഴി മേഖലയിലെ ജനങ്ങളുമായുള്ള വ്യാപാരബന്ധത്തിന് പുരാതനമായ ചരിത്രമുണ്ട്. ക്രിസ്തുവിന് 1000 വര്‍ഷം മുമ്പേ സോളമന്റെ കപ്പലുകളില്‍ ഫൊണീഷ്യന്മാര്‍ കേരളതീരത്തുള്ള ഓഫിര്‍ എന്ന തുറമുഖം സന്ദര്‍ശിക്കാറുണ്ടായിരുന്നു. ഇന്നത്തെ പൂവാര്‍ എന്ന ഗ്രാമത്തിലാണ് ഈ ഓഫീര്‍ തുറമുഖം നിലനിന്നിരുന്നത് എന്നും കരുതപ്പെടുന്നു. ക്രിസ്തുവിനു ശേഷമുളള ആദ്യനൂറ്റാണ്ടുകളിലെ ഗ്രീക്ക്‌, റോമന്‍, ചൈനീസ്‌ യാത്രാരേഖകളില്‍ കേരളത്തെപ്പറ്റിയുളള വിവരണങ്ങള്‍ കാണാം. ക്രിസ്തുവിന് മുന്‍പ് 302 ല്‍ സെലൂക്കസ് നിക്കേറ്റര്‍ അയച്ച സഞ്ചാരിയായ മെഗസ്തനീസിന്റെ വിവരണങ്ങളില്‍ കേരളത്തെപ്പറ്റിയും വിവിധ തുറമുഖങ്ങളെപ്പറ്റിയും പരാമര്‍ശങ്ങളുണ്ട്. എ.ഡി ഒന്നാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട പെരിപ്ലസ് എന്ന സഞ്ചാരസാഹിത്യചരിത്രത്തില്‍ കേരളത്തിനെക്കുറിച്ച് പലയിടത്തും പറയുന്നുണ്ട്.

പണ്ടു മുതലേ തമിഴ്‌ഭാഷ സംസാരിച്ചിരുന്ന ചേര രാജവംശത്തിനു കീഴിലായിരുന്നു കേരളം. ഈ രാജവംശം ഇന്നത്തെ ചെറുമരാണെന്നും. അതല്ല കുറവരാണെന്നും വിവിധ വാദങ്ങളുണ്ട്. എന്തായാലും തമിഴില്‍ നിന്നും വേറിട്ട്‌ മലയാള ഭാഷ ഉത്ഭവിച്ചതോടെയാണ്‌ കേരളത്തിന്റെ ചരിത്രം ഔദ്യോഗികമായി അംഗീകരിക്കപ്പെടുന്നത്‌.

മലയാളം വിക്കിപ്പീഡിയയെ അവലംബമാക്കിയാണ് ഈ ചരിത്രം ഇവിടെ ഉദ്ധരിക്കപ്പെട്ടത്. ഇതേ വിക്കിപ്പീഡിയ പരിശോധിച്ചാല്‍ത്തന്നെ ഓരോ ഭാഷാസമൂഹങ്ങളുടേയും ഭാഷാസ്നേഹമന്വേഷിച്ച് മറ്റെങ്ങും പോകേണ്ടി വരില്ല. മൌസ് എന്ന വാക്കിന് മലയാളം വാക്കുണ്ടോ? പക്ഷേ തമിഴന് അതിന് വാക്കുണ്ട്. സുട്ടി (சுட்டி) എന്നാണത്. കീബോര്‍ഡ് അവന് വിസൈപ്പലകൈ (விசைப்பலகை) ആണ്. ഒരു തമിഴ് സിനിമയുടെ പേര് തമിഴിലായാല്‍ അതിന് ടാക്സ് ഇളവടക്കമുള്ള പ്രോത്സാഹനങ്ങള്‍ സര്‍ക്കാര്‍ ചെയ്തു കൊടുക്കുന്നു. അതുകൊണ്ടാണ് തമിഴ്നാട്ടുകാരന്‍ യന്ത്രമനുഷ്യനെ (Robot) യന്തിരന്‍ എന്നു വിളിച്ചത്. നമ്മുടെ ഭാഷാ സ്നേഹവും ഭരണഭാഷാദിനാചരണങ്ങളും നവമ്പര്‍ ഒന്നിന് തുടങ്ങി നവമ്പര്‍ ഒന്നിന് തീരാതിരിക്കട്ടെയെന്ന് ഈ കേരളപ്പിറവിയില്‍ ആശംസിക്കാം.


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer