Showing posts with label പ്രതികരണം. Show all posts
Showing posts with label പ്രതികരണം. Show all posts

----Challenges of a mathematics Teacher: ---
നാം പ്രതിസന്ധികളെ മറികടക്കുന്നത്

>> Thursday, September 19, 2013

പാഠപുസ്തകങ്ങള്‍ പുതുക്കിയെഴുതുന്ന കാലത്ത് കേരളത്തിലെ ഒരു പൊതുവിദ്യാലയത്തിലെ ഗണിതാദ്ധ്യാപകന്റെ ചിന്തകളാണ് ഇന്നത്തെ പോസ്റ്റ്. രാകേഷ് സാര്‍ ആലപ്പുഴയില്‍ നിന്നുള്ള റിസോഴ്സ് പേഴ്സണനാണ്. മാത്​സ് ബ്ലോഗിന്റെ നിത്യസന്ദര്‍ശകനും. രാകേഷ് സാര്‍ എഴുതുന്നു... അഞ്ചാം തരം മുതല്‍ പത്താം തരം വരെയുള്ള നമ്മുടെ ഗണിത പാഠപുസ്തകങ്ങളിലൂടെ കടന്നുപോകുമ്പോള്‍ വായനക്കാരന് വിവിധ കാഴ്ചപാടുകള്‍ അത് സമ്മാനിക്കുന്നു. ഉദാഹരണമായി വായനക്കാരന് തന്റെ മാതൃഭാഷയായ മലയാളത്തിനോടുള്ള ഇഷ്ടം,സ്നേഹം,ബഹുമാനം ഇവയൊക്കെ തന്നെ ഗണിതപാഠപുസ്തകം സമ്മാനിക്കുന്നുണ്ട്.കൂടാതെ നമ്മുടെ പുസ്തകങ്ങള്‍ അര്‍ത്ഥപൂര്‍ണമായ ഗണിതം പഠിക്കലാണ്- പഠിപ്പിക്കലാണ് ഏതൊരു ഗണിതവിദ്യാര്‍ത്ഥിയും ഗണിതാദ്ധ്യാപകനും ചെയ്യേണ്ടത് എന്ന യാഥാര്‍ത്ഥ്യം അടിവരയിട്ട് പറയുന്നു. അര്‍ത്ഥപൂര്‍ണമായ ഗണിതം ചര്‍ച്ചചെയ്യുമ്പോള്‍ പല സ്ഥലങ്ങളിലും അര്‍ത്ഥം കല്‍പ്പിക്കേണ്ടിവരുന്നു-(അതായത് പ്രതിസന്ധികള്‍ മറികടക്കുന്നു).ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാകുന്നതും അവ തരണം ചെയ്യുന്നതുമൊക്കെ തന്നെ വളരെ മനോഹരമായി നമ്മുടെ ഗണിത പാഠപുസ്തകങ്ങളില്‍ പ്രതിപാദിക്കുന്നുണ്ട്. 1 മുതല്‍ 12 വരെയുള്ള പാഠപുസ്തകങ്ങള്‍ 2014-2016 കാലയളവില്‍ മാറുകയാണല്ലോ.മാറ്റത്തെ നമുക്ക് സ്വാഗതം ചെയ്യാം.അതോടൊപ്പം തന്നെ നമ്മള്‍--നമ്മുടെ പുസ്തകങ്ങള്‍ എവിടെ നില്‍ക്കുന്നു,മാറ്റത്തിലും മാറാതെ നില്‍ക്കേണ്ടത് എന്തൊക്കെ,ഇനിയും എന്തൊക്കെ മാറ്റങ്ങളാണ് നമുക്ക് വേണ്ടത് എന്ന് ഓരോ ഗണിത പ്രേമിയും ആലോചിക്കേണ്ടതാണ്. അത്തരം ആലോചനകള്‍ക്ക് ആക്കം കൂട്ടാന്‍ ഈ കുറിപ്പിനും ഒരു പങ്കുണ്ടാകട്ടെ എന്നാഗ്രഹിച്ചുകൊണ്ട് തുടങ്ങുന്നു.

1)$2\times3=\cdots$,
2)$2\times-3=\cdots$,
3)$4\times \frac{1}{2}=\cdots$,
4)$-3\times-2=\cdots$,
5)$\sqrt{2}\times\sqrt{3}=\cdots$,
6)$3\times 2=.\cdots$
7)$-3\times 2=\cdots$,
8) $\frac{1}{2}\times 4=\cdots$

മുകളില്‍ സൂചിപ്പിച്ച ഗുണിതചിഹ്നങ്ങള്‍ക്കെല്ലാം ഒരേ അര്‍ത്ഥമാണോ? $2\times3=2$ തവണ $3$ കൂട്ടുക എന്നാണല്ലോ അര്‍ത്ഥം.അതായത് $2\times3=3+3=6$. അതുപോലെ $3\times2=3$ തവണ $2$ കൂട്ടുക എന്ന് വരുന്നു.അതായത്$3\times2=2+2+2=6$ അപ്പോള്‍ $2\times3=3\times2$. ഇനിയും $2\times-3$ ന്റെ അര്‍ത്ഥം പരിഗണിച്ചാലൊ? $2\times-3=2$ തവണ $-3$കൂട്ടുക എന്നു കിട്ടുന്നു.അതായത് $2\times-3=-3+-3=-6$.ഈ രീതിയില്‍ തന്നെ മുന്നോട്ടു പോയാല്‍ $-3\times 2=-3$ തവണ $2$കൂട്ടുക എന്ന് പറയേണ്ടി വരുന്നു.പക്ഷേ $-3$ തവണ എന്നൊരു തവണ ഇല്ലല്ലോ. അപ്പോള്‍ എണ്ണല്‍ സംഖ്യകളില്‍ നാം കണ്ട അര്‍ത്ഥം ഇവിടെ ശരിയാകുന്നില്ല എന്നു വരുന്നു. ഇതു നമ്മുടെ ഒരു പ്രതിസന്ധി ഘട്ടമാണ്. ഈ പ്രതിസന്ധി ഘട്ടം നമുക്ക് തരണം ചെയ്യേണ്ടതായിട്ടുണ്ട്; അല്ലെങ്കില്‍ പുതിയ അര്‍ത്ഥം കല്‍പ്പിക്കേണ്ടതായിട്ടുണ്ട്.

എണ്ണല്‍ സംഖ്യകള്‍ പരിഗണിക്കുമ്പോള്‍ $a \times b$യും $b \times a$യും ഒന്നു തന്നെയാണല്ലോ.ഈ ഒരു സ്വഭാവം $2\times-3$, $-3\times2$ ഇവയിലേക്കും ആരോപിക്കുന്നു.അതായത് $-3\times2$ എന്നത് $2 \times -3$ ന് തുല്യമാണ് എന്ന പുതിയ അര്‍ത്ഥം കല്‍പ്പിക്കുന്നു. അപ്പോള്‍ $-3 \times 2=2 \times -3= -6$ .ഇതുപോലെ അരത്തവണ എന്നൊന്നില്ലാത്തതിനാല്‍ $\frac{1}{2} \times 4$ നും $4 \times \frac{1}{2}$ എന്ന പുതിയ അര്‍ത്ഥം കല്‍പ്പിക്കേണ്ടിവരുന്നു.ഇത്തരത്തില്‍ നിര്‍വ്വചനങ്ങളുടെ തന്നെ യുക്തി പരിശോധിച്ച് അരക്കിട്ടുറപ്പിക്കുന്ന സമീപനമാണ് നമ്മുടെ ഗണിത പാഠപുസ്തകങ്ങളിലുള്ളത്.

വീണ്ടും എട്ടാം തരത്തിലേക്ക് വന്നാല്‍, സര്‍വ്വസമത്രികോണങ്ങള്‍ എന്ന അധ്യായത്തില്‍ $12,13$ പേജുകളിലായി രണ്ട് ചോദ്യങ്ങളുന്നയിക്കുന്നുണ്ട്;
a) ഒരു വശവും ഏതെങ്കിലും 2 കോണുകളും തുല്യമായാല്‍ ത്രികോണങ്ങള്‍ സര്‍വ്വസമമാകുമോ?
b) രണ്ടു വശങ്ങളും ഏതെങ്കിലും ഒരു കോണും തുല്യമായാല്‍ ത്രികോണങ്ങള്‍ സര്‍വ്വസമമാകുമോ?
നമ്മുടെ മുന്‍ പാഠപുസ്തകങ്ങളിലും സമാന്തര textbook ളിലും(NCERT,ICSE) വേണ്ടത്ര ഗൗരവമായി ചര്‍ച്ചചെയ്യപ്പെടാത്ത രണ്ട് ചോദ്യങ്ങളാണിവ.മറ്റൊരു കാര്യത്തിലേക്ക് ശ്രദ്ധതിരിച്ചാല്‍,--പുതിയ അര്‍ത്ഥങ്ങള്‍കല്‍പ്പിക്കുമ്പോള്‍ ഒന്നില്‍കൂടുതല്‍ തത്വങ്ങളെ ഒരു തത്വമായി ചുരുക്കാന്‍ സാധിക്കുന്നു.ഉദാഹരണമായി കൃതികളുടെ ഹരണത്തിന് ഏഴാം ക്ളാസില്‍ പഠിച്ച രണ്ടു തത്വങ്ങള്‍ ഇവയാണ്.

1.$m>n$ ആയാല്‍$\frac{x^m}{x^n} =x^{m-n}$
2.$m < n$ ആയാല്‍ $\frac{x^m}{x^n}$ =$\frac{1}{x^{n-m}}$ അതായത് $\frac{4^5}{4^2}= 4^{5-2}= 4^3$ $\frac{4^2}{4^5} =\frac{1}{4^{5-2}}=\frac{1}{4^3}$ എന്തുകൊണ്ടാണ് $\frac{4^2}{4^5}=4^{2-5} =4^{-3}$എന്നെഴുതാന്‍ കഴിയാത്തത്? $4^3$ എന്നതിന് 3 എണ്ണം 4 കള്‍ തമ്മില്‍ ഗുണിക്കുക എന്നാണല്ലോഅര്‍ത്ഥം.പക്ഷേ $4^{-3}$ എന്നതിന് $-3$ എണ്ണം 4 കള്‍ തമ്മില്‍ ഗുണിക്കുക എന്ന് അര്‍ത്ഥം സ്വീകരിക്കാനും പറ്റില്ല.അപ്പോള്‍ ന്യൂനസംഖ്യകള്‍ കൊണ്ടുള്ള ഗുണനത്തിന് പുതിയ അര്‍ത്ഥം കൊടുത്തതുപോലെ ന്യൂനകൃതികള്‍ക്കും പുതിയ അര്‍ത്ഥം കൊടുക്കാം.എങ്കില്‍ $\frac{4^2}{4^5}=4^{2-5} =4^{-3}$ എന്ന് നമ്മള്‍ ആഗ്രഹിക്കുന്നുവെങ്കില്‍( പ്രതിസന്ധി മറികടക്കാന്‍ഇഷ്ടപ്പെടുന്നുവെങ്കില്‍) $4^{-3}$ ന് $\frac{1}{4^3}$ എന്ന അര്‍ത്ഥം കൊടുക്കേണ്ടി വരുന്നു. പൊതുവേ പറഞ്ഞാല്‍,x പൂജ്യമല്ലാത്ത ഏതുസംഖ്യയായാലും n ഏതു എണ്ണല്‍സംഖ്യയായാലും $x^{-n}$ എന്നത് $\frac{1}{ x^n}$ ആകുന്നുഎന്ന് അര്‍ത്ഥം കല്‍പ്പിക്കാം.അതായത് $x^{-n} =\frac{1}{x^n}$ .ഇങ്ങനെഅര്‍ത്ഥം കൊടുത്തുകഴിഞ്ഞാല്‍ നേരത്തെ സൂചിപ്പിച്ച 2 തത്വങ്ങള്‍ക്കു പകരം $m>n$ ആയാലും $m < n$ ആയാലും $\frac{x^m}{x^n}=x^{m-n}$ എന്ന ഒരു തത്വം മതി. മറ്റൊരു ഉദാഹരണം പരിശോധിക്കാം;കോണുകള്‍ A,B,Cയും വശങ്ങള്‍a,b,c യും ആയ ത്രികോണങ്ങള്‍ പരിഗണിക്കുക. മറ്റൊരു ഉദാഹരണം പരിശോധിക്കാം; കോണുകള്‍ $A,B,C$യും വശങ്ങള്‍$a,b,c$ യും ആയ ത്രികോണങ്ങള്‍ പരിഗണിക്കുക. $\angle A < 90^\circ$ ആണങ്കില്‍ പരപ്പളവ് $= \frac{1}{2} bc \sin A$ $\angle A > 90^\circ$ ആണങ്കില്‍ പരപ്പളവ് $= \frac{1}{2} bc \sin(180-A)$ $\angle A = 90^\circ$ ആണങ്കില്‍ പരപ്പളവ് $= \frac{1}{2} bc $ ഇവിടെ ത്രികോണങ്ങളുടെ പരപ്പളവ് കണ്ടുപിടിക്കുക എന്ന സമാന ആശയത്തിന് വ്യത്യസ്ത സൂത്രവാക്യങ്ങള്‍വേണ്ടിവരുന്നു.ഈ പ്രതിസന്ധി തരണം ചെയ്യാന്‍ $90^\circ$ യേക്കാള്‍ വലിയ കോണുകള്‍ക്കും ത്രികോണമിതി അളവുകള്‍ പുതുതായി നിര്‍വ്വചിച്ചാല്‍ മതിയാകും. അപ്പോള്‍ $\sin(180-x)=\sin x$ എന്നും $\sin 90^\circ =1$ എന്നും അര്‍ത്ഥം കല്‍പ്പിച്ചാല്‍ മുകളില്‍ പരാമര്‍ശിച്ച സൂത്രവാക്യങ്ങളെ ഒറ്റ സൂത്രവാക്യത്തില്‍, പരപ്പളവ് $= \frac{1}{2} bc SinA$, ഒതുക്കാം.

മറ്റൊന്നുള്ളത് മുന്‍കാലങ്ങളിലും $45^\circ$, $45^\circ$, $90^\circ$ കോണളവുള്ള ഏതൊരു ത്രികോണത്തിന്റെയും വശങ്ങള്‍ തമ്മിലുള്ള അംശബന്ധം $1:1:\sqrt{2}$ ആണന്നും $30^\circ$,$60^\circ$, $90^\circ$ കോണളവുള്ള ഏതൊരു ത്രികോണത്തിന്റെയും വശങ്ങള്‍ തമ്മിലുള്ള അംശബന്ധം $1:\sqrt{3}:2$ ആണന്നതും നമ്മള്‍ ചര്‍ച്ചചെയ്യ്ത കാര്യങ്ങളാണ്. പക്ഷേ ഇപ്പോള്‍ കുറെക്കൂടി വലിയ ക്യാന്‍വാസിലാണ് കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നത്.ഏതുത്രികോണത്തിന്റെയും വശങ്ങളുടെ നീളത്തിന്റെ അംശബന്ധം,കോണുകളുടെ $\sin$ അളവുകളുടെ അംശബന്ധത്തിന് തുല്യമാണ് $(a:b:c=\sin A:\sin B:\sin C)$ എന്ന മനോഹരമായ,അര്‍ത്ഥപൂര്‍ണ്ണമായ ആശയത്തിലേക്ക് എത്തിച്ചേരാനുള്ള ചവിട്ടുപടികളായിട്ടാണ് നേരത്തെ സൂചിപ്പിച്ച അംശബന്ധങ്ങള്‍ ചര്‍ച്ചചെയ്യുന്നത്.

ചുരുക്കത്തില്‍ ഏഴാം തരത്തില്‍ ത്രികോണങ്ങളെ മുഖാമുഖം കാണുന്ന കുട്ടിക്ക് പത്താംതരത്തില്‍ത്രികോണമിതിയില്‍എത്തുമ്പോഴേക്കും ആടിത്തിമിര്‍ക്കാനുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളത്. ഇങ്ങനെ ആടിതിമിര്‍ക്കുന്ന കുട്ടികള്‍ ഭാവിയില്‍ CBI പോലെയുളള അന്വേഷണാത്മക ടീമിന്റെ നേതൃത്വനിരയിലേക്കും ഉയരും എന്ന കാര്യത്തിലും രണ്ടു പക്ഷമില്ല. അഭിന്നകസംഖ്യകളെപ്പറ്റിയും ഒന്നു പരാമര്‍ശിക്കേണ്ടതുണ്ട്. ഒന്‍പതാം തരത്തില്‍ രണ്ടാമത്തെ അദ്ധ്യായത്തിലൂടെ കടന്നുപോകുന്ന ഓരോ കുട്ടിയും പ്രതിസന്ധികള്‍ തരണം ചെയ്യുന്നത് മുഖാമുഖം കാണുകയാണ്. പുതിയ അര്‍ത്ഥ സങ്കല്‍പ്പങ്ങള്‍ കണ്ടാസ്വദിക്കാന്‍ സാധിച്ച കുട്ടി, അഭിന്നകസംഖ്യകള്‍ എന്ന അദ്ധ്യായത്തില്‍ എത്തുമ്പോള്‍ എല്ലാ നീളങ്ങളെയും താന്‍ പരിചയപ്പെട്ട ഭിന്നകസംഖ്യകള്‍ കൊണ്ടളക്കാന്‍ കഴിയില്ല എന്ന് തിരിച്ചറിയുന്നു. ഒരു സമചതുരത്തില്‍, വശത്തിന്റെ നീളത്തിന്റെ ഏതു ഭിന്നകസംഖ്യാ ഗുണിതമെടുത്താലും അതു വികര്‍ണ്ണത്തിന്റെ നീളത്തിനു തുല്യമാകില്ല എന്ന യാഥാര്‍ത്ഥ്യം ബോധ്യപ്പെടുന്നു. അങ്ങനെ ഗണിത ചരിത്രത്തിലെ തന്നെവലിയ ഒരു പ്രതിസന്ധി പഠിതാവും ഏറ്റെടുക്കുകയാണ്. തുടര്‍ന്ന് ആ പ്രതിസന്ധികള്‍ മറികടക്കുന്നതും അഭിന്നകസംഖ്യകളുടെ ഗുണനവും എല്ലാം അര്‍ഹിക്കുന്ന ഗൗരവത്തോടെയാണ് ഈ അദ്ധ്യായത്തില്‍ ചര്‍ച്ചചെയ്യുന്നത്.

ഏതു പ്രവര്‍ത്തനവും ചില ചിന്തകളിലേക്ക് നയിക്കുകയും അതില്‍ നിന്ന് യുക്തിപൂര്‍വ്വം ചില ആശയങ്ങളിലെത്തുകയും ഈ ആശയങ്ങള്‍ പുതിയ പ്രവര്‍ത്തനങ്ങളിലേക്കും പുതിയ ചിന്തകളിലേക്കും നയിക്കുകയും ചെയ്യുന്ന സമീപനമാണ് നമ്മുടെ ഗണിതപാഠപുസ്തകങ്ങളിലുള്ളത്. ഈ അവസരത്തില്‍ ഒരു കാര്യം കൂടി-- കൃഷ്ണന്‍സാറിന്റെ കാര്‍മികത്വത്തില്‍ $11,12$ ക്ളാസുകളിലേക്കും കൂടി, മലയാളിക്ക് അഭിമാനിക്കാവുന്ന, നെഞ്ചോട് ചേര്‍ത്തുപിടിക്കാവുന്ന ഗണിത പാഠപുസ്തകങ്ങള്‍ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു.

ഏതൊരു ഭാഷയും നിലനില്‍ക്കുന്നതും ഉയരങ്ങള്‍ കീഴടക്കുന്നതും അത് ഏറ്റെടുക്കുന്നവരുടെ ആത്മാര്‍ത്ഥതയെയും കൂടി അനുസരിച്ചാണല്ലോ. കൃഷ്ണന്‍സാറിന്റെ നേതൃത്വപരമായ ഇടപെടലുകളിലൂടെ പുതിയ ഗണിത പാഠപുസ്തകങ്ങള്‍ ഒരുപിടി പുതിയ മലയാളപദങ്ങള്‍ നമുക്ക് സമ്മാനിച്ചു.
  1. പരപ്പളവ്----വിസ്തീര്‍ണ്ണം---Area
  2. സമാനകോണുകള്‍---സമസ്ഥാനീയ കോണുകള്‍--Corresponding angles
  3. മറുകോണുകള്‍---ഏകാന്തരകോണുകള്‍--Alternate angles
  4. പുറംകോണുകള്‍--- ബാഹ്യകോണുകള്‍--Exterior angles
  5. തൊടുവര---സ്പര്‍ശരേഖ ---Tangent
  6. മധ്യമരേഖ---Medians
  7. മധ്യമം---Median
  8. മഹിതം---Mode
  9. ചതുരചിത്രം--Histogram
  10. വൃത്താംശം--Sector
  11. ബഹുപദം---polynomial
  12. പരിഹാരം;... solution
മറ്റൊരു കാര്യം കൂടി സൂചിപ്പിച്ചുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കുകയാണ്. നിരന്തര മൂല്യനിര്‍ണയത്തില്‍ ഗണിത ക്വിസിന്റെ പങ്ക് 2003 മുതല്‍ നടപ്പിലാക്കിയ CCE പ്രവര്‍ത്തനങ്ങളുടെ ഇന്നത്തെ അവസ്ഥ എന്താണ്? CCE കേവലം മാര്‍ക്കിടല്‍ ചടങ്ങായി തരംതാണു എന്നൊരു ആക്ഷേപം നിലനില്‍ക്കുകയാണല്ലോ. ഇത്തരം പ്രതിസന്ധികളും നമുക്ക് തരണം ചെയ്യതേ പറ്റു.പത്തു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് പുതിയ തലങ്ങളിലേക്ക് നമുക്ക് പോകേണ്ടതായിട്ടുണ്ട്.ഈ അദ്ധ്യയനവര്‍ഷം മുതല്‍ നടപ്പിലാക്കിതുടങ്ങിയ വിലയിരുത്തല്‍ സമീപന രേഖയില്‍ നിന്നും ആരംഭിക്കാം.

പഠനപ്രക്രിയയുടെ അനിവാര്യ ഘടകമാണല്ലോ പഠിതാവിനെ വിലയിരുത്തുക എന്നത്. ഇപ്പോഴത്തെ വിലയിരുത്തല്‍ സമീപനം മൂന്ന് മാനങ്ങളിലായി ക്രോഡീകരിക്കപ്പെട്ടിരിക്കുന്നു.

1.Assessment as learning
2.Assessment for learning
3. Assessment of learning

  1. Assessment as learning(വിലയിരുത്തല്‍ തന്നെ പഠനം)(പഠിതാവിന്റെ വിലയിരുത്തല്‍):പഠിതാവ് തന്റെമികവുകളും പരിമിതികളും തിരിച്ചറിയുന്ന സ്വയം വിലയിരുത്തല്‍ പ്രക്രയ.ഇത് സ്വയം വിമര്‍ശനത്തിനുള്ള അവസരം ഒരുക്കുകയും തിരുത്തല്‍ പ്രക്രിയ കാര്യക്ഷമമാക്കുകയും ചെയ്യുന്നു.ഇവിടെ വിലയിരുത്തല്‍ തന്നെ പഠനപ്രവര്‍ത്തനമായി മാറുന്നു.ഇത് കൂടുതല്‍ ആഴത്തിലുള്ള പഠനത്തിലേക്ക്നയിക്കുന്നു.
  2. Assessment for learning(പഠനത്തിനായുള്ള വിലയിരുത്തല്‍)(പഠനത്തിനു വേണ്ടിയുള്ള വിലയിരുത്തല്‍): പഠന ബോധന പ്രക്രിയയില്‍ തന്റെ പഠിതാക്കള്‍ എവിടെ നില്‍ക്കുന്നു?അവര്‍ എവിടെയാണ് എത്തിച്ചേരേണ്ടത്?അദ്ധ്യാപകനായ ഞാന്‍ ഇതിന് എന്തെല്ലാം ചെയ്യണം? ഈ ചോദ്യങ്ങളുടെ ഉത്തരം തേടലാണ് പഠനത്തിനുവണ്ടിയുള്ള വിലയിരുത്തല്‍.പഠനപ്രവര്‍ത്തനങ്ങളുടെ ആസൂത്രണത്തിനും നിര്‍വ്വഹണത്തിനും ഈ വിലയിരുത്തല്‍ അനിവാര്യമാണ്.
  3. Assessment of learning(പഠനത്തെ വിലയിരുത്തല്‍)(പഠിച്ചതിനെ വിലയിരുത്തല്‍):പഠനബോധന പ്രവര്‍ത്തനങ്ങള്‍ നിശ്ചിതഘട്ടത്തിനു ശേഷം വിലയിരുത്തുമ്പോള്‍ അത്പഠനത്തെവിലയിരുത്തലാകുന്നു.പഠിതാവിലുണ്ടായ മാറ്റം,പഠനനിലവാരം നേടിയ അറിവ് എത്രമാത്രം പ്രയോജനപ്പെടുന്നു തുടങ്ങിയവ കണ്ടെത്തുന്നതിന് ഈ വിലയിരുത്തല്‍ സഹായകമാണ്.
ക്ളാസ്റൂം പഠനത്തിന്റെ ഭാഗമായി നടക്കുന്നതാണല്ലോ നിരന്തരവിലയിരുത്തല്‍.ഗണിതശാസ്ത്രപഠനവുമായി ബന്ധപ്പെട്ട് നിരന്തരവിലയിരുത്തലിന് സ്വീകരിക്കാവുന്ന/സ്വീകരിക്കുന്ന ധാരാളം പ്രവര്‍ത്തനങ്ങള്‍ ഉണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങളെ 4 അടിസ്ഥാന മേഖലകളാക്കി നിരന്തര വിലയിരുത്തലിന് (HS തലത്തില്‍) പരിഗണിക്കുന്നു.

മേഖല 1-ദൈനംദിന പ്രവര്‍ത്തനങ്ങള്‍
മേഖല 2-അന്വേഷണാത്മക പ്രവര്‍ത്തനങ്ങള്‍
മേഖല 3-പ്രായോഗിക പ്രവര്‍ത്തനങ്ങള്‍
മേഖല 4-സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങള്‍

നാലാമത്തെ മേഖലയിലാണ് ഗണിതക്വിസ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.സര്‍ഗാത്മകമായ കഴിവുകളും വിഷയസംബന്ധമായ കഴിവുകളും പ്രകടിപ്പിക്കുവാനുളള അവസരമാണ് ഈ മേഖലയിലൂടെ കിട്ടുന്നത്.ക്വിസ്, ചോദ്യനിര്‍മ്മാണം,പസിലുകള്‍, ഗെയിമുകള്‍ ചാര്‍ട്ട് തയ്യാറാക്കല്‍, മോഡലുകള്‍ നിര്‍മ്മിക്കല്‍, കവിതകള്‍,നാടകങ്ങള്‍, കാര്‍ട്ടൂണുകള്‍ ഐ സി റ്റി പ്രവര്‍ത്തനങ്ങള്‍, ഗണിതപതിപ്പ്, ഗണിതകഥ എന്നിവ ഈ മേഖലയില്‍ ഉള്‍പ്പെടുന്നു.

ക്വിസ് ചോദ്യങ്ങളുടെ വിലയിരുത്തലിന് ചുവടെ കൊടുത്തിരിക്കുന്ന സൂചകങ്ങള്‍ ഉപയോഗിക്കാം.
സൂചകങ്ങള്‍
  1. ചോദ്യങ്ങള്‍ക്ക് പാഠഭാഗങ്ങളുമായുള്ള ബന്ധം
  2. ചോദ്യങ്ങളുടെ വൈവിധ്യം
  3. ചോദ്യങ്ങളിലെ ലാളിത്യം
  4. അവതരണം

ഈ സൂചകങ്ങളെ അടിസ്ഥാനമാക്കി good,average,to be improved എന്നീ വിഭാഗങ്ങളായി 3,2,1 എന്നീ സ്കോറുകള്‍ നല്‍കി ശരാശരി സ്കോര്‍ കണക്കാക്കാം. ക്വിസ് ചോദ്യങ്ങളുടെ പ്രത്യേകത—പെന്‍സിലും പേപ്പറും എടുക്കാതെ ഒന്നോ രണ്ടോ മിനിട്ടു കൊണ്ട് മനസ്സില്‍ ക്രിയകള്‍ നടത്തി ഉത്തരത്തില്‍ എത്തിച്ചേരണം. അപ്പോള്‍ സ്വാഭാവികമായും ,ചോദ്യങ്ങള്‍ക്ക് പാഠഭാഗങ്ങളുമായുള്ള ബന്ധം അന്വേഷിച്ചിറങ്ങുന്ന ഏതൊരു കുട്ടിക്കും ബന്ധപ്പെട്ട ആശയങ്ങള്‍ സമഗ്രമായും സൂക്ഷ്മമായും മനസ്സിലാക്കാനുള്ള അവസരം വന്നു ചേരുന്നു.

1 Click Here to download Quiz Paper prepared by Rakesh Sir
2. Old post on State level Quiz
3. IT QUIZ POST


Read More | തുടര്‍ന്നു വായിക്കുക

ഒരു രക്ഷകര്‍ത്താവിന്റെ സങ്കടഹര്‍ജി
Grievance Letter to Education Minister

>> Saturday, March 2, 2013

ബഹുമാനപ്പെട്ട കേരള വിദ്യാഭ്യാസ മന്ത്രി
ശ്രീ അബ്ദുറബ്ബ് അവര്‍കള്‍ക്ക്


സര്‍,
2013 മാര്‍ച്ച് 11 മുതല്‍എസ്.എസ്.എല്‍.സി. പരീക്ഷകള്‍ ആരംഭിക്കുകയാണ്. മുന്‍ കാലങ്ങളിലെ ആവര്‍ത്തനം എന്ന രീതിയില്‍ പരീക്ഷാ നിര്‍ദ്ദേശങ്ങളും ടൈംടേബിളും എത്തിക്കഴിഞ്ഞു. കഴിഞ്ഞ വര്‍ഷങ്ങളിലൊക്കെ കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളും ആഗ്രഹിച്ചുകൊണ്ടിരിക്കുന്ന ഒരു സംഗതി - കുട്ടികള്‍ക്കുള്ള പരീക്ഷാ സമയത്തിലെ മാറ്റം [ഉച്ചക്ക് 1.30 മുതല്‍ 3.30/4.30 വരെ എന്നത് രാവിലെ 9.30 മുതല്‍..... ] ഈ നിവേദനത്തിലൂടെ ഒരിക്കല്‍ക്കൂടി അങ്ങയുടെ ശ്രദ്ധയില്‍പ്പെടുത്തുകയാണ്. ഇത്തരമൊരു തീരുമാനമെടുത്തത് അങ്ങ് വിദ്യാഭ്യാസമന്ത്രിയാകുന്നതിനും വളരെ മുമ്പേ മുതലാണെന്നുമറിയാം. എങ്കില്‍ക്കൂടി നമ്മുടെ വിദ്യാഭ്യാസമേഖലയില്‍ ഏറെ ഉയര്‍ച്ചയുണ്ടാകണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നയാളെന്ന നിലയിലാണ് അങ്ങേയ്ക്ക് മുന്നിലേക്ക് ഏറെ പ്രതീക്ഷകളോടെ ഈ ആവശ്യം വീണ്ടും മുന്നോട്ട് വെക്കുന്നത്. കുട്ടിക്ക് ഗുണപരമാകുന്ന തീരുമാനമെടുക്കാന്‍ ഇനിയും വൈകിയിട്ടില്ല എന്ന വിശ്വാസത്തോടെ.

സര്‍,
1.
കേരളത്തില്‍ മാത്രമല്ല, സമീപസംസ്ഥാനങ്ങളിലും 2013 ലെ എസ്.എസ്.എല്‍.സി പരീക്ഷ [ചെറിയ മാറ്റങ്ങളോടെ] നടക്കുകയാണ്`. അവരുടെ സര്‍ക്കാരുകള്‍ തയ്യാറാക്കിയടൈം ടേബിളുകള്‍ ശ്രദ്ധിച്ചാല്‍, കേരളമൊഴികെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും പരീക്ഷക്കായി നിശ്ചയിച്ചിരിക്കുന്ന സമയം രാവിലെ ആണ്`. കുട്ടികള്‍ക്കുള്ള പരീക്ഷകള്‍ ലോകമെമ്പാടും ദിവസത്തിന്റെ ആദ്യ മണിക്കൂറുകളിലാണ്`.

ഇതു സൂചിപ്പിക്കുന്നത്, പരീക്ഷയെഴുതാന്‍ കുട്ടിക്ക് ഏറ്റവും അനുയോജ്യമായ സമയം രാവിലെയാണെന്നാണല്ലോ. അപ്പോള്‍ നമ്മുടെ കുട്ടികള്‍ക്കും അതിന്റെ പ്രയോജനം ലഭിക്കേണ്ടതല്ലേ? ഇന്ത്യയിലെ മുഴുവന്‍ കുട്ടികള്‍ക്കും ലഭിക്കുന്ന ഈ സൗകര്യം നമ്മുടെ 5 ലക്ഷം കുട്ടികള്‍ക്ക് നല്‍കാന്‍ നാമല്ലാതെ വേറേ ആരുണ്ട്?

2.
സര്‍,
എന്തൊക്കെ പറഞ്ഞാലും പരീക്ഷകളൊക്കെത്തന്നെ നമ്മുടെ മിടുക്കന്മാര്‍ക്കും മിടുക്കികള്‍ക്കും Tension ഉണ്ടാക്കുന്നുണ്ട്. നന്നായി എഴുതാന്‍ കഴിയണേ എന്ന നിറഞ്ഞ പ്രാര്‍ഥനയും കൂടിയാണത്.അവര്‍തന്നെയാണ്` നന്നായി വിജയിക്കുന്നവരും. എല്ലാം നന്നായി പഠിച്ച കുട്ടിക്ക് അത് എത്രയും വേഗം എഴുതാന്‍ കഴിഞ്ഞാല്‍ ഉള്ള സമാധാനം ആര്‍ക്കാണറിയാത്തത്? അത് ദിവസത്തില്‍ നീട്ടിവെക്കാതെ രാവിലെത്തന്നെ ചെയ്യാന്‍ കഴിഞ്ഞല്‍ എത്ര സുഖം കുട്ടിക്കുണ്ട്? കുട്ടിയെ ഉച്ചവരെ മുള്‍മുനയില്‍ നിര്‍ത്താതെ രാവിലെ തന്നെ പരീക്ഷ നടത്തുന്നതല്ലേ ഏറ്റവും സൗകര്യപ്രദം?

3.
സര്‍,
മാര്‍ച്ച് മാസത്തെ കാലാവസ്ഥയെക്കുറിച്ച് പറയാനില്ലല്ലോ. സവിശേഷമായും മഴകുറഞ്ഞ ഇക്കൊല്ലം. ഇപ്പോള്‍ത്തന്നെ ഉച്ചക്ക് 39-40 ഡിഗ്രിയാണ്`. അത്യു‌‌ഷ്ണം. ഹ്യുമിഡിറ്റി 65%-89% വരെയാണ്. കുട്ടിയും അധ്യാപകരും വിയര്‍ത്ത് കുളിക്കുകയണ്. നമ്മുടെ ക്ളാസ് മുറികളില്‍ 20% ത്തില്പോലും ഫാനില്ല. ഉള്ളതിലാകട്ടെ ഉച്ചനേരത്ത് പലപ്പോഴും കറണ്ടുമില്ല. നമുക്കറിയാമിത്. ഗള്‍ഫ് രാജ്യങ്ങളിലെ കുട്ടികള്‍ ഭാഗ്യവാന്മാര്‍. അവര്‍ക്ക് പരീക്ഷ 11 മണിയോടെ [അവിടത്തെ സമയം] തുടങ്ങും. ക്ളാസ്‌‌ മുറികള്‍ വളരെ സുഖകരവുമാണ്. നമ്മുടെ കുട്ടികളെ സഹായിക്കാന്‍ നമ്മളല്ലാതെ വേറെ ആരുണ്ട്?

4.
സര്‍,
നമ്മുടെ സ്കൂളുകളില്‍ അദ്ധ്യാപകര്‍ സ്നേഹപൂര്‍വമാണെങ്കിലും പരീക്ഷാദിവസങ്ങളില്‍ കുട്ടികളെ പരിപാലിക്കുന്നത് സഹതാപം തോന്നിപ്പിക്കുന്നതാണ്`. പരീക്ഷ ഉച്ചക്കാണെങ്കിലും കുട്ടികളെ രാവിലെ 9 മണിക്കേ സ്കൂളിലെത്തിക്കുന്നു. [സാധാരണ ദിവസങ്ങളില്‍ സ്കൂള്‍ ബസ്സുകള്‍ ഉണ്ടെങ്കിലും പരീക്ഷാ ദിവസങ്ങളില്‍ മിക്കയിടത്തും ഇല്ല. ] പിന്നെ പരിക്ഷക്കൊരുക്കലാണ്`. സദുദ്ദേശ്യത്തോടെയാണെങ്കിലും ഇത് കുട്ടികളിലേല്‍പ്പിക്കുന്ന സമ്മര്‍ദ്ദം ആര് പരിഗണിക്കാന്‍? തുടര്‍ന്ന് ഭക്ഷണം... നല്ല വാക്കുകള്‍... പരീക്ഷക്കയക്കല്‍... ഒക്കെയുണ്ട്. ഈ പരിപാടികള്‍ ഒരുക്കേണ്ടിവരുന്നത് 'പരീക്ഷ ഉച്ചവരെ ഇല്ല' എന്നതുകൊണ്ട് മാത്രമാണ്. പരീക്ഷകഴിഞ്ഞാല്‍ ഈ സ്നേഹാദരങ്ങളൊന്നുമില്ല. എല്ലാവരും വീട്ടിലേക്ക് ഓട്ടമാണ്.പരീക്ഷക്കു മുന്പുള്ള അവസ്ഥയല്ല പരീക്ഷക്ക് ശേഷം. അപ്പോള്‍ കൃത്രിമമായ ഈ അവസ്ഥ ഉണ്ടാക്കേണ്ടിവരുന്നത് പരീക്ഷാസമയം അശാസ്ത്രീയമാകുന്നതുകൊണ്ടാണോ? നാമല്ലാതെ ഇത് പരിശോധിക്കാന്‍ വേറേ ആരുണ്ട് സര്‍?


5.
സര്‍,
പരീക്ഷയുടെ Tension ഓരോ കുട്ടിയിലും ഓരോ തരത്തിലാണ്`. Tension ഒന്നും ഇല്ലാത്ത ഭാഗ്യവാന്മാരുണ്ട്. എന്നാല്‍ ബഹുഭൂരിപക്ഷവും അങ്ങനെയല്ല. പരീക്ഷക്ക് മുന്‍പ്, ഭക്ഷണം പോലും ഇറങ്ങാത്തവരുണ്ട്. [അവര്‍ക്കും സ്കൂളില്‍ ബിരിയാണിയും പൊറോട്ടയും ഉണ്ട്.] പെണ്‍കുട്ടികള്‍ മാസമുറപോലുള്ള വിഷമതകളില്‍ പെടുന്നു. അതുകൊണ്ടുതന്നെ ഓരോ സ്കൂളിലും ഒരുപാടു കുട്ടികള്‍ ഉച്ചയാവുമ്പോഴേക്ക് തളരുന്നു. ഛര്‍ദ്ദി, തളര്‍ച്ച... പരീക്ഷാഹാളില്‍ തലകറങ്ങി വീഴല്‍... ഒക്കെ സാധാരണമാണ്`. എന്നാല്‍ പരീക്ഷ രാവിലെയാണെങ്കില്‍ ഇതില്‍ പലതും ഒഴിവാക്കാമല്ലോ. അങ്ങനെയാണെങ്കില്‍ നമ്മുടെ കുട്ടികളുടെ സംരക്ഷണം നാമല്ലാതെ ആരേറ്റെടുക്കും ?

6.
സര്‍,
അഭിമാനിക്കാവുന്ന, മാതൃകാപരമായ ഒരു വിദ്യാഭ്യാസപദ്ധതി നമുക്കുണ്ട്. ശിശുകേന്ദ്രീകൃതമാണ് ഇത്. കുട്ടിയുടെ അവകാശങ്ങളില്‍ ഉന്നി നില്‍ക്കുന്നതാണത്. പക്ഷെ, പഠനം പോലെ പരീക്ഷകള്‍ ഇപ്പൊഴും ശിശുകേന്ദ്രീകൃതമായിട്ടില്ല. അതിനുള്ള ചര്‍ച്ചകള്‍ നമ്മുടെ വിദ്യാഭ്യാസവൃത്തങ്ങളില്‍ സജീവമാണ്. ശിശു സൗഹൃദപരമായ ഒരന്തരീക്ഷം പരീക്ഷാഹാളിലില്ല. കുട്ടികളെ സഹായിക്കാനല്ല മറിച്ച് അവരെ ശിക്ഷിക്കനാണ് വെമ്പല്‍. പണ്ടു മുതലേ തുടര്‍ന്ന് പോരുന്ന സമ്പ്രദായം ഇപ്പോഴും തുടരുന്നുവെന്നു മാത്രം. 'എല്ലാവരും തഞ്ചം കിട്ടിയാല്‍ കോപ്പിയടിക്കും ,ശ്രദ്ധിക്കണം ' എന്ന മട്ടിലാണ് ഇന്‍വിജിലേഷന്‍. കുട്ടിക്ക് ഭയമുണ്ടാക്കുന്ന പരിസ്ഥിതിയാണ്`. അതോടൊപ്പം ഈ ഉച്ചച്ചൂടില്‍ പൊരിയുന്ന കുട്ടിയെ 'നമ്മുടെ കുട്ടി' യെന്ന് മനസ്സിലാക്കാന്‍ നാമല്ലാതെ വേറെ ആരുണ്ട്?

7.
സര്‍,
ഏതൊരാളിന്റേയും ശാരീരികവും മാനസികവുമായ സുസ്ഥിതി അയാളേര്‍പ്പെടുന്ന പ്രവര്‍ത്തനങ്ങളുടെ മികവിന്ന് അത്യാവാശ്യമാണെന്ന് എന്ന സാധാരണ ശാസ്ത്രപാഠം നമുക്കുമറിയാത്തതല്ല . പരീക്ഷാ Tension കുട്ടിക്ക് ചെറുതല്ല. അതുകൊണ്ടുതന്നെ പ്രഭാതഭക്ഷണം തകരാറിലാണ്. തകരാറിലായ പ്രഭാതഭക്ഷണത്തിന്നു പുറത്ത് ഉച്ചഭക്ഷണം കഴിക്കേണ്ടിവരുന്നു. കുട്ടിയുടെ Metabolism ഇത് തകരാറിലാക്കുന്നു. ദഹിക്കാത്ത ഭക്ഷണം വയറില്‍ ഉണ്ടാക്കുന്ന അസ്വസ്ഥത ചെറുതല്ല. വയറിലെ അസ്വസ്ഥത Tension വര്‍ദ്ധിപ്പിക്കുന്നു. വര്‍ദ്ധിക്കുന്ന Tension , Metabolism വീണ്ടും തകര്‍ക്കുന്നു. ഉച്ചയൂണുകൂടികഴിയുന്നതോടെ ശാരീരികമായി ഇങ്ങനെ പ്രതിസന്ധിയിലാകുന്ന നമ്മുടെ കുട്ടിയെ പരീക്ഷക്കിരുത്തി, 'നന്നായി വിജയിച്ചില്ല ' എന്നു കുറ്റപ്പെടുത്തുന്നത് എത്ര അശാസ്ത്രീയമാണ്. ഈ പ്രതിസന്ധിയില്‍ നിന്ന് നമ്മുടെ കുട്ടികളെ രക്ഷിക്കാന്‍ നാമല്ലാതെ വേറേയാരുണ്ട്?

8.
സര്‍,
ഏതൊരാളുടേയും ബുദ്ധിപരമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും മികവാര്‍ന്നരീതിയില്‍ നടക്കുന്നത് പ്രഭാതസമയങ്ങളില്ലാണല്ലോ. കുട്ടിയെ നേരത്തെ എഴുന്നേല്പ്പിച്ച് വായിക്കാന്‍ പ്രേരിപ്പിക്കുന്നതിന്ന് അമ്മയെ സഹായിക്കുന്ന ശാസ്ത്രം ഇതാണ്`. അറിഞ്ഞോ അറിയാതെയോ ഇതിന്റെ അടിസ്ഥാനത്തിലാണ് അമ്മ പ്രവര്‍ത്തിക്കുന്നത്. Brain Cells ന്റെ ഏറ്റവും ഊര്‍ജ്വസ്വലമായ അവസ്ഥ ദിവസത്തിന്റെ ആദ്യ മണിക്കൂറുകളും ഏറ്റവും മന്ദതകൈവരിക്കുന്ന സമയം നട്ടുച്ചയുമാണ്. അന്തരീക്ഷതാപം പീക്ക് അവസ്ഥയില്‍ എത്തുന്ന നട്ടുച്ച. മാനസികവും ശാരീരികവുമായ ഏറ്റവും തളര്‍ച്ച ഉണ്ടാക്കുന്ന നട്ടുച്ച. അതും മാര്‍ച്ച് മാസത്തിലെ നട്ടുച്ച. ഇതൊക്കെ ഏതു സാധാരണക്കാരനും അറിയാം. പ്രവര്‍ത്തനങ്ങള്‍ അലങ്കോലപ്പെടുന്ന ഈ സമയത്തെ ചെയ്തികളെ നമ്മുടെ കാരണവന്‍മാര്‍ വ്യവഹരിക്കുന്നത് എങ്ങിനെയാണെന്ന് അറിയാമല്ലോ?. അതൊന്നും വെറുതെയല്ല. നട്ടപ്രാന്തിലേക്ക് നമ്മുടെ കുട്ടികളെ തള്ളിവിടുന്നത് തടയാന്‍ നാമല്ലാതെ വേറെ ആരുണ്ട്?

9.
സര്‍,
പിന്നെ, സര്‍വോപരി ആര്‍ക്കുവേണ്ടിയാണ്` പരീക്ഷ. കുട്ടിക്കുവേണ്ടിയോ നടത്തിപ്പുകാര്‍ക്കുവേണ്ടിയോ? കുട്ടിക്കു വേണ്ടിയാണെങ്കില്‍ കുട്ടിയോടു ചോദിച്ചു നോക്കാം. 'നട്ടുച്ചക്ക് വേണം പരീക്ഷ ' എന്നൊരു കുട്ടിയും ആവശ്യപ്പെടില്ല. നടത്തിപ്പുകാര്‍ക്ക് നട്ടുച്ചയാണ് നല്ലത്. അവര്‍ക്ക് ദിവസത്തിന്റെ ആദ്യമണിക്കൂറുകളിലെ ഉഷാറായ സമയം ഓടിനടന്ന് പരീക്ഷാപേപ്പറുകള്‍ എത്തിക്കാനുമൊക്കെ സുഖമണ്. കണക്കുകളും കാര്യങ്ങളുമൊക്കെ കൃത്യമാക്കിവെക്കാം. വെയിലാവുമ്പോഴേക്ക് വിശ്രമിക്കയും ആവം. പക്ഷെ, പരീക്ഷ നടത്തിപ്പുകാര്‍ക്കല്ലല്ലോ. കുട്ടിയുടെ അഭിപ്രായത്തിന്നല്ലേ , ആവശ്യത്തിനല്ലേ പ്രാധാന്യം? അതല്ലേ ജനാധിപത്യം. അതോ കുട്ടിയുടെ ജനാധിപത്യം നടത്തിപ്പുകാര്‍ തീരുമാനിക്കും എന്നാണോ? പരീക്ഷാപേപ്പറിന്റെ security വിഷയം ചെറുതല്ല. എന്നാല്‍ അതിന്ന് ഇന്നത്തെപോലെയുള്ള സംവിധാനങ്ങള്‍ അവസാന സംവിധാനങ്ങളല്ലല്ലോ. ആലോചിച്ച് കൂടുതല്‍ നല്ല രീതികളിലേക്ക് മാറ്റാം. മാറ്റാന്‍ കഴിയും. പകരം സംവിധാനം ഉണ്ടാക്കാന്‍ കഴിയാതിരിക്കാന്‍ നമ്മുടെ അധികാരികള്‍ അത്ര മോശക്കാരൊന്നും അല്ലല്ലോ. പിന്നെ, എസ്.എസ്.എല്‍.സി പരീക്ഷയേക്കാളും പ്രാധാന്യം ഏറെയുയര്‍ന്ന ഹയര്‍സെക്കന്ററി പരീക്ഷയുടെ ചോദ്യപേപ്പര്‍ സ്ക്കൂളില്‍ സൂക്ഷിക്കുന്നില്ലേ? കുട്ടിയുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ധര്‍മ്മബോധം നമുക്കുണ്ടല്ലോ. അത് പ്രായോഗികമാക്കി , പ്രവര്‍ത്തനക്ഷമമാക്കി നമ്മുടെ കുട്ടികള്‍ക്കുവേണ്ടി പരീക്ഷനടത്താന്‍ നാമല്ലാതെ വേറെയാരെയാണ് നാം കാത്തിരിക്കുന്നത്?


10.
സര്‍,
ഉച്ചപ്പരീക്ഷയുടെ തകരാറുകള്‍ നേരില്‍ കാണുന്ന, സാധാരണക്കാരായ, കുട്ടികളെ സ്നേഹിക്കുന്ന ഒരു കൂട്ടം അദ്ധ്യാപകരാണ് ഈ ബ്ളോഗിന്റെ പ്രവര്‍ത്തകരെന്ന് ഞങ്ങള്‍ക്കറിയാം. വളരെ വിനയപൂ‌‌വം അങ്ങയുടെ പരിഗണനക്കായി ഈ പോസ്റ്റ് പ്രസിദ്ധീകരിക്കുമ്പോള്‍, ആയിരക്കണക്കിന്ന് കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളും വളരെ പ്രതീക്ഷയോടെയാണ്, അനുകൂലമായ തീരുമാനമുണ്ടാവുമെന്ന ശുഭാപ്തിവിശ്വാസത്തോടെയാണ്` ഈ പോസ്റ്റ് വായിച്ചുതീര്‍ക്കുക. ആവേശപൂര്‍വം താഴെ comments പോസ്റ്റ് ചെയ്ത് , മുകളില്‍ സൂചിപ്പിച്ച സംഗതികളെ കൂടുതല്‍ സമഗ്രമാക്കുകയും ചെയ്യും എന്ന് ഞങ്ങള്‍ കരുതുന്നു. ഇക്കാര്യങ്ങള്‍ അങ്ങയുടെ ശ്രദ്ധയില്‍പെടുത്തുക എന്ന പ്രാഥമികമായ കര്‍ത്തവ്യം നിര്‍വഹിക്കാന്‍ അദ്ധ്യാപക സമൂഹവും പ്രതിജ്ഞാബദ്ധമാണല്ലോ.


Read More | തുടര്‍ന്നു വായിക്കുക

എട്ടാം ക്ലാസ്'

>> Friday, April 13, 2012


ഈ വരുന്ന അധ്യയനവര്‍ഷം നമ്മുടെ പൊതുവിദ്യാലയങ്ങളില്‍ ഘടനാപരമായ പ്രധാനപ്പെട്ട മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് പ്രഖ്യാപിക്കപ്പെട്ടുകഴിഞ്ഞു. അഞ്ചാംക്ലാസ് എല്‍പിയുടേയും എട്ടാം ക്ലാസ് യുപിയുടെയും ഭാഗമായി മാറുന്നത് പരോക്ഷമായാണത്രെ.(എന്ന് വെച്ചാല്‍ മാറുമോ എന്ന് ചോദിച്ചാല്‍ മാറും, ഇല്ലേയെന്ന് ചോദിച്ചാല്‍ മാറില്ല!) എന്നാല്‍ ഇതുസംബന്ധിച്ച് ഇപ്പോഴും കൃത്യമായ ധാരണകള്‍ കൈവരാത്തത്, ധാരാളം ആശങ്കകള്‍ക്ക് കാരണമായിട്ടുണ്ട്. അത്തരമൊരാശങ്കയാണ് ശ്രീ ടി പി കലാധരന്‍മാഷ് ആക്ഷേപഹാസ്യരൂപേണ ഇവിടെ പങ്കുവെയ്ക്കുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായങ്ങളോട് യോജിക്കുന്നവര്‍ക്കും എതിര്‍ക്കുന്നവര്‍ക്കും തങ്ങളുടെ വാദമുഖങ്ങള്‍ അവതരിപ്പിക്കാന്‍ ഒരു വേദിയെന്ന നിലയിലാണ് മാത്​സ് ബ്ലോഗ്, അദ്ദേഹത്തിന്റെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരുന്ന ഈ ലേഖനം സമ്മതത്തോടെ പുന:പ്രസിദ്ധീകരിക്കുന്നത്. ഈ ഒഴിവുകാലത്ത് ആരോഗ്യകരമായ ഒരു 'ഞായറാഴ്ച സംവാദ'ത്തിലൂടെ മാത്​സ് ബ്ലോഗിന്റെ "വൈബ്രന്റായ"പഴയകാലത്തേക്ക് എത്തിപ്പെടുകയുമാകാം, അല്ലേ..?
--------------------------------------------------------------------------------"കത്ത് നിറുത്തുകയാണ്. വീണ്ടുമൊരിക്കല്‍ എഴുതാന്‍ കഴിഞ്ഞില്ലെന്നു വരാം .എങ്കിലും മറക്കരുത്.
എന്ന് വ്യസനസമേതം
സ്വന്തം എട്ടാം ക്ലാസ്
ഒപ്പ് "
കത്തിന്റെ അവസാന ഭാഗം എഴുതിക്കഴിഞ്ഞപ്പോള്‍ അല്പം ആശ്വാസം . ഓര്‍മകളുടെ പുരാവസ്തുശേഖരം കണ്ടു തീര്‍ന്ന പ്രതീതി. സ്കൂള്‍ മുറ്റത്തെ പൂവാക വേനല്പ്പൂക്കളില്‍ ചോന്നു നിന്നു. അവധിക്കു പോയ കുട്ടികള്‍ ക്ലാസ് കയറ്റം കിട്ടി മടങ്ങി വരുമ്പോള്‍ ഇവിടെ ഞാന്‍ ഉണ്ടാകുമോ ? എട്ടാം ക്ലാസ് നിശ്വസിച്ചു.
പണ്ട് പെണ്‍കുട്ടികള്‍ക്ക് ഉത്സാഹമായിരുന്നു എട്ടാം ക്ലാസ് .
ഏഴാം ക്ലാസിലെ അരപ്പാവാടയില്‍ നിന്നും പാദംമുട്ടിപ്പാവാട ആദ്യം അണിഞെത്തുന്ന എട്ടാം ക്ലാസ് .
ആണ്‍ കുട്ടികള്‍ നിക്കറില്‍ നിന്നും ഒറ്റ മുണ്ടിലേക്ക് പ്രായം മാറ്റുന്ന എട്ടാം ക്ലാസ്.
ഏഴില്‍ നിന്നും എട്ടില്‍ എത്തുക .ഹൈസ്കൂളില്‍ ആവുക എന്നൊക്കെ പറഞ്ഞാല്‍ ആള്‍ പ്രമോഷന്‍ ഇല്ലാത്ത അന്നത്തെ കാലത്ത് വലിയ സംഭവം തന്നെ. പഠനത്തിന്റെ രസതന്ത്രം മാറും. പലവട്ടം തോറ്റു കിടന്നവരും ഒരു വട്ടം പോലും തോല്‍ക്കാതെ വന്നവരും എല്ലാം ചേരുമ്പോള്‍ ...
ഇന്ന് ഇതാ ഇവിടം ഒരു ആസന്ന മരണവീട് പോലെ. ബഞ്ചുകളും ഡസ്കുകളും മ്ലാനമായി മിഴി താഴ്ത്തി അങ്ങനെ. കുട്ടികള്‍ കോറിയിട്ട പേരുകള്‍ ,കൌമാര ചിഹ്നങ്ങള്‍ നിശബ്ദതയുടെ ആഴം കൂട്ടി...എട്ടാം ക്ലാസ് എഴുതി പൂര്‍ത്തിയാക്കിയ കത്തില്‍ വീണ്ടും കണ്ണോടിച്ചു..
പ്രിയ ചെങ്ങാതീ/ സ്നേഹിതരേ
എന്നെ പറിച്ചു മാറ്റാനുള്ള തീരുമാനം പത്രങ്ങളില്‍ വായിച്ചു കാണും.
ഞാന്‍ എവിടെ ആയാലും കുട്ടികള്‍ ഏഴില്‍ നിന്നും ജയിച്ചു വരുന്നവര്‍ തന്നെ .എനിക്ക് അതില്‍ വിഷമം ഇല്ല
പക്ഷെ നിങ്ങളെ ഓര്‍ക്കുമ്പോള്‍ ..
ഇനി മുതല്‍ ഹൈസ്കൂളില്‍ പഠിപ്പിക്കാന്‍ നിങ്ങള്ക്ക് ബിരുദാനന്തര ബിരുദം വേണം. ഇപ്പോള്‍ തന്നെ പത്തിരുപതിനായിരം അധ്യാപകര്‍ ഈ യോഗ്യത ഉള്ളവര്‍ ആണ്. അവര്‍ ഒമ്പത് മുതല്‍ പഠിപ്പിക്കും.
യോഗ്യത ഇല്ലാത്തവരെ എന്ത് ചെയ്യും?. ശമ്പളം സംരക്ഷിച്ചു പെന്‍ഷന്‍ ആകും വരെ ഹൈസ്കൂളില്‍ നിര്‍ത്തുമോ ? ഏയ്‌ .അതുണ്ടാവില്ല. കാരണം അവര്‍ ഒമ്പതില്‍ പഠിപ്പിക്കാന്‍ യോഗ്യത ഉള്ളവര്‍ അല്ലല്ലോ. അപ്പോള്‍ പിന്നെ ശമ്പളം സംരക്ഷിച് അയോഗ്യരെ യു പി യിലേക്ക് ഇറക്കി വിടും. ഇന്നലെ വരെ ഹൈസ്കൂള്‍ മാഷായിരുന്ന പ്രഭാകരന്‍ സര്‍ ,മെഴ്സിടീച്ചര്‍ എല്ലാം നാളെ മുതല്‍ യുപി സ്കൂളിലേക്ക് .എന്നോടൊപ്പം അവര്‍ക്ക് പോരേണ്ടി വരുമോ? അങ്ങനെ വന്നാല്‍ അവര്‍ അതിനു സമ്മതിക്കുമോ? അവരുടെ തസ്തികയുടെ പേര് തരം താഴ്ത്തി മാറ്റിക്കൊടുക്കുന്നത് എളുപ്പം സാധ്യമാണോ ? ആലോചിച്ചിട്ട് ഒരു എത്തും പിടീം കിട്ടുന്നില്ല .
യു പി സ്കൂളില്‍ ബിരുദവും ബി എഡും വേണമത്രേ !
ഒരു സിംഗിള്‍ മാനേജ് മെന്റ് സ്കൂളിലെ ഏഴാം ക്ലാസ് ഇന്നലെ വിളിച്ചു പറഞ്ഞു അവിടെ ബിരുദം ഉള്ള ആരും ഇല്ലെന്നു. എല്ലാം ടി ടി സി .!
ഇങ്ങനെ ഉള്ള സ്കൂളില്‍ പഴയ അവസ്ഥ തുടരുമോ ?
എട്ടാം ക്ലാസില്‍ നിന്നും കുടിയിറക്കി വിടുന്ന /അല്ലെങ്കില്‍ ബിരുദവും ബി എഡും ഉള്ളവര്‍ക്ക് പുതിയ സ്കെയില്‍ നല്‍കണ്ടേ? . യുപി സ്കൂളില്‍ രണ്ടു തരം അധ്യാപകര്‍. തുല്യ ജോലി. വേതനം രണ്ട്. അങ്ങനെ സംഭവിച്ചാല്‍ ഇത് അധ്യാപകര്‍ വക വെച്ച് കൊടുക്കുമോ എന്നും അറിയില്ല.അല്ല യു പി സ്കൂളില്‍ ബിരുദം ബി എഡും ഇല്ലാത്തവരെ എന്ത് ചെയ്യും ? ആക്രി തൂക്കി വില്‍ക്കും പോലെ വില്കാന്‍ പറ്റില്ലല്ലോ .അവരെ എല്‍ പിയിലേക്ക് തുരത്തി ഓടിക്കുമോ ?
എല്‍ പി സ്കൂളില്‍ മാനേജര്‍മാര്‍ ആഘോഷം നടത്തും ഒരു ക്ലാസ് കൂടി വരികയല്ലേ .ഒരു മുറി പണിതാലും വേണ്ടില്ല അഞ്ചാം ക്ലാസ് പുതിയ സാധ്യത തുറന്നിടും.
പക്ഷെ എല്‍ പി അധ്യാപകര്‍ ഹിന്ദീം പഠിപ്പിക്കേണ്ടി വരില്ലേ. അല്ലെങ്കില്‍ എന്ത് ഹിന്ദി !
യു പി സ്കൂള്‍ ഇപ്പോള്‍ പഴയ കഥയുടെ പാരഡി പാടുകയാണ് .
"അഞ്ചു പോയി എട്ടു കിട്ടി ഡും ഡും "
എനിക്ക് സന്തോഷം ഒരു വന്‍മതില്‍ തകരുന്നതില്‍ ആണ്. പ്ലസ് ടു വന്നപ്പോള്‍ ചില സ്കൂളുകളില്‍ അവര്‍ക്കായി പ്രത്യേക സ്റാഫ് റൂം .പത്രാസ് സൌകര്യങ്ങള്‍. പുത്തന്‍ വര്‍ഗ വിഭജനം. ഒന്നിചിരുന്നാല്‍ ലോകാവസാനം എന്ന് പ്രച്ചരിപ്പിച്ചവര്‍ ഇനി ഒമ്പതിലും എട്ടിലും കൂടി പഠിപ്പിക്കേണ്ടി വരില്ലേ. അല്ലെങ്കില്‍ ഒമ്പതില്‍ പഠിപ്പിക്ക്ന്നവര്‍ പ്ലസ് ടുവിനും പഠിപ്പിക്കില്ലേ .സ്റാഫ് റൂം മതില്‍ ഇടിഞ്ഞു വീഴും.
പ്രിന്‍സിപ്പല്‍ ഹെഡ് മാഷ്‌ പോര് മുറുകുമോ അവസാനിക്കുമോ?
എച് എം പ്രമോഷന്‍ കൊതിച്ചിരുന്ന ഹൈ സ്കൂളുകാര്‍ക്കു അത് കിട്ടാക്കനിയാകുമോ?
മീറ്റര്‍ സ്കെയില്‍ വെച്ച് മണിക്കൂറും പിരീടും ഒക്കെ അളന്നു മാസ്റര്‍ സ്കെയിലില്‍ തസ്തികയും ശമ്പളവും നല്‍കുന്ന അവസ്ഥയില്‍ മാറ്റം വരുമോ? പ്രത്യേകിച്ചും സ്പെഷ്യലിസ്റ്റ് അധ്യാപകര്‍. പാര്‍ട്ട് ടൈമിലും ഫുള്‍ ടൈമിലും ഓടുന്നവര്‍ .
എട്ടു വരെ താഴേക്കു പോകുമ്പോള്‍ നമ്മുടെ ഡി ഇ ഓ സാര്‍ യു പിയിലേക്ക് പോകുമോ? എ ഇ ഓ സാര്‍ എല്‍ പിയിലെക്കും.? ചിന്തിച്ചു ചിന്തിച്ചു വരുമ്പോള്‍...
ആശങ്കള്‍ പങ്കുവെക്കാന്‍ കാരണം ഉണ്ട് .കുറെ നാള്‍ മുമ്പ് വര്‍ക്കി മാഷ്‌ വീമ്പു പറഞ്ഞു 'എന്നെ ക്ലാസ് ചാര്‍ജില്‍ നിന്നും ഒഴിവാക്കി'
.പ്പര് യു പി സ്കൂളിലെ എച് എം ആണ് .പ്രകടനവും നടത്തി. ബാനറിന്റെ മുമ്പില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ മാഷ്‌ മിണ്ടാ വൃതത്തിലാ.. അതുപോലെ ആള്‍ക്കാര്‍ക്ക് വിഷമം വരുമോ എന്നാ പേടി.
അടുത്ത മാസം ടി സി വാങ്ങാന്‍ കുട്ടികള്‍ വരും
അഞ്ചിലേക്കും എട്ടിലേക്കും അവര്‍ ഏതെങ്കിലും സ്കൂളില്‍ ചേര്‍ന്ന് യൂണിഫോമും തയ്പ്പിച്ചു കഴിഞ്ഞു പറയുമോ ഇതല്ല ഇവിടല്ല നിന്റെയൊക്കെ പ്രവേശനോത്സവം എന്ന് .പുതിയ സ്കൂളിലെ പുതിയ യൂണിഫോം വേണ്ടി വരുമോ ?
ഇതുവരേം ഹാജര്‍ ബുക്കില്‍ നിന്നും കുട്ടികളുടെ പേര് വെട്ടി ശീലിച്ച മാഷന്മാര്‍ ഇനി മാഷന്മാരുടെ പേര് ഇടയ്ക്ക് വെച്ച് ഹാജര്‍ ബുക്കില്‍ നിന്നും ആരെങ്കിലും വെട്ടുമോ ? എല്‍ പി സ്കൂളിലേക്ക്/യു പി സ്കൂളിലേക്ക് ടി സി കൊടുക്കുമോ ?
പി ടി എ തെരഞ്ഞെടുപ്പിന് മുമ്പല്ലെങ്കില്‍ ചിലരുടെ സ്ഥാനവും പോകും.
എല്‍ പി സ്കൂളുകളില്‍ പുതിയ ക്ലാസ് റൂം പണിയണം .ഹൈസ്കൂളും പ്ലസ് ടുവും വിളക്കി ചേര്‍ക്കാന്‍ ചിലയിടത്തെങ്കിലും പുതിയ പ്ലസ് ടു അനുവദിക്കണം.( അപ്പോള്‍ ചിലത് അണ്‍ എക്നോമിക് ആകും.) പുതിയ കെട്ടിടം പണിയണം.
വിദ്യാഭ്യാസ ജില്ലകളെ പുനക്രമീകരിക്കണം.നിയമോം ചട്ടം മാറ്റി എഴുതണം
ആകെ ഒരു പൊളിച്ചെഴുത്ത് .
അപ്പോള്‍ സമരോം സ്റാഫ് റൂം ചര്‍ച്ചേം സെമിനാറും തകൃതി നടക്കും കേരളമല്ലേ ?.
അങ്ങനെ കുട്ടികളുടെ പഠിത്തം ദുര്‍ബലമാകുമോ?
നിരന്തര മൂല്യ നിര്‍ണയം ഇല്ലാതെ ആള്‍ പ്രമോഷന്‍ അവകാശ നിയമത്തില്‍ പറയുന്നില്ലല്ലോ എന്ന് ആരോ അടക്കം പറഞ്ഞത് ഞാന്‍ കേട്ടു. ഗുണമേന്മ ഉള്ള വിദ്യാഭ്യാസ അവകാശത്തിനു വേണ്ടിയാണല്ലോ ഇതെല്ലാം .
പാവം ഒന്നാം ക്ലാസ് .അതിന്റെ വിഷമം കാണുമ്പോള്‍ സങ്കടം.
അഞ്ചര പ്രായക്കാര്‍ മാത്രമേ വരാവൂ.
അതിനു താഴെ ഉള്ളവര്‍ എല്ലാം സ്വകാര്യ അണ്‍ എയിഡടു സ്കൂളുകളില്‍ പോയേക്കാം .
ഒന്നാം ക്ലാസില്‍ ആളില്ലാ ബഞ്ചുകള്‍ കൂടുമോ .
ടീച്ചര്‍ കഥയും പാട്ടും മറന്നു പോകുമോ?
കഞ്ഞീം പയറും കൊണ്ടു വന്ന ചാക്കുമായി അവധിക്കാലത്ത്‌ പിള്ളേരെ പിടിക്കാന്‍ വീട് വീടാന്തരം കേറി ഇറങ്ങുന്ന അധ്യാപകര്‍ .പുത്തനുടുപ്പും യാത്രാ സൌജന്യോം ബുക്കും കുടേം ഒക്കെ വാഗ്ദാനം ചെയ്തു അഡ്വാന്‍സ് കൊടുത്തു ഡിവിഷന്‍ നിലനിറുത്താനുള്ള പെടാപ്പാട് ഇത്തവണ പൊളിഞ്ഞു. ഏതു ക്ലാസില്‍ എന്ന് പറഞ്ഞാ ചെല്ലുക.അഞ്ചും എട്ടും ക്ലാസൊക്കെ ത്രിശങ്കു സ്വര്‍ഗത്തില്‍ അല്ലെ. കാലിചാക്ക് തൂക്കി വില്കാം .
ഓള്‍ പ്രമോഷന്‍ ആയിട്ടും പ്രമോഷന്‍ ലിസ്റ്റ് തയ്യാറാക്കണമെന്ന് എച് എം .ആള്‍ പ്രമോഷനല്ലേ പിന്നെന്തിനാ വാര്ഷികപ്പരീക്ഷേടെ പേപര്‍ നോക്കുന്നതെന്ന് സ്റാഫ് സെക്രടറി .'കണ്ഫ്യൂഷന്‍ തീര്‍ക്കണമേ' എന്ന് എസ ആര്‍ ജിയില്‍ അജണ്ട. അത് കേട്ട് കുട്ടികള്‍ ചിരിക്കുന്നു.ഈ ടീച്ചര്‍മാരുടെ ഫലിതങ്ങള്‍ .അവധിക്കാല വിനോദങ്ങള്‍ .ചിലരെ തോല്‍പ്പിച്ചു ഡിവിഷന്‍ ഒപ്പിക്കാനും ഇനി പറ്റില്ലെന്ന് ..
അധ്യാപക പരിശീലനം ഈ അവസരത്തില്‍ പ്രചോദനം ഏകാന്‍ എത്തും എന്ന് പറയുന്നു.
അധ്യാപകര്‍ക്കുള്ള യോഗ്യതാ പരീക്ഷയും ഇടവപ്പാതിയോടൊപ്പം വരുമായിരിക്കും.
നല്ല ഒരു കുട വാങ്ങാന്‍ മറക്കരുത്. സിലബസ് എകീകരിക്കുംമ്പോഴും ചൂടാം .പരിശീലനത്തിന് പോകുമ്പോഴും ചൂടാം .ഒരു കുടക്കീഴില്‍ നാമെല്ലാം എത്തുമായിരിക്കും. പത്മാവതി ടീച്ചര്‍ മറക്കുട വാങ്ങിക്കഴിഞ്ഞു ഈ കത്തിന് മറുപടി ? ഏതു വിലാസത്തില്‍ അയയ്ക്കും ? കുടിയിറക്കപ്പെടുന്നവര്‍ പരസ്പരം ചോദിക്കുന്ന ആ ചോദ്യം അല്ലെ?
കത്ത് നിറുത്തുകയാണ്. വീണ്ടുമൊരിക്കല്‍ എഴുതാന്‍ കഴിഞ്ഞില്ലെന്നു വരാം .എങ്കിലും മറക്കരുത്.
എന്ന് വ്യസനസമേതം
സ്വന്തം എട്ടാം ക്ലാസ്
ഒപ്പ്


Read More | തുടര്‍ന്നു വായിക്കുക

നമ്മുടെ മേളകളും ഉത്സവങ്ങളും

>> Monday, September 19, 2011

വിവിധ തരത്തിലുള്ള മേളകളും കലോത്സവങ്ങളും സ്കൂള്‍തലം മുതല്‍ നടക്കാന്‍ പോവുകയാണല്ലോ? ഭാരതത്തിനു മുഴുവന്‍ മാതൃകയായാണ് നമ്മുടെ സംസ്ഥാനത്ത് അവ സംഘടിപ്പിക്കപ്പെടുന്നത്. സംസ്ഥാന സ്കൂള്‍ കലോത്സവം ഏഷ്യയിലെത്തന്നെ ഏറ്റവും വലിയ മേളയായി അറിയപ്പെടുന്നു. എന്നാല്‍ ഇവ നമ്മുടെ സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും കുറ്റമറ്റതായി നടക്കുന്നുണ്ടോ? നമ്മുടെ മുഴുവന്‍ കുട്ടികളും ഇവയില്‍ ഭാഗഭാക്കാവുന്നുണ്ടോ? അവ നടത്തപ്പെടുന്നതോടുകൂടി അവയ്ക്കു പിന്നിലുള്ള ഉദ്ദേശ്യലക്ഷ്യങ്ങള്‍ നിറവേറ്റപ്പെടുന്നുണ്ടോ? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുമ്പോള്‍ നമ്മള്‍ക്ക് അഭിപ്രായവത്യാസമുണ്ടാവാന്‍ ഒട്ടേറെ സാധ്യതകള്‍ കാണുന്നു.ഇത്തരം മേളകളില്‍ സജീവമായി പ്രവര്‍ത്തിച്ചതിന്റെ അടിസ്ഥാനത്തില്‍ ചില ആശയങ്ങള്‍ തോന്നുന്നു. അവയെക്കുറിച്ച് അധ്യാപകന്‍, രക്ഷിതാവ്, വിദ്യാര്‍ത്ഥി എന്നീ നിലകളില്‍ നിങ്ങള്‍ക്ക് തോന്നുന്ന കാര്യങ്ങള്‍ പങ്കിടുമല്ലോ?

ഇപ്പോള്‍ നടക്കുന്ന മേളകള്‍ ഇവയാണ്.
1. വിദ്യാരംഗം കലാസാഹിത്യവേദി
2. സ്കൂള്‍ കലോത്സവം
3. അറബിക് കലോത്സവം
4. സംസ്കൃതോത്സവം
5. ശാസ്ത്രമേള
6. ഗണിതശാസ്ത്രമേള
7. സാമൂഹ്യശാസ്ത്രമേള
8. ഐ.ടി. മേള
9. പ്രവൃത്തപരിചയമേള
10. കായികമേള
11. ഗെയിംസ് മത്സരങ്ങള്‍
ഇത്രയൊക്കെ വ്യത്യസ്തങ്ങളായ മേളകള്‍ വിപുലമായി നടത്തിയിട്ടും ഇവയിലൊന്നും പങ്കടുക്കാത്തവര്‍/ പങ്കടുക്കാനാവാത്തവര്‍ ധാരാളമുണ്ടാവുന്നു. ഈ അവസ്ഥ തീര്‍ച്ചയായും മാറേണ്ടതല്ലേ? സ്കൂള്‍മേളകള്‍ ചില സ്ഥലങ്ങളിലെങ്കിലും 'ദാരിദ്ര്യമേള'കളാവുന്നതും സംസ്ഥാനമേള 'ആര്‍ഭാടമേള'യാവുന്നതും നീതിക്കു നിരക്കാത്തതാണ്. മേളയ്ക്ക് ഒരുങ്ങുന്നതിനും അവതരിപ്പിക്കുന്നതിനും പണം ഇഷ്ടംപോലെ ചെലവഴിക്കേണ്ടി വരുന്നതിനാല്‍ പാവപ്പെട്ടവര്‍ക്ക് എത്തിപ്പെടാനാവാത്ത തലങ്ങളിലേക്ക് ഇവ മാറിപ്പോവുന്നു. ഇതിനു പരിഹാരം കാണേണ്ടതാണ്. ജഡ്ജ്മെന്റ് പലപ്പോഴും വിമര്‍ശിക്കപ്പെടുന്നു. അതിനു വേണ്ടിവരുന്ന ചെലവ് ഭീമമാവുന്നു. അതിനെന്തു പരിഹാരം? ചര്‍ച്ചയ്ക്കു വിധേയമാക്കേണ്ട ചില കാര്യങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നത് നോക്കുക.

1) വിദ്യാരംഗം സാഹിത്യവേദി, കലോത്സവം, സംസ്കൃതോത്സവം, അറബിക് കലോത്സവം എന്നിങ്ങനെ നാലു മേളകള്‍ വേണ്ട. അവ രണ്ടാക്കാം. രചനാ സാഹിത്യവേദി, സ്കൂള്‍ കലോത്സവം എന്നിങ്ങനെ

2) ആദ്യത്തേതില്‍ കവിതാ രചന, കഥാരചന, ലേഖനരചന, കവിതാലാപനം, പ്രസംഗം എന്നിവ ഉള്‍പ്പെടുത്താം. ഇവ മലയാളം, ഇംഗ്ളീഷ്, ഹിന്ദി, അറബിക്, സംസ്കൃതം, ഉറുദു, തമിഴ്, കന്നട എന്നീ ഭാഷകളില്‍. കുട്ടി പഠിക്കുന്ന ഭാഷകളില്‍ മാത്രം മത്സരിക്കാന്‍ അവസരം നല്‍കിയാല്‍ മതി. ചിത്രരചനകളും പെയിന്റിംഗ് കൊളാഷ് മത്സരങ്ങളും ഇവിടെത്തന്നെ നടത്താം.

3) സ്കൂള്‍ കലോത്സവത്തില്‍ മുകളിലെഴുതിയ ഇനങ്ങള്‍ ഒഴിവാക്കാം. അറബിക്, സംസ്കൃതം കലോത്സവങ്ങളില്‍ ബാക്കിവരുന്നവയില്‍ പ്രസക്തമായവ കൂടി സ്കൂള്‍ കലോത്സവത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതി.

4) ഇപ്പോള്‍ നമ്മുടെ മേളകള്‍ 9 ആയി . സ്കൂള്‍ തലത്തില്‍ എല്ലാ കുട്ടികളും ഏതെങ്കിലും ഒരു മേളയിലെങ്കിലും നിര്‍ബന്ധമായും പങ്കെടുത്തിരിക്കണം. അവയില്‍ നിന്ന് ലഭിക്കുന്ന ഗ്രേഡ് അവന്റെ ക്ലാസ് കയറ്റമൂല്യനിര്‍ണ്ണയത്തില്‍ ഉള്‍പ്പെടുത്തണം. ഒരു കുട്ടിയെ മൂന്നില്‍ കൂടുതല്‍ മേളകളില്‍ പങ്കടുപ്പിക്കയുമരുത്. ഒരു മേളയില്‍ത്തന്നെ 3 ഇനങ്ങളില്‍ കൂടുതല്‍ അവസരം നല്കരുത്.

5) സംസ്ഥാന മേളയില്‍ ആദ്യത്തെ മൂന്ന് സ്ഥാനങ്ങള്‍ക്ക് പ്രൈസ് മണി ഉള്ളതിനാല്‍ വ്യക്തിഗത ഇനങ്ങള്‍ക്ക് സ്കൂള്‍തലം മുതലും ഗ്രൂപ്പിനങ്ങള്‍ക്ക് സബ് ജില്ലാതലം മുതലും 3വീതം മത്സരാര്‍ത്ഥികളെ ഓരോ ഇനത്തിലും പങ്കെടുക്കാന്‍ അനുവദിക്കേണ്ടതാണ്.

6)സംസ്ഥാന മേളകളില്‍ നടക്കുന്ന ആര്‍ഭാടങ്ങള്‍ മുഴുവനായി ഒഴിവാക്കണം. മൂന്നിലധികം പായസങ്ങളും മുപ്പതിലധികം വിഭവങ്ങളും പതിനായിരങ്ങള്‍ കഴിച്ചുപോയിട്ട് നമ്മുടെ കുട്ടികള്‍ക്ക് എന്തു നേട്ടമാണുണ്ടാവുന്നത്.

7) അധ്യാപകസംഘടനകളുടെ റഫറണ്ടം നടത്തി അതാതു മേഖലയിലുള്ളവരുടെ 20% (പതിനഞ്ചെങ്കിലും) പ്രാതിനിധ്യമുള്ള സംഘടനകള്‍ക്കു മാത്രം അംഗീകാരം നല്‍കണം. വിവിധ കമ്മറ്റികളുടെ നടത്തിപ്പ് ഇത്തരം അംഗീകൃത സംഘടനകള്‍ക്കുമാത്രം മാറി മാറി നല്‍കേണ്ടതാണ്. അതായത് 10 സംഘടകളാണുള്ളത് എങ്കില്‍ ഒരു കമ്മറ്റി വീണ്ടും ആ സംഘടനയ്ക്ക് 10 വര്‍ഷത്തിനു ശേഷമേ നല്‍കാവൂ.

8) ഓരോ സബ്ജില്ലകളിലും ജില്ലകളിലും വിവിധ മേളകള്‍ക്കാവശ്യമായ ജഡ്ജസ് പാനല്‍ ഉണ്ടാക്കേണ്ടതാണ്, അതില്‍ നിന്നും തെരഞ്ഞടുക്കപ്പെടുന്നവരായിരിക്കണം മറ്റു സബ്ജില്ലകളില്‍ ജില്ലകളില്‍ ജഡ്ജസാവേണ്ടത്. അവര്‍ക്കു നല്കേണ്ട പരമാവധി റമ്യൂണറേഷനെക്കുറിച്ചും തീരുമാനമുണ്ടാവേണ്ടതാണ്. പരാതിക്കു വിധേയരാവുന്ന ജഡ്ജിമാരെ പരാതി ബോധ്യപ്പെട്ടാല്‍ ഈ പാനലില്‍ നിന്നും എന്നേക്കുമായി ഒഴിവാക്കേണ്ടതാണ്.

9) ജില്ലാതലത്തില്‍ ഉയര്‍ന്ന ഗ്രേഡു ലഭിക്കുന്നവര്‍ക്ക് SSLC, HSS പരീക്ഷകളില്‍ ഗ്രേസ്മാര്‍ക്ക് നല്‍കേണ്ടതാണ്.

10) സ്കൂള്‍, സബ്ജില്ല, ജില്ല, സംസ്ഥാന മേളകള്‍ക്കിടയില്‍ 15 ദിവസമെങ്കിലും ഇടവേള ഉണ്ടായിരിക്കണം. അപ്പീലുകള്‍ വഴി നേടുന്ന പ്രാതിനിധ്യം മേള തുടങ്ങുന്നതിന്റെ 5 ദിവസം മുമ്പെങ്കിലും ഉറപ്പാക്കേണ്ടതാണ്. അതിനു ശേഷമുള്ളവ സ്വീകരിക്കപ്പെടാതിരിക്കാനുള്ള നിയമം ഉണ്ടാക്കേണ്ടതാണ്.

11) അപ്പീലുകള്‍ ഏതു തലത്തിലുള്ളതായാലും രജിസ്റ്റര്‍ ചെയ്താല്‍ അവ വിദ്യാഭ്യാസ വകുപ്പിന്റെ സൈറ്റില്‍ എന്ട്രി നടത്തിയിരിക്കണം. തീര്‍പ്പ് എന്താണെന്നു രേഖപ്പെടുത്തുകയും നിരസിച്ചതാണെങ്കില്‍ അതിന്റെ ഫീസ് സര്‍ക്കാറിന്റെ മേളഫണ്ടിലേക്ക് വകവെക്കേണ്ടതാണെന്ന് നിയമമുണ്ടാക്കണം

12) ജഡ്ജസ് ഓരോ ഇനത്തിലും വാല്യൂ പോയന്റ്സിന് അനുസരിച്ച് മാര്‍ക്ക് നല്‍കണം. അവ ആവശ്യപ്പെട്ടാല്‍ പരസ്യപ്പെടുത്തേണ്ടതുമാണ്

ഇനിയും നിര്‍ദ്ദേശങ്ങള്‍ ഉണ്ടെങ്കിലും പോസ്റ്റിന്റെ വിസ്താരഭയത്താല്‍ ഇപ്പോള്‍ ചേര്‍ക്കുന്നില്ല. നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റുകളിലൂടെ വ്യക്തമാക്കുമല്ലോ? അവയില്‍ ശ്രദ്ധേയങ്ങളായവ നമുക്ക് സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്താം.


Read More | തുടര്‍ന്നു വായിക്കുക

കടക്കെണിയും ആര്‍ഭാടവും ചര്‍ച്ചചെയ്യപ്പെടേണ്ടത്

>> Monday, August 23, 2010


ഒന്‍പതാം ക്ലാസിലെ മലയാളം അടിസ്ഥാനപാഠാവലിയില്‍ 'സമുദായങ്ങള്‍ക്ക് ചിലത് ചെയ്യുവാനുണ്ട്' എം.എന്‍.വിജയന്‍ മാഷിന്‍റെ ഒരു കുറിപ്പ് പഠിക്കാനുണ്ട് . കേരളീയന്‍റെ ‘വര്‍ദ്ധിച്ചുവരുന്ന ഉപഭോഗ സംസ്‌കാരം’ എന്ന പ്രശ്‌നവുമായി ഈ കുറിപ്പ് ക്ലാസില്‍ ചര്ച്ചു ചെയ്യപ്പെടും എന്നുറപ്പ്. അതില്‍ തന്നെ ഊന്നല്‍ വരിക ‘ ആര്‍ഭാടമായി ജീവിക്കണം എന്നകൊതി മനുഷ്യനെ ഉന്മാദത്തിലേക്ക് നയിക്കുന്നു, ഇല്ലാത്തവന്‍ കടംവാങ്ങി, ചെലവാക്കി മുടിയുന്നു…തുടങ്ങിയ വാക്യഭാഗങ്ങളാകും. ഇതിനെ അനുകൂലിച്ചുകൊണ്ടുള്ള ചര്‍ച്ചയും ഉപസംഹാരവും ആയിരിക്കും നാം ചെയ്യുക. എന്നാല്‍ ഇതില്‍ യാഥാര്‍ഥ്യമെത്രത്തോളമുണ്ട്? ഇതേക്കുറിച്ച് ബ്ലോഗ് ടീം അംഗവും മാധ്യമം ദിനപ്പത്രത്തിലെ എഴുത്തുകാരനും കെ.ടി.എം.എച്ച്.എസിലെ ഹെഡ്മാസ്റ്ററുമായ രാമനുണ്ണി മാഷിന്‍റെ ലേഖനത്തിലേക്ക് നമുക്കൊന്ന് കണ്ണോടിക്കാം.

ശ്രീനാരായണഗുരുവചനങ്ങള്‍ റഫര്‍ ചെയ്തുകൊണ്ടാണ് വിജയന്‍ മാഷ് ഈ കുറിപ്പ് എഴുതുന്നത്. എന്നാല്‍ കേരളത്തിന്റെ സമകാലികാവസ്ഥ തന്നെയാണ് വിഷയം. ഉദാഹരണങ്ങള്‍ സഹിതം മാഷ് വിശദീകരിക്കുന്നു. ഇതില്‍ രണ്ടു പദങ്ങള്‍ ആര്‍ഭാടം, കടം ; ഇവ സവിശേഷമായി നാം പരിഗണിക്കണം. എന്താണ് ‘ആര്‍ഭാടം’ എന്താണ് ‘കടം’? ആര്‍ഭാടത്തിന്നു വേണ്ടി കടമെടുക്കുന്നു എന്ന നിരീക്ഷണവും ഇതോടൊപ്പം ഉണ്ട്. സമൂഹത്തില്‍ ജീവിക്കുന്ന ഒരു വ്യക്തിക്ക് തന്റെ സാമൂഹ്യപരിസരവുമായി ഇണങ്ങുന്ന ജീവിതാവശ്യങ്ങള്‍ ഒരിക്കലും ‘ആര്‍ഭാട‘മാവുന്നില്ല . ജീവിതാവശ്യങ്ങള്‍ ഭക്ഷണം വസ്ത്രം പാര്‍പ്പിടം എന്നിവയില്‍ ഒതുങ്ങുമോ? പ്രാകൃതമനുഷ്യന്‍റെ കാര്യത്തില്‍ പോലും ഇതുമാത്രമാണോ പ്രാഥമികം? സമകാലികസമൂഹത്തില്‍ ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍, വിനോദം, വിശ്രമം, സാമൂഹിക സുരക്ഷ, മതേതര്വം, സോഷ്യലിസം, ജനാധിപത്യം തുടങ്ങിയവയും പ്രാഥമികാവാശ്യങ്ങള്‍ തന്നെ. ഈ ആവശ്യങ്ങള്‍ തിരിച്ചറിയുകയും അതു നേടാനായി ആഗ്രഹിക്കുകയും ചെയ്യുന്നത് ഒരിക്കലും ‘ആര്‍ഭാടമെന്നു’ കരുതാമോ? ഇതെല്ലാം സാധിക്കാനായി പ്രാഥമികമായി വേണ്ടത് ഇവതന്നെയാണു താനും. ഇതു സാധിച്ചെടുക്കുന്നതിലൂടെ സ്വാഭാവികമായും അളവിലും ഗുണത്തിലും ഇതെല്ലാം വര്‍ധിപ്പിക്കാന്‍ ആധുനിക പൌരന്‍ ശ്രമിക്കുകയും ചെയ്യും.

എന്നാല്‍ ഇതു സാധിച്ചെടുക്കാന്‍ ഒരാള്‍ അതിക്രമം കാണിക്കുന്നെങ്കില്‍ അതു രാജനീതിയും ഭരണസംവിധാനവും പോലെയുള്ള സംഗതികളെക്കുറിച്ചുള്ള വിദ്യാഭ്യാസമില്ലായ്മതന്നെ. അവിടെയും നാം ചര്‍ച്ച ചെയ്യേണ്ടത് –കുറ്റത്തിന്ന് ശിക്ഷ എന്നതുപോലെ സാഹചര്യം കൂടിയാണ്. ആത്യന്തികമായി ഇതൊന്നും അക്രമത്തെ ന്യായീകരിക്കുന്നുമില്ല.

മറ്റൊന്ന്, തന്റെ ചുറ്റുപാടുകള്‍ മനസ്സിലാക്കി അതിന്ന് യുക്തിബോധവും സാമൂഹ്യ ചരിത്രവും ഒക്കെ വേണമെന്ന് വേറൊരു കാര്യം അതിലൊതുങ്ങി കഴിയാന്‍ പഠിക്കുക എന്നതാണ്. ഇതു കേവലയുക്തി അല്ലാതെന്താണ്? ഇതു എത്രകണ്ട് സാധ്യമാണെന്നത് നോക്കൂ. പ്രാഥമികാവശ്യങ്ങളില്‍ ഒന്ന് –ഭക്ഷണം ഇല്ല എന്ന സാമൂഹികാവസ്ഥ സ്വന്തമവസ്ഥ മനസ്സിലാക്കി കഴിയാന്‍ ആവുമോ? തനിക്കില്ലെങ്കിലും കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കാനില്ലാതെ വരുമ്പോള്‍ ഏതു മനുഷ്യനും യുക്തികള്‍ക്ക് അതീതനാകും. ജനാധിപത്യമെന്ന പ്രാഥമികാവശ്യം നഷ്ടപ്പെടുമ്പോള്‍ വ്യക്തിയും സമൂഹവും ഒന്നിച്ച് പ്രതികരിക്കും. തൊഴില്‍, വിശ്രമം, വിനോദം എന്നിങ്ങനെ എല്ലാ കാര്യത്തിലും ഇതാണവസ്ഥ.മനുഷ്യ സമൂഹം പുരോഗതിയിലേക്ക് കുതിക്കുകയാണ്. മനുഷ്യവികസന സൂചകങ്ങള്‍ പഠിക്കുന്നൊരാള്‍ ഇതു നിഷേധിക്കില്ല.
(റഫ: വിക്കിപീഡിയ)
നമ്മുടെ രാജ്യം വികസിച്ചുകൊണ്ടിരിക്കുന്നവയുടെ കൂട്ടത്തില്‍ മുന്‍പിലാണ്. മനുഷ്യദാരിദ്ര്യസൂചകങ്ങളില്‍ നാം അത്ര സുഖമുള്ള ഒരിടത്തല്ല.

ഉറുഗ്വെ 50-ം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ നാം 164 -ം സ്ഥാനത്താണ്.

എന്നാല്‍ അക്രമങ്ങളുടെ കണക്കില്‍ വികസിത രാജ്യങ്ങളേക്കാള്‍ നാം വളരെ പിന്നിലാണ് എന്നതും വളരെ ആശ്വാസകരം തന്നെ. പ്രാഥമികാവശ്യങ്ങള്‍ പോലും നാം നേടിയെടുക്കുന്നതില്‍ അക്രമരാഹിത്യം പാലിക്കുന്നു. വിജയന്‍ മാഷ് പറയുന്നതുപോലെ ‘കുട്ടികളുമൊത്ത് ചെറുപുരയില്‍ പാര്‍ത്തിരുന്ന ചെറുപ്പക്കാരന്‍….’ എന്നത് കേവലം അതിശയോക്തിയാണ്. ഇന്ത്യയുടേയോ കേരളത്തിന്റേയോ സാമാന്യാവസ്ഥ അല്ല.

ഈയൊരു പശ്ചാത്തലത്തിലാണ് ‘കടം’ നാം അറിയേണ്ടത്. ഇല്ലാത്തവര്‍ ഉള്ളവരില്‍ നിന്ന് കടം വാങ്ങുന്നത് സ്വാഭാവികം.വ്യക്തികളും രാജ്യങ്ങളും കടം വാങ്ങും. കടം വാങ്ങുന്നത് ബഹുഭൂരിപക്ഷവും ജീവിതത്തിന്റെ പ്രാഥമികാവശ്യങ്ങള്‍ക്കാണു താനും. (ധൂര്‍ത്തടിക്കാന്‍ വാങ്ങുന്നവര്‍ ചെറുന്യൂനപക്ഷം ഉണ്ടാവാം) കുട്ടികളുടെ വിദ്യാഭ്യാസം, വീട്, കുട്ടികളുടെ വിവാഹം, കൃഷി, വ്യാപാരം, വ്യവസായം, ചികിത്സ എന്നിങ്ങനെയുള്ള സംഗതികള്‍ക്കാണ് കടം വാങ്ങുന്നത്. സാമൂഹ്യജീവിതത്തില്‍ ഇതൊന്നും അനാവശ്യങ്ങളല്ല; ആര്‍ഭാടങ്ങളല്ല. കടം വാങ്ങി ഒരു വര്‍ഷം കഴിയുമ്പോഴേക്കും കാര്യങ്ങള്‍ മാറിമറിയുന്നു. കടത്തിന്റെ ടേംസ് ആംന്റ് കണ്ടീഷന്‍സ് വരെ. രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ മാറുന്നു. സാമ്പത്തിക നയങ്ങള്‍ മാറുന്നു. വ്യക്തി/ കുടുംബപരമായ അവസ്ഥകള്‍ മാറുന്നു. പുതിയ ആവശ്യങ്ങള്‍ ഉണ്ടാകുന്നു. വിലക്കയറ്റവും വിലക്കുറവും ഉണ്ടാവുന്നു. ഇങ്ങനെയൊക്കെ ഉണ്ടാവുന്നതില്‍ കടംവാങ്ങിയ വ്യക്തിയുടെ സ്വാധീനം വളരെ വളരെ ചെറുതുമാണ്. വ്യക്തിക്ക് നിയന്ത്രിക്കാനാവാത്തയാണ് എല്ലാം എന്നു കാണാം. എന്നാല്‍ കടക്കാരന്‍ വ്യക്തിയായി നില്ക്കു കയും കടാവസ്ഥ സാമൂഹികമായി സ്ഥലകാലങ്ങള്‍ക്കൊത്ത് മാറുകയും ചെയ്യുന്നു. ഇതൊരു വല്ലാത്ത പ്രതിസന്ധി ഉണ്ടാക്കുന്നു. വ്യക്തിയും സമൂഹവും തമ്മിലുള്ള പാരസ്പര്യം അറ്റുപോകുന്നു. എന്തുകൊണ്ട് കടക്കെണിയെന്നും, കടംമൂലം ആത്മഹത്യയെന്നും ഒരു പാട് പഠനങ്ങള്‍ നടക്കുന്നുണ്ട്.

ഇതിനെയൊക്കെ ആര്‍ഭാടത്തിന്റെ ഉന്മാദം, വ്യക്തിപരം എന്നൊന്നും പറഞ്ഞ് ഒഴിവാക്കിക്കൂടാ. അധാര്‍മ്മികമായ സംഗതികള്‍ ഇല്ലെന്നല്ല; മറിച്ച് അത് പൊതുകാരണമെന്ന് പറഞ്ഞ് യാഥാര്‍ത്ഥ്യം മറച്ചുവെച്ചുകൂടാ എന്നേ പറയുന്നുള്ളൂ.

‘ഇല്ലാത്തവര്‍ ചെലവാക്കി മുടിയുന്നതിനെ’ കുറിച്ചു ഗുരു പറയുന്നുണ്ട്. ഗുരു മുന്നില്‍ കാണുന്ന ഉദാഹരണങ്ങള്‍ നിഷേധിക്കാന്‍ വയ്യ. എന്നാല്‍ ഉള്ളവന്‍ ചെലവാക്കുന്നതിനെ കുറിച്ചും പറയണമായിരുന്നു. പണമുണ്ടെന്നു കരുതി അതു ധൂര്‍ത്തടിക്കുമ്പോള്‍ (3 പേര്‍ക്ക് താമസിക്കാന്‍ 3 കോടിയുടെ വീട്) അതു പ്രത്യക്ഷമായും പരോക്ഷമായും ഇല്ലാത്തവനെ കൂടുതല്‍ ഇല്ലാത്തവനാക്കുകയാണ്. ഒരു ചാക്ക് സിമന്റ് വേണ്ടിടത്ത് പണമുണ്ടെന്നു കരുതി 10 ചാക്ക് വാങ്ങിക്കുന്നവന്‍ കമ്പോളത്തില്‍ സിമന്റിന്റെ വില വര്‍ദ്ധിപ്പിക്കുകയും അതു പണമില്ലാത്തവനെ (ഒരു ചാക്കു വേണ്ടിടത്ത് 1 കിലോ വാങ്ങി) കൂടുതല്‍ ദരിദ്രനാക്കുകയുമാണല്ലോ. ദരിദ്രനെ രക്ഷിക്കാന്‍ സമ്പന്നനെ നിയന്ത്രിക്കാന്‍ ശ്രമിക്കണം. ‘ആദര്‍ശത്തിന്റേയും ലാളിത്യത്തിന്റേയും ഊന്നുവടികൊണ്ട് സാധാരണക്കാരന്റെ ഉയരം കൂട്ടേണ്ടിയിരിക്കുന്നു’ എന്നത് കേവലാശയം മാത്രമായി പരിണമിക്കുന്നു. സമൂഹത്തില്‍ മനുഷ്യനെപ്പോലെ ജീവിക്കാനുള്ള ഉയരമാണല്ലോ ശരിയായ ഉയരം. 30%ത്തിലധികം പേര്‍ ദാരിദ്രരേഖക്ക് താഴെ കിടക്കുന്ന ഒരു രാജ്യത്ത് ലാളിത്യം എന്നാലെന്താവാം വിജയന്‍ മാഷ് ഉദ്ദേശിച്ചത്?


Read More | തുടര്‍ന്നു വായിക്കുക

മൊബൈല്‍ ഫോണും കുട്ടികളും

>> Sunday, August 1, 2010

അനാവശ്യ വസ്‌തു എന്ന് ഒരു കാലത്ത് വിലയിരുത്തപ്പെട്ടിരുന്ന മൊബൈല്‍ ഫോണുകള്‍ ഇന്ന് അത്യാവശ്യ വസ്‌തുക്കളൂടെ പട്ടികയില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു. ചില സന്ദര്‍ഭങ്ങളിലെങ്കിലും ഏറെ ഉപകാരപ്രദമായ ഈ ഉപകരണം നമ്മുടെ കുട്ടികള്‍ക്കിടയില്‍ ഉണ്ടാക്കുന്ന സ്വാധീനം ചെറുതല്ല.കൂട്ടുകാരുടെയൊപ്പം കളിച്ചും മരത്തില്‍ കയറിയും പൂമ്പാറ്റകളെ പിടിച്ചും നടക്കുന്ന ഒരു ബാല്യകാലം നമ്മുടെ കുട്ടികളില്‍ അന്യമായിരിക്കുന്നു. പകരം ഇന്ന് വൈകുന്നേരങ്ങളില്‍ കുട്ടികളുടെ കളിസ്ഥലത്തേക്കു നോക്കൂ. മൊബൈലില്‍ ഒറ്റയ്‌ക്കിരുന്നു സംസാരിക്കുന്ന കുട്ടികള്‍, വിവിധ മൊബൈല്‍ കമ്പനികളൂടെ എസ്.എം.എസ് പായ്‌ക്കുകളുമായി എസ്.എം.എസ് ചെയ്യുന്നവര്‍, വീഡിയോകളും ഓഡിയോകളും ആസ്വദിക്കുന്നവര്‍.. അങ്ങനെ മൊബൈല്‍ ഉപഭോഗത്തിന്റെ നല്ലതും ചീത്തയുമായ എല്ലാ വിഭാഗങ്ങളില്‍പ്പെട്ടവരേയും നമുക്ക് ചുറ്റും എവിടെയും കാണാം.

കുട്ടികളില്‍ നിന്നും കുട്ടിത്തം അകലുന്നതില്‍ കുറ്റപ്പെടുത്തുമ്പോള്‍ അതിനു കാരണങ്ങളില്‍ ഒന്നായ മൊബൈല്‍ ഫോണിനെ കുറ്റം പറയുമ്പോള്‍ അതിലേക്ക് തള്ളി വിടുന്ന മാതാപിതാക്കളെ വിസ്‌മരിച്ചു കൂടാ. രാത്രി തനിയെ കിടന്നുറങ്ങുന്ന കിന്റര്‍ ഗാര്‍ട്ടനില്‍ പഠിക്കുന്ന കുട്ടിയുടെ അരികില്‍ മൊബൈല്‍ വച്ചിട്ട് അമ്മ പറയുന്നു, 'മോനേ, അച്ഛനും അമ്മയും അടുത്ത മുറിയിലുണ്ട്. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അമ്മേടെ നമ്പറില്‍ വിളിച്ചാല്‍ മതി'. .. എങ്ങിനുണ്ട് ഈ രംഗം..?

മുതിര്‍ന്നവരെയാണല്ലോ കുട്ടികള്‍ മാതൃകയാക്കുന്നത്.. നമ്മള്‍ മലയാളികള്‍ 'കളിപ്പാട്ടം കിട്ടിയ കുട്ടിയുടെ 'നിലവാരത്തിലേക്ക് താഴുകയാണോ എന്നു സംശയത്തക്കതായിരിക്കുന്നു നമ്മുടെ മൊബൈല്‍ ഉപയോഗ രീതി. മൊബൈല്‍ ക്യാമറ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ അതീവ ഗുരുതരമായവയാണ്.

മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതു കൊണ്ടുണ്ടാകുന്ന റോഡ് അപകടങ്ങള്‍ മറ്റൊരു വിഷയം. ഏതൊരു ചടങ്ങില്‍ ചെന്നാലും മറ്റുള്ളവരുമായി ആശയവിനിമയം നടത്താന്‍ കൂട്ടാക്കാതെ തന്റെ മൊബൈലുമായി ഒരിടത്ത് ഒതുങ്ങിയിരിക്കുന്നവര്‍ മറ്റൊരു കാഴ്ച. മൊബൈല്‍ കൊണ്ട് യാതോരു ഉപകാരവും ഇല്ലെന്നൊന്നും പറയാനാവില്ല. കുടുംബാംഗങ്ങളുമായി ഏറ്റവുമെളുപ്പം ബന്ധം പുലര്‍ത്താന്‍ കഴിയുന്നത് മൊബൈല്‍ ഫോണ്‍ വഴിയാണെന്നത് മറ്റൊരു വസ്തുത. ഒരു അപകടം നടന്നാലോ മോഷണം നടന്നാലോ, എല്ലാം അധികാരികളെ വേഗം വിവരമറിയിക്കുന്നതിന് മൊബൈല്‍ ഫോണ്‍ ഏറെ സഹായകരമാണ്. എന്നാല്‍ ഈ ഉപകരണം നമ്മുടെ സമൂഹത്തില്‍ ഏറെ തെറ്റായ കീഴ്‌വഴക്കങ്ങള്‍ സൃഷ്‌ടിക്കുന്നുണ്ട്. രണ്ടു പേര്‍ തമ്മില്‍ സംസാരിച്ചു കൊണ്ടിരിക്കെ ഒരാള്‍ക്ക് ഫോണ്‍ വന്നാല്‍ 'എക്സ്ക്യൂസ് മീ' എന്നു പറഞ്ഞ് മാറി നിന്നു ഫോണ്‍ എടുക്കാനുള്ള മര്യാദ നാം നിത്യേന കാണുന്നവരില്‍ പലര്‍ക്കും ഇല്ല. വ്യക്തിപരമായ വിഷയങ്ങള്‍ പോലും പൊതു സ്ഥലത്തു വച്ച് 'വിളിച്ചു കൂവുക'യാണു പലരും.

മൊബൈല്‍ ഫോണ്‍ ഉയര്‍ത്തുന്ന ആരോഗ്യ പ്രശ്നങ്ങള്‍ മറ്റൊരു വിഷയം. എപ്പോഴും അടുപ്പം നിലനിര്ത്തനനാണ് ഫോണ്‍ എന്നു പറയുമെങ്കിലും പല ചടങ്ങുകളും ഒരു ഫോണ്‍ വിളിയില്‍ ഒതുക്കുകയാണു നമ്മള്‍ മലയാളികള്‍. അതു പോലെ ഒരു രംഗം കണ്ടാല്‍ മൊബൈല്‍ ക്യാമറയും ഓണാക്കി ചെല്ലും നമ്മള്‍.. റോഡപകടമോ, കെട്ടിടം ഇടിഞ്ഞു വീണതോ എന്തുമാകട്ടെ, മലയാളീക്ക് അതു മൊബൈലില്‍ പകര്‍‌ത്താനാണ് ധൃതി.

കേരളത്തെ ഞെട്ടിച്ചു കൊണ്ടിരിക്കുന്ന പല അക്രമങ്ങളുടെയും പിന്നില്‍, ഭീകര പ്രവര്‍ത്തങ്ങള്‍ക്ക് പിന്നില്‍, നമ്മുടെ പെണ്‍കുട്ടികള്‍ വഴി തെറ്റുന്നതിനു പിന്നില്‍ എല്ലാം ഒരു പങ്ക് മൊബൈല്‍ ഫോണിനുമുണ്ട് എന്നതു വിസ്മരിച്ചു കൂടാ.. ഈ അവസ്ഥ മാറേണ്ടതുണ്ട്. ബോധവല്‍ക്കരണം കുട്ടികളില്‍ നിന്നാണു തുടങ്ങേണ്ടത് എന്നതില്‍ സംശയമില്ല. മൊബൈല്‍ ഫോണ്‍ മാത്രമല്ല, ഏതൊരു സാങ്കേതിക വിദ്യയും നാം എങ്ങിനെയാണ് അതിനെ ഉപയോഗപ്പെടുത്തുന്നത് എന്നതിനെ ആശ്രയിച്ചാണ് അതു നല്ലതും ചീത്തയും ആകുന്നതെന്നിരിക്കെ, നമ്മുടെ അടുത്ത തലമുറയിലെ കുഞ്ഞുങ്ങളില്‍ നല്ല മൊബൈല്‍ ശീലങ്ങള്‍ വളര്‍ത്താന്‍ നമുക്കെന്താണു ചെയ്യാനാവുക ?


Read More | തുടര്‍ന്നു വായിക്കുക

സ്ക്കൂളുകളിലെ കായികപഠനം

>> Sunday, July 25, 2010


കായിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കിയ സംസ്ഥാനമാണ് നമ്മുടെ കേരളം. കായിക മികവിന്റെ കാര്യത്തില്‍ ഇന്ത്യയിലെ ഏതൊരു സംസ്ഥാനത്തിന്റെയും മുമ്പിലായിരുന്നു നാം. എന്നാല്‍ കേരളീയ യുവസമൂഹത്തിന്റെ വിശിഷ്യ സ്ക്കൂള്‍ കുട്ടികളുടെ കായികക്ഷമതയെപ്പറ്റി വന്നുകൊണ്ടിരിക്കുന്ന പഠന റിപ്പോര്‍ട്ടുകള്‍ ഈ രംഗത്ത് നമുക്കുണ്ടായിക്കൊണ്ടിരിക്കുന്ന അപചയത്തിന്റെ ആഴം വ്യക്തമാക്കുന്നു. സംസ്ഥാനത്തെ യു.പി, ഹൈസ്ക്കൂള്‍ വിദ്യാര്‍ഥികളില്‍ 86% പേരും കായികക്ഷമത കുറഞ്ഞവരാണെന്ന് പരിശോധനാ പഠനറിപ്പോര്‍ട്ടിന്റെ പ്രാഥമിക പഠനം വ്യക്തമാക്കുന്നു. ക്ഷമതയുള്ള 14% പേരില്‍ത്തന്നെ കേവലം 3.93 ശതമാനത്തിനു മാത്രമേ അത് ലറ്റുകള്‍ക്കാവശ്യമുള്ള ആരോഗ്യനിലയുള്ളുവത്രേ! പെണ്‍കുട്ടികളുടെ കണക്കു മാത്രം നോക്കുമ്പോള്‍ കായികക്ഷമതയുള്ളവരുടെ ശതമാനം 12 ല്‍ താഴെ മാത്രം. ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം ഓരോ പ്രായക്കാര്‍ക്കും ഉണ്ടായിരിക്കേണ്ട ഭാരത്തേക്കാളും ഭാരം കുറഞ്ഞവരാണ് നമ്മുടെ വിദ്യാര്‍ഥികളില്‍ ഭൂരിപക്ഷം പേരും. 3% പേര്‍ അമിത ഭാരമുള്ളവരും. ഇതേപ്പറ്റി ഒരു അന്വേഷണം നടത്തുകയാണ് ബ്ലോഗ് ടീം അംഗമായ കോഴിക്കോട് അരീക്കുളത്തെ ജനാര്‍ദ്ദനന്‍ മാഷ്. തുടര്‍ന്നുള്ള ഭാഗങ്ങള്‍ നോക്കൂ.

എന്തായിരിക്കാം ഇതിനു കാരണം. ആരോഗ്യദായകമായ ഭക്ഷണശീലങ്ങള്‍, വ്യായാമം, ആരോഗ്യമുള്ള മനസ്സ് എന്നിവ ഒത്തു ചേര്‍ന്നു വന്നാലേ കുട്ടികളുടെ ആരോഗ്യം നിലനില്‍ക്കുകയുള്ളു. വ്യായാമത്തിനുള്ള അവസരം ഇന്ന് കുട്ടിക്ക് എത്രമാത്രം ലഭിക്കുന്നുണ്ട് എന്നത് നാം ഓര്‍ക്കേണ്ടതുണ്ട്. എല്‍. കെ. ജി മുതല്‍ വീട്ടുപടിക്കല്‍ നിന്നും സ്ക്കൂള്‍ വരെയും തിരിച്ചും വാഹനങ്ങളില്‍ എത്തുന്നതാണിന്നത്തെ രീതി. അരക്കിലോമീറ്റര്‍ പോലും പലരും നടക്കുന്നില്ല. സ്ക്കൂള്‍ സമയത്തിനു ശേഷം അയല്‍പക്കക്കാരെല്ലാം ചേര്‍ന്നുള്ള കളികളും അപ്രത്യക്ഷമായി. കൂടുതല്‍ സമയവും ടി. വി, കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ മുതലായവയുടെ മുമ്പില്‍ അടിമകളായി തളയ്ക്കപ്പെടുന്നത് നാം കണ്ടിട്ടും കാണാതെ നടിക്കുന്നു.

സര്‍ക്കാര്‍ ഇങ്ങനെയൊരു പരീക്ഷ നടത്തുന്നത് കൊണ്ട് ഇത്തരം കാര്യങ്ങള്‍ നമുക്കറിയാനായി. അതിന് അധികാരികള്‍ അഭിനന്ദനമര്‍ഹിക്കുന്നു. പക്ഷെ ഭൌതികമായി ഒരുപാട് വെല്ലുവിളികള്‍ നമുക്കു മുന്നിലുണ്ട്. നമുക്ക് കളിക്കളങ്ങള്‍ എവിടെ?സ്ക്കൂളിനു പുറത്ത് വിശാലമായ ഫുട്ബോള്‍ മൈതാനങ്ങള്‍ പോട്ടെ, വോളിബോളോ, ഷട്ടിലോ എന്തിന് നീന്തലിനോ, തൊട്ടുകളിക്കോ, ഗോലികളിക്കോ ഉള്ള സ്ഥലം പോലും എവിടെയും കാണാനില്ല. സ്ക്കൂളിലുള്ള കായികപഠനം പോലും പലയിടങ്ങളിലും വെറും മുട്ടാശാന്തിയായി തുടരുന്നു. നമ്മുടെ കുട്ടികള്‍ക്ക് ആരോഗ്യമുണ്ടായാലേ അത്ഭുതമുള്ളൂ!

  • ഇപ്പോള്‍ നടത്തിയിട്ടുള്ള കായികക്ഷമതാ പരീക്ഷ കുറ്റമറ്റ രീതിയിലാണോ നമ്മുടെ വിദ്യാലയങ്ങളില്‍ നടത്തപ്പെട്ടിട്ടുള്ളത്?
  • കേരളീയരുടെ കായിക, ആരോഗ്യ ശീലങ്ങളി‍ല്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടോ?
  • കായികപഠനത്തില്‍ ഇന്നത്തെ രീതി തുടര്‍ന്നാല്‍ മതിയോ?
  • ഇക്കാര്യത്തില്‍ രക്ഷിതാക്കളുടെ ഇടപെടലുകള്‍ ഏതു വിധത്തിലായിരിക്കണം?
  • ഉശിരുള്ളൊരു തലമുറയെ വാര്‍ത്തെടുക്കാന്‍ അധ്യാപക സമൂഹത്തിന് എന്തൊക്കെ ചെയ്യാന്‍ കഴിയും?
ഇത്തരം ചോദ്യങ്ങളിലൂന്നി നിന്നുകൊണ്ട് പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.


Read More | തുടര്‍ന്നു വായിക്കുക

ഉച്ചക്കഞ്ഞിയില്‍ മണ്ണുവീഴ്ത്താതെ..!

>> Sunday, July 4, 2010

ചോര്‍ന്നൊലിക്കുന്ന കഞ്ഞിപ്പുരയ്ക്കു മുന്നില്‍ ഉച്ചക്കഞ്ഞിക്കുള്ള ബെല്ലടിക്കുമ്പോള്‍ പലതരത്തിലുള്ള കഞ്ഞിപ്പാത്രങ്ങളുമായി ക്യൂ നില്ക്കുന്ന പിഞ്ചുകുഞ്ഞുങ്ങള്‍. തിളച്ച കഞ്ഞിയും പുഴുങ്ങിയ ചെറുപയറുകട്ടയും മുഖം നോക്കാതെ പാത്രത്തിലേക്കു പാരുകയാണ് പാചകക്കാരി സുലേഖയും സഹായി മീനാക്ഷിയും. കൈ പൊള്ളാതിരിക്കാനുള്ള തത്രപ്പാടില്‍ തങ്ങളെക്കൊണ്ടാകുന്നരീതിയില്‍ സര്‍ക്കസുകളിച്ച് ഒരുവിധം പാത്രവുമായി, മണ്ണും ചെളിയുമായി കുഴഞ്ഞിരിക്കുന്ന ക്ലാസ് വരാന്തയിലേക്ക് എത്തിപ്പെട്ട് കയ്യില്‍ കരുതിയ അച്ചാര്‍ പാക്കറ്റ് പല്ലുകൊണ്ട് കടിച്ചു വലിച്ചീമ്പി റേഷനരിയുടെ മനം പിരട്ടുന്ന ഗന്ധമാസ്വദിച്ച് ഒരുവിധം കഞ്ഞികുടിച്ചെന്നു വരുത്തിത്തീര്‍ക്കുന്ന പിഞ്ചോമനകള്‍......

പന്ത്രണ്ടേമുക്കാലാകുമ്പോള്‍ മഴയത്ത് കഞ്ഞിപ്പുര ലക്ഷ്യമാക്കി ഓടുന്നവര്‍..കഞ്ഞി തീരുന്നതിനു മുമ്പ് എത്തുക എന്നതാണ് അവരുടെ ലക്ഷ്യം...എത്രയോ നല്ല പദങ്ങള്‍ കിടക്കുമ്പോഴും 'കഞ്ഞിക്കുള്ള പിള്ളേര്‍' എന്നതാണ് അവരുടെ പേര്...

ചില കുട്ടികളുടെ അന്നത്തെ ആഹാരം അതു മാത്രമായിരിക്കും എന്നത് ഒരു ഞെട്ടിക്കുന്ന സത്യം...
കഞ്ഞി കുടിയും കഴിഞ്ഞ് കഞ്ഞിപ്പുരയുടെ പിന്നാമ്പുറത്തു വന്നു നില്‍ക്കുന്നവര്‍ മറ്റൊരു കാഴ്‌ച ... കഞ്ഞി ബാക്കിയുണ്ടെങ്കില്‍ അതു വീട്ടുകാര്‍ക്ക് കൊണ്ടു പോയി അവരുടെയും പശിയടക്കാം എന്നതാണ് ഈ പിന്നാമ്പുറത്തു വരുന്നവരുടെ ലക്ഷ്യം. കൂട്ടത്തിലെ മുതിര്‍ന്ന പിള്ളേരുടെ ഉത്തരവാദിത്വമാണ് കഞ്ഞി വിളമ്പല്‍..പെരു മഴയത്ത് കഞ്ഞിപ്പുരയില്‍ നിന്നും അവര്‍ ബക്കറ്റു നിറയെ കഞ്ഞിയുമായി അതു വിതരണം ചെയ്യേണ്ട സ്ഥലത്തേക്ക് ഓടണം..

കേരളത്തിലെ ഭൂരിഭാഗം പൊതുവിദ്യാലയങ്ങളിലേയും ഒരു നേര്‍ക്കാഴ്ചയായിരുന്നൂ ഇതെന്നു പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയില്ല!

ഇതിനൊരു മാറ്റം വേണ്ടേ...?


ഇത്തരുണത്തിലാണ്, ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഈയടുത്ത് പുറപ്പെടുവിച്ച ഒരു അസാധാരണ അഭ്യര്‍ഥന പ്രസക്തമാകുന്നത്. അന്നദാനം എന്ന പുണ്യകര്‍മ്മത്തിന്റെ മഹത്വത്തേയും അത് വളരേയധികം സൂക്ഷ്മതയോടെ നിര്‍വ്വഹിക്കേണ്ടതിന്റെ പ്രാധാന്യത്തേയും കുറിച്ചുള്ള പ്രസ്തുത കത്തില്‍, സ്വന്തം കുടുംബാംഗങ്ങള്‍ക്കു ഭക്ഷണം നല്‍കുന്ന അതേ ശ്രദ്ധ, കേരളത്തിലെ ലക്ഷക്കണക്കിനു കുഞ്ഞുങ്ങള്‍ക്ക് ഉച്ചക്കഞ്ഞി നല്‍കുന്നതിലും കാണിക്കുവാന്‍ അദ്ദേഹം അഭ്യര്‍ഥിക്കുന്നുണ്ട്.

കഴിഞ്ഞവര്‍ഷമാണെന്നുതോന്നുന്നു, എറണാകുളത്തു വെച്ചു നടന്ന ഒരു ചടങ്ങില്‍, ഉച്ചക്കഞ്ഞിവിഷയത്തിലുള്ള തന്റെ സ്വപ്നങ്ങള്‍ ഇദ്ദേഹം പങ്കുവെച്ച വേദിയില്‍ ഈ കുറിപ്പുകാരനും ഒരു ശ്രോതാവായുണ്ടായിരുന്നു. ഓരോ ഉപജില്ലയിലും ഓരോ 'സെന്ററലൈസ്ഡ് അടുക്കള', ആ ഉപജില്ലയിലെ സ്കൂളുകളിലെ മുഴുവന്‍ പാചകക്കാരും ഒത്തുകൂടി, ലളിതമെങ്കിലും പോഷകസമൃദ്ധമായ ഉച്ചയൂണ് തയ്യാറാക്കി പൊതിച്ചോറായി സ്കൂളുകളില്‍ എത്തിക്കുക.....അങ്ങിനെ ഈ വിഷയത്തില്‍ അദ്ദേഹത്തിന്റെ ആശയങ്ങള്‍ കേള്‍വിക്കാരില്‍ ആവേശം വിതച്ചു. അടുത്ത അധ്യ​യനവര്‍ഷമാകുമ്പോഴേക്ക് പ്രായോഗികതലത്തിലേക്കെത്താനുള്ള രീതിയില്‍ കാര്യങ്ങള്‍ പുരോഗമിക്കുന്നുണ്ടെന്നാണ് മനസ്സിലാകുന്നത്. ഏതായാലും, കഴിഞ്ഞയാഴ്ച ബഹു. മുഖ്യമന്ത്രി എറണാകുളം ജില്ലയിലെ പറവൂരില്‍ 'അമ്മതന്‍ ഭക്ഷണം' എന്ന പരിപാടി ഔപചാരികമായി ഉത്ഘാടനം ചെയ്യുകയുമുണ്ടായി.

നൂതനമായ ആശയങ്ങള്‍ അവതരിപ്പിക്കാനും, അത് പ്രാവര്‍ത്തികമാക്കാനുള്ള നടപടികള്‍ കാലവിളംബമന്യേ കൈക്കൊള്ളാനും ഉശിരു കാണിക്കുന്ന ഇത്തരം യുവരക്തങ്ങള്‍ പകര്‍ന്നുതരുന്ന ആവേശം കേരളത്തിലെ അധ്യാപരും മറ്റു രക്ഷാകര്‍തൃ പൊതുസമൂഹവും നെഞ്ചേറ്റുകയാണെങ്കില്‍ നമ്മുടെ നാട് ഈ കാര്യത്തില്‍ കൂടി മാതൃകയാകുമെന്നാണ് എനിയ്ക്കുതോന്നുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നെഴുതുക.

പിന്‍കുറി :
എം.എല്‍.എ ഫണ്ടില്‍ നിന്നും, തന്റെ മണ്ഡലത്തിലെ സ്കൂളുകളില്‍ ഉച്ചക്കഞ്ഞിക്കുള്ള പാത്രങ്ങള്‍ വിതരണം ചെയ്യുന്ന ചടങ്ങിനിടയില്‍ രണ്ടുവര്‍ഷം മുന്‍പ് തൃശൂര്‍ ജില്ലയിലെ നാട്ടിക എം.എല്‍.എ. ശ്രീ. ടി.എന്‍. പ്രതാപന്‍, അധ്യാപകരും നിര്‍ബന്ധമായി കുട്ടികള്‍ക്കു കൊടുക്കുന്ന ഭക്ഷണം സ്കൂളില്‍ നിന്നും കഴിക്കണമെന്നും അതിനുവേണ്ട അധികച്ചെലവു കൂടി വഹിക്കാന്‍ തയ്യാറാണെന്നും അറിയിക്കുകയുണ്ടായി. അങ്ങനെയെങ്കിലും ഭക്ഷണത്തിന്റെ ഗുണനിലവാരമുയരട്ടേയെന്നായിരുന്നിരിക്കണം മൂപ്പരുടെ ചിന്ത!


Read More | തുടര്‍ന്നു വായിക്കുക

അബൂബക്കര്‍ എന്ന 'കുട്ടി മെക്കാനിക്ക്'

>> Saturday, June 26, 2010

തൃശൂര്‍ ജില്ലയിലെ കേച്ചേരിക്കടുത്തുള്ള തിപ്പിലിശ്ശരി അല്‍-അമീന്‍ സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയും, ചെറുമനയങ്ങാട് നാച്ചിവീട്ടില്‍ പരേതനായ കുഞ്ഞിവാപ്പുവിന്റേയും ഷാജിതയുടേയും മൂന്നുമക്കളില്‍ ഇളയവനുമായ എന്‍.കെ. അബൂബക്കറിനെ അറിയുമോ? ഇല്ലെങ്കില്‍ നാം അധ്യാപകരെങ്കിലും അറിയണം! പിതാവിന്റെ മരണവും തുടര്‍ന്നുള്ള സാമ്പത്തിക പരാധീനതകളും മറികടക്കാന്‍ പാടുപെടുന്ന ആ കുടുംബത്തിലെ പ്രതീക്ഷയുടെ കൈത്തിരിവെട്ടമായി അവതരിച്ചിരിക്കുകയാണ് ഈ പതിനഞ്ചുകാരന്‍. കഴിഞ്ഞ ദിവസം തൃശൂര്‍ സാഹിത്യ അക്കാഡമി ഹാളില്‍ ഐടി@സ്കൂളും ജില്ലയിലെ എസ്.ഐ.ടി.സി ഫോറവും സംയുക്തമായി സംഘടിപ്പിച്ച വിജ്ഞാനപ്രദമായ ഐസിടി ശില്പശാലയില്‍ വെച്ചാണ് കക്ഷിയെ പരിചയപ്പെടുന്നത്. പരിപാടിയിലുടനീളം താരമായി തിളങ്ങിയ അബൂബക്കറിന്റെ മികവെന്താണെന്നല്ലേ..?

കഴിഞ്ഞ അവധിക്കാലത്ത്, തൃശൂര്‍ ഐടി@സ്കൂള്‍ സംഘടിപ്പിച്ച മൂന്നുദിവസത്തെ കംപ്യൂട്ടര്‍ ഹാര്‍ഡ്​വെയര്‍ മെയിന്റനന്‍സ് കോഴ്സില്‍ ഒരു പഠിതാവായി അബൂബക്കറുണ്ടായിരുന്നു. ഐ.ടി@സ്കൂള്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സി.കെ. അജയ്​കുമാര്‍ സാറിന്റെ മേല്‍നോട്ടത്തില്‍ നടത്തപ്പെട്ട ആ കോഴ്സില്‍ നിന്നും ലഭിച്ച പ്രാഥമിക പാഠങ്ങളും, മാസ്റ്റര്‍ ട്രൈനര്‍മാരായ ജോബ്​സണ്‍ എബ്രഹാം, വാസുദേവന്‍, സുദര്‍ശനന്‍, അനില്‍...തുടങ്ങിയവരുടെ നിതാന്ത പിന്തുണയും ഒരു കംപ്യൂട്ടര്‍ ഷോപ്പ് തുടങ്ങാനുള്ള ആത്മവിശ്വാസത്തിലേക്ക് അബൂബക്കറെ കൈപിടിച്ചുയര്‍ത്തി. കൂട്ടിന് ജ്യേഷ്ഠന്‍ ഷജീറും. (തന്റേയും കുടുംബത്തിന്റേയും ജീവിതപ്രയാസങ്ങളിലുടനീളം തണലായി നിന്ന ഡോക്ടര്‍ ശ്രീകുമാറിനെ സദസ്സിലേക്കു കൈചൂണ്ടി എല്ലാവര്‍ക്കും പരിചയപ്പെടുത്തുമ്പോള്‍ അവന്റെ കണ്ണുകളില്‍ കൃതജ്ഞതയുടെ നനവ്.) ഷോപ്പു തുടങ്ങി രണ്ടുമാസത്തിനകം തന്നെ അമ്പതോളം കംപ്യൂട്ടറുകള്‍ സര്‍വ്വീസ് ചെയ്തു . നിരവധിയെണ്ണം അസംബിള്‍ ചെയ്തു നല്‍കി. കുറഞ്ഞ ലാഭമെടുത്ത് മികവോടെ സിസ്റ്റങ്ങള്‍ ചെയ്തുകൊടുക്കുന്ന ഈ 'കുട്ടി മെക്കാനിക്കി'ന് തിരക്കേറിവരുകയാണിപ്പോള്‍! അബൂബക്കര്‍, സാംസങ് പ്രിന്ററില്‍ മഷി നിറക്കുന്ന വിധം വിവരിക്കുന്ന വീഡിയോ ഇവിടെയുണ്ട് .

അബൂബക്കറിന്റെ കഥ ഇവിടെ വിസ്തരിച്ചത്, നാം അധ്യാപകര്‍ ഒരു ആത്മപരിശോധന നടത്തേണ്ടതില്ലേയെന്ന ഒരു സന്ദേഹത്തില്‍ നിന്നാണ്. പ്രതിഭാധനരും ജീവിതം വഴിമുട്ടി നില്ക്കുന്നവരുമായ എത്രയെത്ര അബൂബക്കര്‍മാരാണ് നമ്മുടെ മുന്നില്‍ കണ്ണും കാതും തുറന്നുവെച്ചിരിക്കുന്നത്. ഇവരില്‍ നിന്ന് കുറച്ചുപേര്‍ക്കെങ്കിലും ജീവിതമാര്‍ഗ്ഗത്തിലേക്കൊരു കൈചൂണ്ടിയാകാന്‍ കഴിഞ്ഞാല്‍ നമ്മുടെ ഗുരുജന്മം സാര്‍ഥകമാകാന്‍ മറ്റെന്തു വേണം?
അബൂബക്കറിന്റേതുപോലുള്ള അനുഭവങ്ങള്‍ നിങ്ങളുടെ സ്കൂളിലും കാണില്ലേ? പങ്കു വെച്ചാല്‍ ഒരുപാടു പേര്‍ക്ക് പ്രയോജനം ചെയ്യും. എന്താ റെഡിയല്ലേ..?

പിന്‍കുറി:

പരിചയപ്പെടാനായി അബൂബക്കറെ അടുത്തുവിളിച്ചു വിവരങ്ങളന്വേഷിച്ചപ്പോള്‍, ഞാനാരാണെന്ന് അവനറിയണം.

മാത്​സ് ബ്ലോഗില്‍ നിന്നാ​ണെന്നറിഞ്ഞപ്പോള്‍ നിറഞ്ഞ സന്തോഷം.

"കണക്കിന്റെ ബ്ലോഗല്ലേ...എനിയ്ക്കറിയാം."

തിരിച്ചുപോരാന്‍ നേരം വാസുദേവന്‍ സാറുമായുള്ള കുശലപ്രശ്നങ്ങള്‍ തീരുവോളം അവനും ഉമ്മയും കാത്തുനിന്നു. ഷേക്ക് ഹാന്റിനായി നീട്ടിയ കൈകള്‍ കൂട്ടിപ്പിടിച്ച് അരികത്തു ചേര്‍ത്തുനിര്‍ത്തിയപ്പോള്‍ ആ ഉമ്മയുടെ കണ്ണുകള്‍ നിറഞ്ഞതെന്തിനെന്ന് ഇപ്പോഴും പിടികിട്ടിയിട്ടില്ല!


Read More | തുടര്‍ന്നു വായിക്കുക

വിദ്യാഭ്യാസ നിയമവും അധ്യാപകരും

>> Sunday, April 18, 2010

കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കുന്നതോടെ എല്‍.പി, യു.പി സ്കൂളുകളിലെ അധ്യാപകരുടെ എണ്ണം വര്‍ധിക്കുമെന്നും ഹൈസ്കൂള്‍ അധ്യാപകരുടെ എണ്ണം കുറയുമെന്നുമുള്ള പ്രചാരണം കൊണ്ടുപിടിച്ചു നടക്കുകയാണല്ലോ? ഈ വിഷയസംബന്ധമായി കഴിഞ്ഞയാഴ്ച നാം നടത്തിയ സംവാദത്തിന് വേണ്ടത്ര പ്രതികരണങ്ങള്‍ ലഭിച്ചു കണ്ടില്ല. വെക്കേഷന്‍, വാല്യ്വേഷന്‍, സെന്‍സസ്ജോലി,...എന്നിങ്ങനെ നൂറുകൂട്ടം ന്യായങ്ങള്‍ നമുക്ക് നിരത്താനുണ്ടാകും. എങ്കിലും, അധ്യാപക സമൂഹത്തെയാകമാനം ബാധിക്കുന്ന ഈ വിഷയം കുറേക്കൂടി ഗൌരവതരമാകയാല്‍ , ഈയാഴ്ചയും സംവാദത്തിന് മറ്റൊരു വിഷയം തേടിപ്പോകേണ്ടതില്ലെന്നു തോന്നുന്നു. ഈയവസരത്തിലാണ്, സമാന വിഷയവുമായി ബന്ധപ്പെട്ട് ഒരു പത്രത്തിന്റെ പ്രതികരണത്താളില്‍ അഹമ്മദുണ്ണി കളച്ചാല്‍ എഴുതിയ ഏറെ പ്രായോഗികമെന്നു തോന്നുന്ന (?) ചില നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധയില്‍പെട്ടത്. ആദ്യം, അത് വായിക്കുക.....

കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കുന്നതോടെ എല്‍.പി, യു.പി സ്കൂളുകളിലെ അധ്യാപകരുടെ എണ്ണം വര്‍ധിക്കുമെന്നും ഹൈസ്കൂള്‍ അധ്യാപകരുടെ എണ്ണം കുറയുമെന്നും കേള്‍ക്കുന്നു. എട്ടാംതരം യു.പി. വിഭാഗത്തിന്റെ ഭാഗമാകുന്നതോടെ ഹൈസ്കൂള്‍ ഒമ്പതും പത്തും മാത്രമായി ചുരുങ്ങും. എന്നാല്‍, ഇപ്പോള്‍ ഹൈസ്കൂളിനോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ഹയര്‍സെക്കന്ററി പ്രത്യേക വിഭാഗമാണ്. ഒരേ മതില്‍ കെട്ടിനകത്ത് ഒരേ കെട്ടിടത്തില്‍ പ്രന്‍സിപ്പലിനു കീഴില്‍ ഹയര്‍സെക്കന്ററിയും, ഹെഡ്​മാസ്റ്റര്‍ക്കു കീഴില്‍ ഹൈസ്കൂളും പ്രവര്‍ത്തിക്കുന്നു. ഈ രണ്ടു വിഭാഗങ്ങളേയും ഒരേ കുടക്കീഴില്‍ കൊണ്ടുവരണം. (ഇതുകൊണ്ടുള്ള മറ്റൊരു പ്രധാന ഗുണം, ഭൂരിഭാഗം സ്ഥലങ്ങളിലും രണ്ടുവിഭാഗക്കാരുടേയും മനസ്സുകളിലുള്ള മുള്ളുവേലികളും അറുത്തുമാറ്റാം - ലേഖകന്‍)സംസ്ഥാനത്തെ മുഴുവന്‍ ഹൈസ്കൂളുകളും ഹയര്‍ സെക്കന്‍ഡറിയാക്കി മാറ്റുകയും ഈ വര്‍ഷം പത്താംതരത്തില്‍നിന്ന് ഉപരിപഠനത്തിന് യോഗ്യത നേടുന്ന മുഴുവന്‍ കുട്ടികള്‍ക്കും അതേ വിദ്യാലയത്തില്‍ പതിനൊന്നാം തരത്തിലേക്ക് പ്രവേശനം നല്‍കുകയും വേണം.

ഹൈസ്കൂള്‍ വിഭാഗത്തിലെ യോഗ്യരായ (പി.ജി, ബി.എഡ്, സെറ്റ് നേടിയ) അധ്യാപകരെ ഹയര്‍ സെക്കന്ററിയിലേക്ക് പുനര്‍വിന്യസിച്ചാല്‍ ഹൈസ്കൂളുകളില്‍ അധികം വരുന്ന അധ്യാപകരെ സംരക്ഷിക്കാനാവും.കേരള വിദ്യാഭ്യാസ ചട്ടക്കൂട് നിര്‍ദേശിച്ചപോലെ എട്ടാംതരം പൂര്‍ത്തീകരിക്കുന്ന വിദ്യാര്‍ഥികളെ ഓരോരുത്തരുടെയും അഭിരുചിക്കനുസരിച്ച് സയന്‍സ്, ഹ്യുമാനിറ്റീസ്, കോമേഴ്സ്, തൊഴില്‍, കലാ സംസ്കാരം എന്നീ അഞ്ച് വിഷങ്ങളിലേതെങ്കിലുമൊന്നില്‍ ഒമ്പതുമുതല്‍ 12വരെ പഠനം തുടരാനുള്ള സാഹചര്യം കേരളത്തിലെ ഹൈസ്കൂള്‍ -ഹയര്‍ സെക്കന്‍ഡറി ലയനത്തിലൂടെ സാധ്യമാവും.

എട്ടാംതരം പടിയിറങ്ങുന്നതോടെ അനേകം ക്ലാസ് മുറികളും ഫര്‍ണിച്ചറുകളും പാചകപ്പുരയുമടക്കം ലക്ഷങ്ങളുടെ മുതലും സ്ഥലവുമാണ് ഹൈസ്കൂളുകളില്‍ ഉപയോഗിക്കപ്പെടാതെ ഒഴിഞ്ഞുകിടക്കുക. നമ്മുടെ സംസ്ഥാനത്തിപ്പോള്‍ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി, ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി, ആര്‍ട്സ് ഹയര്‍ സെക്കന്‍ഡറി, ഐ.എച്ച്.ആര്‍.ഡി നടത്തുന്ന ഹയര്‍ സെക്കന്‍ഡറി തുടങ്ങി അഞ്ചുതരം ഹയര്‍ സെക്കന്‍ഡറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവക്കൊക്കെ പ്രത്യേകം ഡയറക്ടറേറ്റുകളും ഭരണ സംവിധാനങ്ങളുമുണ്ട്. ഹൈസ്കൂള്‍ വിഭാഗത്തിന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കീഴില്‍ ഡി.ഡി, ഡി.ഇ.ഒ തുടങ്ങി വിപുലമായ ഭരണ സംവിധാനം വേറെ തന്നെ. മുഴുവന്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളെയും പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴില്‍ കൊണ്ടുവന്ന് ഒമ്പതുമുതല്‍ 12 വരെ ക്ലാസുകള്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍ ഭരണ ചെലവ് ഗണ്യമായി കുറക്കാം.

എല്‍.പി സ്കൂളുകളില്‍ ടി.ടി.സിക്കാരും യു.പിയില്‍ ബി.എഡുകാരും ഹയര്‍ സെക്കന്‍ഡറിയില്‍ (ഒമ്പതു മുതല്‍ 12 വരെ) പി.ജി, ബി.എഡ്, സെറ്റ് യോഗ്യത നേടിയവരും പഠിപ്പിക്കണമെന്ന നിര്‍ദേശം നടപ്പാക്കുന്നതിലൂടെ യോഗ്യതാ പ്രശ്നത്തിനും പരിഹാരമാവും. നിലവില്‍ പി.ജി യോഗ്യതയുള്ളവരെ 11, 12 ക്ലാസുകളില്‍ പഠിപ്പിക്കാന്‍ അനുവദിക്കുകയും ബാക്കിയുള്ളവര്‍ക്ക് അഞ്ചുവര്‍ഷത്തിനുള്ളില്‍ യോഗ്യത നേടാനുള്ള അവസരം നല്‍കുകയും വേണം. ഇങ്ങനെ ചെയ്യുന്ന പക്ഷം ഹൈസ്കൂള്‍ അധ്യാപകരുടെ തസ്തികകള്‍ നഷ്ടപ്പെടുന്നത് ഒരുപരിധിവരെ കുറക്കാം.

പിന്‍കുറി:

ഈ വിഷയം ശ്രദ്ധയില്‍പെടുത്തിയപ്പോള്‍, ഒരധ്യാപകന്റെ നിര്‍ദ്ദേശം.

  • 16 വര്‍ഷം വരെ സര്‍വ്വീസുള്ളവര്‍ക്ക് അഞ്ചുവര്‍ഷത്തിനകം പിജി, സെറ്റ് നിര്‍ബന്ധമാക്കണം.

  • 16 മുതല്‍ 23 വര്‍ഷം വരെ സര്‍വ്വീസുള്ളവര്‍ക്ക് അഞ്ചുവര്‍ഷത്തിനകം സെറ്റ് മാത്രം.

  • 23 നു മുകളില്‍ സര്‍വ്വീസുള്ളവര്‍ക്ക് നിബന്ധനകളില്ലാതെ പ്രൊമോഷന്‍.
ഇദ്ദേഹത്തിന് സര്‍വ്വീസ് 23 വര്‍ഷം കഴിഞ്ഞു!!


Read More | തുടര്‍ന്നു വായിക്കുക

SSLC Examination Review

>> Sunday, March 28, 2010


ഏഷ്യയിലെ ഏറ്റവും വലിയ പരീക്ഷാ സംവിധാനമായ എസ്.എസ്.എല്‍.സി അവസാനിച്ചു. പരീക്ഷയുടെ സുരക്ഷാക്രമീകരണങ്ങളില്‍ നിതാന്ത ജാഗ്രത പുലര്‍ത്തിയതുകൊണ്ട് തന്നെ ചോര്‍ച്ചകളില്ലാതെ 2010 ലെ പരീക്ഷ ഭംഗിയായി പര്യവസാനിച്ചു. ഇനി റിസല്‍ട്ടിനു വേണ്ടിയുള്ള കാത്തിരിപ്പാണ്. പക്ഷേ, കഴിഞ്ഞു പോയ പരീക്ഷകളെക്കുറിച്ചുള്ള ഒരു ചര്‍ച്ച നടത്തേണ്ടത് ആവശ്യമാണെന്ന് പല അധ്യാപകരും അഭിപ്രായപ്പെട്ടിരുന്നു. അതിനെ മുന്‍നിര്‍ത്തി പരീക്ഷകളുടെ സമയക്രമത്തെപ്പറ്റിയുള്ള ഒരു ചര്‍ച്ചയാണ് ഇന്നത്തെ പോസ്റ്റിലൂടെ ലക്ഷ്യമിടുന്നത്. മാധ്യമം ദിനപ്പത്രത്തില്‍ കഴിഞ്ഞ നാല് വര്‍ഷമായി എല്ലാ വിഷയങ്ങളുടേയും റിവ്യു എഴുതുന്ന എസ്.വി രാമനുണ്ണി മാഷ് (കെ.ടി.എം.സ്ക്കൂള്‍, മണ്ണാര്‍ക്കാട്)പരീക്ഷാര്‍ത്ഥികളില്‍ നിന്നും അധ്യാപക-രക്ഷകര്‍ത്താക്കളില്‍ നിന്നും പരീക്ഷാ ദിനങ്ങളില്‍ ലഭിച്ച അഭിപ്രായങ്ങള്‍ പങ്കു വെക്കുന്നു.

എസ്.എസ്.എല്‍.സി പരീക്ഷ നന്നായും അല്ലാതെയും പരീക്ഷയെഴുതിയിറങ്ങുന്ന കുട്ടികളൊക്കെ പറഞ്ഞ പൊതു പരാതി സമയം കിട്ടിയില്ല, ലാസ്റ്റ് ക്വസ്റ്റ്യന്‍ ‍എഴുതാന്‍ സമയം കിട്ടീല്യ… ഒന്നുകൂടെ നന്നാക്കിയെഴുതാന്‍ ഒടുക്കം സമയം കിട്ടീല്യ, ഒന്നു വായിച്ചുനോക്കാന്‍ സമയം ഇല്ലായിരുന്നു..…..എന്നൊക്കെയാണ്. ഇനി മൂല്യനിര്‍ണ്ണയക്യാമ്പിലും ഉയരുന്ന വാദം കുട്ടികള്‍ക്ക് സമയം തികഞ്ഞില്ല….എന്നു തന്നെയാവും.രക്ഷിതാക്കളും അധ്യാപകരും ചൂണ്ടിക്കാണിക്കുന്നതും സമയം കിട്ടീല്യ..എന്നു തന്നെ. നേരം പോയതറഞ്ഞില്ല എന്നു പരീക്ഷാഡ്യൂട്ടിക്കാരും പറഞ്ഞു. എന്നാല്‍ ഇവരില്‍ ഭൂരിഭാഗവും ഐ.ടി പരീക്ഷ 15-20 മിനിട്ടിനുള്ളില്‍ എഴുതിക്കഴിഞ്ഞവരാണ്. ഇവിടെ സമയക്രമത്തില്‍ പുനഃക്രമീകരണം ആവശ്യമുണ്ടോ?

ന്യായീകരണങ്ങള്‍ക്കായി എന്തൊക്കെ വാദം നിരത്തിയാലും ഇതൊരു യാഥാര്‍ഥ്യമാകുന്നു. ഇതിനു കാരണം ചോദ്യങ്ങള്‍ തയ്യാറാക്കുന്നവര്‍ ബ്ലുപ്രിന്റ് നിശ്ചയിക്കുന്നതില്‍ സമയം ഒരു ഘടകമാകുന്നില്ലെന്നാവും. ഒരു ഉപന്യാസം, ഒരു അരപ്പേജ് ലേഖനം, നേത്രഘടന ചിത്രം, ജലപ്രവാഹം രേഖ, അന്തര്‍വൃത്തം, കഥാപൂരണം….ഇതിനൊക്കെ എത്ര സമയം കിട്ടുന്നു/ വേണം/ ഉണ്ട് എന്നാലോചന ഉണ്ടാവില്ലേ? രണ്ടുപേജായാലും 6 പേജായലും മലയാളമായാലും ഹിന്ദിയായാലും ഇന്‍ഫൊര്‍മേഷന്‍ ടെക്നോളജിയുടെ 1 മണിക്കൂര്‍ പേപ്പറായാലും വായിക്കാന്‍ 15 മിനുട്ട് (കൂള്‍)എന്നു നിശ്ചയിക്കുന്നതുപോലെ ആവുമോ ഉത്തരമെഴുത്തിന്റെ സമയവും നിശ്ചയിക്കുന്നത്. ശാസ്ത്രീയമായി ഇതിനെന്തു അടിസ്ഥാനം ഉണ്ട്? വല്ല പഠനങ്ങളും ഉണ്ടോ? ഇതു തീരുമാനിക്കുന്നത് എന്തടിസ്ഥാനത്തിലാവും? സാധാരണക്കാരന്നു തോന്നുന്നത് 2.5 മണിക്കൂറിന്റെ ഇംഗ്ലീഷിനും 1 മണിക്കൂറിന്റെ ഐ.ടി ക്കും 15 മിനുട്ട് കൂള്‍ സമയം നിശ്ചയിച്ച യുക്തിയേ ഇതിനൊക്കെ ഉണ്ടാവൂ എന്നാണ്. എന്തായാലും പരീക്ഷാ സമയക്രമീകരണങ്ങളില്‍ ഒരു പുനര്‍വിചിന്തനം വേണമെന്നതില്‍ തര്‍ക്കത്തിനിടയുണ്ടാകില്ല


Read More | തുടര്‍ന്നു വായിക്കുക

പള്ളിയറയും കണക്കിന്റെ കൊമ്പും..!

>> Sunday, March 21, 2010

ഞായറാഴ്ചകളില്‍ സംവാദങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ നാം തീരുമാനിച്ചതനുസരിച്ച്, പ്രസിദ്ധീകരിച്ച ആദ്യ പോസ്റ്റിന് ഒരു അനോണിമസ് വായനക്കാരന്‍ കമന്റായി നല്‍കിയ മറുചോദ്യം 'ഗണിതത്തിനെന്താ, കൊമ്പുണ്ടോ?' എന്നായിരുന്നു. വിഖ്യാതമായ നൊബേല്‍ പുരസ്കാരത്തിന്, എന്തേ ഗണിതം പരിഗണിക്കപ്പെടാത്തതെന്നായിരുന്നൂ സംവാദ വിഷയം. കമന്റു പ്രസിദ്ധീകരിച്ച് മണിക്കൂറുകള്‍ക്കകം വന്നൂ, പള്ളിയറ ശ്രീധരന്‍ മാഷുടെ മറുപടി. "എന്താ, ഗണിതത്തിനു കൊമ്പുണ്ടോ എന്നൊരാള്‍ എഴുതിക്കാണുന്നു. കൊമ്പുണ്ട്! ചെറുതല്ല, വലിയ വല്ലൃ വല്ലൃ കൊമ്പ്. ഈ ലോകത്തില്‍ ഏതു വിഷയത്തേക്കാളും കൊമ്പുള്ള വിഷയമാണ് ഗണിതം. ഗണിതമില്ലാത്ത ലോകത്തില്‍ ഒരു വിഷയത്തിനും അസ്തിത്വമില്ല. ഇതുപോലുള്ള മറ്റേതെങ്കിലും വിഷയമുണ്ടോയെന്ന് ചൂണ്ടിക്കാണിക്കാന്‍ ഞാന്‍ ആ അനോണിമസിനെ വെല്ലുവിളിക്കുന്നു." ആത്മാര്‍ഥമായ ഗണിതസ്നേഹത്തിന്റെ ആള്‍രൂപമായ അദ്ദേഹത്തിന്റെ വെല്ലുവിളിക്കുമുമ്പില്‍ ഒന്നു പ്രതിരോധിക്കാന്‍ പോലും നില്‍ക്കാതെ, ആ അനോണിമസ് സുഹൃത്ത് പോയ വഴി പുല്ലുപോലും മുളച്ചില്ല.

ഈയാഴ്ച ഈ വിഷയം തെരഞ്ഞെടുക്കാനുള്ള പ്രധാന കാരണം, കഴിഞ്ഞദിവസം അദ്ദേഹം നമുക്കയച്ചുതന്ന പരിഭവം നിറഞ്ഞ ഒരു മെയിലാണ്. ഗൌരവതരമായ ഒരു വിഷയം, ഇതു വരേ, ഗണിതബ്ലോഗിന്റെ ശ്രദ്ധയില്‍ പെടാഞ്ഞതെന്തേയെന്നദ്ദേഹം ആശ്ചര്യപ്പെടുന്നു. വിഷയമിതാണ്. അടുത്തവര്‍ഷം മുതല്‍ വിദ്യാഭ്യാസവകുപ്പ് നാലുവിഷയങ്ങള്‍ക്ക് പുതിയ സ്കോളര്‍ഷിപ്പ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നു. വളരെ സ്വാഗതാര്‍ഹമായ ഈ വാര്‍ത്തയില്‍ ഇത്ര ഗൌരവപ്പെടാനെന്തുണ്ടെന്നായിരിക്കും നിങ്ങള്‍ ചിന്തിക്കുന്നത്, അല്ലേ? പ്രസ്തുത വിഷയങ്ങളേതൊക്കെയെന്നുകൂടി കേട്ടോളൂ.., സാമൂഹ്യശാസ്ത്രം, സാഹിത്യം, സംഗീതം-കല, കായികം. കഴിഞ്ഞു, ഗണിതമില്ല! ഫെബ്രുവരി 15ന് ഈ വാര്‍ത്ത പുറത്തുവന്ന് ഇത്രനാള്‍ കഴിഞ്ഞിട്ടും ഗണിതസ്നേഹികളുടെ, പ്രത്യേകിച്ച് ഗണിതബ്ലോഗിന്റെ യാതൊരു പ്രതിഷേധവും ഇക്കാര്യത്തിലില്ലാഞ്ഞതാണ് അദ്ദേഹത്തിന്റെ ന്യായമായ പരിഭവത്തിനു നിദാനം. പരിഭവം പറഞ്ഞ് വെറുതേയിരിക്കുകയായിരുന്നില്ല, ഇദ്ദേഹം. തല്‍സംബന്ധമായി, ബഹു. വിദ്യാഭ്യാസ മന്ത്രിക്ക് കത്തെഴുതുകയും പത്രക്കോളത്തിലെ പ്രതികരണപേജുകളില്‍ പ്രതികരിക്കുക കൂടി ചെയ്തു.

അല്ലെങ്കിലും ബഹുമാനിക്കേണ്ട വിഷയങ്ങളേയും, വ്യക്തികളേയും പരിഗണിക്കുന്ന കാര്യത്തില്‍ തികഞ്ഞ അലംഭാവമാണ് നാം കാണിക്കാറുള്ളത്. നമ്മുടെ പള്ളിയറ മാഷിന്റെ കാര്യം തന്നെയെടുക്കാം. ഈ ലേഖകന്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ ആദ്യമായി കിട്ടിയ "കണക്കിന്റെ കളികള്‍" എന്ന സമ്മാന പുസ്തകവും മുപ്പതു കൊല്ലം പഴക്കമുള്ള അതിന്റെ മുഷിഞ്ഞ പുറംതാളിലെ പള്ളിയറ ശ്രീധരന്‍ എന്ന ഗ്രന്ഥകാരന്റെ പേരും ഇന്നും ഇടയ്ക്കിടെ എടുത്തു നോക്കാറുണ്ട്. ഇതുപോലെ, എത്രയെത്ര മരമണ്ടൂസന്മാരെയായിരിക്കും, ഇദ്ദേഹം ക​ണക്കിന്റെ അത്ഭുത ലോകത്തേക്ക് ആനയിച്ചിട്ടുണ്ടാവുക? കണ്ണൂര്‍ ജില്ലയിലെ, വാരം സ്വദേശിയായ ഈ അറുപതുകാരന് നാം, അര്‍ഹിക്കുന്ന അംഗീകാരം നല്‍കിയിട്ടുണ്ടോ? കഥകള്‍, കവിതകള്‍, ജാലവിദ്യകള്‍ എന്നിവയിലൂടെ ഗണിതശാസ്ത്രരഹസ്യങ്ങള്‍ കുട്ടികളിലേക്കെത്തിക്കാനായി നൂറോളം പുസ്തകങ്ങളിലൂടെ അക്ഷീണം പ്രയത്നിക്കുന്ന ഇദ്ദേഹം ആറുവര്‍ഷത്തെ അധ്യാപന ജീവിതം ബാക്കി നില്‍ക്കെ, സര്‍വ്വീസില്‍ നിന്ന് സ്വമേധയാ വിരമിച്ചതിനു പിന്നില്‍, മറ്റേതെങ്കിലും സ്വാര്‍ഥലക്ഷ്യങ്ങളായിരുന്നില്ല. അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക.

"ഇന്ത്യന്‍ ഭാഷകളില്‍ മാത്​സില്‍ ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ രചിച്ചത് ഞാനാണ്. കേരളത്തിന്റെ ഗണിതപഠന നിലവാരം ദേശീയ ശരാശരിയേക്കാള്‍ പിന്നിലാണെന്ന് NCERT പഠനറിപ്പോര്‍ട്ട് വന്നിട്ടുണ്ട്. എന്റെ ഒരു പുസ്തകമോ ലേഖനം പോലുമോ ഇതുവരെ കുട്ടികള്‍ക്കു പഠിക്കാന്‍ സെലക്ട് ചെയ്തിട്ടില്ല. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വര്‍ഷം DSMA സെക്രട്ടറി ആയത് റിട്ടയര്‍ ചെയ്യുമ്പോള്‍ ഞാനായിരുന്നു. ഒരിക്കല്‍ സ്റ്റേറ്റ് സെക്രട്ടറിയുമായി. കേരളത്തില്‍ ഉടനീളം അദ്ധ്യാപകര്‍ക്ക് നിരവധി ഇന്‍ സര്‍വ്വീസ് കോഴ്സുകള്‍ നടത്തിയിട്ടുണ്ട്. പക്ഷെ റിട്ടയര്‍ ചെയ്ത ശേഷം 10 വര്‍ഷമായിട്ടും ഒരു മാത്​സ് ഫെയറിനോ ഒരു മാത്​സ് പ്രോഗ്രാമിനോ ഇതുവരെ എന്നെ ക്ഷണിച്ചിട്ടില്ല. കണക്കു മാഷുമ്മാര്‍ക്ക് എന്നെ അറിയില്ല എന്നാണോ ഞാന്‍ മനസ്സിലാക്കേണ്ടത്? കണക്കിന് ജീവിതത്തിലുള്ള പ്രാധാന്യം ഞാന്‍ വിശദീകരിക്കേണ്ടതില്ല. ആ വിഷയത്തില്‍ മലയാളത്തില്‍ മാത്രമല്ല, ഇന്‍ഡ്യന്‍ ഭാഷകളില്‍ തന്നെ, ഏറ്റവും കൂടുതല്‍ പുസ്തകമെഴുതിയ ആളിനോടാണ് ഈ അവഗണന! കണക്കിനു വേണ്ടി ജോലി രാജി വെച്ചതില്‍ ഞാന്‍ അങ്ങയേറ്റം ഖേദിക്കുന്നു. സാമ്പത്തിക പ്രയാസം വളരെ വലുതാണ്. പുസ്തകങ്ങള്‍ അച്ചടിച്ച് ലക്ഷങ്ങള്‍ തുലച്ചു. പെന്‍ഷന്‍ ഒരു യു.പി.എസ്.എക്കാരന്റേതാണ്. മലയാളത്തില്‍ ഒരു അഞ്ചു കഥയെഴുതിയാല്‍ മഹാസാഹിത്യകാരന്‍. കഥാപുസ്തകത്തെക്കാള്‍, നോവലിനെക്കാള്‍, കവിതാപുസ്തകത്തെക്കാള്‍ മോശമാണോ, ഒരു കണക്കു പുസ്തകം? "
എസ്.എസ്.എ. ഫണ്ടുപയോഗിച്ച് സ്കൂളുകളിലേക്കും മറ്റും വാങ്ങിക്കൂട്ടുന്ന ആയിരക്കണക്കിനു പുസ്തകങ്ങളില്‍ ഒന്നു പോലും ഈ മനുഷ്യന്റേതായിട്ടില്ലായെന്നുകൂടി അറിയുമ്പോഴാണ് നാം ഈ അവഗണനയുടെ മുഴുവന്‍ പൊരുളും മനസ്സിലാക്കുന്നത്.

ഗണിതത്തോടുള്ള അവഗണനയെപ്പറ്റി പറഞ്ഞുവന്നപ്പോള്‍ മാഷിന്റെ കാര്യം കൂടി ഓര്‍ത്തുപോയെന്നേയുള്ളൂ. സ്വകാര്യമായ ഒരു കത്തിലെ പൊള്ളുന്ന ഈ യാഥാര്‍ഥ്യങ്ങള്‍ പരസ്യപ്പടുത്തിയതിന് അദ്ദേഹം ചിലപ്പോള്‍ വഴക്കുപറഞ്ഞേക്കാം. എങ്കിലും, ഇതൊക്കെ ഭൂരിഭാഗം അധ്യാപകരായുള്ള നമ്മുടെ വായനക്കാര്‍ അറിയുകയും പ്രതികരിക്കുകയും വേണ്ടത് അവശ്യമാണെന്നു തോന്നിയതിനാല്‍ മാത്രം പ്രസിദ്ധീകരിക്കുന്നു. കമന്റുകളിലൂടെ പ്രതിഷേധങ്ങള്‍ ആഞ്ഞടിക്കട്ടെ.


Read More | തുടര്‍ന്നു വായിക്കുക

ഹയര്‍സെക്കന്ററിയില്‍ എന്താ, സ്വാതന്ത്ര്യം വേണ്ടേ..?

>> Sunday, February 21, 2010

കഴിഞ്ഞ ഞായറാഴ്ചയിലെ സംവാദ വിഷയത്തിന് (സ്പാര്‍ക്ക്), ധാരാളം പ്രതികരണങ്ങള്‍ ലഭിക്കുകയുണ്ടായി. ന്യൂ ഇന്ഡ്യന്‍ എക്സ്പ്രസ്സില്‍, ഇതിനോടനുബന്ധിച്ചുവന്ന വാര്‍ത്തയും, പ്രിന്‍സിപ്പല്‍ ഐടി സെക്രട്ടറിയുടെ ഇതിനോടെന്നപോലെയുള്ള പ്രതികരണവും ഞങ്ങള്‍ക്ക് ഏറെ വിലപ്പെട്ടതായി. സ്വതന്ത്ര സോഫ്റ്റ്​വെയറുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാന വിഷയമാകട്ടെ ഇന്നത്തെ സംവാദ വിഷയം.
നമ്മുടെ ബ്ലോഗ് ടീം മെന്വറായ ശ്രീനാഥ് സാര്‍ സ്വതന്ത്രസോഫ്റ്റ് വെയറിന്റെ പ്രചാരകനാണ്.ലിനക്സ് സംബന്ധിച്ചുള്ള പോസ്റ്റുകളില്‍ കമന്റുബോക്സിലെ ബ്ലോഗിന്റെ ഔദ്ദ്യോഗിക സാന്നിധ്യമായിരിക്കും അദ്ദേഹം. ശ്രീനാഥ് ഒരു പ്രധാന വിഷയം ഈയാഴ്ച സംവാദത്തിനായി നല്‍കുന്നു......
കേരളത്തില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രചരിപ്പിക്കുന്നതില്‍ ഐറ്റി@സ്കൂള്‍ പദ്ധതി വഹിച്ചിട്ടുള്ള പങ്ക് വളരെ വലുതാണ്‌. വളര്‍ന്നു വരുന്ന പുതുതലമുറ കമ്പ്യൂട്ടര്‍ പഠിക്കുന്നതിനോടൊപ്പം തന്റെ അറിവ് മറ്റുള്ളവര്‍ക്കും കൂടി പകര്‍ന്നു നല്‍കണമെന്ന സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആശയം പ്രാവര്‍ത്തികമാക്കുക്കയും ചെയ്യുന്നു. ഐ.റ്റി. മേഖലയില്‍ ജോലി സമ്പാദിക്കാനുള്ളവര്‍ക്ക് വേണ്ടി മാത്രമല്ല സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്നത്. മറിച്ച് സമൂഹത്തിന്റെ എല്ലാ മേഖലയിലും അതിന്റെ ആശയം എത്തിക്കുക്ക എന്നതിന് വേണ്ടി കൂടിയാണ്. എന്നാല്‍ സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റമായ ഗ്നു/ലിനക്സിന്റെ അടിസ്ഥാന കാര്യങ്ങള്‍ പഠിച്ച ഒരു വിദ്യാര്‍ഥി പത്താം ക്ലാസ്സ്‌ കഴിഞ്ഞാല്‍ വീണ്ടും സ്വര്‍ണകൂട്ടില്‍ തളയ്ക്കപെടുന്നു. എന്താണിതിനു കാരണം?

ഇന്ന് ലോകംമുഴുവന്‍ പ്രശംസിക്കപ്പെടുന്ന ഒരു വിദ്യാഭ്യാസസംസ്ക്കാരത്തിന്റെ വക്താക്കളാണ് നാം.ഹൈസ്ക്കള്‍ തലത്തിലെത്തുന്വോഴേക്കും കുട്ടി ആര്‍ജ്ജിക്കുന്ന ശേഷികള്‍ ,രൂപപ്പെടുന്ന മികവുകള്‍ ഇവയെല്ലാം വിലമതിക്കാനാവാത്തതാണ്.സ്വതന്ത്രസോഫറ്റ് വെയര്‍ അറിഞ്ഞോ ,അറിയാതെയോ ഒരു സംസ്ക്കാരമായി കുട്ടിയില്‍ വളര്‍ന്നുതുടങ്ങിയിരിക്കും.അതിന്റെ ഫലവത്തായ വികാസം പതിനൊന്നാം ക്ളാസില്‍ നടക്കുന്നുണ്ടോ?
പ്ലസ്‌ടുവിന് പഠിക്കുന്ന ഒരു കുട്ടിക്ക് തന്റെ പഠനം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ലളിതമാക്കുന്നതിനോടൊപ്പം താന്‍ നേടിയ മഹത്തായ അറിവ് മനസ്സില്‍ ഉറപ്പിക്കുന്നതിനുമുള്ള ഒരു സാഹചര്യം ഇപ്പോഴില്ല. പടിവരെ വെള്ളം കോരിയിട്ടു കലമുടയ്ക്കുന്ന ഈ രീതി മാറേണ്ടതല്ലേ?

ഇതാണ് ഇന്നത്തെ സംവാദത്തിനുള്ള വിഷയം. എല്ലാവരും തങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ രേഖപെടുത്തുക.


Read More | തുടര്‍ന്നു വായിക്കുക

മലയാളം പറഞ്ഞാല്‍ ഫൈന്‍ !

>> Sunday, January 10, 2010


തൃശൂര്‍ ജില്ലയിലെ, മാളയിലുള്ള ഒരു ഇംഗ്ലീഷ് മീഡിയം സ്കൂള്‍ കോമ്പൌണ്ടില്‍ മലയാളം സംസാരിച്ചതിന് , സ്കൂള്‍ അധികൃതര്‍ പത്തുകുട്ടികളെ സസ്പെന്റുചെയ്യുകയും 1000 രൂപാവീതം പിഴയീടാക്കുകയും ചെയ്തതായി വന്ന പത്രവാര്‍ത്ത വായിച്ചിരുന്നോ? ഒരു വര്‍ഷത്തില്‍ ഓരോ ക്ലാസ്സിലും 200ല്‍ അധികം പരീക്ഷകള്‍ നടത്തി ഗിന്നസ് ബുക്കിലേക്ക് കയറാന്‍ ശ്രമിക്കുകയാണെന്ന് പത്രസമ്മേളനത്തിലൂടെ സാഭിമാനം പ്രഖ്യാപിച്ച അതേ സ്കൂള്‍ തന്നെ! ഈ സംഭവം വിവാദമായപ്പോള്‍, മാനേജര്‍ വീണ്ടും വിളിച്ചൂ,ഒരു പത്രസമ്മേളനം. ശരിയായ ഇംഗ്ലീഷ് സംസ്ക്കാരം വളര്‍ത്തിയെടുക്കല്‍ സ്കൂളിന്റെ പ്രഖ്യാപിത ലക്ഷ്യമാണെന്നും, അതിനനുസരിച്ചുള്ള ഇത്തരം നടപടികള്‍ക്ക് രക്ഷിതാക്കളുടെ പരിപൂര്‍ണ്ണ പിന്തുണയുണ്ടെന്നും അദ്ദേഹം ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു. അതോടെ വിവാദവും അവസാനിച്ചു. പക്ഷെ ഇതേപ്പറ്റി രണ്ടു തരം അഭിപ്രായങ്ങളാണ് ഉയര്‍ന്നു വന്നത്. അവ എന്താണെന്നല്ലേ?

മാതൃഭാഷയെ ഇത്രയും നീചമായി കാണുന്ന വര്‍ഗ്ഗം മലയാളികള്‍ മാത്രമാണെന്നും, ഇത്തരക്കാരെ നിലയ്ക്കുനിര്‍ത്തേണ്ട കാലം അതിക്രമിച്ചെന്നുമാണ് ഈ വിഷയം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഒരാള്‍ പ്രതികരിച്ചത്. എന്നാല്‍, 'ഫ്ലുവെന്റായി' ഇംഗ്ലീഷ് സംസാരിക്കാന്‍, അതിന്റേതായ 'ഒരറ്റ്മോസ്ഫിയര്‍' അനിവാര്യമാണെന്നും, അതിനാല്‍ സ്കൂളിന്റെ നടപടിയില്‍ തെറ്റൊന്നുമില്ലെന്നുമാണ് മറ്റൊരു സുഹൃത്തിന്റെ അഭിപ്രായം.

പണ്ട് ഇതുപോലെ തന്നെ ഏതോ ഒരു ഇംഗ്ലീഷ് മീഡിയം സ്ക്കൂളില്‍ മലയാളം പറഞ്ഞതിന് കുട്ടികളുടെ തല മൊട്ടയടിച്ച സംഭവം നിങ്ങളോര്‍മ്മിക്കുന്നുണ്ടാകുമല്ലോ. അന്ന് കേരളമൊട്ടാകെ അതിന്റെ അലയൊലികളുയര്‍ന്നു. പ്രതിഷേധപ്രകടനങ്ങളും പോസ്റ്ററുകളുമായി സാംസ്ക്കാരിക കേരളം വൈകാരികരോഷം പൂണ്ടു. അവരുടെ ചോദ്യം മറ്റൊന്നുമായിരുന്നില്ല. കേരളത്തിന്റെ അയല്‍ സംസ്ഥാനങ്ങളെല്ലാം തങ്ങളുടെ ഭാഷയ്ക്ക് മുന്‍തൂക്കം കൊടുക്കുമ്പോള്‍ മലയാളി ആംഗലേയ നാടിനെ അതേപടി അനുകരിക്കാനുള്ള ശ്രമത്തിലാണോ? ഇവിടെ ഒരു സ്ക്കൂള്‍ ഭാഷയുടെ കാര്യത്തിലെങ്കിലും ഒരു ആംഗലേയാന്തരീക്ഷം സൃഷ്ടിക്കുന്നതിനു ശ്രമിച്ചാല്‍ മാനേജ് മെന്റിനെയോ അധ്യാപകരേയോ തെറ്റു പറയാനൊക്കുമോ? പ്രിയപ്പെട്ട വായനക്കാരേ, നിങ്ങള്‍ എന്തു പറയുന്നു?


Read More | തുടര്‍ന്നു വായിക്കുക

വെളിച്ചം കെട്ടുപോകുന്ന അലൂമിനിയം ടോര്‍ച്ചുകള്‍..!

>> Sunday, January 3, 2010


പഠിക്കുക, അറിവുനേടുക....ശ്രേഷ്ഠമായ, പവിത്രമായ ഒരു കര്‍മ്മം. പഠിച്ചവര്‍ പണ്ഡിതരാണ്. സമൂഹത്തില്‍ അവര്‍ക്ക് മാന്യമായ സ്ഥാനമാണുള്ളത്. 'കുട്ടികളേ നിങ്ങളുടെ ആദ്യ കടമ പഠിക്കുക എന്നതാണ്. രണ്ടാമത്തെ കടമ പഠിക്കുക എന്നും. മൂന്നാമത്തേതാകട്ടെ, പഠിക്കലാണ്...' എന്നത് മഹദ്​വചനങ്ങള്‍. ഇതൊക്കെ പണ്ടത്തെ കഥ. കഴിഞ്ഞ പത്തിരുപത് വര്‍ഷമായി നാം കാണുന്നതെന്താണ്? അനുഭവിക്കുന്നതെന്താണ്? നാം ഏറ്റവും അസഹിഷ്ണുതയോടെ നോക്കുന്നത് അവരെയാണ് - വിദ്യാര്‍ഥികളെ!ബസ്​സ്റ്റോപ്പുകളിലും ബസ്​സ്റ്റാന്റുകളിലും നമുക്കവര്‍ 'ശല്യക്കാരാ'ണ്. നമ്മുടെ സൗകര്യങ്ങള്‍ തട്ടിയെടുക്കാന്‍ വന്നവര്‍. ബസുകളില്‍ അവരോട് നികൃഷ്ടജീവികളോടെന്നപോലെ പെരുമാറ്റം. ബസില്‍ കയറാന്‍ അവകാശമില്ലാത്തവര്‍....കയറിയാല്‍ ഇരിക്കാന്‍ അവകാശമില്ലാത്തവര്‍....ബസ് ജീവനക്കാരുടേയും യാത്രക്കാരുടേയും പരിഹാസങ്ങളും ശകാരങ്ങളും കേള്‍ക്കാന്‍ വിധിക്കപ്പെട്ടവര്‍....കള്ളനും കൊലപാതകിയും വ്യഭിചാരിയും പോലും ബസില്‍ മാന്യന്മാരായി ഇരുന്നു പോകുമ്പോള്‍, പഠിക്കാന്‍ പോകുന്നു എന്നതുകൊണ്ടുമാത്രം ഈ കുട്ടികള്‍ മണിക്കൂറുകളോളം കാത്തുനിന്ന് എല്ലാ ശകാരങ്ങളും ഏറ്റുവാങ്ങി മൂലയില്‍ പതുങ്ങിനിന്ന് യാത്ര ചെയ്യുന്നു. പഠിക്കുക എന്നത് ഇത്ര വൃത്തികെട്ട പ്രവൃത്തിയാണോ? അവരോട് ഇത്ര നീചമായാണോ പെരുമാറേണ്ടത്? നമ്മുടെ മനോഭാവം മാറേണ്ട കാലം അതിക്രമിച്ചില്ലേ?
ഈ ചോദ്യങ്ങള്‍ കോഴിക്കോട് ജില്ലയിലെ, ആവളയിലുള്ള ശ്രീ. കെ.എസ്. ഉണ്ണികൃഷ്ണന്റെ ലേഖനത്തിലേതാണ്. കൂട്ടിവായിക്കാന്‍ അദ്ദേഹം ഉദ്ധരിക്കുന്ന രണ്ടു സംഭവങ്ങള്‍ കൂടി കേട്ടോളൂ...!

ഒന്ന്
ഇക്കഴിഞ്ഞ നവംബര്‍ മാസത്തിലെ ഒരു വൈകുന്നേരം. സ്ഥലം കോഴിക്കോട് നഗരത്തിലെ ഒരു സ്വകാര്യ ബസ്​സ്റ്റാന്റ്. സമയം ആറുമണിയോടടുക്കുന്നു. യാത്രക്കാരെ കയറ്റാന്‍ ട്രാക്കില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബസുകളുടെ തുറന്നിട്ട മുന്‍വാതിലിനുമുന്നില്‍ തങ്ങളുടെ ഊഴവും കാത്ത് കൂട്ടംകൂടി നില്‍ക്കുന്ന വിദ്യാര്‍ഥിനികള്‍. ഡ്രൈവര്‍ ബസ് സ്റ്റാര്‍ട്ട് ചെയ്ത് തോര്‍ത്തുമുണ്ടുകൊണ്ട് സ്റ്റിയറിങ് തുടച്ച് മുന്നിലെ കണ്ണാടിയില്‍ കാതോര്‍ക്കുകയാണ്, പുറകിലെ 'കിളി'യുടെ ഇരട്ടബെല്ലിന്. സീറ്റുനിറയെ 'ടിക്കറ്റുകളാ'യിട്ടും 'പോകുമ്പോള്‍ കയറാമെന്നാണ്' കിളിയുടെ വിദ്യാര്‍ഥിനികളോടുള്ള പല്ലവി. എന്‍ജിന്‍ ഇരമ്പിച്ച് നില്‍ക്കുന്ന ഡ്രൈവര്‍, ബെല്ലടികേട്ടതും ബസും കൊണ്ടൊരൊറ്റപാച്ചിലാണ്. പെണ്‍കുട്ടികള്‍ ഇത്തിരിദൂരം ബസിനുപുറകേ പാഞ്ഞ് നിരാശരായി വാച്ചിലും ആകാശത്തേക്കും മാറി മാറി നോക്കി, നേരം വൈകിക്കൊണ്ടിരിക്കുന്നതിന്റെ വിഹ്വലതകള്‍ കടിച്ചമര്‍ത്തി, അപമാനിതരായി അടുത്ത ബസിലൂഴം തേടുന്നു.
ഡ്രൈവര്‍ക്കു പിറകിലുള്ള സീറ്റിലിരിക്കുകയാണ് ഒരു വിദ്യാര്‍ഥിനി. സ്ഥിരമായി ഊഴം കാത്തുനിന്ന് ബസ് പോകുന്നതിനിടയില്‍ സര്‍ക്കസുകളിച്ച് കയറുന്ന ഈ കുട്ടി സീറ്റിലിരിക്കുന്നതു കണ്ട് കലിയിളകിയ കണ്ടക്ടര്‍ 'ഫുള്‍ചാര്‍ജ്ജ്' ടിക്കറ്റ് മുറിച്ചു കൊടുത്തു. ഐഡന്റിറ്റി കാര്‍ഡ് നീട്ടി അവള്‍ കേണു പറയുന്നുണ്ട് "എന്നും നിന്നല്ലേ പോവല്, എനിക്ക് സുഖമില്ലാത്തതുകൊണ്ടാ സീറ്റിലിരിക്കുന്നത്." "സുഖമില്ലേല് തമ്പുരാട്ടി കാറ് വിളിച്ച് പോണം". കലി മുറുകിയ കണ്ടക്ടര്‍ തെറി കലക്കിയ വാചകങ്ങള്‍ ഉരുവിട്ടു തുടങ്ങിയപ്പോഴേക്കും പെണ്‍കുട്ടി എഴുന്നേറ്റുനിന്ന് മെല്ലെ പറഞ്ഞു. "പെണ്‍കുട്ടികളാകുമ്പോള്‍ മാസാമാസം ചെല പ്രശ്നങ്ങളും അസുഖോം ഉണ്ടാവും. അതൊക്കെ മനസ്സിലാവണെങ്കില്‍ വീട്ടില്‍ പോയി ഭാര്യയോടും അമ്മയോടും ചോദിച്ചാല്‍ മതി, അവര്‍ പറഞ്ഞുതരും." ഒന്നും പറയാതെ കാര്യം മനസ്സിലായ മാതിരി അവളോട് ചാര്‍ജ്ജും വാങ്ങി കണ്ടക്ടര്‍ പ്രശ്നം വിട്ടു. പിറ്റേന്ന് ഈ പെണ്‍കുട്ടി കോളേജ് വിട്ട് സ്റ്റാന്റില്‍ കയറുമ്പോള്‍ ഡ്യൂട്ടിയിലില്ലാത്ത സ്റ്റാന്റിലെ ചില ചെറുപ്പക്കാര്‍ക്കിടയില്‍ നിന്നൊരാള്‍ ഉറക്കെ ചോദിക്കുന്നു. "മാസാമാസമുള്ള ഈ പ്രശ്നൊക്കെ ഒരു പത്തുമാസത്തേക്ക് നിര്‍ത്തിത്തരാന്‍ വിദ്യയുണ്ട്, മോള്‍ക്കു വേണോ?" ഉച്ചത്തിലുള്ള അശ്ലീലച്ചിരികള്‍ക്കിടയിലൂടെ കരഞ്ഞുകൊണ്ട് ബാഗും നെഞ്ചത്തുകൂട്ടിപ്പിടിച്ച് ആ പെണ്‍കുട്ടി ബസുകള്‍ക്കിടയിലൂടെ സ്റ്റാന്റിനകത്തേക്ക് ഓടിക്കയറി....
രണ്ട്
അങ്ക​ണവാടിയില്‍ നിന്ന് മകള്‍ തിരിച്ചുവീട്ടിലെത്താന്‍ അഞ്ചുമിനിറ്റ് വൈകിയാല്‍ ചേച്ചിയാകെ ആധിപിടിച്ച് വിയര്‍ക്കും. ഈ ചേച്ചി വിദൂര വിദ്യാഭ്യാസം വഴി എം.എ. പരീക്ഷയെഴുതുന്ന കാലത്ത് സെന്ററായി കിട്ടിയത്, വീട്ടില്‍ നിന്നും 85 കിലോമീറ്റര്‍ അകലെയുള്ള കോഴിക്കോട്ടെ ഒരു കോളേജിലായിരുന്നു. രണ്ടുമണിക്ക് തുടങ്ങുന്ന പരീക്ഷ അവസാനിച്ച് വീട്ടിലെത്തുമ്പോള്‍ എട്ടുമണി കഴിയും. ആദ്യ പരീക്ഷക്ക് പോയപ്പോള്‍ ബസിലെ ക്ലീനറോട് അച്ചച്ചന്‍ ഏല്‍പ്പിച്ചു. "ഇങ്ങള് തിരിച്ചുപോരുമ്പോള്‍ സ്റ്റാന്റീന്ന് ഇവളും കേറും, ഒന്നു ശ്രദ്ധിച്ചേക്കണേ...". ആ ഒരേല്‍പ്പിക്കല്‍ മാത്രം മതിയായിരുന്നു അന്ന് ചേച്ചിയുടെ രാത്രി യാത്രയുടെ സുരക്ഷിതത്വം ഞങ്ങള്‍ക്കുറപ്പാക്കാന്‍! ബസിറങ്ങി, സ്റ്റോപ്പില്‍ നിന്നും കാല്‍ കിലോമീറ്ററോളം ദൂരം ഞങ്ങളാരും ചേച്ചിയെ കൂട്ടിക്കൊണ്ടുവന്നിട്ടില്ല. ബസിറങ്ങുമ്പോള്‍ തൊട്ടടുത്ത പീടികയില്‍ ചായപ്പൊടിയും പഞ്ചാരയും വാങ്ങി കഥയും പറഞ്ഞിരിക്കുന്ന സൂപ്പിക്കയോ, രാഘവേട്ടനോ.....അങ്ങനെ ആരെങ്കിലും ചേച്ചിയെ ടോര്‍ച്ചടിച്ച് വീട്ടിലാക്കുമായിരുന്നു. കോണികയറി, മുറ്റത്തേക്കുള്ള എട്ടൊന്‍പതു മീറ്റര്‍ ദൂരത്തേക്ക് കോണിക്കല്‍ നിന്ന് അവര്‍ അലൂമിനി ടോര്‍ച്ച് നീട്ടിയടിക്കും. ആ വെളിച്ചത്തിലൂടെ ചേച്ചി മുറ്റത്തുകയറിയാല്‍ അമ്മമ്മ വിളിച്ചു പറയും. "ഓളിങ്ങ് എത്തീക്കേ....". അപ്പോഴേ ആ വെളിച്ചം അണയൂ.അങ്കണ്‍വാടിയില്‍ നിന്നും തിരികെയെത്തിയ കുഞ്ഞിനെ മടിയിലിരുത്തി ചോറുകൊടുക്കുന്ന ചേച്ചിയെ ഞാനീ സംഭവം ഓര്‍മ്മിപ്പിച്ച് വെപ്രാളത്തെ കളിയാക്കും. അപ്പോള്‍ ചേച്ചി ഒരമ്മയുടെ ഗൌരവത്തോടെ ചൂടാകും. "മോനേ, കാലം മാറി, നിനക്കെന്താ കഥ."
അതെ, അന്നത്തെ മിക്ക വെളിച്ചങ്ങളും കെട്ടുപോയ വഴികളിലൂടെയാണ് നമ്മുടെ പെണ്‍കുട്ടികളിന്ന് യാത്ര ചെയ്യുന്നത്. ജാഗ്രതയോടെ അവര്‍ക്ക് കാവലിരിക്കുകയും, അവരെ ജാഗരൂഗരാക്കുകയും വേണം.


Read More | തുടര്‍ന്നു വായിക്കുക

ഈ ടീച്ചര്‍മാര്‍ക്ക് എന്താ പണി?

>> Sunday, December 27, 2009

ശ്രീ. എസ്.വി.രാമനുണ്ണിമാഷിന്റെ, ഈ ബ്ലോഗിലെ ആദ്യ ലേഖനം (കൊത്താംകല്ലും ചൊട്ടയും പുള്ളും) ധാരാളം വായനക്കാര്‍ ഇഷ്ടമായെന്നറിയിച്ചിരുന്നു. അധ്യാപന രംഗത്തെ തിരക്കുകള്‍ക്കിടയിലും, ധാരാളം എഴുതാന്‍ സമയം കണ്ടെത്തുന്ന അദ്ദേഹം ഇത്തവണ വളരെ പ്രസക്തമായ ഒരു വിഷയവുമായാണ് രംഗത്തെത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈയാഴ്ചയിലെ ഞായറാഴ്ച സംവാദ വിഷയമായിത്തന്നെ ഇത് പ്രസിദ്ധീകരിക്കുകയാണ്. അധ്യാപനം വളരേയധികം ഒഴിവുസമയങ്ങള്‍ ലഭിക്കുന്ന എളുപ്പമുള്ള ഒരു ജോലിയാണെന്നാണ് പൊതുവില്‍ സമൂഹം വിശ്വസിച്ചുപോരുന്നത്. ഈ ലേഖനം വായിച്ചതിനുശേഷം തീരുമാനിക്കൂ.......അഭിപ്രായം കമന്റുചെയ്യാന്‍ മറക്കേണ്ട, അധ്യാപകരും അല്ലാത്തവരും.

ഒരിക്കല്‍ കുട്ടികളോട് വീട്ടുവിശേഷങ്ങള്‍ ചോദിക്കയായിരുന്നു. അഛനെന്താ പണി? അമ്മക്കെന്താ പണി? മിക്കവരും ഉഷാറായി ആവര്‍ത്തിച്ചു പറഞ്ഞ ഒരുത്തരം 'അമ്മക്ക് പണിയില്ല''അമ്മക്ക് പണിയില്ല'എന്നായിരുന്നു. പിന്നെ ഈ ഉത്തരത്തില്‍ ഊന്നി ചര്‍ച്ച മുന്നോട്ടുപോയി. അമ്മക്കെന്താ പണി? രാവിലെ മുതല്‍ രാത്രിവരെ? വീട്ടുപണി മാത്രമേ ഉള്ളൂ. അതും എന്നും ഒരേ പണി. കൂലി ഒന്നും ഇല്ല……ജോലിയുള്ള അമ്മമാര്‍ക്കോ? വീട്ടുപണിയും ഓഫീസ് പണിയും..ഇരട്ടി പ്പണി….സംഗതി കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ടു. ഇനി മുതല്‍,അമ്മക്കെന്താ പണിയെന്നു ചോദിച്ചാല്‍ എന്തുത്തരം പറയണമെന്നു മനസ്സിലായി. ചര്‍ച്ചയില്‍ ആദ്യം പങ്കെടുത്ത കുട്ടികളുടെ ഉത്തരം ഇന്ന് അധ്യാപകര്‍ക്കെന്താ പണിയെന്നു ചോദിക്കുന്നവരുടെ ഉള്ളില്‍ ഉണ്ടാവുമോ?

സാധാരണഗതിയില്‍,ഒരു മാസം (ഉദാ: ഇക്കഴിഞ്ഞ നവംബര്‍) 20 ദിവസം സ്കൂള്‍ ഉണ്ടായിരിക്കും. ഇതു ചിലപ്പോള്‍ 21-22 വരെ ആകും. ശരാശരി 9 ദിവസം അവധി. മറ്റു സര്‍ക്കാര്‍ ഓഫീസ് ജീവനക്കാര്‍ക്ക് ഇതു 6-7 ദിവസം മാത്രവും. ഈ 20 ദിവസങ്ങളില്‍ (നവംബര്‍) നടന്ന പ്രധാന പണി പാഠങ്ങള്‍ പഠിപ്പിക്കല്‍ തന്നെ. അതോടൊപ്പം 2 ദിവസം (വെള്ളി-ശനി)ക്ലസ്റ്റര്‍ മീറ്റിംഗുകള്‍ . അവിടെ റ്റീച്ചിങ്ങ് മാന്വല്‍, സവിശേഷപ്രവര്‍ത്തനങ്ങളിലെ അനുഭവങ്ങള്‍, അടുത്ത മാസത്തെ പ്ലാനിങ്ങ് എന്നിവയായിരിക്കുമെന്നു നേരത്തെ അറിയാം.ഒരു മണിക്കൂറെങ്കിലും നേരത്തെ തയ്യാറായി ചെന്നില്ലെങ്കില്‍ ക്ലസ്റ്ററില്‍ മാനം പോകും. ആരും ഒന്നും പറയില്ല; എല്ലാരും മനസ്സിലാക്കും എന്നു മാത്രം.എന്താ ടീച്ചറേ ഒന്നും ഇല്ലേ….എന്നു എല്ലാരും നിശബ്ദമായി ചോദിക്കും….

സ്കൂളില്‍ രാവിലെ എന്നും കുട്ടികളുടെ അറ്റന്‍ഡന്‍സ്, ലീവ് അന്വേഷണം, ലഹളതീര്‍ക്കല്‍….അങ്ങനെ കുറെ സംഗതികള്‍ ഉണ്ട്.അതിന്റെ കൂടെ ഫീസുപിരിവുകള്‍. നവംബറിലെ റ്റ്യൂഷന്‍ ഫീസ്, കലോത്സവം-കായികോത്സവം പിരിവുകള്‍, അതിന്റെ കണക്കുകള്‍-ലിസ്റ്റ്, മാസാമാസം കമ്പ്യൂട്ടര്‍ പിരിവ് (ഫീസ് പാടില്ല) കണക്ക്, ബസ്സ് ടിക്കറ്റ് പിരിവ്- തന്ന കുട്ടികള്‍ / തരാത്തകുട്ടികള്‍- നിര്‍ബന്ധങ്ങള്‍, അങ്ങനെ കുറെ പിരിവും കണക്കു തയ്യാറാക്കലും. ഇനി മറ്റൊരു സംഭവം ധനസഹായങ്ങളായിരുന്നു. മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ധനസഹായം, പിന്നോക്കക്കാര്‍ക്ക് ധനസഹായം….അങ്ങനെ. പണം കൊടുക്കലും മറ്റും ഓഫീസ് ചെയ്യും. പക്ഷെ ലിസ്റ്റ് തയ്യാറാക്കല്‍, കിട്ടാത്തവര്‍ക്ക് അപേക്ഷകൊടുപ്പിക്കല്‍, രക്ഷിതാക്കളെ എത്തിക്കല്‍....ഒക്കെ അധ്യാപകര്‍ ചെയ്യണം.

ഇതിനിടയ്ക്ക് എസ്.സി./ എസ്.ടി ലിസ്റ്റ് ഓഫീസ് ആവശ്യപ്പെടും. അതു ജൂണിലേ കൊടുത്തതാണ്. മുകളിലേക്ക് ഓഫീസില്‍ നിന്നും അയച്ചതും ഉറപ്പ്. പക്ഷെ, അത് അവിടെ കാണാനില്ല. വീണ്ടും വേണം. ഇന്നു വേണം. ഇപ്പോള്‍ വേണം.അതിന്റെ കൂടെ അന്നു തന്നെ ഒ.ബി.സി.ക്കാരായ പെണ്‍കുട്ടികളുടെ ലിസ്റ്റ് അടിയന്തിരം. ഇപ്പോള്‍ വേണം. അവരെക്കൊണ്ട് ബാങ്കില്‍ അക്കൌണ്ട് തുറപ്പിക്കണം. അപേക്ഷ പൂരിപ്പിക്കണം. രണ്ടു ഫോട്ടോ..രക്ഷിതാവിന്റെ ഒപ്പ്…(140 ലധികം അപേക്ഷ..അക്കൌണ്ട്…ഇവര്‍ക്ക് സ്കോളര്‍ഷിപ്പ് പാസായി വന്നു.ഹെഡ്മാസ്റ്റര്‍മാര്‍ ഡി.ഇ.ഒ ഓഫീസില്‍ നേരിട്ട് വന്നു പണം കൈപ്പറ്റണം…ഇന്നു തന്നെ….ഇപ്പോള്‍ തന്നെ.ഹെഡ്​മാഷ് പോയി. 1000രൂപ കൈപ്പറ്റി.ഒരു കുട്ടിക്കേ പാസായിട്ടുള്ളൂ.അതേതാകുട്ടീന്ന് അറിയില്ല…ലിസ്റ്റ് മെയില്‍ ചെയ്യും..ഇ.മെയില്‍ നോക്കിയാല്‍ മതി. പിന്നെ മൂന്നു ദിവസം വേണ്ടിവന്നു ഹെഡ്​മാഷിന്റെ രക്തസമ്മര്‍ദം ക്രമപ്പെടാന്‍! )

ഒക്ടോബറിലെ പരീക്ഷ. പരീക്ഷയില്‍ ഓരോ കുട്ടിക്കും കിട്ടിയ മാക്ക് /ഗ്രേഡ് ലിസ്റ്റ് ഇപ്പോള്‍ വേണം.ജനറല്‍ കുട്ടികള്‍/ഒ.ബി.സി/എസ്.സി.എസ്.ടി വിഭാഗം/ആണ്‍-പെണ്‍/എല്ലാ വിഭാഗത്തിലേയും ഗ്രേഡുകളുടെ ലിസ്റ്റ് പ്രത്യേകം പ്രത്യേകം വേണം. (എന്തിനാ? എവിടെയെന്നറിയാതെ ഒരു മുക്കില്‍ കൂട്ടിയിടാന്‍!).താഴ്ന്ന ഗ്രേഡുകാരുടെ കമ്പ്ളീറ്റ് ലിസ്റ്റ്.അവര്‍ക്ക് പ്രത്യേക കോച്ചിങ്ങ് സംവിധാനം ആലോചിക്കണം. അതിന്നു മീറ്റിങ്ങുകള്‍. ഡി.ഇ.ഓ/എ.ഇ.ഓ/ബി.ആര്‍.സി…തലങ്ങളിലൊക്കെ പരിപാടി. ‘പഠനവീടുകള്‍’ ഉടന്‍ തുടങ്ങണം.ഒരു സ്ക്കൂളിന്നാകെ 5000രൂപ (പിന്നെയേ കിട്ടൂ…കിട്ടും..(???)).പഠനവീടുകള്‍ തുടങ്ങാന്‍ പി.ടി.എ.കേന്ദ്രങ്ങളില്‍ സന്ദര്‍ശനം. ഉത്ഘാടനം വേണം.പഞ്ചായത്ത് മെംബറെ ക്ഷണിക്കണം…വാര്‍ത്ത കൊടുക്കണം. ഇതിനൊക്കെ രണ്ടു ദിവസത്തെ ട്രെയിനിങ്ങ് ബി.ആര്‍ .സി.യില്‍. ഒന്‍പതാം തീയതി മന്തുരോഗനിവാരണ തീവ്രയത്ന പരിപാടി. 14നു മന്തു ഗുളിക വിതരണം. അസംബ്ലിയില്‍ വിശദാംശങ്ങള്‍ പറയണം. ഗുളിക കുട്ടികള്‍ക്ക് നല്‍കി കഴിപ്പിക്കണം. മാതൃകയായി മാഷ് കഴിച്ചു കാണിക്കണം. വെള്ളം കുടിക്കണം.പേടിച്ചോടിയ കുട്ടികളെ ആട്ടിപ്പിടിക്കണം…കരച്ചില്‍ നിര്‍ത്താന്‍ ആശ്വസിപ്പിക്കണം…സംഗതി പറഞ്ഞു ബോധ്യപ്പെടുത്തണം.പ്രത്യേകം തയ്യാറാക്കിയ സി.ഡി.കാണിച്ചു കൊടുക്കണം. കണ്ടു ബോധം കെട്ട കുട്ടികളെ ആശ്വസിപ്പിക്കണം (ബോധം കെട്ടില്ലെങ്കിലേ അത്ഭുതമുള്ളൂ…സി.ഡി.കണ്ടില്ലേ?!).

റോഡ് സുരക്ഷാ പരിശീലനം…സെമിനാര്‍ വേണം.പ്രതിജ്ഞവേണം…(ഞാന്‍ ഇനി മേലീല്‍ റോഡ് മുറിച്ചു കടക്കില്ല!). പോസ്റ്റര്‍ പ്രചാരണം (ഹെല്‍മെറ്റില്ലാതെ വണ്ടി ഓടിച്ചാല്‍ തല ഓം‌ലറ്റാകും!). പത്രക്കാരുടെ വക ‘വഴിക്കണ്ണ്’ പരിപാടികള്‍. അധ്യാപകര്‍ക്ക് മുഴുദിവസ പരിശീലനങ്ങള്‍.പത്രങ്ങളില്‍ വാര്‍ത്ത. എസ്.എസ്.എ യുമായി സഹകരിച്ച് സ്കൂള്‍ വികസനത്തിന്ന് വമ്പന്‍ സെമിനാറുകള്‍. പരിപാടികള്‍…വികസനരേഖകള്‍ (തെരഞ്ഞെടുത്ത സ്കൂളുകളില്‍). രണ്ടു ദിവസം സബ്​ജില്ലാ കലോത്സവം. രണ്ടുദിവസം കായികമേള. രണ്ടു ദിവസം വിദ്യാരംഗം മേള. സ്കൌട്ട് റാലി വെള്ളി, ശനി ഞായര്‍ 3 ദിവസം. അടുത്ത സ്ക്കൂളില്‍ വെച്ച് റോഡ് സുരക്ഷാ ഉപന്യാസ മത്സരം. രണ്ട് എ.ഇ.ഓ കോണ്‍ഫറന്‍‌സ്…ഇതിനൊക്കെ ഊഴമിട്ട് 2-3 പേര്‍ പോയേ പറ്റൂ. ഇതിനിടയ്ക്ക് മാതൃഭൂമീയുടെ 'സീഡ്' പദ്ധതി വിജയിപ്പിക്കാന്‍ വേണ്ട ശ്രമങ്ങള്‍.

പെരുന്നാളിന്ന് അരി വിതരണം ഉടനെ നടത്തണം. അരി കൊണ്ടുവരണം. രക്ഷിതാക്കളെ അറിയിക്കണം. കണക്ക് സൂക്ഷിക്കണം..വാങ്ങാത്തവരുടെ ലിസ്റ്റ് വേണം. മാസത്തിലൊരിക്കല്‍ സബ്​ജക്റ്റ് കൌണ്‍സില്‍ ചേരണം. ഒരു സ്റ്റാഫ് മീറ്റിങ്ങ് ഉണ്ടാവും. ലൈബ്രറി വിതരണം നടക്കണം. വിവിധ മത്സരങ്ങള്‍ക്ക് പ്രാക്ടീസ് കൊടുക്കണം. ശാസ്ത്രമേളക്ക് മേല്‍നോട്ടം വഹിക്കണം. 4-5 റ്റീച്ചര്‍മാരുള്ള സ്കൂളിലും 45-50 റ്റീച്ചര്‍മാരുള്ള സ്കൂളിലും ഇതൊക്കെ നടക്കണം. ഇതിനിടയ്ക്ക് രണ്ടാഘട്ട പുസ്തകങ്ങള്‍ വിതരണത്തിന്ന് വന്നു.'തെളിമ' വന്നു.പുസ്തകങ്ങള്‍ വിതരണം ചെയ്ത് ലിസ്റ്റ് തയ്യാറാക്കണം. ദൈനംദിനകൃത്യങ്ങള്‍ ഇതോടൊപ്പം നോക്കണം. ഹോംവക്ക്, നോട്ടുകള്‍, സി.ഇ.പ്രവര്‍ത്തനത്തിലെ ഘട്ടങ്ങള്‍, ക്ലാസ്​ടെസ്റ്റ്, ഉത്തരക്കടലാസ് പരിശോധന (ഒരു മാര്‍ക്ക് കുറഞ്ഞാല്‍ ലഹള ഉറപ്പ്), മാര്‍ക്ക് ലിസ്റ്റുകള്‍, ഗ്രേഡ് ലിസ്റ്റുകള്‍…. ഇതിനു പുറമേ ലീവുകള്‍. യു.പി, എല്‍.പി.ടീച്ചര്‍മാര്‍ക്ക് ഒരാഴ്ച്ച 24-26 പീരിയേഡ് വര്‍ക്ക് ഉണ്ട്. അതിനു പുറമെ ലിഷര്‍ ടയിംറ്റേബിളില്‍ ദിവസം ഒരു പീരിയേഡും കിട്ടും. അതായത് 30 പീരിയേഡ് ഫുള്‍. കുട്ടികള്‍ ഓടിക്കളിച്ച് കയ്യും കാലും കേടാക്കിയാല്‍ ആശുപത്രിയിലേക്ക് ഓടണം. രക്ഷിതാക്കളുടെ പരാതികള്‍ സ്വീകരിച്ച് പരിഹാരം കാണണം..................

........... ചുരുക്കുകയാണ്. മേല്‍പ്പറഞ്ഞ ഒന്നും ഒഴിവാക്കാനാവില്ല. സ്കൂളിന്റെ സല്‍പ്പേര് നിലനിര്‍ത്തിയില്ലെങ്കില്‍ അടുത്തവര്‍ഷം പോസ്റ്റ് പോകും. പരിശോധനകളില്‍ നാണം കെടും. ആരെന്തു തോന്നിയവാസം ചെയ്താലും അധ്യാപിക മറുത്ത് പറയരുത്. "എന്തൊക്കെയായാലും അതു നന്നായില്ല; നിങ്ങളൊരു മാഷല്ലേ?/ ടീച്ചറല്ലേ?" ഹോ! എന്തൊരു ബഹുമാനം! അതേയതേ, റ്റീച്ചര്‍മാര്‍ക്കെന്താ പണി?

വാല്‍കഷണം:

ബ്രോക്കര്‍: "എന്താഹേ, സര്‍ക്കാര്‍ ജോലിയുള്ള പെണ്ണ് വേണമെന്ന് പറഞ്ഞിട്ട് ഇപ്പോളൊരു മനംമാറ്റം?"
പയ്യന്‍: "പെണ്ണ് ടീച്ചറാണെന്നു പറഞ്ഞില്ലല്ലോ! മറ്റു സര്‍ക്കാര്‍ ജോലിക്കാര്‍ ഞായറാഴ്ചയെങ്കിലും വീട്ടില്‍ കാണും, ഇപ്പോഴത്തെ ടീച്ചര്‍മാര്‍........."


Read More | തുടര്‍ന്നു വായിക്കുക

SSLC: 100 മേനിയുടെ പിന്നാമ്പുറങ്ങള്‍..!

>> Sunday, December 20, 2009


രണ്ടു മൂന്നു ഞായറാഴ്ചകളായി തീ പാറുമെന്ന് പ്രതീക്ഷിച്ചു പ്രസിദ്ധീകരിച്ച സംവാദ വിഷയങ്ങള്‍ക്ക് വേണ്ടത്ര പ്രതികരണങ്ങളൊന്നും കണ്ടില്ല. വായനക്കാരില്‍ ഒരു ശതമാനമെങ്കിലും കമന്റു ചെയ്തിരുന്നെങ്കില്‍തന്നെ 15 ഓളം കമന്റുകളെങ്കിലും കാണേണ്ടതായിരുന്നു. സാരമില്ല, ആ കുറവ്, ഈ ആഴ്ച നികത്തിയാല്‍ മതി. കണ്ണൂര്‍ ഡയറ്റിലെ ലക്ചററായ ടി.വി. കൃഷ്ണന്‍ സാറിന്റെ വാക്കുകളില്‍ നിന്നാകട്ടെ തുടക്കം.

"കോഴിക്കോട് ഒരു സ്കൂളില്‍ പത്താം ക്ലാസ്സിലെ കുട്ടികളെ കൌണ്‍സലിങ്ങ് ചെയ്യാന്‍ ചെന്ന സന്ദര്‍ഭം ഓര്‍ക്കുന്നു. കുട്ടികളെക്കുറിച്ച് അധ്യാപകര്‍ക്ക് നിറയെ പരാതിയാണ്. "വര്‍ക്കുകള്‍ " പൂര്‍ത്തിയാക്കി "റെക്കോഡുകള്‍ "കൃത്യ സമയത്ത് "സബ്മിറ്റ്" ചെയ്യുന്നില്ലെന്നായിരുന്നു പരാതികളില്‍ പ്രധാനം. കുട്ടികളോട് സംസാരിച്ചപ്പോള്‍ അധ്യാപകരെക്കുറിച്ച് അവര്‍ക്കും ചിലത് പറയാനുണ്ടായിരുന്നു. അതിലൊന്ന് ഇങ്ങനെ :

സ്കൂളില്‍ ഒരു മുറി നിറയെ കളിയുപകരണങ്ങളുണ്ട്. പക്ഷെ, അവ ഒന്നു തൊടാന്‍ പോലും അധ്യാപകര്‍ അനുവദിക്കാറില്ല. കായികവിനോദങ്ങള്‍, പൂര്‍ണ്ണ ആരോഗ്യത്തിനും ഗുണപരമായ സ്വഭാവരൂപീകരണത്തിനും 'സ്ട്രെസ് 'ലഘൂകരിക്കാനും കുട്ടിക്ക് ഏറ്റവും അത്യാവശ്യമാമെന്ന കാര്യം അധ്യാപകര്‍ സൌകര്യപൂര്‍വ്വം മറക്കുന്നു."

ഇത്, രണ്ടാഴ്ചമുന്‍പ് ദേശാഭിമാനി ദിനപ്പത്രത്തിന്റെ കിളിവാതില്‍ എന്ന സപ്ലിമെന്റില്‍ അച്ചടിച്ചു വന്നവയാണ്. അധ്യാപകര്‍ക്ക് ആത്മ വിമര്‍ശനം നടത്താന്‍ പ്രേരിപ്പിക്കുന്ന ഈ വരികള്‍ ബ്ലോഗിന്റെ ഞായറാഴ്ച സംവാദത്തില്‍ ഉള്‍പ്പെടുത്താന്‍ അന്നേ ആലോചിച്ചതാണ്. ഇതിനോട് ചേര്‍ത്തു വായിക്കാന്‍ ഉതകുന്ന മറ്റൊരു ഗൌരവതരമായ പ്രശ്നം ഇന്നലെ എറണാകുളം ജില്ലയില്‍ നിന്നും, ഒരു അധ്യാപകന്‍ മെയില്‍ ചെയ്തു തന്നിരിക്കുന്നു. മെയിലിന്റെ പ്രസക്ത ഭാഗങ്ങളിലേക്ക്.........

എസ്. എസ്. എല്‍.സി. വിജയശതമാനം 100 ആക്കാനുള്ള തത്രപ്പാടില്‍ നാം മറന്നുപോകുന്ന ഒരുപാട് കാര്യങ്ങളില്ലേ? മോഡല്‍ പരീക്ഷ വരെ, കൃത്യമായ ഇടവേളകളില്‍ പഠിപ്പിച്ചു തീര്‍ക്കേണ്ട പാഠഭാഗങ്ങള്‍ ഒക്ടോബറില്‍ തന്നെ തീര്‍ത്ത് റിവിഷനുകളുടെ മാലപ്പടക്കങ്ങള്‍ക്കു തീ കൊളുത്തുന്നത് സഹിക്കാം. സംസ്ഥാനത്തെ ഒരു ജില്ലയില്‍ രണ്ടിലധികം സ്കൂളുകളില്‍ എട്ടിലും ഒന്‍പതിലുംപഠിപ്പിക്കുന്നത് പത്താം ക്ലാസ്സിലെ പാഠഭാഗങ്ങളാണെന്ന, ഞെട്ടിക്കുന്ന സത്യം വിളിച്ചു പറഞ്ഞത് അഞ്ചാറു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറായിരുന്നു. മൂന്നു വര്‍ഷം തുടര്‍ച്ചയായി പത്തിലെ പാഠങ്ങള്‍ പഠിപ്പിച്ചാല്‍ എല്ലാവരേയും എസ്.എസ്.എല്‍.സി ജയിപ്പിക്കാന്‍ കഴിയുമത്രെ! എന്നിട്ടും ജയിക്കുമെന്നുറപ്പില്ലാത്തവരെ, ഒന്‍പതില്‍ തോല്‍പ്പിച്ച് നിര്‍ബന്ധ ടി.സി. നല്‍കി പറഞ്ഞു വിടുന്നു. നൂറുമേനി വിജയത്തിന്റെ പൊങ്ങച്ചക്കസര്‍ത്തുകള്‍ക്കിടയില്‍, ആരാലും ശ്രദ്ധിക്കാതെ പോകുന്നത്, ഇത്തരം സ്കൂളുകളുടെ ദുര്‍ഗന്ധപൂരിത പിന്നാമ്പുറങ്ങളാണ്. ശ്രദ്ധ മുഴുവന്‍ ഏറ്റവും പിന്നോക്കക്കാരിലേക്ക് ചുരുങ്ങുമ്പോള്‍, മിടുക്കന്മാര്‍ക്ക് അവരര്‍ഹിക്കുന്ന അധിക വിഭവങ്ങള്‍ നല്‍കാന്‍ കഴിയുന്നുണ്ടെന്ന് ആര്‍ക്കെങ്കിലും നെഞ്ചത്തു കൈവെച്ച് പറയാന്‍ കഴിയുമോ? ഈ വര്‍ഷത്തെ ഗണിത ഒളിമ്പ്യാഡില്‍ ഒന്നാം ഘട്ട വിജയികളായ മിടുക്കന്‍/മിടുക്കിമാരുടെ സ്കൂളുകളില്‍, പൊതുവിദ്യാലയങ്ങള്‍ ഒന്നു പോലുമില്ലെന്ന നഗ്നസത്യം ഇതിനോട് ചേര്‍ത്തുവെച്ച് വായിക്കേണ്ടതല്ലേ?

ചോദ്യങ്ങള്‍ മുഴുവന്‍ നമ്മോടാണ്. ഇനിയും മൌനം വെടിഞ്ഞ് പ്രതികരിക്കെന്റെ മാഷേ/ടീച്ചറേ...(കൂട്ടത്തില്‍ മറ്റുള്ളവര്‍ക്കും എരിതീയില്‍ എണ്ണപകരാം..! പ്രതികരിക്കാം... പ്രീതീകരിക്കാം... എവിടെ സത്യാന്വേഷി, വിജയന്‍ കടവത്ത്, ചിത്രകാരന്‍, ക്യാപ്റ്റന്‍, വല്യമ്മായി, തറവാടി, കാല്‍വിന്‍, ഹാഫ് കള്ളന്‍, വിജയകുമാര്‍,......ആദിയായവര്‍?)


Read More | തുടര്‍ന്നു വായിക്കുക

ഈ നാട്ടില്‍ മുക്കാലികളില്ലേ..?

>> Saturday, December 5, 2009


സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വിദ്യാലയങ്ങളിലെങ്കിലും, പുറമേയുള്ള ഏജന്‍സികള്‍ പരീക്ഷകളും, മറ്റ് ധനാഗമന മാര്‍ഗ്ഗങ്ങളും നടത്തുന്നത് കര്‍ശനമായി നിയന്ത്രിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ഞങ്ങള്‍ക്ക് തോന്നുന്നു. അധികമാരും ശ്രദ്ധിച്ചിട്ടില്ലാത്ത ഈ വിഷയം സത്യമാണെങ്കില്‍ , പ്രസക്തിയും ഗൌരവവുമുള്ളതായതിനാല്‍ ഒരു ഞായറാഴ്ച സംവാദത്തിനായി പ്രസിദ്ധീകരിക്കുന്നു.പേരും സ്കൂളും വെളിപ്പെടുത്തരുതെന്നാവശ്യപ്പെട്ടുകൊണ്ട് ഒരു അധ്യാപകന്‍ അയച്ചുതന്ന മെയിലിന്റെ പൂര്‍ണ്ണരൂപമാണ് താഴെ. കമന്റുകളിലൂടെ നഗ്നസത്യങ്ങളുടെ പെരുമഴ ആര്‍ത്തലച്ചു പെയ്യട്ടെ.......................................

"ഹെഡ്​മിസ്ട്രസ്സ് അവധിയിലായിരുന്ന ഒരു ദിവസം, അവരുടെ മുറിയിലിരിക്കുന്ന സ്കൂളിലെ ലാപ്​ടോപ്പില്‍ എന്തോ പ്രിന്റെടുത്തുകൊണ്ടിരിക്കുമ്പോഴായിരുന്നു, അണിഞ്ഞൊരുങ്ങിയ ആ സ്ത്രീ അവിടേയ്ക്ക് കടന്നുവന്നത്. എന്നെ, ഹെഡ്​മാസ്റ്ററായി തെറ്റിദ്ധരിച്ച് , വശ്യമായ പുഞ്ചിരിയോടെ ആംഗലേയത്തില്‍ അനുവാദം ചോദിച്ച് അവര്‍ ആസനസ്ഥയായി. കുട്ടികള്‍ക്കായി തങ്ങളുടെ ട്രസ്റ്റ് നടത്തുന്ന സ്കോളര്‍ഷിപ്പ് പരീക്ഷയ്ക്ക് ഞങ്ങളുടെ സ്കൂളില്‍ നിന്നും കുട്ടികളെ ചേര്‍ക്കുകയെന്നതാണവരുടെ ലക്ഷ്യം. ഒരു കുട്ടിയില്‍ നിന്നും ഫീസിനത്തില്‍ 90 രൂപ സ്കൂളിനു പിരിയ്ക്കാം. അവര്‍ക്ക് 50 വീതം കൊടുത്താല്‍ മതി. പരീക്ഷാ മേല്‍നോട്ടം വഹിക്കുന്ന അധ്യാപകര്‍ക്ക് 250 രൂപാ പ്രതിഫലം. സംസ്ഥാനത്തെ ആദ്യ പത്തു റാങ്കുകളിലൊന്ന് സ്കൂളിനു ഗ്യാരണ്ടി. പരീക്ഷയ്ക്കുള്ള ചോദ്യങ്ങള്‍ 70 ശതമാനവും അവര്‍ തന്നെ പ്രിന്റുചെയ്തിറക്കുന്ന ഗൈഡില്‍ നിന്നും. അതിന്റെ വില്പനയ്ക്കും 20 ശതമാനം സ്കൂളിനു കമ്മീഷന്‍.ചുരുക്കിപ്പറഞ്ഞാല്‍ ട്രസ്റ്റിനും, കുട്ടിക്കും, രക്ഷിതാവിനും, അധ്യാപകര്‍ക്കും സന്തോഷം. റെക്കഗ്നൈസ്ഡ്, അണ്‍-എയിഡഡ് വിദ്യാലയങ്ങളില്‍ വര്‍ഷങ്ങളായി അരങ്ങു തകര്‍ക്കുന്ന ഈ സ്കോളര്‍ഷിപ്പ് കച്ചവടക്കാര്‍ പൊതുവിദ്യാലയങ്ങളിലേക്കും കണ്ണുവെച്ചിരിക്കുന്ന ഈ സമയത്ത്, ഈ തട്ടിപ്പുകളെ ബ്ലോഗിലൂടെ തുറന്നുകാട്ടണമെന്ന് അപേക്ഷിക്കുന്നു. രണ്ടു മൂന്നു മാസങ്ങള്‍ക്കു മുന്‍പ്, മധ്യകേരളത്തിലെ ഒരു റെക്കഗ്​നൈസ്ഡ് സ്കൂളുകാര്‍ (ഇന്റര്‍നാഷണല്‍ സ്കൂളാണത്രെ!)നടത്തിയ പത്രസമ്മേളനത്തിന്റെ വാര്‍ത്ത ശ്രദ്ധയില്‍ പെട്ടിരുന്നോ? പരീക്ഷാ നടത്തിപ്പില്‍ റെക്കോഡിട്ടുകൊണ്ട് അവര്‍ ഗിന്നസ് ബുക്കിലേക്ക് കയറുകയാണത്രെ!പത്തോ, ഇരുപതോ അല്ല, ഇരുന്നൂറിലധികമാണ്, അവര്‍ ഒരു വര്‍ഷം നടത്തിയ ക്ലാസ്സു പരീക്ഷകള്‍! ഇത് വലിയ വാര്‍ത്തയായി കൊ​ണ്ടാടിയ പത്രങ്ങളും ഈ തട്ടിപ്പുകള്‍ക്ക് ചൂട്ടുപിടിക്കുകയല്ലേ? പണ്ടൊരിക്കല്‍ 'മാധ്യമം' ദിനപ്പത്രം പ്രശസ്തമായ ഇത്തരം തട്ടിപ്പു സംഘത്തെക്കുറിച്ച് പരമ്പര എഴുതിയതൊഴിച്ചാല്‍ ഇത്തരക്കാര്‍ക്കെതിരില്‍ ചെറുവിരലനക്കാന്‍ പോലും ആരും തയ്യാറാകുന്നില്ല. കച്ചവടക്കാരേയും, മാധ്യമങ്ങളേയും എന്തിന് കുറ്റം പറയണം?. തന്റെ മകന്‍/മകള്‍ xxx സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ സംസ്ഥാനത്ത് ഒന്‍പതാം റാങ്കുകാരനായതിന്റെ ഫ്ലക്സ് ബോര്‍ഡ്, സ്കൂളിനു മുന്‍പില്‍ വലിച്ചു കെട്ടിയതു കണ്ട് സായൂജ്യമടയുന്ന രക്ഷിതാവിനേയും വെറുതേ വിടുക. തന്റെ കുഞ്ഞിന്റെ ശോഭനമായ ഭാവി സ്വപ്നം കണ്ട് 'മികച്ച' സ്കൂളുകളിലേക്ക് അവരെ പറഞ്ഞുവിടുന്ന ആ പാവത്തിനെ പിഴിഞ്ഞ് ചോരകുടിക്കുന്ന പ്രധാനാധ്യാപകരെ മുക്കാലിയില്‍ കെട്ടി അടിക്കേണ്ടേ? സ്കൂള്‍ പി.ടി.എ കളെങ്കിലും ഈ തട്ടിപ്പുകാരെ പടിക്കു പുറത്താക്കാന്‍ ഉണരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു."


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer