Loading [MathJax]/extensions/TeX/AMSsymbols.js

സ്ക്കൂളുകളില്‍ നിന്ന് കലാ-കായിക-ക്രാഫ്റ്റ് പഠനം അന്യമാകുന്നുവോ?

>> Thursday, July 14, 2011


വിഷയഭേദമന്യേ അധ്യാപകരെയെല്ലാം ബാധിക്കുന്ന ഒന്നാണ് സ്ക്കൂള്‍ ടൈംടേബിള്‍. ശാസ്ത്ര-സാമൂഹ്യ-ഭാഷാ വിഷയങ്ങള്‍ക്കൊപ്പം ടൈംടേബിളില്‍ ആര്‍ട്ടിനും വര്‍ക്ക് എക്സ്പീരിയന്‍സിനും ഫിസിക്കല്‍ എഡ്യൂക്കേഷനുമെല്ലാം പിരീഡ് നല്‍കിയിട്ടുണ്ട്. പക്ഷെ മിക്കവാറും സ്ക്കൂളുകളിലും ഇതൊന്നും കൈകാര്യം ചെയ്യാനുള്ള സ്പെഷലിസ്റ്റ് ടീച്ചര്‍മാരില്ല. പണ്ട് കെ.ഇ.ആറില്‍ പറയുന്ന പ്രകാരത്തിലുള്ള കുട്ടികളുടെ എണ്ണം ഇപ്പോള്‍ എല്ലാ സ്ക്കൂളുകളിലും ഉണ്ടാവണമെന്നില്ല. അതു കൊണ്ടുതന്നെ സ്ക്കൂളുകളില്‍ നിന്നും ആര്‍ട്ട് , ക്രാഫ്റ്റ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ പോസ്റ്റുകള്‍ നഷ്ടമായി. പക്ഷെ, ഒന്നു ചോദിക്കട്ടേ, പൊതുവിദ്യാഭ്യാസമേഖലയിലെ കുട്ടികള്‍ക്ക് ആര്‍ട്ടും ക്രാഫ്റ്റും പഠിക്കേണ്ടേ? സാധാരണക്കാരന്റെ മക്കള്‍ക്കും കായിക പഠനം വേണ്ടേ? ഒരു വ്യക്തിയുടെ കഴിവുകളും മികവുകളും രൂപപ്പെടേണ്ട ഘട്ടം സ്ക്കൂള്‍ വിദ്യാഭ്യാസകാലമാണ്. സാമ്പത്തിക സ്ഥിതിയുള്ളവന്‍ സ്വന്തം നിലയ്ക്ക് കഴിവും മികവുമൊന്നും നോക്കാതെ തന്റെ കുട്ടിയെ ആര്‍ട്ട്-ക്രാഫ്റ്റ്-കായിക വിദ്യാഭ്യാസത്തിനയക്കും. നമ്മുടെ വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികളുടെ ജന്മസിദ്ധമായ പല വാസനകളും പരിപോഷിപ്പിക്കപ്പെടാതെ മുളയടഞ്ഞു പോവുകയാണ്. പിന്നിട്ട കേരളവിദ്യാഭ്യാസ ചരിത്രത്തില്‍ എന്തായിരുന്നു പാഠ്യേതരവിഷയങ്ങള്‍ കൈകാര്യം ചെയ്യപ്പെട്ടത്? നമുക്ക് നോക്കാം.

ഒരമ്പത്-അറുപത് വര്‍ഷം മുന്‍പുവരെ കലാപഠനം വിദ്യാഭ്യാസത്തിന്റെ മുഖ്യഘടകമായിരുന്നു. ഇന്ത്യയില്‍ പൊതുവെ എല്ലായിടത്തും ഇതുതന്നെയായിരുന്നു അവസ്ഥ. എല്ലാ കലകളുടേയും കാര്യത്തില്‍ ഇതു നമുക്ക് മനസ്സിലാക്കം. കഥക്, ഭരതനാട്യം തുടങ്ങിയ നൃത്തരൂപങ്ങള്‍, കഥകളി തുടങ്ങിയ കലാരൂപങ്ങള്‍, സംഗീതം, വാദ്യം, ചിത്രം തുടങ്ങിയവ, അയ്യപ്പന്‍പാട്ട്, പുള്ളുവന്‍പാട്ട് തുടങ്ങിയവ…എല്ലാം തന്നെ വിദ്യാഭ്യാസത്തിലെ പ്രഥമവിഷയമായി പരിഗണിക്കപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ നാമിന്നറിയുന്ന പ്രസിദ്ധകലാകാരന്മാരെല്ലാം (ഏതു രംഗത്തേയും) ഈ പഠനവഴികളിലൂടെ കടന്നുപോന്നവരാണ്. അതില്‍ പൂര്‍ണ്ണതനേടാന്‍ ജീവിതം മുഴുവന്‍ പ്രയോജനപ്പെടുത്തിയവരാണ്. അനേകം തലമുറകള്‍ (ഇന്നും) ഈ കലാകാരന്മാരുടെ സര്‍ഗ്ഗത്മകത ആസ്വദിച്ചുകൊണ്ടിരിക്കയാണ്. ഇതൊക്കെയും നമ്മുടെ സാംസ്കാരികസമ്പത്തായി നാം അഭിമാനം കൊള്ളുകയാണ്.

കാലപ്രവാഹത്തില്‍ സ്വാഭാവികമായും, അതിനേക്കാളധികം കൃത്രിമമായും നമ്മുടെ ജീവിതസങ്കല്‍‌പ്പങ്ങളിലെ മുന്‍‌ഗണനകള്‍ മാറ്റിമറിക്കപ്പെടുകയും പുതിയ മൂല്യങ്ങള്‍ പ്രതിഷ്ടിക്കപ്പെടുകയും ചെയ്തു. സമര്‍പ്പിതകലാകാരനോ, ശാസ്ത്രജ്ഞ്നോ, എഴുത്തുകാരനോ ആവുന്നതിനേക്കാള്‍ ജനപ്രിയത കുറേകൂടി എളുപ്പത്തില്‍ ധനസമ്പാദനം ചെയ്യാന്‍ കഴിയുന്ന ഇടങ്ങളിലേക്ക് മുന്‍‌ഗണനകള്‍ പുതുക്കപ്പെട്ടു. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച സാമൂഹ്യവും സാംസ്കാരികവും ചരിത്രപരവുമായ ഘടകങ്ങളുടെ വിശകലനങ്ങള്‍ പ്രധാനമാണെന്നും സമ്മതിക്കേണ്ടതുണ്ട്.

മാറിമറിഞ്ഞ മുന്‍‌ഗണനകള്‍ ഏറ്റവും പരിക്കേല്‍‌പ്പിച്ചത്, സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ ഏറ്റവും അധികം പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന പൊതുവിദ്യാഭ്യാസരംഗത്തെയാണെന്ന് നമുക്ക് കാണാം. അതില്‍ത്തന്നെ ഏറ്റവും പരിക്കേറ്റത് കലാവിദ്യാഭ്യാസത്തിനും. പൊതുവിദ്യാഭ്യാസം എക്കാലത്തും ഊന്നല്‍ കൊടുത്തത് ഗണിതമടക്കമുള്ള ശാസ്ത്ര വിഷയങ്ങള്‍ക്കും ചരിത്രം ഭാഷ എന്നിവക്കുമായി. ഇതു ബ്രിട്ടീഷുകാരന്റെ കൊളോണിയല്‍ സംബ്രദായത്തിന്റെ പരിണതിയാണെന്ന് പൊതുവേ പറയാറുണ്ടെങ്കിലും സ്വാതന്ത്ര്യാനന്തരഭാരതത്തിന്ന് ക്രിയാത്മകമായ മാറ്റങ്ങള്‍ വരുത്താന്‍ കഴിയുമായിരുന്നു. ഓരോകാലത്തുമുണ്ടായ വിദ്യാഭ്യാസ കമ്മീഷനുകളൊക്കെ ഇതിലെ അശാസ്ത്രീയതകള്‍ ചൂണ്ടിക്കാണിച്ചുവെങ്കിലും അതൊന്നും തുടര്‍ന്ന് ക്രിയാത്മകമായ മാറ്റങ്ങള്‍ക്ക് കാരണമായില്ല. അതുകൊണ്ടുതന്നെ നമ്മുടെ പൊതുവിദ്യാഭ്യാസ സംവിധാനത്തില്‍ ക്രമേണയായി കലാപഠനം (ഒപ്പം ആരോഗ്യ – കായിക പഠനവും, പ്രവൃത്തി പരിചയവും ) അവഗണിക്കപ്പെട്ടുകൊണ്ടേയിരുന്നു.

1960കളില്‍ നമ്മുടെ സ്കൂളുകളില്‍ ചിത്രകലാധ്യാപകന്‍, തുന്നല്‍ ടീച്ചര്‍, നെയ്ത്ത്മാഷ് തുടങ്ങി പ്രവൃത്തിപരിചയാധ്യാപകര്‍ (ക്രാഫ്ട്മാഷ്), സംഗീതാധ്യാപകന്‍, (ഒന്നോ രണ്ടോ സ്കൂളുകളില്‍ മാത്രം കഥകളി, വാദ്യം, ചുട്ടി,അധ്യാപകര്‍ ഉണ്ടായിരുന്നു) എന്നിങ്ങനെ കല-പ്രവൃത്തിപരിചയ മേഖലകളില്‍ സജീവമായി ജോലിചെയ്തിരുന്ന വലിയൊരു വിഭാഗമുണ്ടായിരുന്നു. ഇക്കാലമെത്തുമ്പോഴേക്കും ഈ വംശം മുഴുവന്‍ കുറ്റിയറ്റുപോവുകയും ഇനിയും ബാക്കിയുള്ളവര്‍ക്കുതന്നെ സക്രിയമായി എന്തെങ്കിലും ചെയ്യാനാവുന്ന ഒരന്തരീക്ഷം സ്കൂളുകളില്‍ വികസിക്കുകയോ ചെയ്യുന്നില്ല എന്ന സാമൂഹ്യാവസ്ഥ നിലനില്‍ക്കുന്നു.എന്നാല്‍, നാം നമ്മുടെ വിദ്യാഭ്യാസപദ്ധതികളില്‍ ഇപ്പോഴും കലാവിദ്യാഭ്യാസത്തെക്കുറിച്ചും പ്രവൃത്തിപരിചയം, ആരോഗ്യവിദ്യാഭ്യാസം എന്നിവയെ കുറിച്ചും ഉന്നതമായ സങ്കല്‍‌പ്പങ്ങള്‍ നിലനിര്‍ത്തുകയും ചെയ്യുന്നു. ഈ ‘ഇരട്ടനാവ് ‘ സത്യത്തില്‍ അത്ഭുതവും അപഹാസ്യതയും സൃഷ്ടിക്കുന്നു.

ഏത് ആധുനിക സമൂഹഘടനയിലും വിദ്യാഭ്യാസരംഗത്ത് കലാപഠനത്തിന്റെ പ്രാധാന്യം നമുക്കറിയാത്തതല്ല. Kerala Curriculum Framework – 2007 Page 67,68,69 ഈ വിഷയം സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. ആധുനിക വിദ്യാഭ്യാസചിന്തയുടെ ഭാഗമായ Multiple Intelligence Theory യുടെ പശ്ചാത്തലത്തിലും , കുട്ടിയുടെ സര്‍ഗാത്മകത അറിവ് നിര്‍മ്മാണത്തില്‍ വഹിക്കുന്ന പങ്കിന്റെ പശ്ചാത്തലത്തിലും, നാടിന്റെ സാംസ്കാരിക ഭൂമിക ഉള്‍ക്കൊള്ളുകയും വികസിപ്പിക്കുകയും ചെയ്യാനുള്ള പൌരകടമമയുടെ പശ്ചാത്തലത്തിലും, കുട്ടിയുടെ മനോവിജ്ഞാനീയ ബോധങ്ങളുടെ പശ്ചാത്തലത്തിലും ഒക്കെ ഈ വിഷയം KCF 2007 പരിഗണിക്കുന്നുണ്ട്.കലോത്സവങ്ങള്‍, കായികോത്സവങ്ങള്‍, പ്രവൃത്തിപരിചയമേളകള്‍ തൊട്ടുള്ള സംഗതികളുടെ ന്യായാന്യായങ്ങളും ഫലപ്രാപ്തിയും അശാസ്ത്രീയതകളും സത്യസന്ധമായി വിശകലനം ചെയ്തിട്ടുണ്ട്. അതിനനുസൃതമായ കരിക്കുലവും പാഠ്യപദ്ധതിയും മൂല്യനിര്‍ണ്ണയരീതികളും നിശ്ചയിച്ചുവെച്ചിട്ടുണ്ട്. എന്നാല്‍ ഇനിയും ഇതൊക്കെ വീണ്ടും ചര്‍ച്ചചെയ്യപ്പെടുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യേണ്ട സമൂര്‍ത്ത സാഹചര്യങ്ങള്‍ നിലനില്‍ക്കുകയാണ്.

കല, പ്രവൃത്തി,കായിക- പഠനങ്ങള്‍ക്ക് കെ.ഇ.ആര്‍ പണ്ടേ നിശ്ചയിച്ചുവെച്ചിട്ടുള്ള സമയക്രമം ഉണ്ട്.

Periods Distribution

Sub&class
1

2

3

4

5

6

7

8

9

10
Art Education
4

4

3

3

2

2

2

2

2

1
Work Experience/ PVS
6

6

6

5

3

3

3

2

2

1
Health&Phisical
Education

4

4

4

6

2

2

2

2

1

1


ഏറെക്കാലം നിലനിന്ന ഈ സംവിധാനം ഈ അധ്യാപകരെ സ്പെഷലിസ്റ്റ് ടീച്ചര്‍മാര്‍ എന്ന വിഭാഗത്തിലാക്കി 1995 (GO (MS 525/95/G.Edn.dt.28-10-95)) മുതല്‍ നിരവധി പ്രാവശ്യം നിയമനം തൊട്ട് പീരിയേഡുകള്‍ വരെയുള്ള തലങ്ങളില്‍ പരിഷ്കരിക്കപ്പെട്ടു. പരിഷ്കാരങ്ങളൊക്കെ നല്ലതു തന്നെ; എന്നാല്‍ അതൊന്നും തന്നെ കലാപഠനത്തേയോ മറ്റു ‘സ്പെഷല്‍ വിഷയ’ങ്ങളേയോ സംബന്ധിച്ച വിദ്യാഭ്യാസപരിപേക്ഷ്യങ്ങളൊന്നും പരിഗണിച്ചുകൊണ്ടായിരുന്നില്ലെന്ന യാഥാര്‍ഥ്യം അവശേഷിക്കുന്നു. ഇതു തുടരുകയും ചെയ്യുമെന്നേ പ്രതീക്ഷിക്കാനാവൂ.

നമുക്കാലംബനമാകേണ്ടത് വിദ്യാഭ്യാസചിന്തകന്മാര്‍ സംകല്‍‌പ്പനം ചെയ്ത പരിപ്രേക്ഷ്യങ്ങള്‍ മാത്രമാകുന്നു. അതനുസരിച്ചുള്ള ക്രിയാത്മകമായ പരിപാടികള്‍ DPEP തൊട്ട് ഇന്നുവരെ ചെയ്തുപോരുന്നുമുണ്ട്. സ്പെഷലിസ്റ്റ് അധ്യാപകര്‍ക്കു മുഴുവന്‍ പലവട്ടമായി നല്‍കിയ പരിശീലങ്ങള്‍ മികച്ചവയായിരുന്നു. ചിത്രം സംഗീതം തുടങ്ങിയവയുടെ പഠനം അതത് മേഖലകളില്‍ കുട്ടിക്ക് മികവ് വര്‍ദ്ധിപ്പിക്കുന്നതിനും മറ്റു വിഷയങ്ങളുടെ പഠനത്തിന്ന് സര്‍വാത്മനാ സഹായമാകയും ചെയ്യാനുള്ള പരിപാടികള്‍ ഈ പരിശീലനങ്ങളില്‍ പറഞ്ഞുറപ്പിച്ചതാണ്. എന്നാല്‍ ചിത്രത്തിന്ന് ചുവര്‍ എന്ന പ്രാധമികഘടകം സ്കൂളുകളില്‍ നല്‍കാനായില്ല. പീരിയേഡുകളിലും നിയമനങ്ങളിലും വന്ന കൈകാര്യങ്ങള്‍ ഉള്ള ചുവര്‍ പോലും ദുര്‍ബലപ്പെടുത്തി. കലാപഠനം തൊട്ടുള്ള സ്പെഷല്‍ വിഷയങ്ങള്‍ അപ്രധാനങ്ങളായി. ക്രമേണ ഇതൊക്കെയും തീരെ ഇല്ലാതാവുന്ന ഒരു കാലം അതിവിദൂരമല്ലെന്ന ഭീതി ഇപ്പൊഴേ ആ അധ്യാപകര്‍ക്കെങ്കിലുമുണ്ടാവും.

ഒരു കുട്ടിയില്‍ അന്തര്‍ലീനമായിരിക്കുന്ന കഴിവുകളെ കണ്ടെത്താനും അവയെ പരിപോഷിപ്പിക്കാനും സ്ക്കൂളുകളില്‍ അന്ത്യശ്വാസം വലിച്ചു കൊണ്ടിരിക്കുന്ന കലാകായികപ്രവൃത്തിപരിചയ ക്ലാസുകള്‍ക്ക് പുനര്‍ജ്ജന്മം തീരൂ. അവ കൈകാര്യം ചെയ്യാന്‍ പ്രാവീണ്യമുള്ള അധ്യാപകരെ സ്ക്കൂളുകളില്‍ നിയമിക്കണം. ചെടിക്ക് വെള്ളവും വളവും ലഭിച്ചാലേ പുഷ്പിക്കപ്പെടാന്‍ സാധ്യതയുള്ളു. അല്ലാതെ പുഷ്പിക്കുന്നവ വിരളമാണെന്ന് നമ്മുടെയെല്ലാം അനുഭവസാക്ഷ്യം. വീട്ടിലൊരു മേശയുടെ കാലിളകിയാല്‍ ഒരാണിയടിക്കണമെങ്കില്‍, സ്വിച്ച് ബോര്‍ഡില്‍ നിന്നും ഒരു വയര്‍ വലിച്ച് അതിലൊരു ബള്‍ബ് തെളിയിപ്പിക്കണമെങ്കില്‍ പുറത്തു നിന്ന് ആളെ വിളിക്കേണ്ടി വരുന്ന കാലം നമ്മെ അത്ഭുതപ്പെടുത്താന്‍ ഇടയില്ല.

30 comments:

thoolika July 14, 2011 at 6:23 AM  

കലാ - കായിക - ക്രാഫ്റ്റ് പഠനത്തിനു സ്പെഷലിസ്റ്റ് അധ്യാപകരെ നിയമിച്ചതുകൊണ്ടു മാത്രം പ്രശ്നത്തിന് പരിഹാരമാവുന്നില്ല . ക്ലാസ് കയറ്റത്തിന് ഈ വിഷയങ്ങള്‍ ഒന്നും മൂല്യ നിര്‍ണ്ണയത്തിനു വിധേയമല്ല എന്നതുകൊണ്ട്‌ തന്നെ കുട്ടികളോ , അധ്യാപകര്‍ തന്നെയോ ഈ വിഷയങ്ങള്‍ക്ക്‌ മതിയായ പ്രാധാന്യം കൊടുക്കുന്നില്ല എന്നതാണ് സത്യം . ഇപ്പോള്‍ ഈ വിഷയങ്ങള്‍ക്കെല്ലാം സ്പെഷലിസ്റ്റ് അധ്യാപകര്‍ ഉള്ള ബഹു ഭൂരിപക്ഷം സ്കൂളുകളിലും ഈ മേഖലകളില്‍ എന്തെങ്കിലും നേട്ടം കുട്ടികള്‍ക്ക് നേടി കൊടുക്കാന്‍ കഴിഞ്ഞിട്ടുമില്ല . ഈ പറഞ്ഞ സ്പെഷലിസ്റ്റ് അധ്യാപകരുടെ സ്ഥിതി ഒന്നാലോചിക്കുക . ക്ലാസ് ചാര്‍ജ് ഇല്ല , യാതൊരുവിധ സ്പെഷ്യല്‍ ക്ലാസ്സുകളും എടുക്കേണ്ട , ഉത്തര കടലാസ്സുകള്‍ നോക്കേണ്ട , സ്കൌട്ട് & ഗൈഡ് ന്റെയോ NCC യുടെയോ ചാര്‍ജ് കൂടി ഏറ്റെടുത്തിട്ട് അതിന്റെ പേരില്‍ ആഴ്ചയില്‍ 20 പീരിയഡ് മാത്രം ക്ലാസ്സില്‍ പോകുന്ന ഇവരെ സ്റ്റാഫ് റൂമിന്റെ " ഹാപ്പി കോര്‍ണര്‍ " എന്ന് ആരെങ്കിലും വിളിച്ചാല്‍ അവരെ കുറ്റം പറയാന്‍ പറ്റില്ലല്ലോ . നന്നായി കഷ്ടപ്പെട്ട് പണിയെടുക്കുന്ന ഒരു ന്യൂനപക്ഷം ഇവരില്‍ ഉണ്ടാകാം . അവരെയല്ല ഇവിടെ പരാമര്‍ശിച്ചത് .

Hari | (Maths) July 14, 2011 at 7:27 AM  

വീട്ടിലൊരു മേശയുടെ കാലിളകിയാല്‍ ഒരാണിയടിക്കണമെങ്കില്‍, സ്വിച്ച് ബോര്‍ഡില്‍ നിന്നും ഒരു വയര്‍ വലിച്ച് അതിലൊരു ബള്‍ബ് തെളിയിപ്പിക്കണമെങ്കില്‍ പുറത്തു നിന്ന് ആളെ വിളിക്കേണ്ടി വരുന്ന കാലം നമ്മെ അത്ഭുതപ്പെടുത്താന്‍ ഇടയില്ല. എന്റെ അച്ഛന്റെ അച്ഛന്‍ എക്സൈസ് സര്‍വ്വീസില്‍ നിന്ന് വിരമിച്ച ശേഷം അത്യാവശ്യം സ്റ്റൂളും മേശയുമൊക്കെ ഉണ്ടാക്കുമായിരുന്നു എന്നു കേട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്ക് കസേര നെയ്യാനും അറിയാമായിരുന്നത്രേ. സ്ക്കൂളുകളില്‍ നിന്നും നേടിയ കൈത്തൊഴിലഭ്യാസം തന്നെ ഈ അഭ്യാസത്തിനു അവരെ പ്രാപ്തരാക്കിയത്? ഒന്നുമില്ലെങ്കില്‍ ഒരു കൈത്തൊഴില്‍ പഠനത്തോടൊപ്പം പഠിപ്പിച്ചാല്‍ ഗാന്ധിജി വിഭാവനം ചെയ്ത വിദ്യാഭ്യാസത്തിന്റെ കുറച്ചെങ്കിലും അടുത്തെത്തിയേക്കും.

വിപ്ളവം July 14, 2011 at 7:32 AM  

പുസ്തകത്തില്‍ അഴകൊഴമ്പന്‍ ചരിത്രപാഠങ്ങള്‍ ചേര്‍ക്കാനല്ലാതെ കുട്ടികളുടെ പുരോഗതിയെക്കുറിച്ച് ചിന്തിക്കാന്‍ കപട ബു.ജീ.കള്‍ക്ക് എവിടെ നേരം???

ശ്രീ July 14, 2011 at 7:52 AM  

ലേഖനം നന്നായി, മാഷേ

K V Ramachandran July 14, 2011 at 8:23 AM  

കലാധ്യാപനത്തിന് വ്യക്തമായ ഒരു പാഠ്യപദ്ധതിയുടെയും ശാസ്ത്രീയമായ മൂല്യനിര്‍ണ്ണയത്തിന്റെയും ആവശ്യകതയെപ്പറ്റി വര്‍ഷങ്ങളായി കേരളത്തിലെ 'വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന'കലാധ്യാപകര്‍ മുറവിളി കൂട്ടിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ അതു കേള്‍ക്കേണ്ടവര്‍ ബധിരകര്‍ണ്ണരായിരിക്കുന്നിടത്തോളം കാലം ഈ വിലാപങ്ങള്‍ നിരര്‍ത്ഥകമാവുകയാണ്. അധ്യാപകസമൂഹത്തിലെ രണ്ടാംതരം പൗരന്മാരായി മാത്രം പരിഗണിക്കപ്പെടുന്ന ഈ കലാധ്യാപകര്‍ക്ക്, "ഞാന്‍ ഈ വിദ്യാലയത്തിലെ ചിത്രകലാധ്യാപകനാണ് / സംഗീതാധ്യാപികയാണ്" എന്ന് അഭിമാനത്തോടെ പറയാന്‍ കഴിയുന്ന കാലം ദുസ്സാധ്യമാണെന്നേ ചിന്തിക്കാന്‍ കഴിയുന്നുള്ളൂ.

vasanthan July 14, 2011 at 10:47 AM  

It is appreciable if a drawing teacher in a school dedicates his service for the pupil. But in reality it is very rare.So parents sent their children for drawing classes on sundays if he recognises his talents in that field. Who can bell the rat?

Sreenilayam July 14, 2011 at 2:02 PM  

കലാധ്യാപകരും സ്ക്കൂളില്‍ നിന്നു കുറ്റിയറ്റു പോയില്ലേ. എന്തിനു വേണ്ടിയാണ് കലാധ്യാപകരില്ലെങ്കില്‍ ആര്‍ട്ട് പിരീഡുകള്‍? കായികാധ്യാപകരില്ലെങ്കില്‍ എന്തിന് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ പിരീഡുകള്‍? ആളില്ലെങ്കില്‍ എന്തിന് വര്‍ക്ക് എക്സ്പീരിയന്‍സ്? പണ്ട് സ്ക്കൂളില്‍ ഫസ്റ്റ് എയ്ഡ് പരിശീലനം വരെ നടന്നിരുന്നു. ഇന്നോ? വിദ്യാഭ്യാസം സര്‍ക്കാരിന്റെ വക കടത്തുകഴിക്കലായി. സി.ബി.എസ്.ഇകളിലേക്ക് പോട്ടേ കുട്ടികള്‍. വരൂ അപേക്ഷിക്കൂ. എല്ലാവര്‍ക്കും എന്‍.ഒ.സി!!!!

സുജനിക July 14, 2011 at 2:21 PM  

ചർച്ചകൾ എല്ലാ വിശദാംശങ്ങളോടെയും നടക്കണം. പരിഹാരനിർദ്ദേശങ്ങൾ ഉണ്ടാവണം. ഒരു കുറിപ്പ് ഇവിടെ ഉണ്ട്: http://extensions2.wordpress.com/

malayalasangeetham July 14, 2011 at 7:22 PM  

http://www.youtube.com/watch?v=V95D4fVXdzU
പത്താം ക്ളാസിലെ മലയാളം പാഠപുസ്തകത്തിലെ വള്ളത്തോളിന്റെ എന്റെ ഭാഷ എന്ന കവിത-ആലപിച്ചത് കണ്ണൂർ നെടുങ്ങോം ഗവ: ഹയർ സെക്കന്ററി സ്കൂളിലെ മലയാളം അധ്യാപകൻ ഉണ്ണികൃഷ്ണൻ പയ്യാവൂർ.
കുട്ടികൾക്ക് എളുപ്പത്തിൽ ആലപിക്കാനായി ലളിതമായ ഈണമാണു നൽകിയിരിക്കുന്നത്.

ബീന്‍ July 14, 2011 at 7:30 PM  

ശ്രീ രാമനുണ്ണി മാഷിന്റെ പോസ്റ്റും വിശദമായ പരിഹാര നിര്‍ദേശ കുറിപ്പും വായിച്ചു . അദ്ദേഹം വളരെ നന്നായിതന്നെ ഈ വിഷയം അവതരിപ്പിച്ചിരിക്കുന്നു .
സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ മുഖ്യ ധാരയില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്നവരാണ് കലാ - കായിക അധ്യാപകര്‍ എന്ന ധാരണ പൊതു അധ്യാപക സമൂഹത്തിനു ഉള്ളതുകൊണ്ടായിരിക്കാം ഇവിടത്തെ ചര്‍ച്ച ശുഷ്ക്കമായി പോയത് എന്ന് കരുതുന്നു .
കലാ - കായിക അധ്യാപകര്‍ ആരും തന്നെ ഈ വിഷയത്തോട് പ്രതികരിച്ചു കണ്ടില്ല .
ഈ മേഖലയിലുണ്ടായ പരിതാപകരമായ അവസ്ഥ കലാ - കായിക അധ്യാപകര്‍ തന്നെ സൃഷ്ടിച്ചതാണ് എന്ന് സാമാന്യേന കരുതാവുന്നതാണ് . അധ്യാപക സമൂഹത്തിലെ രണ്ടാം തരക്കാരാണ് തങ്ങളെന്ന് ഇവര്‍ സ്വയം വിലയിരുത്തുകയും , അതുമൂലമുണ്ടാകുന്ന ജാള്യത മറയ്ക്കാന്‍ പ്രവര്‍ത്തന മേഖല ക്ലാസ് മുറിയില്‍ നിന്നും ഓഫീസ് മുറിയിലേയ്ക്കോ അല്ലെങ്കില്‍ കൂടുതല്‍ ജനശ്രദ്ധ കിട്ടുന്ന മറ്റു രംഗങ്ങളിലേയ്ക്കോ മാറ്റുകയാണ് ഈ കൂട്ടര്‍ സാധാരണ ചെയ്യുന്നത് . ശമ്പളം പറ്റുന്ന അധ്യാപനം എന്ന പ്രവര്‍ത്തനം ഇല്ല , മറ്റു കാര്യങ്ങള്‍ക്കെല്ലാം മുന്നിട്ടിറങ്ങാന്‍ ഒരു മടിയുമില്ല എന്നതാണ് അവസ്ഥ . പരീക്ഷയ്ക്ക് ഈ വിഷയങ്ങള്‍ പ്രസക്തമല്ലാത്തതുകൊണ്ട് ഹെഡ് മാഷിനും ഒരു പരാതിയുമില്ല .
ഈ മനോഭാവമാണ് മാറ്റേണ്ടത് . കുട്ടിയുടെ കലാ - കായിക രംഗത്തെ കഴിവുകള്‍ കൂടി തീര്‍ച്ചയായും വിലയിരുത്തലിനു വിധേയമാക്കണം . നിശ്ചിതമായ ഒരു സിലബസ് ഉണ്ടായിരിക്കണം . അത് പഠിപ്പിക്കാന്‍ യോഗ്യരായ അധ്യാപകര്‍ ഉണ്ടാവണം . വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ഈ മേഖലയിലെ അധ്യാപകരുടെ മികവിന്റെ തെളിവായി കുട്ടികളുടെ display അല്ലെങ്കില്‍ കുട്ടികളുണ്ടാക്കിയ കലാ - ക്രാഫ്റ്റ് ഐറ്റങ്ങളുടെ എക്സിബിഷന്‍ നിര്‍ബന്ധമായും എല്ലാ സ്കൂളിലും സംഘടിപ്പിക്കണം . അല്ലാതെ ഇപ്പോഴുള്ള രീതിയിലാണ് കലാ - കായിക പഠനം എങ്കില്‍ ആ സമയം കൂടി മറ്റേതെങ്കിലും വിഷയങ്ങള്‍ക്ക് , അല്ലെങ്കില്‍ ഒന്നാം ഭാഷയായി promotion കിട്ടിയ മലയാളത്തിനുള്ള അധിക പീരിയഡ് ആയി നല്‍കുന്നതാണ് കൂടുതല്‍ യുക്തിസഹം .

prakasam July 14, 2011 at 8:25 PM  

സര്‍,
വളരെ നല്ല ഒരു പോസ്റ്റ്. ഇതു വായിച്ചപ്പോള്‍ എനിക്കുണ്ടായ ഒരനുഭവം പങ്കുവെയ്ക്കണമെന്നു തോന്നിപ്പോകുന്നു. വളരെ പ്രശസ്തനായ ഒരു സംഗീതാദ്ധ്യാപകന്‍. കര്‍ണ്ണാടകസംഗീതത്തില്‍ പുലി. നല്ല പോലെ ട്യൂഷന്‍. കലോത്സmadhyamamവമടുത്താല്‍ പിന്നെ മുങ്ങല്‍ പക്ഷേ സ്കൂളിലെ കുട്ടികള്‍ക്ക് വലിയ പ്രയോജനമില്ല. സ്റ്റാഫ് മീറ്റിംഗില്‍ ചര്‍ച്ച. ഒന്നിനും വാസനയില്ലയെന്ന മറുപടി. എല്ലാവിദ്വാന്മാരും കാളരാഗക്കാരാ, ഞാനെന്താ ചെയ്ക. അപ്പോള്‍പ്രശസ്തനായ H.M,പറഞ്ഞ മറുപടിയാണ് ശ്രദ്ധേയം, സാറേ വിദ്വാന്മാര്‍ക്കുപറ്റുന്നതല്ല എല്ലാകുട്ടികള്‍ക്കും പാടാന്‍ പറ്റുന്ന ഒരു പാട്ടെങ്കിലും ഒന്നു പഠിപ്പിച്ചു പ്രാര്‍ത്ഥനയെങ്കിലുമൊന്നു ശരിയാക്കൂ. ഇങ്ങിനെ തൊടുന്യായം പറഞ്ഞു happy cornerസൃഷ്ടിക്കുന്നവര്‍ അല്ലേ യഥാര്‍ത്ഥത്തില്‍ കുട്ടികള്‍ക്ക് വളരെ അത്യാവശ്യമായ കലാവിദ്യാഭ്യാസത്തിനു തുരങ്കം വെച്ചത്.പാടും പൂമാന്‍ ഭജിക്കും പൂമാന്‍ എന്നല്ലേ ചൊല്ല്. അതുകൊണ്ട് കള്ളനാണയങ്ങളെ തൂത്തെറിഞ്ഞ് പത്ത് കുട്ടികള്‍ക്കെങ്കിലും അവരുടെ സ്കൂള്‍ വിദ്യാഭ്യാസം ഓര്‍മ്മിക്കത്തക്കതാക്കുവാന്‍ ശ്രമിക്കേണ്ടത് ആവശ്യം തന്നെ

ജി.പത്മകുമാര്‍, കാവശ്ശേരി July 14, 2011 at 9:48 PM  

​എന്റെ അടുത്ത സ്കൂളിലെ Drawing മാഷ് അവിടെ ഏട്ടാം ക്ലാസ്സില്‍ IT പഠിപ്പിക്കുന്നുണ്ട്...
ജി.പത്മകുമാര്‍
കാവശ്ശേരി.

സഹൃദയന്‍ July 14, 2011 at 10:51 PM  

.

ഒരു കാലത്തും ക്ലാസില്‍ പോവില്ല.. ആവശ്യമുള്ളയിടത്തും ഇല്ലാത്തിടത്തും കയറി ഇടപെടും, ഷൈന്‍ ചെയ്യാന്‍ ശ്രമിക്കും. എല്ലാത്തിനെയും എല്ലാവരെയും കുറ്റം പറയും..

വല്ലപ്പോഴും സ്കൂളില്‍ വരും.. വന്നാലും പല പരിപാടികളാണ്. ചിലപ്പോ തോന്നിയാല്‍ സ്റ്റോറിലെ കാര്യം നോക്കും. അതു ചെയ്യുന്ന രീതി വര്‍ണ്ണിക്കുന്നതു കേട്ടാല്‍ മുഖ്യമന്ത്രിക്കു പോലും ഇത്രയും ജോലിയില്ലെന്നു തോന്നും.

പിള്ളേരോടു പന്തെടുത്തു കളിച്ചോളാന്‍ പറഞ്ഞിട്ടു വല്ലയിടത്തും പോയി മൊബൈലും പിടിച്ചു നില്‍ക്കും. ആകെ മൊത്തം സ്പോട്സ് അടുക്കുമ്പോള്‍ മാത്രം സ്കൂളില്‍ കാണും.

പലപ്പോഴും ലീഡറോടു പേരെഴുതാന്‍ പറഞ്ഞ് ഇവരു സ്ഥലം വിട്ടിട്ടുണ്ടാകും...ബാക്കി മുഴുവന്‍ സമയവും തിരക്കാണെങ്കിലും സ്കൂളില്‍ എന്തെങ്കിലും ചടങ്ങു സംഘടിപ്പിച്ചിട്ടുണ്ടെങ്കില്‍ ഇവര്‍ അവിടെ തുടക്കം മുതല്‍ ഒടുക്കം വരെ കാണും. തങ്ങളില്ലെങ്കില്‍ സ്കൂളേയില്ല എന്ന ഭാവമായിരിക്കും അപ്പോള്‍.

ഈ ചര്‍ച്ചയുമായി ഞാന്‍ ഇപ്പോള്‍ സൂചിപ്പിച്ച സംഭവങ്ങള്‍ക്ക് എന്തെങ്കിലും ബന്ധമുണ്ടെങ്കില്‍ അതാണ് അവരുടെ വില കുറയാനുള്ള കാരണങ്ങളിലൊന്ന്...

പ്രത്യേകിച്ച് ഉത്തരവാദിത്വങ്ങളൊന്നുമില്ല.. പിള്ളരു ജയിച്ചാലും തോറ്റാലും തങ്ങളെ ബാധിക്കില്ല. ഡിവിഷന്‍ ഫാള്‍ കാര്യമായി ബാധിക്കില്ല... എന്തും ആകാം.. ഈ അവസ്ഥ മാറ്റണ്ടേ..?

ANOOP July 15, 2011 at 7:34 AM  

ഡ്രോയിംഗ് മാഷന്മാര്‍ IT എടുക്കെണ്ടാന്നു ഓര്‍ഡര്‍ ഉണ്ടെന്നു അവര്‍ പറയുന്നു . ശരിയാണോ ?

K V Ramachandran July 15, 2011 at 8:32 AM  

ഈയുള്ളവന്‍ ചിത്രകലാധ്യാപകനും എന്റെ വിദ്യാലയത്തിലെ എസ്.ഐ.റ്റി.സി.യും, ഒമ്പത് -പത്ത് ക്ലാസുകളില്‍ ICT കൈകാര്യം ചെയ്യുന്നയാളുമാണ്. മുന്‍പ്രതികരണങ്ങളില്‍ നിന്നു രൂപപ്പെടുന്നത്, കേരളത്തിലെ കലാധ്യാപകരെല്ലാം ശുദ്ധമടിയന്മാരും വെറുതെയിരുന്നു ശമ്പളമുണ്ണുന്നവരുമാണെന്ന ധാരണയാണ്.(അങ്ങനെയുള്ള ഒരു ചെറുവിഭാഗം ഈ കലാധ്യാപകര്‍ക്കിടയില്‍ മാത്രമല്ല എന്ന കാര്യം മറന്നുപോകുന്നു.) പഠനപ്രവര്‍ത്തനങ്ങളിലും പാഠ്യേതരമേഖലകളിലും സജീവമായി മുഴുകി,ഒഴിച്ചുകൂടാന്‍ പറ്റാത്തതരത്തില്‍ വിദ്യാലയങ്ങളിലെ നിറസാന്നിധ്യമായി ജീവിക്കുന്ന എത്രയോ കലാധ്യാപകര്‍ നമ്മുടെ കലാലയങ്ങളിലുണ്ട്. വ്യക്തവും ശാസ്ത്രീയവുമായ ഒരു പാഠ്യപദ്ധതിയുടെയും ഗുണാത്മകമായ മൂല്യനിര്‍ണയരീതിയുടെയും ആവശ്യകത വര്‍ഷങ്ങളായി അവര്‍ ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്. ഏതാനും വ്യക്തികളെ ചൂണ്ടിക്കാട്ടി ഒരു പൊതുധാരണ സൃഷ്ടിക്കുമ്പോള്‍,ഇവിടെ സംഭവിക്കുന്നത്, അവരുടെ ആത്മാര്‍ത്ഥമായ വിലാപങ്ങളെ തിരിച്ചറിയപ്പെടാതെ പോകുന്നു എന്നതാണ്.

സുജനിക July 15, 2011 at 9:36 AM  

പഠനപ്രവര്‍ത്തനങ്ങളിലും പാഠ്യേതരമേഖലകളിലും സജീവമായി മുഴുകി,ഒഴിച്ചുകൂടാന്‍ പറ്റാത്തതരത്തില്‍ വിദ്യാലയങ്ങളിലെ നിറസാന്നിധ്യമായി ജീവിക്കുന്ന എത്രയോ കലാധ്യാപകര്‍ നമ്മുടെ കലാലയങ്ങളിലുണ്ട്.
@KVRamachandran: സർ, നിങ്ങളെപ്പോലുള്ള ചിലരെ ഒരിക്കലും മറന്നുകൊണ്ടല്ല ഈകുറിപ്പ്.എന്നെ പഠിപ്പിച്ച ഡ്രോയിങ്ങ് മാഷും, നെയ്ത്തുമാഷും ഒക്കെ മനസ്സിലുണ്ട്.

thoolika July 15, 2011 at 10:31 AM  

താങ്കളെ പോലെയുള്ള ഒരു ന്യൂനപക്ഷത്തെ ഒരിക്കലും ആരും കുറ്റപ്പെടുത്തുകയില്ല . മറിച്ച് ബഹുമാനിക്കുകയെ ഉള്ളൂ . എസ്.ഐ.റ്റി.സി.യും, ഒമ്പത് -പത്ത് ക്ലാസുകളില്‍ ICT കൈകാര്യം ചെയ്യുന്ന താങ്കളെ ഒരു ചിത്ര കലാധ്യാപകന്‍ എന്നതിലുപരി , IT അദ്ധ്യാപകന്‍ എന്ന നിലയില്‍ ആയിരിക്കും സഹാധ്യാപകരും കുട്ടികളും പരിഗണിക്കുക . ക്ലാസ്സില്‍ പോകാതെ , ഞാനില്ലെങ്കില്‍ സ്കൂളില്ല എന്ന മട്ടില്‍ നടക്കുന്ന ബഹു ഭൂരിപക്ഷമാണ് കമന്റുകളില്‍ പ്രതിഫലിച്ചു നില്‍ക്കുന്നത് . അതിനെതിരെ ശബ്ദമുയരേണ്ടത് നിങ്ങളുടെ സമൂഹത്തില്‍ നിന്ന് തന്നെയാണ് . കുറഞ്ഞ പക്ഷം IT വിഷയമെങ്കിലും കൈകാര്യം ചെയ്യാനുള്ള മനസ്സ് കാണിച്ചാല്‍ നന്നായിരുന്നു .

Sreejithmupliyam July 15, 2011 at 10:50 AM  

@KV Ramachandran Sir,
മുന്‍പ്രതികരണങ്ങളില്‍ നിന്നു രൂപപ്പെടുന്നത്, കേരളത്തിലെ കലാധ്യാപകരെല്ലാം ശുദ്ധമടിയന്മാരും വെറുതെയിരുന്നു ശമ്പളമുണ്ണുന്നവരുമാണെന്ന ധാരണയാണ്.(അങ്ങനെയുള്ള ഒരു ചെറുവിഭാഗം ഈ കലാധ്യാപകര്‍ക്കിടയില്‍ മാത്രമല്ല എന്ന കാര്യം മറന്നുപോകുന്നു.)
സാറിന് തെറ്റു പറ്റി. അങ്ങയെപ്പോലെ ആത്മാര്ത്ഥമായി കലാധ്യാപനവും ഒപ്പം 9,10 ക്ലാസുകളിലെ ഐ.ടി പഠിപ്പിക്കലും കൂടാതെ SITC സ്ഥാനവും വഹിക്കുന്നവരല്ലേ ചെറുവിഭാഗം? ഒരിക്കലും അടച്ചാക്ഷേപിക്കുകയല്ല ചെയ്യുന്നത്. പക്ഷേ ഭൂരിഭാഗവും ആദ്യവിഭാഗത്തില്‍ തന്നെ ഉള്‍പ്പെടുന്നു. പുസ്തകവിതരണത്തിന്റെ പോയിട്ട്, സ്കൂള്‍ കലോല്‍സവത്തിന്റെ പോലും ചാര്‍ജ്ജ് ഏറ്റെടുക്കാന്‍ മടി കാണിക്കുന്നവര്‍ ഇക്കൂട്ടത്തിലുണ്ട്. അങ്ങയെപ്പോലുള്ളവരുടെ സേവനം പ്രശംസനീയം തന്നെയാണ്......
ശ്രീജിത്ത് മുപ്ലിയം

Akbarali Charankav July 15, 2011 at 11:09 AM  

പലപ്പോഴും ക്ലാസില്‍ ആളില്ലാത്ത സമയം പോകാനുള്ള തരത്തിലേക്ക്‌ ഈ അധ്യാപകരെ മാറ്റുന്നു എന്നതാണ്‌ ഖേദകരം

Zain July 15, 2011 at 4:48 PM  

Quite a relevant post! Congratulations. Some four-five years before, there were Physics teachers who were not able to fix a broken fuse! Now, they can even make some good circuits, indeed, thanks to practical sessions in TEPs.

ബീന്‍ July 15, 2011 at 5:45 PM  

ഹ ... ഹ... ഹ ... ഹ...
എനിക്ക് ചിരിക്കാന്‍ വയ്യേ ....
ഈ zain മാഷിന്റെ ഒരു തമാശ

ജനാര്‍ദ്ദനന്‍.സി.എം July 15, 2011 at 8:45 PM  

അലമേലുവിന് ആരാകണം?
ഇവിടെ നോക്കുക

malayalasangeetham July 15, 2011 at 8:51 PM  

സ്കൂളിൽ കലാധ്യാപകർ ഉണ്ടാകേണ്ടത് അവശ്യം തന്നെ...
എല്ലാ അധ്യാപനവും കലയാകേണ്ടതല്ലേ.....
എല്ലാ അധ്യാപകരും കലയിലേക്കു പോകേണ്ടതില്ലേ...

ജനാര്‍ദ്ദനന്‍.സി.എം July 16, 2011 at 1:39 PM  

ട്രെയിനിംഗ് ഉള്‍ക്കൊള്ളാത്ത രണ്ട് പാവത്താന്മാരും ഒരു റിസോസ് പേഴ്സണും കളരിയില്‍
[im]https://lh6.googleusercontent.com/-JOn8t3EYzf8/Thv6DpLwV1I/AAAAAAAABi0/uevWjB6CBxw/w292/1c5b86b746739b686890261df169252b20f9fe84.gif[/im]

VIJAYAKUMAR M D July 16, 2011 at 4:47 PM  

ഒന്നും ചെയ്യാതെ ശമ്പളം പറ്റുന്നവര്‍ ഇതൊക്കെ അറിയുന്നുണ്ടെങ്കില്‍ നന്ന്. ബെല്ലടിക്കുവാന്‍ മനസ്സുള്ള ഒരു പ്യൂണിനേയും ബെല്ലടിപ്പിക്കാന്‍ കഴിയുന്ന ഒരു ഹെഡ്മമാസ്റ്ററേയും കിട്ടിയിട്ടുള്ള സര്‍ക്കാര്‍ സ്ക്കൂളിലെ അദ്ധ്യാപകര്‍ എത്ര ഭാഗ്യവാന്മാര്‍ !

സഹൃദയന്‍ July 19, 2011 at 9:43 PM  

.

മാത്സ് ബ്ലോഗിന് ഒരു അഭിനന്ദനവും ഒരു വിമര്‍ശനവും

ദേ.. ഇതു നോക്കിക്കേ.. മാത്സ് ബ്ലോഗിലെ ഹരിസാറിനെ കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നതു കണ്ടോ..? അതിനാണ് അഭിനന്ദനം..

ഇനി വിമര്‍ശനവും..

ഡിപ്പാര്‍ട്ട്മെന്റിന്റെ സൈറ്റിനെ യൂസര്‍ നെയിമും പാസ്‌വേഡും പരസ്യപ്പെടുത്തിയത് ശരിയായില്ല..ദുഷ്ടലാക്കുള്ളവര്‍ എത്രയോ പേരുണ്ടാകും..ആരെങ്കിലും അതിനെ ദുരുപയോഗപ്പെടുത്തിയാലോ..?

വി.കെ. നിസാര്‍ July 19, 2011 at 10:04 PM  

ചിക്കൂ..
അഭിനന്ദനത്തിന് നന്ദി!
ഇനി വിമര്‍ശനം..
ഒരു ഡിഇഒയുടെ സൈറ്റില്‍ കണ്ട വിവരംപ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചുവെന്നു മാത്രം.പറഞ്ഞത് നൂറുശതമാനം ശരിയാണ്.തുടര്‍ന്നും വിമര്‍ശനാത്മകമായി സമീപിക്കുമല്ലോ..?

ഹോംസ് July 23, 2011 at 7:09 AM  

"സമ്മേളനം പിരിച്ചുവിട്ടശേഷവും വളഞ്ഞ് നിന്ന് സംശയങ്ങള്‍ റാപ്പിഡ് ഫയര്‍ ചെയ്ത കുട്ടികള്‍ക്ക് മെയില്‍ ഐഡി കൊടുത്തപ്പോള്‍ ഒരു കുട്ടിസുഹൃത്ത് - "ചീത്തയാവും എന്ന് പറഞ്ഞ് മൊബൈല്‍ ഫോണ്‍ പോലും തൊടീക്കില്ല വീട്ടില്‍, പിന്നല്ലേ ഇന്റര്‍നെറ്റ് " (ഐടി@സ്കൂളിന്റെ ഭാഗമായി എല്ലാര്‍ക്കും ഇ-മെയില്‍ ഐഡി സൃഷ്ടിക്കേണ്ടത് സിലബസിലുള്‍പ്പെടുത്തിയ ഒരു ക്ലാസ് റൂം activity ആയ നാട്ടിലാണിത് !)
പ്ലസ് ടൂ കഴിഞ്ഞാല്‍ നിങ്ങളുടെ ഈ കെട്ടുപൊട്ടിക്കാന്‍ സ്കോപ്പുണ്ട് എന്ന് ആശ്വസിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ഒരു കുട്ടി പറയുകയാണ്‌ - "യെവടെ സര്‍, കെട്ടിച്ച് വിടും വരെ സമാധാനമില്ലെന്നാണ്‌ വീട്ടീന്ന് പറഞ്ഞിരിക്കുന്നത് ".

മുകളിലെ ചോദ്യങ്ങളൊക്കെ ചോദിച്ച് സ്പാറിയ ബ്രില്യന്റായ കുട്ടികളെയാണ്‌ "സമാധാനം കെടുത്തുന്ന ബാധ്യതകളാ"യി കെട്ടിച്ചുവിടാന്‍ നമ്മുടെ സമൂഹം കെട്ടിപ്പൊതിഞ്ഞ് വച്ചിരിക്കുന്നത്. ക്ലാസെടുക്കേണ്ടത് തന്തമാര്‍ക്കും തള്ളമാര്‍ക്കുമാണ്‌, പിന്നെ ചില അധ്യാപകര്‍ക്കും :("

വെള്ളെഴുത്ത് - ചിത്രകാരന്റെ ബസ്!

Babu Alappattu July 25, 2011 at 7:52 AM  

കടലാസു വെട്ടി പൂക്കളുണ്ടാക്കുന്നതും പാവയെയുണ്ടാക്കുന്നതുമെല്ലാം ക്രാഫ്റ്റിലുണ്ട്. എന്നാൽ ചെറിയ രീതിയിലുള്ള എഞ്ചിനീയറിങ്ങ് പഠനവും ആവ്ശ്യമല്ലെ? ഉദാ: വീട്ടിലുപയോഗിക്കുന്ന സ്ക്രൂ ഡ്രൈവർ, പ്ലയറ് ചുറ്റിക ഇവയൊക്കെ ശരിയായ രീതി്യിലുപയോഗിക്കുന്നത് കൂടി പഠിക്കുന്നതും ചിന്തിക്കണ്ടെ?

KAZHCHA July 30, 2011 at 2:44 PM  

നിയമങ്ങൾക്കും ഉത്തരവുകൾക്കും കാത്തു നിൽക്കാതെ , അദ്ധ്യാപകർക്ക് ക്ലബ് പ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തി ചെയ്യാൻ കഴിയുന്ന എഴുത്ത് ,ഗവേഷണം,ലളിതകലകളുടെ ഉപയോഗം, ശസ്ത്രസങ്കേതികം,.....ഇങ്ങനെ ഒരുപാടുപ്രവർത്തനങ്ങൾ ചെയ്യുവാൻ കഴിയും...പക്ഷെ...ഇവിടെ മേലത്തെ ജി. ഒ നോക്കിമാത്രം പ്രവർത്തിക്കന്ന , അഥവാ റെക്കോർഡുകൾ മാത്രം ശരിയെന്നു കരുതുന്ന ഒരു യന്ത്രമവുകയല്ലേ..സാർ നമ്മുടെ സംവിധാനങ്ങൾ......

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer