പത്താം ക്ലാസ് ഫിസിക്സ് - ശബ്ദം

>> Sunday, October 28, 2012

പത്താം ക്ലാസ് ശാസ്ത്രപാഠപുസ്തകത്തിലെ പ്രധാനപ്പെട്ട ഒരു യൂണിറ്റാണ് ശബ്ദം. ഈ യൂണിറ്റ് നന്നായി പഠിക്കാനും പഠിപ്പിക്കാനും സഹായിക്കുന്ന ഒരു നോട്ടാണ് ഇതോടൊപ്പമുള്ളത്. പറവൂര്‍ എസ്.എന്‍.എച്ച്.എസ്.എസിലെ ഭൗതികശാസ്ത്ര അധ്യാപകനായ സി.കെ.ബിജു സാറാണ് ക്യാപ്സൂളുകളായി ഈ നോട്ട്സ് തയ്യാറാക്കിയിരിക്കുന്നത്. ചോദ്യങ്ങള്‍ക്കൊടുവിലായി ഗവണ്‍മെന്റ് എച്ച്.എസ് മുടിക്കലിലെ വി.എ.ഇബ്രാഹിം സാര്‍ തയ്യാറാക്കിയ ചോദ്യങ്ങളുമുണ്ട്. സംശയങ്ങളും കൂട്ടിച്ചേര്‍ക്കലുകളും കമന്റായി രേഖപ്പെടുത്തുമല്ലോ.

സ്വാഭാവിക ആവൃത്തി - കമ്പനം ചെയ്യുന്ന വസ്തുവിന്റെ സ്വാഭാവിക ആവൃത്തി

സ്വാധീനിക്കുന്ന ഘടകങ്ങള്‍ - പദാര്‍ത്ഥത്തിന്റെ സ്വഭാവം , നീളം, ഛേദതല വിസ്തീര്‍ണ്ണം, വസ്തുവിന്റെ വലിവ്...

ശബ്ദപ്രേഷണത്തിന് മാധ്യമം ആവശ്യമാണ്.- പരീക്ഷണം.....- ഉദാഹരണങ്ങള്‍....
വിവിധമാധ്യമങ്ങളിലൂടെ ശബ്ദം സഞ്ചരിക്കുന്നത് വ്യത്യസ്ത വേഗത്തിലാണ്.

ശബ്ദം അനുദൈര്‍ഘ്യതരംഗമാണ്.
പ്രവേഗം v = f x l (f = ആവൃത്തി, l = തരംഗദൈര്‍ഘ്യം)

ശബ്ദത്തിന്റെ സവിശേഷതകള്‍ - ശബ്ദ തീവ്രത, ഉച്ചത, ശ്രുതി, ഗുണം

ശബ്ദതീവ്രത < a2 (ആയതിയുടെ വര്‍ഗ്ഗം) - യൂണിറ്റ് = W/m2
ഉച്ചത = ശബ്ദം ഉണ്ടാക്കുന്ന കേള്‍വി അനുഭവത്തിന്റെ അളവ്,
യൂണിറ്റ് = dB ഉച്ചതയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ - ആയതി, പ്രതലവിസ്തീര്‍ണ്ണം, സ്രോതസ്സും ശ്രോതാവും തമ്മിലുള്ള അകലം, മാധ്യമത്തിന്റെ സാന്ദ്രത, വായുപ്രവാഹ ദിശ.

ശ്രുതി = ശബ്ദകൂര്‍മ്മത = ആവൃത്തികൂടുമ്പോള്‍ ശ്രുതി കൂടുന്നു.
ഉയര്‍ന്ന ശ്രുതി = സ്ത്രീകളൂടെ ശബ്ദം, കിളികളുടെ ശബ്ദം, ഗ്ലാസ് വീഴുന്ന ശബ്ദം.....
താഴ്ന്ന ശ്രുതി = പുരുഷശബ്ദം, പശുവിന്റെ ശബ്ദം, താറാവിന്റെ ശബ്ദം, ഇടിമുഴക്കം.....
ബേസ് = താഴ്ന്ന ശ്രുതികളുടെ കൂട്ടം,
ട്രബ്ള്‍ = ഉയര്‍ന്ന ശ്രുതികളുടെ കൂട്ടം,
ഗുണം - ഒരേ ഉച്ചതയും ആവൃത്തിയും ഉള്ള ശബ്ദം വേര്‍തിരിച്ചറിയുന്നതിനുള്ള സവിശേഷത

ഡോപ്ലര്‍ ഇഫക്ട്
ശബ്ദസ്രോതസ്സ് ശ്രോതാവിന്റെ അടുത്തേക്ക് ചലിക്കുമ്പോള്‍ കേള്‍ക്കുന്ന ശബ്ദത്തിന്റെ ആവൃത്തി കൂടുന്നു.
ശബ്ദസ്രോതസ്സ് അകലുമ്പോള്‍, ആവൃത്തി കുറയുന്നു.
(ഒരു സെക്കന്റില്‍ ലഭിക്കുന്ന സൈക്കിളുകളുടെ എണ്ണം വ്യത്യാസപ്പെടുന്നത്.....)
ഉദാഹരണങ്ങള്‍.....
പ്രണോദിത കമ്പനം = ഒരു വസ്തുവിന്റെ കമ്പനം കൊണ്ട് അതേ ആവൃത്തിയില്‍ മറ്റൊരു വസ്തുകമ്പനം ചെയ്യുന്നത്....

അനുനാദം
പ്രണോദിത കമ്പനത്തിന് വിധേയമാകുന്ന വസ്തുവിന്റെ സ്വാഭാവിക ആവൃത്തിയും, പ്രേരണം ചെയ്യുന്ന വയ്തുവിന്റെ സ്വാഭാവിക ആവൃത്തിയും തുല്യമാകുമ്പോള്‍ ആയതി കൂടുന്നു.
സോണോമീറ്റര്‍, ജലത്തില്‍ താഴ്ത്തിയ പൈപ്പിലെ ശബ്ദ വ്യതിയാനങ്ങള്‍.....

ബീറ്റുകള്‍
ആവൃത്തിയില്‍ നേരിയ വ്യത്യാസമുള്ള രണ്ടുവസ്തുക്കള്‍ കമ്പനം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ശബ്ദവ്യതിയാനം
ശ്രവണപരിധി = മനുഷ്യന് കേള്‍ക്കാള്‍ കഴിയുന്നത് = 20 Hz മുതല്‍ 20kHz വരെ
20 Hzല്‍ താഴെ = ഇന്‍ഫ്രാസോണിക് = തിമിംഗലം, ആന, കണ്ടാമൃഗം, ഭൂമികുലുക്കം.....
20kHz ല്‍ കൂടുതല്‍ = അള്‍ട്രാസോണിക് = നായ്, വവ്വാല്‍, ഡോള്‍ഫിന്‍, സോണാര്‍, ഗാള്‍ട്ടണ്‍ വിസില്‍, ECG, US Scan.....

ശബ്ദത്തിന്റെ ആവര്‍ത്തനപ്രതിപതനം....സന്ദര്‍ഭങ്ങള്‍....

ശ്രവണസ്ഥിരത = ശ്രവണാനുഭവം 1/10 സെക്കന്റ് നേരം നില്‍ക്കുന്നത്....
പ്രതിധ്വനി = 1/10 സെക്കന്റിനുശേഷം മാത്രം പ്രതിപതിച്ച ശബ്ദം കേള്‍ക്കുന്നത്.....34 mനു ശേഷം കെട്ടിടങ്ങളുടെ ശബ്ദശാസ്ത്രം.....ക്രമീകരണങ്ങള്‍....... ശബ്ദമലിനീകരണം........കുറയ്ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍.....


Questions from SSLC Physics Unit - Sound
Prepared by V.A Ibrahim, Govt.HS, Mudickal


Read More | തുടര്‍ന്നു വായിക്കുക

Applied Construction എന്തല്ല..?

>> Tuesday, October 23, 2012

ഗണിതശാസ്ത്രമേളയിലെ ഒരു മല്‍സര ഇനമാണ്  അപ്ലയ്ഡ് കണ്‍ട്രക്ഷന്‍ .എഞ്ചിനിയറിങ്ങ് ഡ്രോയിംഗിനായി ഉപയോഗിക്കുന്ന എല്ലാ സാമഗ്രികളും ഇതിനായി ഉപയോഗിക്കാം. ഒന്നോ അതിലധികമോ ജ്യാമിതീയ ആശയങ്ങള്‍ ഉപയോഗിച്ചുകൊണ്ട് നടപ്പാക്കുന്ന ജ്യാമിതീയനിര്‍മ്മിതികളാണ് ഇവ. മല്‍സരത്തെക്കുറിച്ചുപറഞ്ഞാല്‍‌ പരമാവധി മൂന്ന് ചാര്‍ട്ട് പേപ്പറിലായി തുടര്‍ച്ചയും വളര്‍ച്ചയും വ്യക്തമാകത്തക്കവിധം തയ്യാറാക്കുന്ന നിര്‍മ്മിതികള്‍ . ആശയവും നിര്‍മ്മിതിയും ഒരു ചാര്‍ട്ടില്‍ പൂര്‍ണ്ണമായില്ലെങ്കില്‍ രണ്ടാമത്തെതും മൂന്നാമത്തേതുമായി ചാര്‍ട്ടുകള്‍ ഉപയാഗിക്കാം. പരസ്പരബന്ധമില്ലാത്ത മൂന്നുനിര്‍മ്മിതികള്‍ വളരെ മനോഹരമായി തയ്യാറാക്കിയാല്‍ അവയില്‍ ഒന്നുമാത്രമേ മൂല്യനിര്‍ണ്ണയം നടത്തുകയുള്ളൂ എന്ന് സാരം. ഒരാശയം തന്നെ ഉപയാഗിച്ച് നിര്‍മ്മിക്കുന്ന മൂന്ന് വ്യത്യസ്ത നിര്‍മ്മിതികളും തുടര്‍ച്ചയല്ലെന്ന് അറിയുക. ഒത്തിരി തെറ്റിദ്ധാരണകള്‍ നിറഞ്ഞ ഒരു മല്‍സര ഇനമാണ് Applied Construction. ഇതേക്കുറിച്ച് ജോണ്‍ സാര്‍ ചുവടെ വിശദീകരിക്കുന്നു.

ഒരു കാലത്ത് ഇതൊരു വസ്തുവിന്റെ നിര്‍മ്മിതിയാക്കി അവതരിപ്പിച്ചിരുന്നു. പലപ്പോഴും അവ മോഡലുകള്‍ മാത്രമായി മാറിപ്പോകുമായിരുന്നു. ഇവ ചാര്‍ട്ടുകളില്‍ വരക്കുന്ന നിര്‍മ്മിതികളാകണം എന്ന് നിഷ്ക്ര്‍ഷിച്ചപ്പോള്‍ അവ കേവലം വീടിന്റെ പ്ലാനുകളായി പുനര്‍ജനിച്ചു.  ചിലര്‍ വീടിന്റെ പ്ലാന്‍വരക്കുകയും തെര്‍മ്മോക്കോളില്‍ മാതൃക നിര്‍മ്മിക്കുകയും ചെയ്തു. മറ്റുചിലരാകട്ടെ വീടിന്റെ പ്ലാന്‍വരച്ച് മുറികളുടെ പരപ്പളവും മറ്റും കണക്കുകൂട്ടി പട്ടികയിലാക്കി. ഇങ്ങനെ വ്യക്തതയില്ലാത്ത ഒരു ഇനമായിമാറി അപ്ലയ്ഡ് കണ്‍ട്രക്ഷന്‍.. മൂല്യനിര്‍ണ്ണയത്തിന് വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വന്നപ്പോള്‍ കാഴ്ചപ്പാടുകള്‍ നിയന്ത്രിക്കേണ്ടതായി വന്നു. പാഠഭാഗങ്ങളുമായുള്ള നേര്‍ബന്ധം അനിവാര്യമായിത്തീര്‍ന്നു. പണ്ട് ഫിങ്ക് ട്രസുകളുടെയും കാന്റിലിവറുകളുടെയും സ്റ്റബിളിറ്റിയും മറ്റും ലിങ്ക് പോളിഗണണ്‍ നിര്‍മ്മിച്ച് ടെസ്റ്റ് ചെയ്ത് എഞ്ചിനിയറിങ്ങ് നിര്‍മ്മിതികള്‍ നടത്തി സംസ്ഥാനതലത്തില്‍ സമ്മാനങ്ങള്‍ വാങ്ങാമായിരുന്നു. ഇന്ന് അത്തരം വര്‍ക്കുകള്‍ പാഴ് വേലകളാണ് .. ഇത്രയുമൊക്കെ പറഞ്ഞപ്പോള്‍ പ്രീയ വായനക്കാര്‍ ചിന്തിക്കുന്നുണ്ടാകും പിന്നെ എന്താണ് ഈ നിര്‍മ്മിതി ? വിമര്‍ശനാന്മകമായ നിലപാടുകള്‍ പ്രതീക്ഷിച്ചുകൊണ്ട് ഒരു നിര്‍മ്മിതി അവതരിപ്പിക്കട്ടെ. ഒരു ഷീറ്റ് മെറ്റല്‍ ജോലിക്കാരന്‍ നേരിടുന്ന പ്രശ്നമാണ്. അയാള്‍ക്ക് ത്രികോണാകൃതിയിലുള്ള മെറ്റല്‍ഷീറ്റുകളാണ് വാങ്ങാന്‍ കിട്ടുന്നത് . ഓരോ ത്രികോണത്തകിടില്‍നിന്നും പരമാവധി വലുപ്പത്തിലുള്ള സമചതുരങ്ങള്‍ മുറിച്ചെടുക്കണം . പല വലുപ്പത്തിലുളള , പല ആകൃതിയുള്ള ത്രികോണത്തകിടില്‍ നിന്നു സമചതുരങ്ങള്‍ നിര്‍മ്മിക്കാന്‍ അയാളെ ഒന്നു സാഹായിക്കാമോ?
നിര്‍മ്മിതിയുടെ ഏകദേശചിത്രമാണ് താഴെ കൊടുത്തിരിക്കുന്നത് സമാനമായ നിര‍മ്മിതി താഴെ കൊടുത്തിരിക്കുന്ന സ്റ്റപ്പുകള്‍ ഉപയോഗിച്ച് ചാര്‍ട്ട് പേപ്പറില്‍ വരക്കുമല്ലോ ത്രികോണം ABC വരക്കുക.AB വശത്ത് D അടയാളപ്പെടുത്തുക. D യില്‍നിന്ന് AC യിലേയ്ക്ക് AE എന്ന ലംബം വരക്കുക AE വശമായി സമചതുരം DEGF വരക്കുക AF ലൂടെ നീട്ടുന്ന വര BC യെ H ല്‍ ഖണ്ഡിക്കുന്നു H ല്‍ നിന്നും AC യിലേയ്ക്ക് HK എന്ന ലംബം വരക്കുക HK വശമായി വരക്കുന്ന സമചതുരം ഏറ്റവും വലിയ സമചതുരമായിരിക്കും ഇതിന്റെ ജ്യാമിതീയ തത്വം ഒന്നാലോചിച്ചുനോക്കാം ത്രികോണം ADF , ത്രികോണം AIH എന്നിവ സദൃസ്യത്രികോണങ്ങളാണ് . അതിനാല്‍ $‌\frac{DF}{HI}=\frac{AF}{AH}$ ആയിരിക്കും . അതുപോലെ ത്രികോണം AFG , ത്രികോണം AHK എന്നിവ സദൃശ്യത്രികോണങ്ങളാണ് . $‌\frac{GF}{HK}=\frac{AF}{AH}$ അതിനാല്‍ $\frac{DF}{HI}=\frac{GF}{HK}$ ആണ്.എന്നാല്‍ DF = FG ആയതുകൊണ്ട് HK = HI ആണ്ലലോ . അതിനാല്‍ HIGK സമചതരം തന്നെ . അത് ഏറ്റവും വലുതല്ലേ? ഈ നിര്‍മ്മിതി പല ആകൃതിയിലുള്ള ത്രികോണങ്ങളുടെ കാര്യത്തില്‍ ശരിയാകുമെന്ന് കാണിക്കാം .വേണമെങ്കില്‍ ചാര്‍ട്ടുപേപ്പറില്‍ വെട്ടിയെടുത്ത് ഭംഗിയാക്കാം ...


Read More | തുടര്‍ന്നു വായിക്കുക

കാര്‍ട്ടൂണ്‍, അനിമേഷന്‍ സിനിമാമത്സരം ഒക്ടോബര്‍ 30 വരെ..!

>> Monday, October 22, 2012

'ഊര്‍ജ സംരക്ഷണത്തിലൂടെ പ്രകൃതി സംരക്ഷണം' എന്ന വിഷയം ആസ്പദമാക്കി ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ തലത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് (1) കാര്‍ട്ടൂണ്‍ (2) അനിമേഷന്‍ സിനിമാ നിര്‍മാണം എന്നിവയില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഒരു വിദ്യാര്‍ത്ഥിക്ക് ഏതെങ്കിലും ഒരിനത്തില്‍ മത്സരിക്കാം. കാര്‍ട്ടൂണ്‍ കടലാസില്‍ കറുപ്പു മഷി കൊണ്ടോ കളറിലോ വരയ്ക്കാം. ഒരു മിനിട്ടു മുതല്‍ രണ്ടു മിനിട്ടുവരെ ദൈര്‍ഘ്യമുള്ള ഒരു അനിമേഷന്‍ സിനിമ സ്വതന്ത്ര സോഫ്ട്‌വെയറില്‍ നിര്‍മ്മിച്ചും മത്സരത്തിലേക്കായി അയയ്ക്കാവുന്നതാണ്.

വൈദ്യുതി, പെട്രോളിയം ഉത്പന്നങ്ങള്‍ തുടങ്ങിയവ നാം ഏതെല്ലാം വിധത്തില്‍ ദുരുപയോഗം ചെയ്യുന്നു, ഇവ ഭൂമിയില്‍ എത്രകാലം വരെ ലഭ്യമാകും. ആഗോള താപനവും ഊര്‍ജ ഉപഭോഗവും തമ്മില്‍ എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു. ആഗോള താപനം ഏതളവുവരെ എങ്ങനെയൊക്കെ പരിഹരിക്കാം തുടങ്ങിയ ആശയങ്ങളെ മുന്‍നിര്‍ത്തിയുള്ള സ്വയം വിമര്‍ശനങ്ങള്‍ക്കും ആക്ഷേപ ഹാസ്യങ്ങള്‍ക്കുമാണ് മത്സരത്തില്‍ മുന്‍ഗണന.

കലാ സൃഷ്ടികള്‍ ഹെഡ് മാസ്റ്ററുടേയോ പ്രിസിപ്പലിന്റെയോ സാക്ഷ്യ പത്രത്തോടുകൂടി ഐ.ടി@സ്കൂളിന്റെ ബന്ധപ്പെട്ട ജില്ലാ പ്രോജക്ട് ഓഫീസുകളില്‍ ഒക്ടോബര്‍ 30 ന് മുമ്പ് ലഭിച്ചിരിക്കണം. ലഭിക്കുന്ന സൃഷ്ടികളില്‍ നിന്നും ജില്ലാതലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ തെരഞ്ഞെടുത്ത് സമ്മാനങ്ങള്‍ നല്‍കും. കൂടാതെ എല്ലാ എ, ബി, സി ഗ്രേഡുകാര്‍ക്കും സര്‍ട്ടിഫിക്കറ്റും നല്‍കും. അനിമേഷന്‍ സിനിമാ മത്സര വിഭാഗത്തില്‍ എ ഗ്രേഡ് ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാനതലത്തില്‍ നാലു ദിവസം നീണ്ടുനില്‍ക്കന്ന അനിമേഷന്‍ സിനിമാ നിര്‍മ്മാണ ക്യാമ്പ് നടത്തുന്നതാണ്. ക്യാമ്പില്‍ വച്ച് നിര്‍മ്മിക്കുന്ന സിനിമകള്‍ വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്നതും മികച്ച സിനിമകള്‍ക്ക് ദേശീയ ഊര്‍ജസംരക്ഷണ ദിനമായ ഡിസംബര്‍ 14 ന് സംസ്ഥാനതലത്തില്‍ സമ്മാനങ്ങള്‍ നല്‍കുന്നതും സൃഷ്ടികള്‍ പൊതു വേദിയില്‍ പ്രദര്‍ശിപ്പിക്കുന്നതുമാണ്.
കാര്‍ട്ടൂണുകളുടെ കുറച്ച് മാതൃകകള്‍ താഴേ..





Read More | തുടര്‍ന്നു വായിക്കുക

ഫോട്ടോകള്‍ ഒരു ഫോള്‍ഡറിലിട്ട് ഒരുമിച്ച് ഫയല്‍ സൈസ് കുറക്കാം

>> Thursday, October 11, 2012

വിദ്യാഭ്യാസ വകുപ്പും IT@School ഉം സംയുക്തമായി കഴിഞ്ഞ വര്‍ഷം മുതല്‍ സ്ക്കുള്‍ കായിക മത്സരങ്ങളുടെ നടത്തിപ്പിന് നടപ്പിലാക്കിയ സോഫ്റ്റ്​വെയര്‍ കായികരംഗത്തെ ഒരു പുതിയ കാല്‍വെപ്പായിരുന്നു. വിജയകരമായിരുന്നു. സ്ക്കൂള്‍ തലങ്ങളില്‍ നിന്ന് ഓണ്‍ലൈനായി കുട്ടികളുടെ ഡാറ്റാ എന്റര്‍ ചെയ്യുകയും സബ് ജില്ലാതലങ്ങളില്‍ ആ ഡാറ്റാ ഉപയോഗിച്ച് സോഫ്റ്റ്​വെയറിന്റെ സഹായത്തോടെ മത്സരങ്ങള്‍ നടത്തുകയും ചെയ്യുന്നു. റവന്യു ജില്ലാ മത്സരങ്ങളും സംസ്ഥാന മത്സരങ്ങളും ഈ സോഫ്റ്റ്​വെയറിന്റെ സഹായത്താല്‍ കഴിഞ്ഞ വര്‍ഷം വളരെ വിജയകരമായി നടന്നു. സംസ്ഥാന മത്സരങ്ങളുടെ ഫലങ്ങള്‍ തല്‍സമയം തന്നെ ഇന്റര്‍നെറ്റില്‍ ലഭ്യമാക്കി. അതിനുള്ള സോഫ്റ്റ് വെയറിലേക്ക് അപ്​ലോഡ് ചെയ്യുന്ന കുട്ടികളുടെ ഫോട്ടോയുടെ വലിപ്പം 100kb ക്കും താഴേക്ക് മാറ്റേണ്ടതുണ്ട്. ഇത് ഓരോന്നോരാന്നായി ചെയ്യുന്നതിനു പകരം ഒരു ഫോള്‍ഡറിനുള്ളിലെ മുഴുവന്‍ ഇമേജുകളും ഒരുമിച്ച് format മാറ്റുകയോ resize ചെയ്യുകയോ ചെയ്യുന്നതിനായുള്ള converseen എന്ന സോഫ്റ്റ്​വെയറിനെക്കുറിച്ച് ചുവടെ വിശദീകരിച്ചിരിക്കുന്നു. ഒപ്പം സോഫ്റ്റ്​‌വെയറിലേക്കുള്ള ഡാറ്റാ എന്‍ട്രിയേക്കുറിച്ചുള്ള പൊതു നിര്‍ദ്ദേശങ്ങളും താഴെ നല്‍കിയിട്ടുണ്ട്.

ഇന്‍ഡ്യയില്‍ കായികരംഗത്ത് ആദ്യമായി ഓണ്‍ലൈന്‍ എന്‍ട്രിയിലുടെ മത്സരങ്ങള്‍ സംഘടിപ്പിച്ച സംസ്ഥാനം കേരളമാണ്. സംസ്ഥാനത്തെ കായികാദ്ധ്യാപകര്‍ക്കും സബ് ജില്ലാ, റവന്യു ജില്ലാ സെക്രട്ടറിമാര്‍ക്കും കായികരംഗത്ത് പ്രവര്‍ത്തിക്കുന്ന ഏല്ലാവര്‍ക്കും വളരെയധികം പ്രയോജനപ്പെട്ട ഇതിന് നേത്യത്വം നല്‍കിയ വിദ്യാഭ്യാസ വകുപ്പിനേയും, സ്പോര്‍ട്സ് ഓര്‍ഗനൈസറേയും IT@School നേയും അഭിനന്ദിക്കുന്നു. കഴിഞ്ഞ വര്‍ഷം അത്​ലറ്റിക് മത്സരങ്ങളില്‍ മാത്രമായിരുന്നു ഇത് നടപ്പിലാക്കിയത്. ഈ വര്‍ഷം നീന്തല്‍ , ഗെയിംസ് മത്സരങ്ങളിലും ഈ സോഫ്റ്റ്​വെയര്‍ നടപ്പിലാക്കുവാന്‍ തിരുമാനിച്ചിരിക്കുന്നു. സ്ക്കുള്‍ തല ഓണ്‍ലൈന്‍ എന്‍ട്രിക്കായി സെപ്റ്റംബര്‍ ആദ്യവാരം തന്നെ സോഫ്റ്റ് വെയര്‍ തയ്യാറാക്കുമെന്നാണ് അധിക്യതര്‍ അറിയിച്ചിരിക്കുന്നത്.
ഓണ്‍ലൈനായി ഡാറ്റാ എന്‍ട്രി നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

    1. www.schoolsports.in എന്ന വെബ് സൈറ്റിലാണ് ഡാറ്റാ എന്‍ട്രി നടത്തേണ്ടത്. 2. Mozilla Firefox എന്ന വെബ് ബ്രൗസര്‍ മാത്രമേ ഉപയോഗിക്കാവു. 3. Entry form , Item Code , Age Category , Sports Manual എന്നിവ വെബ് സൈറ്റിന്റെ ഹോം പേജില്‍ തന്നെ ലഭിക്കും. 4. സബ് ജില്ലയില്‍ നിന്നും ലഭിക്കുന്ന യൂസര്‍ നെയിമും പാസ് വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യണം. 5. ആദ്യമായി ലോഗിന്‍ ചെയ്യുമ്പോള്‍ പാസ്​വേഡ് നിര്‍ബന്ധമായും മാറ്റേണ്ടതാണ്. 6. അത്​ലറ്റിക് മത്സരങ്ങള്‍ക്കും നീന്തല്‍ മത്സരങ്ങള്‍ക്കും ഗെയിംസ് മത്സരങ്ങള്‍ക്കും പ്രത്യേകം എന്‍ട്രി നടത്തണം. 7. ഗെയിംസ് മത്സരങ്ങള്‍ എന്റര്‍ ചെയ്യുമ്പോള്‍ ടീമായി പങ്കെടുക്കുന്ന ഓരോ ഇനങ്ങളും പ്രത്യേകമായി ടിക്ക് ചെയ്യണം. 8. അഡ് മിഷന്‍ നമ്പര്‍, കുട്ടിയുടെ പേര് , വയസ് , ജനനതീയതി, പിതാവിന്റെ പേര്, പങ്കെടുക്കുന്ന ഇനങ്ങളുടെ കോ‍ഡ് നമ്പര്‍, ഫോട്ടോ എന്നീ വിവരങ്ങളാണ് നല്‍കേണ്ടത്. 9. സീനിയര്‍,ജുനിയര്‍,സബ് ജുനിയര്‍ വിഭാഗങ്ങളില്‍ മത്സരിക്കുന്ന കുട്ടികളുടെ പാസ് പോര്‍ട്ട് സൈസ് ഫോട്ടോ (പരമാവധി 100 kb) നിര്‍ബന്ധമായും അപ് ലോഡ് ചെയ്യേണ്ടതാണ്. 10. ഹയര്‍ സെക്കണ്ടറി കുട്ടികളാണെങ്കില്‍ അഡ് മിഷന്‍ നമ്പറിന്റെ കുടെ H (H101) എന്നും വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി കുട്ടികളാണെങ്കില്‍ അഡ് മിഷന്‍ നമ്പറിന്റെ കുടെ V (V101)എന്നും ചേര്‍ക്കേണ്ടതാണ്. 11. ഹയര്‍ എയ്ജ് ഗ്രൂപ്പില്‍ മത്സരിക്കുന്ന കുട്ടികളുടെ വിവരങ്ങള്‍ പ്രത്യേകം രേഖപ്പെടുത്തണം. ഇങ്ങനെ മത്സരിക്കുന്ന കുട്ടികള്‍ ഈ വര്‍ഷം നടക്കുന്ന എല്ലാ മത്സരങ്ങളിലും ആ വിഭാഗത്തില്‍ തന്നെ മത്സരിക്കണം. 12. എല്ലാ കുട്ടികളുടെയും വിവരങ്ങള്‍ എന്റര്‍ ചെയ്തതിനുശേഷം റിപ്പോര്‍ട്ട് പ്രിന്റ് ഔട്ട് പരിശോധിച്ച് ആവശ്യമായ തിരുത്തലുകള്‍ വരുത്തിയശേഷം മാത്രമേ Confirm ചെയ്യാവു. ഒരു പ്രാവശ്യം confirm ചെയ്തു കഴിഞ്ഞാല്‍ പീന്നീട് യാതൊരു വിധത്തിലുമുള്ള എഡിറ്റിംഗ് സാധ്യമല്ല.

Downloads

Athletics Item Codes
Entry Form for Athletics
Download Adobe Reader
Games Item Codes
Entry Form for Games
Sports Manual
Entry Form Instructions
User Guide
Age Group for Sports
Aquatics Item Codes
Entry Form for Aquatics
Mozilla Download

മലപ്പുറം ജില്ലയിലെ വളാഞ്ചേരി സ്വദേശിയും ഇടുക്കി ഐടി@സ്ക്കൂള്‍ പ്രൊജക്ടിലെ മാസ്റ്റര്‍ ട്രെയിനറുമായ എ.പി. അഷറഫ് സാറില്‍ നിന്നു ലഭിച്ച കണ്‍വര്‍സീന്‍ എന്ന സോഫ്റ്റ്‌വെയറിനെക്കുറിച്ചുള്ള വിവരങ്ങള്‍ നോക്കാം. ഒരു ഫോള്‍ഡറിനുള്ളിലെ മുഴുവന്‍ ഇമേജുകളും ഒരുമിച്ച് format മാറ്റുകയോ resize ചെയ്യുകയോ ചെയ്യുന്നതിനായി converseen എന്ന സോഫ്റ്റ്​വെയര്‍ ഉപയോഗിക്കാം. Digital Camera ഉപയോഗിച്ച് എടുത്ത ഫോട്ടോകള്‍ ഇത് ഉപയോഗിച്ച് ചെറുതാക്കാവുന്നതാണ്. മലപ്പുറം ഐടി@സ്ക്കൂള്‍ മാസ്റ്റര്‍ ട്രെയിനറായ ഹസൈനാര്‍ സാറാണ് ഈ സോഫ്റ്റ്‌വെയറിനെക്കുറിച്ച് വിവരം നല്‍കിയത്. ഉബുണ്ടുവില്‍ ഇത് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനായി താഴെ കാണുന്ന കമാന്റുകള്‍ ഓരോന്നായി ടെര്‍മിനലില്‍ ടൈപ്പ് ചെയ്ത് Enter ചെയ്യുക. (ഇവിടെ നിന്ന് കോപ്പിയെടുത്ത് ടെര്‍മിനലില്‍ പേസ്റ്റു ചെയ്താലും മതി.)

sudo add-apt-repository ppa:faster3ck/converseen
sudo apt-get update
sudo apt-get install converseen

(വിന്‍ഡോസിനു വേണ്ടിയുള്ള വേര്‍ഷന്‍ ഇവിടെയുണ്ട്)
ഇന്‍സ്റ്റലേഷനു ശേഷം Application-Graphics-Converseen തുറക്കുക.
Add images ക്ലിക്ക് ചെയ്ത് image folderസെലക്ട് ചെയ്യുക. Ctrl,A എനീ keys ഉപയോഗിച് എല്ലാ
images ഉം ഒരുമിച്ച് സെലക്ട് ചെയ്യാവുന്നതാണ്. ശേഷം open ക്ലിക്ക് ചെയ്യുക. check all ക്ലിക്ക് ചെയ്ത
ശേഷം convert to എന്നതിലെ നിന്നും file format സെലക്ട് ചെയ്യുക.

Resize ചെയ്യുന്നതിനായി ഇടതു ഭാഗത്തുള്ള dimensions എന്നതില്‍ % മാറ്റി px ആക്കി width, height ഇവ ക്രമീകരിക്കുക. (Size 100kb യില്‍ താഴെ ക്രമീകരിക്കുന്നതിനായി width, height ഇവ 800, 600 ആക്കിയാല്‍ മതി.) Save in എന്നതില്‍ folder സെലക്ട് ചെയ്യുക. ശേഷം convert എന്നതില്‍ ക്ലിക്ക് ചെയ്യുക. സെലക്ട് ചെയ്തിട്ടുള്ള ഫോള്‍ഡറിലേക്ക് ഇമേജുകള്‍ Convert ആയിട്ടുണ്ടാകും.

ശ്രദ്ധിക്കുക: വ്യത്യസ്ത വലിപ്പമുള്ള ഫോട്ടോകളെയാണ് ചെറുതാക്കേണ്ടതെങ്കില്‍ width, height ഇവ നല്‍കാതെ % മാത്രം നല്‍കിയാല്‍ മതി. ബീന്‍ ഉദാഹരണസഹിതം കമന്റ് ബോക്സില്‍ അത് വ്യക്തമാക്കിയിട്ടുണ്ട്. ഇവിടെ നോക്കുക


Read More | തുടര്‍ന്നു വായിക്കുക

സ്ക്കൂള്‍ ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ?

>> Monday, October 8, 2012

സമൂഹത്തിന്റെ പുരോഗതിക്ക് ഉപകരിക്കുന്ന ഭാവി പൌരന്മാരെ വാര്‍ത്തെടുക്കുന്നതിന് കുട്ടികളെ പര്യാപ്തമാക്കുന്ന സംവിധാനമാണല്ലോ ക്ലബ്ബുകള്‍. ഫലപ്രദമായി ക്ലബ്ബ് പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്ന കുട്ടികള്‍ നേതൃപാടവമുള്ള കുട്ടികളായി മാറുമെന്ന കാര്യത്തില്‍ ഒട്ടും സംശയമുണ്ടാകില്ലല്ലോ. ഇതേക്കുറിച്ചുള്ള ലേഖനം തയ്യാറാക്കിയിരിക്കുന്ന പാലക്കാടു നിന്നും രാമനുണ്ണി മാഷാണ്. വായിച്ച് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുമെന്ന പ്രതീക്ഷയോടെ ലേഖനം ആരംഭിക്കാം. ജൂണില്‍ എല്ലാ ക്ളബ്ബുകളുടേയും സമുചിതമായ ഉദ്ഘാടനങ്ങള്‍ നമ്മുടെ സ്കൂളുകളില്‍ നടന്നു കഴിയും. പരിസ്ഥിതി, വിദ്യാരംഗം, സയന്‍സ്, സാമൂഹ്യം, ചരിത്രം, ഐ.ടി, ഗണിതം [ഈ വര്‍ഷം അന്താരാഷ്ട്ര ഗണിതവര്‍ഷം കൂടിയാണല്ലോ] എന്നിങ്ങനെ എല്ലാ ക്ളബ്ബുകളുടേയും പ്രവര്‍ത്തനം കൃത്യസമയത്ത് തന്നെ ആരംഭിക്കും. ഇതിനു പുറമേ ട്രാഫിക്ക്, ശുചിത്വം, സീഡ് തുടങ്ങിയവയും തുടങ്ങിവെക്കും. ചുമതലക്കാരായ അദ്ധ്യാപകര്‍ മിക്കയിടത്തും ആദ്യം പേര്‍ റജിസ്റ്റര്‍ ചെയ്യുന്ന 100 കുട്ടികള്‍ക്ക് മാത്രം അംഗത്വം നല്‍കും. പലയിടത്തും എല്ലാ ക്ളബ്ബിലും പേര്‍ റജിസ്റ്റര്‍ ചെയ്യുന്ന 100 പേരില്‍ പകുതിയെങ്കിലും ഒരേ പേരാവാനും മതി. അതൊന്നും ഒരിക്കലും സ്ക്രൂട്ട് ചെയ്യാറുണ്ടാവില്ല.

സമുചിതമായ ഉദ്ഘാടനത്തിനു ശേഷം പിന്നെ കാര്യമായൊന്നും കൊണ്ടുനടത്താന്‍ മിക്കയിടത്തും സമയം കിട്ടാറില്ല. ജൂണ്‍ ജൂലായ് മാസങ്ങള്‍ പാഠങ്ങള്‍ തീര്‍ക്കാനുള്ള തിടുക്കമാണ്`.[ അപ്പോ കഴിഞ്ഞാലേ കഴിയൂ... ] ആഗസ്തില്‍ ഒരു പരീക്ഷ... അവധി... . സെപ്തംബര്‍ ഒക്ടോബര്‍ നവംബര്‍ മാസങ്ങള്‍ വിവിധ തലങ്ങളിലെ ഉത്സവങ്ങള്‍... ഡിസംബറില്‍ ഒരു പരീക്ഷ... അവധി... ജനുവരി ഫിബ്രുവരി പാഠം തീര്‍ക്കല്‍ ... മാര്‍ച്ചില്‍ പിന്നെന്തിനാ ഒഴിവുള്ളത്. ശനി, ഒഴിവുദിവസങ്ങള്‍, രാവിലെ, വൈകീട്ട്, രാത്രി ക്ളാസുകള്‍... എന്നാ ക്ളബ്ബുകള്‍ കൊണ്ടുനടത്താന്‍ ഒരൊഴിവ്... ആരേയും കുറ്റം പറഞ്ഞിട്ടും കാര്യമില്ല.... പരീക്ഷക്കുമുന്പ് പാഠങ്ങള്‍ തീര്‍ന്നില്ലെങ്കില്‍ രക്ഷിതാക്കളുടെ ഇടപെടല്‍ തീര്‍ച്ച. ക്ളബ്ബുപ്രവര്‍ത്തനങ്ങള്‍ നടക്കാഞ്ഞാല്‍ ഒരു രക്ഷിതാവും കയറി ഉടക്കുണ്ടാക്കുകയുമില്ല. വിവിധ ക്ളബ്ബുകളുടെ ചുമതലക്കാരായ ചില കുട്ടികള്‍ ഇടയ്ക്ക് ചില അന്വേഷണങ്ങള്‍ ആദ്യ നാളുകളില്‍ നടത്തും.... പിന്നെ അവരും അവരുടെ പ്രാരാബ്ധങ്ങളില്‍ മുഴുകും...

എന്തേ ഇതൊക്കെ ഇങ്ങനെ... എന്ന് പരിതപിക്കുന്ന ചിലരെങ്കിലും അദ്ധ്യാപകരില്‍ ഉണ്ടാവില്ലേ? ഒന്നും ഉണ്ടായില്ലല്ലോ എന്ന് ദു:ഖിക്കുന്ന ചില കുട്ടികളെങ്കിലും ഉണ്ടാവില്ലേ?

അതെ, ആരേയും കുറ്റം പറയാനാവില്ല...

എന്നാല്‍ ചില സംഗതികള്‍ ഒന്നുകൂടെ ആലോചിക്കാവുന്നതാണല്ലോ...
  • സ്കൂള്‍ തല വാര്‍ഷികാസൂത്രണത്തില്‍ ക്ളബ്ബുകളുടെ അജണ്ട ശ്രദ്ധാപൂര്‍വം ഉള്‍പ്പെടുത്തി സാധ്യമായ ചില ലക്ഷ്യങ്ങള്‍ നിശ്ചയിക്കാം.
  • സ്കൂളില്‍ പൊതുവായ ക്ളബ്ബിനു പകരം ഓരോ ക്ളാസിലും ക്ളബ്ബുകള്‍ ഉണ്ടായാലോ? എല്ലാ കുട്ടികള്‍ക്കും ക്ളബ്ബനുഭവങ്ങള്‍ കിട്ടുന്ന രീതിയില്‍.. സാധ്യമായ രീതിയില്‍...
  • സാധ്യമായ രീതിയില്‍ ഓരോക്ളാസിലും ചെയ്തുതീര്‍ക്കാവുന്ന ചില ക്ളബ്ബ് പ്രവര്‍ത്തനങ്ങള്‍ ആലോചിക്കാമല്ലോ.
  • ദിനാചരണങ്ങളുമായി ബന്ധപ്പെടുത്തി ക്ളബ്ബ് പ്രവര്‍ത്തനങ്ങള്‍ ആവിഷ്ക്കരിക്കാമല്ലോ.
  • വിവിധ വിഷയങ്ങളുടെ ക്ളാസ് റൂം പ്രവര്‍ത്തനങ്ങള്‍ ക്ളബ്ബുകളുമായി വിളക്കിച്ചേര്‍ക്കാമല്ലോ. [ ഭാഷാക്ളാസുകളിലെ നോട്ടിസ്, പോസ്റ്റര്‍... തുടങ്ങിയവ, ശാസ്ത്രക്ളാസുകളിലെ പരീക്ഷണങ്ങള്‍... ഗണിതക്ളാസിലെയും ഭൂമിശാസ്ത്രക്ളാസിലേയും ബയോളജി ക്ളാസിലേയും... ]
  • ക്ളബ്ബ് പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള CE മൂല്യനിര്‍ണ്ണയം തീരുമാനിക്കാമല്ലോ
  • 'തീര്‍ക്കാനുള്ള പല പാഠങ്ങളും ' ക്ളബ്ബ് പ്രവര്‍ത്തനം വഴി ചെയ്തെടുക്കാമല്ലോ.
  • ചില യൂണിറ്റ് റ്റെസ്റ്റൂകള്‍ ഈ വഴിക്ക് ആലോചിക്കാമല്ലോ.
  • കലാ - ശാസ്ത്ര - കായികമേളകള്‍ ക്ളബ്ബ് പ്രവര്‍ത്തനങ്ങളില്‍ കൂട്ടിച്ചെയ്യാമോ..
കുറ്റപ്പെടുത്താനല്ല; ചില [സ്കൂളുകളിലെ] മാതൃകകള്‍ കണ്ടതിന്റെ സാധ്യതകള്‍ പങ്കുവെക്കല്‍ മാത്രം...


Read More | തുടര്‍ന്നു വായിക്കുക

എണ്ണലിന്റെ ഗണിതകൗതുകങ്ങള്‍

>> Monday, October 1, 2012

എണ്ണലിന്റെ ഗണിതകൗതുകത്തെക്കുറിച്ചാണ് ഈ കുറിപ്പ് .ഒരു കുട്ടി ആദ്യമായി അഭ്യസിക്കുന്ന ഗണിതപാഠം എണ്ണലാണെന്നുപറയാം.എണ്ണല്‍ ഒരു ഗണിതരീതിയായി വളന്ന് നൂതനമായ ചിന്തകളിലേയ്ക്ക് വ്യാപിക്കുന്ന രസകരമായകാഴ്ച ആസ്വാദ്യകരമാണ് . ചില മാതൃകകള്‍ കാണാം . നേര്‍വരകള്‍ ഒരു പരന്നപ്രതലത്തെ ഭാഗിക്കുന്ന കാഴ്ചതന്നെയാവട്ടെ.
താഴെ കൊടുത്തിരിക്കുന്ന ചിത്രം കാണുക. ധാരാളം നേര്‍വരകളുണ്ട് ഇവിടെ . രണ്ടില്‍കൂടുതല്‍ നേര്‍വരകള്‍ ഒരു ബിന്ദുവിലൂടെ കടന്നുപോകുകയോ , ഒരു വര മറ്റോരുവരയ്ക്ക് സമാന്തരമാകുയോ ചെയ്യരുത് . ആദ്യചിത്രത്തില്‍ ഒരു വര പ്രതലത്തെ രണ്ടായി മുറിച്ചിരിക്കുന്നു.
രണ്ടുവരകള്‍ പ്രതലത്തെ നാലായി മുറിക്കുന്നു. അതുപോലെ മൂന്നുവരകള്‍ പ്രതലത്തെ ആറ് ഭാഗങ്ങളായും നാല് വരകള്‍ പ്രതലത്തെ പതിനൊന്ന് ഭാഗങ്ങളായും മുറിച്ചിരിക്കുന്നതുകാണാം
ഇതില്‍ നിന്നും രൂപീകരിക്കാവുന്ന ഒരു സംഖ്യാശ്രേണിയുണ്ട് . താഴെ കൊടുത്തിരിക്കുന്ന പട്ടികയിലെ രണ്ടാംവരി സംഖ്യാശ്രേണിയാണ് . ഈ ശ്രേണിയുടെ ബിജഗണിതരൂപത്തെക്കുറിച്ച് ആലോചിച്ചുനോക്കൂ. പത്താംക്ലാസ് കുട്ടികള്‍ക്ക് നല്‍കാവുന്ന ഒരു അധികപ്രവര്‍ത്തനം തന്നെയല്ലേ ഇത്? ജനറല്‍ചാര്‍ട്ട് വിഭാഗത്തില്‍ ഇത് പ്രദര്‍ശിപ്പിക്കാമല്ലോ. ചാര്‍ട്ട് പേപ്പറില്‍ വരച്ച് വിവിധഭാഗങ്ങള്‍ നിറം നല്‍കിനോക്കിയാല്‍ നല്ലൊരു ചാര്‍ട്ടാകുമെന്ന് തീര്‍ച്ചയാണ് .
ഇനി വിശകലനപ്പട്ടിക കാണാം
ഇനി ശ്രേണിയുടെ നേര്‍രൂപം ​എഴുതാമല്ലോ? $T_n=1+\frac{n(n+1)}{2}$ എണ്ണലിന്റെ മറ്റൊരു പാറ്റേണ്‍ കാണാം. ഇത് വൃത്തവും ഞാണുകളുമായി ബന്ധപ്പെട്ടതാണ് . വൃത്തത്തിലെ രണ്ട് ബിന്ദുക്കളെ യോജിപ്പിച്ച് ഒരു ഞാണ്‍ വരച്ചപ്പോള്‍ വൃത്തം രണ്ടായി മുറിഞ്ഞു. മൂന്നു ബിന്ദുക്കള്‍ പരസ്പരം യോജിപ്പിച്ചുകൊണ്ട് വൃത്തത്തെ നാല് ഭാഗങ്ങളാക്കാം.
നാലുബിന്ദുക്കളും അഞ്ചുബിന്ദുക്കളുമൊക്കെ അടയാളപ്പെടുത്തി ഇപ്രകാരം ചെയ്താലോ? നാലു ബിന്ദുക്കള്‍ യോജിപ്പിക്കുമ്പോള്‍ 8 ഭാഗങ്ങളും അഞ്ചെണ്ണം യോജിപ്പിക്കുമ്പോള്‍ 16 ഭാഗങ്ങളും കിട്ടും . ആറെണ്ണം യോജിപ്പിച്ചാലോ? 32 എണ്ണമല്ല കിട്ടുന്നത് മറിച്ച് 31 എണ്ണമേ കിട്ടുകയുള്ളൂ. $2, 4, 8,16,---$ എന്ന ശ്രേണിയിലെ അടുത്തപദമായ 32 അല്ല എന്ന് ചിത്രംവരച്ച് ബോധ്യപ്പെടാവുന്നതാണ് . 32 ആയിരുന്നെങ്കില്‍ നേര്‍രൂപം $ 2^{n-1}$ എന്ന് എഴുതാമായിരുന്നു. $\frac{n^4-6n^3+23n^2-18n+24}{24}$എന്നതല്ലേ നേര്‍രൂപം . ഇതിന്റെ തെളിവ് കമന്റായി വരുമെന്ന് ഉറപ്പുണ്ട് . എണ്ണലിന്റെ ഗണിതവിസ്മയം മറ്റൊരു പോസ്റ്റില്‍ ശ്രാവണിടീച്ചര്‍ കുട്ടികള്‍ക്ക് കൊടുത്ത പ്രോജക്ടായി മുന്‍പൊരിക്കല്‍ നല്‍കിയത് ഓര്‍ക്കുന്നുണ്ടല്ലോ. ഇവിടെ ക്ലിക്ക് ചെയ്യുക ഇനിയുമുണ്ട് എണ്ണലുമായി ബന്ധപ്പെട്ട ധാരാളം ഗണിതകൗതുകങ്ങള്‍.ഒരു ചെസ്ബോഡില്‍ ചെറുതുംവലുതുമായി ആകെ എത്ര സമചതുരങ്ങള്‍ ഉണ്ടെന്ന് കണക്കാക്കിയിട്ടുണ്ടോ?
തിരശ്ചീനമായി 8 ചെറിയ സമചതുരങ്ങളും ലംബമായി 8 ചെറിയകളങ്ങളും ഉണ്ടാകും . ഇത്തരം $8^2$സമചതുരങ്ങളുണ്ടാകും . ഇത്തരം സമചതുരങ്ങളെ $1\times1$ സമചതുരങ്ങള്‍ എന്നുവിളിക്കാം. രണ്ടെണ്ണം വലത്തേയ്ക്കും രണ്ടെണ്ണം വീതം താഴേയ്ക്കും എടുക്കുന്ന സമചതുരങ്ങളെ $2\times2$ സമചതുരങ്ങളെന്നുപറയാം .ഇങ്ങനെ തുടര്‍ന്നും പേരുനല്‍കാം. ആകെ സമചതുരങ്ങളുടെ ​എണ്ണം $8^2+7^2+6^2+5^2+4^2+3^2+2^2+1^2=\frac{n(n+1)(2n+1)}{6}\\=\frac{8\times9\times 17}{6}=204$ ഇത് ക്വിസ് മല്‍സരങ്ങളുടെ കാലം . എണ്ണല്‍ക്രീയയുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങള്‍ തരുന്നു . ഉത്തരം കണ്ടെത്താനും കമന്റ്ചെയ്യാനും കുട്ടികളെ തയ്യാറാക്കുമല്ലോ.
  1. What is the digit in the ones place of $2^{50}$?
  2. The sequence of natural numbers up to 100 is $1,2,3,4 \cdots 100$ . Divide each of the numbers by 3 and add the remainders . What is the sum of the remainders?
  3. $1^2,2^2,3^2 \cdots 100^2$. Divide each of the number by 3 and add the remainders . What is the sum of the remainders?
  4. What is the 2005 th term of the sequence $1,23,456,78910,\cdots$
  5. Consider the following sequence . $\frac{2}{1},\frac{5}{2},\frac{10}{3},\frac{17}{4} ,\frac{26}{5}\cdots$.What is the $100^{th}$ term?
  6. The sequence of natural numbers are grouped as follows. $(1),(2,3),(4,5,6),(7,8,9,10) \cdots $The $n^{th}$ group of this sequence has n natural numbers. In which group the natural number 100 lie?
  7. $S_n=1-2+3-4+ 5-6 \cdots up to n terms$. What is the value of $S_{2004}+S_{2005}+S_{2006}$
  8. What is the sum of the remainders obtained by dividing each of the first 20triangular numbers by 3 ?
  9.  What is the 25 th term of $12,21, 112, 121, 211, 1112, 1121, 1211, 2111, 11112 \cdots $ ?
  10. What is th product of 2005 terms of the sequence $1, (1-\frac{1}{2}), (1-\frac{1}{3}) , (1-\frac{1}{4}) \cdots $?


Read More | തുടര്‍ന്നു വായിക്കുക

മാലിന്യസംസ്കരണം ഒരു കീറാമുട്ടിയല്ല

>> Sunday, September 30, 2012

'നിരക്ഷരന്‍'(മനോജ് രവീന്ദ്രന്‍)എന്ന പ്രശസ്ത ബ്ലോഗറെ മാത്‌സ് ബ്ലോഗിന്റെ വായനക്കാര്‍ക്ക് പരിചയപ്പെടുത്തുകയെന്ന സാഹസത്തിനു മുതിരുന്നില്ല. നാം ഇന്ന് നേരിടുന്ന ഏറ്റവും രൂക്ഷമായ മാലിന്യപ്രശ്നത്തെ സ്കൂളുകളെ ഉപയോഗിച്ച് എങ്ങനെ ഇല്ലാതാക്കാമെന്നുള്ള തലപുകയ്ക്കുന്നതിനിടയിലാണ് ഇദ്ദേഹത്തെ കൂട്ടുകിട്ടിയത്.(മാത്‌സ് ബ്ലോഗിന്റെ ആശയവും അതിന് അധികാരികളില്‍ നിന്നും ലഭിച്ച നല്ല പ്രതികരണവും കമന്റിലൂടെ പങ്കുവെയ്ക്കാം. എന്തായാലും, ഒക്ടോബര്‍ ആദ്യവാരം നമുക്ക് അത്ഭുതം തന്നെ പ്രതീക്ഷിക്കാമെന്നു തോന്നുന്നു.). ഗൗരവമായി, പലവട്ടം വായിക്കേണ്ട, ഗംഭീരമായ ആ ലേഖനത്തിലേക്ക്....

....................................................................................
കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം മാലിന്യസംസ്ക്കരണം തന്നെയാണെന്ന് മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടി തന്നെ സമ്മതിച്ചിട്ടുള്ളതാണ്. കേരളത്തില്‍ മാത്രമല്ല രാജ്യത്തൊട്ടാകെ ഇതൊരു വലിയ പ്രശ്നം തന്നെയാണ്.

പ്ലാസ്റ്റിക്കിന്റെ, കൃത്യമായി പറഞ്ഞാല്‍ പ്ലാസ്റ്റിക്ക് ഷോപ്പിങ്ങ് ബാഗുകളുടെ കടന്നുവരവോടെയാണ് മാലിന്യങ്ങള്‍ ചീഞ്ഞളിയാതെ, കെട്ടിക്കിടന്ന് ദുര്‍ഗ്ഗന്ധവും മാരാമാരികളും പടര്‍ത്തുന്ന ഒരവസ്ഥയിലേക്ക് കാര്യങ്ങള്‍ ചെന്നെത്തിയത്. പ്ലാസ്റ്റിക്ക് ബാഗുകള്‍ വരുന്നതിന് മുന്‍പും മാലിന്യങ്ങള്‍ നമുക്കുണ്ടായിരുന്നു. അതൊക്കെയും ഇന്ന് ചെയ്യുന്നത് പോലെ, സ്വന്തം പുരയിടത്തിലോ അയല്‍വാസിയുടെ മതില്‍ക്കെട്ടിനകത്തേക്കോ കനാലിലേക്കോ കായലിലേക്കോ കടലിലേക്കോ കലുങ്കിന്റെ അടിയിലേക്കോ തന്നെയായിരുന്നു നാം വലിച്ചെറിഞ്ഞിരുന്നത്. പ്ലാസ്റ്റിക്ക് ബാഗില്‍ കെട്ടിപ്പൊതിഞ്ഞ് എറിഞ്ഞാല്‍ പോകുന്ന അത്രയും ദൂരേയ്ക്ക് എറിയാന്‍ പറ്റിയിരുന്നില്ല എന്നൊരു വ്യത്യാസം മാത്രമേ അക്കാലത്തുണ്ടായിരുന്നുള്ളൂ. വലിച്ചെറിഞ്ഞ് കളയുക എന്നതല്ലാതെ സംസ്ക്കരിക്കുക എന്നൊരു ഒരു മാലിന്യവിചാരം നമുക്കുണ്ടായിരുന്നില്ല. പക്ഷെ, പ്ലാസ്റ്റിക്കില്‍ കെട്ടിപ്പൊതിയാതെ എറിഞ്ഞ് കളഞ്ഞിരുന്നതുകൊണ്ട് പഴയകാലത്ത് ജൈവമാലിന്യങ്ങള്‍ ഒക്കെയും യഥാസമയം അഴുകിപ്പോയിരുന്നു. ഇന്നത് സംഭവിക്കുന്നില്ല. ചിക്കന്‍ ഗുനിയ, എലിപ്പനി, തക്കാളിപ്പനി തുടങ്ങിയ രോഗങ്ങള്‍ പടര്‍ത്താന്‍ പോന്ന രോഗാണുക്കള്‍ക്ക് വിളനിലമായി മാലിന്യങ്ങള്‍ പ്ലാസ്റ്റിക്ക് ബാഗുകള്‍ക്കുള്ളില്‍ത്തന്നെ കുരുങ്ങിക്കിടക്കുന്നു. നഗരങ്ങളില്‍ നിന്നുള്ള ഇത്തരം മാലിന്യങ്ങള്‍ കൊണ്ടുതള്ളിയതിന്റെ പേരില്‍ വിളപ്പില്‍ശാലകള്‍ പോലെ പല ഗ്രാമങ്ങള്‍ മലീമസമായി, ജീവിതയോഗ്യമല്ലാതായി. പ്രകൃതി നമുക്ക് കനിഞ്ഞുനല്‍കിയിട്ടുള്ള തോടുകളിലേയും പുഴകളിലേയുമൊക്കെ ജലം ഉപയോഗശൂന്യമായി മാറി. എത്ര ശോചനീയമായ അവസ്ഥയാണെന്ന് നോക്കൂ.

വര്‍ദ്ധിച്ചുവന്ന ജനസംഖ്യയും ഫ്ലാറ്റുകളില്‍ നിന്നുള്ള മാലിന്യത്തിന്റെ പ്രവാഹവുമൊക്കെ വിസ്മരിക്കുന്നില്ല. പക്ഷെ, പ്ലാസ്റ്റിക്ക് തന്നെയാണ് മാലിന്യപ്രശ്നങ്ങള്‍ക്ക് ത്വരകമായി വര്‍ത്തിച്ചതെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകാന്‍ വഴിയില്ല. മാലിന്യപ്രശ്നങ്ങളുടെ കാരണങ്ങളൊക്കെ പകല്‍പോലെ വ്യക്തമാണ്. പ്രശ്നപരിഹാരവും അറിയാഞ്ഞിട്ടല്ല. അതൊന്ന് നടപ്പിലാക്കുക എന്നത് മാത്രമാണ് ഇനി ചെയ്യാനുള്ളത്. അതാകട്ടെ ഒരു ഹെര്‍ക്കുലീയന്‍ ടാസ്‌ക്കൊന്നും അല്ല. സാങ്കേതികവിദ്യയുടെ സഹായത്തോടെ ലോകത്തിന്റെ പല ഭാഗങ്ങളിലായി മറ്റ് മനുഷ്യര്‍ ചെയ്യുന്നത് എന്താണെന്ന് മനസ്സിലാക്കാന്‍, ഇവിടിരുന്നുകൊണ്ടുതന്നെ അനായാസം മനസ്സിലാക്കാൻന്‍ നമുക്കാവും. അല്‍പ്പം നിശ്ചയദാര്‍ഢ്യമുണ്ടെങ്കില്‍ അതുപോലെ തന്നെ മാലിന്യസംസ്ക്കരണം നടപ്പിലാക്കാനുമാകും.

ജൈവമാലിന്യങ്ങളും, റീസൈക്കിള്‍ ചെയ്യാന്‍ പറ്റുന്ന വസ്തുക്കളായ പ്ലാസ്റ്റിക്കും പേപ്പറുമൊക്കെ വെവ്വേറെ നിക്ഷേപിക്കുകയും അതെല്ലാം സമയാസമയം ശേഖരിച്ച് സംസ്ക്കരിക്കുകയുമാണ് അവര്‍ ചെയ്യുന്നത്. വിദേശരാജ്യങ്ങളില്‍ ഇതിനൊക്കെ പുറമെ ഗാര്‍ഡന്‍ വേസ്റ്റ് എന്ന തരത്തിലും മാലിന്യം തരം തിരിച്ച് ഇടാറുണ്ട്. പല രാജ്യങ്ങളും ഇലക്ട്രോണിക് മാലിന്യങ്ങള്‍ക്കായി പ്രത്യേകം കുപ്പത്തൊട്ടിയും സ്ഥാപിച്ചുകഴിഞ്ഞിരിക്കുന്നു. പല പാശ്ചാത്യരാജ്യങ്ങളിലും നമ്മള്‍ ഏഷ്യാക്കാര്‍ കൂടുതലായി താമസിക്കുന്ന ചില പ്രദേശങ്ങളെങ്കിലും കണ്ടാല്‍, അത് ഏഷ്യാക്കാര്‍ ജീവിക്കുന്നയിടമാണെന്ന് തിരിച്ചറിയാന്‍ വളരെ എളുപ്പമാണ്. കാരണം നമ്മള്‍ മാലിന്യങ്ങള്‍ റോഡിലും മറ്റും വലിച്ചെറിഞ്ഞുള്ള ശീലം എവിടെച്ചന്നാലും ആവര്‍ത്തിക്കുന്നു എന്നതുതന്നെ. അതേ സമയം ലോകത്തില്‍ തന്നെ ഏറ്റവും വൃത്തിയിലും വെടിപ്പിലും നിരത്തുകളും പരിസരവും സംരക്ഷിക്കുന്ന സിംഗപ്പൂര്‍ എന്ന രാജ്യം ഏഷ്യയില്‍ ആണെന്ന കാര്യവും വിസ്മരിക്കരുത്. സിംഗപ്പൂരില്‍ അലക്ഷ്യമായി ഒരു കടലാസോ ശീതള പാനീയത്തിന്റെ ഒഴിഞ്ഞ കുപ്പിയോ നിരത്തിലിട്ടാല്‍ അധികൃതര്‍ പിടികൂടി പിഴ അടിക്കും എന്നുള്ളതുകൊണ്ട് അവിടെ ജനങ്ങള്‍ ഒരു ബസ്സ് ടിക്കറ്റ് പോലും റോഡില്‍ ഇടുന്നില്ല. എല്ലാ നൂറ് മീറ്ററിലും ഒരു കച്ചറപ്പെട്ടി കണ്ടെത്താന്‍ ഒരു ബുദ്ധിമുട്ടും ആ രാജ്യത്തില്ല. എന്തിനും ഏതിനും ഫൈന്‍ അടിക്കുന്നതുകൊണ്ട് ‘Singapore is a fine city‘ എന്ന് തമാശ രൂപത്തില്‍ പറയാറുണ്ടെങ്കിലും അക്ഷരാര്‍ത്ഥത്തില്‍ സിങ്കപ്പൂര്‍ ഒരു ‘ഫൈന്‍’ സിറ്റി ആയതിന്റെ കാരണം അവിടം മാലിന്യവിമുക്തമാണെന്നത് തന്നെയാണ്.

നമ്മുടെ രാജ്യത്ത് ഒരാള്‍ക്ക് മാലിന്യം വേസ്റ്റ് പെട്ടിയില്‍ത്തന്നെ നിക്ഷേപിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും അതിനുള്ള സംവിധാനം ഇവിടെ കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്. ആവശ്യത്തിന് കച്ചറപ്പെട്ടികള്‍ സ്ഥാപിക്കുകയും, അതിലെല്ലാം പേപ്പര്‍, പ്ലാസ്റ്റിക്ക്, ജൈവമാലിന്യം എന്നിങ്ങനെ തരം തിരിച്ച് ശേഖരിച്ച് സംസ്ക്കരിക്കാനുമുള്ള സംവിധാനം വ്യാപകമായ തോതില്‍ത്തന്നെ ഉണ്ടാക്കുകയും വേണം. ജനങ്ങള്‍ അതില്‍ തരം തിരിച്ച് തന്നെ മാലിന്യം നിക്ഷേപിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തണം. എല്ലാ പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും അവരവരുടേതായ മാലിന്യ സംസ്ക്കരണ സംവിധാനങ്ങള്‍ ഉണ്ടാകണം. ഒരു ദിവസം ശേഖരിക്കുന്ന മാലിന്യം അടുത്ത ദിവസത്തേക്ക് കെട്ടിക്കിടക്കുന്നില്ല എന്ന് സര്‍ക്കാര്‍ തന്നെ ഉറപ്പ് വരുത്തണം.

വികസനമെന്ന ഒരേയൊരു മുദ്രാവാക്യം തന്നെയാണ് മാറിമാറിവരുന്ന സര്‍ക്കാരുകള്‍ എപ്പോഴും വലിയ വായില്‍ വിളിച്ച് കൂവിയിട്ടുള്ളത്. കോടികല്‍ മുടക്കിയുള്ള നിക്ഷേപങ്ങളും വ്യവസായങ്ങളും ടൂറിസം പദ്ധതികളും മാത്രമാണോ വികസനം ? മാലിന്യവിമുക്തമായ തെരുവുകളും നടുവൊടിയാതെ സുരക്ഷമായി സഞ്ചരിക്കാന്‍ പറ്റുന്ന റോഡുകളുമാണ് വികസനത്തിന്റെ മുഖമുദ്രയെന്നത് അധികാരികള്‍ മനസ്സിലാക്കാത്തത് എന്തുകൊണ്ടാണ് ? വൃത്തികെട്ട ഒരന്തരീക്ഷത്തില്‍ വ്യവസായം നടത്താനും ടൂറിസ്റ്റായുമൊക്കെ തിക്കിത്തിരക്കി സംരംഭകരും ജനങ്ങളും വരുമെന്ന് കരുതുന്നത് മൌഢ്യമല്ലേ ?

വിദേശയാത്ര നടത്തുന്ന മന്ത്രിമാരും ഉദ്യോഗസ്ഥന്മാരുമൊക്കെ കാണുന്നില്ലേ അന്നാടുകളിലെ മാലിന്യസംസ്ക്കരണരീതികള്‍ ? കണ്ടിട്ടില്ലെങ്കില്‍ സര്‍ക്കാര്‍ ചിലവില്‍ ഒരു വിദേശയാത്രകൂടെ നടത്തൂ. എന്നിട്ട് അതേ രീതികള്‍ ഇവിടെയും നടപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കൂ. പല കോര്‍പ്പറേഷനുകളിലും ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ മാലിന്യപ്പെട്ടികളും, മാലിന്യം ശേഖരിക്കാനായി വാങ്ങിയ വാഹനങ്ങളും ഉപയോഗിക്കാതെ കിടന്ന് തുരുമ്പ് പിടിക്കുന്നതായി ടീവിയില്‍ ഈയിടെ കണ്ടിരുന്നു. ഇത്തരം നിഷ്‌ക്രിയമായ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികളും ഉണ്ടാകണം.

വിളപ്പില്‍ ശാലകളുടേയും കൂടംകുളത്തിന്റേയുമൊക്കെ പേരില്‍ ജനങ്ങള്‍ നിരത്തിലും സമുദ്രത്തിലും വരെ ഇറങ്ങിനിന്ന്, അവര്‍ തന്നെ തിരഞ്ഞെടുത്ത സര്‍ക്കാരുകളോട് സമരം ചെയ്യേണ്ട ഗതികേടാണിന്നുള്ളത്. നേരത്തേ പറഞ്ഞ സിംഗപ്പൂര്‍ എന്ന രാജ്യവുമായി ഒരു താരത‌മ്യം നടത്താം. 40 ഏക്കറോളം വരുന്ന ഭൂമിയിലാണ് 250 ടണ്‍ മാലിന്യം സംസ്ക്കരിക്കാന്‍ അധികാരികള്‍ പെടാപ്പാട് പെടുന്നത്. അതേ സമയം വെറും 4 ഏക്കറിലാണ് സിംഗപ്പൂരില്‍ 800 ടണ്‍ മാലിന്യം സംസ്ക്കരിക്കുന്നത്. മാലിന്യത്തില്‍ നിന്ന് അവര്‍ വന്‍തോതില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുകയും ചെയ്യുന്നു. ഇതേ സാങ്കേതിക വിദ്യ എന്തുകൊണ്ട് നമുക്കും നടപ്പിലാക്കിക്കൂടാ ? മെട്രോ റെയിലും സ്‌കൈ സിറ്റിയും ഇലക്ട്രോണിക് കോറിഡോറുകളുമൊക്കെ സ്ഥാപിക്കുന്നതിന് മുന്‍പേ പണിതുയര്‍ത്തേണ്ടത്, അവിടന്നൊക്കെ വരാന്‍ പോകുന്ന ജൈവമാലിന്യങ്ങള്‍ അതാത് ദിവസങ്ങളില്‍ സംസ്ക്കരിക്കാനുള്ള സംവിധാനങ്ങളല്ലേ ? കൂടങ്കുളങ്ങള്‍ക്കും വിളപ്പില്‍ശാലകള്‍ക്കും ഒറ്റയടിക്ക് പരിഹാരമുണ്ടാക്കാന്‍ പറ്റുമെന്നുള്ളപ്പോള്‍, സാങ്കേതിക പരിജ്ഞാനവും അനുഭവസമ്പത്തും ഒന്നുമില്ലാത്ത ശിലായുഗ മനുഷ്യരെപ്പോലെ നാം മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത് അപലപനീയമാണ്.

ഫോര്‍ട്ട് കൊച്ചിയെപ്പറ്റിയുള്ള ഒരു ചരിത്രപുസ്തകത്തില്‍ കുറച്ച് നാള്‍ മുന്‍പ് വായിച്ച ഒരു കാര്യം ഓര്‍മ്മവരുന്നു. 1950കളില്‍ കൊച്ചിയിലുണ്ടായിരുന്ന പിയേര്‍സ് ലെസ്ലി എന്ന കമ്പനിയിലെ വിദേശിയായ ഒരു ഉദ്യോഗസ്ഥന്‍ 2007ല്‍ വീണ്ടും കേരളത്തില്‍ വരുന്നു. പഴയ കാലത്തെ ഫോര്‍ട്ട് കൊച്ചിയുടെ തെരുവുകല്‍ ഇതിനേക്കാള്‍ വൃത്തിയുള്ളതായിരുന്നെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നുണ്ട്. അദ്ദേഹത്തിന്റെ ഒരു ഭൃത്യന്‍ ഒരു ഒഴിഞ്ഞ മരുന്ന് കുപ്പി അലക്ഷ്യമായി ജനലിലൂടെ വെളിയിലേക്കെറിഞ്ഞുകളഞ്ഞതിന്ന് അന്ന് 52 രൂപ പിഴയൊടുക്കേണ്ടി വന്നിട്ടുണ്ടത്രേ ! സ്വതന്ത്ര ഇന്ത്യയുടെ കാര്യമാണ് സംസാരിക്കുന്നതെന്ന് ഓര്‍ക്കണം. 1950 ല്‍ 52 രൂപയുടെ മൂല്യമെന്താണെന്നും മറക്കരുത്. അങ്ങനെയൊരു വ്യവസ്ഥിതി ഉണ്ടായിരുന്നു നമുക്ക്. അവിടന്ന് ഇപ്പോള്‍ എവിടെയെത്തി നില്‍ക്കുന്നു ? വിദേശികളോട് പടപൊരുതി പിടിച്ചുവാങ്ങിയത്, സകല കൊള്ളരുതായ്മകളും ചെയ്യാനുള്ള സ്വാതന്ത്ര്യം കൂടെ ആയിരുന്നോ ?

ഫ്ലാറ്റില്‍ ജീവിക്കുന്നവരെ മാറ്റി നിര്‍ത്തി നോക്കിയാല്‍ രണ്ട് സെന്റ് ഭൂമിയെങ്കിലും സ്വന്തമായില്ലാത്തവര്‍ എത്രപേരുണ്ട് കേരളത്തില്‍ ? ഒരു ചതുരശ്ര അടി സ്ഥലമുണ്ടെങ്കില്‍ സ്വന്തം വീട്ടിലെ മാലിന്യം വീട്ടുപറമ്പില്‍ത്തന്നെ ജൈവവളമാക്കി മാറ്റാന്‍ സാധിക്കും. അതിനുതകുന്ന വിവിധതരം പദ്ധതികളും സാങ്കേതിക വിദ്യകളും ലഭ്യവുമാണ്. എറണാകുളത്ത് ഫ്ലാറ്റില്‍ ജീവിക്കുന്ന ഞാന്‍, ക്രെഡായി ക്ലീന്‍ സിറ്റി മൂവ്‌മെന്റ് പദ്ധതി പ്രകാരം, മാലിന്യത്തില്‍ നിന്ന് ജൈവവളം ഫ്ലാറ്റില്‍ത്തന്നെ ഉണ്ടാക്കുന്നുണ്ട്. ഫ്ലാറ്റുകളില്‍ നിന്ന് പോലും ജൈവമാലിന്യം തെരുവുകളിലേക്ക് എത്താതെ തടയാം എന്നതിന്റെ തെളിവാണത്. ചില വലിയ ഫ്ലാറ്റ് സമുച്ചയങ്ങളില്‍ ശമ്പളത്തിന് ജോലിക്കാരെ നിയമിച്ച് എല്ലാ ഫ്ലാറ്റുകളിലേയും ജൈവമാലിന്യം ശേഖരിച്ച് ഒരുമിച്ച് വളമാക്കുന്ന പദ്ധതികളും നടക്കുന്നുണ്ട്. ഇത് എല്ലാ ഫ്ലാറ്റുകളിലും നിര്‍ബന്ധമായും നടത്താന്‍ നിബന്ധന വെക്കേണ്ടത് സര്‍ക്കാരാണ്.
ജൈവമാലിന്യം ഉറവിടത്തില്‍ത്തന്നെ സംസ്ക്കരിക്കുക എന്നതാണ് ഏറ്റവും ഫലപ്രദമായ മാലിന്യസംസ്ക്കരണ രീതി. അല്ലാതെ സ്വന്തം വീട്ടിലെ മാലിന്യം അന്യന്റെ പറമ്പില്‍ എറിയാമെന്നും അന്യര്‍ക്ക് ശല്യമാകുന്ന രീതിയില്‍ സംസ്ക്കരിക്കാമെന്ന് വ്യക്തികളും ഭരണകൂടവും ചിന്തിക്കാന്‍ പോലും പാടില്ല. ജൈവമാലിന്യം ഉറവിടത്തില്‍ത്തന്നെ സംസ്ക്കരിക്കാനായാല്‍ അതില്‍ നിന്ന് കിട്ടുന്ന വളം ഉപയോഗിച്ച് അടുക്കളകൃഷി നടത്താം എന്നൊരു മെച്ചം കൂടെയുണ്ട്. മരുന്നടിക്കാത്ത കായ്‌കനികളും പച്ചക്കറികളും അന്യമായിക്കൊണ്ടിരിക്കുകയും മരുന്നടിച്ചതെങ്കിലും കിട്ടാനായി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുകയും ചെയ്യുന്ന ഇക്കാലത്ത് ജൈവവളം ഉപയോഗിച്ചുണ്ടാക്കിയ നല്ല പച്ചക്കറികള്‍ കൃഷി ചെയ്യാന്‍ സ്വന്തം വീട്ടിലെ മാലിന്യം തന്നെ പ്രയോജനപ്പെടുത്താനുമാകും. ക്രഡായി പോലുള്ള മാലിന്യസംസ്ക്കരണപദ്ധതികള്‍ക്ക് ആയിരം രൂപയിലധികം ചിലവ് വരുന്നുണ്ടെങ്കിലും അതിന്റെ നല്ലൊരു ഭാഗം ഇപ്പോള്‍ സര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കുന്നുണ്ടെന്നാണ് അറിവ്. മറ്റ് ചിലവ് കുറഞ്ഞ മാലിന്യസംസ്ക്കരണ പദ്ധതികളും സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലായി നടക്കുന്നുണ്ട്. ആറിഞ്ച് വ്യാസവും മൂന്നടി ഉയരവുമുള്ള രണ്ട് പ്ലാസ്റ്റിക്ക് പൈപ്പുകളും ശര്‍ക്കരയും ഉണ്ടെങ്കില്‍ ജൈവ മാലിന്യം സംസ്ക്കരിച്ച് വളമാക്കുന്ന രീതിയും ഫലപ്രദമായി പരീക്ഷിച്ച് തെളിയിച്ചിട്ടുള്ളതാണ്. എല്ലാ വീടുകളിലും ഇത് നടപ്പിലാക്കാന്‍ വലിയ ചിലവൊന്നും വരുന്നതേയില്ല. അതിനുള്ള മനസ്സ് കാണിക്കണമെന്ന് മാത്രം.
മാലിന്യം നല്‍കിയാൽ പണം കൊടുക്കുന്ന ഒരു പദ്ധതി കുടുംബശ്രീ പോലുള്ള സംരഭങ്ങളുമായി സഹകരിച്ച് കേരളത്തില്‍ പരീക്ഷിക്കുമെന്ന് ശ്രീ. സാം പിട്രോഡ അഭിപ്രായപ്പെട്ടതായി ഓര്‍ക്കുന്നു. പിന്നീടൊന്നും അതേപ്പറ്റി കേട്ടതുമില്ല. അദ്ദേഹത്തെപ്പോലുള്ളവരുടെ മനസ്സിലുള്ള പദ്ധതികളെപ്പറ്റി കൂടുതല്‍ ചര്‍ച്ചകള്‍ ചെയ്യേണ്ടതും നടപ്പിലാക്കാന്‍ പറ്റുന്നതാണെങ്കില്‍ പ്രാവര്‍ത്തികമാക്കേണ്ടതും സര്‍ക്കാരിന്റെ ചുമതലയാണ്. പണം കിട്ടിയാല്‍ കൈയ്‌ക്കില്ലല്ലോ ? അതുകൊണ്ട് പൊതുജനം കൂട്ടത്തോടെ സഹകരിക്കുമെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല.

ജൈവമാലിന്യവും പ്ലാസ്റ്റിക്കും വേര്‍തിരിച്ച് ശേഖരിക്കാനും നിക്ഷേപിക്കാനും എന്തെങ്കിലും സാങ്കേതിക ബുദ്ധിമുട്ടുണ്ടെങ്കില്‍, കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റിക്ക് വേണ്ടി ശ്രീ.കെ.ബി.ജോയ് നടത്തുന്ന ദുര്‍ഗന്ധമില്ലാത്ത മാലിന്യപ്ലാന്റ് പോലെയുള്ളത് ചിന്തിക്കാവുന്നതാണ്. അവിടെ യന്ത്രസഹായത്താലാണ് ദുര്‍ഗ്ഗന്ധമൊന്നും ഇല്ലാതെ തന്നെ മാലിന്യം വേര്‍തിരിക്കുന്നതും സംസ്ക്കരിക്കുന്നതും. അതും കോര്‍പ്പറേഷന്റെ മുഴുവന്‍ മാലിന്യവും അല്‍പ്പം പോലും കെട്ടിക്കിടക്കാതെ മറിക്കൂറുകള്‍ക്കകം. ഇത്തരം പ്ലാന്റുകള്‍ കേരളത്തില്‍ എവിടെയും സൌജന്യമായി സ്ഥാപിക്കാനും അതിന്റെ അറ്റകുറ്റപ്പണികള്‍ സൌജന്യമായി നടത്താനും ശ്രീ.ജോയി തയ്യാറാണ്. അതില്‍ നിന്നുണ്ടാകുന്ന വളവും പ്ലാസ്റ്റിക്കുമൊക്കെ അദ്ദേഹത്തിന്റെ സ്ഥാപനത്തിന് (എക്കോ ഹെല്‍ത്ത് സെന്റര്‍) നല്‍കണം എന്നത് മാത്രമേ നിബന്ധനയുള്ളൂ.

ജോയിയെപ്പോലുള്ളവരുടേയും ഈ വിഷയത്തെപ്പറ്റി നന്നായി പഠിച്ച് മനസ്സിലാക്കിയിട്ടുള്ള സുധീഷ് മേനോനെപ്പോലുള്ളവരുടേയും നിര്‍ദ്ദേശങ്ങളും സേവനവുമൊക്കെ മാലിന്യസംസ്ക്കരണ രംഗത്ത് പ്രയോജനപ്പെടുത്താനും സര്‍ക്കാര്‍ തലത്തില്‍ നടപടികളുണ്ടാകണം. കോടികള്‍ ലാഭമുണ്ടാക്കാന്‍ പോന്ന ഒരു ജൈവവള വ്യവസായമാണ് മാലിന്യസംസ്ക്കരണമെന്ന് കണക്കുകള്‍ നിരത്തിക്കൊണ്ട് ശ്രീ.സുധീഷ് മേനോന്‍ പറയുന്നു. യൂറോപ്യന്‍ മാതൃകയിലും നിലവാരത്തിലുമുള്ള 10 ടണ്‍ ശേഷിയുള്ള ബയോഗ്യാസ് പ്ലാന്റുകള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം സ്ഥാപിക്കുക വഴി കേരളത്തിന്റെ 6000 ടണ്‍ വരുന്ന മാലിന്യം പ്രകൃതിക്കോ പരിസ്ഥിതിക്കോ കോട്ടം തട്ടാത്ത തരത്തില്‍ അന്നന്ന് തന്നെ സംസ്ക്കരിച്ചെടുക്കാനും, ഓരോ പ്ലാന്റില്‍ നിന്നും 250 പേര്‍ക്കെങ്കിലും പാചകവാതകം നല്‍കാനും സാധിക്കുമെന്നതാണ് സുധീഷ് മേനോന്റെ നിര്‍ദ്ദേശം. ക്രെഡായി പദ്ധതികളിലും പി.വി.സി. പൈപ്പുകള്‍ ഉപയോഗിച്ചുള്ള മാലിന്യ സംസ്ക്കരണത്തിലും എന്തൊക്കെ അപാകതകളും പോരായ്മകളും ഉണ്ടെങ്കിലും അതെല്ലാം പരിഹരിക്കാന്‍ പോന്നതാണ് യൂറോപ്യന്‍ സ്റ്റാന്‍ഡേര്‍ഡിലുള്ള ബയോഗ്യാസ് പ്ലാന്റുകള്‍.

ബോധവല്‍ക്കരണം തന്നെയാണ് ഇനിയങ്ങോട്ട് വേണ്ടത്. അതിനായി എല്ലാ മാര്‍ഗ്ഗങ്ങളും സ്വീകരിക്കുക തന്നെ വേണം. പഴയ തലമുറയിലുള്ളവര്‍ മാറ്റാനാവാത്ത ചില ശീലങ്ങളുമായി മുന്നോട്ട് തന്നെ പോയെന്ന് വന്നേക്കാം. പക്ഷെ, പുതുതലമുറയെ എങ്കിലും ശാസ്ത്രീയമായി മാലിന്യ സംസ്ക്കരിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിക്കൊടുത്ത് വളര്‍ത്തിയെടുക്കേണ്ടത് അനിവാര്യമാണ്. സ്കൂളുകളില്‍ നിന്ന് തന്നെ തുടങ്ങണം മാലിന്യസംസ്ക്കരണത്തിന്റെ ബാലപാഠങ്ങള്‍. പ്രൈമറി സ്ക്കൂള്‍ തലത്തില്‍ നമ്മുടെ കുട്ടികള്‍ പഠിക്കുന്ന വിഷയങ്ങള്‍ ശരിക്കും ഏതൊരാളെയും അമ്പരപ്പിക്കുന്നത് തന്നെയാണ്. പക്ഷെ അവരുടെ നിലനില്‍പ്പിന്റെ തന്നെ വിഷയമായ മാലിന്യസംസ്ക്കരണ പാഠങ്ങള്‍ക്ക് സിലബസ്സില്‍ എത്രത്തോളം പ്രാധാന്യമുണ്ട് ? തുലോം തുച്ഛമാണെന്ന് വേണം മനസ്സിലാക്കാന്‍. കുട്ടികളെ ബോധവല്‍ക്കരിക്കുക തന്നെയാണ് ഏറ്റവും നല്ല മാര്‍ഗ്ഗം. അവര്‍ വീട്ടിലുള്ള മുതിര്‍ന്നവരിലേക്കും ഇത്തരം നല്ല ശീലങ്ങള്‍ പകര്‍ന്ന് നല്‍കിക്കോളും. എന്റെ സ്ക്കൂള്‍ കാലത്ത് ഒരാഴ്ച്ച മുഴുവനും നീണ്ടുനില്‍ക്കുന്ന ‘സേവനവാരം’ ഉണ്ടായിരുന്നു. ഇന്നത് ഒന്നോ രണ്ടോ ദിവസങ്ങളായി ചുരുങ്ങിയിരിക്കുകയാണ്. കൊല്ലത്തില്‍ 10 സേവനവാരം നടത്തിയാലും തീരാത്തത്ര മാലിന്യം പ്ലാസ്റ്റിക്കായും അല്ലാതെയും ഇന്ന് ഓരോ സ്കൂളിന്റെ പരിസരത്തുനിന്നും കണ്ടെടുക്കാനാവും. പക്ഷെ, ‘സേവനവാരം‘ ഒരു ദിവസം മാത്രമായി ഒതുങ്ങിയിരിക്കുന്നു. സ്ക്കൂളും പരിസരവുമൊക്കെ ശുചിത്വത്തോടെ സൂക്ഷിക്കുന്നതോടൊപ്പം പുതിയൊരു മാലിന്യസംസ്ക്കാരം തന്നെ സമൂഹത്തില്‍ വളര്‍ത്തിയെടുക്കേണ്ടത് സ്ക്കൂളുകളില്‍ നിന്നാണ്. അതിനി വൈകാനും പാടില്ല.


നേരെ ചൊവ്വേ പറഞ്ഞാല്‍ കാര്യങ്ങള്‍ മനസ്സിലാക്കാത്തവര്‍ അറിഞ്ഞിരിക്കാനായി ചില നിയമവശങ്ങള്‍ കൂടെ പറഞ്ഞു കൊടുക്കുക. പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് മാലിന്യം നിക്ഷേപിക്കുന്നത് 2011 നവംബര്‍ മാസം മുതല്‍ നിയമപരമായി നിരോധിക്കപ്പെട്ട കാര്യമാണ്. ഇങ്ങനെ ചെയ്യുന്നവര്‍ക്കെതിരെ കേസെടുക്കണമെന്ന് ഡി.ജി.പി.യോട് ജസ്റ്റിസ് സി.എന്‍.രാമചന്ദ്രനും ജസ്റ്റിസ് പി.എസ്.ഗോപിനാഥനുമടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്. മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനും സംസ്ക്കരണത്തിനുമായി ലെവി ഈടാക്കണമെങ്കില്‍ അതും ആകാമെന്ന് കോടതി നിര്‍ദ്ദേശിക്കുന്നുണ്ട്. പൊതുശല്യം തടയുന്ന വകുപ്പ് (ഐ.പി.സി. 268) പ്രകാരവും, രോഗം പടര്‍ന്ന് പിടിക്കാന്‍ സാദ്ധ്യതയുള്ള അശ്രദ്ധമായ നടപടിയുടെ (ഐ.പി.സി 269) പേരിലും, പൊതുവാസസ്ഥലത്തിന് ഹാനികരമാകുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെതിരായും (ഐ.പി.സി.278) ആയിരിക്കും പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരായുള്ള നടപടികള്‍. വകുപ്പ് 269 പ്രകാരം ആറ് മാസം വരെ തടവും, വകുപ്പ് 278 പ്രകാരം 500 രൂപ വരെ പിഴയും കിട്ടിയെന്ന് വരും. പൊലീസ് വിചാരിച്ചാല്‍ ഹെല്‍മെറ്റ് വെക്കാത്തവനേയും സീറ്റ് ബെല്‍റ്റ് ഇടാത്തവനേയും ഓടിച്ചിട്ട് പിടിക്കുന്നതുപോലെ മാലിന്യം നിരത്തില്‍ കൊണ്ടുത്തള്ളുന്നവനെ കണ്ടുപിടിച്ച് കേസ് ചാര്‍ജ്ജ് ചെയ്യാന്‍ ഒരു ബുദ്ധിമുട്ടുമില്ലെന്ന് സാരം.

തടവും പിഴയും ലെവിയും എല്ലാം ഒഴിവാക്കാം. അടുക്കളകൃഷിക്ക് ആവശ്യമായ വളം ഉല്‍പ്പാദിപ്പിക്കാം, അല്ലെങ്കില്‍ പാചകത്തിനാവശ്യമായ ബയോഗ്യാസ് ഉണ്ടാക്കാം. ശുചിത്വമുള്ള അന്തരീക്ഷത്തില്‍ ജീവിക്കാം. അനാവശ്യ രോഗങ്ങളില്‍ നിന്ന് മുക്തി നേടാം. മാലിന്യ സംസ്ക്കരണം ഓരോ വ്യക്തിയുടേയും കുടുംബത്തിന്റേയും സ്ഥാപനങ്ങളുടേയും ഉത്തരവാദിത്വമാണെന്ന വിചാരം എല്ലാവര്‍ക്കും ഉണ്ടാകണമെന്ന് മാത്രം. അല്ലെങ്കില്‍ അങ്ങോട്ടുമിണ്ടോട്ടും മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞ് അക്ഷരാര്‍ത്ഥത്തില്‍ കുപ്പത്തൊട്ടിയായിക്കൊണ്ടിരിക്കുന്ന ഇന്നാട്ടില്‍ വൃത്തികെട്ട ഒരു സമൂഹമായി, സമ്പൂര്‍ണ്ണ സാക്ഷരര്‍ എന്ന ലേബലും നെറ്റിയിലൊട്ടിച്ച് വാഴാം.
വിളപ്പില്‍ ശാല മാലിന്യസംസ്ക്കരണ സമരവുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിധി വന്ന സമയത്ത് ശ്രീ.സിവിക് ചന്ദ്രന്‍ പറഞ്ഞ വരികള്‍ കടമെടുത്ത് കുറിച്ചുകൊണ്ട് അവസാനിപ്പിക്കുന്നു.
“നിന്റെ അഴുകിയ ഭക്ഷണം, നിന്റെ മക്കളുടെ വിസര്‍ജ്ജ്യം പേറുന്ന പൊതിക്കെട്ടുകള്‍, നിന്റെ ഉച്ഛിഷ്ടങ്ങള്‍, നിന്റെ കഫം നിറച്ച കോളാമ്പികള്‍, നിന്റെ പഴുപ്പ് തുടച്ച പഞ്ഞിക്കെട്ടുകള്‍, നിന്റെ ഭാര്യയുടെ ആര്‍ത്തവരക്തം പുരണ്ട തുണിക്കഷണങ്ങള്‍, ........ഇതെല്ലാം വലിച്ചെറിയേണ്ടത് എന്റെ സന്തതികളുടെ മുകളിലല്ല. നിന്റെ വിസര്‍ജ്ജ്യം നീ മറവുചെയ്യണം. അതിനു കഴിയുന്നില്ലെങ്കില്‍ തീ തന്നെ തിന്നുതീര്‍ക്കണം, പന്നിയെപ്പോലെ.”
ശരിയല്ലേ അദ്ദേഹം പറഞ്ഞത് ? മറ്റൊരാളുടെ വിസര്‍ജ്ജ്യം നമ്മളുടെ മേലോ നമ്മുടെ പുരയിടത്തിലോ വീണാല്‍ നമ്മള്‍ സഹിക്കുമോ ? അതേ പരിഗണന മറ്റുള്ളവര്‍ക്ക് തിരിച്ച് നല്‍കാന്‍ നമ്മളും ബാദ്ധ്യസ്ഥരാണ്.
ചേര്‍ത്ത് വായിക്കാന്‍ ഇതേ വിഷയത്തില്‍ മുന്‍പ് എഴുതിയ രണ്ട് ലേഖനങ്ങളുടെ ലിങ്കുകള്‍ കൂടെ സമര്‍പ്പിക്കുന്നു.
മാലിന്യ വിമുക്ത കേരളം
വിളപ്പില്‍ശാലകള്‍ ഒഴിവാക്കാന്‍


Read More | തുടര്‍ന്നു വായിക്കുക

TDS ഉം ഇന്‍കംടാക്സും - സ്ഥാപനമേലധികാരികള്‍ അറിഞ്ഞിരിക്കേണ്ടത്

>> Tuesday, September 25, 2012

Ignorance of law is no excuse എന്ന തത്വം ഏവരും കേട്ടിട്ടുണ്ടാകുമല്ലോ. നിയമത്തെക്കുറിച്ചുള്ള അജ്ഞത ഒരിക്കലും ശിക്ഷ ഒഴിവാക്കാന്‍ കാരണമാകുന്നില്ലെന്ന് ഇക്കാര്യം മലയാളത്തിലും നമ്മള്‍ കേട്ടിട്ടുണ്ടാകും. എന്തായാലും ഓരോ സ്ഥാപനമേലധികാരിയും അറിഞ്ഞിരിക്കേണ്ട ഒരു വസ്തുതയെക്കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്. തങ്ങളുടെ ജീവനക്കാരുടെ പ്രതിമാസ ശമ്പളത്തില്‍ നിന്നും വരുമാന നികുതി (Income Tax) പിടിച്ചതിനു ശേഷം മാത്രമേ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥന്‍ (Drawing and Disbursing Officer - DDO) ശമ്പളം നല്കാവൂ എന്നാണ് നിയമം. ശമ്പളത്തില്‍ നിന്നുള്ള ഏതൊരു ഡിഡക്ഷനേയും (പി.എഫ്, മുതലായവ) പോലെ തന്നെയാണ് നികുതിയും ഡിഡക്ഷനായി കാണിക്കേണ്ടത്. ഇങ്ങനെ സ്രോതസ്സില്‍ നിന്നും പിടിക്കുന്ന നികുതിയെ Tax Deducted at Source (TDS) എന്ന് പറയുന്നു. DDOമാര്‍ TDSമായി ബന്ധപ്പെട്ട വിവരങ്ങള്‍ 4 കാലഘട്ടങ്ങളിലായി പ്രത്യേക ഏജന്‍സികള്‍ മുഖേന Online ആയി സമര്‍പ്പിക്കുകയും (Quarterly Returns) വേണം. നമ്മുടെ ബഹുഭൂരിപക്ഷം വരുന്ന വിദ്യാലയങ്ങളും ഫെബ്രുവരി മാസത്തെ ശമ്പളത്തില്‍ നിന്നു മാത്രമാണ് ഇങ്ങനെ TDS പിടിക്കുന്നത് (അപ്പങ്ങളെല്ലാം ഒന്നിച്ചു ചുട്ടു എന്ന് പറയുംപോലെ). ചിലരാകട്ടെ ഒരു പടികൂടി കടന്ന് മാസം തോറും TDS പിടിക്കാറുണ്ടെങ്കിലും ഇതിന്റെ കണക്കുകള്‍ 4 ഘട്ടങ്ങളിലായി (4 Quarters) ഇന്‍കം ടാക്‌സ് വകുപ്പിന് നല്‍കാറില്ല. ഏറെ ഗൌരവകരമായ ഈ വിഷയത്തെക്കുറിച്ച് രസകരമായ ഒരു കഥയുടെ അകമ്പടിയോടെ  ബാബു വടക്കുഞ്ചേരി, രാമചന്ദ്രന്‍ എന്നീ അധ്യാപകര്‍ ചേര്‍ന്ന് തയ്യാറാക്കിയ ടി.ഡി.എസിനെക്കുറിച്ചുള്ള സമ്പൂര്‍ണലേഖനമാണ് ഇതോടൊപ്പം നല്‍കിയിരിക്കുന്നത്.
മേലധികാരികള്‍ ഇന്‍കംടാക്‌സ് നിയമങ്ങള്‍ കാറ്റില്‍ പറത്തുന്നുവോ.... ?

അപ്പങ്ങള്‍ ഒന്നിച്ചു ചുട്ടാല്‍ പുലിവാലാകുമോ .... ?

 'സംഗതി ഇതുകൊണ്ടോന്നും അടങ്ങണ കേസല്ല ടീച്ചറേ ......'

ലോനപ്പന്‍ നായര് ഇന്ന് നല്ല മൂഡിലാ, HMന് എന്തെങ്കിലും പണി കിട്ടുന്ന കേസുകെട്ടുണ്ടെങ്കില്‍ മാഷ് അങ്ങനെയാ, ആള് അന്ന് നേരത്തേ എത്തും, നല്ല ഉഷാറിലും ആയിരിക്കും.

 'ഒന്ന് തെളിച്ച് പറ എന്റെ നായരേ. എന്തെങ്കിലും ഗൗരവോള്ള കുന്താണെങ്കീ വാലും, തുമ്പും ഇല്ലാണ്ടേ ഇയ്യാള് പറയൂ'. ദാക്ഷായണി ടീച്ചര്‍ പരിഭവം പറഞ്ഞു.

 'ഇന്‍കം ടാക്‌സിന്റെ കണക്കിനീം കൊടുക്കണത്രേ... മൂന്നു മാസം കൂടുമ്പോഴൊക്കെ വഴിപാട് നടത്തണന്നാ പറേണ കേട്ടേ ... ഇല്ലെങ്കില് HMന്റെ തറവാട് വിറ്റാലും ഫൈന്‍ അടച്ച് തീരില്ല്യാന്ന് '

ഫൈനിന്റെ കാര്യം പറഞ്ഞാ ടീച്ചറുടെ BP കേറൂന്ന് മാഷ്‌ന് പണ്ടേ അറിയാം. സംഗതി ഏറ്റു. ദാക്ഷായണി ടീച്ചര്‍ കസേര വലിച്ചിട്ട് മാഷ്‌ടെ അടുത്തിരിന്നു.

'എന്റെ മാഷേ-അപ്പ മാര്‍ച്ചില് തലകുത്തി നിന്ന് ഒരു കണക്ക് നമ്മള്‍ കൊടുത്തതല്ലേ. അമ്മായി ചുട്ട അപ്പം പോലെ കിട്ട്ണ നാലു ചക്രം ശമ്പളാ... അതിന് നാഴികക്ക് നാല്പതുവട്ടം കണക്ക് കൊടുക്കണന്ന്ച്ചാ ... അല്ലാ, യൂണിയന്റെ ആള്‍ക്കാരൊക്കെ എവട്യാ കെടക്കണേ..?

'ചക്ക തലയില്‍വീണ ചാക്കോ മാഷെ'പ്പോലെ ദാക്ഷായണി ടീച്ചര്‍ തലയില്‍ കയ്യുംവെച്ച് ഇരിപ്പായി.

കാര്യങ്ങളുടെ നിജസ്ഥിതി അറിഞ്ഞാല്‍ നമ്മുടെ വിദ്യാലയങ്ങളിലെ മിക്ക HMമാരും ഈ ഇരിപ്പ് തുടരാന്‍ സാധ്യതയുണ്ട്. അതൊഴിവാക്കാനെങ്കിലും ഒരന്വേഷണമായാലോ ..?

 (പ്രധാനമായും ശമ്പളം വരുമാനം മാത്രമുള്ള ജീവനക്കാര്‍ ഉള്‍ക്കൊള്ളുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളേയും, സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ മേലധികാരികളേയും മാത്രം ഉദ്ദേശിച്ചുള്ളതാണ് ഈ കുറിപ്പ്)

എന്താണ് TDS ?
തങ്ങളുടെ ജീവനക്കാരുടെ പ്രതിമാസ ശമ്പളത്തില്‍ നിന്നും വരുമാന നികുതി (Income Tax) പിടിച്ചതിനു ശേഷം മാത്രമേ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥന്‍ (Drawing and Disbursing Officer - DDO) ശമ്പളം നല്കാവൂ എന്നാണ് നിയമം. ശമ്പളത്തില്‍ നിന്നുള്ള ഏതൊരു ഡിഡക്ഷനേയും (പി.എഫ്, മുതലായവ) പോലെ തന്നെയാണ് നികുതിയും ഡിഡക്ഷനായി കാണിക്കേണ്ടത്. ഇങ്ങനെ സ്രോതസ്സില്‍ നിന്നും പിടിക്കുന്ന നികുതിയെ Tax Deducted at Source (TDS) എന്ന് പറയുന്നു. DDOമാര്‍ TDSമായി ബന്ധപ്പെട്ട വിവരങ്ങള്‍ 4 കാലഘട്ടങ്ങളിലായി പ്രത്യേക ഏജന്‍സികള്‍ മുഖേന Online ആയി സമര്‍പ്പിക്കുകയും (Quarterly Returns) വേണം. നമ്മുടെ ബഹുഭൂരിപക്ഷം വരുന്ന വിദ്യാലയങ്ങളും ഫെബ്രുവരി മാസത്തെ ശമ്പളത്തില്‍ നിന്നു മാത്രമാണ് ഇങ്ങനെ TDS പിടിക്കുന്നത് (അപ്പങ്ങളെല്ലാം ഒന്നിച്ചു ചുട്ടു എന്ന് പറയുംപോലെ). ചിലരാകട്ടെ ഒരു പടികൂടി കടന്ന് മാസം തോറും TDS പിടിക്കാറുണ്ടെങ്കിലും ഇതിന്റെ കണക്കുകള്‍ 4 ഘട്ടങ്ങളിലായി (4 Quarters) ഇന്‍കം ടാക്‌സ് വകുപ്പിന് നല്‍കാറില്ല. “സ്റ്റാഫ് റൂമീന്നങ്ങ്ട് പുറപ്പെട്ടു ... ന്നാ ക്ലാസ്സ് റൂമിലങ്ങ്ട് എത്തീല്യാ” .. എന്നതാണ് ഇക്കൂട്ടരുടെ സ്ഥിതി. ഏതായാലും പിഴ ചുമത്താവുന്ന ലംഘനമാണ് രണ്ടിടത്തുമുള്ളത്. ഒരു DDOചെയ്യേണ്ട നടപടിക്രമങ്ങള്‍ ഇങ്ങനെ ചുരുക്കാം (വിശദമായി ചുവടെ വിവരിക്കുന്നുണ്ട്)
  1.  എല്ലാ ജീവനക്കാരോടും PAN CARD എടുക്കുവാന്‍ ആവശ്യപ്പെടുക. 
  2.  സ്ഥാപനത്തിന് ഒരു TAN (Tax Deduction Account Number) ഉണ്ടെന്ന് ഉറപ്പാക്കുക.
  3.  സാമ്പത്തിക വര്‍ഷാംരംഭത്തില്‍ തന്നെ എല്ലാ ജീവനക്കാരോടും പ്രതീക്ഷിക്കുന്ന ശമ്പള-നികുതി സ്റ്റേറ്റ്‌മെന്റ് (Anticipated Income Tax Statement) തയ്യാറാക്കി നല്കുവാന്‍ ആവശ്യപ്പെടുക 
  4. Anticipated Income Tax Statement പ്രകാരം നികുതി ബാധ്യതയുള്ള ഓരോ ജീവനക്കാരന്റേയും നികുതി എല്ലാ മാസവും ശമ്പള ബില്ലില്‍ ഉള്‍പ്പെടുത്തി, ബാക്കി ശമ്പളം മാത്രം നല്‍കുക. 
  5. ശമ്പള ബില്ലിനോടൊപ്പം നല്‍കുന്ന ട്രഷറി ചലാന്‍ യഥാസമയം ട്രഷറിയില്‍ നിന്നും കളക്ട് ചെയ്യുക 
  6. ഓരോ മാസത്തേയും 24G receipt നമ്പര്‍ ട്രഷറിയില്‍ നിന്നും കുറിച്ചെടുക്കുക. 
  7. ത്രൈമാസ റിട്ടേണ്‍ (TDS Quarterly Return) യഥാസമയത്ത് വര്‍ഷത്തില്‍ 4 പ്രാവശ്യം ഇന്‍കം ടാക്‌സ് വകുപ്പ് അംഗീകരിച്ച ഏജന്‍സികളിലുടെ (TIN facilitation centres) Online ആയി സമര്‍പ്പിക്കുക. 
  8. ഫെബ്രുവരി മാസത്തിലെ ശമ്പളത്തില്‍ (മാര്‍ച്ചില്‍ ലഭിക്കുന്ന ശമ്പളം) നിന്നും ഓരോ ജീവനക്കാരനും പ്രസ്തുത സാമ്പത്തിക വര്‍ഷത്തില്‍ അടക്കേണ്ടതായ നികുതി മുഴവനായും TDS ആയി പിടിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. 

കണ്ണില്‍ ചോക്കുപൊടിയിട്ട് കാത്തിരുന്നില്ലെങ്കില്‍ (അധ്യാപകരാകുമ്പോള്‍ എണ്ണയേക്കാള്‍ ഉത്തമം ചോക്കുപൊടിയാണെന്ന് തോന്നുന്നു) ഇതില്‍ ഏതെങ്കിലും നടപടിക്രമങ്ങള്‍ തെറ്റിപ്പോകാം. അതുകൊണ്ടുതന്നെ, ഏതെങ്കിലും ഉത്തരവാദിത്വപ്പെട്ട അധ്യാപകനെ (അല്ലാത്തവര്‍ ഉണ്ടാകാനിടയില്ല !) ഈ ചുമതലയേല്പിച്ച്, അദ്ദേഹത്തെ മറ്റ് പ്രത്യേക ഡ്യൂട്ടികള്‍ നല്കാതെ പ്രോത്സാഹിപ്പിച്ച് നിര്‍ത്തുന്നതാണ് കൂടുതല്‍ ഉത്തമമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇനി വിശദാംശങ്ങളിലേക്ക് കടക്കാം.

1. എല്ലാ ജീവനക്കാരോടും PAN CARD എടുക്കുവാന്‍ ആവശ്യപ്പെടുക

നികുതിവിധേയമായ വരുമാനം ഉണ്ടാകാന്‍ സാധ്യതയുള്ള എല്ലാ ജീവനക്കാരോടും PAN CARD നിര്‍ബന്ധമായും സംഘടിപ്പിക്കുവാന്‍ ആവശ്യപ്പെടണം. നാട്ടില്‍ കാണുന്ന മിക്കവാറും പണമിടപാടു സ്ഥാപനങ്ങളും, ഷെയര്‍ ഇടപാടു കേന്ദ്രങ്ങളും ഈ സേവനം നല്കുന്നുണ്ട്. നികുതി ബാധ്യതയുള്ള ഒരു ജീവനക്കാരന് PAN കാര്‍ഡ് ഇല്ലെങ്കില്‍ 20 ശതമാനം TDS ആയി പിടിച്ചതിനുശേഷമേ ശമ്പളം ലഭിക്കൂ എന്ന വകുപ്പറിയുമ്പോള്‍, ഉണര്‍ന്നേക്കാം.

2. സ്ഥാപനത്തിന് ഒരു TAN ഉണ്ടെന്ന് ഉറപ്പാക്കുക.

എല്ലാ DDOമാര്‍ക്കും Tax Deduction Account Number നിര്‍ബന്ധമാണ്. ഇത് ലഭിക്കുന്നതിന് TIN facilitation centreകള്‍ മുഖേന നിശ്ചിത ഫിസ് നല്കി അപേക്ഷിച്ചാല്‍ മതി. താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത്, ഹോംപേജില്‍ ഇടതുവശത്ത് മധ്യത്തിലായി കാണുന്ന Searchന് കീഴിലുള്ള ലിങ്കിലും ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ അടുത്തുള്ള TIN facilitation centre ഏതെന്ന് കണ്ടുപിടിക്കാം.
www.tin-nsdl.com

3. ജീവനക്കാരില്‍ നിന്നും Anticipated Income Tax Statement തയ്യാറാക്കി വാങ്ങല്‍

ഓരോ സാമ്പത്തിക വര്‍ഷത്തിന്റേയും തുടക്കത്തില്‍ (അതായത് മാര്‍ച്ച് മാസത്തെ ശമ്പളം തയ്യാറാക്കുമ്പോള്‍) തന്നെ എല്ലാ ജീവനക്കാരോടും Anticipated Tax Calculation Statement തയ്യാറാക്കി സമര്‍പ്പിക്കുവാന്‍ DDO ആവശ്യപ്പെടണം. ഇതുപ്രകാരം ഒരു ജീവനക്കാരന് നികുതി ബാധ്യത വരികയാണെങ്കില്‍, വരുന്ന ആകെ നികുതിയെ 12 കൊണ്ട് ഹരിച്ച് തുല്യ പ്രതിമാസ ഗഡുക്കളായി നികുതി പിടിക്കണം. സൗകര്യാര്‍ത്ഥം ഈ നികുതിയെ അടുത്ത 50ലേക്കോ 100ലേക്കോ റൗണ്ട് ചെയ്യാവുന്നതാണ്. 2012-13 സാമ്പത്തിക വര്‍ഷത്തേക്കുള്ള നികുതി നിരക്കുകള്‍ താഴെകാണും പ്രകാരമാണ് (സ്ത്രീകള്‍ക്ക് ഈ വര്‍ഷത്തേക്ക് വേറെ നിരക്കില്ല എന്നോര്‍ക്കുക)
ആഗസ്ത് മാസമായിട്ടും ഇത് തയ്യാറാക്കിയിട്ടില്ലെങ്കില്‍, ഉടന്‍തന്നെ ഇത് തയ്യാറാക്കുക. ചുവടെ കാണുന്ന കാര്യങ്ങള്‍ കൂടെ കണക്കിലെടുത്തുവേണം സ്റ്റേറ്റ്‌മെന്റ് തയ്യാറാക്കേണ്ടത്.

  1. വാര്‍ഷിക ഇംക്രിമെന്റ് 
  2. ഇപ്പോള്‍ നിലവിലുള്ള ഡി.എ. നിരക്ക് (38%) തന്നെ വരും മാസങ്ങളിലും തുടരുമെന്ന് ഊഹിക്കാം. 
  3. ഡി.എ. നിരക്കില്‍ മാറ്റം വരുമ്പോഴോ, കാര്യമായ തുക അരിയര്‍ ആയി ലഭിക്കുമ്പോഴോ ഈ സേറ്റ്‌മെന്റ് റിവൈസ് ചെയ്യുക. 
  4.  പരിഷ്‌ക്കരിച്ച പുതിയ വരുമാനപ്രകാരം അടക്കേണ്ട നികുതിയില്‍ മാറ്റം കാണാം. കൂടുതലായി നല്‍കേണ്ട നികുതിക്കനുസരിച്ച് ആനുപാതികമായി മാസം തോറും പിടിക്കേണ്ട TDSല്‍ മാറ്റം വരുത്തി തുടര്‍ന്നുള്ള ശമ്പള ബില്ലിലെഴുതാം. 
Anticipated Income Tax Statement പ്രകാരം നികുതി പിടിക്കുക.

SPARK വഴി നികുതി പിടിച്ചു ശമ്പള ബില്‍ തയ്യാറാക്കുമ്പോള്‍ ഒരു സ്‌റേറ്റ്‌മെന്റ് (Statement showing deduction towards Income Tax) ലഭിക്കും. ഈ സ്റ്റേറ്റ്‌മെന്റിനൊപ്പം ട്രഷറി ചലാന്‍ കൂടി നമ്മള്‍ വേറെ ചേര്‍ക്കണം. ചലാന്‍ അടക്കേണ്ടത്  8658 - 00 - 112 എന്ന ഹെഡ്ഡ് ഓഫ് അക്കൗണ്ടിലാണ്.

5. ശമ്പള ബില്ലിനോടൊപ്പം നല്‍കുന്ന ട്രഷറി ചലാന്‍ യഥാസമയം ട്രഷറിയില്‍ നിന്നും കളക്ട് ചെയ്യുക

ട്രഷറിയില്‍ നിന്നും പലപ്പോഴും ചലാന്‍ ലഭിക്കാന്‍ ബുദ്ധമുട്ടാണ്. അതുകൊണ്ട് ശമ്പളം വാങ്ങാന്‍ ട്രഷറിയില്‍ പോകുന്ന ഉദ്യോഗസ്ഥന്‍ ഒന്നു ശ്രദ്ധിച്ചാല്‍ ഈ നമ്പര്‍ എളുപ്പം ലഭിക്കും. ട്രഷറിയില്‍ നിന്നും ലഭിക്കുന്ന POC നോക്കുക. അതില്‍ Key നമ്പര്‍ എന്ന് ടൈപ്പ് ചെയ്തിരിക്കുന്നതിന് നേരെയുള്ള നമ്പറും, തീയതിയും കുറിച്ചെടുക്കുക. ഇതായിരിക്കും ചലാന്‍ നമ്പറും തീയ്യതിയും.

6. ഓരോ മാസത്തേയും 24G receipt നമ്പര്‍ ട്രഷറിയില്‍ നിന്നും കുറിച്ചെടുക്കുക.

ട്രഷറി അധികൃതര്‍ എല്ലാ മാസവും അവരുടെ നികുതി സംബന്ധമായ കണക്കുകള്‍ സമര്‍പ്പിക്കുമ്പോള്‍ ലഭിക്കുന്ന 7 അക്ക നമ്പറാണിത്. ഇത് ഓരോ മാസത്തിനും ഓരോ നമ്പര്‍ ആയിരിക്കും. ട്രഷറിയില്‍ നിന്നും ഈ നമ്പര്‍ കിട്ടാന്‍ ആഴ്ചകളോളം കാത്തിരിക്കേണ്ടി വരാറുണ്ട്. ട്രഷറിയെ ആശ്രയിക്കാതെ തന്നെ ഇത് ഓണ്‍ലൈന്‍ ആയും ലഭ്യമാകും.

7. ത്രൈമാസ റിട്ടേണ്‍ (TDS Quarterly Return) നല്‍കല്‍

മുകളില്‍ പറഞ്ഞ 6 കാര്യങ്ങള്‍ ചെയ്താലും പ്രക്രിയ പൂര്‍ണ്ണമാകുന്നില്ല.  DDO, താന്‍ അതുവരെ പിടിച്ചതും അടച്ചതുമായ നികുതി കണക്കുകള്‍ 3 മാസങ്ങള്‍ ഇടവിട്ട് (വര്‍ഷത്തില്‍ 4 തവണകളായി) TDS Quarterly Return സമര്‍പ്പിക്കേണ്ടതായിട്ടുണ്ട്. ഇന്‍കം ടാക്‌സ് വകുപ്പ് അംഗീകരിച്ച ഏജന്‍സികള്‍ വഴി (TIN Facilitation Centres) ഓണ്‍ലൈന്‍ ആയാണ് റിട്ടേണ്‍ സമര്‍പ്പിക്കേണ്ടത്. Q1, Q2, Q3, Q4 എന്നീ ഓമനപ്പേരുകളില്‍ ഇത് അറിയപ്പെടുന്നു. റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ മാത്രമാണ് നികുതി ശമ്പളത്തില്‍ നിന്നും പിടിച്ചെടുക്കപ്പെട്ട ജീവനക്കാരന് അവരുടെ PAN accountല്‍ നികുതിയുടെ ക്രെഡിറ്റ് ലഭിക്കൂ. റിട്ടേണ്‍ സമര്‍പ്പിക്കാതിരുന്നാല്‍ നികുതി നല്കിയ വ്യക്തി നികുതി അടച്ചിട്ടില്ലെന്ന് (പ്രത്യേകിച്ച് ടാക്‌സ് റീഫണ്ട് ഉണ്ടെങ്കില്‍) കണക്കാക്കി ഇന്‍കം ടാക്‌സ് വകുപ്പ് നോട്ടീസ് നല്കും. ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം DDOക്കാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. റിട്ടണ്‍ നല്‌കേണ്ട തീയതികള്‍ താഴെ കാണുംവിധമാണ്
വലുതായി കാണാന്‍ ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യുക


TIN Facilitation Centre കളില്‍ സമര്‍പ്പിക്കേണ്ട റിട്ടേണ്‍ എന്ന് പറഞ്ഞാല്‍ താഴെ പറയുന്ന ഫോമും, സ്റ്റേറ്റുമെന്റുമാണ്.

1. Form 27 A. ഇതിന്റെ എക്‌സല്‍ രൂപത്തിലുള്ള ഫയല്‍ ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
2. സ്റ്റേറ്റ്‌മെന്റ് (ചുവടെ കാണിച്ചിരിക്കുന്നു. മുകളില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്ത ഫയലില്‍ രണ്ടാം ഷീറ്റായി നല്‍കിയിട്ടുമുണ്ട്.)

വലുതായി കാണാന്‍ ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യുക


ക്വാര്‍ട്ടര്‍ 4ലെ സ്റ്റേറ്റ്‌മെന്റിനൊപ്പം, ഫെബ്രുവരി മാസത്തിലെ ബില്ലിനൊപ്പം തയ്യാറാക്കിയ Tax Calculation Statement കൂടി നല്‍കുക ഏതെങ്കിലും ഒരു ക്വാര്‍ട്ടറില്‍ ടാക്‌സൊന്നും പിടിച്ചിട്ടില്ലെങ്കില്‍ ആ ക്വര്‍ട്ടറില്‍ NIL റിട്ടേണ്‍ ഫയല്‍ ചെയ്യണം. ഇതിനായി Form 27 A മാത്രം നല്കിയാല്‍ മതി. നമ്മള്‍ കൊടുക്കുന്ന വിവരം TIN facilitation centreകള്‍ ഒരു പ്രത്യേക ഫോര്‍മാറ്റിലുള്ള ഫയല്‍ ആക്കി മാറ്റി ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സെര്‍വറിലേക്ക് Upload ചെയ്യും. ഇങ്ങനെ ചെയ്യുമ്പോല്‍ ഒരു Print Out ലഭിക്കും. ഇത് ബില്ലിനൊപ്പം നമുക്ക് നല്‍കും. ഈ Print Out ഭദ്രമായി സൂക്ഷിച്ചുവെക്കണം. കൊടുത്ത കണക്കുകളില്‍ എന്തെങ്കിലും തെറ്റുകളുണ്ടെങ്കില്‍ കറക്ഷന്‍ നടത്തുന്നതിനും മറ്റും ഈ Print Out അനിവാര്യമാണ്.

 8. ഫെബ്രുവരി മാസത്തെ ശമ്പള ബില്‍ തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

ഒരു സാമ്പത്തിക വര്‍ഷത്തിലെ അവസാന ബില്‍ തയ്യാറാക്കുമ്പോള്‍ ഓരോ ജീവനക്കാരന്റേയും ഒരു സാമ്പത്തിക വര്‍ഷത്തെ മുഴുവന്‍ നികുതിയും അതോടെ TDS ആയി പിടിച്ചു എന്ന് ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമാണ്.

TDS ഫയലിങ്ങിന്റെ അഷ്ടശീല തത്വങ്ങള്‍ അറിഞ്ഞ ദാക്ഷായണി ടീച്ചര്‍ പതുക്കെ തലപൊക്കി. പുള്ളിക്കാരി എന്തോ തീരുമാനിച്ചുറച്ഛ ലക്ഷണമുണ്ട്. “ഹെഡ്മാഷരൊമ്പെട്ടാ പി.ടി. മാഷും തടുക്കില്ലെന്നാണല്ലോ പ്രമാണം”.

“TDS ഫയലിങ്ങിന് ഇനി വിട്ടു വീഴ്ചയില്ല. പക്ഷെ ആരെ ഏല്പിക്കണം ..? കണ്ണില്‍ ചോക്കുപൊടിയിട്ട് ഈ പണി കരുതലോടെ ചെയ്യാന്‍ പറ്റിയ ഓരാള് …” ദാക്ഷായണി ടീച്ചര്‍ ഒരു നിമിഷം ചിന്താവിഷ്ടയായി. പിന്നെ ഉച്ചത്തില്‍ ഒരു വിളിയായിരുന്നു.

 “ലോനപ്പന്‍ നായരേ …..” കാക്ക കണ്ടറിയും എന്ന് പറഞ്ഞപോലെ ലോനപ്പന്‍ മാഷ് മുങ്ങാന്‍ തയ്യാറായതായിരുന്നു. പക്ഷേ ടീച്ചറുടെ വിളിയിലെ “ചങ്കൊറപ്പ്” കണ്ട മാഷ് പിന്നൊന്നും ആലോചിച്ചില്ല. “ഏറ്റു ടീച്ചറേ …... ഞാനേറ്റു…..”

ഗുണപാഠം :- ഒരിക്കലും അപ്പങ്ങളെല്ലാം ഒന്നിച്ച് ചുടരുത്.

വാലറ്റം
2012 ജൂലൈ 1 മുതല്‍, ക്വര്‍ട്ടര്‍ലി റിട്ടേണുകള്‍ യഥാസമയം നല്കിയില്ലെങ്കില്‍, വൈകുന്ന ഓരോ ദിവസത്തിനും 200 രൂപ വീതമോ, അല്ലെങ്കില്‍ ആകെ ആ ക്വാര്‍ട്ടറില്‍ അടക്കേണ്ട നികുതിയോ, ഏതാണ് ചെറുതെങ്കില്‍ അത് TIN-FCല്‍ അടച്ചാല്‍ മാത്രമേ റിട്ടേണ്‍ ഫയല്‍ ചെയ്യുവാന്‍ സാധിക്കുകയുള്ളൂ. ഈ നിയമം ശക്തമായി നടപ്പിലാക്കിയിട്ടില്ല എന്നാണ് തോന്നുന്നത്. എങ്കിലും ഓര്‍മ്മയില്‍ ഉണ്ടാകുന്നത് DDOമാരുടെ പോക്കറ്റിന്റെ കനം കുറയാതിരിക്കാന്‍ നല്ലതാണ്. ഇത് ഒരു ആധികാരിക രേഖയല്ല. അറിയാം എന്ന് കരുതുന്ന ചില കാര്യങ്ങള്‍ പങ്കുവെച്ചുവെന്നേ ഉള്ളൂ.

തയ്യാറാക്കിയത് :
ബാബു വടുക്കുഞ്ചേരി
രാമചന്ദ്രന്‍ വി.


Read More | തുടര്‍ന്നു വായിക്കുക

ടിസിഎസ് ഐടി ക്വിസ് - കൊച്ചിയില്‍

>> Sunday, September 23, 2012

സ്ക്കൂളുകള്‍ക്കായുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സാങ്കേതിക ക്വിസ്സിന്റെ നമ്മുടെ മേഖലാമത്സരം ഒക്ടോബര്‍ 5 ന് കൊച്ചിയില്‍ വെച്ച് നടക്കും. ഐ.റ്റി. സേവനത്തിലും കണ്‍സള്‍ട്ടിങ്ങിലും വ്യവസായത്തിലും പ്രമുഖരായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ് (TCS) കമ്പനി, സ്ക്കൂള്‍ തലത്തിലെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഐ.റ്റി. ക്വിസ്സ് ആയ ടി.സി.എസ്. ഐ.റ്റി.വിസ് (TCS IT Wiz) ഒക്ടോബര്‍ 5 വെള്ളിയാഴ്ച്ച, കലൂര്‍ പ്രൈവറ്റ് ബസ്സ് സ്റ്റാന്‍‌ഡിന് എതിര്‍വശത്തുള്ള ഗോകുലം കണ്‍‌വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടത്തുന്നു. ഈ മത്സരത്തില്‍ നിന്നും വിജയിക്കുന്ന ടീം ഡിസംബറിലുള്ള ദേശീയ ഫൈനല്‍ മത്സരത്തില്‍ കൊച്ചിയെ പ്രതിനിധീകരിക്കും.. കൊച്ചിയില്‍ നടക്കുന്ന മത്സരത്തില്‍, പ്രീ യൂണിവേര്‍സിറ്റി ജൂനിയര്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ അടക്കം 8 മുതല്‍ 12 ക്ലാസ്സ് വരെയുള്ള എല്ലാ സ്കൂള്‍ കുട്ടികള്‍ക്കും പങ്കെടുക്കാവുന്നതാണ്. മത്സരത്തിന് പ്രവേശന ഫീസ് ഒന്നും ഈടാക്കുന്നില്ല. ഓരോ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും രണ്ട് അംഗങ്ങള്‍ വീതമുള്ള എണ്ണമറ്റ ടീമുകളെ പങ്കെടുപ്പിക്കാവുന്നതാണ്. കൊച്ചി മേഖലാ മത്സരത്തില്‍ പങ്കെടുക്കുവാനായി ഇവിടെ ക്ലിക്ക് ചെയ്ത് ഓണ്‍ലൈനായി അപേക്ഷിക്കാം.
കമ്പനിയുടെ കോര്‍പ്പറേറ്റ് സാമൂഹ്യ പ്രതിബദ്ധതയൂടെ ഭാഗമായി കഴിഞ്ഞ 12 വര്‍ഷമായി, രാജ്യത്തെ ഏറ്റവും വലിയ ഐ.റ്റി. ക്വിസ്സ് മത്സരമായ TCS IT Wiz നടത്തിപ്പോരുന്നു. ഏഷ്യയിലെ ഏറ്റവും വലിയ വിവര സങ്കേതികവിദ്യാ കമ്പനിയായ ടി.സി.എസ്, സാങ്കേതിക മേഖലയിലും, ലോക വിവര സാങ്കേതിക വിദ്യയിലും വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണം നടത്തുന്നതില്‍ മുന്നിട്ടുനില്‍ക്കുന്നു. സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ വിവര സാങ്കേതിക വിദ്യയോടുള്ള അഭിരുചി വര്‍ദ്ധിപ്പിക്കാനും, സാദ്ധ്യതകള്‍ ഉണര്‍ത്താനും, ജിജ്ഞാസ തുളുമ്പുന്ന യുവമനസ്സുകളില്‍ അതിനുള്ള അഭിനിവേശവും ഊര്‍ജ്ജവും വളര്‍ത്താനുമാണ് TCS IT Wiz ലൂടെ കമ്പനി ലക്ഷ്യമിടുന്നത്. ഇന്നത്തെ സമൂഹത്തിന്റെ വിവിധ മേഖലകളിളും, ധനപരമായ കാര്യങ്ങളിലും വിവരസാങ്കേതിക വിദ്യ അഖണ്ഡമായ ഒരു പങ്കാണ് കൈയ്യാളുന്നത്.
ക്വിസ്സ് ഘടന :-
പൊതുവായ 20 ചോദ്യങ്ങള്‍ അടങ്ങുന്ന പ്രാഥമിക എഴുത്ത് റൌണ്ടായിരിക്കും എല്ലാ ടീമുകള്‍ക്കും ഉണ്ടാകുക. കാല്‍ ചോദ്യങ്ങള്‍ ശബ്ദ ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഓറല്‍ സംവിധാനത്തിലൂടെ ആയിരിക്കും. കമ്പനിയുടെ, പ്രിന്റ് ചെയ്ത് തയ്യാറാക്കിയ ഉത്തരക്കടലാസില്‍ ആണ് മത്സരാര്‍ത്ഥികള്‍ ഉത്തരമെഴുതേണ്ടത്.
ഫൈനല്‍ :-
 മുന്നിലെത്തുന്ന ആദ്യത്തെ ആറ് ടീമുകള്‍ അന്തിമ മത്സരത്തിലേക്ക് യോഗ്യരാവും. ഒരു വിദ്യാലയത്തില്‍ നിന്ന് ഒന്നിലധികം ടീമുകള്‍ മുന്നിലെത്തുകയാണെങ്കില്‍ അതില്‍ നിന്ന് മികച്ച ടീമിനെ മാത്രമേ ഫൈനലിലേക്ക് പരിഗണിക്കൂ. ഈ ആറ് ടീമുകളെ വെച്ച് നടത്തുന്ന ഫൈനല്‍ മത്സരത്തില്‍ വിജയിയാകുന്ന ടീമായിരിക്കും ഡിസംബറില്‍ നടക്കുന്ന രാജ്യാന്തര ഫൈനല്‍ മത്സരത്തില്‍ കൊച്ചിയെ പ്രതിനിധീകരിക്കുക.
റെഫര്‍ ചെയ്യുക -
ഒന്ന്

രണ്ട്


Read More | തുടര്‍ന്നു വായിക്കുക

ഡയസ് നോണ്‍ എന്‍ട്രി സ്പാര്‍ക്കിലൂടെ

>> Friday, September 21, 2012


17-8-2012 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 21-8-2012 ല്‍ പണിമുടക്കിയ ജീവനക്കാര്‍ക്ക് ഡൈസ്നോണ്‍ ബാധകമാണ്. ഓണം/ റംസാന്‍ പെരുന്നാള്‍ പ്രമാണിച്ച് ആഗസ്ത് മാസത്തെ ശമ്പളം നേരത്തെ വിതരണം ചെയ്തതിനാല്‍ 21-8-2012 ല്‍ പണിമുടക്കിയവരുടെ ഒരു ദിവസത്തെ ശമ്പളം കുറവ് ചെയ്യേണ്ടത് സെപ്തംബര്‍ മാസത്തെ ശമ്പളത്തില്‍ നിന്നുമാണ്.സമാന സാഹചര്യത്തില്‍, കഴിഞ്ഞ ഫെബ്രുവരി മാസത്തിലെ ഡൈസ്നോണ്‍ എപ്രില്‍ മാസത്തിലെ ശമ്പളത്തില്‍ പ്രാബല്യത്തില്‍ വരുത്തിയ മാര്‍ഗ്ഗം തന്നെയാണ് സ്പാര്‍ക്കില്‍ ഇപ്പോഴും നിലവിലുള്ളത്. കുറ്റമറ്റതല്ലാത്തതും പണിമുടക്കിയ ജീവനക്കാരുടെ എണ്ണം കൂടുതലാണെങ്കില്‍ പ്രയാസം സൃഷ്ടിക്കുന്നതുമായ ഈ രീതിയില്‍ മാറ്റം വരുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളൊന്നും തല്‍ക്കാലം ആലോചനയിലില്ല എന്നാണ് സ്പാര്‍ക്കില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്. അതിനാല്‍ ഇപ്പോള്‍ നിലവിലുള്ള രീതി വിശദീകരിക്കുകയാണ്.1. Salary Matters ല്‍ Batch Diesnon എടുക്കുക.

2. Diesnon for Previous Month തെരഞ്ഞെടുത്ത ശേഷം Month for which Diesnon to be worked out എന്നത് August ഉം Month on which Diesnon to be effected എന്നത് September ഉം നല്‍കി Select Employee യില്‍ ക്ലിക്ക് ചെയ്യണം.

3. ഡൈസ്നോണ്‍ ഉള്ള ജീവനക്കാരെ സെലക്ട് ചെയ്ത ശേഷം Confirm ക്ലിക്ക് ചെയ്യുക.


4. ഇപ്പോള്‍ Salary Matters- Changes in the month- Deductions- Deductions ല്‍ ചെന്നാല്‍ ഡൈസ്നോണ്‍ കൊടുത്ത ജീവനക്കാരുടെ ആഗസ്ത് മാസത്തിലെ ഒരു ദിവസത്തെ ശമ്പളം സെപ്തംബര്‍ മാസ ശമ്പളത്തില്‍ കുറവ് ചെയ്യപ്പെടുന്ന വിധത്തില്‍ Excess Pay Drawn ആയി ചേര്‍ക്കപ്പെട്ടത് കാണാം. മുകളില്‍ മൂന്നാമത്തെ സ്റ്റെപ് പൂര്‍ത്തീകരിച്ച ശേഷം സെപ്റ്റംബര്‍ മാസത്തെ ശമ്പള ബില്‍ പ്രൊസസ്സ് ചെയ്യുകയാണെങ്കില്‍ പ്രസ്തുത ബില്ലില്‍ നിന്നും ഈ തുക കുറവ് ചെയ്യപ്പെട്ടിട്ടുണ്ടാകും. സെപ്റ്റംബര്‍ ശമ്പള ബില്ലിന്റെ കൂടെ ഡൈസ്നോണ്‍ കാരണം ബില്ലില്‍ കുറവ് ചെയ്യപ്പെടുന്ന ആകെ തുക റീഫണ്ട് ചെയ്യുന്നതിനുള്ള ഒരു ചലാനും സമര്‍പ്പിക്കണം.

5. ഡൈസ്നോണ്‍ ഉള്ളവര്‍ ആഗസ്തില്‍ അധികം വാങ്ങിയ തുക സെപ്തംബര്‍ ശമ്പളത്തില്‍ നിന്നും പിടിക്കുന്നതിന് മേല്‍ വിവരിച്ച മാര്‍ഗ്ഗം എളുപ്പം തന്നെ. തല്‍ക്കാലം കാര്യം നടന്നെങ്കിലും പ്രശ്നങ്ങള്‍ ബാക്കി നില്‍ക്കുന്നുണ്ട്. ലീവ് അക്കൌണ്ടും ഡ്രോണ്‍ സാലറിയും അപ്ഡേറ്റ് ചെയ്യപ്പെട്ടിട്ടില്ലാത്തതിനാല്‍, പ്രധാനമായും, ഭാവിയില്‍ അരിയര്‍ ബില്ലുകള്‍ ശരിയായി കിട്ടില്ല. 1-7-2012 പ്രാബല്യത്തില്‍ പ്രഖ്യാപിക്കപ്പെടാന്‍ സാദ്ധ്യതയുള്ള ഡി.എ അരിയര്‍ ബില്ലില്‍ ഡൈസ്നോണ്‍ തിയ്യതിയായ 21-8-2012 ഉം ഉള്‍പ്പെടുമെന്നത് തീര്‍ച്ചയാണ്. അതിനാല്‍ Leave Entry/ Leave Availed ല്‍ 21-8-2012 തിയ്യതിയില്‍ ഇപ്പോള്‍ തന്നെ ഡൈസ്നോണ്‍ ചേര്‍ത്ത് വെക്കണം.

6. സെപ്തംബര്‍ ശമ്പള ബില്‍ മാറിക്കഴിഞ്ഞ ശേഷം Manually Drawn Salary യില്‍ ഡൈസ്നോണ്‍ കാരണം പിടിച്ച തുക ആഗസ്ത് മാസത്തില്‍ മൈനസ് ചിഹ്നം നല്‍കി ചേര്‍ത്ത് വെക്കുകയും വേണം. എങ്കില്‍ മാത്രമെ സ്പാര്‍ക്കില്‍ ആഗസ്ത് മാസത്തെ ഡ്രോണ്‍ സാലറി അപ്ഡേറ്റ് ചെയ്യപ്പെടുന്നുള്ളൂ.

7. പണിമുടക്കിയ ജീവനക്കാരുടെ എണ്ണം കൂടുതലാണെങ്കില്‍ Leave Account ഉം Manually Drawn Salary യും അപ്ഡേറ്റ് ചെയ്യുന്നത് അത്ര എളുപ്പമായിരിക്കില്ല. Manually Drawn Salary യില്‍ അലവന്‍സുകളും മറ്റും ചേര്‍ക്കാനും കഴിയുന്നില്ല. ഇക്കാര്യങ്ങള്‍ സ്പാര്‍ക്കിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. പ്രതിവിധിയുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

8. കൂടുതല്‍ ജീവനക്കാര്‍ക്ക് ഡൈസ്നോണ്‍ ഉണ്ടെങ്കില്‍ Leave Entry യില്‍ 21-8-2012 ന് ഡൈസ്നോണ്‍ ചേര്‍ത്ത ശേഷം 8/2012 ലെ സാലറി അരിയര്‍ പ്രൊസസ്സ് ചെയ്താല്‍ ഡൈസ്നോണ്‍ കാരണം പിടിക്കേണ്ട തുക വ്യക്തമാക്കിക്കൊണ്ടുള്ള അരിയര്‍ ബില്‍ ലഭിക്കും. ഇത് ഉപയോഗിച്ച് Manually Drawn Salary അപ്ഡേറ്റ് ചെയ്യുന്നത് എളുപ്പമായിരിക്കും. ആവശ്യമെങ്കില്‍ ഈ അരിയര്‍ ബില്‍ സെപ്റ്റംബര്‍ ശമ്പള ബില്ലിന്റെ കൂടെ സമര്‍പ്പിക്കുകയും ചെയ്യാം. (ഈ ബില്‍ പ്രകാരം ഓരോ ജീവനക്കാരനില്‍ നിന്നും പിടിക്കേണ്ട തുകയും Batch Diesnon രീതി വഴി Excess Pay Drawn ആയി സെപ്റ്റംബര്‍ ബില്ലില്‍ കുറവ് ചെയ്യപ്പെട്ട തുകയും തമ്മില്‍ Fraction Rounding ലെ അപാകത കാരണം വ്യത്യാസം വരുന്നുണ്ടോയെന്ന് ശ്രദ്ധിക്കണമെന്ന് മാത്രം). ഇവിടെ താല്‍ക്കാലികമായി പ്രൊസസ്സ് ചെയ്ത സാലറി അരിയര്‍ ബില്‍ പിന്നീട് ഡിലീറ്റ് ചെയ്യണം.


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer