STD IX വൃത്തങ്ങള്‍ - ഉദാഹരണങ്ങള്‍ ജിയോജിബ്രയിലൂടെ

>> Friday, July 30, 2010


കേരളത്തിലെ സ്ക്കൂളുകള്‍ക്കായി ഐ.ടി@സ്ക്കൂള്‍ ഇപ്പോള്‍ വിതരണം ചെയ്തുകൊണ്ടിരിക്കുന്ന ഇ-വിദ്യ എന്ന പുസ്തകത്തിലെ 100-ം പേജില്‍ മാത്​സ് ബ്ലോഗിനെ പരാമര്‍ശിച്ചതിന് ഐ.ടി@സ്ക്കൂള്‍ ഡയറക്ടര്‍ അന്‍വര്‍ സാദത്ത് സാറിനോടും ആ പ്രൊജക്ടില്‍ പങ്കാളികളായ എല്ലാവരോടും മാത്​സ് ബ്ലോഗ് നന്ദി പറയട്ടെ. ഇത്തരമൊരു ബ്ലോഗൊരുക്കുന്നതിനും മറ്റും ഐടി@സ്ക്കൂളില്‍ നിന്ന് ലഭിച്ച പരിശീലനങ്ങള്‍ ഞങ്ങള്‍ക്ക് ഏറെ സഹായകമായിയെന്നത് തുറന്നു പറയാതെ വയ്യ. പാഠ്യവിഷയത്തെ കമ്പ്യൂട്ടറിന്റെ സഹായത്തോടെ കുട്ടികള്‍ക്ക് മുന്നിലേക്കെത്തിക്കാനുള്ള ഒരു ശ്രമമാണ് ഇന്ന് നടന്നു കൊണ്ടിരിക്കുന്നത്. ഈ ലക്ഷ്യത്തോടെ ഐടി@സ്ക്കൂള്‍ പ്രൊജക്ടിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഐ.സി.ടി പഠന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നവരില്‍ ഒരാളായ തൃശൂരിലെ മാസ്റ്റര്‍ ട്രെയിനറായ വാസുദേവന്‍ സാറിന് മാത്​സ് ബ്ലോഗിലൂടെ ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമേയില്ല. പുതുതായി മാറിയെത്തിയ ഒന്‍പതാം ക്ലാസ് ഗണിതപാഠപുസ്തകത്തെ ജിയോജിബ്രയിലേക്ക് ആവാഹിച്ചെടുക്കുന്നതിന് അദ്ദേഹം അടക്കമുള്ള അധ്യാപകര്‍ ചെയ്ത പ്രവര്‍ത്തനങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവുകയില്ല. ഒന്‍പതാം ക്ലാസിലെ വൃത്തങ്ങള്‍ എന്ന പാഠഭാഗം പഠിപ്പിക്കാനാവശ്യമായ ജിയോജിബ്ര വര്‍ക്കുകളാണ് ഇതോടൊപ്പം ഡൗണ്‍ലോഡായി നല്‍കുന്നത്. ഒപ്പം 3.2, 3.8 ഗ്നു ലിനക്സ് വേര്‍ഷനുകള്‍ക്കാവശ്യമായ ജിയോജിബ്ര സോഫ്റ്റ്​വെയറും നല്‍കിയിരിക്കുന്നു.

നേരത്തേ ഐ.ടി@സ്ക്കൂളിനു വേണ്ടി മാസ്റ്റര്‍ ട്രെയിനേഴ്സ് ചെയ്ത മേല്‍പ്പറഞ്ഞ ഒന്‍പതാം ക്ലാസിലെ ഐ.സി.ടി പാക്കേജ് മാത്​സ് ബ്ലോഗിലൂടെ അധ്യാപകര്‍ക്ക് മുന്നിലേക്കെത്തിക്കാന്‍ നാം ശ്രമിച്ചിട്ടുണ്ട്. നമ്മുടെ ബ്ലോഗ് ടീം അംഗവും പാലക്കാട്ടെ മാസ്റ്റര്‍ട്രെയിനറുമായ മുരളീകൃഷ്ണന്‍ മാഷും വാസുദേവന്‍ സാറിനോടൊപ്പം ഈ പ്രവര്‍ത്തനത്തില്‍ പങ്കാളിയായിരുന്നു എന്ന കാര്യവും സന്തോഷത്തോടെ സൂചിപ്പിക്കട്ടെ. ഒപ്പം പ്രദീപ് മാട്ടറ, സുരേഷ് ബാബു.ടി.പി, അബ്ദുള്‍ ഹക്കീം, കരുണാകരന്‍, ജഗദീശവര്‍മ്മത്തമ്പാന്‍, ഉണ്ണികൃഷ്ണന്‍, പോള്‍.കെ.ജെ, സുരേഷ് എസ്.ആര്‍, തുടങ്ങിയ മാസ്റ്റര്‍ട്രെയിനര്‍മാരടക്കമുള്ള അധ്യാപകരും തുല്യപങ്കാളികളായിരുന്നു. നൂറുകണക്കിന് പേര്‍ നമ്മുടെ ബ്ലോഗില്‍ നിന്നും ഈ പാക്കേജുകളുകള്‍ ഡൗണ്‍ലോഡ് ചെയ്തെടുത്തെങ്കിലും ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ മൂലം ചിലര്‍ക്കെങ്കിലും അതിനു സാധിച്ചിട്ടിസ്സ. അവരില്‍ ചില അധ്യാപകര്‍ ഓരോ പാഠത്തിനുമൊപ്പം അതാത് ജിയോജിബ്ര വര്‍ക്കുകള്‍ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതു പ്രകാരമാണ് വാസുദേവന്‍ സാറിന്റെ സഹകരണത്തോടെ മാത്​സ് ബ്ലോഗ് ആ പാക്കേജിനെ പാഠഭാഗങ്ങളായി മുറിച്ച് മാത്​സ് ബ്ലോഗിലൂടെ നല്‍കുന്നത്. അതിന്റെ ആദ്യപടിയായി താഴെയുള്ള ലിങ്കില്‍ നിന്ന് ഒന്‍പതാം ക്ലാസിലെ വൃത്തങ്ങള്‍ എന്ന പാഠം പഠിപ്പിക്കാനാവശ്യമായ ജിയോജിബ്ര വര്‍ക്കുകള്‍ ഡൗണ്‍ലോഡ് ചെയ്ചെടുക്കാം.

ആകെ 13 MB മാത്രമേ ഈ ഫയലിന് വലിപ്പമുള്ളു. ബ്ലോഡ്ബാന്റ് കണക്ഷനില്‍ ഡൗണ്‍ലോഡ്ചെയ്യാന്‍ പരമാവധി 10 മിനിറ്റോളം മതിയാകും. ഡൌണ്‍ലോഡ് ചെയ്യുമ്പോള്‍ ലഭിക്കുന്ന deb ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Open with Gdebi Package Manager തെരഞ്ഞെടുത്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. ഇന്‍സ്റ്റലേഷന്‍ കഴിയുമ്പോള്‍ Applications-Education-Std IX 3rd chapter എന്ന സബ് മെനുവിലായിരിക്കും ഇത് കാണുക.

Click here to download the Geogebra works of Circles (Std IX)

ജിയോജിബ്ര സോഫ്റ്റ്​വെയര്‍

മുകളില്‍ തന്നിരിക്കുന്ന ഐ.സി.ടി പ്രവര്‍ത്തനങ്ങള്‍ കാണണമെങ്കില്‍ സിസ്റ്റത്തില്‍ ജിയോജിബ്ര ആവശ്യമാണ്. ജിയോജിബ്ര ഡൗണ്‍ലോഡ് ചെയ്തെടുക്കാന്‍ താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുക. മാത്തമാറ്റിക്സുമായി ബന്ധപ്പെട്ട ട്രെയിനിങ്ങ് കോഴ്സുകളില്‍ നിന്നും ഏറ്റവും കൂടുതല്‍ ആവശ്യപ്പെട്ട ഒരു സോഫ്റ്റ്‍വെയറായിരുന്നു ജിയോജിബ്ര. അധ്യാപകരുടെ പ്രത്യേക ആവശ്യപ്രകാരം ഹസൈനാര്‍ മങ്കട സാറാണ് ഈ പാക്കേജ് തയ്യാറാക്കിയിരിക്കുന്നത്. താഴെ തന്നിരിക്കുന്ന ലിങ്കില്‍ നിന്നും ജിയോജിബ്ര ഡൌണ്‍ലോഡ് ചെയ്തെടുത്ത് home ലേക്ക് extract ചെയ്തിടുക. എന്നിട്ട് ഈ കമാന്‍റ് Root Terminalല്‍ പേസ്റ്റ് ചെയ്താല്‍ ജിയോജിബ്ര ഓട്ടോമാറ്റിക്ക് ആയി ഇന്‍സ്റ്റാള്‍ ആകും. ഏതാണ്ട് 35 MB യോളം വലിപ്പമുണ്ട് ഈ സോഫ്റ്റ്‍വെയറിന്. ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് കണക്ഷനുള്ള സിസ്റ്റത്തില്‍ ഏകദേശം 15 മിനിറ്റിനുള്ളില്‍ ഡൌണ്‍ലോഡ് പൂര്‍ത്തിയാകും.

Click here to download Geogebra for Gnu/Linux 3.2 (35 MB)
(NB: Extracted ഫോള്‍ഡര്‍ ഹോം ഫോള്‍ഡറില്‍ തന്നെ പേസ്റ്റ് ചെയ്യണം. കമാന്റ് text editor ല്‍ നിന്ന് തന്നെ കോപ്പി ചെയ്യണം.)

Click here to download Geogebra for Gnu/Linux 3.8 (67 MB)
(Gnu/Linux 3.8 നു വേണ്ടിയുള്ള Geogebra പാക്കേജ് സിഡിയുടെ iso ഇമേജ് Right click- write to disk വഴി CD യിലേക്ക് write ചെയ്യുക. ആ സി.ഡി. സിനാപ്റ്റിക്ക് ഉപയോഗിച്ച് ഇന്‍സ്റ്റാള്‍ ചെയ്യാം.
)നേരത്തെ എജുസോഫ്റ്റ് സി.ഡി. Add ചെയ്തവര്‍ Synaptic Package Manager ലെ Settings-Repositories തുറന്ന്, അവിടെ കാണുന്ന ലൈനുകളുടെ മുമ്പിലുള്ള എല്ലാ ടിക് മാര്‍ക്കുകളും കളഞ്ഞ് window ക്ലോസ് ചെയ്ത് Reload (Edit-Reload Package information ) ക്ലിക്ക് ചെയ്യേണ്ടതാണ്.

ഡൌണ്‍ലോഡ് ചെയ്യുന്നതിനും ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനും ഇടയ്ക്ക് നിങ്ങള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ പങ്കുവെക്കാന്‍ കമന്‍റ് ബോക്സ് ഉപയോഗിക്കുമല്ലോ. ഒപ്പം കൂടുതല്‍ അറിവുകള്‍ പങ്കുവെക്കുന്നതിനും.


Read More | തുടര്‍ന്നു വായിക്കുക

STD IX വൃത്തങ്ങള്‍ (ടീച്ചിങ് മാനുവല്‍)

>> Tuesday, July 27, 2010

പല അധ്യാപകരും ബി.എഡ് വിദ്യാര്‍ത്ഥികളുമെല്ലാം ഒരു മാതൃകാ ടീച്ചിങ് മാനുവല്‍ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. പക്ഷെ യാതൊരു കാരണവശാലും മാത്‍സ് ബ്ലോഗ് ഇത്തരമൊരു സംരംഭത്തെ പ്രോത്സാഹിപ്പിക്കുന്നതേയില്ല. കാരണം, ടീച്ചിങ് മാനുവല്‍ അധ്യാപകന്റെ ക്ലാസ് മുറിയിലെ ആശയസംവേദനത്തിന്റെ തിരക്കഥയാണ്. ഒരാളുടെ രീതിയായിരിക്കില്ല മറ്റൊരാളുടേത്. അതുകൊണ്ടു തന്നെ ജോണ്‍ സാര്‍ തയ്യാറാക്കിയ ഒന്‍പതാം ക്ലാസിലെ വൃത്തങ്ങള്‍ എന്ന പാഠവുമായി ബന്ധപ്പെട്ട ഈ പോസ്റ്റിന്റെ ഭാഗമായി വരുന്ന ടീച്ചിങ്ങ് മാനുവലുകള്‍ ഒരു മാതൃകയായി കണക്കാക്കരുതെന്ന് അഭ്യര്‍ഥിക്കുന്നു. ഇത് കമന്റുകളിലൂടെ മെച്ചപ്പെടുത്തി, കൂട്ടിച്ചേര്‍ക്കലുകളോടെ മാറ്റിയെഴുതി ഉപയോഗിക്കാമെന്നു കരുതുന്നു. സൈഡ് ബോക്സുകളെ തുടര്‍മുല്യനിര്‍ണ്ണയത്തിനായി ഉപയോഗിക്കാനുള്ള ശ്രമമാണ് ഇവിടെ നടത്തിയിരിക്കുന്നത്. പാര്‍ശ്വങ്ങളില്‍ കൊടുത്തിരിക്കുന്നവ എല്ലാം തന്നെ മുഖ്യധാരയുമായി ഇഴപിരിക്കാനാവാത്തവയാണ്. വ്യസിക്കുക എന്ന വാക്കിനര്‍ഥം തുല്യമായി മുറിക്കുക എന്നാണെന്ന് തൊണ്ണൂറുവയസായ ഒരു പഴയ കണക്കധ്യാപകന്‍ ഈയിടെ എന്നോടുപറഞ്ഞു.വേദങ്ങളെ വ്യസിച്ചവനാണത്രേ വ്യാസന്‍. വൃത്തത്തെ വ്യസിച്ചത് വ്യാസവും. അദ്ദേഹത്തിന്റെ ചെറുപ്പകാലത്ത് നടന്നിരുന്ന ഗണിതാധ്യാപനത്തെ ക്കുറിച്ചു പറഞ്ഞപ്പോള്‍ ലേഖകന്‍ തിരിച്ചറിഞ്ഞത് ഗണിതബോധനത്തിന്റെ ഒരു സുവര്‍ണ്ണകാലത്തെയാണ്. ഇത് മറ്റൊരു പോസ്റ്റിനുള്ള വിഷയമത്രേ. താഴെയുള്ള ലിങ്കുകളില്‍ നിന്നും ഇവ ഡൌണ്‍ലോഡ് ചെയ്തെടുക്കാം. ഒപ്പം ചുവടെ നല്‍കിയിരിക്കുന്ന വര്‍ക്ക് ഷീറ്റും വായിച്ചു നോക്കുമല്ലോ.

കോട്ടയത്തുനടന്ന DRG പരിശീലനത്തില്‍ ലേഖകന്‍ അവതരിപ്പിച്ചഒരു പഠനപ്രവര്‍ത്തനമാണിത്.

ABCഎന്ന സമഭുജത്രികോണവും അതിനോടുചേര്‍ന്ന് ചേര്‍ന്ന് ഒരു സമചതുരവും കാണാം.A,D,E എന്നീ ബിന്ദുക്കളിലീടെ കടന്നുപോകുന്ന ഒരു വൃത്തമുണ്ട്. ഈ വൃത്തത്തിന്റെ കേന്ദ്രം കണ്ടെത്താന്‍ ഒരു മാര്‍ഗ്ഗം നിര്‍ദ്ദേശിക്കാമോ?
പിന്നെ, ഈ വൃത്തത്തിന്റെ ആരം സമചതുരത്തിന്റെ വശത്തിനു തുല്യമാണെന്ന അഭിപ്രായത്തോട് നിങ്ങള്‍ യോജിക്കുന്നുണ്ടോ? ചിത്രം വരച്ചുകൊടുത്ത് ഈ ചോദ്യങ്ങള്‍ കുട്ടികളോട് ചോദിക്കാം.രണ്ടാമത്ത ചോദ്യത്തിനുത്തരം പത്താം ക്ലാസുകാരനും നല്‍കാം.അവര്‍ക്ക് നല്ലൊരു ആപ്ലികേഷനായിരിക്കും. കുട്ടികള്‍ക്ക് നല്‍കാന്‍ ഒരു വര്‍ക്ക് ഷീറ്റു കൂടിയുണ്ട്. വര്‍ക്ക് ഷീറ്റില്ലാതെ കുട്ടിക്ക് ചെയ്യാന്‍ കഴിഞ്ഞാല്‍ വളരെ നന്ന്. ഇതൊരു അസൈന്‍മെന്റായി നല്‍കിയാലോ?ആലോചിച്ചുനോക്കൂ......

വര്‍ക്ക് ഷീറ്റ്

1)AE യും ADയും വൃത്തത്തിലെ എന്താണ് ?
2)ADയുടെ ലംബസമഭാജിയും AE യുടെ ലംബസമഭാജിയും ഖണ്ഡിക്കുന്ന സ്ഥാനം എവിടെയാണ്?
3)കോണ്‍ ACE എത്രയാണ്?
4)കോണ്‍ CAE യും കോണ്‍ CEAയും എത്രവീതം?
5)കോണ്‍ BAD എത്ര?
6)കോണ്‍ DAE എത്രയാണ്?
7)കേന്ദ്രം O ആയാല്‍ കോണ്‍ DOE എത്രയാണ്?
8)ത്രികോണം ODE യുടെ കോണുകള്‍ എത്രവീതം?
9)ത്രികോണം ODE ഏതുതരം ത്രികോണമാണ്?
10)നിഗമനം എഴുതുക

Download the Teaching Notes for discussion- Part I - Part II


Read More | തുടര്‍ന്നു വായിക്കുക

സ്ക്കൂളുകളിലെ കായികപഠനം

>> Sunday, July 25, 2010


കായിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കിയ സംസ്ഥാനമാണ് നമ്മുടെ കേരളം. കായിക മികവിന്റെ കാര്യത്തില്‍ ഇന്ത്യയിലെ ഏതൊരു സംസ്ഥാനത്തിന്റെയും മുമ്പിലായിരുന്നു നാം. എന്നാല്‍ കേരളീയ യുവസമൂഹത്തിന്റെ വിശിഷ്യ സ്ക്കൂള്‍ കുട്ടികളുടെ കായികക്ഷമതയെപ്പറ്റി വന്നുകൊണ്ടിരിക്കുന്ന പഠന റിപ്പോര്‍ട്ടുകള്‍ ഈ രംഗത്ത് നമുക്കുണ്ടായിക്കൊണ്ടിരിക്കുന്ന അപചയത്തിന്റെ ആഴം വ്യക്തമാക്കുന്നു. സംസ്ഥാനത്തെ യു.പി, ഹൈസ്ക്കൂള്‍ വിദ്യാര്‍ഥികളില്‍ 86% പേരും കായികക്ഷമത കുറഞ്ഞവരാണെന്ന് പരിശോധനാ പഠനറിപ്പോര്‍ട്ടിന്റെ പ്രാഥമിക പഠനം വ്യക്തമാക്കുന്നു. ക്ഷമതയുള്ള 14% പേരില്‍ത്തന്നെ കേവലം 3.93 ശതമാനത്തിനു മാത്രമേ അത് ലറ്റുകള്‍ക്കാവശ്യമുള്ള ആരോഗ്യനിലയുള്ളുവത്രേ! പെണ്‍കുട്ടികളുടെ കണക്കു മാത്രം നോക്കുമ്പോള്‍ കായികക്ഷമതയുള്ളവരുടെ ശതമാനം 12 ല്‍ താഴെ മാത്രം. ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം ഓരോ പ്രായക്കാര്‍ക്കും ഉണ്ടായിരിക്കേണ്ട ഭാരത്തേക്കാളും ഭാരം കുറഞ്ഞവരാണ് നമ്മുടെ വിദ്യാര്‍ഥികളില്‍ ഭൂരിപക്ഷം പേരും. 3% പേര്‍ അമിത ഭാരമുള്ളവരും. ഇതേപ്പറ്റി ഒരു അന്വേഷണം നടത്തുകയാണ് ബ്ലോഗ് ടീം അംഗമായ കോഴിക്കോട് അരീക്കുളത്തെ ജനാര്‍ദ്ദനന്‍ മാഷ്. തുടര്‍ന്നുള്ള ഭാഗങ്ങള്‍ നോക്കൂ.

എന്തായിരിക്കാം ഇതിനു കാരണം. ആരോഗ്യദായകമായ ഭക്ഷണശീലങ്ങള്‍, വ്യായാമം, ആരോഗ്യമുള്ള മനസ്സ് എന്നിവ ഒത്തു ചേര്‍ന്നു വന്നാലേ കുട്ടികളുടെ ആരോഗ്യം നിലനില്‍ക്കുകയുള്ളു. വ്യായാമത്തിനുള്ള അവസരം ഇന്ന് കുട്ടിക്ക് എത്രമാത്രം ലഭിക്കുന്നുണ്ട് എന്നത് നാം ഓര്‍ക്കേണ്ടതുണ്ട്. എല്‍. കെ. ജി മുതല്‍ വീട്ടുപടിക്കല്‍ നിന്നും സ്ക്കൂള്‍ വരെയും തിരിച്ചും വാഹനങ്ങളില്‍ എത്തുന്നതാണിന്നത്തെ രീതി. അരക്കിലോമീറ്റര്‍ പോലും പലരും നടക്കുന്നില്ല. സ്ക്കൂള്‍ സമയത്തിനു ശേഷം അയല്‍പക്കക്കാരെല്ലാം ചേര്‍ന്നുള്ള കളികളും അപ്രത്യക്ഷമായി. കൂടുതല്‍ സമയവും ടി. വി, കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ മുതലായവയുടെ മുമ്പില്‍ അടിമകളായി തളയ്ക്കപ്പെടുന്നത് നാം കണ്ടിട്ടും കാണാതെ നടിക്കുന്നു.

സര്‍ക്കാര്‍ ഇങ്ങനെയൊരു പരീക്ഷ നടത്തുന്നത് കൊണ്ട് ഇത്തരം കാര്യങ്ങള്‍ നമുക്കറിയാനായി. അതിന് അധികാരികള്‍ അഭിനന്ദനമര്‍ഹിക്കുന്നു. പക്ഷെ ഭൌതികമായി ഒരുപാട് വെല്ലുവിളികള്‍ നമുക്കു മുന്നിലുണ്ട്. നമുക്ക് കളിക്കളങ്ങള്‍ എവിടെ?സ്ക്കൂളിനു പുറത്ത് വിശാലമായ ഫുട്ബോള്‍ മൈതാനങ്ങള്‍ പോട്ടെ, വോളിബോളോ, ഷട്ടിലോ എന്തിന് നീന്തലിനോ, തൊട്ടുകളിക്കോ, ഗോലികളിക്കോ ഉള്ള സ്ഥലം പോലും എവിടെയും കാണാനില്ല. സ്ക്കൂളിലുള്ള കായികപഠനം പോലും പലയിടങ്ങളിലും വെറും മുട്ടാശാന്തിയായി തുടരുന്നു. നമ്മുടെ കുട്ടികള്‍ക്ക് ആരോഗ്യമുണ്ടായാലേ അത്ഭുതമുള്ളൂ!

  • ഇപ്പോള്‍ നടത്തിയിട്ടുള്ള കായികക്ഷമതാ പരീക്ഷ കുറ്റമറ്റ രീതിയിലാണോ നമ്മുടെ വിദ്യാലയങ്ങളില്‍ നടത്തപ്പെട്ടിട്ടുള്ളത്?
  • കേരളീയരുടെ കായിക, ആരോഗ്യ ശീലങ്ങളി‍ല്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടോ?
  • കായികപഠനത്തില്‍ ഇന്നത്തെ രീതി തുടര്‍ന്നാല്‍ മതിയോ?
  • ഇക്കാര്യത്തില്‍ രക്ഷിതാക്കളുടെ ഇടപെടലുകള്‍ ഏതു വിധത്തിലായിരിക്കണം?
  • ഉശിരുള്ളൊരു തലമുറയെ വാര്‍ത്തെടുക്കാന്‍ അധ്യാപക സമൂഹത്തിന് എന്തൊക്കെ ചെയ്യാന്‍ കഴിയും?
ഇത്തരം ചോദ്യങ്ങളിലൂന്നി നിന്നുകൊണ്ട് പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.


Read More | തുടര്‍ന്നു വായിക്കുക

പൈത്തണ്‍ പാഠം 4

>> Friday, July 23, 2010


ദിവസവും ചുരുങ്ങിയത് നാല് കോളുകളെങ്കിലും വരും, പൈത്തണ്‍ നാലാം പാഠമെവിടെയെന്നന്വേഷിച്ച്! പഠന ഗവേഷണ സംബന്ധമായ ഒരുപാട് തിരക്കുകള്‍ക്കിടയില്‍ ഇത്രയും വിശദമായും ഭംഗിയായും പോസ്റ്റുകള്‍ നെയ്തെടുക്കുകയെന്നത് ക്ഷിപ്രസാദ്ധ്യമല്ലെന്ന് നന്നായറിയാവുന്നതുകൊണ്ട് അതു ചോദിച്ച് ഞങ്ങളാരും അദ്ദേഹത്തെ ബുദ്ധിമുട്ടിക്കാറില്ല. സമയമാകുമ്പോള്‍ മറ്റൊരു രത്നവുമായി അദ്ദേഹം പൊങ്ങിവരുമെന്ന് നല്ല ബോധ്യമുണ്ടായിരുന്നു. ആദ്യ മൂന്നു പാഠങ്ങളോട് വായനക്കാര്‍ കാണിച്ച താത്പര്യം ഇപ്പോഴുമുമണ്ടാകുമെന്ന ഉറച്ച വിശ്വാസത്തോടെ നാലാംപാഠം നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു.


Read More | തുടര്‍ന്നു വായിക്കുക

മാത്​സ് ബ്ലോഗിന് 5 ലക്ഷം ഹിറ്റുകള്‍

>> Thursday, July 22, 2010


മാത്​സ് ബ്ലോഗിന്റെ സന്ദര്‍ശനങ്ങളുടെ എണ്ണം അഞ്ചിനു പിന്നില്‍ അഞ്ചു പൂജ്യങ്ങളുമായി അഞ്ചു കൊണ്ട് ലക്ഷാര്‍ച്ചന ചെയ്യുമ്പോള്‍ ഞങ്ങളുടെ വായനക്കാരായ അധ്യാപകര്‍ക്കു മുന്നില്‍, വിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍, രക്ഷകര്‍ത്താക്കള്‍ക്കു മുന്നില്‍, അഭ്യുദയകാംക്ഷികള്‍ക്ക് മുന്നില്‍.... ഞങ്ങളുടെ പതിനാറംഗ ബ്ലോഗ് ടീം നമ്രശിരസ്ക്കരാവുകയാണ്. നാളിതുവരെ നല്‍കിയ സ്നേഹത്തിനും പിന്തുണയ്ക്കുമെല്ലാം ആത്മാര്‍ത്ഥമായ നന്ദി. മലയാള ബ്ലോഗിങ്ങില്‍ ഏറ്റവും കൂടുതല്‍ ഹിറ്റുകളുള്ള ബ്ലോഗുകളുടെ ഗണത്തിലേക്ക് വരുമ്പോള്‍ ഞങ്ങളുടെ ആദരണീയരായ ഉപദേശകസമിതി അംഗങ്ങളെ നിങ്ങള്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തുകയാണ്. ഈ സംരംഭത്തിന്റെ തുടക്കം മുതല്‍ ഞങ്ങള്‍ക്ക് വേണ്ട ഉപദേശങ്ങള്‍ നല്‍കിപ്പോരുന്ന സുനില്‍ പ്രഭാകര്‍ സാര്‍ (കണ്‍സല്‍റ്റന്റ്, ഓണ്‍ലൈന്‍, മാതൃഭൂമി), പ്രൊഫ. Dr. ഇ. കൃഷ്ണന്‍ സാര്‍ (മാത്​സ് ഡിപ്പാര്‍ട്ടമെന്റ് ഹെഡ് (റിട്ടയേഡ്), യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം & പാഠപുസ്തകകമ്മിറ്റി ചെയര്‍മാന്‍), Dr. അച്യുത് ശങ്കര്‍ സാര്‍ (എക്സ്. സിഡിറ്റ് ഡയറക്ടര്‍ & Hon. Director, ​Centre for Bioinformatics, University of Kerala, Trivandrum) എന്നിവരാണ് നമ്മുടെ ഉപദേശകസമിതി അംഗങ്ങള്‍. മെനുവില്‍ പുതുതായി Patrons എന്നതു കൂടി ഉള്‍പ്പെടുത്തി പുതുക്കിയിരിക്കുന്നത് കാണുക. തീര്‍ന്നില്ല, ഇന്നത്തെ ഈ സന്തോഷത്തിന്റെ ഭാഗമായി വിവിധ വ്യക്തികളോടും യൂണിറ്റുകളോടുമൊക്കെ ഞങ്ങള്‍ക്ക് നന്ദി പറയാനുണ്ട്. അതാരോടൊക്കെയെന്നല്ലേ?

ഒന്നരവര്‍ഷത്തെ ഈ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കേരളത്തിനകത്തും പുറത്തുമുള്ള നിരവധിപേരെ പരിചയപ്പെടാന്‍ കഴിഞ്ഞത് ജീവിതത്തിലെ മറക്കാനാവാത്ത ഒരു ഘടമായി ഞങ്ങള്‍ കാണുന്നു. പ്രത്യേകിച്ചും ഞങ്ങളുടെ സഹപ്രവര്‍ത്തകരായ കേരളത്തിലെ അധ്യാപകരെ. വിഷയഭേദമെന്യേ അധ്യാപകര്‍ക്കായി ഒരു വേദിയൊരുക്കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. മാത്​സ് ബ്ലോഗിന് കടപ്പാടുള്ള ചിലരുടെ പേരുകള്‍ പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്. പൈത്തണ്‍ പാഠങ്ങളൊരുക്കുന്ന ചെന്നൈയില്‍ റിസര്‍ച്ച് ചെയ്യുന്ന ഫിലിപ്പ് സാര്‍, മാത്​സ് ബ്ലോഗില്‍ പ്രസിദ്ധീകരിച്ച പസിലുകള്‍ ക്രോഡീകരിച്ച് ഇ-പുസ്തകം തയ്യാറാക്കുന്ന ഗൂഗിളില്‍ ജോലി ചെയ്യുന്ന അമേരിക്കയിലെ ഉമേഷ് സാര്‍, ഞങ്ങള്‍ക്ക് പാഠപുസ്തക സംബന്ധിയായ ചോദ്യങ്ങളൊരുക്കിത്തരുന്ന കണ്ണന്‍ സാര്‍, ഗായത്രി, ഹിത എന്നിവര്‍ക്കും ഖത്തറിലെ അസീസ് സാര്‍, അഞ്ജന ടീച്ചര്‍ എന്നു തുടങ്ങി ദാ, ഏറ്റവുമൊടുവില്‍ ജയശങ്കര്‍ സാര്‍, കാണ്‍പൂര്‍ ഐ.ഐ.ടിയിലെ വിദ്യാര്‍ത്ഥിയും മാത്തമാറ്റിക്സ് ഒളിമ്പ്യാഡിലെ അസിസ്റ്റന്റ് കോച്ചുമായ റസിമാന്‍ സാര്‍ എന്നിവരോടൊക്കെയുള്ള നന്ദി പറഞ്ഞാല്‍ തീരുന്നതല്ല. ഇങ്ങനെയുള്ള ഒരു കൂട്ടം അധ്യാപകേതര അഭ്യുദയകാംക്ഷികളാണ് മാത്​സ് ബ്ലോഗിന് ഇത്രയേറെ പ്രശസ്തി നേടിത്തന്നത്. ഞങ്ങള്‍ക്ക് നിര്‍ലോഭമായ പിന്തുണ തന്നിട്ടുള്ള അന്‍വര്‍ സാദത്ത് സാര്‍ നേതൃത്വം നല്‍കുന്ന ഐടി@സ്ക്കൂള്‍ പ്രൊജക്ടിനോടും മാസ്റ്റര്‍ട്രെയിനര്‍മാരോടുമുള്ള നന്ദി എങ്ങനെ ഞങ്ങള്‍ വാക്കുകളിലൊതുക്കും? ഹസൈനാര്‍ മങ്കട, അബ്ദുള്‍ ഹക്കീം, പ്രദീപ് മാട്ടറ, ജയദേവന്‍,വാസുദേവന്‍ അടക്കമുള്ള മാസ്റ്റര്‍ട്രെയിനര്‍മാര്‍ ഞങ്ങള്‍ക്കു തന്നിട്ടുള്ള പിന്തുണ നിസ്വാര്‍ത്ഥമായാണ്. ഒപ്പം ജയരാജന്‍ സാര്‍ നേതൃത്വം നല്‍കുന്ന പാലക്കാട് ഹരിശ്രീ വെബ്പോര്‍ട്ടലിനോടും സര്‍ക്കാര്‍ ഉത്തരവുകളും സര്‍ക്കുലറുകളും ഞങ്ങള്‍ക്കയച്ചു തരുന്ന വിവിധ വിദ്യാഭ്യാസ ഓഫീസുകളിലെ ഉദ്യോഗസ്ഥരോടുമുള്ള കടപ്പാടും ഈ അവസരത്തില്‍ സ്മരിക്കട്ടെ.

പ്രോത്സാഹനങ്ങള്‍ക്കൊപ്പം തന്നെ ഞങ്ങളെ അവഗണിച്ച ചിലര്‍ കൂടിയുണ്ട്. ഞങ്ങളെ പ്രോത്സാഹിപ്പിച്ചവരെ സ്മരിക്കുന്നതോടൊപ്പം അക്കൂട്ടരെക്കൂടി ഞങ്ങളൊന്നു സ്മരിച്ചോട്ടെ. കാരണം അവരും ഈ കൂട്ടായ്മ രൂപപ്പെടുത്തുന്നതില്‍ ഭാഗഭാക്കാണ്! അവരുടെയെല്ലാം എല്ലാത്തരം ചര്‍ച്ചകളും ഞങ്ങള്‍ക്കേറെ വായനക്കാരെ നേടിത്തന്നു. നേരിട്ടു കണ്ടിട്ടില്ലെങ്കിലും ഒട്ടേറെ സുഹൃത്തുക്കളെ ഞങ്ങള്‍ക്കിതുമൂലം ലഭിച്ചു. കേരളമൊട്ടാകെയുള്ള അധ്യാപക സമൂഹവുമായുള്ള സുഹൃത് ബന്ധമാണ് ഞങ്ങളുടെ ശക്തി. അതിനെന്നും ഞങ്ങളുടെ സുഹൃത്തുക്കളായ അധ്യാപകരോട് ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു. എന്നും ഒപ്പമുണ്ടാകണം.


Read More | തുടര്‍ന്നു വായിക്കുക

ഭിന്നകസംഖ്യകള്‍ - PDF ചോദ്യബാങ്ക് (Updated)

>> Wednesday, July 21, 2010


ഭിന്നകസംഖ്യകള്‍ എന്ന പാഠത്തെക്കുറിച്ചുള്ള ശ്രദ്ധേയങ്ങളായ ഒട്ടേറെ സംശയങ്ങള്‍ക്ക് കൃഷ്ണന്‍ സാര്‍ മറുപടി നല്‍കിയിരിക്കുന്നത് ശ്രദ്ധിച്ചിരിക്കുമല്ലോ. ഗണിതാധ്യാപകരില്‍ നിന്നും മികച്ച ഒരു ചര്‍ച്ച പ്രതീക്ഷിക്കുകയാണ് ഇത്തരം പോസ്റ്റുകളിലൂടെ ഞങ്ങള്‍. പാഠപുസ്തകം കൈകാര്യം ചെയ്യുമ്പോള്‍ നമുക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ കമന്റു ചെയ്യുകയാണെങ്കില്‍ പത്താം ക്ലാസ് പാഠപുസ്തക രചനയെ അത് സ്വാധീനിക്കുമെന്നതില്‍ സംശയം വേണ്ട. അക്കൂട്ടത്തില്‍ ദശാശരൂപം എന്ന ഭാഗം പരിചയപ്പെടുത്തിയിരിക്കുന്നതിനെപ്പറ്റി കൃഷ്ണന്‍ സാറിനോട് സംശയം ചോദിച്ചപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടി പി.ഡി.എഫ് ആയി ഇവിടെ നല്‍കി പോസ്റ്റ് അപ്ഡേറ്റ് ചെയ്തിരിക്കുന്നു. ഇതുപോലെ ചര്‍ച്ചകള്‍ മികച്ചതാക്കാന്‍ ഓരോ അധ്യാപകരെയും സ്വാഗതം ചെയ്യുന്നു. ഒന്‍പതാം ക്ലാസിലെ 'ഭിന്നകങ്ങളി'ല്‍ നിന്നും മാതൃകാ ചോദ്യങ്ങള്‍ ആവശ്യപ്പെട്ടവര്‍ക്ക് ഇതാ ജോണ്‍ സാര്‍ തയ്യാറാക്കിയ ചോദ്യങ്ങള്‍. കൂടെ, കൃഷ്ണന്‍ സാറും ഹിതയും തയ്യാറാക്കിയ ചോദ്യങ്ങളുമുണ്ട്. താഴെയുള്ള ലിങ്കില്‍ നിന്നും അവ ഡൌണ്‍ലോഡ് ചെയ്തെടുക്കാം. ചോദ്യങ്ങള്‍ തയ്യാറാക്കി സ്വയം ടൈപ്പ് ചെയ്താണ് ഇവരൊക്കെ അയച്ചു തന്നിരിക്കുന്നത് എന്നതു കൊണ്ടു തന്നെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഇതുപോലെ പ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കാന്‍ കഴിവുള്ളവരില്‍ നിന്നും അവ സര്‍വ്വാത്മനാ സ്വാഗതം ചെയ്തു കൊള്ളുന്നു. മാത്‍സ് ബ്ലോഗിന്‍റെ പോസ്റ്റല്‍ വിലാസത്തിലോ (എഡിറ്റര്‍, ബ്ലോഗ് വിശേഷം, എടവനക്കാട്-682502, എറണാകുളം) ഇ-മെയില്‍ വിലാസത്തിലോ (mathsekm@gmail.com)അയച്ചു തരാവുന്നതാണ്. ഓരോ അധ്യാപകരുടേയും പഠനതന്ത്രങ്ങള്‍ പരസ്പരം കൈമാറുക എന്നതു തന്നെ നമ്മുടെ ലക്ഷ്യം. ചോദ്യങ്ങളോടൊപ്പം തന്നെ നമ്മുടെ ഒന്‍പതാംക്ലാസുകാര്‍ക്ക് ചാര്‍ട്ടില്‍വരച്ച് പ്രദര്‍ശിപ്പിക്കാവുന്ന ,കളക്ഷന്‍പുസ്തകത്തില്‍ ചേര്‍ക്കാവുന്ന ഒരു ഒരു ചെറിയ പ്രവര്‍ത്തനവും. ഏവരുടെയും ശ്രദ്ധക്ഷണിക്കുന്നു.

ഭിന്നകസംഖ്യകളെ താഴെ കൊടുത്തിരിക്കുന്ന വിധം എഴുതി അടയാളപ്പെടുത്തിയിരിക്കുന്ന ക്രമത്തില്‍ എണ്ണിയെടുക്കാം


ആദ്യവരിയില്‍ പോസിറ്റീവ് പൂര്‍ണ്ണസംഖ്യകളാണ്.അവ ഭിന്നകസംഖ്യകള്‍ തന്നെയാണല്ലോ?രണ്ടാംവരിയില്‍ ചേദം 2 ആയ ഭിന്നകങ്ങള്‍.അടുത്തവരിയില്‍ ചേദം 3 ആയവ. അങ്ങനെ തുടരുന്നു.
ആരോയിലൂടെ എണ്ണി താഴെ കാണും വിധം എഴുതാം

ഇനി ഇവ എണ്ണാമല്ലോ? എണ്ണല്‍ എന്നത് എണ്ണേണ്ട വസ്തുക്കളെ എണ്ണല്‍സംഖ്യകളുമായി ഒന്നിനോടൊന്ന് പൊരുത്തം ചേര്‍ക്കലാണെന്നത് ചിന്തനീയം . ഈ അര്‍ഥത്തിലാണ് ആകാശത്തിലെ നക്ഷത്രങ്ങളും ഭൂമിയിലെ മണല്‍ത്തരികളും എണ്ണാന്‍ കഴിയുന്നവയാണെന്ന് പറയുന്നത്. ഭിന്നകസംഖ്യകളില്‍ നിന്നും കുറച്ചു ചോദ്യങ്ങള്‍ കൂടി തരുന്നു
ഇതുപോലെ നെഗറ്റീവ് ഭിന്നകങ്ങളെയും എണ്ണാമല്ലോ?

Download links for the model Questions from Rational numbers

Click here for the Questions prepared by P.A. john

Click here for the Questions prepared by by Prof. E Krishnan

Click here for the Questions prepared by Hitha.P.Nair

ഈ പാഠത്തിലും ചോദ്യങ്ങളിലുമുള്ള സംശയങ്ങള്‍, അഭിപ്രായങ്ങള്‍ എന്നിവ കമന്റുകളായി പങ്കുവെക്കുമല്ലോ.


Read More | തുടര്‍ന്നു വായിക്കുക

ചലച്ചിത്ര താരം സുബൈറിന് ആദരാഞ്ജലികള്‍

>> Sunday, July 18, 2010


ചലച്ചിത്ര നടന്‍ സുബൈര്‍(48) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ആസ്​പത്രിയില്‍ വെച്ചായിരുന്നു അന്ത്യം.ഇരുന്നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ഈ നടന്‍ പൃഥ്വിരാജ് നായകനായ 'ത്രില്ലര്‍' എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു.

ദി ടൈഗര്‍, ക്രൈം ഫയല്‍, വല്യേട്ടന്‍, ഭരത് ചന്ദ്രന്‍ ഐ.പി.എസ്, നാദിയ കൊല്ലപ്പെട്ട രാത്രി, തിരക്കഥ, ഐ.ജി, ലേലം, ശിവം തുടങ്ങിയവ സുബൈറിന്റെ ശ്രദ്ധേയങ്ങളായ ചിത്രങ്ങളാണ്. 1992ല്‍ 'മാന്ത്രികച്ചെപ്പ്' എന്ന ചിത്രത്തിലൂടെയാണ് സുബൈര്‍ ചലച്ചിത്രരംഗത്തെത്തിയത്. പരേതന് മാത് സ് ബ്ലോഗിന്റെ ആദരാഞ്ജലികള്‍


Read More | തുടര്‍ന്നു വായിക്കുക

രാമായണം കുട്ടികള്‍ക്ക് വേണ്ടി

ഇനി കര്‍ക്കടകമാസം. രാമായണമാസം. രാമായണ മാസാചരണം മുതിര്‍ന്നവര്‍ക്ക് പുണ്യപ്രവൃത്തിയാണ്. പണ്ട് രാമായണം നിത്യവായനാസാമഗ്രിയായിരുന്നു. വായനക്കും നിര്‍ബന്ധങ്ങള്‍ ഉണ്ടായിരുന്നു. എന്നും വായിക്കണം. ശരീരവും മനസ്സും ശുദ്ധിയാക്കി വായിക്കണം. ഉറക്കെ വായിക്കണം. വായന വൃക്ഷ-പക്ഷി-മൃഗാദികള്‍ക്ക്കൂടി കേള്‍ക്കണം. ശ്രീ ഹനുമാന്‍ മുന്നില്‍ സന്നിഹിതനാണെന്ന് സങ്കല്‍പ്പിക്കണം (ശ്രീരാമനാമം കേട്ടാല്‍ ശ്രീ ഹനുമാന്‍ അവിടെ എത്തും എന്നാണ് വിശ്വാസം). എന്നാല്‍ രാമായണമാകട്ടെ മുതിര്‍ന്നവര്‍ക്ക് മാത്രമായതല്ല. രാമായണം കുട്ടികള്‍ക്കാണ് എന്നു തോന്നുന്നു. മാധ്യമം ദിനപ്പത്രത്തില്‍ വിദ്യാഭ്യാസസംബന്ധിയായ ലേഖനങ്ങളെഴുതുന്ന പാലക്കാട് മണര്‍ക്കാട് കെ.ടി.എം.എച്ച്.എസിലെ ഹെഡ് മാസ്റ്ററും ബ്ലോഗ് ടീമംഗവുമായ എസ്.വി. രാമനുണ്ണി മാഷ് ഇതേപ്പറ്റി ഒരു അന്വേഷണം തന്നെയാണ് നടത്തിയിരിക്കുന്നത്. ഇതിഹാസത്തെ ആസ്പദമാക്കി ഈ വീക്ഷണത്തെ സാധൂകരിക്കുന്ന നിരവധി സന്ദര്‍ഭങ്ങള്‍ അദ്ദേഹം എടുത്തു കാട്ടുന്നു. ലേഖനത്തിലൂടെ നമുക്കൊന്ന് കണ്ണോടിക്കാം.

രാമായണം കുട്ടികള്‍ക്കാണെന്നുള്ള വീക്ഷണം കുമാരനാശാനുമുണ്ടായിരുന്നു. അതാണല്ലോ ബാലരാമായണം. തന്റെ കൃതികളില്‍ ഏറ്റവും പ്രിയപ്പെട്ടും ശ്രദ്ധിച്ചും ചെയ്തത് ബാലരാമായണമാണെന്ന് ആശാന്‍ പറഞ്ഞിട്ടുണ്ട്. കുട്ടികള്‍ക്ക് വേണ്ടിയാണ് (ലവകുശന്മാര്‍) വാത്മീകി മഹര്‍ഷി രാമായണം എഴുതുന്നത്. കുട്ടികളുടെ ജീവിതം വെളിപ്പെടുത്താനും അവര്‍ക്ക് ശ്രേയസ്സുണ്ടാകാനും. മഹര്‍ഷി കുട്ടികളെയാണ് രാമായണം പഠിപ്പിക്കുന്നത്. ഈ കുട്ടികളെയാണ് ഗ്രന്ഥത്തിന്റെ പ്രകാശനം ഏല്‍പ്പിക്കുന്നത്. അശ്വമേധവേദിയിലാണ് നിറഞ്ഞ സദസ്സില്‍ ലവകുശന്മാര്‍ ഇതു നിര്‍വഹിക്കുന്നത്. മുതിര്‍ന്നവരാണ് സദസ്യര്‍-ശ്രോതാക്കള്‍. രാമായണകാവ്യം കേട്ട് സദസ്യര്‍ ആശ്ചര്യപ്പെട്ടുവെന്ന് മഹര്‍ഷി എഴുതുന്നു.

ഇതുമാത്രമല്ല; രാ‍മായണകഥാഗതിയില്‍ പ്രധാനപ്പെട്ട സന്ദര്‍ഭങ്ങളില്‍ കുട്ടികള്‍ ഉണ്ട്. വിശ്വാമിത്രയാഗരക്ഷ നോക്കൂ. ദശരഥ മഹാരാജാവിനോട് വിശ്വാമിത്രമഹര്‍ഷി യാഗരക്ഷക്കായി കുട്ടികളെ-ശ്രീരാമനെയും ലക്ഷ്മണനെയും ആവശ്യപ്പെടുന്നതും ഗുരുവായ വസിഷ്ഠനിര്‍ദ്ദേശത്തില്‍ ദശരഥന്‍ സമ്മതിക്കുന്നതും തുടങ്ങി താടകാവധം, യാഗരക്ഷ, അഹല്യാമോക്ഷം, സീതാസ്വയംവരം, പരശുരാമനുമായുള്ള കൂടിക്കാഴ്ച്ച വരെ . ഈ സന്ദര്‍ഭങ്ങളില്‍ നിന്നാണ് ഇതിഹാസപുരുഷന്മാരായി വളരുന്നത്. വിശ്വാമിത്രമഹര്‍ഷിയുടെ അധ്യാപനം, ബല-അതിബല മന്ത്രങ്ങള്‍…ഒക്കെ ഇതിന്ന് സഹായിച്ചു.കുട്ടികളെ മുന്നില്‍ നടത്തി വളര്‍ത്തി വലുതാക്കുന്ന ഒരു മുത്തച്ഛന്റെ കടമയാണ് വിശ്വാമിത്രമഹര്‍ഷി നിര്‍വഹിക്കുന്നത്.

കഥാഭാഗങ്ങളില്‍ കുട്ടികളെ വളര്‍ത്തിയെടുക്കുന്ന വിശ്വാമിത്രഖണ്ഡവും, വളര്ത്തിയെടുത്ത് ജനമധ്യത്തില്‍ അംഗീകാരം നേടിയെടുക്കുന്ന അശ്വമേധ ഖണ്ഡവും വളരെ പ്രധാനപ്പെട്ടവയാണെന്ന് സംശയമില്ല. വാത്മീകി മഹര്‍ഷി കുട്ടികളില്‍ ചെയ്ത ഈ ശ്രദ്ധ കുമാരനാശാന്‍ നന്നായി ശ്രദ്ധിച്ചിട്ടുണ്ടാവും.

കുട്ടികളെ വളര്ത്തിയെടുക്കലും അവരെ നല്ല അവസരങ്ങള്‍ പ്രയോജനപ്പെടുത്തി വെളിപ്പെടുത്തലും തന്നെയല്ലേ നല്ല രക്ഷിതാവിന്റെ കര്മ്മം. ഇതാണ് മഹര്‍ഷിമാരായ വിശ്വാമിത്രനും വാത്മീകിയും ചെയ്തത്. ഈ കര്മ്മ സാക്ഷാല്‍ക്കാരത്തിന് രാമായണകാവ്യം പാഠപുസ്തകവും പഠനപ്രവർത്തനവുമായിത്തീരുന്നു. ലവകുശന്മാര്ക്കായി തയ്യാറാക്കിയ പാഠപുസ്തവും പഠനപ്രവര്ത്തനവുമാണു രാമായണകാവ്യം. നല്ല പൌരന്മാരെ വാര്ത്തെടുക്കുക എന്ന വിദ്യാഭ്യാസലക്ഷ്യം എറ്റവും നല്ല മനുഷ്യന്റെ കഥയെഴുതി ചെയ്യുകയാണിവിടെ ചെയ്തത്. ‘കോന്വസ്മിന്‍ സാമ്പ്രതം ലോകേ, ഗുണവാന്‍ കശ്ചവീര്യവാന്‍’ എന്ന പ്രശ്നത്തിന്റെ ഉത്തരമാണ് നാരദമഹര്ഷി വാത്മീകിയൊട് രാമകഥയിലൂടെ പറയുന്നത്. നാരദൻ തന്നെയാണ് ഇതിന്നുത്തരം പറയാന്‍ സമര്ഥന്‍ എന്നും നമുക്കറിയാം-നരനെ സംബന്ധിക്കുന്ന ജ്ഞാനം ദാനം ചെയ്യുന്നവന്‍ നാരദന്‍! എല്ലാനിലയിലും മികവാര്ന്ന-ഉത്തമപുരുഷനായ ശ്രീരാമനെക്കുറിച്ചുള്ള അറിവാണല്ലോ ഏതുകുട്ടിക്കും നല്ല പാഠപുസ്തകം.

രാമായണത്തിലെ ഓരോ കഥാ സന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും കുട്ടികളുമായി നന്നായി സംവദിക്കുന്നവരാണ്. ജീവിതത്തിന്റെ തനിമയും ദര്ശനവും വെളിപ്പെടുത്തുന്നവരാണ്. കാവ്യത്തിലെ ഒന്നാം നിര കഥാപാത്രങ്ങള്ക്കു പിന്നില്‍ കടന്നുവരുന്ന രണ്ടാംനിരക്കാര്‍. കുട്ടികള്ക്ക് മികച്ച പാഠ്യവസ്തുക്കളള്‍ തന്നെ. അഹല്യ, ഭരതന്‍, വിരാധൻ, ജടായു, ശൂര്പ്പണഖ, കുംഭകര്ണ്ണന്‍, വിഭീഷണന്‍….തുടങ്ങി നിരവധി. അനുകരിക്കാവുന്നതും അനുകരിക്കാന്‍ പാടില്ലാത്തതുമായ ജീവിതഖണ്ഡങ്ങള്‍. അനുകൂലവും നിഷേധാത്മകവുമായ ജീവിത ദര്ശനങ്ങള്‍. നിത്യജീവിതത്തിലെ കറുപ്പും വെളുപ്പും. എല്ലാ ഗുരുക്കന്മാരും അറിവ് നല്‍കുന്നു. അതു ഉള്ക്കൊണ്ട് വ്യാഖ്യാനിച്ച് നല്ലതിനെ സ്വീകരിക്കുന്നതിന്റെ ഉത്തരവാദിത്തം നമുക്കാണല്ലോ. 'ഇങ്ങനെ ഞാന്‍ നിനക്ക് അതീവങ്ങളായ രഹസ്യജ്ഞാനങ്ങള്‍ അറിയിച്ചു തരുന്നു. ഇതൊക്കെയും മനസ്സിലാക്കി വിമര്ശനബുദ്ധിയോടെ ഇഷ്ടമ്പോലെ സ്വീകരിക്കുകയോ തി
സ്കരിക്കയോ ആവാം’ –വിമൃശ്യൈതദേശെഷു യഥേഛസി തഥാ കുരു-എന്നാണ് ഗീതാവചനം.

ഓരോ കഥാപാത്രവും ചില സവിശേഷസ്വഭാവരൂപങ്ങളുടെ പ്രബലമുദ്രകള്‍ ഉള്ളില്‍ചേര്ക്കുന്നു. സഹോദരസ്നേഹം, അധര്മ്മങ്ങള്ക്കുനേരെ യുള്ള പ്രതിരോധം, സാഹസികത തുടങ്ങിയ സ്വഭാവവിശേഷങ്ങള്‍ ജടായുവില്‍ കാണാമല്ലോ.അധര്മ്മത്തിന്നു മുന്നില്‍ പക്ഷിമൃഗാദികള്‍ പോലും പ്രതികരിക്കുന്നതിന്റെ സാക്ഷ്യമാ‍ണ് ജടായു. സഹോദരസ്നേഹത്തിന്റെ മറ്റൊരു രൂപമാണ് കുംഭകര്ണ്ണന്‍. ഗുരുവിനെപ്പോലെ രാവണനെ ഉപദേശിക്കുകയും ഭടനെപ്പോലെ അനുസരിക്കുകയും ചെയ്യുന്ന അനുജന്‍. വിഭീഷണന്‍ ഉപദേശിച്ചു; പക്ഷെ അനുസരിക്കാന്‍ തയ്യാറായില്ല. അനുജഭാവത്തേക്കാള്‍ ധര്മ്മബോധമാണ് വിഭീഷണനില്‍ പ്രവര്‍ത്തിച്ചത്. കുംഭകര്ണ്ണന് ധര്മ്മബോധമില്ലാതില്ല; പക്ഷെ മുന്നില്‍ നിന്നത് സഹോദരസ്നേഹവും വംശസ്നേഹവുമായിരുന്നു. രാവണന്റെ വിനിദ്രയും-സദാ ജാഗ്രത കുംഭകര്ണ്ണന്റെ നിദ്രയും പരസ്പരപൂരകങ്ങളാവുന്നു.

കുട്ടികള്ക്ക് രാമായണം ചിത്രകഥകളിലും ദൃശ്യമാധ്യമങ്ങളിലുമാണ്ലഭ്യമാകുന്നത്. പലപ്പോഴും ഇതെല്ലാം വക്രീകരിക്കപ്പെട്ടതും അതിഭാവുകത്വം നിറഞ്ഞതുമാണ്. അമ്മയും മുത്തശ്ശിയും പറഞ്ഞുകൊടുത്ത കഥകള്‍ പിന്നീട് വായനയിലൂടെ കുട്ടി സമഗ്രമാക്കുന്നു. ഓരോവായനയും പുതിയ കാവ്യത്തിലേക്ക് കുട്ടിയെ ആനയിക്കുന്നു. ഈ കാവ്യരഹസ്യം കുമാരനാശാനറിയാം. അതാണല്ലൊ അദ്ദേഹം ഇത്രയധികം ശ്രദ്ധയോടെ ബാലരാമായണം രചിച്ചതും.

മനുഷ്യന്‍റെ മനസ്സിലെ അജ്ഞാനത്തിന്‍റെ ഇരുട്ടു മായണം. അതാണ് രാമായണം അടക്കമുള്ള എല്ലാ ഗ്രന്ഥങ്ങളുടേയും ഉദ്ദേശ്യശുദ്ധിയും. അറിവുകള്‍ പങ്കുവെയ്ക്കപ്പെടാനുള്ളതാണ്. ഇതിഹാസങ്ങളും പുണ്യഗ്രന്ഥങ്ങളും ചെയ്യുന്നതും അതു തന്നെയാണ്. അജ്ഞാനത്തിന്‍റെ ഇരുട്ടില്‍ നിന്നു കൊണ്ട് ഇവയെ നോക്കിക്കാണുമ്പോള്‍ പലപ്പോഴും കാണപ്പെടേണ്ടവ പലരും കാണാറേയില്ല. അതേ ഉദ്ദേശശുദ്ധി തന്നെയാണ് ഈ പോസ്റ്റിനുമുള്ളത്. നല്ലൊരു ചര്‍ച്ചയ്ക്ക് തുടക്കമിടുമല്ലോ.


Read More | തുടര്‍ന്നു വായിക്കുക

എപിക് ഇന്‍ഡ്യന്‍ ബ്രൌസര്‍ ഇന്‍സ്റ്റന്‍റ് ഹിറ്റ് ?

>> Friday, July 16, 2010


"ഇന്റര്‍നെറ്റ്‌ എക്‌സ്പ്ലോറര്‍, ഗൂഗിള്‍ ക്രോം, മോക്‌സില്ല ഫയര്‍ ഫോക്‌സ് ഗണത്തിലേക്ക്‌ പുതിയൊരു ബ്രൗസര്‍ കൂടി. അതും ഇന്ത്യയില്‍ നിന്ന്‌... പേര്‌ എപിക്‌. സ്വതന്ത്ര സോഫ്‌ട്‍വെയറില്‍ അധിഷ്‌ഠിതമായ എപിക്‌ നിരവധി പ്രത്യേകതയോടു കൂടിയാണ്‌ എത്തുന്നത്‌. ഇന്ത്യയില്‍ രൂപംകൊടുത്ത ആദ്യ നെറ്റ്‌ബ്രൗസറായ എപ്പിക്‌ ഇന്നലെ മുതല്‍ തന്നെ സൗജന്യമായി ഡൗണ്‍ലോഡ്‌ ചെയ്യാന്‍ അനുവദിച്ചിട്ടുണ്ട്.

ഇംഗ്ലീഷിനുപുറമെ, മലയാളമുള്‍പ്പെടെ 12 ഇന്ത്യന്‍ ഭാഷകളില്‍ അഡ്രസ്‌ ടൈപ്പ്‌ ചെയ്യാന്‍ കഴിയുന്ന ഇന്‍ഡി ട്രാന്‍സ്‌ലേറ്ററാണ്‌ എപിക്കിന്റെ എടുത്തുപറയത്തക്ക പ്രത്യേകത. ഇന്‍ ബില്‍റ്റ്‌ ആന്റി വൈറസ്‌ സംവിധാനവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

അതിനാല്‍ എപ്പിക്ക്‌ ഉപയോഗിക്കുമ്പോള്‍ വേറെ പണം കൊടുത്ത്‌ ആന്റി വൈറസ്‌ സോഫ്‌ട്വേറുകള്‍ വാങ്ങുകയോ അവ പുതുക്കുകയോ വേണ്ട. ഇന്ത്യന്‍ പ്രാദേശിക ഭാഷകളില്‍ ടൈപ്പ്‌ ചെയ്യാന്‍ അനായാസമാണെന്നതാണ്‌ സൈറ്റിന്റെ ഏറ്റവും വലിയ ആകര്‍ഷണീയതകളിലൊന്ന്‌. മലയാളവും തമിഴും ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ഭാഷകളില്‍ അനായാസം ടൈപ്പ്‌ ചെയ്യാന്‍ കഴിയും. ഇതിന്‌ മലയാളമോ തമിഴോ അറിയണമെന്നില്ല. പകരം ഇംഗ്ലീഷില്‍ ടൈപ്പ്‌ ചെയ്‌താല്‍ മതിയാകും. ഇന്‍ഡിക്‌ എന്നു പറയുന്ന സംവിധാനത്തിലൂടെ സൈറ്റ്‌ സ്വയം ഇത്‌ തിരഞ്ഞെടുക്കുന്ന പ്രാദേശിക ഭാഷയിലേക്ക്‌ അക്ഷരം മാറ്റും. സ്വന്തം ഭാഷയില്‍ ഇമെയില്‍ ചെയ്യുക അനായാസമാകും എന്നതാണ്‌ ഇതിന്റെ ഏറ്റവും വലിയ ഗുണം. അടിസ്‌ഥാന ഇംഗ്ലീഷ്‌ ഭാഷ കൈകാര്യം ചെയ്യാന്‍ കഴിയുന്നവര്‍ക്ക്‌ ഇ മെയില്‍ അടക്കമുള്ള സംവിധാനങ്ങള്‍ ആത്മവിശ്വാസത്തോടെ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാണ്‌ ബ്രൗസറിന്റെ രൂപകല്‍പ്പന.

ദുര്‍ലക്ഷ്യങ്ങളുള്ള വെബ്‌സൈറ്റുകളെ തിരിച്ചറിയാനുള്ള സംവിധാനവും എപിക്കില്‍ സന്നിവേശിപ്പിച്ചിട്ടുണ്ട്‌. മറ്റ്‌ ബ്രൗസറുകളേക്കാള്‍ ആയിരത്തിയഞ്ഞൂറിലധികം അധിക സൗകര്യങ്ങളാണ്‌ എപിക്കില്‍ ഒരുക്കിയിരിക്കുന്നത്‌. പ്രധാന വാര്‍ത്തകള്‍ ലഭ്യമാകുന്ന ഹോം പേജാണ്‌ മറ്റൊരു സവിശേഷത. സൈഡ്‌ ബാറുകളില്‍ ടെക്‌സ്റ്റ്‌, ഫോട്ടോ, വീഡിയോ ഫയലുകള്‍ ശേഖരിക്കാനും എഡിറ്റു ചെയ്യാനുമുള്ള സംവിധാനമുണ്ട്‌.

ബാംഗ്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചെറുകിട സോഫ്‌റ്റ്വേര്‍ സ്‌ഥാപനമായ ഹിഡന്‍ റിഫ്‌ളക്‌സാണ്‌ എപ്പിക്കിന്‌ പിന്നില്‍. ബംഗളുരുവില്‍ നടന്ന ചടങ്ങില്‍ സോഫ്‌ട്വേര്‍ ടെക്‌നോളജി പാര്‍ക്ക്‌സ് ഓഫ്‌ ഇന്ത്യ (എസ്‌.ടി.പി.ഐ.) മുന്‍ ഡയറക്‌ടര്‍ ബി.വി. നായിഡു എപിക്‌ പുറത്തിറക്കി. ലോകത്ത്‌ ഇപ്പോള്‍ മൈക്രോസോഫ്‌റ്റിന്റെ ഇന്റര്‍നെറ്റ്‌ എക്‌സ്പ്ലോററാണ്‌ ഭൂരിപക്ഷം പേരും ഉപയോഗിക്കുന്ന ബ്രൗസര്‍. സ്വതന്ത്ര സോഫ്‌റ്റ്വേറായ മോസില്ലയില്‍ അധിഷ്‌ഠിതമായാണ്‌ എപിക്‌ നിര്‍മിച്ചിരിക്കുന്നത്‌.
www.epicbrowser.com എന്ന വെബ്‌സൈറ്റില്‍നിന്ന്‌ സൗജന്യമായി ഡൗണ്‍ലോഡ്‌ ചെയ്യാം."

ഒരു ഓണ്‍ലൈന്‍ പത്രം പുറത്തുവിട്ട വാര്‍ത്തയാണ് മുകളില്‍ നല്‍കിയിരിക്കുന്നത്. രണ്ട് ചോദ്യങ്ങളാണ് മാത്‍സ് ബ്ലോഗിന് ചോദിക്കാനുള്ളത്. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയര്‍ ഇന്‍റര്‍നെറ്റ് എക്സ്പ്ലോററാണോ? സ്വതന്ത്ര സോഫ്റ്റ്‍വെയറായ മോസില്ലയില്‍ ആഡ് ഓണുകള്‍ ഉപയോഗിച്ച് ചെയ്യാവുന്ന കാര്യങ്ങളാണല്ലോ എപിക്കില്‍ ഉണ്ടെന്ന് അവകാശപ്പെടുന്നത്. നിങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കുമല്ലോ.


Read More | തുടര്‍ന്നു വായിക്കുക

കേരളക്കടലില്‍ വാട്ടര്‍സ്പോട്ട്പ്രതിഭാസം

>> Thursday, July 15, 2010

ആലപ്പുഴ മുതല്‍ തിരുവനന്തപുരം വരെയുള്ള തെക്കന്‍ കേരളത്തിലെ കടലില്‍ അത്ഭുതപ്രതിഭാസം നടക്കുന്നതായി വാര്‍ത്ത. കടലില്‍ ഇരുട്ടു പരക്കുന്നതോടൊപ്പം വലിയ തിരമാലകളും രൂപം കൊള്ളുന്നതായാണത്രേ വിവരം. ഇതേത്തുടര്‍ന്ന്‍ ഫിഷറീസ് വകുപ്പിന്റെ അഭ്യര്‍ത്ഥനയനുസരിച്ച് കൊച്ചിയില്‍ നിന്നും കോസ്റ്റ്ഗാര്‍ഡിന്റെ കപ്പല്‍ പുറപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഇതിന് അല്പം മുമ്പ് വിശദീകരണം നല്‍കുകയുണ്ടായി.

നീര്‍ചുഴി (വാട്ടര്‍ സ്പോട്ട്) എന്ന പ്രതിഭാസമാണിതെന്നാണ് അവരുടെ സ്ഥിരീകരണം. കടലില്‍ വളരെ താഴ്ന്ന് മഴമേഘങ്ങള്‍ രൂപപ്പെടുന്നതാണ് ഇതിന്റെ ആരംഭം. മേഘങ്ങളുടെ ശക്തിയില്‍ ആകര്‍ഷിക്കപ്പെട്ട് തിരമാലകള്‍ വളരെ ഉയരത്തിലേക്ക് അലയടിക്കും. കാര്‍മേഘങ്ങള്‍ താഴ്ന്ന് രൂപപ്പെട്ടതിനാല്‍ ഇരുട്ട് വ്യാപിക്കുകയും ചെയ്യും. ഈ പ്രതിഭാസം കരയിലാണ് നടക്കുന്നതെങ്കില്‍ ശക്തമായ ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്ന് പറയപ്പെടുന്നു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഈ സമയത്തെ മേഘക്കാഴ്ച നല്‍കുന്ന ഉപഗ്രഹചിത്രം‍ ഇവിടെയുണ്ട്.

കടലില്‍ ഇരുട്ട് വ്യാപിക്കുന്നതിനാല്‍ ദിശ അറിയാന്‍ കഴിയുന്നില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ അറിയിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ ലൈറ്റ് ഹൗസുകളില്‍ ലൈറ്റ് തെളിച്ചു. എന്തു സാഹചര്യവും നേരിടാന്‍ ലൈഫ് ഗാര്‍ഡുകളെ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ടെന്ന് ഫിഷറീസ് അധികൃതര്‍ പറഞ്ഞു. അതിനിടെ കേരള തീരത്ത് അടുത്ത 48 മണിക്കൂറിനിടെ 65 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി

കൊല്ലത്ത് ഇതേത്തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ ഒരാള്‍ മരിക്കുകയും 17 പേര്‍ക്ക് പരിക്കു പറ്റുകയും ചെയ്തു. 4 ബോട്ടുകള്‍ ഉള്‍ക്കടലില്‍പ്പെട്ടിരിക്കുകയാണെന്നും വാര്‍ത്ത. കടലില്‍ പോയവര്‍ തിരികെയെത്താന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒപ്പം തീരപ്രദേശത്ത് താമസിക്കുന്നവര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശമുണ്ട്.
http://www.mathsblog.in/


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer