Thursday, August 23, 2012

കെ ടെറ്റ് പരീക്ഷയെഴുതുന്നതിന് മുമ്പേ അറിയാന്‍

സംസ്ഥാനത്ത് ആദ്യമായി നടത്തുന്ന അധ്യാപക യോഗ്യതാ പരീക്ഷ (ടെറ്റ്) 25നു തുടങ്ങാനിരിക്കേ, ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചു പരീക്ഷ എഴുതിയില്ലെങ്കില്‍ യോഗ്യതയ്ക്കു പകരം അയോഗ്യതയായിരിക്കും ഫലം. വിദ്യാഭ്യാസ ഗവേഷണ സ്ഥാപനമായ എസ്സിഇആര്‍ടിക്കുവേണ്ടി പരീക്ഷാഭവന്‍ ആണ് പരീക്ഷ നടത്തുന്നത്. ആദ്യമായി നടത്തുന്ന യോഗ്യതാ പരീക്ഷ ആയതിനാലും പല മേഖലകളിലുള്ളവര്‍ക്കു പലതരം ചോദ്യങ്ങള്‍ ഉപയോഗിക്കുന്നതിനാലും നിര്‍ദേശങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ച് പിഴവു വരുത്താതെ എഴുതണം. ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു. എല്‍പി വിഭാഗത്തിലെ അധ്യാപകര്‍ക്കായുള്ള ടെറ്റ് 25നും യുപി വിഭാഗത്തിലെ അധ്യാപകര്‍ക്കുള്ള ടെറ്റ് 27നും ഹൈസ്കൂള്‍ അധ്യാപകര്‍ക്കായുള്ള ടെറ്റ് സെപ്റ്റംബര്‍ ഒന്നിനുമാണു നടത്തുന്നത്. എല്ലാ ദിവസവും രാവിലെ 10.30 മുതല്‍ 12 വരെയാണു പരീക്ഷ.

മൂന്നു പരീക്ഷകള്‍ക്കുമായി 1,61,856 അപേക്ഷകരുണ്ട്. ഒഎംആര്‍ രീതിയിലുള്ള പരീക്ഷ ആയതിനാല്‍ കോപ്പിയടി ഒഴിവാക്കുന്നതിനു ചോദ്യക്കടലാസ് എ, ബി, സി, ഡി എന്നിങ്ങനെ നാലു സെറ്റായിട്ടാണു തയാറാക്കിയിരിക്കുന്നത്. ഓരോ സെറ്റില്‍പ്പെട്ട ചോദ്യക്കടലാസിനും മൂന്നു ഭാഗങ്ങള്‍വീതം ഉണ്ടാകും. ഓരോ ഭാഗത്തിനും പ്രത്യേക ചോദ്യക്കടലാസ് ആയിരിക്കും. മൂന്നു ചോദ്യക്കടലാസും ഒരേ സെറ്റില്‍പ്പെട്ടത് ആണെന്നു പരീക്ഷയെഴുതുന്നതിനു മുന്‍പ് ഉറപ്പുവരുത്തണം. ഉദാഹരണത്തിന് 'എ സെറ്റാണു ലഭിക്കുന്നതെങ്കില്‍ മൂന്നു ചോദ്യക്കടലാസിലും 'എ എന്നു രേഖപ്പെടുത്തിയിട്ടുണ്ടോയെന്നു നോക്കണം. ഇല്ലെങ്കില്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തി അതേ സെറ്റില്‍പ്പെട്ട ചോദ്യക്കടലാസ് വാങ്ങണം.

ആകെ ചോദ്യങ്ങള്‍ 150
മൂന്നു ഭാഗങ്ങള്‍ ചേര്‍ന്ന ഒരു ചോദ്യക്കടലാസില്‍ 150 ചോദ്യങ്ങളാണ് ഉണ്ടാവുക. ഓരോ ചോദ്യത്തിനും നാല് ഉത്തരങ്ങള്‍ നല്‍കിയിരിക്കും. അതില്‍നിന്നു ശരിയായ ഉത്തരം തിരഞ്ഞെടുത്ത് ഒഎംആര്‍ ഷീറ്റില്‍ രേഖപ്പെടുത്തണം. എല്‍പി വിഭാഗക്കാരുടെ പരീക്ഷയ്ക്ക് ഒന്നുമുതല്‍ 90 വരെയുള്ള ചോദ്യങ്ങളായിരിക്കും ആദ്യഭാഗം. ഇതില്‍ ഒന്നുമുതല്‍ 30 വരെ ചോദ്യങ്ങള്‍ കുട്ടികളുടെ വ്യക്തിത്വ വികാസവും അധ്യാപന ശാസ്ത്രവുമായി ബന്ധപ്പെട്ടതായിരിക്കും. 31 മുതല്‍ 60 വരെ ചോദ്യങ്ങള്‍ കണക്കില്‍നിന്നും 61 മുതല്‍ 90 വരെ ചോദ്യങ്ങള്‍ എന്‍വയണ്‍മെന്റല്‍ സയന്‍സില്‍നിന്നുമായിരിക്കും.

എല്‍പി വിഭാഗക്കാരുടെ ചോദ്യക്കടലാസിന്റെ രണ്ടാമത്തെ ഭാഗത്തു 91 മുതല്‍ 120 വരെയുള്ള ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പരീക്ഷാര്‍ഥിയുടെ ആശയവിനിമയപാടവം അളക്കുന്നതിനാണ് ഈ വിഭാഗം. മലയാളം, തമിഴ്, കന്നഡ മാധ്യമങ്ങളിലുള്ള ആശയവിനിമയ പാടവമാണ് അളക്കുക. മൂന്നു ഭാഷക്കാര്‍ക്കായി മൂന്നു തരത്തിലുള്ള ചോദ്യക്കടലാസ് ആയിരിക്കും നല്‍കുക. 121 മുതല്‍ 150 വരെയുള്ള ചോദ്യങ്ങളാണു മൂന്നാം ഭാഗം. എല്‍പിയില്‍ ഇംഗിഷും അറബിക്കും പഠിപ്പിക്കണമെന്നതിനാല്‍ രണ്ടു ഭാഷയിലുമുള്ള ജ്ഞാനമാണു മൂന്നാം ഭാഗത്തില്‍ പരിശോധിക്കുക. പരീക്ഷാര്‍ഥി തിരഞ്ഞെടുത്ത ഭാഷയിലുള്ള ചോദ്യക്കടലാസ് ലഭിക്കും.

യുപി വിഭാഗത്തില്‍പ്പെട്ട അധ്യാപകര്‍ക്കുള്ള ചോദ്യക്കടലാസിനും മൂന്നു ഭാഗമുണ്ട്. ആദ്യഭാഗത്തില്‍ ഒന്നുമുതല്‍ 90 വരെ ചോദ്യങ്ങള്‍ ഉണ്ടാകും. ഇതില്‍ ഒന്നുമുതല്‍ 30 വരെ ചോദ്യങ്ങള്‍ കുട്ടികളുടെ വ്യക്തിത്വ വികാസവും അധ്യാപന ശാസ്ത്രവുമായി ബന്ധപ്പെട്ടതാണ്. 31 മുതല്‍ 90 വരെ ചോദ്യങ്ങള്‍ സയന്‍സ്, കണക്ക് എന്നിവയില്‍നിന്നും സോഷ്യല്‍ സയന്‍സില്‍നിന്നുമായിരിക്കും. സോഷ്യല്‍ സയന്‍സുകാര്‍ ആ വിഷയത്തില്‍നിന്നുള്ള ചോദ്യങ്ങള്‍ക്കാണ് ഉത്തരം എഴുതേണ്ടത്. ചോദ്യക്കടലാസിന്റെ രണ്ടാം ഭാഗത്തില്‍ 91 മുതല്‍ 120 വരെ ചോദ്യങ്ങളാണുള്ളത്. അധ്യയന മാധ്യമത്തിലുള്ള ആശയവിനിമയ പാടവമാണ് ഇതില്‍ വിലയിരുത്തുക. മലയാളം, ഇംഗിഷ്, തമിഴ്, കന്നഡ എന്നിവയിലുള്ള പ്രത്യേക ചോദ്യക്കടലാസുകളുണ്ടാകും. 95% പേരും മലയാളത്തിലും ഇംഗിഷിലുമാണ് എഴുതുന്നത്. 121 മുതല്‍ 150 വരെ ചോദ്യങ്ങള്‍ അടങ്ങുന്ന മൂന്നാം ഭാഗത്തില്‍ മലയാളം, ഇംഗിഷ്, ഹിന്ദി, അറബിക്, ഉറുദു, സംസ്കൃതം എന്നീ ഭാഷകളിലുള്ള ജ്ഞാനം വിലയിരുത്തും. ഇതിനായി പ്രത്യേകം ചോദ്യക്കടലാസുകള്‍ തയാറാക്കിയിട്ടുണ്ട്.

ഹൈസ്കൂള്‍ അധ്യാപകര്‍ക്കായുള്ള ടെറ്റിന്റെ ചോദ്യക്കടലാസിന്റെ ഒന്നാം ഭാഗത്തില്‍ ഒന്നുമുതല്‍ 40 വരെ ചോദ്യങ്ങളാണ് ഉണ്ടാവുക. മനശ്ശാസ്ത്രം, ബോധന സിദ്ധാന്തങ്ങള്‍, അധ്യാപന അഭിരുചി എന്നിവ സംബന്ധിച്ച ചോദ്യങ്ങളാണ് ആദ്യഭാഗത്ത് ഉള്‍പ്പെടുത്തുന്നത്. ചോദ്യക്കടലാസിന്റെ രണ്ടാം ഭാഗത്തു 41 മുതല്‍ 70 വരെ ചോദ്യങ്ങളുണ്ടാകും. മലയാളം, ഇംഗിഷ്, തമിഴ്, കന്നഡ മാധ്യമങ്ങളിലുള്ള ആശയവിനിമയ പാടവമാണ് ഈ ഭാഗത്തു പരിശോധിക്കുക. ചോദ്യക്കടലാസിന്റെ മൂന്നാം ഭാഗത്ത് 71 മുതല്‍ 150 വരെ ചോദ്യങ്ങളുണ്ട്. അധ്യാപകന്‍ പഠിച്ച 12 വിഷയത്തില്‍നിന്നുള്ള ചോദ്യങ്ങളായിരിക്കും ഇത്. മലയാളം, ഇംഗിഷ്, ഹിന്ദി, അറബിക്, ഉറുദു, സംസ്കൃതം, തമിഴ്, കന്നഡ, സോഷ്യല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, നാച്ചുറല്‍ സയന്‍സ്, കണക്ക് എന്നിവയാണു വിഷയങ്ങള്‍. ഇതിനായി 12 തരം ചോദ്യക്കടലാസ് തയാറാക്കിയിട്ടുണ്ട്. ഈ വിഭാഗത്തില്‍ 80 ചോദ്യങ്ങളുണ്ട്. ഇതില്‍ 50 എണ്ണം വിഷയത്തിലുള്ള ജ്ഞാനം അളക്കുന്നതിനും 30 എണ്ണം വിഷയം കുട്ടികള്‍ക്ക് എങ്ങനെ പകര്‍ന്നുകൊടുക്കും എന്നതിനെക്കുറിച്ചുമാണ്.

പരീക്ഷയ്ക്ക് 9.45ന് എത്തണം
രാവിലെ 10.30നാണ് പരീക്ഷ തുടങ്ങുകയെങ്കിലും എല്ലാവരും 9.45നുതന്നെ ഹാളില്‍ എത്തണം. അപ്പോള്‍ത്തന്നെ ഒഎംആര്‍ ഷീറ്റ് നല്‍കും. മൂന്നു ദിവസത്തെ പരീക്ഷകള്‍ക്കു മൂന്നു നിറത്തിലുള്ള ഒഎംആര്‍ ഷീറ്റുകളാണ് ഉപയോഗിക്കുന്നത്. ഒഎംആര്‍ ഷീറ്റിന്റെ ആദ്യപേജില്‍ ഉത്തരം അടയാളപ്പെടുത്തിയാല്‍ രണ്ടാമത്തെ പേജിലും അതു പതിയും. പരീക്ഷ കഴിയുമ്പോള്‍ രണ്ടാമത്തെ പേജ് പരീക്ഷാര്‍ഥിക്കു വീട്ടില്‍ കൊണ്ടുപോകാം. എന്നാല്‍, ചോദ്യക്കടലാസുകള്‍ തിരികെ നല്‍കണം. പരീക്ഷയ്ക്കു നെഗറ്റീവ് മാര്‍ക്ക് ഇല്ല. നീലയോ കറുപ്പോ നിറത്തിലുള്ള ബോള്‍ പോയിന്റ് പേനയാണ് ഒഎംആര്‍ ഷീറ്റില്‍ ഉത്തരങ്ങള്‍ രേഖപ്പെടുത്താന്‍ ഉപയോഗിക്കേണ്ടത്.

ഒഎംആര്‍ ഷീറ്റ് മായിക്കുകയോ ഒരുതവണ എഴുതിയതിനു മുകളില്‍ വീണ്ടും എഴുതുകയോ മുറിക്കുകയോ മടക്കുകയോ ചെയ്യാന്‍ പാടില്ല. നിര്‍ദേശിച്ചിരിക്കുന്ന കാര്യങ്ങളല്ലാതെ മറ്റൊന്നും ഒഎംആര്‍ ഷീറ്റില്‍ രേഖപ്പെടുത്തരുത്. അങ്ങനെ ചെയ്താല്‍ ഷീറ്റ് റദ്ദാക്കും. ചോദ്യക്കടലാസിലെയും ഒഎംആര്‍ ഷീറ്റിലെയും നിര്‍ദേശങ്ങള്‍ ശ്രദ്ധാപൂര്‍വം വായിച്ചശേഷമേ പരീക്ഷ എഴുതാവൂ. പരീക്ഷാ ഹാളില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍, കാല്‍ക്കുലേറ്റര്‍, ലോഗരിതം ടേബിള്‍ തുടങ്ങിയവ അനുവദിക്കില്ല. അപേക്ഷയില്‍ നല്‍കിയ വിഷയത്തില്‍ത്തന്നെ പരീക്ഷ എഴുതണമെന്നു നിര്‍ബന്ധമാണ്. പിശകു സംഭവിച്ചതിന്റെ പേരില്‍ ഇനി വിഷയം മാറ്റാന്‍ ആരെയും അനുവദിക്കില്ല.

പരീക്ഷ തുടങ്ങുന്നതിനു 10 മിനിറ്റ് മുന്‍പു ചോദ്യക്കടലാസിന്റെ ആദ്യഭാഗം നല്‍കും. 10.30നു സീല്‍ പൊട്ടിച്ചു നോക്കാം. ആദ്യഭാഗത്തിലെ സീരിയല്‍ നമ്പരാണ് ഒഎംആര്‍ ഷീറ്റില്‍ എഴുതേണ്ടത്. തുടര്‍ന്നു ചോദ്യക്കടലാസിന്റെ രണ്ടും മൂന്നും ഭാഗങ്ങള്‍കൂടി പരീക്ഷാര്‍ഥികള്‍ക്കു നല്‍കും. അവര്‍ക്ക് ഇഷ്ടംപോലെ ഏതു ഭാഗത്തിന്റെ ഉത്തരങ്ങള്‍ വേണമെങ്കിലും എഴുതിത്തുടങ്ങാം. മൂന്നു ഭാഗങ്ങളും ഒരേ സെറ്റില്‍പെട്ടതാണെന്ന് ഉറപ്പുവരുത്തിയിട്ടേ എഴുതാവൂ. കേടുവന്ന ഒഎംആര്‍ ഷീറ്റുകളും ചോദ്യക്കടലാസും മാറ്റി നല്‍കും. പരീക്ഷ തുടങ്ങി ഓരോ അരമണിക്കൂര്‍ കൂടുമ്പോഴും മണി അടിക്കും. വൈകിയെത്തുന്നവരെ 11 വരെ പരീക്ഷയ്ക്കു കയറാന്‍ അനുവദിക്കും. പരീക്ഷ എഴുതിത്തുടങ്ങിയാല്‍ 12 മണി കഴിയാതെ ആരെയും പുറത്തു വിടില്ല.

ഉത്തരസൂചികയില്‍ പരാതിയുണ്ടെങ്കില്‍ അറിയിക്കാം
ടെറ്റ് അവസാനിച്ചശേഷം സെപ്റ്റംബര്‍ നാലോടെ മൂന്നു പരീക്ഷയുടെയും ഉത്തരസൂചിക പ്രസിദ്ധീകരിക്കും. ഇതു പരീക്ഷാര്‍ഥികള്‍ക്കു പരിശോധിച്ചശേഷം ആക്ഷേപമുണ്ടെങ്കില്‍ പരാതി നല്‍കാം. ഇതിന്റെ വിശദാംശങ്ങള്‍ പിന്നീട് അറിയിക്കും. ഉത്തരസൂചിക സംബന്ധിച്ച പരാതികള്‍ വിദഗ്ധ സമിതി പരിശോധിച്ചശേഷം സൂചികയില്‍ മാറ്റം വരുത്തണമോയെന്നു തീരുമാനിക്കും. അതിന്റെ അടിസ്ഥാനത്തിലായിരിക്കും മൂല്യനിര്‍ണയം. സെപ്റ്റംബര്‍ അവസാനത്തോടെ ഫലം വരുമെന്നു പ്രതീക്ഷിക്കുന്നു.

അന്ധര്‍ക്ക് സഹായി
എഴുനൂറോളം അന്ധര്‍ ടെറ്റ് എഴുതുന്നുണ്ട്. ഇവര്‍ക്കു സഹായികളായി പ്ളസ് ടു വിദ്യാര്‍ഥികളെയാണു നിശ്ചയിച്ചിരിക്കുന്നത്. സഹായിയുടെ വിജ്ഞാനം പരീക്ഷാര്‍ഥിക്കു പ്രയോജനപ്പെടാതിരിക്കാനാണിത്. പരീക്ഷാര്‍ഥിതന്നെ സഹായിയെ കണ്ടെത്തുകയും ഫോട്ടോ വച്ച് അപേക്ഷ നല്‍കുകയും വേണം. ഇയാള്‍ പ്ളസ് ടു വിദ്യാര്‍ഥിയാണെന്നു തെളിയിക്കാന്‍ ഫോട്ടോയില്‍ പ്രിന്‍സിപ്പല്‍ അറ്റസ്റ്റ് ചെയ്യണം. ഇതിനുള്ള ഫോം വെബ്സൈറ്റിലുണ്ട്. ഇതേവരെ സഹായിയെ ലഭിക്കാത്തവര്‍ പരീക്ഷാകേന്ദ്രത്തിന്റെ മേധാവിയുമായി ബന്ധപ്പെട്ടാല്‍ ആളിനെ ഏര്‍പ്പെടുത്തിക്കൊടുക്കും. സഹായിയെ ലഭിക്കുന്നതിനുള്ള അപേക്ഷകള്‍ ഇനി ഡിഇഒയ്ക്കു നല്‍കിയാല്‍ മതിയാകും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന ടെറ്റ് സംബന്ധിച്ച എല്ലാ കാര്യങ്ങളിലും അന്തിമതീരുമാനം എടുക്കുക പരീക്ഷാഭവന്‍ സെക്രട്ടറിയായിരിക്കും.

ഹാള്‍ ടിക്കറ്റ്
ടെറ്റ് എഴുതുന്നതിനുള്ള ഹാള്‍ ടിക്കറ്റ് ഓണ്‍ലൈനിലൂടെ ലഭിക്കുന്നതിന് യൂസര്‍ ഐഡി, ചെലാന്‍ നമ്പര്‍ തുടങ്ങിയവ നല്‍കണം. എന്നാല്‍, ചെലാന്‍ കളഞ്ഞുപോയതായി ചിലര്‍ പരീക്ഷാഭവനില്‍ പരാതിപ്പെട്ടിട്ടുണ്ട്. എല്ലാ അപേക്ഷകരുടെയും റജിസ്റ്റര്‍ നമ്പര്‍ അവരുടെ മൊബൈല്‍ ഫോണിലേക്കു മെസേജ് ആയി മൂന്നു ദിവസത്തിനകം അയയ്ക്കും. ആ നമ്പര്‍ ഉപയോഗിച്ചു വെബ്സൈറ്റില്‍ കയറിയാല്‍ ഹാള്‍ ടിക്കറ്റ് എടുക്കാം. മൂന്നു പരീക്ഷയാണു നടത്തുന്നത് എന്നതിനാല്‍ മൂന്നു ഹാള്‍ ടിക്കറ്റ് ഉണ്ടാകും. ഒന്നിലേറെ പരീക്ഷയെഴുതുന്നവര്‍ ഓരോ പരീക്ഷയ്ക്കും പ്രത്യേകം ഹാള്‍ ടിക്കറ്റ് എടുക്കണം. ടെറ്റ് ഒന്നിനു 43,558 പേരും രണ്ടിന് 62,840 പേരും മൂന്നിന് 55,458 പേരുമാണ് അപേക്ഷിച്ചിരിക്കുന്നത്.

കടപ്പാട്
റെഞ്ചി കുര്യാക്കോസ്
മലയാള മനോരമ
K TET-I Model Exam | K TET-II
(KSTA Academic Council, Palakkad) Thanks to Manu Chandran

K TET FAQ (In malayalam)

K-TET Syllabus I , Syllabus 2, Syllabus 3

K-TET Sample Questions 1, Sample Questions 2, Sample Questions 3

23 comments:

  1. കേരള സര്‍ക്കാര്‍ നടത്തുന്ന ആദ്യത്തെ കെ-ടെറ്റ് പരീക്ഷയാണ് ആഗസ്റ്റ് 25 ന് ആരംഭിക്കുന്നത്. പ്രഥമ പരീക്ഷയായതു കൊണ്ടു തന്നെ ഒട്ടേറെ സംശയങ്ങളും ആശങ്കകളും പരീക്ഷാര്‍ത്ഥികളുടെ ഉള്ളിലുണ്ടാകും. അവര്‍ക്കെല്ലാം സഹായകമാകുന്ന ഒരു ലേഖനമാണിത്. ഒപ്പം ഭാവിയില്‍ പരീക്ഷയെഴുതണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കും.

    പരീക്ഷയ്ക്കു ശേഷം ചോദ്യപേപ്പര്‍ സ്കാന്‍ ചെയ്ത് ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു

    പരീക്ഷാര്‍ത്ഥികള്‍ക്ക് മാത്​സ് ബ്ലോഗിന്റെ വിജയാശംസകള്‍!

    ReplyDelete
  2. യഥാര്‍ത്ഥ അഭിരുചിയുള്ള പിന്‍മുറക്കാര്‍ക്കായി കാത്തിരിക്കുന്നു. ഏവര്‍ക്കും വിജയാശംസകള്‍.

    ReplyDelete
  3. പുതിയ തുടക്കം , മാറ്റങ്ങള്‍ പ്രതീക്ഷിക്കാം !
    അനുഭവസ്ഥര്‍ വിവരിക്കട്ടെ ...

    ReplyDelete
  4. K-TET EXAM അനുയോജ്യമായ എല്ലാ നിര്‍ദേശങ്ങള്‍ക്കും

    ഒരായിരം നന്ദി നന്ദി ||||||||||



    ബിജു മാത്യു , കോന്നി

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. പരീക്ഷാര്‍ത്ഥികള്‍ക്ക് വിജയാശംസകള്‍!

    ReplyDelete
  7. KTET SAMPLE QUESTION PAPER7 · K TET SAMPLE QUESTION PAPER എന്ന് നല്‍കി Google ല്‍ image സെര്‍ച്ച് ചെയ്തു നോക്കൂ, DEO Kothamangalam- ല്‍ നിന്നും Category-I ന്റെ model qn paper ലഭിക്കും. എല്ലാ ആശംസകളും.

    ReplyDelete
  8. KSTA യൂടെ KTET QUESTION PAPER 2 ഉചിതമായി,മറ്റുള്ള
    സംഘടനകളും ഈ പാത പീന്‍തുടരൂവാന്‍ മുന്നിട്ട് ഇറങ്ങണം,KSTA യ്ക്ക് അഭിവാദനങ്ങള്‍ , K-TET 3 question & Key ഉടന്‍ കാണാമെന്ന് കരുതട്ടെ ......

    ReplyDelete
  9. ചോദ്യപേപ്പര്‍ തിരിച്ചുവാങ്ങുന്നതിന്റെ യുക്തി എന്താണെന്ന് മനസ്സിലാകുന്നില്ല.
    ആരെങ്കിലും ഒന്ന് പറഞ്ഞുതരുമോ....
    പിന്നെങ്ങിനെയാണ് സോള്‍വ്ഡ് പേപ്പര്‍ തയ്യാറാക്കുകയെന്നും മനസ്സിലാകുന്നില്ല

    ReplyDelete
  10. ടെറ്റിന് സമയം ടൈറ്റായി

    മലപ്പുറം :പരീക്ഷ എളുപ്പം, പക്ഷേ സമയം തികഞ്ഞില്ല-അധ്യാപക യോഗ്യതാ പരീക്ഷയുടെ (ടെറ്റ്) ആദ്യദിനം നടന്ന പ്രൈമറി അധ്യാപക യോഗ്യതാ പരീക്ഷ കഴിഞ്ഞിറങ്ങിയ ഭാവി അധ്യാപകരില്‍കൂടുതല്‍പേരുടെയും പ്രതികരണമിങ്ങനെ. സംസ്ഥാനത്ത് ആദ്യമായി അരങ്ങേറിയ അധ്യാപക പരീക്ഷയെക്കുറിച്ച് ജില്ലയിലെ ഉദ്യോഗാര്‍ഥികളുടെ പ്രതികരണം സമ്മിശ്രമായിരുന്നു.

    150 ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതാന്‍ ഒന്നര മണിക്കൂര്‍ ആയിരുന്നു സമയം അനുവദിച്ചത്. ഒരു ചോദ്യത്തിന് 36 സെക്കന്‍ഡ്! 100 ചോദ്യങ്ങളുള്ള പിഎസ്‌സി പരീക്ഷയ്ക്ക് ഒന്നേമുക്കാല്‍ മണിക്കൂര്‍ നല്‍കുമ്പോള്‍ 150 ചോദ്യങ്ങളുള്ള ടെറ്റിന് ഒന്നര മണിക്കൂര്‍ നീതിയായില്ലെന്ന് ഭൂരിഭാഗം പേരും പരാതിപ്പെട്ടു. രാവിലെ 9.45നുതന്നെ പരീക്ഷാര്‍ഥികള്‍ ഹാളില്‍ പ്രവേശിച്ചെങ്കിലും പരീക്ഷ തുടങ്ങുന്ന സമയമായ 10.30ന് ആണ് ചോദ്യക്കടലാസ് നല്‍കിയത്. മുക്കാല്‍ മണിക്കൂറോളം പുത്തന്‍ പരീക്ഷയെക്കുറിച്ചുള്ള സംശയനിവൃത്തിക്കായാണ് നീക്കിവച്ചത്.

    ചോദ്യങ്ങള്‍ വായിച്ചു മനസ്സിലാക്കാന്‍തന്നെ സമയം വേണ്ടിവന്നതായി ഉദ്യോഗാര്‍ഥികളില്‍ ചിലര്‍ പറഞ്ഞു. ചില ചോദ്യങ്ങള്‍ ആശയക്കുഴപ്പമുണ്ടാക്കിയതായും ഒരു ചോദ്യത്തിന്റെ ഉത്തരംതന്നെ ചോയ്‌സില്‍ രണ്ടു തവണ ആവര്‍ത്തിച്ചതായും ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു. ടിടിസിക്കാര്‍ മാത്രമല്ല പിജി, ബിഎഡ് യോഗ്യതയുള്ള ധാരാളം പേരും ഇന്നലത്തെ പരീക്ഷ എഴുതി. ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്ക് അടുത്ത രണ്ടു പരീക്ഷകളും എഴുതാമെന്നിരിക്കെ പുതിയ പരീക്ഷാ സംവിധാനം പരിചയപ്പെടുന്നതിനുള്ള
    അവസരംകൂടിയായി.

    ഓണ്‍ലൈനില്‍ അപേക്ഷിക്കുന്ന വേളയില്‍ ഭാഷ തിരഞ്ഞെടുക്കുന്നതില്‍ അബദ്ധംപിണഞ്ഞവര്‍ക്ക് കന്നഡ, തമിഴ് ഭാഷയിലുള്ള ചോദ്യക്കടലാസുകളാണ് ലഭിച്ചത്. യുപി വിഭാഗം അധ്യാപക യോഗ്യതാ പരീക്ഷ നാളെയും ഹൈസ്‌കൂള്‍ വിഭാഗത്തിന്റേത് സെപ്റ്റംബര്‍ ഒന്നിനും നടക്കും.

    (കടപ്പാട് : മലയാള മനോരമ 26-8-2012)

    ReplyDelete
  11. K-TET2 EXAM കഴിഞ്ഞു ,1 1/2 മണിക്കൂര്‍ സമയം വളരെ
    കുറവായിരുന്നു,ഇ രീതി മാറിയേ മതി
    യാകു .ചോദ്യങ്ങളുടെ എണ്ണവും സമയവും പൂരിതമായിരിക്കണം. KTET EXAM പാസാകുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കുക എന്ന ഗൂഢത ഇതിന്‍െ
    പിന്നില്‍ സംശയിക്കുന്നു

    ReplyDelete
  12. K-TET2 EXAM കഴിഞ്ഞു ,1 1/2 മണിക്കൂര്‍ സമയം വളരെ
    കുറവായിരുന്നു,ഇ രീതി മാറിയേ മതി
    യാകു .ചോദ്യങ്ങളുടെ എണ്ണവും സമയവും പൂരിതമായിരിക്കണം. KTET EXAM പാസാകുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കുക എന്ന ഗൂഢത ഇതിന്‍െ
    പിന്നില്‍ സംശയിക്കുന്നു

    ReplyDelete
  13. കെ ടെററ് 3 മലയാളതതിലണോ പരീക്ഷ

    ReplyDelete
  14. K TET 3 മാതൃകാപരീക്ഷ കണ്ടതതാനായില

    ReplyDelete
  15. K TET EXAMIL TIME VALARE PARIMITHAM CHOTHANGAL SARIYAYI VITHATHIL VAYYICHU NOKKUVAN POLLUM TIME KITTIYILLA ENTHINANNU ETHRAYYUM TIME KURACHUTHARUNATHU NEXT TIME ETHRAYYUM PAREESHARTHIKAL VEENDUM EXAM EZHUTHAN VENDIYYANO....? AVASANAM K TET EXAM EZHUTHAL ORU THOZHILAY MARUM THREECHA......!

    ReplyDelete
  16. വളരെ ഉപകാര പ്രധമായ പോസ്റ്റ് അഭിന്ദനങ്ങള്‍

    ReplyDelete
  17. ktet iniyennu nadathumennathine kurich yathoru vivaravum illa, arkenkilum enthenkilum ariyamo ?

    ReplyDelete
  18. ഞങ്ങളുടെ spark bill സൈറ്റിലെ menu ഇപ്പോൾ മാറിയിരിക്കുന്നു . എല്ലാം SDO salary പോലെ ഇരിക്കുന്നു .എന്താണ് ചെയ്യേണ്ടത് .മുഹമ്മദ്‌ സാറിന്റെ മറുപടി പ്രതീക്ഷിക്കുന്നു .

    ReplyDelete
  19. ഞങ്ങളുടെ spark bill സൈറ്റിലെ menu ഇപ്പോൾ മാറിയിരിക്കുന്നു . എല്ലാം SDO salary പോലെ ഇരിക്കുന്നു .എന്താണ് ചെയ്യേണ്ടത് .മുഹമ്മദ്‌ സാറിന്റെ മറുപടി പ്രതീക്ഷിക്കുന്നു .

    ReplyDelete
  20. annane 2013 le ktet examine application send cheyenda last date?

    ReplyDelete
  21. b.com 43%..k tet category 2 nu apply cheyyan yogyanano?

    ReplyDelete
  22. tet ttc examinu munpu nadathikkode, athil pass ayavare mathram ttc ku admit cheital pore ?

    ReplyDelete

ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.




Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.