Thursday, August 30, 2012

ഓണക്കാഴ്ചയായി "കാഴ്ച"

വയനാട് ജില്ലയിലെ  കബനിഗിരി നിര്‍മ്മല ഹൈസ്ക്കൂള്‍ വിക്കി ഗ്രന്ഥശാലയിലേക്ക് കുന്ദലത എന്ന കൃതി ഉള്‍പ്പെടുത്തിയതിനെക്കുറിച്ചുള്ള പോസ്റ്റ് ഓര്‍ക്കുന്നുണ്ടാകുമല്ലോ? വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ആ കൃതി ടൈപ്പ് ചെയ്ത് വിക്കി ഗ്രന്ഥശാലയിലുള്‍പ്പെടുത്തിയത് തലമുറകള്‍ക്ക് ഗുണകരമാകുമെന്നതില്‍ സംശയിക്കാനില്ല.

കബനിഗിരിയുടെ ഈ വര്‍ഷത്തെ പ്രൊജക്ട് - കാഴ്ച

ഈ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ഇത്തവണ ഓണക്കാഴ്ചയൊരുക്കിയത് ഒരു ഓണ്‍ലൈന്‍ മാഗസിന്‍ തയ്യാറാക്കിക്കൊണ്ടാണ്. "കാഴ്ച"യെന്നാണിതിന്റെ പേര്. 35 പേജുള്ള ഒരു ഡിജിറ്റല്‍ മാഗസിനാണ് "കാഴ്ച". ഒരു പുസ്തകം പോലെ താളുകള്‍ മറിച്ച് നമുക്ക് കുട്ടികളുടെ സൃഷ്ടികള്‍ വായിക്കാം. പുസ്തകത്തിലെ പേജുകള്‍ വലുതാക്കിയും ചെറുതാക്കിയുമെല്ലാം കാഴ്ച ആസ്വദിക്കാവുന്നതേയുള്ളു. സൃഷ്ടികള്‍ ടൈപ്പു ചെയ്തെടുത്തതും വെബ്ഡിസൈനിങ്ങ് നടത്തിയതുമെല്ലാം കുട്ടികള്‍ തന്നെ. ചുരുക്കത്തില്‍ വായനയുടെ ഒരു പുതിയ തലം നമുക്കു മുന്നിലേക്ക് അവതരിപ്പിക്കുകയാണ് കബനിഗിരിയിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും.

കാഴ്ചയെന്ന ഓണ്‍ലൈന്‍ മാഗസിന്റെ ഉദ്ഘാടനം വയനാട് ജില്ലാ IT കോര്‍ഡിനേറ്റര്‍ തോമസ്സ് മാസ്റ്റര്‍ നിര്‍വ്വഹിച്ചു. കുട്ടികള്‍ സ്വന്തമായി അവരുടെ സൃഷ്ടികള്‍ ടൈപ്പ് ചെയ്ത് അപ്‌ലോഡ് ചെയ്യാന്‍ സഹായിച്ചത് കഴിഞ്ഞ വര്‍ഷത്തെ sslc ബാച്ചിലെ വെബ്‌ ഡിസൈനര്‍മാരാണ്. മാഗസിന്റെ അടുത്ത ലക്കവും പ്രസിദ്ധീകരിക്കാനാണ് കുട്ടികള്‍ ശ്രമിക്കുന്നത്.ഇത് അപ്‌ലോഡ് ചെയ്തിട്ടുള്ളത് വയനാട് ജില്ലാ വിദ്യാഭ്യാസപോര്‍ട്ടല്‍ അറിവിടത്തിലാണ്.
കാഴ്ച കാണണ്ടേ..? ഇവിടെ ക്ലിക്ക് ചെയ്യൂ..
പിന്‍കുറി :
കാഴ്ചയുടെ ആദ്യലക്കം ഏതാണ്ട് ഒരു മാസം മുന്നേ കണ്ടിരുന്നു. എന്നാല്‍ വളരെ പ്രൊഫഷണലായി പുറത്തു നിന്നാരോ ചെയ്തതാണെന്നാണ് കരുതിയത്. എന്നാല്‍ സ്കൂളിന്റെ അഭിമാനങ്ങളായ കുട്ടികളാണിത് ഡിസൈന്‍ ചെയ്തതെന്നറിയാന്‍ വൈകി. മധുസാറിനോട് ഒരു ചെറിയ ക്ഷമാപണം.

37 comments:

  1. ഓണക്കാഴ്ച ഗംഭീരമായി...
    കബനിഗിരി നിര്‍മ്മല ഹൈസ്കൂള്‍ വീണ്ടും അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നു.
    കൂടുതല്‍ അത്ഭുതങ്ങള്‍ക്കായി കാത്തിരിക്കുന്നു.

    ReplyDelete
  2. Saw the magazine.
    Don't betray the readers by saying it was done by local school children. I bet, the online magazine was done by some outside professionals with the help of some proprietory software.I'm sure, the linux is not capable of these type of works.

    ReplyDelete
  3. അധ്യാപകരായാലും പരിശീലകരായാലും സര്‍ക്കാര്‍ ഉദ്യോഗസ്ഥരായാലും സര്‍ക്കാര്‍ ഉദ്യോഗസ്ഥരല്ലെങ്കിലും ഏതു വ്യക്തിക്കും ശമ്പളം വാങ്ങുന്നതിനുകാരണമായ തന്റെ തൊഴിലിനോട് ആത്മാര്‍ത്ഥത വേണം. തങ്ങള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ വളര്‍ച്ചയായിരിക്കണം ഒരു വ്യക്തിയുടെ സുപ്രധാനലക്ഷ്യം. ഊണിലും ഉറക്കത്തിലും അതു തന്നെയാകണം ചിന്തയെന്നു പറഞ്ഞാല്‍ തീരെ അതിശയോക്തിയുണ്ടാകില്ല. ചിലര്‍ 'മാണിക്യക്കല്ല്' എന്ന ചലച്ചിത്രത്തിലെ സൈഡ് ബിസിനസുകാരെ അനുസ്മരിപ്പിക്കുമ്പോള്‍ ചിലര്‍ അതേ ചലച്ചിത്രത്തിലെ 'വിനയചന്ദ്രന്‍ മാസ്റ്ററെ' അനുസ്മരിപ്പിക്കുന്നു. എന്തായാലും ഈ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ അക്ഷീണം പ്രവര്‍ത്തിച്ചവരെക്കുറിച്ചോര്‍ത്തപ്പോഴാണ് പെട്ടന്ന് വിനയചന്ദ്രന്‍ മാസ്റ്റര്‍ മനസ്സിലേക്കോടിയെത്തിയത്. കുട്ടികളിലെ കഴിവുകളെ തിരിച്ചറിഞ്ഞ് അവരെ പ്രോത്സാഹിപ്പിക്കാനും ഇത്തരമൊരു മാധ്യമത്തിലൂടെ അത് കൂടുതല്‍ പേരിലേക്കെത്തിക്കാനും ശ്രമിച്ച എല്ലാ അധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍.

    ReplyDelete
  4. ഈ ഫോട്ടോഗ്രാഫര്‍ ഏത് മൂഢസ്വര്‍ഗ്ഗത്തിലാണ് ജീവിക്കുന്നത്? "ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും..ചോരതന്നെ കൊതുകിന്നു കൗതുകം!"

    ReplyDelete
  5. സാരമില്ല ഗീതടീച്ചറേ...
    ഫോട്ടോഗ്രാഫറുടെ കമന്റ് കബനിഗിരി നിര്‍മ്മല സ്കൂളിനുള്ള അംഗീകാരമായി കാണാനാണ് എനിയ്ക്കിഷ്ടം.

    ReplyDelete
  6. എടോ ഫോട്ടോഗ്രാഫറേ,
    തന്റെ അരുമയായ സിബിഎസ്‌സി കളിലെ ഐടി പഠനമല്ല പൊതുവിദ്യാലയങ്ങളിലുള്ളത്. പിള്ളേരെ പിഴിഞ്ഞ് സിപിയു എന്താണെന്നും മോണിറ്റര്‍ എന്താണെന്നും കാണാതെ പഠിപ്പിക്കുന്ന കമ്പ്യൂട്ടര്‍ പഠനത്തിന്റെ ഗുണഗണങ്ങള്‍...
    അല്ലെങ്കില്‍ വേണ്ട. ഹോംസ് വീണ്ടും ചീത്തയായെന്ന് മറ്റുള്ളവര്‍ കരുതും!
    സുഹൃത്തേ, അഭിനന്ദിച്ചില്ലേലും നിന്ദിക്കാതിരിക്കൂ..

    ReplyDelete
  7. കാഴ്ച ഗംഭീരമായിരിക്കുന്നു

    കാഴ്ചയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.

    ReplyDelete
  8. അത് നിന്ദിക്കലൊന്നുമല്ല ഹോംസ് സാര്‍. ഒരു തരം അപകര്‍ഷതാബോധത്തില്‍ നിന്നും ഉരുത്തിരിയുന്ന സത്യസന്ധമായ കമന്റുകളാണ്. എന്റെ ഊഹം ശരിയാണെങ്കില്‍ ഫോട്ടോഗ്രാഫര്‍ ഒരു hss അധ്യാപകനാണ്

    ReplyDelete
  9. ജനാർദ്ദനൻ സാർ പറഞ്ഞത് മറ്റൊരു തരത്തിൽ പറഞ്ഞാൽ:

    ഇപ്പറഞ്ഞ "outside professionals"-ന്റെയും "proprietory software"-ന്റെയും നിലവാരം, ലിനക്സുപയോഗിച്ച് നമ്മുടെ പത്താം ക്ലാസുകാർക്ക് (16 വയസെന്ന് കൂട്ടിക്കോ) ചെയ്യാൻ പറ്റുന്നതിന്റെ അത്രയൊക്കെയേ ഉള്ളൂ എന്ന് ആ രംഗത്തെ ഒരു "inside professional" അറിയാതെയാണെങ്കിലും പറഞ്ഞുപോയതാണത്.

    ഇനി സ്വതന്ത്ര സോഫ്‌റ്റ്‌വെയർ വിദ്യാർത്ഥികൾ "അവധി ദിവസങ്ങളിലോ അവധിയെടുത്തോ" ഉപയോഗിക്കാൻ പാടില്ല എന്നൊരു ഓർഡറും കൂടെ ഒപ്പിക്കാൻ ശ്രമം തുടങ്ങിക്കോളോ!

    ReplyDelete
  10. കാഴ്ചയുടെ പിന്നിൽ പ്രവർത്തിച്ച എല്ലാ (മുൻ) വിദ്യാർത്ഥികളെയും അഭിനന്ദിക്കുന്നു. എന്റെ പരിമിതമായ കലാസ്വാദനസിദ്ധിവച്ച്, വളരെ നന്നായിട്ടുണ്ടെന്ന് തോന്നുന്നു. അത്ര പരിമിതമല്ലാത്ത കല കൈവശമുള്ള (എന്ന് ന്യായമായും സംശയിക്കാവുന്ന) ഫോട്ടോഗ്രാഫർ സുഹൃത്ത് അദ്ദേഹത്തിന്റെ അകമഴിഞ്ഞ അഭിനന്ദനം (വളഞ്ഞ വഴിക്കാണെങ്കിലും) അറിയിച്ചതും ശ്രദ്ധിക്കുമല്ലോ.

    ഇത് നിർമ്മിക്കാനുപയോഗിച്ച സോഫ്റ്റ്‌വെയറുകൾ എന്തൊക്കെയാണെന്ന് (അതായത് ലിനക്സ് അല്ലെങ്കിൽ വിൻഡോസ്, ജിമ്പ്/പേജ്മേക്കർ, തുടങ്ങി ജീഎഡിറ്റ് അല്ലെങ്കിൽ നോട്‌പാഡ് വരെ) പറയാൻ ഒരു പേജ് മാറ്റിവച്ചാൽ നന്നായിരിക്കും. ഇത് (പ്രത്യേകിച്ച് സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഉണ്ടാക്കുന്ന സൃഷ്ടികളിൽ) പൊതുവേ കണ്ടുവരുന്ന ഒരു നാട്ടുനടപ്പാണ്. ആരുടെയൊക്കെ തോളത്തുകയറിനിന്നാണോ ഇതൊക്കെ ചെയ്തത്, അവർക്കൊക്കെ (ചോദിച്ചില്ലെങ്കിലും) കൊടുക്കുന്ന ഒരു ദക്ഷിണ പോലെ.

    ReplyDelete
  11. @ജനാര്‍ദ്ദനന്‍.സി.എം : "എന്റെ ഊഹം ശരിയാണെങ്കില്‍ ഫോട്ടോഗ്രാഫര്‍ ഒരു hss അധ്യാപകനാണ്". മാഷിനെ അങ്ങനെ ച്ന്തിപ്പിച്ചതിനു പിന്നിലുള്ള കാരണം കൂടി വിശദമാകിയാല്‍ നന്നായിരുന്നു. അപകര്‍ഷത ബോധം ഉള്ളവരെ മാഷ്‌ HSS അധ്യാപകര്‍ എന്നാണോ പറയുക?

    ReplyDelete
  12. ഫോട്ടോ ഗ്രാഫര്‍ പറഞ്ഞ സത്യത്തെ പുലഭ്യം പറഞ്ഞും സംഘടിത ശക്തികൊണ്ടും അടിച്ചമര്‍ത്തുന്നത് ശരിയല്ല. ഇത് സ്കൂള്‍ കുട്ടികള്‍ ചെയ്തതാണെന്ന് വിശ്വസിക്കുന്നത് അന്ധവിശ്വാസമാകും.ഫോട്ടോഗ്രാഫരെപ്പോലെ സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് ഇത് ഏതെങ്കിലും പ്രഫഷണല്‍ ചെയ്തതാണെന്നും സാമാന്യ ബുദ്ധി ഇല്ലാത്തവര്‍ക്ക് ( അതായത് അസാമാന്യ ബുദ്ധിയുള്ളവര്‍ക്ക് ) ഇത് കുട്ടികള്‍ ചെയ്തതാണെന്നും തോന്നും .അല്ലെങ്കില്‍ ഇത്തരമൊരു മാഗസിന്‍ , ലിനക്സില്‍ എപ്രകാരം നിര്‍മ്മിച്ചുവെന്നു പൊതുജന താല്പര്യം മാനിച്ചു വെളിപ്പെടുത്തുക. ഇവിടെ കമന്റിയ ഏതെങ്കിലും ഗുരുനാഥന്മാര്‍ക്ക് അത് ചെയ്യാവുന്നതെയുള്ളൂ . കാരണം അവര്‍ പഠി പ്പിക്കുന്നതാണല്ലോ കുട്ടികള്‍ പാടുന്നത് .

    ReplyDelete
  13. @ അക്ഷര
    അങ്ങനെയൊരു ദുസ്സൂചന ഉദ്ദേശിച്ചിരുന്നില്ല. സോറി
    കൂടുതല്‍ വിദ്യാഭ്യാസ യോഗ്യതയുള്ള ഒരധ്യാപകന്‍ എന്നു മാത്രമേ കരുതിയുള്ളൂ.

    ReplyDelete
  14. "ഇനി സ്വതന്ത്ര സോഫ്‌റ്റ്‌വെയർ വിദ്യാർത്ഥികൾ "അവധി ദിവസങ്ങളിലോ അവധിയെടുത്തോ" ഉപയോഗിക്കാൻ പാടില്ല എന്നൊരു ഓർഡറും കൂടെ ഒപ്പിക്കാൻ ശ്രമം തുടങ്ങിക്കോളോ!"

    ഫിലിപ്പ് മാഷിന്റെ അഭിപ്രായം കൊള്ളാം. വീഡിയോഗ്രാഫര്‍മാരുടെ സംഘടന ഈ ആവശ്യമുന്നയിച്ച് പരാതി നല്‍കിയാല്‍ പിറ്റേന്ന് 'കാഴ്ച' തന്നെ നിരോധിച്ചു കൊണ്ട് ഉത്തരവിറങ്ങും. പോസ്റ്റ് ഓഫീസില്‍ പണ്ട് മണി ഓര്‍ഡര്‍ ഫോം വിതരണം ചെയ്തിരുന്നതു പോലെയാണ് ഇപ്പോള്‍ ബാന്‍-സര്‍ക്കുലറുകളിറങ്ങുന്നത്.

    ഓണക്കാഴ്ച ഗംഭീരമായി...
    കബനിഗിരി നിര്‍മ്മല ഹൈസ്കൂളിലെ കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍.

    ReplyDelete
  15. ഈ ഓണ"കാഴ്ച" എല്ലാ സ്കൂളുകളിലേക്കും പടർന്നു പിടിക്കട്ടെ...
    36ൽ ചെയ്യുന്നത്‌ 16ൽ ചെയ്യുമ്പോൾ അത്ഭുതപ്പെട്ടുപോകും. സാരമില്ല.
    (ഗീത ടീച്ചർ ഇപ്പൊഴും തീപ്പൊരി തന്നെ)

    ReplyDelete
  16. പ്രായമാണോ കഴിവിന്റെ മാനദണ്ഡം?

    ReplyDelete
  17. 'ഇ-മാഗസിന്‍' സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ചെയ്തതാണെന്ന് അറിഞ്ഞതില്‍ സന്തോഷിക്കുന്നു. കേരളത്തിലെ മുഴുവന്‍ അധ്യാപകര്‍ക്കും അഭിമാനിക്കാം, ഇതൊരു വലിയ തുടക്കമാണ്. ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു. ഇത് നിര്‍മിക്കാന്‍ ഉപയോഗിച്ച സോഫ്റ്റ് വേറുകളെ കുറിച്ച് ആരെങ്കിലും എഴുതുമെന്ന് പ്രതീക്ഷിക്കുന്നു. 'കാഴ്ച' പുറം ലോകത്തെ കാണിച്ചു തന്ന മാത്സ് ബ്ളോഗിനും കാഴ്ചയുടെ പിന്നില്‍ പ്രവര്‍ത്തിച്ച നിര്‍മ്മല സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ചിറ്റിലഞ്ചേരി എ.യു.പി. സ്കൂളിന്റെ അഭിനന്ദനങ്ങള്‍.

    ReplyDelete
  18. ഇ- മാഗസിന്‍ എന്ന ഈ പ്രോജക്റ്റ് എങ്ങനെ പ്രാവര്‍ത്തികമാക്കിയെന്നും അതിന് ഉപയോഗിച്ച സോഫ്റ്റ്‌വെയര്‍കള്‍ എതോക്കെയെന്നുമുള്ള കാര്യങ്ങള്‍ രഹസ്യമാക്കി വെയ്ക്കാതെ മറ്റുള്ളവര്‍ക്ക് കൂടി പ്രയോജനപെടുന്ന തരത്തില്‍ വെളിപ്പെടുത്തുക . കുറെ അഭിനന്ദന കമന്റുകള്‍ അടിച്ചെടുക്കുക എന്നത് മാത്രമാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം എങ്കില്‍ അതുകൊണ്ട് ആര്‍ക്കും ഒരു നേട്ടവും ഉണ്ടാകാന്‍ പോകുന്നില്ല.
    അറിവിന്റെ സൌജന്യ പങ്കുവെയ്ക്കലിനു വേണ്ടി മുറവിളി കൂട്ടുന്ന തീപ്പൊരികള്‍ക്ക് ഈ കാര്യത്തില്‍ എന്തെങ്കിലും അഭിപ്രായം ഉണ്ടോ?.

    ReplyDelete
  19. കാഴ്ച ഗംഭീരം. പ്രൊഫഷണല്‍സിനെ വെല്ലുന്ന ഡിസൈനിംഗ്. കുട്ടികളുടെ പ്രവര്‍ത്തന മികവിനെ അഭിനന്ദിക്കുന്നു. (ചെയ്തത് വിന്റോസിലായാലും ലിനക്സിലായാലും). ഐ
    ഫ്ലാഷില്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന ഈ മാഗസിന്‍ ലിനക്സില്‍ ചെയ്തതായിരിക്കില്ല. വിന്റോസില്‍ Adobe Flash, Macromedia Flash പോലുള്ള അതി നൂതനമായ സോഫ്റ്റ് വെയറിലാണ് ഇത്തരം വര്‍ക്കുകള്‍ സാധാരണ ചെയ്യാറുള്ളത്.ഇത്തരത്തില്‍ ശക്തമായ ലിനക്സില്‍ പ്രവര്‍ത്തിക്കുന്ന ഒരു Flash സോഫ്റ്റ് വെയറിന് വേണ്ടി ഒരുപാട് സെര്‍ച്ച് ചെയ്തിട്ടുണ്ടെങ്കിലും കിട്ടിയിട്ടില്ല. ഇത് ലിനക്സില്‍ ചെയ്തതാണെങ്കില്‍ ആ സോഫ്റ്റ് വെയര്‍ പരിചയപ്പെടുത്തുമല്ലോ. കുട്ടികളുടെ വര്‍ക്കിന് ഒരിക്കല്‍ കൂടി 100 മാര്‍ക്ക് ഇടുന്നു.

    ReplyDelete
  20. പേജിന്റെ കോഡിൽ ImageReady Slices എന്ന് കാണുന്ന സ്ഥിതിക്ക് ഫോട്ടോഷോപ്പോ അഡോബിയുടെ വേറെ ഏതെങ്കിലും സോഫ്റ്റ്‌വെയറോ ഇതുണ്ടാക്കാൻ ഉപയോഗിച്ചിരിക്കണം. എങ്ങനെ, എന്തൊക്കെ ഉപയോഗിച്ചാണ് ഇതുണ്ടാക്കിയതെന്ന് പറഞ്ഞാൽ ഇതുപോലെ ചെയ്യാൻ ആഗ്രഹമുള്ള മറ്റുള്ളവർക്കും സഹായകമായേനേ.

    @Sabah,

    1. LibreOffice-ൽ നിന്ന് ഫ്ലാഷിലേക്ക് "കയറ്റുമതി" ചെയ്യാം: File -> Export, Macromedia Flash.

    LibreOffice Impress-ൽ പ്രസന്റേഷൻ ഉണ്ടാക്കി ഇങ്ങനെ ഫ്ലാഷ് ആക്കാം. പ്രസന്റേഷന്റെ മേന്മയനുസരിച്ചിരിക്കും കിട്ടുന്ന ഫ്ലാഷിന്റെ ഗുണവും.

    2. ലിനക്സിൽ ഫ്ലാഷ് നിർമിക്കാനുള്ള സൗകര്യം വിൻഡോസിൽ ഉള്ളയത്ര ഇല്ലെന്ന് കാണുന്നു. ഉള്ള സൗകര്യങ്ങളുടെ സാമാന്യം വലിയ ഒരു ലിസ്റ്റ് ഇവിടെ.

    3. ഇക്കൂട്ടത്തിൽ നല്ലതെന്ന് എനിക്ക് തോന്നുന്ന (ഞാൻ ഈ രംഗത്തുള്ളയാളല്ല; പൊതുവേയുള്ള സോഫ്റ്റ്‌വെയർ/ഇന്റർനെറ്റ് പരിചയം വച്ച് പറയുന്നതാണ്) രണ്ട് സോഫ്റ്റ്‌വെയർ ഇതാ:

    i. ഓപ്പൺ ലാസ്ലോ

    ii. ഹാക്സ്

    3. ഫ്ലാഷ് തന്നെ വേണമെന്നില്ല, അതേ ആവശ്യത്തിന് ഉപകരിക്കുന്നത് മതിയെങ്കിൽ: പ്രോസസിംഗ്-ഡോട്ട്-ഓർഗ്

    ഇവയിൽ ഓപ്പൺ ലാസ്ലോ ഇന്ന് ഈ ആവശ്യത്തിനായി ഗൂഗിൾ തിരഞ്ഞപ്പോൾ കണ്ടുകിട്ടിയതാണ്. അത് ഇന്റർനെറ്റിൽ (ഫ്ലാഷും മറ്റുമുപയോഗിച്ച്) പ്രവർത്തിക്കുന്ന, കാണാൻ രസമുള്ള പേജുകൾ നിർമിക്കാനുള്ള നല്ലൊരു സന്നാഹം ആണെന്നേ തോന്നുന്നുള്ളൂ.

    ഹാക്സും പ്രോസസിംഗും പക്ഷേ ഇതിനെക്കാൾ വളരെ "വലുതാണ്". ഇവയെപ്പറ്റി (ഈ രംഗത്തില്ലാത്ത) ഞാൻ പണ്ടുമുതലേ കേട്ടിട്ടുമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വെബ് പേജുകൾ നോക്കുമല്ലോ.

    ReplyDelete
  21. കബനിഗിരിയിലെ കുട്ടികള്‍ക്ക് 100 മാര്‍ക്ക്.

    ReplyDelete
  22. ഗംഭീര ചര്‍ച്ചകള്‍

    ReplyDelete
  23. ഞങ്ങള്‍ ചെയ്ത 'കാഴ്ച' എന്ന ഈ ഓണ്‍ലൈന്‍ മാഗസിന്‍ ഉബുണ്ടുവില്‍ വൈനിന്റെ സഹായത്തോടെ അഡോബ് ഫ്ലാഷ് ഇന്‍സ്റ്റാള്‍ ചെയ്ത് അതില്‍ പൂര്‍വ വിദ്യാര്‍ഥികള്‍ പറഞ്ഞു കൊടുത്തത് അനുസരിച്ച് സ്കൂളിലെ വിദ്യാര്‍ഥികള്‍ നിര്‍മ്മിച്ചതാണ്. മാഗസിന്റെ പേജുകള്‍ ടൈപ്പ് ചെയ്തതും ജിമ്പില്‍ ലേയൌട്ട് ചെയ്തതും കുട്ടികള്‍ തന്നെ .............
    ഏകദേശം മൂന്നില്‍ കൂടുതല്‍ മാസം എടുത്താണ് ഈ കാഴ്ചയുടെ വര്‍ക്ക്‌ പൂര്‍ത്തിയാക്കിയത് .

    കൂടുതല്‍ വിശദമായ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക :kazhchaonline@gmail.com

    ReplyDelete
  24. ഉബുണ്ടുവില്‍ വൈനിന്റെ സഹായത്തോടെ അഡോബ് ഫ്ലാഷ് ഇന്‍സ്റ്റാള്‍ ചെയ്ത് അതില്‍ പൂര്‍വ വിദ്യാര്‍ഥികള്‍ പറഞ്ഞു കൊടുത്തത് അനുസരിച്ച് സ്കൂളിലെ വിദ്യാര്‍ഥികള്‍ നിര്‍മ്മിച്ചതാണ്
    വളരെ നന്നായി .
    അഭിനന്ദനങ്ങള്‍ .
    അങ്ങനെയല്ലേ ഗീത ടീച്ചറെ? .
    ഫോട്ടോ ഗ്രാഫറും ഇതൊക്കെ തന്നെയാണ് പറഞ്ഞത്.

    ReplyDelete
  25. ചെയ്തവരുടെ മികവിനെ അഭിനന്ദിക്കുന്നു ഐ ഫ്ലാഷില്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന ഈ മാഗസിന്‍ ലിനക്സില്‍ ചെയ്തതായിരിക്കില്ല. വിന്റോസില്‍ Adobe Flash, Macromedia Flash പോലുള്ള അതി നൂതനമായ സോഫ്റ്റ് വെയറുകളാണ് ഇത്തരം വര്‍ക്കുകള്‍ സാധാരണ ചെയ്യാറുള്ളത്.ഇത്തരത്തില്‍ ശക്തമായ ലിനക്സില്‍ പ്രവര്‍ത്തിക്കുന്ന ഒരു Flash സോഫ്റ്റ് വെയറിന് വേണ്ടി ഒരുപാട് സെര്‍ച്ച് ചെയ്തിട്ടുണ്ടെങ്കിലും കിട്ടിയിട്ടില്ല. ഇത് ലിനക്സില്‍ ചെയ്തതാണെങ്കില്‍ ആ സോഫ്റ്റ് വെയര്‍ പരിചയപ്പെടുത്തുമല്ലോ.സ്കൂളുകള്‍ മികവ് കാണിക്കുന്നതിന് വേണ്ടി professional ന്റെ സഹായം തേടാന്‍ തുടങ്ങിയോ? സ്വതന്ത്ര software എന്നൊക്കെ പറഞ്ഞിട്ട്..........................

    ReplyDelete
  26. പൂര്‍വ വിദ്യാര്‍ഥികള്‍ പറഞ്ഞു കൊടുത്തത് അനുസരിച്ച് സ്കൂളിലെ വിദ്യാര്‍ഥികള്‍ നിര്‍മ്മിച്ചതാണ്..... പൂര്‍വ വിദ്യാര്‍ഥികള്‍....
    ok...ഭാക്കി ഞങ്ങള്‍ വായിച്ചോളാം........
    ഈ പൂര്‍വ വിദ്യാര്‍ഥികള്‍ എല്ലാ സ്കൂളുകളേയും ഒന്ന് സഹായിക്കുകയാണെങ്കില്‍ ഇനി മുതല്‍ അവര്‍ക്കും ഓണക്കാഴ്ച ഒരുക്കാം
    Note:പൂര്‍വ വിദ്യാര്‍ഥികള്‍{Doctors, Engineers,Teachers,and computer professionals(Designers)}

    ReplyDelete
  27. ഫോട്ടോഗ്രാഫര്‍ പറഞത് സത്യം തന്നെ


    എല്ലാവരും അധ്യാപകരാണ് എന്ന് വിചാരിക്കരുത്

    ReplyDelete
  28. അതിശയിപ്പിക്കുന്ന "ഓണക്കാഴ്ച" വിദ്യാര്‍ത്ഥികളുടെ കഴിവ്‌ കണ്ടെത്തി അംഗീകരിക്കുകയും അവര്‍ക്ക്‌ സമൂഹത്തിന്‍റെ അംഗീകാരവും അഭിനന്ദനങ്ങളും ലഭിക്കുന്നതിന് മികച്ച അവസരങ്ങള്‍ ഒരുക്കുകയും ചെയ്ത കബനിഗിരി നിര്‍മ്മല ഹൈസ്കൂള്‍ മഹത്തായ ദൌത്യമാണ് നിര്‍വഹിച്ചത് .ഈ അത്ഭുദം കാഴ്ച വെച്ച കുഞ്ഞിളം കൈകള്‍ക്ക് ആയിരമായിരം അഭിനന്ദനങ്ങള്‍

    ReplyDelete
  29. കാഴ്ച എന്ന മാഗസിന്റെ അണിയറയെകുറിച്ച് ഗംഭീര ചര്‍ച്ചകളാണല്ലോ നടക്കുന്നത്. ഇതുവരെ കാഴ്ചയിലെ കാഴ്ചകളെ കുറിച്ച് ആരും കമന്റടിച്ചു കണ്ടില്ല. വിദ്യാര്‍ഥികളുടെ രചനകള്‍ വായിച്ച് അഭിപ്രായം പറയാന്‍ തക്ക വിവരമുള്ളവര്‍ ആരും ഇല്ലേ??????????????????
    അത് തയാറാക്കിയത് ആരുമാകട്ടെ, പ്രധാനം അതിലെ രചനകള്‍ തന്നെ............
    ഒന്നാം ക്ലാസുകാരനും പ്രൊഫഷണല്‍ ആകുന്ന കാലമല്ലേ. ഇത്തരം ഒന്ന് ചെയ്യാന്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസം തന്നെ ധാരാളം.
    കൂണ് പോലെ കംപ്യുട്ടര്‍ പഠന കേന്ദ്രങ്ങള്‍ ഉള്ള ഈ കാലത്ത് അല്പം കഴിവ് ഉപയോഗിച്ചാല്‍ ഇതിനപ്പുറവും ചെയ്യാം. ഒരു വിദ്യാര്‍ത്ഥിക്ക് ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ കഴിവില്ല എന്ന് വിശ്വസിക്കുന്നവരാണ് അവരുടെ കഴിവുകളെ അടിച്ചമര്‍ത്തുന്നത്.
    ലിനക്സ്‌ ഇന്നും ഒത്തിരി കുറവുകള്‍ ഉള്ള ഒരു OS ആണ്. വിന്‍ഡോസ് പോലെ അത് ജനകീയമായില്ല. അതിനാല്‍ തന്നെ ഇത്തരം സോഫ്റ്റ്‌വെയറുകളുടെ ലിനക്സ്‌ വേര്‍ഷന്‍ ഇറക്കാന്‍ കമ്പനികള്‍ ഇഷ്ടപ്പെടുന്നില്ല.
    അതിനാല്‍ തന്നെ വൈന്‍ പോലുള്ളവയുടെ സഹായത്തോടെ ഫ്ലാഷ് ഉപയോഗിച്ചിട്ടുണ്ട് ഞാനും, സ്കൂള്‍ പഠിച്ച സമയത്ത്. അക്കാലത്ത് ഞാനും വെബ്സൈറ്റ് ഡിസൈന്‍ ചെയ്തിട്ടുണ്ട്.
    bhumikerala.com
    sahyadrihills.com
    http://vintagebuilders.in/
    http://ayurmitram.com/beta/
    +2 പഠിച്ചിറങ്ങിയ എന്റെ സുഹൃത്ത്‌ ചെയ്ത വെബ്‌സൈറ്റ് ആണ്.
    ഒരു വര്‍ക്ക് കണ്ടാല്‍ അത് ചെയ്ത ആളുടെ കുടുംബചരിത്രം വരെ മനസിലാക്കുന്നവരെ അഭിനന്തിക്കുന്നു. ഇനിയെങ്കിലും കാഴ്ച വായിച്ച് ഒരു നല്ല കമന്റ് ഇടാന്‍ ശ്രമിക്കുമല്ലോ.
    9947512494

    ReplyDelete
  30. മോനെ തോമ്മിച്ചാ
    മിടുക്കന്‍... മിടുമിടുക്കന്‍
    ഒരു കമന്റടിച്ചു റിയല്‍ എസ്റ്റേറ്റ് ബിസ്സിനെസ്സ് , ആയുര്‍വേദ തട്ടിപ്പ് പരിപാടികള്‍ക്ക് ചുളുവില്‍ പബ്ലിസിറ്റി കിട്ടുമെന്ന് കരുതിയോ ?

    ReplyDelete
  31. കബനിഗിരി നിര്‍മലാ ഹൈസ്കൂള്‍ അധ്യാപകന്‍ മധു മാസ്റ്റര്‍ പറഞ്ഞപ്പോഴാണ് ഈ വാര്‍ത്ത ഇത്രയും ചര്‍ച്ചാ വിഷയം ആയതു അറിയുന്നത്. ആ സ്കൂളിലെ ഒരു പൂര്‍വ വിദ്യാര്‍ഥി (1992) എന്ന നിലയിലും, വിവര സാങ്കേതിക വിദ്യ ഉള്‍പ്പടെയുള്ള പല കാര്യങ്ങളിലും വിദ്യാര്‍ത്ഥികളുടെ ഇടയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ളതിനാലും എനിക്കറിയാവുന്ന ചില വിവരങ്ങള്‍ ചേര്‍ത്തില്ലെങ്കില്‍ ഈ ചര്‍ച്ച പൂര്‍ണമാവില്ല എന്ന് തോന്നിയതിനാല്‍ ചിലത് കുറിക്കട്ടെ.കാഴ്ച എന്ന ഈ ഓണ്‍ലൈന്‍ മാഗസിന്റെ പ്രവര്‍ത്തനങ്ങളില്‍ ഞാന്‍ പങ്കാളി ആയിരുന്നില്ല, പല തിരക്കുകള്‍ കാരണം കഴിഞ്ഞ ഒന്ന്-ഒന്നര വര്‍ഷമായി കുട്ടികള്‍ക്ക് വേണ്ടി അധികം പ്രവര്‍ത്തനങ്ങളും ചെയ്തിരുന്നില്ല, എങ്കിലും സ്കൂളുമായും, അദ്ധ്യാപകരുമായും നിരന്തര സമ്പര്‍ക്കം ഉള്ളതിനാല്‍, ചില വിവരങ്ങള്‍ എഴുതാം. അല്പം നീണ്ട കുറിപ്പ് ആയേക്കാം, സദയം ക്ഷമിക്കുമല്ലോ.
    പ്രധാനമായും മൂന്നു കാര്യങ്ങള്‍ ആണ് ചര്‍ച്ചക്ക് വന്നത്. ഒന്നാമത്തേത്, ഇത് ചെയ്തത് കുട്ടികള്‍ അല്ല, അല്ലെങ്കില്‍ കുട്ടികള്‍ മാത്രമല്ല എന്നത്. തീര്‍ച്ചയായും അത് ശരിയാണ്. ഇതില്‍ പൂര്‍വ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം ഉണ്ട്. സ്കൂളില്‍ നിന്നും ഈയിടെ പഠിച്ചിറങ്ങിയ, പുറത്തു നിന്നും അനിമേഷന്‍ പഠനം കഴിഞ്ഞു വന്ന ചിലര്‍ ഈ മാഗസിന്‍ നിര്‍മാണത്തെ സഹായിച്ചിട്ടുണ്ട്. അത് വ്യക്തമായി എഴുതാതിരുന്നതും അവര്‍ ചെയ്ത ഭാഗങ്ങള്‍ ഏതൊക്കെ എന്ന് പറയാതിരുന്നതും ഒരുപക്ഷെ ഈ പോസ്റ്റിന്റെ ന്യൂനത തന്നെ ആയിരിക്കാം. എന്റെ അറിവില്‍ പെട്ടിടത്തോളം, ആദ്യ അനിമേഷന്‍ മാത്രമാണ് അങ്ങിനെ ചെയ്തത്. ബാക്കിയുള്ള ജോലികള്‍, അതായത് പേജുകളുടെ ഡിസൈന്‍, ലേ ഔട്ട്‌, പേജുകളിലെ ചിത്രങ്ങള്‍ ഒക്കെ വിദ്യാര്‍ഥികള്‍ തന്നെ ആണ് ചെയ്തത്.
    രണ്ടാമത്തേത് - ഈ മാഗസിന് വേണ്ടി സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അല്ലാതെ മറ്റേതെങ്കിലും ഉപയോഗിച്ചിട്ടുണ്ടോ എന്നത്. ഇവിടെയും ചെറിയ ഒരു പിഴവ് സംഭവിച്ചിട്ടുണ്ട് എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്. ചില ഭാഗങ്ങള്‍ തയ്യാറാക്കാന്‍ കുത്തക സോഫ്റ്റ്‌വെയര്‍ (വിന്‍ഡോസ്‌ അധിഷ്ടിതമായ) ഉപയോഗിച്ചിട്ടുണ്ട്. ഇതും മാഗസിനില്‍ അല്ലെങ്കില്‍ പോസ്റ്റില്‍ ഉള്‍ക്കൊള്ളിക്കാമായിരുന്നു. കുട്ടികള്‍ സിലബസ്സിന്റെ ഭാഗമല്ലാതെ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു തന്നെ ആയിരിക്കണം എന്ന് നിഷ്കര്‍ഷ ഇല്ല എന്നായിരുന്നു എന്റെ ധാരണ, അത് തെറ്റാണോ എന്നറിയില്ല. പക്ഷെ അങ്ങിനെ ചെയ്യുന്നത് പോസ്റ്റ്‌ ചെയ്യുമ്പോള്‍ അത്തരം വിവരങ്ങള്‍ വ്യക്തമാക്കേണ്ടിയിരുന്നു എന്നതിന് എതിരഭിപ്രായമില്ല.
    മൂന്നാമത്തേത് - എന്ത് കൊണ്ട് വിശദമായ ഒരു മറുപടി കുട്ടികളുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല എന്നത്. വിവര സാങ്കേതിക വിദ്യ രംഗത്ത് വളരെ മുന്‍പന്തിയില്‍ ആണെങ്കിലും ഓണ്‍ലൈന്‍ ചര്‍ച്ചകള്‍, മറുപടികള്‍ ഒക്കെ അവര്‍ക്ക് പുതിയ അറിവുകള്‍ ആണ്. ഇനി സ്കൂള്‍ സന്ദര്‍ശിക്കുമ്പോള്‍ ഇതിനെക്കുറിച്ച്‌ തീര്‍ച്ചയായും ഒരു വിവരണം/അവബോധം സൃഷ്ട്ടിക്കാന്‍ ശ്രമിക്കുന്നതാണ്.
    ബാക്കി കമന്റുകള്‍ക്കുള്ള മറുപടികള്‍ അടുത്ത കമന്റ്‌ ആയി എഴുതാം.

    ReplyDelete
  32. ഫൊട്ടോഗ്രഫര്‍ പറഞ്ഞ കമന്റ്‌ - "I'm sure, the linux is not capable of these type of works." വളരെ വിനയത്തോടു കൂടിത്തന്നെ ഇത് തെറ്റാണ് എന്ന് പറയട്ടെ. ഒരുപാട് ഉദാഹരണങ്ങള്‍ ഉണ്ട്, ചിലത് മാത്രം പറയാം. ഈ ആനിമേഷന്‍ സിനിമകള്‍ പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ്‌ വെയറുകള്‍ ഉപയോഗിച്ചു ചെയ്തവ ആണ്. അത് മാത്രമല്ല, ഇവയുടെ പൂര്‍ണ സോഴ്സ് കോഡുകള്‍ അവയുടെ സൈറ്റില്‍ നിന്നും ലഭിക്കുകയും ചെയ്യും. പേരുകള്‍ - Big Buck Bunny, Elephants Dream, Sintel കൂടുതല്‍ വിവരങ്ങള്‍ക്ക് - http://www.blender.org/features-gallery/blender-open-projects/ ഇത്രയും മികച്ച സിനിമകള്‍ ചെയ്യാന്‍ സ്വതന്ത്ര സോഫ്റ്റ്‌ വെയറുകള്‍ ഉപയോഗിച്ചു ചെയ്യാമെങ്കില്‍ ഈ കൊച്ചു അനിമേഷനും വേണമെങ്കില്‍ പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ്‌ വെയറുകള്‍ ഉപയോഗിച്ചു തന്നെ ചെയ്യാം.

    ഫിലിപ്പ്, ശല്ല്യര്‍ പറഞ്ഞ കമന്റ്‌ - തീര്‍ച്ചയായും അത് നല്ല ഒരു നിര്‍ദ്ദേശമാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് സ്കൂളിലെ വെബ്സൈറ്റ് ചെയ്തപ്പോള്‍ അതില്‍ ഒരു പേജ് ഇത് പോലെ ചെയ്യണം എന്ന് പറഞ്ഞിരുന്നു. കുട്ടികള്‍ അങ്ങനെ ചെയ്യുകയും ചെയ്തിരുന്നു. ഏതൊക്കെ സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ചു എന്നതും അവയുടെ ലിങ്കുകളും. ഈ നിര്‍ദ്ദേശം മധുമാസ്റ്റ റിനെയും കുട്ടികളെയും അറിയിക്കാം.

    Mu'Zzin Zhan പറഞ്ഞ കമന്റ്‌ - "പൂര്‍വ വിദ്യാര്‍ഥികള്‍....ok...ഭാക്കി ഞങ്ങള്‍ വായിച്ചോളാം........" കബനിഗിരി നിര്‍മല ഹൈസ്കൂളിനെ പറ്റി ആണെങ്കില്‍, പൂര്‍വ വിദ്യാര്‍ഥികള്‍ പല മേഖലകളില്‍ അവിടത്തെ സ്കൂള്‍ വിദ്യാര്‍ഥികളെ സഹായിക്കാറുണ്ട്. പക്ഷെ അത് അവരുടെ കഴിവുകളെ പരിപോഷിപ്പിക്കാനും അവരെ കൊണ്ട് തന്നെ പല കാര്യങ്ങളും ചെയ്യിക്കാനും ആണ്. കാഴ്ച എന്ന ഈ സംരംഭത്തില്‍ വന്ന പാകപ്പിഴകള്‍ (എന്റെ ആദ്യ കമന്റില്‍ വ്യക്തമാക്കിയത്) അല്ലാതെ മറ്റു ഒരു കാര്യത്തിലും ഇത്തരം ഇടപെടലുകള്‍ ഉണ്ടായിട്ടില്ല.

    എല്ലാ വിമര്‍ശനങ്ങള്‍ക്കും വളരെ നന്ദി - അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ തന്നെ. പാകപ്പിഴകള്‍ ചൂണ്ടിക്കാണിച്ചാല്‍ മാത്രമേ അവ തിരുത്തി ഇനിയും മുന്നോട്ട് പോവാന്‍ കുട്ടികള്‍ക്ക് കഴിയൂ. മാത്സ് ബ്ലോഗില്‍ ഈ വാര്‍ത്ത വന്നതും അതിനെ തുടര്‍ന്ന് നടന്ന ചര്‍ച്ചയും ഒരുപക്ഷെ വളരെ നല്ല ഒരു തുടക്കമായി എനിക്ക് തോന്നുന്നു. ഇനിയും ആ മാഗസിനെ കുറിച്ചു എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കില്‍ ഇവിടെത്തന്നെ കമന്റ്‌ ആയി എഴുതുമല്ലോ. വിദ്യാര്‍ത്ഥികളും അധ്യാപകരും ആയി ബന്ധപ്പെട്ട ശേഷം വിശദീകരണങ്ങള്‍ നല്‍കാം.

    ReplyDelete
  33. ഫ്ലാഷിനു പകരം HTML5 ഉപയോഗിച്ച് ഇത്തരം സൃഷ്ടികൾ ചെയ്യാൻ കുട്ടികളെ പരിശീലിപ്പിച്ചാൽ നന്നായിരിക്കുമെന്ന് തോന്നുന്നു:

    1. പൂർണ്ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയറിൽ തന്നെ എല്ലാം ചെയ്യാം. ഒരു റ്റെക്സ്‌റ്റ് എഡിറ്ററും ബ്രൗസറും മാത്രം ഉപയോഗിച്ച് (വേണമെങ്കിൽ) എല്ലാ കാര്യങ്ങളും ചെയ്യാം.

    2. ഇങ്ങനെ ഉണ്ടാക്കുന്നവ ഏത് ബ്രൗസറിലും പ്രവർത്തിക്കും.

    3. കുട്ടികൾ അവരറിയാതെതന്നെ പ്രോഗ്രാമിംഗ് പഠിക്കും.

    4. HTML5-ന് നല്ല "ഭാവി" ഉണ്ടെന്നാണ് പൊതുവേ കേൾവി.

    "കാഴ്ച" ഉണ്ടാക്കാൻ ഫ്ലാഷിന്റേതായി ഉപയോഗപ്പെടുത്തിയ മിക്ക കാര്യങ്ങളും (എല്ലാം തന്നെയും?) HTML5/ജാവാസ്ക്രിപ്റ്റ് ഉപയോഗിച്ചും ചെയ്യാം. പേജ് മറിക്കുന്ന പ്രതീതി ഇത്തരത്തിൽ ചെയ്യുന്നതിന്റെ ഒരുദാഹരണം. മറ്റൊരുദാഹരണം ഇവിടെ. ഇതിൽ രണ്ടാമത്തെ ഉദാഹരണം എങ്ങനെ ചെയ്യാം എന്നതിന്റെ വിശദീകരണം. HTML5-നെ പരിചയപ്പെടുത്തുന്നു ഇവിടെ.

    ReplyDelete
  34. The Flash IDE from Adobe does not have a Linux version. But it is possible even in Linux to create swf's using the free sdk from Adobe programatically. Of course you have to program everything using Actionscript. You can also use Haxe which uses a language similar to Actionscript to produce swf's or exes on Linux. Haxe is also completely free.

    ReplyDelete
  35. വിസ്മയങ്ങള്‍ തീര്‍ത്തുകൊണ്ട് നിര്‍മ്മല വീണ്ടും അത്ഭുതമാകുന്നു
    എല്ലാവര്ക്കും അഭിനന്ദനങ്ങള്‍ .........

    ReplyDelete
  36. ഫിലിപ്പ് - വിശദ വിവരങ്ങള്‍ പങ്കുവെച്ചതിനു വളരെ നന്ദി. ഫ്ലാഷിനു പകരം HTML5 എന്ന ആശയം വളരെ നല്ലത് ആണ്. ജോലി സംബന്ധമായി HTML5 കുറച്ചു നോക്കിയിട്ടുണ്ട്. മധു മാസ്റ്ററുമായി ഇന്നലെ ഈ കാര്യങ്ങള്‍ (ചര്‍ച്ച, മറുപടി) ഫോണില്‍ സംസാരിച്ചിരുന്നു. അദ്ദേഹം ആ ലിങ്കുകള്‍ (HTML5) നോക്കാം എന്ന് പറഞ്ഞു. ഞാന്‍ ഇനി സ്കൂള്‍ സന്ദര്‍ശിക്കുമ്പോള്‍ വിദ്യാര്‍ത്ഥികളോട് ഇതിനെ പറ്റി പറയുകയും ചെയ്യാം.

    Krish - ലിങ്കുകള്‍ക്കും വിശദീകരണത്തിനും ഒരുപാട് നന്ദി. പ്രോഗ്രാമിംഗ് എത്രത്തോളം വിജയം ആവും എന്നറിയില്ല, എങ്കിലും ഒന്ന് ശ്രമിച്ചു നോക്കാം.

    ReplyDelete

ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.




Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.