Monday, September 9, 2013

September 12 - Kerala's Official Entrepreneurship day


    മൈക്രോസോഫ്റ്റ് കമ്പനിയുടെ ഉടമസ്ഥനായ ബില്‍ ഗേറ്റ്സിനോട് അമേരിക്കന്‍ പ്രസിഡന്റ് ഒബാമ ചോദിക്കുന്നു : "നിങ്ങള്‍ എന്തു കൊണ്ടാണ് നിങ്ങളുടെ കമ്പനിയില്‍ കൂടുതല്‍ ഇന്ത്യാക്കാരെ നിയമിക്കുന്നത് ?" ബില്‍ഗേറ്റ്സിന്റെ മറുപടി ഇങ്ങിനെ :"ഇല്ലെങ്കില്‍ അവര്‍ ഇന്‍ഡ്യ​യില്‍ മറ്റൊരു മൈക്രോസോഫ്റ്റ് ആരംഭിക്കും"
സോഷ്യല്‍ നെറ്റ്​വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കില്‍ പ്രചരിക്കുന്ന ഈ സംഭാഷണം സത്യമായാലും അല്ലെങ്കിലും ഒരു വലിയ യാഥാര്‍ത്ഥ്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മറ്റേതൊരു രാജ്യത്തിനും അവകാശപ്പെടാനാവാത്ത തരത്തിലുള്ള മനുഷ്യ​വിഭവ ശേഷിയുള്ള രാജ്യമാണ് നമ്മുടെ ഇന്ത്യ. എന്നാല്‍ അവയെ കണ്ടെത്താനുള്ള ശ്രമം നാം നടത്തിയിട്ടുണ്ടോ എന്നത് സ്വയം വിമര്‍ശനത്തിനു വിധേയമാക്കേണ്ട വിഷയമാണ്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സി.ഇ.ഒ കേരളത്തിലെ ഒരു ഹൈസ്കൂള്‍ അധ്യാപികയുടെ മകളാണ് എന്ന വിവരം എത്ര പേര്‍ക്കറിയാം ?

തന്റെ കഴിവുകള്‍ക്ക് വിലപറഞ്ഞ വമ്പന്‍ കമ്പനികളില്‍ ഉദ്യോഗങ്ങളൊന്നും സ്വീകരിക്കാതെ, സ്വന്തമായി വ്യ​വസായ സംരംഭകയായ, ചാലപ്പുറം ഗണപത് ഗേള്‍സ് ഹൈസ്കൂള്‍ അധ്യാപിക വിജുസുരേഷിന്റേയും കോഴിക്കോട് ബാറിലെ അഭിഭാഷകന്‍ സുരേഷ് മേനോന്റേയും ഏകമകളായ, ശ്രീലക്ഷ്മി സുരേഷാണ് eDesign Technologies എന്ന വെബ് ഡിസൈന്‍ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അഥവാ ഉടമസ്ഥ. നമ്മുടെ കേരളത്തില്‍ നിന്നും ഇനിയും ശ്രീലക്ഷ്മിമാരെ സൃഷ്ടിക്കണ്ടേ..? നമ്മള്‍ അധ്യാപകര്‍ക്കല്ലാതെ ആര്‍ക്കാണിതിനു സാധിക്കുക ? ഇതിന് കേരള സര്‍ക്കാര്‍ ഒരുക്കുന്ന അവസരങ്ങളെക്കുറിച്ച് ബഹു. മുഖ്യമന്ത്രിയില്‍ നിന്നുമറിയാനുള്ള അവസരമാണ് ഈ വരുന്ന സെപ്തംബര്‍ 12 വ്യാഴാഴ്ച നമ്മുടെ കുട്ടികളെ കാത്തിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഈ പ്രത്യേക പ്രോഗ്രാം വിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതിന് എല്ലാ ഹൈസ്ക്കൂളുകളിലും ഹയര്‍സെക്കന്ററി, കോളേജ് എന്നിവിടങ്ങളിലും സൗകര്യമൊരുക്കേണ്ടതുണ്ട്. അതേക്കുറിച്ച് ചുവടെ വിശദീകരിച്ചിരിക്കുന്നു.

പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടറായി സ്ഥാനമേറ്റെടുത്തശേഷം, തന്റെ സഹപ്രവര്‍ത്തകരുമായി കഴിഞ്ഞദിവസം ശ്രീ ബിജു പ്രഭാകര്‍ ഐ എ എസ് ഒരു വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിക്കുന്നതിന് ഈ ലേഖകന്‍ സാക്ഷിയായി. കുറച്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍, കേരളം അഭിമുഖീകരിക്കുവാന്‍ പോകുന്ന ഒരു വന്‍വിപത്തിനെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ടാണ് അദ്ദേഹം തുടങ്ങിയത്. "വൃദ്ധജനങ്ങളുടെ ഒരു കൂട്ടമായി നമ്മുടെ കേരള സമൂഹം മാറാന്‍ പോകുന്നു. ചെറുപ്പക്കാരെല്ലാം തൊഴിലന്വേഷകരും തൊഴിലാളികളുമായി നാടുവിടുന്നു. നമ്മുടെ മികച്ച തലച്ചോറുകളെല്ലാം തന്നെ അന്യനാടുകളിലും മറ്റുമായി കമ്പനികള്‍ക്കും വ്യക്തികള്‍ക്കുമായി ദാസ്യവേല ചെയ്യുന്നു അല്ലെങ്കില്‍ അത് മാത്രമായി അവരുടെ സ്വപ്നങ്ങള്‍ ചുരുങ്ങുന്നു. ഗവണ്‍മെന്റ് മേഖലയിലും, മറ്റുള്ളവന്റെ കീഴിലും തൊഴില്‍ ലഭിയ്ക്കണമെന്ന ചിന്തയല്ലാതെ, സ്വന്തമായി തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങണമെന്ന ആഗ്രഹംപോലും നമ്മുടെ പുതുതലമുറയ്ക്ക് അന്യമാണ്. ബില്‍ ഗേറ്റ്സും, സക്കര്‍ബര്‍ഗ്ഗുമടങ്ങുന്ന വ്യ​വസായ ഭീമന്മാരുടെയൊക്കെ ജീവചരിത്രങ്ങളൊന്നും അവരെ തെല്ലും പ്രചോദിപ്പിക്കുന്നില്ല."

തൊഴില്‍ അന്വേഷകരല്ലാതെ, തൊഴില്‍ സൃഷിക്കുന്ന ഒരു തലമുറയെ രൂപപ്പെടുത്തിയെടുക്കുന്നതിന് ദീര്‍ഘവീക്ഷണത്തോടെ വിപുലമായ പദ്ധതികളാണ് നമുക്ക് ഇപ്പോള്‍ കരണീയമായിട്ടുള്ളത്. കേവലം ഐടി യില്‍ മാത്രമായി ഒതുങ്ങാതെ, മറ്റുള്ള പരശ്ശതം മേഖലകളിലും വ്യവസായ സംരംഭകരായി മാറാന്‍ അവരെ പ്രചോദിപ്പിക്കേണ്ടതും, അതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പ്രോത്സാഹനങ്ങളും ഒരുക്കേണ്ടതുമുണ്ടെന്ന് സര്‍ക്കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിന്റെ ഭാഗമായി, സംസ്ഥാനത്ത് സ്റ്റാര്‍ട്ടപ്പ് വില്ലേജുകള്‍, ഇന്‍ക്യുബേഷന്‍ സെന്ററുകള്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇതിലുടെ ഒട്ടേറെ യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കു വിവധതരത്തിലുള്ള തൊഴില്‍ സംരംഭങ്ങള്‍ പരിചയപ്പെടുന്നതിനും നൂതനമായ സംരംഭങ്ങള്‍ക്ക് തുടക്കമിടുന്നതിനും കഴിഞ്ഞിട്ടുണ്ട്. തുടങ്ങി, പതിനഞ്ചുമാസം കൊണ്ട്, 1000 ലധികം നൂതന പ്രോജക്ട് പ്രൊപ്പോസലുകള്‍ കുട്ടികളില്‍ നിന്നും ലഭിച്ചുവത്രെ!

ഈയൊരു വിജയത്തിന്റെ ആഘോഷഭാഗമായി, ഇതിന്റെ രണ്ടാം ഘട്ടം സ്കൂള്‍ കുട്ടികള്‍ക്കായി ആസൂത്രണം ചെയ്തുകഴിഞ്ഞു.എട്ടുമുതല്‍ പന്ത്രണ്ട് വരേ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളില്‍ നിന്നും ഒരു ഓണ്‍ലൈന്‍ പരീക്ഷ നടത്തി, തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ലാപ്‌ടോപ്പുകളടക്കമുള്ള ആധുനിക സാങ്കേതികോപകരണങ്ങളും മികച്ച പഠനാവസരങ്ങളും നല്‍കാനാണ് പദ്ധതി.

എമേര്‍ജിംഗ് കേരളയുടെ വാര്‍ഷിക ദിനമായ സെപ്റ്റംബര്‍ 12 വ്യാഴാഴ്ച സംരംഭകത്വ ദിനമായി (Entrepreneurship day) ആചരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. വിദ്യാര്‍ത്ഥികളുടേയും യുവാക്കളുടേയും ബുദ്ധിയും പ്രവര്‍ത്തനശേഷിയും സംസ്ഥാനത്തിനകത്തുതന്നെ പ്രയോജനപ്പെടുത്തി കോരളത്തില്‍തന്നെ മികച്ച തൊഴില്‍ അവസരങ്ങള്‍ സൃഷിച്ചെടുക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതു സംബന്ധിച്ച അവബോധവും താല്‍പര്യവും സ്കൂള്‍ കോളേജു വിദ്യാര്‍ത്ഥികളില്‍ ഉണ്ടാക്കുന്നതിന് 12/09/2013 ന് ഉച്ചയ്ക്ക് 1 മണിമുതല്‍ 1.30 വരെ ബഹു കേരളമുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടി കേരളത്തിലെ സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളോട് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ സംവദിക്കുന്നതാണ്

ഇതിനായി വിദ്യാര്‍ത്ഥികള്‍ക്കു അദ്ദേഹത്തിന്റെ സന്ദേശം തല്‍സമയം കാണുന്നതിനും കേള്‍ക്കുന്നതിനുമുള്ള ക്രമീകരണങ്ങള്‍ സ്കൂള്‍ / കോളേജ് പ്രഥമാധ്യാപകര്‍ ഒരുക്കേണ്ടതുണ്ട്. ഈ പരിപാടി വിജയകരമായി നടത്തുന്നതിന് സ്കൂളിലെ / കോളേജിലെ അദ്ധ്യാപക രക്ഷാകതൃസമതിയുടെ സഹകരണവും അത്യാവശ്യമാണ്.

അറുപതുലക്ഷത്തോളം വിദ്യാര്‍ത്ഥികളെ ഒരേസമയം അഭിസംബോധന ചെയ്യാനാണ് മുഖ്യമന്ത്രി ലക്ഷ്യമിടുന്നത്. വിക്ടേഴ്സ് ചാനലിലൂടേയും മുഖ്യമന്ത്രിയുടെ യൂട്യൂബ് ചാനലിലൂടേയും സംപ്രേക്ഷണം ഉണ്ടായിരിക്കും. ഹൈസ്കൂള്‍ മുതല്‍ കോളേജ്തലം വരേയുള്ള മുഴുവന്‍ കുട്ടികളേയും നിര്‍ബന്ധമായും ഈ പരിപാടിയില്‍ പങ്കെടുപ്പിക്കണം. എട്ട് ഒന്‍പത് ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് കൂടി കാണാനുള്ള സൗകര്യമുണ്ടാക്കാനാണ്, അവരുടെ പരീക്ഷയെ കൂടി പരിഗണിച്ച് പരിപാടിയുടെ സമയം ക്രമീകരിച്ചിരിക്കുന്നത്.

ഹൈസ്കൂളുകളിലേയും ഹയര്‍സെക്കന്ററി - വൊക്കേഷണല്‍ ഹയര്‍സെക്കന്ററികളിലേയും ഐടി കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കാണ് പരിപാടി ഭംഗിയായി കുട്ടികളിലേയ്ക്കെത്തിക്കാനുള്ള പരിശീലനം ലഭിയ്ക്കുക. വിക്ടേഴ്സ് ചാനല്‍ സ്കൂളില്‍ ഭംഗിയായി ലഭിയ്ക്കുന്നുണ്ടെങ്കില്‍, ഓഡിറ്റോറിയത്തിലോ സൗകര്യപ്രദമായ സ്ഥലത്തോ വലിയ ടിവിയിലോ പ്രൊജക്ടറിലോ, മതിയായ ശബ്ദസംവിധാനത്തോടെ കാണിച്ചാല്‍ മതിയാകും. ഇനി, ഇന്റര്‍നെറ്റിലൂടെയാണെങ്കിലോ? ആദ്യം ചില മുന്നൊരുക്കങ്ങള്‍ വേണം.
  1. ഫയര്‍ഫോക്സ് / ഗൂഗിള്‍ ക്രോം - ഇവയില്‍ ഏതെങ്കിലും ബ്രൗസര്‍ ഉപയോഗിക്കുക.
  2. യൂട്യൂബ് വീഡിയോകള്‍ കാണാന്‍ സാധിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക (ഇല്ലെങ്കില്‍ അനുയോജ്യമായ flash player ഇന്‍സ്റ്റാള്‍ ചെയ്യണം)
  3. ബ്രൗസറിന്റെ അഡ്രസ്സ്ബാറില്‍ www.youtube.com/oommenchandykerala എന്ന അഡ്രസ്സ് ടൈപ്പ് ചെയ്ത് എന്റര്‍ കീ അമര്‍ത്തുക.
  4. തുറന്നുവരുന്ന ജാലകത്തിലെ വീഡിയോയുടെ Thumbnail ല്‍ ക്ലിക്കുചെയ്യുക.
  5. വീഡിയോയില്‍ ഡബിള്‍ക്ലിക്ക് ചെയ്ത് fullscreen ആക്കുകയും esc കീയില്‍ ക്ലിക്ക് ചെയ്ത് fullscreenഒഴിവാക്കുകയും ചെയ്യാം.
  6. അന്ന് രാവിലെ 10 30മുതല്‍ പരിപാടിയുടെ ട്രയല്‍ സംപ്രേഷണം നടക്കുമ്പോള്‍, എല്ലാം ശരിയായി നടക്കുന്നുവെന്ന് എസ്ഐടിസി / എച്ച്ഐടിസിമാര്‍ ഉറപ്പുവരുത്തണം.
ലഭ്യമാകുന്ന മുറയ്ക്ക് ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ മാത്സ് ബ്ലോഗിലൂടെ നല്‍കുന്നതായിരിക്കും. സംശയങ്ങള്‍ പങ്കുവെക്കുമല്ലോ.

24 comments:

  1. അരമണിക്കൂര്‍ നേരം നമ്മുടെ മുഖ്യന്‍ സംസാരിച്ചതുകൊണ്ടോ, നമ്മുടെ കുഞ്ഞുങ്ങളത് കേട്ടതുകൊണ്ടോ ഇവിടെ കാര്യങ്ങളെല്ലാം നേരേയാകുമെന്ന വിശ്വാസമൊന്നും എനിയ്ക്കില്ല. എത്രയെത്ര ചെറുകിട വ്യവസായ സംരംഭകരാണ്, നമ്മുടെ തലതിരിഞ്ഞ നയങ്ങള്‍മൂലം കുത്തുപാളയെത്തിട്ടുള്ളത്?
    എങ്കിലും, ഈ പരിപാടി സ്വാഗതാര്‍ഹമാണ്. അറുപത് ലക്ഷത്തില്‍ നിന്ന് അറുപത് പേരിലെങ്കിലും മഹത്തായ ഈ ആശയം ചലനമുണ്ടാക്കാതിരിക്കില്ല.
    എല്ലാവിധ ആശംസകളും..!

    ReplyDelete
  2. മാഷേ ഒരു സംശയം.......
    ബില്‍ ഗേറ്റ്സിനെ പോലെയുള്ള ഒരു കോര്‍പ്പറേറ്റ് ഭീമനെ സൃഷ്ടിക്കലാണോ നമ്മുടെ വിദ്യാഭ്യാസം കൊണ്ട് നാം ഉദ്ദേശിക്കുന്നത് ?
    റിച്ചാര്‍ഡ് സ്റ്റാളമാന്‍, ലീനസ് ടോള്‍വാര്ഡ്സ് തുടങ്ങി സേവനാധിഷ്ടിതമായ തത്വശാസ്ത്രത്തിലൂന്നി അവിരാമം പ്രവര്‍ത്തിക്കുന്ന മനുഷ്യസ്നേഹികളെയല്ലെ നമുക്കാവശ്യം ?

    ReplyDelete
  3. നന്ദി ഹോംസ്, പ്രമോദ് മാഷ്.
    ഹോംസേ..
    നയങ്ങള്‍ നവീകരിക്കപ്പെടേണ്ടതുതന്നെ, സംശയമില്ല.
    പ്രമോദ് മാഷേ..
    പത്തുപേര്‍ക്കെങ്കിലും തൊഴില്‍ നല്‍കുന്ന ഒരു ചെറു വ്യവസായ സംരംഭക / സംരംഭകന്‍ ആകുന്നതാണ്, മറ്റുള്ളവരുടെ കീഴില്‍ തൊഴിലെടുക്കുന്നതിനേക്കാള്‍ ഉത്തമമെന്ന മഹത്തരമായ ആശയം നമ്മുടെ കഴിവുള്ള കുട്ടികളിലേക്ക് ആദ്യം പകരണം എന്നാണ് ഉദ്ദേശിച്ചത്. വ്യവസായം മനുഷ്യസേവനപരമാകണമെന്ന ആശയം കൂടി അതിന്റെ കൂട്ടത്തില്‍ നാം അധ്യാപകര്‍ക്ക് പകരാവുന്നതല്ലേയുള്ളൂ..!
    ബില്‍ഗേറ്റ്സിനേക്കാള്‍ സ്റ്റാള്‍മാനെ നെഞ്ചിലേറ്റുന്നവന്‍ തന്നെയാണ് ഈ ലേഖകന്‍.

    ReplyDelete
  4. [im]https://sites.google.com/site/geethasudhik/geetha/achuthanandan.gif?attredirects=0&d=1[/im]
    ശ്രീലക്ഷ്മിയെക്കുറിച്ച് ഏറെ കേട്ടിരുന്നു.
    മിടുക്കി!
    പക്ഷേ, സ്വന്തമായി ഒരു പടക്കക്കട തുടങ്ങി, വെക്കേഷന് തനിയ്ക്കും തന്റെ നാലോളം കൂട്ടുകാര്‍ക്കും ഫീസിനും ബുക്കിനുമുള്ള വക കണ്ടെത്താന്‍ വഴിയൊരുക്കുന്ന എന്റെ ക്ലാസ്സിലെ ശരത്തിനെയാണ് എനിയ്ക്ക് കൂടുതലിഷ്ടം.

    ReplyDelete
  5. നമ്മുടെ കുട്ടികള്‍ പഠനം പൂര്‍ത്തിയാക്കിക്കഴിയുന്നതോടെ അവരുടെ ബുദ്ധി അമേരിക്കക്കാരനും ആസ്ട്രേലിയക്കാരനും ദുബായിക്കാരനും വിലയിട്ട് വാങ്ങാന്‍ തയ്യാറായി നില്‍ക്കുകയാണ്. നമ്മുടെ കുട്ടികളെ തൃപ്തിപ്പെടുന്ന മികച്ച ഓഫറുകള്‍ നല്‍കാന്‍ അവരെല്ലാം തയ്യാറാണ് താനും. ഇക്കാര്യത്തില്‍ ആരേയും കുറ്റപ്പെടുത്താനാകില്ല. നമ്മുടെ സമൂഹത്തിന്റെ മനോഭാവം തന്നെ അതാണ്. മികച്ച തൊഴില്‍ കണ്ടെത്തുക. ആ മനോഭാവം ഉള്ളിലുള്ളിടത്തോളം ജോലി തേടി എവിടെ പോകാനും നമ്മള്‍ തയ്യാറാണ്. അതായത് തൊഴില്‍ദായകനാകാനല്ല, മറിച്ച് തൊഴിലാളിയാകാനാണ് സമൂഹം വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെടുന്നത്. ആ മനഃസ്ഥിതിക്ക് മാറ്റമുണ്ടാകുന്നതിനും നാടിനും നാട്ടാര്‍ക്കും ഉപകാരപ്പെടുന്ന സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും വിദ്യാര്‍ത്ഥികളെ പ്രചോദിപ്പിക്കുക എന്നതു തന്നെയാണ് ഈ സംരംഭകത്വദിനത്തിന്റെ ലക്ഷ്യം. വ്യത്യസ്തമായതും എന്നാല്‍ അനിവാര്യമായതുമായ ഈ ഉണര്‍വിന് അഭിനന്ദനങ്ങള്‍. ആശംസകള്‍..

    ReplyDelete
  6. പുതിയ ആശയങ്ങളാണ് ലോകത്ത് മാറ്റങ്ങളുണ്ടാക്കുന്നത്. പുതിയ ആശയങ്ങള്‍ വരുന്നത് യുവാക്കളില്‍ നിന്നുമാണ്. അവ നടപ്പാക്കാനുള്ള ധൈര്യവും കൂടുതല്‍ അവര്‍ക്കു തന്നെ...
    പുരോഗതിയിലേക്ക് നടന്നു കയറിയ പല സംസ്ഥാനങ്ങളെയും രാജ്യങ്ങളെയും ശ്രദ്ധിച്ചാലറിയാം....അവര്‍ യുവാക്കള്‍ക്ക് പ്രാധാന്യം കൊടുത്തു ... പ്രോത്സാഹിപ്പിച്ചു.
    ചട്ടക്കൂടുകള്‍ക്കു പുറത്തേക്കു ചിന്തിക്കാന്‍ യുവാക്കള്‍ക്കാണ് എളുപ്പം കഴിയുക..അവരുടെ ചെറുപ്പമാണ് അതില്‍ അവര്‍ക്കുള്ള ബലം..
    കുട്ടികള്‍ക്ക് അവസരവും പിന്തുണയും നല്‍കിയാല്‍ വലിയ മാറ്റങ്ങളാണ് നമ്മുടെ നാട്ടിലുണ്ടാവുക..ദീര്‍ഘവീക്ഷണത്തോടെയുള്ള ഇത്തരം സംരംഭങ്ങളാണ് നമുക്കിന്ന് ആവശ്യം...
    എല്ലാ ഭാവുകങ്ങളും നേരുന്നു...

    ReplyDelete
  7. "നമ്മുടെ കുട്ടികള്‍ പഠനം പൂര്‍ത്തിയാക്കിക്കഴിയുന്നതോടെ അവരുടെ ബുദ്ധി അമേരിക്കക്കാരനും ആസ്ട്രേലിയക്കാരനും ദുബായിക്കാരനും വിലയിട്ട് വാങ്ങാന്‍ തയ്യാറായി നില്‍ക്കുകയാണ്."
    എന്നാല്‍ ബുദ്ധിയുള്ള ചിലര്‍ ഇരുപത്തഞ്ചോ, മുപ്പതോ ലക്ഷം മുടക്കി എയിഡഡ് സ്കൂളില്‍ അധ്യാപകജോലി സമ്പാദിക്കുന്നുണ്ട്. ബുദ്ധി വിലയ്ക്കുവാങ്ങുന്ന അമേരിക്കക്കാരനെയോ ബുദ്ധി വില്ക്കുവാന്‍ തയ്യാറാകുന്ന ഭാരതീയനേയോ അല്ല മറിച്ച് ബുദ്ധിയും പണവും നല്കി തൊഴിലാളിയാകുന്ന കേരളീയനേയാണ് കൂടുതല്‍ പഴിക്കേണ്ടത്.

    ReplyDelete
  8. "നമ്മുടെ കുട്ടികള്‍ പഠനം പൂര്‍ത്തിയാക്കിക്കഴിയുന്നതോടെ അവരുടെ ബുദ്ധി അമേരിക്കക്കാരനും ആസ്ട്രേലിയക്കാരനും ദുബായിക്കാരനും വിലയിട്ട് വാങ്ങാന്‍ തയ്യാറായി നില്‍ക്കുകയാണ്."
    എന്നാല്‍ ബുദ്ധിയുള്ള ചിലര്‍ ഇരുപത്തഞ്ചോ, മുപ്പതോ ലക്ഷം മുടക്കി എയിഡഡ് സ്കൂളില്‍ അധ്യാപകജോലി സമ്പാദിക്കുന്നുണ്ട്. ബുദ്ധി വിലയ്ക്കുവാങ്ങുന്ന അമേരിക്കക്കാരനെയോ ബുദ്ധി വില്ക്കുവാന്‍ തയ്യാറാകുന്ന ഭാരതീയനേയോ അല്ല മറിച്ച് ബുദ്ധിയും പണവും നല്കി തൊഴിലാളിയാകുന്ന കേരളീയനേയാണ് കൂടുതല്‍ പഴിക്കേണ്ടത്.
    പണമില്ലാത്തതുകൊണ്ടോ,അറിവില്ലാത്തതുകൊണ്ടോ, കഴിവില്ലാത്തതുകൊണ്ടോ,സ്വാധീനമില്ലാത്തതുകൊണ്ടോ സ്വയംസംരംഭകനാകുവാന്‍ മടിക്കുന്നവരുടെയിടയില്‍ ഇവയെല്ലാം ഉണ്ടായിട്ടും പണംകൊടുത്ത് അധ്യാപകജോലിപിടിച്ചുവാങ്ങുകയും അത് നിലനിറുത്തുവാന്‍ വേണ്ടി 'പിള്ളാരേപ്പിടുത്തം'നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു വിഭാഗം അധ്യാപകരെക്കൊണ്ടും അടുത്തതലമുറയോട് 'തൊഴില്‍സംരഭകത്വം'മഹനീയമെന്ന് പറയിപ്പിക്കുവാന്‍ സാധിക്കുന്നത് നേട്ടം തന്നെ.

    ReplyDelete
  9. This comment has been removed by the author.

    ReplyDelete
  10. ഈ പോസ്റ്റും കമന്റുകളും വായിച്ചപ്പോൾ തോന്നിയ കുറച്ച് തല തിരിഞ്ഞ സംശയങ്ങൾ :-
    1) തൊഴിൽ സംരഭകയായ ശ്രീ ലക്ഷ്മിയ്ക്ക് എത്ര പേര്ക്ക് തൊഴിൽ നല്കുവാൻ കഴിഞ്ഞു ?
    2) ഈ വിഷയത്തെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കുമ്പോൾ "എങ്കിൽ മാഷിന് സ്വന്തമായി സ്കൂൾ തുടങ്ങി കുറെ സാറന്മാർക്ക്‌ ജോലി കൊടുത്തുകൂടെ? " എന്ന് ആരെങ്കിലും തിരിച്ചു ചോദിച്ചാൽ അതിനു എന്ത് മറുപടിയാണ് പറയേണ്ടത് ?
    3) എല്ലാവരും തൊഴിൽ സംരഭകരായാൽ തൊഴിൽ ചെയ്യാൻ ബംഗാളികൾ വരുമോ ?
    4) (ഒരു കമന്റിൽ നിന്ന് ) പടക്ക കട തുടങ്ങാൻ സ്കൂൾ കുട്ടികൾക്ക് എവിടെനിന്ന് ലൈസൻസ് കിട്ടി.?
    5) സംഭവം അറിഞ്ഞിട്ടും അതിൽ അഭിമാനിച്ചതല്ലാതെ Indian explosive Act നെ കുറിച്ച് ടീച്ചർ കുട്ടിയ്ക്ക് എന്തുകൊണ്ട് മുന്നറിയിപ്പ് കൊടുത്തില്ല ?

    ReplyDelete
  11. ഒരു നല്ല സംരംഭത്തിന്റെ തുടക്കമല്ലേ നമുക്കും പങ്കാളിയാകാം.നല്ല തലമുറക്ക്‌ വേണ്ടിയല്ലേ.... എല്ലാ നന്മകളും നേരുന്നു

    ReplyDelete
  12. This comment has been removed by the author.

    ReplyDelete
  13. Sir,
    My name is SUNIL V PAUL.I have been teaching since 2000 (in an Aided school).
    I passed MCA (software Engineering), PGDCA & CIC and sent an application for the post of Master Trainer in my District(Thrissur) in the last vacation(by seeing an advertisement on our itschool website).
    I didn't receive any e-mail or call from anywhere.Please send me the current status of my application.

    SUNIL V PAUL

    ReplyDelete
  14. sir, can i download the trial video , going to release @ 1 pm? sometimes tomorrow net connection may be damaged or buffered. then i think showing downloaded video is better than live video, if there is any room for anxiety about internet connection.
    can anyone help me informing the way to download the live youtube video? thanking u in advance

    ReplyDelete
  15. @kckooriyad
    Dear Sir,
    The trial video is meant only to check whether this works perfectly . The DPI will be there in the trial.
    You need not download the trial video..
    If you wish, you can download the original CMs address tomorrow by clicking the Download button below the Video.
    (If you can't see the button in your browser,install necessary add-on)
    If your browser is mozilla firefox, then go to Tools -> Add-ons -> Search for "One Click youtube Video Downloader".
    Select it from list and click Add to firefox.
    After a few seconds, the download will be complete. On restarting the browser, you can see the Download button.
    Hope, this will help you.

    ReplyDelete
  16. @kckooriyad
    Be an Optimist sir..
    There won't be any net problem tomorrow, I hope!

    ReplyDelete
  17. ട്രയല്‍ ലൈവായി കണ്ടു. എതാണ്ട് 10 മിനിറ്റില്‍ താഴെ മാത്രമേ ഉണ്ടായിരുന്നുള്ളു. സംഭാഷണം വ്യക്തത കുറഞ്ഞതായിരുന്നു. ഇതു നാളെക്ക് മെച്ചപ്പെടുത്തിയില്ലെങ്കില്‍ കുട്ടികള്‍ക്ക് മനസ്സിലാകാന്‍ ബുദ്ധിമുട്ടായിരിക്കും എനനു തോന്നുന്നു.

    ReplyDelete
  18. In my High school there is no internet connection. Then how can I show this video to my students. Can any body tell me how to get net connection through IT@School.

    Moideenkutty. K.T
    HM,C.H.M.K.M.H.S.Kavanur

    ReplyDelete
  19. This comment has been removed by the author.

    ReplyDelete
  20. @Sri.Moideenkutty. K.T
    HM,C.H.M.K.M.H.S.Kavanur
    ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ ഹൈസ്കൂള്‍ ക്ലാസ്സില്‍ ഐ.ടി പഠിപ്പിക്കുന്നതെങ്ങനെയാണ്.
    സ്റ്റാന്‍ഡേര്‍ഡ് 8 - വിജ്ഞാനം വിരല്‍ തുമ്പില്‍
    സ്റ്റാന്‍ഡേര്‍ഡ് 9 -പാഠം-4 വെബ് പേജുകളുടെ രഹസ്യം
    പാഠം-12 ആശയപ്രകാശനത്തിനു ബ്ലോഗ്
    സ്റ്റാന്‍ഡേര്‍ഡ് 10 -പാഠം-മൂന്ന്-എന്റെ വിഭവ ഭൂപടം
    പാഠം-എട്ട് -നമുക്കൊരു വെബ് സൈറ്റ്
    വിദ്യാഭ്യാസ അവകാശനിയമമനുസരിച്ച് കുട്ടിക്കു പഠനസൗകര്യങ്ങള്‍ നല്‍കേണ്ടതല്ലേ?
    സ്പാര്‍ക്ക് സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ശമ്പളം എങ്ങനെയെടുക്കും?
    സമ്പൂര്‍ണ - എങ്ങനെ പ്രയോജനപ്പെടുത്തും?
    ദിനംപ്രതി വരുന്ന ഇ മെയിലുകള്‍ എങ്ങനെ അറിയും.?
    noon meal, ആധാര്‍, PMS,തുടങ്ങിയ ഇ-ഗവേണ്‍നസ് -എന്തു ചെയ്യും?
    ഐ.റ്റി. ആഡിറ്റിനു പോയ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്യാഞ്ഞതെന്താണ്?
    പ്രായോഗികപരിഹാരം
    തല്കാലം ഒരു 3G നെറ്റ് സെറ്റര്‍ വാങ്ങുക.
    കണക്ഷന്‍ സംഘടിപ്പിക്കുക.
    BSNL Broadband Connection എടുക്കുക ആണ് ശാശ്വത പരിഹാരം

    ReplyDelete
  21. Trial Video was ok....with some issues....waiting for the Real live video...without any issues...we arranged the multimedia room for tomorrows important telecast.

    ReplyDelete
  22. html file ഉപയോഗിച്ച് victers ചാനൽ കാണാനുള്ള html file BIO-VISION VIDEO BLOG ൽ നിന്നും DOWNLOAD ചെയ്യാവുന്നതാണ് .
    fromBIO-VISION

    ReplyDelete
  23. ബഹുമാനപ്പെട്ട ഉമ്മൻചാണ്ടി സർ,
    താങ്കൾ എന്തിനായിരുന്നു ഇന്നത്തെ സംവാദം നടത്തിയത് എന്നറിയില്ല. ഒരുപക്ഷേ വിദ്യാർഥികളുമായിട്ട് നേരിട്ട് സംവദിച്ച ആദ്യത്തെ മുഖ്യമന്ത്രി എന്ന പേരിനു വേണ്ടിയായിരുന്നോ?
    പറഞ്ഞ സമയത്ത് കുട്ടികളുമായി പ്രോജക്ടറിനു മുന്നിൽ കാത്തിരുന്നു. താങ്കൾ പറഞ്ഞതൊന്നും വ്യക്തമായി മനസിലാക്കാൻ "BSNL ബ്രോഡ്ബാൻഡ്" സമ്മതിച്ചില്ല. (പാവത്തിന്റെ ജോലിഭാരം കൊണ്ടാകും.)
    ഇതിനേക്കാൾ താങ്കൾ ഒരു സന്ദേശം റെക്കോർഡ്‌ ചെയ്ത് വിക്ടേർസ് ചാനലിലും ചാനലിലും, യുടുബിലും നൽകിയിരുന്നെങ്കിൽ എല്ലാവർക്കും ഉപയോഗപ്രദമായേനെ

    സംവാദം കഴിഞ്ഞ് കുട്ടികൾ പോയപ്പോൾ എവിടെനിന്നെന്നറിയില്ല ഒരു അശരീരി കേട്ടപോലെ തോന്നി.

    "പരീക്ഷക്ക് അവസാന റൗണ്ട് നോക്കാൻ സമ്മതിക്കാതെ ആ സമയത്ത് കമ്പ്യൂട്ടർ ലാബിൽ വിളിച്ചിരുത്തി സമയം കളഞ്ഞ ദുഷ്ടൻ"
    അത് എന്നെക്കുറിച്ച്, കുട്ടികളുടെ ആത്മഗതമായിരിക്കാം

    ReplyDelete
  24. >> ബില്‍ ഗേറ്റ്സിനെ പോലെയുള്ള ഒരു കോര്‍പ്പറേറ്റ് ഭീമനെ സൃഷ്ടിക്കലാണോ നമ്മുടെ വിദ്യാഭ്യാസം കൊണ്ട് നാം ഉദ്ദേശിക്കുന്നത് ? റിച്ചാര്‍ഡ് സ്റ്റാളമാന്‍, ലീനസ് ടോള്‍വാര്ഡ്സ് തുടങ്ങി സേവനാധിഷ്ടിതമായ തത്വശാസ്ത്രത്തിലൂന്നി അവിരാമം പ്രവര്‍ത്തിക്കുന്ന മനുഷ്യസ്നേഹികളെയല്ലെ നമുക്കാവശ്യം ?

    >> വ്യവസായം മനുഷ്യസേവനപരമാകണമെന്ന ആശയം കൂടി അതിന്റെ കൂട്ടത്തില്‍ നാം അധ്യാപകര്‍ക്ക് പകരാവുന്നതല്ലേയുള്ളൂ..! ബില്‍ഗേറ്റ്സിനേക്കാള്‍ സ്റ്റാള്‍മാനെ നെഞ്ചിലേറ്റുന്നവന്‍ തന്നെയാണ് ഈ ലേഖകന്‍.

    സ്റ്റാള്‍മാനെയും ടൊര്‍വാള്‍ഡ്സിനെയും പോലുള്ളവരെ നമുക്കാവശ്യമുണ്ട് - തീര്‍ച്ച. അതോടൊപ്പം സംരംഭകരെയും വേണം. സ്വതന്ത്രസോഫ്റ്റ്‌വെയര്‍ എന്നാല്‍ കോര്‍പ്പറേഷനുകള്‍ ഇല്ലാതെയാവുക എന്നതല്ല. ഫ്രീ സോഫ്റ്റ്‌വെയര്‍ ഫൗണ്ടേഷന്‍ തന്നെ ഇന്‍കോര്‍പ്പറേറ്റഡ് ആണ്! ഇഷ്ടംപോലെ പണമുണ്ടാക്കാനും സ്റ്റാള്‍മാന്‍ ഉപദേശിയ്ക്കുന്നുണ്ട്. എന്നാല്‍ സംരംഭങ്ങള്‍ മനുഷ്യപക്ഷത്താവണം. ഇത് അപ്രായോഗികമൊന്നുമല്ല. സ്വതന്ത്രസോഫ്റ്റ്‌വെയര്‍ എന്ന മഹത്തായ ആശയം സ്റ്റാള്‍മാനും കൂട്ടരും നമുക്കു സമ്മാനിച്ചു. മാര്‍ക്ക് ഷട്ടില്‍വര്‍ത്ത് എന്ന വ്യവസായപ്രമുഖനാകട്ടെ, കനോണിക്കല്‍ എന്ന തന്റെ കമ്പനിയിലൂടെയും ഉബുണ്ടു എന്ന ഡിസ്ട്രിബ്യൂഷനിലൂടെയും അത് വ്യാവസായികവും ജനകീയവുമാക്കി. റെഡ്ഹാറ്റ്, നോവെല്‍ പോലുള്ള മറ്റു സ്ഥാപനങ്ങളെയും നമുക്കറിയാമല്ലോ. അതായത്, സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഒരു തത്വചിന്ത മാത്രമല്ലെന്നര്‍ത്ഥം. മാനുഷികമായ വീക്ഷണകോണിലൂടെ സാങ്കേതികവിദ്യയും തത്വചിന്തയും വികസിപ്പിയ്ക്കുന്നവരും അതിനെ നല്ലരീതിയില്‍ വ്യവസായവത്കരിയ്ക്കുന്നവരുമാണ് നമുക്കാവശ്യം എന്നുതോന്നുന്നു.
    അവതാര്‍, ഹാരി പോട്ടര്‍ തുടങ്ങിയ ചിത്രങ്ങളുടെയെല്ലാം പിന്നില്‍ ഗ്നു/ലിനക്സ് ഉണ്ടെന്ന് എത്രപേര്‍ ഓര്‍ക്കുന്നില്ല? ലിനക്സ് കേണലായുള്ള ഒരു ആന്‍ഡ്രോയ്ഡ് ഫോണ്‍ കയ്യില്‍പ്പിടിച്ച് എത്രപേര്‍ ലിനക്സ് ഒന്നിനും കൊള്ളില്ലെന്ന് പറയുന്നില്ല? ഈ രീതി മാറ്റാന്‍ നമുക്ക് സംരംഭകരെത്തന്നെ വേണം. ഇപ്പോള്‍ കേരളത്തിലും സ്വതന്ത്രസോഫ്റ്റ്‌വെയര്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിയ്ക്കുന്ന ഒട്ടേറെ സ്ഥാപനങ്ങള്‍ വന്നുകഴിഞ്ഞു.
    ഈ ലക്കം (സപ്തംബര്‍) 'ഇന്‍ഫോകൈരളിയില്‍' ഞാനെഴുതിയ 'എന്‍കാര്‍ട്ട: സ്വതന്ത്രസോഫ്റ്റ്‌വെയറിനു മുന്നില്‍ മുന്നില്‍ മൈക്രോസോഫ്റ്റിന്റെ പരാജയം' എന്ന ലേഖനം ഈ കമന്റിന് ഒരു അനുബന്ധമാവുമെന്ന് കരുതുന്നു:
    http://nandakumar.co.in/articles/Encarta_ml.pdf

    ReplyDelete

ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.




Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.