Tuesday, September 11, 2012

അധ്യാപകര്‍ക്കായി ഒരു ലോഗോ തയ്യാറാക്കൂ


വക്കീലിനും ഡോക്ടര്‍ക്കുമെല്ലാം ഉള്ളതു പോലെ നമ്മുടെ അധ്യാപകര്‍ക്കും വേണ്ടേ ഒരു ലോഗോ? പാലാ പ്ലാശനാല്‍ സെന്റ് ആന്റണീസ് എച്ച്.എസ്.എസിലെ അധ്യാപകരും വിദ്യാര്‍ത്ഥികളുമാണ് ഈ ഉഗ്രന്‍ ആശയം മുന്നോട്ടു വെച്ചത്. അധ്യാപക സമൂഹത്തെ പ്രതിനിധീകരിക്കുന്ന ലോഗോ കണ്ടെത്താന്‍ മനോരമ ഓണ്‍ലൈന്‍ ഒരു മത്സരം സംഘടിപ്പിച്ചിരിക്കുന്നു. മത്സരത്തെക്കുറിച്ച് ആദ്യമൊന്നു വിശദീകരിക്കാം. ലോഗോ സമൂഹം നല്‍കുന്ന അംഗീകാരമാണ്. എന്നിട്ടും അധ്യാപകരെ പ്രതിനിധീകരിക്കുന്നതിന് നമുക്ക് ഒരു ലോഗോ ഇല്ല. ഈ അധ്യാപക ദിനത്തോട് അനുബന്ധിച്ച് ഗുരുത്വമുള്ള ഒരു ലോഗോ ആയിരിക്കട്ടെ ഗുരുക്കന്മാര്‍ക്കുള്ള ദക്ഷിണ. മല്‍സരത്തില്‍ ആര്‍ക്കും പങ്കെടുക്കാം. ഒരാള്‍ക്ക് എത്ര ലോഗോ വേണമെങ്കിലും അയയ്ക്കാവുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോകളില്‍ നിന്നു വായനക്കാരുടെ വോട്ടിങിന്റേയും ജൂറിയുടെ തീരുമാനത്തിന്റേയും അടിസ്ഥാനത്തില്‍ വിജയിയെ തീരുമാനിക്കും. നമ്മുടെ സാമൂഹിക സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ളതാകണം ലോഗോ. മികച്ച ഡിസൈനിന് മലയാള മനോരമ 10001 രൂപ സമ്മാനമായി നല്‍കും. സെപ്റ്റംബര്‍ 15 ആണ് ലോഗോ പോസ്റ്റു ചെയ്യേണ്ട അവസാനതീയതി. (പോസ്റ്റ് ചെയ്യേണ്ട ലിങ്ക് പോസ്റ്റിനൊടുവില്‍ നല്‍കിയിട്ടുണ്ട്) മനോരമയില്‍ കണ്ട ഈ വാര്‍ത്ത അതിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടു തന്നെ മാത്​സ് ബ്ലോഗ് ഏറ്റെടുക്കുകയാണ്. ഈ സംരംഭം വിജയിപ്പിക്കേണ്ടത് അധ്യാപക സമൂഹത്തിന്റെ കൂടി ആവശ്യകതയാണെന്നു തോന്നുന്നു. നമുക്കിടയിലുള്ള ചിത്രകാരന്മാരിലേക്ക് ഈ വാര്‍ത്ത എത്തിച്ച് നമുക്കൊരു മികച്ച ലോഗോ സ്വന്തമാക്കണം. കുട്ടികള്‍ക്കടക്കം ആര്‍ക്കും ഈ ലോഗോ ഡിസൈനിങ്ങ് മത്സരത്തില്‍ പങ്കെടുക്കാം. പ്രചാരം നല്‍കേണ്ട ചുമതല മാത്‍സ് ബ്ലോഗിന്റെ വായനക്കാരായ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കുമെല്ലാമുണ്ട്. മത്സരത്തെക്കുറിച്ച് കൂടുതലറിയേണ്ടേ?
ഒരു ലോഗോയില്‍ എന്തിരിക്കുന്നു?

ഒരു ലോഗോയില്‍ എന്തിരിക്കുന്നു എന്നു ചോദിക്കരുത്. ഒരു ലോഗോയില്‍ ഇരുന്ന് പോകുന്ന പലതുമുണ്ട്. ആദരവും അംഗീകാരവും ആത്മവിശ്വാസവും അങ്ങനെ പലതും. സമൂഹം ഒരു തൊഴില്‍ മേഖലയ്ക്കു നല്‍കുന്ന ബഹുമാനത്തിന്റെ അടയാളമാണ് അതിന്റെ ലോഗോ. ശ്രദ്ധിച്ചിട്ടില്ലേ, ഒരു ഡോക്ടറോ, വക്കീലോ വാഹനം വാങ്ങിയാല്‍ ആദ്യം ചെയ്യുക അവരുടെ പ്രൊഫഷണല്‍ ലോഗോ പതിക്കുകയാണ്. ഏതു തിരക്കിനിടയിലും ആ ലോഗോ പതിച്ച വാഹനങ്ങള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന ലഭിക്കും എന്ന ഉറപ്പാണ് അതിനു പിന്നില്‍. പക്ഷേ ഇത്രകാലമായിട്ടും അക്ഷരവെളിച്ചം പകര്‍ന്നു തന്ന പ്രിയ അധ്യാപകരെ പ്രതിനിധീകരിക്കാന്‍ ഒരു ലോഗോയെ കുറിച്ചു നമ്മള്‍ ചിന്തിച്ചിട്ടുണ്ടോ. ഏറ്റവും ആദ്യം ഉണ്ടാകേണ്ടിയിരുന്ന ഒന്നായിരുന്നു അത്. ഇപ്പോഴെങ്കിലും ഗുരുദക്ഷിണയായി അങ്ങനെയൊരു ലോഗോ ഗുരുക്കന്മാര്‍ക്കു സമ്മാനിക്കാന്‍ കഴിയുന്നത് സുകൃതമായി കരുതാം നമുക്ക്. മറ്റൊരു ലോഗോയ്ക്കും അങ്ങനെയൊരു ഭാഗ്യം ലഭിച്ചിട്ടില്ല. എങ്കിലും വിവിധ തൊഴില്‍ മേഖലകളെ പ്രതിനിധീകരിക്കുന്ന എത്രയോ ലോഗോകള്‍ നമ്മുടെ മനസില്‍ ഉറച്ചു കഴിഞ്ഞു.

ഡോക്ടര്‍മാരുടെ ചുറ്റിപ്പിണഞ്ഞ ലോഗോ
ഗ്രീക്ക് പുരാണത്തില്‍ നിന്നു കടമെടുത്ത ചിഹ്നമാണ് ചില ഭേദഗതികളോടെ പല രാജ്യങ്ങളും ആരോഗ്യരംഗത്തെ പ്രതിനിധീകരിക്കാന്‍ ഉപയോഗിക്കുന്നത്. ഒരു ചിറകിനു നടുവിലുള്ള ദണ്ഡില്‍ രണ്ട് പാമ്പുകള്‍ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന ചിത്രമാണിത്. യുഎസ് സേനയാണ് ആദ്യമായി ഈ ചിഹ്നം ഉപയോഗിച്ചത്. പിന്നീട് പല രാജ്യങ്ങളും ഇത് അനുകരിച്ചു. എന്നാല്‍ ഗ്രീക്ക് പുരാണത്തില്‍ തന്നെയുള്ള ആസല്‍പിയസ് വൈദ്യരംഗത്തെ ലോഗോ ആയി ഉപയോഗിക്കുന്ന രാജ്യങ്ങളും ഉണ്ട്. കാഡ്സ്യൂസ് പണ്ട് വ്യാപാരങ്ങളെ പ്രതിനിധീകരിക്കാനാണ് ഉപയോഗിച്ചിരുന്നത്. ലോകത്ത് ആരോഗ്യ സംഘടനകള്‍ 242 ഓളം ലോഗോകള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ ഏറ്റവും പ്രിയം കാഡ്സ്യൂസിന് തന്നെ. ആസില്‍പിയസാണ് തൊട്ടുപിറകെ.

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കാഡ്സ്യൂസ് കടമെടുത്തപ്പോള്‍ ചിഹ്നത്തിലെ ചിറക് അരിഞ്ഞുമാറ്റി പകരം നടുവില്‍ ദീപശിഖയ്ക്കു സമാനമായ ചിത്രം വയ്ക്കുകയാണു ചെയ്തത്. എന്നാല്‍ റെഡ്ക്രോസിന്റെ ചിഹ്നമായ ചുവന്ന കുരിശ് ആരോഗ്യ മേഖലയില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ആശുപത്രികളിലും ആംബുലന്‍സുകളിലുമെല്ലാം അതു കാണാം. ഇത് പകര്‍പ്പാവകാശ നിയമപ്രകാരം കുറ്റകരമാണെന്ന് ചൂണ്ടിക്കാട്ടി റെഡ്ക്രോസ് സൊസൈറ്റി പരാതി നല്‍കിയിരുന്നു. സൊസൈറ്റിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നവര്‍ക്കു മാത്രം ഉപയോഗിക്കാനുള്ള ഈ ലോഗോ ഡോക്ടര്‍മാരും മറ്റും തന്നിഷ്ടപ്രകാരമാണ് ഉപയോഗിക്കുന്നത്. ഒരു ഔദ്യോഗിക സംഘടനകള്‍ക്കും ഇതിന്റെ ഉത്തരവാദിത്വം ഇല്ലെന്നു ചുരുക്കം. റെഡ്ക്രോസിന്റെ പരാതിയെ തുടര്‍ന്നു പലരും ഇതു നീക്കം ചെയ്തിരുന്നു.

വക്കീലന്മാരുടെ നെടുകെ പിളര്‍ന്ന ലോഗോ
ഡോക്ടര്‍മാരുടെ ലോഗോയെ പിന്‍പറ്റി ഇന്ത്യയിലെ ബാര്‍ അസോസിയേഷന്‍ രൂപം നല്‍കിയ ഈ ലോഗോ ഏവര്‍ക്കും സുപരിചിതമാണ്. കറുപ്പില്‍ വെളുത്ത നിറത്തില്‍ നെടുകെ പിളര്‍ന്ന ദീര്‍ഘചതുര കടലാസിന്റെ രൂപമാണ് ഈ ലോഗോയ്ക്ക്. വക്കീലന്മാര്‍ കറുത്ത കോട്ടിനൊപ്പം കഴുത്തില്‍ കെട്ടുന്ന ടൈയുടെ രൂപമാണ് ലോഗോയ്ക്ക് ആധാരം. നിയമബിരുദം മാത്രം പോര, ബാര്‍ കൌണ്‍സിലില്‍ അംഗത്വം കൂടി ഉണ്ടെങ്കില്‍ മാത്രമേ ഈ ലോഗോ ഉപയോഗിക്കാന്‍ സാധിക്കൂ.

മാധ്യമപ്രവര്‍ത്തകരുടെ തൂലികയേന്തിയ ലോഗോ
മാധ്യമപ്രവര്‍ത്തനം ഇന്റര്‍നെറ്റിനോളം വളര്‍ന്നെങ്കിലും ഇന്നും ഇതുമായി ബന്ധപ്പെട്ട സംഘടനകളുടെ ലോഗോ പേനയെ ആധാരമാക്കിയുള്ളതാണ്. കേരളത്തില്‍ തന്നെ പല ജില്ലകളിലെ സംഘടനകളും പേനയെ രൂപമാറ്റം വരുത്തിയാണ് ലോഗോ ഉണ്ടാക്കാറുള്ളത്. അതുകൊണ്ടു തന്നെ ലോഗോയില്‍ എവിടെയെങ്കിലും തീ പാറുന്ന പേന കണ്ടാല്‍ ആള് മാധ്യമപ്രവര്‍ത്തകനാണെന്ന് ഉറപ്പിക്കാം.

ചാര്‍ട്ടേഡ് അക്കൌണ്ടന്റ്മാരുടെ ആധുനിക ലോഗോ
ഏറെ ലളിതവും ആധുനികവുമാണ് ഇന്ത്യയിലെ ചാര്‍ട്ടേഡ് അക്കൌണ്ടന്റുമാരുടെ സംഘടന സ്വീകരിച്ചിരിക്കുന്ന ലോഗോ. അഖണ്ഡത, വിശ്വാസം, വിജ്ഞാനം എന്നിവയെ സൂചിപ്പിക്കുന്ന ഈ ലോഗോയില്‍ ഇംഗീഷിലെ സി, എ എന്നീ അക്ഷരങ്ങള്‍ ചേര്‍ത്തെഴുതിയിരിക്കുകയാണ്. നീലയും, പച്ചയും കലര്‍ന്നതാണ് ചിഹ്നം. ഇന്ത്യയിലെ സിഎ അസോസിയേഷന്‍ അംഗങ്ങള്‍ക്ക് ഈ ലോഗോ വിസിറ്റിങ് കാര്‍ഡ്, വാഹനം എന്നിവയില്‍ ഉപയോഗിക്കാം.

ഒരു ലോഗോ കണ്ടെത്തുകയെന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ല. ലോഗോയുടെ കാര്യത്തില്‍ പല പൊല്ലാപ്പുകളും ഉണ്ടായിട്ടുണ്ട്. ഇന്ത്യയില്‍ അത്തരത്തില്‍ ഉണ്ടായ ഒരു സംഭവം റെഡ്ക്രോസ് സൊസൈറ്റിയുമായി ബന്ധപ്പെട്ടതാണ്. ആശുപത്രികളിലും ആംബുലന്‍സുകളിലും ഡോക്ടര്‍മാരുടെ വാഹനങ്ങളിലും മറ്റും റെഡ്ക്രോസ് ചിഹ്നം ഉപയോഗിക്കുന്നതിനെതിരെയാണ് റെഡ്ക്രോസ് രംഗത്തെത്തിയത്. ഇന്ത്യ 1950ല്‍ ഒപ്പിട്ട ജനീവ കരാറിന്റെ അടിസ്ഥാനത്തില്‍ റെഡ്ക്രോസ് ചിഹ്നത്തിന്റെ ഉപയോഗം സംഘടനയ്ക്കു മാത്രം അവകാശപ്പെട്ടതാണെന്നായിരുന്നു വാദം. 1960ല്‍ പാര്‍ലമെന്റ് പാസാക്കിയ ജനീവ കണ്‍വന്‍ഷന്‍ ആക്ടിന്റെ നാലാം അധ്യായത്തിലെ 12, 13 വകുപ്പുകളാണു ചിഹ്നത്തിന്റെ ദുരുപയോഗം തടയുന്നത്. റെഡ് ക്രോസ് ചിഹ്നം ഉപയോഗിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കാനും 500 രൂപ പിഴയിടാനും ഈ വകുപ്പുകള്‍ നിര്‍ദേശിക്കുന്നുണ്ട്.

വ്യാവസായിക ആവശ്യത്തിന് ഗാന്ധിജിയുടെ ചിത്രം ഉപയോഗിച്ച രാജ്യാന്തര പ്രശസ്ത പേന നിര്‍മാതാക്കളായ മോബ്ളയും ലോഗോ വിവാദത്തില്‍ കുടുങ്ങിയിരുന്നു. ഗാന്ധിജിയുടെ ചിത്രവും പേരും ദേശീയപ്രതീകമാണെന്നും ഇത് വ്യാവസായികമായി ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നുമുള്ള ഇന്ത്യയുടെ ആവശ്യം പരിഗണിച്ച് കോടതി സര്‍ക്കാരിന് അനുകൂലമായ ഉത്തരവ് ഇറക്കുകയും ചെയ്തു.

ലോകമെമ്പാടുമായി ലക്ഷക്കണക്കിനു യുവാക്കളുടെ ഹരമായ ലകോസ്റ്റെ ബ്രാന്‍ഡ് ലോഗോ നേടിയെടുക്കാനുള്ള നിയമപോരാട്ടത്തില്‍ പരാജയപ്പെടുകയുണ്ടായി. ബ്രിട്ടനിലെ രണ്ടു ദന്ത ഡോക്ടര്‍മാരാണ് കമ്പനിയെ വെട്ടിലാക്കിയത്. ഈ ഡോക്ടര്‍മാര്‍ തങ്ങളുടെ ആശുപത്രിയുടെ ഭാഗ്യമുദ്രയായി സ്വീകരിച്ചിരിക്കുന്നത് ലകോസ്റ്റെയുടെ മുതലയോടു സാദ്യശ്യമുള്ള പച്ച മുതലയെയാണ്. വായ നിറയെ പല്ലുകളുള്ള ജീവിയാണു മുതലയെന്നും അതുകൊണ്ടാണു തങ്ങള്‍ മുതലയെ ലോഗോ ആക്കിയതെന്നുമാണ് ദന്തഡോക്ടര്‍മാരുടെ വാദം. കോടതിയുടെ വിധി ഡോക്ടര്‍മാര്‍ക്ക് അനുകൂലമായിരുന്നു.

മാത്​സ് ബ്ലോഗിനു ലഭിച്ച ഒരു ലോഗോ

2010 ഡിസംബര്‍ മാസം ഒന്‍പതാം തീയതി ഇതേ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് മാത്​സ് ബ്ലോഗിലേക്ക് ഒരു മെയില്‍ വന്നു. മലപ്പുറം കടമ്പോട് പന്തല്ലൂര്‍ ഹയര്‍ സെക്കന്ററി സ്ക്കൂളിലെ ഗണിതശാസ്ത്ര അധ്യാപകനായ കെ. പത്മപ്രസാദ് ആയിരുന്നു മെയിലയച്ചത്. അദ്ദേഹം ഡിസൈന്‍ ചെയ്ത ലോഗോയാണ് മുകളില്‍ നല്‍കിയിരിക്കുന്നത്. തന്റെ സുഹൃത്തുക്കളും പരിചയക്കാരുമായി ഒട്ടേറെ പേര്‍ ഈ ലോഗോ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം അന്നു മെയിലില്‍ സൂചിപ്പിച്ചിരുന്നു. അധ്യാപക വിദ്യാര്‍ത്ഥി ബന്ധം വരച്ചു കാട്ടുന്ന ആശയമായിരുന്നു ഈ ലോഗോയില്‍ ഉണ്ടായിരുന്നത്. തീര്‍ച്ചയായും പത്മപ്രസാദ് സാറും ഈ മത്സരത്തില്‍ പങ്കെടുക്കുന്നുണ്ടാകണം.

ഒരു ലോഗോ തയ്യാറാക്കി പോസ്റ്റ് ചെയ്യാന്‍ റെഡിയല്ലേ?
.gif, jpeg, jpg എന്നീ ഫോര്‍മാറ്റുകളിലുള്ള ചിത്രങ്ങളാണ് അപ്‌ലോഡ് ചെയ്യേണ്ടത്. ചിത്രത്തിന്റെ വലിപ്പം 200 kbയില്‍ കൂടരുതെന്ന് പ്രത്യേകം നിബന്ധനയുണ്ട്. സമ്മാനാര്‍ഹമായ ചിത്രത്തിന് 10000 രൂപ ലഭിക്കുമെന്നതിനാല്‍ ചിത്രം തയ്യാറാക്കുന്നയാളിന്റെ പേര്, വിലാസം, ഇ-മെയില്‍ ഐഡി, ഫോണ്‍ നമ്പര്‍ എന്നിവ കൂടി ചുവടെയുള്ള ലിങ്ക് ഉപയോഗിച്ച് നല്‍കണം. ചിത്രവും അതേ പേജില്‍ നിന്നു തന്നെ അപ്‌ലോഡ് ചെയ്യാം.
Post Logo here

നിങ്ങളാണ് ആ ലോഗോ ഡിസൈന്‍ ചെയ്യുന്നതെങ്കിലോ? ആ സുവര്‍ണാവസരം വിട്ടുകളയല്ലേ? വരയ്ക്കാന്‍ കഴിവുള്ള വിദ്യാര്‍ത്ഥികള്‍, നമ്മുടെ സുഹൃത്തുക്കള്‍ അങ്ങിനെ ആര്‍ക്കു വേണമെങ്കിലും മത്സരത്തില്‍ പങ്കെടുക്കാം. അവസാന തീയതി സെപ്റ്റംബര്‍ 15. മികച്ച ലോഗോകള്‍ക്കായി കാത്തിരിക്കുന്നു.

ലോഗോ മത്സരം വിജയി

ഇതാ, ആ വരമുദ്ര. അധ്യാപക സമൂഹത്തിനു കേരളം സമര്‍പ്പിക്കുന്ന ഗുരുദക്ഷിണ. അധ്യാപകര്‍ക്കായി, അര്‍ഥസമ്പുഷ്ടമായൊരു ലോഗോ ജനപങ്കാളിത്തത്തോടെ തയാറാക്കാനുള്ള ശ്രമത്തിനു മലയാള മനോരമ തുടക്കമിട്ടത് അധ്യാപകദിനമായ സെപ്റ്റംബര്‍ അഞ്ചിനാണ്. അധ്യാപകരോടുള്ള സ്നേഹവും ആദരവും നിറയുന്ന ഒട്ടേറെ ഗുരുദക്ഷിണകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു പ്രവഹിച്ചു. പലഘട്ടങ്ങളിലായി നടത്തിയ വിലയിരുത്തലുകള്‍ക്കുശേഷം അതില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ട ഗുരുമുദ്രയാണിത്.

ലാളിത്യം നിറഞ്ഞ ഈ മുദ്ര, ഗുരുശിഷ്യ ബന്ധത്തിന്റെ തീവ്രതയും പവിത്രതയും വെളിപ്പെടുത്തുന്നു. ഇതിലെ വലിയ ആള്‍രൂപം ഗുരുവിന്റേതാണ്. ഗുരുവിന്റെ ഹൃദയത്തോടു ചേര്‍ന്നുനില്‍ക്കുന്ന ചെറിയ രൂപം ശിഷ്യന്റേതും. അറിവിന്റെ ആദിമുദ്രകളിലൊന്നായ സ്ളേറ്റോ, നവീനകാലത്തിന്റെ ഐ പാഡോ ആയി തിരിച്ചറിയാവുന്ന പശ്ചാത്തലത്തിലാണു ഗുരുവിനെയും ശിഷ്യനെയും വിന്യസിക്കുന്നത്.

ഏറ്റവും ലളിതമായൊരു മുദ്രയാകണം അധ്യാപകരുടേതെന്ന ബോധ്യത്തില്‍നിന്നാണ് ഈ ലോഗോ രൂപപ്പെട്ടതെന്ന് ഇതിനു രൂപം നല്‍കിയ കെ.കെ. ഷിബിന്‍ പറയുന്നു. ചോക്കു കൊണ്ടു ഭിത്തിയില്‍ വരച്ചുവയ്ക്കാവുന്നത്ര ലളിതം. തലശേരി കൂരാറ സ്വദേശിയായ കെ.കെ. ഷിബിന്‍ ചിറക്കര ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കംപ്യൂട്ടര്‍ ഇന്‍്സ്ട്രക്ടറാണ്. ഡിസൈനര്‍ കൂടിയായ ഷിബിന്‍ കേന്ദ്ര ധനമന്ത്രാലയം നടത്തിയ 'രൂപയുടെ ചിഹ്നം രൂപകല്‍പനാ മല്‍സരത്തില്‍ അവസാനത്തെ അഞ്ചുപേരില്‍ ഉള്‍പ്പെട്ടിരുന്നു. കേരളത്തില്‍നിന്ന് ഈ ചുരുക്കപ്പട്ടികയിലെത്തിയ ഏക വ്യക്തിയും ഷിബിനായിരുന്നു. അധ്യാപക മുദ്ര രൂപകല്‍പനയില്‍ വിജയിയായ ഷിബിന് 10,001 രൂപയാണ് സമ്മാനം.

അധ്യാപകരെ ആദരിക്കാന്‍ പ്രത്യേക ലോഗോ എന്ന പാലാ പ്ലാശനാല്‍ സെന്റ് ആന്റണീസ് എച്ച്എസ്എസിലെ 'നല്ല പാഠം പ്രവര്‍ത്തകരുടെ ആശയമാണ് ലോഗോ രൂപകല്‍പനയ്ക്കു പ്രചോദനമായത്. മൂവായിരത്തിലേറെ ലോഗോകളില്‍നിന്നു പ്രാഥമികഘട്ടത്തില്‍ തിരഞ്ഞെടുത്തതു 30 മുദ്രകളാണ്. അതില്‍നിന്നു പത്തെണ്ണം തിരഞ്ഞെടുത്തതു വിദഗ്ധ സമിതിയും. മഹാത്മാഗാന്ധി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എ. സുകുമാരന്‍നായര്‍ അധ്യക്ഷനായ സമിതിയില്‍ വിവിധ അധ്യാപക സംഘടനാ നേതാക്കളായ എം. ഷാജഹാന്‍, അബ്ദുല്‍ സമദ്, പി.കെ. കൃഷ്ണദാസ്, സിറിയക് കാവില്‍, എ.കെ. സൈനുദ്ദീന്‍ എന്നിവരായിരുന്നു അംഗങ്ങള്‍. ഇവര്‍ കേരളത്തിനു സമര്‍പ്പിച്ച 10 മുദ്രകളില്‍നിന്നു വായനാസമൂഹത്തിന്റെ പിന്തുണയോടെ തിരഞ്ഞെടുത്തതാണ് ഈ സവിശേഷ മുദ്ര.
Click here to download the Logo for Teachers

42 comments:

  1. ലോകത്ത് പലയിടത്തും അധ്യാപകര്‍ക്കായി ലോഗോകളുണ്ടെന്നുള്ളതാണ് വാസ്തവം. എന്നാല്‍ അതിന് ഒരു ഐകരൂപമില്ലെന്നതാണ് പ്രശ്നം. പലയിടത്തും ആപ്പിളുകളുമായി ബന്ധപ്പെട്ടാണ് അധ്യാപകമുദ്ര കാണാന്‍ കഴിയുക. ഇതേക്കുറിച്ച് മനോരമ പറയുന്നത് നോക്കൂ.
    [im]http://www.manoramaonline.com/advt/news/teachers-logo/images/apple-1.png[/im]
    അറിവിനെയും ആപ്പിളിനെയും ചേര്‍ത്തു വച്ച് തുടങ്ങുന്നതാണ് നമ്മുടെ വിജ്ഞാനചരിത്രം. ഹവ്വയുടെ വിവേകം പരീക്ഷിച്ചതും ആധുനികശാസ്ത്രത്തിന്റെ തീപ്പൊരിയായി ന്യൂട്ടന്റെ തലയില്‍ വീണതും ആ ആപ്പിള്‍ തന്നെ. അതുകൊണ്ടു തന്നെയാവണം രാജ്യാന്തര തലത്തില്‍ അധ്യാപകരെ പ്രതിനിധീകരിക്കാന്‍ ആപ്പിളിനെ ഉപയോഗിക്കുന്നത്. ഏതെങ്കിലും സംഘടനകളോ, ഏജന്‍സികളോ അംഗീകരിച്ചിട്ടില്ലെങ്കില്‍ പോലും നൂറ്റാണ്ടുകളായി അധ്യാപകരുടെ അനൌദ്യോഗിക ചിഹ്നമായി ആപ്പിള്‍ ഇവിടെയുണ്ട്. യുഎസ്, സ്വീഡന്‍, ഡെന്‍മാര്‍ക്ക് എന്നീ രാജ്യങ്ങളാണ് പണ്ടുമുതലേ വ്യാപകമായി അധ്യാപകരെ പ്രതിനിധീകരിക്കാന്‍ ആപ്പിളിനെ ഉപയോഗിച്ചത്.

    പതിനാറു മുതല്‍ പതിനെട്ടാം നൂറ്റാണ്ട് വരെ യുഎസ്, സ്വീഡന്‍, ഡെന്‍മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ ആപ്പിളാണ് അധ്യാപകര്‍ക്കു ഫീസ് ആയി നല്‍കിയിരുന്നത്. ദരിദ്രരായ കര്‍ഷക കുടുംബങ്ങളില്‍ നിന്നു വന്നിരുന്ന അവര്‍ക്കു മറ്റു നിവൃത്തിയുണ്ടായിരുന്നില്ല. തുച്ഛമായ പ്രതിഫലം ലഭിച്ചിരുന്ന അക്കാലത്തെ അധ്യാപകര്‍ക്കാവട്ടെ അതു വലിയ ആശ്വാസവുമായിരുന്നു. കാലമേറെ കഴിഞ്ഞെങ്കിലും അവര്‍ പാരമ്പര്യത്തെ വിട്ടില്ല. ഇന്നത്തെ പാശ്ചാത്യ വിദ്യാര്‍ഥികള്‍ ആപ്പിള്‍ ഐഫോണും, ആപ്പിള്‍ കംപ്യൂട്ടറുമാണ് അധ്യാപകര്‍ക്കു സമ്മാനമായി നല്‍കുന്നത്. വിദ്യാര്‍ഥികളുടെ ഈ ആപ്പിള്‍ കാഴ്ചവയ്ക്കല്‍ ഇംഗീഷില്‍ ഒരു പ്രയോഗം ഉണ്ടാകുന്നതിനും കാരണമായി; ആപ്പിള്‍ പോളിഷര്‍. സുഖിപ്പിച്ചു കാര്യം നേടുക എന്ന് പച്ചമലയാളം. ഇന്നും വിദേശരാജ്യങ്ങളില്‍ പുതിയ അധ്യായനവര്‍ഷം തുടങ്ങുന്ന ദിവസം വിദ്യാര്‍ഥികള്‍ അധ്യാപകര്‍ക്കായി ആപ്പിള്‍ കൊണ്ടുവരാറുണ്ട്. അങ്ങനെ ചെയ്താല്‍ ആ വര്‍ഷം ഏറെ സുന്ദരമായിരിക്കുമെന്നാണ് അവരുടെ വിശ്വാസം.

    ആപ്പിള്‍ അധ്യാപകരുടെ പ്രതീകമായതിന് പല കാരണങ്ങളും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ആപ്പിളിന്റെ ഔഷധ ഗുണമാണ് ഒരു കാരണം. ദിവസേന ഒരു ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ അകറ്റി നിര്‍ത്താം എന്നാണല്ലോ പറയാറ്. അതു പോലെ അറിവെന്ന ഔഷധം പകര്‍ന്നു നല്‍കുന്ന ഗുരു ആപ്പിളിന് തുല്യം തന്നെ. ന്യൂട്ടന്റെ തലയില്‍ അറിവിന്റെ നിമിത്തമായി ആപ്പിള്‍ വീണതാണ് മറ്റൊരു കാരണമായി പറയുന്നത്. ആദത്തിനുള്ള അറിവിന്റെ കനിയായി ഹവ്വയുടെ കയ്യില്‍ കിട്ടിയതും ആപ്പിള്‍ ആയിരുന്നല്ലോ. അങ്ങനെയുള്ള അറിവിന്റെ പ്രതിഫലമായിട്ടാണ് കുട്ടികള്‍ അധ്യാപകര്‍ക്ക് ആപ്പിള്‍ നല്‍കുന്നതെന്ന് ബൈബിളിനെ ചുറ്റിപ്പറ്റിയുള്ള വ്യാഖ്യാനം. ആപ്പിളുകള്‍ മഞ്ഞ, പച്ച, ചുവപ്പ് അങ്ങനെ വിവിധ നിറങ്ങളില്‍ ലഭ്യമായത് മറ്റൊരു അര്‍ഥം കൂടി നല്‍കുന്നുണ്ട്. വിദ്യാര്‍ഥികളുടെ വിവിധ കഴിവുകളെ പോഷിപ്പിക്കുന്ന അധ്യാപകരോടുള്ള ഉപമ. യുഎസില്‍ മികച്ച അധ്യാപകരെ ആദരിക്കാന്‍ ക്രിസ്റ്റല്‍ ആപ്പിള്‍ അവാര്‍ഡ്, ഗോള്‍ഡന്‍ ആപ്പിള്‍ അവാര്‍ഡ് എന്നിവ നല്‍കുന്ന പതിവുണ്ട്. സാധാരണ ആപ്പിളുകളേക്കാള്‍ കൂടുതല്‍ ദിവസം ചീത്തയാകാതെ ഇരിക്കുന്ന ആപ്പിളുകളാണ് ക്രിസ്റ്റല്‍ ആപ്പിള്‍. അമേരിക്കയിലെ വിവിധ സംഘടനകള്‍ മികച്ച അധ്യാപകര്‍ക്കായി ഈ അവാര്‍ഡ് നല്‍കുന്നു.

    എന്റെ അഭിപ്രായമനുസരിച്ച്
    കേരളത്തിന്റെ സാമൂഹിക ചുറ്റുപാടുകളനുസരിച്ച് ആപ്പിളും അധ്യാപകരുമായി വലിയ ബന്ധമില്ലെന്നു തന്നെയാണ് തോന്നുന്നത്. മാത്രമല്ല, സുഖലോലുപതയുടെ പര്യായമായി പലപ്പോഴും ആപ്പിളിനെ വിശേഷിപ്പിക്കാറുണ്ട് താനും. എന്തായാലും വിദ്യയെ പൂര്‍ണമായോ ഭാഗികമായോ പ്രതിനിധാനം ചെയ്യാനുള്ള ശേഷി ആപ്പിളിനില്ലെന്നാണ് എന്റെ വാദം.

    എന്നാല്‍ ഒരു ലോഗോ അധ്യാപകര്‍ക്കുള്ളത് കുറച്ചു കൂടി നമ്മുടെ കൂട്ടായ്മയ്ക്ക് ആക്കം കൂട്ടും എന്നു തോന്നുന്നു. എന്തായാലും പാര്‍ശ്വഫലങ്ങളില്ലാത്ത ആരോഗ്യപരമായ ഈ മത്സരഫലമറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഒപ്പം അധ്യാപകരുടെ അഭിപ്രായങ്ങളറിയാനും.

    ReplyDelete
  2. ഉഗ്രന്‍ ആശയം.. അധ്യാപകര്‍ക്ക് ഒരു പൊതുവായ ലോഗോ ഉണ്ടാവുന്നതിലൂടെ അധ്യാപകര്‍ക്കിടയില്‍ ഒരു കെട്ടുറപ്പ് ലഭിക്കുമെന്നതില്‍ സംശയമില്ല.... അതുപോലെ തിരിച്ചറിയല്‍ കാര്‍ഡും ഉണ്ടായാല്‍ വളരെ ഉപകാരപ്പെടും.... ഈ പുത്തന്‍ ആശയത്തിന് നോട്ബുക്കിന്റെ എല്ലാവിധ ആശംസകളും നേരുന്നു.

    ReplyDelete
  3. ഒരു ആപ്പിൾ വീണത് കണ്ടപ്പോഴാണ് തനിക്ക് ഗുരുത്വാകർഷണം ക്ലിക്കായതെന്നേ ന്യൂട്ടൻ പറഞ്ഞിട്ടുള്ളൂ. ന്യൂട്ടന്റെ തലയിൽത്തന്നെയാണ് ഈ ആപ്പിൾ വീണെന്നത് ഏതോ തമാശക്കാരുടെ ഭാവനയിൽ വിരിഞ്ഞതാകാനാണ് സാധ്യത. കൂടുതൽ വിവരങ്ങൾ ഇവിടെ.

    ReplyDelete
  4. കേരളത്തിലെ ഇപ്പോഴത്തെ അഡ്വക്കേറ്റ് ജനറലായ കെ.പി.ദണ്ഡപാണിയാണ് വക്കീലന്മാരുടെ ലോഗോ ഡിസൈന്‍ ചെയ്തതെന്ന് കഴിഞ്ഞ ദിവസം പത്രത്തില്‍ വായിച്ചു. ആറായിരത്തി മുന്നൂറ് രൂപയ്ക്ക് ദണ്ഡപാണി വാങ്ങിയ മോറിസ് മൈനര്‍ കാറിലായിരുന്നു ആദ്യമായി ഈ ലോഗോ പതിച്ചത്. ചിത്രരചനയോടുണ്ടായിരുന്ന താല്പര്യമാണ് ഈ ലോഗോ രചനയ്ക്ക് വഴി തെളിച്ചതത്രേ. കറുത്ത വൃത്തത്തിനകത്ത് വെള്ളക്കോളറും ബാന്‍ഡും - ഇതായിരുന്നു ആ ലോഗോ. ഏതോ പുസ്തക പ്രസാധകര്‍ സ്റ്റിക്കറും ഇറക്കിയതോടെയാണ് ലോഗോ രാജ്യത്തെമ്പാടും പ്രചാരത്തിലായത്.

    അതു പോലെ അദ്ധ്യാപകരുടെ ലോഗോയും താമസിയാകാതെ പ്രചാരത്തിലെത്തുമെന്നു കരുതാം.

    ReplyDelete
  5. നല്ല ആശയം. ഇത് സമൂഹം നല്‍കുന്ന ഒരു അംഗീകാരമാണ്.

    ReplyDelete
  6. വളരെ വൈകിയാണെങ്കിലും ഇപ്പോള്‍ ഇങ്ങനെ ഒരു ആശയം തോന്നിയ പാലാ പ്ലാശനാല്‍ സെന്റ് ആന്റണീസ് എച്ച്.എസ്.എസിലെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും എന്റെ അഭിനന്ദനം. വിദ്യയഭ്യസിപ്പിക്കുന്നവര്‍ക്കായി ഒരു മുദ്ര. നല്ല ആശയം, അക്ഷരങ്ങളുടെ ബാലപാഠം പറഞ്ഞു തരുന്ന ഈ നല്ല സമൂഹത്തെ ഇത്രയും നാള്‍ ഈ കാര്യത്തില്‍ മറന്നു കളഞ്ഞത് ഒരു അപരാധം തന്നെ, എന്തായാലും ഇപ്പോളെങ്കിലും അതിനു സാധിച്ചല്ലോ, ഇതിനു മുന്‍കൈ എടുത്ത മനോരമക്കും ഇതു ബ്ലോഗിലൂടെ പ്രമോട്ട് ചെയ്ത മാത്ത്സ് ബ്ലോഗിനും അണിയറ ശില്‍പ്പികള്‍ക്കും എന്റെ ആശംസകള്‍ അനുമോദനങ്ങള്‍. ഒപ്പം ഇതില്‍ പങ്കെടുക്കുന്നവര്‍ക്കും എന്റെ ആശംസകള്‍, അട്യാപകര്‍ക്കായി മനോഹരവും ആശയ സംപുഷ്ടവുമായ ഒരു ലോഗോ ഇവിടെ പിറക്കട്ടെ എന്ന ആശയോടെ
    വളഞ്ഞവട്ടം പി വി ഏരിയല്‍, സിക്കന്ത്രാബാദ്

    ReplyDelete
  7. ഗുരുമുദ്ര നല്ലൊരു നിര്‍ദ്ദേശമാണ്. പക്ഷെ അദ്ധ്യാപകര്‍ക്ക് സമൂഹത്തില്‍ പണ്ടു ലഭിച്ചിരുന്ന സ്ഥാനം ഇന്നുണ്ടോയെന്നൊരു സംശയം.

    ReplyDelete
  8. ഏതെങ്കിലും രാജ്യത്തോ നമ്മുടെ രാജ്യത്തെ ഏതെങ്കിലും സംസ്ഥാനത്തിലോ ഗുരുമുദ്ര നിലവിലുണ്ടോ ?

    ReplyDelete
  9. സാന്ദീപനി ആശ്രമാങ്കണത്തിലിരുന്നു ചമത മുറിക്കുകയായിരുന്നു.ഗുരുപത്നി അരികില്‍ വന്നു സ്വകാര്യം പറഞ്ഞു
    പ്രഭോ, അന്തിക്കഞ്ഞി തിളപ്പിക്കാന്‍ ഒരു കൊള്ളി വിറകില്ല
    മഹര്‍ഷി - നീ ഒരുകാര്യം ചെയ്യ്. കൃഷ്ണനോടും സുദാമാവിനോടും കാട്ടില്‍ പോയി അല്‍പ്പം വിറകു കൊണ്ടു വരാന്‍ പറ. ഞാനറിഞ്ഞതായി പറയേണ്ട

    ********************************

    ഹെഡ്മാസ്റ്റര്‍ സാന്ദീപനി ഓഫീസിലിരുന്നു ലാപ്ടോപ്പില്‍ സ്പാര്‍ക്കില്‍ ശമ്പളബില്‍ ശരിയാക്കുകയായിരുന്നു. കൃഷണനും സുദാമാവും ഓടി വന്ന്
    സാര്‍, ഉച്ചക്കഞ്ഞി വെക്കുന്ന സതിയേടത്തി കത്തിക്കാന്‍ കുറച്ച് ചകിരി വേണമെന്നു പറഞ്ഞു. ഞങ്ങള്‍ പോയി വാങ്ങിക്കൊണ്ടു വരട്ടേ സാര്‍
    സാന്ദീപനി - നിങ്ങള്‍ പോയി ക്ലാസിലിരിക്കൂ. ചകിരി ഞാന്‍ വാങ്ങിക്കൊണ്ടുവരാം.(വിറകു വാങ്ങാന്‍ സോഫ്ട് വെയര്‍ എപ്പോ ശരിയാകും ഭഗവാനെ?)

    ReplyDelete
  10. ഈ ആശയം എന്ത്കൊണ്ട് ഇത്റ വൈകിപ്പോയി.
    best wishes

    ReplyDelete
  11. നമ്മള്‍ പോസ്റ്റ്‌ ചെയ്ത ലോഗോ എവിടെ കാണാന്‍ സാധിക്കും ?

    ReplyDelete
  12. തകര്‍പ്പന്‍ ആശയം ! എത്രയോ മുമ്പ് തുടങ്ങേണ്ടതായിരുന്നു .ഇപ്പോഴെങ്കിലും ഇതിന് മുതിര്‍ന്നവരെ അനുമോദിക്കാതിരിക്കാന്‍ വയ്യ.അധ്യാപകരുടെ ഐക്യ കാഹളം മുഴങ്ങിത്തുടങ്ങി .എന്തുകൊണ്ടോ വൈകിപ്പോയ ഈ ആശയം പുറത്തെടുത്തവര്‍ക്ക് അനുമോദനങ്ങള്‍ .....

    ReplyDelete
  13. തകര്‍പ്പന്‍ ആശയം ! എത്രയോ മുമ്പ് തുടങ്ങേണ്ടതായിരുന്നു .ഇപ്പോഴെങ്കിലും ഇതിന് മുതിര്‍ന്നവരെ അനുമോദിക്കാതിരിക്കാന്‍ വയ്യ.അധ്യാപകരുടെ ഐക്യ കാഹളം മുഴങ്ങിത്തുടങ്ങി .എന്തുകൊണ്ടോ വൈകിപ്പോയ ഈ ആശയം പുറത്തെടുത്തവര്‍ക്ക് അനുമോദനങ്ങള്‍ .....

    ReplyDelete
  14. http://winners.virtualclassroom.org/0617/

    I am afraid the logo mentioned here the post is not an original creation. please check the above link.

    ReplyDelete
  15. ആധ്യാപക ലോഗോ മത്സരം പോസ്റ്റ്‌ ചെയ്ത മത്സ് ബ്ലോഗ്‌ നു നന്ദി
    plassanal St Antony ഹയര്‍ സെക്കന്ററി സ്കൂള്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും

    ReplyDelete
  16. ആധ്യാപക ലോഗോ മത്സരം പോസ്റ്റ്‌ ചെയ്ത മത്സ് ബ്ലോഗ്‌ നു നന്ദി
    Plassanal St Antony's ഹയര്‍ സെക്കന്ററി സ്കൂള്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും

    ReplyDelete
  17. This comment has been removed by the author.

    ReplyDelete
  18. എല്ലാഭാവുകങങളുംനേരുനനു

    ReplyDelete
  19. പുതിയ ലോഗോഎത്റയും പെട്ടെന്നു പിറക്കട്ടെ.ആശം സകള്‍

    ReplyDelete
  20. പ്രിയപ്പെട്ട മാത്സ് ബ്ലോഗ്‌ .
    open source സോഫ്റ്റ്‌വെയര്‍ പരിചയ പെടുതുന്നതില്‍ വലിയ പങ്കു വഹിച്ചു കൊണ്ടിരിക്കുകയാണല്ലോ .എന്നാല്‍ നാം ചെറിയ അപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയര്‍ നിര്‍മിക്കാന്‍ ഇപ്പോഴും മൈക്രോസോഫ്റ്റിനെ ആശ്രയിക്കേണ്ടി വരുന്നു .ഇതിനു അപവാദ മായി കണ്ട ഒരു അപ്ലിക്കേഷന്‍ ആയിരുന്നു PF കാല്‍കുലെഷന്‍ .എന്നാല്‍ ഇത്തരത്തില്‍ ഉള്ള ഒരു അപ്ലിക്കേഷന്‍ ഓപ്പണ്‍ ഓഫീസില്‍ നിര്‍മിക്കാന്‍ കഴിയുന്നവരെ അന്വേഷിച്ചിട്ട് കിട്ടിയില്ല .സ്കൂള്‍ കുട്ടികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ MS ACCESS ഉപയോഗിച്ച് ഉണ്ടാക്കിയ ഒരു സോഫ്റ്റ്‌വെയര്‍ ഓപ്പണ്‍ ഓഫീസ് 'ബെയ്സ് ' ലേക്ക് മാറ്റി നിര്‍മിച്ചു തരാന്‍ സാധിക്കുന്നവര്‍ സഹായിക്കാമോ.

    ഈ പോസ്റ്റ്‌ എവിടെ ചെയ്യുന്നതില്‍ ക്ഷമാപണത്തോടെ

    ReplyDelete
  21. my email babupulikkal07@gmail.com

    ReplyDelete
  22. asklogo.com/show/detail/N/ngtu-13-logo
    all-free-download.com
    alaanagdi.blogspot.com
    vk.com/club131074
    ru.wikipedia.org/wiki
    vkontakte.ru/club2008348
    vkontakte.ru/id3631906
    www.facebook.com/pages/.../200511446626010
    www.russer.ru/a/litsei_rossii
    സമാനമായ ലോഗോ ഉപയോഗിച്ച സൈറ്റുകളിലേക്ക് പോകാം

    ReplyDelete

  23. Dear Babu pulikkal Sir,
    There are two smart open source MCA engineers at our it school,I met them in the last Kalolsavam held at Thrissur.
    I hope they can help us.
    SUNIL V PAUL
    Software Engineer(MCA)&HSA
    Nirmala High SChool
    Kundukad
    Thrissur

    ReplyDelete
  24. sunil sir

    May i get their contact number.

    ReplyDelete
  25. logo malsarathinde result vanno? post cheytha log evide kanankazhiyum? plz answer.

    ReplyDelete
  26. ഈ ലോഗോ നമുക്ക് സ്വീകരിക്കാം. എല്ലാ വിധ ആദരവോടും കൂടി.

    ReplyDelete
  27. തീര്‍ച്ചയായും! ഈ ലോഗോ നമുക്കായി നിര്‍മ്മിക്കപ്പെട്ടതാണ്. അതുകൊണ്ടു തന്നെ കൂടുതല്‍ പേരിലേക്കെത്തിക്കേണ്ട ചുമതലയും നമുക്കുണ്ട്.

    ReplyDelete
  28. വാഹനങ്ങളിലും മറ്റും ഉപയോഗിക്കാന്‍ പാകത്തില്‍ സ്റ്റിക്കര്‍ ആക്കി ഇതിനെ മാറ്റുന്നതിനെപ്പറ്റി ആരെങ്കിലും ചിന്തിക്കണേ...
    ലക്ഷക്കണക്കിന്‌ വാഹനങ്ങളുള്ളതല്ലേ.............

    ReplyDelete
  29. ഡോക്ടര്‍മാരും , വക്കീലന്മാരും അവവരവരുടെ ലോഗോ വാഹനങ്ങളില്‍ പതിക്കുന്നത് കൊണ്ട് ട്രാഫിക് നിയമങ്ങളില്‍ അല്പം മാനുഷിക പരിഗണന കിട്ടാറുണ്ട് . അത് വേണ്ടതുമാണ് . അധ്യാപകര്‍ ലോഗോയും വച്ച് വാഹനം ഓടിച്ചാല്‍ പൊതുജനങ്ങള്‍ക്കു അത് വല്യ കാര്യമൊന്നും അല്ല . വാഹനം ഓടിക്കുന്ന അധ്യാപകനും പ്രയോജനം ഇല്ല . ഒരു പ്രയോജനവും ഇല്ലെങ്കില്‍ പിന്നെ ലോഗോ പ്രദര്‍ശനം വേണോ ? ഇത്രയും നാള്‍ ലോഗോ ഇല്ലാതെ വാഹനം ഓടിച്ചിട്ട്‌ കുഴപ്പം ഒന്നും ഉണ്ടായില്ല . ഇനി ലോഗോ വച്ചത് കൊണ്ട് വാഹനത്തിന്റെ മൈലേജ് കൂടുകയും ഇല്ലല്ലോ .

    ReplyDelete
  30. സംഘടനകള്‍ക്കും അഭിപ്രായവ്യത്യാസങ്ങള്‍ക്കുമപ്പുറം അധ്യാപകനെ തിരിച്ചറിയാനുള്ള നല്ല ശ്രമത്തിനും നമ്മുടെ ബ്ലോഗിന്റെ ഒരു കൈ സഹായത്തിനു അഭിനന്ദനങ്ങള്‍

    ReplyDelete
  31. This comment has been removed by the author.

    ReplyDelete
  32. അധ്യാപകരെ ആദരിക്കാന്‍ പ്രത്യേക ലോഗോ എന്ന പാലാ പ്ലാശനാല്‍ സെന്റ് ആന്റണീസ് എച്ച്എസ്എസ്-െന്‍റ ആശയം ആഗോള തലത്തില്‍ എത്തിക്കാന്‍ ആ സ്കൂളിലെ നല്ലപാഠം, വായാടിക്കൂട്ടം കൂട്ടായ്മ ബ്ളോഗ് ആരംഭിച്ചു.

    Guru Mudra

    ReplyDelete
  33. I read the only one negative comment in this blog regarding teachers logo. being a teacher if we are not ready to change our attitudes and aptitudes we will be neglected by the society. Firstupon remember that we are teachers, teachers are social engineers.So dear teachers change your negative comments regarding logo. BE POSITIVE ALWAYS IN YOUR LIFE AS WELL AS CLASS ROOMS. JAYAKUMAR KALADY.

    ReplyDelete
  34. I read the only one negative comment in this blog regarding teachers logo. being a teacher if we are not ready to change our attitudes and aptitudes we will be neglected by the society. Firstupon remember that we are teachers, teachers are social engineers.So dear teachers change your negative comments regarding logo. BE POSITIVE ALWAYS IN YOUR LIFE AS WELL AS CLASS ROOMS. JAYAKUMAR KALADY.

    ReplyDelete
  35. ഗംഭീരം, സുന്ദരം, ശാശ്വതം, ശാന്തം. അധ്യാപകനു് .യോജിച്ചതു്

    ReplyDelete
  36. പരീക്ഷ സമയം രാവിലെ ആക്കരുത് . ഉച്ചകകുമ്പോള്‍ ഞങ്ങള്‍ക്ക് ആ ദിവസം മുഴുവനായും ഉപയോഗിക്കാന്‍ കഴിയും .. അല്ലെങ്കില്‍ ഞങ്ങള്‍ വീട്ടില്‍ വന്നു ക്ഷീണം കൊണ്ട് ഉറങ്ങി പോകും .പിന്നെ പഠിക്കാന്‍ കഴിഞ്ഞില എന്ന കുറ്റബോധം ആകും ..കാലത്ത് സ്കൂളില്‍ എത്താന്‍ വൈകും എന്നാ പേടിയും വേണ്ട ...രാവിലത്തെ സമയം മുഴുവന്‍ ശ്രദ്ധിച് പഠിക്കാന്‍ കഴിയും

    ReplyDelete
  37. ഈ പറയുന്ന ഷിബിൻ ചേട്ടൻ എദൻഡെ അയൽക്കാരനാണ്
    he is also a remarkable photographer.

    ReplyDelete
  38. ഈ പറയുന്ന ഷിബിൻ ചേട്ടൻ എദൻഡെ അയൽക്കാരനാണ്
    he is also a remarkable photographer.

    ReplyDelete
  39. ഉഗ്രന്‍ ആശയം..ഈ പുത്തന്‍ ആശയത്തിന് എല്ലാവിധ ആശംസകളും നേരുന്നു.

    ReplyDelete

ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.




Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.