Sunday, April 17, 2011

ബെന്യാമിന്റെ ആടു ജീവിതം - (ഒരു ആസ്വാദനം)


കുട്ടികളുടെ സൃഷ്ടികള്‍ ഇതുവരെ പ്രസിദ്ധീകരിക്കാതിരുന്നത് പരീക്ഷ കഴിയട്ടെയെന്ന തീരുമാനമുണ്ടായിരുന്നതിനാലാണ്. പരീക്ഷ കഴിഞ്ഞു. ഇനി നിങ്ങളുടെ സൃഷ്ടികള്‍ mathsekm@gmail.com എന്ന വിലാസത്തിലേക്ക് അയക്കാം. ജി.എച്ച്.എസ്.എസ്.ഇരിങ്ങല്ലൂരില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന റാഷിദ എം തയ്യാറാക്കിയ ഒരു പുസ്തക അവലോകനമാണ് ഇന്നത്തെ പോസ്റ്റിലുള്ളത്. സ്ക്കൂളില്‍ നിന്നും എച്ച്.എം മെയില്‍ ചെയ്തു തന്നതാണ് ഈ സൃഷ്ടി. ബന്യാമിന്‍ എഴുതിയ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച ആടു ജീവിതം എന്ന ഈ നോവല്‍ എന്നെ വിസ്മയിപ്പിച്ചിരിക്കുന്നു എന്ന ആമുഖത്തോടെയാണ് റാഷിദ മാത്​സ് ബ്ലോഗിലേക്ക് ഈ ലേഖനം അയച്ചു തന്നിരിക്കുന്നത്. ഒരു സമീപകാല നോവലായതു കൊണ്ടു തന്നെ കഥയുടെ പൂര്‍ണമായ ഒരു ചിത്രം നല്‍കാതിരിക്കാന്‍ ചില എഡിറ്റുങ്ങുകള്‍ നടത്തിയിട്ടുണ്ട്. വായനക്കാര്‍ സദയം ക്ഷമിക്കുക. റാഷിദയെപ്പോലുള്ള കുട്ടികള്‍ക്ക് കമന്റിലൂടെ പ്രോത്സാഹനങ്ങള്‍ നല്‍കുമല്ലോ.

ജീവിതത്തില്‍ നിന്ന് ചീന്തിയെടുത്ത ഒരേടല്ല; ചോര വാര്‍ക്കുന്ന ജീവിതം തന്നെയാണ്. ബെന്ന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ കുറിച്ചുള്ള അഭിപ്രായമാണിത്. അതിലുപരി അതൊരു വാസ്തവമാണ്. സഹൃദയരായ വായനക്കാര്‍ മാത്രമല്ല, ജീവിതത്തിന്റെ സമസ്ത തലങ്ങളിലുമുള്ള മുഴുവന്‍ ആളുകളും വായിച്ചിരിക്കേണ്ട പുസ്തകം എന്ന് ഈ കൃതിയെ ഒട്ടും അതിശയോക്തിയില്ലാതെ വിശേഷിപ്പിക്കാം. നജീബിനും ഹക്കീമിനും മരുഭൂമിയില്‍ ദാഹിച്ചു മരിച്ച എല്ലാ ആത്മാക്കള്‍ക്കും എന്ന സമര്‍പ്പണത്തോടെയാണ് നോവല്‍ ആരംഭിക്കുന്നത്. ഈ പറഞ്ഞ നജീബാണ് കഥാനായകന്‍. അയാളൊന്നും നടിക്കുകയല്ല, പച്ചയായ ജീവിതം തുറന്നുകാട്ടുകയാണ്. നജീബ് എന്നത് ബെന്ന്യാമിന്‍ മെനഞ്ഞെടുത്ത ഒരു സാങ്കല്‍പ്പിക കഥാപാത്രമല്ല, അയാളുടെ ജീവിതവും അനുഭവങ്ങളും പരമമായ യാഥാര്‍ത്ഥ്യവുമാണ്. അതെ, തീവ്രമായ ചര്‍ച്ചകളിലൂടെയും പ്രത്യക്ഷമായ പങ്കുവെക്കലിലൂടെയും ബെന്ന്യാമിന്‍ സൃഷ്ടിച്ചെടുത്ത ഈ ലോകം നമുക്കിടയിലുള്ള ഒരു സഹോദരന്റെ നീറുന്ന ജീവിതത്തിന്റെ പകര്‍പ്പാണ്. ഇതില്‍ കഥാകാരന്‍ തന്റെ തൃപ്തിക്കായോ വായനക്കാരന്റെ ആസ്വാദനത്തിനായോ തുന്നിച്ചേര്‍ക്കലുകളൊന്നും നടത്തിയിട്ടില്ല. നജീബെന്ന ആ മനുഷ്യന്റെ ജീവിതം മോടികളേതും കൂടാതെ തന്നെ ഹൃദയ സ്പര്‍ശിയാണെന്ന വാസ്തവമായിരിക്കാം കഥാകൃത്തിനെ അതിനു പ്രേരിപ്പിക്കാഞ്ഞത്.
നോവലില്‍ ബെന്യാമിന്‍ നജീബിന്റെ കഥ പറയുകയല്ല, മറിച്ച് ആ മനുഷ്യന്റെ ആത്മാവില്‍ അലിഞ്ഞു ചെര്‍ന്ന് അയാള്‍ നജീബാവുകയാണ്. നോവും നൊമ്പരവും കഷ്ടതയും നിസ്സഹായാവസ്ഥയും അതിന്റെ തീവ്രത ഒട്ടും നഷ്ടപ്പെടാതെ ആവിഷ്കരിച്ച കഥാകൃത്തിന്റെ നൈപുണ്യം പ്രശംസനീയം തന്നെ. നജീബ് സാധാരണക്കാരില്‍ സാധാരണക്കാരനാണ്. ഭാര്യ സൈനുവും ഉമ്മയുമുള്ള കൊച്ചു കുടുംബം. മണല്‍ വാരല്‍ തൊഴിലാളിയാണ്. ഭാര്യ ഗര്‍ഭിണിയായപ്പോള്‍ പ്രാരാബ്ധങ്ങള്‍ ഏറിവരുന്നതു പോലെ. യാദൃശ്ചികമായി ഒരു വിസ കിട്ടി. മോഹങ്ങള്‍ മാനത്തോളമുയര്‍ന്നു. കാറും വലിയവീടും ഗോള്‍ഡന്‍ വാച്ചും - ഗള്‍ഫുകാരന്‍ നജീബിനെ നോക്കി നാട്ടുകാര്‍ അസൂയപ്പെടുന്ന രംഗം. ഏതൊരു ഗള്‍ഫുകാരനും യാത്രയ്ക്കുമുമ്പേ മെനെഞെടുക്കുന്ന മിഥ്യാ സ്വപ്നങ്ങള്‍. ജീവിതത്തില്‍ മുങ്ങാംകുഴിയിടുന്ന ആ യുവാവിന് അവ നല്‍കിയ ഊര്‍ജം ശക്തമായിരുന്നു. അയാള്‍ ഹക്കീമെന്ന പയ്യനോടൊപ്പം തന്റെ സ്വപ്നങ്ങളില്‍ നിന്നും യാഥാര്‍ത്ഥ്യത്തിലേക്ക് കടന്നു. അവിടെ അവരെ വരവേറ്റത് - ഏറെ നേരത്തെ കാത്തിരിപ്പിന് ശേഷം - മുഷിഞ്ഞ വസ്ത്ര ധാരിയായ അവരുടെ യജമാനനായിരുന്നു, അഥവാ അറബിയില്‍ പറയുകയാണെങ്കില്‍ അതായിരുന്നു അവരുടെ അര്‍ബാബ്. അയാളുടെ പേരോ കുടുംബമോ വീടോ ഏതാണെന്ന് നജീബിനറിയില്ല – അന്നും ഇന്നും. നമുക്കതറിയേണ്ട കാരണം നജീബിന്റെ അര്‍ബാബ് എന്ന വ്യക്തിത്വമാണ് നോവലിലും ജീവിതത്തിലും അയാള്‍ക്കുള്ളത്.

ഒരു രാത്രിയില്‍ ഒരു കുടുസു വണ്ടിയില്‍ അര്‍ബാബ് അവരേയും കൊണ്ട് മൈലുകളോളം യാത്രചെയ്തു. പാതിരായ്ക്കെപ്പഴോ ഏതോ വെളിമ്പ്രദേശത്ത് വണ്ടി നിന്നു. അവിടെയിറങ്ങാന്‍ ഹക്കീമിനു മാത്രമായിരുന്നു അനുവാദം കിട്ടിയത്. ആ കൊലുന്നു പയ്യനെ പിടിച്ച് വലിച്ച് അയാള്‍ എവിടേയ്ക്കോ കൊണ്ടുപോയി തിരികെ വന്ന് വീണ്ടും വണ്ടിയുമായി നീങ്ങി. നജീബിന്റെയുള്ളില്‍ ആകാംഷ തിരയടിക്കുകയായിരുന്നു. ഏറെ നേരത്തെ യാത്രയ്ക്കു ശേഷം ആ വാഹനം വീണ്ടും നിശ്ചലമായി. ആ തുറസ്സായ സ്ഥലത്ത് കൂറ്റന്‍ ബംഗ്ലാവുകളും തിളങ്ങുന്ന ലൈറ്റുകളും ആള്‍ത്തിരക്കും അയാള്‍ കണ്ടില്ല. നാട്ടില്‍ നിന്നു വണ്ടികയറുമ്പോള്‍ സങ്കല്പിച്ചെടുത്ത ഗള്‍ഫിന്റെ മുഖം ഇങ്ങനെയൊന്നുമായിരുന്നില്ല. ഇരുട്ടിലെന്തോ അനക്കം മാത്രം അയാള്‍ കണ്ടു. താഴെ ഭൂമി, മേലെയാകാശം മറ്റൊന്നുമില്ല. എന്തിനിവിടെ കൊണ്ടുവന്നു എന്ന് ചോദിക്കാന്‍ നജീബിനറിയാം എന്നാല്‍ അത് മനസിലാക്കാന്‍ ഈ അറബിയ്കറിയില്ല. അയാള്‍ നിസ്സഹായനായി തന്റെ അര്‍ബാബിനെ അനുഗമിച്ചു. നജീബിനെ ഒരു പഴയ കട്ടിലിനരികെ നിര്‍ത്തി അയാള്‍ പോയി. നജീബിനൊന്നുമറിയില്ല. അയാള്‍ കട്ടിലിലേക്കു നോക്കി. ഗാഢമായ ഇരുട്ടില്‍ ആ തുറന്ന പ്രദേശത്ത് അയാളും കട്ടിലും. പെട്ടെന്ന് കട്ടിലില്‍ നിന്ന് ഒരു രൂപം എണീറ്റിരുന്നു. അയാള്‍ ഹിന്ദിയില്‍ എന്തൊക്കെയോ പറഞ്ഞട്ടഹസിച്ചു. ബോധം കെടുത്താന്‍ തക്ക നാറ്റമുള്ള ആ ഭീകരരൂപി താടിയും മുടിയും നീണ്ടുവളര്‍ന്ന്, ചാക്കുപോലെന്തോ ധരിച്ചിരുന്നു. കുളിച്ചിട്ട് വര്‍ഷങ്ങളായെന്ന് തോന്നുന്നു. വെള്ളം കണ്ടതിന്റെ ഒരംശം പോലും അയാളില്‍ നജീബിനു തോന്നിയില്ല. താനെത്തിപ്പെട്ടിരിക്കുന്ന മേഖല എങ്ങനെയാണെന്ന് ഒരേകദേശ രൂപം അയാള്‍ക്ക് പിടികിട്ടി. കട്ടില്‍ ഭീകരരൂപിയുടേതാണ്. നജീബ് ബാഗ് തലയ്ക്ക് വെച്ച് ആ മണ്ണില്‍ കിടന്നു. ഭാര്യ തന്നയച്ച അച്ചാറുകുപ്പി ബാഗിലുണ്ടായിരുന്നു. സങ്കടം ഉപ്പുനീരായി കവിളിലൂടെ ഒഴുകി.
പിറ്റേന്ന് അയാള്‍ ഗള്‍ഫെന്ന യാഥാര്‍ത്ഥ്യവും തന്റെ സ്വപ്ന സങ്കല്പങ്ങളും തമ്മിലുള്ള അന്തരം വളരെ വലുതാണെന്ന വാസ്തവം ഞെട്ടലോടെ തിരിച്ചറിഞ്ഞു. തലേന്നു കണ്ട ഇരുട്ടിലെ അനക്കത്തിലേക്ക് അയാള്‍ നോക്കി. ആടുകള്‍! നോക്കെത്താദൂരത്തോളം ആടുകള്‍! രാത്രിയിലെ ഭീകരരൂപി ആടുകളെ കെട്ടിയ വേലിയ്ക്കുള്ളില്‍ എന്തോ ചെയ്യുന്നു. അര്‍ബാബ് നജീബിന്റെ ദേഹത്തേക്ക് നാറുന്ന വസ്ത്രം വലിച്ചെറിഞ്ഞുകൊടുത്തു ധരിക്കാന്‍ ആഗ്യം കാട്ടി. അവന്‍ അത് ധരിച്ചു - നാറുന്ന ആട്ടിടയന്റെ വസ്ത്രം. ക്രൂരനായ അര്‍ബാബിന്റെ മുന്‍പില്‍ കണ്ണീരിന്റെ വില ശൂന്യമായിരുന്നു. നജീബിന്റെ ആടു ജീവിതം അവിടെ തുടങ്ങുകയായിരുന്നു. ചുറ്റും കണ്ണോടിച്ചപ്പോള്‍ മനസ്സിലായി താന്‍ നില്‍ക്കുന്നത് മരുഭൂമിയിലാണ്. ചിത്രങ്ങളില്‍ കാണുന്ന മണല്‍ മരുഭൂമിയല്ല, വലിയ വലിയ കല്ലുകള്‍ നിറഞ്ഞ, പച്ചപ്പിന്റെ തരിപോലുമില്ലാത്ത വിസ്തൃതമായ ഭൂപ്രദേശം. ഓടി രക്ഷപ്പെടാന്‍ പോലും വയ്യ. നരകം അതിലും സന്തോഷം തരുമെന്നയാള്‍ക്ക് തോന്നി. തുടക്കത്തില്‍ തളര്‍ന്നുപോയ നജീബ് പിന്നെപ്പിന്നെ വികാരങ്ങളില്ലാത്ത വെറുമൊരാടിനെപ്പോലെ ആ മരുഭൂമിയില്‍.... മസറ എന്ന് അറബിയില്‍ പറയുന്ന ആടുകളെ കെട്ടിയിരിക്കുന്ന ആ സ്ഥലം അയാള്‍ക്ക് വീടാവുകയായിരുന്നു. പ്രതീക്ഷകള്‍ താനേ അണഞ്ഞു. നിരാശ കാര്‍മേഘം പോലെ ജീവിതത്തെ മൂടിക്കളഞ്ഞു.
മൂന്ന് വര്‍ഷം നാലുമാസം ഒന്‍പതു ദിവസം - ഈ കാലയളവില്‍ നജീബ് കുളിച്ചിട്ടില്ല, പല്ലുതേച്ചിട്ടില്ല (അതൊന്നും അത്ര വലിയ കാര്യമായി അയാള്‍ക്ക് തോന്നിയിട്ടില്ല). അര്‍ബാബിന്റെ ക്രൂരത നിറഞ്ഞ മുഖമല്ലാതെ മറ്റൊരു മനുഷ്യ ജീവിയെ കണ്ടിട്ടില്ല. മതിയോവോളം ഭക്ഷണം കഴിച്ചിട്ടില്ല, മനസ്സറിഞ്ഞ് ചിരിച്ചിട്ടില്ല, ഒരിത്തിരി തണലിത്തിരിന്നിട്ടില്ല – എന്നിട്ടും അയാള്‍ ജീവിച്ചില്ലേ? തളര്‍ന്നു വീണിടത്തെല്ലാം എഴുന്നേറ്റില്ലേ? ഒടുവില്‍ ഇതിനെയെല്ലാം അതിജീവിച്ചില്ലേ? അവിടെയാണ് നാം നജീബിനെ പഠിക്കേണ്ടത്. മലയാളിയുടെ ഗള്‍ഫ് ജീവിതത്തെക്കുറിച്ചുള്ള ഈ കഥ നമ്മുടെ പല സങ്കല്പങ്ങളും തിരുത്തിക്കുറിക്കുന്നതാണ്. മരുഭൂമിയുടെ പ്രത്യേകതകളും സവിശേഷതയും പ്രതിഭാസങ്ങളും മറ്റൊരു കൃതിയിലും പരാമര്‍ശിച്ചിട്ടുണ്ടാവില്ല. നജീബില്‍ നിന്നും നമുക്ക് കിട്ടുന്നത് ജീവിതത്തിലെ പ്രതിസന്ധികള്‍ തരണം ചെയ്യാനുള്ള ഊര്‍ജ്ജമാണ്. ചെറിയ കാര്യങ്ങളില്‍പ്പോലും തളരുന്ന നാം അയാളുടെ ജീവിതത്തെയോര്‍ക്കുക. മനുഷ്യന്റെ സഹന ശക്തി എത്ര വലുതാണെന്ന് ബോധ്യമാകും.

23 comments:

  1. ' മലയാളിയുടെ ഗള്‍ഫ് ജീവിതത്തെക്കുറിച്ചുള്ള കഥ നമ്മുടെ പല സങ്കല്പങ്ങളും തിരുത്തിക്കുറിക്കുന്നതാണ്'.
    ആട് ജിവിതം ....ഒരു ആസ്വാദനം ....വായനപ്രിയരായ മറ്റുള്ളവര്‍ക്കും ഒരു മാതൃക യാവട്ടെ . രണ്ടു മാസത്തെ കളികള്‍ക്ക് ഒപ്പം അല്പം വായനയും അതിന്റെ ഒരു കുറിപ്പും .........നന്നായി . ഉദ്യമം തുടരണം .
    കൂടെ ഇത് പോലുള്ള പുസ്തകം പരിചയപ്പെടുത്തലും . ആസ്വാദനം രചിച്ച രാഷിതക്കും അത് അയച്ചു തന്ന ഹെഡ് മസ്റെര്‍ക്കും അഭിനന്ദനങ്ങള്‍

    ReplyDelete
  2. ezhuthukariyekal cheriya oral abhiprayam parayunnathu sariyallayirikkam. nhan 9 classilethiyittilla.
    valare nalla orasvadanam
    gulfil poyal ellamayi ennu karuthunna malayalikalk oru padamanu e pusthakam.

    malayalathil comment post cheyyunnath enganeyanu?

    ReplyDelete
  3. റാഷിദ എം തയ്യാറാക്കിയ ആടു ജീവിതം എന്ന നോവലിന്റെ ആസ്വാദന കുറിപ്പ് വളരെ നന്നായിരിക്കുന്നു .അവധികാലത്ത് പുസ്തകങ്ങള്‍ വായിച് അവലോകനം ചെയ്യാന്‍ റാഷിദയുടെ ആസ്വാദന കുറിപ്പ് മറ്റു കുട്ടികല്കും പ്രചോദനം ആവട്ടെ .

    ReplyDelete
  4. വളരെ നല്ല ഒരു ആസ്വാദന കുറിപ്പ് ഇത് തയ്യാറാക്കിയ റാഷിദയ്ക്ക് അഭിനന്ദനങ്ങള്‍. അവധിക്കാലത്ത് കളികള്‍ക്കൊപ്പം അല്പനേരം പുസ്തകങ്ങള്‍ വായിച്ച് അതിനെ കുറിച്ച് ഒരു കുറിപ്പു കൂടി തയ്യാറാക്കുന്നതിന് ഈ ആസ്വാദനക്കുറിപ്പ് പ്രചോദനമാകട്ടെ.

    ReplyDelete
  5. valare.. nannayi. kuttikal..vayichu valaratte.............

    ReplyDelete
  6. വളരെ നല്ല ഈ ആസ്വാദന കുറിപ്പ് തയ്യാറാക്കിയ റാഷിദയ്ക്ക് അഭിനന്ദനങ്ങള്‍.

    ReplyDelete
  7. വളരെ നന്നായിരിക്കുന്നു.റഷീദയ്ക്ക് അഭിനന്ദനങ്ങള്‍.തിരക്കിലായിപ്പോയി . ഇപ്പോഴാണ് വായിച്ചത് യ നന്ദി,ഇനിയും ​എഴുതി അയക്കണം .

    ReplyDelete
  8. ഏവരും വായിച്ചിരിക്കേണ്ട ഈ കൃതിയെ റാഷിദ എന്ന വിദ്യാര്‍ത്ഥിനി പരിചയപ്പെടുത്തിയെന്നത് അഭിനന്ദനാര്‍ഹം തന്നെ.ഈ ഉദ്യമം ഏവര്‍ക്കും മാതൃകയാവട്ടെ.ആടുജീവിതത്തിന്റെ കൂടുതല്‍ വായനയ്ക്കിത് പ്രേരകമാവട്ടെ.
    ഷാജു എം.കെ,എടത്തന സ്ക്കൂള്‍

    ReplyDelete
  9. valarae nalla aaswwdanakkuripp.abinandhanangal raashidhaa.

    ReplyDelete
  10. വളരെ നല്ല ഒരു ആസ്വാദന കുറിപ്പ് തയ്യാറാക്കിയ റാഷിദയ്ക്ക് അഭിനന്ദനങ്ങള്‍
    Babu.K.U

    ReplyDelete
  11. വളരെ നല്ല ഒരു ആസ്വാദന കുറിപ്പ് തയ്യാറാക്കിയ റാഷിദയ്ക്ക് അഭിനന്ദനങ്ങള്‍
    Babu.K.U

    ReplyDelete
  12. വായന "കാഴ്ചയായി" മാറിയ വര്‍ത്തമാനകാലത്തില്‍ കുട്ടികള്‍ വരികള്‍ക്കിടയിലൂടെ വായിക്കുന്നു എന്നു കാണുമ്പോള്‍ സന്തോഷമുണ്ട്. അഭിനന്ദനങ്ങള്‍
    പ്രവീണ്‍കുമാര്‍.വി.

    ReplyDelete
  13. rashidaykku ente abhinandanangal.........

    ReplyDelete
  14. റാഷിദക്ക് അഭിനന്ദനങ്ങള്‍...നല്ല പുസ്തകങ്ങളുടെ വായന കുറഞ്ഞു വരുന്ന ഇക്കാലത്ത് ഈ വായനാനുഭവം എല്ലാവര്‍ക്കും ഒരു പ്രചോദനമാകട്ടെ.

    ReplyDelete
  15. rashidaykku ente abhinandanagal....

    ReplyDelete
  16. SSLC EXAMIL ELLA VISHAYANGALKKUM FULL A+ VANGIYA RASHIDAYKK ENTE ABHINANDANANGAL.

    ReplyDelete
  17. bennyamin isrnte adujeevitham enna pusthakam enikku padikkanundu teacher paranjappol kauthukathode vayichu athnte oru effect ippozhum vittu mariyittilla valare valare nalla pusthakam

    ReplyDelete
  18. valare nannayittund e varshathe xth clssin upakarikkum

    ReplyDelete
  19. a great attempt by a great reader. let her reading flourish and go more deeper by this help from her readers. congrats to this channel.

    ReplyDelete
  20. പ്രവാസ സാഹിത്യത്തിലെ ഒരു നല്ല നോവല്‍;മരുഭൂമിയിലെ തീക്ഷ്ണമായ യാഥാര്‍ത്യങ്ങള്‍ വെളിപ്പെടുത്തിയ പുസ്തകം..ആടുജീവിതത്തെക്കുറിച്ചുള്ള ആസ്വാദനം നന്നായിരിക്കുന്നു...

    ReplyDelete
  21. നല്ല ഒരു ആസ്വാദനമാണ്

    ReplyDelete
  22. മരുഭൂമിയിലെ ചുട്ടുപൊള്ളുന്ന വെയിലിൽ തങ്ങൾക്കായി കാത്തിരിക്കുന്ന നാടിൻറ കുളിർമ സ്വപ്നം കണ്ട് പണിയെടുക്കുന്ന പ്രവാസിയുടെ നേർ ചിത്രമാണ് നജീബ്. മലയാളത്തിലെ എക്കാലത്തെയും മികച്ച നോവലുകളിലെന്നായ ആടുജീവിതത്തിന്റെ ആസ്വാദനം വളരെ മികച്ചതായി അവതരിപ്പിച്ച റാഷിദയ്ക്ക് അഭിനന്ദനങ്ങൾ.

    ReplyDelete

ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.




Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.