Friday, November 26, 2010

ഒന്‍പതാം ക്ലാസുകാരിയുടെ കവിത


ഇന്ന് മാത്‍സ് ബ്ലോഗ് അവതരിപ്പിക്കുന്നത് പാലക്കാട് ജില്ലയിലെ തൃത്താലയിലുള്ള ആനക്കര ജി.എച്ച്.എസ്.എസിലെ ഒന്‍പതാം ക്ലാസുകാരിയും അധ്യാപകദമ്പതികളുടെ മകളുമായ എസ്.അനഘയുടെ രണ്ടു കവിതകളാണ്. സ്ക്കൂളിലെ അധ്യാപകനായ ഉസ്മാന്‍ സാറിന്റെ സാക്ഷ്യപ്പെടുത്തലോടെ കഴിഞ്ഞ മാസത്തില്‍ മാത്​സ് ബ്ലോഗിന്റെ മെയില്‍ ബോക്സില്‍ കറുത്ത വെളിച്ചം എന്ന കവിത പ്രസിദ്ധീകരണത്തിനായി ലഭിച്ചതിലൂടെയാണ് മാത്​സ് ബ്ലോഗ് ഈ പ്രതിഭാ വിലാസം തിരിച്ചറിഞ്ഞത്. ഈ ചെറുപ്രായത്തില്‍ത്തന്നെ അനഘയുടെ തൂലിക ഒട്ടേറെ കവിതകള്‍ക്ക് ജന്മം നല്‍കിക്കഴിഞ്ഞു. സ്വന്തം കവിതകള്‍ പ്രസിദ്ധീകരിക്കാന്‍ മന്ദാരം എന്ന പേരില്‍ ഒരു ബ്ലോഗ് തന്നെയുണ്ട് ഈ കൊച്ചു മിടുക്കിക്ക്. മലപ്പുറം ജില്ലയിലെ എടപ്പാള്‍ സ്വദേശിയാണ്. പോസ്റ്റ് ഒരുക്കുന്നതിനു വേണ്ടി മന്ദാരത്തിലുടെ സഞ്ചരിച്ചപ്പോള്‍ ബ്ലഡ്ടെസ്റ്റ്‌ എന്ന പേരില്‍ ഒരു കവിത കണ്ടു. കവയിത്രിയെക്കുറിച്ച് കൂടുതലറിയാന്‍ ഈ കൊച്ചു കവിത സഹായിക്കുമെന്നുള്ളതുകൊണ്ടുതന്നെ അനുവാദമില്ലാതെ ആ കവിത ഇവിടെ പ്രസിദ്ധീകരിക്കുന്നു. അത് ഇങ്ങനെയായിരുന്നു.

ബ്ലഡ് ടെസ്റ്റ്

മഴ കൊടുത്ത പാരസെറ്റമോള്‍ ഫലിക്കാത്തതുകൊണ്ടാണ്
ഭൂമിയെ ഹോസ്പിറ്റലില്‍ കൊണ്ടുപോയത്.
ബ്ലഡ് ടെസ്റ്റ്‌ ചെയ്യാന്‍ സൂചി കൊണ്ട് കുത്തിയപ്പോള്‍
ഡോക്ടര്‍ക്കത് മനസ്സിലായി
കുത്തിയെടുക്കാന്‍ ഇനി ചോരയൊന്നും ബാക്കിയില്ല !


ഈ കവിത വായിച്ചപ്പോള്‍ എന്തു തോന്നി? നിങ്ങളുടെ അഭിപ്രായങ്ങള്‍ ഒരു കമന്‍റായി കുറിക്കുമല്ലോ. പ്രായത്തിനതീതമായ ചിന്തകള്‍ അഗ്നിച്ചിറകുകളുമായി പാറിനടക്കുന്നുവെന്ന് ഒട്ടും ആലങ്കാരികമല്ലാത്ത ഭാഷയില്‍ പറയാന്‍ ഈ കവിത എനിക്ക് ധൈര്യം തരുന്നു. യഥാര്‍ത്ഥത്തില്‍ സമൂഹത്തിലെ തിന്മകളോടുള്ള ഒരു പടയൊരുക്കമല്ലേ ഈ കവിത? ആത്മാവിഷ്ക്കാരത്തിനുള്ള മികച്ചൊരു ഉപാധി നിലയില്‍ മാത്രമല്ല, ചില സമയങ്ങളില്‍ കവിതകളെ അവള്‍ ഒരു ആയുധമായി ഉപയോഗിക്കുന്നുണ്ടെന്ന് പോലും തോന്നി. ഒറ്റവായനയില്‍ ഒതുക്കിത്തീര്‍ക്കാവുന്നതല്ല അനഘയുടെ കവിതയിലെ ഉള്ളടക്കം. ഓരോ തവണ വായിക്കുമ്പോഴും പുതുതായി എന്തെല്ലാമോ പറയാന്‍ കവിതയിലെ വരികള്‍ ശ്രമിക്കുന്നതായി തോന്നി. ഭാവിയുടെ വാഗ്ദാനമായ അനഘയെക്കുറിച്ച് നമ്മുടെ അധ്യാപകര്‍ അറിയണമെന്നും അത്തരത്തില്‍ തങ്ങളുടെ വിദ്യാര്‍ത്ഥികളെ വളര്‍ത്തിയെടുക്കാന്‍ പരിശ്രമിക്കും എന്ന പ്രതീക്ഷയില്‍ അടുത്ത കവിത താഴെ കൊടുത്തിരിക്കുന്നു.


കറുത്ത വെളിച്ചം

ചിമ്മിനി കെട്ടപ്പോള്‍ മുറിയില്‍ വെളിച്ചം പരന്നു
കറുത്ത വെളിച്ചം..!
കറുത്ത വെളിച്ചത്തില്‍ കറുത്തതെല്ലാം
തെളിഞ്ഞു കണ്ടു

രക്തമൂറ്റിക്കുടിക്കുന്ന രക്ഷസ്സിന്റെയും
കവര്‍ന്നെടുക്കുന്ന കള്ളന്റെയും
വിഹാരം ഈ വെളിച്ചത്തിലല്ലേ

ഒന്നുമറിയാത്ത കുഞ്ഞുഭൂമിയെ
പ്രപഞ്ചത്തിന്റെ നടുക്ക്
പിടിച്ചിരുത്തിയവരുടെ മനസ്സിലും
ഈ കറുത്ത വെളിച്ചം തന്നെ

കുഴലും പിടിച്ചു വാനം നോക്കികളിച്ച
ഒരു പാവം വയസ്സന്റെ കണ്ണില്‍
ഈ വെളിച്ചം ഉണ്ടായിരുന്നില്ല
അതുകൊണ്ടാവാം
ഇരുട്ടത്തുനിന്നുകൊണ്ട്‌ ആരോ അങ്ങേരെ
'അന്ധനെന്ന്' വിളിച്ചു


നിങ്ങളുടെ കമന്റുകള്‍ വളര്‍ന്നു വരുന്ന ഈ തൂലികയ്ക്ക് ബലമേകുമെന്നു തീര്‍ച്ച. സമൂഹത്തിലെ തിന്മകള്‍ക്കെതിരെ നാം പറയേണ്ടതാവും നാളെ ഇവളിലൂടെ പുറത്തു വരിക. അതിനവളെ നാം പ്രോത്സാഹിപ്പിച്ചേ പറ്റൂ. അഭിപ്രായങ്ങള്‍ക്കായി മാത്‍സ് ബ്ലോഗും അനഘയും കാത്തിരിക്കുന്നു.

73 comments:

  1. അനുഭവത്തിൽ നിന്നും അറിഞ്ഞെഴുതിയ കവിത. സമഗ്രം.എഴുതിവന്ന തഴക്കം. ശരിയായ കവിത സത്യവും സൌന്ദര്യവുമാണ്. നല്ല രചന.

    ReplyDelete
  2. കണ്ണും കാതും തുറന്ന് ലോകം കണ്ടെഴുതിയ കവിത.നമ്മളെല്ലാം വിചാരണ ചെയ്യപ്പെടുന്ന പോലെ..

    ReplyDelete
  3. തുടക്കമാണെന്ന അഭിപ്രായമില്ല . വളരെക്കാലമായി എഴുതുന്നത്‌ പോലെ ! ഇനിയും നന്നായി എഴുതുക . പുതിയ പുതിയ വിഷയങ്ങള്‍ തേടി യാത്ര തുടരുക,കവിതയിലൂടെ .ഒപ്പം ക്ലാസ് പരീക്ഷയിലെ മാര്‍ക്കും വര്‍ധിപ്പിക്കുക

    ReplyDelete
  4. ഭാവിയുടെ വാഗ്ദാനമായ അനഘയെക്കുറിച്ച് നമ്മുടെ അധ്യാപകര്‍ അറിയണമെന്നും അത്തരത്തില്‍ തങ്ങളുടെ വിദ്യാര്‍ത്ഥികളെ വളര്‍ത്തിയെടുക്കാന്‍ പരിശ്രമിക്കും എന്ന പ്രതീക്ഷയോടെയുമാണ് മാത്​സ് ബ്ലോഗ് ഇങ്ങനെയുള്ള കവിതകള്‍ പ്രസിദ്ധീകരിക്കുന്നത്.

    ഒറ്റവായനയില്‍ ഒതുക്കിത്തീര്‍ക്കാവുന്നതല്ല അനഘയുടെ കവിതയിലെ ഉള്ളടക്കം. ഓരോ തവണ വായിക്കുമ്പോഴും പുതുതായി എന്തെല്ലാമോ പറയാന്‍ കവിതയിലെ വരികള്‍ ശ്രമിക്കുന്നതായി തോന്നിയെന്ന് പറഞ്ഞത് ഭംഗിവാക്കുമല്ല. ഉജ്വലമായ ചിന്തകളാണ് അനഘയുടെ കൈമുതല്‍. അതു അഭംഗുരം ജ്വലിക്കട്ടെ.

    ReplyDelete
  5. കവിത വായിച്ചു. വളരെ നന്നായിരിക്കുന്നു. വ്യത്യസ്തമായ ചിന്ത.ഇനിയും എഴുതൂ.

    ReplyDelete
  6. "മഴ കൊടുത്ത പാരസെറ്റമോള്‍ ഫലിക്കാത്തതുകൊണ്ടാണ്
    ഭൂമിയെ ഹോസ്പിറ്റലില്‍ കൊണ്ടുപോയത്.
    ബ്ലഡ് ടെസ്റ്റ്‌ ചെയ്യാന്‍ സൂചി കൊണ്ട് കുത്തിയപ്പോള്‍
    ഡോക്ടര്‍ക്കത് മനസ്സിലായി
    കുത്തിയെടുക്കാന്‍ ഇനി ചോരയൊന്നും ബാക്കിയില്ല !"

    എഴുതിയെഴുതി ഇരുത്തംവന്ന ഒരാളുടെ വരികള്‍പോലെ.(ഒരു അയ്യപ്പന്‍ ടച്ച്!!).
    അഭിനന്ദനങ്ങള്‍.

    ReplyDelete
  7. സ്ഥിരം കവി കുറ്റികള്‍ ഈ കവിത കണ്ടു പഠിക്കട്ടെ
    “മഴ കൊടുത്ത പാരസെറ്റമോള്‍ ഫലിക്കാത്തതുകൊണ്ടാണ്
    ഭൂമിയെ ഹോസ്പിറ്റലില്‍ കൊണ്ടുപോയത്.
    ബ്ലഡ് ടെസ്റ്റ്‌ ചെയ്യാന്‍ സൂചി കൊണ്ട് കുത്തിയപ്പോള്‍
    ഡോക്ടര്‍ക്കത് മനസ്സിലായി
    കുത്തിയെടുക്കാന്‍ ഇനി ചോരയൊന്നും ബാക്കിയില്ല !“

    കൊച്ചു കവിക്ക് എല്ലാ ആശംസകളും.എത് മുതിര്‍ന്ന കവികളുടെ സൃഷ്ടിക്കുമൊപ്പം ഇരിക്കാന്‍ ഈ കവിതയ്ക്ക് എല്ലാ അര്‍ഹതയും ഉണ്ട്.
    ഒന്നാം തരം എഴുത്ത്.
    ആശംസകള്‍

    ReplyDelete
  8. കവിത നന്നായിരിക്കുന്നു. എഴുത്ത് തുടരുക.

    ReplyDelete
  9. കൂടുതല്‍ കൂടുതല്‍ നല്ല വരികള്‍ ഇനിയും പിറക്കുമാറാകട്ടെ ആ തൂലികയില്‍ നിന്ന്. വരികളിലൂടെയും വരികള്‍ക്കിടയിലൂടെയും വായനക്കാരെ ചിന്തിപ്പിക്കാന്‍ കഴിയുമാറാകട്ടെ ഈ കൊച്ചു കവയിത്രിക്ക്.

    ആശംസകള്‍.

    ReplyDelete
  10. എനിക്ക് കവിതയെ കുറിച്ച് അധികം ഒന്നും പറയാന്‍ അറിയില്ല. പക്ഷെ ഞാന്‍ ബ്ലോഗുകളില്‍ വായിക്കുന്ന കവിതകളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ഉയരത്തില്‍ ഈ കൊച്ച്ചുമിടുക്കിയുടെ കവിതകള്‍ എന്ന് പറയേണ്ടിയിരിക്കുന്നു.
    ബ്ലഡ്‌ ടെസ്റ്റ്‌ എന്നത് എത്രയോ മേലെയാണ് എത്തിയിരിക്കുന്നത്. ഒരുപാട് എഴുതിയാലും പറയാന്‍ ആകാത്തത്ര കാര്യങ്ങളാണ് അതിലൂടെ അവതരിപ്പിച്ചത്‌.
    എല്ലാ വിധ ആശംസകളും നേരുന്നു.

    ReplyDelete
  11. കവിത എഴുതാനുള്ള ചിന്താപരമായ ഉൾക്കണ്ണുകൾ ഈ വരികളിൽ കാണാമെങ്കിലും വളരെ അർ‍ത്ഥപൂർണമെന്നു ഇവിടെ അഭിപ്രായം എഴുതിയവർ പറഞ്ഞത് ഞാൻ പറയില്ല..ആ കുട്ടിക്കു കൂടുതൽ ആത്മഗൌരവമുള്ള കവിതകൾ എഴുതാൻ കഴിയട്ടെ എന്നു ആശംസിക്കുന്നു

    ReplyDelete
  12. കൊച്ചു കവിക്ക്‌ എല്ലാ ആശംസകളും ... തുടര്‍ന്നും എഴുതുക

    ReplyDelete
  13. നല്ലൊരു ഭാവി കാണുന്നു.

    ആശംസകള്‍

    ReplyDelete
  14. ജന്മവാസന എന്നൊക്കെ പറയുന്നത് ഇത് തന്നെ...
    കൂടുതല്‍ എഴുതി ഉന്നതങ്ങളില്‍ എത്തട്ടെ ..ആശംസകള്‍

    ReplyDelete
  15. കവിതയുടെ സങ്കീർണ്ണരസായനങ്ങളെക്കുറിച്ച് വൃഥാ വ്യാകുലപ്പെട്ട് അക്ഷരക്കസർത്തു കാണിക്കുകയും
    ശിലാഘടനയിൽ കൃത്രിമമാറ്റങ്ങൾക്കായി കുട്ടിക്കരണം മറിയുകയും ചെയ്യുമ്പോഴാണ്‌ കവിത അതിന്റെ സ്വാഭാവിക താളത്തിൽ നിന്നും വേറിട്ടൊഴുകി മുറിഞ്ഞു പോകുന്നത്,
    അനഘയുടെ കവിതയിൽ ബാല്യത്തിന്റെ നിഷ്കളങ്കമായ ചേരുവകളും കാവ്യാനുശീലമായ അസ്വസ്ഥകളും ഉണ്ട്!
    വർത്തമാന കാലത്തിന്റെ ഉപോല്പ്പന്നമായ ജൈവികവുംപാരിസ്ഥിതികവുമായ അരക്ഷിതാവസ്ഥകളെ, യാതൊരു കലർപ്പുമില്ലാതെ ലളിതമായി അവതരിപ്പിച്ചപ്പോൾ (ബിംബവൽക്കരിച്ചപ്പോൾ) ഈ കവിതയ്ക്ക് ലളിതമായ ബാഹ്യരൂപവും സങ്കീർണ്ണമായ ആന്തരിക ഘടനയും
    കൈവരുന്നു...
    കവിത ഈ കൊച്ചുമിടുക്കിയിലൂടെ ഒഴുകിപ്പരക്കുന്നു....
    ആശംസകൾ....

    ReplyDelete
  16. ആ പ്രായത്തിൽ ‘ക’ എന്ത് ‘വിത’ എന്ത് എന്ന് തിരിച്ചറിയാൻ പോലും കഴിഞ്ഞിരുന്നില്ല, എനിക്ക്!

    അനഘ ജന്മനാ കവയിത്രിയാണ്.

    ആശംസകൾ.

    അമിത പ്രശംസ ചൊരിയാതിരിക്കാം.

    വളരുക കുട്ടീ, ഭൂമിയും വാനവും നിന്റെ വരികൾ പ്രകമ്പനം കൊള്ളുന്ന നാൾ വരെ!

    ReplyDelete
  17. വളരെ നന്നായിട്ടുണ്ട്.... ഇനിയും എഴുതുക .... എല്ലാവിധ ഭാവുകങ്ങളും നേരുന്നു......

    ReplyDelete
  18. നല്ല ഉൾക്കാഴ്ച്ചയുള്ള വരികൾ....
    ഈ കുട്ടിക്ക് എല്ലാവിധ പ്രോത്സാഹനങ്ങളും കൊടുക്കേണ്ടതുതന്നേയാണ്...കേട്ടൊ മാഷെ

    ReplyDelete
  19. അനഘയുടെ കവിത വളരെ നന്നായിരിക്കുന്നു. 'എനിക്കു പോലും' മനസ്സിലാകുന്ന തരത്തിൽ ലളിതമായി അവതരിപ്പിച്ചിരിക്കുന്നു. പ്രകൃതിയെ നോവിക്കുന്നവർക്കുള്ള ഒരു താക്കീത് ആ കവിതയിൽ കാണാം. ആശംസകൾ, കവയത്രിക്കും ബ്ലോഗിന്നും.

    002_ജിയോജിബ്ര പാഠം വീഡിയൊ ഭാഗം 2 പോസ്റ്റ് ചെയ്തിട്ടുണ്ട്

    ReplyDelete
  20. കുട്ടീ, വലിയൊരു ലോകം നിന്നെ കാത്തിരിക്കുന്നു..
    കൂടുതല്‍ എഴുതുക.. വളരുക...

    ReplyDelete
  21. ഇനിയുമിനിറ്റുമെഴുതുക, വായനയ്ക്കായ് കാത്തിരിക്കാം!

    ReplyDelete
  22. എല്ലാവരും മന്ദാരം സന്ദര്‍ശിക്കണം.
    .അതില്‍ കവിതയുണ്ട്.പ്രായമല്ല കവിയെ നിശ്ചയിക്കുന്നത്.കവിതയുടെ വലുപ്പമാണ്.
    അനഘയുടെ മേഘം എന്നാ കവിത വായിക്കുംപോള്‍ ഓര്‍മ്മകള്‍ ഉണ്ടാകുന്നു."സാരിത്തലപ്പിലെ കരിമ്പന്‍" കാണുന്ന കവിതയുടെ മനസ്സില്‍ കയറാന്‍ ജീവിതാനുഭവം ഉള്ളവര്‍ക്ക് പറ്റും (മാഷന്മാര്‍ക്കും അതുണ്ടാവും-കവിതാസ്വാദനം.മുട്ടിയാല്‍ തുറക്കാത്ത വാതിലല്ല.)അനഘയുടെ
    ഒരു കവിതകൂടി ഈ കമന്റിനൊപ്പം ചേര്‍ക്കട്ടെ.
    "കാറ്റിന്റെ ഒക്കത്തിരുന്നു തുള്ളുന്നതിനിടയില്‍
    ഒന്നും പറയാതെ കൊഴിഞ്ഞു വീണു തളിരിലകള്‍
    കൂടെ കൊഴിഞ്ഞു പോയത്
    പച്ചപ്പ്‌ മാറാത്ത സ്വപ്നങ്ങളും
    ഉണങ്ങാത്ത പുഞ്ചിരിയും
    പിന്നില്‍ നിന്നുയര്‍ന്ന
    കണ്ണീരും തേങ്ങലും വാത്സല്യവും
    കേള്‍ക്കാതെ അവ കൊഴിഞ്ഞപ്പോള്‍
    അവശേഷിച്ചത്
    ഞെട്ടിന്റെ മുറിവും വേദനയും മാത്രം"

    ReplyDelete
  23. ഹ്രദയസ്പർ‍ശിയായ കവിത എഴുതിയ അനഘയ്ക്ക് അഭിനന്ദനങ്ങൾ-

    ReplyDelete
  24. തീര്‍ച്ചയായും വളരെ നല്ലതാണ്. പ്രിന്റ് മീഡിയ കൂടി അറിയട്ടെ ഇതൊക്കെ.

    ReplyDelete
  25. നന്നായി എഴുതി അനഘ.. ഹരി മാഷ് പറഞ്ഞപോലെ ഭാവിയിലേക്ക് മുതല്‍കൂട്ടാവും തീര്‍ച്ച..

    ReplyDelete
  26. kavitha chindippikkunnu
    eniyum ezhuthuu.. thalavum koodi cherthalo,.?

    ReplyDelete
  27. kavitha chindippikkunnu
    eniyum ezhuthuu.. thalavum koodi cherthalo,.?

    ReplyDelete
  28. കവിയും കാവ്യവും ഗംഭീരം. മനോഹരം അനഘയുടെ ബ്ലോഗ്.

    ReplyDelete
  29. ഇതൊരു കുട്ടി കവിതയല്ല .. നാളയുടെ സ്വരമാണ്..അഭിനന്ദനങ്ങള്‍

    ReplyDelete
  30. " ചിമ്മിനി കെട്ടപ്പോള്‍ മുറിയില്‍ വെളിച്ചം പരന്നു
    കറുത്ത വെളിച്ചം..!
    കറുത്ത വെളിച്ചത്തില്‍ കറുത്തതെല്ലാം
    തെളിഞ്ഞു കണ്ടു ..."

    90 ആം ക്ലാസ്സിൽ പഠിക്കുന്ന,കവിതയെഴുതുന്ന കുട്ടികൾ ഈ ഒൻപതാം ക്ലാസ്സുകാരിയുടെ കവിത സ്വന്തം ചിമ്മിനി കെടുത്തി കറുത്ത വെളിച്ചത്തിരുന്നൊന്നു നന്നായി വായിച്ചു പഠിക്കട്ടെ.

    മോൾക്ക് പലനിറ വെളിച്ചമുള്ള കവിതകൾ നേരുന്നു

    ReplyDelete
  31. നാളെ അനഘയെന്ന വലിയ കവയത്രിയെ മലയാളം അംഗീകരിക്കുമ്പോള്‍ ഈ ബ്ലോഗ്‌ ടീമിനും അഭിമാനിക്കാം
    നന്നായി അനഘാ..

    ReplyDelete
  32. കവിത വായിച്ചു, നന്നായിരിക്കുന്നു...ഒന്നാം തരം എഴുത്ത്. ഇനിയും നന്നായി എഴുതുക.അഭിനന്ദനങ്ങള്‍

    ReplyDelete
  33. ഭൂമിയെ ഹോസ്പിറ്റലില്‍ കൊണ്ടുപോയി ബ്ലഡ്‌ ടെസ്റ്റ്‌ നടത്തിയപ്പോള്‍ ചോര പോലും കിട്ടിയില്ല . ഭൂമിയില്‍ നിന്നും ചോര ഊറ്റുന്നവര്‍ക്ക് താക്കീത് അനഘയുടെ കൊച്ചുകവിതയില്‍ മുഴങ്ങുന്നു . ഇനിയും കവിതകള്‍ വിടരട്ടെ.പുഴയെ സ്കാന്‍ നടത്തിയാല്‍ മണലിന്‍ അംശം കണ്ടെന്നു വരില്ല . കടലിനെ ചെയ്താലോ പ്ലാസ്റ്റിക്‌ മാത്രം കണ്ടെന്നുവരും .അനഘാ ................വിഷയങ്ങള്‍ വന്നുകൊള്ളും ....... പേന നിലതുവെക്കരുത്.

    ReplyDelete
  34. അനഘ പ്രതിഭയുള്ള കുട്ടിയാണ്‌. ഭാവിയുടെ വാഗ്ദാനം. കവിത ഇഷ്ടമായി. ആശംസകള്‍.

    ReplyDelete
  35. @ കാഡ്ഉഭഭോക്താവ്
    വീഡിയോകള് രണ്ടും നന്നായിരിക്കുന്നു.
    കുട്ടികള്ക്കും അധ്യാപകര്ക്കും പ്രയോജനപ്പെടും.മൂന്നാം ഭാഗം ഇറക്കണം.

    ReplyDelete
  36. കവിതകള്‍ നന്നായിരിക്കുന്നു അനഘാ.ആശംസകള്‍.

    ഇത്തരം പ്രതിഭകളെ പരിചയപ്പെടുത്തുന്ന മാത്സ് ബ്ലോഗിന് അഭിനന്ദനങ്ങള്‍

    ReplyDelete
  37. നമ്മുടെ മുറ്റത്തെ കുഞ്ഞുമന്താരം പൂവിട്ടു

    ഇനി മറ്റു ചെടികളും ഉടനെ പൂക്കും

    അങ്ങനെ നമ്മുടെ മുറ്റം

    നന്തനോദ്യാനത്തെ പോലെ മനോഹരമാകും
    www.anti corruption force kerala.blogspot.com

    ReplyDelete
  38. അനഘയുടെ വരികള്‍ക്ക് മൂര്‍ച്ചയുണ്ട്. ആശയങ്ങള്‍ക്കും. വി.കെ ആദര്‍ശ് എഴുതിയത് വാസ്തവം, നമ്മുടെ സ്ഥിരം കവി കുറ്റികള്‍ ഇതു കണ്ടു പഠിക്കട്ടെ.

    ReplyDelete
  39. ഇനിയും നല്ല കവിതകളെഴുതാന്‍ സാധിക്കട്ടെ.

    ReplyDelete
  40. ഓഫ് ടോപ്പിക്കാണ് :

    "ഏതാണ്ട് ഒരു വർഷം മുമ്പ്, GeoGebra ഡൗൺലോഡ് ചെയ്ത്, install ചെയ്തിരുന്നു ഞാൻ. എന്നാൽ, രണ്ട് തവണ തുറന്നു നോക്കിയെങ്കിലും കാര്യമായി ഒന്നും ചെയ്യാൻ അറിയാത്തത് കൊണ്ട് തീരെ ഉപയോഗിച്ചതേയില്ല. എന്നാൽ,GeoGebra യുടെ പ്രാധാന്യം, ആവശ്യകത എന്നിവയെക്കുറിച്ച് അന്ന് അത്ര ബോധവാനായിരുന്നില്ല.
    പിന്നീട്, കൃത്യമായി പറഞ്ഞാൽ നവംബർ 1, 2010 ൽ മാത്സ് ബ്ലോഗ് സന്ദർശിക്കുകയും എറണാകുളം എം.ടിയായ സുരേഷ്ബാബു സാർ തയ്യാറാക്കിയ, മലയാളത്തിൽ വിശദീകരിക്കുന്ന മനോഹരമായ ജിയോജിബ്ര പഠന സഹായി കാണുകയും ചെയ്തു. ഒരു പാട് നേരം വായിച്ച് , ജിയോജിബ്രയിൽ ചെയ്തു നോക്കുമ്പോൾ, മറവിയും ആശയം ഗ്രഹിക്കാനുള്ള താമസവും കാരണം വീണ്ടും ആശയക്കുഴപ്പം.(വയസ്സനായി ത്തുടങ്ങിയൊ? സമ്മതിക്കാൻ ഒരു വിമ്മിഷ്ടം! അല്ലെങ്കിൽ തന്നെ , പഠനത്തിനു പ്രായം തടസ്സമേയല്ല തന്നെ!
    പിന്നീട് ഗോപകുമാര്‍ സാറും മാത്സ് ബ്ലോഗും കൂടി തായ്യാറാക്കിയ വീഡിയോ കണ്ടപ്പോൾ വീണ്ടും സ്വയം പഠിക്കണമെന്നും, പഠിച്ചത് മറക്കാതിരിക്കാൻ, screen capture ചെയ്യണമെന്നും തോന്നി. ഒരാൾ പഠിച്ചത്, മറ്റുള്ളർക്ക് പഠിപ്പിക്കുമ്പോഴാണ്‌ താനൊന്നും പഠിച്ചിട്ടില്ല എന്ന തിരിച്ചറിവുണ്ടാകുന്നത്. എന്തായാലും, ഞാൻ പഠിച്ചു കൊണ്ടിരിക്കുന്നത് സന്ദർശകരോട് പങ്കു വെക്കാൻ ശ്രമിക്കാം."

    ലക്ഷങ്ങളുടെ ഹിറ്റുകള്‍ മാത്രമല്ല മാത്സ് ബ്ലോഗിന്റെ നേട്ടം...
    ഈ തരത്തില്‍ ഉള്ള മനസുകള്‍ രൂപപ്പെടുത്തലുകള്‍ കൂടിയാണ്..

    കിട്ടുന്നത് ഡൗണ്‍ലോഡ് ചെയ്ത് നന്ദി വാക്ക് പോലും കമന്റു ചെയ്യാതെ പോകുന്നവര്‍ പോട്ടേന്ന്...

    ഇത്തരം ഒരു തിരിച്ചറിവ് പകര്‍ന്നു നല്‍കാന്‍ സാധിച്ചല്ലോ..
    അതു ആയിരം കമന്റുകള്‍ക്ക് തുല്യമല്ലേ..?

    ReplyDelete
  41. കുട്ടി കവിത നന്നായി എഴുതിയിരിക്കുന്നു. അഭിനന്ദിക്കണം. ശരി തന്നെ. പക്ഷെ അഭിനന്ദിച്ച് അഭിനന്ദിച്ച് കുട്ടിയുടെ ഭാവി മുളയിലേ നുള്ളരുത്. കവിതയോടൊപ്പമുള്ള വരികളില്‍ അല്പം പുകഴ്ത്തല്‍ കൂടിപ്പോയില്ലേ. കുട്ടി ഇനിയും എഴുതട്ടെ. ഇനിയും എത്രയോ ദൂരം കുട്ടിക്ക് പോകാനുണ്ട്.

    ReplyDelete
  42. "അഭിനന്ദിച്ച് അഭിനന്ദിച്ച് കുട്ടിയുടെ ഭാവി മുളയിലേ നുള്ളരുത്. കവിതയോടൊപ്പമുള്ള വരികളില്‍ അല്പം പുകഴ്ത്തല്‍ കൂടിപ്പോയില്ലേ."
    വേണ്ടെടോ ബോണ്ടേ, അഭിനന്ദിക്കണ്ട!
    വിമര്‍ശിച്ച് ശരിയാക്കിയെടുക്ക്!!
    എന്നിട്ട് ഇത്തരം ഇളംനാമ്പുകളെ മുളയിലേ നുള്ള്!!!
    മറ്റുള്ളവര്‍ ചെയ്യുന്നതെല്ലാം അതിനേക്കാള്‍ ഭംഗിയായി തനിയ്ക്കുകഴിയുമെന്ന അഹന്തയെന്നല്ലാതെ എന്തുപറയാന്‍?
    ഇങ്ങനേയും ഓരോ ജന്മങ്ങള്‍.
    ബോണ്ടാണത്രെ ബോണ്ട്.

    ReplyDelete
  43. ഒതുക്കത്തോടെ, എന്നാല്‍ കുറിക്കുകൊള്ളുന്ന, ജീവസ്സുറ്റ കവിതകള്‍. അഭിനന്ദനങ്ങള്‍

    ReplyDelete
  44. മലയാള സാഹിത്യശാഖ തന്‍ സര്‍ഗ്ഗ സംഭാവനെ
    നിന്നിലെ ഭാവനയ്ക് ഒരായിരം വന്ദനം
    സാഹിത്യ ലോകത്തില്‍ പൊന്‍വീണയാണു നീ
    നിന്നിന്‍ നിന്ന് ഉയരുന്നു കാവ്യ മന്ത്രങ്ങള്‍
    ഒരു നിമിഷമെങ്കിലും തനിച്ചിരിക്കുമ്പോള്‍
    നിന്നിലെ ഭാവന കവിതയായി വിരിയുന്നു
    ചില്ലിട്ട കണ്ണിലെ വീക്ഷണം പോലും
    ഈ ലോകത്തിന്‍ സപ്തവര്‍ണ്ണങ്ങളല്ലോ
    നേരിന്റെ പൊരുള്‍ തേടീ അലയുന്ന നിന്‍-
    യാത്ര ഇരുളില്‍ വെളിച്ചമായി തെളിയട്ടേ
    നിന്നിലെ പുഞ്ചിരി പോലും എഴുത്തുന്നു
    പുതിയൊരു കവിതതന്‍ ഭാവുക വര്‍ണ്ണങ്ങള്‍
    നീറുന്ന മനസ്സിന്റെ തേങ്ങലായി കവിതകള്‍
    ഒരു വേള നിന്നില്‍ നിന്ന് ഉണര്‍ന്നിരുന്നു
    വാക്കുകള്‍കൊണ്ട് നീ പുതിയൊരു വിപ്ലവം
    വാഗ്മയഘോഷത്തില്‍ സൃഷ്ടിച്ചു
    അര്‍ത്ഥബോധത്തിന്റെ തീ ചൂളയിലെഴുത്തിയ
    കവിതകള്‍ വീണ്ടും ജനിക്കട്ടേ നിന്നിന്‍
    വാക്കുകള്‍ കാവ്യശകലങ്ങളായി പൊഴിയട്ടേ
    തളരാതെ നിന്‍വിരല്‍ തുമ്പിന്‍ നിന്നും
    മലയാള സാഹിത്യ തനിമതന്‍ പുണ്യമേ
    അക്ഷയ ഖനിയാണ് നിന്നിലെ കവിതകള്‍

    ReplyDelete
  45. പ്രോത്സാഹനങ്ങളും നിര്‍ദേശങ്ങളും തന്നുകൊണ്ടിരിക്കുന്ന മാത്സ് ബ്ലോഗിന്റെ വായനക്കാര്‍ക്കും മാത്സ് ബ്ലോഗിനും വാക്കുകള്‍ക്കതീതംമായ നന്ദി.....

    ReplyDelete
  46. @ ബോബന്‍സ്,
    @ രാമൊഴി,
    @ ഉമേഷ് പിലിക്കൊട്,
    @ അതുല്‍ വി ദേവ്
    @ 'കഥാകാരന്‍' ശ്രീ,
    @ ശങ്കര്‍
    @ കിച്ചു,
    @ ബൈജു,
    @ സ്വതന്ത്ര ചിന്തകന്‍,
    @ ഒഴാക്കന്‍
    @ njbasil,
    @ Vayady,
    @ pghsponnani,
    @ kerala force,
    @ രാമചന്ദ്രന്‍ വെട്ടിക്കാട്ട്,

    ഒരു കൊച്ചു കുട്ടിയെ പ്രോത്സാഹിപ്പിക്കുന്നതിന് ബുലോകരുടെ അകൈതവമായ പിന്തുണ കണ്ടപ്പോള്‍ ഏറെ സന്തോഷം തോന്നി. ബ്ലോഗേഴ്സില്‍ ബഹുഭൂരിപക്ഷവും വളരെ തിരക്കുള്ളവരാണ്. പക്ഷേ ഒപ്പമുള്ളവരെ കൈപിടിച്ചുയര്‍ത്തുന്നതില്‍ യാതൊരു മടിയുമില്ലാത്ത നിരവധി പേരുള്ള ഒരു നല്ല സമൂഹത്തെ പ്രതിനിധാനം ചെയ്യുന്നവരാണ് ബുലോകര്‍. ഒരു പക്ഷേ നവാഗതരെ വലിപ്പച്ചെറുപ്പമില്ലാതെ, പ്രോത്സാഹിപ്പിക്കുന്നതില്‍ പ്രഥമസ്ഥാനീയര്‍ മലയാളി ബ്ലോഗേഴ്സായിരിക്കുമെന്നു എന്റെ അനുഭവം കൊണ്ടു തോന്നുന്നു. അനഘയെ മനസ്സു കൊണ്ടും ആശംസകള്‍ കൊണ്ടും അഭിനന്ദിച്ച ബുലോകത്തെ സുമനസ്സുകള്‍ക്ക് അകമഴിഞ്ഞ നന്ദി.

    ReplyDelete
  47. @ ആദര്‍ശ് സാര്‍,
    അങ്ങയുടെ ആശംസയും അഭിനന്ദനവും അനഘയുടെ എഴുത്തിനെ തുടര്‍ന്നും സ്വാധീനിക്കുമെന്നതില്‍ സംശയമില്ല.

    @ നിരക്ഷരന്‍,
    രമണീയമായ ഒരു പ്രകൃതിദൃശ്യം പോലെയുള്ള മനോഹരമായ ആശംസ. എണ്ണപ്പാടങ്ങളിലെ തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ അനഘയ്ക്കു നല്‍കിയ പ്രോത്സാഹനത്തിന് നന്ദി.

    @ പട്ടേപാടം റാംജി,
    കവിതയെക്കുറിച്ച് അധികമൊന്നും പറയാന്‍ അറിയില്ലെന്ന് പറഞ്ഞുവെങ്കിലും കവിത ആസ്വദിക്കാനുള്ള സഹൃദയത്വം
    അങ്ങയിലുണ്ടെന്ന് ഈ കമന്റ് കണ്ടാല്‍ അറിയാം. അങ്ങയുടെ കഥകള്‍ പോലെ ലളിതവും അര്‍ത്ഥവത്തുമായ ആശംസാഭിനന്ദനമാണ് കമന്റ്.

    @ പാവപ്പെട്ടവന്‍,
    ബ്ലോഗ് മീറ്റ് സംഘടിപ്പിക്കുന്നതിനു വേണ്ടിയുള്ള അങ്ങയുടെ അധ്വാനത്തെപ്പറ്റി മനോരാജ് പറഞ്ഞിരുന്നു. കൂട്ടായ്മ രൂപപ്പെടുത്താനുള്ള പരിശ്രമം പോലെ തന്നെ സഹബ്ലോഗേഴ്സിനെ പ്രോത്സാഹിപ്പിക്കാനുള്ള സന്മനസ്സിന് നന്ദി പറയട്ടെ. കൂടുതല്‍ ആത്മഗൗരവമുള്ള കവിതകള്‍ എഴുതാന്‍ കഴിയട്ടെ എന്ന ആശംസ തന്നെ വളരെ വലിയ പ്രോത്സാഹനം.

    @ സിദ്ധീക്ക് തൊഴിയൂര്‍,
    അനഘയുടെ കഴിവ് ജന്മസിദ്ധമാണെന്ന് എനിക്കും തോന്നാതിരുന്നില്ല. വരികളുടെ മൂര്‍ച്ച അത് സൂചിപ്പിക്കുന്നു. ആശംസയ്ക്ക് നന്ദി.

    @ രഞ്ജിത്ത് ചെമ്മാട്,
    അനഘയുടെ കവിതയിലെ ബാല്യത്തിന്റെ നിഷ്കളങ്കമായ ചേരുവകളും പാരിസ്ഥിതികമായ അരക്ഷിതാവസ്ഥകളും അസ്വസ്ഥകളുമാകാം കവിതയെ ഹൃദ്യമാക്കുന്നതും നമ്മെക്കൊണ്ട് ചിന്തിപ്പിക്കുന്നതും. ഈ കവിതയ്ക്ക് നല്‍കാവുന്ന ഒരു ആമുഖക്കുറിപ്പാണ് അങ്ങയുടെ കമന്റ്. ഇവിടെ നമുക്ക് ലഭിച്ച മികച്ച വിലയിരുത്തലുകളില്‍ ഒന്നാണ് ഈ കമന്റും.

    @ ഡോ. ജയന്‍ ഏവൂര്‍,
    അനഘയ്ക്ക് നല്‍കുന്ന ഒരു അനുഗ്രഹം കൂടിയാണ് അങ്ങയുടെ വരികള്‍. ഒരു കവയിത്രിക്ക് നല്‍കാവുന്ന, അവളൊരിക്കലും മറക്കാത്ത ദീര്‍ഘസുമംഗളമായ ഒരു അനുഗ്രഹം.

    @ മുരളീമുകുന്ദന്‍ ബിലാത്തിപട്ടണം,
    തീര്‍ച്ചയായും. അനഘയെപ്പോലുള്ളവരെ പ്രോത്സാഹിപ്പിക്കലാണ് നമ്മുടെ ലക്ഷ്യം. പ്രതിഭാധനരായ ഇത്തരം കുട്ടികളെ മലയാളത്തിന് പരിചയപ്പെടുത്താനാകുന്നത് ഒരു ഭാഗ്യം കൂടിയാണ്.

    @ കലാധരന്‍ സാര്‍,
    അങ്ങയുടെ അഭിനന്ദനം വിദ്യാഭ്യാസവകുപ്പിന്റെ തന്നെ ഒരു ആശംസയായാണ് ഞങ്ങള്‍ കാണുന്നത്. ഒപ്പം അനഘയ്ക്കും ഞങ്ങള്‍ക്കുമെല്ലാമുള്ള ഒരു അംഗീകാരമായും.
    OT: ഓരോ സ്ക്കൂളിലേയും മികവുകള്‍ ദിനം പ്രതി അങ്ങ് പ്രസിദ്ധീകരിക്കുന്നത് ആകാംക്ഷയോടെ ഞാന്‍ വായിക്കാറുണ്ട്. അവിടെ കാണുന്ന മികവുകള്‍ കുറേ സ്വാംശീകരിക്കാനാകുമല്ലോ. അതിന്റെ ഗുണം സ്ക്കൂളിനു മാത്രമല്ല. ഞങ്ങളുടെ കുട്ടികള്‍ക്ക് കൂടിയാണ്. എഴുത്ത് അഭംഗുരം തുടരണേ.

    @ സോണ ജി,
    പ്രോത്സാഹന ജനകം ഈ വ്യത്യസ്ത നാമധേയന്റെ കമന്റ്.

    @ കുമാര്‍ജീ,
    അനഘയുടെ കവിതകള്‍ക്ക് അച്ചടി മഷി പുരളുമെന്നതില്‍ സംശയമില്ല. അങ്ങനെയുണ്ടെങ്കില്‍ ബുലോകരചനകള്‍ പുസ്തകമാക്കപ്പെട്ടിട്ടുള്ളവരുടെ (നിങ്ങളുടെ) ഗണത്തിലേക്ക് അനഘ കൂടി എത്തും. ബൂലോക ഹാസ്യസാഹിത്യസമ്രാട്ട് കുമാര്‍ജിയുടെ അടുത്ത പുസ്തകം അടുത്തെങ്ങാനും ഇറങ്ങുന്നുണ്ടോ?

    @ മനോരാജ്,
    കൃതിയുടെ ആദ്യ പുസ്തകം ഇറങ്ങി അല്ലേ. എഴുതിത്തെളിഞ്ഞ നിങ്ങളുടെയെല്ലാം ആശംസ അനഘയ്ക്ക് മാര്‍ഗദര്‍ശകമാകും,

    @ ലീല ബായ്,
    കവിത ആസ്വദിച്ചതിനും അഭിനന്ദനം രേഖപ്പെടുത്തിയതിനും നന്ദി. താളം നല്‍കി ആലപിക്കാന്‍ അനഘ തന്നെ ഒന്നു ശ്രമിക്കട്ടെ. നമുക്കും ആവശ്യമായ സഹായങ്ങള്‍ ചെയ്യാം.

    @ നസീര്‍ കടിക്കാട്,
    ആനഘയുടെ കവിതയുടേതു പോലെ തന്നെ പലവുരു വായിച്ചു നോക്കാന്‍ തോന്നുന്ന ഒരു കമന്റ്. നന്ദി

    @ ഏ ആര്‍ നജീം,
    തീര്‍ച്ചയായും സാര്‍. ഈ പോസ്റ്റെഴുതുമ്പോള്‍ എന്റെ മനസ്സില്‍ തോന്നിയതെന്തോ അതാണ് അങ്ങിവിടെ കുറിച്ചത്.

    ReplyDelete
  48. കൂടാതെ ബ്ലോഗിലെ സജീവ സാന്നിധ്യങ്ങളായ
    രാമനുണ്ണിസാര്‍
    തോമാസ് സാര്‍
    വിജയന്‍ സാര്‍
    ജയരാജന്‍ സാര്‍,
    ഹോംസ് സാര്‍,
    കാഡ് ഉപയോക്താവ്,
    ലളിത ടീച്ചര്‍,
    കുബുദ്ധി,
    അസീസ് സാര്‍,
    ഷെമി ടീച്ചര്‍ എന്നിവര്‍ക്ക് നന്ദി പറയുന്നില്ല.

    പിന്നെ,
    @ * (ഒരു പേരിട്ടു കൂടേ മാഷേ)
    അങ്ങയുടെ കവിത ഘനഗംഭീരം.

    @ ജയിംസ് ബോണ്ട് 007,
    കവിതയ്ക്ക് നല്ല വാക്കു പറഞ്ഞതിനോടൊപ്പം അതിലുമിരട്ടി വിനിയോഗിച്ചത് മറ്റെന്തിനോ ആണ്. വളം കൂടിപ്പോയാല്‍ ചെടി നശിയുമെന്ന് വെച്ച് വളമിടാതിരിക്കാനാകുമോ? ഈ കുട്ടിക്ക് നല്‍കേണ്ട അര്‍ഹമായ പ്രോത്സാഹനം തന്നെയാണ് നല്‍കിയതെന്ന് ഇപ്പോഴും ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു. കുട്ടിക്ക് ഏറെ ദൂരം മുന്നോട്ട് പോകാനുണ്ടെന്ന് ഇവിടെ അഭിനന്ദമെഴുതിയ പലരും സൂചിപ്പിച്ചത് കണ്ടു കാണുമല്ലോ. പക്ഷേ അവരുടെ വാക്കുകളില്‍ രക്തം വമിപ്പിക്കാന്‍ ശേഷിയുള്ള ഒന്നുമുണ്ടായിരുന്നില്ല, പകരം ഹൃദയവിശാലതയുടെ, കുളിരിന്റെ, സംരക്ഷണത്തിന്റെ സുന്ദരസുഗന്ധമുള്ള ആശംസാപുഷ്പങ്ങളായിരുന്നു അതില്‍ കാണാനായത്. ഹോംസിനെക്കൊണ്ട് ഇത്തരമൊരു കമന്റെഴുതിക്കാന്‍ ഹേതുവായതും ആ വ്യത്യാസം തന്നെയായിരുന്നു. ഒപ്പം ഒന്നു കൂടി, ആശംസയും അഭിനന്ദനവുമുണ്ടായിരുന്നെങ്കിലും അങ്ങയുടെ കമന്റ് അനഘയെ എങ്ങനെയായിരിക്കും സ്വാധീനിച്ചിട്ടുണ്ടാവുക?

    ReplyDelete
  49. തീര്‍ച്ചതന്നെയിവള്‍, അര്‍ഘ്യമാണര്‍ഹയാ-
    ണപ്രമേയം കാവ്യലോകം ചമച്ചിടാന്‍
    മാറ്റുകൂടും നിന്റെ നാവിലൊരിത്തിരി
    പദ്യ പൈതൃകത്തേന്‍ തുള്ളിയിറ്റുകില്‍...!

    ReplyDelete
  50. കുറച്ചു ദിവസം തിരക്ക് ആയിരുന്നത് കാരണം ബ്ലോഗ്‌ നോക്കാന്‍ കഴിഞ്ഞില്ല.ഇപ്പോള്‍ വന്നു നോക്കിയപ്പോള്‍ കണ്ടതോ അനഘയുടെ മനോഹരമായ കവിത.
    ശ്രേഷ്ടമായ ചിന്തകള്‍ ആണ് അനഘയുടെ വരികളില്‍ കാണുന്നത്.നന്നായിരിക്കുന്നു അനഘ,ധാരാളം വായിക്കുക ഇനിയും എഴുതുക.കൂടുതല്‍ ഉയരങ്ങളില്‍ എത്താന്‍ മോളെ ദൈവം അനുഗ്രഹികട്ടെ.

    ReplyDelete
  51. Anagha,
    Congrats ................
    Sreejithmupliyam

    ReplyDelete
  52. ഭാവിയുടെ വാഗ്ദാനം തന്നെ, സംശയമില്ല. നല്ല കവിത....

    ReplyDelete
  53. “സ്വയം ചിന്തിപ്പിക്കുവാൻ” ഒരു സന്ദേശത്തിനു കഴിവുണ്ടെങ്കിൽ, ഈ സന്തേശം ഇനിയും അനഘയുടെ ചിന്തയിലെ ആ വെളിച്ചം കണ്ടെത്തട്ടെ എന്നാശംസിക്കുന്നു..

    ReplyDelete
  54. congrats....try to write more....
    all the best..

    ReplyDelete
  55. എല്ലാ വിധ നന്മകളുടെയും പ്രതീകമായ സിനിമയിലെ നായകന്‍ അനീതിയുടെയും അക്രമത്തിന്റെയും പ്രതീകമായ പ്രതിനയാകനെ (വില്ലനെ) അടിച്ചുനിരത്തി നിലം പരിശാക്കുന്നത് കാണുമ്പോള്‍ പ്രേക്ഷകര്‍ക്ക് എന്തെന്നില്ലാത്ത ഒരു ആവേശവും ആത്മസംതൃപ്തിയും അവുഭാവപ്പെടാരില്ലേ? അതെന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? യഥാര്‍ത്ഥജീവിതത്തില്‍ അക്രമത്തിനും അനീതിക്കുമെതിരെ പ്രതിക്കരിക്കണമെന്നു ആഗ്രഹമുണ്ടെങ്കിലും അതിനുള്ള ശേഷിയോ ശേമുഷിയോ ഇല്ലാത്തതിനാല്‍ എല്ലാം ഉള്ളിലൊതുക്കി കഴിയുന്നവരുടെ മുന്നില്‍വന്നു തങ്ങള്‍ക്കു കഴിയാത്ത കാര്യം നിര്‍വഹിച്ചതിലുള്ള സംതൃപ്തി ആണ് കൈയടിയിലൂടെയും ആഹ്ലാദ പ്രകടനത്തിലൂടെയും പ്രേക്ഷകര്‍ കാണിക്കുന്നത്. അതുപോലെ പ്രകൃതിയെയും സഹജീവികളെയും ഒരുപരിധിയുമില്ലാതെ ചൂഷണം ചെയ്യുന്നത് തടയാനാകാതെ അമര്‍ഷം ഉള്ളിലൊതുക്കി നിസ്സഹായരായി നില്‍ക്കുന്നവരുടെ ഹൃദയത്തിലെക്കാണ് അനഘായുടെ കവിത പൈതിറങ്ങിയത്. അഭിനന്ദനങ്ങളുടെ പ്രവാഹം അതാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ എല്ലാവിധ തിന്മകളില്‍ നിന്നും നായകന്‍വന്നു രക്ഷിച്ചുകൊള്ളും എന്ന് വിചാരിച്ചു ആരും സുഖനിദ്രയില്‍ ആണ്ടു പോകരുത്. അനഘാ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു .

    ReplyDelete
  56. അനഘയ്കതു മനസിസലായി,ഭുമിയുടെ ചോരവറ്റിയെന്ന്.മനുഷ്യര്‍ക്ക് എന്നിത് മനസ്സിലാവും.
    Congratulations Anakha.

    ReplyDelete
  57. അന്ധകാരത്തിലെ കാഴ്ച്ചകളൊക്കെയും
    അറിയാനുതകുന്നകൺകളുമായ്
    അറിവിന്റെലോകത്തുപടികയ്യറുന്നൊരീ
    അനഘയ്ക്കുനൂറുനൂറാശംസകൾ

    ReplyDelete
  58. A´-Im-c-¯n-eq-sSmcp Ip´-ap\ \o«n
    Nn´-I-sf-¼mSpw Ip¯n-sb-Sp-¯p\o
    ap´nb t_m[-§Ä Ihn-X-I-fm-bn-\n-d-bpt¼mÄ
    Ip´-ap-\-sbsâ s\©n sIm­p…….

    ReplyDelete
  59. എഴുത്തു തുടരുക.ആശംസകള്‍........

    ReplyDelete
  60. അനഘക്ക് ഭൂമി ഒരു കഥാപാത്രമാണ്. (മനുഷ്യര്‍ക്ക് ചൂഷണം ചെയ്യുന്നതിനുള്ള "സാധന"മാണ് ഭൂമിയെങ്കില്‍ അനഘക്ക് ഭൂമി ശരിക്കും ജീവനുള്ള ഒരു കുഞ്ഞാണ് .പൊട്ടനായ മനുഷ്യന്‍ ജീവനുള്ള ഭൂമിയില്‍ ജീവിച്ച് തനിക്കു മാത്രമേ ജീവനുള്ളൂ എന്ന് കരുതുന്നു.) അകമേ- കവിയായ, പുറമേ- ഒരു ഔദ്യാഗിക നിരൂപകനും ഇങ്ങനെയൊരു സംഭവം അറിയാത്തതിനാല്‍ കവിയാകാത്ത അനഘയുടെ കാവ്യം മുഴുവന്‍ അനഘയുടെ കണ്ടെത്തലുകളുടെ "കറുത്ത വെളിച്ചം" കൊണ്ട് വായനക്കാരുടെ മനസ്സില്‍ പച്ച കുത്തിയതുപോലെ തങ്ങി നില്‍ക്കുന്ന സിംബലുകളുടെ isi ക്കപ്പുറമുള്ള മുദ്രകളാണ്."മഴ കൊടുത്ത പാരസെറ്റ മോളില്‍" ഒരേ സമയം രണ്ടു അര്‍ത്ഥ ധ്വനിയുണ്ട്.മഴ ഒരേ സമയം മരുന്ന് നല്‍കുകയും അതേ സമയം രോഗം കൂട്ടുകയും ചെയ്തു.ഇന്നിന്റെ കാലപകര്‍ച്ചകള്‍ക്ക് ഒരു അര്‍ത്ഥ വിഗ്രഹം പണിതിരിക്കുന്നു ഈ കുട്ടി..നവ എഴുത്തുകാര്‍ക്ക് ഒരു സാഹിത്യ അക്കാദമി പണിയുകയാണെങ്കില്‍ അതിനു മുന്‍പില്‍ വെക്കേണ്ട വിഗ്രഹം ഈ വരികളാകട്ടെ!!! "കറുത്ത വെളിച്ചത്തില്‍ കറുത്തതെല്ലാം തെളിഞ്ഞു വരുന്നത് നമ്മള്‍ എത്രയോ കണ്ടു?കള്ളനും രക്ഷസ്സും ഈ കറുപ്പില്‍ വെളിച്ചം കണ്ടെത്തുന്നതും നമുക്കറിയാം.....പക്ഷെ, അനഘ കണ്ടെത്തിയത് അതല്ല. ഒന്നുമറിയാത്ത കുഞ്ഞു ഭൂമിയെ പ്രപഞ്ചത്തിന്റെ നടുക്ക് പിടിച്ചിരുത്തിയവരുടെ കണ്ണില്‍ കറുത്ത വെളിച്ചം കണ്ടപ്പോള്‍ നമ്മള്‍ ഞെട്ടുക തന്നെ ചെയ്യുന്നു.(ഈ കവിത എഴുതിയത് ഒരു കൊച്ചു കുട്ടിയാണെന്നതിനു ഈ വരികളില്‍ തന്നെ അടയാളമുണ്ട്.ഒന്നുമറിയാത്ത അനഘയേയും പലപ്പോഴും മുതിര്‍ന്നവര്‍ ഒരു സ്ഥലത്ത് ഇരിക്കെന്നു പറഞ്ഞു പിടിച്ചിരുത്തിയിട്ടുണ്ട്......)കവിതയുടെ ഒടുവില്‍ നല്‍കിയ ഫലശ്രുതി!!!!അതിലെ അന്ധന്‍ നമ്മെ പൊള്ളിക്കുന്നില്ലേ ?
    കുട്ടിത്തത്തിന്റെ ഭാവനകളില്‍ ഇത്രയേറെ അനുഭവങ്ങള്‍ വ്യവസ്ഥാപിത ലാവണ്യ ബോധത്തോടെ അവതരിപ്പിക്കാന്‍ കഴിഞ്ഞ അനഘെ..........................(ഈ കുത്തുകളുടെ മൌനം എല്ലാം
    റയുന്നില്ലേ)
    എന്ന്
    malayalamresources.blogspot.com

    ReplyDelete
  61. എല്ലാവര്‍ക്കും ഒരുപാട് നന്ദി...


    @savitham,
    ഫോണ്ട് മാറ്റിയപ്പോള്‍ കമന്‍റ് വായിക്കാന്‍ കഴിഞ്ഞു.. :)

    ReplyDelete
  62. അനഘക്ക് മനസ്സ് നിറഞ്ഞ അഭിനന്ദനങ്ങൾ

    ReplyDelete
  63. വരികള്‍ അര്‍ത്ഥവത്താണ് ... കവിതയിലെ വരികള്‍ മനുഷ്യമനസിലെക്കുള്ള ഏറു പടക്കങ്ങള്‍ ആയി മാറുമ്പോള്‍ മാത്രമേ അതിന്‍റെ അര്‍ത്ഥ തലങ്ങളെ കുറിച്ച് പ്രേക്ഷകന്‍ ചിന്തിക്കൂ ...
    അത് തന്നെയാണ് കവിതയുടെ സൌന്തര്യവും ... ഇനിയും ഇനിയും എഴുതുക... ആകാശത്തിനു കീഴിലെ എല്ലാം വിഷയത്തെയും അക്ഷരങ്ങളാക്കി മാറ്റുക.. വാക്കുകളാക്കി മാറ്റുക .. വരികളക്കി മാറ്റുക ...
    കവിയത്രിക് ഭാവുകങ്ങള്‍ .....
    .......... അനില്‍ മാറാടത്ത് ...

    ReplyDelete
  64. കുഞ്ഞു മനസിലും തോന്നിയല്ലോ
    വലിയവര്‍ക്കു തോന്നാത്തത്..............
    വലിയ ആശംസകള്‍

    മനോജ് എം കെ
    തിരുവനന്തപുരം

    ReplyDelete
  65. കവിത വളരെ നന്നായിട്ടുണ്ട് ഇനിയും ധാരാളം എഴുതണം അഭിനന്ദനങ്ങള്‍

    ReplyDelete
  66. കവിത വളരെ നന്നായിരിക്കുന്നു വീണ്ടും എഴുതുക

    ReplyDelete

ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.




Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.