Monday, October 11, 2010

ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ്സ് - 2010

കുട്ടികളില്‍ ശാസ്ത്രാവബോധം, ജിജ്ഞാസ, സര്‍ഗ്ഗാത്മക വാസന എന്നിവ വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രശാസ്ത്രസാങ്കേതിക വകുപ്പിന്‍റെ മേല്‍നോട്ടത്തില്‍ ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ് ഈ വര്‍ഷം ഡിസംബര്‍ 27 മുതല്‍ 31 വരെ നടക്കുന്നു. ഈ വിവരം അധ്യാപകരുമായി പങ്കുവെക്കുന്നത് പറവൂര്‍ എസ്.എന്‍.വി ഹയര്‍സെക്കന്ററി സ്ക്കൂളിലെ ലെ ശാസ്ത്ര അധ്യാപകനും OSST അംഗവും ഫിസിക്സ് അധ്യാപകന്‍ എന്ന പേരിലുള്ള ശാസ്ത്രബ്ലോഗ് കൈകാര്യം ചെയ്യുന്ന ഞങ്ങളുടെ സുഹൃത്തുമായ സി.കെ ബിജു മാഷാണ്. ഈ വിവരങ്ങളോടൊപ്പം അദ്ദേഹം അയച്ചു തന്ന ഒരു പ്രസന്റേഷനും താഴെ നല്‍കിയിട്ടുണ്ട്. എന്താണ് ഈ ബാലശാസ്ത്ര കോണ്‍ഗ്രസ്? നേരത്തേ ഇതേപ്പറ്റി കേട്ടിട്ടുണ്ടോ? ഇതൊരു ശാസ്ത്ര പ്രതിഭാ മത്സരമോ പരീക്ഷയോ അല്ല. 5 കുട്ടികളും ഒരു ടീച്ചര്‍ ഗൈഡും ചേര്‍ന്ന് മാസങ്ങള്‍ കൊണ്ട് പ്രത്യേക വിഷയത്തില്‍ പ്രൊജക്ട് നടത്തുന്നു. ആ പ്രവര്‍ത്തനത്തിന്റെ അവതരണം ബാലശാസ്ത്ര കോണ്‍ഗ്രസില്‍ നടത്തുന്നു. കുട്ടിക്ക് പരീക്ഷണങ്ങള്‍ സ്വയം ചെയ്തു നോക്കുന്നതിനും, ക്ളാസ്സിലെ മുഷിപ്പന്‍ പഠന രീതിയ്ക്ക് മാറ്റം ഉണ്ടാക്കുന്നതിനുമെല്ലാം ബാലശാസ്ത്ര കോണ്‍ഗ്രസ് അവസരം നല്‍കുന്നു. ഒപ്പം ഭൌതികവും സാമൂഹികവുമായ ചുറ്റുപാടുകളെക്കുറിച്ച് നേരിട്ട് പഠിക്കാനുള്ള അവസരവും, ഇന്ത്യയുടെ ഭാവിയെക്കുറിച്ച് സ്വപ്നങ്ങള്‍ കാണാനുള്ള സാധ്യതകളുമെല്ലാം കുട്ടിക്ക് ലഭിക്കുന്നുണ്ട്. ദേശീയതല സംഗമത്തിനു മുമ്പേ സംസ്ഥാന തലത്തിലും ജില്ലാതലത്തിലുമുള്ള സമ്മേളനങ്ങള്‍ നടക്കും. ദേശീയതലത്തില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്നും 16 ടീമുകള്‍ക്കാണ് സെലക്ഷന്‍ ലഭിക്കുക. അവര്‍ക്ക് (16 x 5 = 80 പേര്‍ക്ക് ) ഗ്രേസ് മാര്‍ക്കായി 74 മാര്‍ക്കും ലഭിക്കും. എന്നാണ് ഈ മത്സരങ്ങള്‍ നടക്കുക? കൂടുതല്‍ വിവരങ്ങള്‍ അറിയണമെന്നില്ലേ?

സംസ്ഥാനതല ബാലശാസ്ത്രകോണ്‍ഗ്രസ് നവംബര്‍ അവസാനവാരം കൊല്ലത്ത് വച്ചാണ് നടക്കുക. എറണാകുളം ജില്ലാതലബാലശാസ്ത്രകോണ്‍ഗ്രസ് ഒക്ടോബര്‍ 30 ന് GBHSS ആലുവയില്‍ വച്ച് നടക്കും. മറ്റു ജില്ലകളിലെ ബാലശാസ്ത്രകോണ്‍ഗ്രസുകളെപ്പറ്റിയുള്ള വിശദ വിവരങ്ങള്‍ അതാത് സയന്‍സ് ക്ലബ്ബ് സെക്രട്ടറിമാരില്‍ നിന്നും അറിയാം. 1993 ല്‍ ഡല്‍ഹിയില്‍ വച്ചാണ് ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ്സ് ആരംഭിച്ചത്. ഇത് 18- ാമത് ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ്സാണ്. എല്ലാ വര്‍ഷവും മുടങ്ങാതെ നടന്നു പോരുന്നു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നും ഉള്ള 10 മുതല്‍ 17 വയസുവരെ പ്രായമുള്ള 600 ല്‍പരം കുട്ടികള്‍ പങ്കെടുക്കുന്നു. ഇന്ത്യന്‍ പൌരത്വമുള്ള 10 മുതല്‍ 17 വയസ്സ് വരെ പ്രായമുള്ള കുട്ടികളടങ്ങിയ ഗ്രൂപ്പിന് ഇതില്‍ പങ്കെടുക്കാം. 2 പേര്‍ മുതല്‍ 5 പേര്‍ വരെയുള്ള അംഗങ്ങളായിരിക്കണം ഒരു ഗ്രൂപ്പിലുണ്ടാകേണ്ടത്. ജൂനിയര്‍ വിഭാഗത്തില്‍ (Junior Group) ഏറ്റവും പ്രായം കുറഞ്ഞ കുട്ടിക്ക് 10 വയസ്സ് പൂര്‍ത്തിയാകണം, ഏറ്റവും പ്രായം കൂടിയ കുട്ടിയ്ക്ക് 14 വയസ്സ് പൂര്‍ത്തിയാകാന്‍ പാടില്ല. സീനിയര്‍ വിഭാഗത്തില്‍ (Senior Group) ഏറ്റവും പ്രായം കുറഞ്ഞ കുട്ടിക്ക് 14 വയസ്സ് പൂര്‍ത്തിയാകണം, ഏറ്റവും പ്രായം കൂടിയ കുട്ടിയ്ക്ക് 17 വയസ്സ് പൂര്‍ത്തിയാകാന്‍ പാടില്ല. ഗ്രൂപ്പിന് ഒരു ഗൈഡ് (Guide) വേണം. സ്കൂളിലെ ഒരു ശാസ്ത്രാധ്യാപകനോ അധ്യാപികയോ ആകാം. അതല്ലെങ്കില്‍ ഇത്തരത്തിലുളള ഒരു അന്വേഷണാത്മക പ്രോജക്ട് (investigatory project) തയ്യാറാക്കുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ കഴിവുള്ള ഒരു വിദഗ്ധന്‍ ആകാം. എന്നാല്‍ കുട്ടികളുടെ മാതാപിതാക്കളോ അടുത്ത ബന്ധുക്കളോ ഗൈഡ് ആകാന്‍ പാടില്ല. അതുപോലെ തന്നെ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരുടേയും സംസ്ഥാന കോ-ഓര്‍ഡിനേറ്ററുടേയും മക്കള്‍ ദേശീയ ബാല ശാസ്ത്ര കോണ്‍ഗ്രസ്സില്‍ പങ്കെടുക്കാന്‍ പാടില്ലെന്നും നിബന്ധനയുണ്ട്.

ബാലശാസ്ത്ര കോണ്‍ഗ്രസിലേക്ക് അവതരിപ്പിക്കാനുള്ള പ്രൊജക്ട് തയ്യാറാക്കേണ്ടതെങ്ങനെയെന്നും അതിനു വേണ്ട തയ്യാറെടുപ്പുകളെന്തെന്നുമുള്ള കാര്യങ്ങള്‍ പരാമര്‍ശിക്കുന്ന ഒരു പ്രസന്‍റേഷന്റെ പി.ഡി.എഫ് കോപ്പി ഇതോടൊപ്പം നല്‍കുന്നു. താല്പര്യമുള്ളവര്‍ക്ക് ഈ വിഷയത്തേപ്പറ്റി കൂടുതല്‍ അറിയുന്നതിനും കുട്ടികളെ കാണിക്കുന്നതിനും സഹായിക്കുന്ന പ്രസന്റേഷന്‍ താഴെയുള്ള ലിങ്കില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുക്കാം.

Click here for the pdf presentation about NCSC

13 comments:

  1. അവര്‍ക്ക് (16 x 5 = 90 പേര്‍ക്ക് )എന്നത്
    തിരുത്തുമല്ലോ.

    ReplyDelete
  2. നന്ദി സാര്‍.
    ഇതാ തിരുത്തിയിട്ടുണ്ട്.

    ReplyDelete
  3. ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ് എന്ന് കേട്ടിട്ടുണ്ടെന്നല്ലാതെ ഞങ്ങള്‍ക്കൊന്നും കാര്യമായ അറിവില്ലായിരുന്നു. സവിസ്തരം പ്രതിപാദിച്ചിരിക്കുന്നു. ബിജുസാറിനും ഞങ്ങളുടെ സ്വന്തം ബ്ലോഗിനും ഒരുപാട് നന്ദി.ഗൂഗിള്‍ ബസില്‍, കേരളത്തിലെ ഐടി രംഗത്തെ ഉണര്‍വ്വിന്റെ ശില്പികളിലൊരാളായ വികെഎസ് സൂചിപ്പിച്ച പോലെ,പൊതുവിദ്യാഭ്യാസരംഗത്ത് ഈയടുത്ത കാലത്തുണ്ടായ മികവിന്റെ പരിച്ഛേദമാണ് ഈ ബ്ലോഗ്. നീണാള്‍ വാഴ്ക!

    ReplyDelete
  4. "ഇന്ത്യയുടെ ഭാവിയെക്കുറിച്ച് സ്വപ്നങ്ങള്‍ കാണാനുള്ള സാധ്യതകളുമെല്ലാം കുട്ടിക്ക് ലഭിക്കുന്നുണ്ട്."
    അതുവേണ്ടായിരുന്നു.
    എന്തിനാ പിഞ്ചുമനസ്സില്‍ ദു:സ്വപ്നങ്ങള്‍ കുത്തി നിറക്കുന്നത്?
    അഴിമതിയുടേയും,വര്‍ഗ്ഗീയതയുടേയും മറ്റുമൊക്കെ വ്യാപ്തി ഇപ്പോള്‍ വര്‍ദ്ധിക്കുന്നതുപോലെ തുടര്‍ന്നാല്‍, ഇന്ത്യയുടെ ഭാവി എത്ര ശോഭനമായിരിക്കും?

    ReplyDelete
  5. "ഇന്ത്യയുടെ ഭാവിയെക്കുറിച്ച് സ്വപ്നങ്ങള്‍ കാണാനുള്ള സാധ്യതകളുമെല്ലാം കുട്ടിക്ക് ലഭിക്കുന്നുണ്ട്."അതു സാക്ഷാൽക്കരിക്കാനുള്ള പ്രവർത്തനങ്ങൾ ഉണ്ടാകും. സ്വപ്നം വെറും സ്വപ്നമായി നിലനിൽക്കാനല്ലല്ലോ അറിവ് നിർമ്മിക്കപ്പെടുന്നത്.

    ReplyDelete
  6. The objective of the Children's Science Congress (CSC) was to make a forum available to children of the age group of 10-17 years, both from formal school system as well as from out of school, to exhibit their creativity to solve a societal problem experienced locally using science. This is a forum open to young scientists in the age group of 10 to 14 (lower age group) and 14-17 (upper age group) as on December 31 .A group of children can do the project with the help of scientists, school teachers, coordinators of school science clubs and activists of science-based voluntary organisations

    ReplyDelete
  7. @ഹോംസ് സാര്‍.
    ഇതുപോലെ ഒരു കമ്പ്യൂട്ടറും ഒരു ബ്ലോഗും നാം പണ്ട് സ്വപ്നം കണ്ടിരുന്നോ?അപ്പോള്‍ സ്വപ്നത്തില്‍ ഇല്ലാത്തതും സക്ഷാത്കരിക്കപ്പെടും- ഇതുപോലെ യുള്ള അറിവുകള്‍ പുറം ലോകത്തേക്ക്പകര്‍ന്നാല്‍.

    ReplyDelete
  8. ഞങ്ങളുടെ പ്രിയ സുഹൃത്ത് സി.കെ. ബിജു മാഷിന് നന്ദി രേഖപ്പെടുത്തട്ടെ. കാരണം, പല പരീക്ഷകളെക്കുറിച്ചും നമ്മുടെ കുട്ടികള്‍ക്ക് വലിയ ധാരണകളൊന്നുമില്ല. ആ നിലയ്ക്ക് അവര്‍ക്കും ഒട്ടേറെ അധ്യാപകര്‍ക്കും പുതിയ വിവരങ്ങള്‍ അറിയിക്കുന്നതായി ഈ പോസ്റ്റ്. ഈ വര്‍ഷമല്ലെങ്കില്‍ വരും വര്‍ഷങ്ങളിലെങ്കിലും ഈ മേഖലയില്‍ ശക്തമായ സാന്നിധ്യമറിയിച്ചു കൊണ്ട് മലയാളിക്കുട്ടികള്‍ മുന്നേറുന്നതിന് ചെറുതല്ലാത്ത ഒരു പങ്കു വഹിക്കാന്‍ നമുക്കു സാധിച്ചുവെന്ന് അഭിമാനിക്കാം. ഒരിക്കല്‍ക്കൂടി നന്ദി

    "ഇന്ത്യയുടെ ഭാവിയെക്കുറിച്ച് സ്വപ്നങ്ങള്‍ കാണാനുള്ള സാധ്യതകളുമെല്ലാം കുട്ടിക്ക് ലഭിക്കുന്നുണ്ട്."

    ആദ്യം കുട്ടികളിലുണ്ടാകേണ്ടതാ സ്വപ്നങ്ങളാണ്. പിന്നീടാണ് അവ സാക്ഷാത്ക്കരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. അതെ, ആദ്യം വേണ്ടത് ലക്ഷ്യമാണ്. അതിനു ശേഷമാണ് അതെത്തിപ്പിടിക്കാനുള്ള ശ്രമങ്ങളാണ് പിന്നീട് നടക്കേണ്ടത്. ആദരണീയനായ അബ്ദുള്‍കലാം പറഞ്ഞതുപോലെ കുട്ടികള്‍ സ്വപ്നം കാണട്ടെ ആദ്യം.

    ReplyDelete
  9. ബിജു മാഷെ, ഈ വാര്‍ത്ത തയ്യാറാക്കിയത് നന്നായി. ഇങ്ങനെയുള്ള പ്രതിഭാപ്രകടനങ്ങള്‍ കുട്ടികളുടെ ബൗദ്ധികവളര്‍ച്ചയ്ക്ക് വളരെ വളരെ സഹായമാകും. മാത്സ് ബ്ലോഗ് ഈയിടെയായി സ്കോളര്‍ഷിപ്പുകള്‍ക്കും പരീക്ഷകള്‍ക്കുമെല്ലാം പ്രാധാന്യം നല്‍കുന്നത് നല്ലൊരു പ്രവണതയാണ്. ഇന്ന് വിദ്യാഭ്യാസലോകത്തെ തുടിപ്പുകളെ പ്രതിഫലിപ്പിക്കാന്‍ ഈ ബ്ലോഗിനു കഴിയുന്നു എന്നതില്‍ അദ്ധ്യാപകര്‍ അഭിമാനിക്കുന്നു. മുന്‍കാലങ്ങളില്‍ ഇങ്ങനെയുള്ള വിവരങ്ങളറിയാന്‍ ഒരു വഴിയുമില്ലായിരുന്നു. ഇന്ന് ഏതു അറിയിപ്പുകളേപ്പറ്റി അറിയാനും ആദ്യമെത്തുക മാത്സ് ബ്ലോഗിലേക്കാണ്.

    ReplyDelete
  10. "എസ്.എസ്.എല്‍.സി എ-ലിസ്റ്റ് ഡാറ്റാ എന്റ്റി നടത്തുന്നതിന് സഹായകമായ സര്‍പ്രൈസ് പോസ്റ്റ് ഉടന്‍ പ്രതീക്ഷിക്കുക..."

    ആര്‍ത്തിയോടെ കാത്തിരിക്കുന്നു .
    അധികം വൈകരുത് .
    745 datas entry ചെയ്യേണ്ട ഈ SITC യുടെ പരിവേദനങ്ങള്‍ കൂടി പരിഗണിക്കണം .
    (നേരത്തെ ലിനക്സ്‌ പേജില്‍ കൊടുത്തിരുന്നത്)

    ReplyDelete
  11. മാത് സ് ബ്ലോഗ് കുട്ടികൾക്ക് ഒരു നല്ല വഴികാട്ടിയാവട്ടെ.
    ബിജു മാഷിനഭിനന്ദനങ്ങൾ

    ReplyDelete
  12. മാത്സ് ബ്ലോഗ് തുടങ്ങിയകാലം മുതല്‍ അതിന്റെ ഒരു follower ആണ് .
    പലപ്പോഴും ചെറിയതോതില്‍ കമന്റാറുണ്ട്. എന്നാല്‍ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു പോസ്റ്റ് .
    ഞാന്‍ നല്കിയ ചെറിയ വിവരത്തെ വളരെ മനോഹരമായ പോസ്റ്റാക്കിമാറ്റിയ ഹരിമാഷിനും പിന്നെ നിസാര്‍മാഷിനും ബ്ലോഗിന്റെ മറ്റ് അണിയപ്രവര്‍ത്തകര്‍ക്കും നന്ദി.

    ബാലശാസ്ത്രകോണ്‍ഗ്രസിന് ഓരോ രണ്ടു വര്‍ഷവും ഒരു പ്രത്യേക വിഷയമുണ്ട്. ഈ വര്‍ഷത്തെയും അടുത്തവര്‍ഷത്തെയും വിഷയം " കരയിലെ വിഭവങ്ങള്‍ : ഐശ്വര്യപൂര്‍ണ്ണമായ ഭാവിക്കായി കരുതലോടെ ഉപയോഗിക്കാം, കാത്തുസൂക്ഷിക്കാം" (Land Resources: Use for Prosperity, Save for Posterity) എന്നതാണ്. ഇതുമായി ബന്ധപ്പെട്ട പ്രോജക്ടുകളും ചെയ്യേണ്ട വിധവും വിവരിക്കുന്ന ഒരു Activity Guide സബ് ജില്ല സയന്‍സ് ക്ലബ്ബ് സെക്രട്ടറിമാരില്‍ നിന്നും ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്

    Prof. G. Sarschandran Nair,
    Former Chairman, NCSTC-Network,
    Director, Science Centre
    Jawahar Balabhavan,
    Kollam -691 001.
    Phone: 0474 - 2744365(off)
    o474 - 2746126(resi)
    എന്ന വിലാസത്തില്‍ ബന്ധപ്പെടുക.
    www.ncstc-network.org

    ReplyDelete
  13. ബിജുമാഷിനു നന്ദി. എനിക്കിത് പുതിയ അറിവാണ്. ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസിനെപ്പറ്റി ഇന്ന് എന്റെ സ്ക്കൂളിലെ സയന്‍സ് അധ്യാപകരോട് പങ്കുവെക്കുന്നുണ്ട്. ഇങ്ങനെയൊക്കെ സവിശേഷമായ പ്രതിഭാപ്രകടനങ്ങളും പരീക്ഷകളും ഉള്ള വിവരം ഇപ്പോഴായപ്പോഴാണ് അറിയുന്നത്. അതില്‍ പലതും മാത്സ് ബ്ലോഗിലൂടെയാണ്. മുമ്പും ചിലര്‍ക്കൊക്കെ ഇതറിയാം. പക്ഷെ അവരൊന്നും ഇക്കാര്യം മറ്റുള്ളവരോട് പറയാറില്ല. എന്തായാലും ആ ഒരു അവസ്ഥയ്ക്കാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്.

    ReplyDelete

ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.




Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.