ഉബുണ്ടുവിലെ നെറ്റ് വര്‍ക്കിങ്ങ്

>> Monday, October 31, 2011

ഉപജില്ലാ കലോത്സവം ഡാറ്റാ എന്‍ട്രിക്കായി സ്ക്കൂള്‍ ലാബില്‍ നിരത്തി വച്ചിരിക്കുന്ന കമ്പ്യൂട്ടറുകള്‍. പ്രിന്റര്‍ കണക്ട് ചെയ്ത സിസ്റ്റത്തില്‍ കാര്യമായി വര്‍ക്കു ചെയ്തു കൊണ്ടിരിക്കുന്ന സഹപ്രവര്‍ത്തകന്‍. അദ്ദേഹത്തെ ശല്യപ്പെടുത്താതെ തന്നെ മറ്റേതെങ്കിലും സിസ്റ്റത്തില്‍ നിന്നും പ്രിന്റ് കൊടുക്കുന്നു. പ്രിന്ററില്‍ നിന്നും കൃത്യമായി പ്രിന്റ് ലഭിക്കുന്നു. ഇത്തരമൊരു വിദ്യ നമ്മുടെ വിദ്യാലയങ്ങളിലും പരീക്ഷിക്കേണ്ടേ? ഇക്കാര്യം പരിഹരിക്കുന്നതിന് നെറ്റ്‍വര്‍ക്കിങ്ങിനെക്കുറിച്ചുള്ള ഒരു പോസ്റ്റ് മാത്‍സ് ബ്ലോഗില്‍ പ്രസിദ്ധീകരിക്കണമെന്ന് പലരും ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഉപജില്ലാ കലോത്സവവും ശാസ്ത്രമേളയുമെല്ലാം അരങ്ങു തകര്‍ക്കുമ്പോള്‍ ഈ പോസ്റ്റിന് ഏറെ പ്രസക്തിയുണ്ടെന്ന് ഞങ്ങള്‍ കരുതുന്നു. നെറ്റ്​വര്‍ക്ക് കേബിളുകള്‍ വലിച്ചിട്ടുണ്ടെങ്കില്‍ അത് കോണ്‍ഫിഗര്‍ ചെയ്യുന്നതിനുള്ള മാര്‍ഗമാണ് ഈ പോസ്റ്റില്‍ വിശദീകരിക്കുന്നത്. കൊല്ലം ജില്ലയിലെ അമൃത സംസ്കൃത ഹയര്‍സെക്കന്ററി സ്ക്കൂള്‍, പാരിപ്പളളിയില്‍ നിന്നുള്ള ബിനു സാറാണ് ഈ പോസ്റ്റ് നമ്മുടെ ആവശ്യപ്രകാരം തയ്യാറാക്കി അയച്ചു തന്നിരിക്കുന്നത്. എസ്.എസ്.എല്‍.സി എ ലിസ്റ്റ് ഡാറ്റാ എന്‍ട്രി സമയത്ത് സാങ്കേതിക രംഗത്തെ അദ്ദേഹത്തിന്റെ മികവ് നാം കാണുകയുണ്ടായതാണ്. ഈ പോസ്റ്റും ഏറെ ഗുണകരവും എന്നെന്നും ഉപകാരപ്പെടുന്നതുമാണ്. സ്ക്കൂളില്‍ ഒട്ടേറെ കമ്പ്യൂട്ടറുകളുണ്ടെങ്കിലും ഒന്നില്‍ മാത്രമേ ഇന്‍റര്‍നെറ്റ് ഫസിലിറ്റി ഉള്ളൂ എന്ന പ്രശ്നം ഒട്ടേറെ പേര്‍ നേരിടുന്നുണ്ട്. അതൊഴിവാക്കാമെന്നു മാത്രമല്ല, പ്രാക്ടിക്കല്‍ പരീക്ഷയുടെ മാര്‍ക്ക് കോപ്പി ചെയ്യ്തെടുക്കാന്‍ പെന്‍ഡ്രൈവുമായി എല്ലാ സിസ്റ്റങ്ങളിലേക്കും ഓടി നടക്കേണ്ട അവസ്ഥ ഭാവിയിലെങ്കിലും നമുക്ക് ഒഴിവാക്കാന്‍ കഴിയും. അതെങ്ങനെയെന്ന് ചുവടെ വിശദീകരിച്ചിരിക്കുന്നു. ഒപ്പം ഏറ്റവും ഒടുവിലായി വിന്‍ഡോസ്-ഉബുണ്ടു ഫയല്‍ ഷെയറിങ്ങും സ്ക്കൂള്‍ ലാബിലെ മറ്റു കമ്പ്യൂട്ടറുകളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ നമ്മുടെ കമ്പ്യൂട്ടറില്‍ കാണുന്നതിനുള്ള മാര്‍ഗവും ചേര്‍ത്തിരിക്കുന്നു.

ശാസ്ത്രമേള-കലോത്സവം-സ്പോര്‍ട്സ് സോഫ്റ്റ്‌വെയറുകള്‍ നെറ്റ് വര്‍ക്കിലൂടെ ഉപയോഗിക്കാന്‍ വേണ്ടി മാത്രം


1. മോഡത്തില്‍ നിന്നും wired ആയി ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭിക്കുന്നുണ്ടോയെന്ന് നോക്കുക. ഇന്റര്‍നെറ്റ് ലഭിക്കുന്നുണ്ടെങ്കില്‍ നെറ്റ് വര്‍ക്ക് ചെയ്യാം.
* (ലാപ്‌ടോപ്പാണെങ്കില്‍ നെറ്റ് വര്‍ക്ക് കണക്ഷന്റെ ഐക്കണില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Enable wirless ലെ ടിക് മാര്‍ക്ക് കളഞ്ഞ് വേണം പരീക്ഷിക്കാന്‍ )
** (ഇന്റര്‍നെറ്റ് കിട്ടുന്നില്ലെങ്കില്‍ നെറ്റ് വര്‍ക്ക് ഐക്കണില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Edit Connections എടുക്കുക. wired connection ന്റെ edit ല്‍ ക്ലിക്ക് ചെയ്ത് IPV4 settings ലെ method ല്‍ DHCP ആക്കിക്കൊടുക്കുക. wired ല്‍ ഉള്ളത് Delete ചെയ്ത് add ബട്ടണ്‍ വഴി പുതിയൊരു കണക്ഷനെടുത്ത് Edit വഴി മുകളിലെ വരിയില്‍ പറഞ്ഞ പോലെ ചെയ്യുക.)
(*** System - administration - users & Group എടുത്ത് എല്ലാ പെര്‍മിഷനും നല്‍കണം)

2. നെറ്റ് വര്‍ക്ക് ചെയ്യേണ്ട എല്ലാ സിസ്റ്റത്തിലും ഇതു പോലെ ചെയ്തതിനു ശേഷം എല്ലാം ഓഫ് ചെയ്ത് വെക്കുകയും തുടര്‍ന്ന് ഓരോന്നോരോന്നായി ഓണാക്കുകയും ചെയ്യുക. (ഓരോ സിസ്റ്റത്തിനും വ്യത്യസ്ത IP Address ലഭിക്കാനാണിത്) ഏത് സിസ്റ്റത്തിലാണോ offline software ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നത് അതാണ് സെര്‍വര്‍. അതിലെ നെറ്റ്‌വര്‍ക്ക് ഐക്കണില്‍ റൈറ്റ് ക്ലിക്ക് ചെയ്യുമ്പോള്‍ Connection Information ല്‍ അതിന്റെ IP Address നമുക്ക് കാണാനാകും. അത് ഓര്‍മ്മിച്ചു വെക്കണം.

3. അതിനു ശേഷം നെറ്റ് വര്‍ക്ക് ചെയ്തിരിക്കുന്ന സിസ്റ്റങ്ങളിലെ ബ്രൗസര്‍ തുറന്ന് സെര്‍വറിന്റെ അഡ്രസ് ബാറില്‍ ഐപി അഡ്രസ് നല്‍കി തുടര്‍ന്ന് സെര്‍വറിലെ local host എന്നു കഴിഞ്ഞു വന്നിരിക്കുന്ന ഭാഗം അതേ പടി ടൈപ്പ് ചെയ്യുക.

ഉദാ: സെര്‍വറിന്റെ IP Adress 192.168.1.3 ആണെങ്കില്‍ നെറ്റ് വര്‍ക്കില്‍ ഉള്ള അടുത്ത സിസ്റ്റത്തില്‍ ശാസ്ത്രമേള എന്റര്‍ ചെയ്യേണ്ടത് താഴെ പറയുന്ന പോലെ
http://192.168.1.3/sciencefair_subdistrict/index.php എന്നായിരിക്കും. ശാസ്ത്രമേളയ്ക്കും ഉപജില്ലയ്ക്കുമെല്ലാം സാധാരണഗതിയില്‍ ഇത്രയും മതി നെറ്റ് വര്‍ക്കിങ്ങ്.

ഇനി നമുക്ക് കാര്യഗൗരവത്തോടെ ഫയല്‍ ഷെയറിങ്ങും പ്രിന്റര്‍ ഷെയറിങ്ങുമെല്ലാം എപ്രകാരമാണെന്ന് നോക്കാം. Network ചെയ്തിട്ടുളള computer കളില്‍ operating system ത്തില്‍ ചെയ്യേണ്ട മാറ്റങ്ങള്‍ മുതല്‍ ഓരോ സ്റ്റെപ്പും കൃത്യമായി ചെയ്യുക.

Network IP Address set ചെയ്യാന്‍
System –‍‍‍ Preferences – Network Connections. എന്ന option select ചെയ്യുക.
അതിനു ശേഷം വരുന്ന ജാലകത്തില്‍ Auto eth0 select ചെയ്ത് Edit click ചെയ്യുക

ഇപ്പോള്‍ തുറന്നു വരുന്ന 'Editing Auto eth0' എന്ന ജാലകത്തിലെ ‘IPv4 Settings’ tab select ചെയ്ത് method എന്ന option ല്‍ manual ആക്കുക. അതിനു ശേഷം Add ബട്ടനില്‍ click ചെയ്ത് IP address താഴെ പറയുന്ന രീതിയില്‍ set ചെയ്യുക.

Address : 192.168.0.1 ( ഒരോ കമ്പ്യൂട്ടറിനും വ്യത്യസ്ത Address നല്‍ക്കുക. Eg : 192.168.0.2, 192.168.0.3 etc)
Netmask : 255.255.255.0
Gateway : 192.168.1.1 ( Internet Modem IP address)
DNS servers: 192.168.1.1 ( Internet Modem IP address)
Apply ബട്ടണ്‍ അമര്‍ത്തുക. അതിനു ശേഷം Network restart ചെയ്യുക.

Network restart ചെയ്യാന്‍
Applications-Accessories-Terminalഎന്ന ക്രമത്തില്‍ ടെര്‍മിനല്‍ തുറന്ന്
sudo /etc/init.d/networking restart എന്ന് ടൈപ്പ് ചെയ്ത് Enter അടിക്കുക

മുകളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ network ചെയ്ത ഓരോ computer ലും അവര്‍ത്തിക്കുക. ഓരോ computerനും പ്രത്യേകം IP address നല്‍ക്കാന്‍ മറക്കരുത്.

Printer share ചെയ്യാന്‍
Printer connect ചെയ്തിട്ടുളള computer ല്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍
System–Administration–Printing എന്ന option select ചെയ്യുക.
ഇപ്പോള്‍ computer ല്‍ add ചെയ്ത printer കാണാം.
ഇതില്‍ Server–Settings എന്ന option select ചെയ്യുക.
അതിലെ എല്ലാ ഓപ്ഷനിലെയും check box click ചെയ്യുക. Ok ബട്ടണ്‍ അമര്‍ത്തുക.
Install ചെയ്ത printer ല്‍ right click ചെയ്ത് shared option select അണോ എന്ന് പരിശോധിക്കുക. Select അല്ലായെങ്കില്‍ select ചെയ്യുക.

Network ചെയ്ത computer കളില്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍

System–Administration–Printing എന്ന option select ചെയ്യുക.
ഇപ്പോള്‍ കിട്ടുന്ന printing എന്ന ജാലകത്തില്‍ add ബട്ടണ്‍ select ചെയ്യുക.
ഇപ്പോള്‍ കിട്ടുന്ന New printer ജാലകത്തില്‍ Select Device എന്ന option ല്‍ Network Printer select ചെയ്യുക.
തുടര്‍ന്ന് വരുന്ന option നില്‍ Find Network Printer select ചെയ്യുക.
ഇപ്പോള്‍ കിട്ടുന്ന ജാലകത്തില്‍ Host എന്ന option ന് നേര്‍ക്ക് printer connect ചെയ്ത computer ന്റെ IP address type ചെയ്ത് Find ബട്ടണ്‍ അമര്‍ത്തുക.
കുറച്ച് സമയത്തിന് ശേഷം printer find ചെയ്ത് verify option കാണിക്കും.
verify ബട്ടണ്‍ click ചെയ്ത് verify ചെയ്യുക.
അതിനു ശേഷം Forward ബട്ടണ്‍ അമര്‍ത്തുക.
Printer driver install ചെയ്തതിനു ശേഷം വരുന്ന ജാലകത്തില്‍ Apply ബട്ടണ്‍ അമര്‍ത്തുക.
ഇപ്പോള്‍ network printer add ആയി കഴിഞ്ഞു.
ഇതേ രീതിയില്‍ share ചെയ്ത windows printer നെ network printer ആയി add ചെയ്യാം

File Sharing ( Connect to sever)
Places–Connect to server എന്ന option select ചെയ്യുക.

ഇപ്പോള്‍ കിട്ടുന്ന ജാലകത്തില്‍ service type SSH select ചെയ്യുക.
Server എന്ന option ന് നേര്‍ക്ക് connect ചെയ്യാനുളള computer ന്റെ IP address type ചെയ്യുക. connect ബട്ടണ്‍ അമര്‍ത്തുക.


Connect ചെയ്യാനുളള computer ന്റെ user name ഉം password ഉം type ചെയ്ത് login ചെയ്യുക.
File sharing ( Windows & Linux) samba വഴി
  • Windows ഉം Linux ഉം തമ്മില്‍ file, printer തുടങ്ങിയവ share ചെയ്യാന്‍ ഉപയോഗിക്കുന്ന ഒരു free software ആണ് samba .
  • Synaptic package manager വഴി computer ല്‍ samba install ചെയ്തിട്ടുണ്ടോ എന്ന് പരീശോധിക്കുക.
  • ഇല്ലായെങ്കില്‍ internet connect ചെയ്ത computer കളില്‍ terminal ല്‍ sudo apt-get install samba smbfs എന്ന് type ചെയ്ത് enter അമര്‍ത്തുക
UBUNTU – WINDOWS File sharing

Terminal ല്‍ nautilus smb://IP address (file access ചെയ്യാനുളള computer ന്റെ IP address) type ചെയ്ത് enter അമര്‍ത്തുക
Eg : nautilus smb://192.168.0.1
ഇപ്പോള്‍ പുതിയൊരു nautilus ജാലകത്തില്‍ share ചെയ്ത windows file കള്‍ കാണാം.
windows ല്‍ നല്‍കിയിരിക്കുന്ന sharing option ന് അനുസരിച്ച് ഈ file കളെ മാറ്റം വരുത്താന്‍ സാധിക്കും.

UBUNTU – UBUNTU File sharing

Ubuntu വില്‍ folder ന് sharing permission നല്‍കുന്നതിന്

share ചെയ്യാനുളള folder ല്‍ right button അമര്‍ത്തി sharing option select ചെയ്യുക. ( sharing option ലഭിക്കണമെങ്കില്‍ computer ല്‍ samba install ചെയ്തിരിക്കണം) folder ന് അവശ്യമായ sharing option കള്‍ നല്‍കി create share button അമര്‍ത്തുക.

Terminal ല്‍ nautilus smb://ip address (file access ചെയ്യാനുളള computer ന്റെ IP address) type ചെയ്ത് enter അമര്‍ത്തുക
Eg : nautilus smb”//192.168.0.1
ഇപ്പോള്‍ പുതിയൊരു nautilus ജാലകത്തില്‍ share ചെയ്ത file കള്‍ കാണാം.

Remote Desktop

മറ്റ് computer കളുടെ Desktop കാണുന്നതിനും നിയന്ത്രിക്കുന്നതിനും സഹായിക്കുന്ന സങ്കേതമാണ് ' Remote Desktop'. ഇത് പ്രവര്‍ത്തനക്ഷമമാക്കുന്നതിന് രണ്ട് ഘട്ടങ്ങളുണ്ട്.

ഡെമോണ്‍സ്റ്റ്രേഷന്‍ നടത്തുന്ന computer ലെ മറ്റ് computer കള്‍ക്ക് കാണാന്‍ അനുവദിക്കല്‍

System–Preferences–Remote Desktop തിരഞ്ഞെടുക്കുക.
Allow other users to view your desktop ടിക്ക് ചെയ്യുക.
ഈ computer ല്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ മറ്റ് computer കളില്‍ നിന്നും നിയന്ത്രിക്കുവാന്‍ അനുവാദം കൊടുക്കുന്നതിന് " Allow other users to control your Desktop" ടിക്ക് ചെയ്യുക.

Security option ല്‍ അവശ്യമായ മാറ്റങ്ങള്‍ വരുത്തുക.

ഡെമോണ്‍സ്റ്റ്രേഷന്‍ കാണേണ്ട computer ല്‍ " Remote Desktop “ ദൃശ്യമാക്കുന്നതിനുളള program പ്രവര്‍ത്തിപ്പിക്കല്‍

Terminal തുറന്ന് vncviewer IP address എന്ന് type ചെയ്ത് enter അമര്‍ത്തുക
Eg : vncviewer 192.168.0.3
പുതിയ ജാലകത്തില്‍ network ല്‍ ഉള്‍പ്പെട്ട , നിങ്ങള്‍ ആവശ്യപ്പെട്ട computer ന്റെ Desktop കാണാം.
(computer ല്‍ vncviewer install ചെയ്തിരിക്കണം)


Read More | തുടര്‍ന്നു വായിക്കുക

മാത്‌സ് ബ്ലോഗ് പിന്നിട്ടത് 1000 ദിനങ്ങള്‍! സഹസ്രം! സഹര്‍ഷം!!

>> Saturday, October 29, 2011

മാത്‌സ് ബ്ലോഗ് ആരംഭിച്ചിട്ട് ആയിരം ദിനം പിന്നിട്ടു. ഈ ബ്ലോഗ് ആരംഭിച്ച അന്ന് എത്ര ആവേശത്തോടെയാണ് ഞങ്ങള്‍ ഇതിനായി സമയം മാറ്റി വെച്ചത് അതിലേറെ ആവേശത്തോടെയാണ് ഇന്നും ബ്ലോഗിനു വേണ്ടി സമയം നീക്കി വെക്കുന്നതും. മലയാളികളായ അധ്യാപകരെ കോര്‍ത്തിണക്കാനും അവര്‍ക്കായി ഒരു ചര്‍ച്ചാ വേദി ഒരുക്കാനും സാധിച്ചതില്‍ ഞങ്ങളേറെ സന്തോഷിക്കുന്നു. ബ്ലോഗിനൊപ്പം നിന്നവരുടെ പേരുകള്‍ വിവരിക്കുന്നില്ല. അതിന് ഈ ഒരു വേദി പോരാതെ വരും. ബ്ലോഗിനു വേണ്ടി ആവേശത്തോടെ വാദിക്കുന്ന, ഞങ്ങളെ ഇതേ വരെ നേരിട്ടു കാണാത്തവരായ അനവധി അധ്യാപകരുണ്ട്. അവരാണ് ഞങ്ങളുടെ ബലം.

ഈ കൂട്ടായ്മ ഇതിലും ശക്തമായ രീതിയില്‍ തുടര്‍ന്നുകൊണ്ടുപോകുവാന്‍ എല്ലാ സുമനസ്സുകളുടേയും സ്നേഹവും സഹകരണവും കാംക്ഷിക്കുന്നു.

നിങ്ങള്‍ ഞങ്ങളോടൊപ്പം! അതെ ഞങ്ങള്‍ നിങ്ങളോടൊപ്പം!!
ആശംസാ കമന്റുകള്‍ക്കുപരിയായി, ഈ കൂട്ടായ്മ കൂടുതല്‍ വിപുലമാക്കാന്‍ നിങ്ങള്‍ക്കെന്തുചെയ്യാന്‍ കഴിയുമെന്നുകൂടി സൂചിപ്പിക്കാന്‍ സ്നേഹപൂര്‍വ്വം നിര്‍ബന്ധിക്കുന്നു.


Read More | തുടര്‍ന്നു വായിക്കുക

ശാസ്ത്രമേളയുടെ ഓഫ്‌ലൈന്‍ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റലേഷന്‍

>> Wednesday, October 26, 2011

ഇക്കൊല്ലത്തെ സ്കൂള്‍ ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഐടി പ്രവൃത്തിപരിചയ മേളകള്‍ പൂര്‍ണമായും ഓണ്‍ലൈനാക്കാനുള്ള സംവിധാനം ഐടി.@സ്കൂള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണല്ലോ. ഇതോടെ വിദ്യാഭ്യാസ വകുപ്പിലെ എല്ലാ മേളകളും ഐടി@സ്കൂളിന്റെ നേതൃത്വത്തില്‍ ഇലക്ട്രോണിക് സംവിധാനത്തിലേക്ക് മാറും. ഒരൊറ്റ ഇന്റര്‍ഫേസില്‍ അഞ്ചുമേളകളും (ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഐ.ടി. പ്രവൃത്തിപരിചയം) നടത്താന്‍ കഴിയുന്ന വിധത്തിലാണ് പോര്‍ട്ടലിന്റെ ഘടന. ഇപ്പോള്‍ എല്ലാ സ്ക്കൂളുകളും തന്നെ അവരവരുടെ സ്ക്കൂളില്‍ നിന്നും മത്സരിക്കുന്ന വിദ്യാര്‍ത്ഥികളുടെ പേരുവിവരങ്ങളും മത്സരയിനങ്ങളുമെല്ലാം തന്നെ ഓണ്‍ലൈന്‍ പോര്‍ട്ടലിലേക്ക് എന്റര്‍ ചെയ്തു കഴിഞ്ഞല്ലോ. ഇനി ഇതെല്ലാം കണ്‍ഫേം ചെയ്ത ശേഷം എ.ഇ.ഒ തലത്തില്‍ ഉപജില്ലാതല മത്സരങ്ങളുടെ നടത്തിപ്പിനായി ഇത് csv ഫയല്‍ രൂപത്തില്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാന്‍ കഴിയും. ആ വിവരങ്ങള്‍ നമുക്ക് നല്‍കിയിരിക്കുന്ന ഓഫ്‌ലൈന്‍ സോഫ്റ്റ്‌വെയറിലേക്ക് ഇംപോര്‍ട്ട് ചെയ്യുകയും തുടര്‍ന്ന് പാര്‍ട്ടിസിപ്പന്റ് കാര്‍ഡ്, ടാബുലേഷന്‍, സര്‍ട്ടിഫിക്കറ്റ് എന്നിവ പ്രിന്റെടുക്കാനും കഴിയും. ഇപ്രകാരം ടാബുലേഷനും മറ്റും ചെയ്തെങ്കില്‍ മാത്രമേ ഉപജില്ലാതല മത്സരവിജയികളുടെ വിവരങ്ങളടങ്ങിയ csv ഫയല്‍ ജില്ലാ തല മേളയ്ക്കായി ജില്ലാകണ്‍വീനര്‍മാര്‍ക്ക് നല്‍കാന്‍ കഴിയൂ. അതുകൊണ്ടു തന്നെ സബ്​ജില്ലാതല മത്സരങ്ങളുടെ എല്ലാ ഘട്ടവും ഈ ഓഫ്​ലൈന്‍ സോഫ്റ്റ്‌വെയറിലേക്ക് എന്റര്‍ ചെയ്യേണ്ടത് അതാത് സബ്‌ജില്ലാ കണ്‍വീനര്‍മാരുടെ ചുമതലയാണ്. എങ്ങിനെയാണ് നമുക്ക് ലഭിച്ച ഓഫ്‌ലൈന്‍ സോഫ്റ്റ്‌വെയറിന്റെ ഇന്‍സ്റ്റലേഷന്‍ നടത്തുക? അതിനുള്ള സ്റ്റെപ്പുകള്‍ ചുവടെ നല്‍കിയിരിക്കുന്നു.

1. നമ്മുടെ കയ്യിലുള്ള ശാസ്ത്രമേളയുടെ tar.gz എന്ന എക്സ്റ്റെന്‍ഷനുള്ള ഫയല്‍ എക്സ്ട്രാക്ട് ചെയ്യുക. (ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് extract here എന്നു നല്‍കിയാലും മതി)

2. മുകളില്‍ കാണുന്നതു പോലെ software എന്ന ഫോള്‍ഡറും, installer, lampstart, lampstop, scf_sub_users.pdf, എന്നീ നാലു ഫയലുകളും എക്സ്ട്രാക്ട് ചെയ്യുമ്പോള്‍ കാണാന്‍ കഴിയും.
3. ഇതില്‍ Installer എന്ന ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Properties എടുത്ത ശേഷം അതിലെ permissions മെനുവെടുത്ത് execute പെര്‍മിഷനില്‍ ടിക് നല്‍കുക.

4. തുടര്‍ന്ന് Installer ഫയലില്‍ ഡബിള്‍ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന ജാലകത്തില്‍ Run in terminal ല്‍ ക്ലിക്ക് ചെയ്യുക.
5. ഈ സമയം ടെര്‍മിനല്‍ തുറക്കപ്പെടുകയും താഴെ കാണുന്ന പോലെ റൂട്ട് പാ​സ്‌വേഡ് ചോദിച്ചു കൊണ്ടുള്ള ജാലകം പ്രത്യക്ഷപ്പെടുകയും ചെയ്യും.
Installing Subdistrict Science Fair Software... .
Please enter root's password.
[sudo] password for ​XXXX:

റൂട്ട് പാസ്‌വേഡ് നല്‍കിക്കഴിയുമ്പോള്‍ ഇന്‍സ്റ്റലേഷന്‍ നടക്കുന്നത് നമുക്കു കാണാം.
Installation completed. Close This Terminal or press Ctrl+C എന്ന മെസ്സേജ് വരുന്നതോടെ ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയായതായി കണക്കാക്കാം. മെസ്സേജില്‍ പറഞ്ഞ പോലെ ടെര്‍മിനല്‍ ക്ലോസ് ചെയ്യാനായി കണ്‍ട്രോള്‍ കീയും c ബട്ടണും കൂടി ഒരുമിച്ച് പ്രസ് ചെയ്യുക.

NB: ഇന്‍സ്റ്റലേഷന്‍ കഴിഞ്ഞാല്‍ installer എന്ന ഫയല്‍ ഡിലീറ്റ് ചെയ്തു കളയുക. കാരണം, ഡാറ്റാ എന്‍ട്രിക്കിടെ അറിയാതെയെങ്ങാന്‍ installer ഫയലില്‍ ക്ലിക്ക് ചെയ്തു പോയാല്‍ വീണ്ടും ഇന്‍സ്റ്റലേഷന്‍ നടക്കുകയും എന്റര്‍ ചെയ്ത എല്ലാ വിവരങ്ങളും നഷ്ടപ്പെടുകയും ചെയ്യും.

6. ഇനി നമുക്ക് ഓഫ്‌ലൈന്‍ സോഫ്റ്റ്‌വെയര്‍ തുറക്കാം. അതിനായി മോസില്ല ഫയര്‍ഫോക്സ് ബ്രൗസര്‍ എടുത്ത് അതില്‍ localhost എന്നു ടൈപ്പ് ചെയ്ത് എന്റര്‍ ചെയ്യുക. ഉടന്‍ താഴെ കാണിച്ചിരിക്കുന്ന ശാസ്ത്രമേളയുടെ ഓഫ്‌ലൈന്‍ സോഫ്റ്റ്‌വെയറിന്റെ ഹോംപേജ് തുറന്നു വരുന്നു.


7 ഇവിടെ യൂസര്‍ നെയിമും പാസ്‌വേഡും നല്‍കുക. യൂസര്‍ നെയിം എ.ഇ.ഒ അഡ്മിന്റെ യൂസര്‍ നെയിം തന്നെയായിരിക്കും. (എ.ഇ.ഒ അഡ്മിനോട് ചോദിച്ചാല്‍ യൂസര്‍ നെയിം ലഭിക്കും). പാസ് വേഡ് admin123 എന്നാണ് നല്‍കേണ്ടത്.

NB: നമ്മുടേതല്ലാത്ത മറ്റേതെങ്കിലും ഉപജില്ലയുടെ യൂസര്‍ നെയിമും പാസ്​വേഡും നല്‍കിയാണ് ലോഗിന്‍ ചെയ്തിരിക്കുന്നതെങ്കില്‍ 9-ം സ്റ്റെപ്പില്‍ പറഞ്ഞിരിക്കുന്ന പോലെ പോര്‍ട്ടലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുത്ത വിവരങ്ങള്‍ നമുക്ക് ഇംപോര്‍ട്ട് ചെയ്യാന്‍ സാധിക്കില്ല. പേജിനുമുകളില്‍ ചുവന്ന ബോക്സില്‍ invalid CSV എന്ന മെസ്സേജ് വന്നിരിക്കും. പോര്‍ട്ടലില്‍ നിന്ന് വിവരങ്ങള്‍ എക്സ്പോര്‍ട്ട് ചെയ്തപ്പോള്‍ സംഭവിച്ച പിശകുകള്‍ മൂലവും ഇതേ മെസ്സേജ് വന്നേക്കാം.

8. ഇനി വരിക പാസ്‌വേഡ് മാറ്റാനുള്ള പേജായിരിക്കും. പഴയ പാസ്വേഡ് നല്‍കിയ ശേഷം പുതിയ പാസ്വേഡ് രണ്ടു വട്ടം നല്‍കി ആദ്യലോഗിന്‍ ചെയ്യുന്നയാളിന്റെ പേര്, ഫോണ്‍, ഇമെയില്‍ എന്നിവ നല്‍കാനായിരിക്കും നിര്‍ദ്ദേശം.
തുടര്‍ന്ന് Change password ല്‍ ക്ലിക്ക് ചെയ്യാം.

9. ഈ സമയം വരിക പോര്‍ട്ടലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുത്ത csv ഫയലുകള്‍ ഇംപോര്‍ട്ട് ചെയ്യാനുള്ള പേജായിരിക്കും. തങ്ങളുടെ ഉപജില്ലയിലുള്ള എല്ലാ സ്ക്കൂളുകളും വിവരങ്ങള്‍ കൃത്യമായി നല്‍കി Confirm ചെയ്തുവെന്ന് ഉറപ്പു വരുത്തിയ ശേഷം എ.ഇ.ഒ അഡ്മിന് CSV ഫയലുകള്‍ പോര്‍ട്ടലില്‍ നിന്ന് എക്സ്പോര്‍ട്ട് ചെയ്തെടുക്കാം. അത് ഓരോന്നോരോന്നായി ഇംപോര്‍ട്ട് ചെയ്യാം. ഓരോന്നും ഇംപോര്‍ട്ട് ചെയ്യുന്നതിനനുസരിച്ച് താഴെ Statusല്‍ imported എന്ന മെസ്സേജ് കാണിച്ചു കൊണ്ടിരിക്കും. പച്ച നിറത്തില്‍ csv data Saved successfully എന്ന മെസ്സേജും മുകളില്‍ കാണാം. പിശകുണ്ടെങ്കില്‍ Failed to Save CSV Data എന്നായിരിക്കും വരിക. ആദ്യത്തെ csv ഫയല്‍ ഇംപോര്‍ട്ട് ചെയ്യുമ്പോള്‍ തന്നെ പേജിനു മുകള്‍ ഭാഗത്തായി മെനുവിന്റെ പാനല്‍ പ്രത്യപ്പെട്ടിട്ടുണ്ടാകും. ഓരോ മെനുവിനെക്കുറിച്ചും താഴെയുള്ള Help fileല്‍ വിശദമാക്കിയിട്ടുണ്ട്.

10. പക്ഷെ ഒരു കാര്യം പ്രത്യേകം ഓര്‍മ്മിക്കുക. ഒരു ഉപജില്ലയിലെ ഏത് മേളയ്ക്ക് വേണ്ടിയാണോ ഈ സിസ്റ്റം ഉപയോഗിക്കുന്നത്, ആ മേളയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആ സിസ്റ്റത്തില്‍ മാത്രമേ നല്‍കാവൂ. മാത്രമല്ല, സിസ്റ്റം ഓഫ് ​ചെയ്യുന്നതിന് മുന്‍പ് lampstop എന്ന ഫയല്‍ റണ്‍ ചെയ്ത് വെബ്സെര്‍വര്‍ ക്ലോസ് ചെയ്യണം. ഇല്ലെങ്കില്‍ എന്തെങ്കിലും തരത്തിലുള്ള ക്രാഷ് സംഭവിച്ചാല്‍ ഡാറ്റ മുഴുവന്‍ നഷ്ടപ്പെട്ടേക്കാം. അതുപോലെ തന്നെ ഷട്ട്ഡൗണ്‍ ചെയ്ത കമ്പ്യൂട്ടര്‍ തുറന്ന് സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് മുന്‍പ് എക്സ്ടാക്ട് ചെയ്ത ഫോള്‍ഡറിലെ lampstart എന്ന ഫയല്‍ റണ്‍ ചെയ്യണം. എന്നാലേ പ്രോഗ്രാം പ്രവര്‍ത്തനസജ്ജമാകൂ.

ഇനിയുള്ള വിവരങ്ങളെല്ലാം ചിത്രസഹിതം വിശദമായി താഴെയുള്ള പി.ഡി.എഫ് ഫയലില്‍ നല്‍കിയിട്ടുണ്ട്.
Click here for Sastramela offline Software Help file
ഇതു നോക്കി മനസ്സിലാക്കുമല്ലോ. നിങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കണേ.

ഈ സോഫ്റ്റ് വെയറിന്റെ നെറ്റ് വര്‍ക്കിങ്ങിനെപ്പറ്റി ഇവിടെ കാണാം


Read More | തുടര്‍ന്നു വായിക്കുക

അര്‍ജുനന്റെ ഉത്തരങ്ങളും ഒരമ്മയുടെ കത്തും

>> Sunday, October 16, 2011


നേരത്തേ കോട്ടയത്തുനിന്നും അര്‍ജുന്‍ ഫിസിക്സ് ചോദ്യോത്തരങ്ങള്‍ പ്രസിദ്ധീകരിച്ചത് ഓര്‍മ്മ കാണുമല്ലോ. ഇന്നത്തെ നിലയില്‍ ബഹുഭൂരിപക്ഷം കുട്ടികളും ചെയ്യാനൊരുമ്പെടാത്ത ഒരു പ്രവര്‍ത്തനത്തിനാണ് അര്‍ജുന്‍ മുന്‍കൈയ്യെടുത്തത്. ആ കുട്ടി തയ്യാറാക്കിയ ഫിസിക്സ് ചോദ്യോത്തരങ്ങളില്‍ അപൂര്‍വം ചില ഉത്തരങ്ങളില്‍ ചില തിരുത്തുകളും വിശദീകരണങ്ങളും വേണ്ടി വന്നിരുന്നു. നമ്മുടെ ഫിസിക്സ് അധ്യാപകര്‍ അഭിനന്ദനാര്‍ഹമായ വിധം അതില്‍ ഇടപെട്ട് ചോദ്യോത്തരങ്ങള്‍ കുറ്റമറ്റതാക്കാന്‍ സഹായിക്കുകയും ചെയ്തു. ഒരു വിദ്യാര്‍ത്ഥി എന്ന നിലയില്‍ ആ കുട്ടി താനെഴുതിയ ഉത്തരങ്ങള്‍ ആധുനിക സാങ്കേതിക വിദ്യയായ ഇന്റര്‍നെറ്റിലൂടെ ഒരു ചര്‍ച്ചയ്ക്ക് വിധേയമാക്കുകയും വിശദീകരണങ്ങളര്‍ഹിക്കുന്നവ മനസിലാക്കിയെടുക്കുകയും ചെയ്തു. അതില്‍ നിന്നെല്ലാം പ്രചോദനമുള്‍ക്കൊണ്ട് അര്‍ജുന്‍ തികഞ്ഞ സമര്‍പ്പണത്തോടെ ചോദ്യബാങ്കിലുണ്ടായിരുന്ന സമാന്തരശ്രേണിയിലെ ചില ചോദ്യങ്ങളുടെ ഉത്തരമെഴുതുന്നു. ഈ പോസ്റ്റിനൊപ്പം അതു കൂടി മാത്‍സ് ബ്ലോഗ് പ്രസിദ്ധീകരിക്കുകയാണ്.

അര്‍ജ്ജുനന്‍മാരെ വളര്‍ത്തിയെടുക്കണം. അധ്വാനിക്കാന്‍ സന്നദ്ധരാകുന്ന ഒരു തലമുറയെ നമുക്കാവശ്യമുണ്ട്. അവര്‍ക്ക് തെറ്റു പറ്റിക്കോട്ടേ. തിരുത്താന്‍ അധ്യാപകരായ നമ്മള്‍ ഒപ്പമില്ലേ? തന്റെ വിദ്യാലയത്തിലെ കുട്ടി എഴുതുന്ന ഒരു ലേഖനത്തിലോ അല്ലെങ്കില്‍ ചോദ്യോത്തരങ്ങളിലോ തെറ്റു വന്നാലോ എന്ന ദുരഭിമാനം അധ്യാപകര്‍ക്കാവശ്യമുണ്ടോ? ഇതല്ലേ, യഥാര്‍ത്ഥ വിദ്യാഭ്യാസം? ഇത്തരത്തിലുള്ള ഒരു കുട്ടി തങ്ങളുടെ വിദ്യാലയത്തില്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഏത് അധ്യാപകരാണ് ആഗ്രഹിച്ചു പോകാത്തത്? ഇക്കൂട്ടരും നമുക്കു മുന്നിലുണ്ട്. കണ്ടെത്താന്‍ നമ്മുടെ കണ്ണുകള്‍ തുറക്കുന്നില്ല എന്നതാണ് നമ്മുടെ പോരായ്മ. പിന്നെ നമ്മുടെ ടീം അംഗം മുരളിസാര്‍ അയച്ചുതന്ന സമാന്തരശ്രേണിയിലെ ഉത്തരങ്ങളുടെ പുതിയ സമീപനം.

ഇടയ്ക്ക് മറ്റൊരു കാര്യം സൂചിപ്പിക്കട്ടെ. കഴിഞ്ഞ ദിവസം ജോണ്‍ സാറിന് ഒരു പോസ്റ്റ്കാര്‍ഡ് തപാലില്‍ എത്തി. കത്തിലെ വരികള്‍ മാത്‌സ് ബ്ലോഗിന് നാളിതു വരെ ലഭിച്ചിട്ടുള്ള അനുമോദനങ്ങള്‍ക്കും പ്രോത്സാഹനങ്ങളെക്കാളുമെല്ലാം വിലമതിക്കുന്ന ഒന്നാണ്. മാത്‌സ് ബ്ലോഗിന് കത്തെഴുതിയത് ഒരു അധ്യാപികയല്ല. മറിച്ച് ഒരു വീട്ടമ്മയാണെന്നതാണ് ഈ കത്ത് മൂല്യമേറിയതായി ഞങ്ങള്‍ക്ക് മാറാനിടയായത്. അതിലെ വാചകങ്ങള്‍ വള്ളിപുള്ളി വിടാതെ ചുവടെ കുറിക്കട്ടെ.

സര്‍ ,
വിദ്യാര്‍ഥികളും അദ്ധ്യാപകരും മാത്രമല്ല എന്നെപോലുള്ള വീട്ടമ്മമാരും മാത്‍സ് ബ്ലോഗ് നോക്കാറുണ്ട് .ഇതുവരെ പത്താംക്ലാസിലെ കണക്ക് ചോദ്യശേഖരത്തിന്റെ ഉത്തരം പ്രസിദ്ധീകരിച്ചിട്ടില്ല. എല്ലാ ചോദ്യങ്ങളും ക്ലാസില്‍ ചെയ്യാന്‍ പറ്റില്ലെന്ന് ടീച്ചര്‍ പറയുന്നു. ചിലതൊന്നും കിട്ടുന്നുമില്ല. കുട്ടിയ്ക്ക് ട്യൂഷന്‍ ഇല്ല. എന്താണ് ചെയ്യാന്‍ പറ്റുന്നത്? ഡിസംബറില്‍ വീണ്ടും ചോദ്യങ്ങള്‍ വരുമല്ലോ? ഇതിന്റെ ഉത്തരം സാറും മറ്റുള്ളവരും ചേര്‍ന്ന് തയ്യാറാക്കി പ്രസിദ്ധീകരിക്കുമോ?

എന്ന്
ബിന്ദു സുരേഷ്

ഇങ്ങനെ ഒരു അഭിപ്രായം പറഞ്ഞതിന് ബിന്ദുവിനെ അഭിനന്ദിക്കുന്നു. കാരണമെന്തന്നല്ലേ? മാത്‌സ് ബ്ലോഗ് എന്നും കുട്ടികളുടെയും അധ്യാപകരുടെയും പക്ഷത്തുനിന്നാണ് ചിന്തിക്കുന്നത് . ചോദ്യങ്ങളുടെ ഉത്തരം കുട്ടി സ്വയം കണ്ടെത്താന്‍ ശ്രമിക്കുകയും പറ്റാതെ വരുമ്പോള്‍ അധ്യാപകരെയോ കണക്കുപഠിച്ചിച്ചുള്ള മറ്റുള്ളവരെയോ സമീപിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. പിന്നെ, കുട്ടിക്ക് ഉത്തരം കിട്ടാതെ വരുമ്പോള്‍ ചോദിച്ചാല്‍ പറഞ്ഞുകൊടുക്കാത്ത അധ്യാപകര്‍ ഇന്നത്തെ കാലത്തുണ്ടാകില്ല. തീര്‍ച്ച. കുട്ടിയുടെ പഠനത്തില്‍ അധ്യാപികയും മാതാപിതാക്കളും ഇരുവശത്തുമുണ്ടാകുക തികച്ചും മാതൃകാപരമാണ്.



ഒരു ശുദ്ധജ്യാമിതീയ നിര്‍മ്മിതി

ത്രികോണം ABC യില്‍ AB = 12 സെ. മീറ്റര്‍ , കോണ്‍ A = 30 ഡിഗ്രി . AC + BC = 18 സെ. മീറ്റര്‍ . ത്രികോണം നിര്‍മ്മിക്കാമോ? ഉപയോഗിച്ചിരിക്കുന്ന ജ്യാമിതീയ തത്വം എഴുതണം .
ഒന്‍പതാംക്ലാസിലെ അനുപാതം ജ്യാമിതിയില്‍ എന്ന പാഠമാണ് ഇതെഴുതുമ്പോള്‍ മനസില്‍ വരുന്നത് . ഇതിനായി ഒരു വര്‍ക്ക് ഷീറ്റ് തയ്യാറകാകിയിട്ടുണ്ട് . അടുത്ത ദിവസം അത് കൂട്ടിച്ചേര്‍ക്കാം . ഇതിനിടെ ചോദ്യം സ്വയം ചെയ്യാന്‍ കുട്ടികള്‍ക്ക് കൊടുക്കുമല്ലോ?
അര്‍ജുനന്റെ ഉത്തരങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
പേജ് ഒന്ന്
പേജ് രണ്ട്
പേജ് മൂന്ന്
പേജ് നാല്


Read More | തുടര്‍ന്നു വായിക്കുക

ഘനരൂപങ്ങള്‍ - ചോദ്യപേപ്പര്‍

>> Friday, October 14, 2011

ലേടെക്കിന്റെ വിശാലമായ ക്യാന്‍വാസില്‍ പത്താംക്ലാസിലെ പാഠപുസ്തകം കൃഷ്ണന്‍സാര്‍ തന്റെ ലാപ് ടോപ്പില്‍ ചെയ്തിരുന്നത് ഞാന്‍ കണ്ടിട്ടുണ്ട് . അതില്‍ എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് ഘനരൂപങ്ങളാണ്. ജീവന്‍ തുടിക്കുന്ന ചിത്രങ്ങളായിരുന്നു അവ. സ്തൂപികയുടെ ഉള്ളിലേയ്ക്ക് നിഴലും വെളിച്ചവും സമ്മേളിച്ചുകൊണ്ട് ത്രിമാനചിത്രങ്ങള്‍ രൂപപ്പെട്ടിരിക്കുന്നകാഴ്ച മനോഹരമാണ്. ലേടെക്കുമായി ഇനിയും ഒത്തിരി ദൂരം യാത്രയുണ്ട്. ഘനരൂപങ്ങളെക്കുറിച്ച് പോസ്റ്റെഴുതവേ സാന്ദര്‍ഭീകമായി പറഞ്ഞതാണ് ഇത്രയും. പാഠപുസ്തകത്തിന്റെ 116-ം മത്തെ പുറം വായിക്കുന്നു. ചതുരപ്പലകകളടുക്കി സമചതുരസ്തൂപികയുടെ ഏകദേശചിത്രം ഉണ്ടാക്കിയതുപോലെ വട്ടപ്പലകകളടുക്കി വൃത്തസ്തൂപികയുടെ ഏകദേശരൂപങ്ങള്‍ ചമയ്ക്കാം. തൊട്ടുപുറകിലെ പേജുകളില്‍ ഇപ്രകാരം നിര്‍മ്മിച്ച സമചതുരസ്തൂപികയുടെ വ്യാപ്തം കാണുന്ന പ്രവര്‍ത്തനം അനുബന്ധമായുണ്ട്. ഈ പ്രവര്‍ത്തനം വൃത്തസ്തൂപികയില്‍ ഒന്നു പ്രയോഗിച്ചുനോക്കാം.

വൃത്താകൃതിയില്‍ ധാരാളം കാഡ്ബോര്‍ഡ് കഷങ്ങള്‍ മുറിച്ചെടുക്കുന്നു. അടുത്തടുത്തുള്ള രണ്ട് തകിടുകളുടെ ആരവ്യത്യാസം പരമാവധി കുറവായിരിക്കണം. ഏറ്റവും ചെറിയ വട്ടം ഏറ്റവും മുകളില്‍ വരട്ടെ...
$‌\mathbf{h}$ ഉയരവും $‌\mathbf{r}$ആരവുമുള്ള ഒരു വൃത്തചതുരസ്തൂപിക കാണുക.ഇതിനെ മേല്‍പറഞ്ഞപോലെ പരമാവധി കനം കുറച്ച് തകിടുകളാക്കുന്നു. എല്ലാതകിടിനും ഒരേ കനമാണെങ്കില്‍ , ആകെ $\mathbf{n}$ തകിടുകളുണ്ടെങ്കില്‍ ഏറ്റവും മുകളിലെ തകിടിന്റെ ആരം $‌\frac{\mathbf{r}}{\mathbf{n}}$ആണെന്ന് ഉറപ്പാണല്ലോ?
ഏറ്റവും മുകളിലെ തകിടിന്റെ ആരം $\frac{\mathbf{r}}{\mathbf{n}}$ , അതിനു താഴെയുള്ള തകിടിന്റെ ആരം $\frac{\mathbf{2r}}{\mathbf{n}}$, ആതിനുതാഴെയുള്ള തകിടിന്റെ ആരം $\frac{\mathbf{3r}}{\mathbf{n}}$ എന്നിങ്ങനെ പോകുന്നു. എല്ലാതകിടിന്റെയും ഉയരം $\frac{\mathbf{h}}{\mathbf{n}}$ആകുന്നു.
ഏറ്റവും മുകളിലുള്ള തകിടിന്റെ വ്യാപ്തം $‌\pi \times (\frac{r}{n})^2 \times \frac{h}{n}$
മുകളില്‍ നിന്നും രണ്ടാമത്തെ തകിടിന്റെ വ്യാപ്തം $‌\pi \times (\frac{2r}{n})^2 \times \frac{h}{n}$


മുകളില്‍ നിന്നും മൂന്നാമത്തെ തകിടിന്റെ വ്യാപ്തം $‌ \pi \times (\frac{3r}{n})^2 \times \frac{h}{n}$

അവസാന തകിടിന്റെ വ്യാപ്തം $‌ \pi \times (\frac{nr}{n})^2 \times \frac{h}{n}$
ഇനി ഈ വ്യാപ്തങ്ങളൊക്കെ കൂട്ടി നോക്കാം. അപ്പോള്‍ വൃത്തസ്തൂപികയുടെ വ്യാപ്തം കിട്ടുമല്ലോ.
വ്യാപ്തം = $\pi\times \frac{ r^2}{6}\times h (1+\frac{1}{n})(2+\frac{1}{n})$
വൃത്തത്തകിടുകളുടെ എണ്ണം പരമാവധി കൂട്ടുക. അതായത് $n$ വില അനന്തമാക്കുകയെന്നൊക്കെ പറയാം .ഇപ്പോള്‍ എന്തു സംഭവിക്കുമെന്ന് ഊഹിക്കാമല്ലോ. $\frac{1}{n}$ ​എന്നതും $\frac{2}{n}$എന്നതും പൂജ്യത്തോടടുക്കുന്നു. ആകൃതി വൃത്തസ്തൂപികയോടടുക്കുമല്ലോ. അപ്പോള്‍ വൃത്തത്തകിടുകളുടെ എണ്ണം അനന്തമാകുമ്പോഴാണ് ആകൃതി വൃത്തസ്തൂപികയാകുന്നത്. വ്യാപ്തം = $ \frac{1}{3} \pi r^2 h$ ആകുന്നു

ഒരു പാഠഭേദം

സമാന്തരശ്രേണിയില്‍ സൈഡ് ബോക്സില്‍ ആദ്യത്തെ n എണ്ണല്‍സംഖ്യകളുടെ വര്‍ഗ്ഗങ്ങളുടെ തുക $\frac{n(n+1)(2n+1)}{6}$എന്നുതെളിയിച്ചിട്ടുണ്ട്. ഇതിന്റെ ഉപയോഗം ഒരു വൃത്തസ്തൂപികയുടെയും സമചതുരസ്തൂപികയുടെയും വ്യാപ്തം കണക്കാക്കുന്നതിനുള്ള സൂത്രവാക്യം കണ്ടെത്താനാണ്. മറ്റൊരു ഉപയോഗം ഓര്‍ക്കുന്നു..
ചെസ്സ് ബോഡില്‍ എത്ര സമചതുരങ്ങളുണ്ടാകും?
ക്വിസ്സ് മല്‍സരങ്ങളിലെ ഒരു സാധാരണചോദ്യമാണിത് . തിരശ്ചീനമായി എട്ട് $1 \times 1$ സമചതുരങ്ങളുണ്ട് . എതുപോലെ ലംബമായും 8 എണ്ണം ഉ​ണ്ടാകും .ആകെ ഇത്തരം $ 8^2$
തിരശ്ചീനമായി ഏഴ് $2 \times 2 $ സമചതുരങ്ങളും ലംബമായി ഏഴ് $ 2 \times 2 $ സമചതുരങ്ങളും ഉണ്ടാകും .ആകെ $7^2$ ​എണ്ണം ഉണ്ടാകും
തിരശ്ചീനമായി ആറ് $3 \times 3 $ സമചതുരങ്ങളും ലംബമായി ആറ് $ 3 \times 3$ സമചതുരങ്ങളും ഉണ്ടാകും . എണ്ണം $6^2$
ഇതുപോലെ തുടര്‍ന്നാല്‍ ഒരു $ 8 \times 8$ സമചതുരം ഉണ്ട് . അതാണ് ബോഡ് എണ്ണം $1^2$
ആകെ സമചതുരങ്ങളുടെ എണ്ണം = $\frac{8(8+1)(2 \times 8 +1)}{6}$ = 204
ഘനരൂപങ്ങളില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക


Read More | തുടര്‍ന്നു വായിക്കുക

വിവിധ ജില്ലകളിലെ ഐടി ക്വിസ് ചോദ്യോത്തരങ്ങള്‍ - 2010

>> Saturday, October 8, 2011

(അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെ ആഭ്യര്‍ത്ഥന പ്രകാരം കഴിഞ്ഞ വര്‍ഷം ഡിസംബര്‍ നാലിന് ചെയ്ത പോസ്റ്റ് പുനഃപ്രസിദ്ധീകരിക്കുന്നു)
കൊടുക്കല്‍ വാങ്ങല്‍ മനഃസ്ഥിതി അധ്യാപകര്‍ക്കുണ്ടായെങ്കില്‍ മാത്രമേ നമ്മുടെ വിദ്യാഭ്യാസ രംഗം ഉത്തരോത്തരം അഭിവൃദ്ധിപ്പെടുകയുള്ളു എന്നതില്‍ സംശയമില്ല. ക്ലാസ് റൂമില്‍ നമ്മള്‍ അവതരിപ്പിക്കുന്ന പഠനബോധനതന്ത്രങ്ങള്‍ നമ്മുടെ അധ്യാപകസമൂഹത്തിന് കൂടി പങ്കുവെക്കുകയാണെങ്കിലോ? മാത്‍സ് ബ്ലോഗിന്റെ വിശാലമായ ലക്ഷ്യം അതു തന്നെയാണ്. കാസര്‍കോടുള്ള ബാബുജേക്കബ് സാറിനെയും തിരുവനന്തപുരത്തുള്ള സഹാനി സാറിനെയും അടക്കം കേരളത്തിലെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെയുള്ള അധ്യാപക സമൂഹമായി സംവദിക്കാന്‍ മാത്‍സ് ബ്ലോഗ് ഇന്ന് ഒരു അവസരമേകുന്നു. കുട്ടികളുടെ രചനകള്‍, സ്ക്കൂളിലെ മികവുകള്‍, അധ്യാപകരുടെ പഠനബോധനതന്ത്രങ്ങള്‍, വിവിധ ടൂളുകള്‍ അങ്ങനെ നിങ്ങളുടെ സൃഷ്ടികളെന്തും അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമെല്ലാം ഉപകാരപ്രദമാണ്. മാത്‍സ് ബ്ലോഗിലൂടെ ഞങ്ങളിത് ആവശ്യപ്പെടാത്ത സമയങ്ങളില്ല. മിക്ക ദിവസവും നമ്മുടെ ബ്ലോഗിലെ സന്ദര്‍ശനങ്ങള്‍ പതിനായിരത്തിന് മുകളിലാണെങ്കിലും സത്യത്തില്‍ ഇടയ്ക്കെങ്കിലും ഞങ്ങള്‍ക്ക് നിരാശ തോന്നാതിരിക്കാറില്ല. കാരണം കാഡ് യൂസറെയും സുരേഷ്ബാബു സാറിനെയും ഹരിതയെയും ജോണ്‍സാറിനെയും പോലുള്ളവര്‍ കഷ്ടപ്പെട്ട് ഓരോ പോസ്റ്റുകള്‍ തയ്യാറാക്കുമ്പോഴും പതിവ് അംഗങ്ങളല്ലാതെ ബഹുഭൂരിപക്ഷം അധ്യാപകരും പ്രതികരിക്കാറില്ല. പ്രത്യേകിച്ച് ഗണിതപോസ്റ്റുകളില്‍. ഓരോ പോസ്റ്റിലുമുണ്ടാകുന്ന പി.ഡി.എഫുകളുടെ ഡൌണ്‍ലോഡുകളുടെ എണ്ണം മാത്രമാണ് ഞങ്ങളുടെ സന്തോഷം. കാരണം, അത് ഉപയോഗിക്കപ്പെടുന്നെങ്കിലുമുണ്ടല്ലോ.

പോസ്റ്റ് ചെയ്ത തീയതി (4-12-2010): ഒരു മില്യണ്‍ സന്ദര്‍ശനങ്ങള്‍ ബ്ലോഗ് വേണ്ടവിധം ആഘോഷിക്കാഞ്ഞതെന്തെന്ന ചോദ്യം കഴിഞ്ഞ ദിവസങ്ങളില്‍ ടീമംഗങ്ങളില്‍ പലരും നേരിട്ട ഒരു പ്രധാന ചോദ്യമായിരുന്നു.ഗണിത ഐടി മേളകളുടെ തിരക്കിനെ പഴിച്ച് തടിതപ്പാമെന്ന് ഒട്ടും പ്രതീക്ഷയില്ല. എന്നാല്‍ അതിനേക്കാളേറെ സന്തോഷം പകര്‍ന്ന രണ്ടു മൂന്നു സംഭവങ്ങള്‍ കഴിഞ്ഞ രണ്ടാഴ്ചകളില്‍ ബ്ലോഗിനെ സംബന്ധിച്ചുണ്ടായി. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ശ്രീ.എ.പി.എം. മുഹമ്മദ് ഹനീഷ് ബക്രീദ് ദിനത്തില്‍ തന്റെ എല്ലാ തിരക്കുകള്‍ക്കുമിടയില്‍ എറണാകുളം ജില്ലയിലെ നമ്മുടെ ടീമംഗങ്ങളുമായി മണിക്കൂറുകള്‍ സംവദിച്ചതാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്.(ജയദേവന്‍ സാറിന് നന്ദി.) കൂടാതെ കേരളത്തിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കണ്ടു മനസ്സിലാക്കാനെത്തിയ ബാംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ഉപദേശകനും സംഘവും മാത്സ് ബ്ലോഗിലൂടെയുള്ള അധ്യാപകരുടെ കൂട്ടായ്മയെ അത്ഭുതത്തോടെ തന്നെ പ്രശംസിച്ചുവെന്നതും, ഹരിയാന കാബിനറ്റ് സെക്രട്ടറിയും അവിടത്തെ ഡി.പി.ഐയും നമ്മുടെ ബ്ലോഗിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് താല്പര്യപൂര്‍വ്വം ചോദിച്ചറിഞ്ഞെന്നതുമാണ് മറ്റു രണ്ടു സന്തോഷങ്ങള്‍. നമ്മുടെ സഹപ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണിതെല്ലാം. മാത്‍സ് ബ്ലോഗില്‍ എന്താണ് നടക്കുന്നത്. തങ്ങളുടെ സ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി തയ്യാറാക്കുന്ന സാമഗ്രികളും നമ്മുടെ കണ്ടെത്തലുകളും അനുഭവങ്ങളും വിശാലാടിസ്ഥാനത്തില്‍ പങ്കുവെക്കുകയാണിവിടെ. പക്ഷെ ഈ മനഃസ്ഥിതി എല്ലാവരിലുമുണ്ടോ?

മറ്റു ജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉപകാരപ്രദമാകട്ടെയെന്നു കരുതിക്കൊണ്ട് തന്നെ എറണാകുളം ജില്ലയിലെ ഗണിതശാസ്ത്ര ക്വിസ് ചോദ്യോത്തരങ്ങള്‍ മാത്‍സ് ബ്ലോഗിലൂടെ പ്രസിദ്ധീകരിച്ചെങ്കിലും മറ്റു ജില്ലകളിലെ ചോദ്യോത്തരങ്ങള്‍ അയച്ചു തരാന്‍ ആരും ശ്രമിച്ചില്ലെന്നതിലും ഞങ്ങള്‍ക്ക് പരിഭവമുണ്ട്. അതു കൊണ്ടു തന്നെ ഗണിതശാസ്ത്ര ചോദ്യങ്ങള്‍ സംഘടിപ്പിച്ച് സ്കാന്‍ ചെയ്ത് അയച്ചു തന്ന എളങ്ങുന്നപ്പുഴ ഗവ.എച്ച്.എസ്.എസിലെ ഡിഫി ടീച്ചര്‍ക്ക് മാത്‍സ് ബ്ലോഗ് നന്ദി പറയുകയാണ്.

എറണാകുളം ജില്ലാതല ഗണിതശാസ്ത്ര ക്വിസ്

ചോദ്യോത്തരങ്ങള്‍ : | UP Level ‌| HS Level | HSS Level |

ഐടി ക്വിസ്

IT Quiz-I Prepared By Vidhu Narayan, UC College, Aluva
IT Quiz-II Prepared By Hari, Maths Blog
IT Quiz III Special Thanks to Sachin.G.Nair, Alappuzha
IT Quiz IV Special Thanks to Sankaran, MT, Kasargod
IT Quiz V Special Thanks to Harisree Palakkad


Read More | തുടര്‍ന്നു വായിക്കുക

നമുക്ക് ഒരുമിച്ച് ലേടെക്ക് പഠിക്കാം. പാഠം 1

>> Tuesday, October 4, 2011

കൃഷ്ണന്‍സാര്‍ പറഞ്ഞുതന്ന പാഠങ്ങള്‍ ഓര്‍ത്തുകൊണ്ട് ലാടെക് എന്ന സോഫ്റ്റ്‍വെയറിനെ നിങ്ങള്‍ക്കു മുമ്പാകെ ഒന്നു പരിചയപ്പെടുത്തട്ടെ. തുടര്‍പഠനം കൃഷ്ണന്‍ സാര്‍ തന്നെ മുന്നോട്ടു കൊണ്ടുപോകുമെന്ന് പ്രതീക്ഷിക്കാം. കഴിഞ്ഞദിവസം വിളിച്ചപ്പോള്‍ അദ്ദേഹം സന്തോഷത്തോടെ സമ്മതിച്ചിട്ടുള്ളതാണ്. ഇന്‍ഡ്യയിലെ ടെക്ക് പ്രചാരകരില്‍ ഒന്നാം നിരയിലാണ് കൃഷ്ണന്‍ സാര്‍. മറ്റൊരാളെക്കൂടി ഓര്‍ക്കേണ്ടതുണ്ട് . കഴിഞ്ഞവര്‍ഷം 'ഇന്ത്യന്‍ ലിബ്രെ യൂസേഴ്സ് ഗ്രൂപ്പ് കൊച്ചി'(ILUG) എന്ന ഫ്രീ സോഫ്റ്റ്വെയര്‍ ഗ്രൂപ്പിന്റെ എറണാകളത്തുനടന്ന മീറ്റില്‍ ആദ്യമായി ലേ ടെക്കിനെ കാണിച്ചുതന്നെ സമീര്‍ മുഹമ്മദ് താഹിര്‍ സാറിനെ.

അതിരിക്കട്ടെ, ലാടെക് എന്നു കേട്ടിട്ടുണ്ടോ? ഇതൊരു പേജ് സെറ്റിങ് സോഫ്റ്റ്‌വെയറാണ്. ഇതെങ്ങനെയാണ് പ്രയോഗിക്കുകയെന്നല്ലേ? വിദേശപ്രസിദ്ധീകൃതങ്ങളായ പല പുസ്തകങ്ങളും ചെയ്തിരിക്കുന്നത് തന്നെ ലാടെകിലാണ്. ഈ ഗണിതശാസ്ത്ര പുസ്തകം നോക്കൂ. ഇതിന്റെ പ്രത്യേകത കണ്ടില്ലേ? അതിന്റെ ഭംഗി കണ്ടില്ലേ? വ്യക്തമായില്ലെങ്കില്‍ എന്തായാലും ഒന്നു കൂടി വിശദമാക്കാം. ഗണിതത്തിലാണ് ലാടെക്കിന്റെ അപാരമായ സാധ്യതകള്‍ എളുപ്പത്തില്‍ ദര്‍ശിക്കാനാകുന്നത്. സാധാരണ ഗതിയില്‍ 1 divided by 2 എന്ന് കമ്പ്യൂട്ടറില്‍ നാം എങ്ങിനെയാണ് എഴുതുന്നത്? 1/2 എന്നല്ലേ? എന്നാല്‍ ലാടെക് ഉപയോഗിച്ച് ഇതിനെ $\frac{1}{2}$ എന്നെഴുതാം. LaTeX എന്നാണ് ഇംഗ്ലീഷിലെഴുതുന്നതെങ്കിലും അതിന്റെ ഉച്ചാരണം ലാടെക് എന്നും ലാടെക് രീതിയില്‍ എഴുതുന്നത് $\LaTeX$ എന്നുമാണ്. HTML കോഡുകള്‍ എഴുതുന്നത് പോലെയാണ് അക്ഷരങ്ങളുടെ സ്ഥാനം, കാണേണ്ട രീതി എന്നിവ തീരുമാനിക്കുന്നതിനായി ലാടെക്കിലും കോഡുകള്‍ എഴുതുന്നത്. ചുവടെ കൊടുത്തിരിക്കുന്ന ഉദാഹരണം നോക്കൂ. ലാടെകിന്റെ കോഡും അത് റണ്‍ ചെയ്യുമ്പോള്‍ ദൃശ്യമാകുന്ന രീതിയും കാണാം.





ഇംഗ്ലീഷില്‍ ലാടെക് ചെയ്യാം

താല്പര്യമുണ്ടെങ്കില്‍ നമുക്ക് വളരെയെളുപ്പം ലാടെക് പഠിക്കാം. ആദ്യം ഇംഗ്ലീഷില്‍ ഒരു പ്രോഗ്രാം എഴുതാം. ഉബുണ്ടുവില്‍ ടെക്റ്റ് എഡിറ്ററിലാണ് എഴുതേണ്ടത്. ടെക്സ്റ്റ് എഡിറ്ററില്‍ ടൈപ്പ് ചെയ്തതിന്റെ മാതൃക ഇതാ. First latex file.
ഈ ഫയലിലുള്ളത് പോലെ ടെക്സ്റ്റ് എഡിറ്ററില്‍ എഴുതി .tex എന്ന Extension നല്‍കി Desktop ല്‍ സേവ് ചെയ്യുക. (ഡൗണ്‍ലോഡ് ചെയ്തത് ഡബിള്‍ ക്ലിക്ക് ചെയ്യുമ്പോള്‍ TEXMAKER ല്‍ തുറന്നുവരുകയാണെങ്കില്‍ ക്ലോസ് ചെയ്ത് OPEN WITH GEDIT ആക്കണം) ഇനി ഡസ്ക്ക്ടോപ്പില്‍ സേവ് ചെയ്ത് 2.tex എന്ന പ്രോഗ്രാമിനെ റണ്‍ചെയ്യിക്കണം. ഇതിനായി ടെര്‍മിനല്‍ തുറന്ന് താഴെയുള്ള കമാന്റുകള്‍ ടൈപ്പ് ചെയ്ത് എന്റെര്‍ ചെയ്യുക.

cd Desktop
texi2pdf 2.tex

ഏതാനും ഫയലുകള്‍ ഡസ്ക്ക് ടോപ്പില്‍ രൂപപ്പെടും. അതില്‍ 2.pdf ഉണ്ടാകും . അത് തുറന്നുനോക്കുക.പ്രോഗ്രാം തെറ്റിയാല്‍ 2.tex തുറന്ന് തിരുത്തുമല്ലോ. ചിലപ്പോള്‍ Texmaker തുറന്നുവരം . ഇത് പെര്‍മിഷന്‍ മാറ്റിയാല്‍ മതി .(rt click --properties . open with--gedit ..add)
ഇനി ഇതൊന്നു നോക്കുക. അക്ഷരവലുപ്പം മാറുന്നത് കണ്ടല്ലോ. ഇതിനായുള്ള സോഴ്സ് ഫയലും പി.ഡി എഫ് ഫയലും തന്നിട്ടുണ്ട്

pdf output file
Source

(രണ്ട് ബാക്ക് സ്ലാഷുകള്‍ (\\) ചേര്‍ത്താല്‍ അടുത്ത വരി വരും)

മലയാളത്തില്‍ ലാടെക് ചെയ്യാം

ഇനി മലയാളം ലാടെക് ചെയ്യുന്നതിനായി നമ്മുടെ കമ്പ്യുട്ടറിനെയൊന്ന് സജ്ജമാക്കാം. തിരുവനന്തപുരം സ്വദേശിയായ അലക്സ് A.J യാണ് ഒമേഗ എന്ന പാക്കേജ് തയ്യാറാക്കി ഇന്‍സ്ക്രിപ്റ്റ് രീതിയില്‍ ടെക് ചെയ്യുന്നതിന് പര്യാപ്തമാക്കിയത്. ഈ പാക്കേജ് ഇല്ലായിരുന്നെങ്കില്‍ ഫൊണറ്റിക് രീതി (മംഗ്ലീഷ്) മാത്രമേ ഇന്നും ഉപയോഗിക്കാന്‍ കഴിയുമായിരുന്നുള്ളു. 2007 ലായിരുന്നു ഒമേഗ പാക്കേജിന്റെ അവസാന വേര്‍ഷന്‍ പുറത്തിറക്കിയത്. അദ്ദേഹവും ഞങ്ങളെ ടെക് പഠനത്തിന്റെ ആരംഭദശയില്‍ ഏറെ സഹായിച്ചിട്ടുണ്ട്. ഉബുണ്ടുവില്‍ ഇന്‍സ്ക്രിപ്റ്റ് രീതിയില്‍ മലയാളം ടെക് ചെയ്യുന്നതെങ്ങനെയെന്ന് താഴെ വിശദമാക്കിയിരിക്കുന്നു.

സരോവര്‍ മലയാളം ടെക് പ്രോജക്ട് ‍ എന്ന സൈറ്റില്‍ പ്രവേശിക്കുക. അതില്‍ നിന്ന് മൂന്നു കാര്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കണം.
1) malayalam-0.9.6 .tar.gz
2) ildc-cdac-malayalam-1.0.tar.gz
3) malayalam- omega-1.0.2
ഇവ മൂന്നും ഡെസ്ക്ക് ടോപ്പില്‍ കോപ്പി എടുത്ത് ഇടുന്നു.

ഇനി ഓരോന്നായി ഇന്‍സ്റ്റാള്‍ ചെയ്യാം . ആദ്യത്തേത് Extract ചെയ്യുക
malayalam-0.9.6 .tar.gz എന്നത് Extract ചെയ്യുമ്പോള്‍ കിട്ടുന്നത് malayalam-0.9.6 എന്ന ഫോള്‍ഡര്‍ ആണല്ലോ. ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനായി ടെര്‍മിനലില്‍ പ്രവേശിക്കുക

cd Desktop
cd malayalam-0.9.6
sudo ./install.sh

അപ്പോള്‍ TEXMF root directory (Press 'Enter' if the default is ok)
(/usr/share/texmf):

എന്നുവരും . എന്റര്‍ ചെയ്താല്‍ installation ആരംഭിക്കും ചിലപ്പോള്‍ മൂന്നുസ്റ്റെപ്പുകള്‍ എന്റര്‍ ചെയ്യേണ്ടി വരും .
ഇതുപോലെ തന്നെ ildc-cdac-malayalam-1.0.tar.gz, malayalam- omega-1.0.2 എന്നിവയും ഇപ്രകാരം തന്നെ ചെയ്യുക

ഇനി ചെയ്യേണ്ടത് texlive-omega സിനാപ്റ്റിക്ക് പാക്കേജ് മാനേജര്‍ വഴി ഇന്‍സ്റ്റാള്‍ ചെയ്യണം . അത് മിക്കവാറും ചെയ്തിട്ടുണ്ടാകും. ഇനി നമ്മുടെ സ്വന്തം മലയാളത്തില്‍ എഴുതി നോക്കാം . അതാണല്ലോ ആവശ്യം . ആദ്യം നമ്മള്‍ സരോവറില്‍ നിന്നും ചിലത് എടുത്ത് ഇന്‍സ്റ്റാള്‍ ചെയ്തല്ലോ. താഴെയുള്ള സോഴ്സ് ഡൗണ്‍ലോഡ് ചെയ്ത് കോപ്പിയെടുത്ത് gedit ല്‍ പേസ്റ്റ് ചെയ്ത് Desktop ല്‍ സേവ് ചെയ്യുക . ഞാന്‍ ചെയ്തത് mal.tex എന്നാണ്.

മലയാളത്തിന്റെ ഒരു സോഴ്സ് ഫയല്‍

ഇനി ടെര്‍മിനല്‍ തുറന്ന് താഴെ നല്‍കിയിരിക്കുന്ന കമാന്റുകള്‍ നല്‍കി എന്റര്‍ ചെയ്യുക.

cd Desktop
lamed mal.tex
dvips mal.dvi
ps2pdf mal.ps
xpdf mal.pdf
ഒമേഗ വഴിയോ അല്ലാതെയോ ഇപ്പോള്‍ ഒരു ടെക് ഫയലിനെ നേരിട്ട് pdf ആക്കി മാറ്റാന്‍ സാധിക്കില്ല. അതാണ് വിവിധ കമാന്റുകള്‍ ഉപയോഗിച്ച് പല ഫോര്‍മാറ്റുകളിലേക്ക് മാറ്റി മാറ്റി ഒടുവില്‍ pdf ലേക്ക് ആക്കി മാറ്റുന്നു.

cd Desktop
ആദ്യം cd (Change Directory) എന്ന കമാന്റ് വഴി
ടെക് ഫയല്‍ കിടക്കുന്ന Desktop ലേക്ക് പ്രോഗ്രാമിനെ കൊണ്ടു വരുന്നു.

lamed mal.tex
പിന്നീട് lamed എന്ന കമാന്റിലൂടെ ഡെസ്ക്ടോപ്പിലുള്ള ടെക് ഫയലിനെ ഡിഫോള്‍ട്ട് ഔട്ട്പുട്ടായ Dvi (Device Independent) ഫോര്‍മാറ്റിലേക്ക് കണ്‍വര്‍ട്ട് ചെയ്തെടുക്കുന്നു.

dvips mal.dvi
രണ്ടാം കമാന്റില്‍ dvi ഫയലിനെ PDF ന്റെ തന്നെ ബന്ധുവായ ps (Post script) ഫോര്‍മാറ്റിലേക്ക് മാറ്റുന്നു.

ps2pdf mal.ps
മൂന്നാം കമാന്റില്‍ ps ഫയലിനെ pdf ആക്കി മാറ്റുന്നു.

xpdf mal.pdf
നാലാം കമാന്റ് xpdf ല്‍ ഈ പി.ഡി.എഫ് ഫയലിനെ തുറന്നു കാണുന്നതിനുള്ളതാണ്.

മറ്റൊന്നു കൂടി സൂചിപ്പിക്കട്ടെ. ചിലപ്പോള്‍ lamed mal.tex എന്ന് ചെയ്യുമ്പോള്‍ ആദ്യം മാത്രം ഒരു ഫയല്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പറയും . നിര്‍ദ്ദേശമനുസരിച്ച് ടെര്‍മിനലില്‍ അതു ചെയ്യണം . എന്തു ചെയ്യണമെന്ന് ടെര്‍മിനിലില്‍ത്തന്നെ വ്യക്തമായ നിര്‍ദ്ദേശമുണ്ടാകും. നമുക്കു ലഭിക്കുന്ന OUTPUT ഇതായിരിക്കും.

ഏറെ നാളായുള്ള എന്റെ സ്വപ്നം


മലയാളം ടെക്ക് ചെയ്യാന്‍ മേല്‍കാണിച്ച എല്ലാ കമാന്റുകളും കൂടി ഒറ്റക്കമാന്റിലൊതുക്കി കൃഷ്ണന്‍ സാര്‍ ഒരു വിദ്യ പറഞ്ഞു തന്നിരുന്നല്ലോ. ഹസൈനാര്‍ സാര്‍ ഈ സ്ക്രിപ്റ്റിനെ ഒരു ഡെബിയന്‍ പാക്കേജ് ആക്കി അയച്ചു തന്നിട്ടുണ്ട്. ഈ പാക്കേജ് Gdebi Package Installer ഉപയോഗിച്ച് ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍ Desktopല്‍ ഉള്ള ഒരു tex ഫയലിന്റെ പി.ഡി.എഫ് ഔട്ട്പുട്ട് കിട്ടാന്‍ ഒരേയൊരു കമാന്റ് ഉപയോഗിച്ചാല്‍ മതി. ഇങ്ങനെ ചെയ്യുമ്പോള്‍ pdf ഫയല്‍ മാത്രമേ ഉണ്ടാവുകയും ചെയ്യുകയുള്ളൂ. ആദ്യം ടെര്‍മിനലിനെ ഫയല്‍ കിടക്കുന്ന Desktop ലേക്ക് ലൊക്കേറ്റ് ചെയ്യിക്കുക.
cd Desktop
maltex filename
(ഫയല്‍ നെയിം നല്‍കുമ്പോള്‍ എക്സെന്‍ഷനായ .tex എന്നു ചേര്‍ക്കേണ്ടതില്ല.)

പരീക്ഷിച്ചു നോക്കൂ. ഗണിതാധ്യാപകന്‍ ലേ ടെക്കിന്റെ സൗന്ദര്യവും ഉപയോഗവും തിരിച്ചറിയുന്നത് കണക്കെഴുതുമ്പോഴാണ് . അത് വഴിയെ കാണാം. കുടുതല്‍ ടാഗുകളും പരീക്ഷണങ്ങളുമായി പിന്നെ കാണാം. ഇനിയും കാണും വരെ വണക്കം. നിങ്ങളുടെ അഭിപ്രായങ്ങള്‍ താഴെ കുറിക്കുമല്ലോ.


Read More | തുടര്‍ന്നു വായിക്കുക

ബുള്ളഷ്, നീ ഞങ്ങളോട് പൊറുക്കുക !!

>> Saturday, October 1, 2011


കഴിഞ്ഞ ചൊവ്വാഴ്ച അത്ര പ്രാധാന്യത്തോടെയല്ലെങ്കിലും മലയാള പത്രങ്ങളില്‍ വന്ന ഒരു വാര്‍ത്തയിതായിരുന്നു. ആലപ്പുഴ ജില്ലയിലെ പട്ടണക്കാടിന് സമീപം ഉഴുവ തറമൂട് റെയില്‍വേ ക്രോസിനടുത്ത ശ്രീകൃഷ്ണവിലാസം ഭജനമഠത്തിന്റെ നടപ്പന്തലിലെ മണിക്കയറില്‍ അര്‍ധരാത്രി ഒരു മുപ്പതുകാരന്‍ പശ്ചിമ ബംഗാളിലെ ജയ്പാല്‍ഗുഡി ജില്ലയില്‍ നിന്നുള്ള ബുള്ളഷ് റാവു ജീവത്യാഗം ചെയ്തു. ഇദ്ദേഹം ഈ സമയത്ത് എങ്ങനെ ഇവിടെയെത്തി എന്നല്ലേ? വിശദീകരിക്കാം.

ചെങ്ങന്നൂരില്‍ നിര്‍മാണത്തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന ബംഗാളി സംഘത്തില്‍ പെട്ടയാളാണ് ബുള്ളഷ്. നാട്ടില്‍നിന്നെത്തിയ രണ്ട് തൊഴിലാളി സുഹൃത്തുക്കളോടൊപ്പം തീവണ്ടിയില്‍ യാത്ര ചെയ്യുകയായിരുന്നു അദ്ദേഹം. ഉഴുവയില്‍ വെച്ച് ആള്‍ തീവണ്ടിയില്‍നിന്ന് പുറത്തേക്ക് തെറിച്ചുവീണ് തലക്ക് മുറിവുപറ്റി. അര്‍ധരാത്രി, തനിച്ച്, രക്തമൊലിക്കുന്ന ശരീരവുമായി ആ യുവാവ് അടുത്തുള്ള വീട്ടില്‍ സഹായത്തിന് കയറി. അവര്‍ സഹായിച്ചില്ലെന്ന് മാത്രമല്ല, ബുള്ളഷിനെ പറഞ്ഞുവിട്ടു. ഭാഷയറിയാതെ, വഴി തിരിയാതെ ആ ചെറുപ്പക്കാരന്‍ വീണ്ടും നിരവധി വീടുകളില്‍ കയറി ദയ യാചിച്ചു നോക്കി. ആരും അര ഗ്ലാസ് പച്ചവെള്ളം പോലും അവന് നേരെ നീട്ടിയില്ല.

അര്‍ധരാത്രി രക്തമൊലിപ്പിച്ചു നടക്കുന്ന ബുള്ളഷിന് നേരെ ഒരു പട്ടി കുരച്ച് വന്നപ്പോള്‍ അയാള്‍ അടുത്തുള്ള ഭജനമഠത്തില്‍ കയറി. അവിടെ തൂങ്ങിക്കിടക്കുന്ന മണിക്കയര്‍ അപ്പോഴാണയാള്‍ കാണുന്നത്. ഈ മനുഷ്യര്‍ക്കും പട്ടികള്‍ക്കുമിടയില്‍ ജീവിച്ചിരിക്കുന്നതില്‍ അര്‍ഥമില്ലെന്ന് കണ്ട് ആ ചെറുപ്പക്കാരന്‍ ഭക്തിയുടെ കയറില്‍ തന്റെ ജീവന്‍ അവസാനിപ്പിച്ചു. രംഗം നടക്കുമ്പോള്‍ മഠത്തിന് ചുറ്റും കണ്ടുനില്‍ക്കാന്‍ ആളുകളുണ്ടായിരുന്നു. ആരും 'അരുത്, ഞങ്ങളുണ്ടിവിടെ' എന്നു പറഞ്ഞതേയില്ല.

കായംകുളത്തുനിന്ന് ഞായറാഴ്ച ഒരു റിപ്പോര്‍ട്ടുണ്ടായിരുന്നു. ടിന്‍ഷീറ്റ് ഷെഡില്‍ താമസിക്കുന്ന ബംഗാളി തൊഴിലാളികള്‍ക്കുനേരെ പ്രദേശത്തെ ചില മാന്യന്മാര്‍ മൊബൈല്‍ ഫോണ്‍ മോഷണത്തിന്റെ പേരുപറഞ്ഞ്, നിര്‍മാണ സാമഗ്രികള്‍ ഉപയോഗിച്ച് മൃഗീയമായ ആക്രമണം അഴിച്ചുവിട്ടു. 15നും 30 വയസ്സിനുമിടയിലുള്ള 36 തൊഴിലാളികള്‍ ഇതെഴുതുമ്പോഴും ദേഹം മുഴുക്കെ മുറിവേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. മൊബൈല്‍ ഫോണല്ല, കരാറുകാര്‍ക്കിടയിലെ കുടിപ്പകയാണ് പാവപ്പെട്ട തൊഴിലാളികള്‍ ആക്രമിക്കപ്പെട്ടതിന്റെ യഥാര്‍ഥ കാരണം. സ്ഥലത്തെ പ്രധാന മാന്യന്മാരാണ് ആക്രമണത്തിന് പിന്നിലെന്നത് കൊണ്ടുതന്നെ പൊലീസ് കാര്യമായ നടപടികള്‍ ഒന്നും ഇതുവരെയും എടുത്തിട്ടില്ല.

'അന്യസംസ്ഥാന തൊഴിലാളികള്‍' എന്നത് നമ്മുടെ ഭാഷയില്‍ അടുത്തിടെ വന്നുചേര്‍ന്ന ഒരു പ്രയോഗമാണ്. നമ്മുടെ ചെറുപ്പക്കാര്‍ നല്ലൊരു ശതമാനം വിദേശത്തുപോവുകയും ഇവിടെയുള്ളവര്‍ ശാരീരികാധ്വാനമുള്ള തൊഴില്‍ ചെയ്യുന്നത് മടിക്കുകയും ചെയ്തപ്പോഴാണ് അന്യസംസ്ഥാന തൊഴിലാളികള്‍ നമ്മുടെ തൊഴില്‍ കമ്പോളത്തിലെ വലിയ സാന്നിധ്യമായത്. നമ്മുടെ നിര്‍മാണമേഖല ഇന്ന് മുന്നോട്ടുപോകുന്നത് പ്രധാനമായും ഇവരുടെ അധ്വാനശേഷിയുടെ ബലത്തിലാണ്. സാമാന്യം തരക്കേടില്ലാത്ത കൂലികിട്ടുന്നതുകൊണ്ട് അവരും സന്തോഷത്തോടെ തൊഴില്‍ ചെയ്യുന്നു. അങ്ങനെ, ഒഡിഷയിലെയും ബംഗാളിലെയും ബിഹാറിലെയും വിദൂര ഗ്രാമങ്ങളിലെ പട്ടിണിപ്പാവങ്ങള്‍ക്ക് കേരളം എന്നത് അവര്‍ കണ്ടെത്തിയ 'ഗള്‍ഫ്' ആയി മാറി. ഒരു കാര്യമുറപ്പ്, നാളെ അവരെല്ലാം തിരിച്ച് വണ്ടി കയറിയാല്‍ കേരളത്തിന്റെ ഉല്‍പാദന, നിര്‍മാണമേഖല സ്തംഭിക്കും.പക്ഷേ, ആ മനുഷ്യരെ മനുഷ്യരായി കാണാനുള്ള മാന്യത പുരോഗമന കേരളം കാണിക്കുന്നുണ്ടോ? അര്‍ധ മനുഷ്യരോ താഴ്ന്ന മനുഷ്യരോ ആയല്ലേ നാം പലപ്പോഴും അവരെ പരിഗണിക്കുന്നത്?

ആസ്‌ട്രേലിയയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കുനേരെയുള്ള വംശീയ വിവേചനത്തിനെതിരെ സായാഹ്ന ധര്‍ണ നടത്തുമ്പോഴും നമ്മുടെ ഉമ്മറത്തെ ബംഗാളിയോട് മാന്യമായി പെരുമാറാന്‍ മലയാളിക്ക് കഴിഞ്ഞില്ല. ഗര്‍വിന്റെയും അഹങ്കാരത്തിന്റെയും വ്യാകരണവും ശരീരഭാഷയുമാണ് നാം അവരോട് കാണിച്ചത്. ഗള്‍ഫിലും മറ്റും ഇതേപോലെ 'അന്യരാജ്യ' തൊഴിലാളികളായി ജീവിക്കുന്ന മലയാളി ചെറുപ്പക്കാര്‍ അയക്കുന്ന കറന്‍സിയുടെ ബലത്തിലാണ് നമ്മളീ അഹന്തകളൊക്കെയും കാണിക്കുന്നതെന്ന് നാം മറന്നുപോയി.അന്യസംസ്ഥാന തൊഴിലാളികളോടുള്ള അയിത്ത മനോഭാവം മാത്രമല്ല, മറ്റൊരാളുടെയും പ്രശ്‌നത്തില്‍ ഇടപെടാനുള്ള മലയാളിയുടെ സന്നദ്ധതയില്ലായ്മ കൂടിയാണ് ബുള്ളഷിന്റെ മരണം വെളിവാക്കുന്നത്.

വാഹനാപകടത്തില്‍ പെട്ട് നടുറോഡില്‍ രക്തമൊലിപ്പിച്ച് പിടയുന്നവനെ കൈപിടിച്ചുയര്‍ത്തുന്നതിനുപകരം, ആ രംഗം മൊബൈല്‍ കാമറയില്‍ ഒപ്പിയെടുക്കാന്‍ വെമ്പുന്ന മനസ്സ് മലയാളിയില്‍ വികൃതമായി വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഞാന്‍, എന്റെ കാര്യം എന്ന കുടുസ്സു ചിന്തയില്‍ എന്തേ നമ്മള്‍ മലയാളികള്‍ ഇന്ത്യയിലെ ഏറ്റവും വിദ്യാസമ്പന്നരായ പുരോഗമന സമൂഹം പെട്ടുപോയി? ഒരിറക്ക് വെള്ളംപോലും കിട്ടാതെ വേദനകൊണ്ട് പുളഞ്ഞ്, മനോവേദനകൊണ്ട് തകര്‍ന്ന് ജീവിതമവസാനിപ്പിച്ച ബുള്ളഷിന്റെ ആത്മാവ് നമ്മളെക്കുറിച്ച് ഇപ്പോള്‍ എന്തു വിചാരിക്കുന്നുണ്ടാവും? കുടിലിലെ പട്ടിണിമാറ്റാന്‍ ആ ചെറുപ്പക്കാരനെ കണെ്ണത്താ വിദൂരതയിലേക്ക് പറഞ്ഞുവിട്ട ബുള്ളഷിന്റെ അമ്മ നാളെ ഇങ്ങോട്ടുവന്ന് എന്റെ മകനോട് നിങ്ങളെന്തേ ഇങ്ങനെ ചെയ്തുവെന്ന് ചോദിച്ചാല്‍, സത്യം, നമ്മളെന്താണ് മറുപടി പറയുക?

വിദൂരദേശങ്ങളില്‍ തീര്‍ത്തും അന്യമായ സാഹചര്യങ്ങളില്‍ നമുക്ക് കഞ്ഞിയെത്തിക്കാന്‍ വേണ്ടി ചോരനീരാക്കി പണിയെടുക്കുന്ന നമ്മുടെ മക്കളോട്/അനുജന്മാരോട് അന്നാട്ടുകാര്‍ ഈ വിധം പെരുമാറിയാല്‍ അവര്‍ക്കുനേരെ വിരല്‍ചൂണ്ടാന്‍ നമുക്കെങ്ങനെ കഴിയും?ബുള്ളഷിന്റെ മരണം ഒരു ചൂണ്ടാണി മാത്രമാണ്. നാം, മലയാളികള്‍ എവിടെ എത്തിനില്‍ക്കുന്നുവെന്നതിന്റെ ഓര്‍മപ്പെടുത്തല്‍. ഈ അപരാധത്തിന് നാം കൂട്ടമായി മാപ്പുചോദിക്കുക. മുഖ്യമന്ത്രിതന്നെ മുഴുവന്‍ മലയാളികള്‍ക്കും വേണ്ടി ആ ചെറുപ്പക്കാരന്റെ കുടുംബത്തോട് ഖേദപ്രകടനം നടത്തുക. എങ്കില്‍ അതൊരു അനുഭവമായിരിക്കും. ജനങ്ങള്‍ക്കിടയില്‍ പുതിയൊരു അവബോധം സൃഷ്ടിക്കാന്‍ അതുപകരിക്കും. പൊങ്ങച്ചബോധം കുടഞ്ഞു തെറിപ്പിക്കാന്‍, സ്വന്തത്തെയും കടന്ന് അപരനിലേക്ക് നീളാനുള്ള ചിന്ത അവനില്‍ കരുപ്പിടിപ്പിക്കാന്‍ അതുപകരിച്ചേക്കും.ബുള്ളഷ്, നീ ഞങ്ങളോട് പൊറുക്കുക.
(വാര്‍ത്തയ്ക്ക് മാധ്യമത്തോട് കടപ്പാട്)


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer