Saturday, December 11, 2010

പഠനപ്രദര്‍ശനം - സ്വന്തം തട്ടകത്തില്‍

ശാസ്ത്രമേളകളുടെ കാലമാണല്ലോ. പ്രവൃത്തിപരിചയം, ഗണിതം ഐ.ടി തുടങ്ങിയ മേളകളും ഇതോടൊന്നിച്ച് നടക്കും. മിടുക്കന്‍മാരും മിടുക്കികളുമായവര്‍ ഇതിലൊക്കെ പങ്കെടുക്കും. നല്ല സമ്മാനങ്ങളും നേടും. അധ്യാപകരുടേയും രക്ഷിതാക്കളുടേയും സഹായ സഹകരണങ്ങള്‍ ഇതിനൊക്കെ വേണ്ടുന്ന പിന്‍ബലം നല്‍കും. ഈ വര്‍ഷത്തെ മത്സരങ്ങള്‍ സമാപിക്കുന്നതിലൂടെ അടുത്ത വര്‍ഷത്തേക്കു വേണ്ട തയ്യാറെടുപ്പുകളില്‍ മുഴുകും. തീര്‍ച്ചയായും ഇതൊക്കെയും നല്ലതുതന്നെ. എന്നാല്‍ ഇതിന്റെ മറുവശം കൂടി നാം കാണണം. ഈ തരത്തിലുള്ള പരിപാടികളും അതുമായി ബന്ധപ്പെട്ട അനുഭവങ്ങളും വൈജ്ഞാനിക വികാസവും കയ്യില്‍ കിട്ടുന്നത് വളരെ ചെറിയൊരു വിഭാഗം കുട്ടികള്‍ക്ക് മാത്രമാണ്. എല്ലാ സൌകര്യങ്ങളും ഉള്ള മികച്ച വിദ്യാലയങ്ങളില്‍ പോലും ഇതാണവസ്ഥ. കലാമത്സരങ്ങള്‍, ക്വിസ്സ് പോലുള്ള വൈജ്ഞാനിക പരിപാടികള്‍, ശാസ്ത്രമേളകള്‍ തുടങ്ങിയവയിലൊക്കെ ഇതാണവസ്ഥ. അപ്പോള്‍ ഇതൊക്കെയുള്ളതുകൊണ്ട് എല്ലാ കുട്ടികള്‍ക്കും ലഭിക്കേണ്ട അറിവനുഭവങ്ങള്‍ ലഭിക്കാനെന്തുചെയ്യാം എന്ന ആലോചന ചര്‍ച്ച ചെയ്യപ്പെടണം. പാലക്കാട് മണ്ണാര്‍ക്കാട് കെ.ടി.എം.എച്ച്.എസിലെ പ്രഥമാധ്യാപകനും എഴുത്തുകാരനുമായ എസ്.വി രാമനുണ്ണി മാഷ് ഇതേക്കുറിച്ചുള്ള വിപ്ലവകരമായ ചില ആശയങ്ങള്‍ പങ്കുവെക്കുന്നു. വായിച്ച് അഭിപ്രായം പങ്കുവെക്കുമല്ലോ.

ഈ ചര്‍ച്ചയുടെ ഭാഗമായാണ് ശാസ്ത്രപ്രദര്‍ശനം പോലുള്ള സംഗതികള്‍ വിപുലമായ തോതില്‍ സ്കൂളുകളില്‍ സംഘടിപ്പിക്കണമെന്ന നിര്‍ദ്ദേശങ്ങള്‍ ഉണ്ടായത്. ‘വിപുലമായ ‘ എന്നൊക്കെ സങ്കല്‍പിച്ചുവെങ്കിലും വളരെ ചെറിയതോതില്‍ മാത്രമാണിതൊക്കെ പലപ്പോഴും നടക്കുന്നത്. അതുകൊണ്ടുതന്നെ മുഴുവന്‍ കുട്ടികളേയും ഉദ്ദേശിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നാം തന്നെ ഇനിയും ആലോചിക്കണം. ഒരു സാധ്യത ഇങ്ങനെയാണ്:

കഴിഞ്ഞ ദിവസങ്ങളില്‍ സാധാരണ പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചെയ്ത പ്രവര്‍ത്തനങ്ങളുടെ ഒരു മുഴു ദിവസ പ്രദര്‍ശനം സ്കൂളില്‍ സംഘടിപ്പിക്കുക. ഇതിന്നായി 6 സ്റ്റാളുകള്‍ ഒരുക്കണം. ശാസ്ത്രം, ചരിത്രം, ഭാഷ, ഗണിതം, പ്രവൃത്തിപരിചയം, ഐ.ടി എന്നിങ്ങനെ ആറു സ്റ്റാളുകള്‍. ഇതില്‍ സ്കൂളിലെ മുഴുവന്‍ കുട്ടികളും പങ്കാളികളായും കാണികളായും പങ്കെടുക്കണം. മുഴുവന്‍ അധ്യാപകരുടേയും സഹായസഹകരണങ്ങള്‍ ഉണ്ടാവണം.പങ്കാളിത്തം ഉറപ്പാക്കാന്‍ താഴെപ്പറയുന്ന പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കാം.

  • ഒരു ക്ലാസിലുള്ള മുഴുവന്‍ കുട്ടികളേയും ആറ് സ്റ്റാര്‍ ഗ്രൂപ്പുകളിലായി നിശ്ചയിക്കുക.ഗ്രൂപ്പുകള്‍ ഇങ്ങനെ.
  • 1] ശാസ്ത്രം, 2]ചരിത്രം, 3] ഭാഷ (എല്ലാ ഭാഷയും ഉള്‍പ്പെടും), 4] ഗണിതം, 5]പ്രവൃത്തിപരിചയം (ചിത്രമടക്കം), 6] ഐ.ടി.
  • സ്റ്റാര്‍ ഗ്രൂപ്പുകളില്‍ കുട്ടികളെ ഉള്‍പ്പെടുത്തുന്നത് കഴിയുന്നത്ര അവരുടെ താല്‍പര്യം അനുസരിച്ചാവാം.എല്ലാ ക്ലാസുകളിലുമായി ഈ ഗ്രൂപ്പുകള്‍ സജീവമാകണം.
  • പഠന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട സാമഗ്രികളും കുട്ടികള്‍ സവിശേഷമായി നിര്‍മ്മിക്കുന്ന പഠനോപകരണങ്ങളും സമയ ബന്ധിതമായി ശേഖരിക്കുകയും ഒരുക്കിയെടുക്കുകയും വേണം. ഇതിന്നായി ക്ലാസിലെ അധ്യാപകരുടെ സഹായവും മേല്‍നോട്ടവും വേണം.
  • ഒരു ക്ലാസില്‍ ആറു സ്റ്റാര്‍ ഗ്രൂപ്പുകള്‍ എന്ന തോതില്‍ സമയബന്ധിതമായി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണം. 5 മുതല്‍ 10 വരെ 20 ഡിവിഷനുകള്‍ ഉണ്ടെങ്കില്‍ ആകെ 120 ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കും. ഒരു വിഷയത്തില്‍ 20 സ്റ്റാര്‍രൂപ്പുകളും. ഒരു ഗ്രൂപ്പില്‍ 7-8 കുട്ടികള്‍ ഉണ്ടാവും.എല്ലാ കുട്ടിയും സജീവമാകും.വിഷയാടിസ്ഥാനത്തില്‍ അധ്യാപകര്‍ ഇടപെട്ട് സഹായിക്കും.
  • വേണ്ടത്ര പ്രചാരണപ്രവര്‍ത്തനങ്ങള്‍ ഓരോ ഗ്രൂപ്പും നടത്തണം. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം പ്രദര്‍ശനപരിപാടി സംഘടിപ്പിക്കണം. അധ്യാപകരുടെ നേതൃത്വത്തിലുള്ള സംഘാടകസമിതി മേല്‍നോട്ടം വഹിക്കണം.
  • ഒരോവിഷയത്തിലും സംഘടിപ്പിച്ചിട്ടുള്ള പ്രദര്‍ശനവസ്തുക്കള്‍ നിശ്ചയിച്ച മുറികളില്‍ നന്നായി പ്രദര്‍ശിപ്പിക്കുകയും വേണ്ടത്ര വിവരണങ്ങള്‍ നല്‍കുകയും വേണം. അതിനുവേണ്ട നിര്‍ദ്ദേശങ്ങളും കൈത്താങ്ങും അധ്യാപകര്‍ നല്‍കും.
  • രാവിലെ 9 മുതല്‍ 11 വരെ സ്റ്റാള്‍ ഒരുക്കല്‍, 11 മുതല്‍ 12 വരെ മൂല്യനിര്‍ണ്ണയം-സമ്മാനങ്ങള്‍ നിശ്ചയിക്കല്‍ എന്നിവ നടക്കനം. 12 മുതല്‍ 4 മണിവരെ എല്ലാകുട്ടികളും പരസ്പരം സ്റ്റാളുകള്‍ സന്ദര്‍ശിക്കലും വിലയിരുത്തലും നടക്കണം.
  • 4 മണിക്ക് സമാപന സമ്മേളനവും പൊതു വിലയിരുത്തലും സമ്മാനങ്ങളും ഉണ്ടാവണം
  • സ്റ്റാളുകളിലെ അലങ്കരണം, ഒരുക്കല്‍, ഇനങ്ങള്‍ നിശ്ചയിക്കല്‍ എന്നിവ കുട്ടികള്‍ മത്സരബുദ്ധിയോടെ ചെയ്തു തീര്‍ക്കണം.
ഇത്രയും സംഗതികള്‍ വേണ്ടത്ര ആലോചനയിലൂടെയും ആവേശത്തോടെയും ചെയ്യുന്നതോടെ:
  1. മുഴുവന്‍ കുട്ടികളുടേയും അധ്യാപകരുടേയും പങ്കാളിത്തം ഉണ്ടാവുന്നു.
  2. കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട മേഖലകളില്‍ അവരുടെ തനിമ പ്രദര്‍ശിപ്പിക്കാന്‍ ഇടം കിട്ടുന്നു.
  3. പരസ്പരം എല്ലാവരും കാണികളാവുന്നതിലൂടെ സ്വയം വിലയിരുത്താന്‍ അവസരം ഉണ്ടാവുന്നു. മെച്ചപ്പെടുത്താന്‍ കഴിയുന്നു.
  4. മികച്ച അധ്വാനവും പങ്കാളിത്തവും ഉണ്ടാവുന്നതിലൂടെ പൊതു ചെലവുകള്‍ വളരെ കുറയുന്നു.
  5. സ്കൂളിലെ പഠനപ്രവര്‍ത്തനങ്ങളുടെ മികവും നിലവാരവും രക്ഷിതാക്കള്‍ക്കടക്കം പൂര്‍ണ്ണമായി ബോധ്യപ്പെടുന്നു. എല്ലാം ഡോക്യുമെന്റ് ചെയ്യുന്നതിലൂടെ വരും കാലങ്ങളില്‍ നന്നായി പ്രയോജനപ്പെടുത്താന്‍ കഴിയുന്നു.
  6. ഒരൊറ്റ ദിവസം കൊണ്ട് - കഴിഞ്ഞ ദിവസങ്ങളില്‍ മുഴുവന്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ നമുക്ക് സ്വയം വിലയിരുത്താന്‍ കഴിയുന്നു.
  7. പോരായ്മകള്‍ പരിഹരിച്ചേ മതിയാകൂ എന്ന അവസ്ഥ സ്വയമേവ ഉണ്ടാവുന്നു.
കെ.ടി.എം ഹൈസ്കൂളില്‍ ഉടനെ സംഘടിപ്പിക്കുന്ന ‘പഠനപ്രദര്‍ശന’ത്തിന്റെ പ്ലാനിങ്ങും നടത്തിപ്പും ഈ ചര്‍ച്ചാക്കുറിപ്പെഴുതാന്‍ സഹായിച്ചു എന്നു കൂടി പറയട്ടെ.

39 comments:

  1. ഒരു സ്കൂളിലേ മുഴുവന്‍ കുട്ടികള്‍ക്കും പ്രധിനിത്ദ്യം ഉണ്ടാവുന്ന ,അധ്യാപകര്‍ക്ക് പൂര്‍ണമായും ഇടപെടാന്‍ സാധിക്കുന്ന കെ .ടി എം സ്കൂളിലെ രാമനുണ്ണി സാറിന്റെ ഇത്തരം സംരംഭങ്ങള്‍ സംസ്ഥാനത്തുള്ള മുഴുവന്‍ സ്കൂളുകള്‍ക്കും മാതൃകയാക്കാം .ഇവിടെ ആരും കാഴ്ച്ചക്കാരില്ലാല്ലോ. നമുക്കും പിന്തുണക്കാം. അഭിവാദനങ്ങള്‍ ...

    ReplyDelete
  2. 7-112-10 നു ഇതു ഗംഭീരമായി നടന്നു.http://ktmhs.wordpress.com/ നോക്കുക

    ReplyDelete
  3. വളരെ നല്ല നിര്‍ദ്ദേശങ്ങള്‍ തന്നെ
    ഒരു കുട്ടിയ്ക്ക് ഒന്നിലധികം വിഷയങ്ങളില്‍ (maths,science etc) താല്പര്യമുണ്ടെങ്കില്‍ അതും പരിഗണിയ്ക്കാം എന്നു തോന്നുന്നു

    ReplyDelete
  4. കെ.ടി.എം.എച്ച്.എസിലെ പഠനപ്രദര്‍ശനവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ കണ്ടു. വാക്കുകള്‍ക്ക് ജീവന്‍ വെപ്പിച്ചതിനും അതിനെ പ്രവര്‍ത്തിപഥത്തിലേക്കെത്തിച്ചതിനും ആദ്യമേ അഭിനന്ദനങ്ങളറിയിക്കട്ടെ. ഇതൊരു നല്ല ആശയമാണ്. ഒരു വര്‍ഷം തങ്ങള്‍ പഠനപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ചെയ്ത എല്ലാ സാധനസാമഗ്രികളും പ്രദര്‍ശിപ്പിക്കണമെന്നു വരുമ്പോള്‍ ‌ വസ്തുക്കള്‍ക്ക് കുറേക്കൂടി മികവു നല്‍കാന്‍ അവര്‍ ശ്രമിക്കാതിരിക്കില്ല. മാത്രമല്ല, ഇവയെല്ലാം സൂക്ഷിച്ചുവെക്കണമെന്ന ഒരു ബോധവും അവന്റെ മനസ്സിലുണ്ടാകും. ഇവയെല്ലാം ഭാവിപൗരനെന്ന നിലയില്‍ കുട്ടിക്ക് നല്‍കാനാവുന്ന മികച്ച പരിശീലനങ്ങള്‍ തന്നെ.

    ReplyDelete
  5. പല സ്കൂളിലെയും അധ്യാപകര്‍ പറയുന്നത് പഠിപ്പിക്കുവാന്‍ തന്നെ സമയമില്ല എന്നാണ്.ഇത്ര സമയമെടുത്ത് പഠിപ്പിക്കുക എന്നാല്‍ കൂടുതല്‍ പഠനപ്രവര്‍ത്തനങ്ങളില്‍ കുട്ടികള്‍ ഏര്‍പ്പെടുന്നു എന്നാണല്ലോ അര്‍ത്ഥം. അതുകൊണ്ടുതന്നെ അവരുടെ പഠനപ്രവര്‍ത്തനങ്ങളുടെ ഫലമായുണ്ടായ ഉല്‍പ്പന്നങ്ങള്‍ രണ്ടു മാസത്തിലൊരിക്കല്‍ സ്കൂളില്‍ പ്രദര്‍ശിപ്പിക്കാം.(ഉദാ: ഗണിതം-നിര്‍മ്മിതികള്‍, പസിലുകള്‍,പ്രശ്നങ്ങള്‍,രൂപങ്ങള്‍,സിദ്ധാന്തങ്ങളുടെയും മറ്റും ചരിത്രവും വ്യക്താക്കളും,സെമിനാര്‍ പേപ്പറുകള്‍,ചര്‍ച്ചാ കുറിപ്പുകള്‍,പ്രോജക്ട് റിപ്പോര്‍ട്ടുകള്‍,ഡിബേറ്റ് വിഷയങ്ങള്‍, കണ്ടുപിടുത്തങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെങ്കില്‍ അവയുടെ രേഖകള്‍, ഗണിതസംബന്ധിയായ ചിത്രങ്ങള്‍, ജീവചരിത്രങ്ങള്‍, കണക്കിലെ എളുപ്പവഴികള്‍, സൂത്രവാക്യങ്ങള്‍, പട്ടികകള്‍,അളവുകളും തൂക്കങ്ങളും.അളവ് ഉപകരണങ്ങള്‍, ഗണിതസംബന്ധിയായ ലേഖനങ്ങളുടെ ശേഖരണങ്ങള്‍,.....എന്നിവ).അധ്യാപകര്‍ക്കു വിസമ്മതമില്ലെങ്കില്‍ ഈ പ്രവര്‍ത്തനങ്ങളിലേക്കുനയിച്ച ടീച്ചിംഗ് മാന്വലുകളും (പ്രവര്‍ത്തനം-പ്രതികരണം ഉള്‍പ്പെടെ)പ്രസിദ്ധീകരിക്കാം.ബ്ലോഗിലൂടെയും പ്രസിദ്ധീകരിക്കാം.സമയക്കുറവുള്ള അധ്യാപകര്‍ക്കു വിമര്‍ശിക്കാം,കണ്ടുപഠിക്കാം,അനുകരിക്കാം.കൂടുതല്‍ മെച്ചപ്പെടുത്താം.അങ്ങനെ അധ്യാപകന്റെ പ്രൊഫഷനലിസം സമൂഹം തിരിച്ചറിയട്ടെ.

    ReplyDelete
  6. നമ്മുടെ പൊതുവിദ്യാലയങ്ങള്‍ ഒന്നിനും കൊള്ളാത്ത കാലിച്ചന്തകളാണെന്ന എന്റെ മുന്‍ധാരണകള്‍ ഈ ബ്ലോഗ് കണ്ടതുമുതല്‍ മാറിത്തുടങ്ങിയിരിക്കുന്നു. ഒരു ചെറിയ ശതമാനം അത്തരം സ്കൂളുകളിലെങ്കിലും ക്രിയേറ്റീവായി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നറിഞ്ഞതിലുള്ള സന്തോഷം പങ്കുവെക്കുന്നു. ഭാര്യയുടേയും അവരുടെ വീട്ടുകാരുടേയും താല്പര്യങ്ങളവഗണിച്ച് എന്റെ മകന്‍ അഭിമന്യുവിനെ അടുത്തവര്‍ഷം സര്‍ക്കാര്‍ സ്കൂളിലയക്കാന്‍ ഞാന്‍ തീരുമാനിച്ച വിവരം സസന്തോഷം പ്രഖ്യാപിക്കുന്നു.(എന്റെ പാത പിന്‍തുടരാന്‍ എത്ര അധ്യാപകര്‍ കാണും?)

    ReplyDelete
  7. പല സ്കൂളിലെയും അധ്യാപകര്‍ പറയുന്നത് പഠിപ്പിക്കുവാന്‍ തന്നെ സമയമില്ല എന്നാണ്.ഇത്ര സമയമെടുത്ത് പഠിപ്പിക്കുക എന്നാല്‍ കൂടുതല്‍ പഠനപ്രവര്‍ത്തനങ്ങളില്‍ കുട്ടികള്‍ ഏര്‍പ്പെടുന്നു എന്നാണല്ലോ അര്‍ത്ഥം. അതുകൊണ്ടുതന്നെ അവരുടെ പഠനപ്രവര്‍ത്തനങ്ങളുടെ ഫലമായുണ്ടായ ഉല്‍പ്പന്നങ്ങള്‍ രണ്ടു മാസത്തിലൊരിക്കല്‍ സ്കൂളില്‍ പ്രദര്‍ശിപ്പിക്കാം.(ഉദാ: ഗണിതം-നിര്‍മ്മിതികള്‍, പസിലുകള്‍,പ്രശ്നങ്ങള്‍,രൂപങ്ങള്‍,സിദ്ധാന്തങ്ങളുടെയും മറ്റും ചരിത്രവും വ്യക്താക്കളും,സെമിനാര്‍ പേപ്പറുകള്‍,ചര്‍ച്ചാ കുറിപ്പുകള്‍,പ്രോജക്ട് റിപ്പോര്‍ട്ടുകള്‍,ഡിബേറ്റ് വിഷയങ്ങള്‍, കണ്ടുപിടുത്തങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെങ്കില്‍ അവയുടെ രേഖകള്‍, ഗണിതസംബന്ധിയായ ചിത്രങ്ങള്‍, ജീവചരിത്രങ്ങള്‍, കണക്കിലെ എളുപ്പവഴികള്‍, സൂത്രവാക്യങ്ങള്‍, പട്ടികകള്‍,അളവുകളും തൂക്കങ്ങളും.അളവ് ഉപകരണങ്ങള്‍, ഗണിതസംബന്ധിയായ ലേഖനങ്ങളുടെ ശേഖരണങ്ങള്‍,.....എന്നിവ).അധ്യാപകര്‍ക്കു വിസമ്മതമില്ലെങ്കില്‍ ഈ പ്രവര്‍ത്തനങ്ങളിലേക്കുനയിച്ച ടീച്ചിംഗ് മാന്വലുകളും (പ്രവര്‍ത്തനം-പ്രതികരണം ഉള്‍പ്പെടെ)പ്രസിദ്ധീകരിക്കാം.ബ്ലോഗിലൂടെയും പ്രസിദ്ധീകരിക്കാം.സമയക്കുറവുള്ള അധ്യാപകര്‍ക്കു വിമര്‍ശിക്കാം,കണ്ടുപഠിക്കാം,അനുകരിക്കാം.കൂടുതല്‍ മെച്ചപ്പെടുത്താം.അങ്ങനെ അധ്യാപകന്റെ പ്രൊഫഷനലിസം സമൂഹം തിരിച്ചറിയട്ടെ.

    ReplyDelete
  8. ഒരു സ്കൂളിലേ മുഴുവന്‍ കുട്ടികള്‍ക്കും പങ്കെടുക്കാന്‍ കഴിയുന്നതും ,അധ്യാപകര്‍ക്ക് പൂര്‍ണമായും ഇടപെടാന്‍ സാധിക്കുന്നതും ആയ ഇത്തരം സംരംഭങ്ങള്‍ സംസ്ഥാനത്തുള്ള മുഴുവന്‍ സ്കൂളുകള്‍ക്കും മാതൃകയാക്കാം .ഇവിടെ ആരും കാഴ്ച്ചക്കാരായിട്ടില്ല.നല്ല ആശയം... അഭിവാദനങ്ങള്‍ ...

    സതീഷ്.എസ്.എസ്
    ഡി.വി.എം.എന്‍.എന്‍.എം.എച്ച്.എസ്.എസ്.
    മാറനല്ലൂര്‍
    തിരുവനന്തപുരം ജില്ല

    ReplyDelete
  9. മാത്സ് ബ്ലോഗിനു നന്ദി. ആത്മാർത്ഥതയും അർപ്പണബോധവുമുള്ള , അധ്യാപകരുടെ കൂട്ടായ്മ കാണുമ്പോൾ, ഇവരുടെ കീഴിൽ ഒന്നു കൂടെ സ്കൂളിൽ പഠിക്കാൻ അവസരം കിട്ടിയിരുന്നെങ്കിൽ എന്നാശിക്കുന്നു. ഞാൻ പഠിച്ചിരുന്ന കാലത്ത് കുട്ടികൾക്ക് പ്രചോദനം നൽകിയിരുന്ന അധ്യാപകരും ഉണ്ടായിരുന്നു. പക്ഷെ, ജീവിത വിഭവങ്ങൾ തുലോം തുച്ഛമായിരുന്നു. സ്കൂളിൽ പോയില്ലെങ്കിലും ചോദിക്കാൻ ആരും തുനിഞ്ഞിരുന്നുമില്ല. സമരം വന്നാൽ സന്തോഷമായിരുന്നു. നല്ല അധ്യാപകർ എല്ലാ കാലത്തും ഉണ്ടായിരുന്നു. ഇനിയും ഉണ്ടാകും. നമ്മുടെ മക്കൾക്കെങ്കിലും ഉപകരിക്കട്ടെ.

    ReplyDelete
  10. ഹോംസ് സാറിന്റെ പ്രഖ്യാപനത്തെ ഉറക്കെ കൈയ്യടിച്ച് സ്വാഗതം ചെയ്യട്ടെ..! ചില വ്യവസ്ഥാപിത ധാരണകളെ തിരുത്തുവാനും ഈ ബ്ലോഗിനു കഴിയുന്നുണ്ട്.

    ReplyDelete
  11. എല്ലാവർക്കും നന്ദി. എത്ര വലിയാ സ്കൂളാണെങ്കിലും ഒന്നോ രണ്ടോ പേർ ‘ഒരുങ്ങിപ്പുറപ്പെട്ടാൽ’ ഇതിലധികം കാര്യങ്ങൾ നടക്കും എന്നുതന്നെ ഞാൻ വിശ്വസിക്കുന്നു. അല്ലെങ്കിലും അത്രയൊക്കെയല്ലേ ഉള്ളൂ ഇപ്പോഴും?

    ReplyDelete
  12. ഇങ്ങനെയൊരു ആശയം എല്ലാ സ്ക്കൂളുകളിലും ചര്‍ച്ച ചെയ്യേണ്ടതാണ്. അതിനായി ഡി.ഇ.ഒ വിളിച്ചു കൂട്ടുന്ന എച്ച്.എം കോണ്‍ഫറന്‍സില്‍ ഇക്കാര്യം പറയുന്നതു വരെ കാത്തിരിക്കേണ്ടതില്ല. നൂതനാശയങ്ങള്‍ ഇങ്ങനെ ചര്‍ച്ചാവിധേയമാകട്ടെ.

    ReplyDelete
  13. റവന്യു ജില്ലാ കായികമേളയിലായിരുന്നു. ഇപ്പോള്‍ എത്തിയതേയുള്ളു. രാമനുണ്ണി മാഷിന്റെ പോസ്റ്റ് രാവിലെ നോക്കാന്‍ പറ്റിയില്ല.ഈ സംരംഭത്തിന് അഭിനന്ദനങ്ങള്‍

    ഹൈസ്ക്കൂള്‍ അധ്യാപകര്‍ക്ക് ഇതില്‍ പുതുമ തോന്നുന്നുണ്ടാകാം. എന്നാല്‍ എല്‍.പി., യു.പി തലങ്ങളില്‍ ഇക്കാര്യം അഞ്ചാറു വര്‍ഷം മുമ്പ് തന്നെ ക്ലസ്റ്ററുകളില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. പക്ഷെ ഇതിലൊന്നും പലര്‍ക്കും താല്‍പര്യമില്ലെന്നതാണ് സത്യം. രാമനുണ്ണിമാഷെപ്പോലുള്ള ഹെഡ് മാസ്റ്റര്‍മാര്‍ വിചാരിച്ചാല്‍ ചിലപ്പോള്‍ നടന്നേക്കും. അതും സ്ഥായിയായി നിലനിര്‍ത്തിക്കൊണ്ടുപോവാന്‍ വളരെയേറെ ബുദ്ധിമുട്ടേണ്ടി വരും.
    പടനപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട രീതിയിലല്ല ഇന്ന് എന്നാമേളകളിലേയും പ്രാതിനിധ്യം. നേട്ടങ്ങള്‍ നേട്ടങ്ങള്‍ക്കായിമാത്രം രൂപകല്‍പ്പന ചെയ്തെടുക്കുകയാണ്. ബോധപൂര്‍വം ഉണ്ടാക്കിയെടുക്കുന്ന പകിട്ടുകള്‍.
    കലാമേള, കായികമേള, ശാസ്ത്ര,ഗണിത ശാസ്ത്ര,സാമൂഹ്യ ശാസ്ത്ര, പ്രവൃത്തിപരിചയ മേളകളിലെല്ലാം ടീമുകള്‍ക്കൊപ്പവും സംഘാടന തലത്തിലും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞപ്പോഴൊക്കെ ഈ പകിട്ടുകള്‍ നേരിട്ടനുഭവിക്കാനും കഴിഞ്ഞിട്ടുണ്ട്.
    കായികമേളകളായിരുന്നു അല്‍പമെങ്കിലും വേറിട്ടു നിന്നിരുന്നത്. എന്നാല്‍ അവിടേയുെ നിര്‍ഭാഗ്യവശാല്‍ ഈ പകിട്ട് കടന്നു വന്നിരിക്കുന്നു.
    ഇക്കഴിഞ്ഞ എറണാകുളം ജില്ലാ സ്ക്കൂള്‍ കായികമേളയുടെ ഫലം തന്നെ നോക്കുക. രണ്ട് സ്ക്കൂളുകള്‍ മെഡലുകള്‍ ഏതാണ്ട് പങ്കിട്ടെടുത്തിരിക്കുന്നു!.47 സ്ക്കൂളുകള്‍ക്ക് ഒറ്റ പോയന്റുപോലും ലഭിച്ചില്ല!! ഈ പകിട്ട് ലക്ഷങ്ങള്‍ ചെലവഴിച്ച് (കൃത്രിമമായി) ഉണ്ടാക്കിയെടുക്കുന്നതാണ്.
    സംസ്ഥാന കലോത്സവത്തിന്‍ പത്തിലധികം ഇനങ്ങളില്‍ അപ്പീലുമായി വരുന്ന (5000*10)സ്ക്കൂളുകളും ഉണ്ട് എന്നറിയുക.(ആവശ്യമെങ്കില്‍ തുടരും!!!)

    ReplyDelete
  14. പെന്‍ഷന്‍കാരുടെ ക്ഷാമബത്ത ഓര്‍ഡര്‍ മാത്സ് ബ്ളോഗ് പ്രസിദ്ധീകരിച്ചതിന് നന്ദി..

    ReplyDelete
  15. രാമനുണ്ണി സാറിന്റെ ലേഖനം വളരെ നന്നായി.പല സര്‍ക്കാര്‍ സ്കൂളുകളും മേളകളില്‍ പങ്കെടുക്കാന്‍ തന്നെ മടി കാണിക്കുന്നു.പ്രാഥമിക തലത്തില്‍(സ്കൂള്‍ തലത്തില്‍) മത്സരങ്ങള്‍ നടത്താതെ പഠനത്തില്‍ മുന്നോക്കം നില്‍ക്കുന്ന കുട്ടികളെ തിരഞ്ഞു പിടിച്ചു നേരെ സബ് ജില്ലയിലേക്ക് പറഞ്ഞു വിടും ഇത് കാരണം താല്പര്യമുള്ള കുറച്ചു കുട്ടികള്‍ക്ക് എങ്കിലും മേളകളില്‍ പങ്കെടുക്കാന്‍ ഉള്ള അവസരം നഷ്ടപെടാറുണ്ട്.

    പഠനവും സാങ്കേതികമികവും രണ്ടു തലങ്ങള്‍ ആണ്.പാഠപുസ്തകത്തിലെ കാര്യങ്ങള്‍ എല്ലാം പൂര്നംമായി ഉള്‍കൊള്ളുന്ന കുട്ടിക്ക് സാങ്കേതികമികവു ഉണ്ടാകണം എന്നില്ല്യ.Transistor,Capacitor,I.C Chip,Forward biasing,Reverse biasing എന്നിവയുടെ തിയറി മാത്രം അറിയുന്ന കുട്ടിക്ക് പഠനത്തില്‍ മികവു പുലര്‍ത്തം .എന്നാല്‍ ഇവ എന്താണ് ആ കുട്ടി കണ്ടിട്ട് പോലും ഉണ്ടാകില്ല്യ.എന്നാല്‍ ഇവയുടെ അടിസ്ഥാന നിയമങ്ങള്‍ പോലും അറിയാത്ത ഒരു കുട്ടി ഇവ കൊണ്ട് അതിശയിപ്പിക്കുന്ന രീതിയില്‍ ഉള്ള ഉപകരങ്ങള്‍ ഉണ്ടാക്കുന്നത്‌ കാണാം .ഇത്തരം കുട്ടികള്‍ക്ക് വേണ്ട പ്രോല്സാഹങ്ങള്‍ നല്‍ക്കാന്‍ ആണ് അധ്യാപകര്‍ തയാറാവേണ്ടത്.

    ReplyDelete
  16. ഈ കഴിഞ്ഞ പാലക്കാട് സബ് ജില്ലയിലെ മത്സരത്തില്‍ പുളിയന്‍പറമ്പ് സ്കൂളിലെ രാജേഷ് എന്നാ ഒരു പ്ലസ്‌ ടു കുട്ടി മംഗലാപുരം വിമാന അപകടത്തെ മുന്‍നിര്‍ത്തി ഉണ്ടാക്കി കൊണ്ട് വന്ന ഒരു working model ഉണ്ടാകിയിരുന്നു.വിമാനം റണ്‍വേയിലേക്ക് ഇറങ്ങുന്നതിനു മുന്‍പ് തന്നെ റണ്‍വേയില്‍ ഉള്ള ജലാംശം ,ലാന്ടിംഗ് ഏരിയയില്‍ ഉണ്ടാകുന്ന മറ്റു പ്രശ്നങ്ങള്‍ അന്തരീക്ഷത്തിലെ മൂടല്‍മഞ്ഞു അറിയുന്നതിനുള്ള സംവിധാനം എന്നിങ്ങനെ ഉള്ള നിരവധി വിവരങ്ങള്‍ പൈലറ്റ്റ്റിന് നേരത്തെ കൂട്ടി അറിയാന്‍ സഹായകം ആയ ഒരു നല്ല മോഡല്‍ ആയിരുന്നു അത് .നിര്‍ഭാഗ്യകരം എന്ന് പറയട്ടെ ജഡ്ജസ് ആ മോഡല്‍ പരിഗണിച്ചതെ ഇല്ല്യ.വന്ന പാടെ ജഡ്ജസ് അന്വേഷിച്ചത് ജില്ലയിലെ വന്‍കിട unaided മേഖലയിലെ സ്കൂളുകളെ കുറിച്ച് ആയിരുന്നു .പണകൊഴുപിന്റെ ബലത്തില്‍ മാത്രം ഉണ്ടാക്കി കൊണ്ട് വരുന്ന അത്തരം മോഡലുകള്‍ ആണ് എല്ലാ കൊല്ലവും സബ് ജില്ലയിലെ ഒന്നാം സ്ഥാനക്കാര്‍ അതാണ് ജഡ്ജസിന്റെ നോട്ടവും.

    ഒരു അവസരം ബ്ലോഗ്‌ ഒരുക്കി തന്നാല്‍ ആ മോഡല്‍ കാണിക്കാന്‍ ആ കുട്ടിയെ തേടി പിടിച്ചു കൊണ്ട് വരാന്‍ ഞാന്‍ തയ്യാര്‍. ആ കുട്ടിയെ സഹായിക്കാന്‍ സ്കൂള്‍ ആരും അവിടെ മുന്നോട്ടു വന്നതും ഇല്ല്യ.

    ReplyDelete
  17. "ഒരു അവസരം ബ്ലോഗ്‌ ഒരുക്കി തന്നാല്‍ ആ മോഡല്‍ കാണിക്കാന്‍ ആ കുട്ടിയെ തേടി പിടിച്ചു കൊണ്ട് വരാന്‍ ഞാന്‍ തയ്യാര്‍. "
    ശ്രീ വര്‍ഷ,
    ഉടന്‍ രാജേഷുമായി ബന്ധപ്പെട്ട് വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തോളൂ..
    ഇത്തരം രാജേഷ്​മാരെയാണ് നമുക്ക് വേണ്ടത്.
    മറ്റാരും പരിഗണിക്കാത്ത ഇത്തരം'അണ്‍സങ് ഹീറോസി'ന്റെ ശബ്ദമാകാന്‍ നമുക്ക് അഭിമാനമേയുള്ളൂ..!
    ശ്രീവര്‍ഷയുടെ പരിശ്രമങ്ങള്‍ക്ക് A+ ഗ്രേഡ്.

    ReplyDelete
  18. ഒരു വിവരവും ഇല്ലാത്ത കുറെ പേരെ പിടിച്ചു ജഡ്ജസ് ആക്കും .എന്നിട്ട് വായില്‍ തോന്നിയ കുറെ ചോദ്യവും ചോതിക്കും ഇത്തരം ഒരു പ്രവണതക്ക് ആദ്യം മാറ്റം വരണം.വിമാന അപകടം നടന്നപ്പോള്‍ ആരാണ് വിമാനം പറത്തിയത് അത് കുട്ടിക്ക് അറിയില്ല അതാണ് സമ്മാനം കൊടുക്കാത്തത് എന്നാ രീതിയില്‍ ഒരു മുടന്തന്‍ വര്‍ത്തമാനവും.ദീര്ഘവീക്ഷണത്തോടെ ആയിരിക്കണം കാര്യങ്ങള്‍ ചെയേണ്ടത്.അത് പറഞ്ഞപ്പോള്‍ ദീര്ഘവീക്ഷണത്തിന്റെ ഒരു കാര്യം ഓര്മ വന്നു

    താഴെ കാണുന്ന ലിങ്കില്‍ അത് കാണാം
    ദീര്ഘവീക്ഷണം

    നമോവാകം (മായാവി സ്റ്റൈല്‍ )

    ReplyDelete
  19. കുട്ടികള്‍ക്ക് മേളയില്‍ പങ്കെടുക്കണം എങ്കില്‍ കുട്ടികള്‍ തന്നെ പണം പിരിച്ചു എടുക്കണം എന്നാ അവസ്ഥയുള്ള നിരവധി സര്‍ക്കാര്‍ സ്കൂളുകള്‍ കാണാം.Aided മേഖലയിലെ കുട്ടികള്‍ കാര്‍ വിളിച്ചു മോഡല്‍ കൊണ്ട് വരുമ്പോള്‍ ഒരു ജീപ്പില്‍ 30 കുട്ടികളെ കുത്തി നിറച്ചു വരുന്ന സര്‍ക്കാര്‍ സ്ക്കൂളുകള്‍ മേളകളിലെ ഏറ്റവും വലിയ 'മോഡല്‍ 'ആണ് .ഇതിനൊന്നും പി.ടി. എ യും ഇല്ല്യ ആരും ഇല്ല്യ.ചായ കുടിച്ചു പിരിയുന്ന പി.ടി. എ മീറ്റിംഗ് എന്ത് ചെയ്യാന്‍ അല്ലെ.

    തുടരും

    ReplyDelete
  20. പരിവൃത്തം (Circumcircle of a triangle). ത്രികോണം, ABC വരക്കുക. ത്രികോണത്തിന്റെ മൂന്നു ശീർഷകങ്ങളിൽക്കൂടിയും കടന്നു പോകുന്ന വൃത്തം , അതായത് ത്രികോണത്തിന്റെ പരിവൃത്തം(Circumcircle) ജിയോജിബ്രയിൽ mouse ഉപയോഗിച്ചും, പിന്നീട് input text feild - ഉപയോഗിച്ചും നിർമ്മിച്ച് properties നിരീക്ഷിക്കുക.
    1. ഒരു വൃത്തത്തിന്റെ ഞാണുകളുടെയെല്ലാം ലംബസമഭാജികൾ വൃത്തകേന്ദ്രത്തിലൂടെ കടന്നു പോകുന്നു.
    2.ഒരു ഞാണിന്റെ മധ്യബിന്ദുവിലൂടെയുള്ള ലംബം വൃത്തത്തിന്റെ കേന്ദ്രത്തിലൂടെ കടന്നു പോകും.
    3.ഒരു വൃത്തത്തിന്റെ കേന്ദ്രത്തിൽ നിന്ന് ഒരു ഞാണിലേക്കുള്ള ലംബം, ഞാണിന്റെ മധ്യബിന്ദുവിൽക്കൂടി കടന്നു പോകുന്നു.
    005_ജിയോജിബ്ര പാഠം വീഡിയൊ ഭാഗം 5_ പരിവൃത്തം

    ReplyDelete
  21. നിരന്തര മൂല്യ നിര്‍ണയത്തിന്റെ ഭാഗമായി കുട്ടി തയാറാകുന്ന വിവിധ പ്രവര്‍ത്തനങ്ങളിലൂടെ കുട്ടിയുടെ കഴിവ് തിരിച്ചറിഞ്ഞു ആ കുട്ടിയെ പ്രോല്സാഹിപിക്കുന്ന ഒരു അധ്യാപക സമൂഹം ആണ് സര്‍ക്കാര്‍ സ്കൂളുകളില്‍ ആദ്യം ഉണ്ടാകേണ്ടത്.രാഷ്ട്രീയം പറഞ്ഞു പണി എടുക്കാതെ അധ്യാപക സംഖടനയുടെ തലപ്പത്ത് ഇരുന്നു പ്രസംഗവും നടത്തി പണിയെടുക്കാതെ നടക്കുന്ന ഒരു വിഭാഗം അധ്യാപകര്‍ ആണ് സര്‍ക്കാര്‍ സ്കൂളുകളുടെ മുഖ്യ ശാപം.സംഭാവന പിരിവിന്റെ പുസ്തകവുമായി സ്കൂളുകള്‍ തോറും കയറി ഇറങ്ങി നടക്കും.സംഭാവന കൊടുക്കാന്‍ വിമുഖത കാണിച്ചാല്‍ ഉഗാണ്ടയിലേക്ക് സ്ഥലം മാറ്റും എന്ന് ഭീഷണി.പൊതുവേദികളില്‍ പ്രസംഗം ,തെരുവുനാടകം,ജാഥകള്‍ ,എല്ലാം കഴിഞ്ഞു ഒരു ദിവസം ക്ലാസ്സില്‍ കുട്ടപ്പന്റെ മുന്നില്‍ പ്രത്യക്ഷപെട്ട
    ദൈവത്തെ പോലെ വരും.മൂന്ന് മണികൂര്‍ അടിപിച്ചു സ്പെഷ്യല്‍ ക്ലാസ് .എടുത്ത പാഠം അഞ്ചു .ആ അപ്പൊ പരീക്ഷക്ക്‌ വരെയുള്ള എല്ലാം ആയി കേട്ടോ എന്നൊരു വാദവും.പിന്നെ അടുത്ത പൊങ്കാലക്ക് ക്ലാസില്‍ വീണ്ടും വരും അടുത്ത അഞ്ചു പാഠം കൂടി പഠിപ്പിക്കാന്‍

    ഹെഡ് മാസ്റ്റര്‍ വരെ ഇവരുടെ മുന്നില്‍ തലകുനിച്ചു നില്‍ക്കും .ഇല്ലെങ്കില്‍ എന്താ ഗതി .സന്ദേശം സിനിമയിലെ മാളയുടെ ഗതി തന്നെ ഒരിടത് ഇരുപ്പു ഉറപ്പിക്കാന്‍ പറ്റില്യ .സ്വന്തം മക്കളെ 100%വിജയം ഉറപ്പിക്കുന്ന Aided മേഖലയിലെ സ്കൂളില്‍ വിട്ട ശേഷം സ്വന്തം സ്കൂളിന്റെ മുന്നില്‍ കൊടി കുത്തി സമരം ചെയ്യും.

    (ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ആയ ആരുമായും ഇതിനു സാമ്യം ഇല്ല്യ.ഉണ്ടെന്നു തോന്നിയാല്‍ അത് വെറും തോന്നല്‍ മാത്രം)

    ReplyDelete
  22. .

    @ ശ്രീവര്‍ഷ ,

    ഈ അണിയറ രഹസ്യങ്ങള്‍ ഒക്കെ എങ്ങനെ അങ്ങാടിപ്പാട്ടായി ?
    ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ആയ ആരുമായും സാമ്യം ഇല്ല്യ എന്നിരിക്കിലും സത്യം തുറന്നു പറയാനുള്ള ആര്‍ജ്ജവം അഭിനന്ദനം അര്‍ഹിക്കുന്നു .


    എങ്കിലും
    Satyam Bruyat,
    Priyam Bruyat
    na Bruyat Satyam Apriyam



    .

    ReplyDelete
  23. സ്നേഹം നിറഞ്ഞ ബാബു സര്‍

    "ഈ അണിയറ രഹസ്യങ്ങള്‍ ഒക്കെ എങ്ങനെ അങ്ങാടിപ്പാട്ടായി ?"

    ഞാന്‍ പ്ലസ്‌ ടു വരെ സര്‍ക്കാര്‍ സ്കൂളില്‍ ആണ് പഠിച്ചത്.അവിടെ നടക്കുന്ന സംഗതികള്‍ ഞാന്‍ കുറെ ഒക്കെ മനസ്സിലാക്കിയിട്ടുണ്ട്.ഇപ്പോഴും കണ്ടു കൊണ്ടിരിക്കുന്നു.ഞാന്‍ കുറച്ചു കുട്ടികള്‍ക്ക് എനിക്ക് അറിയുന്ന കാര്യങ്ങള്‍ ഇപ്പോഴും പറഞ്ഞു കൊടുക്കുന്നു .ഒന്‍പതു,പത്തു,പ്ലസ്‌ വണ്‍,പ്ലസ്‌ ടു ക്ലാസിലെ കുട്ടികള്‍ക്ക് മാത്സ്,ഫിസിക്സ്‌ എന്നിവയില്‍ എനിക്ക് അറിയുന്ന കാര്യങ്ങള്‍ ഇപ്പോഴും പറഞ്ഞു കൊടുക്കുന്നു.

    അടുത്ത ദിവസം ഞാന്‍ ഹൈ സ്കൂള്‍ വിഭാഗത്തിലെ ഒരു അധ്യാപകനെ കാണാന്‍ ഇടയായി.അങ്ങേരു പറഞ്ഞ കാര്യം കേള്‍ക്കണോ
    "ഇവിടെ പാലക്കാട് ജില്ലയില്‍ പത്താം തരത്തിലെ പാഠഭാഗങ്ങള്‍ ഡിസംബര്‍ മാസത്തില്‍ തന്നെ പഠിപിച്ചു തീരണം എന്ന് കര്‍ശന നിര്‍ദേശം ഉണ്ട്.അത് കൊണ്ട് രാവിലെയും വൈകുനേരം സ്കൂള്‍ വിട്ടും ഒക്കെ കോച്ചിംഗ് ക്ലാസ്സ്‌ എന്നാ പേരില്‍ പാഠ ഭാഗങ്ങള്‍ പഠിപ്പിക്കുകയാണ്.പിള്ളേര് ഒന്നും പോര പിന്നെ എന്തിനാ വിശദം ആയി പടിപ്പിക്കുനത് പരീക്ഷക്ക്‌ വരുന്നത് മാത്രം ഇപ്പോള്‍ പഠിപ്പിക്കുന്നു . ഇനി ഒരു പാഠം കൂടി ഉണ്ട് അത് തീരാന്‍ രണ്ടു ദിവസം കൂടി മതി."

    പോട്ടെ ഇനി പറയുന്നതാണ് രസം
    "ഒന്പതാം ക്ലാസ് ആണ് നാശം എത്ര പാഠം ആണ് ഹോ പുതിയ ഒന്പത്തിലെ പുസ്തകം എന്തൊരു പുസ്തകം ആണ്.പിള്ളേര്‍ക്ക് ഒന്നും മനസിലാകില്ല എന്നെ അങ്ങിനെയാ ആശയം പറഞ്ഞിരിക്കുന്നത്.ആ സദ്രിശ്യ ത്രികോണം എന്നാ പാഠം കണ്ടോ ഇതൊക്കെ പിള്ളേര്‍ക്ക് എങ്ങിനെയ മനസ്സിലാകുക.ഹോ ഞാന്‍ അങ്ങ് ഒട്ടിച്ചു വിട്ടു . പിന്നെ പത്താം ക്ലാസിലെ റിസള്‍ട്ട്‌ അല്ലെ മുഖ്യം അപ്പൊ ഈ ഒന്‍പതാം ക്ലാസ്സ്‌ ഒക്കെ അത്ര മതിയെന്നേ.അടുത്ത വര്ഷം നോക്കാം ഈ പിള്ളേരെ .ഇനി അടുത്ത വര്‍ഷത്തെ പുസ്തകം എങ്ങിനെ ആണ് ആവോ"

    അടുത്ത വര്ഷം ഇതേ മാഷ്‌ തന്നെ പറയും എന്ത് പിള്ളേര്‍ ആണ് ഇത് ഒരു അടിസ്ഥാനവും ഇല്ല്യ .ഇവറ്റകളെ ഒക്കെ എന്തിനു കൊള്ളം.
    പാഠം വേഗം പഠിപിച്ചു തീര്‍ത്തിട്ട് എന്തുകാര്യം.

    ഞാന്‍ എവിടെയും ഒരു സംവാദത്തിനു തയ്യാര്‍ നമ്മുടെ ഈ വര്‍ഷത്തെ ഒന്‍പതാം തരത്തിലെ ഗണിത പുസ്തകം ഇന്ന് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ പുസ്തകങ്ങളെക്കാള്‍ എന്ത് കൊണ്ടും ഒരു പടി മുന്നിലാണ് മാത്രം അല്ല നമ്മുടെ പുസ്തകം എന്ത് കൊണ്ടും C.B.S.E , I.C.S.E പുസ്തകങ്ങളെകാളും നമ്മുടെ പുസ്തകം മികച്ചു നില്‍ക്കുന്നു .ആരുമായും ഏതു തരത്തിലുള്ള സംവാദത്തിനും ഞാന്‍ തയ്യാര്‍.ഈ പുസ്തകം തയ്യാര്‍ ആക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ ആളുകളും തികച്ചും അഭിനന്ദനം അര്‍ഹിക്കുന്നു.

    ആദ്യം വേണ്ടത് അധ്യാപകന് അറിയാനുള്ള മനസ്സ് ഉണ്ടാവുക എന്നതാണ്.ആദ്യത്തെ വര്ഷം പഠിപിച്ച ഒരു പുസ്തകം അടുത്ത വര്ഷം പഠിപ്പിക്കുമ്പോള്‍ കഴിഞ്ഞ വര്ഷം കാണാതിരുന്ന പല അര്‍ത്ഥതലങ്ങളും ഒരു നല്ല അധ്യാപകന് കാണാന്‍ കഴിയണം.കഴിഞ്ഞ വര്‍ഷം ഒരു ഭാഗം പടിപ്പികുമ്പോള്‍ കുട്ടികള്‍ക്ക് വന്ന സംശയം അടുത്ത വര്ഷം പടിപ്പികുമ്പോള്‍ അധ്യാപകന്‍ മനസ്സില്‍ കാണണം അത് പരിഹരിച്ചു കൊണ്ട് ക്ലാസ് എടുക്കണം.അധ്യാപകന്റെ അറിവ് പ്രകടമാക്കുന്നതായിരിക്കരുത് ക്ലാസ് മറിച്ചു കുട്ടിയുടെ കഴിവുകളെ പുറത്തു കൊണ്ട് വരാന്‍ കഴിയുന്നതായിരിക്കണം.കുട്ടികളുടെ നിലവാരത്തിലേക്ക് ഇറങ്ങി ചെല്ലാന്‍ അധ്യാപകന് കഴിയണം.

    ReplyDelete
  24. @ശ്രി വര്‍ഷ
    "കുട്ടികളുടെ നിലവാരത്തിലേക്ക് ഇറങ്ങി ചെല്ലാന്‍ അധ്യാപകന് കഴിയണം." You Said it!!

    ReplyDelete
  25. .


    @ ശ്രീവര്‍ഷ ,

    "പത്താം ക്ലാസിലെ റിസള്‍ട്ട്‌ അല്ലെ മുഖ്യം അപ്പൊ ഈ ഒന്‍പതാം ക്ലാസ്സ്‌ ഒക്കെ അത്ര മതിയെന്നേ.
    അടുത്ത വര്‍ഷം ഇതേ മാഷ്‌ തന്നെ പറയും എന്ത് പിള്ളേര്‍ ആണ് ഇത് ഒരു അടിസ്ഥാനവും ഇല്ല്യ ."

    വളരെ നല്ല നിരീക്ഷണം .

    എവിടെയാണ് പാളിച്ച പറ്റിയത് ?
    തടിയുടെ വളവോ ? അതോ ആശാരിയുടെ കഴിവുകേടോ?
    തെറ്റായ ഉപകരണം കൊണ്ട് അളക്കപ്പെടുന്ന അളവുകളും തെറ്റായിരിക്കും .


    .

    ReplyDelete
  26. @ശ്രീവര്‍ഷ
    ആയിരം ആയിരം അഭിനന്ദനങ്ങള്‍.
    തുറന്ന മനസ്സിന്.
    സംഘടന,സാമുദായികം,രാഷ്ട്രീയം,ഡി.ആര്‍.ജി എന്നിത്യാദി കാര്യങ്ങളില്‍ മുഴുകി സ്കൂളില്‍ വരാതെ ഒരു ടേമിലെ പാഠങ്ങള്‍ ഒരു ദിനം കൊണ്ടു 'വായിച്ചു'തീര്‍ക്കുന്ന portion തീര്‍പ്പുകാര്‍ പുതിയ വിദ്യാഭ്യാസരീതികളെക്കുറിച്ച് തീപ്പൊരി പ്രസംഗം കീച്ചുന്നതും അസാധരണമല്ലല്ലോ. പ്രവര്‍ത്തനാധിഷ്ഠിതം, പ്രക്രിയാബന്ധിതം,വിമര്‍ശനാത്മകബോധനം,ശിശുകേന്ദ്രീകൃതം,ബഹുമുഖബുദ്ധിവികാസം,സര്‍ഗാത്മകം,സാമൂഹ്യജ്ഞാനനിര്‍മിതിവാദം.......പിന്നെന്തൊക്കെയാ.
    നാക്കുകൊണ്ട് കോണകം (കൗപീനം) ഉടുപ്പിക്കുന്ന ഇത്തരം ആളുകള്‍ക്ക് ലജ്ജ ഉണ്ടാക്കുവാന്‍ കൂടുതല്‍ ശ്രീവര്‍ഷമാര്‍ ഉണ്ടാകട്ടെ.

    ReplyDelete
  27. This comment has been removed by the author.

    ReplyDelete
  28. അദ്ധ്യാപകര്‍ അറിയേണ്ടതാണെന്നു തോന്നുന്നു ബ്ലോഗ് പോസ്റ്റ്.

    ReplyDelete
  29. This comment has been removed by the author.

    ReplyDelete
  30. നന്ദി ഷാ,
    ദയവായി എല്ലാ അധ്യാപകരും ഷാ പറഞ്ഞ ഈ പോസ്റ്റ് നിര്‍ബന്ധമായും വായിക്കുകയും കഴിയുമെങ്കില്‍ മറ്റുള്ളവര്‍ക്ക് അയച്ചുകൊടുക്കുകയും വേണം.
    എന്തേ ഇവരൊക്കെ ഇങ്ങനെ? പാവം കുട്ടികള്‍!ഇതിന്റെ
    പിഡിഎഫ് കോപ്പി
    മറ്റുള്ളവര്‍ക്ക് മെയില്‍ ചെയ്തു കൊടുക്ക്. കുട്ടികളുടെ പ്രശ്നങ്ങള്‍ കേട്ട് , രണ്ടുദിവസമെങ്കിലും പീഢനം നിര്‍ത്തിയെങ്കിലോ?

    ReplyDelete
  31. .
    ഹരിതയും , ഷാ യും പറഞ്ഞ കാര്യങ്ങളെ കുറിച്ചു ഗൌരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു.
    ഇത് കുട്ടികളുടെ ഭാഗത്ത് നിന്നുമുള്ള വിലയിരുത്തല്‍ ആയതുകൊണ്ട് ആത്മ വിമര്‍ശനം വളരെ നല്ലത് .
    ക്ലസ്ടറുകളില്‍ മുഴങ്ങി കേള്‍ക്കുന്ന "ഞാന്‍ അത് ചെയ്തു, ഇത് ചെയ്തു , പൊന്നുകൊണ്ടു പുളിശ്ശേരി ഉണ്ടാക്കി " തുടങ്ങിയവ വെറും ഗീര്‍വാണങ്ങള്‍ ആയി അവശേഷിക്കുന്നെങ്കില്‍ ലജ്ജിക്കണം .
    സ്കൂള്‍ എന്നത് ഷെയര്‍ മാര്‍ക്കറ്റിനും , റിയല്‍ എസ്റ്റേറ്റ്‌ ബിസ്സിനസ്സിനും ഇടയില്‍ കിട്ടുന്ന ഒഴിവു സമയങ്ങളിലെ ഇടത്താവളങ്ങള്‍ ആവുകയാണോ ?


    .

    ReplyDelete
  32. ഷാ തന്ന ലിങ്ക് വായിച്ചു...
    സത്യമാണിത്..

    കുട്ടികളോട് അവരുടെ സൈക്കോളജി അറിഞ്ഞ് പെരുമാറാന്‍ അറിയാത്തവരാണ് പല അദ്ധ്യാപകരും...

    ആദ്യം കൗണ്‍സലിംഗ് നല്‍കേണ്ടത് അദ്ധ്യാപകര്‍ക്കാണ്..

    ഒരു മോശം അദ്ധ്യാപകന്‍ /അദ്ധ്യാപിക ഒരു കുട്ടിയുടെ മാനസിക വളര്‍ച്ചയെ ഏറെ ദോഷകരമായി ബാധിക്കും...

    കുട്ടികളൊട് മനശാസ്ത്രപരമായ സമീപനം വേണമെന്നു പറയുമെങ്കിലും അതെങ്ങിനെ എന്നു പലര്‍ക്കും അറിയില്ല..

    ക്ലസ്റ്ററുകളില്‍ എന്തു കൊണ്ട് ഈ തരം വിഷയങ്ങള്‍ ചര്‍ച്ചയ്ക്ക് വന്നു കൂടാ..?

    ഒരു സൈക്കേളജി വിദഗ്ധന്റെ സേവനം സ്കൂളുകളില്‍ എത്തേണ്ട കാലം അതിക്രമിച്ചു എന്നാണെനിക്കു തോന്നുന്നത്..

    ReplyDelete
  33. select any six numbers from the following to get sum 21 9,9,9,9,5,5,5,5,3,3,3,3,1,1,1,1

    ReplyDelete
  34. 3+3+3+6+5+1=21

    9 നെ തിരിച്ചിട്ടു 6 ആക്കുക .

    അല്ലാതെ വേറെ വഴി ഉണ്ടെന്നു തോന്നുന്നില്ല .

    ReplyDelete
  35. ഒന്നും കൂടി .

    11+1+3+3+3 = 21.

    ReplyDelete
  36. What is the largest integer whose digits are all different ( 0 is not included) that is divisible by each of its individual digits?

    ReplyDelete
  37. @Roshni

    select any six numbers from the following to get sum 21 9,9,9,9,5,5,5,5,3,3,3,3,1,1,1,1


    NO ANSWER
    sum of 6 odd numbers cannot be an odd number

    ReplyDelete
  38. We, in our school, follow a system similar to what Ramanunni sir proposed, for many years! Indeed with some differences. And, from the next year, we plan to make more positive changes. Thank sir for giving an insight in to this.

    ReplyDelete
  39. ശ്രി വര്‍ഷ യുടെ അഭിപ്രായങ്ങള്‍ വളരെ പ്രസക്തങ്ങളാണ്, തീര്‍ച്ച. ഇടയ്ക്കിടെ, പക്ഷെ, aided സ്കൂളുകളെ രണ്ടാം കിട യായി കാണുന്ന പോലെ തോന്നി! unaided സ്കൂളുകളെ കാണുന്ന കണ്ണ് കൊണ്ട് തന്നെ aided സ്കൂളുകളെയും കാണുന്നത് ശരിയാണെന്ന് തോന്നുന്നില്ല!

    ReplyDelete

ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.




Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.