Monday, November 1, 2010

കേരളപ്പിറവി: ചരിത്രവും പുരാണവും


ഇന്ന് നവമ്പര്‍ ഒന്ന്. കേരളപ്പിറവി ദിനം. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും കേരളപ്പിറവി ദിനം അവധി ദിവസങ്ങളിലായിരുന്നതിന്റെ പരാതി തീര്‍ക്കലാകും ഇന്ന്. പെണ്‍കൊടികള്‍ മുണ്ടും നേര്യതും സെറ്റു സാരിയുമെല്ലാം അണിഞ്ഞ് മലയാളിമങ്കമാരാകുമ്പോള്‍ കോടിമുണ്ടണിഞ്ഞ് കേരളപ്പിറവി ആഘോഷിക്കാന്‍ പുരുഷകേസരികളും തയ്യാറെടുക്കും. മാനുഷരെല്ലാവരും ഒന്നു പോലെ വാണ മഹാബലിയുടെ ഭരണകാലത്തെക്കുറിച്ചുള്ള കഥയും പരശുരാമന്‍ മഴുവെറിഞ്ഞ് കേരളമുണ്ടാക്കിയെന്ന കഥയും കേരളപ്പിറവി ദിനാഘോഷങ്ങളില്‍ മുറതെറ്റാതെ മുഴങ്ങും. ഓഫീസുകളിലും വാഹനങ്ങളിലും പാതയോരങ്ങളിലുമെന്നു വേണ്ട, കേരളത്തിന്റെ മുക്കിലും മൂലയിലുമെല്ലാം ഇന്ന് മലയാളിത്തിളക്കം പ്രതിഫലിക്കും. മലയാളി എന്ന വികാരം ഈ ഒരു ദിനത്തിലെങ്കിലും നമുക്കിടയില്‍ ഉയര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍ അതോര്‍ത്തെങ്കിലും നമുക്ക് സന്തോഷിക്കാം. തമിഴനും കര്‍ണാടകക്കാരനും തെലുങ്കനുമെല്ലാം ഈ വികാരം കേവലം ഒരു ദിവസത്തേക്കുള്ളതല്ലെന്നുള്ളത് ഗൌരവകരമായ ചിന്തയ്ക്ക് വിധേയമാക്കേണ്ടതാണ്. Tamil Nadu State Transport Corporation അവിടെ അറിയപ്പെടുന്നത് തമിഴ് നാട് അരശു പോക്കുവരത്തൂക്കഴകം (தமிழ்நாடு அரசு போக்குவரத்துக்கழகம்)എന്നാണ്. കേരളത്തിലോ ? ഇതരസംസ്ഥാനങ്ങളിലേതു പോലെ അത്രയ്ക്കൊന്നും ഭാഷയോടോ, പഴമയോടോയൊന്നും മലയാളിക്കു താല്പര്യമില്ല. മാത്രമല്ല, ജീന്‍സിലേക്കും ആധുനിക ഫാഷന്‍ വസ്ത്രങ്ങളിലേക്കുമെല്ലാമുള്ള കുടിയേറ്റം മലയാളിയെന്ന സങ്കല്‍പ്പത്തിന് ചെറുതായെങ്കിലും മങ്ങലേല്‍പ്പിച്ചില്ലേയെന്ന ചോദ്യം ഇപ്പോഴും ചോദിക്കുന്നവരുണ്ട്. സൌകര്യം, കാലഘട്ടത്തിന്റെ ആവശ്യം എന്നൊക്കെയുള്ള മറുപടികള്‍ നമുക്കതിന് നല്‍കാനുണ്ടാകും. പക്ഷേ ചുരുങ്ങിയ പക്ഷം, കേരളം എന്ന ഈ ഭാഷാസമൂഹത്തിന്റെ വികാസപരിണാമങ്ങളെപ്പറ്റി മലയാളി അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്

മലയാളഭാഷാദിനവും കേരളപ്പിറവി ദിനവും; രണ്ടും ഒന്നായതില്‍ ഒരുപാടര്‍ഥങ്ങള്‍ ഉണ്ടാവും. ദേശവും ഭാഷയും തമ്മിലുള്ള ബന്ധം സൂചിപ്പിക്കാന്‍ ഇതിലുമേറെ പറ്റിയ ദിവസം വേറെയേത്? ഭാഷ നിലനില്‍ക്കുന്നത് ദേശവുമായി ബന്ധപ്പെട്ടും, ദേശം ജനതയുമാ‍യുമാണല്ലോ. അതുകൊണ്ടുതന്നെ ഭാഷയുടെ നിലനില്‍പ്പും വളര്‍ച്ചയും ജനതയുടെ ജീവിതം തന്നെ. ഭാഷ –കേവലം ഒരു ഉപകരണമല്ല; സാംസ്കാരിക സൂചനയാണ്. മലയാളി ജീവിക്കുന്നതും ചിന്തിക്കുന്നതും സ്വപ്നം കാണുന്നതും സ്വന്തമായ സാംസ്കാരികപരിസരങ്ങളില്‍ നിന്നു മാത്രമാണ്. ഈ സാംസ്കാരിക പരിസരം മലയാളഭാഷയാണ്. പല തലമുറകളായി ജനിച്ചുവളര്‍ന്നതും പഠിച്ചതും ഒക്കെ മറ്റുഭാഷയാവാം. അപ്പോഴും തലമുറകളുടെ അങ്ങേത്തലക്കല്‍ നിലകൊള്ളുന്ന മലയാളത്തിന്റെ- കേരളത്തിന്റെ സാംസ്കാരിക ബോധങ്ങള്‍ അയാളില്‍ നിലകൊള്ളും. ഒരിക്കലും ഇതൊന്നും പൂര്‍ണ്ണമായി തിരോഭവിക്കുന്നില്ല. ഇതൊക്കെയാണ് ശാസ്ത്രീയ നിരീക്ഷണങ്ങളെങ്കിലും ഭാഷയുടെ നിലനില്‍‌പ്പും വളര്‍ച്ചയും സമകലിക സമൂഹത്തെ വല്ലാതെ ആശ്രയിക്കുന്നുണ്ട്.

ബോധപൂര്‍വമായ ചില സംഗതികള്‍ ഇതുമായി ബന്ധപ്പെട്ട് സമൂഹം ചെയ്യേണ്ടതുണ്ട്. ഭാഷയുടെ വളര്‍ച്ച ഇതിലൂടെ മാത്രമേ വലിയതോതില്‍ സംഭവിക്കുകയുള്ളൂ. സ്കൂളുകളില്‍ മലയാളഭാഷ നിര്‍ബ്നധമാക്കല്‍ സുപ്രധാനമാണ്. സര്‍ക്കാര്‍ രേഖകള്‍ ഇത്രയൊക്കെ ശ്രമിച്ചിട്ടും ഇപ്പോഴും പൂര്‍ണ്ണമായും മലയാളത്തിലായിട്ടില്ല. ഭാഷാഭിമാനം- ഭാഷാ സ്നേഹം നാം സ്വയം നിര്‍മ്മിക്കണം. എന്റെ ദൈനം ദിന ഭാഷാ പ്രവര്‍ത്തനങ്ങളില്‍ ചെറിയൊരു ഭാഗമെങ്കിലും മലയാളത്തിലായിരിക്കാന്‍ ഞാനല്ലാതെ വേറാരുണ്ട്? ഇന്റെര്‍നെറ്റുപോലുള്ള സംവിധാനങ്ങളില്‍ പോലും - ബ്ലോഗ്, റ്റ്വിറ്റര്‍, മെയില്‍….മലയാളത്തിന്ന് വളരെ പ്രാധാന്യവും സാധ്യതകളും ഉണ്ടായിക്കൊണ്ടിരിക്കുകയാണല്ലോ.ഇതു പ്രയോജനപ്പെടുത്താന്‍ നാം സ്വയം തീരുമാനിക്കണം. ഭാഷ- സംസ്കാരത്തോട് കണ്ണിചേര്‍ന്നതാണ്. അതുകൊണ്ടുതന്നെ മലയാളിത്തം (നേരിയതും മുണ്ടും ഉപയോഗിക്കലല്ല) തിരിച്ചറിയുകയും ജീവിതത്തോട് ബോധപൂര്‍വം ചേര്‍ക്കുകയും വേണം.നാം നമ്മുടെ സംസ്കാരത്തിലൂടെ ജീവിക്കുമ്പോഴാണല്ലോ സ്വാഭാ‍വികത നിലനില്‍ക്കുകയും ജീവിതം സുകരമാകയും ചെയ്യൂ. സ്വാഭാവികതയുടെ സുഖം അതില്‍ത്തന്നെ അടങ്ങുന്നുണ്ട്.

ക്രിസ്തുവിന് മുന്‍പ് എട്ടാം നൂറ്റാണ്ടില്‍ സൃഷ്ടിക്കപ്പെട്ടുവെന്നു കരുതപ്പെടുന്ന രാമായണത്തിലെ കിഷ്ക്കിന്ധാകാണ്ഡം നാല്‍പ്പത്തൊന്നാം സര്‍ഗത്തില്‍ കേരളത്തെക്കുറിച്ച് പരാമര്‍ശിക്കപ്പെടുന്നുണ്ട്. തെക്കേ ദിക്കിലേക്ക് പോകുന്ന വാനരന്മമാരോട് സുഗ്രീവന്‍ അവിടത്തെ രാജ്യങ്ങളേക്കുറിച്ച് പറയുമ്പോള്‍ "നദീം ഗോദാവരീം ചൈവ സര്‍വമേവാനുപശ്യത തഥൈവാന്ധ്രാന്‍ ച പൗണ്ഡ്രാന്‍ ച ചോളാന്‍ പാണ്ഡ്യാ‍ന്‍ ച കേരളാന്‍" എന്നാണ് പറയുന്നത്. ആ നിലക്ക് ആ കാലഘട്ടത്തിലേ കേരളത്തിന് സ്വന്തമായൊരു സംസ്ക്കാരമുണ്ടായിരുന്നുവെന്ന് നിസ്തര്‍ക്കമായി അംഗീകരിക്കേണ്ട വസ്തുതയാണ്.

മഹാഭാരതത്തിലും ദ്രമിഡം, കേരളം, കര്‍ണാടകം മുതലായ നാമങ്ങള്‍ പരാമര്‍ശിക്കപ്പെടുമ്പോള്‍ വ്യാസന്‍ ഇതിഹാസമെഴുതിയ കാലഘട്ടത്തിലും കേരളരാജ്യമുണ്ടായിരുന്നതായി നമുക്ക് ഊഹിക്കാവുന്നതല്ലേ? ആദിപര്‍വം, സഭാപര്‍വം , വനപര്‍വം , ദ്രോണപര്‍വം തുടങ്ങിയ മഹാഭാരതത്തിലെ വിവിധ അധ്യായങ്ങളിലും കേരളത്തെപ്പറ്റി പരാമര്‍ശമുണ്ട്. രുക്മിണീസ്വയംവരത്തില്‍ പങ്കെടുക്കാനായി തെക്കേ ദിക്കില്‍ നിന്നും ചോളനും, പാണ്ഡ്യനും, കേരളനും വിദര്‍ഭ രാജധാനിയില്‍ സന്നിഹിതരായിരുന്നതായി ഭാഗവതം ദശമസ്കന്ധത്തില്‍ പ്രസ്താവിക്കുന്നു. കൂടാതെ പതിനെട്ടു പുരാണങ്ങളില്‍പ്പെട്ട ബ്രഹ്മാണ്ഡപുരാണം, അഗ്നിപുരാണം എന്നിവയിലും കേരളത്തെപ്പറ്റി പരാമര്‍ശമുണ്ട്.

കേരളത്തെപ്പറ്റിയുള്ള ഏറ്റവും പഴക്കമേറിയ രേഖ ക്രിസ്തുവിനു മുന്‍പ്‌ 272-നും 232-നും ഇടയില്‍ അശോകചക്രവര്‍ത്തി സ്ഥാപിച്ച രണ്ടാം ശിലാശാസനമാണ്. അതില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു : "ദേവന്മാര്‍ക്ക് പ്രിയനാകിയ രാജാ പ്രിയദര്‍ശിയുടെ രാജ്യത്തും അയല്‍ രാജ്യങ്ങളായ ചോള, പാണ്ഡ്യ, സത്യപുത്ര, കേരളപുത്ര രാജ്യങ്ങളിലും, താമ്രപര്‍ണിയിലും യവനരാജാവായ ആന്റിയോക്കോസ് ഭരിക്കുന്ന സ്ഥലത്തും അതിന്റെ അയല്‍ രാജ്യങ്ങളിലും ദേവാനാംപ്രിയ രാജാപ്രിയദര്‍ശി രണ്ട് തരം ചികിത്സക്കുള്ള ഏര്‍പ്പാടുകള്‍ ചെയ്തിരിക്കുന്നു...". കേരളരാജാവിന്റെ പേര് അശോകശാസനത്തില്‍ പറയുന്നില്ലെങ്കിലും ഇവിടെ കേരളപുത്ര എന്ന് പരാമര്‍ശിക്കപ്പെടുന്നത് കേരളമാണെന്ന് പറയാനാകും. പതിമൂന്നാം ശിലാശാസനത്തിലും ഇതേരീതിയിലുള്ള പരാമര്‍ശം കാണാം. താമ്രപര്‍ണി എന്ന് പരാമര്‍ശിക്കപ്പെടുന്ന പ്രദേശം ഇന്നത്തെ ശ്രീലങ്കയാണ്.

കേരളവും മദ്ധ്യധരണ്യാഴി മേഖലയിലെ ജനങ്ങളുമായുള്ള വ്യാപാരബന്ധത്തിന് പുരാതനമായ ചരിത്രമുണ്ട്. ക്രിസ്തുവിന് 1000 വര്‍ഷം മുമ്പേ സോളമന്റെ കപ്പലുകളില്‍ ഫൊണീഷ്യന്മാര്‍ കേരളതീരത്തുള്ള ഓഫിര്‍ എന്ന തുറമുഖം സന്ദര്‍ശിക്കാറുണ്ടായിരുന്നു. ഇന്നത്തെ പൂവാര്‍ എന്ന ഗ്രാമത്തിലാണ് ഈ ഓഫീര്‍ തുറമുഖം നിലനിന്നിരുന്നത് എന്നും കരുതപ്പെടുന്നു. ക്രിസ്തുവിനു ശേഷമുളള ആദ്യനൂറ്റാണ്ടുകളിലെ ഗ്രീക്ക്‌, റോമന്‍, ചൈനീസ്‌ യാത്രാരേഖകളില്‍ കേരളത്തെപ്പറ്റിയുളള വിവരണങ്ങള്‍ കാണാം. ക്രിസ്തുവിന് മുന്‍പ് 302 ല്‍ സെലൂക്കസ് നിക്കേറ്റര്‍ അയച്ച സഞ്ചാരിയായ മെഗസ്തനീസിന്റെ വിവരണങ്ങളില്‍ കേരളത്തെപ്പറ്റിയും വിവിധ തുറമുഖങ്ങളെപ്പറ്റിയും പരാമര്‍ശങ്ങളുണ്ട്. എ.ഡി ഒന്നാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട പെരിപ്ലസ് എന്ന സഞ്ചാരസാഹിത്യചരിത്രത്തില്‍ കേരളത്തിനെക്കുറിച്ച് പലയിടത്തും പറയുന്നുണ്ട്.

പണ്ടു മുതലേ തമിഴ്‌ഭാഷ സംസാരിച്ചിരുന്ന ചേര രാജവംശത്തിനു കീഴിലായിരുന്നു കേരളം. ഈ രാജവംശം ഇന്നത്തെ ചെറുമരാണെന്നും. അതല്ല കുറവരാണെന്നും വിവിധ വാദങ്ങളുണ്ട്. എന്തായാലും തമിഴില്‍ നിന്നും വേറിട്ട്‌ മലയാള ഭാഷ ഉത്ഭവിച്ചതോടെയാണ്‌ കേരളത്തിന്റെ ചരിത്രം ഔദ്യോഗികമായി അംഗീകരിക്കപ്പെടുന്നത്‌.

മലയാളം വിക്കിപ്പീഡിയയെ അവലംബമാക്കിയാണ് ഈ ചരിത്രം ഇവിടെ ഉദ്ധരിക്കപ്പെട്ടത്. ഇതേ വിക്കിപ്പീഡിയ പരിശോധിച്ചാല്‍ത്തന്നെ ഓരോ ഭാഷാസമൂഹങ്ങളുടേയും ഭാഷാസ്നേഹമന്വേഷിച്ച് മറ്റെങ്ങും പോകേണ്ടി വരില്ല. മൌസ് എന്ന വാക്കിന് മലയാളം വാക്കുണ്ടോ? പക്ഷേ തമിഴന് അതിന് വാക്കുണ്ട്. സുട്ടി (சுட்டி) എന്നാണത്. കീബോര്‍ഡ് അവന് വിസൈപ്പലകൈ (விசைப்பலகை) ആണ്. ഒരു തമിഴ് സിനിമയുടെ പേര് തമിഴിലായാല്‍ അതിന് ടാക്സ് ഇളവടക്കമുള്ള പ്രോത്സാഹനങ്ങള്‍ സര്‍ക്കാര്‍ ചെയ്തു കൊടുക്കുന്നു. അതുകൊണ്ടാണ് തമിഴ്നാട്ടുകാരന്‍ യന്ത്രമനുഷ്യനെ (Robot) യന്തിരന്‍ എന്നു വിളിച്ചത്. നമ്മുടെ ഭാഷാ സ്നേഹവും ഭരണഭാഷാദിനാചരണങ്ങളും നവമ്പര്‍ ഒന്നിന് തുടങ്ങി നവമ്പര്‍ ഒന്നിന് തീരാതിരിക്കട്ടെയെന്ന് ഈ കേരളപ്പിറവിയില്‍ ആശംസിക്കാം.

36 comments:

  1. എന്റെ ദൈനം ദിന ഭാഷാ പ്രവര്‍ത്തനങ്ങളില്‍ ചെറിയൊരു ഭാഗമെങ്കിലും മലയാളത്തിലായിരിക്കാന്‍ വേണ്ടതു ചെയ്യാൻ ഞാനല്ലാതെ വേറാരുണ്ട്? ഇന്റെര്‍നെറ്റുപോലുള്ള സംവിധാനങ്ങളില്‍ പോലും - ബ്ലോഗ്, റ്റ്വിറ്റര്‍, മെയില്‍….മലയാളത്തിന്ന് വളരെ പ്രാധാന്യവും സാധ്യതകളും ഉണ്ടായിക്കൊണ്ടിരിക്കുകയാണല്ലോ.ഇതു പ്രയോജനപ്പെടുത്താന്‍ നാം സ്വയം തീരുമാനിക്കണം. ഭാഷ- സംസ്കാരത്തോട് കണ്ണിചേര്‍ന്നതാണ്. അതുകൊണ്ടുതന്നെ മലയാളിത്തം (നേരിയതും മുണ്ടും ഉപയോഗിക്കലല്ല) തിരിച്ചറിയുകയും ജീവിതത്തോട് ബോധപൂര്‍വം ചേര്‍ക്കുകയും വേണം.നാം നമ്മുടെ സംസ്കാരത്തിലൂടെ ജീവിക്കുമ്പോഴാണല്ലോ സ്വാഭാ‍വികത നിലനില്‍ക്കുകയും ജീവിതം സുകരമാകയും ചെയ്യൂ. സ്വാഭാവികതയുടെ സുഖം അതില്‍ത്തന്നെ അടങ്ങുന്നുണ്ട്.

    ReplyDelete
  2. യാഥാര്‍ത്ഥ്യത്തെ സ്പര്‍ശിച്ച പോസ്റ്റ്. തമിഴന്റെ ഭാഷാ സ്നേഹം കണ്ട് അസൂയപ്പെട്ടിട്ടെന്തു കാര്യം? നമ്മുടെ സംഭാഷണങ്ങളില്‍ കടന്നു കൂടുന്ന ഇംഗ്ലീഷിന്റെ ആധിക്യം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്നില്ലേ? പ്രായഭേദമന്യേ കുറേ മലയാളം വാക്കുകള്‍ ചരമമടഞ്ഞു പോയിരിക്കുന്നു. സ്പൂണ്‍, പ്ലേറ്റ് എന്നിവയുടെ മലയാളമെന്താണ്? കരണ്ടി, പിഞ്ഞാണം എന്നൊക്കെ പറഞ്ഞാല്‍ ഇന്നത്തെ കുട്ടികള്‍ക്ക് മനസ്സിലാവുമോ? സംസാരിച്ചു തുടങ്ങുന്ന കുട്ടികളെ മാതാപിതാക്കള്‍ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത് തന്നെ ഇംഗ്ലീഷല്ലേ? അങ്ങനെ കേരളസമൂഹത്തിന്റെ സമസ്ത മേഖലകളെയും അപഗ്രഥിച്ചാലും മലയാളിയുടെ ഭാഷാ സ്നേഹം കപടമാണെന്ന് പറയാതെ വയ്യ!

    ഭരണഭാഷാദിനാശംസകള്‍!

    ReplyDelete
  3. "ഒരു തമിഴ് സിനിമയുടെ പേര് തമിഴിലായാല്‍ അതിന് ടാക്സ് ഇളവടക്കമുള്ള പ്രോത്സാഹനങ്ങള്‍ സര്‍ക്കാര്‍ ചെയ്തു കൊടുക്കുന്നു. അതുകൊണ്ടാണ് തമിഴ്നാട്ടുകാരന്‍ യന്ത്രമനുഷ്യനെ (Robot)യന്തിരന്‍ എന്നു വിളിച്ചത്."
    ഇത്തവണ എന്റെ പ്രിസൈഡിങ് ആപ്പീസറായി വന്നത് തമിഴ്നാട്ടുകാരനായ ഒരു കൃഷിശാസ്ത്രജ്ഞനായിരുന്നൂ..പുഷ്പരാജ്.
    അദ്ദേഹത്തിന്റെ ഒപ്പ് തമിഴിലായതുകണ്ടമ്പരന്ന എന്നോട് അദ്ദേഹം അഭിമാനത്തോടെ പറഞ്ഞത് അങ്ങനെയാകണമെന്ന ഗവ. നിര്‍ദ്ദേശം ഒരിക്കല്‍ സര്‍ക്കാര്‍ ഉത്തരവായിറങ്ങിയപ്പോള്‍ ഗസറ്റ് നോട്ടിഫിക്കേഷന്‍ വഴി മാറ്റിയതാണെന്നാണ്.
    നോക്കണേ, തമിഴന്റെ ഭാഷാസ്നേഹം!

    ReplyDelete
  4. മലയാളം മാത്രമേ സംസാരിക്കൂ എന്ന് വാശിയുള്ള ഒരു വാധ്യാരുടെ കഥ ഓര്‍മ്മവരുന്നൂ...
    ഷോക്കേറ്റ് പിടയുന്ന നേരം ഭാര്യയോട് "ആ വൈദ്യുതഗമനാഗമന നിയന്ത്രണയന്ത്രം നിര്‍ത്തൂ" വെന്ന് പറഞ്ഞു പകുതിയെത്തും മുമ്പേ മൂപ്പരുടെ കാറ്റു പോയത്രെ!
    ഇത്തരം കുടുസ്സായ പ്രാദേശികഭാഷാവാദം അഭിലഷണീയമാണോ?

    ReplyDelete
  5. കേരളപ്പിറവി ദിനത്തിലെങ്കിലും സ്വന്തം പൈതൃകത്തെക്കുറിച്ച് ചിന്തിക്കാന്‍ മലയാളി തയ്യാറാകുന്നു എന്നത് ആശ്വാസകരം തന്നെ.കാരണം സ്വന്തം അച്ഛനെയും അമ്മയേയും മുതുമുത്തച്ചന്മാരേയും അറിയുക എന്നത് എല്ലാത്തരമുള്ള അടിമത്വത്തില്‍ നിന്നും മോചിപ്പിക്കുന്ന പ്രാഥമികവും പരമ പ്രധാനവുമായ ആത്മബോധത്തിന്റെ ഭാഗമാണ്.
    മലയിലെ ആളന്മാരുടെ ഭാഷയും ഭൂമിയും സംസ്ക്കാരവുമായി
    മലയാളി വളരെ പുരോഗതി നേടിയിരിക്കേ.... ആ
    സംസ്ക്കാരത്തിലും ചരിത്രത്തിലും അഭിമാനിക്കുകയും
    കരുത്തുനേടുകയും ചെയ്യട്ടെ എന്ന്
    ആധുനിക കേരളത്തിന്റെ പിറവി ദിനത്തില്‍ ചിത്രകാരനും ആശംസിക്കുന്നു !!!
    മാത്സ് ബ്ലോഗിന്റെ പോസ്റ്റിനു നന്ദി.

    ReplyDelete
  6. മനസില്‍ വരുന്ന ആശയങ്ങള്‍ എഴുതിഫലിപ്പിക്കാന്‍ മാതൃഭാഷതന്നെയാണ് നല്ലത്. കേരളപ്പിറവിയുടെ ആശംസകള്‍

    ReplyDelete
  7. കേരളാ സര്‍ക്കാര്‍ മലയാളത്തിന് ക്ലാസിക് പദവി ലഭിക്കുന്നതിന് വേണ്ടി ഓടി നടക്കുന്നു. ധനകാര്യ വകുപ്പിന്റെ ഉത്തരവുകള്‍ ഇപ്പോഴും ഇംഗ്ലീഷില്‍ത്തന്നെ!! പി.ആര്‍.ഡിയുടെ ഉത്തരവുകളും, അങ്ങനെ തന്നെ. ഇതെല്ലാം മറുനാട്ടുകാര്‍ക്കു വേണ്ടിയാണോ പടച്ചു വിടുന്നത്?

    ReplyDelete
  8. .
    @ ഹോംസ് ,
    ജീവഹാനി സംഭവിക്കുന്ന തരത്തില്‍ വൈദ്യുതാഘാതം ഏല്‍ക്കുന്ന സമയത്ത് , വാദ്ധ്യാര്‍ക്കെന്നല്ല ആര്‍ക്കും സംസാരിക്കാന്‍ പറ്റില്ല . ഇതുപോലെ വികൃത ശബ്ദങ്ങള്‍ പുറപ്പെടുവിക്കാനേ പറ്റൂ .
    അല്ലെങ്കില്‍ തന്നെ വാദ്ധ്യാരുടെ നിര്‍ദ്ദേശം കിട്ടിയിട്ട് വേണമല്ലോ വൈദ്യുതഗമനാഗമന നിയന്ത്രണയന്ത്രം നിര്‍ത്താന്‍ .
    ഇനി അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ തന്നെ , മലയാള ഭാഷയ്ക്ക് വേണ്ടി ജീവത്യാഗം ചെയ്ത ആ ഭാഷാ സ്നേഹിക്ക് എന്റെ അശ്രുപൂജ .
    .

    ReplyDelete
  9. ഐക്യകേരള ദിനാശംസകള്‍

    ReplyDelete
  10. A ലിസ്റ്റ് തയ്യാറാക്കുന്ന സമയത്ത് ക്ലാസ്സധ്യാപകര്‍ അഭിമാനത്തോടെ പറയുന്ന ഒരു കാര്യമുണ്ട് . " കുട്ടികളുടെ പേര് മലയാളത്തില്‍ എഴുതാന്‍ അറിയില്ല " . (ഇവിടെയുള്ള പേരുകളും അങ്ങനെ തന്നെയാണ് ) . അവസാനം എല്ലാവരും കൂടി ഒന്നിച്ചിരുന്നു ചര്‍ച്ച ചെയ്തു ഒരു നിഗമനത്തില്‍ എത്തിച്ചേരുന്നു . പരീക്ഷാ ഭവനില്‍ നിന്നും പ്രിന്റൌട്ട് വരുമ്പോള്‍ അതെല്ലാം മാറിയിട്ടുണ്ടാവും എന്നത് വേറെ കാര്യം .

    നമുക്ക് പത്താം ക്ലാസ്സ് വരെയുള്ള ഹാജര്‍ പട്ടികയിലെങ്കിലും മലയാളത്തില്‍ പേര് എഴുതുന്നതില്‍ എന്താണ് തടസ്സം ?

    ReplyDelete
  11. കേരളപിറവി ആശംസകള്‍ ...........

    ReplyDelete
  12. "മാതൃ ഭാഷ മലയാളം ,മാധ്യമ ഭാഷ മലയാളം,കോടതിഭാഷ മലയാളം, ബോധന ഭാഷ മലയാളം" എന്ന മുദ്രവാക്യം വളരെ ചെറുപ്പത്തില്‍ സ്വാധീനിച്ചതുകൊണ്ട്‌ എന്റെ എസ്‌എസ്‌എല്‍ സി ഒപ്പ് (1974) മലയാളത്തില്‍ വന്നതിന്റെ 'ഗമ' പലരും ഇപ്പോള്‍ അസൂയയോടെ നോക്കിക്കാണുന്നു എന്ന കാര്യം ഇവിടെ വെളിപ്പെടുതുന്നതോടൊപ്പം ഇന്നത്തെ പോസ്റ്റ്‌ കണ്ടപ്പോള്‍ വളരെ സന്തോഷം ഉണ്ടാക്കുന്നു.

    ReplyDelete
  13. മാത്സ്‌ബ്ലോഗിന് മലയാളഭാഷാദിനാശംസകള്‍.

    ReplyDelete
  14. പോസ്റ്റില്‍ സാന്ദര്‍ഭികമായി മാത്രം പരാമര്‍ശിച്ച ഒരു കാര്യത്തേക്കുറിച്ച്....

    ...[[[[[ക്രിസ്തുവിന് 1000 വര്‍ഷം മുമ്പേ സോളമന്റെ കപ്പലുകളില്‍ ഫൊണീഷ്യന്മാര്‍ കേരളതീരത്തുള്ള ഓഫിര്‍ എന്ന തുറമുഖം സന്ദര്‍ശിക്കാറുണ്ടായിരുന്നു. ഇന്നത്തെ പൂവാര്‍ എന്ന ഗ്രാമത്തിലാണ് ഈ
    ഓഫീര്‍ തുറമുഖം നിലനിന്നിരുന്നത് എന്നും കരുതപ്പെടുന്നു.]]]]......


    ഒരു പോസ്റ്റിന്റെ ആവശ്യത്തിനായി റിസര്‍ച്ച് നടത്തുന്നതിനിടെ ഈയിടെ വായിച്ച The history of small pox By James Moore (1815 ല്‍ പ്രസിദ്ധീകരിച്ചത്.) ഇങ്ങനെ കാണുന്നു.

    ''The ships of king Solomon were three years in accomplishing their voyage to Tarshish and Ophir,which some have believed to have been ports on the coasts of Hindostan; though it
    appears to be established by late authors that these towns were situated on the southern coast of Africa.''

    http://books.google.co.in/books?id=LzMBAAAAQAAJ&pg=PA46&lpg=PA46&dq=elephant+war+arabia&source=bl&ots=WsKcKkI1q1&sig=fKiL-IjS_ToBMb3WeN5Ly7YyMl4&hl=en&ei=bmu9TMzxA46avAP-ouAM&sa=X&oi=book_result&ct=result&resnum=5&ved=0CCIQ6AEwBA#v=onepage&q=elephant%20war%20arabia&f=false

    പേജ് 42 നോക്കുക.


    ഇത് തീര്‍ച്ചയായും പോസ്റ്റിന്റെ കര്‍ത്താവിനെ കുറ്റപ്പെടുത്തുന്നതല്ല.നമ്മള്‍ എല്ലാവരും തന്നെ സോളമനുമായി കച്ചവടം നടത്തിയിരുന്ന പൂര്‍വികരെ ഓര്‍ത്തു അഭിമാനം കൊണ്ടിരുന്നവരാണ്.എന്റെ കലി മുഴുവന്‍ നമ്മുടെ ചരിത്രകാരന്മാര്‍ എന്ന് വിളിക്കുന്നവരോടാണ്.195 വര്‍ഷം മുന്‍പുതന്നെ തെറ്റായിരിക്കാം എന്ന് തെളിവുകളുണ്ടായിരുന്ന ഒരു സംഗതി തന്നെ ഇപ്പോഴും സത്യമെന്ന സീലടിച്ച് പുസ്തകത്തില്‍നിന്ന് പുസ്തകത്തിലേക്ക് പകര്‍ത്തിയെഴുതികൊണ്ടിരിക്കുന്ന ചരിത്രമെഴുത്തുവങ്കന്മാരെ എന്ത് ചെയ്യണം?

    പിന്നെ നമുക്ക് അഭിമാനിക്കാന്‍ പുതുതായി ഒന്നുമില്ല എന്നതും മോശമല്ലെ?

    ReplyDelete
  15. ലൈഫ് ഡയറി-4
    "കണാരചെട്ടിയാരും മദിരാശിയും"
    ജനവാതിലില്‍

    ReplyDelete
  16. ​​​മലയാളത്തിന്റെ പ്രാധാന്യം ഉബുണ്ടുവിലും

    system>Administration>Language support

    എടുക്കുക. അപ്പോള്‍ ചില ഭാഷകള്‍ ഇല്ലെന്ന സന്ദേശം വരും.

    Remind me later - ല്‍ ക്ലിക്ക് ചെയ്യുക.

    Language/Text എന്നിവയുള്ളതില്‍ Text എടുത്ത് ആദ്യത്തേത് ഇംഗ്ലീഷ് മാറ്റി മലയാളമാക്കുക.

    ഇനി Restart ചെയ്യുക.

    ReplyDelete
  17. ഇനി വിഷയത്തിലേക്ക്

    ഭാഷ എന്നത് ആശയവിനിമയത്തിനുള്ള ഉപാധി മാത്രമാണ്. ആശയവിനിമയം സുഖകരമായി നടക്കാന്‍ ഏതു ഭാഷയാണോ സഹായകരം എന്നു വച്ചാല്‍ അതിനെ ആശ്രയിക്കുക.

    നാം ഇന്ന് എങ്ങിനെയാണോ ജീവിക്കുന്നത്, അതാണ് നമ്മുടെ സംസ്കാരം. മൂന്ന് നേരവും ഹോട്ടല്‍ ഭക്ഷണം കഴിക്കുന്ന ഒരാള്‍ എന്റെ സംസ്‌കാരം ഇലയിട്ട് ചമ്രം പടിഞ്ഞിരുന്ന് ഭക്ഷണം കഴിക്കുന്നതാണ് എന്നു പറയുന്നതില്‍ എന്ത് അടിസ്ഥാനമാണുള്ളത്?

    കാലത്തിനനുസരിച്ച് മാറുന്ന ഒന്നാണ് ഭാഷ. പല പഴയ മലയാളപദങ്ങളും ഉപയോഗിക്കപ്പെടുന്നില്ല. ഭാഷയില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍/കൂട്ടിച്ചേര്‍ക്കലുകള്‍ എന്നിവ ഇവിടെ നടക്കുന്നുണ്ടോ? നിഘണ്ടുക്കള്‍ കാലാനുസ്രൃതമായി പരിഷ്‍കരിക്കപ്പെടുന്നുണ്ടോ?

    പിന്നെ ഭാഷ നിലനില്‍ക്കണമെങ്കില്‍ മാറുന്ന കാലത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഭാഷ ഉപയോഗിക്കുന്നവരും മാറണം. മലയാളത്തില്‍ ഇന്‍സ്‌ക്രിപ്റ്റ് ടൈപ്പിംഗ് എത്ര പേര്‍ക്ക് അറിയാം? അറിയില്ലാത്തവര്‍ അതു പഠിക്കാന്‍ ശ്രമിക്കുന്നുണ്ടോ?

    അവിടെ കാണിക്കുന്നത് കണ്ടോ, അവരു ചെയ്യുന്നതു കണ്ടോ..നമ്മളങ്ങിനെയൊന്നും ചെയ്യുന്നില്ലല്ലോ.... എന്നോക്കെ പറയാനും കുറ്റപ്പെടുത്താനും എളുപ്പമാണ്. കാര്യങ്ങള്‍ മനസീലാക്കിയുള്ള ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളാണ് വേണ്ടത്.

    ReplyDelete
  18. എന്തെങ്കിലുമൊന്ന് കേള്‍ക്കുമ്പോഴേക്ക് അത്യഭിമാനം തോന്നുകയും അതങ്ങനെയൊന്നുമല്ല എന്നറിയുമ്പോള്‍ അപമാനം തോന്നുകയുമൊക്കെ ചെയ്യുന്നത് ആര്‍ക്കും ഭൂഷണമല്ല. ഭൂമിയുണ്ടായിട്ട് ലക്ഷക്കണക്കിനു വര്‍ഷങ്ങളായെന്നു ശാസ്ത്രജ്ഞന്മാര്‍ പറയുന്നു. ജീവന്റെ ഉദയത്തിനും വികാസ പരിണാമങ്ങള്‍ക്കും സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ നമുക്കറിയാവുന്ന ചരിത്രം സൂചനകളില്‍ നിന്നുള്ളതുപോലും വളരെക്കാലത്തേക്കൊന്നുമില്ല.പുരാതന തുറമുഖങ്ങളും കച്ചവടകേന്ദ്രങ്ങളുമൊക്കെ എവിടെയാണെന്നുള്ളതിനും തര്‍ക്കങ്ങളുണ്ട്. ഈ കരകളൊക്ക ഇന്നുള്ള സ്ഥാനങ്ങളില്‍ ആയിരുന്നില്ല എന്നും കൂടിയാവുമ്പോള്‍ നമ്മുടെ വാദഗതികള്‍ എത്രമാത്രം നിരര്‍ഥകമയിപ്പോവാം എന്നും കൂടി ആലോചിക്കേണ്ടതാണ്.
    ഇനി പോസ്റ്റിനെക്കുറിച്ച്- നമമുടെ ഭാഷയെക്കുറിച്ചും നാടിനെക്കുറിച്ചും നമുക്ക് അഭിമാനിക്കാം. എന്നാല്‍ അമിതാഭിമാനം ആശയക്കുഴപ്പങ്ങളിലേക്കും തീവ്രവാദങ്ങളിലേക്കും വഴിതെറ്റിപ്പോകാന്‍ എളുപ്പമാണ്.
    (തുടരും)

    ReplyDelete
  19. കേരളപ്പിറവി ദിനത്തിലെങ്കിലും എനിക്ക് എന്റെ പേരു മലയാളീകരിക്കണം. [കാഡ് ] എന്തുവാ മക്കളെ അതിന്റെ ഒരു മലയാളം.

    ReplyDelete
  20. കണക്കു ബ്ലോഗിന്റെ ശ്രമങ്ങള്‍ എപ്പോഴും തായ് വേര് തപ്പിക്കൊണ്ടുള്ളതാണല്ലോ ?
    ഞാന്‍ മലയാളം ബ്ലോഗിലെ ഫിലിപ്പ് മാഷ്‌ എനിക്ക് ഒരു ചോദ്യമുണ്ട് .നിങ്ങള്‍ മറുപടിയും പറ്റുമെങ്കില്‍ മറുവടിയും
    തരണം.നിങ്ങള്‍ പഠിപ്പിക്കുന്ന കണക്കിലെ സാങ്കേതിക പദങ്ങള്‍ ഉദാഹരണത്തിന്: ഗണം,ചരം എന്നിവ സംസ്കൃതമല്ലേ?...കുട്ടികള്‍ക്ക് കൂടുതല്‍ നല്ല മലയാള പദങ്ങള്‍ നല്‍കി നിങ്ങള്‍ക്ക് പഠിപ്പിച്ചുകൂടെ?"ഗണ"ത്തിനു
    പകരം "കൂട്ടം" എന്നിങ്ങനെ?
    ഞങ്ങളുടെ ബ്ലോഗ്‌ കാണുക:www.malayalamresources.blogspot.com

    ReplyDelete
  21. എല്ലാ മലയാളികള്‍ക്കും അഭിമാനിക്കാവുന്ന ദിനം ഇന്ന്

    ReplyDelete
  22. @philipollur November 1, 2010 2:08 PM
    സാറിന്റെ മലയാളം സൈറ്റില്‍ പോലും ഇഗ്ലീഷ് ഒഴിവാക്കിയിട്ടില്ല സാറെ !
    സിനിമ, ഡൌണ്‍ലോഡ് തുടങ്ങിയവ പച്ചമലയാളത്തില്‍ എഴുതിക്കൂടെ?
    ചലച്ചിത്രം, ‘അടിച്ചുമാറ്റുക’ എന്നിങ്ങനെ... അല്ല പിന്നെ...

    ReplyDelete
  23. @ sreejith Mupliyam

    എങ്ങനെ ഓഡിയോ പോസ്റ്റിടാം എന്ന് ചോദിച്ചിരുന്നുവല്ലോ?
    അത് ഇവിടെയുണ്ട്

    ReplyDelete
  24. ഈ അവസരത്തില് കേരളം എങ്ങിനെ ആയിരിക്കണം എന്ന് ചിന്തിക്കാനാണ് ഞാനിഷ്ടപ്രെടുന്നത്.ജാതിയുടേയൊ മതത്തിന്റെയൊ പേരില് ആളുകള്പരസ്പരം വിവേചനം കാണിക്കാത്ത കേരളം,വളരുവാനും വികസിക്കാനും എല്ലാവര്ക്കും സാധിക്കുന്ന ഒരവസ്ഥയുള്ള നാട്..

    ReplyDelete
  25. @ janardhanan Sir,
    നന്ദി സര്‍ ...............
    ശ്രീ..............

    ReplyDelete
  26. പ്രിയ കാഡ് ഉപയോക്താവേ... ഞാന്‍ ഇംഗ്ലീഷിനു എതിരല്ല.ഇതു ഭാഷയും സംസ്ക്കാരത്തിന്റെ സൃഷ്ട്ടിയാണ്.മലയാളം ബ്ലോഗിലെ ഈ വിഷയത്തിലുള്ള പോസ്റ്റ് കണക്കു വിഷയത്തിലെ വിരസമായ സംസ്കൃത അധിനിവേശത്തെപ്പറ്റിയാണ്‌.ഞാന്‍ ഊന്നുന്നത് വാക്കുകളുടെ സൌന്ദര്യത്തിലാണ്.കണക്കിലെ "ഗണം" എന്ന വാക്കിനു പകരം "group" എന്ന് കൊടുത്താലും മലയാളം ഇടിഞ്ഞു വീഴുകയില്ല.മലയാളി അഭിമാനം കൂടി ജിഹാദ് വിളിക്കുന്നവനായിരിക്കില്ല.
    ശാസ്ത്ര സാമൂഹ്യ ഗണിത പുസ്തകങ്ങളില്‍ സാങ്കേതിക പദങ്ങള്‍ സംസ്കൃതമാക്കിയത് ഭാഷാ ഇന്‍സ്റ്റിട്ട്യൂട്ടിന്റെ നേതൃത്വത്തില്‍ ശ്രീ എന്‍.വി.കൃഷ്ണവാര്യര്‍ ആയിരുന്നു.എന്ത് ചെയ്യാം?മലയാളിക്ക് മനസ്സിലാവാത്തതായിപ്പോയല്ലോ നമ്മുടെ ഭാഷാ വ്യവഹാരങ്ങള്‍.

    ReplyDelete
  27. @ Bright

    ഇന്നലെ ചെയ്‌തു വച്ച അബദ്ധങ്ങള്‍ ഇന്നത്തെ ആചാരവും നാളത്തെ ശാസ്‌ത്രവും ആവുന്ന കാഴ്‌ചയാണ് നമുക്കു ചുറ്റും.

    എന്തെങ്കിലും എഴുതി വച്ചാല്‍ പിന്നെ അത് ആധികാരിക രേഖയായി. അതില്‍ പിന്നെ തിരുത്തില്ല. അഥവാ തിരുത്തിയാലും ആദ്യം എഴുതി വച്ചവയെ ന്യായീകരിക്കാനുളളവ ആ തിരുത്തില്‍ ഉണ്ടാവും.

    ഈ തരത്തില്‍ ഗവേഷണം നടത്തുന്ന താങ്കളെപ്പോലെയുള്ളവരെ അങ്ങിനങ്ങ് അംഗീകരിക്കുകയുമില്ല ഈ സൂചിപ്പിച്ച ചരിത്രകാരന്മാര്‍

    ReplyDelete
  28. ഇന്ന് മലയാളം പരീക്ഷ 8,9,10 ക്ലാസ്സുകളില്‍..ചോദ്യങ്ങള്‍ പരീക്ഷാജോലിക്കിടയില്‍ വായിക്കാന്‍ അവസരം കിട്ടി.ചില മാതൃകകള്‍..പത്താം തരം..1,സിനോപ്സിസ് തയ്യാറാക്കുക,2,എഡിറ്റോറിയല്‍ തയ്യാറാക്കുക.....8ലും9തിലും ഉണ്ട് ഈ ചോദ്യങ്ങള്‍.എന്തായാലും സ്കോര്‍ ലഭിക്കുമത്രേ!മലയാളം മഹത്തരം,പക്ഷെ ഇപ്പറഞ്ഞതിനൊന്നും മലയാളമില്ലേ എന്ന് എതെങ്കിലും കുട്ടി ചോദിച്ചാല്‍ മലയാളം അധ്യാപകരെങ്കിലും മറുപടി പറയണം,എങ്ങിനെ രക്ഷപ്പെടും നമ്മുടെ മാതൃഭാഷ?

    ReplyDelete
  29. സ്പന്ദനം
    ഈ ചോദ്യങ്ങള്‍ മലയാള അധ്യാപകരോട് പലവട്ടം ചോദിച്ചതാണ്.
    ഇംഗ്ഗീഷ് ഭാഷ എന്തുകൊണ്ട് ലോകഭാഷയായി?
    എല്ലാഭാഷകളില്‍ നിന്നും അത് വാക്കുകള്‍ കടമെടുത്തു.ലത്തീന്‍ ഭാഷ ഇംഗ്ഗീഷിനെ ഒത്തിരി സ്വാധീനിച്ചിട്ടുണ്ട്.
    സംകൃതത്തില്‍ നിന്നുമാണോ മഹിതം കടമെടുത്തത്?എങ്കില്‍ മോഡു തന്നെയായിരുന്നു നല്ലത്?
    നമ്മുടെ മലയാള അധ്യാപകര്‍ നല്ല ഭാഷാവരമുള്ളവരാണ്. തര്‍ക്കിച്ചുജയിക്കാന്‍ പറ്റില്ല.തോറ്റുപോകും

    ReplyDelete
  30. ഒരു ഓഫ് ടോപ്പിക് / spl.fee എത്രയാണ്./ up Rs.? hs Rs.?

    ReplyDelete
  31. ഈ കേരളപ്പിറവി ദിനത്തില്‍ കേരളീയനായി ജീവിക്കുന്ന എല്ലാവര്‍ക്കും ആശംസകള്‍. നമ്മുടെ മൂല്ല്യങ്ങള്‍ ഉയര്‍ത്തി പിടിക്കാന്‍ കെല്പുള്ള ഒരു പുതുതലമുറയെ വാര്‍ത്തെടുക്കാന്‍ നമുക്ക് കഴിയുമെന്ന പ്രത്യാശയോടെ.......

    ReplyDelete
  32. തമിഴന്റെ അമിതഭാഷാസ്സേഹം കാരണം അതിര്‍ത്തിജില്ലകളിലെയും മറ്റും മലയാളികുട്ടികളുടെ മലയാളപഠനം നിഷേധിക്കുവാന്‍ ഉത്തരവിറങ്ങിയിരിക്കുന്നു. തമിഴിനൊപ്പം മലയാളം പഠിക്കുവാന്‍ പോലും അനുവദിക്കില്ല. ഭാഷാന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹമായ പരിഗണനയും പദവിയും (വലിയ പരിഭവങ്ങളില്ലാതെ) അനുവദിക്കുന്ന കേരളവും ഇന്ത്യാമഹാരാജ്യത്തിലാണെന്നോര്‍ക്കുക. ഭാഷയ്‌ക്കുവേണ്ടിയും ജീവജലത്തിനുവേണ്ടിയും അച്ചടക്കമില്ലാത്ത സമരമുറകളനുഷ്ടിക്കുന്ന തമിഴന്റെ നിലപാടിനെതിരെ ഇവിടെ വലിയ പ്രതിഷേധങ്ങളുമില്ല, ഏതാനും അദ്ധ്യാപകതസ്തികകള്‍ നിര്‍ത്തലാകുമെന്ന ഭയം മാത്രം പങ്കിടുന്നു.
    മലയാളി ഇന്ന് ആഗോളിയായിരിക്കുന്നു, ചിന്തിക്കാനും തലപുണ്ണാക്കാനും നമുക്കെത്ര ഗ്ലോബല്‍ വിശേഷങ്ങള്‍ ! മലയാളത്തിനുവേണ്ടി ശബ്ദിക്കുന്നവര്‍ ന്യൂനപക്ഷവും കാലത്തിനൊപ്പം നടക്കാത്തവരെന്നും നാം വിധി കല്പിച്ചിരിക്കുന്നു. കേവലാഘോഷങ്ങളില്‍ ഭരണകൂടവും മയങ്ങുന്നു. കണ്ണേ മടങ്ങുക....

    ReplyDelete
  33. 'നിങ്ങള്‍ വിളിച്ച സബ്സ്ക്രബര്‍ സ്വിച്ച് ഓഫ് ചെയ്‌തിരിക്കുകയാണത്രെ'

    സ്വിച്ച് ഓഫ് ചെയ്യാന്‍ സബ്സ്ക്രൈബറെന്താ യന്ത്ര മനുഷ്യനോ?

    ‌‌'നിങ്ങള്‍ വിളിച്ച വ്യക്തിയുടെ/ഉപഭോക്താവിന്റെ മൊബൈല്‍ ഫോണ്‍ സ്വച്ച് ഓഫ് ചെയ്യപ്പെട്ടിരിക്കുകയാണ്' എന്നെങ്കിലും ആക്കരുതോ?

    ReplyDelete
  34. മാതൃഭാഷയായ മലയാളം പഠിക്കാതെ തന്നെ ഒരാള്‍ക്ക് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനും ജോലി നേടാനും കഴിയുമെന്ന സ്ഥിതി കേരളത്തില്‍ മാത്രമാണുള്ളള്ളത് .തമിഴ്‌നാടും കര്‍ണാടകയും ആന്ധ്രയും ഉള്‍പ്പടെ എല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും സ്‌കൂള്‍ പഠനകാലത്ത് മാതൃഭാഷ നിര്‍ബന്ധിതമാണ്.സര്‍ക്കാര്‍-സ്വകാര്യ മേഖലകളില്‍ ഔദ്യോഗികവും സാമൂഹികവും ഭരണപരവും സാമ്പത്തികവുമായ എല്ലാ ഇടപാടുകളിലും മലയാളത്തിന്റെ ഉപയോഗം നിര്‍ബന്ധിതമായിരിക്കാനുള്ള അവകാശം ഓരോ മലയാളിയുടെയും ജന്മവകാശമാണ് .കേരളത്തിൽ ഒരു ഇംഗ്ലീഷ് അധിനിവേശ ലോബി ഉണ്ടെന്നുള്ളത് വാസ്തവമാണ്.അത് കൊണ്ടാണല്ലോ മലയാളം ഭാഷയുടെ നിലനില്പിനായി പോരാടേണ്ടി വരുന്നത്. കോടതി ഭാഷ മലയാളമാക്കുന്നതിനെതിരെ ഒരു കൂട്ടം ആളുകള വേറെയും. മലയാളം നന്നായി എഴുതാനും വായിക്കാനും അറിയാത്തവർ എങ്ങനെയാണു സാധാരണ ജനങ്ങളോട് ഇടപെഴുകുന്നത്?പൊതു ജനത്തെ ഭരണത്തിൽ നിന്ന് അകറ്റി നിർത്താനുള്ള എളുപ്പ മാർഗമാണ് ഇംഗ്ലീഷിൽ ഉള്ള ഉത്തരവുകളും ഭരണവും. ഭരണഭാഷ മലയാളമാക്കി മാറ്റിയ സാഹചര്യത്തില്‍, മലയാളം പഠിക്കാത്തവര്‍ സര്‍ക്കാര്‍ സര്‍വീസില്‍ എത്തിയാല്‍ ഫയലുകളില്‍ മലയാളത്തില്‍ കുറിപ്പ് എഴുതാനോ, മലയാളത്തിലെഴുതിയ കാര്യങ്ങള്‍ വായിച്ചു മനസിലാക്കാനോ പോലും കഴിയാതെ വരും.മലയാളം ഭരണ ഭാഷ എന്ന നിലയിലേക്ക് ഉയർത്തപെട്ടു കഴിഞ്ഞു.എന്നാൽ തീരുമാനം നടപ്പാക്കേണ്ട ഉദ്യോഗ വർഗ്ഗം ഇംഗ്ലീഷ് ഭരണം വിടാൻ മടിച്ചു നില്ക്കുകയാണ്.ഇംഗ്ലീഷിൽ എഴുതുന്നതും സംസാരിക്കുന്നതും ഇപ്പൊഴുമൊരു ദുരഭിമാനമായി കൊണ്ട് നടക്കുന്നു.ഭാരതീയരെ അടിമകളെന്നും ഭാരതീയ ഭാഷകളെ അടിമകളുടെ ഭാഷയെന്നും മുദ്ര കുത്തിയ ബ്രിറ്റിഷുകാരുടെ കാൽകീഴിൽ കിടക്കാനാണ് ചിലർക്ക് താല്പര്യം.ഈ കുട്ടി സായിപ്പുമാരുടെ ദേശ സ്നേഹം ഭയങ്കരം തന്നെ.കേരളത്തില്‍ 96 ശതമാനത്തിലധികംപേര്‍ മലയാളം മാതൃഭാഷയായുള്ളവരാണ്. കര്‍ണാടകത്തില്‍ 75 ഉം ആന്ധ്രയില്‍ 89 ഉം തമിഴ്‌നാട്ടില്‍ 83 ഉമാണ് അതത് സംസ്ഥാനഭാഷ മാതൃഭാഷയായുള്ളവര്‍. എന്നിട്ടും ഈ സംസ്ഥാനങ്ങിലൊക്കെ അതത് ഭാഷകള്‍ അറിഞ്ഞാലേ സര്‍ക്കാര്‍ ജോലി ലഭിക്കൂവെന്നാണ് നിയമം.

    malayalatthanima.blogspot.in

    ReplyDelete
  35. ഇന്ന് ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞ ഒരു പോസ്റ്റ്. പഴയ ഈ പോസ്റ്റിലേക്ക് ഇത്രയും പേര്‍ എങ്ങിനെ എത്തി എന്നതാണ് എന്റെ അത്ഭുതം!!!!

    ReplyDelete

ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.




Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.