Monday, October 4, 2010

ജിയോജിബ്ര ട്യൂട്ടോറിയല്‍ രണ്ടാം പാഠം


ഇക്കഴിഞ്ഞ ക്ലസ്റ്ററുകളില്‍ അധ്യാപകരില്‍ നിന്നുമുയര്‍ന്ന ഒരു പരിഭവം ജിയോജിബ്രയ്ക്ക് തുടര്‍പരിശീലനം വേണമെന്നുള്ളതായിരുന്നു. ഐടി@സ്ക്കൂള്‍ പ്രൊജക്ടിന്റെ നേതൃത്വത്തില്‍ അധ്യാപകര്‍ക്ക് സ്തുത്യര്‍ഹമായ രീതിയില്‍ പരിശീലനം നല്‍കിയെങ്കിലും ഈ വര്‍ഷം എട്ടാം ക്ലാസില്‍ പഠിപ്പിക്കാത്ത അധ്യാപകര്‍ക്ക് ജിയോജിബ്ര പരിശീലനം ലഭിച്ചില്ലായെന്നതും പരിഭവസ്വരമുയരുന്നതിന് കാരണമായി. പരിശീലനം ലഭിച്ച അധ്യാപകര്‍ സ്ക്കൂളിലെ മറ്റ് അധ്യാപകര്‍ക്ക് പരിശീലനം നല്‍കാനുള്ള സാധ്യതയുണ്ടെങ്കിലും അത് ഫലപ്രദമായ രീതിയില്‍ നടപ്പാക്കാനുള്ള ഒരു ശ്രമം നമ്മുടെ ഭാഗത്തു നിന്നുണ്ടായോ എന്നത് ഒരു ചോദ്യചിഹ്നമായി അപ്പോഴും നിലനിന്നു. ഈ ഘട്ടത്തിലാണ് അധ്യാപകര്‍ക്ക് സഹായഹസ്തവുമായി മാത്​സ് ബ്ലോഗ് എത്തുന്നത്. എറണാകുളം ഐടി@സ്ക്കൂള്‍ പ്രൊജക്ടിലെ മാസ്റ്റര്‍ട്രെയിനറായ സുരേഷ് ബാബു സാറിന്റെ നേതൃത്വത്തില്‍ ജിയോജിബ്ര സോഫ്റ്റ്​വെയറിനെ പരിചയപ്പെടുത്തുന്നതിനാരംഭിച്ചു. ഒന്നാം അധ്യായത്തില്‍ ഏറ്റവും ലളിതമായിത്തന്നെയാണ് അദ്ദേഹം ജിയോജിബ്രയെ അവതരിപ്പിക്കുന്നത്. ഈ പഠനപരിപാടിയിലെ രണ്ടാം അധ്യായത്തിലേക്ക് ഏവര്‍ക്കും സ്വാഗതം.

ഒന്നാം അധ്യായത്തിലെ പ്രവര്‍ത്തനം 2 ചെയ്തപ്പോള്‍ ജിയോജിബ്ര ആദ്യമായി പരീക്ഷിച്ചവര്‍ക്ക് ചില ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതായി അറിയാന്‍ കഴിഞ്ഞു. പ്രശ്നം ഇതായിരുന്നു സ്ലൈഡര്‍ നിര്‍മ്മിച്ച് റെഗുലര്‍ പോളിഗണ്‍ ടൂളെടുത്ത് രണ്ട് ബിന്ദുക്കള്‍ സെലക്ട് ചെയ്തപ്പോള്‍ വന്ന ഡയലോഗ് ബോക്സില്‍ സ്ലൈഡറിന്റെ പേര് നല്കി OK ബട്ടണില്‍ ക്ലിക്ക് ചെയ്ത ഉടനെ സ്ലൈഡര്‍ ചലിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ സ്ലൈഡര്‍ നീങ്ങിയില്ല എന്നു മാത്രമല്ല അവിടെ ഒരു ബിന്ദു പ്രത്യക്ഷപ്പെടുക കൂടി ചെയ്തു എന്നുള്ളതായിരുന്നു. ഒന്നാമത്തെ ടൂള്‍ സെറ്റിലെ Move ടൂളില്‍ ഒന്നു ക്ലിക്ക് ചെയ്തതിനുശേഷം സ്ലൈഡര്‍ ചലിപ്പിക്കുക എന്നള്ളതാണ് ഇതിന്റെ പരിഹാരം. ഒരു ടൂളിന്റെ ഉപയോഗം കഴിഞ്ഞാല്‍ Move ടൂളില്‍ ഒന്നു ക്ലിക്ക് ചെയ്യുന്നത് എപ്പോഴും നല്ലതാണ്.

രണ്ടാം അധ്യായത്തില്‍ നമുക്ക് ആദ്യമായി പുതിയ ഒരു ടൂള്‍ പരിചയപ്പെടാം. ഒമ്പതാമത്തെ ടൂള്‍ ബോക്സിലെ Rotate Object around Point by Angle എന്ന ടൂള്‍. പേരില്‍ നിന്നുതന്നെ ഇതിന്റെ ഉപയോഗം മനസ്സിലാകും. ഏതെങ്കിലും ഒരു Object നെ ഒരു ബിന്ദുവിനെ അടിസ്ഥാനമാക്കി നിശ്ചിത കോണളവില്‍ (Angle) കറക്കുന്നതിനാണ് (Rotate) ഈ ടുളുപയോഗിക്കുന്നത്. ത്രികോണം, ചതുര്‍ഭുജം തുടങ്ങിയ രൂപങ്ങളെ Rotate ചെയ്യുമ്പോള്‍ Polygon എന്ന ടൂളെടുത്ത് ഇത്തരം രൂപങ്ങള്‍ ആദ്യം നിര്‍മ്മിക്കണം.ത്രികോണം ABC നിര്‍മ്മിച്ച് Cഎന്ന ബിന്ദുവിനെ അടിസ്ഥാനമാക്കി 60 ഡിഗ്രി കോണളവില്‍ Rotate ചെയ്തു നോക്കൂ.

ചെയ്യേണ്ട വിധം :
Polygon എന്ന ടൂളെടുത്ത് Δ ABC നിര്‍മ്മിക്കുക.
Rotate Object around Point by Angle എന്ന ടൂള്‍ എടുത്ത് ആദ്യം പോളിഗണ്‍ ABC യുടെ ഉള്ളിലും പിന്നീട് C എന്ന ബിന്ദുവിലും ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഡയലോഗ് ബോക്സില്‍ Angle 45o എന്നത് മാറ്റി 60oഎന്ന് നല്കുകയും Counter clockwise / Clockwise ബട്ടണില്‍ ക്ലിക്ക് ചെയ്യുകയും ചെയ്തതിനു ശേഷം OK ബട്ടണില്‍ ക്ലിക്ക് ചെയ്യണം.

മട്ടത്രികോണത്തിന്റെ വിസ്തീര്‍ണ്ണം കാണുന്നതിനുള്ള ഒരു Applet നിര്‍മ്മാണം
( For Maths Teachers)

കോണ്‍ A മട്ടകോണും AB, AC ഇവയുടെ വശങ്ങളുടെ അളവുകള്‍ സ്ലൈഡര്‍ നീക്കുമ്പോള്‍ മാറുന്നതിനനുസരിച്ചുള്ള ഒരു ത്രികോണം നീര്‍മ്മിക്കണം.

(രേഖാഖണ്ഡം AB വരയ്ക്കുണം. Aയിലൂടെ ലംബം വരയ്ക്കണം. AC യുടെ അളവില്‍ A കേന്ദ്രമാക്കി ചാപം വരച്ച് ലംബരേഖയുമായി സംഗമിക്കുന്ന ബിന്ദുവിന് C എന്ന പേരു നല്കി CയുംB യും യോജിപ്പിക്കണം.)
  • Step 1.ജിയോജിബ്ര ജാലകം തുറന്ന് പത്താമത്തെ ടൂള്‍ ബോക്സില്‍ നിന്നും സ്ലൈഡര്‍ ടൂളെടുത്ത് Drawing pad ല്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന Slider ഡയലോഗ് ബോക്സില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി Apply ബട്ടണില്‍ ക്ലിക്ക് ചെയ്യുക. [ Number ബട്ടണ്‍ ആക്ടീവ് ആയിരിക്കണം. കൂടാതെ Name, Interval [Minimum ; o or > o, maximum ; any number, Increment ; any number] ഇവയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താം.]
  • Step 2. മൂന്നാമത്തെ ടൂള്‍ ബോക്സില്‍ നിന്നും Segment with given length from point എന്ന ടൂളെടുത്ത് Drawing pad ല്‍ ഒരു ബിന്ദു സെലക്ടു് ചെയ്യുമ്പോള്‍ തുറന്നു വരുന്ന ഡയലോഗ് ബോക്സില്‍ Length എന്നതില്‍ സ്ലൈഡറിന്റെ Name നല്കി OK ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ ഒരു രേഖാഖണ്ഡം (വര) ലഭിക്കും. ഇതിന്റെ അഗ്ര ബിന്ദുക്കള്‍ക്ക് പേര് നല്കാം. [ അഗ്ര ബിന്ദുക്കളില്‍ Right click ചെയ്താല്‍ ലഭിക്കുന്ന ഡയലോഗ് ബോക്സിലെ Show label / Rename എന്ന ഓപ്ഷന്‍ ഉപയോഗിച്ചാല്‍ മതി.] സ്ലൈഡര്‍ നീക്കി രേഖാഖണ്ഡത്തിന്റെ അളവില്‍ വരുന്ന മാറ്റം നിരീക്ഷിക്കുക.
  • Step 3. നാലാമത്തെ ടൂള്‍ ബോക്സില്‍ നിന്നും Perpendicular line എന്ന ടൂളെടുത്ത് A എന്ന ബിന്ദുവിലും AB എന്ന രേഖാഖണ്ഡത്തിലും ക്ലിക്ക് ചെയ്താല്‍ A യിലൂടെ ഒരു ലംബരേഖ ലഭിക്കും.
  • Step 4. ഒന്നാമത്തെ step ല്‍ പറഞ്ഞതുപോലെ വീണ്ടും ഒരു സ്ലൈഡര്‍ ഉണ്ടാക്കുക.
  • Step 5. ആറാമത്തെ ടൂള്‍ ബോക്സില്‍ നിന്നും Circle with Centre and Radius എന്ന ടൂളെടുത്ത് A എന്ന ബിന്ദുവില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഡയലോഗ് ബോക്സില്‍ Radius എന്നതില്‍ തൊട്ടുമുമ്പ് തയ്യാറാക്കിയ സ്ലൈഡറിന്റെ Name നല്കി OK ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ A കേന്ദ്രമായി ഒരു വൃത്തം ലഭിക്കും.
  • Step 6. ഈ വൃത്തം ലംബരേഖയുമായി സംഗമിക്കുന്ന ബിന്ദു കണ്ടെത്താന്‍ രണ്ടാമത്തെ ടൂള്‍ ബോക്സില്‍ നിന്നും Intersect Two Objects എന്ന ടൂളെടുത്ത് വൃത്തത്തിലും ലംബരേഖയിലും ക്ലിക്ക് ചെയ്താല്‍ മതി. ഇപ്പോള്‍ ലഭിച്ച പുതിയ ബിന്ദുവിന് C എന്ന പേര് നല്കി C യും B യും യോജിപ്പിക്കുക. ഇതിന് മൂന്നാമത്തെ ടൂള്‍ ബോക്സില്‍ നിന്നും Segment between two points എന്ന ടൂളുപയോഗിച്ചാല്‍ മതി.
  • സ്ലൈഡറുകള്‍ മാറി മാറി ചലിപ്പിച്ച് മട്ടത്രികോണത്തിന്റെ അളവുകളില്‍ വരുന്ന മാറ്റം നിരീക്ഷിക്കുക.
ക്ലാസ്സ് റൂമില്‍ ചെയ്യാറുള്ളത്.

ഒരു മട്ടത്രികോണം ABCയില്‍ < A = 900) മുറിച്ചെടുത്ത് AC യുടെ മധ്യ ബിന്ദു D അടയാളപ്പെടുത്തി Dയിലൂടെ AB ക്ക് സമാന്തരമായി ഒരു രേഖ DEവരച്ച് അതിലൂടെ മുറിച്ചെടുക്കുന്നു. ഇപ്പോള്‍ ലഭിക്കുന്ന ചെറിയ ത്രികോണം ( CDE) ശേഷിച്ച ഭാഗത്തിന്റെ BE എന്ന വശവുമായി CE ചേരത്തക്കവിധം ചേര്‍ത്തുവയ്ക്കുമ്പോള്‍ ഒരു ചതുരം (Rectangle) ലഭിക്കും. അങ്ങനെ മട്ടത്രികോണത്തിന്റെ വിസ്തീര്‍ണ്ണം കാണാനുള്ള സൂത്രവാക്യത്തില്‍ എത്തിച്ചേരും.

ഈ ഒരു പ്രവര്‍ത്തനം മുകളില്‍ തയ്യാറാക്കിയ മട്ടത്രികോണത്തില്‍ ജിയോജിബ്രയില്‍ ലഭ്യമായ ടൂളുകളുപയോഗിച്ച് ചെയ്താല്‍ സ്ലൈഡറുകള്‍ ചലിപ്പിച്ച് വ്യത്യസ്ത ത്രികോണങ്ങളില്‍ നിരീക്ഷിക്കാനാകും.

  • Step 1. രണ്ടാമത്തെ ടൂള്‍ ബോക്സില്‍ നിന്നും Midpoint or Centre എന്ന ടൂളെടുത്ത് Aയിലും C യിലും ക്ലിക്ക് ചെയ്യുക. അപ്പോള്‍ ലഭിക്കുന്ന ബിന്ദുവിന് D എന്ന പേര് നല്കുക.
  • Step 2. നാലാമത്തെ ടൂള്‍ ബോക്സില്‍ നിന്നും Parallel line എന്ന ടൂളെടുത്ത് D എന്ന ബിന്ദുവിലും AB എന്ന രേഖാഖണ്ഡത്തിലും ക്ലിക്ക് ചെയ്താല്‍ D യിലൂടെ ഒരു സമാന്തര രേഖ ലഭിക്കും.
  • Step 3. ഈ രേഖ BCയുമായി സംഗമിക്കുന്ന ബിന്ദു കണ്ടെത്താന്‍ രണ്ടാമത്തെ ടൂള്‍ ബോക്സില്‍ നിന്നും Intersect Two Objects എന്ന ടൂളെടുത്ത് ഈ രേഖയിലും BC യിലും ക്ലിക്ക് ചെയ്താല്‍ മതി. ഇപ്പോള്‍ ലഭിച്ച പുതിയ ബിന്ദുവിന് E എന്ന പേരു നല്കാം.
  • Stp 4. അടുത്തതായി A, B, C, D, E എന്നീ ബിന്ദക്കള്‍ ഒഴികെയുള്ള എല്ലാ object കളും (Lines, Segments, Circle ) hide ചെയ്യണം. ഇതിനായി ഓരോ object ലും Right click ചെയ്യുമ്പോള്‍ ലഭിക്കുന്ന ഡയലോഗ് ബോക്സില്‍ Show object എന്നതിന്റെ നേരെയുള്ള Tick mark ഒഴിവാക്കിയാല്‍ മതി.
  • Step 5. അഞ്ചാമത്തെ ടൂള്‍ ബോക്സില്‍ നിന്നും Polygon എന്ന ടൂളെടുത്ത് CDE എന്ന ത്രികോണവും ABED എന്ന ലംബകവും വരയ്ക്കുക. Polygon എന്ന ടൂളെടുത്ത് വരയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് - എതു ബിന്ദുവില്‍ നിന്നാണോ തുടങ്ങിയത് ആ ബിന്ദുവില്‍ തന്നെ അവസാനിപ്പിക്കണം.
  • Step 6. പത്താമത്തെ ടൂള്‍ ബോക്സില്‍ നിന്നും സ്ലൈഡര്‍ ടൂളെടുത്ത് Drawing pad ല്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന Slider ഡയലോഗ് ബോക്സില്‍ Number ബട്ടണിനു പകരം Angle ബട്ടണ്‍ ആക്ടീവ് ആക്കി Interval :Minimum ; o, maximum ; 180, Increment ; 1 എന്നാക്കി Apply ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ ഒരു പുതിയ സ്ലൈഡര്‍ വന്നിട്ടുണ്ടാകും. (Name : )
  • Step 7. ഒമ്പതാമത്തെ ടൂള്‍ ബോക്സില്‍ നിന്നും Rotate Object around Point by Angle എന്ന ടൂളെടുത്ത് ആദ്യം CDE എന്ന Polygon ന്റെ ഉള്ളിലും പിന്നീട് E എന്ന ബിന്ദുവിലും ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന ഡയലോഗ് ബോക്സില്‍ Angle 45o എന്നത് മാറ്റി സ്ലൈഡറിന്റെ പേര് ( വലതു വശത്തുനിന്നും സെലക്ട് ചെയ്യാം. ) നല്കുകയും Clockwise ബട്ടണില്‍ ക്ലിക്ക് ചെയ്യുകയും ചെയ്തതിനു ശേഷം OK ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
  • ഇപ്പോള്‍ CDE എന്ന ത്രികോണത്തിന്റെ ഒരു പകര്‍പ്പ് അവിടെ വന്നിട്ടുണ്ടാകും. CDE എന്ന ത്രികോണത്തെ hide ചെയ്യാം. അവസാനമുണ്ടാക്കിയ സ്ലൈഡര്‍ ചലിപ്പിച്ച് മാറ്റം നിരീക്ഷിക്കൂ.
ഈ പ്രവര്‍ത്തനത്തില്‍ ഉപയോഗിച്ച ടൂളുകള്‍

  1. Slider (Number)
  2. Slider (Angle)
  3. Segment with given Length from Point
  4. Perpendicular Line
  5. Circle with Centre and Radius
  6. Intrsect two Objects
  7. Segment between two Points
  8. Midpoint or Centre
  9. Parallel Line
  10. Polygon
  11. Rotate object around Point by Angle
ജിയോജിബ്ര ജാലകത്തില്‍ Text ഉള്‍പ്പെടുത്താന്‍

AB യുടെ അളവ് രേഖപ്പെടുത്തിവരാന്‍ പത്താമത്തെ ടൂള്‍ ബോക്സില്‍ നിന്നും Insert Text എന്ന ടൂളെടുത്ത് ജാലകത്തില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഡയലോഗ് ബോക്സില്‍ AB= എന്ന ടൈപ്പ് ചെയ്തതിനുശേഷം ചിത്രത്തിലെ AB എന്ന രേഖാഖണ്ഡത്തില്‍ ക്ലിക്ക് ചെയ്ത് OK ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ മതി.

മലയാളത്തിലുള്ള Text ഉള്‍പ്പെടുത്താന്‍ Word Procssor ല്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് അവയെ Image കളാക്കി ജിയോജിബ്ര ജിലകത്തില്‍ Insert ചെയ്താല്‍ മതി. (പത്താമത്തെ ടൂള്‍ ബോക്സില്‍ നിന്നും Insert Image എന്ന ഓപ്ഷന്‍ ഉപയോഗിക്കാം.)

മട്ടത്രികോണത്തിനുപകരം ഏതെങ്കിലും ഒരു ത്രികോണത്തിന്റെ വിസ്തീര്‍ണ്ണം കാണുന്നതിനുള്ള ഒരു Applet തയ്യാറാക്കിനോക്കൂ.




ത്രികോണത്തിന്റെ പരിവൃത്തകേന്ദ്രം എവിടെയാണെന്ന് കണ്ടെത്തുന്നതിനുള്ള ഒരു പ്രവര്‍ത്തനം

AB, BCഎന്നീ വശങ്ങളുടെ അളവുകളും < ABC യുടെ അളവും സ്ലൈഡര്‍ ചലിപ്പിക്കുമ്പോള്‍ മാറുന്ന രീതിയിലുള്ള ഒരു ത്രികോണം നിര്‍മ്മിക്കുക. ഏതെങ്കിലും രണ്ട് വശങ്ങളുടെ മധ്യലംബങ്ങള്‍ വരയ്ക്കുക. മധ്യലംബങ്ങളുടെ സംഗമബിന്ദു (O) കേന്ദ്രമായും OA or OB or OC ആരമായും വൃത്തം വരയ്ക്കുക. സ്ലൈഡര്‍ ചലിപ്പിക്കുമ്പോള്‍ ലഭിക്കുന്ന വ്യത്യസ്ത ത്രികോണങ്ങളില്‍ പരിവൃത്ത കേന്ദ്രം എവിടെയാണെന്ന് നിരീക്ഷിക്കുക.

ഉദാഹരണം 1

ഉദാഹരണം 2

പഠനത്തിനിടയില്‍ നിങ്ങള്‍ക്കുണ്ടാകുന്ന ഏതു സംശയങ്ങളും താഴെ കമന്റായി ചോദിക്കാം. (കമന്റ് ചെയ്യുന്നതിനുള്ള മാര്‍ഗം ഇവിടെ)

25 comments:

  1. സ്വയം പഠിക്കാന്‍ സാധിക്കുന്ന വിധത്തിലാണ് സുരേഷ്ബാബു സാര്‍ ജിയോജിബ്ര പാഠങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. ആവശ്യത്തിന് പ്രവര്‍ത്തനങ്ങളും ഇതോടൊപ്പം നല്‍കിയിട്ടുണ്ട്. അവ ചെയ്തു നോക്കി ജിയോജിബ്രയെ വരുതിയിലാക്കുകയാണെങ്കില്‍ ഗണിതം കുട്ടികള്‍ക്ക് മുന്നില്‍ അനായാസം അവതരിപ്പിക്കാന്‍ നമ്മെ സഹായിക്കും.

    എന്റെ സ്ക്കൂളിലെ കുട്ടികളെ ലാബിലിരുത്തിയാണ് പല ഗണിതപാഠങ്ങളും ഞാന്‍ പഠിപ്പിക്കാറ്. അതുകൊണ്ടു തന്നെ പാഠം നീങ്ങുന്നില്ല എന്ന നമ്മുടെ പരിഭവത്തിന് ചെറിയൊരു പരിഹാരമാകുമെന്നാണ് എന്റെ അനുഭവം. പുതിയ ടെക്നോളജികളെ അധ്യാപകര്‍ കൈ നീട്ടി സ്വീകരിച്ചെങ്കില്‍ മാത്രമേ കുട്ടികള്‍ക്ക് അധ്യാപകരോടും മതിപ്പുണ്ടാകൂ. ഐസിടി അധിഷ്ഠിതപഠനം കാര്യക്ഷമമാക്കാന്‍ ഗണിതശാസ്ത്ര അധ്യാപകര്‍ക്ക് ലഭിച്ച ഒരു അനുഗ്രഹമാണ് ജിയോജിബ്ര. ഇതിലും ലളിതവും മികച്ചതുമായ മറ്റൊരു ഗണിതസോഫ്റ്റ്​വെയര്‍ വരുമോയെന്ന് സംശയമാണ്.

    ReplyDelete
  2. ജിയോജിബ്ര സ്വയം പഠിക്കാന്‍ സാധിക്കുന്ന വിധത്തില്‍ വളരെ ലളിതമായി തയ്യാറാക്കിയിരിക്കുന്നു.

    പല പാഠഭാഗങ്ങളും ക്ലാസ്സില്‍ ലളിതമായി അവതരിപ്പിക്കാന്‍ ജിയോജിബ്ര സഹായിക്കുന്നു എന്നു തന്നെയാണ് എന്റെയും അനുഭവം

    ഒരു സംശയം

    AB, BCഎന്നീ വശങ്ങളുടെ അളവുകളും < ABC യുടെ അളവും സ്ലൈഡര്‍ ഉപയോഗിച്ച് വരയ്ക്കുന്നത് ഒന്നു വിശദീകരിക്കാമോ

    ReplyDelete
  3. ഗണിതശാസ്ത്ര അദ്ധ്യാപകര്‍ക്ക് ലഭിച്ച ഒരു അനുഗ്രഹമാണ് ജിയോജിബ്ര എന്നതിനോട് ഞാനും യോജിക്കുന്നു. ഒന്‍പതാം ക്ലാസിലെ പരപ്പളവ് എന്ന യൂണിറ്റ് വളരെ വേഗത്തിലാണ് കുട്ടികള്‍ ഗ്രഹിച്ചത്. ബ്ലാക്ക് ബോര്‍ഡില്‍ പല തരത്തില്‍ ചിത്രം വരക്കുന്ന പണി ഒഴിവായതോടെ ഒരുപാട് സമയലാഭം ഉണ്ടായി.

    ReplyDelete
  4. ഉദാഹരണം 1 ല്‍ ക്ലിക്ക് ചെയ്താല്‍ അപ്ലറ്റ് ലഭിക്കും.
    AB, BC എന്നീ വശങ്ങളുടെ അളവുകളും <ABC യുടെ അളവും സ്ലൈഡര്‍ ഉപയോഗിച്ച് വരയ്ക്കുന്ന വിധം
    1. Slider on Number - Name, Interval ( Minimum: 1, Maximum: any no. Increment;: any no )
    2. Segment with given length from Point എന്ന ടൂളെടുത്ത് AB വരയ്ക്കുക.
    3. Slider on Number - Name, Interval ( Minimum: 1, Maximum: any no. Increment;: any no )
    4. Circle with Centre and Radius എന്ന ടൂളെടുത്ത് B യില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഡയലോഗ് ബോക്സില്‍ തൊട്ടുമുമ്പ് തയ്യാറാക്കിയ സ്ലൈഡറിന്റെ പേര് നല്കി OK ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ B കേന്ദ്രമായി ഒരു വൃത്തം ലഭിക്കും.
    5. Slider on Angle - Name, Interval ( Minimum :, Maximum : Increment )
    6.Angle with given size എന്ന ടൂളെടുത്ത് ആദ്യം A യിലും പിന്നീട് B യിലും ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്ന ഡയലോഗ് പോക്സില്‍ Angle 45 എന്നത് മാറ്റി ഇപ്പോള്‍ തയ്യാറാക്കിയ സ്ലൈഡറിന്റെ പേര് (വലതുവശത്തുനിന്നും സെലക്ട് ചെയ്യാം) നല്കുകയും Clock wise ബട്ടണില്‍ ക്ലിക്ക് ചെയ്യുകയും ചെയ്തതിനു ശേഷം OK ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
    7. ഇപ്പോള്‍ ലഭിച്ച പുതിയ ബിന്ദു Bയുമായി യോജിപ്പിക്കുക. ഇത് വൃത്തവുമായി സംഗമിക്കുന്ന ബിന്ദു Intersect Two Objects എന്ന ടൂളുപയോഗിച്ച് കണ്ടെത്തുക. ഈ ബിന്ദു A യുമായി യോജിപ്പിച്ചാല്‍ ത്രികോണം ലഭിക്കും.

    ReplyDelete
  5. വിശദമായൊരു ട്യൂട്ടോറിയല്‍. ഗംഭീരമായിരിക്കുന്നു. പാഠഭാഗത്തിനൊപ്പം വീഡിയോ കൂടിയുള്ളത് നന്നായിരിക്കും. Dr.Geoയില്‍ ഉള്ളതു പോലെ ജിയോജിബ്രയില്‍ ആനിമേഷന് സാധ്യതയുണ്ടോ?

    ReplyDelete
  6. പാഠങ്ങൽ കൊള്ളാം. കുറച്ച് നീളം കൂടുതലാണു. അതു കുറക്കണം. ഒരു പിരീദ് കൊൺറ്റു ചെയ്തു നോക്കാൻ പറ്റുന്നതാകണം.
    Thanks.

    ReplyDelete
  7. പുതിയ പാഠം പഠിച്ചു തുടങ്ങി. നന്നായിരിക്കുന്നു. സംശയങ്ങള്‍ വഴിയെ ചോദിക്കാം സുരേഷ് സാര്‍. സത്യത്തില്‍ ഇതൊരനുഗ്രഹം തന്നെയാണ്.

    ReplyDelete
  8. @ ictmaths,



    "7. ഇപ്പോള്‍ ലഭിച്ച പുതിയ ബിന്ദു Bയുമായി യോജിപ്പിക്കുക. ഇത് വൃത്തവുമായി സംഗമിക്കുന്ന ബിന്ദു Intersect Two Objects എന്ന ടൂളുപയോഗിച്ച് കണ്ടെത്തുക. ഈ ബിന്ദു A യുമായി യോജിപ്പിച്ചാല്‍ ത്രികോണം ലഭിക്കും"

    ഈ സ്റ്റെപ്പിലായിരുന്നു എന്റെയും സംശയം. പുതിയ ബിന്ദു Bയുമായി യോജിപ്പിച്ച് Segment between two points എടുത്ത് വരച്ചാല്‍ ഇത് വൃത്തവുമായി സംഗമിക്കുന്ന ബിന്ദു Intersect Two Objects എന്ന ടൂളുപയോഗിച്ച് കണ്ടെത്താന്‍ പറ്റിയില്ല.

    വീണ്ടും trial and error അവസാനം കണ്ടെത്തി.

    Line through two points എന്ന ടൂളുപയോഗിച്ച് പുതിയ ബിന്ദു, B ഇവയിലൂടെ കടന്നു പോകുന്ന രേഖ വരക്കുക. ഈ രേഖയും വൃത്തവും സംഗമിക്കുന്ന ബിന്ദു കണ്ടെത്തുക.ഈ ബിന്ദുവും( C ), B യും യോജിപ്പിച്ച് Segment between two points എടുത്ത് വരക്കുക. C A യോജിപ്പിക്കുക.
    thanks sir.

    ReplyDelete
  9. വളരെ നന്നാവുന്നു.ഉപകാരപ്രദവുമാണ്.

    ReplyDelete
  10. THANKS FOR THE GEOGEBRA LESSONS.MORE CONFIDENT TO EXPLAIN USING GEOGEBRA THAN DR.GEO

    ReplyDelete
  11. റൂട്ട് രണ്ടിന്റെ വില ഒരു ദശാംശ അക്കം,രണ്ടു ദശാംശ അക്കം ,മൂന്നു ദശാംശ അക്കം എന്നിങ്ങനെ കാണിക്കുന്നതിനുള്ള slider എങ്ങനെ തയ്യാറാക്കാം .

    ReplyDelete
  12. minimum value 1 ഉം Maximum value 15 ഉം Incriment 1 ഉം ആയ n എന്ന സ്ലൈഡറും minimum value 1 ഉം Maximum value 100 ഉം Incriment 1 ഉം ആയ m എന്ന സ്ലൈഡറും നിര്‍മ്മിക്കുക.Geogebra - options - rounding - 15 Decimal places ആക്കുക. Text Box ല്‍ താഴെ കൊടുത്ത command La Tex on ചെയ്ത് type ചെയ്യുക.
    "\sqrt{ " + m + " }=" + (floor(sqrt(m) 10^n) / 10^n)
    Ok click ചെയ്യുക.
    Sliders നീക്കി നോക്കൂ.

    ReplyDelete
  13. Sir
    Look Here Department Of General Education.
    Can u Make necessary arraangemnets to up date this site . Last Update is 2007 , I think

    ReplyDelete
  14. എട്ടാം ക്ലാസില്‍ ഒരു ഹാന്‍ഡ് ബുക്ക് ഇല്ലാത്തതിനാലുള്ള ബുദ്ധിമുട്ട് മാത്​സ് ബ്ലോഗ് പരിഹരിച്ചുവെന്ന് നന്ദിയോടെ സ്മരിക്കുന്നു. ഐടി പാഠപുസ്തകത്തില്‍ ഞാന്‍ ഇപ്പോള്‍ പഠിപ്പിക്കുന്നത് ജിയോജിബ്രയാണ്. മുന്നൊരുക്കത്തിന് രണ്ടു ട്യൂട്ടോറിയലുകളും വീഡിയോയുമെല്ലാം ഏറെ സഹായകമായി. സുരേഷ് ബാബു സാറിനും മാത്​സ് ബ്ലോഗിനും നന്ദി.

    ReplyDelete
  15. ചോദിച്ചതിലും അതികം പറഞ്ഞു തന്നു സഹായിച്ച മുരളി സാറിനു വളരെ വളരെ നന്ദി.

    ReplyDelete
  16. കേരളത്തിലെ ജിയോജിബ്രയുടെ ആധികാരിക ശബ്ദങ്ങളിലൊരാളായ മുരളി മാഷിന്റെ മറുപടി കുറേക്കൂടി അറിവു പകരുന്നതായി. ലേടെക് ഫോര്‍മുലകള്‍ ജിയോജിബ്രയില്‍ നല്‍കാമെന്ന കാര്യം എനിക്ക് പുതിയൊരു അറിവാണ്. സാറിന്റെ കമന്റ് നോക്കി ഞാനൊന്ന് ചെയ്തു നോക്കിയത് ഇവിടെ കൊടുത്തിരിക്കുന്നു. സംഗതി സക്സസ്. ഒന്നു മുതല്‍ നൂറു വരെയുള്ള സംഖ്യകളുടെ സ്ക്വയര്‍ റൂട്ട് പതിനഞ്ചു സ്ഥാനം വരെ കണ്ടെത്താനുള്ള വിദ്യയെക്കുറിച്ചാണ് ലളിതമായി മുരളിമാഷ് വിവരിച്ചിരിക്കുന്നത്. ജിയോജിബ്രയുടെ സാധ്യതകള്‍ ഇനിയെത്ര അറിയാനിരിക്കുന്നു എന്ന ഒരു തിരിച്ചറിവാണ് മുരളിമാഷുടെ കമന്റ് കണ്ടപ്പോള്‍ മനസ്സിലായത്.

    ഒരു വ്യക്തിയുടെ കഴിവുകളെ മറ്റുള്ളവരിലേക്കെത്തിക്കാന്‍ ഇത്തരം നല്ല ചോദ്യങ്ങള്‍ക്കേ സാധിക്കൂ. ഇതിന് വഴിയൊരുക്കിയ നീലേശ്വരം കാലിച്ചാനടുക്കം സ്ക്കൂളിന് പ്രത്യേകം നന്ദി.

    @ കുട്ടമണി,
    സാര്‍ ചൂണ്ടിക്കാണിച്ച വിവരം ഉടന്‍ വെബ്സൈറ്റ് കൈകാര്യം ചെയ്യുന്നവരെ അറിയിക്കുന്നുണ്ട്. ഇടപെടലിന് നന്ദി.

    ReplyDelete
  17. മുരളി സാര്‍ പറഞ്ഞു തന്നതു പോലെ ചെയ്തു നോക്കി.
    1 മുതല്‍ 100 വരെയുള്ള സംഖ്യകളുടെ വര്‍ഗമൂലം വിരല്‍ തുമ്പില്‍.
    ലാ ടെക് ഫോര്‍മുലകളെ കുറിച്ചും അവ എങ്ങനെ ജിയോജിബ്രയില്‍ ഉപയോഗിക്കാമെന്നതിനെ കുറിച്ചും കൂടുതല്‍ അറിവുകള്‍ മുരളിമാഷെ പോലുള്ളവരുടെ ഇടപെടലുകളിലൂടെ നേടാമെന്ന പ്രതീക്ഷയോടെ .........

    ReplyDelete
  18. കേരള മാര്‍ക്കസിന് നമോവാകം

    ReplyDelete
  19. സര്‍
    മലയാളം textകള്‍ എങ്ങിനെയാണ് image കളാക്കുന്നത്.

    ReplyDelete
  20. @ Thomas Sir,

    ഓപ്പന്‍ ഓഫീസ് റൈറ്ററില് മലയാളത്തില്‍ ടൈപ്പുചെയ്ത് KSnapshot ഉപയോഗിച്ച് Image capture ചെയ്ത് Insert ചെയ്യുക.

    ReplyDelete
  21. @ Thomas sir,

    Application ->Graphics -> Ksnapshot
    Select the Capture mode as Region
    Click on New Snapshot
    Selact the region to be captured
    save

    ReplyDelete
  22. @ rajban sir
    ഉപകാരപ്പെട്ടു..നന്ദി.

    ReplyDelete
  23. വര്‍ഗമൂലം കാണാന്‍ ശ്രമിച്ചതാണ്.എനിക്കെവിടെയാണ്തെറ്റിയത്

    ReplyDelete
  24. @ Thomas Sir,

    LaTex Formula ല്‍ വന്ന ചെറിയ പിശകാണ് കാരണം.

    "\sqrt{" + m + "}=" + (floor(sqrt(m) 10^n) / 10^n)

    സാറു നല്കിയ ഫോര്‍മുലയില്‍ ഒരു ബ്രാക്കറ്റ് ക്ലോസ് ചെയ്തിട്ടില്ല.

    ReplyDelete

ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.




Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.